അധ്യായം പന്ത്രണ്ട്
ദൈവജനത്തിന് ആശ്വാസം
1. യെരൂശലേമിനും അതിലെ നിവാസികൾക്കും ശോചനീയമായ എന്ത് അവസ്ഥയാണു വരാൻ പോകുന്നത്?
എഴുപതു വർഷം! ഒരു സാധാരണ മനുഷ്യന്റെ ആയുഷ്കാലം! അതേ, അത്രയും കാലം യഹൂദർ ബാബിലോണിന്റെ അടിമത്തത്തിൽ കഴിയേണ്ടിവരും. (സങ്കീർത്തനം 90:10; യിരെമ്യാവു 25:11; 29:10) അടിമകളാക്കപ്പെടുന്ന ഇസ്രായേല്യരിൽ മിക്കവരും ബാബിലോണിൽ വെച്ചുതന്നെ വാർധക്യം പ്രാപിച്ച് മരിക്കും. ശത്രുക്കളുടെ നിന്ദയും പരിഹാസവും സഹിക്കേണ്ടിവരുന്ന അവർ എത്രമാത്രം അപമാനിതരാകുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. മാത്രമല്ല, അവരുടെ ദൈവമായ യഹോവയുടെ നാമം വസിക്കുന്ന നഗരം ദീർഘകാലം ശൂന്യമായിക്കിടക്കുന്നതു മൂലം അവന്റെമേൽ ഉണ്ടാകുന്ന നിന്ദയെ കുറിച്ചും ചിന്തിക്കുക! (നെഹെമ്യാവു 1:9; സങ്കീർത്തനം 132:13; 137:1-3) ശലോമോൻ സമർപ്പിച്ച സമയത്ത് ദൈവതേജസ്സുകൊണ്ട് നിറഞ്ഞിരുന്ന അവരുടെ പ്രിയപ്പെട്ട ആലയം മേലാൽ ഉണ്ടായിരിക്കുകയില്ല. (2 ദിനവൃത്താന്തം 7:1-3) എത്ര ശോചനീയം! എന്നിരുന്നാലും, യെശയ്യാവ് മുഖാന്തരം യഹോവ ഒരു പുനഃസ്ഥാപനത്തെ കുറിച്ചു പ്രവചിക്കുന്നു. (യെശയ്യാവു 43:14; 44:26-28) യെശയ്യാവു 51-ാം അധ്യായത്തിൽ, ആശ്വാസത്തെയും പ്രത്യാശയെയും കുറിച്ചുള്ള കൂടുതലായ പ്രവചനങ്ങൾ നമുക്കു കാണാം.
2. (എ) യെശയ്യാവ് മുഖാന്തരം യഹോവ ആർക്കാണ് സമാധാന സന്ദേശം കൈമാറുന്നത്? (ബി) വിശ്വസ്ത യഹൂദർ ‘നീതിയെ പിന്തുടരുന്നത്’ എങ്ങനെ?
2 തന്റെ വാക്കുകൾക്കു ചെവി കൊടുക്കാൻ താത്പര്യം കാണിക്കുന്ന യഹൂദാ നിവാസികളെ കുറിച്ച് യഹോവ ഇങ്ങനെ പറയുന്നു: “നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.” (യെശയ്യാവു 51:1എ) ‘നീതിയെ പിന്തുടരുന്നു’ എന്നു പറയുമ്പോൾ അതിൽ പ്രവൃത്തി ഉൾപ്പെട്ടിരിക്കുന്നു. ‘നീതിയെ പിന്തുടരുന്നവർ’ തങ്ങൾ ദൈവജനമാണെന്ന് അവകാശപ്പെടുക മാത്രമായിരിക്കില്ല ചെയ്യുന്നത്. നീതിനിഷ്ഠരായിരിക്കാനും ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാനും അവർ ശുഷ്കാന്തിയോടെ ശ്രമിക്കും. (സങ്കീർത്തനം 34:15; സദൃശവാക്യങ്ങൾ 21:21) നീതിയുടെ ഏക ഉറവിടമെന്ന നിലയിൽ അവർ യഹോവയിലേക്കു തിരിയുകയും ‘യഹോവയെ അന്വേഷിക്കുക’യും ചെയ്യും. (സങ്കീർത്തനം 11:7; 145:17) അവർക്ക് അതിനു മുമ്പ് യഹോവ ആരാണെന്ന് അറിയില്ലെന്നോ പ്രാർഥനയിൽ അവനെ സമീപിക്കാൻ അറിഞ്ഞുകൂടെന്നോ അല്ല അതിന്റെ അർഥം. മറിച്ച്, അവനെ ആരാധിക്കാനും അവനോടു കൂടുതൽ അടുക്കാനും പ്രാർഥിക്കാനും അവർ ശ്രമിക്കും. തങ്ങൾ ചെയ്യുന്ന സകലത്തിലും അവർ അവന്റെ ഇഷ്ടം ആരായും.
3, 4. (എ) യഹൂദർ ഏതു “പാറ”യിൽ നിന്നാണു വെട്ടിയെടുക്കപ്പെട്ടത്, അവരെ ഏത് ‘ഖനിഗർഭ’ത്തിൽ നിന്നാണു കുഴിച്ചെടുത്തത്? (ബി) തങ്ങളുടെ ഉത്ഭവത്തെ കുറിച്ച് ഓർമിക്കുന്നത് യഹൂദർക്ക് ആശ്വാസം പകരുന്നത് എന്തുകൊണ്ട്?
3 എന്നിരുന്നാലും, യഥാർഥത്തിൽ നീതിയെ പിന്തുടരുന്നവർ യഹൂദയിൽ താരതമ്യേന കുറവായതിനാൽ അവർക്കു ഭയവും നിരുത്സാഹവും തോന്നിയേക്കാം. അതുകൊണ്ട്, ഒരു കൽമടയുടെ ദൃഷ്ടാന്തം ഉപയോഗിച്ച് യഹോവ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” (യെശയ്യാവു 51:1ബി, 2) യഹൂദർ വെട്ടിയെടുക്കപ്പെട്ട “പാറ,” ഇസ്രായേൽ ജനത അഭിമാനം കൊള്ളുന്ന ചരിത്രപുരുഷനായ അബ്രാഹാമാണ്. (മത്തായി 3:9; യോഹന്നാൻ 8:33, 39) അവൻ ആ ജനതയുടെ ജനകൻ, മാനുഷിക പിതാവ് ആണ്. ഇസ്രായേലിനെ ‘കുഴിച്ചെടുത്ത ഖനിഗർഭം’ അതിന്റെ പൂർവപിതാവായ യിസ്ഹാക്കിനെ പ്രസവിച്ച സാറായാണ്.
4 അബ്രാഹാമിനും സാറായ്ക്കും പ്രത്യുത്പാദന ശേഷി നശിച്ച് വർഷങ്ങൾ കഴിഞ്ഞിരുന്നു. എന്നിട്ടും, അബ്രാഹാമിനെ അനുഗ്രഹിക്കുമെന്നും “വർദ്ധിപ്പി”ക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തു. (ഉല്പത്തി 17:1-6, 15-17) ദൈവം അവർക്ക് പ്രത്യുത്പാദന ശേഷി തിരികെ നൽകിയതിന്റെ ഫലമായി അബ്രാഹാമിനും സാറായ്ക്കും വാർധക്യത്തിൽ ഒരു കുട്ടി ജനിച്ചു. അവനിലൂടെ ദൈവത്തിന്റെ ഉടമ്പടി ജനത പിറന്നു. അങ്ങനെ, ആ മനുഷ്യനെ യഹോവ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ അസംഖ്യമായ ഒരു വലിയ ജനതയുടെ പിതാവാക്കി. (ഉല്പത്തി 15:5; പ്രവൃത്തികൾ 7:5) അബ്രാഹാമിനെ ദൂരദേശത്തുനിന്നു വിളിച്ച് ഒരു ശക്തമായ ജനതയാക്കിത്തീർക്കാൻ യഹോവയ്ക്കു കഴിയുമെങ്കിൽ, ബാബിലോണിൽ അടിമത്തത്തിലായിരിക്കുന്ന ഒരു വിശ്വസ്ത ശേഷിപ്പിനെ അവരുടെ സ്വദേശത്തേക്കു പുനഃസ്ഥിതീകരിക്കാനും അവരെ വീണ്ടും ഒരു വലിയ ജനതയാക്കുമെന്നുള്ള വാഗ്ദാനം നിവർത്തിക്കാനും യഹോവയ്ക്കു തീർച്ചയായും സാധിക്കും. അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറി; അടിമത്തത്തിലായിരിക്കുന്ന യഹൂദരോടുള്ള അവന്റെ വാഗ്ദാനവും നിറവേറും.
5. (എ) അബ്രാഹാമും സാറായും ആരെ ചിത്രീകരിക്കുന്നു? വിശദീകരിക്കുക. (ബി) അന്തിമ നിവൃത്തിയിൽ “പാറ”യിൽനിന്നു വെട്ടിയെടുക്കപ്പെടുന്നവർ ആര്?
5 യെശയ്യാവു 51:1, 2-ലെ പ്രതീകാത്മക കൽമടയ്ക്കു സാധ്യതയനുസരിച്ച് കൂടുതലായ നിവൃത്തിയുണ്ട്. ആവർത്തനപുസ്തകം 32:18 യഹോവയെ ഇസ്രായേലിനെ ജനിപ്പിച്ച “പാറ”യും അവരെ “ഉല്പാദിപ്പിച്ച” ദൈവവുമായി ചിത്രീകരിക്കുന്നു. രണ്ടാമത്തെ പദപ്രയോഗത്തിന് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ക്രിയാപദമാണ് സാറാ ഇസ്രായേലിനു ജന്മം നൽകുന്നതിനോടുള്ള ബന്ധത്തിൽ യെശയ്യാവു 51:2-ലും ഉപയോഗിച്ചിരിക്കുന്നത്. തന്മൂലം, അബ്രാഹാം പ്രാവചനികമായി വലിയ അബ്രാഹാമായ യഹോവയെ ചിത്രീകരിക്കുന്നു. അബ്രാഹാമിന്റെ ഭാര്യ സാറാ, ആത്മസൃഷ്ടികൾ അടങ്ങിയ യഹോവയുടെ സാർവത്രിക സ്വർഗീയ സംഘടനയെ ചിത്രീകരിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളിൽ യഹോവയുടെ സ്വർഗീയ സംഘടനയെ അവന്റെ ഭാര്യ അഥവാ സ്ത്രീ ആയിട്ടാണു പ്രതിനിധാനം ചെയ്തിരിക്കുന്നത്. (ഉല്പത്തി 3:15; വെളിപ്പാടു 12:1, 5) യെശയ്യാ പ്രവചനത്തിന്റെ ഈ വാക്കുകളുടെ അന്തിമ നിവൃത്തിയിൽ “പാറ”യിൽനിന്നു വെട്ടിയെടുക്കപ്പെടുന്ന ജനത ‘ദൈവത്തിന്റെ യിസ്രായേൽ,’ അഥവാ പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ പിറന്ന ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ ആണ്. ഈ പുസ്തകത്തിന്റെ മുൻ അധ്യായങ്ങളിൽ ചർച്ച ചെയ്തിരിക്കുന്നതു പോലെ, ആ ജനത 1918-ൽ ബാബിലോണിയൻ അടിമത്തത്തിലാകുകയും 1919-ൽ ആത്മീയ സമൃദ്ധിയിലേക്കു പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.—ഗലാത്യർ 3:26-29; 4:28; 6:16.
6. (എ) യഹൂദാ ദേശം ഏത് അവസ്ഥയിൽ ആയിത്തീരും, പുനഃസ്ഥാപനത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? (ബി) ഏത് ആധുനിക പുനഃസ്ഥിതീകരണത്തെ കുറിച്ച് യെശയ്യാവു 51:3 നമ്മെ ഓർമിപ്പിക്കുന്നു?
6 സീയോനോടുള്ള അഥവാ യെരൂശലേമിനോടുള്ള യഹോവയുടെ ആശ്വാസവചനങ്ങളിൽ ഒരു പ്രബല ജനതയെ ഉത്പാദിപ്പിക്കുമെന്ന വാഗ്ദാനത്തെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു. അതേക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.” (യെശയ്യാവു 51:3) 70 വർഷത്തെ ശൂന്യമാക്കലിൽ യഹൂദാദേശം മരുഭൂമിയായിത്തീരും. അവിടെ മുള്ളും പറക്കാരയും മറ്റു കാട്ടു സസ്യലതാദികളും നിറയും. (യെശയ്യാവു 64:10; യിരെമ്യാവു 4:26; 9:10-12) തന്മൂലം, യഹൂദയിൽ വീണ്ടും താമസം തുടങ്ങാൻ ദേശം പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണ്. അങ്ങനെ, ദേശം നല്ല നീരോട്ടമുള്ള, ഉത്പാദനക്ഷമമായ വയലുകളും ഫലവൃക്ഷത്തോട്ടങ്ങളും ഉള്ള ഒരു ഏദെൻതോട്ടമായി മാറും. നിലം ആനന്ദിക്കുന്നതായി കാണപ്പെടും. പ്രവാസ കാലത്തെ ശൂന്യമാക്കപ്പെട്ട അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, ആ ദേശം പറുദീസാ തുല്യമായിരിക്കും. 1919-ൽ ആത്മീയ അർഥത്തിൽ, ദൈവത്തിന്റെ ഇസ്രായേലിൽപ്പെട്ട അഭിഷിക്ത ശേഷിപ്പ് അത്തരമൊരു പറുദീസയിൽ പ്രവേശിച്ചു.—യെശയ്യാവു 11:6-9; 35:1-7.
യഹോവയിൽ ഉറച്ചുവിശ്വസിക്കേണ്ടതിന്റെ കാരണങ്ങൾ
7, 8. (എ) തനിക്കു ചെവി തരാനുള്ള യഹോവയുടെ ആഹ്വാനത്തിന്റെ അർഥമെന്ത്? (ബി) യഹോവ പറയുന്ന കാര്യങ്ങൾ യഹൂദ അനുസരിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 അടുത്തതായി, താൻ പറയുന്ന കാര്യങ്ങൾ സശ്രദ്ധം കേൾക്കാൻ യഹോവ ആവശ്യപ്പെടുന്നു: “എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും. എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.”—യെശയ്യാവു 51:4, 5.
8 തനിക്കു ചെവിതരാൻ യഹോവ ആവശ്യപ്പെടുമ്പോൾ, അവൻ പറയുന്നതു വെറുതെ കേൾക്കുക എന്നല്ല അർഥം. (സങ്കീർത്തനം 49:1; 78:1) യഹോവ പ്രബോധനത്തിന്റെയും നീതിയുടെയും രക്ഷയുടെയും ഉറവാണെന്ന് ആ ജനത അംഗീകരിക്കേണ്ടതുണ്ട്. ആത്മീയ പ്രബുദ്ധതയുടെ ഏക ഉറവ് അവനാണ്. (2 കൊരിന്ത്യർ 4:6) മനുഷ്യവർഗത്തിന്റെ ആത്യന്തിക ന്യായാധിപൻ അവനാണ്. യഹോവയുടെ നിയമങ്ങളാലും ന്യായത്തീർപ്പുകളാലും നയിക്കപ്പെടാൻ അനുവദിക്കുന്നവർക്ക് അവ വെളിച്ചമായി ഉതകുന്നു.—സങ്കീർത്തനം 43:3; 119:105; സദൃശവാക്യങ്ങൾ 6:23.
9. ദൈവത്തിന്റെ ഉടമ്പടി ജനതയ്ക്കു പുറമേ, ആരെല്ലാം ദൈവത്തിന്റെ രക്ഷാപ്രവൃത്തികളിൽനിന്നു പ്രയോജനം അനുഭവിക്കും?
9 ദൈവത്തിന്റെ ഉടമ്പടി ജനതയുടെ കാര്യത്തിൽ മാത്രമല്ല ഇതെല്ലാം സത്യമായിരിക്കുന്നത്. ലോകമെമ്പാടും—അതേ, വിദൂര ദ്വീപുകളിൽ പോലും—ഉള്ള പരമാർഥ ഹൃദയരായ ആളുകൾക്കും ഇതെല്ലാം ബാധകമാണ്. ദൈവത്തിലും തന്റെ വിശ്വസ്ത ദാസർക്കായി പ്രവർത്തിക്കാനുള്ള അവന്റെ കഴിവിലും ഉള്ള അവരുടെ വിശ്വാസം അസ്ഥാനത്താവില്ല. അവന്റെ ഭുജത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അവന്റെ ശക്തിയിൽ അഥവാ ബലത്തിൽ അവർക്ക് ഉറപ്പുണ്ടായിരിക്കാനാകും; ആർക്കും അതിനെ തടയാനാവില്ല. (യെശയ്യാവു 40:10; ലൂക്കൊസ് 1:51, 52) സമാനമായി ഇന്ന്, ദൈവത്തിന്റെ ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവരുടെ തീക്ഷ്ണമായ പ്രസംഗവേല വിദൂര ദ്വീപുകളിൽ നിന്നുള്ളവർ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യഹോവയിലേക്കു തിരിയാനും അവനിൽ വിശ്വാസം പ്രകടമാക്കാനും ഇടയാക്കിയിരിക്കുന്നു.
10. (എ) നെബൂഖദ്നേസർ രാജാവ് ഏതു സത്യം മനസ്സിലാക്കാൻ നിർബന്ധിതനാകും? (ബി) ഏത് “ആകാശ”വും “ഭൂമി”യുമാണ് ഇല്ലായ്മ ചെയ്യപ്പെടുക?
10 അടുത്തതായി യഹോവ, ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് അവശ്യം തിരിച്ചറിയേണ്ടിയിരിക്കുന്ന ഒരു വസ്തുതയെ കുറിച്ചു പരാമർശിക്കുന്നു. സ്വർഗത്തിലോ ഭൂമിയിലോ ഉള്ള യാതൊന്നിനും തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽനിന്ന് യഹോവയാം ദൈവത്തെ തടയാനാവില്ല. (ദാനീയേൽ 4:34, 35) നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല.” (യെശയ്യാവു 51:6) അടിമകളായി പിടിച്ചവരെ സ്വദേശത്തേക്കു മടക്കി അയയ്ക്കുന്നതു ബാബിലോണിയൻ രാജാക്കന്മാരുടെ നയത്തിന് എതിരായിരുന്നെങ്കിലും തന്റെ ജനത്തെ രക്ഷിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ആർക്കും സാധിക്കില്ല. (യെശയ്യാവു 14:16, 17) ബാബിലോണിയൻ “ആകാശം” അഥവാ ഭരണാധിപന്മാർ പൂർണമായി പരാജയപ്പെടും. ബാബിലോണിയൻ “ഭൂമി” അഥവാ ആ ഭരണാധിപന്മാരുടെ പ്രജകൾ നശിച്ചുപോകും. അതേ, അക്കാലത്തെ ഏറ്റവും ശക്തമായ സാമ്രാജ്യത്തിനു പോലും യഹോവയുടെ ശക്തിക്കെതിരെ നിലകൊള്ളാനോ അവന്റെ ഉദ്ദേശ്യത്തെ തകിടം മറിക്കാനോ സാധിക്കുകയില്ല.
11. ബാബിലോണിയൻ “ആകാശ”വും “ഭൂമി”യും നശിപ്പിക്കപ്പെടുമെന്ന പ്രവചനത്തിന്റെ സമ്പൂർണ നിവൃത്തി ഇന്നു ക്രിസ്ത്യാനികൾക്കു പ്രോത്സാഹനം നൽകുന്നത് എന്തുകൊണ്ട്?
11 ആ പ്രാവചനിക വചനങ്ങൾ പൂർണമായി നിവൃത്തിയേറിയെന്ന അറിവ് ഇന്നു ക്രിസ്ത്യാനികൾക്ക് എത്രയധികം പ്രോത്സാഹനം നൽകുന്നു! എന്തുകൊണ്ട്? ഒരു ഭാവി സംഭവത്തെ പരാമർശിച്ചുകൊണ്ട് പത്രൊസ് അപ്പൊസ്തലൻ സമാനമായ പദപ്രയോഗങ്ങൾ ഉപയോഗിച്ചു. സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന, “ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള” യഹോവയുടെ ദിവസത്തെ കുറിച്ച് അവൻ പറഞ്ഞു. തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:11-13; യെശയ്യാവു 34:4; വെളിപ്പാടു 6:12-14) ശക്തമായ രാഷ്ട്രങ്ങളും അവരുടെ നക്ഷത്രസമാന ഭരണാധിപന്മാരും ദൈവത്തിന് എതിരെ മത്സരപൂർവം നിലകൊള്ളുമെങ്കിലും തക്കസമയത്ത് അവൻ അവരെയെല്ലാം ഇല്ലായ്മ ചെയ്യും—അതേ, ഒരു കൊതുകിനെ കൊല്ലുന്നത്ര ലാഘവത്തോടെ. (സങ്കീർത്തനം 2:1-9) നീതിനിഷ്ഠമായ ഒരു മനുഷ്യ സമുദായത്തിന്മേൽ ദൈവത്തിന്റെ നീതിനിഷ്ഠമായ ഗവൺമെന്റ് ഭരണം നടത്തും.—ദാനീയേൽ 2:44; വെളിപ്പാടു 21:1-5എ.
12. എതിരാളികൾ ദൈവദാസന്മാരെ ആക്ഷേപിക്കുമ്പോൾ അവർ ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
12 “നീതിയെ പിന്തുടരുന്ന”വരെ അഭിസംബോധന ചെയ്തുകൊണ്ട് യഹോവ ഇങ്ങനെ പറയുന്നു: “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.” (യെശയ്യാവു 51:7, 8) യഹോവയിൽ ആശ്രയിക്കുന്നവർക്ക് തങ്ങളുടെ ധീര നിലപാടിനെപ്രതി പരിഹാസവും ആക്ഷേപവും സഹിക്കേണ്ടിവരും. എന്നാൽ, അതുകൊണ്ടൊന്നും അവർ ഭയപ്പെടേണ്ടതില്ല. പുഴുക്കൾ ‘തിന്നുകളയുന്ന’ കമ്പിളിവസ്ത്രം പോലെ അവരെ നിന്ദിക്കുന്നവർ നശിപ്പിക്കപ്പെടും.a പുരാതനകാലത്തെ വിശ്വസ്ത യഹൂദരെ പോലെ ഇന്നു സത്യക്രിസ്ത്യാനികൾ തങ്ങളെ എതിർക്കുന്ന ആരെയും യാതൊരു കാരണവശാലും ഭയപ്പെടേണ്ടതില്ല. നിത്യദൈവമായ യഹോവയാണ് അവരുടെ രക്ഷ. (സങ്കീർത്തനം 37:1, 2) ദൈവത്തിന്റെ ശത്രുക്കൾ യഹോവയുടെ ജനത്തെ നിന്ദിക്കുന്നത് അവരുടെമേൽ അവന്റെ ആത്മാവ് വ്യാപരിക്കുന്നു എന്നതിന്റെ തെളിവാണ്.—മത്തായി 5:11, 12; 10:24-31.
13, 14. ‘രഹബ്,’ “സമുദ്രത്തിലെ ഭീകരസത്വം” എന്നീ പ്രയോഗങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു, അതിന് ‘വെട്ടും’ ‘കുത്തും’ ഏറ്റത് എങ്ങനെ?
13 അടിമകൾ ആയിരിക്കുന്ന ജനത്തിനു വേണ്ടി പ്രവർത്തിക്കാൻ യഹോവയെ വിളിക്കുന്നു എന്നവണ്ണം യെശയ്യാവ് ഇങ്ങനെ പറയുന്നു: “യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ [“സമുദ്രത്തിലെ ഭീകരസത്വം,” NW] കുത്തിക്കളഞ്ഞതു നീ അല്ലയോ? സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വററിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?”—യെശയ്യാവു 51:9, 10.
14 യെശയ്യാവ് പറയുന്ന ചരിത്ര ദൃഷ്ടാന്തങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തവയാണ്. ഇസ്രായേൽ ജനത ഈജിപ്തിൽനിന്നു വിമോചിതരായതും ചെങ്കടൽ കുറുകെ കടന്നതുമെല്ലാം സകല യഹൂദർക്കും അറിയാവുന്ന കാര്യങ്ങളാണ്. (പുറപ്പാടു 12:24-27; 14:26-31) ‘രഹബ്,’ “സമുദ്രത്തിലെ ഭീകരസത്വം” എന്നീ പ്രയോഗങ്ങൾ ഇസ്രായേല്യർ ഈജിപ്തിൽനിന്നു പോന്നപ്പോൾ അവരെ എതിർത്ത ഫറവോന്റെ അധീനതയിൽ ആയിരുന്ന ഈജിപ്തിനെ അർഥമാക്കുന്നു. (സങ്കീർത്തനം 74:13; 87:4; യെശയ്യാവു 30:7; NW) നൈൽ ഡെൽറ്റാ പ്രദേശത്തുനിന്ന് ആരംഭിച്ച് ഫലഭൂയിഷ്ഠമായ നൈൽ താഴ്വരവരെ നൂറുകണക്കിനു കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന പുരാതന ഈജിപ്തിന്റെ നീണ്ട ഭൂപ്രദേശത്തിന് സമുദ്രത്തിലെ ഭീകരസത്വത്തിന്റെ ആകാരമായിരുന്നു. (യെഹെസ്കേൽ 29:3, NW) എന്നാൽ, യഹോവ പത്തു ബാധകൾ വരുത്തിയപ്പോൾ സമുദ്രത്തിലെ ആ ഭീകരസത്വം തുണ്ടുതുണ്ടായി വെട്ടിനുറുക്കപ്പെട്ടു. അതിന്റെ സൈന്യത്തെ യഹോവ ചെങ്കടലിൽവെച്ചു നശിപ്പിച്ചപ്പോൾ അതിനു കുത്തേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും അതു ദുർബലമാകുകയും ചെയ്തു. അതേ, ഈജിപ്തുമായുള്ള ഇടപെടലുകളിൽ യഹോവ തന്റെ ശക്തി പ്രകടിപ്പിച്ചു. ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന തന്റെ ജനത്തിനായി യഹോവ അപ്രകാരം പോരാടാതിരിക്കുമോ?
15. (എ) സീയോന്റെ ദുഃഖവും നെടുവീർപ്പും എപ്പോൾ, എങ്ങനെ പൊയ്പോകും? (ബി) ആധുനിക നാളിൽ എപ്പോഴാണ് ദൈവത്തിന്റെ ഇസ്രായേലിന്റെ ദുഃഖവും നെടുവീർപ്പും അവസാനിച്ചത്?
15 ബാബിലോണിൽ നിന്നുള്ള ഇസ്രായേലിന്റെ വിടുതലിനെ കുറിച്ച് പ്രവചനം ഇങ്ങനെ തുടർന്ന് പറയുന്നു: “യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.” (യെശയ്യാവു 51:11) ബാബിലോണിലെ അവരുടെ സാഹചര്യം എത്രതന്നെ ദുഃഖകരമായിരുന്നാലും യഹോവയുടെ നീതി പിൻപറ്റാൻ ആഗ്രഹിക്കുന്നവർക്കു മഹത്തായ പ്രത്യാശയുണ്ട്. ദുഃഖവും നെടുവീർപ്പും മേലാൽ ഉണ്ടായിരിക്കുകയില്ല. പകരം, വിടുവിക്കപ്പെട്ടവരുടെ അഥവാ വീണ്ടെടുക്കപ്പെട്ടവരുടെ വായിൽനിന്ന് ആർപ്പുവിളിയും ആനന്ദഘോഷവും ജയാരവങ്ങളുമായിരിക്കും കേൾക്കുന്നത്. ആ പ്രാവചനിക വചനങ്ങളുടെ ആധുനിക നിവൃത്തിയെന്ന നിലയിൽ 1919-ൽ ദൈവത്തിന്റെ ഇസ്രായേൽ ബാബിലോണിയൻ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടു. അവർ വലിയ ആനന്ദത്തോടെ തങ്ങളുടെ ആത്മീയ ദേശത്തേക്കു മടങ്ങിയെത്തി. ആ ആനന്ദഘോഷം ഇന്നോളം തുടർന്നിരിക്കുന്നു.
16. യഹൂദരുടെ വിമോചനത്തിന് എന്തു വില നൽകപ്പെടുന്നു?
16 യഹൂദരുടെ വിമോചനത്തിന്റെ വിലയെന്തായിരിക്കും? “നിന്റെ മറുവിലയായി [യഹോവ] മിസ്രയീമിനെയും [ഈജിപ്ത്] നിനക്കു പകരമായി കൂശിനെയും [എത്യോപ്യ] സെബയെയും” നൽകുന്നതായി യെശയ്യാ പ്രവചനം മുൻകൂട്ടി പറഞ്ഞിരിക്കുന്നു. (യെശയ്യാവു 43:1-4) ഇത് പിന്നീടു സംഭവിക്കും. ബാബിലോണിനെ കീഴടക്കുകയും അടിമകളായ യഹൂദരെ വിടുവിക്കുകയും ചെയ്തശേഷം പേർഷ്യൻ സാമ്രാജ്യം ഈജിപ്തിനെയും എത്യോപ്യയെയും സെബയെയും കീഴടക്കും. അതേ, ആ രാജ്യങ്ങളെ ഇസ്രായേല്യർക്കു പകരമായി നൽകും. “ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കു പകരമായ്തീരും” എന്ന് സദൃശവാക്യങ്ങൾ 21:18-ൽ പ്രസ്താവിച്ചിരിക്കുന്ന തത്ത്വത്തിനു ചേർച്ചയിലാണിത്.
കൂടുതൽ ആശ്വാസവാക്കുകൾ
17. യഹൂദർ ബാബിലോണിയരുടെ ക്രോധത്തെ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
17 യഹോവ തന്റെ ജനത്തെ കൂടുതലായി ഇങ്ങനെ ആശ്വസിപ്പിക്കുന്നു: “ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ; എന്നാൽ മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാൻ നീ ആർ? ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?” (യെശയ്യാവു 51:12, 13) അവർ വർഷങ്ങളോളം പ്രവാസത്തിൽ കഴിയേണ്ടിയിരിക്കുന്നു. എന്നുവരികിലും, ബാബിലോണിന്റെ ക്രോധത്തെ അവർക്കു പേടിക്കേണ്ട കാര്യമില്ല. ബൈബിൾ ചരിത്രത്തിലെ മൂന്നാം ലോക ശക്തിയായ ആ ജനത ദൈവജനത്തെ കീഴടക്കി അവരെ ‘നശിപ്പിക്കാൻ’ അല്ലെങ്കിൽ അവരുടെ രക്ഷാമാർഗം അടച്ചുകളയാൻ ശ്രമിക്കുമെങ്കിലും, കോരെശിന്റെ കൈകളാലുള്ള ബാബിലോണിന്റെ നാശം യഹോവ മുൻകൂട്ടി പറഞ്ഞിരിക്കുന്നുവെന്ന് വിശ്വസ്ത യഹൂദർക്ക് അറിയാം. (യെശയ്യാവു 44:8, 24-28) സ്രഷ്ടാവുമായി—നിത്യദൈവമായ യഹോവയുമായി—താരതമ്യം ചെയ്യുമ്പോൾ ബാബിലോണിയൻ നിവാസികൾ വേനൽക്കാലത്തു സൂര്യന്റെ ഉഗ്ര രശ്മികളേറ്റ് കരിയുന്ന പുല്ലു പോലെയാണ്. അപ്പോൾ അവരുടെ ഭീഷണിയും ക്രോധവുംകൊണ്ട് എന്തു പ്രയോജനം? ആ സ്ഥിതിക്ക്, മനുഷ്യരെ ഭയപ്പെടുകയും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച യഹോവയെ മറക്കുകയും ചെയ്യുന്നത് എത്ര ബുദ്ധിശൂന്യമാണ്!
18. യഹോവയുടെ ജനം കുറെ കാലം അടിമത്തത്തിൽ ആയിരിക്കുമെങ്കിലും അവൻ അവർക്ക് എന്ത് ആശ്വാസം നൽകുന്നു?
18 യഹോവയുടെ ജനം കുറെ കാലത്തേക്ക് അടിമകൾ, ഒരർഥത്തിൽ പറഞ്ഞാൽ ‘ബദ്ധർ’ ആയിരിക്കുമെങ്കിലും അവരുടെ വിടുതൽ പെട്ടെന്നായിരിക്കും. അവർക്ക് ബാബിലോണിൽവെച്ച് ഉന്മൂലനാശം സംഭവിക്കുകയോ ബന്ദികൾ എന്നനിലയിൽ പട്ടിണി കിടന്ന് മരിക്കുകയോ—അതായത് ശവക്കുഴിയായ ഷിയോളിൽ ഇറങ്ങുകയോ—ചെയ്യേണ്ടിവരില്ല. (സങ്കീർത്തനം 30:3; 88:3-5) യഹോവ അവരെ ഇങ്ങനെ ആശ്വസിപ്പിക്കുന്നു: “പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവൻ കുണ്ടറയിൽ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല.”—യെശയ്യാവു 51:14.
19. വിശ്വസ്ത യഹൂദർക്ക് യഹോവയുടെ വാക്കുകളിൽ പൂർണ വിശ്വാസം ഉണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
19 സീയോനെ ആശ്വസിപ്പിച്ചുകൊണ്ട് യഹോവ ഇങ്ങനെ പറയുന്നു: “തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചിരിക്കുന്നു.” (യെശയ്യാവു 51:15, 16) സമുദ്രത്തിന്മീതെ തന്റെ ശക്തി പ്രകടിപ്പിക്കുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനും ഉള്ള യഹോവയുടെ പ്രാപ്തിയെ കുറിച്ച് ബൈബിൾ ആവർത്തിച്ചു സൂചിപ്പിക്കുന്നുണ്ട്. (ഇയ്യോബ് 26:12; സങ്കീർത്തനം 89:9; യിരെമ്യാവു 31:35) പ്രകൃതിശക്തികളുടെമേൽ അവനു പൂർണ നിയന്ത്രണമുണ്ട്. തന്റെ ജനത്തെ ഈജിപ്തിൽനിന്നു മോചിപ്പിച്ചപ്പോൾ അവൻ അതു പ്രകടമാക്കുകയുണ്ടായി. ഏറ്റവും ചെറിയ വിധത്തിലാണെങ്കിൽ പോലും “സൈന്യങ്ങളുടെ യഹോവ”യുമായി ആരെ തുലനം ചെയ്യാനാകും?—സങ്കീർത്തനം 24:10.
20. യഹോവ സീയോനെ പുനഃസ്ഥിതീകരിക്കുമ്പോൾ ഏതു “പുതിയ ഭൂമി”യും “പുതിയ ആകാശ”വും നിലവിൽ വരും, ആശ്വാസദായകമായ എന്ത് വാക്കുകൾ അവൻ പറയും?
20 യഹൂദർ ദൈവത്തിന്റെ ഉടമ്പടി ജനതയായി നിലകൊള്ളും. അവർ സ്വദേശത്തേക്കു മടങ്ങുമെന്നും വീണ്ടുമൊരിക്കൽ കൂടി ന്യായപ്രമാണത്തിൻ കീഴിൽ ജീവിക്കുമെന്നും യഹോവ അവർക്ക് ഉറപ്പേകുന്നു. അവർ യെരൂശലേമും ആലയവും പുനർനിർമിക്കുകയും മോശെ മുഖാന്തരം യഹോവ അവരുമായി ചെയ്ത ഉടമ്പടിയിലെ ഉത്തരവാദിത്വങ്ങൾ വീണ്ടും ഏറ്റെടുക്കുകയും ചെയ്യും. ഇസ്രായേല്യർ തങ്ങളുടെ വളർത്തുമൃഗങ്ങൾ സഹിതം ദേശത്തു തിരിച്ചെത്തി താമസം തുടങ്ങുമ്പോൾ ഒരു “പുതിയ ഭൂമി” നിലവിൽ വരും. അതിന്റെമേൽ ഒരു ‘പുതിയ ആകാശം’ അഥവാ പുതിയ ഭരണസംവിധാനം സ്ഥാപിതമാകും. (യെശയ്യാവു 65:17-19; ഹഗ്ഗായി 1:1, 14) അപ്പോൾ “നീ എന്റെ ജനം” എന്ന് യഹോവ വീണ്ടും സീയോനോടു പറയും.
നടപടിയെടുക്കാനുള്ള ആഹ്വാനം
21. നടപടി എടുക്കാനുള്ള എന്ത് ആഹ്വാനം യഹോവ നൽകുന്നു?
21 സീയോന് ഉറപ്പേകിയ ശേഷം യഹോവ നടപടിയെടുക്കാനുള്ള ഒരു ആഹ്വാനം നൽകുന്നു. സീയോന്റെ യാതനകൾ അവസാനിച്ചു എന്നവണ്ണം അവൻ ഇങ്ങനെ പറയുന്നു: “യഹോവയുടെ കയ്യിൽനിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക; എഴുന്നേററുനില്ക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വററിച്ചുകളഞ്ഞിരിക്കുന്നു.” (യെശയ്യാവു 51:17) അതേ, യെരൂശലേം അവളുടെ ദുരവസ്ഥയിൽനിന്ന് എഴുന്നേറ്റ് തന്റെ പഴയ പ്രതാപവും മഹിമയും അണിയണം. അവൾ ദിവ്യ ശിക്ഷാവിധിയുടെ പ്രതീകാത്മക പാനപാത്രം കുടിച്ചു വറ്റിച്ചിരിക്കുന്ന സമയം വന്നെത്തും. അവൾക്കെതിരെ ദൈവകോപം അവശേഷിക്കുകയില്ല.
22, 23. യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം കുടിക്കുമ്പോഴുള്ള യെരൂശലേമിന്റെ അനുഭവം എന്തായിരിക്കും?
22 എന്നിരുന്നാലും, ശിക്ഷ അനുഭവിക്കുന്ന സമയത്ത് യെരൂശലേമിന്റെ ‘പുത്രന്മാർ’ക്ക് ആർക്കും, ഒരു നിവാസിക്കും, സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ തടയാനാവില്ല. (യെശയ്യാവു 43:5-7; യിരെമ്യാവു 3:14) പ്രവചനം ഇങ്ങനെ പറയുന്നു: “അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല.” (യെശയ്യാവു 51:18) അവൾ ബാബിലോണിയരുടെ കൈകളാൽ എത്രയധികം പീഡനം അനുഭവിക്കും! “ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആർ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ? നിന്റെ മക്കൾ ബോധംകെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവർ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭർത്സനവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.”—യെശയ്യാവു 51:19, 20.
23 പാവം യെരൂശലേം! അവൾക്ക് “ശൂന്യവും നാശവും ക്ഷാമവും വാളും” നേരിടും. അവളെ നയിക്കാനും നേർവഴിയിൽ നടത്താനും കഴിയാതെ, ബാബിലോണിയൻ ആക്രമണകാരികളെ തുരത്താൻ കഴിയാതെ അവളുടെ ‘പുത്രന്മാർ’ നിസ്സഹായരും അശക്തരുമായി നോക്കിനിൽക്കും. വീഥികളുടെ തലയ്ക്കലെല്ലാം അവർ തളർന്നവശരായി, ബോധംകെട്ട് വീണുകിടക്കും. (വിലാപങ്ങൾ 2:19; 4:1, 2) അവർ ദൈവക്രോധത്തിന്റെ പാനപാത്രം കുടിച്ച് വലയിൽ അകപ്പെട്ട മൃഗങ്ങളെ പോലെ നിസ്സഹായരായിരിക്കും.
24, 25. (എ) യെരൂശലേമിന്റെ കാര്യത്തിൽ എന്ത് ആവർത്തിക്കപ്പെടുകയില്ല? (ബി) യെരൂശലേമിനു ശേഷം യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം കുടിക്കുന്നത് ആരായിരിക്കും?
24 എങ്കിലും, ദുഃഖകരമായ ഈ സ്ഥിതിവിശേഷം അവസാനിക്കും. ആശ്വാസമേകിക്കൊണ്ട് യെശയ്യാവ് ഇങ്ങനെ പറയുന്നു: “ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക. നിന്റെ കർത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നേ, നിന്റെ കയ്യിൽനിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല; നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യിൽ ഞാൻ അതു കൊടുക്കും. അവർ നിന്നോടു: കുനിയുക; ഞങ്ങൾ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകന്നവർക്കു നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു.” (യെശയ്യാവു 51:21-23) ശിക്ഷണം നൽകിയ ശേഷം യെരൂശലേമിനോടു ദയയോടെ പെരുമാറാനും ക്ഷമ കാണിക്കാനും യഹോവ സന്നദ്ധനാണ്.
25 ഇപ്പോൾ യഹോവ തന്റെ ക്രോധം യെരൂശലേമിൽനിന്നു നീക്കി ബാബിലോണിന്റെ നേരെ പ്രകടിപ്പിക്കുന്നു. ബാബിലോൺ യെരൂശലേമിനെ ശൂന്യമാക്കി അതിനെ നിന്ദിച്ചു കഴിഞ്ഞിരിക്കും. (സങ്കീർത്തനം 137:7-9) എന്നാൽ, യെരൂശലേം വീണ്ടുമൊരിക്കലും ബാബിലോണിന്റെയോ അതിന്റെ സഖ്യരാഷ്ട്രങ്ങളുടെയോ കയ്യിൽനിന്ന് അത്തരമൊരു ക്രോധമദ്യം കുടിക്കേണ്ടിവരില്ല. പകരം, ക്രോധത്തിന്റെ പാനപാത്രം യെരൂശലേമിന്റെ കരങ്ങളിൽ നിന്നെടുത്ത് അവളുടെ അപകീർത്തിയിൽ ആനന്ദിക്കുന്നവർക്കു നൽകും. (വിലാപങ്ങൾ 4:21, 22) ബാബിലോൺ കുടിച്ചു മത്തുപിടിച്ച് താഴെ വീഴും. (യിരെമ്യാവു 51:6-8) അതേസമയം, സീയോൻ എഴുന്നേൽക്കും! എന്തൊരു തിരിച്ചടി! അത്തരമൊരു പ്രത്യാശയിൽനിന്ന് സീയോനു തീർച്ചയായും ആശ്വാസം നേടാനാകും. രക്ഷാപ്രവൃത്തികളിലൂടെ യഹോവയുടെ നാമം വിശുദ്ധമാക്കപ്പെടുമെന്ന് അവന്റെ ദാസന്മാർക്ക് ഉറപ്പുണ്ടായിരിക്കാനാകും.
[അടിക്കുറിപ്പ്]
a തെളിവനുസരിച്ച്, ഇവിടെ പരാമർശിച്ചിരിക്കുന്ന പുഴു, നശീകരണ സ്വഭാവമുള്ള ലാർവാ ഘട്ടത്തിലിരിക്കുന്ന വസ്ത്രമരിക്കുന്ന പുഴുവാണ്.
[167-ാം പേജിലെ ചിത്രം]
വലിയ അബ്രാഹാമായ യഹോവ എന്ന “പാറ”യിൽ നിന്നാണ് അവന്റെ ജനം ‘വെട്ടിയെടുക്കപ്പെട്ടത്’
[170-ാം പേജിലെ ചിത്രം]
പുഴുക്കൾ തിന്നുകളഞ്ഞ കമ്പിളിവസ്ത്രം പോലെ ദൈവജനത്തിന്റെ ശത്രുക്കൾ അപ്രത്യക്ഷരാകും
[176, 177 പേജുകളിലെ ചിത്രം]
പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള തന്റെ കഴിവ് യഹോവ പ്രകടിപ്പിച്ചിരിക്കുന്നു
[178-ാം പേജിലെ ചിത്രം]
യെരൂശലേം കുടിക്കുന്ന ക്രോധത്തിന്റെ പാനപാത്രം ബാബിലോണിനും അവളുടെ സഖ്യരാഷ്ട്രങ്ങൾക്കും നൽകപ്പെടും