പാഠം 44
എല്ലാ ആഘോഷങ്ങളും ദൈവത്തിന് ഇഷ്ടമുള്ളവയാണോ?
നമ്മൾ ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ഇടയ്ക്കൊക്കെ നമ്മുടെ ജീവിതത്തിൽ ആഘോഷവേളകൾ ഉണ്ടായിരിക്കാനും ദൈവം ആഗ്രഹിക്കുന്നു. എന്നാൽ എല്ലാ ആഘോഷങ്ങളും എല്ലാ വിശേഷദിവസങ്ങളും യഹോവയ്ക്ക് ഇഷ്ടമുള്ളവയാണോ? ഇക്കാര്യത്തിൽ യഹോവ ഇഷ്ടപ്പെടുന്ന വിധത്തിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
1. പല ആഘോഷങ്ങളും യഹോവയെ സന്തോഷിപ്പിക്കുന്നവയല്ല, എന്തുകൊണ്ട്?
ദൈവവചനം പറയുന്നതിനു വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഇന്നുള്ള പല ആഘോഷങ്ങളുടെയും അടിസ്ഥാനം. ഇനി, മറ്റു പലതിന്റെയും തുടക്കം ക്രിസ്തീയമല്ല. അവയിൽ ചിലതിനു വ്യാജമതവുമായി ബന്ധമുണ്ട്. മരിച്ചുപോയവരുടെ ആത്മാവ് ജീവിച്ചിരിക്കുന്നു എന്ന ആശയത്തോടും ഭൂതവിദ്യയോടും ഒക്കെ പല ആഘോഷങ്ങൾക്കും ബന്ധമുണ്ട്. ഇനി, ചില ആഘോഷങ്ങളുടെ അടിസ്ഥാനംതന്നെ അന്ധവിശ്വാസമോ ഭാഗ്യത്തിലുള്ള വിശ്വാസമോ ആണ്. (യശയ്യ 65:11) “അവരിൽനിന്ന് അകന്നുമാറൂ, അശുദ്ധമായതു തൊടരുത്” എന്നാണ് യഹോവ തന്റെ ആരാധകർക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.—2 കൊരിന്ത്യർ 6:17.a
2. വ്യക്തികൾക്ക് അർഹിക്കുന്നതിലും അധികം ആദരവു കൊടുക്കുന്ന ആഘോഷങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്?
‘നിസ്സാരരായ മനുഷ്യരിൽ ആശ്രയം വെക്കുന്ന’ ഒരു കെണിയിൽ അകപ്പെട്ടുപോകരുത് എന്ന് യഹോവ നമുക്കു മുന്നറിയിപ്പ് തരുന്നു. (യിരെമ്യ 17:5 വായിക്കുക.) ചില വിശേഷദിവസങ്ങൾ ഭരണാധികാരികളെയോ സൈനികരെയോ ആദരിക്കുന്നതിനുവേണ്ടിയുള്ളതാണ്. ദേശീയ ചിഹ്നങ്ങൾക്ക് ആദരവു കൊടുക്കുന്ന ആഘോഷങ്ങളും സ്വാതന്ത്ര്യം കിട്ടിയതിനോടു ബന്ധപ്പെട്ടുള്ള ആഘോഷങ്ങളും ഇന്നുണ്ട്. (1 യോഹന്നാൻ 5:21) ഇനി, രാഷ്ട്രീയസംഘടനകളെയോ സാമൂഹികസംഘടനകളെയോ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ചില ആഘോഷങ്ങളും ഉണ്ട്. ആളുകൾക്കോ സംഘടനകൾക്കോ അർഹിക്കാത്ത ആദരവും ബഹുമാനവും ഒക്കെ കൊടുക്കുന്ന ആഘോഷരീതികളെ യഹോവ എങ്ങനെയായിരിക്കും കാണുന്നത്? പ്രത്യേകിച്ച്, തന്റെ ഉദ്ദേശ്യങ്ങൾക്കെതിരായ ആശയങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും?
3. യഹോവയ്ക്ക് ഇഷ്ടപ്പെടാത്ത ഏതൊക്കെ പെരുമാറ്റരീതികളാണ് ചില ആഘോഷപരിപാടികളിൽ ഉള്ളത്?
‘അമിതമായ മദ്യപാനം, വന്യമായ ആഘോഷം, മത്സരിച്ചുള്ള കുടി’ ഇവയൊക്കെ ബൈബിൾ കുറ്റംവിധിക്കുന്നു. (1 പത്രോസ് 4:3) ഇന്നു ചില ആഘോഷപരിപാടികളിൽ ആളുകൾ യാതൊരു ആത്മനിയന്ത്രണവും ഇല്ലാതെയാണു പെരുമാറുന്നത്. ചില ആഘോഷങ്ങൾ അധാർമികമായ കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹനം കൊടുക്കുന്നവയാണ്. നമ്മൾ യഹോവയുടെ സുഹൃത്തുക്കളാകാൻ ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം അശുദ്ധമായ കാര്യങ്ങളിൽനിന്ന് ഒഴിവുള്ളവരായിരിക്കണം.
ആഴത്തിൽ പഠിക്കാൻ
ആഘോഷങ്ങളുടെയും വിശേഷദിവസങ്ങളുടെയും കാര്യത്തിൽ യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ കഴിയും എന്നു നോക്കാം.
4. യഹോവയ്ക്ക് ഇഷ്ടമല്ലാത്ത ആഘോഷങ്ങൾ ഒഴിവാക്കുക
എഫെസ്യർ 5:10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഒരു ആഘോഷപരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് ഏതു കാര്യം നമ്മൾ ഉറപ്പാക്കണം?
നിങ്ങളുടെ പ്രദേശത്ത് വളരെ പ്രചാരത്തിലുള്ള ചില ആഘോഷങ്ങൾ ഏതൊക്കെയാണ്?
അതെല്ലാം യഹോവ ഇഷ്ടപ്പെടുന്ന ആഘോഷങ്ങളാണോ?
ഉദാഹരണത്തിന്, ജന്മദിനാഘോഷത്തെക്കുറിച്ച് ദൈവത്തിന് എന്തായിരിക്കും തോന്നുന്നതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? യഹോവയെ ആരാധിച്ചവരാരും ജന്മദിനം ആഘോഷിച്ചതായി ബൈബിളിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ ബൈബിളിൽ ആകെയുള്ള രണ്ടു ജന്മദിനാഘോഷങ്ങൾ യഹോവയെ ആരാധിക്കാത്തവർ നടത്തിയതായിരുന്നു. ഉൽപത്തി 40:20-22; മത്തായി 14:6-10 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
രണ്ടു ജന്മദിനാഘോഷങ്ങളിലും ഒരുപോലെ എന്താണു സംഭവിച്ചത്?
ജന്മദിനാഘോഷത്തെ യഹോവ എങ്ങനെയായിരിക്കും കാണുന്നതെന്നാണ് ഈ ബൈബിൾഭാഗങ്ങളിൽനിന്ന് മനസ്സിലായത്?
എങ്കിലും നിങ്ങൾ ചിന്തിച്ചേക്കാം, ‘ഞാൻ ഒരു ജന്മദിനാഘോഷത്തിലോ ബൈബിൾ അംഗീകരിക്കാത്ത ആഘോഷപരിപാടികളിലോ പങ്കെടുത്താൽ യഹോവ അത് അത്ര കാര്യമാക്കുമോ?’ പുറപ്പാട് 32:1-8 വായിക്കുക. എന്നിട്ട് വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവയ്ക്ക് ഇഷ്ടമുള്ളത് എന്താണെന്നു നമ്മൾ ഉറപ്പാക്കേണ്ടത് എന്തുകൊണ്ട്?
നമുക്ക് അത് എങ്ങനെ ചെയ്യാം?
ഒരു ആഘോഷം ദൈവത്തിന് ഇഷ്ടപ്പെടുന്നതാണോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബൈബിളിനോട് യോജിക്കാത്ത ആശയങ്ങളിൽനിന്നാണോ ഈ ആഘോഷം വന്നത്? അത് അറിയാൻ ആ ആഘോഷത്തിന്റെ തുടക്കം എവിടെനിന്നാണ് എന്നു മനസ്സിലാക്കുക.
ആ ആഘോഷം ഏതെങ്കിലും മനുഷ്യർക്കോ സംഘടനകൾക്കോ ദേശീയചിഹ്നങ്ങൾക്കോ അർഹിക്കുന്നതിലും അധികം ആദരവു കൊടുക്കുന്നതാണോ? നമ്മൾ മറ്റ് ആരെക്കാളും എന്തിനെക്കാളും ആദരിക്കുന്നത് യഹോവയെയാണെന്ന് ഓർക്കുക. ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യഹോവയ്ക്കു മാത്രമേ കഴിയൂ എന്ന വിശ്വാസവും നമുക്കുണ്ട്.
ബൈബിൾ വെച്ചിരിക്കുന്ന നിലവാരങ്ങൾക്ക് എതിരായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ ആഘോഷത്തിലുണ്ടോ? ദൈവം വെച്ചിരിക്കുന്ന ധാർമിക നിലവാരങ്ങൾ അനുസരിച്ചുകൊണ്ട് നമ്മൾ ശുദ്ധരായിരിക്കണം.
5. നമ്മുടെ വിശ്വാസങ്ങളെ മാനിക്കാൻ എങ്ങനെ മറ്റുള്ളവരെ സഹായിക്കാം?
യഹോവയ്ക്ക് ഇഷ്ടമല്ലാത്ത ആഘോഷങ്ങളിൽ പങ്കെടുക്കാൻ മറ്റുള്ളവർ നിർബന്ധിക്കുമ്പോൾ പിടിച്ചുനിൽക്കാൻ അത്ര എളുപ്പമല്ല. നമ്മുടെ തീരുമാനങ്ങളെക്കുറിച്ച് വളരെ ക്ഷമയോടും സ്നേഹത്തോടും നയത്തോടും കൂടെ മറ്റുള്ളവരോടു പറയുക. ഇത് എങ്ങനെ ചെയ്യാനാകുമെന്ന് മനസ്സിലാക്കാൻ വീഡിയോ കാണുക.
മത്തായി 7:12 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
വിശ്വാസത്തിലില്ലാത്ത നമ്മുടെ കുടുംബാംഗങ്ങളോട് ചില ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് പറയുന്നതു ശരിയാണോ? വായിച്ച വാക്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു അഭിപ്രായം പറയാമോ?
കുടുംബാംഗങ്ങളോടൊപ്പം പല ആഘോഷങ്ങളിലും നമ്മൾ പങ്കെടുക്കുന്നില്ലെങ്കിലും നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവർ നമുക്കു വേണ്ടപ്പെട്ടവരാണെന്നും തോന്നാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം?
6. നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു
നമ്മളെല്ലാവരും വീട്ടുകാരോടും കൂട്ടുകാരോടും ഒപ്പം സന്തോഷിക്കാൻ യഹോവ ആഗ്രഹിക്കുന്നു. സഭാപ്രസംഗകൻ 8:15 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മൾ സന്തോഷമുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് ഈ വാക്യം കാണിക്കുന്നത് എങ്ങനെയാണ്?
തന്റെ ജനം സന്തോഷിക്കാനും ഉല്ലാസസമയങ്ങൾ ഒരുമിച്ച് ചെലവിടാനും യഹോവയും ആഗ്രഹിക്കുന്നുണ്ട്. അതു നമുക്ക് എങ്ങനെ അറിയാം? വീഡിയോ കാണുക. യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര കൺവെൻഷനുകൾ അതിനു തെളിവു നൽകുന്നു.
ഗലാത്യർ 6:10 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഏതെങ്കിലും വിശേഷദിവസങ്ങളിൽ മാത്രമാണോ നമുക്കു മറ്റുള്ളവർക്കു ‘നന്മ ചെയ്യാൻ’ കഴിയുന്നത്?
‘വിശേഷദിവസമാണല്ലോ, സമ്മാനം കൊടുക്കണമല്ലോ’ എന്ന ചിന്തയിൽ സമ്മാനം കൊടുക്കുമ്പോഴാണോ സന്തോഷം ലഭിക്കുന്നത്, അതോ ഉള്ളിൽ ആഗ്രഹം തോന്നിയിട്ട് കൊടുക്കുമ്പോഴാണോ?
യഹോവയുടെ സാക്ഷികളിൽ പലരും മക്കൾക്കുവേണ്ടി രസകരമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇടയ്ക്കൊക്കെ സമ്മാനങ്ങളും കൊടുക്കും. മക്കളെ സന്തോഷിപ്പിക്കാൻ അതുപോലെ എന്തെങ്കിലും ചെയ്യാനാകുമോ?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമ്മൾ ആഘോഷങ്ങളുടെയെല്ലാം തുടക്കം അന്വേഷിച്ച് പോകണോ? ഇതൊക്കെ വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ സന്തോഷിക്കാനുള്ള ഒരു അവസരമായി കണ്ടാൽപ്പോരേ?”
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
യഹോവയുടെ ആഗ്രഹം നമ്മൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കണമെന്നാണ്. എന്നാൽ തന്നെ വിഷമിപ്പിക്കുന്ന ആഘോഷങ്ങളിൽ നമ്മൾ പങ്കെടുക്കരുതെന്നും യഹോവ ആഗ്രഹിക്കുന്നു.
ഓർക്കുന്നുണ്ടോ?
ഒരു ആഘോഷം യഹോവയ്ക്ക് ഇഷ്ടപ്പെടുന്നതാണോ എന്നു തീരുമാനിക്കാൻ എന്തൊക്കെ ചോദ്യങ്ങൾ നമ്മൾ നമ്മളോടുതന്നെ ചോദിക്കണം?
ആഘോഷദിവസങ്ങളോടു ബന്ധപ്പെട്ട നമ്മുടെ തീരുമാനങ്ങൾ നമുക്ക് എങ്ങനെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വിശദീകരിക്കാൻ കഴിയും?
നമ്മൾ സന്തോഷത്തോടിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട് എന്ന് എങ്ങനെ അറിയാം?
കൂടുതൽ മനസ്സിലാക്കാൻ
ക്രിസ്ത്യാനികൾ ആഘോഷിക്കാത്ത ചില വിശേഷദിവസങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
പിറന്നാൾ ആഘോഷങ്ങൾ ദൈവം ഇഷ്ടപ്പെടുന്നില്ല എന്നു നമ്മൾ വിശ്വസിക്കാനുള്ള നാലു കാരണങ്ങൾ നോക്കാം.
“യഹോവയുടെ സാക്ഷികൾ പിറന്നാൾ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?” (വെബ്സൈറ്റിലെ ലേഖനം)
യഹോവയെ സ്നേഹിക്കുന്ന കൊച്ചുകുട്ടികൾക്ക് എങ്ങനെ അവധിക്കാലങ്ങളിൽ യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കാമെന്നു കാണുക.
ലക്ഷക്കണക്കിനു ക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നില്ല. ആ തീരുമാനത്തെക്കുറിച്ച് അവർക്ക് എന്താണു തോന്നുന്നത്?
a മറ്റുള്ളവർ ചില വിശേഷദിവസങ്ങൾ ആഘോഷിക്കുമ്പോൾ, നമുക്ക് എന്തു ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ പിൻകുറിപ്പ് 5 കാണുക.