അധ്യായം പതിനഞ്ച്
മച്ചിയായ സ്ത്രീ ആനന്ദിക്കുന്നു
1. തനിക്ക് കുട്ടികളുണ്ടാകാൻ സാറാ അതിയായി ആഗ്രഹിച്ചത് എന്തുകൊണ്ട്, ഇക്കാര്യത്തിൽ അവളുടെ അനുഭവം എന്തായിരുന്നു?
സാറാ ഒരു അമ്മയാകാൻ അതിയായി ആഗ്രഹിച്ചിരുന്നു. സങ്കടകരമെന്നു പറയട്ടെ, അവൾ മച്ചിയായിരുന്നു. അതവളെ വളരെയധികം വേദനിപ്പിച്ചു. അവളുടെ നാളിൽ ഒരു സ്ത്രീ മച്ചിയായിരിക്കുന്നത് നിന്ദാകരമായ ഒരു സംഗതിയായി വീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, അതിനെക്കാളൊക്കെ സാറായെ വേദനിപ്പിച്ച മറ്റൊരു സംഗതി ഉണ്ടായിരുന്നു. തന്റെ ഭർത്താവിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറിക്കാണാൻ അവൾ അതിയായി വാഞ്ഛിച്ചു. ഭൂമിയിലെ സകല കുടുംബങ്ങൾക്കും അനുഗ്രഹം കൈവരുത്തുന്ന ഒരു സന്തതിയെ അബ്രാഹാം ജനിപ്പിക്കേണ്ടിയിരുന്നു. (ഉല്പത്തി 12:1-3) എന്നാൽ, ദൈവം ആ വാഗ്ദാനം നൽകി ദശകങ്ങൾ കഴിഞ്ഞിട്ടും അവർക്ക് ഒരു കുഞ്ഞ് പിറന്നില്ല. മക്കളില്ലാത്ത സാറാ വാർധക്യത്തിലെത്തി. തന്റെ പ്രതീക്ഷ അസ്ഥാനത്തായോ എന്നു ചിലപ്പോഴൊക്കെ അവൾ വിചാരിച്ചിട്ടുണ്ടാകാം. എന്നാൽ, ഒരു ദിവസം അവളുടെ ദുഃഖം സന്തോഷത്തിനു വഴിമാറി!
2. യെശയ്യാവു 54-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
2 യെശയ്യാവു 54-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം മനസ്സിലാക്കാൻ സാറായുടെ ദുരവസ്ഥ നമ്മെ സഹായിക്കുന്നു. ഒരു മച്ചിയാണെങ്കിലും പിന്നീട് നിരവധി കുട്ടികളുണ്ടാകുന്നതിന്റെ സന്തോഷം അനുഭവിക്കുന്ന ഒരു സ്ത്രീയായി അവിടെ യെരൂശലേമിനെ അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ പുരാതന ജനതയെ മൊത്തത്തിൽ തന്റെ ഭാര്യയായി ചിത്രീകരിക്കുന്നതിലൂടെ യഹോവ അവരോടുള്ള തന്റെ ആർദ്രവികാരം പ്രകടിപ്പിക്കുകയാണ്. കൂടാതെ, യെശയ്യാ പുസ്തകത്തിന്റെ ഈ അധ്യായം “പാവന രഹസ്യം” എന്നു ബൈബിൾ വിളിക്കുന്ന നിർണായകമായ ഒരു സംഗതിയുടെ ചുരുളഴിക്കാൻ നമ്മെ സഹായിക്കുന്നു. (റോമർ 16:25, 26, NW) ഈ പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന “സ്ത്രീ”യെ തിരിച്ചറിയിക്കുന്ന വിശദാംശങ്ങളും അവളുടെ അനുഭവങ്ങളും ഇന്ന് നിർമലാരാധനയുടെമേൽ സുപ്രധാനമായ വെളിച്ചം വീശുന്നു.
“സ്ത്രീ”യെ തിരിച്ചറിയിക്കുന്നു
3. മച്ചിയായ “സ്ത്രീ”ക്ക് ആനന്ദിക്കാൻ വകയുള്ളത് എന്തുകൊണ്ട്?
3 ഒരു സന്തോഷ വാർത്തയോടെയാണ് യെശയ്യാവു54-ാം അധ്യായം തുടങ്ങുന്നത്: “പ്രസവിക്കാത്ത മച്ചിയേ [“മച്ചിയായ സ്ത്രീയേ,” NW], ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തുഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 54:1) ഈ വാക്കുകൾ അറിയിക്കുന്നതിൽ യെശയ്യാവ് എത്ര പുളകിതനായിരിക്കണം! ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന യഹൂദർക്ക് അത് എത്രമാത്രം ആശ്വാസം കൈവരുത്തും! ആ സമയത്തും യെരൂശലേം ശൂന്യമായി കിടക്കുകയായിരിക്കും. മാനുഷ വീക്ഷണത്തിൽ അവൾ വീണ്ടും നിവസിക്കപ്പെടുമെന്നു പ്രതീക്ഷിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്തതായി തോന്നും. സാധാരണഗതിയിൽ, വാർധക്യത്തിൽ ഒരു കുഞ്ഞുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ ഒരു മച്ചിക്കു സാധിക്കാത്തതു പോലെതന്നെ. എന്നാൽ ഈ “സ്ത്രീ”ക്ക് ഭാവിയിൽ വലിയ അനുഗ്രഹങ്ങൾ ലഭിക്കാനിരിക്കുകയാണ്—അവൾക്കു പ്രത്യുത്പാദനശേഷി കൈവരും. യെരൂശലേം ആനന്ദത്തിൽ ആറാടും. അവൾ വീണ്ടും നിരവധി ‘മക്കളെ’ക്കൊണ്ട് അഥവാ നിവാസികളെക്കൊണ്ട് നിറയും.
4. (എ) യെശയ്യാവു 54-ാം അധ്യായത്തിന് പൊ.യു.മു. 537-ൽ ഉണ്ടായതിനെക്കാൾ വലിയ ഒരു നിവൃത്തി ഉണ്ടായിരിക്കണമെന്നു മനസ്സിലാക്കാൻ പൗലൊസ് അപ്പൊസ്തലൻ നമ്മെ എങ്ങനെ സഹായിക്കുന്നു? (ബി) ‘മീതെയുളള യെരൂശലേം’ എന്താണ്?
4 ഈ പ്രവചനത്തിന് ഒന്നിലധികം നിവൃത്തിയുണ്ടായിരിക്കും, അക്കാര്യം യെശയ്യാവിന് അറിയില്ലായിരിക്കാം. പൗലൊസ് അപ്പൊസ്തലൻ യെശയ്യാവു 54-ാം അധ്യായത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് ആ “സ്ത്രീ”ക്കു ഭൗമിക നഗരമായ യെരൂശലേമിനെക്കാൾ വളരെയധികം പ്രാധാന്യമുള്ളതായി വിശദീകരിക്കുന്നു. അവൻ ഇങ്ങനെ എഴുതുന്നു: “മീതെയുളള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾ തന്നേ നമ്മുടെ അമ്മ.” (ഗലാത്യർ 4:26) ‘മീതെയുളള യെരൂശലേം’ എന്താണ്? വാഗ്ദത്തദേശത്തെ യെരൂശലേം നഗരം അല്ലെന്നു വ്യക്തം. കാരണം ആ നഗരം ഭൗമികമാണ്, “മീതെയുള്ള”ത്, അതായത് സ്വർഗീയ മണ്ഡലത്തിലുള്ളത് അല്ല. ‘മീതെയുളള യെരൂശലേം’ ദൈവത്തിന്റെ സ്വർഗീയ “സ്ത്രീ,” അഥവാ ശക്തരായ ആത്മജീവികൾ അടങ്ങുന്ന അവന്റെ സംഘടന ആണ്.
5. ഗലാത്യർ 4:22-31-ൽ വിവരിച്ചിരിക്കുന്ന പ്രതീകാത്മക നാടകത്തിലെ (എ) അബ്രാഹാം (ബി) സാറാ (സി) യിസ്ഹാക് (ഡി) ഹാഗാർ (ഇ) ഇശ്മായേൽ എന്നിവർ ആരെയെല്ലാം ചിത്രീകരിക്കുന്നു?
5 യഹോവയ്ക്ക് സ്വർഗീയവും ഭൗമികവുമായ രണ്ടു പ്രതീകാത്മക സ്ത്രീകൾ ഉണ്ടായിരിക്കുന്നത് എങ്ങനെ? ഇക്കാര്യത്തിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ? തീർച്ചയായുമില്ല. അബ്രാഹാമിന്റെ കുടുംബം നൽകുന്ന പ്രാവചനിക ചിത്രത്തിൽ അതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നതായി പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. (ഗലാത്യർ 4:22-31; 218-ാം പേജിലുള്ള “അബ്രാഹാമിന്റെ കുടുംബം—ഒരു പ്രാവചനിക ചിത്രം” എന്ന ഭാഗം കാണുക.) “സ്വതന്ത്ര”യും അബ്രാഹാമിന്റെ ഭാര്യയുമായ സാറാ യഹോവയുടെ ഭാര്യാസമാനമായ, ആത്മജീവികൾ ഉൾപ്പെട്ട സംഘടനയെ ചിത്രീകരിക്കുന്നു. ദാസിയും അബ്രാഹാമിന്റെ രണ്ടാം ഭാര്യയും അഥവാ വെപ്പാട്ടിയും ആയ ഹാഗാർ ഭൗമിക യെരൂശലേമിനെ ചിത്രീകരിക്കുന്നു.
6. ഏത് അർഥത്തിലാണ് ദൈവത്തിന്റെ സ്വർഗീയ സംഘടന ദീർഘകാലം മച്ചിയായി തുടർന്നത്?
6 ആ പശ്ചാത്തലം മനസ്സിൽ പിടിക്കുമ്പോൾ, യെശയ്യാവു 54:1-ന്റെ വലിയ പ്രാധാന്യം നാം തിരിച്ചറിയാൻ തുടങ്ങുന്നു. നിരവധി ദശകങ്ങളോളം മച്ചിയായിരുന്ന സാറാ 90 വയസ്സുള്ളപ്പോഴാണ് യിസ്ഹാക്കിനെ പ്രസവിച്ചത്. സമാനമായി യഹോവയുടെ സ്വർഗീയ സംഘടനയും ദീർഘകാലം ഒരു മച്ചിയായി തുടർന്നു. തന്റെ “സ്ത്രീ” സന്തതിയെ ജനിപ്പിക്കുമെന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് ഏദെൻ തോട്ടത്തിൽവെച്ച് യഹോവ വാഗ്ദാനം ചെയ്തിരുന്നു. (ഉല്പത്തി 3:15) 2,000-ത്തിലധികം വർഷത്തിനു ശേഷം വാഗ്ദത്ത സന്തതിയെ കുറിച്ച് യഹോവ അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്തു. എന്നാൽ, ആ സന്തതിക്കു ജന്മം നൽകാൻ ദൈവത്തിന്റെ സ്വർഗീയ “സ്ത്രീ” അനേക നൂറ്റാണ്ടുകൾ കൂടി പിന്നെയും കാത്തിരിക്കണമായിരുന്നു. എങ്കിലും, ഈ “മച്ചിയായ സ്ത്രീ”ക്ക് ജഡിക ഇസ്രായേലിനെക്കാൾ അധികം മക്കളുള്ള ഒരു സമയം വന്നു. മുൻകൂട്ടി പറയപ്പെട്ട സന്തതിയുടെ ആഗമനത്തിനു സാക്ഷ്യം വഹിക്കാൻ ദൂതന്മാർ അങ്ങേയറ്റം വാഞ്ഛയുള്ളവർ ആയിരുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ മച്ചിയായ സ്ത്രീയുടെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു. (1 പത്രൊസ് 1:12) അത് ഒടുവിൽ എപ്പോഴാണ് സംഭവിച്ചത്?
7. യെശയ്യാവു 54:1 മുൻകൂട്ടി പറഞ്ഞതു പോലെ “മീതെയുളള യെരൂശലേ”മിന് ആനന്ദിക്കാൻ അവസരം ലഭിച്ചത് എപ്പോൾ, നിങ്ങൾ അങ്ങനെ പറയുന്നത് എന്തുകൊണ്ട്?
7 ഒരു മനുഷ്യ ശിശു എന്ന നിലയിലുള്ള യേശുവിന്റെ ജനനം തീർച്ചയായും ദൂതന്മാർക്ക് ആനന്ദിക്കാനുള്ള സമയമായിരുന്നു. (ലൂക്കൊസ് 2:9-14) എന്നാൽ യെശയ്യാവു 54:1-ൽ മുൻകൂട്ടി പറയപ്പെട്ട സംഭവം അതായിരുന്നില്ല. പൊ.യു. 29-ൽ പരിശുദ്ധാത്മാവിനാൽ ജാതനായപ്പോൾ മാത്രമാണ് അവൻ “മീതെയുള്ള യെരൂശലേ”മിന്റെ ഒരു ആത്മീയ പുത്രൻ ആയിത്തീർന്നത്. ആ അവസരത്തിൽ ദൈവംതന്നെ അവനെ പരസ്യമായി തന്റെ “പ്രിയപുത്ര”നായി അംഗീകരിച്ചു. (മർക്കൊസ് 1:10, 11; എബ്രായർ 1:5; 5:4, 5) ആ സമയത്താണ് യെശയ്യാവു 54:1-ന്റെ നിവൃത്തി എന്നനിലയിൽ ദൈവത്തിന്റെ സ്വർഗീയ സ്ത്രീ ആനന്ദിക്കാൻ ഇടയായത്. ഒടുവിൽ, അവൾ വാഗ്ദത്ത സന്തതിക്ക്, മിശിഹായ്ക്ക് ജന്മം നൽകിയിരിക്കുന്നു! അങ്ങനെ നൂറ്റാണ്ടുകളോളം മക്കളില്ലാതിരുന്ന അവളുടെ അവസ്ഥയ്ക്കു മാറ്റം വന്നു. അത് അവളുടെ ആനന്ദത്തിന്റെ അവസാനമായിരുന്നില്ല.
മച്ചിയായ സ്ത്രീക്ക് നിരവധി മക്കൾ
8. വാഗ്ദത്ത സന്തതിയെ ജനിപ്പിച്ച ശേഷം ദൈവത്തിന്റെ സ്വർഗീയ “സ്ത്രീ”ക്ക് ആനന്ദിക്കാൻ കാരണമുണ്ടായിരുന്നത് എന്തുകൊണ്ട്?
8 യേശുവിന്റെ മരണത്തിനും ഉയിർത്തെഴുന്നേൽപ്പിനും ശേഷം ദൈവത്തിന്റെ സ്വർഗീയ “സ്ത്രീ” തന്റെ പ്രിയപുത്രനെ ‘മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേററവൻ’ എന്ന നിലയിൽ അതീവ സന്തോഷത്തോടെ കൈക്കൊണ്ടു. (കൊലൊസ്സ്യർ 1:18) തുടർന്ന് അവൾ കൂടുതൽ ആത്മപുത്രന്മാർക്കു ജന്മം നൽകി. പൊ.യു. 33-ൽ യേശുവിന്റെ അനുഗാമികളിൽ ഏകദേശം 120 പേർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായി ക്രിസ്തുവിന്റെ സഹഭരണാധിപന്മാർ ആയിത്തീർന്നു. പിന്നീട് ആ ദിവസംതന്നെ 3,000 പേർ അതിനോടു കൂട്ടിച്ചേർക്കപ്പെട്ടു. (യോഹന്നാൻ 1:12; പ്രവൃത്തികൾ 1:13-15; 2:1-4, 41; റോമർ 8:14-16) പുത്രന്മാരുടെ ഈ കൂട്ടം പെരുകാൻ തുടങ്ങി. ക്രൈസ്തവലോകം വിശ്വാസത്യാഗത്തിലേക്കു കൂപ്പുകുത്തിയ ആദ്യ നൂറ്റാണ്ടുകളിൽ ആ വളർച്ച വളരെയധികം മന്ദീഭവിച്ചു. എന്നിരുന്നാലും, 20-ാം നൂറ്റാണ്ടിൽ അതിനു മാറ്റം വരുമായിരുന്നു.
9, 10. പുരാതന കാലങ്ങളിൽ കൂടാരത്തിൽ കഴിയുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ‘കൂടാരത്തിന്റെ സ്ഥലം വിശാലമാക്കുക’ എന്ന നിർദേശം എന്ത് അർഥമാക്കിയിരുന്നു, അത്തരമൊരു സ്ത്രീക്ക് അത് സന്തോഷിക്കാനുള്ള സമയമായിരിക്കുന്നത് എന്തുകൊണ്ട്?
9 തുടർന്ന്, ശ്രദ്ധേയമായ വളർച്ചയുടെ ഒരു കാലഘട്ടത്തെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നു: “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുററികളെ ഉറപ്പിക്ക. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കയും ചെയ്യും. ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല.”—യെശയ്യാവു 54:2-4.
10 സാറായെ പോലെ കൂടാരങ്ങളിൽ വസിക്കുന്ന ഒരു ഭാര്യയും അമ്മയുമായി ഇവിടെ യെരൂശലേമിനെ അഭിസംബോധന ചെയ്തിരിക്കുന്നു. കുടുംബത്തിലെ അംഗസംഖ്യ കൂടുമ്പോൾ ഒരമ്മ തന്റെ വീട് വിശാലമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണം. അവൾ നീളമുള്ള കൂടാര ശീലകളും കയറുകളും സ്ഥാപിക്കുകയും പുതിയ സ്ഥലത്ത് കൂടാരക്കുറ്റികൾ ഉറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അവൾക്ക് സന്തോഷം നൽകുന്ന ഒരു വേലയാണത്. തിരക്കേറിയ ഈ സമയത്ത്, വംശാവലി നിലനിറുത്താൻ തനിക്ക് കുട്ടികളുണ്ടാകുമോ എന്ന് ഉത്കണ്ഠയോടെ ചിന്തിച്ചുകഴിഞ്ഞുകൂടിയ വർഷങ്ങളെ കുറിച്ചോർക്കാനൊന്നും അവൾക്കു സമയം കിട്ടില്ല.
11. (എ) ദൈവത്തിന്റെ സ്വർഗീയ ‘സ്ത്രീ’ 1914-ൽ അനുഗ്രഹിക്കപ്പെട്ടത് എങ്ങനെ? (അടിക്കുറിപ്പു കാണുക.) (ബി) 1919 മുതൽ അഭിഷിക്തർ ഭൂമിയിൽ എന്ത് അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?
11 ബാബിലോണിയൻ പ്രവാസത്തിനു ശേഷം ഭൗമിക യെരൂശലേമിനും അനുഗൃഹീതമായ അത്തരമൊരു സമയം വന്നുചേർന്നു. എന്നാൽ, ‘മീതെയുള്ള യെരൂശലേം’ ആണ് അതിനെക്കാൾ അനുഗ്രഹിക്കപ്പെട്ടത്.a പ്രത്യേകിച്ചും, 1919 മുതൽ അവളുടെ അഭിഷിക്ത “സന്തതി” പുതുതായി പുനഃസ്ഥാപിക്കപ്പെട്ട തങ്ങളുടെ ആത്മീയ അവസ്ഥയിൽ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു. (യെശയ്യാവു 61:4; 66:8) തങ്ങളുടെ ആത്മീയ കുടുംബത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവരെ അന്വേഷിച്ച് പല ദേശങ്ങളിലും വ്യാപിച്ചു എന്ന അർഥത്തിൽ അവർ ‘ജാതികളുടെ ദേശം കൈവശമാക്കി.’ തത്ഫലമായി, അഭിഷിക്തരെ കൂട്ടിച്ചേർക്കുന്നതിൽ വിസ്മയകരമായ പുരോഗതി ഉണ്ടായി. 1,44,000 പേരുടെ അന്തിമ സംഖ്യ 1930-കളുടെ മധ്യത്തിൽ പൂർത്തിയായതായി കാണപ്പെട്ടു. (വെളിപ്പാടു 14:3) ആ സമയത്ത്, അഭിഷിക്തരെ കൂട്ടിച്ചേർക്കുക എന്ന പ്രസംഗവേലയുടെ മുഖ്യ ഉദ്ദേശ്യം നിലച്ചു. എങ്കിലും, വികസനം അഭിഷിക്തരുടെ കൂട്ടിച്ചേർപ്പോടെ അവസാനിച്ചില്ല.
12. അഭിഷിക്തർക്കു പുറമേ, 1930-കൾ മുതൽ ആർ ക്രിസ്തീയ സഭയിലേക്കു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു?
12 അഭിഷിക്ത ക്രിസ്ത്യാനികളുടെ “ചെറിയ ആട്ടിൻകൂട്ട”ത്തിനു പുറമേ, സത്യക്രിസ്ത്യാനികളുടെ ആട്ടിൻകൂട്ടത്തിലേക്കു കൂട്ടിച്ചേർക്കപ്പെടേണ്ട “വേറെ ആടുക”ളും തനിക്ക് ഉണ്ടെന്ന് യേശു മുൻകൂട്ടി പറഞ്ഞു. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16) “മീതെയുള്ള യെരൂശലേ”മിന്റെ അഭിഷിക്ത പുത്രന്മാരിൽ പെട്ടവർ അല്ലെങ്കിലും അഭിഷിക്തരുടെ ഈ വിശ്വസ്ത സഹകാരികൾ പ്രധാനപ്പെട്ടതും ദീർഘകാലം മുമ്പു പ്രവചിച്ചിരുന്നതുമായ ഒരു പങ്ക് നിർവഹിക്കുന്നു. (സെഖര്യാവു 8:23) 1930 മുതൽ ഇന്നുവരെ അവരിൽപ്പെട്ട ഒരു “മഹാപുരുഷാരം” കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായി ക്രിസ്തീയ സഭയ്ക്ക് അഭൂതപൂർവമായ വളർച്ച ഉണ്ടായിരിക്കുന്നു. (വെളിപ്പാടു 7:9, 10) ഇന്ന് ആ മഹാപുരുഷാരം ദശലക്ഷങ്ങളായി വർധിച്ചിരിക്കുന്നു. ഇതെല്ലാം കൂടുതൽ രാജ്യഹാളുകളും സമ്മേളനഹാളുകളും ബ്രാഞ്ച് സൗകര്യങ്ങളും ആവശ്യമാക്കിത്തീർത്തിരിക്കുന്നു. യെശയ്യാവിന്റെ വാക്കുകൾ ഇന്ന് എന്നത്തെക്കാളും ഉചിതമായി കാണപ്പെടുന്നു. മുൻകൂട്ടി പറയപ്പെട്ട ഈ വികസനത്തിൽ ഒരു പങ്കു വഹിക്കാൻ കഴിയുന്നത് എത്ര വലിയ പദവിയാണ്!
സന്തതിയെ കുറിച്ചു കരുതലുള്ള ഒരു അമ്മ
13, 14. (എ) ദൈവത്തിന്റെ സ്വർഗീയ “സ്ത്രീ”യോട് ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്ന ചില പ്രയോഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായി തോന്നുന്നത് എന്തുകൊണ്ട്? (ബി) ദൈവം കുടുംബബന്ധങ്ങൾ പ്രതീകാത്മകമായി ഉപയോഗിക്കുന്നതിൽനിന്നു നമുക്ക് എന്ത് ഉൾക്കാഴ്ച നേടാനാകും?
13 വലിയ നിവൃത്തിയിൽ പ്രവചനത്തിലെ “സ്ത്രീ” യഹോവയുടെ സ്വർഗീയ സംഘടനയെ പ്രതിനിധാനം ചെയ്യുന്നുവെന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ, യെശയ്യാവു 54:4 വായിച്ചശേഷം ആത്മജീവികൾ ഉൾപ്പെട്ട ആ സംഘടനയ്ക്ക് എങ്ങനെ നിന്ദ സഹിക്കേണ്ടിവന്നുവെന്ന് നാം അതിശയിച്ചേക്കാം. ദൈവത്തിന്റെ “സ്ത്രീ” അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആക്രമണത്തിനു വിധേയയാകുകയും ചെയ്യുമെന്ന് തുടർന്നുള്ള വാക്യങ്ങൾ പറയുന്നു. അവൾ ദൈവകോപത്തിനു പാത്രമാകുക പോലും ചെയ്യും. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത പൂർണരായ ആത്മജീവികൾ ഉൾപ്പെട്ട ഒരു സംഘടനയ്ക്ക് അത് എങ്ങനെ ബാധകമാകും? അത് കുടുംബത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.
14 ആഴമേറിയ ആത്മീയ സത്യങ്ങൾ അറിയിക്കാൻ യഹോവ, ഭർത്താവും ഭാര്യയും അമ്മയും കുട്ടികളും അടങ്ങിയ കുടുംബ ബന്ധങ്ങൾ പ്രതീകാത്മകമായി ഉപയോഗിക്കുന്നു. കാരണം, അത്തരം ബന്ധങ്ങൾ മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ അർഥവത്താണ്. നമ്മുടെ കുടുംബം എത്ര വലുതായിരുന്നാലും നമ്മുടെ അനുഭവങ്ങൾ എന്തുതന്നെ ആയിരുന്നാലും, ഒരു നല്ല വിവാഹബന്ധം അല്ലെങ്കിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള നല്ലൊരു ബന്ധം എങ്ങനെയുള്ളത് ആയിരിക്കണം എന്നതു സംബന്ധിച്ച് നമുക്ക് ഒരു ധാരണയുണ്ട്. ആ സ്ഥിതിക്ക്, ആത്മ ദാസരുടെ വലിയ കൂട്ടവുമായി തനിക്ക് ഊഷ്മളവും ഉറ്റതും ആശ്രയയോഗ്യവുമായ ഒരു ബന്ധമുണ്ടെന്ന് യഹോവ എത്ര വ്യക്തമായി നമ്മെ പഠപ്പിക്കുന്നു! തന്റെ സ്വർഗീയ സംഘടന ഭൂമിയിലുള്ള അതിന്റെ ആത്മാഭിഷിക്ത സന്തതിയെ കുറിച്ച് കരുതുന്നുവെന്ന് എത്ര മതിപ്പുളവാക്കുന്ന വിധത്തിൽ അവൻ നമ്മെ പഠിപ്പിക്കുന്നു! മനുഷ്യ ദാസർ കഷ്ടമനുഭവിക്കുമ്പോൾ വിശ്വസ്ത സ്വർഗീയ ദാസർ, ‘മീതെയുള്ള യെരൂശലേം’ കഷ്ടം അനുഭവിക്കുന്നു. സമാനമായി യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഈ ഏററവും ചെറിയ [ആത്മാഭിഷിക്ത] സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു.”—മത്തായി 25:40.
15, 16. (എ) യെശയ്യാവു 54:5, 6-ന്റെ പ്രാരംഭ നിവൃത്തി എന്ത്, വലിയ നിവൃത്തി എന്ത്?
15 ആ സ്ഥിതിക്ക്, യഹോവയുടെ സ്വർഗീയ “സ്ത്രീ”യോടു പറയുന്ന കാര്യങ്ങളിൽ മിക്കതും ഭൂമിയിലുള്ള അവളുടെ മക്കളുടെ അനുഭവങ്ങളെ സൂചിപ്പിക്കുന്നു. ഈ വാക്കുകൾ പരിചിന്തിക്കുക: “നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.”—യെശയ്യാവു 54:5, 6.
16 ഇവിടെ അഭിസംബോധന ചെയ്തിരിക്കുന്ന ഭാര്യ ആരാണ്? പ്രാരംഭ നിവൃത്തിയിൽ അത് ദൈവജനത്തെ പ്രതിനിധാനം ചെയ്യുന്ന യെരൂശലേമാണ്. ബാബിലോണിലെ 70 വർഷ പ്രവാസകാലത്ത് യഹോവ തങ്ങളെ പൂർണമായി ഉപേക്ഷിച്ചിരിക്കുന്നതായി അവർക്കു തോന്നും. വലിയ നിവൃത്തിയിൽ ഈ വാക്കുകൾ “മീതെയുള്ള യെരൂശലേ”മിനും ഉല്പത്തി 3:15-ന്റെ നിവൃത്തിയായി ഒടുവിൽ “സന്തതി”ക്ക് ജന്മം നൽകുന്ന അവളുടെ അനുഭവത്തിനും ബാധകമാകുന്നു.
താത്കാലിക ശിക്ഷണവും നിത്യാനുഗ്രഹങ്ങളും
17. (എ) ഭൗമിക യെരൂശലേം ദിവ്യ കോപത്തിന്റെ ‘ആധിക്യം’ അനുഭവിക്കുന്നത് എങ്ങനെ? (ബി) ‘മീതെയുളള യെരൂശലേമി’ന്റെ പുത്രന്മാർ ഏത് ‘ആധിക്യ’ത്താൽ മൂടപ്പെട്ടു?
17 പ്രവചനം ഇങ്ങനെ തുടരുന്നു: “അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 54:7, 8) പൊ.യു.മു. 607-ൽ ബാബിലോണിയൻ സൈന്യങ്ങൾ ആക്രമിക്കുമ്പോൾ ദൈവകോപത്തിന്റെ ‘ആധിക്യ’ത്താൽ ഭൗമിക യെരൂശലേം മൂടിപ്പോകുന്നു. അവളുടെ 70 വർഷത്തെ പ്രവാസം വളരെ ദീർഘമായ ഒന്നായി തോന്നിയേക്കാം. എങ്കിലും, ശിക്ഷണത്തോടു നന്നായി പ്രതികരിക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന നിത്യാനുഗ്രഹങ്ങളോടു താരതമ്യം ചെയ്യുമ്പോൾ അത്തരം കഷ്ടതകൾ “ക്ഷണനേരത്തേക്കു” മാത്രം ഉള്ളതാണ്. സമാനമായി, മഹാബാബിലോണിന്റെ പ്രേരണയിൽ രാഷ്ട്രീയ ഘടകങ്ങൾ ‘മീതെയുളള യെരൂശലേമി’ന്റെ അഭിഷിക്ത പുത്രന്മാരെ ആക്രമിക്കാൻ യഹോവ അനുവദിച്ചപ്പോൾ അവർ ദിവ്യക്രോധത്തിന്റെ ‘ആധിക്യ’ത്താൽ മൂടപ്പെട്ടതു പോലെ തോന്നി. എന്നാൽ, 1919-നെ തുടർന്നുണ്ടായ ആത്മീയ അനുഗ്രഹങ്ങളുടെ ഒരു കാലഘട്ടവുമായി വിപരീത താരതമ്യം ചെയ്യുമ്പോൾ ആ ശിക്ഷണ നടപടി എത്ര ഹ്രസ്വമായിരുന്നെന്നോ!
18. തന്റെ ജനത്തിനെതിരെയുള്ള യഹോവയുടെ കോപത്തെ കുറിച്ച് എന്തു പ്രധാന തത്ത്വം മനസ്സിലാക്കാനാകും, ഇതു നമ്മെ വ്യക്തിപരമായി എങ്ങനെ ബാധിച്ചേക്കാം?
18 ഈ വാക്യങ്ങൾ മറ്റൊരു വലിയ സത്യം കൂടി വെളിപ്പെടുത്തുന്നു. അതായത് ദൈവകോപം താത്കാലികമാണ്, എന്നാൽ അവന്റെ കരുണ എന്നേക്കും നിലനിൽക്കുന്നു എന്നത്. ദുഷ്പ്രവൃത്തിക്കെതിരെ അവന്റെ കോപം ജ്വലിക്കുന്നു, എന്നാൽ അത് നിയന്ത്രിതവും എപ്പോഴും ഒരു ഉദ്ദേശ്യത്തോടു കൂടിയതും ആയിരിക്കും. നാം യഹോവയുടെ ശിക്ഷണം സ്വീകരിക്കുന്നെങ്കിൽ, അവന്റെ കോപം ‘ക്ഷണനേരത്തേക്കു മാത്രമേ’ ഉണ്ടായിരിക്കുകയുള്ളൂ, തുടർന്ന് അതു കുറയും. അതിന്റെ സ്ഥാനത്ത് “മഹാകരുണയോടെ,” അതായത് ക്ഷമയോടും സ്നേഹദയയോടും കൂടെ, അവൻ നമ്മോട് ഇടപെടും. അവ ‘നിത്യം’ നിലനിൽക്കുകയും ചെയ്യും. നാം പാപം ചെയ്താൽ, അനുതപിച്ച് ദൈവവുമായി ഒരു സമാധാന ബന്ധത്തിലേക്കു മടങ്ങിവരാൻ മടിക്കരുത്. നമ്മുടെ പാപം ഗുരുതരമായ ഒന്നാണെങ്കിൽ, നാം സത്വരം സഭാമൂപ്പന്മാരെ സമീപിക്കേണ്ടതുണ്ട്. (യാക്കോബ് 5:14) ശിക്ഷണം വേണ്ടിവന്നേക്കാം, ചിലപ്പോൾ അതു കടുപ്പമുള്ളത് ആയിരുന്നേക്കാം. (എബ്രായർ 12:11) എന്നാൽ യഹോവയാം ദൈവത്തിന്റെ ക്ഷമ സ്വീകരിക്കുന്നതിൽനിന്നു ലഭിക്കുന്ന നിത്യാനുഗ്രഹങ്ങളോടുള്ള താരതമ്യത്തിൽ അതു ഹ്രസ്വമായിരിക്കും!
19, 20. (എ) എന്താണ് മഴവിൽ നിയമം, ബാബിലോണിലെ പ്രവാസികളോട് അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? (ബി) “സമാധാനനിയമം” ഇന്നത്തെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എന്ത് ഉറപ്പു നൽകുന്നു?
19 യഹോവ തന്റെ ജനത്തിന് ആശ്വാസകരമായ ഈ ഉറപ്പു നൽകുന്നു: “ഇതു എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു. പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 54:9, 10) ജലപ്രളയത്തിനു ശേഷം ദൈവം നോഹയോടും ജീവനുള്ള സകലത്തിനോടും ഒരു നിയമം—മഴവിൽ നിയമം എന്ന് അതു ചിലപ്പോഴൊക്കെ അറിയപ്പെടുന്നു—ചെയ്തു. ഒരു ആഗോള ജലപ്രളയം മുഖാന്തരം ഭൂമിയിൽ താൻ ഒരിക്കലും ഇനി നാശം വരുത്തുകയില്ല എന്നു യഹോവ വാഗ്ദാനം ചെയ്തു. (ഉല്പത്തി 9:8-17) യെശയ്യാവിനും അവന്റെ ജനത്തിനും അത് എന്തിനെ അർഥമാക്കുന്നു?
20 അവർക്ക് അനുഭവിക്കേണ്ട ശിക്ഷ—ബാബിലോണിലെ 70 വർഷത്തെ പ്രവാസം—ഒരിക്കലേ ഉണ്ടാകുകയുള്ളൂ എന്ന് അറിയുന്നത് ആശ്വാസകരമാണ്. അതു തീർന്നശേഷം, മേലാൽ അങ്ങനെയൊരു സംഭവം ഉണ്ടാകുകയില്ല. തുടർന്ന് ദൈവത്തിന്റെ “സമാധാനനിയമം” നിലനിൽക്കും. ‘സമാധാനം’ എന്നതിനുള്ള എബ്രായ പദം യുദ്ധമില്ലാത്ത ഒരു അവസ്ഥയെ മാത്രമല്ല സൂചിപ്പിക്കുന്നത്, മറിച്ച് എല്ലാത്തരം ക്ഷേമത്തെയുമാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം ഈ നിയമം നിത്യമായിരിക്കും. പർവതങ്ങളും കുന്നുകളും മാറിപ്പോയാലും തന്റെ വിശ്വസ്ത ജനത്തോടുള്ള അവന്റെ സ്നേഹദയ അവസാനിക്കില്ല. ദുഃഖകരമെന്നേ പറയേണ്ടൂ, അവന്റെ ഭൗമിക ജനത ആ നിയമത്തോട് അഥവാ ഉടമ്പടിയോടു പറ്റിനിൽക്കുകയില്ല. മിശിഹായെ തള്ളിക്കളഞ്ഞുകൊണ്ട് അവർ സ്വയം തങ്ങളുടെ സമാധാനം തകർക്കും. എന്നാൽ ‘മീതെയുളള യെരൂശലേമി’ന്റെ പുത്രന്മാർ അതിനെക്കാൾ വളരെ മെച്ചമായിരുന്നു. അവരുടെ ശിക്ഷണത്തിന്റെ ദുഷ്കരമായ കാലഘട്ടം കഴിഞ്ഞപ്പോൾ ദിവ്യ സംരക്ഷണം ലഭിക്കുമെന്ന് അവർക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു.
ദൈവജനത്തിന്റെ ആത്മീയ സുരക്ഷ
21, 22. (എ) ‘മീതെയുളള യെരുശലേം’ അരിഷ്ടതയിലും കൊടുങ്കാറ്റടിച്ചും ഇരിക്കുന്നതായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവത്തിന്റെ സ്വർഗീയ ‘സ്ത്രീ’യുടെ അനുഗൃഹീതാവസ്ഥ ഭൂമിയിലെ അവളുടെ ‘മക്കളുടെ’ കാര്യത്തിൽ എന്ത് അർഥമാക്കുന്നു?
21 തന്റെ വിശ്വസ്ത ജനത്തിനുള്ള സുരക്ഷയെ കുറിച്ച് യഹോവ തുടർന്ന് മുൻകൂട്ടി പറയുന്നു: “അരിഷ്ടയും കൊടുങ്കാററിനാൽ അടിക്കപ്പെട്ടു ആശ്വാസമററവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും. ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അററങ്ങളെയൊക്കെയും [“എല്ലാ അതിരുകളും,” NW] മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല. ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.”—യെശയ്യാവു 54:11-15.
22 തീർച്ചയായും, ആത്മമണ്ഡലത്തിലുള്ള യഹോവയുടെ ‘സ്ത്രീ’ ഒരിക്കലും അരിഷ്ടതയിൽ ആയിരിക്കുകയോ കൊടുങ്കാറ്റിൽ പെടുകയോ ചെയ്തിട്ടില്ല. എന്നാൽ, അവളുടെ അഭിഷിക്ത “മക്കൾ” ഭൂമിയിൽ കഷ്ടം അനുഭവിച്ചപ്പോൾ, പ്രത്യേകിച്ചും 1918-19 കാലഘട്ടത്തിൽ അവർ ആത്മീയ അടിമത്തത്തിൽ ആയിരുന്നപ്പോൾ, അവളും കഷ്ടം അനുഭവിച്ചു. ഇനി, ഈ സ്വർഗീയ ‘സ്ത്രീ’ ആനന്ദിക്കുമ്പോൾ അവളുടെ മക്കളുടെ ഇടയിലും സമാനമായ ഒരു അവസ്ഥ പ്രതിഫലിക്കുന്നു. അപ്പോൾ ‘മീതെയുളള യെരൂശലേമി’നെ കുറിച്ചുള്ള തിളങ്ങുന്ന വിവരണം നോക്കുക. അമൂല്യമായ കല്ലുകൾ കൊണ്ടുള്ള ഗോപുരങ്ങളും വിലയേറിയ അഞ്ജനവും അടിസ്ഥാനങ്ങളും എന്തിന് അതിരുകൾ പോലും, ഒരു പരാമർശ കൃതി പറയുന്നതു പോലെ, ‘സൗന്ദര്യത്തെയും പ്രൗഢിയെയും ശുദ്ധിയെയും ശക്തിയെയും ഐക്യദാർഢ്യത്തെയും’ സൂചിപ്പിക്കുന്നു. സുരക്ഷിതവും അനുഗൃഹീതവുമായ അത്തരം ഒരു അവസ്ഥയിലേക്ക് അഭിഷിക്ത ക്രിസ്ത്യാനികളെ നയിക്കുന്നത് എന്താണ്?
23. (എ) ‘യഹോവയാൽ പഠിപ്പിക്കപ്പെടുന്നത്’ അന്ത്യനാളുകളിൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ മേൽ എന്തു ഫലമുളവാക്കിയിരിക്കുന്നു? (ബി) ദൈവജനം ഏത് അർഥത്തിൽ ‘മനോഹരമായ കല്ലുകൊണ്ടുള്ള അതിർത്തിക’ളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു?
23 യെശയ്യാവു 54-ാം അധ്യായത്തിന്റെ 13-ാം വാക്യം അതു മനസ്സിലാക്കാനുള്ള താക്കോൽ പ്രദാനം ചെയ്യുന്നു. എല്ലാവരും ‘യഹോവയാൽ ഉപദേശിക്കപ്പെട്ടവർ’ ആയിരിക്കും എന്ന് അവിടെ പറഞ്ഞിരിക്കുന്നു. യേശുതന്നെ ഈ വാക്കുകൾ തന്റെ അഭിഷിക്ത അനുഗാമികൾക്കു ബാധകമാക്കി. (യോഹന്നാൻ 6:45) അഭിഷിക്തർ യഥാർഥ പരിജ്ഞാനത്തിന്റെയും ആത്മീയ ഉൾക്കാഴ്ചയുടെയും സമൃദ്ധിയാൽ ‘അന്ത്യകാലത്ത്’ അനുഗ്രഹിക്കപ്പെടുമെന്നു ദാനീയേൽ പ്രവാചകൻ മുൻകൂട്ടി പറഞ്ഞു. (ദാനീയേൽ 12:3, 4, NW) ദിവ്യ പ്രബോധനം ഭൂമിയിലെമ്പാടും വ്യാപിപ്പിക്കുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രവർത്തനത്തിനു നേതൃത്വം നൽകാൻ അത്തരം ഉൾക്കാഴ്ച അവരെ പ്രാപ്തരാക്കിയിരിക്കുന്നു. (മത്തായി 24:14) അതേസമയം, ആ ഉൾക്കാഴ്ച സത്യമതവും വ്യാജമതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും അവരെ സഹായിച്ചിരിക്കുന്നു. ‘മനോഹരമായ കല്ലുകൊണ്ടുള്ള അതിരുക’ളെ കുറിച്ച് യെശയ്യാവു 54:12 പറയുന്നു. 1919 മുതൽ യഹോവ അഭിഷിക്തർക്ക് അതിരുകൾ—ആത്മീയ അതിർവരമ്പുകൾ—സംബന്ധിച്ച ഏറെ വ്യക്തമായ ഗ്രാഹ്യം നൽകിയിരിക്കുന്നു. അത് അവരെ വ്യാജമതത്തിൽ നിന്നും ലോകത്തിലെ ഭക്തികെട്ട ഘടകങ്ങളിൽനിന്നും വേർതിരിച്ചു നിറുത്തുന്നു. (യെഹെസ്കേൽ 44:23; യോഹന്നാൻ 17:14; യാക്കോബ് 1:27) അങ്ങനെ അവർ ദൈവത്തിന്റെ സ്വന്തം ജനതയായി വേറിട്ടു നിൽക്കുന്നു.—1 പത്രൊസ് 2:9.
24. നാം യഹോവയാൽ പഠിപ്പിക്കപ്പെടുന്നു എന്ന് എങ്ങനെ ഉറപ്പു വരുത്താനാകും?
24 ‘ഞാൻ യഹോവയാൽ പഠിപ്പിക്കപ്പെടുന്നുണ്ടോ?’ എന്ന് നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്. അത്തരം പ്രബോധനം നമുക്കു യാന്ത്രികമായി ലഭിക്കുന്നില്ല. അതിനു നമ്മുടെ ഭാഗത്തുനിന്നു ശ്രമം ആവശ്യമാണ്. നാം ദൈവവചനം പതിവായി വായിക്കുകയും അതേക്കുറിച്ച് ധ്യാനിക്കുകയും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രസിദ്ധീകരിക്കുന്ന ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ വായിക്കുന്നതിലൂടെ പ്രബോധനം സ്വീകരിക്കുകയും ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാകുകയും അവയിൽ സംബന്ധിക്കുകയും ചെയ്യുന്നെങ്കിൽ, നാം യഹോവയാൽ തീർച്ചയായും പഠിപ്പിക്കപ്പെടുകയായിരിക്കും ചെയ്യുന്നത്. (മത്തായി 24:45-47, NW) പഠിക്കുന്ന കാര്യങ്ങൾ നാം ബാധകമാക്കാൻ ശ്രമിക്കുകയും ആത്മീയമായി ഉണർന്നിരിക്കുകയും ചെയ്യുന്നെങ്കിൽ, ഇന്നത്തെ ദൈവരഹിത ലോകത്തിൽ ഉള്ളവരിൽനിന്നു വ്യത്യസ്തരായി നിലകൊള്ളാൻ ദിവ്യ പ്രബോധനം നമ്മെ സഹായിക്കും. (1 പത്രൊസ് 5:8, 9) അതിലുപരി, ‘ദൈവത്തോടു അടുത്തു ചെല്ലാൻ’ അതു നമ്മെ സഹായിക്കും.—യാക്കോബ് 1:22-25; 4:8.
25. സമാധാനം സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദാനം ആധുനികകാലത്തെ അവന്റെ ജനത്തെ സംബന്ധിച്ച് എന്ത് അർഥമാക്കുന്നു?
25 അഭിഷിക്തർ സമൃദ്ധമായ സമാധാനത്താലും അനുഗ്രഹിക്കപ്പെടുന്നതായി യെശയ്യാ പ്രവചനം പ്രകടമാക്കുന്നു. അതിന്റെ അർഥം അവർ ഒരിക്കലും ആക്രമിക്കപ്പെടുകയില്ല എന്നാണോ? അല്ല. എന്നാൽ ശത്രുക്കൾ അവരെ ആക്രമിക്കാൻ ദൈവം കൽപ്പിക്കുകയില്ലെന്ന്, അവർ തന്റെ ജനത്തിന്റെമേൽ ജയം നേടാൻ അനുവദിക്കുകയില്ലെന്ന് ദൈവം ഉറപ്പു നൽകുന്നു. നാം ഇങ്ങനെ വായിക്കുന്നു: “തീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാനാവിനെയും നീ കുററം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”—യെശയ്യാവു 54:16, 17.
26. യഹോവ മുഴു മനുഷ്യവർഗത്തിന്റെയും സ്രഷ്ടാവ് ആണെന്ന അറിവ് ആശ്വാസം കൈവരുത്തുന്നത് എങ്ങനെ?
26 യെശയ്യാവിന്റെ ഈ അധ്യായത്തിൽ താനാണ് സ്രഷ്ടാവെന്ന് യഹോവ രണ്ടാം വട്ടം തന്റെ ദാസന്മാരെ ഓർമിപ്പിക്കുന്നു. തന്റെ പ്രതീകാത്മക ഭാര്യയോട് താൻ അവളുടെ ‘സ്രഷ്ടാവ്’ ആണ് എന്ന് അവൻ മുമ്പു പറയുന്നുണ്ട്. താൻ മുഴു മനുഷ്യവർഗത്തിന്റെയും സ്രഷ്ടാവാണെന്ന് അവൻ ഇപ്പോൾ പറയുന്നു. നശീകരണ ആയുധങ്ങൾ ഉണ്ടാക്കവേ, തന്റെ അടുപ്പിലെ തീക്കനൽ ഊതിക്കൊണ്ടിരിക്കുന്ന ഒരു കൊല്ലനെയും ‘നശിപ്പിപ്പാനുള്ള സംഹാരക’നായ ഒരു യോദ്ധാവിനെയും കുറിച്ച് 16-ാം വാക്യം വിവരിക്കുന്നു. അത്തരം ആളുകളിൽ സഹമനുഷ്യർക്ക് ഭയം തോന്നിയേക്കാം. എന്നാൽ, തങ്ങളുടെതന്നെ സ്രഷ്ടാവിനെതിരെ അവർക്ക് എങ്ങനെ വിജയിക്കാനാകും? ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തികൾതന്നെ യഹോവയുടെ ജനത്തെ ആക്രമിച്ചാലും അവർ ഒരു പ്രകാരത്തിലും വിജയിക്കുകയില്ല. എങ്ങനെ?
27, 28. ഈ പ്രക്ഷുബ്ധ നാളുകളിൽ എന്തു സംബന്ധിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും, നമുക്കെതിരെയുള്ള സാത്താന്യ ആക്രമണങ്ങൾ വിജയിക്കുകയില്ല എന്ന് നമുക്ക് അറിയാവുന്നത് എന്തുകൊണ്ട്?
27 ദൈവജനത്തിന് എതിരെയും ആത്മാവിലും സത്യത്തിലുമുള്ള അവരുടെ ആരാധനയ്ക്ക് എതിരെയും നാശകരമായ ആക്രമണം നടത്തുന്നതിനുള്ള സമയം കഴിഞ്ഞുപോയിരിക്കുന്നു. (യോഹന്നാൻ 4:23, 24) ഒരു ആക്രമണം നടത്താൻ യഹോവ മഹാബാബിലോണിനെ അനുവദിച്ചു, ആ ആക്രമണം താത്കാലികമായി വിജയകരമെന്നു തെളിയുകയും ചെയ്തു. ഭൂമിയിലെ പ്രസംഗവേല ഫലത്തിൽ നിറുത്തലാക്കപ്പെട്ടപ്പോൾ തന്റെ മക്കൾ ഏറെക്കുറെ നിശ്ശബ്ദരാക്കപ്പെടുന്നത് ‘മീതെയുളള യെരുശലേം’ കുറെ നാളത്തേക്കു കണ്ടുനിന്നു. എന്നാൽ അങ്ങനെയൊന്ന് വീണ്ടുമൊരിക്കലും സംഭവിക്കുകയില്ല! ഇപ്പോൾ അവൾ തന്റെ പുത്രന്മാരെ ഓർത്തു സന്തോഷിക്കുന്നു. കാരണം, ആത്മീയമായ അർഥത്തിൽ അവർ അജയ്യരായിത്തീർന്നിരിക്കുന്നു. (യോഹന്നാൻ 16:33; 1 യോഹന്നാൻ 5:4) അവർക്കെതിരെ ആക്രമണത്തിന്റെ ആയുധങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, ഇനിയും സൃഷ്ടിക്കപ്പെടുകയും ചെയ്യും. (വെളിപ്പാടു 12:17) എന്നാൽ അവ ഒരിക്കലും വിജയിച്ചിട്ടില്ല, ഇനി വിജയിക്കുകയുമില്ല. അഭിഷിക്തരുടെയും അവരുടെ സഹകാരികളുടെയും വിശ്വാസത്തെയും തീക്ഷ്ണമായ ഉത്സാഹത്തെയും കെടുത്തിക്കളയാൻ കഴിയുന്ന യാതൊരു ആയുധവും സാത്താന്റെ പക്കലില്ല. ഈ ആത്മീയ സമാധാനം ‘യഹോവയുടെ ദാസന്മാരുടെ അവകാശം’ ആണ്. അതുകൊണ്ട് ബലപ്രയോഗത്താൽ അത് ആർക്കും തട്ടിക്കളയാനാവില്ല.—സങ്കീർത്തനം 118:6; റോമർ 8:38, 39.
28 സാത്താന്റെ ലോകത്തിനു ചെയ്യാൻ കഴിയുന്ന യാതൊന്നും ദൈവത്തിന്റെ സമർപ്പിത ദാസന്മാരുടെ വേലയ്ക്കോ നിലനിൽക്കുന്ന ആരാധനയ്ക്കോ ഒരിക്കലും വിരാമമിടുകയില്ല. ‘മീതെയുളള യെരുശലേമി’ന്റെ അഭിഷിക്ത സന്തതികൾ ആ ഉറപ്പിൽ വലിയ ആശ്വാസം കണ്ടെത്തിയിരിക്കുന്നു. മഹാപുരുഷാരത്തിൽ പെട്ട അംഗങ്ങളും അതുതന്നെ ചെയ്യുന്നു. യഹോവയുടെ സ്വർഗീയ സംഘടനയെയും ഭൂമിയിലെ അവന്റെ ആരാധകരുമായുള്ള അതിന്റെ ഇടപെടലുകളെയും കുറിച്ച് നാം എത്രയധികം പഠിക്കുന്നുവോ നമ്മുടെ വിശ്വാസം അത്രയധികം ശക്തമായിത്തീരും. നമ്മുടെ വിശ്വാസം ബലിഷ്ഠമായിരിക്കുന്നിടത്തോളം കാലം നമുക്ക് എതിരെയുള്ള സാത്താന്റെ ആയുധങ്ങൾ നിഷ്ഫലമെന്നു തെളിയും!
[അടിക്കുറിപ്പ്]
a വെളിപ്പാടു 12:1-17 പറയുന്നപ്രകാരം, ദൈവത്തിന്റെ “സ്ത്രീ”ക്ക് വളരെ പ്രധാനപ്പെട്ട ഒരു ‘സന്തതി’യെ ജനിപ്പിക്കാനുള്ള അനുഗ്രഹം കൈവന്നു, വെറും ഒരു ആത്മപുത്രനെ അല്ല, മറിച്ച് സ്വർഗത്തിലെ മിശിഹൈക രാജ്യത്തെ. അതിന്റെ ജനനം 1914-ൽ ആയിരുന്നു. (വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 177-86 പേജുകൾ കാണുക.) തനിക്ക് ഭൂമിയിലുള്ള അഭിഷിക്ത പുത്രന്മാരെ ദൈവം അനുഗ്രഹിച്ചതിന്റെ ഫലമായി അവൾ അനുഭവിക്കുന്ന സന്തോഷത്തിൽ യെശയ്യാവിന്റെ പ്രവചനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
[218, 219 പേജുകളിലെ ചതുരം]
അബ്രാഹാമിന്റെ കുടുംബം—ഒരു പ്രാവചനിക ചിത്രം
അബ്രാഹാമിന്റെ കുടുംബം ഒരു പ്രതീകാത്മക നാടകമാണെന്നും തന്റെ സ്വർഗീയ സംഘടനയുമായും മോശൈക ന്യായപ്രമാണ ഉടമ്പടിയിൻ കീഴിലുള്ള ഭൗമിക ഇസ്രായേൽ ജനതയുമായും യഹോവയ്ക്കുള്ള ബന്ധത്തിന്റെ ഒരു പ്രാവചനിക ചിത്രം അതു നൽകുന്നുവെന്നും പൗലൊസ് അപ്പൊസ്തലൻ വിശദീകരിച്ചു.—ഗലാത്യർ 4:22-31.
അബ്രാഹാം, കുടുംബനാഥൻ എന്ന നിലയിൽ, യഹോവയെ പ്രതിനിധാനം ചെയ്യുന്നു. തന്റെ പ്രിയ പുത്രനായ യിസ്ഹാക്കിനെ ബലി ചെയ്യാനുള്ള അബ്രാഹാമിന്റെ മനസ്സൊരുക്കം മനുഷ്യവർഗത്തിന്റെ പാപങ്ങൾക്കായി തന്റെ പ്രിയപുത്രനെ ബലി കൊടുക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തെ കാണിക്കുന്നു.—ഉല്പത്തി 22:1-13; യോഹന്നാൻ 3:16.
സാറാ, ദൈവത്തിന്റെ സ്വർഗീയ “ഭാര്യ”യെ, ആത്മജീവികൾ അടങ്ങിയ സംഘടനയെ ചിത്രീകരിക്കുന്നു. ആ സ്വർഗീയ സംഘടനയെ യഹോവയുടെ ഭാര്യയായി യഥോചിതം വർണിച്ചിരിക്കുന്നു. കാരണം, ആത്യന്തികമായി അവൾ യഹോവയുമായി അടുത്തു ബന്ധപ്പെട്ടും അവന്റെ ശിരഃസ്ഥാനത്തിനു കീഴ്പെട്ടുമിരിക്കുന്നു, കൂടാതെ അവൾ അവന്റെ ഉദ്ദേശ്യങ്ങളുമായി പൂർണ യോജിപ്പിൽ ആയിരിക്കുകയും ചെയ്യുന്നു. അവളെ ‘മീതെയുളള യെരൂശലേം’ എന്നും വിളിച്ചിരിക്കുന്നു. (ഗലാത്യർ 4:26) ഉല്പത്തി 3:15-ൽ സൂചിപ്പിച്ചിരിക്കുന്നതും വെളിപ്പാടു 12:1-6, 13-17-ലും ചിത്രീകരിച്ചിരിക്കുന്നതും ഇതേ “സ്ത്രീ”യെ തന്നെയാണ്.
യിസ്ഹാക് ചിത്രീകരിക്കുന്നത് ദൈവത്തിന്റെ സ്ത്രീയുടെ ആത്മീയ സന്തതിയെയാണ്. പ്രമുഖമായും ഇത് യേശുക്രിസ്തുവാണ്. എന്നിരുന്നാലും, ആ സന്തതിയിൽ ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരും ഉൾപ്പെടുന്നു. ആത്മീയ സന്തതികളായി ദത്തെടുക്കപ്പെട്ട അവർ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികൾ ആയിത്തീരുന്നു.—റോമർ 8:15-17; ഗലാത്യർ 3:16, 29.
ഹാഗാർ, അബ്രാഹാമിന്റെ രണ്ടാം ഭാര്യ അഥവാ വെപ്പാട്ടി ആയിരുന്നു. അവൾ ഒരു അടിമയും ആയിരുന്നു. അവൾ മോശൈക ന്യായപ്രമാണത്തിന്റെ അധീനതയിൽ ആയിരുന്ന ഭൗമിക യെരൂശലേമിനെ യഥോചിതം ചിത്രീകരിക്കുന്നു. ആ ന്യായപ്രമാണത്തിനു കീഴിലുള്ളവരെല്ലാം പാപത്തിനും മരണത്തിനും അടിമകളാണെന്ന് വെളിപ്പെടുത്തപ്പെട്ടു. ‘ഹാഗാർ എന്നത് അറബിദേശത്തു സീനായ്മലയെ കുറിക്കുന്നു’ എന്ന് പൗലൊസ് പറഞ്ഞു. കാരണം, ന്യായപ്രമാണ ഉടമ്പടി സ്ഥാപിക്കപ്പെട്ടത് അവിടെയാണ്.—ഗലാത്യർ 3:10, 13; 4:25.
യിശ്മായേൽ, ഹാഗാറിന്റെ പുത്രൻ. അവൻ മോശൈക ന്യായപ്രമാണത്തിന് അടിമകളായിരുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദരെ, യെരൂശലേമിന്റെ പുത്രന്മാരെ ചിത്രീകരിക്കുന്നു. യിശ്മായേൽ യിസ്ഹാക്കിനെ പീഡിപ്പിച്ചതു പോലെ ആ യഹൂദർ പ്രതീകാത്മക സാറായുടെ, ‘മീതെയുളള യെരൂശലേമി’ന്റെ അഭിഷിക്ത പുത്രന്മാരായ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു. ഹാഗാറിനെയും യിശ്മായേലിനെയും അബ്രാഹാം ദൂരേക്കു പറഞ്ഞയച്ചതു പോലെ, യഹോവ ഒടുവിൽ യെരൂശലേമിനെയും അവളുടെ മത്സരികളായ പുത്രന്മാരെയും തള്ളിക്കളഞ്ഞു.—മത്തായി 23:37, 38.
[220-ാം പേജിലെ ചിത്രം]
തന്റെ സ്നാപനശേഷം യേശു പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായി, അങ്ങനെ യെശയ്യാവു 54:1-ന് ഏറ്റവും പ്രമുഖ നിവൃത്തി ഉണ്ടാകാൻ തുടങ്ങി
[225-ാം പേജിലെ ചിത്രം]
യഹോവ ‘ക്ഷണനേരത്തേക്ക്’ യെരൂശലേമിൽനിന്ന് തന്റെ മുഖം മറച്ചു
[231-ാം പേജിലെ ചിത്രങ്ങൾ]
തങ്ങളുടെ സ്രഷ്ടാവിനെതിരെ ജയം നേടാൻ യോദ്ധാവിനും കൊല്ലനും സാധിക്കുമോ?