ശരിയായതരം സന്ദേശവാഹകനെ തിരിച്ചറിയിക്കൽ
“തന്റെ ദാസന്റെ വചനം സത്യമാക്കുന്നവനും തന്റെ സ്വന്തം സന്ദേശവാഹകരുടെ ഉപദേശം പൂർണമായി നിവർത്തിക്കുന്നവനും . . . ഞാനാകുന്നു.”—യെശയ്യാവു 44:25, 26, NW.
1. യഹോവ ശരിയായതരം സന്ദേശവാഹകരെ തിരിച്ചറിയിക്കുന്നതെങ്ങനെ, അവൻ വ്യാജസന്ദേശവാഹകരെ തുറന്നുകാട്ടുന്നതെങ്ങനെ?
യഹോവ തന്റെ യഥാർഥ സന്ദേശവാഹകർ ആരെന്നു തിരിച്ചറിയിക്കുന്ന മഹാദൈവമാണ്. താൻ അവരിലൂടെ അറിയിക്കുന്ന സന്ദേശങ്ങൾ സത്യമാക്കിക്കൊണ്ടാണ് അവൻ അവരെ തിരിച്ചറിയിക്കുന്നത്. യഹോവ വ്യാജസന്ദേശവാഹകർ ആരെന്നു തുറന്നുകാട്ടുന്ന മഹാദൈവവുമാണ്. എങ്ങനെയാണ് അവൻ അവരെ തുറന്നുകാട്ടുന്നത്? അവൻ അവരുടെ അടയാളങ്ങളെയും ഭാവികഥനങ്ങളെയും നിഷ്ഫലമാക്കുന്നു. അവർ സ്വയം പ്രവാചകന്മാരായി ചമയുകയാണെന്നും വാസ്തവത്തിൽ അവരുടെ വികലമായ യുക്തിചിന്തയിൽ—അതേ, അവരുടെ ഭോഷത്തവും ജഡികവുമായ ചിന്തയിൽ—ഉദിച്ച സന്ദേശങ്ങളാണ് അവയെന്നും അവനങ്ങനെ പ്രകടമാക്കുന്നു!
2. ഇസ്രായേല്യരുടെ കാലത്ത് സന്ദേശവാഹകർക്കിടയിൽ ഏത് ആശയ സംഘട്ടനം നടന്നു?
2 യഹോവയാം ദൈവത്തിന്റെ സന്ദേശവാഹകരാണെന്ന് അവകാശപ്പെട്ടവരായിരുന്നു യെശയ്യാവും യെഹെസ്കേലും. വാസ്തവത്തിൽ അവരങ്ങനെ ആയിരുന്നുവോ? നമുക്കു നോക്കാം. യെശയ്യാവ് പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) ഏതാണ്ട് 778 മുതൽ 732-നുശേഷം കുറച്ചുകാലംവരെ യെരൂശലേമിൽ പ്രവചിച്ചിരുന്നു. യെഹെസ്കേലാകട്ടെ പൊ.യു.മു. 617-ൽ ബാബിലോനിലേക്കു നാടുകടത്തപ്പെട്ടു. അവിടെ അവൻ തന്റെ യഹൂദ സഹോദരന്മാർക്കിടയിൽ പ്രവചിച്ചു. യെരൂശലേം നശിപ്പിക്കപ്പെടുമെന്നു രണ്ടു പ്രവാചകന്മാരും സധൈര്യം പ്രഖ്യാപിച്ചു. മറ്റു പ്രവാചകന്മാരാകട്ടെ, ഇതു സംഭവിക്കാൻ ദൈവം അനുവദിക്കില്ലെന്നും പറഞ്ഞു. ശരിയായതരത്തിലുള്ള പ്രവാചകന്മാരാണെന്നു തെളിഞ്ഞത് ആരായിരുന്നു?
യഹോവ വ്യാജപ്രവാചകന്മാരെ തുറന്നുകാട്ടുന്നു
3, 4. (എ) ബാബിലോനിലെ ഇസ്രായേല്യർക്ക് ഏതു വിപരീത സന്ദേശങ്ങൾ നൽകപ്പെട്ടു, യഹോവ ഒരു വ്യാജസന്ദേശവാഹകനെ തുറന്നുകാട്ടിയതെങ്ങനെ? (ബി) കള്ളപ്രവാചകന്മാർക്ക് എന്തു സംഭവിക്കുമെന്നാണ് യഹോവ പറഞ്ഞത്?
3 യെരൂശലേം ആലയത്തിനുള്ളിൽ സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം യെഹെസ്കേലിനു ബാബിലോനിൽവെച്ച് ഒരു ദർശനം ലഭിച്ചു. അതിന്റെ കിഴക്കേ കവാടത്തിങ്കൽ 25 പുരുഷന്മാർ. അവർക്കിടയിൽ രണ്ടു പ്രഭുക്കന്മാർ. യയസന്യാവും പെലത്യാവും. യഹോവ അവരെ എങ്ങനെയാണു വീക്ഷിച്ചത്? യെഹെസ്കേൽ 11:2, 3 [NW] ഉത്തരം നൽകുന്നു: “മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിനെതിരെ ദോഷം നിരൂപിച്ചു ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു. ‘വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ലേ?’ എന്ന് അവർ പറയുന്നു.” ധിക്കാരികളായ ഈ സമാധാന സന്ദേശവാഹകർ പറഞ്ഞത് ഇതാണ്, ‘യെരൂശലേമിന് യാതൊരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല. വാസ്തവത്തിൽ അവിടെ നാം കൂടുതൽ വീടുകൾ പണിയാൻ പോകുകയാണ്!’ അതുകൊണ്ട് നുണപറയുന്ന ഈ പ്രവാചകന്മാർക്കെതിരെ എതിർപ്രവചനം നടത്താൻ ദൈവം യെഹെസ്കേലിനോട് ആവശ്യപ്പെട്ടു. 11-ാം അധ്യായത്തിന്റെ 13-ാം വാക്യത്തിൽ, അവരിലൊരാൾക്ക് എന്തു സംഭവിച്ചുവെന്നു യെഹെസ്കേൽ നമ്മോടു പറയുന്നു: “ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു.” ഇതു സംഭവിച്ചതു പെലത്യാവ് ഏറ്റവും പ്രാമുഖ്യതയും സ്വാധീനവുമുള്ള പ്രഭുവും ഒന്നാംകിട വിഗ്രഹാരാധകനും ആയിരുന്നതുകൊണ്ടാകാം. പെട്ടെന്നുള്ള മരണം അവൻ കള്ളപ്രവാചകനായിരുന്നുവെന്നതിനുള്ള തെളിവായി!
4 യഹോവ പെലത്യാവിനെ വധിച്ചിട്ടും മറ്റു കള്ളപ്രവാചകന്മാർ ദൈവത്തിന്റെ നാമത്തിൽ വ്യാജം പറയുന്നതു നിർത്തിയില്ല. ഈ വഞ്ചകർ ദൈവഹിതത്തിനെതിരെ പ്രവചിക്കുന്ന ഭ്രാന്തൻഗതി തുടർന്നു. അതുകൊണ്ട് യഹോവയാം ദൈവം യെഹെസ്കേലിനോടു പറഞ്ഞു: “സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്കു അയ്യോ കഷ്ടം!” പെലത്യാവിനെപ്പോലെ, “സമാധാനമില്ലാതിരിക്കെ” യെരൂശലേമിനു ധിക്കാരപൂർവം “സമാധാനദർശനങ്ങളെ ദർശിക്കുന്ന”വർ ‘ഇല്ലാ’താകും.—യെഹെസ്കേൽ 13:3, 15, 16.
5, 6. സകല വ്യാജസന്ദേശവാഹകരിൽ നിന്നും വ്യത്യസ്തനായി യെശയ്യാവ് യഥാർഥ പ്രവാചകനാണെന്നു തെളിഞ്ഞതെങ്ങനെ?
5 യെശയ്യാവിന്റെ കാര്യത്തിലാണെങ്കിൽ, യെരൂശലേമിനെക്കുറിച്ചുള്ള അവന്റെ എല്ലാ ദിവ്യസന്ദേശങ്ങളും സത്യമായിത്തീർന്നു. പൊ.യു.മു. 607-ലെ വേനൽക്കാലത്ത്, ബാബിലോന്യർ നഗരം നശിപ്പിച്ച് യഹൂദശേഷിപ്പിനെ ബാബിലോനിലേക്കു തടവുകാരായി പിടിച്ചുകൊണ്ടുപോയി. (2 ദിനവൃത്താന്തം 36:15-21; യെഹെസ്കേൽ 22:28; ദാനീയേൽ 9:2) ഈ ദുരന്തങ്ങൾ നിമിത്തം കള്ളപ്രവാചകന്മാർ ദൈവജനത്തോട് പൊട്ടച്ചൊല്ലുകൾ ചൊരിയുന്നതു നിർത്തിയോ? ഇല്ല, നുണപറയുന്ന ആ സന്ദേശവാഹകർ അതു തുടർന്നതേയുള്ളൂ!
6 ഇതുംപോരാഞ്ഞ്, ഇസ്രായേല്യ പ്രവാസികൾക്കു ബാബിലോന്റെ പൊങ്ങച്ചക്കാരായ ഭാഗ്യംപറച്ചിലുകാരുടെയും പ്രശ്നക്കാരുടെയും ജ്യോതിഷക്കാരുടെയും സ്വാധീനവലയത്തിലാകാനുള്ള സാഹചര്യവുമുണ്ടായിരുന്നു. എന്നിരുന്നാലും, യഹോവ തിരിച്ചടിനടത്തി ഈ സകല വ്യാജസന്ദേശവാഹകരും പരാജിതരായ ഭോഷന്മാരാണെന്നു തെളിയിച്ചു. എന്നാൽ തക്കസമയത്ത് യെശയ്യാവിനെപ്പോലെ യെഹെസ്കേലും തന്റെ യഥാർഥ സന്ദേശവാഹകനാണെന്ന് അവൻ പ്രകടമാക്കി. അവരിലൂടെ അരുളിച്ചെയ്ത തന്റെ എല്ലാ വചനങ്ങളും വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ യഹോവ നിവർത്തിച്ചു: “ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു. ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു [“സന്ദേശവാഹകരുടെ ഉപദേശം പൂർണമായി നിവർത്തിക്കുന്നു,” NW].”—യെശയ്യാവു 44:25, 26.
ബാബിലോനെയും യെരൂശലേമിനെയും കുറിച്ച് അമ്പരപ്പിക്കുന്ന സന്ദേശങ്ങൾ
7, 8. ബാബിലോനുവേണ്ടി യെശയ്യാവിന് എന്തു നിശ്വസ്ത സന്ദേശമുണ്ടായിരുന്നു, അവന്റെ വാക്കുകൾ എന്തർഥമാക്കി?
7 യഹൂദയും യെരൂശലേമും 70 വർഷത്തേക്കു മനുഷ്യവാസമില്ലാതെ ശൂന്യമാക്കപ്പെടാൻ പോകുകയായിരുന്നു. എന്നിരുന്നാലും, താൻ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കൃത്യസമയത്തുതന്നെ നഗരം പുനർനിർമിതമാകുമെന്നും പ്രദേശത്ത് ആൾപ്പാർപ്പുണ്ടാകുമെന്നും യെശയ്യാവിലൂടെയും യെഹെസ്കേലിലൂടെയും യഹോവ പ്രഖ്യാപിച്ചു! ഇതു വിസ്മയാവഹമായ ഒരു പ്രവചനമായിരുന്നു. എന്തുകൊണ്ട്? എന്തെന്നാൽ തടവുകാരെ സ്വതന്ത്രരാക്കുന്ന ഒരു പതിവ് ബാബിലോന് ഇല്ലായിരുന്നു. (യെശയ്യാവു 14:4, 15-17) അതുകൊണ്ട് ഈ തടവുകാരെ ആർ മോചിപ്പിക്കും? കൂറ്റൻ മതിലുകളും നദി-പ്രതിരോധ സംവിധാനവുമുള്ള പ്രബല ശക്തിയായ ബാബിലോനെ ആർ തോൽപ്പിക്കും? സർവശക്തനായ യഹോവയ്ക്കു സാധിക്കുമായിരുന്നു! താനത് ചെയ്യുമെന്ന് അവൻ പറഞ്ഞു: “ഞാൻ ആഴിയോടു [അതായത് നഗരത്തിന്റെ ജലപ്രതിരോധത്തോട്] ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു. കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിനു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”—യെശയ്യാവു 44:25, 27, 28.
8 അതേക്കുറിച്ചൊന്നു ചിന്തിച്ചുനോക്കുക! മനുഷ്യനു ശരിക്കും ദുർഗമ പ്രതിബന്ധമായിരുന്ന യൂഫ്രട്ടീസ് നദി. പക്ഷേ യഹോവയ്ക്ക് അതു ചുട്ടുപഴുത്ത പ്രതലത്തിലെ ഒരു നീർത്തുള്ളി പോലെയായിരുന്നു. പെട്ടെന്ന് അതിലെ വെള്ളം ആവിയാകും! ബാബിലോൻ വീഴും. പേർഷ്യക്കാരനായ കോരെശിന്റെ ജനനത്തിനു 150 വർഷം മുമ്പായിരുന്നെങ്കിലും, ഈ രാജാവ് ബാബിലോനെ പിടിച്ചടക്കി യഹൂദ തടവുകാരെ മോചിപ്പിക്കുകയും യെരൂശലേമും അതിന്റെ ആലയവും പുനർനിർമിക്കുന്നതിനായി മടങ്ങിപ്പോകാൻ അവരെ അനുവദിക്കുകയും ചെയ്യുമെന്ന് യഹോവ യെശയ്യാവിനെക്കൊണ്ട് മുൻകൂട്ടിപ്പറയിച്ചിരുന്നു.
9. ബാബിലോനെ ശിക്ഷിക്കുന്നതിനുള്ള അധികൃതനായി യഹോവ ആരുടെ പേർ ചൂണ്ടിക്കാട്ടി?
9 യെശയ്യാവു 45:1-3-ൽ നാം ഈ പ്രവചനം കാണുന്നു: “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു—അവന്നു ജാതികളെ കീഴടക്കി . . . കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു—: ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. നിന്നെ പേർ ചൊല്ലി വിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും” തരും.
10. ഏതു വിധത്തിലാണ് കോരെശ് “അഭിഷിക്തനാ”യിരുന്നത്, അവന്റെ ജനനത്തിനു നൂറിലധികം വർഷംമുമ്പ് യഹോവയ്ക്ക് അവനോടു സംസാരിക്കാൻ കഴിഞ്ഞതെങ്ങനെ?
10 ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയോടെന്നപോലെയാണ് യഹോവ കോരെശിനോടു സംസാരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ഇതു യഹോവ “ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കു”ന്നു എന്ന പൗലൊസിന്റെ പ്രസ്താവനയുമായി യോജിക്കുന്നു. (റോമർ 4:17) കൂടാതെ, ദൈവം കോരെശിനെ “അഭിഷിക്തനായ” ഒരുവനായി തിരിച്ചറിയിക്കുന്നു. അവൻ അതു ചെയ്തതെന്തുകൊണ്ട്? എന്തൊക്കെയായാലും, യഹോവയുടെ മഹാപുരോഹിതൻ കോരെശിന്റെ ശിരസ്സിൽ ഒരിക്കലും അഭിഷേകതൈലം ഒഴിച്ചില്ലല്ലോ. ശരിയാണ്, എങ്കിലും ഇതൊരു പ്രാവചനിക അഭിഷേകമാണ്. ഒരു പ്രത്യേക പദവിയിൽ അവരോധിക്കുന്നതിനെയാണ് അതു സൂചിപ്പിക്കുന്നത്. അതുകൊണ്ട് താൻ കോരെശിനെ മുന്നമേ നിയമിച്ചതിനെ അഭിഷേകമെന്നു പറയാൻ ദൈവത്തിനു കഴിഞ്ഞു.—1 രാജാക്കന്മാർ 19:15-17-ഉം 2 രാജാക്കന്മാർ 8:13-ഉം താരതമ്യം ചെയ്യുക.
തന്റെ സന്ദേശവാഹകരുടെ വാക്കുകൾ ദൈവം നിറവേറ്റുന്നു
11. ബാബിലോനിലെ നിവാസികൾക്കു സുരക്ഷിതത്വം തോന്നിയത് എന്തുകൊണ്ട്?
11 തങ്ങൾ വളരെ സുരക്ഷിതരും നിർഭയരുമാണെന്നു ബാബിലോന്റെ പൗരന്മാർ വിചാരിച്ചിരുന്ന സമയത്തായിരുന്നു കോരെശ് ബാബിലോനെതിരെ നീങ്ങിയത്. യൂഫ്രട്ടീസ് നദിനിമിത്തം അവരുടെ നഗരത്തിനു ചുറ്റും നല്ല ആഴത്തിലും പരപ്പിലും വെള്ളമുള്ള പ്രതിരോധ കിടങ്ങുകളുണ്ടായിരുന്നു. നഗരത്തിലൂടെ നദി ഒഴുകിയ സ്ഥലങ്ങളിൽ നദിയുടെ കിഴക്കേ തീരത്ത് കപ്പൽ അടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. അതിനെ നഗരത്തിൽനിന്നു വേർതിരിക്കുന്നതിന്, നെബൂഖദ്നേസർ “ഒരു വൻമതിൽ” നിർമിച്ചിരുന്നു. “മലയോളം ഉയരത്തിൽ പണിതിരിക്കുന്ന ഇതിനെ . . . മലയെപ്പോലെ നീക്കാനാവാത്ത വൻമതിൽ” എന്ന് അവൻ വിളിച്ചിരുന്നു.a ഈ മതിലിനു കൂറ്റൻ താമ്രവാതിലുകൾ ഘടിപ്പിച്ച കവാടങ്ങളുണ്ടായിരുന്നു. ഒരാൾക്ക് അതിൽ പ്രവേശിക്കാൻ, നദീതടത്തിൽനിന്നുള്ള ചരിവിലൂടെ മുകളിലേക്കു കയറണം. ബാബിലോനിലെ തടവുകാർക്കു സ്വതന്ത്രരാക്കപ്പെടുമെന്ന പ്രതീക്ഷയ്ക്കു വകയില്ലാതിരുന്നതിൽ അതിശയിക്കാനില്ല!
12, 13. കോരെശ് ബാബിലോനെ പിടിച്ചടക്കിയപ്പോൾ, സന്ദേശവാഹകനായ യെശയ്യാവിലൂടെ യഹോവ നൽകിയ വചനങ്ങൾ സത്യമായിത്തീർന്നതെങ്ങനെ?
12 എന്നാൽ യഹോവയിൽ വിശ്വാസമുണ്ടായിരുന്ന യഹൂദ തടവുകാർ അങ്ങനെ വിചാരിച്ചില്ല! അവർക്കു ശോഭനമായ ഒരു പ്രത്യാശയുണ്ടായിരുന്നു. തന്റെ പ്രവാചകന്മാരിലൂടെ ദൈവം അവരെ മോചിപ്പിക്കുമെന്നു പ്രവചിച്ചിരുന്നു. ദൈവം ഈ വാഗ്ദാനം എങ്ങനെ നിവർത്തിച്ചു? ബാബിലോനു വടക്ക് കുറെ കിലോമീറ്ററുകൾ അകലെയുള്ള ഒരു സ്ഥലത്തുവെച്ച് യൂഫ്രട്ടീസ് നദിയുടെ വെള്ളം തിരിച്ചുവിടാൻ കോരെശ് സൈന്യത്തോടു കൽപ്പിച്ചു. അങ്ങനെ, നഗരത്തിന്റെ പ്രധാന പ്രതിരോധമായിരുന്നത് ഇപ്പോൾ താരതമ്യേന ഉണങ്ങിയ ഒരു നദീതടമായി. ആ നിർണായക രാത്രിയിൽ, ബാബിലോനിലെ കുടിച്ചുകൂത്താട്ടക്കാർ യൂഫ്രട്ടീസിനോടു ചേർന്നുള്ള നദീമുഖത്തെ ഇരട്ടപ്പാളി വാതിലുകൾ അശ്രദ്ധമായി തുറന്നിട്ടിരുന്നു. യഹോവ അക്ഷരാർഥത്തിൽ താമ്രവാതിലുകൾ തകർത്തു തിരിപ്പണമാക്കിയില്ല; അവയെ അടച്ചിരുന്ന ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുമില്ല. എന്നാൽ അവ തുറന്നിരിക്കാനും ഓടാമ്പലുകൾ പൂട്ടിവെക്കാതിരിക്കാനും തക്കവണ്ണം അവൻ സംഗതികൾ അത്ഭുതകരമായി ഇണക്കിയത് അതേ ഫലംതന്നെ ഉളവാക്കി. ബാബിലോന്റെ മതിലുകൾ ഉപയോഗപ്രദമായില്ല. ഉള്ളിൽ പ്രവേശിക്കാൻ കോരെശിന്റെ സൈന്യത്തിനു മതിലു കയറേണ്ടിവന്നില്ല. യഹോവ മുമ്പേ പോയി “ദുർഘടങ്ങളെ”യെല്ലാം നീക്കി. അതേ, എല്ലാ പ്രതിബന്ധങ്ങളെയും. യെശയ്യാവ് ദൈവത്തിന്റെ യഥാർഥ സന്ദേശവാഹകനാണെന്നു തെളിഞ്ഞു.
13 നഗരം കോരെശിന്റെ പൂർണ നിയന്ത്രണത്തിലായതോടെ ഇരുട്ടിലെ നിക്ഷേപങ്ങളും മറവിടങ്ങളിലെ ഗുപ്തനിധികളുമുൾപ്പെടെ അതിലെ നിധികളെല്ലാം അവന്റെ കൈകളിലായി. യഹോവയാം ദൈവം കോരെശിന് ഇതു ചെയ്തുകൊടുത്തത് എന്തുകൊണ്ട്? ‘തന്നെ പേർ ചൊല്ലി വിളിക്കുന്ന’വനായ യഹോവ സത്യമായ പ്രവചനങ്ങൾ നടത്തുന്ന ദൈവമാണെന്നും അഖിലാണ്ഡത്തിന്റെ പരമാധീശ കർത്താവാണെന്നും അവൻ അറിയുന്നതിനുവേണ്ടിയായിരുന്നു. തന്റെ ജനമായ ഇസ്രായേലിനെ മോചിപ്പിക്കുന്നതിനായി തന്നെ അധികാരത്തിലെത്തിച്ചത് ദൈവമാണെന്ന് അവൻ അറിയണമായിരുന്നു.
14, 15. കോരെശ് ബാബിലോനെ കീഴടക്കിയതിന്റെ മഹത്ത്വം യഹോവയ്ക്കുള്ളതാണെന്നു നമുക്കെങ്ങനെ അറിയാം?
14 കോരെശിനോടുള്ള യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുക: “എന്റെ ദാസനായ യാക്കോബ്നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു. ഞാൻ യഹോവയാകുന്നു; മറെറാരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറെറാരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറെറാരുത്തനും ഇല്ല. ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ [തന്റെ പ്രവാസികളായ ജനത്തിന്] നന്മയെ [“സമാധാനം,” NW] ഉണ്ടാക്കുന്നു, [ബാബിലോന്] തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.”—യെശയ്യാവു 45:4-7.
15 കോരെശ് ബാബിലോൻ പിടിച്ചടക്കിയതിന്റെ മഹത്ത്വം യഹോവയ്ക്കുള്ളതാണ്, ആ ദുഷ്ട നഗരത്തിനെതിരെ തന്റെ ഹിതം നിവർത്തിക്കുന്നതിനും തടവുകാരായ തന്റെ ജനത്തെ മോചിപ്പിക്കുന്നതിനും അവനെ ശക്തീകരിച്ചത് യഹോവയായിരുന്നു. അതു ചെയ്യുന്നതിനായി, ദൈവം ആകാശത്തോട് നീതിനിഷ്ഠമായ സ്വാധീനങ്ങളെ അഥവാ സേനകളെ അയയ്ക്കാൻ ആജ്ഞാപിച്ചു. അവൻ ഭൂമിയോട് നീതിനിഷ്ഠമായ സംഭവങ്ങൾ ഉളവാക്കി പ്രവാസികളായ തന്റെ ജനത്തെ രക്ഷിക്കാൻ ആജ്ഞാപിച്ചു. അവന്റെ പ്രതീകാത്മക ആകാശവും ഭൂമിയും ഈ കൽപ്പനയോടു പ്രതികരിച്ചു. (യെശയ്യാവു 45:8) യെശയ്യാവ് മരണമടഞ്ഞ് നൂറിലധികം വർഷത്തിനുശേഷം, അവൻ യഹോവയുടെ യഥാർഥ പ്രവാചകനായിരുന്നുവെന്നു തെളിഞ്ഞു!
സീയോനു സന്ദേശവാഹകന്റെ സുവാർത്ത!
16. ബാബിലോൻ പരാജയത്തിലമർന്നപ്പോൾ, ശൂന്യമാക്കപ്പെട്ട യെരൂശലേം നഗരത്തിൽ എന്തു സുവാർത്ത പ്രഘോഷിക്കാമായിരുന്നു?
16 അതു മാത്രമല്ല, യെരൂശലേമിന് ഒരു സുവാർത്തയുമുണ്ടായിരുന്നു. അതിനെക്കുറിച്ച് യെശയ്യാവു 52:7 പറയുന്നു: “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” പർവതങ്ങളിൽനിന്ന് ഒരു സന്ദേശവാഹകൻ യെരൂശലേമിനെ സമീപിക്കുന്നതു കാണുന്നത് എത്ര പുളകപ്രദമാണ്. അതൊന്നു വിഭാവന ചെയ്തുനോക്കൂ! അയാളുടെ കൈവശം ഒരു വാർത്ത ഉണ്ടായിരിക്കണം. എന്താണത്? സീയോന് ആനന്ദകരമായ വാർത്തയാണത്. സമാധാനത്തെക്കുറിച്ചുള്ള വാർത്ത, അതേ, ദൈവത്തിന്റെ സന്മനസ്സിനെക്കുറിച്ചുള്ള വാർത്ത. യെരൂശലേമും അവിടത്തെ ആലയവും പുനർനിർമിക്കപ്പെടും! വിജയശ്രീലാളിത ആവേശത്തോടെ ആ സന്ദേശവാഹകൻ ഉദ്ഘോഷിക്കുന്നു: “നിന്റെ ദൈവം വാഴുന്നു!”
17, 18. ബാബിലോന്റെമേലുള്ള കോരെശിന്റെ ജയിച്ചടക്കലിനു യഹോവയുടെ നാമത്തിന്മേൽ എന്തു സ്വാധീനമുണ്ടായിരുന്നു?
17 യഹോവ ദാവീദിന്റെ രാജവംശത്തിലെ രാജാക്കന്മാർ ഇരുന്ന പ്രതീകാത്മക സിംഹാസനത്തെ മറിച്ചിടാൻ ബാബിലോനെ അനുവദിച്ചപ്പോൾ, അവൻ മേലാൽ രാജാവല്ലെന്ന പ്രതീതി ഉളവായിരുന്നിരിക്കാം. പകരം, ബാബിലോന്റെ മുഖ്യദേവനായ മർദൂക് രാജാവായി കാണപ്പെട്ടു. എന്നിരുന്നാലും, സീയോന്റെ ദൈവം ബാബിലോനെ വീഴ്ത്തിയപ്പോൾ, അവൻ തന്റെ അഖിലാണ്ഡ പരമാധികാരം—താൻ ഏറ്റവും വലിയ രാജാവാണെന്ന്—പ്രകടമാക്കി. ഈ വസ്തുതയ്ക്ക് അടിവരയിടുന്നതിന്, “മഹാരാജാവിന്റെ നഗര”മായ യെരൂശലേം, അതിന്റെ ആലയം സഹിതം, പുനഃസ്ഥാപിതമാകേണ്ടിയിരുന്നു. (മത്തായി 5:35) അത്തരം സുവാർത്ത കൊണ്ടുവന്ന സന്ദേശവാഹകന്റെ കാര്യമാണെങ്കിലോ, അവന്റെ പാദങ്ങൾ ചതഞ്ഞതും പൊടിപറ്റി അഴുക്കായതുമാണങ്കിലും, സീയോനെ സ്നേഹിക്കുന്നവരുടെയും അവളുടെ ദൈവത്തിന്റെയും ദൃഷ്ടിയിൽ അവ അതിമനോഹരമായിരുന്നു!
18 പ്രാവചനികമായി, ബാബിലോന്റെ വീഴ്ച ദൈവരാജ്യം സ്ഥാപിതമായെന്നും സുവാർത്താവാഹകൻ ആ വസ്തുതയുടെ ഒരു പ്രഘോഷകനാണെന്നും അർഥമാക്കി. കൂടാതെ, യെശയ്യാവിലൂടെ മുൻകൂട്ടിപ്പറയപ്പെട്ട ഈ പുരാതന സന്ദേശവാഹകൻ കൂടുതൽ മഹത്തായ ഒരു സുവാർത്താദൂതന്റെ പൂർവചിത്രം പ്രദാനം ചെയ്തു. അതിന്റെ അതിവിശിഷ്ട ഉള്ളടക്കവും രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളും വിശ്വാസികളായ സകലയാളുകൾക്കുമുള്ള വിസ്മയാവഹമായ അനുഗ്രഹങ്ങളും കണക്കിലെടുക്കുമ്പോൾ അതു മഹത്തരംതന്നെയാണ്.
19. ഇസ്രായേൽദേശത്തെക്കുറിച്ചു യഹോവ യെഹെസ്കേൽ മുഖാന്തരം എന്തു സന്ദേശം കൊടുത്തു?
19 പുനഃസ്ഥാപനം സംബന്ധിച്ച ശോഭനമായ പ്രവചനങ്ങൾ യെഹെസ്കേലിനും ലഭിച്ചു. അവൻ പ്രവചിച്ചു: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: . . . നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും. ശുന്യമായ്ക്കിടന്നിരുന്ന ദേശം ഏദെൻതോട്ടം പോലെയായ്തീർന്നുവല്ലോ . . . എന്നു അവർ പറയും.”—യെഹെസ്കേൽ 36:33, 35.
20. യെശയ്യാവ് യെരൂശലേമിന് ആഹ്ലാദപൂർവകമായ ഏത് ഉദ്ബോധനം നൽകി?
20 ബാബിലോനിൽ അടിമത്തത്തിലായിരുന്നപ്പോൾ, ദൈവജനത സീയോനെക്കുറിച്ചു വിലപിച്ചിരുന്നു. (സങ്കീർത്തനം 137:1) ഇപ്പോൾ അവർക്ക് ആഹ്ലാദിക്കാനാകുമായിരുന്നു. യെശയ്യാവ് ഉദ്ബോധിപ്പിച്ചു: “യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അററങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.”—യെശയ്യാവു 52:9, 10.
21. ബാബിലോന്റെ പരാജയത്തെത്തുടർന്ന്, യെശയ്യാവു 52:9, 10-ലെ വചനങ്ങൾ നിവൃത്തിയേറിയതെങ്ങനെ?
21 അതേ, യഹോവയുടെ തിരഞ്ഞെടുത്ത ജനത്തിന് ആഹ്ലാദിക്കാൻ നല്ല കാരണമുണ്ടായിരുന്നു. ഒരിക്കൽ ശൂന്യമായിരുന്ന ആ സ്ഥലങ്ങളിൽ അവരിപ്പോൾ വീണ്ടും പാർക്കാൻ പോകുകയാണ്, അവയെ ഏദെൻ തോട്ടംപോലെയാക്കാൻ പോകുകയാണ്. യഹോവ അവർക്കായി “തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കി.” ആലങ്കാരികമായി, അവരെ തന്റെ പ്രിയപ്പെട്ട സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ അവൻ തന്റെ കുപ്പായക്കൈകൾ തെറുത്തുകയറ്റി. ചരിത്രത്തിൽ ഇതു കേവലമൊരു നിസ്സാര, അപ്രധാന സംഭവമായിരുന്നില്ല. ഇല്ല, ഒരു ജനതയ്ക്ക് അതിശയകരമായ രക്ഷ കൈവരുത്തുന്നതിനുവേണ്ടി മനുഷ്യരുടെ കാര്യാദികളിൽ ശക്തി പ്രയോഗിച്ചുകൊണ്ട് ദൈവം ‘ഭുജത്തെ നഗ്നമാക്കി’യത് അന്നു ജീവിച്ചിരുന്ന എല്ലാ ആളുകളും കണ്ടു. യെശയ്യാവും യെഹെസ്കേലും യഹോവയുടെ യഥാർഥ സന്ദേശവാഹകരായിരുന്നുവെന്നതിനുള്ള സുവ്യക്തമായ തെളിവ് അവർക്കു നൽകപ്പെട്ടു. സർവഭൂമിയിലും ജീവനുള്ള സത്യദൈവം സീയോന്റെ ദൈവം മാത്രമാണെന്നതിന് ആർക്കും സംശയമുണ്ടാകുമായിരുന്നില്ല. യെശയ്യാവു 35:2-ൽ [NW] നാം വായിക്കുന്നു: “യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണുന്നവർ ഉണ്ടായിരിക്കും.” യഹോവയുടെ ദൈവത്വത്തിന്റെ ഈ തെളിവു സ്വീകരിച്ചവർ അവന്റെ ആരാധനയിലേക്കു വന്നു.
22. (എ) നാമിന്ന് ഏതു കാര്യത്തെപ്രതി നന്ദിയുള്ളവരായിരിക്കണം? (ബി) യഹോവ വ്യാജസന്ദേശവാഹകരെ തുറന്നുകാട്ടുന്നതിൽ നമുക്കു വിശേഷാൽ നന്ദിയുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
22 യഹോവ തന്റെ യഥാർഥ സന്ദേശവാഹകരെ തിരിച്ചറിയിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരായിരിക്കണം! അവൻ തീർച്ചയായും “തന്റെ ദാസന്റെ വചനം സത്യമാക്കിത്തീർക്കുന്നവനും തന്റെ സ്വന്തം സന്ദേശവാഹകരുടെ ഉപദേശം പൂർണമായി നിവർത്തിക്കുന്നവനു”മാണ്. (യെശയ്യാവു 44:26, NW) അവൻ യെശയ്യാവിനും യെഹെസ്കേലിനും കൊടുത്ത പുനഃസ്ഥിതീകരണ പ്രവചനങ്ങൾ അവന്റെ മഹത്തായ സ്നേഹത്തെയും അനർഹദയയെയും തന്റെ ദാസന്മാരോടുള്ള കരുണയെയും മഹത്ത്വീകരിക്കുന്നു. തീർച്ചയായും, യഹോവ ഇതിനെല്ലാം നമ്മുടെ സ്തുതി അർഹിക്കുന്നുണ്ട്! അവൻ വ്യാജസന്ദേശവാഹകരെ തുറന്നുകാട്ടുന്നതിൽ നാമിന്നു വിശേഷാൽ നന്ദിയുള്ളവരായിരിക്കണം, വിശേഷിച്ചും ലോകത്തിൽ ഇന്ന് അത്തരക്കാർ അനേകരുള്ള സ്ഥിതിക്ക്. അവരുടെ ഘനഗംഭീരമായ സന്ദേശങ്ങൾ യഹോവയുടെ പ്രഖ്യാപിത ഉദ്ദേശ്യങ്ങളെ അവഗണിക്കുന്നു. ആ വ്യാജസന്ദേശവാഹകരെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നതാണ് അടുത്ത ലേഖനം.
[അടിക്കുറിപ്പുകൾ]
a ഇരാ മൗരിസ് പ്രൈസിന്റെ സ്മാരകങ്ങളും പഴയ നിയമവും (ഇംഗ്ലീഷ്), 1925.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ യഹോവ തന്റെ യഥാർഥ സന്ദേശവാഹകരെ തിരിച്ചറിയിക്കുന്നതെങ്ങനെ?
□ ബാബിലോനെ കീഴടക്കാനുള്ള അധികൃതനായി യഹോവ, യെശയ്യാവ് മുഖാന്തിരം ആരുടെ പേർ സൂചിപ്പിച്ചു?
□ ബാബിലോന്റെ പരാജയത്തെ വർണിക്കുന്ന യെശയ്യാവിന്റെ പ്രവചനങ്ങൾ നിവൃത്തിയേറിയതെങ്ങനെ?
□ ബാബിലോന്റെ പരാജയം യഹോവയുടെ നാമത്തിന്മേൽ എന്തു സത്ഫലമുണ്ടാക്കി?
[9-ാം പേജിലെ ചിത്രം]
യെഹെസ്കേലിന്റെ നാളിലെ രാഷ്ട്രങ്ങൾക്കു ബാബിലോൻ അജയ്യമായി തോന്നിയിരുന്നു