ദൈവത്തോട് അടുത്തുചെല്ലുക
“മുമ്പിലെത്തവ ആരും ഓർക്കുകയില്ല”
ഓർമകൾ പലപ്പോഴും ഒരു അനുഗ്രഹമാണ്. പ്രിയപ്പെട്ടവരുമായി ചെലവഴിച്ച ധന്യമുഹൂർത്തങ്ങളെക്കുറിച്ച് ഓർക്കുന്നത് നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിച്ചേക്കാം. എന്നാൽ ചിലപ്പോൾ ഓർമകൾ നമുക്കൊരു ശാപമായി തോന്നിയേക്കാം. ദുരന്തപൂർണമായ ഭൂതകാലത്തിലെ വേദനാകരമായ ഓർമകൾ നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണോ? എങ്കിൽ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ദുഃഖസാന്ദ്രമായ ഈ ഓർമകൾ എന്നെങ്കിലും എന്റെ മനസ്സിൽനിന്നു മായുമോ?’ യെശയ്യാപ്രവാചകനിലൂടെ ദൈവം നമുക്കു നൽകുന്ന ഉറപ്പ് നോക്കുക.—യെശയ്യാവു 65:17 വായിക്കുക.
വേദനിപ്പിക്കുന്ന ഓർമകൾ വേരോടെ പിഴുതുകളയാൻ യഹോവ തീരുമാനിച്ചിരിക്കുന്നു. എന്നാൽ എങ്ങനെ? ഈ ദുഷ്ടലോകത്തെ അതിലെ സകല ദുരിതങ്ങളും സഹിതം നീക്കിക്കളഞ്ഞുകൊണ്ട് തത്സ്ഥാനത്ത് ഏറ്റവും മെച്ചപ്പെട്ട ഒരവസ്ഥ ദൈവം വരുത്തും. യെശയ്യാവിലൂടെ യഹോവ വാഗ്ദാനം ചെയ്യുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.” ഈ വാഗ്ദാനത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ നിങ്ങളുടെ ഹൃദയം പ്രത്യാശാനിർഭരമാകും.
എന്താണ് പുതിയ ആകാശം? അതു മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ടുസൂചനകൾ ബൈബിൾ നൽകുന്നുണ്ട്. ഒന്ന്, മറ്റ് രണ്ടു ബൈബിൾ എഴുത്തുകാർകൂടി പുതിയ ആകാശത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന സമൂലമായ മാറ്റങ്ങളെക്കുറിച്ചാണ് ആ രണ്ടുസന്ദർഭങ്ങളിലും പറയുന്നത്. (2 പത്രോസ് 3:13; വെളിപാട് 21:1-4) രണ്ട്, ബൈബിളിൽ “ആകാശം” അല്ലെങ്കിൽ “സ്വർഗം” എന്ന വാക്ക് ഭരണത്തെ അല്ലെങ്കിൽ ഗവണ്മെന്റിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. (യെശയ്യാവു 14:4, 12; ദാനീയേൽ 4:25, 26) അതുകൊണ്ട്, പുതിയ ആകാശം എന്നത് ഭൂമിയിൽ നീതിനിഷ്ഠമായ അവസ്ഥകൾ കൊണ്ടുവരാൻ പ്രാപ്തിയുള്ള ഒരു പുതിയ ഗവണ്മെന്റാണ്. ഒരേയൊരു ഭരണത്തിനു മാത്രമേ അതു നിവർത്തിക്കാൻ സാധിക്കുകയുള്ളൂ—ദൈവരാജ്യത്തിന്; യേശു നമ്മോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ട സ്വർഗീയ ഗവണ്മെന്റിനു മാത്രം. ആ രാജ്യം ഭൂമിയിലെങ്ങും ദൈവത്തിന്റെ നീതി നടപ്പാക്കും.—മത്തായി 6:9, 10.
അങ്ങനെയെങ്കിൽ, എന്താണ് പുതിയ ഭൂമി? രണ്ട് തിരുവെഴുത്തു വസ്തുതകൾ പരിശോധിക്കുന്നതിലൂടെ ശരിയായ ഒരു നിഗമനത്തിലെത്താൻ നമുക്കാകും. ഒന്ന്, ബൈബിളിൽ “ഭൂമി” എന്ന പദം ചിലപ്പോൾ ആളുകളെയാണ് കുറിക്കുന്നത്. (ഉല്പത്തി 11:1; സങ്കീർത്തനം 96:1) രണ്ട്, ദൈവത്തിന്റെ ഭരണത്തിൻകീഴിൽ വിശ്വസ്തരായ മനുഷ്യർ നീതി പഠിക്കുമെന്നും അങ്ങനെ ഭൂമിയിലെങ്ങും നീതി വ്യാപിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. (യെശയ്യാവു 26:9) അതിനാൽ, ദൈവത്തിന്റെ ഭരണാധിപത്യത്തിനു കീഴ്പെട്ടുകൊണ്ട് അവന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ആളുകളുടെ ഒരു സമൂഹത്തെയാണ് പുതിയ ഭൂമി അർഥമാക്കുന്നത്.
നമ്മുടെ ദുഃഖസ്മരണകൾ യഹോവ എങ്ങനെയായിരിക്കും തുടച്ചുനീക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? നീതിനിറഞ്ഞ ഒരു പുതിയലോകം സ്ഥാപിച്ചുകൊണ്ട് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള തന്റെ വാഗ്ദാനം യഹോവ ഉടൻതന്നെ നിറവേറ്റും.a ആ പുതിയ ലോകത്തിൽ നമ്മെ വേദനിപ്പിക്കുന്ന സകല ഓർമകളും, അവ ശാരീരികമോ മാനസികമോ വൈകാരികമോ ആയിക്കൊള്ളട്ടെ, അവയെല്ലാം പഴങ്കഥയായി മാറും. വിശ്വസ്തരായ മനുഷ്യർ ജീവിതം പൂർണമായി ആസ്വദിക്കും. ഓരോ ദിനവും അവർക്ക് സമ്മാനിക്കുന്നത് ഒരായിരം മധുരസ്മരണകളായിരിക്കും!
ഇപ്പോൾ നമ്മെ ഞെരുക്കിയേക്കാവുന്ന വേദനകളെക്കുറിച്ചെന്ത്? യെശയ്യാവിലൂടെ യഹോവ തുടരുന്നു: “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” അതെ, ഈ പഴയ ലോകത്ത് നാം അനുഭവിച്ച ഏതൊരു വേദനയും പതിയെപ്പതിയെ മാഞ്ഞുപോകും. നിങ്ങൾ ആഗ്രഹിക്കുന്നതും അതാണോ? എങ്കിൽ, ശോഭനമായ ഒരു ഭാവി നമുക്കായി വാഗ്ദാനം ചെയ്തിരിക്കുന്ന ദൈവത്തോട് അടുത്തുചെല്ലാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ! (w12-E 03/01)
[അടിക്കുറിപ്പ്]
a ദൈവരാജ്യത്തെക്കുറിച്ചും അത് ഉടൻതന്നെ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 3, 8, 9 അധ്യായങ്ങൾ കാണുക.