അധ്യായം ഇരുപത്തിനാല്
യഹോവ തനിക്കായി മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കുന്നു
1, 2. (എ) “യഹോവയുടെ ദിവസ”ത്തിന്റെ വരവിൽ ക്രിസ്ത്യാനികൾ വ്യക്തിപരമായ എന്തു താത്പര്യം പ്രകടമാക്കുന്നു? (ബി) യഹോവയുടെ ദിവസത്തിന്റെ വരവിൽ മഹത്തായ എന്ത് ഉദ്ദേശ്യം ഉൾപ്പെട്ടിരിക്കുന്നു?
കഴിഞ്ഞ രണ്ടായിരത്തോളം വർഷമായി ക്രിസ്ത്യാനികൾ “യഹോവയുടെ ദിവസത്തിനായി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചു നിറുത്തിയു”മാണ് കഴിഞ്ഞിട്ടുള്ളത്. (2 പത്രൊസ് 3:11, NW; തീത്തൊസ് 2:12) ആ ദിവസത്തിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതു തീർച്ചയായും അവർക്ക് അപൂർണതയുടെ തിക്തഫലങ്ങളിൽ നിന്നുള്ള വിമോചനത്തിനു തുടക്കം കുറിക്കും. (റോമർ 8:22) ഈ ‘അന്ത്യകാലത്തെ ദുർഘടസമയങ്ങളിൽ’ അവർ അനുഭവിക്കുന്ന സമ്മർദങ്ങളിൽനിന്ന് അത് വിടുതൽ നൽകും.—2 തിമൊഥെയൊസ് 3:1.
2 യഹോവയുടെ ദിവസം നീതിമാന്മാർക്ക് ആശ്വാസം കൈവരുത്തുമ്പോൾ “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും” അതു നാശത്തെ അർഥമാക്കും. (2 തെസ്സലൊനീക്യർ 1:7, 8) ഇതു ഗൗരവമായ ഒന്നാണ്. അരിഷ്ടതയിൽനിന്നു തന്റെ ജനത്തെ വിടുവിക്കുന്നതിനു മാത്രമാണോ ദൈവം യഥാർഥത്തിൽ ദുഷ്ടരെ നശിപ്പിക്കുന്നത്? അതിനെക്കാൾ മഹത്തായ ഒരു ഉദ്ദേശ്യം, ദൈവനാമത്തിന്റെ വിശുദ്ധീകരണം, ഉൾപ്പെട്ടിരിക്കുന്നതായി യെശയ്യാവു 63-ാം അധ്യായം പ്രകടമാക്കുന്നു.
ജയശാലിയായ യോദ്ധാവിന്റെ വരവ്
3, 4. (എ) യെശയ്യാവു 63-ാം അധ്യായത്തിലെ പ്രവചനത്തിന്റെ പശ്ചാത്തലം എന്ത്? (ബി) യെരൂശലേമിനു നേരെ ആർ വരുന്നതായി യെശയ്യാവ് കാണുന്നു, അത് ആരാണെന്നാണ് ചില പണ്ഡിതർ പറയുന്നത്?
3 യെശയ്യാവു 62-ാം അധ്യായത്തിൽ ബാബിലോണിയൻ പ്രവാസത്തിൽ നിന്നുള്ള യഹൂദന്മാരുടെ വിടുതലിനെ കുറിച്ചും സ്വദേശത്തേക്കുള്ള അവരുടെ പുനഃസ്ഥിതീകരണത്തെ കുറിച്ചും നാം വായിക്കുന്നു. സ്വാഭാവികമായും ഇങ്ങനെയൊരു ചോദ്യം ഉയർന്നുവരുന്നു: യഹൂദന്മാരുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ശേഷിപ്പിനു മറ്റു ശത്രുരാഷ്ട്രങ്ങളിൽ നിന്നുള്ള കൂടുതലായ ആക്രമണത്തെ ഭയപ്പെടേണ്ടി വരുമോ? അവരുടെ ഭയത്തെ ദൂരീകരിക്കാൻ യെശയ്യാവിന്റെ ദർശനം വളരെ സഹായിക്കുന്നു. പ്രവചനം ഇങ്ങനെ തുടങ്ങുന്നു: “എദോമിൽനിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവൻ ആർ? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ?”—യെശയ്യാവു 63:1എ.
4 ഊർജസ്വലനും ജയശാലിയുമായ ഒരു യോദ്ധാവ് യെരൂശലേമിനു നേരെ വരുന്നതായി യെശയ്യാവ് കാണുന്നു. അവൻ വളരെ ഉയർന്ന പദവിയിലുള്ളവനാണ് എന്ന് അവന്റെ ഗംഭീരമായ വസ്ത്രങ്ങൾ സൂചിപ്പിക്കുന്നു. ഏദോമിലെ ഏറ്റവും പ്രമുഖ നഗരമായ ബൊസ്രയിൽ നിന്നാണ് അവൻ വരുന്നത്. അതു സൂചിപ്പിക്കുന്നത് അവൻ ശത്രുദേശത്തിന്മേൽ വലിയ വിജയം നേടിയിരിക്കുന്നു എന്നാണ്. ഈ യോദ്ധാവ് ആരായിരിക്കും? ചില പണ്ഡിതന്മാർ അവൻ യേശുക്രിസ്തു ആണെന്നു പറയുന്നു. എന്നാൽ മറ്റു ചിലർ, അവൻ യഹൂദ സൈനിക നേതാവായ ജൂഡസ് മക്കബീസ് ആണെന്നു വിശ്വസിക്കുന്നു. എന്നാൽ, മേൽപ്പറഞ്ഞ ചോദ്യത്തിന് പിൻവരുന്ന പ്രകാരം ഉത്തരം നൽകുമ്പോൾ താൻ ആരാണെന്നു യോദ്ധാവുതന്നെ വെളിപ്പെടുത്തുന്നു: “നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ [“ശക്തിയിൽ ആധിക്യം ഉള്ളവൻ,” NW] ഞാൻ തന്നേ.”—യെശയ്യാവു 63:1ബി.
5. യെശയ്യാവ് കാണുന്ന യോദ്ധാവ് ആർ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്?
5 ഈ യോദ്ധാവ് യഹോവ തന്നെ ആണെന്നതിനു സംശയമില്ല. മറ്റ് ഇടങ്ങളിൽ അവന് “ചലനാത്മക ഊർജത്തിന്റെ ആധിക്യം” ഉള്ളതായും അവൻ “നീതി സംസാരിക്കുന്ന”തായും പറഞ്ഞിരിക്കുന്നു. (യെശയ്യാവു 40:26, NW; 45:19, 23) ആ യോദ്ധാവിന്റെ ഗംഭീര വസ്ത്രങ്ങൾ സങ്കീർത്തനക്കാരന്റെ വാക്കുകളെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “എന്റെ ദൈവമായ യഹോവേ, നീ ഏററവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.” (സങ്കീർത്തനം 104:1) യഹോവ സ്നേഹത്തിന്റെ ദൈവമാണെങ്കിലും, ആവശ്യമായി വരുമ്പോൾ അവൻ ഒരു യോദ്ധാവിന്റെ വസ്ത്രം ധരിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു.—യെശയ്യാവു 34:2; 1 യോഹന്നാൻ 4:16.
6. യഹോവ ഏദോമിലെ ഒരു യുദ്ധം കഴിഞ്ഞു മടങ്ങുന്നതായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
6 യഹോവ ഏദോമിലെ ഒരു യുദ്ധം കഴിഞ്ഞു മടങ്ങുന്നതായി പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? ഏദോമ്യർ അനേക വർഷങ്ങളായി ദൈവത്തിന്റെ ഉടമ്പടി ജനതയുടെ ശത്രുക്കളാണ്, അവരുടെ പൂർവപിതാവായ ഏശാവിന്റെ കാലത്തു തുടങ്ങിയതാണ് ആ ശത്രുത. (ഉല്പത്തി 25:24-34; സംഖ്യാപുസ്തകം 20:14-21) ഏദോമിന് യഹൂദയോടുള്ള വിദ്വേഷത്തിന്റെ ആഴം യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ പ്രത്യേകിച്ചും വ്യക്തമായി, ആ സമയത്ത് ബാബിലോണിയൻ സൈനികരെ അവർ പ്രോത്സാഹിപ്പിക്കുകയുണ്ടായി. (സങ്കീർത്തനം 137:7, 8) വ്യക്തിപരമായി തനിക്കെതിരെയുള്ള ഒരു അപരാധമായി യഹോവ അത്തരം ശത്രുതയെ കണക്കാക്കുന്നു. തന്റെ പ്രതികാരത്തിന്റെ വാൾ ഏദോമിനെതിരെ വീശാൻ അവൻ നിശ്ചയിച്ചതിൽ അതിശയിക്കാനില്ല!—യെശയ്യാവു 34:5-15; യിരെമ്യാവു 49:7-22.
7. (എ) ഏദോമിന് എതിരെയുള്ള പ്രവചനം ആദ്യം നിവൃത്തിയേറിയത് എങ്ങനെ? (ബി) ഏദോം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
7 അതുകൊണ്ട് യെരൂശലേമിലേക്കു മടങ്ങുന്ന യഹൂദന്മാരെ സംബന്ധിച്ചിടത്തോളം യെശയ്യാവിന്റെ ദർശനം വളരെ പ്രോത്സാഹനം നൽകുന്ന ഒന്നാണ്. പുതിയ ഭവനത്തിൽ സുരക്ഷിതമായി വസിക്കുന്നതിനെ കുറിച്ച് അത് അവർക്ക് ഉറപ്പേകുന്നു. തീർച്ചയായും, മലാഖി പ്രവാചകന്റെ നാളുകൾ ആയപ്പോഴേക്കും ദൈവം ഏദോമിലെ ‘പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തു.’ (മലാഖി 1:3) യെശയ്യാവിന്റെ പ്രവചനം മലാഖിയുടെ കാലം ആയപ്പോഴേക്കും പൂർണമായി നിവൃത്തിയേറി എന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഇല്ല. കാരണം ശൂന്യമായ അവസ്ഥയിൽ ആയിരുന്നിട്ടും അതിന്റെ ശൂന്യസ്ഥലങ്ങളെ പുനർനിർമിക്കാൻ ഏദോം ദൃഢചിത്തത കാട്ടി. മലാഖി തുടർന്ന് ഏദോമിനെ “ദുഷ്ടപ്രദേശം” എന്നും “യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി” എന്നും വിളിച്ചു.a (മലാഖി 1:4, 5) എന്നാൽ പ്രാവചനിക അർഥത്തിൽ, ഏദോം എന്നു പറഞ്ഞിരിക്കുന്നതിൽ ഏശാവിന്റെ പിൻഗാമികൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. യഹോവയുടെ ആരാധകരുടെ ശത്രുക്കളായ സകല രാഷ്ട്രങ്ങളുടെയും പ്രതീകമാണ് അത്. ഇതിൽ ക്രൈസ്തവലോക രാഷ്ട്രങ്ങൾ വിശേഷാൽ പ്രമുഖമാണ്. ഈ ആധുനിക ഏദോമിന് എന്തു സംഭവിക്കും?
മുന്തിരിച്ചക്ക്
8, 9. (എ) യോദ്ധാവ് ഏതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി യെശയ്യാവ് കാണുന്നു? (ബി) പ്രതീകാത്മക മുന്തിരിച്ചക്ക് മെതിക്കപ്പെടുന്നത് എപ്പോൾ?
8 മടങ്ങിവരുന്ന യോദ്ധാവിനോട് യെശയ്യാവ് ഇങ്ങനെ ചോദിക്കുന്നു: “നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്തു? നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ഇരിക്കുന്നതെന്തു?” യഹോവ അതിനു മറുപടി നൽകുന്നു: “ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.”—യെശയ്യാവു 63:2, 3.
9 ഈ വാക്കുകൾ രക്തച്ചൊരിച്ചിലിനെ കുറിക്കുന്നു. എന്തിന്, മുന്തിരിച്ചക്കു മെതിക്കുന്നവന്റെ വസ്ത്രങ്ങൾ പോലെ ദൈവത്തിന്റെ ഗംഭീര വസ്ത്രങ്ങളിൽ പോലും കറ പുരണ്ടിരിക്കുന്നു! യഹോവയാം ദൈവം തന്റെ ശത്രുക്കളെ നശിപ്പിക്കാൻ നീങ്ങുമ്പോൾ അവർ കുടുങ്ങിപ്പോയിരിക്കുന്ന അവസ്ഥയെ ഉചിതമായി ചിത്രീകരിക്കുന്നതാണ് മുന്തിരിച്ചക്ക്. ഈ പ്രതീകാത്മക മുന്തിരിച്ചക്ക് എപ്പോഴാണ് മെതിക്കപ്പെടുന്നത്? യോവേലിന്റെയും യോഹന്നാൻ അപ്പൊസ്തലന്റെയും പ്രവചനങ്ങളും പ്രതീകാത്മക മുന്തിരിച്ചക്കിനെ കുറിച്ചു പറയുന്നുണ്ട്. യഹോവ അർമഗെദോനിൽ തന്റെ ശത്രുക്കളെ നശിപ്പിക്കുമ്പോൾ ആ പ്രവചനങ്ങളിലെ മുന്തിരിച്ചക്ക് മെതിക്കപ്പെടും. (യോവേൽ 3:13; വെളിപ്പാടു 14:18-20; 16:16) യെശയ്യാവിലെ പ്രാവചനിക മുന്തിരിച്ചക്കും ആ സംഭവത്തിലേക്കു വിരൽ ചൂണ്ടുന്നു.
10. താൻ ഏകനായി മുന്തിരിച്ചക്ക് മെതിച്ചെന്ന് യഹോവ പറയുന്നത് എന്തുകൊണ്ട്?
10 ജനങ്ങളിൽനിന്ന് ആരും കൂടെയില്ലാതെ, താൻ ഏകനായി മുന്തിരിച്ചക്ക് മെതിച്ചെന്ന് യഹോവ പറയുന്നത് എന്തുകൊണ്ട്? ദൈവത്തിന്റെ പ്രതിനിധിയായ യേശുക്രിസ്തു മുന്തിരിച്ചക്ക് ചവിട്ടുന്നതിൽ നേതൃത്വം എടുക്കില്ലേ? (വെളിപ്പാടു 19:11-16) ഉവ്വ്. എന്നാൽ യഹോവ ഇവിടെ പരാമർശിക്കുന്നത് ആത്മജീവികളെ അല്ല, മറിച്ച് മനുഷ്യരെയാണ്. ഭൂമിയിൽനിന്നു സാത്താന്റെ അനുഗാമികളെ ഇല്ലാതാക്കാൻ യാതൊരു മനുഷ്യനും കഴിയില്ല എന്നാണ് അവൻ ഇവിടെ പറയുന്നത്. (യെശയ്യാവു 59:15, 16) അവർ പരിപൂർണമായി നശിപ്പിക്കപ്പെടുന്നതുവരെ തന്റെ കോപത്തിൽ സർവശക്തനായ ദൈവം അവരെ ചവിട്ടിമെതിക്കും.
11. (എ) യഹോവ “പ്രതികാരദിവസം” വരുത്തുന്നത് എന്തുകൊണ്ട്? (ബി) പുരാതന കാലങ്ങളിൽ ‘വിമുക്തന്മാർ’ ആരായിരുന്നു, ഇന്ന് അവർ ആരാണ്?
11 പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് താൻതന്നെ ഈ വേല ഏറ്റെടുത്തിരിക്കുന്നത് എന്തുകൊണ്ട് എന്ന് യഹോവ കൂടുതലായി വിശദീകരിക്കുന്നു: “ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.” (യെശയ്യാവു 63:4)b തന്റെ ജനത്തെ ദ്രോഹിക്കുന്നവരുടെമേൽ പ്രതികാരം നടത്താനുള്ള അവകാശം യഹോവയ്ക്കു മാത്രമേ ഉള്ളൂ. (ആവർത്തനപുസ്തകം 32:35) പുരാതന കാലങ്ങളിൽ ബാബിലോണിയരുടെ കൈകളിൽ കഷ്ടമനുഭവിച്ച യഹൂദന്മാർ ആയിരുന്നു ആ ‘വിമുക്തന്മാർ.’ (യെശയ്യാവു 35:10; 43:1; 48:20) ആധുനിക കാലത്ത് അവർ അഭിഷിക്ത ശേഷിപ്പാണ്. (വെളിപ്പാടു 12:17) പുരാതന കാലത്തെ യഹൂദന്മാരെ പോലെ, അവർ മതപരമായ പ്രവാസത്തിൽനിന്നു വിമുക്തരായിരിക്കുന്നു. അവരെ പോലെ അഭിഷിക്തരും അവരുടെ കൂടെയുള്ള “വേറെ ആടുകൾ” ആകുന്ന സഹകാരികളും പീഡനത്തിന്റെയും എതിർപ്പിന്റെയും ഇരകൾ ആയിരിക്കുന്നു. (യോഹന്നാൻ 10:16) ദൈവത്തിന്റെ നിയമിത സമയത്ത് അവൻ ഇടപെടുമെന്ന് യെശയ്യാവിന്റെ പ്രവചനം ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഉറപ്പു നൽകുന്നു.
12, 13. (എ) യഹോവയ്ക്കു സഹായിയായി ആരുമില്ലാത്തത് ഏതു വിധത്തിൽ? (ബി) യഹോവയുടെ ഭുജം രക്ഷ കൈവരുത്തുന്നത് എങ്ങനെ, അവന്റെ ക്രോധം അവനെ തുണയ്ക്കുന്നത് എങ്ങനെ?
12 യഹോവ തുടർന്നു പറയുന്നു: “ഞാൻ നോക്കി എങ്കിലും സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു. ഞാൻ എന്റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.”—യെശയ്യാവു 63:5, 6.
13 യാതൊരു മനുഷ്യ സഹായിക്കും യഹോവയുടെ വലിയ പ്രതികാര ദിവസത്തിന്റെ ബഹുമതി എടുക്കാനാവില്ല. തന്റെ ഹിതം നിറവേറ്റാൻ യഹോവയ്ക്ക് ആരുടെയും സഹായം ആവശ്യവുമില്ല.c അളക്കാനാവാത്തവിധം അത്യന്തം ശക്തിയുള്ള അവന്റെ ഭുജം ആ വേലയ്ക്കു പര്യാപ്തമാണ്. (സങ്കീർത്തനം 44:3; 98:1; യിരെമ്യാവു 27:5) മാത്രമല്ല, അവന്റെ ക്രോധം അവനെ തുണയ്ക്കുന്നു. എങ്ങനെ? ദൈവത്തിന്റെ ക്രോധം അനിയന്ത്രിതമായ വികാരമല്ല, മറിച്ച് നീതിനിഷ്ഠമായ അമർഷമാണ് എന്ന അർഥത്തിൽ. യഹോവ എല്ലായ്പോഴും നീതിനിഷ്ഠമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ, അവന്റെ ശത്രുക്കളുടെ ‘രക്തത്തെ നിലത്തു വീഴ്ത്തിക്കളയു’ന്ന കാര്യത്തിൽ അവന്റെ ക്രോധം അവനെ തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 75:8; യെശയ്യാവു 25:10; 26:5.
ദൈവത്തിന്റെ സ്നേഹദയ
14. യെശയ്യാവ് ഇപ്പോൾ ഉചിതമായ എന്ത് ഓർമിപ്പിക്കലുകൾ നൽകുന്നു?
14 കഴിഞ്ഞകാലത്ത്, യഹോവ തങ്ങൾക്കായി ചെയ്ത കാര്യങ്ങളോടു യഹൂദന്മാർക്ക് വളരെ വേഗം വിലമതിപ്പ് ഇല്ലാതായി. അപ്പോൾ ഉചിതമായും, യഹോവ എന്തുകൊണ്ടാണ് അത്തരം കാര്യങ്ങൾ ചെയ്തതെന്ന് യെശയ്യാവ് അവരെ ഓർമിപ്പിക്കുന്നു. യെശയ്യാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും. അവർ [തീർച്ചയായും] എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു. അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.”—യെശയ്യാവു 63:7-9.
15. ഈജിപ്തിലെ അബ്രാഹാമിന്റെ സന്തതിയോട് യഹോവ സ്നേഹദയ കാട്ടിയത് എങ്ങനെ, എന്തുകൊണ്ട്?
15 സ്നേഹദയ അഥവാ വിശ്വസ്ത സ്നേഹം പ്രകടിപ്പിക്കുന്നതിൽ യഹോവ എത്ര മുന്തിയ ദൃഷ്ടാന്തമാണു വെക്കുന്നത്! (സങ്കീർത്തനം 36:7; 62:12; NW) യഹോവ അബ്രാഹാമുമായി ഒരു സ്നേഹബന്ധം സ്ഥാപിച്ചു. (മീഖാ 7:20, NW) അവന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്ന് യഹോവ ആ ഗോത്രപിതാവിനോടു വാഗ്ദാനം ചെയ്തു. (ഉല്പത്തി 22:17, 18) ഇസ്രായേൽ ഗൃഹത്തോടു സമൃദ്ധമായ നന്മ കാട്ടിക്കൊണ്ട് യഹോവ ആ വാഗ്ദാനത്തോടു പറ്റിനിന്നു. അവന്റെ വിശ്വസ്തമായ പ്രവൃത്തികളിൽ മുഖ്യമായിരുന്നു അബ്രാഹാമിന്റെ സന്തതിയെ ഈജിപ്തിലെ അടിമത്തത്തിൽനിന്ന് അവൻ വിടുവിച്ചത്.—പുറപ്പാടു 14:30.
16. (എ) ഇസ്രായേലുമായി ഉടമ്പടിയിൽ ഏർപ്പെട്ടപ്പോൾ യഹോവയ്ക്ക് എങ്ങനെയുള്ള ഒരു വീക്ഷണമാണ് ഉണ്ടായിരുന്നത്? (ബി) യഹോവ തന്റെ ജനത്തോട് എങ്ങനെ ഇടപെടുന്നു?
16 ഈജിപ്തിൽ നിന്ന് ഇസ്രായേലിനെ വിടുവിച്ചശേഷം യഹോവ അവരെ സീനായ് പർവതത്തിങ്കലേക്കു കൊണ്ടുവന്നിട്ട് പിൻവരുന്ന വാഗ്ദാനം നൽകി: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; . . . നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറപ്പാടു 19:5, 6) അത്തരമൊരു വാഗ്ദാനം നൽകി യഹോവ അവരെ വഞ്ചിക്കുകയായിരുന്നോ? അല്ല. കാരണം, “അവർ [തീർച്ചയായും] എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ” എന്ന് യഹോവ തന്നോട് പറഞ്ഞതായി യെശയ്യാവ് വെളിപ്പെടുത്തുന്നു. ഒരു പണ്ഡിതൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഇവിടത്തെ ‘തീർച്ചയായും’ എന്ന പ്രയോഗം പരമാധികാരത്തെയോ മുന്നറിവിനെയോ സൂചിപ്പിക്കുന്ന ഒന്നല്ല: അതു സ്നേഹം നിമിത്തം തന്റെ ജനത്തിൽ അവനു പ്രത്യാശയും വിശ്വാസവും ഉണ്ട് എന്നതിന്റെ സൂചനയാണ്.” അതേ, തന്റെ ജനം വിജയിക്കാനുള്ള ആത്മാർഥമായ ആഗ്രഹത്തോടെ, നല്ല വിശ്വാസത്തോടെ യഹോവ നടത്തിയ ഒരു ഉടമ്പടിയാണ് അത്. അവരിൽ കുറവുകൾ പ്രകടമായിരുന്നെങ്കിലും യഹോവ അവരിൽ ഉത്തമ വിശ്വാസം പ്രകടമാക്കി. തന്റെ ആരാധകരെ ഇത്രയധികം വിശ്വസിക്കുന്ന ഒരു ദൈവത്തെ ആരാധിക്കുന്നത് എത്ര വലിയ പദവിയാണ്! യഹോവയുടെ ജനത്തിന്റെ അടിസ്ഥാന നന്മയിൽ മൂപ്പന്മാർ സമാനമായ വിശ്വാസം പ്രകടമാക്കുമ്പോൾ അവർ തങ്ങളുടെ മേൽനോട്ടത്തിൻ കീഴിലുള്ളവരെ ബലിഷ്ഠമാക്കുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുവെന്നു പറയാൻ കഴിയും.—2 തെസ്സലൊനീക്യർ 3:4; എബ്രായർ 6:9, 10.
17. (എ) ഇസ്രായേല്യരോടുള്ള തന്റെ സ്നേഹത്തിനു യഹോവ എന്തു തെളിവു നൽകി? (ബി) നമുക്ക് ഇന്ന് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
17 എന്നാൽ “തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു” എന്ന് സങ്കീർത്തനക്കാരൻ ഇസ്രായേല്യരെ കുറിച്ച് പറയുന്നു. (സങ്കീർത്തനം 106:22) അവരുടെ അനുസരണക്കേടിന്റെയും ദുശ്ശാഠ്യത്തിന്റെയും ആ മനോഭാവം ദാരുണ ഫലങ്ങളിലേക്ക് അവരെ നയിച്ചു. (ആവർത്തനപുസ്തകം 9:6) യഹോവ അവരോടു സ്നേഹദയ കാണിക്കുന്നതു നിറുത്തിക്കളഞ്ഞോ? ഇല്ല, മറിച്ച് “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” എന്ന് യെശയ്യാവ് പറയുന്നു. എത്രയധികം സമാനുഭാവമാണ് യഹോവ പ്രകടമാക്കുന്നത്! തന്റെ മക്കൾ കഷ്ടം അനുഭവിക്കുന്നതു കണ്ടപ്പോൾ സ്നേഹവാനായ ഒരു പിതാവിനെ പോലെ അവനു വേദന തോന്നി, അവർ കഷ്ടമനുഭവിച്ചത് അവരുടെ ഭോഷത്തം നിമിത്തം ആയിരുന്നിട്ടു പോലും. മുൻകൂട്ടി പറഞ്ഞിരുന്നതു പോലെ, തന്റെ സ്നേഹത്തിന്റെ തെളിവ് എന്ന നിലയിൽ അവരെ വാഗ്ദത്ത ദേശത്തേക്കു നയിക്കുന്നതിന് അവൻ തന്റെ ‘സമ്മുഖദൂതനെ,’ സാധ്യതയനുസരിച്ച് മനുഷ്യപൂർവ അസ്തിത്വത്തിൽ ആയിരുന്ന യേശുവിനെ, അയച്ചു. (പുറപ്പാടു 23:20) അങ്ങനെ “ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ” യഹോവ തന്റെ ജനതയെ വഹിച്ചു. (ആവർത്തനപുസ്തകം 1:31; സങ്കീർത്തനം 106:10) അതുപോലെ ഇന്ന് യഹോവ നമ്മുടെ കഷ്ടങ്ങൾ സംബന്ധിച്ച് ബോധവാനാണെന്നും നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങളിൽ അവൻ നമ്മോടു സഹതപിക്കുന്നു എന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഉറച്ച ബോധ്യത്തോടെ നമുക്ക് ‘സകല ചിന്താകുലവും അവന്റെമേൽ ഇടാൻ’ കഴിയും.—1 പത്രൊസ് 5:7.
ദൈവം ഒരു ശത്രു ആയിത്തീരുന്നു
18. യഹോവ തന്റെ ജനത്തിന്റെ ഒരു ശത്രു ആയിത്തീർന്നത് എങ്ങനെ?
18 എന്നാൽ യഹോവയുടെ സ്നേഹദയയെ നാം ഒരിക്കലും മുതലെടുക്കാൻ ശ്രമിക്കരുത്. യെശയ്യാവ് തുടരുന്നു: “അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർക്കു ശത്രുവായ്തീർന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.” (യെശയ്യാവു 63:10) താൻ കരുണയുള്ളവനും ദയാലുവുമായ ഒരു ദൈവമാണെങ്കിലും, ‘കുററമുള്ളവനെ വെറുതെ വിടുകയില്ല’ എന്ന് യഹോവ മുന്നറിയിപ്പു നൽകിയിരുന്നു. (പുറപ്പാടു 34:6, 7) മത്സരഗതി സ്വീകരിച്ചുകൊണ്ട് തങ്ങൾ ശിക്ഷയ്ക്ക് അർഹരാണെന്ന് ഇസ്രായേല്യർ പ്രകടമാക്കി. “നീ മരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു . . . മറന്നുകളയരുതു” എന്ന് മോശെ ഓർമിപ്പിച്ചു. “മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.” (ആവർത്തനപുസ്തകം 9:7) ദൈവാത്മാവിന്റെ ആരോഗ്യാവഹമായ ഫലങ്ങളെ ചെറുത്തുനിൽക്കുകവഴി അവർ അതിനെ വേദനിപ്പിച്ചു, അഥവാ ദുഃഖിപ്പിച്ചു. (എഫെസ്യർ 4:30) തങ്ങളുടെ ഒരു ശത്രു ആയിത്തീരാൻ അവർ യഹോവയെ നിർബന്ധിച്ചു.—ലേവ്യപുസ്തകം 26:17; ആവർത്തനപുസ്തകം 28:63.
19, 20. യഹൂദന്മാർ ഏതു കാര്യങ്ങൾ ഓർക്കുന്നു, എന്തുകൊണ്ട്?
19 അവരുടെ കഷ്ടപ്പാടിനിടയിൽ, കഴിഞ്ഞ കാലത്തെ കുറിച്ചു ധ്യാനിക്കാൻ ചില യഹൂദർ പ്രേരിതർ ആയിത്തീർന്നിരിക്കുന്നു. യെശയ്യാവ് ഇങ്ങനെ പറയുന്നു: “അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതനകാലം ഓർത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽ നിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ? തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും അവർ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ? താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി.”—യെശയ്യാവു 63:11-14എ.
20 അതേ, അനുസരണക്കേടിന്റെ ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നപ്പോൾ, യഹൂദന്മാർ യഹോവ തങ്ങളുടെ ശത്രു ആയിരിക്കുന്നതിനു പകരം തങ്ങളുടെ വിമോചകൻ ആയിരുന്ന നാളുകൾക്കായി വാഞ്ഛിക്കുന്നു. തങ്ങളുടെ ‘ഇടയന്മാ’രായ മോശെയും അഹരോനും തങ്ങളെ ചെങ്കടലിലൂടെ സുരക്ഷിതമായി നടത്തിയത് അവർ ഓർക്കുന്നു. (സങ്കീർത്തനം 77:20; യെശയ്യാവു 51:10) ദൈവാത്മാവിനെ വേദനിപ്പിക്കുന്നതിനു പകരം മോശെയും പ്രായമേറിയ ആത്മനിയുക്ത പുരുഷന്മാരും നൽകിയ മാർഗനിർദേശത്തിലൂടെ തങ്ങൾ വഴിനടത്തപ്പെട്ട കാലത്തെ കുറിച്ച് അവർ ഓർക്കുന്നു. (സംഖ്യാപുസ്തകം 11:16, 17) മോശെ മുഖാന്തരം തങ്ങൾക്കായി പ്രവർത്തിച്ച യഹോവയുടെ ശക്തിയുടെ “മഹത്വമുള്ള ഭുജം” കണ്ടതായും അവർ ഓർക്കുന്നു! തക്കസമയത്ത്, ദൈവം അവരെ ഭയങ്കരമായ മഹാമരുഭൂമിയിൽനിന്ന് പാലും തേനും ഒഴുകുന്ന സ്വസ്ഥതയുടെ ഒരു ദേശത്തേക്ക് നയിച്ചു. (ആവർത്തനപുസ്തകം 1:19; യോശുവ 5:6; 22:4) എന്നാൽ ഇപ്പോൾ യഹോവയുമായുള്ള നല്ല ബന്ധം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അവർ കഷ്ടം അനുഭവിക്കുന്നു!
‘തനിക്കായി മഹത്വമുള്ള ഒരു നാമം’
21. (എ) ദൈവത്തിന്റെ നാമത്തോടുള്ള ബന്ധത്തിൽ ഇസ്രായേലിന് മഹത്തായ എന്തു പദവി ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു? (ബി) ദൈവം അബ്രാഹാമിന്റെ പിൻഗാമികളെ ഈജിപ്തിൽനിന്നു വിടുവിച്ചതിന്റെ മുഖ്യ ഉദ്ദേശ്യം എന്തായിരുന്നു?
21 ദൈവത്തിന്റെ നാമം മഹത്ത്വപ്പെടുത്തുന്നതിൽ ഒരു പങ്ക് ഉണ്ടായിരിക്കുകയെന്ന, ഇസ്രായേല്യർ തള്ളിക്കളഞ്ഞ പദവിയോടുള്ള താരതമ്യത്തിൽ അവർക്കുണ്ടായ ഭൗതിക നഷ്ടം ഒന്നുമല്ല. മോശെ യഹൂദന്മാർക്ക് ഇങ്ങനെയൊരു വാഗ്ദാനം നൽകി: “നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.” (ആവർത്തനപുസ്തകം 28:9, 10) അബ്രാഹാമിന്റെ പിൻഗാമികളെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ട് തന്റെ ജനത്തിനായി യഹോവ പ്രവർത്തിച്ചപ്പോൾ അവർക്കു കേവലം ജീവിതം അനായാസകരമോ സുഖപ്രദമോ ആക്കിത്തീർക്കുക എന്നത് ആയിരുന്നില്ല അവന്റെ ഉദ്ദേശ്യം. അതിനെക്കാൾ വളരെ പ്രധാനപ്പെട്ട ഒന്നിനായി, അവന്റെ നാമത്തിനായി, അവൻ പ്രവർത്തിക്കുകയായിരുന്നു. അതേ, തന്റെ നാമം ‘സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടുന്നു’ എന്ന് അവൻ ഉറപ്പു വരുത്തുകയായിരുന്നു. (പുറപ്പാടു 9:15, 16) മരുഭൂമിയിൽവെച്ച് ഇസ്രായേൽ മത്സരമനോഭാവം പ്രകടമാക്കിയശേഷം ദൈവം കരുണ കാണിച്ചത് കേവലം വികാരത്തിന്റെ പേരിൽ ആയിരുന്നില്ല. യഹോവതന്നെ ഇപ്രകാരം പറഞ്ഞു: “ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവർത്തിച്ചു.”—യെഹെസ്കേൽ 20:8-10.
22. (എ) ഭാവിയിൽ ദൈവം വീണ്ടും തന്റെ ജനത്തിനായി പോരാടുന്നത് എന്തുകൊണ്ട്? (ബി) ദൈവനാമത്തോടുള്ള നമ്മുടെ സ്നേഹം ഏതു വിധങ്ങളിൽ നമ്മുടെ പ്രവൃത്തികളെ ബാധിക്കണം?
22 എത്ര ശക്തമായ വിധത്തിലാണ് യെശയ്യാവ് ഈ പ്രവചനം അവസാനിപ്പിക്കുന്നത്! അവൻ പറയുന്നു: “നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി.” (യെശയ്യാവു 63:14ബി) തന്റെ ജനത്തിന്റെ താത്പര്യങ്ങൾക്കായി അവൻ ശക്തമായി പോരാടുന്നതിന്റെ കാരണം ഇതിൽനിന്ന് വ്യക്തമായി മനസ്സിലാക്കാം. തനിക്കായി മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കാനാണ് അവൻ അങ്ങനെ ചെയ്യുന്നത്. യഹോവയുടെ നാമം വഹിക്കുന്നത് അതിമഹത്തായ ഒരു പദവിയും വലിയ ഉത്തരവാദിത്വവും ആണെന്നതിന്റെ ശക്തമായ ഒരു ഓർമിപ്പിക്കലാണ് യെശയ്യാവിന്റെ പ്രവചനം. സത്യക്രിസ്ത്യാനികൾ യഹോവയുടെ നാമത്തെ തങ്ങളുടെ ജീവനെക്കാളധികം സ്നേഹിക്കുന്നു. (യെശയ്യാവു 56:6; എബ്രായർ 6:10) ആ വിശുദ്ധ നാമത്തിനു നിന്ദ വരുത്തിയേക്കാവുന്ന എന്തെങ്കിലും ചെയ്യാൻ അവർ അറയ്ക്കുന്നു. ദൈവത്തോടു വിശ്വസ്തരായി നിന്നുകൊണ്ട് അവന്റെ വിശ്വസ്ത സ്നേഹത്തോടു പ്രതികരിക്കാൻ അവർ ആഗ്രഹിക്കുന്നു. യഹോവയുടെ മഹത്ത്വമാർന്ന നാമത്തെ സ്നേഹിക്കുന്നതിനാൽ ശത്രുക്കളെ അവൻ തന്റെ ക്രോധത്തിന്റെ മുന്തിരിച്ചക്കിൽ ചവിട്ടിമെതിക്കുന്ന ആ ദിവസത്തിനായി അവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് തങ്ങൾക്കു പ്രയോജനം കൈവരുത്തും എന്നതുകൊണ്ട് മാത്രമല്ല, പിന്നെയോ തങ്ങൾ സ്നേഹിക്കുന്ന ദൈവത്തിന്റെ നാമ മഹത്ത്വീകരണത്തിലേക്ക് അതു നയിക്കും എന്നതുകൊണ്ട് കൂടിയാണ് ആ ദിവസത്തിനായി അവർ വാഞ്ഛിക്കുന്നത്.—മത്തായി 6:9.
[അടിക്കുറിപ്പുകൾ]
a പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ഹെരോദാവുമാർ ഏദോമ്യർ ആയിരുന്നു.
b “വിമുക്തന്മാരുടെ സംവത്സരം” എന്ന പ്രയോഗം “പ്രതികാരദിവസം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന അതേ കാലഘട്ടത്തെ ആകാം പരാമർശിക്കുന്നത്. ഇതിനോടു സമാനമായ പ്രയോഗങ്ങൾ യെശയ്യാവു 34:8-ൽ സമാന്തരമായി ഉപയോഗിച്ചിരിക്കുന്നതു കാണാം.
c ആരും തുണയ്ക്കാൻ ഇല്ലാത്തതിൽ യഹോവ വിസ്മയം പ്രകടിപ്പിക്കുന്നു. യേശു മരിച്ചിട്ട് ഏകദേശം 2,000 വർഷം കഴിഞ്ഞിട്ടും മനുഷ്യവർഗത്തിലെ പ്രബലർ ദൈവഹിതത്തെ എതിർക്കുന്നത് തീർച്ചയായും വിസ്മയകരമായി കരുതാവുന്നതാണ്.—സങ്കീർത്തനം 2:2-12; യെശയ്യാവു 59:16.
[359-ാം പേജിലെ ചിത്രം]
യഹോവയ്ക്ക് തന്റെ ജനത്തെ കുറിച്ച് ഉയർന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു