ദൈവത്തിന്റെ നിയമിത ന്യായാധിപനാൽ എല്ലാവർക്കും നീതി
“എന്തെന്നാൽ പിതാവിന് പുത്രനോട് പ്രിയമുണ്ട് . . . അവൻ സകല ന്യായവിധിയും പുത്രനെ ഭാരമേൽപ്പിച്ചിരിക്കുന്നു.”—യോഹന്നാൻ 5:20, 22.
1. ഒന്നാം നൂററാണ്ടിൽ ചിലർ അഭിമുഖീകരിച്ചതിനോടു സമാനമായ ചോദ്യങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുന്നതെങ്ങനെ?
നീതി നിങ്ങൾക്ക് എത്ര പ്രധാനമാണ്? യഥാർത്ഥ നീതി ലഭിക്കുമെന്ന് ഉറപ്പുകിട്ടാൻ, ഭൂവ്യാപകമായി അതു പ്രബലപ്പെടുമ്പോൾ ജീവിക്കുന്നതിനുപോലും, നിങ്ങൾ എത്ര ശ്രമം ചെലുത്തും? ഗ്രീസ്, ആതെൻസിലെ ചില പ്രമുഖ സ്ത്രീപുരുഷൻമാർ ചെയ്തതുപോലെ ആ ചോദ്യങ്ങളെക്കുറിച്ചു പരിചിന്തിക്കാൻ നിങ്ങൾക്കു നിങ്ങളോടുതന്നെ കടപ്പാടുണ്ട്.
2, 3. (എ) പൗലോസ് തന്റെ ആതെൻസിലെ ശ്രോതാക്കളെ അനുതപിക്കാൻ ആഹ്വാനംചെയ്യുന്നതിലേക്കു നയിച്ചതെന്തായിരുന്നു? (ബി) ആ സദസ്സിന് അനുതാപം വിചിത്രമെന്നു തോന്നിയേക്കാവുന്നതെന്തുകൊണ്ട്?
2 അവർ അരയോപഗസിലെ പ്രസിദ്ധ കോടതിയോടായുള്ള ക്രിസ്തീയ അപ്പോസ്തലനായ പൗലോസിന്റെ ഒരു സ്മരണാർഹമായ പ്രസംഗം കേട്ടു. നമ്മളെല്ലാം നമ്മുടെ ജീവനുവേണ്ടി കടപ്പെട്ടിരിക്കുന്ന സ്രഷ്ടാവായ ഏക ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ചു അവൻ ആദ്യം ന്യായവാദംചെയ്തു. ഇത് നാം ഈ ദൈവത്തോട് കണക്കുബോധിപ്പിക്കേണ്ടവരാണെന്നുള്ള യുക്തിപൂർവകമായ നിഗമനത്തിലേക്ക് നയിച്ചു. ഈ ഘട്ടത്തിൽ പൗലോസ് ഇങ്ങനെ പ്രഖ്യാപിച്ചു: “അങ്ങനെയുള്ള അജ്ഞതയുടെ [മനുഷ്യരുടെ വിഗ്രഹാരാധനയുടേതുപോലുള്ള] കാലങ്ങളെ ദൈവം അവഗണിച്ചിരിക്കുന്നു, എന്നിരുന്നാലും എല്ലായിടത്തും എല്ലാവരും അനുതപിക്കണമെന്ന് അവൻ ഇപ്പോൾ മനുഷ്യവർഗ്ഗത്തോടു പറയുകയാകുന്നു.”—പ്രവൃത്തികൾ 17:30.
3 തുറന്നുപറഞ്ഞാൽ, ആ സദസ്സിനെ സംബന്ധിച്ചിടത്തോളം അനുതാപം ഞെട്ടിക്കുന്ന ഒരു സങ്കല്പനമായിരിക്കുമായിരുന്നു. എന്തുകൊണ്ട്? പുരാതന ഗ്രീക്കുകാർ എന്തെങ്കിലും പ്രവൃത്തിയോ പ്രസ്താവനയോ സംബന്ധിച്ച് പശ്ചാത്താപം തോന്നുകയെന്ന അർത്ഥത്തിലാണ് അനുതാപത്തെ അറിഞ്ഞിരുന്നത്. എന്നിരുന്നാലും, ഒരു നിഘണ്ടു ചൂണ്ടിക്കാണിക്കുന്നതുപോലെ, ആ പദം “മൊത്തത്തിലുള്ള ധാർമ്മിക മനോഭാവത്തിലെ ഒരു മാററത്തെ, ജീവിതദിശയിലെ ഒരു വമ്പിച്ച മാററത്തെ, നടത്തയെ മുഴുവൻ ബാധിക്കുന്ന ഒരു പരിവർത്തനത്തെ, ഒരിക്കലും സൂചിപ്പിച്ചിരുന്നില്ല.”
4. അനുതാപത്തെക്കുറിച്ചുള്ള പൗലോസിന്റെ പ്രസ്താവന ഏതു യുക്തിയാൽ പിന്താങ്ങപ്പെട്ടു?
4 എന്നിരുന്നാലും, അത്തരം വമ്പിച്ച മാററം ഉചിതമായിരിക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്കു കാണാൻ കഴിയുമെന്നുള്ളതിനു സംശയമില്ല. പൗലോസിന്റെ യുക്തി പിന്തുടരുക. സകല മനുഷ്യരും ജീവന് ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സകലരും അവനോടു കണക്കുബോധിപ്പിക്കേണ്ടവരാണ്. അതുകൊണ്ട് മനുഷ്യർ അവനെ അന്വേഷിക്കാൻ, അവനെക്കുറിച്ചുള്ള അറിവുനേടാൻ, പ്രതീക്ഷിക്കുന്നത് ഉചിതവും ന്യായവും മാത്രമാണ്. ആ ആതെൻസുകാർക്ക് അവന്റെ തത്വങ്ങളും ഇഷ്ടവും അറിയാൻപാടില്ലെങ്കിൽ അവർ ആ കാര്യങ്ങൾ പഠിക്കുകയും അനന്തരം അവയോടു തങ്ങളുടെ ജീവിതത്തെ ചേർച്ചയിൽ വരുത്താൻ അനുതപിക്കുകയും വേണം. അങ്ങനെ ചെയ്യുന്നത് എത്ര സൗകര്യപ്രദമാണെന്നുള്ളതിനെ അത് ആശ്രയിച്ചിരിക്കുന്നില്ല. പൗലോസിന്റെ പ്രബലമായ പരകോടിയിൽനിന്ന് എന്തുകൊണ്ടെന്ന് നമുക്കു കാണാൻ കഴിയും: “എന്തുകൊണ്ടെന്നാൽ താൻ നിയമിച്ചിരിക്കുന്ന ഒരു മനുഷ്യൻ മുഖാന്തരം നിവസിത ഭൂമിയെ നീതിയിൽ ന്യായം വിധിക്കാൻ അവൻ ഉദ്ദേശിക്കുന്ന ഒരു ദിവസം അവൻ നിശ്ചയിച്ചിരിക്കുന്നു, അവനെ അവൻ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചിരിക്കുന്നതിനാൽ സകല മനുഷ്യർക്കും അവൻ ഒരു ഉറപ്പു കൊടുത്തിരിക്കുന്നു.”—പ്രവൃത്തികൾ 17:31.
5. സദസ്യർ പൗലോസിന്റെ പ്രസംഗത്തോടു പ്രതികരിച്ചതെങ്ങനെ, എന്തുകൊണ്ട്?
5 വളരെ അർത്ഥസമ്പുഷ്ടവും വിശ്വാസയോഗ്യവുമായ ആ വാക്കുകൾ നമ്മുടെ ശ്രദ്ധാപൂർവകമായ പരിശോധന അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അത് നമ്മുടെ കാലത്ത് പൂർണ്ണനീതി ലഭിക്കുന്നതിനുള്ള പ്രത്യാശ ഉണർത്തുന്നു. “ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു,” “നിവസിത ഭൂമിയെ ന്യായംവിധിക്കാൻ,” “താൻ നിയമിച്ചിരിക്കുന്ന ഒരു മനുഷ്യൻ മുഖാന്തരം,” “ഒരു ഉറപ്പു നൽകിയിരിക്കുന്നു,” “അവനെ ഉയർപ്പിച്ചിരിക്കുന്നു” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ശ്രദ്ധിക്കുക. “അവനെ ഉയർപ്പിച്ചു” എന്ന ആ വാക്കുകൾ പൗലോസിന്റെ സദസ്സിൽനിന്ന് ശക്തമായ ഒരു പ്രതികരണം വരുത്തിക്കൂട്ടി. 32-34 വരെയുള്ള വാക്യങ്ങൾ പ്രകടമാക്കുന്നതുപോലെ, ചിലർ പരിഹസിച്ചു. മററു ചിലർ ചർച്ച നിർത്തിപ്പിരിഞ്ഞു. ഏതായാലും, ചുരുക്കം ചിലർ അനുതാപമുള്ള വിശ്വാസികളായിത്തീർന്നു. എന്നിരുന്നാലും, നമുക്ക് ആതെൻസിലെ ആ സദസ്സിലെ ഭൂരിപക്ഷത്തെക്കാളും ബുദ്ധിയുള്ളവരായിരിക്കാം, എന്തുകൊണ്ടെന്നാൽ യഥാർത്ഥ നീതിക്കുവേണ്ടി നാം കാംക്ഷിക്കുന്നുവെങ്കിൽ ഇത് അത്യന്തം പ്രധാനമാണ്. 31-ാം വാക്യത്തിന്റെ ഏറിയ അർത്ഥവും കിട്ടുന്നതിന് “നിവസിത ഭൂമിയെ ന്യായംവിധിക്കാൻ അവൻ ഉദ്ദേശിക്കുന്നു”വെന്ന പദപ്രയോഗം ആദ്യംതന്നെ കാണുക. ആ “അവൻ” ആരാണ്? അവന്റെ നിലവാരങ്ങൾ എന്താണ്, വിശേഷിച്ച് നീതി സംബന്ധിച്ച്?
6. ഭൂമിയെ ന്യായം വിധിക്കുന്നതിന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നവനെക്കുറിച്ച് നമുക്കെങ്ങനെ പഠിക്കാൻ കഴിയും?
6 ശരി, പൗലോസ് പരാമർശിച്ചത് ആരെയാണെന്ന് പ്രവൃത്തികൾ 17:30 പ്രകടമാക്കുന്നു—അനുതപിക്കാൻ എല്ലാവരോടും പറയുന്ന നമ്മുടെ ജീവദാതാവും സ്രഷ്ടാവുമായ ദൈവത്തെ തന്നെ. സ്വാഭാവികമായി, ദൈവത്തിന്റെ സൃഷ്ടിക്രിയകളിൽനിന്ന് നമുക്ക് ദൈവത്തെ സംബന്ധിച്ച് വളരെയധികം കണ്ടുപിടിക്കാൻ കഴിയും. എന്നാൽ അവന്റെ നീതിയുടെ നിലവാരം മറെറാരു ഉറവായ ബൈബിളിൽനിന്ന് വിശേഷാൽ തെളിയുന്നു. അതിൽ മോശയെപ്പോലുള്ള മനുഷ്യരുമായുള്ള അവന്റെ ഇടപെടലുകളുടെയും ഇസ്രായേലിനുവേണ്ടിയുള്ള ദൈവനിയമങ്ങളുടെയും രേഖ അടങ്ങിയിരിക്കുന്നു.
ഏതു തരം ന്യായംവിധിക്കലും നീതിയും?
7. യഹോവയേയും നീതിയെയുംകുറിച്ച് മോശ എന്തു സാക്ഷ്യം നൽകുന്നു?
7 മോശക്ക് ദശാബ്ദങ്ങളിൽ യഹോവയാം ദൈവവുമായി അടുത്ത ഇടപെടലുകളുണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമായിരിക്കാം. അതു വളരെ അടുത്തതായിരുന്നതുകൊണ്ട് താൻ മോശയോട് “മുഖാമുഖം” സംസാരിച്ചുവെന്ന് ദൈവം പറഞ്ഞു. (സംഖ്യാപുസ്തകം 12:8) യഹോവ തന്നോട് എങ്ങനെ പെരുമാറിയെന്നും മററു മനുഷ്യരോടും മുഴു ജനതകളോടും എങ്ങനെ ഇടപെട്ടിരുന്നുവെന്നും മോശക്ക് അറിയാമായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്ത് മോശ ഉറപ്പുനൽകുന്ന ഈ വർണ്ണന നൽകി: “പാറ, അവന്റെ പ്രവർത്തനം പൂർണ്ണമാകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ വഴികളൊക്കെയും നീതിയാകുന്നു. വിശ്വസ്തതയുള്ള ഒരു ദൈവം, അവനിൽ അനീതിയില്ല; അവൻ നീതിയും നേരുമുള്ളവനാകുന്നു.”—ആവർത്തനം 32:4.
8. നീതിയുടെ സംഗതി സംബന്ധിച്ച് എലീഹു പറഞ്ഞത് നാം ശ്രദ്ധിക്കേണ്ടതെന്തുകൊണ്ട്?
8 തന്റെ ജ്ഞാനത്തിനും ഗ്രാഹ്യത്തിനും പ്രസിദ്ധനായിരുന്ന എലീഹു എന്ന മമനുഷ്യന്റെ സാക്ഷ്യവും പരിചിന്തിക്കുക. അവൻ ധൃതഗതിയിൽ നിഗമനങ്ങളിലെത്തുന്ന ഒരു മനുഷ്യനല്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മറിച്ച്, ഒരു സന്ദർഭത്തിൽ അവൻ രണ്ടു പക്ഷങ്ങളിൽനിന്നുമുള്ള നീണ്ട വാദങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഒരാഴ്ചയിലധികം ഇരുന്നു. ഇപ്പോൾ, എലീഹുവിന്റെ സ്വന്തം അനുഭവത്തിൽനിന്നും ദൈവവഴികളെക്കുറിച്ചുള്ള അവന്റെ പഠനത്തിൽനിന്നും അവൻ ദൈവത്തെ സംബന്ധിച്ച് എന്ത് നിഗമനത്തിലെത്തി? അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “അതുകൊണ്ട്, ഹൃദയമുള്ള മനുഷ്യരേ, എന്നെ ശ്രദ്ധിക്കുക. സത്യദൈവം അശേഷം ദുഷ്ടമായി പ്രവർത്തിക്കുകയില്ല, സർവശക്തൻ അന്യായമായി പ്രവർത്തിക്കുകയില്ല! എന്തുകൊണ്ടെന്നാൽ ഭൗമിക മനുഷ്യൻ പ്രവർത്തിക്കുന്ന വിധമനുസരിച്ച് അവൻ അവനു പ്രതിഫലം കൊടുക്കും, മമനുഷ്യന്റെ പാത അനുസരിച്ച് അവൻ അവന്റെമേൽ വരുത്തും. അതെ, ദൈവംതന്നെ ദുഷ്ടമായി പ്രവർത്തിക്കുന്നില്ല, സർവശക്തൻതന്നെ ന്യായം മറിച്ചുകളയുന്നില്ല.”—ഇയ്യോബ് 34:10-12.
9, 10. മനുഷ്യന്യായാധിപൻമാർക്കായുള്ള ദൈവത്തിന്റെ നിലവാരങ്ങൾ നമ്മെ പ്രോൽസാഹിപ്പിക്കേണ്ടതെന്തുകൊണ്ട്? (ലേവ്യപുസ്തകം 19:15)
9 നിങ്ങളോടുതന്നെ ചോദിക്കുക: ഒരു ന്യായാധിപനെ സംബന്ധിച്ച് നാം ആഗ്രഹിക്കുന്നതിനെ അതു പൂർണ്ണമായി വർണ്ണിക്കുന്നില്ലേ? പക്ഷപാതിത്വം കൂടാതെ, അഥവാ ന്യായംമറിച്ചുകളയാതെ, ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങൾ അഥവാ പ്രവൃത്തികളനുസരിച്ച് ഓരോ വ്യക്തിയോടും ഇടപെടണമെന്നുതന്നെ. നിങ്ങൾ ഒരു മനുഷ്യന്യായാധിപനെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നുവെങ്കിൽ അയാൾ അതുപോലെയാണെങ്കിൽ നിങ്ങൾക്ക് ആശ്വാസം തോന്നുകയില്ലേ?
10 ബൈബിൾ യഹോവയെ “സർവഭൂമിയുടെയും ന്യായാധിപൻ” എന്ന് പരാമർശിക്കുന്നു. (ഉല്പത്തി 18:25) എന്നിരുന്നാലും, അവൻ ചിലപ്പോൾ മാനുഷന്യായാധിപൻമാരെ ഉപയോഗിച്ചിട്ടുണ്ട്. തന്നെ പ്രതിനിധാനംചെയ്ത ഇസ്രായേല്യ ന്യായാധിപൻമാരിൽനിന്ന് അവൻ എന്തു പ്രതീക്ഷിച്ചിരുന്നു? ആവർത്തനം 16:19, 20-ൽ നാം ദൈവത്തിന്റെ നിർദ്ദേശങ്ങൾ വായിക്കുന്നു, അത് ന്യായാധിപൻമാർക്കായുള്ള ഒരു യോഗ്യതാവർണ്ണന യാണ്: “നിങ്ങൾ ന്യായം മറിച്ചുകളയരുത്. നിങ്ങൾ പക്ഷപാതിത്വം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യരുത്, എന്തുകൊണ്ടെന്നാൽ കൈക്കൂലി ജ്ഞാനികളുടെ കണ്ണുകളെ കുരുടാക്കുകയും നീതിമാൻമാരുടെ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുന്നു. നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് നീതി—നീതിതന്നെ നിങ്ങൾ പിന്തുടരണം.” നീതിയെ ചിത്രീകരിക്കുന്ന ആധുനിക പ്രതിമകൾ നിഷ്പക്ഷതയെ സൂചിപ്പിക്കാൻ അവളെ കണ്ണുകെട്ടിയിരിക്കുന്നതായി ആശയോടെ ചിത്രീകരിച്ചേക്കാം, എന്നാൽ ദൈവം അതിനതീതമായി പോയതായി നിങ്ങൾക്കു കാണാൻ കഴിയും. തന്നെ പ്രതിനിധാനംചെയ്ത് തന്റെ നിയമങ്ങൾ നടപ്പിലാക്കേണ്ടിയിരുന്ന മനുഷ്യന്യായാധിപൻമാരിൽനിന്ന് അവൻ യഥാർത്ഥത്തിൽ അത്തരം നിഷ്പക്ഷത ആവശ്യപ്പെട്ടു.
11. നീതിയെസംബന്ധിച്ച ഈ ബൈബിൾപരമായ വിവരം പുനരവലോകനംചെയ്യുന്നതിൽനിന്ന് നമുക്ക് എന്തു നിഗമനംചെയ്യാൻ കഴിയും?
11 നീതിയെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തിന്റെ ഈ വിശദാംശങ്ങൾക്ക് പൗലോസിന്റെ പ്രസംഗത്തിന്റെ പരകോടിയോടു നേരിട്ടു ബന്ധമുണ്ട്. പ്രവൃത്തികൾ 17:31-ൽ ദൈവം “നിവസിത ഭൂമിയെ നീതിയിൽ ന്യായം വിധിക്കാൻ ഉദ്ദേശിക്കുന്ന ഒരു ദിവസം നിശ്ചയിച്ചു”വെന്ന് പൗലോസ് പ്രഖ്യാപിച്ചു. അതാണ് കൃത്യമായി നമുക്കു ദൈവത്തിൽനിന്നു പ്രതീക്ഷിക്കാൻ കഴിയുന്നത്—ന്യായം, നീതി, നിഷ്പക്ഷത. എന്നാലും, 31-ാം വാക്യമനുസരിച്ച് ദൈവം സകല മനുഷ്യരെയും ന്യായംവിധിക്കാൻ “ഒരു മനുഷ്യനെ” ഉപയോഗിക്കാൻപോകുന്നതുകൊണ്ട് ചിലർ ഉൽക്കണ്ഠപ്പെട്ടേക്കാം. ആ “മനുഷ്യൻ” ആരാണ്? അവൻ ദൈവത്തിന്റെ സമുന്നത നീതിപ്രമാണത്തോട് പററിനിൽക്കുമെന്ന് നമുക്കെന്തുറപ്പുണ്ട്?
12, 13. ന്യായവിധിനടത്തുന്നതിന് ദൈവം ഉപയോഗിക്കുന്നത് ഏതു “മനുഷ്യനെ”യാണെന്ന് നാം എങ്ങനെ അറിയുന്നു?
12 പൗലോസ് “യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയായിരുന്നു”വെന്ന് പ്രവൃത്തികൾ 17:18 നമ്മോടു പറയുന്നു. അതുകൊണ്ട് ‘താൻ നിയമിച്ചിരിക്കുന്ന മനുഷ്യൻ മുഖാന്തരം നിവസിതഭൂമിയെ ദൈവം നീതിയിൽ ന്യായംവിധിക്കുമെന്നും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചുവെന്നും’ പൗലോസ് പറഞ്ഞപ്പോൾ അവൻ യേശുക്രിസ്തുവിനെയാണ് അർത്ഥമാക്കിയതെന്ന് അവന്റെ പ്രസംഗത്തിന്റെ ഒടുവിൽ സദസ്സ് അറിഞ്ഞു.
13 ദിവ്യ നിലവാരത്തിലെത്തിയ ഒരു ന്യായാധിപനെന്ന നിലയിൽ തന്നെ ദൈവം നിയമിച്ചിരുന്നതായി യേശു സമ്മതിച്ചുപറഞ്ഞു. യോഹന്നാൻ 5:22-ൽ അവൻ പറഞ്ഞു: “എന്തെന്നാൽ പിതാവ് ആരെയും ന്യായംവിധിക്കുന്നില്ല, എന്നാൽ അവൻ സകല ന്യായവിധിയും പുത്രനെ ഭരമേൽപ്പിച്ചിരിക്കുന്നു.” സ്മാരകക്കല്ലറകളിലുള്ളവരുടെ ഒരു വരാനിരിക്കുന്ന പുനരുത്ഥാനത്തെക്കുറിച്ച് പറഞ്ഞശേഷം യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “സ്വന്തമായി മുൻകൈ എടുത്ത് എനിക്ക് യാതൊന്നും ചെയ്യാൻ കഴികയില്ല; ഞാൻ കേൾക്കുന്നതുപോലെതന്നെ ഞാൻ ന്യായം വിധിക്കുന്നു; ഞാൻ നടത്തുന്ന ന്യായവിധി നീതിനിഷ്ഠമാണ്, എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ സ്വന്തം ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് അന്വേഷിക്കുന്നത്.”—യോഹന്നാൻ 5:30; സങ്കീർത്തനം 72:2-7.
14. യേശുവിൽനിന്ന് നമുക്ക് ഏതു തരം പെരുമാററം പ്രതീക്ഷിക്കാൻ കഴിയും?
14 ഈ ഉറപ്പ് നാം പ്രവൃത്തികൾ 17:31-ൽ വായിക്കുന്നതിനോട് എത്ര നന്നായി യോജിക്കുന്നു! അവിടെ പുത്രൻ “നിവസിത ഭൂമിയെ നീതിയിൽ ന്യായംവിധിക്കു”മെന്ന് പൗലോസും ഉറപ്പുനൽകി. അത് തീർച്ചയായും കർക്കശമോ അയവില്ലാത്തതോ നിർവികാരമൊ ആയ നീതിയെ സൂചിപ്പിക്കുന്നില്ല, ഉണ്ടോ? എന്നാൽ നീതിയുള്ള ന്യായവിധിയിൽ ന്യായത്തെ കരുണകൊണ്ടും വിവേകംകൊണ്ടും മയപ്പെടുത്തുന്നത് ഉൾപ്പെടുന്നു. നമുക്കിത് അവഗണിക്കാതിരിക്കാം: യേശു ഇപ്പോൾ സ്വർഗ്ഗത്തിലാണെങ്കിലും അവൻ ഒരു മനുഷ്യനായിരുന്നു. അതുകൊണ്ട് അവന് സഹാനുഭാവമുണ്ടായിരിക്കാൻ കഴിയും. യേശുവിനെ ഒരു മഹാപുരോഹിതനായി വർണ്ണിക്കുമ്പോൾ എബ്രായർ 4:15, 16-ൽ പൗലോസ് ഇതിനെ സ്പർശിക്കുന്നു.
15. യേശു മനുഷ്യന്യായാധിപൻമാരിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
15 നാം എബ്രായർ 4:15, 16 വായിക്കുമ്പോൾ ന്യായാധിപനെന്ന നിലയിൽ യേശു ഉള്ളതുകൊണ്ട് നമുക്ക് അനുഭവപ്പെടേണ്ട ആശ്വാസത്തെക്കുറിച്ചു ചിന്തിക്കുക: “എന്തെന്നാൽ നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരുവനല്ല, പിന്നെയോ പാപംകൂടാതെ എല്ലാ വിധത്തിലും നമ്മേപ്പോലെ പരിശോധിക്കപ്പെട്ട ഒരുവനാണ് മഹാപുരോഹിതനെന്ന [ന്യായാധിപനും] നിലയിൽ നമുക്കുള്ളത്. അതുകൊണ്ട് നമുക്ക് കരുണ ലഭിക്കേണ്ടതിനും തക്ക സമയത്ത് സഹായത്തിനായി അനർഹദയ കണ്ടെത്തേണ്ടതിനും നമുക്ക് സംസാരസ്വാതന്ത്ര്യത്തോടെ അനർഹദയയുടെ സിംഹാസനത്തെ സമീപിക്കാം.” ഇക്കാലത്തെ കോടതിമുറികളിൽ ന്യായാധിപന്റെ മുമ്പാകെ വരുത്തപ്പെടുന്നത് മിക്കപ്പോഴും പേടിപ്പെടുത്തുന്ന അനുഭവമാണ്. എന്നിരുന്നാലും, ന്യായാധിപനായ ക്രിസ്തുവിന്റെ കാര്യത്തിൽ ‘കരുണയും അനർഹദയയും തക്ക സമയത്തെ സഹായവും കണ്ടെത്തേണ്ടതിന് സംസാരസ്വാതന്ത്ര്യത്തോടെ സമീപിക്കാൻ കഴിയും.’ എന്നിരുന്നാലും, സമയം സംബന്ധിച്ച് ‘യേശു എപ്പോൾ മനുഷ്യവർഗ്ഗത്തെ നീതിയിൽ ന്യായം വിധിക്കും?’ എന്ന് ചോദിക്കാൻ നിങ്ങൾക്ക് നല്ല കാരണമുണ്ട്.
ന്യായം വിധിക്കുന്നതിന് “ഒരു ദിവസം”—എപ്പോൾ?
16, 17. സ്വർഗ്ഗത്തിൽനിന്നുള്ള ന്യായവിധി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
16 തന്റെ നിയമിത ന്യായാധിപൻ മുഖാന്തരം ലോകത്തെ ന്യായംവിധിക്കാൻ ദൈവം “ഒരു ദിവസം” നിശ്ചയിച്ചിരിക്കുന്നു എന്ന് പൗലോസ് പറഞ്ഞുവെന്നോർക്കുക. ആ ന്യായവിധി“ദിവസ”ത്തിന്റെ പ്രതീക്ഷയിൽ യേശു ഇന്ന്, അതെ, ഇപ്പോൾത്തന്നെ, മർമ്മപ്രധാനമായ ഒരു വിധിക്കൽപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. നമുക്കതു പറയാൻകഴിയുന്നതെന്തുകൊണ്ടാണ്? അവൻ അറസ്ററുചെയ്യപ്പെടുകയും അന്യായമായി മരണത്തിനു കുററം വിധിക്കപ്പെടുകയും ചെയ്തതിനു കുറച്ചുനാൾ മുമ്പ് യേശു നമ്മുടെ നാൾ ഉൾപ്പെടുന്ന ഒരു ചരിത്രപ്രധാനമായ പ്രവചനം നൽകുകയുണ്ടായി. മത്തായി 24-ാം അദ്ധ്യായത്തിലാണ് നാം അതു കാണുന്നത്. യേശു “വ്യവസ്ഥിതിയുടെ സമാപനം” എന്നു വിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ലോകസംഭവങ്ങളെ വർണ്ണിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഭൂവ്യാപകമായി സംഭവിച്ചിരിക്കുന്ന യുദ്ധങ്ങളും ഭക്ഷ്യദൗർലഭ്യങ്ങളും ഭൂകമ്പങ്ങളും മററ് അരിഷ്ടതകളും യേശുവിന്റെ പ്രവചനം ഇപ്പോൾ നിവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും താമസിയാതെ “അവസാനംവരു”മെന്നും തെളിയിക്കുന്നു. (മത്തായി 24:3-14) ഇത് യഹോവയുടെ സാക്ഷികൾ ദശാബ്ദങ്ങളായി ബൈബിളിൽനിന്ന് വിശദീകരിച്ചുകൊണ്ടാണിരിക്കുന്നത്. നാം ഈ അന്യായവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണെന്നറിയുന്നതെന്തുകൊണ്ടെന്ന് കൂടുതൽ തെളിവ് ആഗ്രഹിക്കുന്നുവെങ്കിൽ യഹോവയുടെ സാക്ഷികൾക്ക് അതു നൽകാൻ കഴിയും.
17 എന്നാൽ മത്തായി 25-ാം അദ്ധ്യായത്തിന്റെ ഒടുവിലത്തെ പകുതി പരിശോധിക്കുക. അത് അന്ത്യനാളുകളെ സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്റെ ഭാഗമാണ്. മത്തായി 25:31, 32 നമ്മുടെ കാലത്ത് ബാധകമാകുന്നു: “മനുഷ്യപുത്രൻ സകല ദൂതൻമാരുമായി തന്റെ മഹത്വത്തിൽ വന്നെത്തുമ്പോൾ അവൻ തന്റെ മഹത്വമുള്ള സിംഹാസനത്തിൽ [സ്വർഗ്ഗത്തിൽ] ഇരിക്കും. സകല ജനതകളും അവന്റെ മുമ്പിൽ കൂട്ടപ്പെടും, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ അവൻ ജനത്തെ തമ്മിൽ തമ്മിൽ വേർതിരിക്കും.” ഇപ്പോൾ യേശു തന്റെ വേർതിരിക്കലിന്റെ അഥവാ ന്യായവിധിവേലയുടെ പരിണതഫലത്തെക്കുറിച്ചു പറയുന്ന അവസാനഭാഗം കാണുക. 46-ാം വാക്യം പറയുന്നു: “ഇവർ [അവൻ കോലാടുകൾ എന്നു വിധിക്കുന്നവർ] നിത്യഛേദനത്തിലേക്കുപോകും, എന്നാൽ നീതിമാൻമാർ [ചെമ്മരിയാടുകൾ] നിത്യജീവനിലേക്കും.”
18. നമ്മുടെ കാലത്തെ ന്യായവിധി എന്തിലേക്കു നയിക്കും?
18 അതുകൊണ്ട് നാം ന്യായവിധിയുടെ ഒരു നിർണ്ണായക കാലത്താണ് ജീവിക്കുന്നത്. ഇന്ന് ‘ദൈവത്തെ അന്വേഷിക്കുകയും യഥാർത്ഥമായി കണ്ടെത്തുകയും ചെയ്യുന്നവർ’ ഇപ്പോഴത്തെ വ്യവസ്ഥിതിയെ അതിജീവിച്ച് തുടർന്നുവരുന്ന പുതിയലോകത്തിലേക്കു പ്രവേശിക്കാനുള്ള “ചെമ്മരിയാടുകളാ”യി ന്യായം വിധിക്കപ്പെടും. 2 പത്രോസ് 3:13 സാക്ഷാത്ക്കരിക്കപ്പെടും: “നാം അവന്റെ വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയുമുണ്ട്, ഇവയിൽ നീതി വസിക്കേണ്ടതാണ്.” പ്രവൃത്തികൾ 17:31-ലെ പൗലോസിന്റെ വാക്കുകൾ പൂർണ്ണമായി ബാധകമാകുന്ന “ദിവസം,” ഭൂമി നീതിയിൽ ന്യായംവിധിക്കപ്പെടുന്നതിനുള്ള സമയം, അതായിരിക്കും.
19, 20. വരാനിരിക്കുന്ന ന്യായവിധിദിവസത്താൽ ആർ ബാധിക്കപ്പെടും?
19 ആ ന്യായവിധിദിവസത്തിൽ അതിജീവിക്കുന്ന “ചെമ്മരിയാടുകളെ”ക്കാൾ കൂടുതൽ പേർ ഉൾപ്പെടും. ചെമ്മരിയാടുകൾ പുതിയ ലോകത്തിലേക്ക് അതിജീവിക്കാൻ യോഗ്യരെന്ന് ന്യായം വിധിക്കപ്പെട്ടുകഴിഞ്ഞിരിക്കും. തന്റെ പിതാവ് ന്യായവിധി തന്നെ ഭരമേൽപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞശേഷം വരാനിരിക്കുന്ന ഒരു പുനരുത്ഥാനത്തെക്കുറിച്ച് യേശു പറഞ്ഞുവെന്നോർക്കുക. കൂടാതെ, പ്രവൃത്തികൾ 10:42-ൽ “ജീവനുള്ളവരുടെയും മരിച്ചവരുടെയും ന്യായാധിപനായിരിക്കാൻ ദൈവത്താൽ കല്പിക്കപ്പെട്ടവൻ” യേശുക്രിസ്തു ആണെന്ന് അപ്പോസ്തലനായ പത്രോസ് പറയുകയുണ്ടായി.
20 തൽഫലമായി, ദൈവം യേശുക്രിസ്തു മുഖേന “നിവസിതഭൂമിയെ നീതിയിൽ ന്യായംവിധിക്കുന്ന” പ്രവൃത്തികൾ 17:31ൽ പറയപ്പെട്ടിരിക്കുന്ന ‘നിശ്ചിതദിവസം’ മരിച്ചവർ ഉയർപ്പിക്കപ്പെടുന്നതിനുള്ള ഒരു സമയമായിരിക്കും. മരണത്തെ കീഴടക്കാൻ ദിവ്യശക്തി പ്രയോഗിക്കപ്പെട്ടുകാണുന്നത് എന്തോരു സന്തോഷമായിരിക്കും. മരണം മിക്കപ്പോഴും ഏററവും വലിയ അനീതിയായിട്ടാണിരുന്നിട്ടുള്ളത്. യേശുവിന്റെ കാര്യത്തിലെന്നപോലെതന്നെ ചിലർ ഗവൺമെൻറുകളാലോ ആക്രമിക്കുന്ന സൈന്യങ്ങളാലോ അന്യായമായി വധിക്കപ്പെട്ടിട്ടുണ്ട്. മററു ചിലർക്ക് കൊടുങ്കാററുകൾ, ഭൂകമ്പങ്ങൾ, യാദൃച്ഛിക തീപിടുത്തങ്ങൾ എന്നിങ്ങനെ മുൻകൂട്ടിക്കാണാത്ത സംഭവങ്ങളാലും അത്തരം അനർത്ഥങ്ങളാലും തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.—സഭാപ്രസംഗി 9:11.
കഴിഞ്ഞകാല അനീതികൾ പരിഹരിക്കപ്പെടുന്നു
21. പുതിയലോകത്തിൽ കഴിഞ്ഞകാല അനീതികൾ എങ്ങനെ തരണംചെയ്യപ്പെടും?
21 നമ്മുടെ പ്രിയപ്പെട്ടവർ ജീവനിലേക്കു തിരികെ വരുത്തപ്പെടുന്നതു കാണാൻ കഴിയുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക! അനേകർക്ക് അങ്ങനെ ‘ദൈവത്തെ അന്വേഷിക്കാനും യഥാർത്ഥമായി അവനെ കണ്ടെത്താനും’ ആദ്യ അവസരം ലഭിക്കും. അപ്പോൾ അവരുടെ മുമ്പാകെ “ചെമ്മരിയാടുകളുടെ” പ്രതിഫലമായിരിക്കാൻ കഴിയുന്ന “നിത്യജീവൻ” ഉണ്ടായിരിക്കും. പുനരുത്ഥാനത്തിലേക്കു വരുന്ന ചിലരും ഈ അന്യായ വ്യവസ്ഥിതിയെ അതിജീവിക്കുന്നവരും ജൻമവൈരൂപ്യങ്ങൾ അന്ധത, ബധിരത, സംസാരവൈകല്യങ്ങൾ എന്നിങ്ങനെ പ്രത്യക്ഷത്തിലുള്ള അനീതികൾക്ക് ഇരകളായിരുന്നിട്ടുണ്ട്. അങ്ങനെയുള്ളവ ‘നീതി വസിക്കേണ്ട പുതിയ ഭൂമിയു’മായി യോജിക്കുമോ? വരാനിരിക്കുന്ന ന്യായവിധിയുടെ കാലത്ത് മഹത്തായ ഒരു അക്ഷരീയ നിവൃത്തി ഉണ്ടാകുന്ന വിവിധ പ്രവചനങ്ങൾ സമർപ്പിക്കാൻ യഹോവ യെശയ്യാവിനെ ഉപയോഗിച്ചു. നമുക്കെന്തു പ്രതീക്ഷിക്കാമെന്നു കാണുക: “ആ കാലത്ത് കുരുടൻമാരുടെ കണ്ണുകൾ തുറക്കപ്പെടും, ബധിരരുടെ ചെവികൾ തന്നെ തുറക്കപ്പെടും. ആ കാലത്ത് മുടന്തൻ ഒരു മാനിനെപ്പോലെതന്നെ കയറും, ഊമന്റെ നാവ് സന്തോഷിച്ചാർക്കും.”—യെശയ്യാവ് 35:5, 6.
22. യെശയ്യാവ് 65-ാം അദ്ധ്യായം നീതിസംബന്ധിച്ച് വളരെ പ്രോൽസാഹകമായിരിക്കുന്നതെന്തുകൊണ്ട്?
22 ഇപ്പോൾ വളരെയധികം ദുരിതത്തിനിടയാക്കുന്ന മററ് അനീതികളെ സംബന്ധിച്ചെന്ത്? യെശയ്യാവ് 65-ാം അദ്ധ്യായത്തിൽ ഉല്ലാസപ്രദമാംവണ്ണം പ്രോൽസാഹകമായ ചില ഉത്തരങ്ങൾ അടങ്ങിയിരിക്കുന്നു. യെശയ്യാവ് 65:17ന്റെയും 2 പത്രോസ് 3:13ന്റെയും ഒരു താരതമ്യം ഈ അദ്ധ്യായവും “പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയു”മാകുന്ന ഒരു നീതിയുള്ള വ്യവസ്ഥിതിയുടെ കാലത്തിലേക്കു വിരൽ ചൂണ്ടുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാലും, ചുരുക്കംചില ദുഷ്ടൻമാർ സമാധാനത്തെയും നീതിയെയും പാഴാക്കുന്നതിൽനിന്ന് എന്തു തടയും? യെശയ്യാവ് 65-ൽ കുറേകൂടെ താഴെയായി ഒരു പ്രശ്നമെന്നു തോന്നാവുന്നതിനു സമാധാനം നൽകുന്നു.
23. ചില വ്യക്തികളേസംബന്ധിച്ച് ന്യായവിധിദിവസത്തിന് ഏതു ഫലമുണ്ടാകാൻ സാധ്യതയുണ്ട്?
23 തുടരുന്ന ഈ ന്യായവിധിദിവസത്തിൽ വ്യക്തികൾ നിത്യജീവനു യോഗ്യരാകുമോയെന്നു വിധിക്കുന്ന വേല യേശു തുടരും. ചിലർ യോഗ്യരാകുകയില്ല. ദൈവത്തെ അന്വേഷിക്കുന്നതിന് വേണ്ടത്ര സമയം, “നൂറുവർഷം” പോലും കൊടുക്കപ്പെട്ടശേഷം ചിലർ നീതി പ്രവർത്തിക്കാൻ വിസമ്മതിക്കുന്നതായി പ്രകടമാക്കും. ന്യായമായിത്തന്നെ അവർക്ക് ആ പുതിയലോകത്തിലെ ജീവൻ നഷ്ടമാകും. യെശയ്യാവ് 65:20-ൽ നിന്ന് നമുക്കു കാണാൻ കഴിയുന്നതുപോലെ, “പാപിയെ സംബന്ധിച്ചിടത്തോളം, ഒരു നൂറു വയസ്സുണ്ടെങ്കിലും അവൻ ശപിക്കപ്പെടും.” ജീവനു അയോഗ്യരെന്നു വിധിക്കപ്പെടുന്ന അങ്ങനെയുള്ളവർ ന്യൂനപക്ഷമായിരിക്കും. നമ്മളും മററുള്ള മിക്കവരും നീതി പ്രവർത്തിക്കാൻ പഠിക്കുന്നതിന് സന്തോഷമുള്ളവരായിരിക്കുമെന്ന് പ്രതീക്ഷിക്കാൻ നമുക്കു സകല കാരണവുമുണ്ട്.—യെശയ്യാവ് 26:9.
24. സാമ്പത്തിക അനീതിസംബന്ധിച്ച് സാഹചര്യം എന്തായിരിക്കും?
24 തുടരുന്ന അനീതികൾ, സാമ്പത്തികാനീതികൾപോലും, അവിടെ ഉണ്ടായിരിക്കുകയില്ലെന്നാണോ അതിന്റെ അർത്ഥം? അതുതന്നെ! യെശയ്യാവ് 65:21-23 ആ വസ്തുതയിലേക്കു വിരൽചൂണ്ടുന്നു: “അവർ തീർച്ചയായും വീടുകളെ പണിതു പാർക്കും; അവർ തീർച്ചയായും മുന്തിരിത്തോട്ടങ്ങൾ നടുകയും അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും. അവർ പണിയുകയും മററാരെങ്കിലും പാർക്കുകയുമില്ല; അവർ നടുകയും മററാരെങ്കിലും തിന്നുകയുമില്ല. എന്തെന്നാൽ ഒരു വൃക്ഷത്തിന്റെ ദിവസങ്ങൾ പോലെയായിരിക്കും എന്റെ ജനത്തിന്റെ ദിവസങ്ങൾ; എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ തങ്ങളുടെ സ്വന്തം കൈകളുടെ പ്രവൃത്തി പൂർണ്ണമായി ഉപയോഗിക്കും. അവർ വ്യർത്ഥമായി അദ്ധ്വാനിക്കുകയില്ല, അവർ ശല്യത്തിനായി പ്രസവിക്കുകയുമില്ല; എന്തുകൊണ്ടെന്നാൽ അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരും അവരോടുകൂടെയുള്ള അവരുടെ സന്തതികളും ചേർന്നുണ്ടാകുന്ന സന്താനങ്ങളാകുന്നു.” ഇന്നത്തേതിൽനിന്ന് എന്തോരു മാററം! എന്തോരു അനുഗ്രഹം!
25. ദൈവത്തിന്റെ നിയമിതന്യായാധിപനാലുള്ള നീതി സംബന്ധിച്ച് നിങ്ങളുടെ പ്രത്യാശയും തീരുമാനവും എന്താണ്?
25 അതുകൊണ്ട് നിലനിൽക്കുന്ന നീതിക്കുവേണ്ടി കാംക്ഷിക്കുന്ന എല്ലാവർക്കും ധൈര്യപ്പെടാൻ കഴിയും. അതു പെട്ടെന്നുതന്നെ വരുമെന്നു തീർച്ചയാണ്. ഇപ്പോൾ, ഈ ന്യായവിധികാലത്ത് ശേഷിച്ചിരിക്കുന്ന ചുരുങ്ങിയ കാലം നിത്യജീവന്റെ പ്രയോജനങ്ങളോടെ ദൈവത്തെ അന്വേഷിക്കുന്നതിലും അവനെ യഥാർഥത്തിൽ കണ്ടെത്തുന്നതിലും യഹോവയുടെ സാക്ഷികളോടു ചേരാനുള്ള സമയമാണ്. (w89 2/15)
പുനരവലോകന ചോദ്യങ്ങൾ
◻ ദൈവത്തിന്റെ നീതിയുടെ നിലവാരം സംബന്ധിച്ച് നമുക്കെന്ത് തെളിവുണ്ട്?
◻ വരാനിരിക്കുന്ന ന്യായവിധിദിവസത്തിൽ യേശു എങ്ങനെ ഉൾപ്പെട്ടിരിക്കും?
◻ നമ്മുടേത് ദിവ്യ ന്യായവിധിസംബന്ധിച്ച് ഒരു നിർണ്ണായക സമയമായിരിക്കുന്നതെന്തുകൊണ്ട്?
◻ പുതിയലോകത്തിൽ കഴിഞ്ഞകാല അനീതികൾ എങ്ങനെ തിരുത്തപ്പെടും?
[15-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Pictorial Archive (Near Eastern History) Est.