അധ്യായം 17
ദൈവരാജ്യശുശ്രൂഷകരെ പരിശീലിപ്പിക്കുന്നു
1-3. യേശു എങ്ങനെയാണു പ്രസംഗപ്രവർത്തനം വിപുലമാക്കിയത്, ഏതെല്ലാം ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നുവന്നേക്കാം?
രണ്ടു വർഷം യേശു ഗലീലയിലെങ്ങും പ്രസംഗപ്രവർത്തനം നടത്തി. (മത്തായി 9:35-38 വായിക്കുക.) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചും സിനഗോഗുകളിൽ പഠിപ്പിച്ചും യേശു അനേകം നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ചു. യേശു എവിടെയെല്ലാം പ്രസംഗിച്ചോ അവിടെയെല്ലാം ആളുകൾ തടിച്ചുകൂടി. ഇതു നിരീക്ഷിച്ച യേശു പറഞ്ഞു: “വിളവ് ധാരാളമുണ്ട്.” അതെ, കൂടുതൽ ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു.
2 അതുകൊണ്ട് പ്രസംഗപ്രവർത്തനം വിപുലമാക്കാനുള്ള ക്രമീകരണം യേശു ചെയ്തു. എങ്ങനെ? ‘ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ’ തന്റെ 12 അപ്പോസ്തലന്മാരെ അയച്ചുകൊണ്ട്. (ലൂക്കോ. 9:1, 2) ഈ പ്രവർത്തനം എങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് അപ്പോസ്തലന്മാരുടെ മനസ്സിൽ പല ചോദ്യങ്ങളും വന്നുകാണും. അതുകൊണ്ട് അവരെ പറഞ്ഞയയ്ക്കുന്നതിനു മുമ്പ്, സ്വർഗീയപിതാവ് തനിക്കു തന്ന ഒരു കാര്യം യേശു സ്നേഹത്തോടെ അവർക്കു കൊടുത്തു—പരീശീലനം.
3 ധാരാളം ചോദ്യങ്ങൾ ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നുകാണും: യേശുവിനു പിതാവിൽനിന്ന് എങ്ങനെയുള്ള പരിശീലനമാണു ലഭിച്ചത്? അപ്പോസ്തലന്മാർക്കു യേശു എന്തു പരിശീലനം നൽകി? ഇന്നത്തെ കാര്യമോ—മിശിഹൈകരാജാവ് തന്റെ അനുഗാമികളെ ശുശ്രൂഷ നിർവഹിക്കാൻ പരിശീലിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ?
‘പിതാവ് എന്നെ പഠിപ്പിച്ചതുപോലെയാണു ഞാൻ സംസാരിക്കുന്നത്’
4. എപ്പോൾ, എവിടെവെച്ചാണു യേശുവിനെ പിതാവ് പഠിപ്പിച്ചത്?
4 പിതാവാണു തന്നെ പഠിപ്പിച്ചതെന്ന കാര്യം യേശു ഒരു മടിയുംകൂടാതെ സമ്മതിച്ചുപറഞ്ഞു. തന്റെ ശുശ്രൂഷക്കാലത്ത് യേശു പറഞ്ഞു: ‘പിതാവ് എന്നെ പഠിപ്പിച്ചതുപോലെയാണ് (ഞാൻ) ഇക്കാര്യങ്ങൾ സംസാരിക്കുന്നത്.’ (യോഹ. 8:28) എപ്പോൾ, എവിടെവെച്ചാണു യേശുവിനെ പിതാവ് പഠിപ്പിച്ചത്? ആദ്യജാതപുത്രനായ യേശുവിനെ സൃഷ്ടിച്ച് അധികം വൈകാതെതന്നെ പിതാവ് ആ പരിശീലനം തുടങ്ങിക്കാണും. (കൊലോ. 1:15) സ്വർഗത്തിൽ പിതാവിന്റെകൂടെയായിരുന്ന എണ്ണമറ്റ യുഗങ്ങളിലുടനീളം പുത്രൻ ആ “മഹാനായ ഉപദേഷ്ടാവ്” പറയുന്നതു ശ്രദ്ധിക്കുകയും തന്റെ ഉപദേഷ്ടാവ് ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തുപോന്നു. (യശ. 30:20) അങ്ങനെ, പിതാവിന്റെ ഗുണങ്ങൾ, പ്രവർത്തനങ്ങൾ, ഉദ്ദേശ്യങ്ങൾ എന്നിവയെക്കുറിച്ച് നന്നായി പഠിക്കാൻ പുത്രനു കഴിഞ്ഞു. ആ വിദ്യാഭ്യാസത്തെ എന്തിനോട് ഉപമിക്കാനാകും!
5. ഭൂമിയിൽവെച്ച് നിർവഹിക്കാനിരുന്ന ശുശ്രൂഷയ്ക്കായി പിതാവ് മകനെ എങ്ങനെ പരിശീലിപ്പിച്ചു?
5 ഭാവിയിൽ ഭൂമിയിൽവെച്ച് ചെയ്യേണ്ട ശുശ്രൂഷയെക്കുറിച്ചും പിന്നീട് യഹോവ തന്റെ മകനെ പഠിപ്പിച്ചു. മഹാനായ ആ ഉപദേഷ്ടാവും ആദ്യജാതപുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന ഒരു പ്രവചനം നോക്കുക. (യശയ്യ 50:4, 5 വായിക്കുക.) യഹോവ “രാവിലെതോറും” മകനെ വിളിച്ചുണർത്തി എന്ന് ആ പ്രവചനം പറയുന്നു. തന്റെ വിദ്യാർഥിയെ പഠിപ്പിക്കാൻ അവനെ അതിരാവിലെ വിളിച്ചെഴുന്നേൽപ്പിക്കുന്ന ഒരു അധ്യാപകന്റെ ചിത്രമാണ് ആ പ്രവചനം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ഒരു ബൈബിൾ പഠനഗ്രന്ഥം പറയുന്നു: “ഒരുതരത്തിൽ പറഞ്ഞാൽ അത്, യഹോവ യേശുവിനെ ഒരു വിദ്യാർഥിയെപ്പോലെ സ്കൂളിലേക്കു കൊണ്ടുപോയി എന്തു പ്രസംഗിക്കണം, എങ്ങനെ പ്രസംഗിക്കണം എന്നെല്ലാം പഠിപ്പിക്കുന്നതുപോലെയായിരുന്നു.” “എന്തു പറയണം, എന്തു സംസാരിക്കണം” എന്നെല്ലാം സ്വർഗത്തിലെ ആ ‘സ്കൂളിൽ’വെച്ച് യഹോവ മകനെ പഠിപ്പിച്ചു. (യോഹ. 12:49) എങ്ങനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ചും പിതാവ് മകനു നിർദേശങ്ങൾ കൊടുത്തു.a ഭൂമിയിലായിരിക്കെ, തനിക്കു ചെയ്യാനുണ്ടായിരുന്ന ശുശ്രൂഷ നിർവഹിച്ചതോടൊപ്പം തന്റെ അനുഗാമികൾക്ക് അവരുടെ ശുശ്രൂഷ നിർവഹിക്കാനുള്ള പരിശീലനവും യേശു നൽകി. അങ്ങനെ, തനിക്കു കിട്ടിയ വിദ്യാഭ്യാസം യേശു നന്നായി പ്രയോജനപ്പെടുത്തി.
6, 7. (എ) യേശു അപ്പോസ്തലന്മാർക്ക് എന്തു പരിശീലനം കൊടുത്തു, അത് അവരെ എന്തിനായി സജ്ജരാക്കി? (ബി) ഇന്നത്തെ തന്റെ അനുഗാമികൾക്ക് ഏതുതരത്തിലുള്ള പരിശീലനം കിട്ടുന്നുണ്ടെന്നാണു നമ്മുടെ സ്വർഗീയരാജാവ് ഉറപ്പുവരുത്തിയിരിക്കുന്നത്?
6 തുടക്കത്തിൽ കണ്ട ഒരു ചോദ്യത്തിലേക്കു നമുക്കു വീണ്ടും വരാം: യേശു അപ്പോസ്തലന്മാർക്ക് എന്തു പരിശീലനമാണു നൽകിയത്? മത്തായി പത്താം അധ്യായത്തിൽ കാണുന്നതുപോലെ, യേശു അവർക്കു ശുശ്രൂഷ നിർവഹിക്കാനുള്ള കൃത്യമായ നിർദേശങ്ങൾ കൊടുത്തു. എവിടെ പ്രസംഗിക്കണം (5, 6 വാക്യങ്ങൾ), എന്തു സന്ദേശം അറിയിക്കണം (7-ാം വാക്യം), യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ് (9, 10 വാക്യങ്ങൾ), വീടുകളിലുള്ളവരെ എങ്ങനെ സമീപിക്കണം (11-13 വാക്യങ്ങൾ), ആളുകൾ ശ്രദ്ധിക്കാതിരുന്നാൽ എന്തു ചെയ്യണം (14, 15 വാക്യങ്ങൾ), ഉപദ്രവിച്ചാൽ എങ്ങനെ പ്രതികരിക്കണം (16-23 വാക്യങ്ങൾ) എന്നെല്ലാം യേശു അവർക്കു പറഞ്ഞുകൊടുത്തു.b യേശു അപ്പോസ്തലന്മാർക്കു നൽകിയ സുവ്യക്തമായ നിർദേശങ്ങൾ, ഒന്നാം നൂറ്റാണ്ടിൽ സന്തോഷവാർത്ത അറിയിക്കുന്നതിനു നേതൃത്വമെടുക്കാൻ അപ്പോസ്തലന്മാരെ സജ്ജരാക്കി.
7 ഇക്കാലത്തെ കാര്യമോ? ദൈവരാജ്യത്തിന്റെ രാജാവായ യേശു തന്റെ അനുഗാമികൾക്കു നൽകിയ നിയോഗം, പ്രാധാന്യത്തിന്റെ കാര്യത്തിൽ മറ്റ് ഏതൊരു നിയമനത്തെയും വെല്ലുന്നതാണ്. ‘ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കാനുള്ള’ ഉത്തരവാദിത്വമാണ് അത്. (മത്താ. 24:14) അതിപ്രധാനമായ ഈ പ്രവർത്തനത്തിനുള്ള പരിശീലനം നമ്മുടെ രാജാവ് നമുക്കു തന്നിട്ടുണ്ടോ? തീർച്ചയായും! സഭയ്ക്കു പുറത്തുള്ളവരോടു പ്രസംഗിക്കാനും സഭയ്ക്കുള്ളിലെ പ്രത്യേകമായ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും വേണ്ട പരിശീലനം തന്റെ അനുഗാമികൾക്കു കിട്ടുന്നുണ്ടെന്നു നമ്മുടെ സ്വർഗീയരാജാവ് ഉറപ്പുവരുത്തിയിട്ടുണ്ട്.
സുവിശേഷകരാകാൻ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നു
8, 9. (എ) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ പ്രധാനലക്ഷ്യം എന്തായിരുന്നു? (ബി) ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിത്തീരാൻ മധ്യവാരയോഗം നിങ്ങളെ സഹായിച്ചിരിക്കുന്നത് എങ്ങനെ?
8 കാലങ്ങളായി സേവനയോഗം പോലുള്ള സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ യഹോവയുടെ സംഘടന ദൈവജനത്തെ ശുശ്രൂഷയ്ക്കായി പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ ലോകാസ്ഥാനത്ത് നേതൃത്വമെടുക്കുന്ന സഹോദരങ്ങൾ 1940-കൾ മുതൽ പരിശീലനത്തിനായി വിവിധസ്കൂളുകൾ ക്രമീകരിക്കാൻ തുടങ്ങി.
9 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. കഴിഞ്ഞ അധ്യായത്തിൽ കണ്ടതുപോലെ, 1943-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. സഭായോഗങ്ങളിൽ ഫലകരമായ പ്രസംഗങ്ങൾ നടത്താൻ വിദ്യാർഥികളെ പരിശീലിപ്പിക്കുക എന്നതു മാത്രമായിരുന്നോ ഈ സ്കൂളിന്റെ ലക്ഷ്യം? അല്ല. ശുശ്രൂഷയിലായിരിക്കെ തങ്ങളുടെ സംസാരപ്രാപ്തി ഉപയോഗിച്ച് യഹോവയെ സ്തുതിക്കാൻ ദൈവജനത്തെ പരിശീലിപ്പിക്കുക എന്നതായിരുന്നു അതിന്റെ പ്രധാനലക്ഷ്യം. (സങ്കീ. 150:6) സ്കൂളിൽ ചേർന്ന എല്ലാ സഹോദരീസഹോദരന്മാരെയും അതു ദൈവരാജ്യത്തിന്റെ കൂടുതൽ ഫലപ്രദരായ ശുശ്രൂഷകരാക്കിത്തീർത്തു. ഇന്ന് ഈ പരിശീലനം ലഭിക്കുന്നതു മധ്യവാരയോഗത്തിലൂടെയാണ്.
10, 11. ഗിലെയാദ് സ്കൂളിലേക്ക് ഇന്ന് ആർക്കൊക്കെയാണു ക്ഷണം ലഭിക്കുക, എന്തു ലക്ഷ്യത്തിലാണു ഗിലെയാദ് സ്കൂൾ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്?
10 വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂൾ. വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്കൂൾ തുടങ്ങിയത് 1943 ഫെബ്രുവരി 1 തിങ്കളാഴ്ചയാണ്. ലോകമെങ്ങുമുള്ള വയലിൽ എവിടെയും മിഷനറി സേവനം ചെയ്യാൻ മുൻനിരസേവകരെയും മറ്റു മുഴുസമയശുശ്രൂഷകരെയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സ്കൂൾ തുടങ്ങിയത്. പക്ഷേ, 2011 ഒക്ടോബറിൽ ഇതിന് ഒരു മാറ്റമുണ്ടായി. അന്നുമുതൽ, പ്രത്യേക മുഴുസമയസേവനത്തിന്റെ ഏതെങ്കിലുമൊരു വശത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ മാത്രമാണ് ഇതിലേക്കു ക്ഷണിക്കുന്നത്. പ്രത്യേക മുൻനിരസേവകർ, സഞ്ചാര മേൽവിചാരകന്മാരും ഭാര്യമാരും, ബഥേലംഗങ്ങൾ, ഇതേവരെ ഈ സ്കൂളിൽ പങ്കെടുക്കാത്ത വയൽമിഷനറിമാർ എന്നിവരെല്ലാം അതിൽപ്പെടും.
11 എന്തു ലക്ഷ്യത്തിലാണു ഗിലെയാദ് സ്കൂൾ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്? ഏറെ നാൾ ആ സ്കൂളിലെ അധ്യാപകനായി സേവിച്ച ഒരു സഹോദരൻ അതെക്കുറിച്ച് പറയുന്നു: “ദൈവവചനത്തിന്റെ വിശദമായ പഠനത്തിലൂടെ വിദ്യാർഥികളുടെ വിശ്വാസം ബലപ്പെടുത്തുക എന്നതും നിയമനത്തിലെ വെല്ലുവിളികളെ വിജയകരമായി നേരിടാൻ ആവശ്യമായ ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കുക എന്നതും ഇതിന്റെ ലക്ഷ്യത്തിൽപ്പെടുന്നു. സുവിശേഷപ്രവർത്തനം ചെയ്യാനുള്ള അവരുടെ ആഗ്രഹം തീവ്രമാക്കുക എന്നതും ഈ പാഠ്യപദ്ധതിയുടെ അടിസ്ഥാനലക്ഷ്യങ്ങളിൽ ഒന്നാണ്.”—എഫെ. 4:11.
12, 13. ഗോളവ്യാപകമായുള്ള പ്രസംഗപ്രവർത്തനത്തിന്മേൽ ഗിലെയാദ് സ്കൂൾ എന്തു പ്രഭാവമാണു ചെലുത്തിയിരിക്കുന്നത്? ഒരു ഉദാഹരണം നൽകുക.
12 ഗോളവ്യാപകമായുള്ള പ്രസംഗപ്രവർത്തനത്തിന്മേൽ ഗിലെയാദ് സ്കൂൾ എന്തു പ്രഭാവമാണു ചെലുത്തിയിരിക്കുന്നത്? 1943 മുതൽ 8,500-ലേറെപ്പേർ ഈ സ്കൂളിൽനിന്ന് പരിശീലനം നേടിയിട്ടുണ്ട്.c ഗിലെയാദ് മിഷനറിമാർ ലോകവ്യാപകമായി 170-ലധികം ദേശങ്ങളിൽ പ്രവർത്തിച്ചിരിക്കുന്നു. ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നതിൽ മാതൃകകളായിക്കൊണ്ടും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പരിശീലിപ്പിച്ചുകൊണ്ടും ഈ മിഷനറിമാർ തങ്ങൾക്കു കിട്ടിയ പരിശീലനം നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. പലപ്പോഴും ഇവർ ചെന്ന സ്ഥലങ്ങളിൽ രാജ്യപ്രചാരകർ ആരുമില്ലായിരുന്നു. ഇനി, ഉണ്ടെങ്കിൽത്തന്നെ എണ്ണത്തിൽ തീരെ കുറവുമായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുത്തത് ഈ മിഷനറിമാരാണ്.
13 ജപ്പാനിലെ കാര്യമെടുക്കുക. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്, സംഘടിതമായ പ്രസംഗപ്രവർത്തനം ആ രാജ്യത്ത് നാമമാത്രമായേ നടക്കുന്നുണ്ടായിരുന്നുള്ളൂ. 1949 ആഗസ്റ്റ് ആയപ്പോൾ അവിടെ തദ്ദേശീയരായ പ്രചാരകരുടെ എണ്ണം വെറും പത്തിൽ താഴെയായിരുന്നു. എന്നാൽ ആ വർഷം അവസാനമായപ്പോഴേക്കും ഗിലെയാദ് പരിശീലനം കിട്ടിയ 13 മിഷനറിമാർ ജപ്പാനിൽ തിരക്കോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പിന്നീടും ധാരാളം മിഷനറിമാർ വന്നുചേർന്നു. ആദ്യമൊക്കെ വലിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തനം നടത്തിയിരുന്നത്. പിന്നീട് അവർ മറ്റു നഗരങ്ങളിലേക്കു നീങ്ങി. മുൻനിരസേവനം ചെയ്യാൻ തങ്ങളുടെ വിദ്യാർഥികളെയും മറ്റുള്ളവരെയും ഈ മിഷനറിമാർ ആത്മാർഥമായി പ്രോത്സാഹിപ്പിച്ചു. മിഷനറിമാരുടെ തീക്ഷ്ണതയോടെയുള്ള ശ്രമങ്ങൾക്കു സമൃദ്ധമായ ഫലം ലഭിച്ചു. ഇന്നു ജപ്പാനിൽ 2,16,000-ത്തിലേറെ രാജ്യപ്രചാരകരുണ്ട്. അവരിൽ ഏതാണ്ട് 40 ശതമാനം മുൻനിരസേവകരുമാണ്!d
14. ദിവ്യാധിപത്യസ്കൂളുകൾ ഏതു കാര്യത്തിനു തെളിവ് നൽകുന്നു? (“ദൈവരാജ്യശുശ്രൂഷകർക്കു പരിശീലനം നൽകുന്ന സ്കൂളുകൾ” എന്ന ചതുരവും കാണുക.)
14 മറ്റു ദിവ്യാധിപത്യസ്കൂളുകൾ. മുൻനിരസേവനസ്കൂൾ, ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾസ്കൂൾ, ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾസ്കൂൾ എന്നിവ അതിൽ പങ്കെടുത്തവരെയെല്ലാം ആത്മീയമായി വളരാനും സുവിശേഷപ്രവർത്തനത്തിന് ഉത്സാഹത്തോടെ നേതൃത്വമെടുക്കാനും സഹായിച്ചിരിക്കുന്നു.e നമ്മുടെ രാജാവ് തന്റെ അനുഗാമികളെ അവരുടെ ശുശ്രൂഷ ചെയ്തുതീർക്കാൻ സുസജ്ജരാക്കിയിരിക്കുന്നു എന്നതിന്റെ ശക്തമായ തെളിവല്ലേ ഈ ദിവ്യാധിപത്യസ്കൂളുകളെല്ലാം?—2 തിമൊ. 4:5.
പ്രത്യേകമായ ചില ഉത്തരവാദിത്വങ്ങൾക്കായി സഹോദരന്മാരെ പരിശീലിപ്പിക്കുന്നു
15. ഉത്തരവാദിത്വസ്ഥാനങ്ങളിൽ സേവിക്കുന്ന പുരുഷന്മാർ യേശുവിനെ എങ്ങനെ അനുകരിക്കണം?
15 യേശുവിനെ ദൈവം പഠിപ്പിച്ചതിനെക്കുറിച്ച് പറയുന്ന യശയ്യയുടെ ആ പ്രവചനം ഓർക്കുന്നില്ലേ? “ക്ഷീണിച്ചിരിക്കുന്നവനോട് ഉചിതമായ വാക്കുകൾ ഉപയോഗിച്ച് . . . സംസാരിക്കാൻ,” സ്വർഗത്തിലെ ആ ‘സ്കൂളിൽ’വെച്ച് പുത്രൻ പഠിച്ചു. (യശ. 50:4) പഠിച്ച ആ കാര്യം യേശു പ്രാവർത്തികമാക്കി. ‘കഷ്ടപ്പെടുന്നവർക്കും’ ‘ഭാരങ്ങൾ ചുമന്ന് വലയുന്നവർക്കും’ ഭൂമിയിലായിരിക്കെ യേശു ഉന്മേഷം പകർന്നു. (മത്താ. 11:28-30) യേശുവിനെപ്പോലെ, ഉത്തരവാദിത്വസ്ഥാനങ്ങളിൽ സേവിക്കുന്ന പുരുഷന്മാർ തങ്ങളുടെ സഹോദരീസഹോദരന്മാർക്കു നവോന്മേഷത്തിന്റെ ഉറവായിരിക്കേണ്ടതുണ്ട്. ആ ലക്ഷ്യം നേടാനായി വിവിധസ്കൂളുകൾ സ്ഥാപിച്ചിരിക്കുന്നു. തങ്ങളുടെ സഹവിശ്വാസികളെ കൂടുതൽ ഫലപ്രദമായി സേവിക്കാൻ, നിയമിതപുരുഷന്മാരെ സഹായിക്കുന്നവയാണ് ആ സ്കൂളുകൾ.
16, 17. രാജ്യശുശ്രൂഷാസ്കൂളിന്റെ ഉദ്ദേശ്യം എന്താണ്? (അടിക്കുറിപ്പും കാണുക.)
16 രാജ്യശുശ്രൂഷാസ്കൂൾ. ഈ സ്കൂളിന്റെ ആദ്യത്തെ ക്ലാസ് 1959 മാർച്ച് 9-നു ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽവെച്ച് ആരംഭിച്ചു. ഒരു മാസം നീളുന്ന ആ പഠനപരിപാടിയിൽ പങ്കെടുക്കാൻ സഞ്ചാര മേൽവിചാരകന്മാർക്കും സഭാദാസന്മാർക്കും ക്ഷണം ലഭിച്ചു. പിന്നീട് ഇംഗ്ലീഷിൽനിന്ന് മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയ ഈ സ്കൂൾ ക്രമേണ ലോകമെങ്ങുമുള്ള സഹോദരന്മാരെ പരിശീലിപ്പിക്കാൻ തുടങ്ങി.f
17 രാജ്യശുശ്രൂഷാസ്കൂളിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് 1962-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം ഇങ്ങനെ പറഞ്ഞു: “ഇത്ര തിരക്കുപിടിച്ച ഈ ലോകത്തിൽ യഹോവയുടെ സാക്ഷികളുടെ സഭയിലെ ഒരു മേൽവിചാരകൻ സഭയിലെ ഓരോരുത്തർക്കും വേണ്ട ശ്രദ്ധ കൊടുക്കാനും അവർക്ക് ഒരു അനുഗ്രഹമായിരിക്കാനും പറ്റുന്ന രീതിയിൽ തന്റെ ജീവിതം ക്രമീകരിക്കാൻ കഴിയുന്ന ഒരാളായിരിക്കണം. അതേസമയം സഭയ്ക്കുവേണ്ടി സ്വന്തകുടുംബത്തെ അവഗണിക്കുന്ന ആളുമായിരിക്കരുത്. അദ്ദേഹം സുബോധമുള്ള ഒരാളായിരിക്കണം. രാജ്യശുശ്രൂഷാസ്കൂളിൽ ഒരുമിച്ചുകൂടി പരിശീലനം നേടാനാകുന്നതു ലോകം മുഴുവനുമുള്ള സഭാദാസന്മാർക്ക് എത്ര വലിയൊരു പദവിയാണ്! ഒരു മേൽവിചാരകനിൽനിന്ന് ബൈബിൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അത് അവരെ സഹായിക്കുന്നു.”—1 തിമൊ. 3:1-7; തീത്തോ. 1:5-9.
18. രാജ്യശുശ്രൂഷാസ്കൂളിൽനിന്ന് ദൈവജനം മുഴുവൻ പ്രയോജനം നേടുന്നത് എങ്ങനെ?
18 വാസ്തവത്തിൽ, രാജ്യശുശ്രൂഷാസ്കൂളിൽനിന്ന് ദൈവജനത്തിൽപ്പെട്ട എല്ലാവരും പ്രയോജനം നേടിയിട്ടുണ്ട്. എങ്ങനെ? മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സ്കൂളിൽനിന്ന് പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുമ്പോൾ അവർ യേശുവിനെപ്പോലെ സഹവിശ്വാസികൾക്കു നവോന്മേഷത്തിന്റെ ഒരു ഉറവായിത്തീരുകയാണ്. കരുതലുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ നിങ്ങളോട് അലിവുള്ള ഒരു വാക്കു പറയുകയോ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയോ നിങ്ങളെ സന്ദർശിച്ച് പ്രോത്സാഹനം തരുകയോ ചെയ്യുന്നതു നിങ്ങൾക്ക് ഇഷ്ടമല്ലേ? (1 തെസ്സ. 5:11) അത്തരം നിയമിതപുരുഷന്മാർ ശരിക്കും സഭയ്ക്ക് ഒരു അനുഗ്രഹംതന്നെയാണ്!
19. ഭരണസംഘത്തിന്റെ ടീച്ചിങ് കമ്മിറ്റി മറ്റ് ഏതെല്ലാം സ്കൂളുകൾക്കു മേൽനോട്ടം വഹിക്കുന്നുണ്ട്, എന്താണ് ആ സ്കൂളുകളുടെ ലക്ഷ്യം?
19 മറ്റു ദിവ്യാധിപത്യസ്കൂളുകൾ. സംഘടനയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരന്മാർക്കായി മറ്റു സ്കൂളുകളും നടത്താറുണ്ട്. ഭരണസംഘത്തിന്റെ ടീച്ചിങ് കമ്മിറ്റിയാണ് അവയ്ക്കു മേൽനോട്ടം വഹിക്കുന്നത്. സഭാമൂപ്പന്മാർ, സഞ്ചാര മേൽവിചാരകന്മാർ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരന്മാരെ, അവരുടെ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ കൂടുതൽ ഫലപ്രദമായി ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ സ്കൂളുകളുടെ ലക്ഷ്യം. സ്വന്തം ആത്മീയത കാത്തുസൂക്ഷിക്കാനും യഹോവ പരിപാലിക്കാൻ ഏൽപ്പിച്ചിരിക്കുന്ന വിലപ്പെട്ട ആടുകളോട് ഇടപെടുമ്പോൾ തിരുവെഴുത്തുതത്ത്വങ്ങൾ ബാധകമാക്കാനും ഈ ബൈബിളധിഷ്ഠിതസ്കൂളുകൾ അവരെ പ്രോത്സാഹിപ്പിക്കുന്നു.—1 പത്രോ. 5:1-3.
20. നമ്മളെയെല്ലാം ‘യഹോവയാണു പഠിപ്പിക്കുന്നത്’ എന്നു യേശുവിനു പറയാനായത് എങ്ങനെ, എന്താണു നിങ്ങളുടെ തീരുമാനം?
20 തന്റെ അനുഗാമികൾക്കു നല്ല പരിശീലനം ലഭിക്കുന്നുണ്ടെന്നു മിശിഹൈകരാജാവ് ഉറപ്പുവരുത്തിയെന്നു വ്യക്തം. എന്നാൽ, ഈ പരിശീലനമെല്ലാം നമുക്കു കിട്ടിയത് എങ്ങനെയാണ്? ആദ്യം യഹോവ തന്റെ മകനെ പരിശീലിപ്പിച്ചു. ആ മകൻ തന്റെ അനുഗാമികളെയും പരിശീലിപ്പിച്ചു. അതുകൊണ്ടുതന്നെ, നമ്മളെയെല്ലാം ‘യഹോവയാണു പഠിപ്പിക്കുന്നത്’ എന്നു യേശുവിനു പറയാനായി. (യോഹ. 6:45; യശ. 54:13) നമ്മുടെ രാജാവ് ഒരുക്കിത്തരുന്ന പരിശീലനം മുഴുവനായി പ്രയോജനപ്പെടുത്താൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. അതു നമ്മളെ ആത്മീയമായി ബലിഷ്ഠരാക്കിനിറുത്തും. അതിന്റെ പ്രയോജനമോ? ശുശ്രൂഷ നന്നായി ചെയ്തുതീർക്കാൻ അതു നമ്മളെ സഹായിക്കും. ഈ പരിശീലനത്തിന്റെയെല്ലാം മുഖ്യലക്ഷ്യവും അതുതന്നെയാണ്. അക്കാര്യം നമ്മൾ ഒരിക്കലും മറന്നുപോകരുത്.
a പഠിപ്പിക്കേണ്ട രീതി പിതാവ് പുത്രനെ പഠിപ്പിച്ചെന്നു നമുക്ക് എങ്ങനെ അറിയാം? ഇക്കാര്യം നോക്കുക: കാര്യങ്ങൾ പഠിപ്പിക്കാനായി യേശു ധാരാളം ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചത് ഒരു പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു, അതും യേശുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിയ ഒരു പ്രവചനം! (സങ്കീ. 78:2; മത്താ. 13:34, 35) തന്റെ പുത്രൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചായിരിക്കും പഠിപ്പിക്കുകയെന്ന് ആ പ്രവചനത്തിന്റെ ഉറവിടമായ യഹോവ കാലങ്ങൾക്കു മുമ്പേ തീരുമാനിച്ചിരുന്നെന്നു വ്യക്തം.—2 തിമൊ. 3:16, 17.
b മാസങ്ങൾക്കു ശേഷം യേശു “വേറെ 70 പേരെ തിരഞ്ഞെടുത്ത് ഈരണ്ടു പേരെ വീതം” പ്രസംഗിക്കാൻ അയച്ചു, അവർക്കു പരിശീലനവും കൊടുത്തു.—ലൂക്കോ. 10:1-16.
c ചിലർ ഒന്നിലധികം തവണ ഗിലെയാദ് സ്കൂളിൽ പങ്കെടുത്തിട്ടുണ്ട്.
d ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന വയലിൽ ഗിലെയാദ് മിഷനറിമാർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 23-ാം അധ്യായം കാണുക.
e ഒടുവിൽ പറഞ്ഞ രണ്ടു സ്കൂളുകൾക്കു പകരമുള്ളതാണു രാജ്യസുവിശേഷകർക്കുള്ള സ്കൂൾ.
f ഇന്ന് എല്ലാ മൂപ്പന്മാരും രാജ്യശുശ്രൂഷാസ്കൂളിൽനിന്ന് പ്രയോജനം നേടുന്നു. ഏതാനും വർഷം കൂടുമ്പോൾ നടക്കുന്ന ഈ ക്ലാസിന്റെ ദൈർഘ്യം വ്യത്യാസപ്പെട്ടിരിക്കും. 1984 മുതൽ ശുശ്രൂഷാദാസന്മാർക്കും ഈ സ്കൂളിൽനിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്.