യഹോവയുടെ തേജസ്സ് അവന്റെ ജനത്തിന്മേൽ പ്രകാശിക്കുന്നു
“യഹോവ നിന്റെ നിത്യ പ്രകാശമായിരിക്കും.”—യെശയ്യാവു 60:20.
1. യഹോവ തന്റെ വിശ്വസ്ത ജനത്തെ എങ്ങനെ അനുഗ്രഹിക്കുന്നു?
“യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും [“മനോഹരമാക്കുന്നു,” NW].” (സങ്കീർത്തനം 149:4) പുരാതന കാലത്തെ സങ്കീർത്തനക്കാരൻ അങ്ങനെ പറഞ്ഞു, ചരിത്രം അവന്റെ വാക്കുകളുടെ സത്യതയെ സ്ഥിരീകരിച്ചിരിക്കുന്നു. തന്റെ ജനം വിശ്വസ്തരായിരിക്കുമ്പോൾ അവൻ അവർക്കായി കരുതുന്നു, അവരെ ഫലസമൃദ്ധരാക്കുന്നു, സംരക്ഷിക്കുന്നു. പുരാതന കാലത്ത് അവൻ അവർക്കു ശത്രുജയം നൽകി. ഇന്ന്, അവൻ അവരെ ആത്മീയമായി ബലിഷ്ഠരായി നിലനിറുത്തുകയും യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ രക്ഷ സംബന്ധിച്ച് അവർക്ക് ഉറപ്പു നൽകുകയും ചെയ്യുന്നു. (റോമർ 5:9) തന്റെ ദൃഷ്ടിയിൽ അവർ മനോഹരമായിരിക്കുന്നതിനാലാണ് അവൻ ഇങ്ങനെ ചെയ്യുന്നത്.
2. എതിർപ്പ് ഉണ്ടെങ്കിലും, ദൈവജനത്തിന് എന്തു സംബന്ധിച്ച് ഉറപ്പുണ്ട്?
2 തീർച്ചയായും, അന്ധകാരത്തിൽ മുങ്ങിക്കിടക്കുന്ന ഈ ലോകത്തിൽ ‘ഭക്തിയോടെ ജീവിക്കുന്ന’വർക്ക് എതിർപ്പു നേരിടും. (2 തിമൊഥെയൊസ് 3:12) എന്നിരുന്നാലും, യഹോവ ശത്രുക്കളെ ശ്രദ്ധിക്കാതിരിക്കുന്നില്ല. അവൻ അവർക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.” (യെശയ്യാവു 60:12) ഇന്ന് എതിർപ്പു പല തരത്തിലാണ്. ചില ദേശങ്ങളിൽ, ആത്മാർഥഹൃദയരായ ക്രിസ്ത്യാനികൾ യഹോവയ്ക്ക് അർപ്പിക്കുന്ന ആരാധനയെ പരിമിതപ്പെടുത്താനോ നിരോധിക്കാനോ ശത്രുക്കൾ ശ്രമിക്കുന്നു. മറ്റു ചില ദേശങ്ങളിൽ, മതഭ്രാന്തന്മാർ യഹോവയുടെ ആരാധകർക്കു നേരെ അക്രമം അഴിച്ചുവിടുകയും അവരുടെ വസ്തുവകകൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. എന്നാൽ ഇതോർക്കുക: തന്റെ ഹിതത്തിന്റെ നിവൃത്തിയോടുള്ള ഏതൊരു എതിർപ്പിന്റെയും പരിണതഫലം യഹോവ ഇപ്പോൾത്തന്നെ നിർണയിച്ചു കഴിഞ്ഞിരിക്കുന്നു. ശത്രുക്കൾ പരാജയപ്പെടും. ഭൂമിയിലെ തന്റെ മക്കളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന സീയോനോടു പോരാടുന്നവർക്കു വിജയിക്കാനാവില്ല. നമ്മുടെ മഹാ ദൈവമായ യഹോവയിൽ നിന്നുള്ള പ്രോത്സാഹജനകമായ ഒരു ഉറപ്പല്ലേ അത്?
പ്രതീക്ഷയ്ക്കപ്പുറം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
3. യഹോവയുടെ ആരാധകരുടെ മനോഹാരിതയും ഫലസമൃദ്ധിയും വർണിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
3 ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്ത്, യഹോവ തന്റെ ജനത്തെ അവരുടെ പ്രതീക്ഷകൾക്കപ്പുറം അനുഗ്രഹിച്ചിരിക്കുന്നു എന്നതാണു സത്യം. വിശേഷാൽ, അവൻ പടിപടിയായി തന്റെ ആരാധനാസ്ഥലത്തെയും തന്റെ നാമം വഹിക്കുന്നവരായി അതിലുള്ളവരെയും മനോഹരമാക്കിയിരിക്കുന്നു. യെശയ്യാവിന്റെ പ്രവചനം അനുസരിച്ച്, അവൻ സീയോനോടു പറയുന്നു: “എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി [“മനോഹരമാക്കുവാനായി,” NW] ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.” (യെശയ്യാവു 60:13) നിബിഡ വനത്താൽ ആവൃതമായ പർവതങ്ങൾ അതിമനോഹര ദൃശ്യമാണ്. അതിനാൽ, തഴച്ചുവളരുന്ന വൃക്ഷങ്ങൾ യഹോവയുടെ ആരാധകരുടെ മനോഹാരിതയുടെയും ഫലസമൃദ്ധിയുടെയും ഉചിതമായ പ്രതീകങ്ങളാണ്.—യെശയ്യാവു 41:19; 55:13.
4. “വിശുദ്ധമന്ദിര”വും ‘[യഹോവയുടെ] പാദസ്ഥാന’വും എന്താണ്, ഇവ എങ്ങനെ മനോഹരമാക്കപ്പെട്ടിരിക്കുന്നു?
4 യെശയ്യാവു 60:13-ൽ പരാമർശിച്ചിരിക്കുന്ന “വിശുദ്ധമന്ദിര”വും ‘[യഹോവയുടെ] പാദസ്ഥാന’വും എന്താണ്? ഈ പദപ്രയോഗങ്ങൾ, യേശുക്രിസ്തു മുഖാന്തരം യഹോവയെ ആരാധനയിൽ സമീപിക്കാനുള്ള ക്രമീകരണമാകുന്ന യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ പ്രാകാരങ്ങളെ പരാമർശിക്കുന്നു. (എബ്രായർ 8:1-5; 9:2-10, 23) തന്റെ ആത്മീയ ആലയത്തിൽ വന്ന് ആരാധിക്കാനായി സകല ജനതകളിൽ നിന്നുമുള്ള ആളുകളെ കൂട്ടിവരുത്തിക്കൊണ്ട് അതിനെ മഹത്ത്വപ്പെടുത്താനുള്ള തന്റെ ഉദ്ദേശ്യം യഹോവ പ്രസ്താവിച്ചിരിക്കുന്നു. (ഹഗ്ഗായി 2:7) സകല ജനതകളിലും നിന്നുള്ള പുരുഷാരം യഹോവയുടെ ആരാധനയുടെ ഉന്നത പർവതത്തിലേക്ക് ഒഴുകിവരുന്നത് യെശയ്യാവുതന്നെ നേരത്തേ കണ്ടിരുന്നു. (യെശയ്യാവു 2:1-4) നൂറുകണക്കിനു വർഷങ്ങൾക്കു ശേഷം, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെ അപ്പൊസ്തലനായ യോഹന്നാൻ ദർശനത്തിൽ കാണുകയുണ്ടായി. അവർ “ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ” നിന്നു ‘അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിച്ചുകൊണ്ടിരുന്നു.’ (വെളിപ്പാടു 7:9, 15) ഈ പ്രവചനങ്ങൾ നമ്മുടെ നാളിൽ നിവൃത്തിയേറിയിരിക്കുന്നതിനാൽ, യഹോവയുടെ ഭവനം നമ്മുടെ കൺമുന്നിൽ മനോഹരമാക്കപ്പെട്ടിരിക്കുന്നു.
5. സീയോന്റെ മക്കൾക്ക് ഗുണകരമായ എന്തു വലിയ മാറ്റം ഉണ്ടായി?
5 സീയോനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഗുണകരമായ എത്ര വലിയ മാറ്റമാണ്! യഹോവ പറയുന്നു: “ആരും കടന്നുപോകാതവണ്ണം നീ നിർജ്ജനവും [“പാടേ ഉപേക്ഷിക്കപ്പെട്ടതും,”NW] ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും [‘നിത്യാഭിമാനം,’ ഓശാന ബൈബിൾ] തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും.” (യെശയ്യാവു 60:15) ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടടുത്ത്, ‘ദൈവത്തിന്റെ ഇസ്രായേലി’ന് ശൂന്യമാക്കലിന്റെ ഒരു കാലഘട്ടം ഉണ്ടാകുകതന്നെ ചെയ്തു. (ഗലാത്യർ 6:16) ‘പാടേ ഉപേക്ഷിക്കപ്പെട്ടതായി’ അവൾക്കു തോന്നി. കാരണം, ഭൂമിയിലെ അവളുടെ മക്കൾ തങ്ങളെ സംബന്ധിച്ച ദൈവഹിതം വ്യക്തമായി മനസ്സിലാക്കിയില്ല. എന്നാൽ, 1919-ൽ യഹോവ തന്റെ അഭിഷിക്ത ദാസന്മാരെ പുനരുജ്ജീവിപ്പിച്ചു. അന്നുമുതൽ അത്ഭുതകരമായ ആത്മീയ സമൃദ്ധിയാൽ അവൻ അവരെ അനുഗ്രഹിച്ചിരിക്കുന്നു. മാത്രമല്ല, ആ വാക്യത്തിലെ വാഗ്ദാനം പുളകപ്രദമല്ലേ? യഹോവ സീയോനെ ‘അഭിമാനമായി’ വീക്ഷിക്കും. അതേ, സീയോന്റെ മക്കളും യഹോവതന്നെയും സീയോനെ കുറിച്ച് അഭിമാനിക്കും. അവൾ ‘ആനന്ദം,’ അത്യധികമായ സന്തോഷത്തിന്റെ ഒരു കാരണം, ആയിരിക്കും. അത് ഒരു ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കില്ല. തന്റെ ഭൗമിക മക്കളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന സീയോന്റെ അനുഗൃഹീത നില, ‘തലമുറതലമുറയായി’ നിലനിൽക്കും. അത് ഒരിക്കലും അവസാനിക്കുകയില്ല.
6. രാഷ്ട്രങ്ങളിൽ നിന്നുള്ള വിഭവങ്ങൾ സത്യ ക്രിസ്ത്യാനികൾ എങ്ങനെ ഉപയോഗിക്കുന്നു?
6 മറ്റൊരു ദിവ്യ വാഗ്ദാനം ഇപ്പോൾ ശ്രദ്ധിക്കുക. സീയോനോടായി യഹോവ പറയുന്നു: “നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.” (യെശയ്യാവു 60:16) സീയോൻ എങ്ങനെയാണ് ‘ജാതികളുടെ പാലും’ “രാജാക്കന്മാരുടെ മുല”യും കുടിക്കുന്നത്? നിർമലാരാധന ഉന്നമിപ്പിക്കാൻ അഭിഷിക്ത ക്രിസ്ത്യാനികളും “വേറെ ആടുക”ളാകുന്ന അവരുടെ സഹകാരികളും ജാതികളുടെ അഥവാ രാഷ്ട്രങ്ങളുടെ മൂല്യവത്തായ വിഭവങ്ങൾ ഉപയോഗിക്കുന്നു. (യോഹന്നാൻ 10:16) സ്വമേധയാ നൽകപ്പെടുന്ന സാമ്പത്തിക സംഭാവനകൾ വലിയ തോതിലുള്ള സാർവദേശീയ പ്രസംഗ-പഠിപ്പിക്കൽ വേല നിർവഹിക്കാൻ ഉപകരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ജ്ഞാനപൂർവം ഉപയോഗിച്ചുകൊണ്ട് നൂറുകണക്കിനു ഭാഷകളിൽ ബൈബിളും ബൈബിൾ സാഹിത്യങ്ങളും പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു. ചരിത്രത്തിൽ മുമ്പെന്നത്തേതിലും അധികം ആളുകൾക്ക് ഇന്നു ബൈബിൾ സത്യം ലഭ്യമാണ്. തന്റെ അഭിഷിക്ത ദാസന്മാരെ ആത്മീയ അടിമത്തത്തിൽനിന്നു വീണ്ടെടുത്ത യഹോവ തീർച്ചയായും രക്ഷകൻ ആണെന്നു നിരവധി രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.
സംഘടനാപരമായ പുരോഗതി
7. സീയോന്റെ മക്കൾക്കു ശ്രദ്ധേയമായ എന്തു പുരോഗതി ഉണ്ടായിരിക്കുന്നു?
7 മറ്റൊരു വിധത്തിലും യഹോവ തന്റെ ജനത്തെ മനോഹരമാക്കിയിരിക്കുന്നു. സംഘടനാപരമായ പുരോഗതി നൽകി യഹോവ അവരെ അനുഗ്രഹിച്ചിരിക്കുന്നു. യെശയ്യാവു 60:17-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.” താമ്രത്തിന്റെ സ്ഥാനത്ത് സ്വർണം കൊണ്ടുവരുന്നത് ഒരു പുരോഗതിയാണ്. പരാമർശിച്ചിരിക്കുന്ന മറ്റു പദാർഥങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. ഇതിനു ചേർച്ചയിൽ അന്ത്യകാലത്ത് ഉടനീളം ദൈവത്തിന്റെ ഇസ്രായേലിനു തുടർച്ചയായ സംഘടനാപരമായ പുരോഗതികൾ ഉണ്ടായിരിക്കുന്നു. ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.
8-10. 1919 മുതൽ ഉണ്ടായിരിക്കുന്ന സംഘടനാപരമായ ചില പുരോഗതികൾ വിവരിക്കുക.
8 ദൈവജനത്തിന്റെ സഭകളിൽ 1919-ന് മുമ്പ് കാര്യനിർവഹണം നടത്തിയിരുന്നത് സഭാംഗങ്ങളാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മൂപ്പന്മാരും ഡീക്കന്മാരും ആയിരുന്നു. എന്നാൽ ആ വർഷം മുതൽ, വയൽസേവന പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ “വിശ്വസ്തനും വിവേകിയുമായ അടിമ” ഓരോ സഭയിലും ഒരു സേവന ഡയറക്ടറെ നിയമിച്ചു. (മത്തായി 24:45-47, NW) എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട ചില മൂപ്പന്മാർ സുവിശേഷ വേലയെ പൂർണമായി പിന്തുണയ്ക്കാഞ്ഞതിനാൽ പല സഭകളിലും ആ ക്രമീകരണം കാര്യക്ഷമമായി പ്രവർത്തിച്ചില്ല. അതുകൊണ്ട് 1932-ൽ, മൂപ്പന്മാരെയും ഡീക്കന്മാരെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കാൻ സഭകൾക്കു നിർദേശം ലഭിച്ചു. പകരം, സേവന ഡയറക്ടറോടൊപ്പം പ്രവർത്തിക്കുന്നതിന് ഒരു സേവന കമ്മിറ്റിയെ തിരഞ്ഞെടുക്കേണ്ടിയിരുന്നു. അത് ‘മരത്തിനു’ പകരം ‘താമ്രം’ പോലെയായിരുന്നു—ഒരു വലിയ പുരോഗതി!
9 പിന്നീട്, 1938-ൽ മെച്ചപ്പെട്ട ഒരു ക്രമീകരണം, തിരുവെഴുത്തു കീഴ്വഴക്കവുമായി ഏറെ യോജിക്കുന്ന ഒന്ന്, സ്വീകരിക്കാൻ ലോകമെങ്ങുമുള്ള സഭകൾ ദൃഢനിശ്ചയം ചെയ്തു. സഭാ കാര്യനിർവഹണം ഒരു കമ്പനി ദാസന്റെയും വേറെ ചില ദാസന്മാരുടെയും മേൽ ഭരമേൽപ്പിക്കപ്പെട്ടു. ഇവരെല്ലാം വിശ്വസ്തനും വിവേകിയുമായ അടിമയുടെ മേൽനോട്ടത്തിലാണു നിയമിക്കപ്പെട്ടത്. മേലാൽ സഭകളിൽ തിരഞ്ഞെടുപ്പുകൾ നടന്നില്ല! അങ്ങനെ, സഭയിൽ സേവനം അനുഷ്ഠിക്കുന്നവർ ദിവ്യാധിപത്യ രീതിയിൽ നിയമിക്കപ്പെട്ടു. അത് ‘കല്ലിനു’ പകരം “ഇരിമ്പു” പോലെയോ “താമ്ര”ത്തിനു പകരം “സ്വർണ്ണം” പോലെയോ ആയിരുന്നു.
10 അന്നു മുതൽ പുരോഗതി തുടർന്നിരിക്കുന്നു. ഉദാഹരണത്തിന്, സഭകളുടെ മേൽനോട്ടത്തിനായി ദിവ്യാധിപത്യപരമായി നിയമിക്കപ്പെട്ട മൂപ്പന്മാരുടെ സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംഘം—യാതൊരു മൂപ്പനും മറ്റു മൂപ്പന്മാരുടെമേൽ അധികാരം പ്രയോഗിക്കാതെ—ഉണ്ടായിരിക്കുന്നത് ക്രിസ്തീയ സഭകളുടെ മേൽനോട്ടത്തിനായി ഒന്നാം നൂറ്റാണ്ടിൽ നിലവിലിരുന്ന രീതിയുമായി കൂടുതൽ യോജിക്കുന്നതായി 1972-ൽ കണ്ടെത്തി. കൂടാതെ, ഏതാണ്ട് രണ്ടു വർഷം മുമ്പ് പുരോഗതിയുടെ മറ്റൊരു പടി കൂടി ഉണ്ടായി. ചില നിയമ-കോർപ്പറേഷനുകളുടെ ഡയറക്ടർ സ്ഥാനത്ത് വരുത്തിയ പൊരുത്തപ്പെടുത്തലാണ് അത്. തന്മൂലം അനുദിന നിയമകാര്യങ്ങളാൽ ശ്രദ്ധ വ്യതിചലിക്കാതെ ഇപ്പോൾ ഭരണസംഘത്തിനു ദൈവജനത്തിന്റെ ആത്മീയ താത്പര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നു.
11. യഹോവയുടെ ജനത്തിന്റെ ഇടയിലെ സംഘടനാപരമായ മാറ്റങ്ങൾക്കു പിന്നിൽ ആരാണ്, ഈ മാറ്റങ്ങളുടെ ഫലം എന്താണ്?
11 ഈ പുരോഗമനാത്മകമായ മാറ്റങ്ങളുടെയെല്ലാം പിന്നിൽ ആരാണ്? യഹോവയാം ദൈവം തന്നെ. “ഞാൻ . . . സ്വർണ്ണം വരുത്തും” എന്നു പറയുന്നത് അവനാണ്. അവൻ ഇങ്ങനെയും തുടർന്നു പറയുന്നു: “ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും [‘മേൽവിചാരകർ,’ ഓശാന ബൈ.] നീതിയെ നിനക്കു അധിപതിമാരും ആക്കും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അതേ, തന്റെ ജനത്തിന്റെ മേൽവിചാരണയ്ക്ക് ഉത്തരവാദിത്വം വഹിക്കുന്നത് യഹോവയാണ്. മുൻകൂട്ടി പറയപ്പെട്ട സംഘടനാപരമായ ഈ പുരോഗതി, യഹോവ തന്റെ ജനത്തെ മനോഹരമാക്കുന്ന മറ്റൊരു വിധമാണ്. തത്ഫലമായി യഹോവയുടെ സാക്ഷികൾ പല വിധങ്ങളിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. യെശയ്യാവു 60:18-ൽ നാം വായിക്കുന്നു: “ഇനി നിന്റെ ദേശത്തു സാഹസവും [“അക്രമവും,” NW] നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ പറയും.” എത്ര മനോഹരമാണ് ആ വാക്കുകൾ! എന്നാൽ അവ എങ്ങനെയാണു നിവൃത്തിയേറിയിരിക്കുന്നത്?
12. സത്യ ക്രിസ്ത്യാനികളുടെ ഇടയിൽ സമാധാനം പ്രമുഖമായിത്തീർന്നിരിക്കുന്നത് എങ്ങനെ?
12 പ്രബോധനത്തിനും മാർഗനിർദേശത്തിനുമായി സത്യ ക്രിസ്ത്യാനികൾ യഹോവയിലേക്ക് ഉറ്റുനോക്കുന്നു. അതിന്റെ ഫലം യെശയ്യാവ് മുൻകൂട്ടി പറഞ്ഞതുപോലെ ആണ്: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശയ്യാവു 54:13) കൂടാതെ, യഹോവയുടെ ആത്മാവ് അവന്റെ ജനത്തിന്മേൽ പ്രവർത്തിക്കുന്നു, ആ ആത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ് സമാധാനം. (ഗലാത്യർ 5:22, 23) ദൈവാത്മാവിന്റെ പ്രവർത്തന ഫലമായി യഹോവയുടെ ജനം പ്രകടിപ്പിക്കുന്ന സമാധാനം എന്ന ഗുണം അവരെ അക്രമാസക്ത ലോകത്തിൽ നവോന്മേഷദായകമായ ഒരു മരുപ്പച്ച ആക്കിത്തീർക്കുന്നു. സത്യ ക്രിസ്ത്യാനികൾക്ക് പരസ്പരമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ അവരുടെ സമാധാനാവസ്ഥ പുതിയ ലോകത്തിലെ ജീവിതത്തിന്റെ ഒരു പൂർവാനുഭവമാണ്. (യോഹന്നാൻ 15:17; കൊലൊസ്സ്യർ 3:14) തീർച്ചയായും, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും കരേറ്റുന്ന, നമ്മുടെ ആത്മീയ പറുദീസയിലെ ഒരു മുഖ്യ ഘടകമായ ആ സമാധാനം ആസ്വദിക്കുന്നതിലും അതിനെ ഉന്നമിപ്പിക്കുന്നതിലും നാം ഓരോരുത്തരും അങ്ങേയറ്റം സന്തോഷിക്കുന്നു!—യെശയ്യാവു 11:9.
യഹോവയുടെ വെളിച്ചം തുടർന്നും പ്രകാശിക്കും
13. യഹോവയുടെ വെളിച്ചം അവന്റെ ജനത്തിന്മേൽ എന്നും പ്രകാശിച്ചുകൊണ്ടിരിക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
13 യഹോവയുടെ വെളിച്ചം അവന്റെ ജനത്തിന്മേൽ തുടർന്നും പ്രകാശിക്കുമോ? തീർച്ചയായും! യെശയ്യാവു 60:19, 20-ൽ നാം വായിക്കുന്നു: “ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും [“മനോഹാരിതയും,” NW] ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യ പ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.” ആത്മീയ പ്രവാസികളുടെ “ദുഃഖകാലം” 1919-ൽ അവസാനിച്ചതോടെ, യഹോവയുടെ വെളിച്ചം അവരുടെമേൽ പ്രകാശിക്കാൻ തുടങ്ങി. 80-ലധികം വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അവർ യഹോവയുടെ പ്രീതിപാത്രങ്ങളാണ്, അവന്റെ വെളിച്ചം പ്രകാശിച്ചുകൊണ്ടിരിക്കുന്നു. അതു നിലച്ചുപോകയില്ല. തന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം, യഹോവ സൂര്യനെപ്പോലെ ‘അസ്തമിക്കുകയോ’ ചന്ദ്രനെപ്പോലെ ‘മറഞ്ഞുപോകുകയോ’ ചെയ്യുകയില്ല. പകരം, അവൻ സകല നിത്യതയിലും അവരുടെമേൽ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും. ഈ അന്ധകാര നിബിഡമായ ലോകത്തിന്റെ അന്ത്യനാളുകളിൽ ജീവിക്കുന്ന നമുക്ക് എത്ര മഹത്തായ ഉറപ്പാണ് അത്!
14, 15. (എ) ഏതു വിധത്തിൽ ദൈവജനമെല്ലാം ‘നീതിമാന്മാർ’ ആയിരിക്കുന്നു? (ബി) യെശയ്യാവു 60:21-ന്റെ കാര്യത്തിൽ, ഏതു പ്രധാന നിവൃത്തിക്കായി വേറെ ആടുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു?
14 സീയോന്റെ ഭൗമിക പ്രതിനിധിയെ, ദൈവത്തിന്റെ ഇസ്രായേലിനെ, കുറിച്ച് യഹോവ നടത്തുന്ന മറ്റൊരു വാഗ്ദാനം ഇനി കേൾക്കുക. യെശയ്യാവു 60:21 പറയുന്നു: “നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.” 1919-ൽ അഭിഷിക്ത ക്രിസ്ത്യാനികൾ പ്രവർത്തനത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ അവർ ആളുകളുടെ ഒരു അസാധാരണ കൂട്ടം ആയിരുന്നു. അങ്ങേയറ്റം പാപപൂർണമായ ഒരു ലോകത്തിൽ, ക്രിസ്തുയേശുവിന്റെ മറുവിലയാഗത്തിലുള്ള അചഞ്ചല വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവർ ‘നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടു.’ (റോമർ 3:24; 5:1; NW) തുടർന്ന്, ബാബിലോണിന്റെ പ്രവാസത്തിൽനിന്നു വിടുവിക്കപ്പെട്ട ഇസ്രായേല്യരെ പോലെ അവർ ഒരു “ദേശം,” ഒരു ആത്മീയ ദേശം, അഥവാ ഒരു പ്രവർത്തന മണ്ഡലം കൈവശമാക്കി, അവിടെ അവർ ഒരു ആത്മീയ പറുദീസ ആസ്വദിക്കുമായിരുന്നു. (യെശയ്യാവു 66:8) ആ ദേശത്തിന്റെ പറുദീസാതുല്യമായ മനോഹാരിത ഒരിക്കലും മങ്ങുകയില്ല. കാരണം, പുരാതന ഇസ്രായേലിൽനിന്നു ഭിന്നമായി ഒരു ജനതയെന്ന നിലയിൽ ദൈവത്തിന്റെ ഇസ്രായേൽ അവിശ്വസ്തമായിത്തീരുകയില്ല. അവരുടെ വിശ്വാസവും സഹിഷ്ണുതയും തീക്ഷ്ണതയും എക്കാലവും ദൈവത്തിന്റെ നാമത്തിനു മഹത്ത്വം കരേറ്റും.
15 ആ ആത്മീയ ജനതയിൽപ്പെട്ട എല്ലാ അംഗങ്ങളും പുതിയ ഉടമ്പടിയിലേക്കു വന്നിരിക്കുന്നു. അവരുടെയെല്ലാം ഹൃദയങ്ങളിൽ യഹോവയുടെ നിയമം എഴുതപ്പെട്ടിട്ടുണ്ട്. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവ അവരുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു. (യിരെമ്യാവു 31:31-34, ഓശാന ബൈ.) അവൻ അവരെ ‘പുത്രന്മാർ’ എന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കുകയും പൂർണരായിരുന്നാൽ എന്നപോലെ അവരോട് ഇടപെടുകയും ചെയ്യുന്നു. (റോമർ 8:15, 16, 29, 30) യേശുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിൽ, വേറെ ആടുകളായ അവരുടെ സഹകാരികളുടെ പാപങ്ങളും ക്ഷമിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്താൽ അവർ അബ്രാഹാമിനെ പോലെ ദൈവത്തിന്റെ സ്നേഹിതർ എന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” വേറെ ആടുകളിൽപ്പെട്ട ഈ സഹകാരികൾ മറ്റൊരു ശ്രദ്ധേയമായ അനുഗ്രഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. “മഹോപദ്രവ”ത്തെ (NW) അതിജീവിക്കുകയോ പുനരുത്ഥാനം പ്രാപിക്കുകയോ ചെയ്തശേഷം, മുഴു ഭൂമിയും ഒരു പറുദീസ ആയിത്തീരുമ്പോൾ യെശയ്യാവു 60:21-ലെ വാക്കുകളുടെ അക്ഷരീയ നിവൃത്തി അവർ കാണും. (വെളിപ്പാടു 7:14; റോമർ 4:1-3) അപ്പോൾ “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11, 29.
വർധന തുടരുന്നു
16. എത്ര ശ്രദ്ധേയമായ വാഗ്ദാനമാണ് യഹോവ നടത്തിയത്, അത് എങ്ങനെ നിറവേറിയിരിക്കുന്നു?
16 യെശയ്യാവു 60-ന്റെ അവസാന വാക്യത്തിൽ, ആ അധ്യായത്തിലെ യഹോവയുടെ അവസാന വാഗ്ദാനത്തെ കുറിച്ചു നാം വായിക്കുന്നു. അവൻ സീയോനോടു പറയുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും [“മഹാജനതയും,” NW] ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശയ്യാവു 60:22) നമ്മുടെ നാളിൽ, യഹോവ തന്റെ വാക്കു പാലിച്ചിരിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികൾ 1919-ൽ പ്രവർത്തനത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ അവർ എണ്ണത്തിൽ കുറവായിരുന്നു, “കുറഞ്ഞവൻ” ആയിരുന്നു. കൂടുതൽ ആത്മീയ ഇസ്രായേല്യർ കൂട്ടിവരുത്തപ്പെട്ടതോടെ അവരുടെ എണ്ണം വർധിച്ചു. പിന്നീട് എണ്ണത്തിൽ നിരന്തരം വർധിച്ചുവന്നിരിക്കുന്ന വേറെ ആടുകൾ അവരോടു ചേരാൻ തുടങ്ങി. ദൈവജനത്തിന്റെ സമാധാനാവസ്ഥ, അവരുടെ ‘ദേശത്ത്’ നിലനിൽക്കുന്ന ആത്മീയ പറുദീസ, ആത്മാർഥ ഹൃദയരായ അനേകരെ ആകർഷിച്ചിരിക്കുന്നു. അങ്ങനെ “ചെറിയവൻ” ശരിക്കും ഒരു “മഹാജനത” ആയിത്തീർന്നിരിക്കുന്നു. ഇന്ന്, ദൈവത്തിന്റെ ഇസ്രായേലും 60 ലക്ഷത്തിലധികം വരുന്ന സമർപ്പിതരായ ‘പരദേശികളും’ ചേർന്ന ഈ “ജനത”യിലെ അംഗങ്ങളുടെ എണ്ണം ലോകത്തിലെ പല പരമാധികാര രാഷ്ട്രങ്ങളുടെ ജനസംഖ്യയെക്കാളും അധികമാണ്. (യെശയ്യാവു 60:10, ഓശാന ബൈ.) യഹോവയുടെ പ്രകാശം പ്രതിഫലിപ്പിക്കുന്നതിൽ അതിലെ എല്ലാ പൗരന്മാരും പങ്കെടുക്കുന്നു. അത് അവരെയെല്ലാം അവന്റെ ദൃഷ്ടിയിൽ മനോഹരമാക്കുന്നു.
17. യെശയ്യാവു 60-ാം അധ്യായത്തിന്റെ ഈ ചർച്ച നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു?
17 യെശയ്യാവു 60-ാം അധ്യായത്തിലെ മുഖ്യ ആശയങ്ങളുടെ പരിചിന്തനം തീർച്ചയായും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. തന്റെ ജനം ആത്മീയ പ്രവാസത്തിലേക്കു പോകുമെന്നും പിന്നീട് പുനഃസ്ഥിതീകരിക്കപ്പെടുമെന്നും യഹോവ വളരെ മുമ്പേതന്നെ മനസ്സിലാക്കി എന്നു കാണുന്നത് ആശ്വാസകരമാണ്. നമ്മുടെ നാളിൽ സത്യാരാധകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വർധന യഹോവ വളരെ നേരത്തേതന്നെ മുൻകൂട്ടി കണ്ടു എന്നതു നമ്മെ വിസ്മയിപ്പിക്കുന്നു. മാത്രമല്ല, യഹോവ നമ്മെ ഉപേക്ഷിക്കുകയില്ല എന്ന് ഓർക്കുന്നത് എത്ര ആശ്വാസകരമാണ്! ‘നിത്യജീവനു ചേർന്ന ശരിയായ മനോനിലയുള്ളവരെ’ ആതിഥ്യപൂർവം സ്വീകരിക്കാൻ “നഗര”ത്തിന്റെ വാതിലുകൾ സദാ തുറന്നുകിടക്കും എന്ന ഉറപ്പ് എത്ര സ്നേഹപുരസ്സരമായ ഒന്നാണ്! (പ്രവൃത്തികൾ 13:48, NW) യഹോവ തന്റെ ജനത്തിന്മേൽ തുടർന്നും പ്രകാശിച്ചുകൊണ്ടിരിക്കും. സീയോന്റെ മക്കൾ കൂടുതൽ കൂടുതൽ ശോഭയോടെ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കവേ, അവൾ അഭിമാനത്തിന് ഒരു കാരണമായി തുടരും. (മത്തായി 5:16) ദൈവത്തിന്റെ ഇസ്രായേലിനോടു പറ്റിനിൽക്കാനും യഹോവയുടെ പ്രകാശം പ്രതിഫലിപ്പിക്കുകയെന്ന പദവിയെ താലോലിക്കാനും നാം തീർച്ചയായും എന്നത്തെക്കാളുമധികം ദൃഢചിത്തരാണ്!
നിങ്ങൾക്കു വിശദീകരിക്കാമോ?
• എതിർപ്പ് നേരിടുമ്പോൾ, നാം എന്തു സംബന്ധിച്ച് ഉറപ്പുള്ളവരാണ്?
• സീയോന്റെ മക്കൾ ‘ജാതികളുടെ പാൽ കുടിച്ചിരിക്കുന്നത്’ എങ്ങനെ?
• യഹോവ ‘മരത്തിനു പകരം താമ്രം കൊണ്ടുവന്നിരിക്കുന്നത്’ ഏതു വിധങ്ങളിൽ?
• ഏതു രണ്ടു ഗുണങ്ങൾ യെശയ്യാവു 60:17, 21-ൽ എടുത്തു കാണിച്ചിരിക്കുന്നു?
• “കുറഞ്ഞവൻ” ഒരു “മഹാജനത” ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം
ഈ രണ്ടു ലേഖനങ്ങളിലെയും വിവരങ്ങളുടെ സാരാംശം 2001/02-ലെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ഒരു പ്രസംഗരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. ആ പ്രസംഗത്തിന്റെ ഒടുവിൽ, മിക്കയിടങ്ങളിലും ഒരു പുതിയ പ്രസിദ്ധീകരണം പ്രകാശനം ചെയ്യപ്പെട്ടു. യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം, വാല്യം 2 ആയിരുന്നു അത്. തലേ വർഷം, യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം, വാല്യം 1 പ്രകാശനം ചെയ്തിരുന്നു. ഈ പുതിയ പ്രസിദ്ധീകരണത്തിന്റെ വരവോടെ, യെശയ്യാ പുസ്തകത്തിലെ മിക്കവാറും എല്ലാ വാക്യങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാണ്. വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന യെശയ്യാവു എന്ന പ്രാവചനിക പുസ്തകം സംബന്ധിച്ച ഗ്രാഹ്യവും അതിനോടുള്ള വിലമതിപ്പും വർധിപ്പിക്കുന്നതിൽ ഈ രണ്ടു വാല്യങ്ങൾ വലിയ സഹായമെന്നു തെളിയുന്നു.
[15-ാം പേജിലെ ചിത്രങ്ങൾ]
അക്രമാസക്തമായ എതിർപ്പിൻ മധ്യേ, ‘യഹോവ തന്റെ ജനത്തെ രക്ഷകൊണ്ടു മനോഹരമാക്കുന്നു’
[16-ാം പേജിലെ ചിത്രങ്ങൾ]
നിർമലാരാധന ഉന്നമിപ്പിക്കാൻ ദൈവജനം രാഷ്ട്രങ്ങളിൽ നിന്നുള്ള വിലയേറിയ വിഭവങ്ങൾ ഉപയോഗിക്കുന്നു
[17-ാം പേജിലെ ചിത്രം]
സംഘടനാപരമായ പുരോഗതിയും സമാധാനവും നൽകി യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു