അധ്യായം ഇരുപത്തിമൂന്ന്
‘ഒരു പുതിയ പേര്’
1. യെശയ്യാവു 62-ാം അധ്യായത്തിൽ എന്ത് ഉറപ്പു നൽകിയിരിക്കുന്നു?
ഉറപ്പ്, സമാശ്വാസം, പുനഃസ്ഥിതീകരണ പ്രത്യാശ. ബാബിലോണിലെ ഭഗ്നാശരായ യഹൂദന്മാർക്ക് ആവശ്യമായിരിക്കുന്നത് ഇതെല്ലാമാണ്. യെരൂശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ടിട്ട് നിരവധി പതിറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു. ബാബിലോണിൽനിന്ന് ഏതാണ്ട് 800 കിലോമീറ്റർ അകലെയുള്ള യഹൂദ ഇപ്പോൾ ശൂന്യമായി കിടക്കുകയാണ്. യഹോവ യഹൂദരെ മറന്നുപോയതു പോലെ കാണപ്പെടുന്നു. അവരുടെ അവസ്ഥയെ മെച്ചപ്പെടുത്താൻ എന്തിനു കഴിയും? അവരെ സ്വദേശത്തേക്കു മടക്കിവരുത്തുമെന്നും നിർമലാരാധന പുനഃസ്ഥാപിക്കാൻ അനുവദിക്കുമെന്നുമുള്ള യഹോവയുടെ വാഗ്ദാനങ്ങൾക്ക്. “ത്യക്ത” എന്നും “ശൂന്യ” എന്നുമുള്ള വിശേഷണങ്ങൾക്കു പകരം, ദൈവാംഗീകാരത്തെ സൂചിപ്പിക്കുന്ന നാമങ്ങൾ അവൾക്കു ലഭിക്കും. (യെശയ്യാവു 62:4; സെഖര്യാവു 2:12) യെശയ്യാവു 62-ാം അധ്യായം ഇത്തരം വാഗ്ദാനങ്ങൾ നിറഞ്ഞതാണ്. എന്നിരുന്നാലും മറ്റു പുനഃസ്ഥിതീകരണ പ്രവചനങ്ങളെ പോലെ, ബാബിലോണിലെ പ്രവാസത്തിൽ നിന്നുള്ള യഹൂദരുടെ വിടുതലിനെക്കാൾ ഏറെ പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ചും ഈ അധ്യായം പ്രതിപാദിക്കുന്നുണ്ട്. അതിന്റെ പ്രമുഖ നിവൃത്തിയിൽ, യഹോവയുടെ ആത്മീയ ജനമായ ‘ദൈവത്തിന്റെ ഇസ്രായേലി’ന്റെ രക്ഷ സുനിശ്ചിതമാണെന്ന് ഉറപ്പു നൽകിയിരിക്കുന്നു.—ഗലാത്യർ 6:16.
യഹോവ മിണ്ടാതിരിക്കുന്നില്ല
2. യഹോവ വീണ്ടും സീയോനോട് എങ്ങനെ പ്രീതി കാട്ടുന്നു?
2 പൊ.യു.മു. 539-ൽ ബാബിലോൺ മറിച്ചിടപ്പെടുന്നു. അതേത്തുടർന്ന് പേർഷ്യയിലെ കോരെശ് രാജാവ്, യെരൂശലേമിലേക്കു മടങ്ങാനും യഹോവയുടെ ആരാധന പുനഃസ്ഥാപിക്കാനും ദൈവഭക്തരായ യഹൂദന്മാരെ സഹായിക്കുന്ന ഒരു കൽപ്പന പുറപ്പെടുവിക്കുന്നു. (എസ്രാ 1:2-4) പൊ.യു.മു. 537-ൽ, യഹൂദരുടെ ആദ്യത്തെ കൂട്ടം സ്വദേശത്തു തിരിച്ചെത്തുന്നു. യഹോവ ഒരിക്കൽക്കൂടി യെരൂശലേമിനോടു പ്രീതി കാട്ടുന്നു. അവന്റെ ഊഷ്മളമായ ഈ പ്രാവചനിക പ്രഖ്യാപനത്തിൽനിന്ന് അതു മനസ്സിലാക്കാവുന്നതാണ്: “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ.”—യെശയ്യാവു 62:1.
3. (എ) ഭൗമിക സീയോനെ യഹോവ തള്ളിക്കളയുന്നത് എന്തുകൊണ്ട്, അവളുടെ സ്ഥാനത്ത് ആർ വരുന്നു? (ബി) എന്ത് ശോഷണം സംഭവിക്കുന്നു, എപ്പോൾ, നാം ഏതു കാലഘട്ടത്തിൽ ജീവിക്കുന്നു?
3 സീയോനെ അഥവാ യെരൂശലേമിനെ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം പൊ.യു.മു. 537-ൽ യഹോവ നിറവേറ്റി. അതിലെ നിവാസികൾക്ക് അവനിൽനിന്നു രക്ഷ ലഭിച്ചു, അവരുടെ നീതി ഉജ്ജ്വലമായി ശോഭിച്ചു. എന്നാൽ പിൽക്കാലത്ത് അവർ വീണ്ടും സത്യാരാധനയിൽനിന്നു വീണുപോയി. ഒടുവിൽ, അവർ മിശിഹായായ യേശുവിനെ തള്ളിക്കളഞ്ഞപ്പോൾ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത എന്ന സ്ഥാനത്തുനിന്ന് യഹോവ അവരെയും തള്ളിക്കളഞ്ഞു. (മത്തായി 21:43; 23:38; യോഹന്നാൻ 1:9-13) ഒരു പുതിയ ജനത, ‘ദൈവത്തിന്റെ ഇസ്രായേൽ’ ജനിക്കാൻ യഹോവ ഇടയാക്കി. ഈ പുതിയ ജനത അവന് ഒരു പ്രത്യേക ജനം ആയിത്തീർന്നു. ഒന്നാം നൂറ്റാണ്ടിൽ അതിലെ അംഗങ്ങൾ അന്ന് അറിയപ്പെട്ടിരുന്ന ലോകത്തിലുടനീളം സുവാർത്ത ഘോഷിച്ചു. (ഗലാത്യർ 6:16; കൊലൊസ്സ്യർ 1:23) ദുഃഖകരമെന്നു പറയട്ടെ, അപ്പൊസ്തലന്മാരുടെ മരണശേഷം സത്യമതം ശോഷിക്കാൻ തുടങ്ങി. തത്ഫലമായി, ഇന്നു ക്രൈസ്തവലോകത്തിൽ കാണുന്നതു പോലെ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വം ഉടലെടുത്തു. (മത്തായി 13:24-30, 36-43; പ്രവൃത്തികൾ 20:29, 30) നൂറ്റാണ്ടുകളോളം, യഹോവയുടെ നാമത്തിന്മേൽ വലിയ നിന്ദ വരുത്താൻ ക്രൈസ്തവലോകം അനുവദിക്കപ്പെട്ടിരുന്നു. ഒടുവിൽ, 1914-ൽ യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗത്തിന്റെ വലിയ നിവൃത്തി എന്ന നിലയിൽ യഹോവയുടെ ‘പ്രസാദവർഷം’ തുടങ്ങി.—യെശയ്യാവു 61:2.
4, 5. (എ) സീയോനും മക്കളും ഇന്ന് ആരെ പ്രതിനിധാനം ചെയ്യുന്നു? (ബി) സീയോന്റെ “രക്ഷ, കത്തുന്ന വിളക്കുപോലെ” ആക്കാൻ യഹോവ അവളെ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
4 സീയോനെ പുനഃസ്ഥാപിക്കുമെന്ന യഹോവയുടെ വാഗ്ദാനം ഇന്ന് അവന്റെ സ്വർഗീയ സംഘടനയായ ‘മീതെയുളള യെരൂശലേമി’ൽ നിവൃത്തിയേറിയിരിക്കുന്നു. ഇന്നു ഭൂമിയിൽ അവളെ പ്രതിനിധാനം ചെയ്യുന്നത് അവളുടെ മക്കളായ ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ആണ്. (ഗലാത്യർ 4:26) യഹോവയുടെ സ്വർഗീയ സംഘടന ഒരു അർപ്പിത സഹായിയെ പോലെ വർത്തിക്കുന്നു—അതു ജാഗരൂകമാണ്, സ്നേഹമുള്ളതാണ്, കഠിനമായി അധ്വാനിക്കുന്നതാണ്. അവൾ 1914-ൽ മിശിഹൈക രാജ്യത്തിന് ജന്മം നൽകിയത് എത്ര പുളകപ്രദമായ സംഭവം ആയിരുന്നു. (വെളിപ്പാടു 12:1-5) പ്രത്യേകിച്ചും 1919 മുതൽ അവളുടെ ഭൗമിക മക്കൾ അവളുടെ നീതിയെയും രക്ഷയെയും കുറിച്ചു പ്രസംഗിച്ചിരിക്കുന്നു. യെശയ്യാവ് മുൻകൂട്ടി പറഞ്ഞതു പോലെ, പ്രകാശം ചൊരിയുന്ന ഒരു വിളക്കു പോലെ ഈ മക്കൾ ഇരുട്ടിൽ ശോഭിച്ചിരിക്കുന്നു.—മത്തായി 5:15, 16; ഫിലിപ്പിയർ 2:15.
5 യഹോവ തന്റെ ആരാധകരിൽ അതീവ താത്പര്യം പ്രകടമാക്കുന്നു. സീയോനും അവളുടെ മക്കൾക്കും അവൻ നൽകിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും നിവൃത്തിയേറുന്നതുവരെ അവൻ വെറുതെ ഇരിക്കയില്ല, അഥവാ മിണ്ടാതിരിക്കയില്ല. അഭിഷിക്തരിൽ ശേഷിക്കുന്നവരും അവരുടെ സഹകാരികളായ “വേറെ ആടുക”ളും നിശ്ശബ്ദരായിരിക്കാൻ കൂട്ടാക്കുന്നില്ല. (യോഹന്നാൻ 10:16) രക്ഷയുടെ ഏക മാർഗം ആളുകൾക്കു ചൂണ്ടിക്കാട്ടുകവഴി അവർ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്.—റോമർ 10:10.
യഹോവ നൽകുന്ന ‘ഒരു പുതിയ പേര്’
6. സീയോനെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്താണ്?
6 പുരാതന യെരൂശലേം പ്രതിനിധാനം ചെയ്തിരുന്ന തന്റെ സ്വർഗീയ “സ്ത്രീ” ആയ സീയോനെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം എന്താണ്? അവൻ പ്രസ്താവിക്കുന്നു: “ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശയ്യാവു 62:2) ഇസ്രായേല്യർ നീതിപൂർവം പ്രവർത്തിക്കുമ്പോൾ, ജാതികൾ അവരെ ശ്രദ്ധാപൂർവം ഉറ്റുനോക്കാൻ നിർബന്ധിതരാകും. യഹോവ യെരൂശലേമിനെ ഉപയോഗിക്കുന്നുവെന്നും യഹോവയുടെ രാജ്യത്തോടുള്ള ബന്ധത്തിൽ അവർക്കുള്ള ഏതു ഭരണാധിപത്യവും നിസ്സാരമാണെന്നും രാജാക്കന്മാർ പോലും സമ്മതിക്കേണ്ടിവരുന്നു.—യെശയ്യാവു 49:23.
7. സീയോന്റെ പുതിയ പേര് എന്തു സൂചിപ്പിക്കുന്നു?
7 സീയോന് ഒരു പുതിയ പേര് നൽകിക്കൊണ്ട് അവളുടെ മാറ്റം വന്ന അവസ്ഥയെ യഹോവ ഇപ്പോൾ സ്ഥിരീകരിക്കുന്നു. ആ പുതിയ പേര് പൊ.യു.മു. 537 മുതൽ സീയോന്റെ ഭൗമിക മക്കൾ ആസ്വദിക്കുന്ന അനുഗൃഹീത അവസ്ഥയെയും ആദരണീയ പദവിയെയും സൂചിപ്പിക്കുന്നു.a സീയോൻ തനിക്കു സ്വന്തമാണെന്ന് യഹോവ അംഗീകരിക്കുന്നതായി അത് അർഥമാക്കുന്നു. ഈ വിധത്തിൽ യഹോവയുടെ ആമോദത്തിന്റെ പാത്രമായിരിക്കുന്നതിൽ ദൈവത്തിന്റെ ഇസ്രായേൽ സന്തോഷിക്കുന്നു. വേറെ ആടുകളും അവരോടൊപ്പം ആനന്ദിക്കുന്നു.
8. യഹോവ ഏതു വിധങ്ങളിൽ സീയോനെ ബഹുമാനിച്ചിരിക്കുന്നു?
8 സീയോനു പുതിയ പേര് നൽകിയശേഷം, യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.” (യെശയ്യാവു 62:3) യഹോവ തന്റെ പ്രതീകാത്മക ഭാര്യയെ, സ്വർഗീയ സീയോനെ, ആദരപൂർവം വീക്ഷിക്കേണ്ട ഒന്നായി ഉയർത്തിക്കാട്ടുന്നു. (സങ്കീർത്തനം 48:2; 50:2) ഭംഗിയുള്ള കിരീടവും “രാജമുടിയും” സൂചിപ്പിക്കുന്നത് അവൾക്കു മാന്യതയും അധികാരവും ലഭിച്ചിരിക്കുന്നു എന്നാണ്. (സെഖര്യാവു 9:16) സ്വർഗീയ സീയോനെ അഥവാ ‘മീതെയുളള യെരൂശലേമി’നെ പ്രതിനിധാനം ചെയ്യുന്ന ദൈവത്തിന്റെ ഇസ്രായേൽ അവന്റെ പ്രവർത്തനനിരതമായ കരങ്ങളുടെ—അവൻ പ്രയോഗിക്കുന്ന ശക്തിയുടെ—ശ്രദ്ധേയമായ ഒരു ഫലമാണ്. (ഗലാത്യർ 4:26) യഹോവയുടെ സഹായത്താൽ ആ ആത്മീയ ജനത നിർമലതയുടെയും ഭക്തിയുടെയും മികച്ച ദൃഷ്ടാന്തം വെച്ചിരിക്കുന്നു. അഭിഷിക്തരും വേറെ ആടുകളും ഉൾപ്പെടെ, ദശലക്ഷങ്ങൾ മികച്ച വിശ്വാസവും സ്നേഹവും പ്രകടമാക്കാൻ ശക്തീകരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ മഹത്തായ സ്വർഗീയ പ്രതിഫലം പ്രാപിച്ച അഭിഷിക്തർ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത്, ഞരങ്ങി ഈറ്റുനോവോടിരിക്കുന്ന സൃഷ്ടിയെ നിത്യജീവനിലേക്ക് ഉയർത്തുന്നതിൽ യഹോവയുടെ കയ്യിലെ ഉപകരണങ്ങളായി വർത്തിക്കും.—റോമർ 8:21, 22; വെളിപ്പാടു 22:2.
‘യഹോവ നിന്നിൽ പ്രിയപ്പെട്ടിരിക്കുന്നു’
9. സീയോന് ഉണ്ടാകുന്ന പരിവർത്തനത്തെ കുറിച്ചു വിവരിക്കുക.
9 തന്റെ ഭൗമിക മക്കളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന സ്വർഗീയ സീയോന്റെ ആനന്ദകരമായ പരിവർത്തനത്തിന്റെ ഭാഗമെന്ന നിലയിലാണ് ഒരു പുതിയ പേര് അതിനു ലഭിക്കുന്നത്. നാം ഇപ്രകാരം വായിക്കുന്നു: “നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും; യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും.” (യെശയ്യാവു 62:4) പൊ.യു.മു. 607-ൽ നശിപ്പിക്കപ്പെട്ടതു മുതൽ ഭൗമിക യെരൂശലേം ശൂന്യമായി കിടക്കുകയാണ്. എന്നിരുന്നാലും, യഹോവയുടെ വാക്കുകൾ പുനഃസ്ഥാപനത്തെയും ദേശത്ത് ആളുകൾ പുനരധിവസിക്കുന്നതിനെയും കുറിച്ച് ഉറപ്പു നൽകുന്നു. ഒരിക്കൽ ശൂന്യമായിരുന്ന സീയോൻ ഇനിയൊരിക്കലും ത്യജിക്കപ്പെട്ട അവസ്ഥയിൽ കഴിയുകയില്ല, അവളുടെ ദേശം ഇനി ശൂന്യമായി കിടക്കുകയുമില്ല. പൊ.യു.മു. 537-ലെ യെരൂശലേമിന്റെ പുനഃസ്ഥാപനം, ശൂന്യമായ അവളുടെ മുൻ അവസ്ഥയിൽനിന്നു തികച്ചും ഭിന്നമായ ഒരു പുതിയ അവസ്ഥയെ അർഥമാക്കുന്നു. സീയോൻ “ഹെഫ്സീബാ (ഇഷ്ട)” എന്നും “ബെയൂലാ (വിവാഹസ്ഥ)” എന്നും വിളിക്കപ്പെടുമെന്ന് യഹോവ പ്രഖ്യാപിക്കുന്നു.—യെശയ്യാവു 54:1, 5, 6; 66:8; യിരെമ്യാവു 23:5-8; 30:17; ഗലാത്യർ 4:27-31.
10. (എ) ദൈവത്തിന്റെ ഇസ്രായേലിനു പരിവർത്തനം വന്നത് എങ്ങനെ? (ബി) ദൈവത്തിന്റെ ഇസ്രായേലിന്റെ ‘ദേശം’ എന്താണ്?
10 ദൈവത്തിന്റെ ഇസ്രായേലിന് 1919 മുതൽ സമാനമായ ഒരു മാറ്റം ഉണ്ടായി. ഒന്നാം ലോകയുദ്ധകാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളെ ദൈവം ത്യജിച്ചതു പോലെ തോന്നി. എന്നാൽ 1919-ൽ അവരുടെ അനുഗൃഹീത നില പുനഃസ്ഥാപിക്കപ്പെട്ടു, അവരുടെ ആരാധനാരീതി ശുദ്ധീകരിക്കപ്പെട്ടു. അത് അവരുടെ പഠിപ്പിക്കലുകളുടെയും അവരുടെ സംഘടനയുടെയും അവരുടെ പ്രവർത്തനത്തിന്റെയും മേൽ ഒരു പ്രഭാവം ചെലുത്തി. ദൈവത്തിന്റെ ഇസ്രായേൽ അതിന്റെ ‘ദേശ’ത്തേക്ക്, അതിന്റെ ആത്മീയ അവസ്ഥയിലേക്ക്, അഥവാ പ്രവർത്തന മണ്ഡലത്തിലേക്കു വന്നു.—യെശയ്യാവു 66:7, 8, 20-22.
11. യഹൂദന്മാർ തങ്ങളുടെ മാതാവിനെ ഒരു ഭാര്യയെ എന്നപോലെ വിവാഹം കഴിക്കുന്നത് എങ്ങനെ?
11 തന്റെ ജനത്തിന്റെ പുതിയ, അനുഗൃഹീതമായ അവസ്ഥയെ കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് യഹോവ പ്രഖ്യാപിക്കുന്നു: “യൌവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.” (യെശയ്യാവു 62:5) യഹൂദന്മാർക്ക്, സീയോന്റെ “പുത്രന്മാർ”ക്ക്, ഒരു ഭാര്യ എന്നപോലെ തങ്ങളുടെ മാതാവിനെ എങ്ങനെ വിവാഹം ചെയ്യാൻ കഴിയും? ബാബിലോണിയൻ പ്രവാസത്തിൽനിന്നു വിടുവിക്കപ്പെട്ട് മടങ്ങിവരുന്ന സീയോന്റെ പുത്രന്മാർ തങ്ങളുടെ പഴയ നഗരത്തെ അവകാശമാക്കി അതിൽ വീണ്ടും വസിക്കുമെന്ന അർഥത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അതു സംഭവിക്കുമ്പോൾ, സീയോൻ മേലാൽ ശൂന്യമായിരിക്കില്ല, പിന്നെയോ പുത്രന്മാരെക്കൊണ്ട് നിറഞ്ഞിരിക്കും.—യിരെമ്യാവു 3:14.
12. (എ) താനുമായി വിവാഹബന്ധത്തിൽ ആയിരിക്കുന്ന സംഘടനയുടെ ഭാഗമാണ് അഭിഷിക്ത ക്രിസ്ത്യാനികളെന്ന് ഏതു വിധത്തിൽ യഹോവ വ്യക്തമാക്കിയിരിക്കുന്നു? (ബി) തന്റെ ജനത്തോടുള്ള യഹോവയുടെ ഇടപെടലുകൾ ഇന്നത്തെ വിവാഹബന്ധങ്ങൾക്ക് ശ്രേഷ്ഠമായ ഒരു മാതൃക വെക്കുന്നത് എങ്ങനെ? (342-ാം പേജിലെ ചതുരം കാണുക.)
12 സമാനമായ ഒരു വിധത്തിൽ, 1919 മുതൽ സ്വർഗീയ സീയോന്റെ പുത്രന്മാർ, പ്രാവചനികമായി “ബെയൂലാ (വിവാഹസ്ഥ)” എന്നു വിളിക്കപ്പെട്ടിരിക്കുന്ന തങ്ങളുടെ ദേശം, തങ്ങളുടെ ആത്മീയ ദേശം, കൈവശമാക്കിയിരിക്കുന്നു. ഈ അഭിഷിക്ത ക്രിസ്ത്യാനികൾ ‘[യഹോവയുടെ] നാമത്തിനായുള്ള ഒരു ജനം’ ആണെന്ന് ആ ആത്മീയ ദേശത്തെ അവരുടെ പ്രവർത്തനം തെളിയിച്ചിരിക്കുന്നു. (പ്രവൃത്തികൾ 15:14) ഈ ക്രിസ്ത്യാനികൾ രാജ്യഫലങ്ങൾ പുറപ്പെടുവിച്ചതും യഹോവയുടെ നാമം പ്രസിദ്ധമാക്കിയതും യഹോവ അവരിൽ സന്തോഷിക്കുന്നുവെന്നു തെളിയിച്ചിരിക്കുന്നു. തകർക്കാനാവാത്ത ഐക്യത്തിൽ അവനോടു ചേർന്നിരിക്കുന്ന സംഘടനയുടെ ഭാഗമാണ് അവർ എന്ന് അവൻ വ്യക്തമാക്കിയിരിക്കുന്നു. ഈ ക്രിസ്ത്യാനികളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തുകൊണ്ടും ആത്മീയ പ്രവാസത്തിൽനിന്ന് വിടുവിച്ചുകൊണ്ടും മുഴു മനുഷ്യവർഗത്തോടും രാജ്യപ്രത്യാശ ഘോഷിക്കാൻ ഉപയോഗിച്ചുകൊണ്ടും മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതു പോലെ താൻ അവരിൽ സന്തോഷിക്കുന്നു എന്ന് യഹോവ പ്രകടമാക്കിയിരിക്കുന്നു.—യിരെമ്യാവു 32:41.
‘നിങ്ങൾ നിശ്ശബ്ദമായിരിക്കരുത്’
13, 14. (എ) പുരാതന കാലത്ത്, യെരൂശലേം സംരക്ഷണമേകുന്ന ഒരു നഗരം ആയിത്തീർന്നത് എങ്ങനെ? (ബി) ആധുനിക കാലങ്ങളിൽ, സീയോൻ ‘ഭൂമിയിൽ ഒരു പ്രശംസാവിഷയം’ ആയിത്തീർന്നിരിക്കുന്നത് എങ്ങനെ?
13 യഹോവ തന്റെ ജനത്തിനു നൽകിയിരിക്കുന്ന ആ പ്രതീകാത്മക പുതിയ നാമത്തിൽ അവർക്കു സുരക്ഷിതത്വം തോന്നുന്നു. അവൻ തങ്ങളെ അംഗീകരിക്കുന്നെന്നും തങ്ങളുടെമേൽ അവനാണ് ഉടമസ്ഥാവകാശം ഉള്ളതെന്നും അവർക്കറിയാം. ഇപ്പോൾ വ്യത്യസ്തമായ മറ്റൊരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് മതിൽക്കെട്ടുള്ള ഒരു നഗരത്തോടു സംസാരിക്കുന്നതു പോലെ യഹോവ തന്റെ ജനത്തോടു സംസാരിക്കുന്നു: “യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുതു. [‘നിങ്ങൾ നിശ്ശബ്ദമായിരിക്കരുത്,’ NW] അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത [“നിശ്ശബ്ദത,” NW] കൊടുക്കയുമരുതു.” (യെശയ്യാവു 62:6, 7) ബാബിലോണിൽ നിന്നുള്ള വിശ്വസ്ത ശേഷിപ്പിന്റെ മടങ്ങിവരവിനു ശേഷം, യഹോവയുടെ തക്കസമയത്ത് യെരൂശലേം ‘ഭൂമിയിൽ ഒരു പ്രശംസാവിഷയം’—നിവാസികൾക്കു സംരക്ഷണമേകുന്ന മതിൽക്കെട്ടുള്ള ഒരു നഗരം—ആയിത്തീരുന്നു. മതിലിന്മേലുള്ള കാവൽക്കാർ രാവും പകലും നഗരത്തിന്റെ സംരക്ഷണം ഉറപ്പു വരുത്താനും അതിലെ പൗരന്മാർക്ക് മുന്നറിയിപ്പു നൽകാനും ജാഗരൂകരാണ്.—നെഹെമ്യാവു 6:15; 7:3; യെശയ്യാവു 52:8.
14 വ്യാജമതത്തിന്റെ അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗം സൗമ്യർക്കു കാണിച്ചുകൊടുക്കുന്നതിന് ആധുനിക കാലങ്ങളിൽ യഹോവ തന്റെ അഭിഷിക്ത കാവൽക്കാരെ ഉപയോഗിച്ചിരിക്കുന്നു. അവന്റെ സംഘടനയിലേക്കു വരാൻ സൗമ്യർക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. അവിടെ അവർ ആത്മീയ ദുഷിപ്പിൽനിന്നും ഭക്തികെട്ട സ്വാധീനങ്ങളിൽനിന്നും യഹോവയുടെ അപ്രീതിയിൽ നിന്നുമുള്ള സംരക്ഷണം കണ്ടെത്തുന്നു. (യിരെമ്യാവു 33:9; സെഫന്യാവു 3:19) “തക്കസമയത്ത്” ആത്മീയ “ആഹാരം” പ്രദാനം ചെയ്യുന്ന വിശ്വസ്തനും വിവേകിയുമായ അടിമയായ കാവൽക്കാരൻ വർഗത്തിനുള്ള പങ്ക് അത്തരം സംരക്ഷണത്തിനു മർമപ്രധാനമാണ്. (മത്തായി 24:45-47, NW) സീയോനെ ‘ഭൂമിയിൽ ഒരു പ്രശംസാവിഷയം’ ആക്കുന്നതിൽ ഈ കാവൽക്കാരൻ വർഗത്തോടൊപ്പം പ്രവർത്തിക്കുന്ന “മഹാപുരുഷാര”വും വലിയ ഒരു പങ്കു വഹിക്കുന്നു.—വെളിപ്പാടു 7:9.
15. കാവൽക്കാരൻ വർഗവും അവരുടെ സഹകാരികളും യഹോവയെ നിരന്തരം സേവിക്കുന്നത് എങ്ങനെ?
15 കാവൽക്കാരൻ വർഗത്തിന്റെയും അവരുടെ സഹകാരികളുടെയും സേവനം ഇപ്പോഴും തുടരുന്നു! സഞ്ചാരമേൽവിചാരകന്മാരുടെയും അവരുടെ ഭാര്യമാരുടെയും പ്രോത്സാഹനത്തോടെ ദശലക്ഷക്കണക്കിനു വ്യക്തികൾ നിർവഹിക്കുന്ന വേലയിൽനിന്നും യഹോവയുടെ സാക്ഷികളുടെ വിവിധ ബേഥേൽ ഭവനങ്ങളിലും അച്ചടിശാലകളിലും പ്രവർത്തിക്കുന്ന സ്വമേധയാ സേവകരുടെയും മിഷനറിമാരുടെയും പ്രത്യേക, നിരന്തര, സഹായ പയനിയർമാരുടെയും സന്നദ്ധ മനോഭാവത്തിൽനിന്നും ഇതു കാണാവുന്നതാണ്. മാത്രമല്ല, രാജ്യഹാളുകൾ നിർമിക്കുന്നതിലും രോഗികളെ സന്ദർശിക്കുന്നതിലും വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കു സഹായം നൽകുന്നതിലും ദുരന്തങ്ങൾക്കും അപകടങ്ങൾക്കും ഇരകളായവർക്കു കാലോചിത സഹായം നൽകുന്നതിലും അവർ കഠിനമായി അധ്വാനിക്കുന്നു. ആത്മത്യാഗികളായ ഇവരിൽ അനേകർ അക്ഷരാർഥത്തിൽ “രാപ്പകൽ” സേവനം അർപ്പിക്കുന്നു!—വെളിപ്പാടു 7:14, 15.
16. യഹോവയുടെ ദാസന്മാർ ഏതു വിധത്തിൽ ‘അവന് നിശ്ശബ്ദത കൊടുക്കുന്നില്ല’?
16 ഇടവിടാതെ പ്രാർഥിക്കാൻ, ദൈവത്തിന്റെ ‘ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകാൻ’ അപേക്ഷിക്കുന്നതിന് യഹോവയുടെ ദാസന്മാർ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (മത്തായി 6:9, 10; 1 തെസ്സലൊനീക്യർ 5:17) സത്യാരാധന പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ആഗ്രഹങ്ങളും പ്രത്യാശകളും നിവൃത്തിയേറുന്നതുവരെ ‘[യഹോവയ്ക്കു] നിശ്ശബ്ദത കൊടുക്കരുത്’ എന്ന ഉദ്ബോധനം അവർക്കു ലഭിച്ചിരിക്കുന്നു. ‘രാപ്പകൽ [ദൈവത്തോട്] നിലവിളിക്കാൻ’ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിരന്തരം പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം യേശു എടുത്തുകാട്ടി.—ലൂക്കൊസ് 18:1-8.
ദൈവസേവനത്തിനു പ്രതിഫലം ലഭിക്കുന്നു
17, 18. (എ) ഏതു വിധത്തിൽ സീയോനിലെ നിവാസികൾക്ക് തങ്ങളുടെ അധ്വാനഫലം ആസ്വദിക്കാനാകും? (ബി) യഹോവയുടെ ജനം ഇന്ന് തങ്ങളുടെ അധ്വാനഫലം ആസ്വദിക്കുന്നത് എങ്ങനെ?
17 യഹോവ തന്റെ ജനത്തിനു നൽകുന്ന പുതിയ പേര്, അവരുടെ ശ്രമങ്ങൾ വ്യർഥമല്ലെന്ന് അവർക്ക് ഉറപ്പു നൽകുന്നു. “ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞു അന്യജാതിക്കാർ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലങ്കയ്യും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു. അതിനെ ശേഖരിച്ചവർ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവെച്ചു അതു പാനം ചെയ്യും.” (യെശയ്യാവു 62:8, 9) യഹോവയുടെ വലങ്കയ്യും അവന്റെ ബലമുള്ള ഭുജവും അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണ്. (ആവർത്തനപുസ്തകം 32:40; യെഹെസ്കേൽ 20:5) യഹോവ അവയെ ചൊല്ലി സത്യം ചെയ്തിരിക്കുന്നതിന്റെ അർഥം സീയോന്റെ അവസ്ഥയ്ക്കു മാറ്റം വരുത്താൻ അവൻ ദൃഢചിത്തനാണ് എന്നാണ്. പൊ.യു.മു. 607-ൽ, സീയോന്റെ സ്വത്തുക്കൾ അപഹരിക്കാൻ അവളുടെ ശത്രുക്കളെ യഹോവ അനുവദിക്കുന്നു. (ആവർത്തനപുസ്തകം 28:33, 51) എന്നാൽ ഇപ്പോൾ സീയോന്റെ സ്വത്തുക്കൾ അവയുടെ യഥാർഥ അവകാശികൾ മാത്രമേ ആസ്വദിക്കുകയുള്ളൂ.—ആവർത്തനപുസ്തകം 14:22-27.
18 ഈ വാഗ്ദാനത്തിന്റെ ആധുനികകാല നിവൃത്തിയിൽ, യഹോവയുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനം വലിയ ആത്മീയ സമൃദ്ധി അനുഭവിക്കുന്നു. അവർ തങ്ങളുടെ അധ്വാനഫലം—ക്രിസ്തീയ ശിഷ്യന്മാരുടെ എണ്ണത്തിലുള്ള വർധനവും സമൃദ്ധമായ ആത്മീയ ഭക്ഷണവും—പൂർണമായി ആസ്വദിക്കുന്നു. (യെശയ്യാവു 55:1, 2; 65:14) തന്റെ ജനം വിശ്വസ്തരായതിനാൽ തങ്ങളുടെ ആത്മീയ സമൃദ്ധിയിൽ കൈകടത്താനോ മുഴുഹൃദയത്തോടെയുള്ള തങ്ങളുടെ സേവനത്തിന്റെ ഫലങ്ങൾ കവർന്നെടുക്കാനോ അവർ ശത്രുക്കളെ അനുവദിക്കുന്നില്ല. യഹോവയുടെ സേവനത്തിൽ ചെയ്യുന്ന ഈ വേലയൊന്നും വ്യർഥമല്ല.—മലാഖി 3:10-12; എബ്രായർ 6:10.
19, 20. (എ) യെരൂശലേമിലേക്ക് മടങ്ങുന്ന യഹൂദന്മാരുടെ പാതയിൽനിന്നു പ്രതിബന്ധങ്ങൾ നീക്കം ചെയ്യപ്പെട്ടത് എങ്ങനെ? (ബി) ആധുനിക കാലത്ത് യഹോവയുടെ സംഘടനയിലേക്കു വരുന്ന സൗമ്യരുടെ പാതയിൽനിന്നു പ്രതിബന്ധങ്ങൾ നീക്കം ചെയ്യപ്പെട്ടത് എങ്ങനെ?
19 പുതിയ പേര് യഹോവയുടെ സംഘടനയെ ആത്മാർഥഹൃദയർക്ക് കൂടുതൽ ആകർഷകമാക്കിത്തീർക്കുന്നു. ജനതതികൾ അതിലേക്കു തടിച്ചുകൂടുന്നു, വാതിൽ അവർക്കായി തുറന്നിട്ടിരിക്കുന്നു. യെശയ്യാ പ്രവചനം ഇപ്രകാരം പ്രസ്താവിക്കുന്നു: “കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിന്നു വഴി ഒരുക്കുവിൻ; നികത്തുവിൻ പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ടു ഒരു കൊടി ഉയർത്തുവിൻ.” (യെശയ്യാവു 62:10) സാധ്യതയനുസരിച്ച് ഒന്നാമത്തെ സാഹചര്യത്തിൽ, ഈ ആഹ്വാനം യഹൂദർ യെരൂശലേമിലേക്കു മടങ്ങാൻ ബാബിലോണിയയിലെ നഗരങ്ങളുടെ കവാടങ്ങളിലൂടെ കടന്നുപോകുന്നതിനെ പരാമർശിക്കുന്നു. മടങ്ങിവരുന്നവർ യാത്ര സുഖപ്രദമാക്കാനും വഴി കാണിക്കുന്നതിനു കൊടി ഉയർത്താനും വഴിയിൽനിന്നു കല്ലു പെറുക്കിക്കളയേണ്ടതാണ്.—യെശയ്യാവു 11:12.
20 വിശുദ്ധ സേവനത്തിനായി 1919 മുതൽ വേർതിരിക്കപ്പെട്ട അഭിഷിക്ത ക്രിസ്ത്യാനികൾ “വിശുദ്ധവഴി”യിലൂടെ യാത്ര ചെയ്യുകയാണ്. (യെശയ്യാവു 35:8) മഹാബാബിലോണിൽനിന്നു പുറത്തു കടന്ന് ആത്മീയവഴിയിലൂടെ ആദ്യമായി സഞ്ചരിച്ചവർ അവരാണ്. (യെശയ്യാവു 40:3; 48:20) തന്റെ വീര്യപ്രവൃത്തികളെ കുറിച്ചു ഘോഷിക്കുന്നതിലും ആ വഴി മറ്റുള്ളവർക്കു കാട്ടിക്കൊടുക്കുന്നതിലും നേതൃത്വമെടുക്കാനുള്ള പദവി ദൈവം അവർക്കു നൽകിയിരിക്കുന്നു. കല്ലുകൾ പെറുക്കിക്കളയുന്നത്—പ്രതിബന്ധങ്ങൾ നീക്കം ചെയ്യുന്നത്—പ്രധാനമായും അവരുടെ പ്രയോജനത്തിനുതന്നെ ആയിരുന്നു. (യെശയ്യാവു 57:14) അവർ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും പഠിപ്പിക്കലുകളും വ്യക്തമായി കാണേണ്ടിയിരുന്നു. വ്യാജവിശ്വാസങ്ങൾ ജീവനിലേക്കുള്ള വഴിയിൽ ഒരു തടസ്സമാണ്. എന്നാൽ യഹോവയുടെ വചനം “പാറയെ തകർക്കുന്ന ചുററികപോലെ” ആണ്. അഭിഷിക്ത ക്രിസ്ത്യാനികൾ അത് ഉപയോഗിച്ച്, യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ ഇടറിച്ചേക്കാവുന്ന പ്രതിബന്ധങ്ങൾ തകർത്തുകളഞ്ഞു.—യിരെമ്യാവു 23:29.
21, 22. വ്യാജമതത്തെ ഉപേക്ഷിക്കുന്നവർക്കായി യഹോവ എന്തു കൊടി ഉയർത്തിയിരിക്കുന്നു, അതു നമുക്ക് എങ്ങനെ അറിയാം?
21 പൊ.യു.മു. 537-ൽ, യഹൂദശേഷിപ്പിനു മടങ്ങിവന്ന് ആലയം പുനർനിർമിക്കുന്നതിനുള്ള ഒരു കൊടിയായി യെരൂശലേം വർത്തിച്ചു. (യെശയ്യാവു 49:22) 1919-ൽ അഭിഷിക്ത ശേഷിപ്പ് വ്യാജമതത്തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടപ്പോൾ അവർക്കു ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടക്കേണ്ടി വന്നില്ല. അവർക്കു തങ്ങളുടെ ലക്ഷ്യസ്ഥാനം ഏതെന്ന് അറിയാമായിരുന്നു. കാരണം, യഹോവ അവർക്കായി ഒരു കൊടി ഉയർത്തിയിരിക്കുന്നു. എന്തു കൊടി? യെശയ്യാവു 11:10-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അതേ കൊടിതന്നെ. ആ വാക്യം ഇങ്ങനെ വായിക്കുന്നു: “അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.” പൗലൊസ് അപ്പൊസ്തലൻ ഈ വാക്കുകൾ യേശുവിനു ബാധകമാക്കുന്നു. (റോമർ 15:8, 12) സ്വർഗീയ സീയോനാകുന്ന പർവതത്തിൽനിന്നു വാഴ്ച നടത്തുന്ന രാജാവായ യേശുക്രിസ്തുവാണ് ആ കൊടി!—എബ്രായർ 12:22; വെളിപ്പാടു 14:1.
22 അത്യുന്നതനായ ദൈവത്തെ ഏകീകൃതമായി ആരാധിക്കുന്നതിന് അഭിഷിക്ത ക്രിസ്ത്യാനികളും വേറെ ആടുകളും യേശുക്രിസ്തുവിനു ചുറ്റും കൂടിയിരിക്കുന്നു. അവന്റെ ഭരണാധിപത്യം യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെ സംസ്ഥാപിക്കുന്നതിനും ഭൂമിയിലെ സകല ജനതകളിലും നിന്നുള്ള ആത്മാർഥഹൃദയരെ അനുഗ്രഹിക്കുന്നതിനും ഉതകുന്നു. അവനെ സ്തുതിക്കുന്നതിൽ നാം ഓരോരുത്തരും പങ്കുചേരുന്നതിനുള്ള ഒരു കാരണമല്ലേ അത്?
“നിന്റെ രക്ഷ വരുന്നു”
23, 24. ദൈവത്തിൽ വിശ്വാസമുള്ളവർക്കു രക്ഷ കൈവരുന്നത് എങ്ങനെ?
23 യഹോവ തന്റെ ഭാര്യാസമാന സംഘടനയ്ക്കു നൽകുന്ന പുതിയ പേര് അവളുടെ മക്കളുടെ നിത്യരക്ഷയോടു ബന്ധപ്പെട്ടിരിക്കുന്നു. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.” (യെശയ്യാവു 62:11) ബാബിലോൺ വീഴുകയും തങ്ങളുടെ സ്വദേശത്തേക്കു മടങ്ങാൻ യഹൂദർക്കു സാധിക്കുകയും ചെയ്തപ്പോൾ അവർക്കു രക്ഷ കൈവന്നു. എന്നാൽ അതിനെക്കാൾ വലിയ ഒന്നിലേക്ക് ഈ വാക്കുകൾ വിരൽ ചൂണ്ടുന്നു. യഹോവയുടെ പ്രഖ്യാപനം യെരൂശലേമിനെ കുറിച്ചുള്ള സെഖര്യാവിന്റെ പ്രവചനത്തെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.”—സെഖര്യാവു 9:9.
24 യേശു ജലത്തിൽ സ്നാപനമേൽക്കുകയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്ത് മൂന്നര വർഷം കഴിഞ്ഞ് അവൻ യെരൂശലേമിലേക്കു വന്ന് അവിടത്തെ ആലയം ശുദ്ധീകരിച്ചു. (മത്തായി 21:1-5; യോഹന്നാൻ 12:14-16) ഇന്ന്, ദൈവത്തിൽ വിശ്വാസമുള്ള സകലർക്കും യഹോവയിൽനിന്നു രക്ഷ കൈവരുത്തുന്നവൻ യേശുക്രിസ്തുവാണ്. 1914-ൽ സിംഹാസനസ്ഥൻ ആയതു മുതൽ യേശു, യഹോവയുടെ നിയമിത ന്യായാധിപനും വധനിർവാഹകനുമാണ്. 1918-ൽ, സിംഹാസനസ്ഥനായി മൂന്നര വർഷം കഴിഞ്ഞ് അവൻ, ഭൂമിയിൽ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയാൽ പ്രതിനിധീകരിക്കപ്പെടുന്ന യഹോവയുടെ ആത്മീയ ആലയം ശുദ്ധീകരിച്ചു. (മലാഖി 3:1-5) അവൻ ഒരു കൊടിയായി ഉയർത്തപ്പെട്ടതോടെ ഭൂമിയിലെ സകല ജനതകളിൽ നിന്നുമുള്ള ആളുകൾ മിശിഹൈക രാജ്യത്തെ പിന്താങ്ങിക്കൊണ്ടു കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങി. പുരാതന കാലത്തു സംഭവിച്ചതു പോലെ, ദൈവത്തിന്റെ ഇസ്രായേൽ 1919-ൽ മഹാബാബിലോണിൽ നിന്ന് വിടുവിക്കപ്പെട്ടപ്പോൾ അവർക്ക് “രക്ഷ” ലഭിച്ചു. ഈ ആത്മത്യാഗികളായ കൊയ്ത്തുവേലക്കാർക്കുള്ള “പ്രതിഫലം” അഥവാ “കൂലി” സ്വർഗത്തിലെ അമർത്യജീവനോ ഭൂമിയിലെ നിത്യജീവനോ ആണ്. വിശ്വസ്തരായി നിലകൊള്ളുന്ന സകലർക്കും തങ്ങളുടെ “പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല” എന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 കൊരിന്ത്യർ 15:58.
25. യഹോവയുടെ ജനത്തിന് എന്ത് ഉറപ്പു ലഭിച്ചിരിക്കുന്നു?
25 യഹോവയുടെ സ്വർഗീയ സംഘടനയ്ക്കും ഭൂമിയിലെ അതിന്റെ പ്രതിനിധികൾക്കും അവരുമായി സജീവമായി സഹവസിക്കുന്ന ഏവർക്കും എത്ര നല്ല പ്രത്യാശയാണുള്ളത്! (ആവർത്തനപുസ്തകം 26:19) യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ ആകും.” (യെശയ്യാവു 62:12) ദൈവത്തിന്റെ ഇസ്രായേൽ പ്രതിനിധാനം ചെയ്യുന്ന ‘മീതെയുള്ള യെരൂശലേമി’ന് താൻ ഉപേക്ഷിക്കപ്പെട്ടതായി ഒരിക്കൽ തോന്നിയിരുന്നു. ഇനിയൊരിക്കലും അവൾക്ക് അങ്ങനെ തോന്നുകയില്ല. യഹോവയുടെ ജനത്തിന് എക്കാലവും അവന്റെ സംരക്ഷണാത്മക കരുതലും അംഗീകാരത്തിന്റെ പുഞ്ചിരിയും ഉണ്ടായിരിക്കും.
[അടിക്കുറിപ്പ്]
a ബൈബിൾ പ്രവചനത്തിൽ ‘പുതിയ പേര്’ എന്നതിനാൽ ഒരു പുതിയ സ്ഥാനത്തെയോ പദവിയെയോ സൂചിപ്പിക്കാനാകും.—വെളിപ്പാടു 2:17; 3:12.
[342-ാം പേജിലെ ചതുരം]
വിവാഹബന്ധത്തിന് ഒരു ശ്രേഷ്ഠ മാതൃക
വിവാഹം കഴിക്കുന്നവർ തങ്ങളുടെ വിവാഹബന്ധത്തിൽനിന്നു പലതും പ്രതീക്ഷിക്കുന്നു. എന്നാൽ ദൈവം അതിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്? വിവാഹക്രമീകരണത്തിന്റെ കാരണഭൂതൻ യഹോവയാണ്. അതു സംബന്ധിച്ച അവന്റെ ഉദ്ദേശ്യം എന്തായിരുന്നു?
ഇക്കാര്യത്തിൽ ദൈവത്തിനുള്ള വീക്ഷണത്തിന്റെ ഒരു സൂചന ഇസ്രായേൽ ജനതയുമായുള്ള അവന്റെ ബന്ധത്തിൽനിന്നു കാണാവുന്നതാണ്. യെശയ്യാവ് ആ ബന്ധത്തെ ഒരു വിവാഹബന്ധമായി ചിത്രീകരിക്കുന്നു. (യെശയ്യാവു 62:1-5) ഒരു ‘ഭർത്താവ്’ എന്ന നിലയിൽ യഹോവ തന്റെ “മണവാട്ടി”ക്കായി എന്തു ചെയ്യുന്നുവെന്നു ശ്രദ്ധിക്കുക. അവൻ അവളെ സംരക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. (യെശയ്യാവു 62:6, 7, 12) അവൻ അവളെ ആദരിക്കുകയും വിലയേറിയതായി കണക്കാക്കുകയും ചെയ്യുന്നു. (യെശയ്യാവു 62:3, 8, 9) അവൻ അവളിൽ സന്തോഷം കണ്ടെത്തുന്നു, അവൾക്കു നൽകിയിരിക്കുന്ന പുതിയ പേരുകളിൽനിന്ന് അതു കാണാവുന്നതാണ്.—യെശയ്യാവു 62:4, 5, 12.
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, ഒരു ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തെ ക്രിസ്തുവും അഭിഷിക്ത ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തോട് പൗലൊസ് അപ്പൊസ്തലൻ താരതമ്യം ചെയ്യുമ്പോൾ, യഹോവയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള യെശയ്യാവിന്റെ വിവരണത്തെ അവൻ പ്രതിഫലിപ്പിക്കുക മാത്രമാണു ചെയ്യുന്നത്.—എഫെസ്യർ 5:21-27.
യേശുവും സഭയും തമ്മിലുള്ള ബന്ധത്തെ തങ്ങളുടെ വിവാഹജീവിതത്തിൽ അനുകരിക്കാൻ പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. യഹോവ ഇസ്രായേലിനോടും ക്രിസ്തു സഭയോടും പ്രകടമാക്കിയതിനെക്കാൾ വലിയ സ്നേഹം ഇല്ല. ക്രിസ്ത്യാനികളുടെ വിവാഹജീവിതം വിജയപ്രദവും സന്തുഷ്ടവുമാക്കുന്നതിന് ഉന്നതമായ ഒരു മാതൃകയായി ആ പ്രതീകാത്മക ബന്ധങ്ങൾ നിലകൊള്ളുന്നു.—എഫെസ്യർ 5:28-33.
[339-ാം പേജിലെ ചിത്രം]
യഹോവ സ്വർഗീയ സീയോന് ഒരു പുതിയ പേര് വിളിക്കും
[347-ാം പേജിലെ ചിത്രങ്ങൾ]
ആധുനിക കാലത്ത് യഹോവയുടെ കാവൽക്കാരൻ വർഗം നിശ്ശബ്ദരായിരുന്നിട്ടില്ല