അക്രമത്തിന് ആർ അറുതിവരുത്തും?
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഐക്യരാഷ്ട്ര പൊതു സഭയുടെ 54-ാമത്തെ വാർഷിക യോഗത്തിലേക്കു പ്രതിനിധികളെ സ്വാഗതം ചെയ്യവെ, യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ ലോകനേതാക്കളുടെ മുമ്പാകെ ഒരു വെല്ലുവിളി ഉയർത്തിക്കൊണ്ട് പിൻവരുന്നപ്രകാരം പ്രസ്താവിച്ചതായി ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്തു: “വലിയൊരു കൂട്ടം ജനങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് സഹതാപവാക്കുകളെക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമുണ്ട്. അക്രമങ്ങളുടെ തുടർക്കഥയ്ക്ക് അറുതിവരുത്താനും അങ്ങനെ സമ്പൽസമൃദ്ധിയിലേക്കുള്ള സുരക്ഷിത പാതയിൽ ചരിച്ചു തുടങ്ങാനും അവർക്ക് യഥാർഥവും സുസ്ഥിരവുമായ അർപ്പണബോധത്തോടു കൂടിയ സഹായം ആവശ്യമാണ്.”
അക്രമത്തിന് അറുതിവരുത്താൻ ആവശ്യമായ ‘യഥാർഥവും സുസ്ഥിരവുമായ അർപ്പണബോധം’ പ്രകടമാക്കാൻ യുഎൻ-നും അതിന്റെ അംഗരാഷ്ട്രങ്ങൾക്കും സാധിക്കുമോ? മേൽപ്രസ്താവിച്ച സ്റ്റാർ റിപ്പോർട്ട് അനുസരിച്ച് അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റൻ ഇങ്ങനെ പറഞ്ഞു: “ഈ നൂറ്റാണ്ടിലെ മുഴു രക്തച്ചൊരിച്ചിലുകൾക്കും ശേഷം, അത് ‘വീണ്ടും ഒരിക്കലും’ ഉണ്ടാകില്ലെന്നു പറയാൻ എളുപ്പമാണെങ്കിലും യാഥാർഥ്യമാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നു നമുക്ക് അറിയാം.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നിവർത്തിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുന്നത് യാതൊരു സഹായവും ചെയ്യാത്തതുപോലെതന്നെ ക്രൂരമാണ്.”
ഏതാണ്ട് 2,500 വർഷം മുമ്പ് യിരെമ്യാ പ്രവാചകൻ മാനുഷിക ശ്രമങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) അപ്പോൾ, അക്രമത്തിന് അറുതിവരുമെന്നു പ്രതീക്ഷിക്കാൻ എന്ത് അടിസ്ഥാനമാണുള്ളത്?
ദൈവം അതിന് ഉറപ്പു തരുന്നു. യെശയ്യാവു 60:18-ൽ അതേക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “ഇനി നിന്റെ ദേശത്തു സാഹസവും [“അക്രമവും,” NW] നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല.” പ്രവാസത്തിൽ ആയിരുന്ന തന്റെ ജനത്തെ ദൈവം അവരുടെ സ്വദേശത്തേക്കു മടക്കിക്കൊണ്ടുവന്നപ്പോൾ ആ പ്രവചനത്തിന് ഒരു പ്രാഥമിക നിവൃത്തിയുണ്ടായി. നമുക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു വലിയ നിവൃത്തിയും അതിനുണ്ട്. തനിക്കു “നിവർത്തിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ” അല്ല യഹോവയാം ദൈവം നൽകുന്നത്. അത്യുന്നതനും മനുഷ്യവർഗത്തിന്റെ സ്രഷ്ടാവും എന്ന നിലയിൽ, “അക്രമങ്ങളുടെ തുടർക്കഥയ്ക്ക്” അറുതിവരുത്താൻ ഏറ്റവും പറ്റിയ സ്ഥാനത്ത് ആയിരിക്കുന്നത് അവനാണ്. ദൈവരാജ്യത്തിൻ കീഴിൽ സമാധാനം നിലനിൽക്കും. അക്രമം എന്നെന്നേക്കുമായി പൊയ്പോയിരിക്കും!—ദാനീയേൽ 2:44.