അധ്യായം ഒമ്പത്
പ്രതികൂല സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിക്കുക
1. യെശയ്യാവു 7-ഉം 8-ഉം അധ്യായങ്ങൾ പരിശോധിക്കുകവഴി ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ പ്രയോജനം നേടാനാകും?
യെശയ്യാവു 7-ഉം 8-ഉം അധ്യായങ്ങൾ, ഒരേ സാഹചര്യത്തെ അഭിമുഖീകരിച്ച രണ്ടു വ്യക്തികളുടെ വിപരീത പ്രതികരണങ്ങൾ എടുത്തുകാട്ടുന്നു. യെശയ്യാവും ആഹാസും യഹോവയുടെ സമർപ്പിത ജനതയിലെ അംഗങ്ങൾ ആയിരുന്നു; ഇരുവർക്കും ദൈവദത്ത നിയമനങ്ങളും ഉണ്ടായിരുന്നു—ഒരുവൻ ഒരു പ്രവാചകൻ, മറ്റവൻ യഹൂദയുടെ രാജാവ്. രണ്ടു പേർക്കും ഒരേ അപകടഭീഷണി നേരിട്ടു—ശക്തമായ ശത്രുസൈന്യങ്ങൾ യഹൂദയുടെമേൽ നടത്തിയ ആക്രമണം. യെശയ്യാവ് യഹോവയിൽ ആശ്രയിച്ചുകൊണ്ട് ശത്രുക്കളുടെ ഭീഷണിയെ നേരിട്ടു. ആഹാസ് ആകട്ടെ ശത്രുക്കൾ ആക്രമിച്ചപ്പോൾ ഭയന്നുപോയി. ഇവർ ഇങ്ങനെ വിപരീതമായി പ്രതികരിക്കാൻ കാരണമെന്താണ്? യെശയ്യാവു 7-ഉം 8-ഉം അധ്യായങ്ങൾ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. യെശയ്യാവിനെയും ആഹാസിനെയും പോലെ ഇന്നു ക്രിസ്ത്യാനികളും വിദ്വേഷം നിറഞ്ഞ ഒരു ചുറ്റുപാടിൽ ജീവിക്കുന്നതിനാൽ, ഈ രണ്ട് അധ്യായങ്ങളിൽ തങ്ങൾക്കായി എന്തെല്ലാം പാഠങ്ങൾ അടങ്ങിയിരിക്കുന്നു എന്നറിയാൻ അവ പരിശോധിക്കുന്നതു നന്നായിരിക്കും.
ഒരു തീരുമാനത്തെ അഭിമുഖീകരിക്കുന്നു
2, 3. തന്റെ പ്രാരംഭ വാക്കുകളിൽ യെശയ്യാവ് എന്തു സംക്ഷിപ്ത വിവരണം നൽകുന്നു?
2 ചിത്രരചന തുടങ്ങുന്ന ഒരു കലാകാരൻ ചിത്രത്തിന്റെ ആകമാന രൂപം നൽകുന്ന ഏതാനും വരകൾ കോറിക്കൊണ്ടാണ് തന്റെ വേല ആരംഭിക്കുന്നത്. അതുപോലെ, താൻ തുടർന്നു വിവരിക്കുന്ന മുഴു സംഭവങ്ങളുടെയും തുടക്കവും ഒടുക്കവും വ്യക്തമാക്കുന്ന ഏതാനും ചില സംക്ഷിപ്ത പ്രഖ്യാപനങ്ങളോടെയാണ് യെശയ്യാവ് തന്റെ വിവരണം തുടങ്ങുന്നത്: “ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധംചെയ്വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും.”—യെശയ്യാവു 7:1.
3 ഇപ്പോൾ കാലഘട്ടം പൊ.യു.മു. എട്ടാം നൂറ്റാണ്ടാണ്. യോഥാമിന്റെ കാലശേഷം യഹൂദയിൽ രാജാവായി ഭരണം നടത്തുന്നത് അവന്റെ പുത്രനായ ആഹാസാണ്. അരാം (സിറിയ) രാജാവായ രെസീന്റെയും വടക്കേ രാജ്യമായ ഇസ്രായേലിന്റെ രാജാവായ പേക്കഹിന്റെയും സൈന്യങ്ങൾ യഹൂദയുടെമേൽ വളരെ ശക്തമായ ആക്രമണം നടത്തുന്നു. പിന്നീട് അവർ യെരൂശലേമിനെ പോലും ഉപരോധിക്കാൻ ശ്രമിക്കുമെങ്കിലും അതിൽ വിജയിക്കുകയില്ല. (2 രാജാക്കന്മാർ 16:5, 6; 2 ദിനവൃത്താന്തം 28:5-8) എന്തുകൊണ്ട്? അതു നാം പിന്നീടു പഠിക്കുന്നതായിരിക്കും.
4. ആഹാസും അവന്റെ ജനവും ഭയന്നുവിറയ്ക്കുന്നത് എന്തുകൊണ്ട്?
4 യുദ്ധത്തിന്റെ തുടക്കത്തിൽ, “അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാററുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശയ്യാവു 7:2) അതേ, അരാമ്യരും ഇസ്രായേല്യരും സഖ്യം ചേർന്നിരിക്കുന്നു എന്നും ഇപ്പോൾ അവരുടെ സൈന്യങ്ങൾ എഫ്രയീമിന്റെ (ഇസ്രായേലിന്റെ) മണ്ണിൽ തമ്പടിച്ചിരിക്കുകയാണെന്നും അറിയുമ്പോൾ ആഹാസും അവന്റെ ജനവും ഭയന്നുവിറയ്ക്കുന്നു. വെറും രണ്ടോ മൂന്നോ ദിവസത്തെ വഴിദൂരമേ ഉള്ളു ആ സൈന്യങ്ങൾക്കു യെരൂശലേമിൽ എത്താൻ, അത്രയ്ക്ക് അടുത്താണ് അവർ!
5. ഏതു വിധത്തിലാണു ദൈവജനം യെശയ്യാവിനോടു സമാനരായിരിക്കുന്നത്?
5 യഹോവ യെശയ്യാവിനോട് ഇപ്രകാരം പറയുന്നു: ‘നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അററത്തു ആഹാസിനെ എതിരേല്പാൻ ചെല്ലുക.’ (യെശയ്യാവു 7:3) ഒന്നു ചിന്തിച്ചുനോക്കൂ! രാജാവ് മാർഗനിർദേശത്തിനായി യഹോവയുടെ പ്രവാചകനെ അന്വേഷിച്ചുചെല്ലേണ്ട സമയത്ത് പ്രവാചകൻ രാജാവിനെ തേടി ചെല്ലേണ്ടിവന്നിരിക്കുന്നു! അപ്പോൾ പോലും യെശയ്യാവ് സന്തോഷപൂർവം യഹോവയെ അനുസരിക്കുന്നു. സമാനമായി, ഇന്ന് ലോകത്തിലെ സമ്മർദങ്ങൾ നിമിത്തം ഭയപ്പെട്ടു കഴിയുന്ന ആളുകളെ കണ്ടെത്താൻ ദൈവജനം സ്വമനസ്സാലെ അവരുടെ അടുക്കലേക്കു ചെല്ലുന്നു. (മത്തായി 24:6, 14) സുവാർത്ത പ്രസംഗിക്കുന്ന ഇവരുടെ ശ്രമങ്ങളോടു പ്രതികരിച്ചുകൊണ്ട് ലക്ഷക്കണക്കിനു പേർ യഹോവയുടെ സംരക്ഷണാത്മക കരം പിടിച്ചിരിക്കുന്നത് എത്ര സംതൃപ്തികരമാണ്!
6. (എ) ആശ്വാസപ്രദമായ എന്തു സന്ദേശമാണ് പ്രവാചകൻ ആഹാസ് രാജാവിനെ അറിയിക്കുന്നത്? (ബി) ഇന്നത്തെ സ്ഥിതിവിശേഷം എന്ത്?
6 ആഹാസിനെ യെരൂശലേം മതിലുകൾക്കു വെളിയിൽ വെച്ച് യെശയ്യാവ് കാണുന്നു. ഉപരോധം മുന്നിൽ കണ്ടുകൊണ്ട് രാജാവ് നഗരത്തിലെ ജലവിതരണ സംവിധാനം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. യെശയ്യാവ് യഹോവയുടെ സന്ദേശം അവനെ അറിയിക്കുന്നു: “സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.” (യെശയ്യാവു 7:4) മുമ്പ് യഹൂദയെ ആക്രമിച്ചപ്പോൾ ശത്രുക്കളുടെ കോപം അഗ്നിജ്വാല പോലെ വളരെ രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ അവർ കേവലം ‘പുകയുന്ന രണ്ടു മുറിക്കൊള്ളി’ പോലെയാണ്. അരാമ്യ രാജാവായ രെസീനെയോ രെമല്യാവിന്റെ മകനായ ഇസ്രായേല്യ രാജാവായ പേക്കഹിനെയോ ആഹാസ് ഭയപ്പെടേണ്ടതില്ല. ഇന്നത്തെ സ്ഥിതിവിശേഷവും സമാനമാണ്. നൂറ്റാണ്ടുകളായി, ക്രൈസ്തവലോക നേതാക്കന്മാർ സത്യക്രിസ്ത്യാനികളെ ഉഗ്രമായി പീഡിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ക്രൈസ്തവലോകം കത്തിത്തീരാറായ ഒരു വിറകുകൊള്ളി പോലെയാണ്. അവളുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു.
7. യെശയ്യാവിന്റെയും പുത്രന്റെയും പേരുകൾ പ്രത്യാശയ്ക്കു വക നൽകുന്നത് എന്തുകൊണ്ട്?
7 ആഹാസിന്റെ നാളിൽ, യെശയ്യാവിന്റെ സന്ദേശം മാത്രമല്ല അവന്റെയും അവന്റെ പുത്രന്റെയും പേരുകളും യഹോവയിൽ ആശ്രയിക്കുന്നവർക്കു പ്രത്യാശയ്ക്കു വക നൽകുന്നു. യഹൂദ തീർച്ചയായും അപകടാവസ്ഥയിൽ ആണ്. എന്നാൽ, “യഹോവയുടെ രക്ഷ” എന്ന് അർഥമുള്ള യെശയ്യാവ് എന്ന പേര് യഹോവ വിടുതൽ കൈവരുത്തും എന്നതിന്റെ പ്രതീകമാണ്. യഹോവ യെശയ്യാവിനോട് അവന്റെ മകനായ ശെയാർ-യാശൂബിനെ—ആ പേരിന്റെ അർഥം “കേവലം ഒരു ശേഷിപ്പു മടങ്ങിവരും” എന്നാണ്—കൂടെ കൊണ്ടുപോകാൻ ആവശ്യപ്പെടുന്നു. ഒടുവിൽ യഹൂദാരാജ്യം വീഴുമ്പോൾ പോലും, ഒരു ശേഷിപ്പിനെ ദൈവം കരുണാപൂർവം അവരുടെ ദേശത്തേക്കു കൊണ്ടുവരും എന്നതിന്റെ സൂചനയാണ് അത്.
രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തെക്കാൾ കവിഞ്ഞത്
8. യെരൂശലേമിന്മേലുള്ള ആക്രമണം രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തെക്കാൾ കവിഞ്ഞ ഒന്നായിരിക്കുന്നത് എന്തുകൊണ്ട്?
8 യെശയ്യാവ് മുഖാന്തരം യഹോവ, യഹൂദയുടെ ശത്രുക്കളുടെ യുദ്ധതന്ത്രം വെളിപ്പെടുത്തുന്നു. അവർ ആസൂത്രണം ചെയ്യുന്നത് ഇതാണ്: “നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം.” (യെശയ്യാവു 7:5, 6) യഹൂദയെ തോൽപ്പിച്ച് ദാവീദിന്റെ മകനായ ആഹാസിനെ നിഷ്കാസനം ചെയ്ത്, തങ്ങൾക്കു ബോധിച്ച വ്യക്തിയെ, അവിടെ വാഴിക്കാൻ അരാമ്യ-ഇസ്രായേല്യ സഖ്യം പദ്ധതിയിടുകയാണ്. വ്യക്തമായും യെരൂശലേമിന്മേലുള്ള ആക്രമണം രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തെക്കാൾ കവിഞ്ഞ ഒന്നാണ്. അത് സാത്താനും യഹോവയും തമ്മിലുള്ള ഒരു പോരാട്ടമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ദാവീദ് രാജാവുമായി യഹോവ ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും തന്റെ ജനത്തെ ഭരിക്കുന്നത് ദാവീദിന്റെ പുത്രന്മാർ ആയിരിക്കുമെന്ന് അവന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. (2 ശമൂവേൽ 7:11, 16) യെരൂശലേമിലെ സിംഹാസനത്തിൽ മറ്റേതെങ്കിലും രാജവംശത്തിൽ പെട്ട ഒരാളെ വാഴിക്കാൻ സാത്താനു കഴിഞ്ഞാൽ അത് അവന് ഒരു വിജയം ആകുമായിരുന്നു! ദാവീദിന്റെ വംശാവലിയിൽനിന്ന് ഒരു സ്ഥിരം അവകാശി, “സമാധാന പ്രഭു” വരണമെന്ന യഹോവയുടെ ഉദ്ദേശ്യത്തെ വിഫലമാക്കാൻ പോലും അതുവഴി അവനു കഴിയുമായിരുന്നു.—യെശയ്യാവു 9:6, 7.
യഹോവയുടെ സ്നേഹപൂർവകമായ ഉറപ്പ്
9. ഏത് ഉറപ്പ് ആഹാസിനും ഇന്നത്തെ ക്രിസ്ത്യാനികൾക്കും ധൈര്യം പകരേണ്ടതാണ്?
9 അരാമിന്റെയും ഇസ്രായേലിന്റെയും തന്ത്രം ഫലിക്കുമോ? ഇല്ല. യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അതു നടക്കയില്ല, സാധിക്കയുമില്ല.” (യെശയ്യാവു 7:7, 8എ) യെരൂശലേമിന്മേലുള്ള ഉപരോധം പരാജയപ്പെടുമെന്നു മാത്രമല്ല “അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും” എന്നും യെശയ്യാവു മുഖാന്തരം യഹോവ പറയുന്നു. (യെശയ്യാവു 7:8ബി) അതേ, 65 വർഷത്തിനകം പത്തു-ഗോത്ര രാജ്യമായ ഇസ്രായേൽ ഒരു ജനതയെന്ന നിലയിൽ നാമാവശേഷമാകും.a ഒരു നിശ്ചിത സമയപട്ടിക സഹിതമുള്ള ഈ ഉറപ്പ് ആഹാസിനു ധൈര്യം പകരേണ്ടതാണ്. സമാനമായ വിധത്തിൽ, സാത്താന്റെ ലോകത്തിന് അവശേഷിച്ചിരിക്കുന്ന സമയം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന അറിവ് ദൈവജനത്തിനു കരുത്തേകുന്നു.
10. (എ) ഇന്ന് സത്യ ക്രിസ്ത്യാനികൾക്ക് എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും? (ബി) യഹോവ ആഹാസിനോട് എന്തു പറയുന്നു?
10 ആഹാസിന് അതു വിശ്വസിക്കാൻ പ്രയാസമുള്ളതായി കാണപ്പെടുന്നു. തന്മൂലം, യെശയ്യാവ് മുഖാന്തരം യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.” യഹോവ ക്ഷമയോടെ ‘പിന്നെയും ആഹാസിനോടു പറഞ്ഞു.’ (യെശയ്യാവു 7:9, 10) എത്ര നല്ല മാതൃക! ഇന്നു പലരും രാജ്യസന്ദേശത്തോടു സത്വരം പ്രതികരിക്കുന്നില്ല. എങ്കിലും, നാം വീണ്ടും വീണ്ടും മടങ്ങിച്ചെല്ലവെ യഹോവയെ അനുകരിച്ചുകൊണ്ട് അവരോടു ‘പിന്നെയും പറയേണ്ടതാണ്.’ യഹോവ തുടർന്ന് ആഹാസിനോടു പറയുന്നു: “നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.” (യെശയ്യാവു 7:11) ആഹാസ് ഒരു അടയാളം ചോദിച്ചാൽ, താൻ ദാവീദ്ഗൃഹത്തെ സംരക്ഷിക്കും എന്നതിന്റെ ഉറപ്പായി യഹോവ അതു നൽകുകതന്നെ ചെയ്യും.
11. ‘നിന്റെ ദൈവം’ എന്ന് യഹോവ പറയുമ്പോൾ അതിൽ എന്ത് ഉറപ്പു കാണാം?
11 ‘നിന്റെ ദൈവത്തോട് ഒരു അടയാളം ചോദിച്ചുകൊള്ളുക’ എന്ന് യഹോവ പറയുന്നതായി ശ്രദ്ധിക്കുക. യഹോവ തീർച്ചയായും ദയാലുവാണ്. ഇതിനോടകംതന്നെ ആഹാസ് വ്യാജദൈവങ്ങളെ ആരാധിക്കുകയും അധമമായ പുറജാതീയ ആചാരങ്ങൾ പിൻപറ്റുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. (2 രാജാക്കന്മാർ 16:3, 4) മാത്രമല്ല, ആഹാസ് ഭയപരവശനുമാണ്. എന്നിട്ടും യഹോവ തന്നെത്തന്നെ ആഹാസിന്റെ ദൈവം എന്നു വിളിക്കുന്നു. യഹോവ മനുഷ്യരെ നിർദയം തള്ളിക്കളയുന്നില്ല എന്ന് ഇതു നമുക്ക് ഉറപ്പു നൽകുന്നു. തെറ്റു ചെയ്യുന്നവരെയും വിശ്വാസം ദുർബലമായിത്തീർന്നവരെയും സഹായിക്കാൻ അവൻ മനസ്സൊരുക്കമുള്ളവനാണ്. ദൈവസ്നേഹം സംബന്ധിച്ച ഈ ഉറപ്പ് അവന്റെ സഹായം സ്വീകരിക്കാൻ ആഹാസിനെ പ്രേരിപ്പിക്കുമോ?
സംശയത്തിൽനിന്ന് അനുസരണക്കേടിലേക്ക്
12. (എ) ഗർവിഷ്ഠമായ ഏതു മനോഭാവം ആഹാസ് പ്രകടമാക്കുന്നു? (ബി) യഹോവയിലേക്കു തിരിയുന്നതിനു പകരം, സഹായത്തിനായി ആഹാസ് ആരെയാണ് ആശ്രയിക്കുന്നത്?
12 ആഹാസ് ധിക്കാരപൂർവം ഇങ്ങനെ മറുപടി പറയുന്നു: “ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.” (യെശയ്യാവു 7:12) “നിങ്ങൾ . . . നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു” എന്ന ന്യായപ്രമാണത്തിലെ കൽപ്പന ആഹാസ് ഇവിടെ ബാധകമാക്കുകയല്ല. (ആവർത്തനപുസ്തകം 6:16) നൂറ്റാണ്ടുകൾക്കു ശേഷം, സാത്താൻ പ്രലോഭിപ്പിക്കുമ്പോൾ യേശു ആ കൽപ്പന ഉദ്ധരിക്കുന്നതായി നാം കാണുന്നു. (മത്തായി 4:7) എന്നാൽ, ആഹാസിന്റെ കാര്യത്തിൽ സത്യാരാധനയിലേക്കു മടങ്ങിവരാൻ അവനെ ക്ഷണിക്കുകയും ഒരു അടയാളം പ്രവർത്തിച്ചുകൊണ്ട് അവന്റെ വിശ്വാസത്തെ ബലപ്പെടുത്താമെന്നു പറയുകയുമാണു യഹോവ ചെയ്യുന്നത്. എങ്കിലും ആഹാസ് സംരക്ഷണത്തിനായി യഹോവയിലേക്കല്ല തിരിയുന്നത്. ഒരുപക്ഷേ, ഈ ഘട്ടത്തിലായിരിക്കാം വടക്കുള്ള അരാമിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആഹാസ് അസീറിയയ്ക്ക് വലിയൊരു തുക കൊടുക്കുന്നത്. (2 രാജാക്കന്മാർ 16:7, 8) എങ്കിലും ആ സമയത്ത് അരാമ്യ-ഇസ്രായേല്യ സൈന്യം യെരൂശലേമിനെ വളഞ്ഞ് അതിനെ ഉപരോധിക്കുന്നു.
13. പതിമൂന്നാം വാക്യത്തിൽ നാം എന്തു മാറ്റം കാണുന്നു, അത് എന്ത് അർഥമാക്കുന്നു?
13 രാജാവിന്റെ വിശ്വാസക്കുറവ് മനസ്സിൽ പിടിച്ചുകൊണ്ട് യെശയ്യാവ് ഇങ്ങനെ പറയുന്നു: “ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?” (യെശയ്യാവു 7:13) അതേ, ആഹാസ് നിരന്തരം ധിക്കാരത്തോടെ പെരുമാറുന്നത് യഹോവയെ മുഷിപ്പിക്കുന്നു. കൂടാതെ, ഇവിടെ പ്രവാചകൻ ‘നിന്റെ ദൈവം’ എന്നല്ല ‘എന്റെ ദൈവം’ എന്നാണു പറയുന്നത് എന്നതും ശ്രദ്ധിക്കുക. എത്ര വിപത്കരമായ ഒരു മാറ്റമാണ് അത്! യഹോവയെ തള്ളിക്കളഞ്ഞ് അസീറിയയിലേക്കു തിരിയുമ്പോൾ ആഹാസ് ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഒരു സുവർണാവസരമാണു കളഞ്ഞുകുളിക്കുന്നത്. താത്കാലിക നേട്ടങ്ങൾക്കായി തിരുവെഴുത്തുപരമായ വിശ്വാസങ്ങൾ വിട്ടുകളഞ്ഞുകൊണ്ട് യഹോവയുമായുള്ള ബന്ധം നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്.
ഇമ്മാനൂവേലിന്റെ അടയാളം
14. ദാവീദുമായുള്ള ഉടമ്പടിയോട് യഹോവ വിശ്വസ്തത കാട്ടുന്നത് എങ്ങനെ?
14 ദാവീദുമായുള്ള ഉടമ്പടിയോട് യഹോവ വിശ്വസ്തനായി നിലകൊള്ളുന്നു. ഒരു അടയാളം നൽകുമെന്ന് യഹോവ പറഞ്ഞ സ്ഥിതിക്ക് അവൻ അതു തീർച്ചയായും നൽകും! യെശയ്യാവ് തുടരുന്നു: “കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകും മുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.”—യെശയ്യാവു 7:14-16.
15. ഇമ്മാനൂവേലിനെ കുറിച്ചുള്ള പ്രവചനം ഏതു രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു?
15 ദാവീദിന്റെ വംശത്തിലെ രാജാക്കന്മാരുടെ പരമ്പരയെ ശത്രുക്കൾ ഇല്ലാതാക്കുമെന്ന് ആരെങ്കിലും ഭയപ്പെടുന്നെങ്കിൽ, ഇതാ ഒരു സുവാർത്ത! “ഇമ്മാനൂവേൽ” എന്നതിന്റെ അർഥം “ദൈവം നമ്മോടു കൂടെ” എന്നാണ്. ദൈവം യഹൂദയോടു കൂടെയുണ്ട്, അതിനാൽ ദാവീദുമായുള്ള തന്റെ ഉടമ്പടി നിവൃത്തിയേറാതെ പോകാൻ അവൻ അനുവദിക്കുകയില്ല. മാത്രമല്ല, യഹോവ എന്തു ചെയ്യുമെന്നും എപ്പോൾ ചെയ്യുമെന്നും ആഹാസിനെയും ജനത്തെയും അവൻ അറിയിക്കുന്നു. നന്മതിന്മകളെ തിരിച്ചറിയാൻ ഇമ്മാനൂവേലിനു പ്രായമാകുന്നതിനു മുമ്പ് ശത്രുരാഷ്ട്രങ്ങൾ നശിപ്പിക്കപ്പെടും. അതു സത്യമെന്നു തെളിയുന്നു!
16. ആഹാസിന്റെ നാളിലെ ഇമ്മാനൂവേൽ ആരാണെന്ന് യഹോവ വെളിപ്പെടുത്താത്തത് എന്തുകൊണ്ടായിരിക്കാം?
16 ഇമ്മാനൂവേൽ ആരുടെ കുട്ടിയാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ ബാലനായ ഇമ്മാനൂവേൽ ഒരു അടയാളമായി വർത്തിക്കുകയും താനും പുത്രന്മാരും ‘അടയാളങ്ങൾ’ ആയിരിക്കുമെന്ന് യെശയ്യാവ് പിന്നീടു പറയുകയും ചെയ്യുന്ന സ്ഥിതിക്ക് ഇവിടെ പരാമർശിക്കുന്ന ഇമ്മാനൂവേൽ ഒരുപക്ഷേ യെശയ്യാവിന്റെതന്നെ പുത്രൻ ആയിരിക്കാം. (യെശയ്യാവു 8:18) ചിലപ്പോൾ, വലിയ ഇമ്മാനൂവേലിൽനിന്ന് വരുംതലമുറകളുടെ ശ്രദ്ധ പതറിക്കാതിരിക്കാൻ ആയിരിക്കാം ആഹാസിന്റെ നാളിലെ ഇമ്മാനൂവേൽ ആരാണെന്ന് യഹോവ വെളിപ്പെടുത്താത്തത്. എന്നാൽ, ആരാണ് ഈ വലിയ ഇമ്മാനൂവേൽ?
17. (എ) ആരാണു വലിയ ഇമ്മാനൂവേൽ, അവന്റെ ജനനം എന്തിന്റെ അടയാളമായിരുന്നു? (ബി) “ദൈവം നമ്മോടു കൂടെ ഉണ്ട്” എന്നു ഘോഷിക്കാൻ ഇന്നു ദൈവജനത്തിനു കഴിയുന്നത് എന്തുകൊണ്ട്?
17 യെശയ്യാവിന്റെ പുസ്തകത്തിലേതു കൂടാതെ, ഇമ്മാനൂവേൽ എന്ന പേര് ഒരു പ്രാവശ്യമേ ബൈബിളിൽ കാണുന്നുള്ളൂ. മത്തായി 1:22-ലാണ് അത്. ദാവീദിന്റെ സിംഹാസനത്തിന്റെ യഥാർഥ അവകാശിയായ യേശുവിന്റെ ജനനത്തിന് ഇമ്മാനൂവേലിന്റെ ജനനത്തെ കുറിച്ചുള്ള പ്രവചനം ബാധകമാക്കാൻ യഹോവ മത്തായിയെ നിശ്വസ്തനാക്കി. (മത്തായി 1:18-23) ദാവീദ്ഗൃഹത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ ഒരു അടയാളമായിരുന്നു ആദ്യത്തെ ഇമ്മാനൂവേലിന്റെ ജനനം. അതുപോലെ, ദൈവം മനുഷ്യവർഗത്തെ ഉപേക്ഷിക്കുകയോ ദാവീദ്ഗൃഹവുമായുള്ള രാജ്യ ഉടമ്പടി മറന്നുകളയുകയോ ചെയ്തിട്ടില്ല എന്നതിന്റെ ഒരു അടയാളമായിരുന്നു വലിയ ഇമ്മാനൂവേലായ യേശുവിന്റെ ജനനം. (ലൂക്കൊസ് 1:31-33) യഹോവയുടെ മുഖ്യ പ്രതിനിധി മനുഷ്യവർഗത്തോടൊപ്പം ആയിരുന്ന സ്ഥിതിക്ക്, ‘ദൈവം നമ്മോടു കൂടെ ഉണ്ട്’ എന്നു മത്തായിക്കു വസ്തുനിഷ്ഠമായി പറയാൻ കഴിഞ്ഞു. ഇന്ന്, സ്വർഗീയ രാജാവ് എന്ന നിലയിൽ യേശു ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അവൻ ഇന്നു ഭൂമിയിലെ തന്റെ സഭയോടൊപ്പവും ഉണ്ട്. (മത്തായി 28:20) തീർച്ചയായും, “ദൈവം നമ്മോടു കൂടെ ഉണ്ട്” എന്ന് ധൈര്യപൂർവം, ഉച്ചൈസ്തരം ഘോഷിക്കുന്നതിനുള്ള എല്ലാ കാരണവും ദൈവജനത്തിനുണ്ട്.
അവിശ്വസ്തതയുടെ ദുരന്തഫലങ്ങൾ ഏറുന്നു
18. (എ) യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകൾ ശ്രോതാക്കളിൽ ഭീതി ഉണർത്തുന്നത് എന്തുകൊണ്ട്? (ബി) ആളുകളുടെ പ്രതീക്ഷയ്ക്കു വിപരീതമായി എന്തെല്ലാം സംഭവങ്ങൾ പെട്ടെന്നുതന്നെ നടക്കും?
18 യെശയ്യാവു പറഞ്ഞു നിറുത്തിയ വാക്കുകൾ ആശ്വാസപ്രദമാണെങ്കിലും, തുടർന്ന് അറിയിക്കുന്ന കാര്യം ശ്രോതാക്കളിൽ ഭീതി ഉണർത്തുന്നു: “യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാൾമുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂർരാജാവിനെ തന്നേ.” (യെശയ്യാവു 7:17) അവർക്കു ദുരന്തം സംഭവിക്കാൻ പോകുകയാണ്, അതും അശ്ശൂർ [അസീറിയൻ] രാജാവ് മുഖാന്തരം. അങ്ങേയറ്റം ക്രൂരരായ അസീറിയക്കാർ തങ്ങളെ ഭരിക്കാൻ പോകുന്നുവെന്ന ചിന്തതന്നെ ആഹാസിന്റെയും ജനത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ടാകണം. അസീറിയയുമായി സൗഹൃദം കൂടുകയാണെങ്കിൽ, ഇസ്രായേലിന്റെയും അരാമ്യയുടെയും ആക്രമണത്തിൽനിന്ന് രക്ഷപ്പെടാമെന്ന് ആഹാസ് ന്യായവാദം ചെയ്തിരിക്കുന്നു. തീർച്ചയായും, അസീറിയൻ രാജാവ് ഇസ്രായേലിനെയും അരാമ്യയെയും ആക്രമിച്ചുകൊണ്ട് ആഹാസിന്റെ അപേക്ഷ ചെവിക്കൊള്ളും. (2 രാജാക്കന്മാർ 16:9) യെരൂശലേമിന്മേലുള്ള തങ്ങളുടെ ഉപരോധം പിൻവലിക്കാൻ പേക്കഹും രെസീനും നിർബന്ധിതരാകുന്നതിന്റെ കാരണം ഇതായിരിക്കാം. അങ്ങനെ, അരാമ്യ-ഇസ്രായേൽ സഖ്യത്തിനു യെരൂശലേമിനെ പിടിച്ചടക്കാൻ കഴിയാതാകും. (യെശയ്യാവു 7:1) എന്നാൽ ഇപ്പോൾ, സംരക്ഷകനായി വർത്തിക്കുമെന്നു കരുതുന്ന അസീറിയ ആഹാസിന്റെയും ജനത്തിന്റെയും ശത്രു ആയിത്തീരുമെന്ന് യെശയ്യാവ് പറയുമ്പോൾ ശ്രോതാക്കൾ ഞെട്ടിപ്പോകുന്നു!—സദൃശവാക്യങ്ങൾ 29:25 താരതമ്യം ചെയ്യുക.
19. ഈ ചരിത്ര നാടകത്തിൽ ഇന്നത്തെ ക്രിസ്ത്യാനികൾക്കായി എന്തു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു?
19 ഈ ചരിത്ര വിവരണത്തിൽ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഒരു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു. സമ്മർദത്തിൻ കീഴിൽ ആയിരിക്കുമ്പോൾ, ക്രിസ്തീയ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് യഹോവ നൽകുന്ന സംരക്ഷണത്തെ തള്ളിക്കളയാൻ നാം പ്രലോഭിതരായേക്കാം. ഈ വീക്ഷണം ദീർഘവീക്ഷണപരമല്ലെന്നു മാത്രമല്ല നാശകരവുമാണ്. യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ. അസീറിയൻ ആക്രമണം ദേശത്തിന്റെയും അതിലെ ആളുകളുടെയും മേൽ എന്തു പ്രത്യാഘാതം ഉളവാക്കുമെന്നു പ്രവാചകൻ തുടർന്നു പറയുന്നു.
20. ‘ഈച്ചകളും’ ‘തേനീച്ചകളും’ ആരാണ്, അവ എന്തു ചെയ്യും?
20 യെശയ്യാവ് തന്റെ പ്രഖ്യാപനങ്ങളെ നാലു ഭാഗങ്ങളായി തിരിക്കുന്നു. അവയിൽ ഓരോന്നും “അന്നാളിൽ,” അതായത് അസീറിയ യഹൂദയെ ആക്രമിക്കുന്ന നാളിൽ എന്തു സംഭവിക്കും എന്നു വെളിപ്പെടുത്തുന്നു. “അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അററത്തുനിന്നു കൊതുകിനെയും [“ഈച്ചകളെയും,” “ഓശാന ബൈ.”] അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും. അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളർപ്പുകളിലും എല്ലാ മുൾപടർപ്പുകളിലും എല്ലാ മേച്ചൽ പുറങ്ങളിലും പററും.” (യെശയ്യാവു 7:18, 19) ഈച്ചകളെയും തേനീച്ചകളെയും പോലെ, ഈജിപ്തിലെയും അസീറിയയിലെയും സൈന്യങ്ങൾ വാഗ്ദത്ത ദേശത്തേക്ക് അവരുടെ ശ്രദ്ധ തിരിക്കും. ഇതൊരു ക്ഷണികമായ ആക്രമണം ആയിരിക്കില്ല. ദേശത്തിന്റെ ഏതൊരു മുക്കിലും മൂലയിലും ആ ‘ഈച്ചകളും’ ‘തേനീച്ചകളും’ എത്തിച്ചേരും.
21. ഏത് അർഥത്തിലാണ് അസീറിയൻ രാജാവ് ഒരു ക്ഷൗരക്കത്തി പോലെ ആയിരിക്കുന്നത്?
21 യെശയ്യാവ് തുടരുന്നു: “അന്നാളിൽ കർത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൌരക്കത്തികൊണ്ടു, അശ്ശൂർരാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൌരം ചെയ്യും; അതു താടിയുംകൂടെ നീക്കും.” (യെശയ്യാവു 7:20) ഇപ്പോൾ മുഖ്യ ഭീഷണിയായ അസീറിയയെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ. അരാമ്യയെയും ഇസ്രായേലിനെയും “ക്ഷൌരം” ചെയ്യാൻ ആഹാസ് അസീറിയൻ രാജാവിനെ കൂലിക്കെടുക്കുന്നു. എന്നിരുന്നാലും, യൂഫ്രട്ടീസ് മേഖലയിൽനിന്നു “കൂലിക്കു വാങ്ങിയ ക്ഷൌരക്കത്തി” യഹൂദയുടെ തലമുടി മാത്രമല്ല ദീക്ഷയും പറ്റെ വടിച്ചുകളയും!
22. അസീറിയക്കാരുടെ ആസന്നമായ ആക്രമണത്തിന്റെ പരിണതഫലങ്ങളെ എടുത്തുകാണിക്കാൻ യെശയ്യാവ് ഉപയോഗിക്കുന്ന ഉദാഹരണങ്ങൾ എന്തെല്ലാം?
22 അതിന്റെ ഫലം എന്തായിരിക്കും? “അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളർത്തും. അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ടു അവൻ തൈരു തന്നേ കൊററുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.” (യെശയ്യാവു 7:21, 22) അസീറിയക്കാർ ദേശത്തെ ‘ക്ഷൗരം’ ചെയ്തുകഴിയുമ്പോൾ, വളരെ കുറച്ച് ആളുകൾ മാത്രമേ അവിടെ അവശേഷിക്കൂ എന്നതിനാൽ അവർക്ക് ആഹാരത്തിനു വളരെ കുറച്ചു മൃഗങ്ങളുടെ ആവശ്യമേ വരുകയുള്ളൂ. ആളുകൾ ഭക്ഷിക്കുന്നത് “തൈരും തേനും” ആയിരിക്കും. മറ്റൊന്നും—വീഞ്ഞോ അപ്പമോ മറ്റു ഭക്ഷ്യസാധനങ്ങളോ ഒന്നും—ഉണ്ടായിരിക്കുകയില്ല. ശൂന്യമാക്കലിന്റെ തീവ്രത ഊന്നിപ്പറയാനെന്നപോലെ, ഒരിക്കൽ സമ്പദ്സമൃദ്ധമായിരുന്ന ദേശത്ത് മുള്ളും പറക്കാരയും ആയിരിക്കും ഇനി വളരുക എന്ന് യെശയ്യാവ് മൂന്നു പ്രാവശ്യം പറയുന്നു. പറമ്പിലേക്ക് ഇറങ്ങുന്നവർക്ക് കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുന്ന മൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി “അമ്പും വില്ലും” വേണ്ടിവരും. കിളച്ചിട്ടിരുന്ന വയലുകൾ കാളകളും ആടുകളും ചവിട്ടിക്കളയും. (യെശയ്യാവു 7:23-25) ഈ പ്രവചനം ആഹാസിന്റെ നാളിൽത്തന്നെ നിവൃത്തിയേറാൻ തുടങ്ങുന്നു.—2 ദിനവൃത്താന്തം 28:20.
കൃത്യതയുള്ള പ്രവചനങ്ങൾ
23. (എ) എന്തു ചെയ്യാൻ യെശയ്യാവിനു കൽപ്പന ലഭിക്കുന്നു? (ബി) പലകയിൽ എഴുതിയ അടയാളത്തിന്റെ ആധികാരികത സ്ഥിരീകരിക്കുന്നത് എങ്ങനെ?
23 ദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് യെശയ്യാവ് തുടർന്നു പറയുന്നത്. യെരൂശലേം അരാമ്യ-ഇസ്രായേല്യ സംയുക്ത സൈന്യത്തിന്റെ ഉപരോധത്തിൻ കീഴിൽ ആയിരിക്കുന്ന ഈ സമയത്ത് യെശയ്യാവ് റിപ്പോർട്ടു ചെയ്യുന്നു: “യഹോവ എന്നോടു കല്പിച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്നു എഴുതുക. ഞാൻ ഊരിയാപുരോഹിതനെയും യെബെരെഖ്യാവിൻ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വെക്കും.” (യെശയ്യാവു 8:1, 2) മഹേർ-ശാലാൽ ഹാശ്-ബസ് എന്ന പേരിന്റെ അർഥം “കൊള്ള, ധൃതിപ്പെടുക! അവൻ കൊള്ളയിടാൻ ശീഘ്രം വന്നിരിക്കുന്നു” എന്നാണ്. ഒരു വലിയ പലകയിൽ ഈ പേര് എഴുതുന്നു, അതിനെ സാക്ഷ്യപ്പെടുത്താൻ സമൂഹത്തിലെ ആദരണീയരായ രണ്ടു പുരുഷന്മാരോട് യെശയ്യാവ് ആവശ്യപ്പെടുന്നു. പിന്നീട് ആവശ്യം വരുന്നപക്ഷം ആ പ്രമാണത്തിന്റെ ആധികാരികത സ്ഥിരീകരിക്കാനാണ് അവൻ ഇങ്ങനെ ചെയ്യുന്നത്. എങ്കിലും ആ അടയാളം മറ്റൊരു അടയാളം കൊണ്ട് സ്ഥിരീകരിക്കേണ്ടതുണ്ട്.
24. ഒരു അടയാളമായി വർത്തിക്കുന്ന മഹേർ-ശാലാൽ ഹാശ്-ബസ് എന്ന പേരിന് ആളുകളുടെമേൽ എങ്ങനെയുള്ള ഫലം ഉണ്ടായിരിക്കേണ്ടതാണ്?
24 യെശയ്യാവ് പറയുന്നു: “ഞാൻ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്-ബസ് എന്നു പേർ വിളിക്ക; ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാൻ പ്രായമാകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.” (യെശയ്യാവു 8:3, 4) അസീറിയ പെട്ടെന്നുതന്നെ യഹൂദയുടെ ശത്രുക്കളായ അരാമിനെയും ഇസ്രായേലിനെയും കൊള്ള ചെയ്യും എന്നതിന്റെ തെളിവാണ് ആ വലിയ പലകയും നവജാത ശിശുവും. എത്ര പെട്ടെന്നായിരിക്കും അതു സംഭവിക്കുക? മഹേർ-ശാലാൽ ഹാശ്-ബസിന് “അപ്പാ,” “അമ്മേ” എന്ന് വിളിക്കാൻ പ്രായമാകുന്നതിനു മുമ്പുതന്നെ അതു സംഭവിക്കും. ഉറപ്പുള്ള അത്തരമൊരു പ്രവചനം യഹോവയിലുള്ള ആളുകളുടെ വിശ്വാസം വർധിപ്പിക്കേണ്ടതാണ്. അത്തരം ഉറപ്പുള്ള ഒരു പ്രവചനമല്ല അറിയിക്കുന്നതെങ്കിൽ, അതിനെപ്രതി ചിലർ യെശയ്യാവിനെയും അവന്റെ പുത്രന്മാരെയും പരിഹസിക്കാനിടയുണ്ട്. സംഗതി എന്തായിരുന്നാലും, യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾ സത്യമായി ഭവിക്കുകതന്നെ ചെയ്യുന്നു.—2 രാജാക്കന്മാർ 17:1-6.
25. യെശയ്യാവിന്റെയും നമ്മുടെയും നാളുകളുടെ കാര്യത്തിൽ എന്തു സമാനതകൾ കാണാം?
25 യെശയ്യാവിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളിൽനിന്നു ക്രിസ്ത്യാനികൾക്കു ചിലതു പഠിക്കാനാകും. ഈ ചരിത്രനാടകത്തിൽ, യെശയ്യാവ് യേശുക്രിസ്തുവിനെയും യെശയ്യാവിന്റെ പുത്രന്മാർ യേശുവിന്റെ അഭിഷിക്ത ശിഷ്യന്മാരെയും മുൻനിഴലാക്കുന്നതായി പൗലൊസ് അപ്പൊസ്തലൻ നമുക്കു വെളിപ്പെടുത്തി. (എബ്രായർ 2:10-13) ഈ നിർണായക നാളുകളിൽ ‘ഉണർന്നിരി’ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഭൂമിയിലെ തന്റെ അഭിഷിക്ത അനുഗാമികൾ മുഖാന്തരം യേശു സത്യക്രിസ്ത്യാനികളെ ഓർമിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. (ലൂക്കൊസ് 21:34-36) അതേസമയം, അനുതപിക്കാത്തവരെ നശിപ്പിക്കും എന്ന മുന്നറിയിപ്പും വിരോധികൾക്ക് നൽകുന്നു. എന്നാൽ, മിക്കപ്പോഴും അത്തരം മുന്നറിയിപ്പുകളെ ആളുകൾ പരിഹസിച്ചുതള്ളുകയാണു ചെയ്യാറ്. (2 പത്രൊസ് 3:3, 4) യെശയ്യാവിന്റെ നാളിലുണ്ടായ സമയബന്ധിത പ്രവചനങ്ങളുടെ നിവൃത്തി, നമ്മുടെ കാലത്തും യഹോവയുടെ ദിവസം “വരും നിശ്ചയം; താമസിക്കയുമില്ല” എന്നതിന്റെ ഉറപ്പാണ്.—ഹബക്കൂക് 2:3.
നാശകരമായ ‘പെരുവെള്ളം’
26, 27. (എ) യെശയ്യാവ് എന്തെല്ലാം സംഭവങ്ങൾ മുൻകൂട്ടി പറയുന്നു? (ബി) യെശയ്യാവിന്റെ വാക്കുകൾ ഇന്ന് യഹോവയുടെ ദാസർക്ക് എന്ത് അർഥമാക്കുന്നു?
26 യെശയ്യാവ് മുന്നറിയിപ്പുകൾ നൽകുന്നതിൽ തുടരുന്നു: “ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാതോടുകളിലും പൊങ്ങി അതിന്റെ എല്ലാകരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.”—യെശയ്യാവു 8:5-8.
27 “ഈ ജനം,” അതായത് വടക്കേ രാജ്യമായ ഇസ്രായേൽ, ദാവീദുമായുള്ള യഹോവയുടെ ഉടമ്പടി തള്ളിക്കളയുന്നു. (2 രാജാക്കന്മാർ 17:16-18) അവർക്ക് അത് ശീലോഹായിലെ—യെരൂശലേമിലെ ജനങ്ങളുടെ വെള്ളത്തിന്റെ മുഖ്യ ഉറവിടം—നേർത്ത ജലധാരപോലെ ദുർബലമായി തോന്നിയിരിക്കാം. യഹൂദയെ ആക്രമിക്കുന്നതിൽ അവർ ആനന്ദിക്കുന്നു. എന്നാൽ, ഈ നിന്ദയ്ക്കു ശിക്ഷ ലഭിക്കാതിരിക്കില്ല. അരാമ്യയെയും ഇസ്രായേലിനെയും ‘കവിഞ്ഞൊഴുകാൻ,’ അവയെ തോൽപ്പിക്കാൻ അസീറിയയെ യഹോവ അനുവദിക്കും. പെട്ടെന്നുതന്നെ വ്യാജമതങ്ങളെ കവിഞ്ഞൊഴുകാൻ ലോകത്തിലെ ഇന്നത്തെ രാഷ്ട്രീയ ഘടകത്തെ യഹോവ അനുവദിക്കുന്നതു പോലെയാണ് അത്. (വെളിപ്പാടു 17:16; ദാനീയേൽ 9:26 താരതമ്യം ചെയ്യുക.) അടുത്തതായി, ‘പെരുവെള്ളം’ “യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം,” യഹൂദയുടെ തല (രാജാവ്) ഭരിക്കുന്ന യെരൂശലേമിനോളം എത്തുമെന്ന് യെശയ്യാവ് പറയുന്നു.b സമാനമായി, നമ്മുടെ നാളിൽ വ്യാജമതത്തെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ ഘടകങ്ങൾ യഹോവയുടെ ജനത്തെ ആക്രമിക്കാൻ തുനിയുകയും “കഴുത്തോളം” അവരെ വളയുകയും ചെയ്യും. (യെഹെസ്കേൽ 38:2, 10-16) അതിന്റെ ഫലം എന്തായിരിക്കും? കൊള്ളാം, യെശയ്യാവിന്റെ കാലത്ത് എന്താണു സംഭവിക്കുന്നത്? അസീറിയക്കാർ നഗരത്തിലേക്ക് ഇരച്ചുകയറി ദൈവജനത്തെ നശിപ്പിക്കുമോ? ഇല്ല. കാരണം, ദൈവം അവരോടു കൂടെ ഉണ്ട്.
ഭയപ്പെടരുത്—‘ദൈവം ഞങ്ങളോടു കൂടെ ഉണ്ട്!’
28. ശത്രുക്കൾ കിണഞ്ഞു ശ്രമിച്ചാലും, എന്തു സംബന്ധിച്ച് യഹോവ യഹൂദയ്ക്ക് ഉറപ്പു നൽകുന്നു?
28 യെശയ്യാവ് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ജാതികളേ, [ദൈവത്തിന്റെ ഉടമ്പടി ജനതയെ എതിർക്കുന്നവർ] കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ, അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; [ബുദ്ധി ഉപയോഗിച്ചുകൊള്ളുവിൻ] അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ടു.” (യെശയ്യാവു 8:9, 10) കുറെ വർഷങ്ങൾക്കു ശേഷം, അതായത് ആഹാസിന്റെ വിശ്വസ്ത പുത്രനായ ഹിസ്കീയാവിന്റെ വാഴ്ചക്കാലത്ത് ഈ വാക്കുകൾ നിവൃത്തിയേറുന്നു. അസീറിയക്കാർ യെരൂശലേമിനെതിരെ ഭീഷണി മുഴക്കുമ്പോൾ യഹോവയുടെ ദൂതൻ അവരിൽ 1,85,000 പേരെ വധിക്കുന്നു. വ്യക്തമായും, ദൈവം തന്റെ ജനത്തോടും ദാവീദിന്റെ രാജവംശത്തോടും കൂടെയുണ്ട്. (യെശയ്യാവു 37:33-37) ആസന്നമായ അർമഗെദോൻ യുദ്ധത്തിൽ, തന്റെ ശത്രുക്കളെ ഛിന്നഭിന്നമാക്കാനും തന്നിൽ ആശ്രയിക്കുന്നവരെ രക്ഷിക്കാനുമായി യഹോവ വലിയ ഇമ്മാനൂവേലിനെ അയയ്ക്കും.—സങ്കീർത്തനം 2:2, 9, 12.
29. (എ) ആഹാസിന്റെ നാളിലെ യഹൂദർ ഹിസ്കീയാവിന്റെ കാലത്തെ യഹൂദരിൽനിന്ന് വ്യത്യസ്തർ ആയിരിക്കുന്നത് എങ്ങനെ? (ബി) ഇന്ന് യഹോവയുടെ ദാസന്മാർ മതപരമോ രാഷ്ട്രീയമോ ആയ സഖ്യങ്ങൾ ഉണ്ടാക്കുന്നില്ലാത്തത് എന്തുകൊണ്ട്?
29 ഹിസ്കീയാവിന്റെ കാലത്തെ യഹൂദരിൽനിന്നു വ്യത്യസ്തരായി ആഹാസിന്റെ സമകാലികർക്ക് യഹോവയുടെ സംരക്ഷണത്തിൽ വിശ്വാസമില്ല. അരാമ്യ-ഇസ്രായേല്യ സഖ്യത്തിന് എതിരെയുള്ള ഒരു പ്രതിരോധം എന്ന നിലയിൽ അവർ അസീറിയക്കാരുമായി ‘കൂട്ടുകെട്ട്’ ഉണ്ടാക്കുന്നു. എന്നിരുന്നാലും, ‘ഈ ജനത്തിന്റെ വഴിക്ക്,’ അതായത് ആളുകൾക്കു പൊതുവെയുള്ള വീക്ഷണത്തിന് എതിരെ സംസാരിക്കാൻ യഹോവയുടെ “കൈ” യെശയ്യാവിനെ പ്രേരിപ്പിക്കുന്നു. അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു. സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ [“അവനെയാണു നിങ്ങൾ പരിശുദ്ധനായി കാണേണ്ടത്,” NW]; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.” (യെശയ്യാവു 8:11-13) ഇക്കാര്യം മനസ്സിൽ പിടിച്ചുകൊണ്ട് യഹോവയുടെ ദാസന്മാർ ഇന്ന് മതസമിതികളും രാഷ്ട്രീയ സഖ്യങ്ങളുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയോ അവരിൽ ആശ്രയം വെക്കുകയോ ചെയ്യുന്നതിനെതിരെ ജാഗ്രത പുലർത്തുന്നു. യഹോവയുടെ ദാസന്മാർക്ക് അവന്റെ സംരക്ഷണാത്മക ശക്തിയിൽ പൂർണ വിശ്വാസമുണ്ട്. ‘യഹോവ നമ്മുടെ പക്ഷത്ത് ഉള്ളപ്പോൾ മനുഷ്യർക്ക് നമ്മോട് എന്തു ചെയ്യാൻ കഴിയും?’—സങ്കീർത്തനം 118:6.
30. യഹോവയിൽ ആശ്രയിക്കാത്തവരുടെ ഗതി എന്തായിരിക്കും?
30 യഹോവയിൽ ആശ്രയിക്കുന്നവർക്ക് അവൻ ‘ഒരു വിശുദ്ധമന്ദിരം,’ ഒരു സംരക്ഷണം ആണെന്നു തെളിയുമെന്ന് യെശയ്യാവ് ആവർത്തിച്ചു പറയുന്നു. അതിൽനിന്നു ഭിന്നമായി, അവനെ ത്യജിക്കുന്നവർ “തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.” (യെശയ്യാവു 8:14, 15) ‘തട്ടുക,’ ‘വീഴുക,’ ‘തകരുക,’ ‘കുടുങ്ങുക,’ ‘പിടിക്കപ്പെടുക’ എന്നിങ്ങനെ ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന അഞ്ചു ക്രിയാരൂപങ്ങൾ യഹോവയിൽ ആശ്രയിക്കാത്തവർക്ക് നിസ്സംശയമായും എന്തു സംഭവിക്കുമെന്ന് എടുത്തുകാട്ടുന്നു. ഒന്നാം നൂറ്റാണ്ടിൽ, യേശുവിനെ തള്ളിക്കളഞ്ഞവർ ഇടറിവീഴുകയുണ്ടായി. (ലൂക്കൊസ് 20:17, 18) ഇക്കാലത്ത് സിംഹാസനസ്ഥ സ്വർഗീയ രാജാവായ യേശുവിനോടു കൂറു പുലർത്താൻ പരാജയപ്പെടുന്നവരുടെ ഗതിയും സമാനമായിരിക്കും.—സങ്കീർത്തനം 2:5-9.
31. യെശയ്യാവിന്റെയും അവന്റെ ഉപദേശം ചെവിക്കൊള്ളുന്നവരുടെയും മാതൃക ഇന്നു സത്യക്രിസ്ത്യാനികൾക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
31 യെശയ്യാവിന്റെ നാളിൽ എല്ലാവരും ഇടറിവീണില്ല. അവൻ ഇങ്ങനെ പറയുന്നു: “സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക. ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.” (യെശയ്യാവു 8:16, 17) യെശയ്യാവും അവന്റെ ഉപദേശം ചെവിക്കൊള്ളുന്നവരും ദൈവനിയമം ഉപേക്ഷിക്കുകയില്ല. അവർ യഹോവയിൽ തുടർന്നും ആശ്രയിക്കുന്നു. അതേസമയം, അവരുടെ കുറ്റവാസനയുള്ള സമകാലികർ യഹോവയിൽ ആശ്രയിക്കുന്നില്ലാത്തതിനാൽ അവൻ അവരിൽനിന്നു തന്റെ മുഖം മറച്ചുകളയുന്നു. യഹോവയിൽ ആശ്രയിക്കുകയും നിർമലാരാധനയോടു പറ്റിനിൽക്കാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കുകയും ചെയ്യുന്നവരുടെ മാതൃക നമുക്ക് അനുകരിക്കാം.—ദാനീയേൽ 12:4, 9; മത്തായി 24:45; എബ്രായർ 6:11, 12 താരതമ്യം ചെയ്യുക.
“അടയാളങ്ങളും അത്ഭുതങ്ങളും”
32. (എ) ഇക്കാലത്ത് “അടയാളങ്ങളും അത്ഭുതങ്ങളു”മായി സേവിക്കുന്നത് ആരാണ്? (ബി) ക്രിസ്ത്യാനികൾ ലോകത്തിൽനിന്നു വ്യത്യസ്തരായി നിലകൊള്ളേണ്ടത് എന്തുകൊണ്ട്?
32 യെശയ്യാവ് തുടർന്ന് ഇങ്ങനെ ഘോഷിക്കുന്നു: “ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവ്വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.” (യെശയ്യാവു 8:18) അതേ, യെശയ്യാവും ശെയാർ-യാശൂബും മഹേർ-ശാലാൽ ഹാശ്-ബസും യഹൂദയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യങ്ങളുടെ അടയാളങ്ങളാണ്. സമാനമായി ഇന്ന്, യേശുവും അവന്റെ അഭിഷിക്ത സഹോദരന്മാരും അടയാളങ്ങളായി സേവിക്കുന്നു. (എബ്രായർ 2:11-13) അവരോടൊപ്പം “വേറെ ആടുക”ളുടെ “മഹാപുരുഷാരം” ആ വേലയിൽ ചേർന്നിരിക്കുന്നു. (വെളിപ്പാടു 7:9, 14; യോഹന്നാൻ 10:16) തീർച്ചയായും, ചുറ്റുപാടുകളിൽനിന്നു വ്യതിരിക്തമായി നിൽക്കുന്നുവെങ്കിൽ മാത്രമേ ഒരു അടയാളം അതിന്റെ ഉദ്ദേശ്യം സാധിക്കൂ. അതുപോലെ, യഹോവയിൽ പൂർണമായ ആശ്രയം വെക്കുകയും അവന്റെ ഉദ്ദേശ്യങ്ങൾ ധൈര്യസമേതം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ലോകത്തിൽനിന്നു വ്യത്യസ്തരായി നിലകൊള്ളുന്നുവെങ്കിൽ മാത്രമേ ക്രിസ്ത്യാനികൾക്ക് അടയാളങ്ങൾ എന്ന നിലയിലുള്ള തങ്ങളുടെ നിയോഗം നിവർത്തിക്കാൻ സാധിക്കുകയുള്ളൂ.
33. (എ) സത്യ ക്രിസ്ത്യാനികൾ എന്തു ചെയ്യാൻ ദൃഢചിത്തരാണ്? (ബി) സത്യ ക്രിസ്ത്യാനികൾ ഉറച്ചുനിൽക്കാൻ പ്രാപ്തരായിരിക്കുന്നത് എന്തുകൊണ്ട്?
33 അതുകൊണ്ട്, നമുക്കെല്ലാവർക്കും ലോകത്തിന്റെ നിലവാരങ്ങൾ അനുസരിച്ചല്ല മറിച്ച് ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാം. ‘യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കാൻ’ വലിയ യെശയ്യാവായ യേശുക്രിസ്തുവിനു ലഭിച്ചിരിക്കുന്ന നിയോഗം നിവർത്തിച്ചുകൊണ്ട് അടയാളങ്ങൾ എന്ന നിലയിൽ നിർഭയം നിലകൊള്ളുന്നതിൽ നമുക്കു തുടരാം. (യെശയ്യാവു 61:1, 2; ലൂക്കൊസ് 4:17-21) തീർച്ചയായും, അസീറിയൻ പെരുവെള്ളം ഭൂമിയിലെമ്പാടും കുതിച്ചൊഴുകുമ്പോൾ—അതു നമ്മുടെ കഴുത്തോളം എത്തിയാലും—സത്യ ക്രിസ്ത്യാനികൾ തുടച്ചുനീക്കപ്പെടുകയില്ല. നാം ഉറച്ചുതന്നെ നിലകൊള്ളും; കാരണം, ‘ദൈവം നമ്മോടു കൂടെ ഉണ്ട്.’
[അടിക്കുറിപ്പുകൾ]
a ഈ പ്രവചന നിവൃത്തി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കായി, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), 1-ാം വാല്യം, 62, 758 പേജുകൾ കാണുക.
b വിടർത്തിപ്പിടിച്ച ചിറകുകൾകൊണ്ട് ‘ദേശത്തിന്റെ വീതിയെ മൂടുന്ന’ ഒരു പക്ഷിയോടും അസീറിയയെ ഉപമിച്ചിരിക്കുന്നു. യഹൂദാദേശം എത്ര വലുത് ആയിരുന്നാലും, അസീറിയൻ സൈന്യങ്ങൾ അതിന്റെ എല്ലാ ഭാഗങ്ങളിലും എത്തും.
[103-ാം പേജിലെ ചിത്രം]
ആഹാസിനുള്ള യഹോവയുടെ സന്ദേശം അറിയിക്കാൻ പോയപ്പോൾ യെശയ്യാവ് ശെയാർ-യാശൂബിനെയും കൂടെ കൊണ്ടുപോയി
[111-ാം പേജിലെ ചിത്രം]
എന്തുകൊണ്ടാണ് യെശയ്യാവ് ഒരു വലിയ പലകയിൽ “മഹേർ-ശാലാൽ ഹാശ്-ബസ്” എന്ന് എഴുതിയത്?