അധ്യായം ഏഴ്
യഹോവയുടെ ആരാധനയിലേക്കു മടങ്ങുവിൻ
1. ബാബിലോണിലെ രണ്ടു പ്രമുഖ ദൈവങ്ങളുടെ പേരുകൾ ഏവ, അവരെ കുറിച്ച് യഹോവ എന്തു മുൻകൂട്ടി പറയുന്നു?
ഇസ്രായേല്യർ ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന സമയത്ത് ആ നഗരം വ്യാജാരാധനയുടെ കേന്ദ്രമായിരിക്കും. യെശയ്യാവിന്റെ നാളിൽ യഹോവയുടെ ജനം സ്വദേശത്താണ്, അവർക്ക് അപ്പോഴും ആലയവും പൗരോഹിത്യവും ഉണ്ട്. എന്നിരുന്നാലും, ദൈവജനത്തിൽ അനേകരും വിഗ്രഹാരാധനയ്ക്കു വശംവദരായിരിക്കുന്നു. അതുകൊണ്ട് ബാബിലോണിലെ വ്യാജദൈവങ്ങളുടെ പകിട്ടിൽ മയങ്ങാതിരിക്കാനും അവരെ സേവിക്കാൻ പ്രലോഭിതർ ആകാതിരിക്കാനും തക്കവണ്ണം അവരെ ഒരുക്കുന്നത് ജീവത്പ്രധാനമാണ്. തന്മൂലം, ബാബിലോണിലെ ദൈവങ്ങളിൽ രണ്ടു പ്രമുഖരെ കുറിച്ച് യെശയ്യാവ് പറയുന്നു: “ബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയററിയിരിക്കുന്നു; നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.” (യെശയ്യാവു 46:1) കൽദയരുടെ ഇടയിലെ ഏറ്റവും പ്രമുഖ വിഗ്രഹദേവൻ ബേൽ ആണ്. നെബോയെ ജ്ഞാനത്തിന്റെയും അറിവിന്റെയും ദൈവമായി ആളുകൾ ആരാധിക്കുന്നു. ഈ ദൈവങ്ങളുടെ പേരുകൾ പല ബാബിലോണിയരുടെയും പേരുകളോടു ചേർത്ത് ഉപയോഗിക്കുന്നതിൽ നിന്ന് ആളുകൾക്ക് അവരോടുള്ള ആദരവു പ്രകടമാണ്. ബേൽശസ്സർ, നെബോപോളസ്സർ, നെബൂഖദ്നേസർ നെബൂസർ-അദാൻ എന്നീ പേരുകൾ അവയിൽ ചിലതാണ്.
2. ബാബിലോണിയൻ ദൈവങ്ങളുടെ നിസ്സഹായാവസ്ഥയെ ചിത്രീകരിച്ചിരിക്കുന്നത് എങ്ങനെ?
2 “ബേൽ വണങ്ങുന്നു” എന്നും “നെബോ കുനിയുന്നു” എന്നും യെശയ്യാവു പറയുന്നു. ഈ വ്യാജദൈവങ്ങൾ താഴ്ത്തപ്പെടും. ബാബിലോണിനെതിരെ യഹോവ ന്യായവിധി നടപ്പാക്കുമ്പോൾ ഈ ദൈവങ്ങൾക്കു തങ്ങളുടെ ആരാധകരെ സഹായിക്കാനാവില്ല. എന്തിന്, സ്വയം രക്ഷിക്കാൻപോലും അവർക്കു കഴിവുണ്ടായിരിക്കുകയില്ല! ബേലിനെയും നെബോയെയും ബാബിലോണിന്റെ പുതുവത്സര ദിനം പോലുള്ള ഉത്സവദിനങ്ങളിലെ ഘോഷയാത്രകളിൽ ആദരണീയ സ്ഥാനങ്ങളിലിരുത്തി മേലാൽ വഹിച്ചുകൊണ്ടു പോകുകയില്ല. പകരം, അവരുടെ ആരാധകർ അവരെ സാധാരണ ചുമടു പോലെ ചരക്കുവണ്ടികളിൽ വലിച്ചുകൊണ്ടുപോകും. സ്തുതിക്കും ആരാധനയ്ക്കും പകരം അവർ പരിഹാസത്തിനും നിന്ദയ്ക്കും പാത്രമാകും.
3. (എ) ബാബിലോണിയർക്ക് ഞെട്ടലുളവാക്കുന്നത് എന്ത്? (ബി) ബാബിലോണിയൻ ദൈവങ്ങൾക്കു സംഭവിച്ചതിൽനിന്ന് ഇന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
3 തങ്ങളുടെ പ്രിയപ്പെട്ട വിഗ്രഹങ്ങൾ തളർന്ന മൃഗങ്ങൾക്കു വെറുമൊരു ഭാരമായി തീർന്നിരിക്കുന്നു എന്ന അറിവ് ബാബിലോണിയർക്ക് എത്രമാത്രം ഞെട്ടലുളവാക്കും! സമാനമായി ഇന്ന്, ലോകത്തിലെ ഏതു ദൈവങ്ങളിലാണോ ആളുകൾ ആശ്രയമർപ്പിച്ചിരിക്കുന്നത്, ഏതു ദൈവങ്ങൾക്കു വേണ്ടിയാണോ അവർ തങ്ങളുടെ ഊർജം ചെലവഴിക്കുകയും ജീവൻ പോലും ബലികഴിക്കുകയും ചെയ്യുന്നത് അവയെല്ലാം മിഥ്യയാണ്. സമ്പത്ത്, ആയുധങ്ങൾ, ഉല്ലാസങ്ങൾ, ഭരണാധിപന്മാർ, ജന്മദേശം അല്ലെങ്കിൽ അതിനെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങൾ എന്നിവയും മറ്റും ഭക്തിക്ക് പാത്രമായിരിക്കുന്നു. അത്തരം ദൈവങ്ങളുടെ നിഷ്ഫലത തക്കസമയത്ത് യഹോവ വെളിപ്പെടുത്തും.—ദാനീയേൽ 11:38; മത്തായി 6:24; പ്രവൃത്തികൾ 12:22; ഫിലിപ്പിയർ 3:19; കൊലൊസ്സ്യർ 3:5; വെളിപ്പാടു 13:14, 15.
4. ഏത് അർഥത്തിലാണു ബാബിലോണിയൻ ദൈവങ്ങൾ “കുനിയു”കയും “വണങ്ങു”കയും ചെയ്യുന്നത്?
4 ബാബിലോണിയൻ ദൈവങ്ങൾ അമ്പേ പരാജയപ്പെട്ടതിനെ കുറിച്ച് എടുത്തു പറഞ്ഞുകൊണ്ട് പ്രവചനം തുടരുന്നു: “അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാൻ കഴിയാതെ അവ തന്നേ പ്രവാസത്തിലേക്കു പോയിരിക്കുന്നു.” (യെശയ്യാവു 46:2) യുദ്ധത്തിൽ മുറിവേറ്റതു പോലെ അല്ലെങ്കിൽ വാർധക്യം പ്രാപിച്ചതു പോലെ ബാബിലോണിയൻ ദൈവങ്ങൾ “കുനിയുന്ന”തായി, “വണങ്ങുന്ന”തായി കാണപ്പെടുന്നു. തങ്ങളെ വഹിക്കുന്ന മൃഗങ്ങൾക്കു ഭാരം കുറച്ചു കൊടുക്കാനോ അവയെ രക്ഷിക്കാനോ അവയ്ക്കു കഴിവില്ല. തന്മൂലം, ബാബിലോണിൽ അടിമത്തത്തിൽ ആണെങ്കിലും യഹോവയുടെ ഉടമ്പടി ജനത അവയെ ബഹുമാനിക്കണമോ? വേണ്ട! സമാനമായി, യഹോവയുടെ അഭിഷിക്ത ദാസന്മാർ ആത്മീയ അടിമത്തത്തിൽ ആയിരുന്നപ്പോൾ പോലും ‘മഹാബാബിലോണി’ന്റെ വ്യാജദൈവങ്ങൾക്കു തെല്ലും ബഹുമാനം നൽകിയില്ല. 1919-ൽ മഹാബാബിലോണിന്റെ വീഴ്ചയെ തടയാൻ ആ ദൈവങ്ങൾക്കു സാധിച്ചില്ല. “മഹോപദ്രവ”ത്തിൽ അവൾക്കു സംഭവിക്കാനിരിക്കുന്ന ദുരന്തത്തിൽനിന്ന് അവളെ രക്ഷിക്കാനും അവർക്കു സാധിക്കില്ല.—വെളിപ്പാടു 18:2, 21; മത്തായി 24:21; NW.
5. വിഗ്രഹാരാധകർ ആയിരുന്ന ബാബിലോണിയർ ചെയ്ത തെറ്റുകൾ ക്രിസ്ത്യാനികൾ ഇന്ന് ആവർത്തിക്കാതിരിക്കുന്നത് എങ്ങനെ?
5 സത്യക്രിസ്ത്യാനികൾ ഇന്ന് ഒരു തരത്തിലുമുള്ള വിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുന്നില്ല. (1 യോഹന്നാൻ 5:21) കുരിശും ജപമാലയും പുണ്യവാളന്മാരുടെ പ്രതിമകളുമൊന്നും സ്രഷ്ടാവിനെ സമീപിക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നില്ല. നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കാനും അവയ്ക്കു കഴിയില്ല. ദൈവത്തെ ആരാധിക്കേണ്ട ശരിയായ വിധം എന്താണെന്ന് ഒന്നാം നൂറ്റാണ്ടിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്റെ നാമത്തിൽ . . . അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.”—യോഹന്നാൻ 14:6, 14.
‘ഉദരംമുതൽ ചുമക്കപ്പെട്ടവർ’
6. യഹോവ ജാതികളുടെ ദൈവങ്ങളിൽ നിന്നു വ്യത്യസ്തനായിരിക്കുന്നത് എങ്ങനെ?
6 ബാബിലോണിലെ വിഗ്രഹദൈവങ്ങളെ ആരാധിക്കുന്നതിന്റെ ഭോഷത്തം തുറന്നു കാട്ടിയ ശേഷം യഹോവ തന്റെ ജനത്തോട് ഇങ്ങനെ പറയുന്നു: “[ദൈവത്താൽ] ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.” (യെശയ്യാവു 46:3) യഹോവയ്ക്കും കൊത്തിയുണ്ടാക്കപ്പെട്ട ബാബിലോണിയൻ വിഗ്രഹങ്ങൾക്കും തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്! ബാബിലോണിയൻ ദൈവങ്ങൾക്ക് തങ്ങളുടെ ആരാധകർക്കായി ഒന്നും ചെയ്യാനാവില്ല. ചുമടു ചുമക്കുന്ന മൃഗത്തിന്റെ പുറത്തിരുത്തി വേണം അവയെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകാൻ. നേരെ മറിച്ച്, യഹോവ തന്റെ ജനത്തെ വഹിച്ചിരിക്കുന്നു. “ഉദരംമുതൽ,” അതായത് ആ ജനതയ്ക്കു രൂപം കൊടുത്തതു മുതൽ, അവൻ അവരെ പരിപാലിച്ചിരിക്കുന്നു. യഹോവ തങ്ങളെ വഹിച്ചിരിക്കുന്നതിന്റെ ഊഷ്മള സ്മരണകൾ വിഗ്രഹാരാധനയെ അകറ്റി നിറുത്താനും തങ്ങളുടെ പിതാവും സുഹൃത്തും എന്ന നിലയിൽ യഹോവയിൽ ആശ്രയം അർപ്പിക്കാനും യഹൂദരെ പ്രേരിപ്പിക്കേണ്ടതാണ്.
7. മാതാപിതാക്കൾ മക്കളെ പരിപാലിക്കുന്നതിനെക്കാൾ കൂടുതലായി യഹോവ തന്റെ ആരാധകരെ പരിപാലിക്കുമെന്നു പറയാൻ കഴിയുന്നത് എങ്ങനെ?
7 തന്റെ ജനത്തോട് ആർദ്രതയോടെ യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.” (യെശയ്യാവു 46:4) അങ്ങേയറ്റം പരിപാലനം നൽകുന്ന മാതാപിതാക്കളെ പോലും കടത്തിവെട്ടുന്ന വിധത്തിലാണ് യഹോവ തന്റെ ജനത്തെ പരിപാലിക്കുന്നത്. മക്കൾ വളരുന്നതനുസരിച്ച് മാതാപിതാക്കൾക്ക് അവരോടുള്ള ഉത്തരവാദിത്വവും കുറഞ്ഞുവരുന്നു. മാതാപിതാക്കൾ വാർധക്യം പ്രാപിക്കുമ്പോൾ മിക്കപ്പോഴും മക്കൾ അവരെ പരിചരിക്കേണ്ടി വരുന്നു. എന്നാൽ, യഹോവയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല. തന്റെ മനുഷ്യ സന്താനങ്ങൾക്കായുള്ള അവന്റെ പരിപാലനത്തിന് അവസാനമില്ല, അവരുടെ വാർധക്യത്തിലും അവൻ അവരെ പരിപാലിക്കുന്നു. ഇന്നു ദൈവത്തിന്റെ ആരാധകർ തങ്ങളുടെ സ്രഷ്ടാവിൽ ആശ്രയിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നതോടൊപ്പം യെശയ്യാ പ്രവചനത്തിലെ ഈ വാക്കുകളിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. ഈ വ്യവസ്ഥിതിയിൽ അവർക്കു ചെലവിടേണ്ടിവരുന്ന ശേഷിച്ച ദിവസങ്ങളെ അല്ലെങ്കിൽ വർഷങ്ങളെ കുറിച്ച് അവർ ഉത്കണ്ഠപ്പെടേണ്ടതില്ല. വാർധക്യം പ്രാപിച്ചവരെ “ചുമക്കു”ന്നതിൽ തുടരുമെന്നും വിശ്വസ്തരായിരിക്കാൻ ആവശ്യമായ ബലവും സഹിഷ്ണുതയും അവർക്കു നൽകുമെന്നും യഹോവ വാഗ്ദാനം ചെയ്യുന്നു. അവൻ അവരെ ചുമക്കുകയും ബലപ്പെടുത്തുകയും അവർക്കു രക്ഷ നൽകുകയും ചെയ്യും.—എബ്രായർ 6:10.
ആധുനിക വിഗ്രഹങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക
8. യെശയ്യാവിന്റെ ദേശക്കാരിൽ ചിലർ എത്ര വലിയ പാപമാണു ചെയ്യുന്നത്?
8 തികച്ചും നിഷ്പ്രയോജനമെന്നു തെളിയുന്ന വിഗ്രഹങ്ങളിൽ ആശ്രയം വെക്കുന്ന ബാബിലോണിയർക്ക് ഉണ്ടാകാൻ പോകുന്ന നിരാശാബോധം ഒന്നു വിഭാവനം ചെയ്യുക! ആ ദൈവങ്ങളെ യഹോവയുമായി തുലനം ചെയ്യേണ്ടതാണെന്ന് ഇസ്രായേല്യർ വിശ്വസിക്കണമോ? തീർച്ചയായും വേണ്ട! യഥോചിതം യഹോവ ഇങ്ങനെ ചോദിക്കുന്നു: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശയ്യാവു 46:5) യെശയ്യാവിന്റെ ദേശക്കാരിൽ ചിലർ സംസാരശേഷിയില്ലാത്ത, നിർജീവവും നിസ്സഹായവുമായ പ്രതിമകളിലേക്കു തിരിഞ്ഞിരിക്കുന്നു. യഹോവയെ അറിയാവുന്ന ഒരു ജനത നിർജീവവും നിസ്സഹായവുമായ മനുഷ്യനിർമിത പ്രതിമകളെ ആശ്രയിക്കുന്നത് എത്ര ഭോഷത്തമാണ്!
9. വിഗ്രഹാരാധകർ ബുദ്ധിശൂന്യമായ എന്തു പ്രവൃത്തിയാണു ചെയ്യുന്നത്?
9 വിഗ്രഹാരാധകരുടെ പൊള്ളയായ ന്യായവാദങ്ങൾ പരിചിന്തിക്കുക. പ്രവചനം ഇങ്ങനെ തുടുരുന്നു: “അവർ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.” (യെശയ്യാവു 46:6) വിലയേറിയ ഒരു വിഗ്രഹത്തിന് തടികൊണ്ടുള്ള വിഗ്രഹത്തെക്കാൾ വളരെയധികം ശക്തിയുണ്ട് എന്നതു പോലെ അതിനെ ആരാധിക്കുന്നവർ തങ്ങളുടെ ദൈവത്തിന്റെ പ്രതിമ ഉണ്ടാക്കുന്നതിന് വളരെ പണം മുടക്കുന്നു. എന്നാൽ, എത്രതന്നെ ഊർജം ചെലവഴിച്ചാലും എത്ര വിലയേറിയ വസ്തുക്കൾ ഉപയോഗിച്ചാലും നിർജീവ വിഗ്രഹം നിർജീവം തന്നെയായിരിക്കും, തീർച്ച.
10. വിഗ്രഹാരാധനയുടെ പരമ ഭോഷത്തത്തെ വർണിച്ചിരിക്കുന്നത് എങ്ങനെ?
10 വിഗ്രഹാരാധനയുടെ ഭോഷത്തം എടുത്തുകാട്ടിക്കൊണ്ട് പ്രവചനം തുടരുന്നു: “അവർ അതിനെ തോളിൽ എടുത്തുകൊണ്ടുപോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അതു ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.” (യെശയ്യാവു 46:7) കേൾക്കാനോ പ്രവർത്തിക്കാനോ കഴിവില്ലാത്ത ഒരു വിഗ്രഹത്തോടു പ്രാർഥിക്കുന്നത് എത്ര അപഹാസ്യം! അത്തരം ആരാധനാ വസ്തുക്കളുടെ നിഷ്ഫലതയെ സങ്കീർത്തനക്കാരൻ നന്നായി വർണിക്കുന്നു: “അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.”—സങ്കീർത്തനം 115:4-8.
“ധൈര്യം സംഭരിപ്പിൻ”
11. ചഞ്ചലചിത്തരായിരിക്കുന്നവരെ ‘ധൈര്യം സംഭരിക്കാൻ’ എന്തു സഹായിക്കും?
11 വിഗ്രഹാരാധനയുടെ നിഷ്ഫലത ചിത്രീകരിച്ചശേഷം, തന്റെ ജനം തന്നെ സേവിക്കേണ്ടതിന്റെ കാരണം യഹോവ അവരോടു പറയുന്നു: “ഇതു ഓർത്തു സ്ഥിരത കാണിപ്പിൻ [“ധൈര്യം സംഭരിപ്പിൻ,” NW]; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിൻ. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശയ്യാവു 46:8, 9) സത്യാരാധനയ്ക്കും വിഗ്രഹാരാധനയ്ക്കും ഇടയിൽ ചഞ്ചലചിത്തരായിരിക്കുന്നവർ ഗതകാല സംഭവങ്ങൾ ഓർക്കേണ്ടതുണ്ട്. യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങൾ അവർ മനസ്സിൽ പിടിക്കണം. അത് ധൈര്യം സംഭരിക്കാനും ശരിയായതു ചെയ്യാനും യഹോവയുടെ ആരാധനയിലേക്കു മടങ്ങാനും അവരെ സഹായിക്കും.
12, 13. ക്രിസ്ത്യാനികൾ ഏതു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നു, അവർക്ക് എങ്ങനെ വിജയം വരിക്കാൻ കഴിയും?
12 ഈ പ്രോത്സാഹനം ഇന്നും ആവശ്യമാണ്. ഇസ്രായേല്യരെ പോലെ, ആത്മാർഥരായ ക്രിസ്ത്യാനികൾ പ്രലോഭനങ്ങളോടും തങ്ങളുടെതന്നെ അപൂർണതകളോടും പോരാടേണ്ടതുണ്ട്. (റോമർ 7:21-24) അതിനുപുറമേ, അവർ അദൃശ്യനെങ്കിലും ശക്തനായ ഒരു എതിരാളിയുമായി ആത്മീയ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറയുന്നു: “നമുക്കു പോരാട്ടം ഉളളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”—എഫെസ്യർ 6:12.
13 ക്രിസ്ത്യാനികളെ സത്യാരാധനയിൽനിന്നു വ്യതിചലിപ്പിക്കാൻ സാത്താനും അവന്റെ ഭൂതങ്ങളും ആവുന്നതെല്ലാം ചെയ്യും. വിജയപ്രദമായി പോരാടാൻ ക്രിസ്ത്യാനികൾ യഹോവയുടെ ബുദ്ധിയുപദേശം അനുസരിക്കുകയും ധൈര്യം സംഭരിക്കുകയും വേണം. എങ്ങനെ? പൗലൊസ് വിശദീകരിക്കുന്നു: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.” വേണ്ടത്ര ആയുധങ്ങൾ ഇല്ലാതെയല്ല യഹോവ തന്റെ ദാസന്മാരെ ആ യുദ്ധത്തിനു വിടുന്നത്. “ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച”യും അവരുടെ ആത്മീയ ആയുധശേഖരത്തിൽ ഉൾപ്പെടുന്നു. (എഫെസ്യർ 6:11, 16) യഹോവ പ്രദാനം ചെയ്ത ആത്മീയ കരുതലുകൾ അവഗണിക്കുകവഴി ഇസ്രായേല്യർ തെറ്റുചെയ്തു. തങ്ങൾക്കായി യഹോവ ആവർത്തിച്ചു ചെയ്ത അത്ഭുത പ്രവൃത്തികളെ കുറിച്ചു ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അവർ നികൃഷ്ടമായ വിഗ്രഹാരാധനയിലേക്കു തിരിയുകയില്ലായിരുന്നു. നമുക്ക് അവരുടെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുകയും ശരിയായതു ചെയ്യുന്നതിനു നിരന്തരം പോരാടുകയും ചെയ്യാം.—1 കൊരിന്ത്യർ 10:11.
14. ഏക സത്യദൈവം താനാണെന്നു കാണിക്കാൻ തന്റെ ഏതു പ്രാപ്തി യഹോവ ചൂണ്ടിക്കാണിക്കുന്നു?
14 “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും” എന്നു പറയുന്നവൻ യഹോവയാണ്. (യെശയ്യാവു 46:10) ഇക്കാര്യത്തിൽ വേറെ ഏതു ദൈവത്തെ യഹോവയുമായി താരതമ്യപ്പെടുത്താനാകും? ഭാവി പ്രവചിക്കാനുള്ള കഴിവ് സ്രഷ്ടാവിന്റെ ദൈവത്വത്തിനുള്ള ഒരു സുപ്രധാന തെളിവാണ്. എന്നാൽ, മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉറപ്പുവരുത്താൻ ദീർഘദൃഷ്ടിയെക്കാൾ അധികം ആവശ്യമാണ്. “എന്റെ ആലോചന നിവൃത്തിയാകും” എന്ന പ്രഖ്യാപനം ദൈവത്തിന്റെ സ്ഥാപിത ഉദ്ദേശ്യങ്ങളുടെ മാറ്റമില്ലായ്മയ്ക്ക് ഊന്നൽ നൽകുന്നു. യഹോവയ്ക്ക് അപരിമിതമായ ശക്തിയുള്ളതിനാൽ പ്രപഞ്ചത്തിലെ യാതൊന്നിനും തന്റെ ഇഷ്ടം നിർവഹിക്കുന്നതിൽനിന്ന് അവനെ തടയാനാവില്ല. (ദാനീയേൽ 4:35) തന്മൂലം, നിവൃത്തിയേറാനിരിക്കുന്ന ഏതൊരു പ്രവചനവും ദൈവത്തിന്റെ തക്ക സമയത്തുതന്നെ നിവൃത്തിയേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—യെശയ്യാവു 55:11.
15. ഭാവി മുൻകൂട്ടി പറയാൻ യഹോവയ്ക്കുള്ള പ്രാപ്തിയുടെ എന്തു മികച്ച ദൃഷ്ടാന്തം യെശയ്യാവ് നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു?
15 ഭാവി സംഭവങ്ങൾ മുൻകൂട്ടി പറയാനും പിന്നീട് തന്റെ വാക്കുകൾ നിവർത്തിക്കാനും യഹോവയ്ക്കുള്ള പ്രാപ്തിയുടെ ഒരു മികച്ച ദൃഷ്ടാന്തം യെശയ്യാവിന്റെ പ്രവചനം അടുത്തതായി നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു: “ഞാൻ കിഴക്കുനിന്നു ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.” (യെശയ്യാവു 46:11) ‘ആരംഭത്തിങ്കൽ തന്നേ അവസാനം പ്രസ്താവിക്കുന്നവൻ’ എന്ന നിലയിൽ തന്റെ ആലോചനകൾ നിവർത്തിക്കാൻ യഹോവ സാഹചര്യങ്ങളെ രൂപപ്പെടുത്തും. അവൻ കോരെശിനെ ‘കിഴക്കുനിന്ന്’ അഥവാ പേർഷ്യയിലെ കോരെശിന്റെ പ്രിയപ്പെട്ട തലസ്ഥാന നഗരിയായ പസാർഗഡിയിൽനിന്നു വിളിച്ചുവരുത്തും. “ഒരു റാഞ്ചൻപക്ഷിയെ” പോലെ കോരെശ് പൊടുന്നനെ, അപ്രതീക്ഷിതമായി ബാബിലോണിനെ ആക്രമിക്കും.
16. ബാബിലോണിനെ കുറിച്ചുള്ള തന്റെ പ്രവചനത്തിന്റെ ഉറപ്പ് യഹോവ സ്ഥിരീകരിക്കുന്നത് എങ്ങനെ?
16 ബാബിലോണിനെ കുറിച്ചുള്ള യഹോവയുടെ പ്രവചനത്തിന്റെ ഉറപ്പ് അവൻ പിൻവരുന്ന വാക്കുകളിൽ സ്ഥിരീകരിക്കുന്നു: “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും.” അപൂർണ മനുഷ്യരെ പോലെ വീണ്ടുവിചാരമില്ലാതെയല്ല സ്രഷ്ടാവ് വാഗ്ദാനങ്ങൾ നൽകുന്നത്. അവൻ തീർച്ചയായും തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കും. യഹോവ “ഭോഷ്കില്ലാത്ത ദൈവ”മായതിനാൽ, അവൻ “നിരൂപിച്ചിരിക്കുന്നു” എങ്കിൽ അവനത് “അനുഷ്ഠിക്കു”കതന്നെ ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—തീത്തൊസ് 1:2.
കഠിനഹൃദയർ
17, 18. ‘കഠിനഹൃദയന്മാർ’ എന്ന് പുരാതന കാലത്തെ ആരെ വിശേഷിപ്പിക്കാവുന്നതാണ്? (ബി) ഇന്ന് ആരെ അപ്രകാരം വിശേഷിപ്പിക്കാനാകും?
17 യഹോവ വീണ്ടും പ്രാവചനികമായി ഇങ്ങനെ പറഞ്ഞുകൊണ്ട് ബാബിലോണിയരിലേക്കു തന്റെ ശ്രദ്ധ തിരിക്കുന്നു: “നീതിയോടു അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്റെ വാക്കു കേൾപ്പിൻ.” (യെശയ്യാവു 46:12എ) ‘കഠിനഹൃദയന്മാർ’ എന്ന പ്രയോഗം ദൈവേഷ്ടത്തിന് എതിരെ പ്രവർത്തിക്കുന്ന മർക്കടമുഷ്ടികളായ ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ബാബിലോണിയർ ദൈവത്തിൽനിന്ന് അകന്നിരിക്കുന്നവരാണ് എന്നതിനു യാതൊരു സംശയവുമില്ല. യഹോവയോടും അവന്റെ ജനത്തോടുമുള്ള വിദ്വേഷം, യെരൂശലേമും അതിലുള്ള ആലയവും നശിപ്പിച്ച് അവിടത്തെ നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോകാൻ അവരെ പ്രേരിപ്പിക്കുന്നു.
18 ഇന്ന്, മുഴു നിവസിത ഭൂമിയിലും പ്രസംഗിക്കപ്പെടുന്ന രാജ്യസന്ദേശത്തിനു ചെവികൊടുക്കാൻ സന്ദേഹികളും അവിശ്വാസികളും മനഃപൂർവം വിസമ്മതിക്കുന്നു. (മത്തായി 24:14) അഖിലാണ്ഡ പരമാധികാരി എന്ന നിലയിൽ യഹോവയെ അംഗീകരിക്കാൻ അവർക്കു താത്പര്യമില്ല. (സങ്കീർത്തനം 83:18; വെളിപ്പാടു 4:11) “നീതിയോടു അകന്നിരിക്കുന്ന” കഠിനഹൃദയർ എന്ന നിലയിൽ അവർ ദൈവഹിതത്തോടു ചെറുത്തുനിൽക്കുകയും അതിനെ എതിർക്കുകയും ചെയ്യുന്നു. (2 തിമൊഥെയൊസ് 3:1-5) ബാബിലോണിയരെ പോലെ, യഹോവയ്ക്കു ചെവികൊടുക്കാൻ അവർ വിസമ്മതിക്കുന്നു.
ദൈവത്തിന്റെ രക്ഷ വൈകുകയില്ല
19. ഏതു വിധത്തിൽ യഹോവ ഇസ്രായേലിനു വേണ്ടി നീതി പ്രവർത്തിക്കും?
19 യെശയ്യാവു 46-ാം അധ്യായത്തിന്റെ അവസാന വാക്യം യഹോവയുടെ വ്യക്തിത്വത്തിന്റെ ചില സവിശേഷതകൾ എടുത്തുകാട്ടുന്നു: “ഞാൻ എന്റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന്നു എന്റെ മഹത്വവും നല്കും.” (യെശയ്യാവു 46:12ബി) ഇസ്രായേലിനെ വിടുവിക്കുന്നത് ദൈവത്തിന്റെ ഒരു നീതിപ്രവൃത്തിയാണ്. പ്രവാസത്തിൽ നിത്യം തുടരാൻ യഹോവ തന്റെ ജനത്തെ അനുവദിക്കുകയില്ല. തക്കസമയത്തു സീയോനു രക്ഷ കൈവരും, അത് ‘താമസിക്കുകയില്ല.’ അടിമത്തത്തിൽ നിന്നുള്ള വിടുതലിനെ തുടർന്ന് ഇസ്രായേല്യർ ചുറ്റുമുള്ള ജനതകളുടെ ശ്രദ്ധാകേന്ദ്രം ആയിത്തീരും. തന്റെ ജനതയെ വിടുവിക്കുന്നത് രക്ഷ പ്രദാനം ചെയ്യാനുള്ള യഹോവയുടെ പ്രാപ്തിക്ക് ഒരു സാക്ഷ്യമായിരിക്കും. ബേൽ, നെബോ എന്നീ ബാബിലോണിയൻ ദൈവങ്ങളുടെ നിഷ്ഫലത സകലർക്കും വ്യക്തമാകും, ആ ദൈവങ്ങളുടെ കഴിവില്ലായ്മ വെളിച്ചത്താകും.—1 രാജാക്കന്മാർ 18:39, 40.
20. യഹോവ വരുത്തുന്ന ‘രക്ഷ താമസിക്കുകയില്ല’ എന്ന് ക്രിസ്ത്യാനികൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എങ്ങനെ?
20 യഹോവ 1919-ൽ തന്റെ ജനത്തെ ആത്മീയ അടിമത്തത്തിൽനിന്നു വിടുവിച്ചു. അവൻ വൈകിയില്ല. ആ സംഭവവും പുരാതന കാലത്ത് ബാബിലോൺ കോരെശിന്റെ മുമ്പാകെ മുട്ടുമടക്കിയതും ഇന്നു നമുക്കു പ്രോത്സാഹനമേകുന്നു. ഈ ദുഷ്ടവ്യവസ്ഥിതിക്കും അതിന്റെ വ്യാജാരാധനയ്ക്കുമെല്ലാം, അന്ത്യം വരുത്തുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളിപ്പാടു 19:1, 2, 17-21) മാനുഷിക വീക്ഷണത്തിൽ, തങ്ങൾക്കു രക്ഷ ലഭിക്കാൻ വൈകിയിരിക്കുന്നതായി ചില ക്രിസ്ത്യാനികൾക്കു തോന്നിയേക്കാം. എന്നുവരികിലും, ആ വാഗ്ദാനം നിവർത്തിക്കാനുള്ള തക്കസമയത്തിനായി യഹോവ ക്ഷമയോടെ കാത്തിരിക്കുന്നത് വാസ്തവത്തിൽ ഒരു നീതിപ്രവൃത്തിയാണ്. കാരണം, ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ യഹോവ ഇച്ഛിക്കുന്നു.’ (2 പത്രൊസ് 3:9) അതുകൊണ്ട്, പുരാതന ഇസ്രായേല്യരുടെ കാലത്തെന്ന പോലെ ‘രക്ഷ താമസിക്കുകയില്ല.’ വാസ്തവത്തിൽ, രക്ഷാദിവസം അടുത്തുവരുന്തോറും യഹോവ സ്നേഹപുരസ്സരം തുടർന്നും ഈ ക്ഷണം വെച്ചുനീട്ടുന്നു: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:6, 7.
[94-ാം പേജിലെ ചിത്രങ്ങൾ]
ബാബിലോണിലെ ദൈവങ്ങൾ നാശത്തിൽനിന്ന് അവളെ രക്ഷിക്കുന്നില്ല
[98-ാം പേജിലെ ചിത്രങ്ങൾ]
ആധുനികകാല വിഗ്രഹങ്ങളുടെ കാര്യത്തിൽ ക്രിസ്ത്യാനികൾ ജാഗരൂകർ ആയിരിക്കണം
[101-ാം പേജിലെ ചിത്രങ്ങൾ]
ശരിയായതു ചെയ്യാൻ ധൈര്യം സംഭരിക്കുക