അധ്യായം ഇരുപത്തിയാറ്
‘ഞാൻ സൃഷ്ടിക്കുന്നതിനെ കുറിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ’
1. പത്രൊസ് അപ്പൊസ്തലൻ ആശ്വാസകരമായ എന്തു വാക്കുകൾ എഴുതി, ഏതു ചോദ്യം ഉദിക്കുന്നു?
അനീതിയും ദുരിതവും എന്നെങ്കിലും അവസാനിക്കുമോ? 1,900 വർഷങ്ങൾക്കു മുമ്പ് പത്രൊസ് അപ്പൊസ്തലൻ ആശ്വാസകരമായ ഈ വാക്കുകൾ എഴുതി: “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) പത്രൊസും അതുപോലെതന്നെ പോയ നൂറ്റാണ്ടുകളിലെ വിശ്വസ്തരായ നിരവധി ദൈവദാസന്മാരും നിയമരാഹിത്യമോ അടിച്ചമർത്തലോ അക്രമമോ ഇല്ലാത്ത, നീതി കളിയാടുന്ന മഹത്തായ ഒരു കാലത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നു. ആ വാഗ്ദാനം നിവൃത്തിയേറുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുമോ?
2. ഏതു പ്രവാചകൻ ‘പുതിയ ആകാശത്തെയും പുതിയ ഭൂമി’യെയും കുറിച്ചു പറഞ്ഞിരുന്നു, ആ പുരാതന പ്രവചനത്തിന് എന്തു നിവൃത്തികൾ ഉണ്ട്?
2 തീർച്ചയായും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും! ‘പുതിയ ആകാശത്തെയും പുതിയ ഭൂമി’യെയും കുറിച്ചു പറഞ്ഞപ്പോൾ പത്രൊസ് ഒരു പുതിയ ആശയം അവതരിപ്പിക്കുകയായിരുന്നില്ല. അതിനും ഏതാണ്ട് 800 വർഷം മുമ്പ് തന്റെ പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവ സമാനമായ വാക്കുകൾ പ്രസ്താവിച്ചിരുന്നു. ആ മുൻ വാഗ്ദാനത്തിന് പൊ.യു.മു. 537-ൽ ചെറിയ തോതിലുള്ള ഒരു നിവൃത്തി ഉണ്ടായി. യഹൂദന്മാർ ബാബിലോണിയൻ പ്രവാസത്തിൽനിന്നു വിടുവിക്കപ്പെട്ട് സ്വദേശത്തേക്കു മടങ്ങിയപ്പോഴായിരുന്നു അത്. എന്നാൽ യെശയ്യാവിന്റെ ഈ പ്രവചനത്തിന് ഇന്ന് മഹത്തായ ഒരു നിവൃത്തിയുണ്ട്. ദൈവത്തിന്റെ ആസന്നമായ പുതിയ ലോകത്തിൽ അതിന്റെ കൂടുതൽ ആവേശകരമായ നിവൃത്തിക്കായി നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. തീർച്ചയായും, യെശയ്യാവ് മുഖാന്തരം നൽകിയ ഹൃദയോഷ്മളമായ പ്രവചനം, തന്നെ സ്നേഹിക്കുന്നവർക്കായി ദൈവം ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു ഹ്രസ്വചിത്രം നൽകുന്നു.
യഹോവ ‘മത്സരമുള്ള ഒരു ജനത്തോട്’ അഭ്യർഥിക്കുന്നു
3. യെശയ്യാവു 65-ാം അധ്യായത്തിൽ എന്തു ചോദ്യത്തിനുള്ള ഉത്തരം കാണാം?
3 യെശയ്യാവു 63:15–64:12-ൽ ബാബിലോണിലെ യഹൂദാ പ്രവാസികൾക്കായുള്ള യെശയ്യാവിന്റെ പ്രാവചനിക പ്രാർഥന അടങ്ങിയിരിക്കുന്നതായി നാം കണ്ടിരുന്നു. യെശയ്യാവിന്റെ വാക്കുകൾ വ്യക്തമാക്കുന്നതു പോലെ, പല യഹൂദന്മാരും യഹോവയെ മുഴുഹൃദയത്തോടെ ആരാധിക്കുന്നില്ല. എന്നാൽ ചിലർ അനുതപിച്ച് അവനിലേക്കു തിരിഞ്ഞിരിക്കുന്നു. അനുതാപമുള്ള ആ ശേഷിപ്പിനെപ്രതി യഹോവ ആ ജനതയെ പുനഃസ്ഥിതീകരിക്കുമോ? അതിനുള്ള ഉത്തരം യെശയ്യാവു 65-ാം അധ്യായത്തിൽ കാണാം. വിശ്വസ്തരായ കുറച്ചു പേർക്കായി വിമോചനത്തിന്റെ വാഗ്ദാനം നൽകുന്നതിനു മുമ്പ് വിശ്വാസമില്ലാത്ത പലർക്കും സംഭവിക്കാൻ പോകുന്ന ന്യായവിധിയെ കുറിച്ച് യഹോവ വിവരിക്കുന്നു.
4. (എ) മത്സരിയായ ജനതയിൽനിന്നു ഭിന്നമായി ആർ യഹോവയെ അന്വേഷിക്കും? (ബി) പൗലൊസ് അപ്പൊസ്തലൻ യെശയ്യാവു 65:1, 2 ആർക്കു ബാധകമാക്കി?
4 തന്റെ ജനത്തിന്റെ നിരന്തര മത്സരഗതിയെ യഹോവ ക്ഷമയോടെ സഹിച്ചിരിക്കുന്നു. എന്നാൽ, അവൻ അവരെ ശത്രുക്കളുടെ കയ്യിൽ ഏൽപ്പിക്കുകയും തന്റെ പ്രീതിയിലേക്കു മറ്റുള്ളവരെ ദയാപുരസ്സരം ക്ഷണിക്കുകയും ചെയ്യുന്ന സമയം വരും. യെശയ്യാവ് മുഖാന്തരം യഹോവ പറയുന്നു: “എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.” (യെശയ്യാവു 65:1) ജാതികളിൽ പെട്ടവർ യഹോവയുടെ അടുക്കലേക്കു വരുകയും അതേസമയം, മത്സരിയായ യഹൂദ ഒന്നടങ്കം അതിനു വിസമ്മതിക്കുകയും ചെയ്യുന്നത് യഹോവയുടെ ഉടമ്പടി ജനത്തോടുള്ള ബന്ധത്തിൽ എത്ര ഖേദകരമാണ്. മുമ്പ് അംഗീകരിക്കപ്പെടാതിരുന്ന ഒരു ജാതിയെ യഹോവ അന്തിമമായി തിരഞ്ഞെടുക്കുമെന്നു മുൻകൂട്ടി പറയുന്നത് പ്രവാചകനായ യെശയ്യാവ് മാത്രമല്ല. (ഹോശേയ 1:10; 2:23) “വിശ്വാസത്താലുള്ള നീതി” പ്രാപിക്കാൻ സ്വാഭാവിക യഹൂദന്മാർ കൂട്ടാക്കുകയില്ലെങ്കിലും ജാതികളിൽ പെട്ടവർ അതു പ്രാപിക്കുമെന്നു സ്ഥാപിക്കാൻ പൗലൊസ് അപ്പൊസ്തലൻ സെപ്റ്റുവജിന്റിൽ നിന്ന് യെശയ്യാവു 65:1, 2 ഉദ്ധരിച്ചു.—റോമർ 9:30; 10:20, 21.
5, 6. (എ) യഹോവ ആത്മാർഥമായ എന്ത് ആഗ്രഹം പ്രകടമാക്കിയിരിക്കുന്നു, എന്നാൽ അവന്റെ ജനം അതിനോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു? (ബി) യഹൂദയോടുള്ള യഹോവയുടെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
5 തന്റെ സ്വന്തം ജനം കഷ്ടം അനുഭവിക്കാൻ യഹോവ അനുവദിക്കുന്നതിന്റെ കാരണം അവൻ വിശദീകരിക്കുന്നു: “സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ [“ദിവസം മുഴുവൻ,” “പി.ഒ.സി. ബൈ.”] കൈ നീട്ടുന്നു.” (യെശയ്യാവു 65:2) ഇവിടെ കൈ നീട്ടുന്നതുകൊണ്ട് ക്ഷണത്തെ അല്ലെങ്കിൽ അഭ്യർഥനയെ ആണ് അർഥമാക്കുന്നത്. യഹോവ തന്റെ കൈ നീട്ടിയിരിക്കുന്നു, അൽപ്പ നേരത്തേക്കല്ല, ദിവസം മുഴുവനും. യഹൂദ തന്നിലേക്കു മടങ്ങണം എന്നതാണ് അവന്റെ ഹൃദയംഗമമായ ആഗ്രഹം. എന്നാൽ, മത്സരികളായ ആ ജനം അതിനോടു പ്രതികരിക്കാൻ പരാജയപ്പെട്ടിരിക്കുന്നു.
6 യഹോവയുടെ വാക്കുകളിൽനിന്ന് എത്ര ഹൃദയോഷ്മളമായ പാഠമാണു നാം പഠിക്കുന്നത്! ആളുകൾക്കു സമീപിക്കാൻ കഴിയുന്ന ഒരു ദൈവമായതിനാൽ നാം അവനോട് അടുത്തുചെല്ലാൻ അവൻ ആഗ്രഹിക്കുന്നു. (യാക്കോബ് 4:8) ഈ വാക്കുകൾ യഹോവ താഴ്മയുള്ളവനാണെന്നും പ്രകടമാക്കുന്നു. (സങ്കീർത്തനം 113:5, 6) യഹോവയുടെ ജനത്തിന്റെ മത്സരഗതി അവനെ “ദുഃഖിപ്പിച്ചു” എങ്കിലും, തന്നിലേക്കു മടങ്ങിവരാൻ അഭ്യർഥിച്ചുകൊണ്ട് അവൻ പ്രതീകാത്മകമായി തുടർന്നും കൈകൾ നീട്ടുന്നു. (സങ്കീർത്തനം 78:40, 41) പല നൂറ്റാണ്ടുകളോളം അവരോട് അഭ്യർഥിച്ചശേഷം മാത്രമാണ് അവൻ അവരെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിക്കുന്നത്. അപ്പോൾ പോലും അവരുടെ ഇടയിലെ താഴ്മയുള്ള വ്യക്തികളുടെ നേർക്ക് അവൻ വാതിൽ കൊട്ടിയടയ്ക്കുന്നില്ല.
7, 8. യഹോവയുടെ മത്സരികളായ ജനം ഏതെല്ലാം വിധങ്ങളിൽ അവനെ പ്രകോപിപ്പിച്ചിരിക്കുന്നു?
7 മത്സരികളായ യഹൂദന്മാർ തങ്ങളുടെ അവജ്ഞ കലർന്ന പെരുമാറ്റത്താൽ യഹോവയെ ആവർത്തിച്ചാവർത്തിച്ചു പ്രകോപിപ്പിച്ചിരിക്കുന്നു. അവരുടെ മോശമായ പ്രവർത്തനങ്ങളെ യഹോവ ഇങ്ങനെ വിവരിക്കുന്നു: “അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു; ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.” (യെശയ്യാവു 65:3-5) പ്രത്യക്ഷത്തിൽ ഭക്തരാണെന്നു തോന്നുന്ന അവർ യഹോവയെ അവന്റെ “മുഖത്തു നോക്കി”—ഈ പ്രയോഗം ധിക്കാരത്തെയും അനാദരവിനെയും സൂചിപ്പിക്കുന്നു—കോപിപ്പിക്കുകയാണ്. അവരുടെ മ്ലേച്ഛതകൾ മറച്ചുവെക്കാൻ അവർ യാതൊരു ശ്രമവും നടത്തുന്നില്ല. നാം ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഒരുവന്റെ സാന്നിധ്യത്തിൽത്തന്നെ പാപങ്ങൾ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമല്ലേ?
8 സ്വയനീതിക്കാരായ ഈ പാപികൾ ഫലത്തിൽ മറ്റ് യഹൂദന്മാരോട് ഇങ്ങനെ പറയുകയാണ്: ‘മാറിനിൽക്കുക, കാരണം ഞാൻ നിന്നെക്കാൾ വിശുദ്ധനാണ്.’ എന്തൊരു കാപട്യം! ഈ ‘ഭക്തർ’ ദൈവത്തിന്റെ ന്യായപ്രമാണം വിലക്കുന്ന വ്യാജദൈവങ്ങൾക്കു യാഗങ്ങൾ അർപ്പിക്കുകയും സുഗന്ധവർഗം കത്തിക്കുകയും ചെയ്യുന്നു. (പുറപ്പാടു 20:2-6) അവർ ശ്മശാനങ്ങളിൽ ഇരിക്കുന്നു, ന്യായപ്രമാണ പ്രകാരം അത് അവരെ അശുദ്ധരാക്കുന്നു. (സംഖ്യാപുസ്തകം 19:14-16) അവർ അശുദ്ധ ഭക്ഷണമായ പന്നിമാംസം കഴിക്കുന്നു.a (ലേവ്യപുസ്തകം 11:7) എന്നാൽ, തങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ മൂലം തങ്ങൾ മറ്റു യഹൂദന്മാരെക്കാൾ വിശുദ്ധരാണെന്ന് അവർക്കു തോന്നുന്നു. തങ്ങളുമായുള്ള സഹവാസത്താൽ വിശുദ്ധീകരിക്കപ്പെടാതിരിക്കാൻ, അല്ലെങ്കിൽ ശുദ്ധരാകാതിരിക്കാൻ, മറ്റുള്ളവരെ തങ്ങളിൽനിന്ന് അകറ്റിനിറുത്തുന്നതിന് അവർ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, “അനന്യ ഭക്തി” നിഷ്കർഷിക്കുന്ന ദൈവം തികച്ചും വ്യത്യസ്തമായിട്ടാണു കാര്യങ്ങളെ വീക്ഷിക്കുന്നത്!—ആവർത്തനപുസ്തകം 4:24, NW.
9. സ്വയനീതിക്കാരായ പാപികളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
9 ഈ സ്വയനീതിക്കാരെ വിശുദ്ധരായി കണക്കാക്കുന്നതിനു പകരം യഹോവ ഇങ്ങനെ പറയുന്നു: ‘അവർ എന്റെ മൂക്കിൽ പുക ആകുന്നു.’ എബ്രായ ഭാഷയിൽ ‘മൂക്ക്’ എന്നതിനുള്ള പദം പ്രതീകാത്മകമായി കോപത്തെ കുറിക്കാൻ മിക്കപ്പോഴും ഉപയോഗിക്കുന്നു. പുക യഹോവയുടെ ജ്വലിക്കുന്ന കോപത്തോടു ബന്ധപ്പെട്ടിരിക്കുന്നു. (ആവർത്തനപുസ്തകം 29:20, NW) അവന്റെ ജനം ഏർപ്പെടുന്ന മ്ലേച്ഛമായ വിഗ്രഹാരാധന യഹോവയുടെ ജ്വലിക്കുന്ന കോപത്തെ ഇളക്കിയിരിക്കുന്നു.
10. യഹൂദയിൽ ഉള്ളവരുടെ പാപങ്ങളെപ്രതി യഹോവ എങ്ങനെ പകരം കൊടുക്കും?
10 നീതിമാനായ യഹോവയ്ക്ക് ഈ മനഃപൂർവ പാപികളെ ശിക്ഷിക്കാതെ നിർവാഹമില്ല. യെശയ്യാവ് എഴുതുന്നു: “അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും. നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 65:6, 7) വ്യാജാരാധനയിൽ ഏർപ്പെട്ടുകൊണ്ട് ഈ യഹൂദന്മാർ യഹോവയെ നിന്ദിച്ചിരിക്കുന്നു. അവർ സത്യദൈവത്തിന്റെ ആരാധനയെ ചുറ്റുമുള്ള ജാതികളുടെ ആരാധന പോലെ ആക്കിയിരിക്കുന്നു. വിഗ്രഹാരാധനയും ആത്മവിദ്യയും ഉൾപ്പെടെയുള്ള ‘അവരുടെ അകൃത്യങ്ങൾ’ നിമിത്തം യഹോവ ‘അവരുടെ മാർവ്വിടത്തിൽ’ പകരം ചെയ്യും. ഈ വാക്യത്തിലെ ‘മാർവ്വിടം’ എന്ന പ്രയോഗം, അറ്റങ്ങൾ ചേർത്ത് മുകളിലേക്കു മടക്കിപ്പിടിച്ചിരിക്കുന്ന മേലങ്കിയുടെ ഭാഗത്തെ പരാമർശിക്കുന്നു, വിൽപ്പനക്കാർ സാധാരണ സാധനങ്ങൾ അളന്ന് ഇട്ടുകൊടുത്തിരുന്നത് ഇതിലേക്കാണ്. (ലൂക്കൊസ് 6:38) വിശ്വാസത്യാഗികളായ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം അതിന്റെ അർഥം വ്യക്തമാണ്—യഹോവ അവരുടെ “പ്രതിഫലം” അഥവാ ശിക്ഷ അളന്നുകൊടുക്കും. നീതിയുടെ ദൈവം പകരം ചോദിക്കും. (സങ്കീർത്തനം 79:12; യിരെമ്യാവു 32:18) യഹോവയ്ക്കു മാറ്റമില്ലാത്തതിനാൽ, തക്കസമയത്ത് സമാനമായ വിധത്തിൽ ഈ ദുഷ്ടവ്യവസ്ഥിതിയുടെ മേലും അവൻ ശിക്ഷ അളന്നുകൊടുക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—മലാഖി 3:6.
“എന്റെ ദാസന്മാർനിമിത്തം”
11. ഒരു വിശ്വസ്ത ശേഷിപ്പിനെ താൻ രക്ഷിക്കുമെന്ന് യഹോവ സൂചിപ്പിക്കുന്നത് എങ്ങനെ?
11 തന്റെ ജനത്തിനിടയിലെ വിശ്വസ്തരോട് യഹോവ കരുണ കാണിക്കുമോ? യെശയ്യാവ് വിശദീകരിക്കുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതിൽ ഉണ്ടു എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല. ഞാൻ യാക്കോബിൽനിന്നു ഒരു സന്തതിയെയും യെഹൂദയിൽനിന്നു എന്റെ പർവ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും.” (യെശയ്യാവു 65:8, 9) തന്റെ ജനത്തെ ഒരു മുന്തിരിക്കുലയോടു താരതമ്യം ചെയ്യുകവഴി അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു ദൃഷ്ടാന്തം യഹോവ ഉപയോഗിക്കുകയാണ്. ദേശത്ത് മുന്തിരി ധാരാളമുണ്ട്. മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന വീഞ്ഞ് മനുഷ്യവർഗത്തിന് ഒരു അനുഗ്രഹമാണ്. (സങ്കീർത്തനം 104:15) ഇവിടെ ഉപയോഗിച്ചിരിക്കുന്ന പ്രതീകം നല്ല മുന്തിരിങ്ങയും കേടായ മുന്തിരിങ്ങയുമുള്ള ഒരു മുന്തിരിക്കുലയുടേതായിരിക്കാം. അല്ലെങ്കിൽ, ഒരു മുന്തിരിക്കുല നല്ലതും ബാക്കിയുള്ള കുലകൾ പഴുക്കാത്തതോ ചീഞ്ഞതോ ആണെന്നുമായിരിക്കാം ഇവിടെ പറഞ്ഞിരിക്കുന്നത്. സംഗതി ഏതാണെങ്കിലും, തോട്ടക്കാരൻ നല്ല മുന്തിരിങ്ങ നശിപ്പിക്കുകയില്ല. അങ്ങനെ, താൻ ജനത്തെ പാടേ നശിപ്പിക്കുകയില്ലെന്നും ഒരു വിശ്വസ്ത ശേഷിപ്പിനെ അവശേഷിപ്പിക്കുമെന്നും ദൈവം തന്റെ ജനത്തിന് ഉറപ്പേകുന്നു. ഈ അനുഗൃഹീത ശേഷിപ്പ് തന്റെ “പർവ്വതങ്ങൾ,” അതായത് സ്വന്തമെന്ന് യഹോവ അവകാശപ്പെട്ട മലമ്പ്രദേശമായ യെരൂശലേമും യഹൂദാ ദേശവും, അവകാശമാക്കുമെന്ന് അവൻ പ്രസ്താവിക്കുന്നു.
12. വിശ്വസ്ത ശേഷിപ്പിനെ എന്ത് അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു?
12 വിശ്വസ്ത ശേഷിപ്പിന് എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിക്കാൻ പോകുന്നത്? യഹോവ വിശദീകരിക്കുന്നു: “എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.” (യെശയ്യാവു 65:10) അനേകം യഹൂദന്മാരുടെയും ജീവിതത്തിൽ വളർത്തുമൃഗങ്ങൾ സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. അവിടുത്തെ സുലഭമായ മേച്ചിൽപ്പുറങ്ങൾ സമാധാന കാലത്ത് സമൃദ്ധി കൈവരാൻ സഹായിക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു ചിത്രം വരച്ചുകാട്ടാൻ ദേശത്തിന്റെ രണ്ട് ദിക്കുകളെ യഹോവ പരാമർശിക്കുന്നു. പടിഞ്ഞാറ് ശാരോൻ സമതലമാണ്. മനോഹാരിതയ്ക്കും ഫലഭൂയിഷ്ഠതയ്ക്കും പേരുകേട്ട അത് മെഡിറ്ററേനിയൻ തീരത്താണു സ്ഥിതി ചെയ്യുന്നത്. ആഖോർ താഴ്വര ദേശത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയുടെ ഭാഗമാണ്. (യോശുവ 15:7) ആസന്നമായ പ്രവാസകാലത്ത് ശേഷിക്കുന്ന ദേശത്തോടൊപ്പം ആ പ്രദേശങ്ങളും ശൂന്യമായി കിടക്കും. എന്നാൽ, പ്രവാസകാലം കഴിഞ്ഞ് മടങ്ങിവരുന്ന ശേഷിപ്പിന് അവ മനോഹരമായ മേച്ചിൽപ്പുറം ആയിത്തീരുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 35:2; ഹോശേയ 2:15.
‘ഭാഗ്യദേവനിൽ’ ആശ്രയിക്കുന്നു
13, 14. ദൈവത്തിന്റെ ജനം അവനെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് അവരുടെ എന്ത് ആചാരങ്ങൾ പ്രകടമാക്കുന്നു, അതിന്റെ ഫലമായി അവർക്ക് എന്തു സംഭവിക്കും?
13 യഹോവയെ ഉപേക്ഷിക്കുകയും വിഗ്രഹാരാധനയിൽ തുടരുകയും ചെയ്തിട്ടുള്ളവരിലേക്ക് യെശയ്യാ പ്രവചനം ശ്രദ്ധ തിരിക്കുന്നു. അത് ഇങ്ങനെ പറയുന്നു: ‘എന്നാൽ [നിങ്ങൾ] യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കയും ഗദ്ദേവന്നു [“ഭാഗ്യദേവൻ,” “പി.ഒ.സി. ബൈ.”] ഒരു മേശ ഒരുക്കി മെനിദേവിക്കു [‘വിധിദേവൻ,’ “പി.ഒ.സി. ബൈ.”] വീഞ്ഞു കലർത്തി നിറെച്ചുവെക്കയും ചെയ്യുന്നു.’ (യെശയ്യാവു 65:11) ‘ഭാഗ്യദേവന്റെ’യും ‘വിധിദേവന്റെ’യും ഭക്ഷണപാനീയങ്ങളുടെ ഒരു മേശ ഒരുക്കിവെക്കുകവഴി ഈ അധമ യഹൂദർ പുറജാതികളുടെ വിഗ്രഹാരാധനയിലേക്ക് വഴുതിവീണിരിക്കുന്നു.b അന്ധമായി ഈ ദൈവങ്ങളിൽ ആശ്രയിക്കുന്നവരുടെ ഗതി എന്തായിത്തീരും?
14 യഹോവ വളരെ വ്യക്തമായി ഈ മുന്നറിയിപ്പു നൽകുന്നു: “ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കുലെക്കു കുനിയേണ്ടിവരും.” (യെശയ്യാവു 65:12) മൂല എബ്രായ ഭാഷയിൽ വിധിദേവന്റെ പേരിനെ ഹാസ്യരൂപത്തിൽ പരാമർശിച്ചുകൊണ്ട്, ഈ വ്യാജദൈവത്തെ ആരാധിക്കുന്നവരെ ‘വാളിനു നിയമിച്ചുകൊടുക്കും’ അഥവാ വിധിക്കും, അതായത് അവരെ നശിപ്പിക്കും, എന്ന് യഹോവ പറയുന്നു. അനുതപിക്കാൻ അവൻ ഈ പുരുഷന്മാരോട് തന്റെ പ്രവാചകന്മാർ മുഖാന്തരം ആഹ്വാനം ചെയ്തിരിക്കുന്നു. എന്നാൽ, അവർ അവനെ അവഗണിക്കുകയും അവന്റെ ദൃഷ്ടിയിൽ മോശമായതു പ്രവർത്തിക്കാൻ മത്സരപൂർവം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. അവർ ദൈവത്തോട് എത്രയധികം അവജ്ഞയാണു കാട്ടുന്നത്! അവന്റെ മുന്നറിയിപ്പിന്റെ നിവൃത്തി എന്ന നിലയിൽ, പൊ.യു.മു. 607-ൽ ആ ജനത ഒരു മഹാവിപത്ത് അനുഭവിക്കും. അന്ന് യെരൂശലേമും അതിലെ ആലയവും നശിപ്പിക്കാൻ യഹോവ ബാബിലോണിയരെ അനുവദിക്കും. അപ്പോൾ യഹൂദയിലും യെരൂശലേമിലും ഉള്ള തന്റെ ഭക്തരെ സംരക്ഷിക്കുന്നതിൽ ‘ഭാഗ്യദേവൻ’ വിജയിക്കുകയില്ല.—2 ദിനവൃത്താന്തം 36:17.
15. യെശയ്യാവു 65:11, 12-ൽ കാണുന്ന മുന്നറിയിപ്പിന് ഇന്നു സത്യക്രിസ്ത്യാനികൾ ചെവി കൊടുക്കുന്നത് എങ്ങനെ?
15 യെശയ്യാവു 65:11, 12-ൽ കാണുന്ന മുന്നറിയിപ്പിന് ഇന്നു സത്യക്രിസ്ത്യാനികൾ ചെവി കൊടുക്കുന്നു. ‘ഭാഗ്യം’ എന്നത് അനുഗ്രഹങ്ങൾ ചൊരിയാൻ കഴിയുന്ന എന്തെങ്കിലും തരത്തിലുള്ള പ്രകൃത്യതീത ശക്തി ആണെന്ന് അവർ വിശ്വസിക്കുന്നില്ല. ഭാഗ്യദേവനെ പ്രസാദിപ്പിക്കാൻ അവർ ഭൗതിക സ്വത്തുക്കൾ ധൂർത്തടിക്കുന്നില്ല. മാത്രമല്ല, അവർ എല്ലാത്തരം ചൂതാട്ടവും വർജിക്കുന്നു. ഈ ദൈവത്തിനു തങ്ങളെത്തന്നെ അർപ്പിക്കുന്നവർക്ക് ഒടുവിൽ സകലവും നഷ്ടമാകുമെന്ന് അവർക്കു നല്ല ബോധ്യമുണ്ട്. കാരണം, ഭാഗ്യദേവനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവരോട് “ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും” എന്ന് യഹോവ പറയുന്നു.
“എന്റെ ദാസന്മാർ സന്തോഷിക്കും”
16. തന്റെ വിശ്വസ്ത ദാസന്മാരെ യഹോവ ഏതെല്ലാം വിധങ്ങളിൽ അനുഗ്രഹിക്കും, അവനെ ഉപേക്ഷിച്ചിരിക്കുന്നവരുടെ കാര്യത്തിൽ എന്തു സത്യമായിരിക്കും?
16 യഹോവയെ ഉപേക്ഷിച്ചവരെ ശാസിക്കവേ, ദൈവത്തെ ആത്മാർഥമായി ആരാധിക്കുന്നവർക്കും കപടഭക്തി കാണിക്കുന്നവർക്കും സംഭവിക്കാനിരിക്കുന്ന രണ്ടു വ്യത്യസ്ത കാര്യങ്ങളെ കുറിച്ചു പ്രവചനം വിവരിക്കുന്നു: “അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.” (യെശയ്യാവു 65:13, 14) യഹോവ തന്റെ വിശ്വസ്ത ദാസന്മാരെ അനുഗ്രഹിക്കും. സന്തോഷത്താൽ തുടിക്കുന്ന ഹൃദയങ്ങളോടെ അവർ ആർപ്പിടും. ഭക്ഷിക്കും, പാനം ചെയ്യും, സന്തോഷിക്കും എന്നൊക്കെയുള്ള പ്രയോഗങ്ങൾ യഹോവ തന്റെ ആരാധകരുടെ ആവശ്യങ്ങൾ സമൃദ്ധമായി തൃപ്തിപ്പെടുത്തുമെന്നു കാണിക്കുന്നു. അതിൽനിന്നു വ്യത്യസ്തമായി, യഹോവയെ ത്യജിക്കുന്നവർ ആത്മീയമായി വിശന്നും ദാഹിച്ചും ഇരിക്കും. അവരുടെ ആവശ്യങ്ങൾക്കു തൃപ്തി വരുകയില്ല. മനോവ്യസനത്താൽ അവർ നിലവിളിച്ചു മുറയിടും.
17. യഹോവയുടെ ജനത്തിന് ഇന്നു ഘോഷിച്ചാനന്ദിക്കാൻ നല്ല കാരണമുള്ളത് എന്തുകൊണ്ട്?
17 ദൈവത്തെ സേവിക്കുന്നു എന്ന് കേവലം പറയുന്നവരുടെ ആത്മീയ അവസ്ഥയെ വിവരിക്കുന്നതാണ് യഹോവയുടെ വാക്കുകൾ. ക്രൈസ്തവലോകത്തിലെ ദശലക്ഷങ്ങൾ മനോവ്യഥ അനുഭവിക്കുമ്പോൾ യഹോവയുടെ ദാസന്മാർ ഘോഷിച്ചാനന്ദിക്കുന്നു. അവർക്കു സന്തോഷിക്കുന്നതിന് നല്ല കാരണമുണ്ട്. അവർ ആത്മീയമായി ഏറ്റവും നല്ല രീതിയിൽ പോഷിപ്പിക്കപ്പെടുന്നു. ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ക്രിസ്തീയ യോഗങ്ങളിലൂടെയും യഹോവ അവർക്ക് സമൃദ്ധമായ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു. ദൈവവചനത്തിലെ പരിപുഷ്ടിപ്പെടുത്തുന്ന സത്യങ്ങളും ആശ്വാസകരമായ വാഗ്ദാനങ്ങളും നമുക്ക് “ഹൃദയാനന്ദം” പകരുന്നു!
18. യഹോവയെ ഉപേക്ഷിച്ചിരിക്കുന്നവർക്ക് എന്തു സംഭവിക്കും, അവരുടെ പേര് ശാപവാക്കായി ഉപയോഗിക്കുന്നു എന്നതിനാൽ എന്ത് അർഥമാക്കുന്നു?
18 തന്നെ ഉപേക്ഷിച്ചവരെ അഭിസംബോധന ചെയ്തുകൊണ്ട് യഹോവ തുടർന്നു പറയുന്നു: “നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ വേറൊരു പേർ വിളിക്കും. മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.” (യെശയ്യാവു 65:15, 16) യഹോവയെ ഉപേക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്നത് അവരുടെ പേരു മാത്രമായിരിക്കും. അത് ഉപയോഗിക്കപ്പെടുന്നതോ ഒരു ശാപവാക്കായിട്ടും. അതിന്റെ അർഥം സത്യം ചെയ്യുന്നവർ, ‘ഞാൻ ഈ വാക്കു പാലിക്കുന്നില്ലെങ്കിൽ, ആ വിശ്വാസത്യാഗികൾക്ക് ഉണ്ടായ അതേ ഗതി എനിക്കും വരട്ടെ’ എന്നായിരിക്കും ഫലത്തിൽ പറയുക. അവരുടെ പേര്, സൊദോമിന്റെയും ഗൊമോരയുടെയും കാര്യത്തിലെന്ന പോലെ ഒരു ദൃഷ്ടാന്തമായി, ദുഷ്ടന്മാർക്കു ദൈവം നൽകുന്ന ശിക്ഷയുടെ ഒരു പ്രതീകമായി, ഉപയോഗിക്കപ്പെടുമെന്നും അതുകൊണ്ട് അർഥമാക്കാവുന്നതാണ്.
19. ദൈവദാസന്മാർ മറ്റൊരു പേരിനാൽ വിളിക്കപ്പെടുന്നത് എങ്ങനെ, വിശ്വസ്തതയുടെ ദൈവത്തിൽ അവർ എന്തുകൊണ്ട് വിശ്വാസം അർപ്പിക്കും? (അടിക്കുറിപ്പു കൂടി കാണുക.)
19 എന്നാൽ ദൈവദാസന്മാരുടെ അവസ്ഥ എത്ര ഭിന്നമായിരിക്കും! മറ്റൊരു പേരിനാൽ അവർ വിളിക്കപ്പെടും. തങ്ങളുടെ സ്വദേശത്ത് അവർ ആസ്വദിക്കാൻ പോകുന്ന അനുഗൃഹീത അവസ്ഥയെയും മാന്യതയെയും അതു സൂചിപ്പിക്കുന്നു. അവർ ഏതെങ്കിലും വ്യാജദൈവത്തിന്റെ അനുഗ്രഹം തേടുകയോ ജീവനില്ലാത്ത വിഗ്രഹത്തെ ചൊല്ലി സത്യം ചെയ്യുകയോ ഇല്ല. പകരം, അവർ അനുഗ്രഹം തേടുകയോ സത്യം ചെയ്യുകയോ ചെയ്യുമ്പോൾ വിശ്വസ്തതയുടെ ദൈവത്തെ ചൊല്ലി ആയിരിക്കും അങ്ങനെ ചെയ്യുക. (യെശയ്യാവു 65:16, NW അടിക്കുറിപ്പ്) ദൈവത്തിൽ തികഞ്ഞ വിശ്വാസം അർപ്പിക്കാൻ മതിയായ കാരണം ദേശനിവാസികൾക്ക് ഉണ്ടായിരിക്കും. കാരണം, താൻ വാഗ്ദാനങ്ങൾ പാലിക്കുന്നവൻ ആണെന്ന് അവൻ തെളിയിച്ചിരിക്കും.c തങ്ങളുടെ സ്വദേശത്തു സുരക്ഷിതത്വം അനുഭവിക്കുന്ന യഹൂദന്മാർ മുൻകാല കഷ്ടതകൾ പെട്ടെന്നു മറക്കും.
“ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു”
20. “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും സംബന്ധിച്ച യഹോവയുടെ വാഗ്ദാനം പൊ.യു.മു. 537-ൽ നിവൃത്തിയേറിയത് എങ്ങനെ?
20 ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിവന്നശേഷം അനുതാപമുള്ള ശേഷിപ്പിനെ പുനഃസ്ഥിതീകരിക്കാനുള്ള തന്റെ വാഗ്ദാനം യഹോവ കൂടുതലായി വിശദീകരിക്കുന്നു. യെശയ്യാവ് മുഖാന്തരം യഹോവ പറയുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശയ്യാവു 65:17) പുനഃസ്ഥിതീകരണം സംബന്ധിച്ച യഹോവയുടെ വാഗ്ദാനം നിവൃത്തിയേറുമെന്ന് അത്രയ്ക്ക് ഉറപ്പായതിനാൽ, അതു സംഭവിച്ചുകഴിഞ്ഞതു പോലെ യഹോവ സംസാരിക്കുന്നു. പൊ.യു.മു. 537-ൽ യഹൂദ ശേഷിപ്പ് യെരൂശലേമിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ ആ പ്രവചനത്തിനു പ്രാഥമിക നിവൃത്തി ഉണ്ടായി. അന്ന് “പുതിയ ആകാശ”ത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? മഹാപുരോഹിതനായ യോശുവയുടെ പിന്തുണയോടെ യെരൂശലേമിനെ ആസ്ഥാനമാക്കി സെരുബ്ബാബേൽ നടത്തിയ ഭരണാധിപത്യത്തെ അത് അർഥമാക്കി. ആ ഭരണാധിപത്യത്തിനു കീഴ്പെട്ടുകൊണ്ട് ദേശത്ത് സത്യാരാധന പുനഃസ്ഥാപിക്കുന്നതിൽ സഹായിച്ച ശുദ്ധീകരിക്കപ്പെട്ട ഒരു സമൂഹമായ യഹൂദ ശേഷിപ്പ് ആയിരുന്നു “പുതിയ ഭൂമി.” (എസ്രാ 5:1, 2) ആ പുനഃസ്ഥിതീകരണത്തിന്റെ സന്തോഷം എല്ലാ കഴിഞ്ഞകാല ദുരിതങ്ങളെയും കാറ്റിൽ പറത്തി; ആ അരിഷ്ടതകൾ അവരുടെ മനസ്സിലേക്കു വരുകപോലും ചെയ്തില്ല.—സങ്കീർത്തനം 126:1, 2.
21. ഏതു പുതിയ ആകാശം 1914-ൽ നിലവിൽ വന്നു?
21 എന്നാൽ പത്രൊസ്, യെശയ്യാവിന്റെ പ്രവചനത്തെ കുറിച്ചു പരാമർശിക്കുകയും അതിന് ഒരു ഭാവി നിവൃത്തി ഉള്ളതായി പ്രസ്താവിക്കുകയും ചെയ്തു എന്ന് ഓർക്കുക. ആ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) ദീർഘകാലം കാത്തിരുന്ന പുതിയ ആകാശം 1914-ൽ നിലവിൽ വന്നു. ആ വർഷം പിറന്ന മിശിഹൈക രാജ്യം സ്വർഗത്തിൽനിന്നു വാഴ്ച നടത്തുന്നു, യഹോവ അതിന് മുഴു ഭൂമിയുടെമേലും അധികാരം നൽകിയിരിക്കുന്നു. (സങ്കീർത്തനം 2:6-8) ക്രിസ്തുവിന്റെയും 1,44,000 വരുന്ന അവന്റെ സഹഭരണാധികാരികളുടെയും കീഴിലുള്ള ആ രാജ്യഗവൺമെന്റാണ് പുതിയ ആകാശം.—വെളിപ്പാടു 14:1.
22. പുതിയ ഭൂമി എന്തായിരിക്കും, ആ ക്രമീകരണത്തിന്റെ കേന്ദ്രം ആയിത്തീരാൻ ഇപ്പോൾ പോലും ആളുകൾ എങ്ങനെ തയ്യാറാകുന്നു?
22 പുതിയ ഭൂമി എന്തായിരിക്കും? പുരാതന നിവൃത്തിയുടെ കാര്യത്തിൽ എന്നപോലെ, പുതിയ സ്വർഗീയ ഗവൺമെന്റിന്റെ ഭരണാധിപത്യത്തിനു സസന്തോഷം കീഴ്പെടുന്ന ആളുകൾ ചേർന്നതായിരിക്കും പുതിയ ഭൂമി. ഇപ്പോൾ പോലും ശരിയായ ഹൃദയനിലയുള്ള ദശലക്ഷക്കണക്കിനു വ്യക്തികൾ ഈ ഗവൺമെന്റിനു കീഴ്പെടുകയും ബൈബിളിൽ കാണുന്ന അതിന്റെ നിയമങ്ങൾ പിൻപറ്റാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു. അവർ സകല ദേശങ്ങളിലും ഭാഷകളിലും വർഗങ്ങളിലും നിന്നുള്ളവരാണ്, വാഴ്ച നടത്തുന്ന രാജാവായ യേശുക്രിസ്തുവിനെ സേവിക്കാൻ അവർ കൂട്ടായി യത്നിക്കുന്നു. (മീഖാ 4:1-4) ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തിനു ശേഷം, ഇവർ ഒരു പുതിയ ഭൂമിയുടെ കേന്ദ്രം ആയിത്തീരും. ഒടുവിൽ, ദൈവരാജ്യത്തിന്റെ ഭൗമിക മണ്ഡലത്തെ അവകാശമാക്കുന്ന ദൈവഭക്തരായ ഒരു ആഗോള സമൂഹം ആയിത്തീരും ഈ പുതിയ ഭൂമി.—മത്തായി 25:34.
23. “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറിച്ചുള്ള എന്തു വിവരങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം, ആ പ്രവചനം എങ്ങനെ നിവൃത്തിയേറും?
23 ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ നീക്കംചെയ്യുന്ന യഹോവയുടെ ആസന്നമായ ദിവസത്തെ കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ കണ്ട ഒരു ദർശനത്തെപ്പറ്റി വെളിപ്പാടു പുസ്തകം വിവരിക്കുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതി നീക്കം ചെയ്യപ്പെട്ടശേഷം സാത്താൻ അഗാധത്തിൽ അടയ്ക്കപ്പെടും. (വെളിപ്പാടു 19:11–20:3) ആ വിവരണത്തെ തുടർന്ന് യോഹന്നാൻ യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾക്കു ചേർച്ചയിൽ ഇങ്ങനെ എഴുതുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.” ആ മഹത്തായ ദർശനത്തെ കുറിച്ചുള്ള വിവരണത്തിലെ തുടർന്നുള്ള വാക്യങ്ങൾ യഹോവയാം ദൈവം ഈ ഭൂമിയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്ന കാലത്തെ സംബന്ധിച്ചുള്ളതാണ്. (വെളിപ്പാടു 21:1, 3-5) വ്യക്തമായും, “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറിച്ചുള്ള യെശയ്യാവിന്റെ വാഗ്ദാനം ദൈവത്തിന്റെ പുതിയ ലോകത്തിൽ അത്ഭുതകരമായി നിവൃത്തിയേറും! പുതിയ ഗവൺമെന്റാകുന്ന ആകാശത്തിനു കീഴിൽ പുതിയ ഭൂമിയാകുന്ന മനുഷ്യസമൂഹം ആത്മീയവും ഭൗതികവുമായ ഒരു പറുദീസ ആസ്വദിക്കും. “മുമ്പിലെത്തവ [രോഗവും ദുരിതവും മനുഷ്യർ അഭിമുഖീകരിക്കുന്ന മറ്റു കഷ്ടങ്ങളും] ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്ന വാഗ്ദാനം തീർച്ചയായും ആശ്വാസദായകമാണ്. നാം അപ്പോൾ ഓർക്കുന്ന യാതൊന്നും അനേകരുടെയും ഹൃദയങ്ങളെ ഇപ്പോൾ ഭാരപ്പെടുത്തുന്നതു പോലുള്ള ആഴമായ വേദനയോ ദുഃഖമോ ഉളവാക്കുകയില്ല.
24. യെരൂശലേമിന്റെ പുനഃസ്ഥിതീകരണത്തെ ചൊല്ലി യഹോവ സന്തോഷിക്കുന്നത് എന്തുകൊണ്ട്, നഗരവീഥികളിൽ മേലാൽ എന്തു കേൾക്കുകയില്ല?
24 യെശയ്യാ പ്രവചനം തുടരുന്നു: “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരുശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല.” (യെശയ്യാവു 65:18, 19) തങ്ങളുടെ സ്വദേശത്തേക്ക് പുനഃസ്ഥിതീകരിക്കപ്പെട്ടതിൽ യഹൂദന്മാർ മാത്രമല്ല, ദൈവം തന്നെയും സന്തോഷിക്കുന്നു. കാരണം അവൻ യെരൂശലേമിനെ മനോഹരമാക്കും, അവൻ വീണ്ടും അതിനെ ഭൂമിയിലെ സത്യാരാധനയുടെ കേന്ദ്രമാക്കിത്തീർക്കും. പതിറ്റാണ്ടുകൾക്കു മുമ്പ് നഗരവീഥികളിൽ കേട്ട ദുരന്തത്തെ ചൊല്ലിയുള്ള വിലാപം മേലാൽ അവിടെ കേൾക്കുകയില്ല.
25, 26. (എ) നമ്മുടെ നാളിൽ, യഹോവ യെരൂശലേമിനെ ‘ഉല്ലാസപ്രദം’ ആക്കുന്നത് എങ്ങനെ? (ബി) യഹോവ പുതിയ യെരൂശലേമിനെ എങ്ങനെ ഉപയോഗിക്കും, നമുക്ക് ഇന്ന് എന്തുകൊണ്ട് സന്തോഷിച്ച് ഉല്ലസിക്കാൻ കഴിയും?
25 ഇന്നു പോലും യഹോവ യെരൂശലേമിനെ ‘ഉല്ലാസപ്രദം’ ആക്കുന്നു. എങ്ങനെ? നാം കണ്ടുകഴിഞ്ഞതു പോലെ, 1914-ൽ അസ്തിത്വത്തിൽ വന്ന പുതിയ ആകാശത്തിൽ, സ്വർഗീയ ഭരണത്തിൽ പങ്കുചേരുന്ന 1,44,000 സഹഭരണാധികാരികൾ ഉണ്ടായിരിക്കും. ഇവരെ പ്രാവചനികമായി “പുതിയ യെരൂശലേം” എന്നു വിളിച്ചിരിക്കുന്നു. (വെളിപ്പാടു 21:2) പുതിയ യെരൂശലേമിനെ സംബന്ധിച്ചാണ് ദൈവം ഇങ്ങനെ പറയുന്നത്: “ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.” അനുസരണമുള്ള മനുഷ്യവർഗത്തിന്മേൽ അസംഖ്യം അനുഗ്രഹങ്ങൾ ചൊരിയാൻ പുതിയ യെരൂശലേമിനെ ദൈവം ഉപയോഗിക്കും. മേലാൽ കരച്ചിലോ നിലവിളിയോ കേൾക്കുകയില്ല, കാരണം യഹോവ “[നമ്മുടെ] ഹൃദയത്തിലെ ആഗ്രഹങ്ങളെ” തൃപ്തിപ്പെടുത്തും.—സങ്കീർത്തനം 37:3, 4.
26 തീർച്ചയായും, ഇന്നു നമുക്കു സന്തോഷിക്കാൻ മതിയായ കാരണമുണ്ട്! പെട്ടെന്നുതന്നെ യഹോവ സകല ശത്രുക്കളെയും നശിപ്പിച്ചുകൊണ്ട് തന്റെ വിശ്രുത നാമത്തെ മഹത്ത്വീകരിക്കും. (സങ്കീർത്തനം 83:17, 18) പുതിയ ആകാശം സമ്പൂർണ നിയന്ത്രണം കൈവരിക്കും. ദൈവം സൃഷ്ടിക്കുന്നതിൽ എന്നേക്കും സന്തോഷിച്ച് ഉല്ലസിക്കാൻ എത്ര മഹത്തായ കാരണങ്ങൾ!
സുരക്ഷിത ഭാവി സംബന്ധിച്ച വാഗ്ദാനം
27. മടങ്ങിവരുന്ന യഹൂദന്മാർ സ്വദേശത്ത് ആസ്വദിക്കാൻ പോകുന്ന സുരക്ഷിതത്വത്തെ യെശയ്യാവ് എങ്ങനെ വിവരിക്കുന്നു?
27 ആദ്യ നിവൃത്തിയിൽ, പുതിയ ആകാശത്തിൻ കീഴിൽ എങ്ങനെയുള്ള ജീവിതം ആയിരിക്കും മടങ്ങിവരുന്ന യഹൂദന്മാർക്കു ലഭിക്കുക? യഹോവ പറയുന്നു: “കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറുവയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.” (യെശയ്യാവു 65:20) തങ്ങളുടെ പുനഃസ്ഥിതീകൃത സ്വദേശത്ത് മടങ്ങിവരുന്ന പ്രവാസികൾ ആസ്വദിക്കുന്ന സുരക്ഷിതത്വത്തിന്റെ എത്ര മനോഹര ചിത്രം! ഏതാനും ദിവസം മാത്രം പ്രായമുള്ള ഒരു നവജാത ശിശുവിന്റെ ജീവനെ മരണം അപഹരിക്കുകയില്ല. ആയുസ്സ് തികയുവോളം ജീവിക്കാത്ത ഒരു വൃദ്ധന്റെ ജീവനെയും മരണം കവർന്നെടുക്കുകയില്ല.d യഹൂദയിലേക്കു മടങ്ങിവരുന്ന യഹൂദന്മാരെ സംബന്ധിച്ചിടത്തോളം യെശയ്യാവിന്റെ വാക്കുകൾ എത്ര ആശ്വാസകരമാണ്! തങ്ങളുടെ ദേശത്തു സുരക്ഷിതരായ അവർക്ക്, തങ്ങളുടെ ശിശുക്കളെ ശത്രുക്കൾ അപഹരിക്കുമെന്നോ തങ്ങളുടെ ഇടയിലെ പുരുഷന്മാരെ കൊന്നുകളയുമെന്നോ വേവലാതിപ്പെടേണ്ടതില്ല.
28. യഹോവയുടെ രാജ്യത്തിൻ കീഴിലുള്ള പുതിയ ലോകത്തിലെ ജീവിതം സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാനാകും?
28 വരാനിരിക്കുന്ന പുതിയ ലോകത്തിലെ ജീവിതത്തെ കുറിച്ച് യഹോവയുടെ വാക്കുകൾ നമ്മോട് എന്തു പറയുന്നു? ദൈവരാജ്യത്തിൽ ഓരോ കുട്ടിക്കും സുരക്ഷിത ഭാവി സംബന്ധിച്ച പ്രതീക്ഷ ഉണ്ടായിരിക്കും. ദൈവഭക്തനായ ഒരു മനുഷ്യന്റെ ജീവനെ മരണം അവന്റെ യുവപ്രായത്തിൽ അപഹരിക്കില്ല. നേരെ മറിച്ച്, അനുസരണമുള്ള മനുഷ്യവർഗത്തിനു സുരക്ഷിതമായ ജീവിതം ആസ്വദിക്കാൻ കഴിയും. ദൈവത്തിനെതിരെ മത്സരിക്കാൻ ആരെങ്കിലും ശ്രമിച്ചാലോ? അത്തരക്കാർക്ക് ജീവിച്ചിരിക്കാനുള്ള പദവി നഷ്ടമാകും. മത്സരിയായ പാപി ‘നൂറുവയസ്സു പ്രായമുള്ളവൻ’ ആണെങ്കിൽ പോലും അവൻ മരിക്കും. അതിന്റെ അർഥം അവന് ആയിത്തീരാൻ കഴിയുമായിരുന്നതിനോടുള്ള—അനന്തജീവനുള്ള ഒരാളോടുള്ള—താരതമ്യത്തിൽ അവൻ ഒരു “ബാലൻ” ആയിരിക്കും എന്നാണ്.
29. (എ) പുനഃസ്ഥാപിത യഹൂദാദേശത്ത് ദൈവത്തിന്റെ അനുസരണമുള്ള ജനത്തിന് എന്തു സന്തോഷം ഉണ്ടായിരിക്കും? (ബി) വൃക്ഷങ്ങൾ ദീർഘായുസ്സിന്റെ ഉചിതമായ പ്രതീകം ആയിരിക്കുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പു കാണുക.)
29 പുനഃസ്ഥാപിത യഹൂദാ ദേശത്ത് ഉണ്ടായിരിക്കാൻ പോകുന്ന അവസ്ഥകളെ കുറിച്ച് യഹോവ തുടർന്നു വിശദീകരിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:21, 22) ശൂന്യമായി കിടക്കുന്ന, വീടുകളോ മുന്തിരിത്തോട്ടങ്ങളോ ഇല്ലാത്ത യഹൂദാ ദേശത്തേക്കു മടങ്ങുന്ന ദൈവത്തിന്റെ അനുസരണമുള്ള ജനത്തിന് സ്വന്തഭവനങ്ങളിൽ പാർക്കുന്നതിന്റെയും സ്വന്തം മുന്തിരിത്തോട്ടത്തിന്റെ ഫലം അനുഭവിക്കുന്നതിന്റെയും സന്തോഷം ഉണ്ടായിരിക്കും. ദൈവം അവരുടെ പ്രവൃത്തിയെ അനുഗ്രഹിക്കും. വൃക്ഷത്തിന്റെ ആയുസ്സു പോലെ അവർക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കും, അവർക്ക് തങ്ങളുടെ അധ്വാനഫലം ആസ്വദിക്കാൻ കഴിയും.e
30. യഹോവയുടെ ദാസന്മാർ ഇന്ന് സന്തോഷകരമായ എന്ത് അവസ്ഥ ആസ്വദിക്കുന്നു, പുതിയ ലോകത്തിൽ അവർ എന്ത് ആസ്വദിക്കും?
30 നമ്മുടെ നാളിൽ, ഈ പ്രവചനത്തിന് ഒരു നിവൃത്തിയുണ്ട്. യഹോവയുടെ ജനം 1919-ൽ ആത്മീയ പ്രവാസത്തിൽനിന്ന് മടങ്ങിവന്ന് തങ്ങളുടെ “ദേശം” അഥവാ ആരാധന ഉൾപ്പെട്ട പ്രവർത്തന മണ്ഡലം പുനഃസ്ഥാപിക്കാൻ ആരംഭിച്ചു. അവർ സഭകൾ സ്ഥാപിക്കുകയും ആത്മീയ ഫലസമൃദ്ധി കൈവരിക്കുകയും ചെയ്തു. അതിന്റെ ഫലമായി, ഇപ്പോൾ പോലും യഹോവയുടെ ജനം ആത്മീയ പറുദീസയും ദൈവദത്ത സമാധാനവും ആസ്വദിക്കുന്നു. അത്തരം സമാധാനം അക്ഷരീയ പറുദീസയിലും തുടരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. തന്റെ കൽപ്പനകൾ അനുസരിക്കാൻ സന്നദ്ധരായ ആരാധകരെ ഉപയോഗിച്ച് പുതിയ ലോകത്തിൽ യഹോവ എന്തെല്ലാം കാര്യങ്ങളായിരിക്കും ചെയ്യുക എന്ന് നമുക്കു കൃത്യമായി പറയാനാവില്ല. സ്വന്തമായി വീടു പണിത് അതിൽ പാർക്കുന്നത് എത്ര വലിയ സന്തോഷമായിരിക്കും! രാജ്യഭരണത്തിൻ കീഴിൽ തൃപ്തികരമായ വേലയ്ക്ക് യാതൊരു ക്ഷാമവും ഉണ്ടായിരിക്കില്ല. നിങ്ങളുടെ സ്വന്തം ശ്രമങ്ങളുടെ ഫലത്തിന്റെ ‘സുഖം അനുഭവിക്കുന്നത്’ എപ്പോഴും എത്ര പ്രതിഫലദായകമാണ്! (സഭാപ്രസംഗി 3:13) നമ്മുടെ കൈകളുടെ പ്രവൃത്തി പൂർണമായി ആസ്വദിക്കാനുള്ള മതിയായ സമയം നമുക്ക് ഉണ്ടായിരിക്കുമോ? തീർച്ചയായും! വിശ്വസ്ത മനുഷ്യരുടെ അനന്തമായ ആയുസ്സ് “വൃക്ഷത്തിന്റെ ആയുസ്സുപോലെ,” ആയിരക്കണക്കിനു വർഷങ്ങളും അതിൽ കൂടുതലും ആയിരിക്കും!
31, 32. (എ) മടങ്ങിവരുന്ന പ്രവാസികൾ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കും? (ബി) പുതിയ ലോകത്തിൽ വിശ്വസ്ത മനുഷ്യർക്ക് എന്തു പ്രത്യാശ ഉണ്ടായിരിക്കും?
31 മടങ്ങിവരുന്ന പ്രവാസികളെ കാത്തിരിക്കുന്ന കൂടുതലായ അനുഗ്രഹങ്ങളെ കുറിച്ച് യഹോവ വിവരിക്കുന്നു: “അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.” (യെശയ്യാവു 65:23) പുനഃസ്ഥിതീകരിക്കപ്പെട്ട ആ യഹൂദന്മാർ യഹോവയാൽ അനുഗ്രഹിക്കപ്പെടും, അവർ വൃഥാ അധ്വാനിക്കുകയില്ല. അകാല മരണത്തിനായി മാതാപിതാക്കൾ കുട്ടികളെ ജനിപ്പിക്കുകയില്ല. പുനഃസ്ഥിതീകരണത്തിന്റെ അനുഗ്രഹങ്ങൾ മുൻകാല പ്രവാസികൾ മാത്രമല്ല, അവരുടെ സന്തതികളും ആസ്വദിക്കും. തന്റെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അതീവ താത്പര്യമുള്ള ദൈവം ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.”—യെശയ്യാവു 65:24.
32 വരാനിരിക്കുന്ന പുതിയ ലോകത്തിൽ യഹോവ ഈ വാഗ്ദാനങ്ങൾ എങ്ങനെ നിവർത്തിക്കും? നമുക്കു കാത്തിരുന്നു കാണാം. യഹോവ സകല വിശദാംശങ്ങളും നൽകിയിട്ടില്ല, എങ്കിലും വിശ്വസ്ത മനുഷ്യർക്ക് ഒരിക്കലും ‘വൃഥാ അദ്ധ്വാനിക്കേണ്ടിവരില്ല’ എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. അർമഗെദോൻ യുദ്ധത്തെ അതിജീവിക്കുന്ന മഹാപുരുഷാരത്തിനും അവർക്കു ജനിച്ചേക്കാവുന്ന കുട്ടികൾക്കും വളരെ ദീർഘവും തൃപ്തികരവുമായ ഒരു ജീവിതത്തിന്റെ—നിത്യജീവന്റെ—പ്രത്യാശ ഉണ്ടായിരിക്കും! പുനരുത്ഥാനത്തിൽ തിരികെ വരുകയും ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കും പുതിയ ലോകത്തിലെ സന്തോഷം ആസ്വദിക്കാനാകും. യഹോവ അവരുടെ ആവശ്യങ്ങൾ കേട്ട് അവ നിവർത്തിക്കും, അവ കേൾക്കാൻ അവൻ കാതോർത്തിരിക്കുക പോലും ചെയ്യും. തീർച്ചയായും, യഹോവ തന്റെ കൈ തുറന്ന് “സകല ജീവജാലങ്ങളുടെയും” ഉചിതമായ “ആഗ്രഹങ്ങളെ” തൃപ്തിപ്പെടുത്തും.—സങ്കീർത്തനം 145:16, NIBV.
33. യഹൂദന്മാർ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങുമ്പോൾ, ഏത് അർഥത്തിൽ മൃഗങ്ങൾ സമാധാനത്തിൽ ആയിരിക്കും?
33 വാഗ്ദാനം ചെയ്യപ്പെട്ട സമാധാനവും സുരക്ഷിതത്വവും എത്ര വ്യാപകമായിരിക്കും? പ്രവചനത്തിന്റെ ഈ ഭാഗം യഹോവ ഇങ്ങനെ ഉപസംഹരിക്കുന്നു: “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 65:25) വിശ്വസ്ത യഹൂദശേഷിപ്പ് തങ്ങളുടെ സ്വദേശത്തേക്കു മടങ്ങുമ്പോൾ, അവർ യഹോവയുടെ പരിപാലനത്തിൻ കീഴിലായിരിക്കും. സിംഹം ഫലത്തിൽ കാള എന്നതു പോലെ വൈക്കോൽ തിന്നും. തന്മൂലം, അതു യഹൂദന്മാർക്കോ അവരുടെ വളർത്തുമൃഗങ്ങൾക്കോ യാതൊരു ഹാനിയും വരുത്തുകയില്ല. ഈ വാഗ്ദാനം ഉറച്ചതാണ്, കാരണം “യഹോവ അരുളിച്ചെയ്യുന്നു” എന്ന വാക്കുകളോടെയാണ് അത് അവസാനിക്കുന്നത്. അവന്റെ വചനം എല്ലായ്പോഴും സത്യമായി ഭവിച്ചിരിക്കുന്നു!—യെശയ്യാവു 55:10, 11.
34. ഇന്ന് യഹോവയുടെ വചനത്തിനു പുളകപ്രദമായ എന്തു നിവൃത്തിയാണ് ഉള്ളത്, പുതിയ ലോകത്തിൽ എന്തു നിവൃത്തി ഉണ്ടായിരിക്കും?
34 യഹോവയുടെ വാക്കുകൾക്ക് ഇന്നു സത്യാരാധകരുടെ ഇടയിൽ പുളകപ്രദമായ ഒരു നിവൃത്തിയുണ്ട്. 1919 മുതൽ, തന്റെ ജനത്തിന്റെ ആത്മീയ ദേശത്തെ യഹോവ അനുഗ്രഹിക്കുകയും ഒരു ആത്മീയ പറുദീസയാക്കി അതിനെ മാറ്റുകയും ചെയ്തിരിക്കുന്നു. ഈ ആത്മീയ പറുദീസയിലേക്കു വരുന്നവർ തങ്ങളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുന്നു. (എഫെസ്യർ 4:22-24) ഒരിക്കൽ മൃഗസമാന വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നവർ—സഹമനുഷ്യരെ ചൂഷണം ചെയ്യുകയോ മറ്റു വിധങ്ങളിൽ ദ്രോഹിക്കുകയോ ചെയ്തിരുന്നവർ—ദൈവാത്മാവിന്റെ സഹായത്തോടെ, മോശമായ പ്രവണതകളെ മറികടക്കുന്നതിൽ വിജയിച്ചിരിക്കുന്നു. അതിന്റെ ഫലമായി, അവർ സഹവിശ്വാസികളുമായി സമാധാനവും ആരാധനയിൽ ഐക്യവും ആസ്വദിക്കുന്നു. യഹോവയുടെ ജനം ഇപ്പോൾ ആത്മീയ പറുദീസയിൽ ആസ്വദിക്കുന്ന അനുഗ്രഹങ്ങൾ അക്ഷരീയ പറുദീസയിലേക്ക് വ്യാപിക്കും. അവിടെ മനുഷ്യർക്കു തമ്മിലും മൃഗങ്ങളുമായും സമാധാനം ഉണ്ടായിരിക്കും. ദൈവം മനുഷ്യവർഗത്തിന് ആദ്യം കൊടുത്ത “നിങ്ങൾ . . . [ഭൂമിയെ] അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ” എന്ന നിയോഗം അവന്റെ തക്കസമയത്ത് ഉചിതമായി നിവൃത്തിയേറുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—ഉല്പത്തി 1:28.
35. ‘എന്നേക്കും ഘോഷിച്ചുല്ലസിക്കാൻ’ നമുക്കു കാരണമുള്ളത് എന്തുകൊണ്ട്?
35 “പുതിയ ആകാശവും പുതിയ ഭൂമിയും” സൃഷ്ടിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! പൊ.യു.മു. 537-ൽ ആ വാഗ്ദാനത്തിന് ഒരു നിവൃത്തി ഉണ്ടായിരുന്നു, ഇന്ന് അത് കൂടുതലായി നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. അനുസരണമുള്ള മനുഷ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ടു നിവൃത്തികൾ മഹത്തായ ഒരു ഭാവിയിലേക്കു വിരൽ ചൂണ്ടുന്നു. തന്നെ സ്നേഹിക്കുന്നവർക്കായി യഹോവ കരുതിവെച്ചിരിക്കുന്ന കാര്യങ്ങളുടെ ഹ്രസ്വമായ ഒരു വീക്ഷണം യെശയ്യാവിന്റെ പ്രവചനം മുഖാന്തരം യഹോവ നമുക്കു നൽകിയിരിക്കുന്നു. തീർച്ചയായും, യഹോവയുടെ ഈ വാക്കുകൾക്കു ചെവി കൊടുക്കാൻ നമുക്കു മതിയായ കാരണമുണ്ട്: ‘ഞാൻ സൃഷ്ടിക്കുന്നതിനെ കുറിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ’!—യെശയ്യാവു 65:18.
[അടിക്കുറിപ്പുകൾ]
a ഈ പാപികൾ ശ്മശാനത്തിൽ ഇരിക്കുന്നത് മരിച്ചവരുമായി ആശയവിനിമയം ചെയ്യാനാണെന്നു പലരും വിചാരിക്കുന്നു. വിഗ്രഹാരാധനയോട് ബന്ധപ്പെട്ടാകാം അവർ പന്നിമാംസം കഴിക്കുന്നത്.
b ഈ വാക്യത്തെ കുറിച്ച് പറയവേ, (പൊ.യു. നാലാം നൂറ്റാണ്ടിൽ ജനിച്ച) ബൈബിൾ പരിഭാഷകനായ ജെറോം തങ്ങളുടെ ഒടുവിലത്തെ മാസത്തിന്റെ അവസാന ദിവസം വിഗ്രഹാരാധകർ നടത്തിയിരുന്ന പുരാതന ആചാരത്തെ കുറിച്ചു പറയുന്നു. അദ്ദേഹം ഇപ്രകാരം എഴുതി: “പോയ വർഷത്തെയോ വരുന്ന വർഷത്തെയോ ഫലഭൂയിഷ്ഠത സംബന്ധിച്ച് സൗഭാഗ്യം ഉറപ്പു വരുത്താൻ നാനാതരം ഭക്ഷണസാധനങ്ങളും മധുരവീഞ്ഞ് കലർത്തിയ പാനീയവും നിരത്തിയ ഒരു മേശ അവർ ഒരുക്കുമായിരുന്നു.”
c എബ്രായ മാസൊരിറ്റിക് പാഠത്തിൽ യെശയ്യാവു 65:16 അനുസരിച്ച്, യഹോവ “ആമേന്റെ ദൈവം” ആണ്. “ആമേൻ” എന്നതിന്റെ അർഥം “അങ്ങനെ ആയിരിക്കട്ടെ” അഥവാ “തീർച്ചയായും” എന്നാണ്. ഒരു സംഗതി സത്യമാണ് അല്ലെങ്കിൽ സത്യമായും ഭവിക്കും എന്നതിന്റെ ഉറപ്പാണ് അത്. വാഗ്ദാനം ചെയ്യുന്ന സകലതും നിവർത്തിക്കുകവഴി, താൻ പറയുന്നതു സത്യമാണെന്ന് യഹോവ പ്രകടമാക്കുന്നു.
d ഓശാന ബൈബിൾ യെശയ്യാവു 65:20-നെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ജനിച്ച് കുറഞ്ഞൊരുനാൾ മാത്രം ജീവിക്കുന്ന ശിശുവോ, ആയുസ്സു പൂർത്തിയാക്കാത്ത വൃദ്ധനോ അവിടെ ഉണ്ടായിരിക്കില്ല.”
e വൃക്ഷങ്ങൾ ദീർഘായുസ്സിന്റെ ഉചിതമായ പ്രതീകമാണ്. കാരണം, ജീവനുള്ളവയിൽ ഏറ്റവും കാലം നിലനിൽക്കുന്നത് വൃക്ഷങ്ങളാണ്. ഉദാഹരണത്തിന്, ഒലിവുവൃക്ഷം നൂറുകണക്കിനു വർഷങ്ങൾ ഫലം ഉത്പാദിപ്പിക്കുകയും ഒരുപക്ഷേ ആയിരക്കണക്കിനു വർഷങ്ങൾ നിലനിൽക്കുകയും ചെയ്യുന്നു.
[389-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ, നമ്മുടെ കൈകളുടെ പ്രവൃത്തി ആസ്വദിക്കാൻ നമുക്കു വേണ്ടത്ര സമയം ഉണ്ടായിരിക്കും