അധ്യായം 104
ജൂതന്മാർ ദൈവശബ്ദം കേൾക്കുന്നു—അവർ വിശ്വാസം കാണിക്കുമോ?
അനേകർ ദൈവശബ്ദം കേൾക്കുന്നു
ന്യായവിധിക്കുള്ള അടിസ്ഥാനം
നീസാൻ 10 തിങ്കളാഴ്ച. യേശു തന്റെ മരണത്തെക്കുറിച്ച് ദേവാലയത്തിൽവെച്ച് സംസാരിക്കുന്നു. തന്റെ മരണം പിതാവിന്റെ പേരിനെ എങ്ങനെ ബാധിക്കും എന്ന് ചിന്തിച്ച് യേശു ഇങ്ങനെ പറയുന്നു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ ആകാശത്തുനിന്ന് വലിയൊരു ശബ്ദമുണ്ടായി: “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”—യോഹന്നാൻ 12:27, 28.
അവിടെ കൂടിനിന്ന ജനം പേടിച്ചുപോയി. ചിലർ വിചാരിച്ചത് ഇടിമുഴങ്ങിയതാണ് എന്നാണ്. മറ്റു ചിലർ കരുതിയത്: “ഒരു ദൂതൻ അദ്ദേഹത്തോടു സംസാരിച്ചതാണ് ” എന്നാണ്. (യോഹന്നാൻ 12:29) എന്നാൽ വാസ്തവത്തിൽ അത് യഹോവ സംസാരിച്ചതായിരുന്നു! ഇത് ആദ്യമായിട്ടല്ല യേശുവിനോടുള്ള ബന്ധത്തിൽ മനുഷ്യർ ദൈവശബ്ദം കേൾക്കുന്നത്.
മൂന്നര വർഷം മുമ്പ്, യേശുവിന്റെ സ്നാനസമയത്ത് “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു ദൈവം പറയുന്നത് സ്നാപകയോഹന്നാൻ കേട്ടു. എ.ഡി. 32-ലെ പെസഹ ആചരണം കഴിഞ്ഞ് യാക്കോബ്, യോഹന്നാൻ, പത്രോസ് എന്നിവരുടെ മുമ്പാകെ യേശു രൂപാന്തരപ്പെട്ടു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ പറയുന്നതു ശ്രദ്ധിക്കണം” എന്നു ദൈവം പറയുന്നത് ആ മൂന്നു പേരും കേട്ടു. (മത്തായി 3:17; 17:5) എന്നാൽ ഇപ്പോൾ ഈ മൂന്നാം തവണ അനേകർക്കു കേൾക്കാൻ കഴിയുന്ന വിധത്തിലാണ് യഹോവ സംസാരിക്കുന്നത്.
യേശു പറയുന്നു: “ഈ ശബ്ദം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.” (യോഹന്നാൻ 12:30) യേശു യഥാർഥത്തിൽ ദൈവപുത്രനും മുൻകൂട്ടിപ്പറഞ്ഞ മിശിഹയും ആണെന്നതിന്റെ തെളിവായിരുന്നു ഇത്.
മനുഷ്യർ എങ്ങനെ ജീവിക്കണം എന്നതിന് ഒരു മാതൃകയാണ് യേശുവിന്റെ വിശ്വസ്തജീവിതം. കൂടാതെ, ഈ ലോകത്തിന്റെ ഭരണാധികാരിയായ പിശാചായ സാത്താൻ മരണയോഗ്യനാണെന്നും യേശുവിന്റെ ജീവിതം തെളിയിക്കുന്നു. അതുകൊണ്ട് യേശു പറയുന്നു: “ഇപ്പോൾ ഈ ലോകത്തെ ന്യായം വിധിക്കും. ഈ ലോകത്തിന്റെ ഭരണാധികാരിയെ തള്ളിക്കളയാനുള്ള സമയമാണ് ഇത്.” യേശു തുടരുന്നു: “എന്നാൽ എന്നെ ഭൂമിയിൽനിന്ന് ഉയർത്തുമ്പോൾ ഞാൻ എല്ലാ തരം മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.” (യോഹന്നാൻ 12:31, 32) ഇത് കാണിക്കുന്നത് യേശുവിന്റെ മരണം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ്. യേശു ആളുകളെ തന്നിലേക്ക് ആകർഷിക്കുകയും അങ്ങനെ നിത്യജീവനിലേക്കുള്ള വഴി അവർക്ക് തുറന്നുകൊടുക്കുകയും ചെയ്യും.
തന്നെ ‘ഉയർത്തും’ എന്നു യേശു പറഞ്ഞത് കേട്ടപ്പോൾ ജനക്കൂട്ടം ഇങ്ങനെ ചോദിച്ചു: “ക്രിസ്തു എന്നുമുണ്ടായിരിക്കുമെന്നാണു നിയമപുസ്തകത്തിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നത്. അപ്പോൾപ്പിന്നെ മനുഷ്യപുത്രനെ ഉയർത്തുമെന്നു താങ്കൾ പറയുന്നത് എന്താണ്? ഏതു മനുഷ്യപുത്രനെക്കുറിച്ചാണു താങ്കൾ പറയുന്നത്?” (യോഹന്നാൻ 12:34) ദൈവത്തിന്റെ ശബ്ദം ഉൾപ്പെടെ എല്ലാ തെളിവുകളും ഉണ്ടായിട്ടും മിക്ക ആളുകളും യേശുവിനെ ശരിക്കുമുള്ള മനുഷ്യപുത്രനായി, അതായത് മുൻകൂട്ടിപ്പറഞ്ഞ മിശിഹയായി, സ്വീകരിച്ചില്ല.
മുമ്പ് പറഞ്ഞതുപോലെ യേശു ഇപ്പോൾ വീണ്ടും പറയുന്നു താൻ “വെളിച്ചം” ആണെന്ന്. (യോഹന്നാൻ 8:12; 9:5) യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “ഇനി, കുറച്ച് കാലത്തേക്കു മാത്രമേ വെളിച്ചം നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. ഇരുട്ടു നിങ്ങളെ കീഴടക്കാതിരിക്കാൻ വെളിച്ചമുള്ളപ്പോൾ നടന്നുകൊള്ളുക. . . . നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.” (യോഹന്നാൻ 12:35, 36) ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി. കാരണം യേശു മരിക്കേണ്ടിയിരുന്നത് നീസാൻ 10-ന് അല്ലായിരുന്നു, യേശുവിനെ സ്തംഭത്തിൽ ‘ഉയർത്തേണ്ടത് ’—സ്തംഭത്തിൽ തറയ്ക്കേണ്ടത്—നീസാൻ 14-ന് ആയിരുന്നു.—ഗലാത്യർ 3:13.
യേശുവിന്റെ ശുശ്രൂഷക്കാലത്ത് ജൂതന്മാരിൽ പലരും യേശുവിൽ വിശ്വസിച്ചില്ല. ഇതൊരു പ്രവചനനിവൃത്തിയായിരുന്നു. കാരണം ആളുകളുടെ കണ്ണുകൾ അന്ധമായിരിക്കും, അവരുടെ ഹൃദയങ്ങൾ കഠിനമായിരിക്കും, അതുകൊണ്ട് സുഖം പ്രാപിക്കാനായി അവർ മനം തിരിഞ്ഞുവരുകയുമില്ല എന്ന് യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശയ്യ 6:10; യോഹന്നാൻ 12:40) ജീവന്റെ വഴി അഥവാ വരാനിരുന്ന വിമോചകൻ യേശുവാണ് എന്നതിന്റെ തെളിവ് മിക്ക ജൂതന്മാരും മനഃപൂർവം തള്ളിക്കളഞ്ഞു.
നിക്കോദേമൊസും അരിമഥ്യക്കാരനായ യോസേഫും മറ്റു പല പ്രമാണിമാരും യേശുവിൽ “വിശ്വസിച്ചു.” എന്നാൽ വിശ്വാസത്തിനു ചേർച്ചയിൽ അവർ പ്രവർത്തിച്ചോ? ഇല്ല. എന്തായിരുന്നു കാരണം? ഒന്നുകിൽ സിനഗോഗിൽനിന്ന് പുറത്താക്കുമെന്ന് അവർ ഭയന്നു. അല്ലെങ്കിൽ അവർ ‘മനുഷ്യരുടെ അംഗീകാരമാണ് ആഗ്രഹിച്ചത്.’—യോഹന്നാൻ 12:42, 43.
തന്നിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥമാക്കുന്നതെന്ന് യേശുതന്നെ വിശദീകരിച്ചു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച വ്യക്തിയെയും വിശ്വസിക്കുന്നു. എന്നെ കാണുന്നവൻ എന്നെ അയച്ച വ്യക്തിയെയും കാണുന്നു.” ജനത്തെ പഠിപ്പിക്കാനായി ദൈവം യേശുവിനെ പഠിപ്പിച്ച സത്യങ്ങൾ എത്ര പ്രധാനപ്പെട്ടതാണെന്ന് യേശുവിന്റെ പിൻവരുന്ന വാക്കുകൾ കാണിക്കുന്നു: “എന്നെ വകവെക്കാതെ എന്റെ വചനങ്ങൾ തള്ളിക്കളയുന്നവനെ വിധിക്കുന്ന ഒരാളുണ്ട്. എന്റെ വാക്കുകളായിരിക്കും അവസാനനാളിൽ അവനെ വിധിക്കുക.” അതുകൊണ്ട് യേശു ആ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ തുടർന്നു.—യോഹന്നാൻ 12:44, 45, 48.
യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: “ഞാൻ എനിക്കു തോന്നുന്നതുപോലെ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കല്പിച്ചിട്ടുണ്ട്. പിതാവിന്റെ കല്പന നിത്യജീവനിലേക്കു നയിക്കുന്നെന്ന് എനിക്ക് അറിയാം.” (യോഹന്നാൻ 12:49, 50) തന്നിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യർക്കുംവേണ്ടി തന്റെ ജീവരക്തം യാഗമായി അർപ്പിക്കണമെന്ന കാര്യം യേശുവിന് അറിയാമായിരുന്നു.—റോമർ 5:8, 9.