അധ്യായം ഏഴ്
അവിശ്വസ്ത മുന്തിരിത്തോപ്പിന് അയ്യോ കഷ്ടം!
1, 2. ‘പ്രിയതമൻ’ നട്ടത് എന്ത്, കായ്ച്ചത് എന്ത്?
“ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ ഭംഗിയും വാക്കുകളുടെ ഫലപ്രദത്വവും നോക്കിയാൽ, ഈ ഉപമ തികച്ചും അനുപമമാണ്” എന്ന് യെശയ്യാവ് 5-ാം അധ്യായത്തിന്റെ പ്രാരംഭ വാക്കുകളെ പരാമർശിച്ചുകൊണ്ട് ഒരു ബൈബിൾ പണ്ഡിതൻ പറഞ്ഞു. വാക്കുകളുടെ ഭംഗിയെക്കാളുപരി, യഹോവയ്ക്കു തന്റെ ജനത്തോടുള്ള സ്നേഹപൂർവകമായ കരുതലിന്റെ ഹൃദയസ്പർശിയായ ഒരു വിവരണം അതിലുണ്ട്. മാത്രമല്ല, ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾക്കെതിരെയുള്ള ഒരു മുന്നറിയിപ്പും അതിൽ അടങ്ങിയിരിക്കുന്നു.
2 യെശയ്യാവ് തന്റെ ഉപമ തുടങ്ങുന്നത് ഇങ്ങനെയാണ്: “ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന്നു ഏററവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു [‘അവൻ അതു കിളച്ചു കല്ലുകൾ നീക്കി,’ “പി.ഒ.സി. ബൈ.”], അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.”—യെശയ്യാവു 5:1, 2; മർക്കൊസ് 12:1 താരതമ്യം ചെയ്യുക.
മുന്തിരിത്തോട്ടത്തിന്റെ പരിപാലനം
3, 4. മുന്തിരിത്തോട്ടത്തിന്റെ ഉടമ അതിനു വേണ്ടി സ്നേഹപുരസ്സരമായ എന്തെല്ലാം കരുതലുകൾ ചെയ്യുന്നു?
3 ശ്രോതാക്കളുടെ മുന്നിൽ യെശയ്യാവ് ഈ ഉപമ ഒരു പാട്ടുരൂപത്തിൽ തന്നെയാണോ അവതരിപ്പിക്കുന്നതെന്നു നമുക്ക് അറിയില്ല. എന്നാൽ, അത് അവരുടെ ശ്രദ്ധ ആകർഷിക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവന്റെ ശ്രോതാക്കളിൽ മിക്കവർക്കും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാം. അതുകൊണ്ട്, യെശയ്യാവിന്റെ ഉപമ ശ്രോതാക്കൾക്ക് എളുപ്പം മനസ്സിലാകുന്നതാണ്. ഇക്കാലത്ത് മുന്തിരികൃഷി ചെയ്യുന്നവരെപ്പോലെ, ഈ കർഷകൻ നടുന്നത് മുന്തിരിയുടെ വിത്തുകളല്ല, മറിച്ച് “നല്ലവക മുന്തിരിവള്ളി” ആണ്—മുന്തിരിച്ചെടിയിൽനിന്നു മുറിച്ചെടുത്ത ഒരു വള്ളിയോ ശാഖയോ ആകാം അത്. അതു നടുന്നതാകട്ടെ, മുന്തിരിച്ചെടി തഴച്ചുവളരുന്ന, ‘ഫലവത്തായോരു കുന്നിന്മേലും.’
4 മുന്തിരിത്തോട്ടത്തിൽനിന്ന് നല്ല ഫലം കിട്ടണമെങ്കിൽ, കഠിനാധ്വാനം ആവശ്യമാണ്. തോട്ടമുടമ ‘മണ്ണു കിളച്ച്, കല്ലു നീക്കി’ക്കളഞ്ഞെന്ന് യെശയ്യാവ് വിവരിക്കുന്നു. അതു ക്ഷീണിപ്പിക്കുന്ന, ആയാസകരമായ ഒരു ജോലിതന്നെ! സാധ്യതയനുസരിച്ച് ഇങ്ങനെ ഇളക്കിയെടുത്ത വലിയ കല്ലുകളാണ് ‘ഗോപുരം പണിയാൻ’ അയാൾ ഉപയോഗിക്കുന്നത്. പുരാതന കാലങ്ങളിൽ, കള്ളന്മാരിൽ നിന്നും മൃഗങ്ങളിൽ നിന്നുമൊക്കെ വിളകൾ സംരക്ഷിക്കാൻ കാവൽക്കാർ ഇത്തരം ഗോപുരങ്ങളിൽനിന്നാണ് കാവൽ കാത്തിരുന്നത്.a മാത്രമല്ല, കുന്നിൻചെരുവിൽ കൽത്തിട്ടകൾ പണിത് മുന്തിരികൃഷിക്കായി തട്ടുനിലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. (യെശയ്യാവു 5:5) മേൽമണ്ണ് ഒലിച്ചുപോകാതിരിക്കാനാണ് സാധാരണഗതിയിൽ ഇങ്ങനെ ചെയ്തിരുന്നത്.
5. മുന്തിരിത്തോട്ടത്തിന്റെ ഉടമ അതിൽനിന്നു സ്വാഭാവികമായും എന്തു പ്രതീക്ഷിക്കുന്നു, എന്നാൽ അയാളുടെ പ്രതീക്ഷയ്ക്കു വിപരീതമായി എന്തു കിട്ടുന്നു?
5 മുന്തിരിത്തോട്ടത്തിന്റെ സംരക്ഷണത്തിനായി ഇത്രയധികം കഠിനാധ്വാനം ചെയ്ത ഉടമ അതിൽനിന്നു നല്ല ഫലം പ്രതീക്ഷിക്കുന്നത് തികച്ചും സ്വാഭാവികമാണ്. ആ പ്രതീക്ഷയിൽ, അയാൾ തോട്ടത്തിൽ ഒരു ചക്ക് സ്ഥാപിക്കുന്നു. എന്നാൽ അയാളുടെ പ്രതീക്ഷപോലെ വിളവു കിട്ടുന്നുണ്ടോ? ഇല്ല. ആ തോട്ടത്തിൽ കായ്ക്കുന്നത് നല്ല മുന്തിരിയല്ല, കാട്ടുമുന്തിരിയാണ്.
മുന്തിരിത്തോട്ടവും ഉടമയും
6, 7. (എ) മുന്തിരിത്തോട്ടത്തിന്റെ ഉടമ ആരാണ്, മുന്തിരിത്തോട്ടം എന്താണ്? (ബി) എന്തു ന്യായവിധി നടത്തണമെന്നാണ് തോട്ടമുടമ ആവശ്യപ്പെടുന്നത്?
6 ആരാണ് ഈ ഉടമ? എന്താണ് മുന്തിരിത്തോട്ടം? പിൻവരുന്ന പ്രകാരം പറയുമ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്: “ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്വാനുള്ളു? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.”—യെശയ്യാവു 5:3-5.
7 അതേ, മുന്തിരിത്തോട്ടത്തിന്റെ ഉടമ യഹോവയാണ്. അവൻ ഒരു കോടതിമുറിയിൽ ആയിരിക്കുന്നതു പോലെയാണ് ഇപ്പോൾ. തനിക്കും തന്നെ നിരാശപ്പെടുത്തുന്ന മുന്തിരിത്തോട്ടത്തിനും ഇടയിൽ ഒരു ന്യായവിധി നടത്തണമെന്നാണ് അവൻ ആവശ്യപ്പെടുന്നത്. അപ്പോൾ ഇവിടെ പറയുന്ന മുന്തിരിത്തോട്ടം എന്താണ്? ഉടമ ഇങ്ങനെ വിശദീകരിക്കുന്നു: “സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു”—യെശയ്യാവു 5:7എ.
8. യെശയ്യാവ് യഹോവയെ ‘എന്റെ പ്രിയതമൻ’ എന്നു വിളിക്കുന്നതിന്റെ പ്രസക്തി എന്ത്?
8 മുന്തിരിത്തോട്ടത്തിന്റെ ഉടമയായ യഹോവയെ ‘എന്റെ പ്രിയതമൻ’ എന്നാണ് യെശയ്യാവ് വിളിക്കുന്നത്. (യെശയ്യാവു 5:1) ദൈവവുമായി വളരെ അടുത്ത ഒരു ബന്ധം ഉള്ളതുകൊണ്ടു മാത്രമാണ് യെശയ്യാവിന് അവനെ കുറിച്ച് അങ്ങനെ പറയാൻ കഴിയുന്നത്. (ഇയ്യോബ് 29:4; സങ്കീർത്തനം 25:14 എന്നിവ താരതമ്യം ചെയ്യുക.) എങ്കിലും, ദൈവം തന്റെ മുന്തിരിത്തോട്ടത്തോട്—താൻ ‘നട്ട’ ജനതയോട്—കാണിക്കുന്ന സ്നേഹത്തോടുള്ള താരതമ്യത്തിൽ യെശയ്യാ പ്രവാചകന് ദൈവത്തോടുള്ള സ്നേഹം തുച്ഛമായിരിക്കും.—പുറപ്പാടു 15:17; സങ്കീർത്തനം 80:8, 9 എന്നിവ താരതമ്യം ചെയ്യുക.
9. വിലപ്പെട്ട ഒരു മുന്തിരിത്തോട്ടം പോലെ, യഹോവ തന്റെ ജനതയോട് ഇടപെട്ടിരിക്കുന്നത് എങ്ങനെ?
9 യഹോവ തന്റെ ജനതയെ കനാൻ ദേശത്തു ‘നടുക’യും അവർക്കു നിയമങ്ങളും വ്യവസ്ഥകളും നൽകുകയും ചെയ്തു. മറ്റു ജനതകളാൽ ദുഷിപ്പിക്കപ്പെടാതിരിക്കാൻ അവർക്കു സംരക്ഷണമേകുന്ന ഒരു മതിൽപോലെ അവ വർത്തിച്ചു. (പുറപ്പാടു 19:5, 6; സങ്കീർത്തനം 147:19, 20; എഫെസ്യർ 2:14) മാത്രമല്ല, അവരെ ഉപദേശിക്കാൻ യഹോവ അവർക്കു ന്യായാധിപന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും നൽകി. (2 രാജാക്കന്മാർ 17:13; മലാഖി 2:7; പ്രവൃത്തികൾ 13:20) ഇസ്രായേലിനു യുദ്ധഭീഷണി നേരിട്ടപ്പോൾ തന്റെ ജനത്തിന്റെ രക്ഷയ്ക്കായി യഹോവ അവരെ എഴുന്നേൽപ്പിച്ചു. (എബ്രായർ 11:32, 33) അതിനാൽ, “ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്വാനുള്ളു?” എന്ന് യഹോവ ചോദിച്ചതിൽ അതിശയിക്കാനില്ല.
ഇക്കാലത്ത് ദൈവത്തിന്റെ മുന്തിരിത്തോട്ടത്തെ തിരിച്ചറിയൽ
10. ഒരു മുന്തിരിത്തോട്ടം ഉൾപ്പെടുന്ന എന്ത് ഉപമ യേശു നൽകി?
10 യെശയ്യാവിന്റെ വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ടായിരിക്കണം ഘാതകരായ കുടിയാന്മാരെ കുറിച്ച് യേശു പിൻവരുന്ന ഉപമ നൽകിയത്: “ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.” സങ്കടകരമെന്നു പറയട്ടെ, ആ കുടിയാന്മാർ മുന്തിരിത്തോട്ടത്തിന്റെ ഉടമയോട് അവിശ്വസ്തത കാണിക്കുകയും അവന്റെ പുത്രനെ വധിക്കുകയും ചെയ്തു. “ദൈവരാജ്യം നിങ്ങളുടെ [ജഡിക ഇസ്രായേൽ] പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു [“ജനത,” NW] കൊടുക്കും” എന്നു പറഞ്ഞപ്പോൾ പ്രസ്തുത ഉപമയിൽ അക്ഷരീയ ഇസ്രായേൽ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നതെന്ന് യേശു വ്യക്തമാക്കുകയായിരുന്നു.—മത്തായി 21:33-41, 43.
11. ഒന്നാം നൂറ്റാണ്ടിൽ നിലവിലിരുന്ന ആത്മീയ മുന്തിരിത്തോട്ടം എന്ത്, എന്നാൽ അപ്പൊസ്തലന്മാരുടെ മരണശേഷം എന്തു സംഭവിച്ചു?
11 ആ പുതിയ ജനത ‘ദൈവത്തിന്റെ യിസ്രായേൽ’—മൊത്തം 1,44,000 അംഗങ്ങളുള്ള അഭിഷിക്ത ക്രിസ്ത്യാനികൾ അടങ്ങിയ ആത്മീയ ജനത—ആണെന്നു തെളിഞ്ഞു. (ഗലാത്യർ 6:16; 1 പത്രൊസ് 2:9, 10; വെളിപ്പാടു 7:3, 4) “സാക്ഷാൽ മുന്തിരിവളളി”യിലെ—യേശുവിലെതന്നെ—‘കൊമ്പുക’ളോട് ഈ ശിഷ്യന്മാരെ യേശു സാദൃശ്യപ്പെടുത്തി. സ്വാഭാവികമായും, ഈ കൊമ്പുകൾ ഫലം പുറപ്പെടുവിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (യോഹന്നാൻ 15:1-5) അവർ ക്രിസ്തുസമാന ഗുണങ്ങൾ പ്രകടമാക്കുകയും “രാജ്യത്തിന്റെ ഈ സുവിശേഷം” ഘോഷിക്കുന്ന വേലയിൽ പങ്കെടുക്കുകയും വേണം. (മത്തായി 24:14; ഗലാത്യർ 5:22, 23) പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ മരണശേഷം, “സാക്ഷാൽ മുന്തിരിവളളി”യിലെ കൊമ്പുകളെന്ന് അവകാശപ്പെട്ട ബഹുഭൂരിപക്ഷവും വ്യാജമാണെന്നു തെളിഞ്ഞു—നല്ല ഫലങ്ങൾക്കു പകരം കാട്ടുമുന്തിരിങ്ങയാണ് അവയിൽ ഉണ്ടായത്.—മത്തായി 13:24-30, 38, 39.
12. യെശയ്യാവിന്റെ വാക്കുകൾ ക്രൈസ്തവലോകത്തെ കുറ്റം വിധിക്കുന്നത് എങ്ങനെ, സത്യക്രിസ്ത്യാനികൾക്ക് അതിൽ എന്തു പാഠം അടങ്ങിയിരിക്കുന്നു?
12 അതുകൊണ്ട്, യഹൂദയെ കുറിച്ചുള്ള യെശയ്യാവിന്റെ അപലപനം ഇന്നു ക്രൈസ്തവലോകത്തിനും ബാധകമാണ്. അവളുടെ ചരിത്രത്തെ കുറിച്ചുള്ള ഒരു പഠനം—കുരിശുയുദ്ധങ്ങൾ ഉൾപ്പെടെ അവൾ പങ്കെടുത്തിരിക്കുന്ന യുദ്ധങ്ങൾ, മതവിചാരണകൾ തുടങ്ങിയവ—അവളിലെ ഫലം എത്രയോ മോശമാണെന്നു വെളിപ്പെടുത്തുന്നു! എന്നിരുന്നാലും, അഭിഷിക്ത ക്രിസ്ത്യാനികൾ അടങ്ങിയ സാക്ഷാലുള്ള മുന്തിരിത്തോട്ടവും അവരുടെ സഹകാരികളായ “മഹാപുരുഷാര”വും യെശയ്യാവിന്റെ വാക്കുകൾക്കു ശ്രദ്ധ നൽകണം. (വെളിപ്പാടു 7:9) മുന്തിരിത്തോട്ടത്തിന്റെ ഉടമയെ പ്രസാദിപ്പിക്കണമെങ്കിൽ, അവർ വ്യക്തിപരമായും ഒരു കൂട്ടമെന്ന നിലയിലും അവനു പ്രസാദകരമായ ഫലങ്ങൾ പുറപ്പെടുവിക്കണം.
“കാട്ടുമുന്തിരിങ്ങ”
13. മോശമായ ഫലം പുറപ്പെടുവിക്കുന്നതിനാൽ യഹോവ തന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും?
13 മുന്തിരിത്തോട്ടം നട്ടുണ്ടാക്കി അതിനെ പരിപാലിക്കാൻ കഠിനാധ്വാനം ചെയ്ത യഹോവയ്ക്ക് അത് ‘മനോഹരമായ ഒരു മുന്തിരിത്തോട്ടം’ ആയിത്തീരണമെന്നു പ്രതീക്ഷിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. (യെശയ്യാവു 27:2) എന്നാൽ നല്ല ഫലത്തിനു പകരം “കാട്ടുമുന്തിരിങ്ങ”യാണ് അതിൽ കായ്ക്കുന്നത്. ഇവിടെ കാട്ടുമുന്തിരിങ്ങ എന്നതിനായി ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ അക്ഷരീയ അർഥം “ദുർഗന്ധമുള്ള വസ്തുക്കൾ” അല്ലെങ്കിൽ “അഴുകിയ (ചീഞ്ഞ) പഴങ്ങൾ” എന്നാണ്. (യെശയ്യാവു 5:2, NW, അടിക്കുറിപ്പ്; യിരെമ്യാവു 2:21) അതുകൊണ്ട് താൻ അതിന്റെ സംരക്ഷണാത്മക “വേലി” പൊളിച്ചുകളയുമെന്ന് യഹോവ പ്രഖ്യാപിക്കുന്നു. ആ ജനത ‘ശൂന്യമാക്കപ്പെടുക’യും സകലരാലും ഉപേക്ഷിക്കപ്പെട്ട് നാശം അനുഭവിക്കുകയും ചെയ്യും. (യെശയ്യാവു 5:6 വായിക്കുക.) ദൈവനിയമത്തോട് അനുസരണക്കേടു കാണിച്ചാൽ അത്തരം സംഗതികൾ അവർക്കു ഭവിക്കുമെന്നു മോശെ അവർക്കു മുന്നറിയിപ്പു നൽകിയിരുന്നതാണ്.—ആവർത്തനപുസ്തകം 11:17; 28:63, 64; 29:22, 23.
14. തന്റെ ജനതയിൽനിന്ന് യഹോവ എന്തു ഫലം പ്രതീക്ഷിക്കുന്നു, അതിനു പകരം അവർ എന്താണു പുറപ്പെടുവിക്കുന്നത്?
14 തന്റെ ജനത നല്ല ഫലം പുറപ്പെടുവിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. യെശയ്യാവിന്റെ സമകാലികനായ മീഖാ ഇങ്ങനെ പ്രസ്താവിക്കുന്നു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ 6:8; സെഖര്യാവു 7:9) എന്നിരുന്നാലും, യഹോവയുടെ പ്രബോധനം ചെവിക്കൊള്ളാൻ ആ ജനത പരാജയപ്പെടുന്നു. “[ദൈവം] ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി! [“നിലവിളി,” “ഓശാന ബൈ.”]” (യെശയ്യാവു 5:7ബി) ആ അവിശ്വസ്ത ജനത “സൊദോംവള്ളി”യിൽനിന്ന് വിഷമുള്ള മുന്തിരിങ്ങ പുറപ്പെടുവിക്കും എന്ന് മോശെ മുൻകൂട്ടി പറഞ്ഞു. (ആവർത്തനപുസ്തകം 32:32) ആ സ്ഥിതിക്ക്, അവർ ദൈവത്തിൽനിന്ന് അകലാൻ ഇടയാക്കിയ പ്രവൃത്തികളിൽ സ്വവർഗരതി ഉൾപ്പെടെയുള്ള ലൈംഗിക അധാർമിക പ്രവൃത്തികൾ ഉൾപ്പെട്ടിരുന്നിരിക്കാം. (ലേവ്യപുസ്തകം 18:22) “അന്യായം” എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തെ “രക്തം ചിന്തൽ” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. അത്തരം മൃഗീയ പെരുമാറ്റം ദ്രോഹിക്കപ്പെടുന്നവർ ‘നിലവിളിക്കാൻ’ ഇടയാക്കി എന്നതിനു യാതൊരു സംശയവുമില്ല. ഈ നിലവിളി മുന്തിരിത്തോട്ടത്തിന്റെ ഉടമയുടെ കാതുകളിലും എത്തി.—ഇയ്യോബ് 34:27 താരതമ്യം ചെയ്യുക.
15, 16. ഇസ്രായേൽ പുറപ്പെടുവിച്ച മോശമായ ഫലങ്ങൾ സത്യക്രിസ്ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാനാകും?
15 യഹോവയാം ദൈവം “നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.” (സങ്കീർത്തനം 33:5) അവൻ യഹൂദന്മാരോട് ഇങ്ങനെ കൽപ്പിച്ചു: “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.” (ലേവ്യപുസ്തകം 19:15) അതുകൊണ്ട് പരസ്പരമുള്ള ഇടപാടുകളിൽ നാം മുഖപക്ഷം കാണിക്കരുത്. വർഗം, പ്രായം, സമ്പത്ത്, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങൾ ആളുകളെ സംബന്ധിച്ച നമ്മുടെ വിലയിരുത്തലിനെ സ്വാധീനിക്കാൻ നാം അനുവദിക്കരുത്. (യാക്കോബ് 2:1-4) മേൽവിചാരക സ്ഥാനങ്ങളിൽ സേവിക്കുന്നവരുടെ കാര്യത്തിൽ ഇതു വിശേഷാൽ പ്രധാനമാണ്. എന്തെങ്കിലും ന്യായവിധി നടത്തുന്നതിനു മുമ്പായി കാര്യത്തിന്റെ ഇരുവശങ്ങളും അറിയാൻ ശ്രമിച്ചുകൊണ്ട് ‘പക്ഷപാതപരമായി ഒന്നും ചെയ്യാതിരിക്കാൻ’ അവർ പ്രത്യേകം ശ്രദ്ധിക്കണം.—1 തിമൊഥെയൊസ് 5:21; സദൃശവാക്യങ്ങൾ 18:13.
16 മാത്രമല്ല, ക്രിസ്ത്യാനികൾ ജീവിക്കുന്നത് നീതികെട്ട ഒരു ലോകത്തിൽ ആയതിനാൽ ദൈവിക നിലവാരങ്ങളോടു നിഷേധാത്മകവും മത്സരാത്മകവുമായ മനോഭാവം വളർത്തിയെടുക്കാൻ വളരെ സാധ്യതയുണ്ട്. എന്നാൽ, സത്യക്രിസ്ത്യാനികൾ ദൈവത്തിന്റെ നിയമങ്ങൾ ‘അനുസരിക്കാൻ’ ഒരുക്കമുള്ളവർ ആയിരിക്കണം. (യാക്കോബ് 3:17) ലൈംഗിക അധാർമികതയും അക്രമവും തേർവാഴ്ച നടത്തുന്ന “ഇപ്പോഴത്തെ ദുഷ്ടലോക”ത്തിൽ ‘സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ട് നടക്കാൻ’ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. (ഗലാത്യർ 1:3; എഫെസ്യർ 5:15) ലൈംഗികത സംബന്ധിച്ച് എന്തുമാകാം എന്ന മനോഭാവം അവർ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഭിന്നതകൾ ഉയർന്നുവരുമ്പോൾ “കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും” കൂടാതെ അവർ അവ പരിഹരിക്കേണ്ടതുണ്ട്. (എഫെസ്യർ 4:31) നീതി നട്ടുവളർത്തുകവഴി സത്യക്രിസ്ത്യാനികൾ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും അവന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യുന്നു.
അത്യാഗ്രഹത്തിന് ഒടുക്കേണ്ടിവരുന്ന വില
17. യെശയ്യാവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ കഷ്ടത്തിൽ കുറ്റം വിധിച്ചിരിക്കുന്ന ദുഷ്ട കാര്യങ്ങൾ ഏവ?
17 7-ാം വാക്യത്തോടെ യെശയ്യാവ് യഹോവയുടെ വാക്കുകൾ ഉദ്ധരിക്കുന്നതു നിറുത്തുന്നു. തുടർന്ന്, യഹൂദയിൽ കായ്ച്ച “കാട്ടുമുന്തിരിങ്ങ”കളിൽ ചിലതിനെ കുറ്റം വിധിച്ചുകൊണ്ട് 8-ാം വാക്യത്തിൽ അവൻതന്നെ ആറു കഷ്ടങ്ങളിൽ ആദ്യത്തേതു പ്രഖ്യാപിക്കുന്നു: “തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മററാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. പത്തുകാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.”—യെശയ്യാവു 5:8-10.
18, 19. സ്വത്തുക്കൾ സംബന്ധിച്ച യഹോവയുടെ നിയമങ്ങൾ യെശയ്യാവിന്റെ സമകാലികർ അവഗണിക്കുന്നത് എങ്ങനെ, അവരുടെ പ്രവൃത്തിയുടെ പരിണതഫലം എന്തായിരിക്കും?
18 പുരാതന ഇസ്രായേലിലെ നിലമെല്ലാം ആത്യന്തികമായി യഹോവയുടേത് ആയിരുന്നു. ഓരോ കുടുംബത്തിനും ദേശത്തിന്റെ ഒരു ഭാഗം ദൈവത്തിൽനിന്ന് അവകാശമായി ലഭിച്ചിരുന്നു. അവർക്ക് അത് പാട്ടത്തിനു കൊടുക്കാമായിരുന്നെങ്കിലും, ‘നിത്യാവകാശമായി വില്ക്കാൻ’ പാടില്ലായിരുന്നു. (ലേവ്യപുസ്തകം 25:23, ഓശാന ബൈ.) സ്ഥാവരവസ്തുവിന്മേലുള്ള കുത്തകനയങ്ങൾ പോലുള്ള മോശമായ സംഗതികളും നിയമം മൂലം വിലക്കിയിരുന്നു. അതിദാരിദ്ര്യത്തിൽ ആണ്ടുപോകുന്നതിൽനിന്ന് ഈ ക്രമീകരണം കുടുംബങ്ങളെ രക്ഷിച്ചു. എന്നാൽ യഹൂദയിലെ ചില ആളുകൾ അത്യാഗ്രഹം നിമിത്തം സ്വത്തുക്കൾ സംബന്ധിച്ച ദൈവ നിയമങ്ങൾ ലംഘിക്കുകയായിരുന്നു. മീഖാ ഇപ്രകാരം എഴുതി: “അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.” (മീഖാ 2:2) എന്നാൽ സദൃശവാക്യങ്ങൾ 20:21 ഈ മുന്നറിയിപ്പു നൽകുന്നു: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.”
19 ഈ അത്യാഗ്രഹികളുടെ സമ്പത്ത് ഇല്ലാതാക്കുമെന്ന് യഹോവ ഉറപ്പിച്ചു പറയുന്നു. അവർ തട്ടിയെടുക്കുന്ന വീടുകൾ “ആൾ പാർപ്പില്ലാതെ” ആയിത്തീരും. അവർ അത്യാഗ്രഹത്തോടെ മോഹിക്കുന്ന നിലങ്ങളിൽ വളരെ തുച്ഛമായേ വിളവ് ഉണ്ടാകുകയുള്ളൂ. കൃത്യമായി എപ്പോൾ, എങ്ങനെ ഈ ശാപം നിവൃത്തിയേറും എന്നു പ്രസ്താവിക്കുന്നില്ല. ഒരുപക്ഷേ ഇത്, ഭാഗികമായെങ്കിലും, ഭാവിയിൽ ബാബിലോണിയൻ പ്രവാസത്തിൽ ആയിരിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്ന അവസ്ഥകളെ ആയിരിക്കാം ചിത്രീകരിക്കുന്നത്.—യെശയ്യാവു 27:10.
20. ഇസ്രായേലിലെ ചിലർ പ്രകടമാക്കിയതു പോലുള്ള അത്യാഗ്രഹ ചിന്താഗതി ഒഴിവാക്കാൻ ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ സാധിക്കും?
20 അക്കാലത്ത് ചില ഇസ്രായേല്യർ പ്രകടമാക്കിയതു പോലുള്ള അത്യാഗ്രഹം ഇന്നു ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 27:20) ഭൗതിക വസ്തുക്കൾക്ക് അമിത പ്രാധാന്യം നൽകുമ്പോൾ, പണസമ്പാദനത്തിന് കുത്സിതമായ മാർഗങ്ങൾ പോലും ആളുകൾ അവലംബിക്കുന്നു. സംശയാസ്പദമായ ബിസിനസ് ഇടപാടുകളിലും ശീഘ്ര പണസമ്പാദന മാർഗങ്ങളിലും കുടുങ്ങിപ്പോകുക എളുപ്പമാണ്. “ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല” എന്നു ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 28:20) അതിനാൽ, നമുക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നത് എത്ര പ്രധാനമാണ്!—1 തിമൊഥെയൊസ് 6:8.
ഹാനികരമായ വിനോദത്തിന്റെ അപകടം
21. യെശയ്യാവ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കഷ്ടത്തിൽ കുറ്റം വിധിച്ചിരിക്കുന്ന പാപങ്ങൾ ഏതെല്ലാം?
21 യെശയ്യാവ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കഷ്ടമാണു തുടർന്നു വരുന്നത്: “അതികാലത്തു എഴുന്നേററു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.”—യെശയ്യാവു 5:11, 12.
22. ഇസ്രായേല്യരുടെ ഇടയിൽ എന്തു നിയന്ത്രണമില്ലായ്മ പ്രകടമാണ്, അതിന്റെ പരിണതഫലമായി ആ ജനതയ്ക്ക് എന്തു സംഭവിക്കും?
22 യഹോവ “സന്തുഷ്ടനായ ദൈവ”മാണ്, തന്റെ ദാസന്മാർ ന്യായമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിൽ അവനു വിരോധവുമില്ല. (1 തിമൊഥെയൊസ് 1:11, NW) എന്നാൽ, യെശയ്യാവ് പരാമർശിക്കുന്ന ഈ സുഖാന്വേഷികൾ എല്ലാ അതിരുകളും ലംഘിക്കുന്നു! “മദ്യപിച്ച് ഉൻമത്തരാകുന്നവർ രാത്രിയിലാണ് ഉൻമത്തരാകുന്നത്” എന്നു ബൈബിൾ പറയുന്നു. (1 തെസ്സലൊനീക്യർ 5:7, പി.ഒ.സി ബൈ.) എന്നാൽ, യെശയ്യാവിന്റെ പ്രവചനത്തിൽ പറയുന്ന ഈ കുടിയന്മാർ അതിരാവിലെതന്നെ മദ്യപാനം തുടങ്ങി രാത്രിവരെ അതു തുടരുന്നു! ദൈവം ഇല്ല എന്നതു പോലെ, അതായത് തങ്ങളുടെ പ്രവൃത്തികൾക്ക് ദൈവം തങ്ങളോടു കണക്കു ചോദിക്കില്ല എന്നതു പോലെ ആണ് അവർ പെരുമാറുന്നത്. അത്തരക്കാരുടെ ഭാവി ഇരുണ്ടതായിരിക്കുമെന്ന് യെശയ്യാവ് മുൻകൂട്ടി പറയുന്നു: “അങ്ങനെ എന്റെജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.” (യെശയ്യാവു 5:13) യഥാർഥ പരിജ്ഞാനപ്രകാരം പ്രവർത്തിക്കാൻ വിസമ്മതിക്കുന്നതിനാൽ, ദൈവത്തിന്റെ ഉടമ്പടിജനതയിൽപ്പെട്ട എല്ലാവരും ഷിയോളിലേക്കു പോകും.—യെശയ്യാവു 5:14-17 വായിക്കുക.
23, 24. ക്രിസ്ത്യാനികൾ എന്തു നിയന്ത്രണവും മിതത്വവും പ്രകടമാക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു?
23 ‘വെറിക്കൂത്തുകൾ’ അഥവാ “വന്യമായ വിരുന്നുകൾ” ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികളുടെ ഇടയിലും ഒരു പ്രശ്നമായിരുന്നു. (ഗലാത്യർ 5:21; ബയിങ്ടൺ; 2 പത്രൊസ് 2:13) അതുകൊണ്ട്, സാമൂഹിക കൂടിവരവുകളുടെ കാര്യത്തിൽ ഇക്കാലത്തു ചില സമർപ്പിത ക്രിസ്ത്യാനികൾ നടത്തിയിട്ടുള്ള വിലയിരുത്തലുകൾ ശരിയായിരുന്നിട്ടില്ല എന്നതിൽ അതിശയിക്കാനില്ല. ലഹരിപാനീയങ്ങൾ അനിയന്ത്രിതമായി ഉപയോഗിച്ചതിന്റെ ഫലമായി ചിലർ ബഹളം വെക്കുകയും കലഹിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. (സദൃശവാക്യങ്ങൾ 20:1) അമിതമായ മദ്യത്തിന്റെ സ്വാധീനത്തിൽ, ചിലർ അധാർമികമായി പെരുമാറിയിട്ടുള്ള സന്ദർഭങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ കൂടിവരവുകൾ രാത്രിമുഴുവൻ നീണ്ടുനിന്നതിന്റെ ഫലമായി, ചിലർക്കു പിറ്റേന്നത്തെ ക്രിസ്തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാതെ വന്നിട്ടുണ്ട്.
24 എന്നാൽ സമനിലയുള്ള ക്രിസ്ത്യാനികൾ, ദൈവിക ഫലങ്ങൾ പുറപ്പെടുവിക്കുകയും വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിയന്ത്രണവും മിതത്വവും പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. “പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല” എന്ന് റോമർ 13:13-ൽ പൗലൊസ് നൽകിയ ബുദ്ധിയുപദേശം അവർ ബാധകമാക്കുന്നു.
പാപത്തെ വെറുക്കൽ, സത്യത്തെ സ്നേഹിക്കൽ
25, 26. ഇസ്രായേല്യരുടെ ഏതു ദുഷ്ട ചിന്താഗതിയാണ് മൂന്നാമത്തെയും നാലാമത്തെയും കഷ്ടങ്ങളിലൂടെ യെശയ്യാവ് തുറന്നുകാട്ടുന്നത്?
25 യെശയ്യാവ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും കഷ്ടങ്ങളെ കുറിച്ച് ഇനി കേൾക്കുക: “വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവ[ർ]ക്കു അയ്യോ കഷ്ടം! തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!”—യെശയ്യാവു 5:18-20.
26 പാപപ്രവൃത്തികളിൽ ഏർപ്പെടുന്നവരെ എത്ര വ്യക്തമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു! ഭാരം വലിക്കുന്ന മൃഗങ്ങൾ വണ്ടിയോടു ബന്ധിക്കപ്പെട്ടിരിക്കുന്നതു പോലെ, അവർ പാപത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന ന്യായവിധിയെ ഈ പാപികൾ ഭയപ്പെടുന്നില്ല. “[ദൈവം] തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ” എന്ന് അവർ പരിഹാസപൂർവം പറയുന്നു. ദൈവത്തിന്റെ നിയമത്തിനു കീഴ്പെടുന്നതിനു പകരം, അവർ കാര്യങ്ങളെ വളച്ചൊടിക്കുകയും “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുകയും ചെയ്യുന്നു.—യിരെമ്യാവു 6:15; 2 പത്രൊസ് 3:3-7 എന്നിവ താരതമ്യം ചെയ്യുക.
27. യിസ്രായേല്യരുടേതു പോലുള്ള മനോഭാവം ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാനാകും?
27 അത്തരമൊരു മനോഭാവം ക്രിസ്ത്യാനികൾ എങ്ങനെയും ഒഴിവാക്കണം. ഉദാഹരണത്തിന്, പരസംഗവും സ്വവർഗരതിയും സ്വീകാര്യമാണെന്ന ലോകത്തിന്റെ വീക്ഷണം അവർ നിരസിക്കുന്നു. (എഫെസ്യർ 4:18, 19) ഗുരുതരമായ പാപത്തിലേക്കു നയിച്ചേക്കാവുന്ന ‘തെറ്റിൽ’ ഒരു ക്രിസ്ത്യാനി ‘അകപ്പെട്ടുപോയേക്കാം’ എന്നതു ശരിതന്നെ. (ഗലാത്യർ 6:1) തെറ്റു ചെയ്തവരെയും മാർഗനിർദേശം ആവശ്യമായിരിക്കുന്നവരെയും സഹായിക്കാൻ സഭാമൂപ്പന്മാർ ഒരുക്കമുള്ളവരാണ്. (യാക്കോബ് 5:14, 15) പ്രാർഥിക്കുന്നതിനാലും ബൈബിളധിഷ്ഠിത ബുദ്ധിയുപദേശം സ്വീകരിക്കുന്നതിനാലും ആത്മീയ സൗഖ്യം പ്രാപിക്കുക സാധ്യമാണ്. അല്ലാത്തപക്ഷം, ഒരുവൻ “പാപത്തിന്റെ ദാസൻ” ആയിത്തീർന്നേക്കാം. (യോഹന്നാൻ 8:34) ദൈവത്തെ പരിഹസിക്കുകയും ആസന്നമായ ന്യായവിധി ദിവസത്തെ കുറിച്ചുള്ള ബോധമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നതിനു പകരം, യഹോവയുടെ മുമ്പാകെ “കറയും കളങ്കവും ഇല്ലാത്തവരായി” നിലകൊള്ളാനാണു ക്രിസ്ത്യാനികൾ ശ്രമിക്കുന്നത്.—2 പത്രൊസ് 3:14; ഗലാത്യർ 6:7, 8.
28. യെശയ്യാവ് പ്രഖ്യാപിക്കുന്ന അവസാനത്തെ കഷ്ടങ്ങളിൽ കുറ്റം വിധിച്ചിരിക്കുന്ന പാപങ്ങൾ ഏതെല്ലാം, ഇന്നു ക്രിസ്ത്യാനികൾക്ക് അത്തരം പാപങ്ങൾ എങ്ങനെ ഒഴിവാക്കാൻ കഴിയും?
28 ഒടുവിൽ, യെശയ്യാവ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നതും ഉചിതമാണ്: “തങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം! വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും സമ്മാനംനിമിത്തം [“കൈക്കൂലി വാങ്ങി,” “പി.ഒ.സി. ബൈ.”] ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!” (യെശയ്യാവു 5:21-23) തെളിവനുസരിച്ച്, ദേശത്ത് ന്യായാധിപന്മാരായി സേവിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ വാക്കുകൾ. ഇന്ന് സഭാമൂപ്പന്മാർ “തങ്ങൾക്കുതന്നേ ജ്ഞാനികളാ”യി തോന്നാതിരിക്കാൻ ശ്രമിക്കുന്നു. അവർ സഹമൂപ്പന്മാരിൽനിന്നു താഴ്മയോടെ ബുദ്ധിയുപദേശം സ്വീകരിക്കുകയും സംഘടനയുടെ നിർദേശങ്ങൾ അടുത്തു പിൻപറ്റുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 1:5; 1 കൊരിന്ത്യർ 14:33, 34എ) ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിൽ അവർ മിതത്വമുള്ളവരാണ്. സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനു മുമ്പായി അവർ ഒരിക്കലും മദ്യം ഉപയോഗിക്കാറില്ല. (ഹോശേയ 4:11) മുഖപക്ഷം കാണിക്കുന്നു എന്ന തോന്നൽ പോലും ഉളവാക്കാതിരിക്കാൻ മൂപ്പന്മാർ പ്രത്യേകം ശ്രദ്ധിക്കുന്നു. (യാക്കോബ് 2:9) ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിൽ നിന്ന് എത്രയോ വിഭിന്നം! ആ പുരോഹിതന്മാരിൽ പലരും തങ്ങളുടെ ഇടയിലെ സ്വാധീനവും സമ്പത്തുമുള്ള പാപികളുടെമേൽ വെള്ള പൂശുന്നു. അത് റോമർ 1:18, 26, 27-ലും 1 കൊരിന്ത്യർ 6:9, 10-ലും എഫെസ്യർ 5:3-5-ലും പൗലൊസ് അപ്പൊസ്തലൻ നൽകിയ മുന്നറിയിപ്പുകൾക്കു വിരുദ്ധമാണ്.
29. യഹോവയുടെ ഇസ്രായേല്യ മുന്തിരിത്തോട്ടത്തിനു സംഭവിക്കാനിരിക്കുന്ന ദുരന്തപൂർണമായ അന്ത്യം എന്താണ്?
29 ‘യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിക്കുകയും’ നീതിയുള്ള ഫലം പുറപ്പെടുവിക്കാൻ പരാജയപ്പെടുകയും ചെയ്തിരിക്കുന്നവർക്കു വരാനിരിക്കുന്ന ദുരന്തപൂർണമായ അന്ത്യത്തെ വർണിച്ചുകൊണ്ട് യെശയ്യാവ് തന്റെ പ്രാവചനിക സന്ദേശം ഉപസംഹരിക്കുന്നു. (യെശയ്യാവു 5:24, 25; ഹോശേയ 9:16; മലാഖി 4:1) അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “[യഹോവ] ദൂരത്തുള്ള ജാതികൾക്കു [“ഒരു ജനതയ്ക്കുവേണ്ടി,” “ഓശാന ബൈ.”] ഒരു കൊടി, ഉയർത്തി, ഭൂമിയുടെ അററത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.”—യെശയ്യാവു 5:26; ആവർത്തനപുസ്തകം 28:49; യിരെമ്യാവു 5:15.
30. യഹോവയുടെ ജനത്തിനെതിരെ ഒരു വലിയ ‘ജനത’യെ കൂട്ടിവരുത്തുന്നത് ആരായിരിക്കും, അനന്തരഫലം എന്തായിരിക്കും?
30 പുരാതന നാളുകളിൽ, ഉയർന്ന ഒരു സ്ഥാനത്ത് നാട്ടിയിരുന്ന സ്തംഭം “ഒരു കൊടി”മരമായി ഉപയോഗിക്കാമായിരുന്നു. ആളുകൾക്കോ സൈന്യത്തിനോ കൂടിവരുന്നതിനുള്ള ഒരു സ്ഥലമായും അത് ഉതകിയിരുന്നു. (യെശയ്യാവു 18:3; യിരെമ്യാവു 51:27 എന്നിവ താരതമ്യം ചെയ്യുക.) തന്റെ ന്യായവിധി നിർവഹിക്കുന്നതിനായി പ്രത്യേകം പേരെടുത്തു പറയാത്ത ഈ വലിയ ‘ജനതയെ’ യഹോവതന്നെ കൂട്ടിവരുത്തും.b അവൻ ‘അതിനെ ചൂളകുത്തി വിളിക്കും,’ അതായത്, ജയിച്ചടക്കാൻ പറ്റിയ ഒരു വസ്തുവിലേക്കെന്ന പോലെ തന്റെ വഴിപിഴച്ച ജനത്തിന്റെ നേർക്ക് അവൻ അതിന്റെ ശ്രദ്ധ തിരിക്കും. ‘ഇരയെ’ അതായത് ദൈവത്തിന്റെ ജനതയെ തടവുകാരായി ‘പിടിച്ചു കൊണ്ടുപോകാനിരിക്കുന്ന’ ഈ സിംഹസമാന പോരാളികളുടെ വേഗത്തിലുള്ള ഉഗ്രമായ ആക്രമണത്തെ കുറിച്ചു പ്രവാചകൻ തുടർന്നു വർണിക്കുന്നു. (യെശയ്യാവു 5:27-30എ വായിക്കുക.) യഹോവയുടെ ജനത്തിന്റെ ദേശത്തിന് എത്ര ദാരുണമായ അനന്തരഫലം! “ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.”—യെശയ്യാവു 5:30ബി.
31. യഹോവയുടെ ഇസ്രായേല്യ മുന്തിരിത്തോട്ടത്തിന് ഉണ്ടായതു പോലുള്ള കഷ്ടതകൾ യഥാർഥ ക്രിസ്ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാനാകും?
31 അതേ, ദൈവം അത്യധികം സ്നേഹത്തോടെ നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടം പാഴാണെന്ന്, അതു വെട്ടിനശിപ്പിക്കാതെ നിലനിറുത്തിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് തെളിയുന്നു. ഇന്ന് യഹോവയെ സേവിക്കുന്ന എല്ലാവർക്കും യെശയ്യാവിന്റെ വാക്കുകൾ എത്ര ശക്തമായ ഒരു പാഠമാണ്! അവർ യഹോവയുടെ സ്തുതിക്കും തങ്ങളുടെതന്നെ രക്ഷയ്ക്കുമായി നീതിയുള്ള ഫലം പുറപ്പെടുവിക്കുമാറാകട്ടെ!
[അടിക്കുറിപ്പുകൾ]
a കൽഗോപുരങ്ങളെക്കാൾ സാധാരണമായിരുന്നത് താത്കാലിക ആവശ്യത്തിനായി ഉണ്ടാക്കിയിരുന്ന ചെലവു കുറഞ്ഞ കൂടാരങ്ങളോ മാടങ്ങളോ ആയിരുന്നുവെന്നു ചില ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. (യെശയ്യാവു 1:8) എന്നാൽ “മുന്തിരിത്തോട്ട”ത്തിൽ ഒരു ഗോപുരം ഉണ്ടെങ്കിൽ, അതിന്റെ അർഥം തന്റെ തോട്ടത്തിന്റെ പരിപാലനത്തിൽ ഉടമ അസാധാരണ ശ്രദ്ധ ചെലുത്തുന്നു എന്നാണ്.
b യഹൂദയുടെമേൽ യഹോവയുടെ വലിയ ന്യായവിധി നടപ്പാക്കുന്ന ജനത ബാബിലോൺ ആണെന്നു മറ്റുള്ള പ്രവചനങ്ങളിൽ യെശയ്യാവ് തിരിച്ചറിയിക്കുന്നുണ്ട്.
[83-ാം പേജിലെ ചിത്രങ്ങൾ]
ഭാരം വലിക്കുന്ന ഒരു മൃഗം വണ്ടിയോടു ബന്ധിക്കപ്പെട്ടിരിക്കുന്നതു പോലെ, പാപി പാപത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു
[85-ാം പേജിലെ ചിത്രം]