സന്തുഷ്ടിയുടെ ഏക താക്കോൽ വിവാഹമാണോ?
“താൻ ആഗ്രഹിക്കുന്ന ഏതൊരാളുമായി വിവാഹബന്ധത്തിലേർപ്പെടാൻ അവൾ സ്വതന്ത്രയാണ്, കർത്താവിൽ മാത്രമേ ആകാവു. എന്നാൽ അവൾ ആയിരിക്കുന്നതുപോലെ തന്നെ തുടർന്നാൽ അവൾ കൂടുതൽ സന്തുഷ്ടയായിരിക്കും.”—1 കൊരിന്ത്യർ 7:39, 40, NW.
1. തിരുവെഴുത്തുകൾ യഹോവയെ എങ്ങനെ വർണ്ണിക്കുന്നു, തന്റെ സൃഷ്ടികൾക്കുവേണ്ടി അവൻ എന്തു ചെയ്തിരിക്കുന്നു?
യഹോവ സന്തുഷ്ടനായ ദൈവമാണ്.” (1 തിമൊഥെയോസ് 1:11, NW) “എല്ലാ നല്ല ദാനത്തിന്റെയും പൂർണ്ണതയുള്ള സമ്മാനത്തിന്റെയും” സമൃദ്ധ ദാതാവെന്ന നിലയിൽ അവൻ ബുദ്ധിശക്തിയുള്ള തന്റെ എല്ലാ സൃഷ്ടികൾക്കും—മനുഷ്യർക്കും ദൂതൻമാർക്കും—അവന്റെ സേവനത്തിൽ സന്തുഷ്ടരായിരിക്കാൻ കൃത്യമായി ആവശ്യമായിരിക്കുന്നത് നൽകുന്നു. (യാക്കോബ് 1:17, NW) ഉദാഹരണത്തിന്, തൊണ്ട തുറന്നു പാടുന്ന പക്ഷിയും തുള്ളിക്കളിക്കുന്ന ഒരു നായ്ക്കുട്ടിയും അല്ലെങ്കിൽ വിനോദിക്കുന്ന ഒരു ഡോൾഫിനുമെല്ലാം അതതിന്റെ വാസസ്ഥലത്തു ജീവിതം ആസ്വദിക്കാനാണ് യഹോവ അവയെ സൃഷ്ടിച്ചത് എന്നതിന് സാക്ഷ്യം വഹിക്കുന്നു. “യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തി വരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ” എന്ന് കാവ്യാത്മകമായി പ്രസ്താവിക്കത്തക്ക അളവോളം പോലും സങ്കീർത്തനക്കാരൻ പോകുന്നു.—സങ്കീർത്തനം 104:16.
2. (എ) തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ യേശു സന്തുഷ്ടി കണ്ടെത്തുന്നുവെന്ന് പ്രകടമാക്കുന്നതെന്ത്? (ബി) യേശുവിന്റെ ശിഷ്യൻമാർക്ക് സന്തുഷ്ടിക്കുള്ള എന്തു കാരണങ്ങളുണ്ടായിരുന്നു?
2 യേശു ‘യഹോവയുടെ സത്തയുടെ പൂർണ്ണമായ പ്രതിനിധാനമാണ്.’ (എബ്രായർ 1:3, NW) അപ്പോൾ യേശു “സന്തുഷ്ടനായ ഏകാധിപതി” എന്നു വിളിക്കപ്പെടുന്നത് അതിശയകരമല്ല. (1 തിമൊഥെയോസ് 6:15, NW) യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആഹാരത്തെക്കാൾ കൂടുതൽ സംതൃപ്തികരവും ശുദ്ധമായ ആനന്ദം ഉളവാക്കുന്നതും ആയിരിക്കാൻ കഴിയുന്നതെങ്ങനെയെന്നുള്ളതിന് അവൻ നമുക്ക് അത്ഭുതകരമായ ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു. ദൈവഭയത്തോടെ, അതായത് ആഴമായ ആദരവോടെയും അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയത്തോടെയും പ്രവർത്തിക്കുമ്പോൾ ആസ്വാദനം ഉണ്ടായിരിക്കാൻ കഴിയുമെന്നും യേശു കാണിച്ചു തരുന്നു. (സങ്കീർത്തനം 40:8; യെശയ്യാവ് 11:3; യോഹന്നാൻ 4:34) ഒരു രാജ്യപ്രസംഗ പര്യടനത്തിനു ശേഷം ശിഷ്യൻമാരിൽ 70 പേർ “സന്തോഷത്തോടെ” മടങ്ങി വന്നപ്പോൾ യേശു തന്നെയും “പരിശുദ്ധാത്മാവിൽ ആനന്ദപുളകിതനായിത്തീർന്നു.” തന്റെ സന്തോഷം പ്രാർത്ഥനയിൽ പിതാവിനോട് പ്രകടിപ്പിച്ചശേഷം അവൻ ശിഷ്യൻമാരിലേക്ക് തിരിഞ്ഞ് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ സന്തുഷ്ടമാകുന്നു. എന്തുകൊണ്ടെന്നാൽ നിങ്ങൾ കാണുന്നവ കാണാൻ അനേക പ്രവാചകൻമാരും രാജാക്കൻമാരും ആഗ്രഹിച്ചു, എന്നാൽ അവ കണ്ടില്ല, നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിച്ചു, എന്നാൽ അവ കേട്ടില്ല.”—ലൂക്കോസ് 10:17-24, NW.
സന്തുഷ്ടരായിരിക്കാനുള്ള കാരണങ്ങൾ
3. സന്തുഷ്ടിക്കുള്ള ചില കാരണങ്ങളേവ?
3 ഈ അന്ത്യകാലത്ത് യഹോവയുടെ വചനത്തിന്റെയും ഉദ്ദേശ്യങ്ങളുടെയും നിവൃത്തിയായി നാം ഇപ്പോൾ കാണുന്ന കാര്യങ്ങൾ കാണുന്നതിൽ നമ്മുടെ കണ്ണുകൾ സന്തുഷ്ടമായിരിക്കേണ്ടതല്ലേ? യെശയ്യാവ്, ദാനിയേൽ, ദാവീദ് എന്നിങ്ങനെയുള്ള പുരാതനകാലത്തെ വിശ്വസ്തരായ പ്രവാചകൻമാർക്കും രാജാക്കൻമാർക്കും മനസ്സിലാക്കാൻ കഴിയാഞ്ഞ പ്രവചനങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതിൽ നാം ആനന്ദപുളകിതരായിരിക്കേണ്ടതല്ലേ? സന്തുഷ്ട അധിപതിയായ നമ്മുടെ രാജാവായ യേശുക്രിസ്തുവിന്റെ നായകത്വത്തിൻ കീഴിൽ സന്തുഷ്ട ദൈവമായ യഹോവയെ സേവിക്കുന്നതിൽ നാം സന്തോഷമുള്ളവരല്ലേ? തീർച്ചയായും അതെ.
4, 5. (എ) യഹോവയുടെ സേവനത്തിൽ സന്തുഷ്ടരായി തുടരുന്നതിന് നാം എന്ത് ഒഴിവാക്കണം? (ബി) സന്തുഷ്ടിക്കു സംഭാവന ചെയ്യുന്ന ചില കാര്യങ്ങൾ ഏവ, ഇത് എന്തു ചോദ്യങ്ങൾ ഉദിപ്പിക്കുന്നു?
4 എന്നിരുന്നാലും, ദൈവസേവനത്തിൽ സന്തുഷ്ടരായി നിലനിൽക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ സന്തുഷ്ടിക്കുള്ള നമ്മുടെ മുൻ ഉപാധികൾ നാം ലൗകിക ആശയങ്ങളിൻമേൽ അടിസ്ഥാനപ്പെടുത്തരുത്. അവ എളുപ്പത്തിൽ നമ്മുടെ ചിന്താഗതിക്ക് മങ്ങലേൽപ്പിച്ചേക്കാം, എന്തുകൊണ്ടെന്നാൽ അവയിൽ ഭൗതികധനവും തിളക്കമാർന്ന ജീവിത രീതിയും മററും ഉൾപ്പെടുന്നു. അത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏതു “സന്തുഷ്ടിയും” താൽക്കാലികം മാത്രമായിരിക്കും. എന്തുകൊണ്ടെന്നാൽ ഈ ലോകം നീങ്ങിപ്പോകുകയാണ്.—1 യോഹന്നാൻ 2:15-17.
5 ലൗകികമായ ലക്ഷ്യങ്ങൾ നേടുന്നത് യഥാർത്ഥ സന്തുഷ്ടി കൈവരുത്തുകയില്ല എന്ന് യഹോവയുടെ സമർപ്പിത ദാസൻമാരിൽ മിക്കവരും തിരിച്ചറിഞ്ഞിരിക്കുന്നു. തന്റെ ദാസൻമാരുടെ യഥാർത്ഥ സന്തുഷ്ടിക്ക് സംഭാവന ചെയ്യുന്ന ആത്മീയവും ഭൗതികവുമായ വസ്തുക്കൾ പ്രദാനം ചെയ്യുന്നത് നമ്മുടെ സ്വർഗ്ഗീയ പിതാവ് മാത്രമാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ അവൻ നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന ആത്മീയാഹാരത്തിന് നാം എത്ര നന്ദിയുള്ളവരാണ്! (മത്തായി 24:45-47) ദൈവത്തിന്റെ സ്നേഹമുള്ള കരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശാരീരിക ഭക്ഷണത്തിനും മററ് ഭൗതിക വസ്തുക്കൾക്കും നാം നന്ദിയുള്ളവരാണ്. കൂടാതെ വിവാഹമെന്ന അത്ഭുതകരമായ ദാനവും അതിനോട് ബന്ധപ്പെട്ട കുടുംബ ജീവിതത്തിന്റേതായ സന്തോഷങ്ങളുമുണ്ട്. വിധവകളായിത്തീർന്ന തന്റെ മരുമക്കൾക്കുവേണ്ടിയുള്ള നവോമിയുടെ ഹൃദയംഗമമായ ആഗ്രഹം ഈ വാക്കുകളിൽ പ്രകടിപ്പിക്കപ്പെട്ടത് അതിശയമല്ല: “യഹോവ നിങ്ങൾക്ക് ഒരു സമ്മാനം തരികയും നിങ്ങൾ താന്താന്റെ ഭർത്താവിന്റെ ഭവനത്തിൽ ഒരു വിശ്രമസ്ഥലം കണ്ടെത്തുകയും ചെയ്യുമാറാകട്ടെ.” (രൂത്ത് 1:9, NW) അതുകൊണ്ട് വിവാഹം വലിയ സന്തുഷ്ടിയുടെ വാതിൽ തുറക്കാൻ കഴിയുന്ന ഒരു താക്കോലാണ്. എന്നാൽ സന്തുഷ്ട ജീവിതത്തിന്റെ കവാടം തുറക്കുന്ന ഏക താക്കോലാണോ വിവാഹം? അങ്ങനെതന്നെയാണോയെന്ന് യുവജനങ്ങൾ വിശേഷാൽ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
6. ഉൽപ്പത്തി പുസ്തകം പറയുന്നതനുസരിച്ച് വിവാഹ ക്രമീകരണത്തിന്റെ പ്രാഥമിക ഉദ്ദേശ്യമെന്തായിരുന്നു?
6 വിവാഹത്തിന്റെ ഉത്ഭവത്തെപ്പററി വിവരിക്കുകയിൽ ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ.” (ഉൽപ്പത്തി 1:27, 28) യഹോവ വിവാഹം ഏർപ്പെടുത്തുക വഴി മനുഷ്യവംശത്തെ വികസിപ്പിച്ചുകൊണ്ട് കൂടുതൽ മനുഷ്യരെ ആസ്തിത്വത്തിലേക്ക് വരുത്താൻ ആദാമിനെ ഉപയോഗിച്ചു. എന്നാൽ വിവാഹത്തിൽ ഇതിലും വളരെയധികം ഉൾപ്പെട്ടിരിക്കുന്നു.
“കർത്താവിൽ മാത്രം”
7. വിവാഹം സംബന്ധിച്ച ഏതു നിബന്ധന നിവർത്തിക്കാനാണ് ഒരു വിശ്വസ്തനായ പൂർവ്വപിതാവ് വലിയ ശ്രമം ചെയ്തത്?
7 യഹോവ വിവാഹത്തിന്റെ ഉപജ്ഞാതാവായതുകൊണ്ട് തന്റെ ദാസൻമാരുടെ സന്തുഷ്ടിയിൽ കലാശിക്കുന്ന വ്യവസ്ഥകൾ വിവാഹം സംബന്ധിച്ച് അവൻ വയ്ക്കാൻ നാം പ്രതീക്ഷിക്കും. പൂർവ്വപിതാക്കൻമാരുടെ കാലങ്ങളിൽ യഹോവയുടെ ആരാധകരല്ലാത്തവരുമായുള്ള വിവാഹബന്ധം ശക്തമായി നിരുൽസാഹപ്പെടുത്തപ്പെട്ടിരുന്നു. തന്റെ പുത്രനായ യിസ്ഹാക്കിന് കനാന്യരിൽ നിന്ന് ഒരു ഭാര്യയെ എടുക്കുകയില്ലെന്ന് തന്റെ ദാസനായ എല്യേസറിനെക്കൊണ്ട് അബ്രഹാം യഹോവയുടെ നാമത്തിൽ സത്യം ചെയ്യിച്ചു. എല്യേസർ ദീർഘമായ ഒരു യാത്ര പോകയും ‘തന്റെ യജമാനന്റെ മകന് യഹോവ നിയമിച്ച’ സ്ത്രീയെ കണ്ടെത്തുന്നതിന് വളരെ കൃത്യമായി അബ്രഹാമിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്തു. (ഉൽപ്പത്തി 24:3, 44) അങ്ങനെ യിസ്ഹാക്ക് റിബെക്കയെ വിവാഹം ചെയ്തു. അവരുടെ പുത്രനായ ഏശാവ് പുറജാതികളായ ഹിത്യരിൽ നിന്ന് ഭാര്യമാരെ തെരഞ്ഞെടുത്തപ്പോൾ അവർ “യിസ്ഹാക്കിന്നും റിബെക്കക്കും മനോവ്യസനകാരണ”മായിത്തീർന്നു.—ഉൽപ്പത്തി 26:34, 35; 27:46; 28:1, 8.
8. വിവാഹം സംബന്ധിച്ച് ന്യായപ്രമാണ നിയമം എന്തു നിയന്ത്രണം വച്ചു, എന്തുകൊണ്ട്?
8 ന്യായപ്രമാണ ഉടമ്പടിയിൻകീഴിൽ പേരെടുത്തു പറഞ്ഞ കനാന്യ ജനതകളിലെ പുരുഷൻമാരെയോ സ്ത്രീകളെയോ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. യഹോവ തന്റെ ജനത്തിന് ഇപ്രകാരം നിർദ്ദേശം നൽകി: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രൻമാർക്ക് കൊടുക്കുകയോ അവരുടെ പുത്രിമാരെ നിന്റെ പുത്രൻമാർക്ക് എടുക്കുകയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രൻമാരെ എന്നോട് അകററിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.”—ആവർത്തനം 7:3, 4.
9. ക്രിസ്ത്യാനികൾക്ക് വിവാഹം സംബന്ധിച്ച് ബൈബിൾ എന്തു ബുദ്ധ്യുപദേശം നൽകുന്നു?
9 യഹോവയുടെ ആരാധകരല്ലാത്തവരുമായുള്ള വിവാഹം സംബന്ധിച്ച് സമാനമായ വിലക്കുകൾ ക്രിസ്തീയ സഭക്കുള്ളിലും ബാധകമാകുന്നതിൽ അതിശയിക്കാനില്ല. അപ്പോസ്തലനായ പൗലോസ് തന്റെ സഹവിശ്വാസികളെ ഇപ്രകാരം പ്രബോധിപ്പിച്ചു: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്ന് ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?” (2 കൊരിന്ത്യർ 6:14, 15) ആ ബുദ്ധ്യുപദേശം വിവിധ വിധങ്ങളിൽ ബാധകമാണ്, അത് തീർച്ചയായും വിവാഹത്തിന്റെ സംഗതിയിലും ബാധകമാണ്. യഹോവയുടെ എല്ലാ സമർപ്പിത ദാസൻമാർക്കും വേണ്ടിയുള്ള പൗലോസിന്റെ വ്യക്തമായ നിർദ്ദേശം “കർത്താവിനോടുള്ള ബന്ധത്തിലായിരിക്കുന്നെങ്കിൽ മാത്രമെ” ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിനെപ്പററി ചിന്തിക്കാവു എന്നാണ്.—1 കൊരിന്ത്യർ 7:39, (NW), അടിക്കുറിപ്പ്.
“കർത്താവിൽ” വിവാഹം ചെയ്യാൻ കഴിയാതെ
10. അവിവാഹിതരായ അനേക ക്രിസ്ത്യാനികൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നു, എന്തു ചോദ്യം ഉദിക്കുന്നു?
10 ഏകാകികളായ അനേക ക്രിസ്ത്യാനികൾ ഏകാകിത്വത്തിന്റെ വരം നട്ടു വളർത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം പിൻപററാൻ തീരുമാനിച്ചിരിക്കുന്നു. മാത്രവുമല്ല, ഇപ്പോൾ ദൈവഭയമുള്ള ഒരു ഇണയെ കണ്ടെത്താനും അങ്ങനെ “കർത്താവിൽ” വിവാഹം ചെയ്യാനും കഴിയാത്തതിനാൽ ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്നതിനു പകരം വിശ്വസ്തരായ അനേക ക്രിസ്ത്യാനികൾ തങ്ങളുടെ ആശ്രയം യഹോവയിൽ വയ്ക്കുകയും ഏകാകികളായി തുടരുകയും ചെയ്തിരിക്കുന്നു. ദൈവത്തിന്റെ ആത്മാവ് അവരിൽ സന്തോഷം, സമാധാനം, വിശ്വാസം, ആത്മനിയന്ത്രണം മുതലായ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുകയും ഏകാകികളായി നിർമ്മലമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തിരിക്കുന്നു. (ഗലാത്യർ 5:22, 23) ദൈവത്തോടുള്ള തങ്ങളുടെ ഭക്തിയുടെ ഈ പരിശോധനയെ വിജയകരമായി നേരിടുന്നവരുടെ കൂട്ടത്തിൽ നമ്മുടെ ധാരാളം ക്രിസ്തീയ സഹോദരിമാരുമുണ്ട്; അവരോട് നമുക്ക് ആഴമായ ബഹുമാനമുണ്ട്. പല രാജ്യങ്ങളിലും അവർ എണ്ണത്തിൽ സഹോദരൻമാരെക്കാൾ കൂടുതലാണ്. അതുകൊണ്ട് പ്രസംഗവേലയിൽ അവർക്ക് ഒരു പ്രമുഖ പങ്കുണ്ട്. വാസ്തവത്തിൽ, “യഹോവ തന്നെ മൊഴി നൽകുന്നു; സുവാർത്ത പറയുന്ന സ്ത്രീകൾ വലിയൊരു സൈന്യമാകുന്നു.” (സങ്കീർത്തനം 68:11, NW) യഥാർത്ഥത്തിൽ ഇരു ലിംഗവർഗ്ഗത്തിലുംപെട്ട അവിവാഹിതരായ ദൈവദാസൻമാരിൽ അനേകരും നിർമ്മലത പാലിക്കുന്നത് അവർ ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നതുകൊണ്ടും അവൻ അവരുടെ പാതകളെ നേരെയാക്കുന്നതുകൊണ്ടുമാണ്.’ (സദൃശവാക്യങ്ങൾ 3:5, 6) എന്നാൽ ഇന്ന് “കർത്താവിൽ” വിവാഹം ചെയ്യാൻ കഴിയാത്തവർ നിസ്സംശയമായും അസന്തുഷ്ടരായിരിക്കുമോ?
11. ബൈബിൾ തത്വങ്ങളോടുള്ള ആദരവു നിമിത്തം ഏകാകിളായി തുടരുന്ന ക്രിസ്ത്യാനികൾക്ക് എന്തു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
11 നാം സന്തുഷ്ട ദൈവമായ യഹോവയുടെ സാക്ഷികളാണെന്ന്, സന്തുഷ്ട അധിപതിയായ യേശുക്രിസ്തുവിന്റെ കീഴിലാണ് സേവിക്കുന്നതെന്ന് നമുക്ക് ഓർമ്മിക്കാം. അതുകൊണ്ട്, ബൈബിളിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന നിയന്ത്രണങ്ങളോടുള്ള ആദരവ്, “കർത്താവിൽ” ഒരു ഇണയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഏകാകികളായി തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നുവെങ്കിൽ ദൈവവും ക്രിസ്തുവും നമ്മെ അസന്തുഷ്ടരായി വിട്ടേക്കുമെന്ന് കരുതുന്നത് യുക്തിസഹമായിരിക്കുമോ? തീർച്ചയായും അല്ല. അതുകൊണ്ട് അവിവാഹിതാവസ്ഥയിലായിരിക്കുമ്പോൾ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ സന്തുഷ്ടനായിരിക്കാൻ കഴിയും എന്ന നിഗമനത്തിൽ നാം എത്തിച്ചേരേണ്ടിയിരിക്കുന്നു. നാം വിവാഹിതരാണെങ്കിലും ഏകാകിളാണെങ്കിലും യഹോവക്ക് നമ്മെ യഥാർത്ഥത്തിൽ സന്തുഷ്ടരാക്കാൻ കഴിയും.
യഥാർത്ഥ സന്തുഷ്ടിയുടെ താക്കോൽ
12. അനുസരണംകെട്ട ദൂതൻമാരുടെ ദൃഷ്ടാന്തം വിവാഹം സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
12 യഹോവയുടെ ദാസൻമാർക്കെല്ലാവർക്കുംവേണ്ടി സന്തുഷ്ടിക്കുള്ള ഏക താക്കോൽ വിവാഹമല്ല. ഒരു ദൃഷ്ടാന്തമായി, ദൂതൻമാരെ നോക്കുക. പ്രളയത്തിന് മുമ്പ് ചില ദൂതൻമാർ ആത്മവ്യക്തികൾക്ക് അസ്വാഭാവികമായിരുന്ന ആഗ്രഹങ്ങൾ വളർത്തിയെടുക്കുകയും തങ്ങൾക്ക് വിവാഹം ചെയ്യാൻ കഴിയാത്തതിൽ അസംതൃപ്തരായിത്തീരുകയും സ്ത്രീകളെ ഭാര്യമാരായി എടുക്കേണ്ടതിന് ജഡശരീരം സമൂർത്തമാക്കുകയും ചെയ്തു. ഈ ദൂതൻമാർ അവരുടെ “ഉചിതമായ വാസസ്ഥലം ഉപേക്ഷിച്ചതിനാൽ” ദൈവം “[അവരെ] മഹാദിവസത്തിലെ ന്യായവിധിക്കായി ഘോരാന്ധകാരത്തിൻ കീഴിൽ നിത്യബന്ധനങ്ങളിൽ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.” (യൂദാ 6, NW; ഉൽപ്പത്തി 6:1, 2) വ്യക്തമായും, ദൂതൻമാർ വിവാഹം ചെയ്യാൻ ദൈവം ഒരിക്കലും ക്രമീകരണം ചെയ്തില്ല. അതുകൊണ്ട് അവരുടെ സന്തുഷ്ടിക്കുള്ള താക്കോൽ വിവാഹമായിരിക്കുമായിരുന്നില്ല.
13. വിശുദ്ധ ദൂതൻമാർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്, ഇത് ദൈവത്തിന്റെ എല്ലാ ദാസൻമാരെയും സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
13 എന്നിരുന്നാലും, വിശ്വസ്തരായ ദൂതൻമാർ സന്തുഷ്ടരാണ്. “പ്രഭാത നക്ഷത്രങ്ങളുടെ സന്തോഷാരവത്തിന്റെ അകമ്പടിയോടെയും ദൈവത്തിന്റെ [ദൂത] പുത്രൻമാരുടെ ഏകകണ്ഠമായ ഘോഷത്തോടെയുമാണ്” യഹോവ ഭൂമിക്ക് അടിസ്ഥാനമിട്ടത്. (ഇയ്യോബ് 38:7, ദ ന്യൂ ജെറുസലേം ബൈബിൾ) വിശുദ്ധ ദൂതൻമാർ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അവർ യഹോവയാം ദൈവത്തിന്റെ ആജ്ഞ അനുസരിക്കുന്നതിനു വേണ്ടി “അവന്റെ വചനത്തിന്റെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട്” എല്ലായ്പ്പോഴും അവന്റെ മുമ്പാകെ നിൽക്കുന്നു. അവന്റെ “ഇഷ്ടം ചെയ്യുന്നതിൽ” അവർ പ്രമോദിക്കുന്നു. (സങ്കീർത്തനം 103:20, 21, NW അടിക്കുറിപ്പ്) അതെ, വിശുദ്ധ ദൂതൻമാരുടെ സന്തുഷ്ടി യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ നിന്നു വരുന്നു. മനുഷ്യർക്കും യഥാർത്ഥ സന്തുഷ്ടിയുടെ താക്കോൽ അതാണ്. അത് സംബന്ധിച്ചാണെങ്കിൽ, ഇന്നു യഹോവയെ സന്തോഷത്തോടെ സേവിച്ചുകൊണ്ടിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ സ്വർഗ്ഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുമ്പോൾ വിവാഹം ചെയ്യുകയില്ല, എന്നാൽ ആത്മവ്യക്തികളെന്ന നിലയിൽ ദൈവേഷ്ടം ചെയ്യുന്നതിൽ അവർ സന്തുഷ്ടരായിരിക്കും. അപ്പോൾ വിവാഹിതരോ ഏകാകികളോ ആയിരുന്നാലും യഹോവയുടെ വിശ്വസ്ത ദാസൻമാർക്കെല്ലാം സന്തുഷ്ടരായിരിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ സന്തുഷ്ടിക്കുള്ള യഥാർത്ഥ അടിസ്ഥാനം സ്രഷ്ടാവിനെ വിശ്വസ്തതയോടെ സേവിക്കുന്നതാണ്.
“പുത്രൻമാരെയും പുത്രിമാരെയുംകാൾ വിശേഷമായ ഒന്ന്”
14. പുരാതന ഇസ്രയേലിലെ ദൈവഭയമുണ്ടായിരുന്ന ഷണ്ഡൻമാർക്ക് എന്തു പ്രവചനപരമായ വാഗ്ദാനം നൽകപ്പെട്ടു, ഇത് വിചിത്രമായി തോന്നിയേക്കാവുന്നതെന്തുകൊണ്ട്?
14 ഒരു വിശ്വസ്ത ക്രിസ്ത്യാനി ഒരിക്കലും വിവാഹം ചെയ്യുന്നില്ലെങ്കിലും ദൈവത്തിന് ആ വ്യക്തിയുടെ സന്തുഷ്ടി ഉറപ്പുവരുത്താൻ കഴിയും. പുരാതന ഇസ്രയേലിലെ ഷണ്ഡൻമാരോട് പ്രവാചകമായി പറയപ്പെട്ട ഈ വാക്കുകളിൽ നിന്ന് പ്രോൽസാഹാനം ഉൾക്കൊള്ളാൻ കഴിയും: “എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡൻമാരോട് യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: ഞാൻ അവർക്കു എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രൻമാരെക്കാൾ വിശേഷമായൊരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും.” (യെശയ്യാവ് 56:4, 5) ഈ വ്യക്തികൾക്ക് അവരുടെ പേര് നിലനിർത്താൻ ഭാര്യയെയും മക്കളെയും വാഗ്ദാനം ചെയ്യുമെന്ന് ഒരുവൻ പ്രതീക്ഷിച്ചിരുന്നിരിക്കാം. എന്നാൽ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് “പുത്രിപുത്രൻമാരെക്കാൾ വിശേഷമായ” ഒന്നായിരുന്നു.—യഹോവയുടെ ആലയത്തിനുള്ളിൽ നിലനിൽക്കുന്ന ഒരു നാമം.
15. യെശയ്യാവ് 56:4, 5-ന്റെ നിവൃത്തിയെപ്പററി എന്തു പറയാൻ കഴിയും?
15 ഈ ഷണ്ഡൻമാരെ “ദൈവത്തിന്റെ യിസ്രായേൽ” ഉൾപ്പെടുന്ന ഒരു പ്രവാചക ചിത്രീകരണമായി കണക്കാക്കുകയാണെങ്കിൽ അവർ യഹോവയുടെ ആത്മീയ ഭവനത്തിൽ അല്ലെങ്കിൽ ആലയത്തിൽ സ്ഥിരമായ ഒരു സ്ഥാനം ലഭിക്കുന്ന അഭിഷിക്തരെ പ്രതിനിധാനം ചെയ്യുന്നു. (ഗലാത്യർ 6:16) ഈ പ്രവചനം പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെടുന്ന പുരാതന ഇസ്രയേലിലെ ദൈവഭയമുണ്ടായിരുന്ന ഷണ്ഡൻമാരുടെ സംഗതിയിൽ അക്ഷരീയമായി ബാധകമാകും എന്ന കാര്യത്തിൽ സംശയമില്ല. അവർ ക്രിസ്തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിക്കുകയും യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ തെരഞ്ഞെടുക്കുന്നത് തുടരുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് ദൈവത്തിന്റെ പുതിയ ലോകത്തിൽ “അനിശ്ചിതകാലത്തോളം ഒരു നാമം” ലഭിക്കും. ഈ അന്ത്യകാലത്ത് യഹോവയുടെ സേവനത്തിൽ കൂടുതലായി പ്രവർത്തിക്കാൻ വേണ്ടി വിവാഹവും കുട്ടികൾക്ക് ജൻമം നൽകുന്നതും വേണ്ട എന്ന് വയ്ക്കുന്ന “വേറെ ആടുകൾ”ക്കും ഇത് ബാധകമാണ്. (യോഹന്നാൻ 10:16) അവരിൽ ചിലർ അവിവാഹിതരും മക്കളില്ലാത്തവരുമായി മരിച്ചേക്കാം. എന്നാൽ അവർ വിശ്വസ്തരാണെങ്കിൽ പുനരുത്ഥാനത്തിൽ അവർക്ക് “പുത്രീപുത്രൻമാരെക്കാൾ വിശേഷമായ” ഒന്ന്—പുതിയ വ്യവസ്ഥിതിയിൽ “ഛേദിക്കപ്പെടുകയില്ലാത്ത” ഒരു നാമം—ലഭിക്കും.
വിവാഹം സന്തുഷ്ടിക്കുള്ള ഏക താക്കോലല്ല
16. വിവാഹം എല്ലായ്പ്പോഴും സന്തുഷ്ടി കൈവരുത്തുന്നില്ല എന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
16 സന്തുഷ്ടി വിവാഹത്തോട് അഭേദ്യമാംവണ്ണം ബന്ധപ്പെട്ടിരിക്കുന്നതായി ചിലർ വിചാരിക്കുന്നു. എന്നിരുന്നാലും ഇന്ന് യഹോവയുടെ സാക്ഷികൾക്കിടയിൽ പോലും വിവാഹം എല്ലായ്പ്പോഴും സന്തുഷ്ടി കൈവരുത്തുന്നില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അത് ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുവെങ്കിലും ഒരു ഏകാകി അഭിമുഖീകരിക്കുന്നതിലും നേരിടാൻ പ്രയാസകരമായ പ്രശ്നങ്ങൾ അത് ഉളവാക്കിയേക്കാം. വിവാഹം ‘ജഡത്തിൽ കഷ്ടത’ കൈവരുത്തും എന്ന് പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 7:28) വിവാഹിതനായ ഒരു വ്യക്തി “ഉൽക്കണ്ഠാകുലനും” “വിഭജിതനു”മായിരിക്കുന്ന സമയങ്ങളുണ്ട്. “ചാപല്യം കൂടാതെ കർത്താവിൽ സ്ഥിരമായി വസിക്കുന്നത്” പ്രയാസമാണെന്ന് അയാളോ അവരോ മിക്കപ്പോഴും കണ്ടെത്തുന്നു.—1 കൊരിന്ത്യർ 7:33-35.
17, 18. (എ) ചില സഞ്ചാരമേൽവിചാരകൻമാർ എന്തു റിപ്പോർട്ട് ചെയ്തിരിക്കുന്നു? (ബി) പൗലോസ് എന്തു ബുദ്ധ്യുപദേശം നൽകി, അത് ബാധകമാക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
17 വിവാഹവും ഏകാകിത്വവും ദൈവത്തിൽ നിന്നുള്ള വരങ്ങളാണ്. (രൂത്ത് 1:9; മത്തായി 19:10-12) ഇതിൽ ഏതവസ്ഥയിലാണെങ്കിലും വിജയിക്കുന്നതിന് പ്രാർത്ഥനാപൂർവമായ ചിന്ത മർമ്മപ്രധാനമാണ്. അനേക സാക്ഷികൾ വളരെ ചെറുപ്പത്തിലെ വിവാഹിതരാകുന്നുവെന്നും മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ സജ്ജരാകുന്നതിന് മുമ്പേതന്നെ മിക്കപ്പോഴും മാതാപിതാക്കളായിത്തീരുന്നുവെന്നും സഞ്ചാരമേൽവിചാരകൻമാർ റിപ്പോർട്ടു ചെയ്യുന്നു. ഈ വിവാഹങ്ങളിൽ ചിലതു തകർന്നുപോകുന്നു. മററുള്ളവർ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു, എന്നാൽ അവരുടെ വിവാഹം അവർക്ക് സന്തുഷ്ടി കൈവരുത്തിയിട്ടില്ല. ഇംഗ്ലീഷ് നാടകകൃത്ത് വില്ല്യം കോൺഗ്രീവ് എഴുതിയ പ്രകാരം, ധൃതിപിടിച്ച് വിവാഹം കഴിക്കുന്നവർ “സാവകാശം അനുതപിച്ചേക്കാം.”
18 ചില യുവസഹോദരൻമാർ ബെഥേൽ സേവനത്തിന് അപേക്ഷിക്കുന്നതിൽ നിന്നും മിനിസ്ററീരിയൽ ട്രെയിനിംഗ് സ്കൂളിൽ ചേരുന്നതിൽ നിന്നും പിൻമാറി നിൽക്കുന്നത് കുറേക്കാലത്തേക്ക് ഏകാകികളായി തുടരണമെന്ന നിബന്ധന നിമിത്തമാണെന്നും സർക്കീട്ട് മേൽവിചാരകൻമാർ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ “നവയൗവ്വനം പിന്നിടുന്നതുവരെ” വിവാഹം ചെയ്യാതിരിക്കാൻ പൗലോസ് ബുദ്ധ്യുപദേശിക്കുന്നു, അതായത് ലൈംഗിക തൃഷ്ണയുടെ ആദ്യവേലിയേററം ശമിക്കുന്നതുവരെ കാത്തിരിക്കാൻ തന്നെ. (1 കൊരിന്ത്യർ 7:36-38, NW) പ്രായപൂർത്തിയായ ഏകാകി എന്ന നിലയിൽ ചെലവഴിക്കുന്ന വർഷങ്ങൾ, ഒരു വ്യക്തിക്ക് ഒരു വിവാഹപങ്കാളിയെ തെരഞ്ഞെടുക്കുന്നതിനോ അഥവാ ഏകാകിയായി തുടരാൻ നന്നായി ചിന്തിച്ച് ഒരു തീരുമാനമെടുക്കുന്നതിനോ അയാളെ അല്ലെങ്കിൽ അവരെ കുറച്ചുകൂടെ മെച്ചപ്പെട്ട സ്ഥിതിയിലാക്കുന്ന വിലപ്പെട്ട അനുഭവവും ഉൾക്കാഴ്ചയും പ്രദാനം ചെയ്യുന്നു.
19. വിവാഹം കഴിക്കാനുള്ള ഒരു യഥാർത്ഥ ആവശ്യം നമുക്കില്ലെങ്കിൽ നമുക്ക് കാര്യങ്ങളെ എങ്ങനെ വീക്ഷിക്കാൻ കഴിയും?
19 നമ്മിൽ ചിലർ ലൈംഗിക ബന്ധത്തിനുള്ള ശക്തമായ താൽപ്പര്യം സഹിതമുള്ള നവയൗവ്വനം പിന്നിട്ടവരാണ്. നാം വിവാഹത്തിന്റെ അനുഗ്രഹങ്ങളെപ്പററി ചിലപ്പോഴൊക്കെ ചിന്തിച്ചേക്കാമെങ്കിലും വാസ്തവത്തിൽ ഏകാകിത്വത്തിന്റെ വരമുള്ളവരാണ്. ഏകാകി എന്ന നിലയിൽ നാം യഹോവയെ ഫലകരമായി സേവിക്കുന്നു എന്നും അവന്റെ സേവനത്തിലെ ചില പദവികൾ നാം ഉപേക്ഷിക്കേണ്ടത് ആവശ്യമാക്കിത്തീർത്തേക്കാവുന്ന വിവാഹം നമുക്ക് യഥാർത്ഥത്തിൽ ആവശ്യമില്ല എന്നും അവൻ കണ്ടേക്കാം. വിവാഹം വ്യക്തിപരമായ ഒരു അത്യാവശ്യമല്ലാതിരിക്കുകയും നാം ഒരു ഇണയാൽ അനുഗ്രഹിക്കപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, നമുക്കുവേണ്ടി ദൈവം മറെറന്തെങ്കിലും കരുതി വച്ചിട്ടുണ്ടായിരിക്കാം. അതുകൊണ്ട് നമുക്ക് അത്യാവശ്യമായിരിക്കുന്നത് അവൻ പ്രദാനം ചെയ്യും എന്ന വിശ്വാസം നമുക്ക് വച്ചുപുലർത്താം. നമ്മെ സംബന്ധിച്ചുള്ള ദൈവേഷ്ടമെന്ന് കാണപ്പെടുന്നത് താഴ്മയോടെ സ്വീകരിക്കുന്നതിൽ നിന്നാണ് ഏററമധികം സന്തുഷ്ടി ഉളവാകുന്നത്, ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസ്സാന്തരം നൽകിയെന്നു കേട്ടപ്പോൾ നമ്മുടെ യഹൂദ സഹോദരൻമാർ ‘മിണ്ടാതിരുന്നു ദൈവത്തെ മഹത്വപ്പെടുത്തിയതു’പോലെ തന്നെ.—പ്രവൃത്തികൾ 11:1-8.
20. (എ) ഇവിടെ യുവ ക്രിസ്ത്യാനികൾക്ക് ഏകാകിത്വം സംബന്ധിച്ച് എന്തു ബുദ്ധ്യുപദേശം നൽകപ്പെട്ടിരിക്കുന്നു? (ബി) സന്തുഷ്ടി സംബന്ധിച്ച എന്തു അടിസ്ഥാന തത്വം സത്യമായി തുടരുന്നു?
20 അതുകൊണ്ട് വിവാഹം പ്രശ്നങ്ങളുടെയും വാതിൽ തുറന്നേക്കാമെങ്കിലും അതിന് സന്തുഷ്ടിയുടെ താക്കോലായിരിക്കാൻ കഴിയും. എന്നാൽ ഒരു കാര്യം തീർച്ചയാണ്: സന്തുഷ്ടി കണ്ടെത്താനുള്ള ഏക മാർഗ്ഗം വിവാഹമല്ല. അതുകൊണ്ട് എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ വിശേഷിച്ചും യുവക്രിസ്ത്യാനികൾ പല വർഷങ്ങളിലെ ഏകാകിത്വത്തിന് ഇടമുണ്ടാക്കാൻ ശ്രമിക്കുന്നത് ജ്ഞാനമായിരിക്കും. യഹോവയെ സേവിക്കുന്നതിനും ആത്മീയമായി പുരോഗമിക്കുന്നതിനും അത്തരം വർഷങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയും. എന്നിരുന്നാലും പ്രായവും ആത്മീയ പുരോഗതിയും പരിഗണിക്കാതെ തന്നെ, കലവറയില്ലാതെ ദൈവത്തിന് തങ്ങളെത്തന്നെ സമർപ്പിച്ചിട്ടുള്ള എല്ലാവരെ സംബന്ധിച്ചും ഇതൊരു അടിസ്ഥാന സത്യമാണ്: യഥാർത്ഥ സന്തുഷ്ടി യഹോവക്കുള്ള വിശ്വസ്തമായ സേവനത്തിലാണ് കണ്ടെത്തപ്പെടുന്നത്.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ യഹോവയുടെ ദാസൻമാർ സന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്?
◻ വിവാഹം ഏററം വലിയ സന്തുഷ്ടിയുടെ താക്കോലായിരിക്കാത്തത് എന്തുകൊണ്ട്?
◻ ഒരു വിവാഹ ഇണയെ തെരഞ്ഞെടുക്കുന്നതിൽ യഹോവയുടെ ജനത്തിന് എന്തു നിബന്ധന വയ്ക്കപ്പെട്ടിരിക്കുന്നു?
◻ ഏകാകികളായി തുടരുന്ന ക്രിസ്ത്യാനികൾക്ക് സന്തുഷ്ടരായിരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നത് യുക്തിസഹമായിരിക്കുന്നത് എന്തുകൊണ്ട്?
◻ വിവാഹത്തെയും സന്തുഷ്ടിയെയും സംബന്ധിച്ച് എന്തു സമ്മതിക്കേണ്ടിയിരിക്കുന്നു?