അധ്യായം ആറ്
യഹോവ—“നീതിമാനായ ദൈവവും രക്ഷകനും”
1, 2. യെശയ്യാവു 45-ാം അധ്യായത്തിൽ എന്തെല്ലാം ഉറപ്പുകൾ നാം കാണുന്നു, നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
യഹോവയുടെ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണ്. അവൻ സ്രഷ്ടാവാണ്, കാര്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവമാണ്. അവൻ നീതിമാനായ ദൈവവും സകല ജനതകളിലും പെട്ട ആളുകളുടെ രക്ഷകനും ആണെന്ന് ആവർത്തിച്ചു തെളിയിച്ചിരിക്കുന്നു. യെശയ്യാവു 45-ാം അധ്യായത്തിൽ കാണുന്ന ഹൃദയോഷ്മളമായ ചില ഉറപ്പുകളാണ് ഇവ.
2 അതിനുപുറമേ, പ്രവചനങ്ങൾ നടത്താനുള്ള യഹോവയുടെ പ്രാപ്തിയുടെ ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തവും യെശയ്യാവു 45-ാം അധ്യായത്തിൽ അടങ്ങിയിരിക്കുന്നു. വിദൂര രാജ്യങ്ങളിൽ ദൃഷ്ടി പതിപ്പിക്കാനും വരും നൂറ്റാണ്ടുകളിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കാനും ദൈവാത്മാവ് യെശയ്യാവിനെ പ്രാപ്തനാക്കി. യഥാർഥ പ്രവചനത്തിന്റെ ദൈവമായ യഹോവയ്ക്കു മാത്രം കൃത്യതയോടെ മുൻകൂട്ടി പറയാൻ കഴിയുന്ന ഒരു സംഭവത്തെ കുറിച്ചു വർണിക്കാനും അത് യെശയ്യാവിനു പ്രചോദനമേകുന്നു. ഏതാണ് ആ സംഭവം? യെശയ്യാവിന്റെ നാളിലെ ദൈവജനത്തെ അത് എങ്ങനെ ബാധിക്കുന്നു? ഇന്ന് നമ്മെ സംബന്ധിച്ച് അതിന് എന്ത് അർഥമാണ് ഉള്ളത്? പ്രവാചകന്റെ വാക്കുകൾ നമുക്കു പരിശോധിക്കാം.
ബാബിലോണിന് എതിരെയുള്ള യഹോവയുടെ അരുളപ്പാട്
3. കോരെശിന്റെ ജയിച്ചടക്കലിനെ യെശയ്യാവു 45:1, 2, 3ബി എന്നീ വാക്യങ്ങൾ വളരെ വ്യക്തമായി വർണിക്കുന്നത് എങ്ങനെ?
3 ‘യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു—അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു—: ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.’—യെശയ്യാവു 45:1, 2, 3ബി.
4. (എ) കോരെശിനെ യഹോവ തന്റെ ‘അഭിഷിക്തൻ’ എന്നു വിളിക്കുന്നത് എന്തുകൊണ്ട്? (ബി) യഹോവ കോരെശിന് എങ്ങനെ വിജയം ഉറപ്പുവരുത്തും?
4 യെശയ്യാവിന്റെ നാളിൽ കോരെശ് ജനിച്ചിട്ടുപോലും ഇല്ലായിരുന്നെങ്കിലും അവൻ അപ്പോൾത്തന്നെ ജീവിച്ചിരിക്കുന്നതു പോലെയാണ് യെശയ്യാവ് മുഖാന്തരം യഹോവ അവനോടു സംസാരിക്കുന്നത്. (റോമർ 4:17) ഒരു പ്രത്യേക ദൗത്യം നിർവഹിക്കാൻ യഹോവ കോരെശിനെ നിയുക്തനാക്കുന്നതുകൊണ്ട് അവൻ ദൈവത്തിന്റെ ‘അഭിഷിക്തൻ’ ആണെന്നു പറയാനാകും. ദൈവത്തിന്റെ വഴിനടത്തിപ്പിൽ അവൻ ജനതകളെ കീഴടക്കുകയും അങ്ങനെ രാജാക്കന്മാരെ ദുർബലരും ചെറുത്തുനിൽക്കാൻ ശേഷിയില്ലാത്തവരും ആക്കുകയും ചെയ്യും. പിന്നീട്, കോരെശ് ബാബിലോണിനെ ആക്രമിക്കുമ്പോൾ ആ നഗരത്തിന്റെ കവാടങ്ങൾ തുറന്നു കിടക്കുന്നുവെന്ന് യഹോവ ഉറപ്പുവരുത്തും. പൂർണമായി തകർക്കപ്പെട്ട കവാടങ്ങൾ പോലെ അവ ഉപയോഗശൂന്യമായിരിക്കും. മാർഗമധ്യേയുള്ള എല്ലാ പ്രതിബന്ധങ്ങളും തട്ടിനീക്കിക്കൊണ്ട് യഹോവ കോരെശിനു മുമ്പായി പോകും. ഒടുവിൽ, കോരെശിന്റെ സൈന്യം നഗരം കീഴടക്കുകയും ഇരുണ്ട അറകളിലുള്ള അതിന്റെ ‘ഗുപ്തനിധികൾ’ എടുത്തുകൊണ്ടു പോകുകയും ചെയ്യും. യെശയ്യാവ് മുൻകൂട്ടി പറയുന്നത് അതാണ്. അവന്റെ വാക്കുകൾ നിവൃത്തിയേറുന്നുണ്ടോ?
5, 6. ബാബിലോണിന്റെ പതനത്തെ കുറിച്ചുള്ള പ്രവചനം എപ്പോൾ, എങ്ങനെ നിവൃത്തിയേറുന്നു?
5 യെശയ്യാവു തന്റെ പ്രവചനം രേഖപ്പെടുത്തി ഏകദേശം 200 വർഷം കഴിഞ്ഞ്, അതായത് പൊ.യു.മു. 539-ൽ, കോരെശ് ബാബിലോണിനെ ആക്രമിക്കാൻ ആ നഗരത്തിന്റെ മതിലുകൾക്ക് അടുത്ത് എത്തുന്നു. (യിരെമ്യാവു 51:11, 12) എന്നാൽ, ബാബിലോണിയർ അതൊന്നും ഗൗനിക്കുന്നില്ല. തങ്ങളുടെ നഗരം ആർക്കും പിടിച്ചടക്കാനാവില്ലെന്നാണ് അവരുടെ വിചാരം. അതിന്റെ കൂറ്റൻ മതിലുകൾ, പ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ യൂഫ്രട്ടീസ് നദിയിലെ വെള്ളം നിറഞ്ഞ ആഴമേറിയ കിടങ്ങുകളുടെ മീതെ തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ നൂറു വർഷമായി നേരിട്ടുള്ള ആക്രമണത്തിലൂടെ ഒരു ശത്രുവും ബാബിലോണിനെ പിടിച്ചടക്കിയിട്ടില്ല! പിന്നെ എന്തിന് ഉത്കണ്ഠപ്പെടണം? വാസ്തവത്തിൽ, ബാബിലോണിന്റെ ഭരണാധിപനായ ബേൽശസ്സറിന് അതിന്റെ സുരക്ഷയിൽ ഉറച്ച വിശ്വാസമുള്ളതിനാൽ തന്റെ രാജസദസ്സിലെ അംഗങ്ങളോടൊപ്പം അവൻ വിരുന്നുകഴിക്കുകയാണ്. (ദാനീയേൽ 5:1) അന്നു രാത്രിയിൽ—ഒക്ടോബർ 5/6-നു രാത്രിയിൽ—കോരെശ് തന്റെ സമർഥമായ സൈനിക നീക്കം പൂർത്തിയാക്കുന്നു.
6 കോരെശിന്റെ എൻജിനീയർമാർ ബാബിലോണിലേക്ക് ഒഴുകുന്ന യൂഫ്രട്ടീസ് നദിയിലെ വെള്ളത്തിന്റെ ഗതി അതിന്റെ മേൽഭാഗത്തുവെച്ച് തിരിച്ചുവിട്ടു. ഇപ്പോൾ അതിലെ വെള്ളം തെക്കോട്ട് ഒഴുകി നഗരത്തിൽ എത്തുന്നില്ല. താമസിയാതെ, ബാബിലോണിന് ഉള്ളിലൂടെയും അതിനെ ചുറ്റിയും ഒഴുകുന്ന നദിയിലെ ജലനിരപ്പു താഴുന്നു, അങ്ങനെ കോരെശിന്റെ യോദ്ധാക്കൾക്കു നദീതടത്തിലൂടെ നടന്ന് നഗരത്തിന്റെ ഹൃദയഭാഗത്തേക്കു ചെല്ലാൻ സാധിക്കുന്നു. (യെശയ്യാവു 44:27; യിരെമ്യാവു 50:38) വിസ്മയാവഹമെന്നു പറയട്ടെ, യെശയ്യാവു മുൻകൂട്ടി പറഞ്ഞതു പോലെ, നഗരത്തിന്റെ നദീതീരത്തുള്ള കവാടങ്ങൾ തുറന്നു കിടക്കുന്നു. കോരെശിന്റെ സൈന്യം ബാബിലോൺ നഗരത്തിനുള്ളിലേക്കു തള്ളിക്കയറി കൊട്ടാരം പിടിച്ചടക്കുകയും ബേൽശസ്സർ രാജാവിനെ വധിക്കുകയും ചെയ്യുന്നു. (ദാനീയേൽ 5:30) ഒറ്റരാത്രികൊണ്ട് പിടിച്ചടക്കൽ പൂർത്തിയാകുന്നു. അതേ, ബാബിലോൺ വീണിരിക്കുന്നു. അങ്ങനെ അതു സംബന്ധിച്ച പ്രവചനം അക്ഷരംപ്രതി നിറവേറി.
7. കോരെശിനെ സംബന്ധിച്ച യെശയ്യാവിന്റെ പ്രവചനത്തിന്റെ നിവൃത്തി ക്രിസ്ത്യാനികളെ എങ്ങനെ ബലിഷ്ഠമാക്കുന്നു?
7 വള്ളിപുള്ളി വിടാതെ നിവൃത്തിയേറിയ ഈ പ്രവചനം ഇന്നു ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. നിവൃത്തിയേറാനിരിക്കുന്ന ബൈബിൾ പ്രവചനങ്ങളും തികച്ചും ആശ്രയയോഗ്യമാണ് എന്നു വിശ്വസിക്കാൻ അതു ശക്തമായ കാരണം നൽകുന്നു. (2 പത്രൊസ് 1:20, 21) പൊ.യു.മു. 539-ലെ ബാബിലോണിന്റെ വീഴ്ചയാൽ മുൻനിഴലാക്കപ്പെട്ട സംഭവം, അതായത് ‘മഹാബാബിലോണി’ന്റെ വീഴ്ച, 1919-ൽ സംഭവിച്ചു എന്ന് യഹോവയുടെ ആരാധകർക്ക് അറിയാം. ഇപ്പോൾ അവർ, ആധുനിക മത സംഘടനകൾ നശിപ്പിക്കപ്പെടാനും വാഗ്ദാനം ചെയ്തിരിക്കുന്ന പ്രകാരം സാത്താന്റെ അധീനതയിലുള്ള രാഷ്ട്രീയ വ്യവസ്ഥിതി നീക്കം ചെയ്യപ്പെടാനും സാത്താൻ അഗാധത്തിൽ അടയ്ക്കപ്പെടാനും പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിതമാകാനും ഉള്ള സമയത്തിനായി നോക്കിപ്പാർത്തിരിക്കുകയാണ്. (വെളിപ്പാടു 18:2, 21; 19:19-21; 20:1-3, 12, 13; 21:1-5എ) യഹോവയുടെ പ്രവചനങ്ങൾ പൊള്ളയായ വാഗ്ദാനങ്ങളല്ല മറിച്ച്, സുനിശ്ചിതമായ ഭാവി സംഭവങ്ങളുടെ വിവരണങ്ങൾ ആണെന്ന് അവർക്കറിയാം. ബാബിലോണിന്റെ വീഴ്ചയെ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിന്റെ സകല വിശദാംശങ്ങളും നിറവേറിയിരിക്കുന്നത് അനുസ്മരിക്കുമ്പോൾ സത്യ ക്രിസ്ത്യാനികളുടെ വിശ്വാസം ബലപ്പെടുന്നു. യഹോവ എല്ലായ്പോഴും തന്റെ വാക്കു നിവർത്തിക്കുന്നു എന്ന് അവർക്കറിയാം.
യഹോവ കോരെശിനോടു പ്രീതി കാട്ടുന്നതിന്റെ കാരണം
8. യഹോവ കോരെശിന് ബാബിലോണിന്റെമേൽ വിജയം നൽകുന്നതിന്റെ ഒരു കാരണമെന്ത്?
8 ആര് ബാബിലോൺ കീഴടക്കുമെന്നും അത് എങ്ങനെ സംഭവിക്കുമെന്നും പ്രസ്താവിച്ചശേഷം, കോരെശിനു വിജയം നൽകുന്നതിന്റെ ഒരു കാരണം യഹോവ വിശദീകരിക്കുന്നു. പ്രാവചനികമായി കോരെശിനോടു സംസാരിച്ചുകൊണ്ട് യഹോവ അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിന്നെ പേർ ചൊല്ലി വിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു.” (യെശയ്യാവു 45:3എ) തന്നെക്കാൾ വലിയവന്റെ—സാർവത്രിക പരമാധികാരിയായ യഹോവയുടെ—പിന്തുണകൊണ്ടാണ് തനിക്ക് അതിമഹത്തായ ഈ വിജയം ലഭിച്ചിരിക്കുന്നത് എന്ന് ബൈബിൾ ചരിത്രത്തിലെ നാലാമത്തെ ലോകശക്തിയുടെ ആ ഭരണാധിപൻ തിരിച്ചറിയുന്നത് ഉചിതമാണ്. തന്നെ വിളിച്ചിരിക്കുന്നത് അഥവാ നിയുക്തനാക്കിയിരിക്കുന്നത് ഇസ്രായേലിന്റെ ദൈവമായ യഹോവയാണ് എന്ന് കോരെശ് അംഗീകരിക്കണം. തന്റെ വിജയം യഹോവയിൽ നിന്നാണു വന്നത് എന്ന് കോരെശ് അംഗീകരിച്ചെന്ന് ബൈബിൾ വൃത്താന്തം വെളിപ്പെടുത്തുന്നു.—എസ്രാ 1:2, 3.
9. ബാബിലോണിനെ കീഴടക്കാൻ യഹോവ കോരെശിനെ കൊണ്ടുവരുന്നതിന്റെ രണ്ടാമത്തെ കാരണം എന്ത്?
9 ബാബിലോണിനെ കീഴടക്കാൻ കോരെശിനെ കൊണ്ടുവരുന്നതിന്റെ രണ്ടാമത്തെ കാരണം യഹോവ വിശദീകരിക്കുന്നു: “എന്റെ ദാസനായ യാക്കോബ്നിമിത്തവും എന്റെ വൃതനായ [“ഞാൻ തിരഞ്ഞെടുത്ത,” “പി.ഒ.സി. ബൈ.”] യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു.” (യെശയ്യാവു 45:4) ബാബിലോണിന്റെ മേലുള്ള കോരെശിന്റെ വിജയം സുപ്രധാനമാണ്. അത് ഒരു ലോകശക്തിയുടെ പതനത്തെയും മറ്റൊന്നിന്റെ ഉദയത്തെയും സൂചിപ്പിക്കുന്നു. ഭാവി തലമുറകളുടെമേൽ അത് ശാശ്വതമായ പ്രഭാവം ചെലുത്തും. ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന “നിസ്സാരരായ” ഏതാനും ആയിരങ്ങളെ—യാക്കോബിന്റെ പിൻതലമുറക്കാരെ—പ്രതിയാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന അറിവ് സംഭവങ്ങൾ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ചുറ്റുമുള്ള ജനതകളെ അതിശയിപ്പിച്ചേക്കാം. എന്നാൽ, പുരാതന ഇസ്രായേൽ ജനതയുടെ ഈ അതിജീവകർ യഹോവയുടെ കണ്ണിൽ ഒട്ടും നിസ്സാരരല്ല. അവർ അവന്റെ ‘ദാസന്മാർ’ ആണ്. സകല ജനതകളിൽ നിന്നും അവൻ “തിരഞ്ഞെടുത്ത” ജനത ഇസ്രായേൽ ആണ്. കോരെശ് മുമ്പ് യഹോവയെ അറിഞ്ഞിരുന്നില്ലെങ്കിലും, ബന്ദികളായി പിടിച്ചിരിക്കുന്നവരെ മോചിപ്പിക്കാൻ വിസമ്മതിക്കുന്ന നഗരത്തെ കീഴടക്കാൻ യഹോവ അവനെ തന്റെ അഭിഷിക്തനായി ഉപയോഗിക്കുന്നു. താൻ തിരഞ്ഞെടുത്ത ജനത വിദേശമണ്ണിൽ എന്നേക്കും നരകിച്ചു കഴിയുക എന്നത് അവന്റെ ഉദ്ദേശ്യമല്ല.
10. ബാബിലോണിയൻ ലോകശക്തിയുടെ അന്ത്യം കുറിക്കാൻ യഹോവ കോരെശിനെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം എന്താണ്?
10 ബാബിലോണിനെ മറിച്ചിടാൻ യഹോവ കോരെശിനെ ഉപയോഗിക്കുന്നതിന് ഏറെ പ്രധാനമായ മൂന്നാമതൊരു കാരണവുമുണ്ട്. യഹോവ പറയുന്നു: “ഞാൻ യഹോവയാകുന്നു; മറെറാരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും [“കിഴക്കുമുതൽ പടിഞ്ഞാറുവരെ,” NIBV] ഉള്ളവർ ഞാനല്ലാതെ മറെറാരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറെറാരുത്തനും ഇല്ല.” (യെശയ്യാവു 45:5, 6) ബാബിലോണിയൻ ലോകശക്തിയുടെ പതനം യഹോവയുടെ ദൈവത്വത്തിന്റെ അടയാളമാണ്. അതേ, ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അവൻ മാത്രമാണ് എന്നതിനു സകലർക്കുമുള്ള തെളിവാണത്. ദൈവജനം വിടുവിക്കപ്പെടുന്നതുകൊണ്ട് യഹോവയാണ് ഏക സത്യദൈവം എന്ന് നിരവധി ജനതകളിലുള്ളവർ—കിഴക്കു മുതൽ പടിഞ്ഞാറു വരെയുള്ളവർ—അറിയാൻ ഇടയാകും.—മലാഖി 1:11.
11. ബാബിലോണിനെ കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ തനിക്കു ശക്തിയുണ്ടെന്ന് യഹോവ വ്യക്തമാക്കുന്നത് എങ്ങനെ?
11 പ്രസ്തുത സംഭവം നടക്കുന്നതിന് ഏകദേശം 200 വർഷം മുമ്പാണ് യെശയ്യാവിന്റെ ഈ പ്രവചനം എഴുതപ്പെട്ടതെന്ന് ഓർക്കുക. അതു കേൾക്കുമ്പോൾ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘യഹോവയ്ക്കു വാസ്തവമായും ആ പ്രവചനം നിവർത്തിക്കാനുള്ള ശക്തിയുണ്ടോ?’ ഉവ്വ് എന്നാണ് ഉത്തരം, ചരിത്രം അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. താൻ പറയുന്നതു നിർവഹിക്കാൻ തനിക്കു കഴിവുണ്ടെന്നു വിശ്വസിക്കുന്നതു ന്യായയുക്തമായിരിക്കുന്നതിന്റെ കാരണം യഹോവ വിശദീകരിക്കുന്നു: “ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും [“ദുരന്തത്തെ,” NW] സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.” (യെശയ്യാവു 45:7) പ്രകാശം മുതൽ അന്ധകാരം വരെ സൃഷ്ടിയിലുള്ള സകലതും, സമാധാനം മുതൽ ദുരന്തം വരെ ചരിത്രത്തിലുള്ള സകലതും യഹോവയുടെ നിയന്ത്രണത്തിലാണ്. പകൽ സമയത്തു വെളിച്ചവും രാത്രി സമയത്ത് അന്ധകാരവും സൃഷ്ടിക്കുന്നതു പോലെ, അവൻ ഇസ്രായേല്യർക്കു സമാധാനവും ബാബിലോണിയർക്കു ദുരന്തവും വരുത്തും. പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ശക്തിയുള്ള യഹോവയ്ക്ക് തന്റെ പ്രവചനങ്ങൾ നിവർത്തിക്കാനും ശക്തിയുണ്ട്. ആ അറിവ് ഇന്നു ശുഷ്കാന്തിയോടെ അവന്റെ പ്രാവചനിക വചനങ്ങൾ പഠിക്കുന്ന ക്രിസ്ത്യാനികൾക്ക് ആശ്വാസം പകരുന്നു.
12. (എ) പ്രതീകാത്മക ആകാശത്തുനിന്നും ഭൂമിയിൽനിന്നും എന്ത് ഉളവാകാൻ യഹോവ ഇടയാക്കുന്നു? (ബി) യെശയ്യാവു 45:8-ൽ ക്രിസ്ത്യാനികൾക്ക് ആശ്വാസപ്രദമായ എന്തു വാഗ്ദാനം അടങ്ങിയിരിക്കുന്നു?
12 സൃഷ്ടിയിൽ പതിവായി സംഭവിക്കുന്ന കാര്യങ്ങൾ ഉപയോഗിച്ച് അടിമത്തത്തിലുള്ള യഹൂദരെ കാത്തിരിക്കുന്ന കാര്യങ്ങൾ യെശയ്യാവ് സമുചിതം ചിത്രീകരിക്കുന്നു: “ആകാശമേ, മേലിൽനിന്നു പൊഴിക്കുക; മേഘങ്ങൾ നീതിയെ വർഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.” (യെശയ്യാവു 45:8) അക്ഷരീയ ആകാശം ജീവദായകമായ മഴ പെയ്യാൻ ഇടയാക്കുന്നതു പോലെ, പ്രതീകാത്മക ആകാശം തന്റെ ജനത്തിന്മേൽ നീതിപൊഴിക്കാൻ യഹോവ ഇടയാക്കും. സമൃദ്ധമായ വിളവ് ഉത്പാദിപ്പിക്കാൻ അക്ഷരീയ ഭൂമി തുറന്നുവരുന്നതു പോലെ, തന്റെ നീതിനിഷ്ഠമായ ഉദ്ദേശ്യത്തിനു—പ്രത്യേകിച്ചും ബാബിലോണിലെ അടിമത്തത്തിൽ ആയിരിക്കുന്ന തന്റെ ജനത്തിന്റെ രക്ഷയ്ക്ക്—ചേർച്ചയിലുള്ള സംഭവങ്ങൾക്ക് ഇടയാക്കാൻ അവൻ പ്രതീകാത്മക ഭൂമിയോട് ആഹ്വാനം ചെയ്യും. സമാനമായ ഒരു വിധത്തിൽ “ആകാശ”വും “ഭൂമി”യും തന്റെ ജനത്തെ വിമോചിപ്പിക്കാൻ ഉതകുന്ന സംഭവങ്ങൾ ഉളവാക്കാൻ 1919-ൽ യഹോവ ഇടവരുത്തി. അത്തരം സംഗതികൾ കാണുന്നത് ക്രിസ്ത്യാനികളെ ആനന്ദിപ്പിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, പ്രതീകാത്മക ആകാശം—ദൈവരാജ്യം—നീതി വസിക്കുന്ന ഭൂമിയുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുന്ന സമയത്തിനായി നോക്കിപ്പാർത്തിരിക്കവേ, ഇത്തരം സംഭവങ്ങൾ അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ആ സമയത്ത് പ്രതീകാത്മക ആകാശത്തുനിന്നും ഭൂമിയിൽനിന്നും നീതിയും രക്ഷയും വരുന്നത് പുരാതന ബാബിലോണിനെ ജയിച്ചടക്കിയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ഏറെ വിപുലമായ അളവിലായിരിക്കും. അത് യെശയ്യാവിന്റെ വാക്കുകളുടെ എത്ര മഹത്തായ ഒരു അന്തിമ നിവൃത്തി ആയിരിക്കും!—2 പത്രൊസ് 3:13; വെളിപ്പാടു 21:1.
യഹോവയുടെ പരമാധികാരം അംഗീകരിക്കുന്നതിൽ നിന്നുള്ള അനുഗ്രഹങ്ങൾ
13. യഹോവയുടെ ഉദ്ദേശ്യങ്ങളെ മനുഷ്യർ വെല്ലുവിളിക്കുന്നത് വിഡ്ഢിത്തമായിരിക്കുന്നത് എന്തുകൊണ്ട്?
13 ഭാവിയിലെ ആനന്ദകരമായ അനുഗ്രഹങ്ങളെ കുറിച്ച് വിവരിച്ചശേഷം, പ്രവചനത്തിന്റെ അവതരണ രീതിക്കു പെട്ടെന്നു മാറ്റം വരുന്നതായി കാണുന്നു. യെശയ്യാവ് രണ്ടു തവണ കഷ്ടം പ്രഖ്യാപിക്കുന്നു: “നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ? അപ്പനോടു: നീ ജനിപ്പിക്കുന്നതു എന്തു എന്നും സ്ത്രീയോടു: നീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!” (യെശയ്യാവു 45:9, 10) യഹോവ മുൻകൂട്ടി പറയുന്ന കാര്യങ്ങളിൽ ഇസ്രായേല്യർ എതിർപ്പു പ്രകടിപ്പിക്കുന്നു. യഹോവ തന്റെ ജനത്തെ പ്രവാസത്തിലേക്കു പോകാൻ അനുവദിക്കുമെന്ന് ഒരുപക്ഷേ അവർ വിശ്വസിക്കുന്നില്ല. അതുമല്ലെങ്കിൽ, ദാവീദുഗൃഹത്തിൽ നിന്നുള്ള ഒരു രാജാവിനു പകരം വിജാതീയനായ ഒരു രാജാവ് ഇസ്രായേല്യരെ വിമോചിപ്പിക്കുമെന്ന ആശയത്തെ അവർ വിമർശിക്കാൻ ശ്രമിക്കുന്നുണ്ടാകാം. അത്തരം എതിർപ്പുകളിലെ ഭോഷത്തം എടുത്തുകാണിക്കാൻ യെശയ്യാവ് എതിർപ്പു പ്രകടിപ്പിക്കുന്നവരെ നിർമാതാവിന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉപേക്ഷിച്ചു കളഞ്ഞ കളിമണ്ണിനോടും പാത്രക്കഷണത്തോടും താരതമ്യം ചെയ്യുന്നു. കുശവൻ നിർമിച്ച വസ്തുതന്നെ കുശവനു കയ്യില്ലെന്നോ തനിക്കു രൂപം നൽകാൻ അയാൾക്കു കഴിവില്ലെന്നോ പ്രസ്താവിക്കുന്നു. എന്തൊരു വിഡ്ഢിത്തം! ആ ആക്ഷേപകർ മാതാപിതാക്കളുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന കൊച്ചുകുട്ടികളെ പോലെയാണ്.
14, 15. ‘പരിശുദ്ധൻ,’ ‘നിർമ്മിച്ചവൻ’ എന്നീ പ്രയോഗങ്ങൾ യഹോവയെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
14 അത്തരം ആക്ഷേപകർക്ക് യെശയ്യാവ് യഹോവയുടെ മറുപടി നൽകുന്നു: “യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിൻ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിൻ. ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു. ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാൻ നിരപ്പാക്കും; അവൻ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവൻ എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—യെശയ്യാവു 45:11-13.
15 ‘പരിശുദ്ധൻ’ എന്നു സ്വയം വിശേഷിപ്പിക്കുന്നതിലൂടെ യഹോവ തന്റെ വിശുദ്ധിക്ക് അടിവരയിടുകയാണു ചെയ്യുന്നത്. ‘നിർമ്മിച്ചവൻ’ എന്നു സ്വയം വിളിക്കുന്നതിലൂടെ, സ്രഷ്ടാവ് എന്ന നിലയിൽ കാര്യങ്ങൾ എങ്ങനെ വികാസം പ്രാപിക്കുമെന്നു തീരുമാനിക്കാനുള്ള തന്റെ അവകാശത്തിന് അവൻ ഊന്നൽ നൽകുകയാണ്. സംഭവിക്കാനുള്ള കാര്യങ്ങൾ ഇസ്രായേല്യരെ അറിയിക്കാനും തന്റെ കരവേലയെ, അതായത് തന്റെ ജനത്തെ, പരിപാലിക്കാനും യഹോവ പ്രാപ്തനാണ്. വീണ്ടും, സൃഷ്ടിയെയും വെളിപ്പെടുത്തലിനെയും സംബന്ധിച്ച തത്ത്വങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. മുഴു പ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് എന്ന നിലയിൽ യഹോവയ്ക്ക് താൻ തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങളെ നയിക്കാനുള്ള അവകാശമുണ്ട്. (1 ദിനവൃത്താന്തം 29:11, 12) ഇവിടെ ചർച്ച ചെയ്യുന്ന വിഷയത്തോടുള്ള ബന്ധത്തിൽ, ഇസ്രായേല്യരുടെ വിമോചകനായി ഒരു വിജാതീയനെ, കോരെശിനെ, ഉപയോഗിക്കാൻ സാർവത്രിക ഭരണാധിപൻ തീരുമാനിക്കുന്നു. കോരെശിന്റെ ആഗമനം—അതു ഭാവിയിൽ ആണെങ്കിലും—ആകാശവും ഭൂമിയും നിലനിൽക്കുന്നുവെന്ന വസ്തുത പോലെ ഉറപ്പുള്ള കാര്യമാണ്. ആ സ്ഥിതിക്ക്, പിതാവിനെ, “സൈന്യങ്ങളുടെ യഹോവ”യെ വിമർശിക്കാൻ ഇസ്രായേൽ പുത്രന്മാരിൽ ആർക്കാണു ധൈര്യം?
16. യഹോവയുടെ ദാസന്മാർ അവനു കീഴ്പെട്ടിരിക്കേണ്ടത് എന്തുകൊണ്ട്?
16 ദൈവത്തിന്റെ ദാസന്മാർ അവനു കീഴ്പെട്ടിരിക്കേണ്ടതിന്റെ മറ്റൊരു കാരണവും യെശയ്യാവു 45:11-13-ൽ കാണാം. അവന്റെ തീരുമാനങ്ങൾ എല്ലായ്പോഴും തന്റെ ദാസന്മാരുടെ ഉത്തമ താത്പര്യങ്ങളെ മുൻനിറുത്തിയുള്ളവയാണ്. (ഇയ്യോബ് 36:3) തന്റെ ജനത്തിനു പ്രയോജനം ചെയ്യത്തക്കവണ്ണം അവരെ സഹായിക്കാനാണ് അവൻ നിയമങ്ങൾ ഉണ്ടാക്കിയത്. (യെശയ്യാവു 48:17) കോരെശിന്റെ നാളിൽ യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുന്ന യഹൂദർ അതു സത്യമെന്നു കണ്ടെത്തുന്നു. യഹോവയുടെ നീതിക്കു ചേർച്ചയിൽ പ്രവർത്തിക്കുന്ന കോരെശ്, ആലയം പുനർനിർമിക്കേണ്ടതിന് അവരെ ബാബിലോണിൽനിന്നു വിട്ടയയ്ക്കുന്നു. (എസ്രാ 6:3-5) സമാനമായി, ഇന്ന് തങ്ങളുടെ അനുദിന ജീവിതത്തിൽ ദൈവനിയമങ്ങൾ ബാധകമാക്കുകയും അവന്റെ പരമാധികാരത്തിന് കീഴ്പെട്ടിരിക്കുകയും ചെയ്യുന്നവർ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു.—സങ്കീർത്തനം 1:1-3; 19:7; 119:105; യോഹന്നാൻ 8:31, 32.
മറ്റു ജനതകൾക്കുള്ള അനുഗ്രഹങ്ങൾ
17. ഇസ്രായേല്യർക്കു പുറമേ, യഹോവയുടെ രക്ഷാ പ്രവൃത്തിയിൽനിന്ന് ആർ പ്രയോജനം അനുഭവിക്കും, എങ്ങനെ?
17 ബാബിലോണിന്റെ വീഴ്ചയിൽനിന്നു പ്രയോജനം അനുഭവിക്കുന്നത് ഇസ്രായേല്യർ മാത്രമായിരിക്കില്ല. അതേക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പറയുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും [“തൊഴിലാളികളും,” NW] കൂശിന്റെ വ്യാപാരലാഭവും [“വ്യാപാരികളും,” NW] ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവർ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യേ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.” (യെശയ്യാവു 45:14) മോശയുടെ നാളിൽ ഇസ്രായേല്യർ ഈജിപ്തിൽനിന്നു പുറപ്പെട്ടു പോന്നപ്പോൾ ഇസ്രായേല്യരല്ലാത്ത ആളുകളുടെ ‘വലിയ ഒരു സമ്മിശ്രപുരുഷാരം’ അവരോടുകൂടെ പോന്നു. (പുറപ്പാടു 12:37, 38) സമാനമായി, ബാബിലോണിൽനിന്നു സ്വദേശത്തു മടങ്ങിയെത്തുന്ന യഹൂദ പ്രവാസികളോടൊപ്പം അന്യജാതിക്കാരും ഉണ്ടായിരിക്കും. ഈ യഹൂദേതരർ ആരുടെയെങ്കിലും സമ്മർദം നിമിത്തമല്ല, മറിച്ച് സ്വയം ‘കടന്നുവരു’ന്നവർ ആയിരിക്കും. ‘അവർ നിന്നെ വണങ്ങി നിന്നോടു യാചിക്കും’ എന്നു പറയുമ്പോൾ, ഇസ്രായേല്യരോട് അവർ കാണിക്കുന്ന സ്വമനസ്സാലെയുള്ള കീഴ്പെടലിനെയാണ് യഹോവ പരാമർശിക്കുന്നത്. അവർ ചങ്ങലയിടുന്നത് സ്വമേധയാ ആയിരിക്കും. ദൈവത്തിന്റെ ഉടമ്പടി ജനതയെ സേവിക്കാനുള്ള അവരുടെ മനസ്സൊരുക്കത്തെയാണ് അതു ചിത്രീകരിക്കുന്നത്. “നിന്റെ മദ്ധ്യേ മാത്രമേ ദൈവമുള്ളു” എന്ന് അവർ ഇസ്രായേല്യരോടു പറയും. ഇസ്രായേല്യരോടുള്ള യഹോവയുടെ ഉടമ്പടിക്കു കീഴിൽ, അവർ അവനെ മതപരിവർത്തിതർ എന്ന നിലയിൽ ആരാധിക്കും.—യെശയ്യാവു 56:6.
18. യഹോവ “ദൈവത്തിന്റെ യിസ്രായേലി”നെ മോചിപ്പിച്ചിരിക്കുന്നതിൽനിന്ന് ഇന്നു പ്രയോജനം അനുഭവിച്ചിരിക്കുന്നത് ആർ, ഏതെല്ലാം വിധങ്ങളിൽ?
18 ‘ദൈവത്തിന്റെ യിസ്രായേൽ’ ആത്മീയ അടിമത്തത്തിൽനിന്നു മോചിതരായ 1919 മുതൽ യെശയ്യാവിന്റെ വാക്കുകൾക്ക് കോരെശിന്റെ നാളിലേതിനെക്കാൾ വലിയ നിവൃത്തി ഉണ്ടായിരിക്കുന്നു. ലോകവ്യാപകമായി ദശലക്ഷങ്ങൾ യഹോവയെ സേവിക്കാൻ മനസ്സൊരുക്കം കാണിക്കുന്നു. (ഗലാത്യർ 6:16; സെഖര്യാവു 8:23) യെശയ്യാവു പരാമർശിച്ച “തൊഴിലാളിക”ളെയും “വ്യാപാരിക”ളെയും പോലെ, സത്യാരാധനയ്ക്കു പിന്തുണ നൽകാൻ അവർ സന്തോഷപൂർവം തങ്ങളുടെ കായബലവും സമ്പത്തും വിനിയോഗിക്കുന്നു. (മത്തായി 25:34-40; മർക്കൊസ് 12:30) അവർ ദൈവത്തിനു സ്വയം സമർപ്പിക്കുകയും സന്തോഷപൂർവം അവന്റെ ദാസന്മാരായിക്കൊണ്ട് അവന്റെ പാതകളിൽ നടക്കുകയും ചെയ്യുന്നു. (ലൂക്കൊസ് 9:23) അവർ യഹോവയെ മാത്രമേ ആരാധിക്കുന്നുള്ളൂ. യഹോവയുമായി ഒരു നിയമത്തിലായ അഥവാ ഉടമ്പടി ബന്ധമുള്ള അവന്റെ “വിശ്വസ്തനും വിവേകിയുമായ അടിമ”യോടൊപ്പം സഹവസിക്കുന്നതിന്റെ പ്രയോജനവും അവർ ആസ്വദിക്കുന്നു. (മത്തായി 24:45-47, NW; 26:28; എബ്രായർ 8:8-13) ആ ഉടമ്പടിയിൽ പങ്കുപറ്റുന്നവരല്ലെങ്കിലും ആ “തൊഴിലാളിക”ളും “വ്യാപാരിക”ളും അതിൽനിന്നു പ്രയോജനം അനുഭവിക്കുകയും “വേറൊരു ദൈവവും ഇല്ല” എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രസ്തുത ഉടമ്പടിയുമായി ബന്ധപ്പെട്ട നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. മനസ്സൊരുക്കത്തോടെ സത്യാരാധനയ്ക്ക് പിന്തുണ നൽകുന്നവരുടെ എണ്ണത്തിലുള്ള വിസ്മയാവഹമായ വളർച്ചയ്ക്കു ദൃക്സാക്ഷികൾ ആയിരിക്കുന്നത് എത്ര പുളകപ്രദമായ സംഗതിയാണ്!—യെശയ്യാവു 60:22.
19. ശാഠ്യപൂർവം വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ തുടരുന്നവർക്ക് എന്തു സംഭവിക്കും?
19 ജാതികൾ യഹോവയെ ആരാധിക്കുന്നതിൽ ചേരുമെന്നു വെളിപ്പെടുത്തിയ ശേഷം പ്രവാചകൻ ഇങ്ങനെ ഘോഷിക്കുന്നു: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശയ്യാവു 45:15) യഹോവ ഇപ്പോൾ തന്റെ ശക്തി വെളിപ്പെടുത്തുന്നില്ലെങ്കിലും ഭാവിയിൽ അവൻ മറഞ്ഞിരിക്കില്ല. അവൻ ഇസ്രായേലിന്റെ ദൈവമാണെന്ന്, തന്റെ ജനത്തിന്റെ രക്ഷകനാണെന്ന് സ്വയം വെളിപ്പെടുത്തും. എന്നാൽ, വിഗ്രഹങ്ങളെ ആശ്രയിക്കുന്നവർക്ക് യഹോവ രക്ഷകനായിരിക്കില്ല. അത്തരക്കാരെ കുറിച്ച് യെശയ്യാവു പറയുന്നു: “അവർ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും [“അപമാനിതരാകും,” NW], വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും.” (യെശയ്യാവു 45:16) അവരുടെ അപമാനം താത്കാലിക അപകീർത്തിയിലും നാണക്കേടിലും കവിഞ്ഞതായിരിക്കും. അത് അവർക്കു മരണത്തെ അർഥമാക്കും—തുടർന്ന് യഹോവ ഇസ്രായേല്യർക്ക് വാഗ്ദാനം ചെയ്യുന്നതിന്റെ നേരെ വിപരീതം.
20. ഏതു വിധത്തിൽ ഇസ്രായേല്യർ “നിത്യരക്ഷ” അനുഭവിക്കും?
20 “യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി [“യഹോവയോടുള്ള ഐക്യത്തിൽ,” NW] രക്ഷിക്കപ്പെടും; നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നുപോകയും [“അപമാനിതരാകുകയും,” NW] ഇല്ല.” (യെശയ്യാവു 45:17) യഹോവ ഇസ്രായേല്യർക്കു നിത്യരക്ഷ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, അതു സോപാധികമായ ഒന്നാണ്. ഇസ്രായേല്യർ “യഹോവയോടുള്ള ഐക്യത്തിൽ” ആയിരിക്കണം. യേശു മിശിഹാ അല്ലെന്നു തള്ളിപ്പറഞ്ഞുകൊണ്ട് ഇസ്രായേല്യർ ആ ഐക്യബന്ധം വിച്ഛേദിക്കുമ്പോൾ “നിത്യരക്ഷ” സംബന്ധിച്ച പ്രത്യാശ അവർക്കു നഷ്ടപ്പെടും. എന്നുവരികിലും, ചില ഇസ്രായേല്യർ യേശുവിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ജഡിക ഇസ്രായേലിന്റെ സ്ഥാനത്തേക്കു വരുന്ന ദൈവത്തിന്റെ യിസ്രായേലിന്റെ കേന്ദ്രസ്ഥാനമായി വർത്തിക്കും. (മത്തായി 21:43; ഗലാത്യർ 3:28, 29; 1 പത്രൊസ് 2:9) ആത്മീയ ഇസ്രായേല്യർ ഒരിക്കലും അപമാനിതരാകില്ല. അവർ “നിത്യനിയമത്തി”ലേക്ക് അഥവാ ഉടമ്പടിയിലേക്ക് എടുക്കപ്പെടും.—എബ്രായർ 13:20.
സൃഷ്ടിയിലും വെളിപാടിലും യഹോവ ആശ്രയയോഗ്യൻ
21. സൃഷ്ടിയുടെയും വെളിപാടിന്റെയും കാര്യത്തിൽ താൻ ആശ്രയയോഗ്യനാണെന്ന് യഹോവ എങ്ങനെ തെളിയിക്കുന്നു?
21 ഇസ്രായേല്യർക്കു നിത്യരക്ഷ നൽകുമെന്ന യഹോവയുടെ വാഗ്ദാനത്തിൽ യഹൂദർക്ക് ആശ്രയിക്കാനാകുമോ? യെശയ്യാവ് ഉത്തരം നൽകുന്നു: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:— ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാൻ യാക്കോബിന്റെ സന്തതിയോടു: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.” (യെശയ്യാവു 45:18, 19) ഈ അധ്യായത്തിൽ നാലാമത്തേതും അവസാനത്തേതുമായി “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന പ്രയോഗത്തോടെ യെശയ്യാവ് ഭാരിച്ച ഒരു പ്രാവചനിക സന്ദേശം അവതരിപ്പിക്കുന്നു. (യെശയ്യാവു 45:1, 11, 14) യഹോവ എന്താണ് അരുളിച്ചെയ്യുന്നത്? സൃഷ്ടിയുടെയും വെളിപാടിന്റെയും കാര്യത്തിൽ താൻ ആശ്രയയോഗ്യനാണെന്ന്. “വ്യർത്ഥമായിട്ടല്ല” അവൻ ഭൂമിയെ നിർമിച്ചത്. അതുപോലെതന്നെ, “വ്യർത്ഥമായി” തന്നെ അന്വേഷിക്കാനല്ല അവൻ തന്റെ ജനത്തോട് ആവശ്യപ്പെടുന്നത്. ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതു പോലെതന്നെ, തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യവും നിറവേറ്റപ്പെടും. വ്യാജദൈവങ്ങളെ ആരാധിക്കുന്നവരുടെ അവ്യക്തമായ സംസാരത്തിനു വിപരീതമായി, യഹോവ തന്റെ അരുളപ്പാടുകൾ തുറന്നു സംസാരിക്കുന്നു. അവന്റെ വചനങ്ങൾ നീതിനിഷ്ഠമാണ്, അവ തീർച്ചയായും നിറവേറും. യഹോവയുടെ ആരാധകർ അവനെ സേവിക്കുന്നത് വ്യർഥമായിട്ടായിരിക്കില്ല.
22. (എ) ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന യഹൂദർക്ക് എന്തു സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാനാകും? (ബി) ക്രിസ്ത്യാനികൾക്ക് ഇന്ന് എന്ത് ഉറപ്പുണ്ട്?
22 ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന ദൈവജനത്തിന് ആ വാക്കുകൾ വാഗ്ദത്ത ദേശം ശൂന്യമായിരിക്കയില്ല എന്ന ഉറപ്പേകുന്നു. അവിടെ വീണ്ടും ജനവാസം ഉണ്ടാകും. യഹോവ അവർക്കു നൽകിയ അരുളപ്പാടുകൾ നിവൃത്തിയേറും. വിപുലമായ അർഥത്തിൽ യെശയ്യാവിന്റെ വാക്കുകൾ ഇന്നു ദൈവജനത്തിന് ഉറപ്പേകുന്നു. ചിലർ വിചാരിക്കുന്നതു പോലെ ഭൂമി കത്തിയെരിഞ്ഞു പോകുകയോ മറ്റു ചിലർ ഭയപ്പെടുന്നതു പോലെ അത് അണുബോംബിനാൽ നശിപ്പിക്കപ്പെടുകയോ ഇല്ല. ഭൂമി ഒരു പറുദീസ ആയി എന്നേക്കും നിലനിൽക്കണമെന്നതും നീതിനിഷ്ഠരായ ആളുകൾ അവിടെ നിവസിക്കണമെന്നതും ദൈവോദ്ദേശ്യമാണ്. (സങ്കീർത്തനം 37:11, 29; 115:16; മത്തായി 6:9, 10; വെളിപ്പാടു 21:3-5എ) അതേ, ഇസ്രായേല്യരുടെ കാര്യത്തിൽ എന്നതു പോലെ യഹോവയുടെ വാക്കുകൾ ആശ്രയയോഗ്യമെന്നു തെളിയും.
യഹോവ കരുണ കാണിക്കുന്നു
23. വിഗ്രഹങ്ങളെ ആരാധിക്കുന്നവർക്ക് എന്തു സംഭവിക്കും, യഹോവയെ ആരാധിക്കുന്നവർക്ക് എന്തു പ്രതിഫലമുണ്ട്?
23 ഇസ്രായേല്യരുടെ രക്ഷയെ കുറിച്ച് യഹോവയുടെ അടുത്ത വാക്കുകൾ ഊന്നിപ്പറയുന്നു: “നിങ്ങൾ കൂടിവരുവിൻ; ജാതികളിൽവെച്ചു തെററി ഒഴിഞ്ഞവരേ, [“ജാതികളിൽനിന്നു രക്ഷപ്പെട്ട് ഓടിപ്പോയവരേ,” NW] ഒന്നിച്ചു അടുത്തു വരുവിൻ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കയും ചെയ്യുന്നവർക്കു അറിവില്ല. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടുതന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശയ്യാവു 45:20, 21) വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ അവസ്ഥയുമായി തങ്ങളുടെ രക്ഷ താരതമ്യം ചെയ്യാൻ ‘രക്ഷപ്പെട്ട് ഓടിപ്പോയവരോട്’ യഹോവ ആഹ്വാനം ചെയ്യുന്നു. (ആവർത്തനപുസ്തകം 30:3; യിരെമ്യാവു 29:14; 50:28) വിഗ്രഹാരാധകർ തങ്ങളെ രക്ഷിക്കാൻ കഴിവില്ലാത്ത ദൈവങ്ങളോടു പ്രാർഥിക്കുകയും അവരെ സേവിക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് “അറിവില്ല.” അവരുടെ ആരാധനകൊണ്ട് യാതൊരു ഫലവുമില്ല, അതു വ്യർഥമാണ്. എന്നാൽ, ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന തന്റെ ജനത്തിനു രക്ഷ പ്രദാനം ചെയ്യുമെന്നത് ഉൾപ്പെടെ “പണ്ടുതന്നേ” പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങൾ നിവർത്തിക്കുന്നതിന് യഹോവയ്ക്കു ശക്തിയുണ്ടെന്ന് അവനെ ആരാധിക്കുന്നവർ കണ്ടെത്തുന്നു. അത്തരം ശക്തിയും ദീർഘദൃഷ്ടിയും യഹോവയെ മറ്റു ദൈവങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നു. നിശ്ചയമായും അവൻ ‘നീതിമാനായ ദൈവവും രക്ഷിതാവും’ ആണ്.
‘രക്ഷ ദൈവത്തിന്റെ ദാനം’
24, 25. (എ) യഹോവ എന്ത് ക്ഷണം വെച്ചുനീട്ടുന്നു, അവന്റെ വാഗ്ദാനം നിവൃത്തിയേറുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) യഹോവ ഉചിതമായി എന്തു നിഷ്കർഷിക്കുന്നു?
24 യഹോവയുടെ കരുണ ഈ ക്ഷണം നൽകാൻ അവനെ പ്രേരിപ്പിക്കുന്നു: “സകലഭൂസീമാവാസികളുമായുള്ളോരെ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. എന്നാണ എന്റെ മുമ്പിൽ ഏതുമുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.”—യെശയ്യാവു 45:22-25.
25 ബാബിലോണിൽ വസിക്കുന്ന ഇസ്രായേല്യരോട്, തന്നിലേക്കു തിരിയുന്നപക്ഷം അവരെ രക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. ഈ പ്രവചനം ഒരു കാരണവശാലും നിവൃത്തിയേറാതെ പോകില്ല. കാരണം, യഹോവയ്ക്ക് തന്റെ ജനത്തെ രക്ഷിക്കാനുള്ള ആഗ്രഹം മാത്രമല്ല അതിനുള്ള പ്രാപ്തിയും ഉണ്ട്. (യെശയ്യാവു 55:11) ദൈവവചനം അതിൽത്തന്നെ ആശ്രയയോഗ്യമാണ്, വിശേഷിച്ചും, അത് ഉറപ്പാക്കാൻ യഹോവ സത്യം ചെയ്യുമ്പോൾ. (എബ്രായർ 6:13) തനിക്കു കീഴ്പെട്ടിരിക്കാനും (“ഏതുമുഴങ്കാലും മടങ്ങും”) തന്നെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പ്രതിബദ്ധത കാണിക്കാനും (“ഏതു നാവും സത്യം ചെയ്യും”) അവൻ നിഷ്കർഷിക്കുന്നത് ഉചിതമാണ്. യഹോവയെ ആരാധിക്കുന്നതിൽ ഉറ്റിരിക്കുന്ന ഇസ്രായേല്യർ രക്ഷിക്കപ്പെടും. യഹോവ തങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ‘അഭിമാനത്തോടെ സംസാരിക്കാൻ’ അവർക്കു സാധിക്കും.—2 കൊരിന്ത്യർ 10:17, NW.
26. തന്നിലേക്കു തിരിയാനുള്ള യഹോവയുടെ ക്ഷണത്തോട് സകല ജനതകളിലും നിന്നുള്ള “ഒരു മഹാപുരുഷാരം” എങ്ങനെ പ്രതികരിക്കുന്നു?
26 തന്നിലേക്കു തിരിയാനുള്ള യഹോവയുടെ ക്ഷണം ബാബിലോണിൽ പ്രവാസത്തിൽ കഴിയുന്നവർക്കു മാത്രമുള്ളതല്ല. (പ്രവൃത്തികൾ 14:14, 15; 15:19; 1 തിമൊഥെയൊസ് 2:3, 4) ആ ക്ഷണം യഹോവ ഇപ്പോഴും നൽകുന്നു. ‘സകല ജാതികളിലും നിന്നുള്ള ഒരു മഹാപുരുഷാരം’ ആ ക്ഷണത്തോടു പ്രതികരിച്ചുകൊണ്ട് ഇങ്ങനെ ഘോഷിക്കുന്നു: “രക്ഷ എന്നുള്ളതു . . . നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും [യേശു] ദാനം.” (വെളിപ്പാടു 7:9, 10; 15:4) വർഷം തോറും ലക്ഷക്കണക്കിന് പുതിയവർ യഹോവയുടെ പരമാധികാരത്തെ പൂർണമായി അംഗീകരിക്കുകയും അവനോടുള്ള തങ്ങളുടെ കൂറ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് മഹാപുരുഷാരത്തോടു ചേരുന്നു. അതിനുപുറമേ, അവർ “അബ്രാഹാമിന്റെ സന്തതി”യായ ആത്മീയ ഇസ്രായേലിനെ വിശ്വസ്തതയോടെ പിന്തുണയ്ക്കുകയും ചെയ്യുന്നു. (ഗലാത്യർ 3:29) “യഹോവയിൽ മാത്രം നീതിയും [“പൂർണ നീതിയും,” NW] ബലവും ഉണ്ടു” എന്നു ലോകമെമ്പാടും ഘോഷിച്ചുകൊണ്ട് അവർ യഹോവയുടെ നീതിനിഷ്ഠമായ ഭരണത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നു.a റോമർക്കുള്ള ലേഖനത്തിൽ, ജീവനുള്ള ഏവരും ഒടുവിൽ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുകയും തുടർച്ചയായി അവന്റെ നാമത്തെ സ്തുതിക്കുകയും ചെയ്യുമെന്നു കാണിക്കാൻ പൗലൊസ് അപ്പൊസ്തലൻ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽനിന്ന് യെശയ്യാവു 45:23 ഉദ്ധരിക്കുകയുണ്ടായി.—റോമർ 14:11; ഫിലിപ്പിയർ 2:9-11; വെളിപ്പാടു 21:22-27.
27. യഹോവയുടെ വാഗ്ദാനങ്ങളിൽ ഇന്നു ക്രിസ്ത്യാനികൾക്ക് പൂർണ വിശ്വാസം ഉണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
27 ദൈവത്തിലേക്കു തിരിയുന്നതു രക്ഷ അർഥമാക്കും എന്ന് മഹാപുരുഷാരം വിശ്വസിക്കുന്നതിന്റെ കാരണമെന്താണ്? എന്തുകൊണ്ടെന്നാൽ, യെശയ്യാവു 45-ാം അധ്യായത്തിൽ കാണുന്ന പ്രാവചനിക വചനം വ്യക്തമാക്കുന്നതു പോലെ, യഹോവയുടെ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണ്. ആകാശവും ഭൂമിയും നിർമിക്കാൻ ആവശ്യമായ ശക്തിയും ജ്ഞാനവും യഹോവയ്ക്ക് ഉണ്ടായിരുന്നതു പോലെ, തന്റെ പ്രവചനങ്ങൾ നിവർത്തിക്കാനും അവന് ശക്തിയും ജ്ഞാനവും ഉണ്ട്. കോരെശുമായി ബന്ധപ്പെട്ട പ്രവചനം നിവൃത്തിയേറാൻ ഇടയാക്കിയതു പോലെ, ബൈബിളിലെ നിവൃത്തിയേറാനുള്ള ഏതൊരു പ്രവചനവും നിശ്ചയമായും അവൻ നിറവേറ്റും. താമസിയാതെ, താൻ ‘നീതിമാനായ ദൈവവും രക്ഷിതാവും’ ആണെന്ന് യഹോവ തെളിയിക്കുമെന്ന് അവന്റെ ആരാധകർക്ക് ഉറപ്പുണ്ടായിരിക്കാനാകും.
[അടിക്കുറിപ്പ്]
a പുതിയലോക ഭാഷാന്തരം “പൂർണ നീതി” എന്ന് ഉപയോഗിക്കുന്നത് എബ്രായ പാഠത്തിൽ “നീതി” എന്ന പദപ്രയോഗത്തിന്റെ ബഹുവചന രൂപം ഉപയോഗിച്ചിരിക്കുന്നതുകൊണ്ടാണ്. യഹോവയുടെ നീതിയുടെ സമൃദ്ധമായ അളവിനെ കാണിക്കാനാണ് ഇവിടെ ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്.
[80, 81 പേജുകളിലെ ചിത്രങ്ങൾ]
പ്രകാശവും അന്ധകാരവും സൃഷ്ടിക്കുന്ന യഹോവയ്ക്ക് സമാധാനവും ദുരന്തവും വരുത്താൻ കഴിയും
[83-ാം പേജിലെ ചിത്രം]
യഹോവ ‘ആകാശ’ത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിക്കാനും ‘ഭൂമി’യിൽനിന്നു രക്ഷ ഉളവാകാനും ഇടയാക്കും
[84-ാം പേജിലെ ചിത്രം]
ഉപേക്ഷിക്കപ്പെട്ട പാത്രക്കഷണങ്ങൾ അവയുടെ നിർമാതാവിന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യണമോ?
[89-ാം പേജിലെ ചിത്രം]
യഹോവ വ്യർഥമായിട്ടല്ല ഭൂമിയെ സൃഷ്ടിച്ചത്