അവർ യഹോവയുടെ ഹിതം ചെയ്തു
ഫിലിപ്പോസ് എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ സ്നാനപ്പെടുത്തുന്നു
ഒരു എത്യോപ്യൻ തന്റെ തേരിൽ യാത്രചെയ്യവേ, ജ്ഞാനപൂർവം സമയം ചെലവഴിക്കുകയായിരുന്നു. ഒന്നാം നൂറ്റാണ്ടിലെ യാത്രക്കാർക്കിടയിൽ സാധാരണമായിരുന്നതുപോലെ അവൻ ഉച്ചത്തിൽ വായിച്ചുകൊണ്ടിരുന്നു. “കന്ദക്ക എന്ന ഐത്യോപ്യരാജ്ഞിയുടെ” ഒരു ഉദ്യോഗസ്ഥനായിരുന്നു ആ വ്യക്തി.a അവൻ “അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരക”നായിരുന്നു—ഫലത്തിൽ, ഒരു ധനകാര്യമന്ത്രി. പരിജ്ഞാനം സമ്പാദിക്കുന്നതിനുവേണ്ടി ആ ഉദ്യോഗസ്ഥൻ ദൈവവചനത്തിൽനിന്നു വായിക്കുകയായിരുന്നു.—പ്രവൃത്തികൾ 8:27, 28.
സുവിശേഷകനായ ഫിലിപ്പോസായിരുന്നു സമീപം. ഒരു ദൂതൻ അവനെ ആ സ്ഥലത്തേക്കു നയിച്ചിരുന്നു. മാത്രവുമല്ല, “നീ അടുത്തുചെന്നു തേരിനോടു ചേർന്നു നടക്ക” എന്ന് ഇപ്പോൾ അവനോടു പറയുകയുണ്ടായി. (പ്രവൃത്തികൾ 8:26, 29) ‘ഈ മനുഷ്യൻ ആരാണ്? ഇയാൾ എന്താണു വായിക്കുന്നത്? എന്നെ ഇയാളുടെ അടുക്കലേക്കു നയിക്കാൻ കാരണമെന്താണ്?’ എന്നു ഫിലിപ്പോസ് സ്വയം ചോദിക്കുന്നതു നമുക്കു വിഭാവന ചെയ്യാനാകും.
ഫിലിപ്പോസ് തേരിനൊപ്പം ഓടിയെത്തുമ്പോൾ, ആ എത്യോപ്യൻ ഈ വാക്കുകൾ വായിക്കുന്നത് അവൻ കേട്ടു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ.”—പ്രവൃത്തികൾ 8:32, 33.
ഫിലിപ്പോസ് ഉടനടി ആ ഭാഗം തിരിച്ചറിഞ്ഞു. അതു യെശയ്യാവിന്റെ പുസ്തകത്തിൽനിന്നായിരുന്നു. (യെശയ്യാവു 53:7, 8) താൻ വായിച്ച ഭാഗം ആ എത്യോപ്യനെ ആശയക്കുഴപ്പത്തിലാക്കി. “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?” എന്നു ചോദിച്ചുകൊണ്ടു ഫിലിപ്പോസ് ഒരു സംഭാഷണത്തിനു തുടക്കമിട്ടു. “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും,” എത്യോപ്യൻ മറുപടി പറഞ്ഞു. തന്നോടൊപ്പം തേരിൽ കയറിയിരിക്കാൻ അവൻ ഫിലിപ്പോസിനോട് അഭ്യർഥിച്ചു.—പ്രവൃത്തികൾ 8:30, 31.
‘ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം?’
എത്യോപ്യൻ ഫിലിപ്പോസിനോട്, “ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.” (പ്രവൃത്തികൾ 8:34) ആ എത്യോപ്യന് ആശയക്കുഴപ്പമുണ്ടായതിൽ അതിശയിക്കാനില്ലായിരുന്നു, കാരണം യെശയ്യാവിന്റെ പ്രവചനത്തിലുള്ള “ആടി”ന്റെ അല്ലെങ്കിൽ “ദാസ”ന്റെ താദാത്മ്യം ദീർഘകാലമായി ഒരു മർമമായിരുന്നു. (യെശയ്യാവു 53:11) ഫിലിപ്പോസ് എത്യോപ്യനെ “യേശുവിനെക്കുറിച്ചുള്ള സുവിശേഷം” അറിയിച്ചപ്പോൾ അത് അവന് എത്ര വ്യക്തമായിക്കാണണം! കുറച്ചു നേരം കഴിഞ്ഞ് ആ എത്യോപ്യൻ പറഞ്ഞു: “ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം.” തന്മൂലം ഫിലിപ്പോസ് ഉടനടി അവനെ സ്നാനപ്പെടുത്തി.—പ്രവൃത്തികൾ 8:35-38.
ഇത് എടുത്തുചാടിയുള്ള ഒരു നടപടിയായിരുന്നോ? ഒരിക്കലുമല്ല! ആ എത്യോപ്യൻ ഒരു യഹൂദ മതപരിവർത്തിതൻ ആയിരുന്നു.b തന്മൂലം അവൻ നേരത്തെതന്നെ, മശിഹൈക പ്രവചനങ്ങൾ ഉൾപ്പെടെ തിരുവെഴുത്തുകളെക്കുറിച്ച് അറിവുള്ള, യഹോവയുടെ ഒരു ആരാധകനായിരുന്നു. എന്നിരുന്നാലും, അവന്റെ അറിവ് അപൂർണമായിരുന്നു. ഇപ്പോൾ യേശുക്രിസ്തുവിന്റെ ധർമത്തെക്കുറിച്ചു ജീവത്പ്രധാനമായ വിവരം ലഭിച്ചപ്പോൾ ദൈവം തന്നിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്ന് ആ എത്യോപ്യനു മനസ്സിലായി, അവൻ അതിന് ഒരുക്കവുമായിരുന്നു. സ്നാപനം ഉചിതമായിരുന്നു.—മത്തായി 28:18-20; 1 പത്രൊസ് 3:21.
അതിനുശേഷം, “കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി.” അവൻ മറ്റൊരു നിയമനത്തിലേർപ്പെട്ടു. എത്യോപ്യൻ “സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി.”—പ്രവൃത്തികൾ 8:39, 40.
നമുക്കുള്ള പാഠം
യഹോവയുടെ ഏതൽക്കാല ദാസർ എന്ന നിലയിൽ ദൈവവചനത്തിന്റെ സത്യം പഠിക്കാൻ പരമാർഥ ഹൃദയമുള്ള വ്യക്തികളെ സഹായിക്കുന്നതിനുള്ള കടമ നമുക്കുണ്ട്. യാത്രയ്ക്കിടയിലോ മറ്റ് അനൗപചാരിക സന്ദർഭങ്ങളിലോ മറ്റുള്ളവർക്കു സുവാർത്ത നൽകുന്നതിൽ അനേകർ വിജയം നേടിയിട്ടുണ്ട്. രാജ്യപ്രസംഗവേലയുടെ ഫലമായി വർഷംതോറും ലക്ഷക്കണക്കിനാളുകളാണു യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാനമേൽക്കുന്നത്.
തീർച്ചയായും, പുതിയവരെ തിടുക്കത്തിൽ സ്നാനപ്പെടുത്തരുത്. അവർ ആദ്യം യഹോവയാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചു കണിശമായും സൂക്ഷ്മപരിജ്ഞാനം നേടണം. (യോഹന്നാൻ 17:3) തദനന്തരം, ദൈവത്തിന്റെ പ്രമാണങ്ങളുമായി അനുരൂപപ്പെടുന്നതിന് അവർ തെറ്റായ നടത്ത ഉപേക്ഷിക്കുകയും അതിൽനിന്നു പിന്തിരിഞ്ഞ് അനുതപിക്കുകയും ചെയ്യണം. (പ്രവൃത്തികൾ 3:19) ഇതിനു സമയം വേണ്ടിവരുന്നു, തെറ്റായ ചിന്തയും നടത്തയും ആഴത്തിൽ വേരൂന്നിയിരിക്കുന്നപക്ഷം പ്രത്യേകിച്ചും. ക്രിസ്തീയ ശിഷ്യത്വത്തിൽ ഉൾപ്പെട്ടിരിക്കുന്ന ത്യാഗത്തെക്കുറിച്ചു പുതിയവർ ഗൗരവമായി ചിന്തിക്കണമെന്നിരിക്കെ യഹോവയാം ദൈവവുമായി ഒരു അർപ്പിത ബന്ധത്തിൽ പ്രവേശിക്കുന്നതു വലിയ അനുഗ്രഹങ്ങളിൽ കലാശിക്കുന്നു. (ലൂക്കൊസ് 9:23; 14:25-33 എന്നിവ താരതമ്യം ചെയ്യുക.) തന്റെ ഹിതം നിവർത്തിക്കുന്നതിനു ദൈവം ഉപയോഗിക്കുന്ന സ്ഥാപനത്തിലേക്ക് അത്തരം പുതിയവരെ യഹോവയുടെ സാക്ഷികൾ സോത്സാഹം നയിക്കുന്നു. (മത്തായി 24:45-47) ആ എത്യോപ്യനെപ്പോലെ, ദൈവം തങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതെന്താണെന്ന് അറിയുന്നതിലും അതിന് അനുരൂപപ്പെടുന്നതിലും അവർ സന്തോഷിക്കുന്നു.
[അടിക്കുറിപ്പ]
a “കന്ദക്ക” എന്നത് ഒരു പേരല്ല, മറിച്ച് എത്യോപ്യ രാജ്ഞിമാരുടെ വംശത്തിന്റെ (“ഫറവോ,” “കൈസർ” എന്നിവ പോലെ) ഒരു സ്ഥാനപ്പേരാണ്.
b മതപരിവർത്തിതർ, മോശൈക ന്യായപ്രമാണത്തോടു പറ്റിനിൽക്കാൻ നിർണയമെടുത്ത ഇസ്രായേല്യേതരരായിരുന്നു.—ലേവ്യപുസ്തകം 24:22.
[8-ാം പേജിലെ ചിത്രം]
ഷണ്ഡനെന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
പ്രവൃത്തികൾ 8-ാം അധ്യായത്തിലെ വിവരണത്തിലുടനീളം ആ എത്യോപ്യൻ “ഷണ്ഡൻ” എന്നാണു പരാമർശിക്കപ്പെടുന്നത്. എന്നിരുന്നാലും, മോശൈക ന്യായപ്രമാണം ഷണ്ഡനു ദൈവസഭയിൽ പ്രവേശനം നിരോധിച്ചിരുന്നതിനാൽ ആ പുരുഷൻ അക്ഷരീയ അർഥത്തിൽ ഒരു ഷണ്ഡനല്ലായിരുന്നുവെന്നതു വ്യക്തമാണ്. (ആവർത്തനപുസ്തകം 23:1) ഉന്നത സ്ഥാനമലങ്കരിക്കുന്ന ഒരു വ്യക്തിയെ “ഷണ്ഡൻ” എന്നതിനുള്ള ഗ്രീക്കു പദത്താൽ പരാമർശിക്കാവുന്നതാണ്. തന്നിമിത്തം, ആ എത്യോപ്യൻ, എത്യോപ്യ രാജ്ഞിയുടെ കീഴിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു.