ബൈബിൾ
നിർവ്വചനം: മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള യഹോവയുടെ എഴുതപ്പെട്ട വചനം. അതു രേഖപ്പെടുത്താൻ അവൻ 16 നൂററാണ്ടുകളിലേറെയുളള ഒരു കാലഘട്ടത്തിൽ 40-ലധികം മാനുഷ സെക്രട്ടറിമാരെ ഉപയോഗിച്ചു, എന്നാൽ ദൈവംതന്നെ തന്റെ പരിശുദ്ധാത്മാവിനാൽ എഴുത്തിനെ സജീവമായി നയിച്ചു. അപ്രകാരം അതു ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടതാണ്. രേഖയിൽ ഒരു വലിയ ഭാഗം യഹോവതന്നെ നടത്തിയ പ്രഖ്യാപനങ്ങളും ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലിനെയും പ്രവർത്തനങ്ങളെയും സംബന്ധിച്ചുളള വിശദാംങ്ങളുമാണ്. ഇതിൽ തന്റെ ദാസൻമാർക്കുവേണ്ടിയുളള ദൈവത്തിന്റെ നിബന്ധനകളും ഭൂമിയെ സംബന്ധിച്ചുളള തന്റെ മഹത്തായ ഉദ്ദേശ്യം പൂർത്തീകരിക്കാൻ താൻ എന്തു ചെയ്യുമെന്നുളള പ്രസ്താവനകളും നാം കാണുന്നു. ഈ കാര്യങ്ങളോടുളള നമ്മുടെ വിലമതിപ്പ് ആഴമുളളതാക്കാൻവേണ്ടി വ്യക്തികളും രാഷ്ട്രങ്ങളും ദൈവത്തെ ശ്രദ്ധിക്കുകയും അവന്റെ ഉദ്ദേശ്യങ്ങളോടുളള ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോഴത്തെയും അവർ സ്വന്തം വഴിക്കു നീങ്ങുമ്പോഴത്തേയും അനന്തരഫലങ്ങൾ പ്രകടമാക്കുന്ന രേഖയും അവൻ ബൈബിളിൽ കാത്തു സൂക്ഷിച്ചിരിക്കുന്നു. ആശ്രയയോഗ്യമായ ഈ ചരിത്രരേഖയിലൂടെ മനുഷ്യവർഗ്ഗത്തോടുളള തന്റെ ഇടപെടലും അതുവഴി അവന്റെ തന്നെ അത്ഭുതകരമായ വ്യക്തിത്വവും യഹോവ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.
ബൈബിൾ പരിഗണിക്കുന്നതിനുളള ന്യായങ്ങൾ
ബൈബിൾ മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായ ദൈവത്തിൽനിന്നുളളതാണെന്ന് അതുതന്നെ പറയുന്നു
2 തിമൊ. 3:16, 17: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ എല്ലാ സൽപ്രവൃത്തികൾക്കും പൂർണ്ണമായും സജ്ജനും തികച്ചും പ്രാപ്തനും ആകേണ്ടതിന് പഠിപ്പിക്കലിനും, ശാസന നൽകുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും പ്രയോജനകരവുമാകുന്നു.”
വെളി. 1:1: “യേശുക്രിസ്തുവിനാലുളള വെളിപ്പാട്, താമസിയാതെ സംഭവിപ്പാനുളളത് തന്റെ അടിമകളെ കാണിക്കേണ്ടതിന് ദൈവം അതു അവനു കൊടുത്തു.”
2 ശമു. 23:1, 2: “യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ മൊഴി . . . എന്നിലൂടെ സംസാരിച്ചത് യഹോവയുടെ ആത്മാവായിരുന്നു, അവന്റെ വാക്ക് എന്റെ നാവിൻമേൽ ഉണ്ടായിരുന്നു.”
യെശ. 22:15: “പരമാധീശകർത്താവായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തിരിക്കുന്നത് ഇതാകുന്നു.”
മുഴുമനുഷ്യവർഗ്ഗത്തോടുമുളള ദൈവത്തിന്റെ ദൂത് ഭൂഗോളത്തിന് ചുററും എല്ലായിടത്തും ലഭ്യമായിരിക്കാൻ നാം പ്രതീക്ഷിക്കും. ബൈബിൾ മുഴുവനായോ ഭാഗികമായോ ഏതാണ്ട് 1,800 ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ മൊത്തം വിതരണം ശതകോടികണക്കിനാണ്. ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്നു: “അറിയപ്പെട്ടിട്ടുളളതിലേക്കും ഏററം വ്യാപകമായി വായിക്കപ്പെടുന്ന പുസ്തകം ബൈബിളാണ്. സാദ്ധ്യതയനുസരിച്ച് അതാണ് ഏററം സ്വാധീനം ചെലുത്തിയിട്ടുളള പുസ്തകവും. മറേറതൊരു പുസ്തകത്തിന്റെതിനേക്കാൾ അധികമായി കോപ്പികൾ വിതരണം ചെയ്യപ്പെട്ടിട്ടുളളത് ബൈബിളിന്റേതാണ്. കൂടാതെ മറേറതൊരു പുസ്തകത്തെക്കാളും അധികമായി കൂടുതൽ പ്രാവശ്യം കൂടുതൽ ഭാഷകളിലേക്ക് അത് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.”—(1984), വാല്യം 2, പേ. 219.
ബൈബിൾ പ്രവചനം ലോകാവസ്ഥകളുടെ അർത്ഥം വിശദീകരിക്കുന്നു
മനുഷ്യവർഗ്ഗം നാശത്തിന്റെ വക്കിലാണെന്ന് അനേകം ലോകനേതാക്കൻമാർ സമ്മതിക്കുന്നു. ദീർഘകാലം മുമ്പ് ബൈബിൾ ഈ അവസ്ഥകൾ മുൻകൂട്ടിപ്പറഞ്ഞു. അത് അവയുടെ അർത്ഥവും അനന്തരഫലം എന്തായിരിക്കുമെന്നും വിശദീകരിക്കുന്നു. (2 തിമൊ. 3:1-5; ലൂക്കോ. 21:10, 11, 31) ഇവിടെ ഭൂമിയിൽ നീതിയുളള അവസ്ഥകളിൻകീഴിൽ നിത്യജീവൻ നേടാനുളള അവസരത്തോടെ, വരാനിരിക്കുന്ന ലോകനാശത്തെ അതിജീവിക്കുന്നതിന് നാം എന്തു ചെയ്യണമെന്ന് അതു പറയുന്നു.—സെഫ. 2:3; യോഹ. 17:3; സങ്കീ. 37:10, 11, 29.
ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു
അത് ഇതുപോലുളള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു: ജീവൻ എവിടെനിന്ന് ഉത്ഭവിച്ചു? (പ്രവൃ. 17:24-26) നാം ഇവിടെ ആയിരിക്കുന്നത് എന്തിന്? ഏതാനും വർഷം ജീവിച്ച് ജീവിതത്തിൽ നിന്ന് ലഭിക്കാവുന്നതെല്ലാം ആസ്വദിച്ചിട്ട് മരിക്കാനാണോ?—ഉൽപ. 1:27, 28; റോമർ 5:12; യോഹ. 17:3; സങ്കീ. 37:11; സങ്കീ. 40:8.
നീതിസ്നേഹികളായ ആളുകൾ ഏററം ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് എങ്ങനെ ഉണ്ടായിരിക്കാൻ കഴിയും എന്ന് ബൈബിൾ കാണിച്ചുതരുന്നു
യഥാർത്ഥമായി അന്യോന്യം സ്നേഹിക്കുന്ന ആളുകളുമായുളള ആരോഗ്യാവഹമായ സഹവാസം എവിടെ കണ്ടെത്താമെന്ന് (യോഹ. 13:35), നമുക്കും നമ്മുടെ കുടുംബങ്ങൾക്കും വേണ്ടുവോളം ഭക്ഷണം ഉണ്ടായിരിക്കുമെന്ന് എന്തിന് ഉറപ്പുനൽകാൻ കഴിയുമെന്ന് (മത്താ. 6:31-33; സദൃശ. 19:15; എഫേ. 4:28), നമുക്കു ചുററും പ്രയാസകരമായ സാഹചര്യങ്ങൾ ഉളളപ്പോഴും നമുക്ക് സന്തുഷ്ടരായിരിക്കാവുന്നതെങ്ങനെയെന്ന് അത് നമ്മോടു പറയുന്നു.—സങ്കീ. 1:1, 2; 34:8; ലൂക്കോ. 11:28; പ്രവൃ. 20:35.
ദൈവത്തിന്റെ രാജ്യം, അവന്റെ ഗവൺമെൻറ് ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയെ നീക്കിക്കളയുമെന്ന് അതു വിശദീകരിക്കുന്നു. (ദാനി. 2:44) അതിന്റെ ഭരണത്തിൻകീഴിൽ മനുഷ്യവർഗ്ഗത്തിന് പൂർണ്ണ ആരോഗ്യവും നിത്യജീവനും ആസ്വദിക്കാൻ കഴിയും.—വെളി. 21:3, 4; യെശയ്യാവ് 33:24 താരതമ്യം ചെയ്യുക.
തീർച്ചയായും ദൈവത്തിൽ നിന്നായിരിക്കുന്നതായി അവകാശപ്പെടുന്നതും ലോകാവസ്ഥകളുടെ അർത്ഥവും ജീവിതത്തിന്റെ ഉദ്ദേശ്യവും വിശദീകരിക്കുന്നതും നമ്മുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് കാണിക്കുന്നതുമായ ഒരു പുസ്തകം പരിഗണനാർഹം തന്നെയാണ്.
നിശ്വസ്തതയുടെ തെളിവുകൾ
അതു നിറയെ ഭാവിയെ സംബന്ധിച്ച് വിശദമായ അറിവ് പ്രതിഫലിപ്പിക്കുന്ന പ്രവചനങ്ങളാണ്—അത് മനുഷ്യർക്ക് അസാദ്ധ്യമാണ്
2 പത്രോ. 1:20, 21: “തിരുവെഴുത്തിലെ പ്രവചനം ഏതെങ്കിലും സ്വകാര്യമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല. കാരണം പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, മറിച്ച് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട മനുഷ്യർ ദൈവത്തിൽനിന്ന് സംസാരിച്ചതത്രേ.”
◼ പ്രവചനം: യെശ. 44:24, 27, 28; 45:1-4: “യഹോവ . . . ആഴിയോട് ‘വററിപ്പോകുക; നിന്റെ നദികളെല്ലാം ഞാൻ ഉണക്കിക്കളയും’ എന്ന് പറയുന്നവൻ; കോരേശിനെസംബന്ധിച്ച് ‘അവൻ എന്റെ ഇടയനാകുന്നു, അവൻ എന്റെ ഇഷ്ടമെല്ലാം പൂർണ്ണമായി നിവർത്തിക്കും’ എന്നു പറയുന്നവൻ; യെരൂശലേമിനെപ്പററി ‘അവൾ പുനർനിർമ്മിക്കപ്പെടും’ എന്നും ആലയത്തെപ്പററി ‘നിന്റെ അടിസ്ഥാനം ഇടപ്പെടും’ എന്നുളള എന്റെ മൊഴിയിൽപോലും തന്റെ അഭിഷിക്തനായ കോരേശിനോട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, അവൻ രാഷ്ട്രങ്ങളെ കീഴടക്കേണ്ടതിന് ഞാൻ രാജാക്കൻമാരുടെ അരക്കച്ചകളെപ്പോലും അഴിക്കേണ്ടതിന്; ഇരട്ടപ്പാളികതകുകൾ അവന്റെ മുമ്പിൽ തുറന്നിരിക്കേണ്ടതിന് പടിവാതിലുകൾപോലും അവന്റെ മുമ്പിൽ അടയാതിരിക്കേണ്ടതിന് ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു: ‘ഞാൻ തന്നെ നിനക്കു മുമ്പായി പോയി ദുർഘടങ്ങളെ നിരപ്പാക്കും താമ്രവാതിലുകളെ ഞാൻ തകർക്കും, ഇരുമ്പു ഓടാമ്പലുകളെ ഞാൻ ഛേദിച്ചു കളയും. . . . എന്റെ ദാസനായ യാക്കോബ് നിമിത്തവും ഞാൻ തെരഞ്ഞെടുത്തവനായ ഇസ്രായേൽ നിമിത്തവും ഞാൻ നിന്നെ പേർചൊല്ലി വിളിച്ചു.” (യെശയ്യാവിനാലുളള എഴുത്ത് ഏതാണ്ട് പൊ. യു. മു. 732-ഓടെ പൂർത്തിയായി.)
◻ നിവൃത്തി: ഈ പ്രവചനം എഴുതപ്പെട്ടപ്പോൾ കോരേശ് ജനിച്ചിരുന്നില്ല. പൊ. യു. മു. 617-607 വരെ യഹൂദൻമാർ ബാബിലോണിലെ പ്രവാസത്തിലേക്ക് പിടിച്ചുകൊണ്ടുപോകപ്പെട്ടിരുന്നില്ല, പൊ. യു. മു. 607 വരെ യെരൂശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ടതുമില്ല. പൊ. യു. മു. 539 മുതൽ പ്രവചനം അതിന്റെ വിശദാംശങ്ങളിൽ നിവൃത്തിയായി. കോരേശ് യൂഫ്രട്ടീസ് നദിയിലെ വെളളം ഒരു കൃത്രിമ തടാകത്തിലേക്ക് തിരിച്ചുവിട്ടു, നദിയിലേക്കുളള ബാബിലോന്റെ ഗെയിററുകൾ നഗരത്തിൽ വിരുന്നുസൽക്കാരം നടക്കുമ്പോൾ അശ്രദ്ധമായി തുറന്നിട്ടിരുന്നു, കോരേശിന്റെ കീഴിലുണ്ടായിരുന്ന മേദ്യരും പേർഷ്യക്കാരും ബാബിലോൺ പിടിച്ചടക്കി. അതേതുടർന്ന് കോരേശ് യഹൂദപ്രവാസികളെ മോചിപ്പിക്കുകയും യെരൂശലേമിലെ യഹോവയുടെ ആലയം പുതുക്കിപ്പണിയാനുളള നിർദ്ദേശവുമായി അവരെ അങ്ങോട്ട് അയക്കുകയും ചെയ്തു.—ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ (1956), വാല്യം 3, പേ. 9; ലൈററ് ഫ്രം ദി എൻഷൻറ് പാസ്ററ് (പ്രിൻസ്ടൺ, 1959), ജാക്ക് ഫിനെഗൻ, പേ. 227-229; “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” [ഇംഗ്ലീഷ്] (ന്യൂയോർക്ക്, 1983) പേ. 282, 284, 295.
◼ പ്രവചനം: യിരെ. 49:17, 18: “ഏദോം ഒരു അതിശയവിഷയമായിത്തീരണം. അവളുടെ സമീപത്തുകൂടെ കടന്നുപോകുന്ന ഏവനും ആശ്ചര്യത്തോടെ തുറിച്ചു നോക്കുകയും അവളുടെ സകല ബാധകളും നിമിത്തം ചൂളകുത്തുകയും ചെയ്യും. സോദോമിന്റെയും ഗോമോറയുടെയും അവയുടെ അയൽനഗരങ്ങളുടെയും മറിച്ചിടലിനുശേഷം എന്ന പോലെ, ‘അവിടെ ആരും പാർക്കുകയില്ല’ എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.” (യിരെമ്യായുടെ പ്രവചനങ്ങളുടെ രേഖപ്പെടുത്തൽ പൊ. യു. മു. 580-ൽ പൂർത്തിയായി.)
◻ നിവൃത്തി: “അവർ [ഏദോമ്യർ] ക്രി. മു. 2-ാം നൂററാണ്ടിൽ യൂദാ മക്ബേയൂസിനാൽ പലസ്തീനിൽ നിന്ന് പുറത്താക്കപ്പെട്ടു, ക്രി. മു. 109-ൽ മക്ബായ നേതാവായ ജോൺ ഹിർക്കാനസ് യഹൂദരാജ്യം ഏദോം ദേശങ്ങളുടെ പടിഞ്ഞാറുഭാഗം വരെ വികസിപ്പിച്ചു. ക്രി. മു. 1-ാം നൂററാണ്ടിൽ റോമാ സാമ്രാജ്യത്തിന്റെ വികസനം ഒരു സ്വതന്ത്രരാജ്യമായ ഏദോമിന്റെ എല്ലാ ലക്ഷണങ്ങളും തുടച്ചു നീക്കി . . . ക്രി. വ. 70ലെ റോമാക്കാരാലുളള യെരൂശലേമിന്റെ നാശത്തോടെ . . . ഇഡുമെയ [ഏദോം] എന്ന പേരുതന്നെ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായി.” (ദി ന്യൂ ഫങ്ക് & വാഗ്നൽസ് എൻസൈക്ലോപ്പീഡിയ, 1952, വാല്യം 11, പേ. 4114) അതിന്റെ നിവൃത്തി നമ്മുടെ നാൾവരെ നീണ്ടു കിടക്കുന്നു എന്നത് കുറിക്കൊളളുക. സംഭവങ്ങൾ നടന്നുകഴിഞ്ഞ ശേഷമാണ് ഈ പ്രവചനം എഴുതപ്പെട്ടത് എന്ന് യാതൊരു കാരണവശാലും വാദിക്കാൻ സാദ്ധ്യമല്ല.
◼ പ്രവചനം: ലൂക്കോ. 19:41-44; 21:20, 21: “അവൻ [യേശുക്രിസ്തു] നഗരത്തെ [യെരൂശലേമിനെ] നോക്കി അതിനെച്ചൊല്ലി കരഞ്ഞു പറഞ്ഞത്: . . . ‘നിന്റെ ശത്രുക്കൾ നിന്റെ ചുററും കൂർത്ത തടികൾ കൊണ്ടു ഒരു കോട്ട പണിയുകയും നിന്നെ വളയുകയും ചുററും നിന്ന് നിന്നെ ഞെരുക്കുകയും നിന്നെയും നിന്നിലുളള നിന്റെ മക്കളെയും നിലത്തു തളളിയിടുകയും നിന്നെ കല്ലിൻമേൽ കല്ല് ശേഷിക്കാതെയാക്കുകയും ചെയ്യുന്ന നാളുകൾ നിന്റെമേൽ വരും, എന്തുകൊണ്ടെന്നാൽ നിന്റെ പരിശോധനയുടെ സമയം നീ തിരിച്ചറിഞ്ഞില്ല.’” രണ്ടു ദിവസങ്ങൾക്കുശേഷം അവൻ തന്റെ ശിഷ്യൻമാരെ ഇപ്രകാരം ബുദ്ധ്യുപദേശിച്ചു: “യെരൂശലേം പാളയമടിച്ചിരിക്കുന്ന സൈന്യങ്ങളാൽ ചുററപ്പെട്ടിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊളളുവിൻ. അപ്പോൾ യഹൂദയിലുളളവർ പർവ്വതങ്ങളിലേക്ക് ഓടിപ്പോകാൻ തുടങ്ങട്ടെ, അവളുടെ നടുവിലുളളവർ വിട്ടുപോകട്ടെ.” (പൊ. യു. 33-ൽ യേശു ഉച്ചരിച്ച പ്രവചനം.)
◻ നിവൃത്തി: യെരൂശലേം റോമിനെതിരെ മൽസരിക്കുകയും ക്രി. വ. 66-ൽ സെസ്ററിയസ് ഗാലസ്സിന്റെ കീഴിലുളള റോമൻസൈന്യം നഗരത്തെ ആക്രമിക്കുകയും ചെയ്തു. എന്നാൽ യഹൂദ ചരിത്രകാരനായ ജോസീഫസ് റിപ്പോർട്ടു ചെയ്യുന്ന പ്രകാരം “തിരിച്ചടിയൊന്നും ഉണ്ടാകാതിരുന്നിട്ടും റോമൻ സൈന്യാധിപൻ തന്റെ പടയാളികളെ പിൻവലിക്കുകയും യാതൊരു കാരണവും കൂടാതെ തന്നെ നഗരത്തിൽ നിന്ന് പെട്ടെന്ന് പിൻവാങ്ങുകയും ചെയ്തു.” (ജോസീഫസ്, ദി ജ്യൂയിഷ് വാർ, പെൻഗ്വിൻ ക്ലാസിക്സ്, 1969, പേ. 167) ഇത് ക്രിസ്ത്യാനികൾക്ക് നഗരത്തിൽനിന്ന് ഓടിപ്പോകാൻ അവസരം നൽകി, എവുസേബിയൂസ് പംഫീലസ് അദ്ദേഹത്തിന്റെ എക്ലേസിയാസ്ററിക്കൽ ഹിസ്റററി (സി. എഫ്. ക്രൂസ് തർജ്ജമ ചെയ്തത്, ലണ്ടൻ, 1894, പേ. 75) എന്ന പുസ്തകത്തിൽ പറയുംപ്രകാരം അവർ യോർദ്ദാന് അപ്പുറമുളള പെല്ലായിലേക്ക് ഓടിപ്പോവുകതന്നെ ചെയ്തു. പിന്നീട് പൊ. യു. 70-ലെ പെസഹായോടടുത്ത് തീത്തൂസ് എന്ന സൈന്യാധിപൻ നഗരം വളയുകയും വെറും മൂന്നു ദിവസം കൊണ്ട് 4.5 മൈൽ (7.2 കി. മീ.) നീളമുളള ഒരു വേലി അതിനുചുററും നിർമ്മിക്കുകയും ചെയ്തു, അഞ്ചു മാസങ്ങൾക്കു ശേഷം യെരൂശലേം പിടിക്കപ്പെട്ടു. “യെരൂശലേം തന്നെ സുസംഘടിതമായ ഒരു വിധത്തിൽ നശിപ്പിക്കപ്പെടുകയും ആലയം ശൂന്യമാക്കപ്പെടുകയും ചെയ്തു. ദേശത്തിലുടനീളം യഹൂദ്യ കെട്ടിടങ്ങളുടെ നാശം എത്ര സമ്പൂർണ്ണമായിരുന്നുവെന്ന് പുരാവസ്തുഗവേഷണം ഇന്നു നമുക്ക് കാണിച്ചു തരുന്നു.”—ദി ബൈബിൾ ആൻഡ് ആർക്കിയോളജി (ഗ്രാൻഡ് റാപ്പിഡ്സ്, മിച്ചി.; 1962) ജെ. ഏ. തോംപ്സൺ, പേ. 299.
പിൽക്കാലത്തു മാത്രം മാനുഷ ഗവേഷകർ കണ്ടുപിടിച്ച കാര്യങ്ങൾ സംബന്ധിച്ച് അതിന്റെ ഉളളടക്കം ശാസ്ത്രീയമായി കൃത്യതയുളളതാണ്
പ്രപഞ്ചത്തിന്റെ ഉത്ഭവം: ഉൽപ. 1:1: “ആദിയിൽ ദൈവം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു.” 1978-ൽ ജ്യോതിശാസ്ത്രജ്ഞനായ റോബർട്ട് ജാസ്ത്രോ എഴുതി: “ഇപ്പോൾ ജ്യോതിശാസ്ത്രപരമായ തെളിവുകൾ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി സംബന്ധിച്ച് ബൈബിളിന്റെ വീക്ഷണത്തിലേക്ക് നമ്മെ നയിക്കുന്നതെങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയുന്നു. വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും അവശ്യഘടകങ്ങളിൽ ഉൽപ്പത്തി സംബന്ധിച്ച ജ്യോതിശാസ്ത്രവിവരണവും ബൈബിളിന്റെ വിവരണവും ഒന്നുതന്നെയാണ്: ഒരു മനുഷ്യനിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ ശൃംഖല പെട്ടെന്ന്, ഒരു നിമിഷത്തിൽ, പ്രകാശത്തിന്റെയും ഊർജ്ജത്തിന്റെയും ഒരു മിന്നലിൽ ആരംഭിച്ചു.”—ഗോഡ് ആൻഡ് ദി അസ്ത്രോണമേർസ് (ന്യൂയോർക്ക്, 1978), പേ. 14.
ഭൂഗ്രഹത്തിന്റെ ആകൃതി: യെശ. 40:22: “ഭൂവൃത്തത്തിൻമീതെ അധിവസിക്കുന്ന ഒരുവൻ ഉണ്ട്.” പുരാതന കാലങ്ങളിലെ പൊതുവായ അഭിപ്രായം ഭൂമി പരന്നതാണ് എന്നതായിരുന്നു. ഈ ബൈബിൾ ഭാഗം എഴുതപ്പെട്ട് 200-ലധികം വർഷങ്ങൾക്കു ശേഷം മാത്രമായിരുന്നു ഭൂമി ഉരുണ്ടതായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ചില ഗ്രീക്ക് തത്വജ്ഞാനികൾ ന്യായവാദം ചെയ്തത്. പിന്നെയും ഏതാണ്ട് 300 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞൻ ഭൂമിയുടെ ഏകദേശ വ്യാസാർദ്ധം കണക്കുകൂട്ടിയെടുത്തു. എന്നാൽ അപ്പോഴും ഭൂമി ഗോളാകൃതിയിലുളളതാണ് എന്ന ആശയം പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇരുപതാം നൂററാണ്ടിൽ മാത്രമാണ് മനുഷ്യർക്ക് വിമാനത്തിൽ സഞ്ചരിക്കുന്നതിനും പിന്നീട് ബാഹ്യാകാശത്തിലേക്കും ചന്ദ്രനിലേക്കുപോലും യാത്ര ചെയ്യുന്നതിനും അപ്രകാരം ഭൂചക്രവാളത്തിന്റെ “വൃത്താകൃതി” വ്യക്തമായി കാണുന്നതിനും കഴിഞ്ഞത്.
മൃഗജീവൻ: ലേവ്യ. 11:6: “മുയൽ . . . അയവിറക്കുന്നു.” ചില വിമർശകർ ഇതിനെ ദീർഘകാലം എതിർത്തിരുന്നുവെങ്കിലും അവസാനം 18-ാം നൂററാണ്ടിൽ വില്യം കൂപ്പർ എന്ന ഇംഗ്ലീഷ്കാരൻ മുയൽ അയവിറക്കുന്നതായി നിരീക്ഷിച്ചു. അതു ചെയ്യപ്പെടുന്ന അസാധാരണവിധം 1940-ൽ പ്രൊസീഡിംഗസ ഓഫ് ദി സുവോളജിക്കൽ സൊസൈററി ഓഫ് ലണ്ടൻ, വാല്യം 110, സീരീസ് എ, പേ. 159-163-ൽ വിവരിക്കപ്പെട്ടു.
അതിന്റെ ആന്തരിക യോജിപ്പ് അർത്ഥവത്താണ്
ബൈബിളിലെ പുസ്തകങ്ങൾ രാജാവ്, പ്രവാചകൻ, ഇടയൻ, ചുങ്കം പിരിവുകാരൻ, വൈദ്യൻ എന്നിങ്ങനെ വളരെ വ്യത്യസ്തരായ നാൽപ്പതോളം ആളുകളാൽ രേഖപ്പെടുത്തപ്പെട്ടു എന്ന വസ്തുതയുടെ വീക്ഷണത്തിൽ അതു വിശേഷാൽ അങ്ങനെയാണ്. അതിന്റെ എഴുത്ത് 1,610 വർഷങ്ങൾകൊണ്ടാണ് പൂർത്തിയായത്, അതുകൊണ്ട് അവർ ഒത്തുചേർന്നു ഗൂഢാലോചന നടത്താൻ അവസരമില്ലായിരുന്നു. എന്നിരുന്നാലും അവരുടെ എഴുത്തുകൾ ഏററം ചെറിയ വിശദാംശങ്ങളിൽപോലും യോജിപ്പിലാണ്. ബൈബിളിന്റെ വിവിധഭാഗങ്ങൾ പൂർണ്ണയോജിപ്പിൽ ഇണച്ചുചേർത്തിരിക്കുന്നത് വിലമതിക്കണമെങ്കിൽ നിങ്ങൾ വ്യക്തിപരമായി അതു വായിക്കുകയും പഠിക്കുകയും ചെയ്യണം.
ബൈബിളിന് മാററമൊന്നും വരുത്തപ്പെട്ടിട്ടില്ല എന്ന് നമുക്കെങ്ങനെ ഉറപ്പുളളവരായിരിക്കാൻ കഴിയും?
“ഒരു എഴുത്തിന് സാക്ഷ്യം വഹിക്കുന്ന പുരാതന കൈയ്യെഴുത്തു പ്രതികളുടെ എണ്ണത്തിന്റെ സംഗതിയിലും മൂലകൃതിയുടെയും സാക്ഷ്യം വഹിക്കുന്ന കൈയ്യെഴുത്തു പ്രതിയുടെയും ഇടക്ക് കടന്നു പോയിട്ടുളള വർഷങ്ങളുടെ സംഗതിയിലും മററു പുരാതന എഴുത്തുകളെ [ഹോമറിന്റെയും പ്ലേറേറായുടെയും മററുളളവരുടെയും] അപേക്ഷിച്ച് ബൈബിളിന് വ്യക്തമായ ഒരു നേട്ടമുണ്ട് . . . ബൈബിളിന്റെ കയ്യെഴുത്തു പ്രതികളോടുളള താരതമ്യത്തിൽ മററുളളവയുടെ കൈയ്യെഴുത്തു പ്രതികൾ വളരെ ചുരുക്കമാണ്. മറെറാരു പുരാതനപുസ്തകവും ബൈബിളിനോളം മെച്ചമായി സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടില്ല.”—ദി ബൈബിൾ ഫ്രം ദി ബിഗിനിങ്ങ് (ന്യൂയോർക്ക്, 1929), പി. മാരിയൻ സിംസ്, പേ. 74, 76.
ആയിരത്തിതൊളളായിരത്തി എഴുപത്തിയൊന്നിലെ ഒരു റിപ്പോർട്ടിൻപ്രകാരം, സാദ്ധ്യതയനുസരിച്ച്, എബ്രായ തിരുവെഴുത്തുകൾ മുഴുവനായോ ഭാഗികമായോ ഉൾക്കൊളളുന്ന 6,000-ത്തോളം കൈയ്യെഴുത്തു പ്രതികളുണ്ട്; അവയിൽ ഏററം പുരാതനമായത് പൊ. യു. മു. മൂന്നാം നൂററാണ്ടിലേതാണ്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടേതായി ഗ്രീക്കിൽ ഏതാണ്ട് 5,000 എണ്ണമുണ്ട്, അവയിൽ ഏററം പഴക്കമുളളത് പൊ. യു. രണ്ടാം നൂററാണ്ടിന്റെ ആരംഭത്തിലേതാണ്. അതുകൂടാതെ മററു ഭാഷകളിലേക്കുളള ആദിമ വിവർത്തനങ്ങളുടെ അനേകം പ്രതികളും സ്ഥിതിചെയ്യുന്നുണ്ട്.
ദി ചെസ്ററർ ബീററി ബിബ്ലിക്കൽ പാപ്പിറൈയെ സംബന്ധിച്ചുളള തന്റെ ഏഴു വാല്യങ്ങളുടെ ആമുഖത്തിൽ സർ ഫ്രെഡറിക് കെനിയൻ എഴുതി: “അവയുടെ [പാപ്പിറൈ] പരിശോധനയിൽ നിന്ന് നാം എത്തിച്ചേരുന്ന പ്രഥമവും ഏററം പ്രധാനവുമായ നിഗമനം, നിലവിലുളള പാഠങ്ങളുടെ അത്യന്താപേക്ഷിതമായ കൃത്യത അവ ഉറപ്പാക്കുന്നു എന്നുളള സംതൃപ്തിദായകമായ ഒന്നു തന്നെയാണ്. ശ്രദ്ധേയമോ അടിസ്ഥാനപരമോ ആയ യാതൊരു വ്യത്യാസവും പഴയതോ പുതിയതോ ആയ നിയമങ്ങളിൽ കാണപ്പെടുന്നില്ല. ജീവൽപ്രധാനമായ വസ്തുതകളെയോ ഉപദേശങ്ങളെയോ ബാധിക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും ഭാഗം വിട്ടുകളയപ്പെടുകയോ കൂട്ടിച്ചേർക്കപ്പെടുകയോ വ്യത്യാസപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ല. വാക്കുകളുടെ ക്രമം അല്ലെങ്കിൽ കൃത്യമായി ഏതു പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നതുപോലെ നിസ്സാരമായ കാര്യങ്ങളെയേ ഈ പാഠഭേദങ്ങൾ ബാധിച്ചിട്ടുളളു . . . എന്നാൽ അവയുടെ യഥാർത്ഥ പ്രാധാന്യം, അവ നിലവിലുളള പാഠങ്ങളുടെ കൃത്യത ഇന്നോളം ലഭ്യമായിരുന്നതിനേക്കാളും നേരത്തെയുളള തെളിവിനാൽ ഉറപ്പാക്കിയിരിക്കുന്നു എന്നുളളതാണ്.”—(ലണ്ടൻ, 1933), പേ. 15.
ബൈബിളിന്റെ ചില ഭാഷാന്തരങ്ങൾ മററു ചിലവയേക്കാൾ മൂലഭാഷയിലുളളതിനോട് കൂടുതൽ അടുത്തു പററിനിൽക്കുന്നു എന്നുളളത് വാസ്തവമാണ്. ആധുനിക പരാവർത്തന ബൈബിളുകൾ ചിലപ്പോൾ മൂല അർത്ഥത്തിന് മാററം വരുത്താൻ തക്കവണ്ണം സ്വാതന്ത്ര്യം എടുത്തിരിക്കുന്നു. ചില ഭാഷാന്തരക്കാർ തങ്ങളുടെ വ്യക്തിപരമായ വിശ്വാസം തങ്ങളുടെ ഭാഷാന്തരത്തെ ബാധിക്കാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ പല ഭാഷാന്തരങ്ങൾ താരതമ്യം ചെയ്യുന്നതിനാൽ ഈ ബലഹീനതകൾ തിരിച്ചറിയാൻ കഴിയും.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ഞാൻ ബൈബിളിൽ വിശ്വസിക്കുന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘എന്നാൽ ഒരു ദൈവമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നു, ഇല്ലേ? . . . നിങ്ങൾക്ക് അംഗീകരിക്കാൻ പ്രയാസമായ എന്താണ് ബൈബിളിലുളളതെന്ന് ഞാൻ ഒന്നു ചോദിച്ചോട്ടെ?’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ എന്നും ഇങ്ങനെതന്നെയാണോ വിചാരിച്ചിരുന്നത് എന്ന് ഞാനൊന്നു ചോദിച്ചോട്ടെ? . . . ബൈബിൾ നന്നായി പഠിച്ചിട്ടില്ലെങ്കിൽ കൂടി മററാളുകളും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബൈബിൾ ദൈവത്തിൽ നിന്നുളള ഒരു ദൂതാണെന്നും അത് പറയുന്ന കാര്യങ്ങൾ നാം വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ ദൈവം നമുക്ക് നിത്യജീവൻ വച്ചുനീട്ടുന്നുവെന്നും ബൈബിൾ വ്യക്തമായി പറയുന്ന സ്ഥിതിക്ക് അതിന്റെ അവകാശവാദം ശരിയാണോ അല്ലയോ എന്നറിയുന്നതിന് അതൊന്നു പരിശോധിക്കുകയെങ്കിലും ചെയ്യുന്നത് പ്രയോജനകരമായിരിക്കും എന്നുളളതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? (60-63 വരെ പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
‘ബൈബിളിൽ വൈരുദ്ധ്യങ്ങളുണ്ട്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘മററുളളവരും എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, എന്നാൽ യഥാർത്ഥത്തിൽ വൈരുദ്ധ്യമായിരിക്കുന്ന ഒരു സംഗതി കാണിച്ചു തരാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്റെ വ്യക്തിപരമായ ബൈബിൾ വായനയിൽ അങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് ഒരു ഉദാഹരണം കാണിക്കാൻ കഴിയുമോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ബൈബിൾ തങ്ങളുടെ മനസ്സിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് അനേകം ആളുകളും ഒരിക്കലും ഉത്തരം കണ്ടെത്തിയിട്ടില്ല എന്നതാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുളളത്. ഉദാഹരണത്തിന്, കയീന് തന്റെ ഭാര്യയെ എവിടെ നിന്ന് കിട്ടി? (301, 302 പേജുകളിലെ വിവരങ്ങൾ ഉപയോഗിക്കുക.)’
‘ബൈബിൾ മനുഷ്യർ എഴുതിയതാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് ശരിയാണ്. ഏതാണ്ട് 40 പേർക്ക് അതിൽ പങ്കുണ്ടായിരുന്നു. എന്നാൽ അതു ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടതായിരുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അതിന്റെ അർത്ഥമെന്താണ്? ഒരു ബിസിനസുകാരൻ തന്റെ സെക്രട്ടറിയെ ഉപയോഗിച്ച് തനിക്കുവേണ്ടി കത്തുകളെഴുതിക്കുന്നതുപോലെ ദൈവം എഴുത്തിനെ നയിച്ചു എന്ന്.’ (2) ‘ശൂന്യാകാശത്തിലുളള ആരിലെങ്കിലും നിന്ന് ദൂതുകൾ സ്വീകരിക്കുക എന്ന ആശയം നമ്മെ ആശ്ചര്യപ്പെടുത്തരുത്. മനുഷ്യരുപോലും ചന്ദ്രനിൽനിന്ന് ദൂതുകളും ചിത്രങ്ങളും അയച്ചിട്ടുണ്ട്. അവരെങ്ങനെയാണ് അത് ചെയ്തത്? ദീർഘകാലം മുമ്പ് ദൈവത്തിൽനിന്ന് തന്നെ ഉളവായ നിയമങ്ങൾ ഉപയോഗിച്ച്.’ (3) ‘എന്നാൽ ബൈബിളിലുളളത് യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നാണെന്ന് നമുക്ക് എങ്ങനെ ഉറപ്പുളളവരായിരിക്കാൻ കഴിയും? സാദ്ധ്യതയനുസരിച്ച് മാനുഷ ഉറവുകളിൽ നിന്ന് വരാൻ കഴിയാത്ത വിവരങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഏതു തരത്തിലുളളവ? ഭാവിയെ സംബന്ധിച്ച വിശദാംശങ്ങൾ; അവ എല്ലായ്പ്പോഴും പൂർണ്ണമായി കൃത്യമെന്ന് തെളിഞ്ഞിരിക്കുന്നു. (ദൃഷ്ടാന്തങ്ങൾക്ക് 60-62 വരെ പേജുകളും “അന്ത്യനാളുകൾ” എന്ന ശീർഷകത്തിൻ കീഴിലെ 234-239 വരെ പേജുകളും കാണുക.)
‘ഓരോരുത്തർക്കും ബൈബിളിന്റെ സ്വന്തം വ്യാഖ്യാനമാണുളളത്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘സ്പഷ്ടമായും അവയെല്ലാം ശരിയായിരിക്കുകയില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘നമ്മുടെ സ്വന്തം ആശയങ്ങളോട് പൊരുത്തത്തിൽ കൊണ്ടുവരാൻ വേണ്ടി തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നത് നിലനിൽക്കുന്ന ദ്രോഹത്തിന് ഇടയാക്കും. (2 പത്രോ. 3:15, 16)’ (2) ‘ബൈബിൾ ശരിയായി മനസ്സിലാക്കുന്നതിന് രണ്ടു കാര്യങ്ങൾക്ക് നമ്മെ സഹായിക്കാൻ കഴിയും. ഒന്ന്, ഏതു പ്രസ്താവനയുടെയും സന്ദർഭം (മുമ്പും പിമ്പുമുളള വാക്യങ്ങൾ) കണക്കിലെടുക്കുക. അടുത്തതായി, ആ ഭാഗങ്ങൾ അതേ വിഷയം കൈകാര്യം ചെയ്യുന്നതായി ബൈബിളിലുളള മററ് പ്രസ്താവനകളുമായി താരതമ്യം ചെയ്യുക. ആ വിധത്തിൽ നാം ദൈവത്തിന്റെ സ്വന്തം വചനം നമ്മുടെ ചിന്തയെ നയിക്കാൻ നാം അനുവദിക്കുകയാണ്; വ്യാഖ്യാനം നമ്മുടെതല്ല അവന്റെതാണ്. വാച്ച്ടവർ പ്രസിദ്ധീകരണങ്ങളിൽ സ്വീകരിച്ചിരിക്കുന്ന സമീപനം അതാണ്.’ (“യഹോവയുടെ സാക്ഷികൾ” എന്ന ശീർഷകത്തിൻ കീഴിൽ 204, 205 പേജുകൾ കാണുക.)
‘അത് നമ്മുടെ നാളിലേക്ക് പ്രായോഗികമല്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നമ്മുടെ നാളിലേക്കു പ്രായോഗികമായ കാര്യങ്ങളിൽ നാം തൽപ്പരരാണ്, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യുദ്ധത്തിന് ഒരു അറുതി വരുത്തുന്നത് പ്രായോഗികമൂല്യമുളളതാണ് എന്നതിനോട് നിങ്ങൾ യോജിക്കുന്നുവോ? . . . മററ് രാഷ്ട്രങ്ങളിലുളളവരോട് സമാധാനത്തിൽ കഴിയാൻ ആളുകൾ പഠിച്ചാൽ അത് ഒരു നല്ല തുടക്കമായിരിക്കുമെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? . . . ബൈബിൾ അത് തന്നെ മുൻകൂട്ടിപ്പറഞ്ഞു. (യെശ. 2:2, 3) ബൈബിൾ വിദ്യാഭ്യാസത്തിന്റെ ഫലമായി യഹോവയുടെ സാക്ഷികൾക്കിടയിൽ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.’ (2) ‘അതിലും കൂടുതൽ ആവശ്യമാണ്—യുദ്ധത്തിനിടയാക്കുന്ന സകല രാഷ്ട്രങ്ങളും മനുഷ്യരും നീക്കം ചെയ്യപ്പെടണം. അത്തരമൊരു സംഗതി എന്നെങ്കിലും സംഭവിക്കുമോ? ഉവ്വ്, എങ്ങനെയെന്ന് ബൈബിൾ വിശദീകരിക്കുകയും ചെയ്യുന്നു. (ദാനി. 2:44; സങ്കീ. 37:10, 11)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: ‘നിങ്ങളുടെ ഉൽക്കണ്ഠ എനിക്ക് മനസ്സിലാകുന്നു. ഒരു മാർഗ്ഗനിർദ്ദേശക ഗ്രന്ഥം പ്രായോഗികമൂല്യമുളളതല്ലെങ്കിൽ അതുപയോഗിക്കുന്നത് നമ്മുടെ ഭാഗത്ത് മൗഢ്യമായിരിക്കും, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ശരിയായ ബുദ്ധ്യുപദേശം നൽകുന്ന ഒരു പുസ്തകം പ്രായോഗിക മൂല്യമുളളതാണ് എന്നതിനോട് നിങ്ങൾ യോജിക്കുമോ? . . . കുടുംബജീവിതം സംബന്ധിച്ച സിദ്ധാന്തങ്ങൾക്കും ആചാരങ്ങൾക്കും പലവട്ടം മാററങ്ങൾ സംഭവിച്ചിട്ടുണ്ട്, നാം ഇന്നു കാണുന്ന ഫലങ്ങളാകട്ടെ നല്ലതുമല്ല. എന്നാൽ ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നവരുടേത് ഉറപ്പുളളതും സന്തുഷ്ടവുമായ കുടുംബജീവിതം ആണ്. (കൊലൊ. 3:12-14, 18-21)’
‘ബൈബിൾ ഒരു നല്ല പുസ്തകമാണ്, എന്നാൽ പരമമായ സത്യം എന്നൊന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉളളതായിതോന്നുന്നു എന്നത് ശരി തന്നെ. ഒരു കണ്ടുപിടുത്തം നടത്തിയതായി ഒരാൾ വിചാരിച്ചാലും താൻ പരിഗണിക്കാതെ വിട്ടുകളഞ്ഞ ഒരു ഘടകമെങ്കിലും ഉണ്ടെന്ന് അയാൾ മിക്കപ്പോഴും കണ്ടെത്തുന്നു. എന്നാൽ അത്തരം ഒരു പരിമിതി ഇല്ലാത്ത ഒരാൾ ഉണ്ട്. അതാരായിരിക്കാം? . . . അതെ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘അതുകൊണ്ടാണ് “നിന്റെ വചനം സത്യമാണ്” (യോഹ. 17:17) എന്ന് യേശുക്രിസ്തു അവനോട് പറഞ്ഞത്. ആ സത്യം ബൈബിളിലുണ്ട്. (2 തിമൊ. 3:16, 17)’ (2) ‘നാം അജ്ഞതയിൽ തപ്പിത്തടയാൻ ദൈവം ആഗ്രഹിക്കുന്നില്ല; നാം സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനത്തിലേക്ക് വരണം എന്നുളളതാണ് അവന്റെ ഇഷ്ടം എന്ന് അവൻ പറഞ്ഞിരിക്കുന്നു. (1 തിമൊ. 2:3, 4) തികച്ചും തൃപ്തികരമായ വിധത്തിൽ ബൈബിൾ . . . പോലുളള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.’ (ചിലരെ സഹായിക്കുന്നതിന് നിങ്ങൾ ആദ്യം ദൈവത്തിന്റെ ആസ്തിക്യത്തിൽ വിശ്വസിക്കുന്നതിനുളള തെളിവുകൾ ചർച്ചചെയ്യേണ്ടതുണ്ടായിരിക്കാം. “ദൈവം” എന്ന ശീർഷകത്തിൻ കീഴിൽ 145-151 വരെ പേജുകൾ കാണുക.)
‘ബൈബിൾ വെളളക്കാരുടെ ഒരു പുസ്തകമാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അവർ ബൈബിളിന്റെ ധാരാളം കോപ്പികൾ അച്ചടിച്ചിട്ടുണ്ട് എന്നത് തീർച്ചയായും സത്യംതന്നെ. എന്നാൽ ഒരു വർഗ്ഗം വേറൊന്നിനേക്കാൾ മെച്ചമാണെന്ന് ബൈബിൾ പറയുന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ബൈബിൾ നമ്മുടെ സ്രഷ്ടാവിൽനിന്നുളളതാണ്, അവൻ പക്ഷപാതിത്വമുളളവനല്ല. (പ്രവൃ. 10:34, 35)’ (2) ‘ദൈവത്തിന്റെ വചനം എല്ലാ രാഷ്ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽനിന്നും ഉളള ആളുകൾക്ക് അവന്റെ രാജ്യത്തിൻ കീഴിൽ ഇവിടെ ഭൂമിയിൽ എന്നേക്കും ജീവിക്കാനുളള അവസരം വച്ചു നീട്ടുന്നു. (വെളി. 7:9, 10, 17)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഒരിക്കലും അല്ല! ബൈബിളിലെ 66 പുസ്തകങ്ങൾ എഴുതാൻ താൻ ആരെ നിശ്വസ്തരാക്കുമെന്ന് തീരുമാനിച്ചത് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായിരുന്നു. വെളുത്ത ത്വക്കുളളവരെ അവൻ അതിന് തെരഞ്ഞെടുത്തുവെങ്കിൽ അത് അവന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ബൈബിളിന്റെ ദൂത് വെളളക്കാർക്കുവേണ്ടി പരിമിതപ്പെടുത്തേണ്ടതായിരുന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യേശു പറഞ്ഞത് ശ്രദ്ധിക്കുക . . . (യോഹ. 3:16) “ഏതൊരാളും” എന്നത് ഏതു നിറമുളള വ്യക്തികളെയും ഉൾപ്പെടുത്തുന്നു. കൂടാതെ സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പായി വിടവാങ്ങൽ എന്ന നിലയിൽ യേശു ശിഷ്യൻമാരോട് ഈ വാക്കുകളും പറഞ്ഞു . . . (മത്താ. 28:19)’ (2) ‘രസാവഹമായി, പ്രവൃത്തികൾ 13:1 നീഗർ എന്നു പേരായി ഒരാളെപ്പററി പറഞ്ഞിരിക്കുന്നു, ആ പേരിന്റെ അർത്ഥം “കറുത്തവൻ” എന്നാണ്. അവൻ സിറിയയിലെ അന്ത്യോക്യസഭയിലെ പ്രവാചകൻമാരിലും ഉപദേഷ്ടാക്കൻമാരിലും ഒരാളായിരുന്നു.’
‘ജെയിംസ് രാജാവിന്റെ ഭാഷാന്തരം മാത്രമെ ഞാൻ വിശ്വസിക്കുന്നുളളു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഇപ്പോൾ അതു കൈവശമുണ്ടെങ്കിൽ വളരെ പ്രോൽസാഹജനകമെന്ന് ഞാൻ കണ്ടെത്തിയ ഒരാശയം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അനേകമാളുകൾ ബൈബിളിന്റെ ആ ഭാഷാന്തരമാണ് ഉപയോഗിക്കുന്നത്. എനിക്കും വ്യക്തിപരമായി എന്റെ ലൈബ്രറിയിൽ ഒരു പ്രതിയുണ്ട്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1)‘ബൈബിൾ ആദ്യം എബ്രായ, അരാമ്യ, ഗ്രീക്ക് എന്നീ ഭാഷകളിലാണ് എഴുതപ്പെട്ടത് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? . . . നിങ്ങൾക്ക് ആ ഭാഷകൾ വശമുണ്ടോ? . . . അതുകൊണ്ട് ബൈബിൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതിൽ നാം നന്ദിയുളളവരാണ്.’ (2) ‘ബൈബിളിന്റെ ആദ്യ പുസ്തകമായ ഉൽപ്പത്തി പൊ. യു. മു. 1513-ൽ പൂർത്തിയാക്കപ്പെട്ടുവെന്നാണ് ഈ ചാർട്ട് (പു. ലോ. ഭാ.-യിലെ “ബൈബിൾ പുസ്തകങ്ങളുടെ പട്ടിക”) കാണിക്കുന്നത്. ഉൽപ്പത്തി പുസ്തകം എഴുതിയശേഷം ഏതാണ്ട് 2,900 വർഷങ്ങൾ കഴിഞ്ഞാണ് മുഴുവൻ ബൈബിളും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടത് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ജെയിംസ് രാജാവിന്റെ ഭാഷാന്തരം പൂർത്തിയാക്കിയത് പിന്നെയും 200-ലധികം വർഷങ്ങൾ കഴിഞ്ഞാണ് (പൊ. യു. 1611).’ (3) ‘ഇംഗ്ലീഷ് ഭാഷക്ക് 17-ാം നൂററാണ്ടു മുതൽ വളരെയധികം മാററങ്ങൾ വന്നിരിക്കുന്നു. നമ്മുടെ ജീവിതകാലത്തുതന്നെ നമ്മൾ അത്തരം മാററങ്ങൾ കണ്ടിരിക്കുന്നു, അല്ലേ? . . . അതുകൊണ്ട് മൂലകൃതിയിലെ സത്യങ്ങൾ നമ്മൾ ഇന്നു സംസാരിക്കുന്ന ഭാഷയിൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ആധുനിക ഭാഷാന്തരങ്ങൾ നാം വിലമതിക്കുന്നു.’
‘നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ബൈബിളുണ്ട്’
“പുതിയലോകഭാഷാന്തരം” എന്ന മുഖ്യശീർഷകം കാണുക.