അധ്യായം ഇരുപത്തിയെട്ട്
മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം
1, 2. വെളിച്ചം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇന്നു ഭൂമിയെ ഏതു തരത്തിലുള്ള അന്ധകാരം മൂടിയിരിക്കുന്നു?
യഹോവ വെളിച്ചത്തിന്റെ ഉറവാണ്. ‘സൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനാണ്’ അവൻ. (യിരെമ്യാവു 31:35) ഇതു മാത്രം കണക്കിലെടുത്താൽ മതി അവൻ ജീവന്റെ ഉറവാണെന്നു സമ്മതിക്കാൻ. കാരണം, വെളിച്ചം ജീവനെ അർഥമാക്കുന്നു. ഭൂമിക്കു നിരന്തരമായി സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവും കിട്ടുന്നില്ലെങ്കിൽ, നമുക്ക് അറിയാവുന്നതു പോലെ ജീവനു നിലനിൽക്കാനാവില്ല. നമ്മുടെ ഗ്രഹം വാസയോഗ്യമല്ലാത്ത ഒന്നാകുമായിരുന്നു.
2 അതിനാൽ, നമ്മുടെ നാളിനെ സംബന്ധിച്ച് യഹോവ വെളിച്ചത്തിന്റെയല്ല, മറിച്ച് അന്ധകാരത്തിന്റെ ഒരു കാലം എന്നു മുൻകൂട്ടി പറഞ്ഞത് വളരെ ആശങ്കാജനകമായ ഒരു സംഗതിയാണ്. നിശ്വസ്തതയിൽ യെശയ്യാവ് ഇങ്ങനെ എഴുതി: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു.” (യെശയ്യാവു 60:2) തീർച്ചയായും ഈ വാക്കുകൾ അക്ഷരീയ അന്ധകാരത്തെയല്ല, പിന്നെയോ ആത്മീയ അന്ധകാരത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ അവയുടെ ഗൗരവത്തെ നിസ്സാരമായി കാണരുത്. സൂര്യന്റെ വെളിച്ചം ലഭിക്കാത്തവരുടെ കാര്യത്തിൽ എന്നതു പോലെ, ആത്മീയ വെളിച്ചം ഇല്ലാത്തവർക്കും ജീവിതം അസാധ്യമായിത്തീരുന്നു.
3. ഈ അന്ധകാര നാളുകളിൽ, നമുക്കു വെളിച്ചത്തിനായി എവിടേക്കു തിരിയാൻ കഴിയും?
3 ഈ അന്ധകാര നാളുകളിൽ, യഹോവ ലഭ്യമാക്കിയിരിക്കുന്ന ആത്മീയ വെളിച്ചം നമുക്ക് അവഗണിക്കാനാവില്ല. സാധ്യമാകുന്നപക്ഷം, ദിവസവും ബൈബിൾ വായിച്ചുകൊണ്ട് നമ്മുടെ പാതയെ പ്രകാശപൂരിതമാക്കാൻ നാം ദൈവവചനത്തിലേക്കു നോക്കേണ്ടതു വളരെ പ്രധാനമാണ്. (സങ്കീർത്തനം 119:105) ‘നീതിമാന്മാരുടെ പാതയിൽ’ നിലകൊള്ളുന്നതിനു പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ ക്രിസ്തീയ യോഗങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 4:18; എബ്രായർ 10:23-25) “യഹോവയുടെ” വലിയ “കോപദിവസത്തിൽ” പാരമ്യത്തിലെത്താൻ പോകുന്ന ഈ ‘അന്ത്യകാലത്തെ’ അന്ധകാരത്തിൽ അകപ്പെടാതിരിക്കാൻ ഉത്സാഹത്തോടെയുള്ള ബൈബിൾ പഠനത്തിൽ നിന്നും ആരോഗ്യാവഹമായ ക്രിസ്തീയ സഹവാസത്തിൽനിന്നും ലഭിക്കുന്ന ശക്തി നമ്മെ സഹായിക്കുന്നു. (2 തിമൊഥെയൊസ് 3:1; സെഫന്യാവു 2:3) യഹോവയുടെ ദിവസം അതിശീഘ്രം അടുത്തുവരികയാണ്! പുരാതന യെരൂശലേമിലെ നിവാസികളുടെമേൽ സമാനമായ ഒരു ദിവസം വന്നതു പോലെ അതു വരുമെന്നുള്ളതു തീർച്ചയാണ്.
‘യഹോവ വ്യവഹാരം നടത്തുന്നു’
4, 5. (എ) ഏതു വിധത്തിൽ യഹോവ യെരൂശലേമിനെതിരെ വരുന്നു? (ബി) പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശത്തെ താരതമ്യേന കുറച്ചു പേർ മാത്രമേ അതിജീവിക്കുകയുള്ളൂ എന്ന് നാം നിഗമനം ചെയ്യുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
4 യെശയ്യാ പ്രവചനത്തിന്റെ അവസാന വാക്യങ്ങളിൽ, തന്റെ ക്രോധദിവസത്തിലേക്കു നയിക്കുന്ന സംഭവങ്ങളെ യഹോവ വളരെ സ്പഷ്ടമായി വർണിക്കുന്നു. നാം ഇപ്രകാരം വായിക്കുന്നു: “യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാററുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും.”—യെശയ്യാവു 66:15, 16.
5 ഈ വാക്കുകൾ തങ്ങളുടെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ യെശയ്യാവിന്റെ സമകാലികരെ സഹായിക്കേണ്ടതാണ്. യഹോവ ഉപയോഗിക്കുന്ന വധനിർവാഹകരായി ബാബിലോണിയർ യെരൂശലേമിനെതിരെ പുറപ്പെട്ടുവരുന്ന സമയം സമീപിക്കുകയാണ്. അപ്പോൾ അവരുടെ രഥങ്ങൾ ചുഴലിക്കാറ്റു പോലെ പൊടിപടലം ഇളക്കിവിടും. അത് എത്ര ഭയജനകമായ കാഴ്ച ആയിരിക്കും! അവിശ്വസ്ത യഹൂദാ “ജഡ”ത്തിനെതിരെ തന്റെ ഉഗ്രമായ ന്യായവിധികൾ നടത്തുന്നതിന് യഹോവ ആക്രമണകാരികളെ ഉപയോഗിക്കും. അത് തന്റെ ജനത്തിനെതിരെ യഹോവതന്നെ പോരാടുന്നതു പോലെ ആയിരിക്കും. അവൻ ‘കോപം’ പ്രകടിപ്പിക്കുകതന്നെ ചെയ്യും. അനേകം യഹൂദന്മാർ ‘യഹോവയുടെ നിഹതന്മാരായി’ വീഴും. പൊ.യു.മു. 607-ൽ, ഈ പ്രവചനത്തിനു നിവൃത്തിയുണ്ടായി.a
6. യഹൂദയിൽ ഹീനമായ എന്തു പ്രവൃത്തികൾ നടക്കുന്നു?
6 യഹോവ തന്റെ ജനത്തിനെതിരെ ‘വ്യവഹരിക്കുന്നത്’ ന്യായമാണോ? തീർച്ചയായും! യെശയ്യാ പുസ്തകത്തെ കുറിച്ചുള്ള നമ്മുടെ ചർച്ചയിൽ, യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവർ ആയിരുന്നിട്ടും യഹൂദന്മാർ വ്യാജാരാധനയിൽ ആമഗ്നരായി എന്നും യഹോവ അവരുടെ പ്രവൃത്തികൾ കാണാതിരുന്നില്ല എന്നും നാം പലതവണ കണ്ടു. പ്രവചനത്തിന്റെ തുടർന്നുള്ള വാക്കുകളിൽ നാം അതുതന്നെ വീണ്ടും കാണുന്നു: “തോട്ടങ്ങളിൽ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 66:17) ശുദ്ധാരാധനയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണോ ആ യഹൂദന്മാർ ‘തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുന്നത്’? തീർച്ചയായും അല്ല. പ്രത്യേകമായി ഉണ്ടാക്കിയ തോട്ടങ്ങളിലെ പുറജാതീയ ചടങ്ങുകളിൽ ഏർപ്പെടുന്നതിനാണ് അവർ അങ്ങനെ ചെയ്യുന്നത്. തുടർന്ന്, മോശൈക ന്യായപ്രമാണത്തിൽ അശുദ്ധമെന്നു വിവരിച്ചിരിക്കുന്ന പന്നിയുടെയും മറ്റു ജീവികളുടെയും മാംസം അവർ ആർത്തിയോടെ ഭക്ഷിക്കുന്നു.—ലേവ്യപുസ്തകം 11:7, 21-23.
7. ക്രൈസ്തവലോകം വിഗ്രഹാരാധിയായ യഹൂദയെ പോലെ ആയിരിക്കുന്നത് എങ്ങനെ?
7 ഏകസത്യ ദൈവവുമായി ഉടമ്പടി ബന്ധമുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം എത്ര അറപ്പുളവാക്കുന്ന ഒരു സ്ഥിതിവിശേഷം! എന്നാൽ ഇതു ചിന്തിക്കുക: ക്രൈസ്തവലോക മതങ്ങളുടെ ഇടയിൽ അറപ്പുളവാക്കുന്ന സമാനമായ ഒരു സാഹചര്യം നിലനിൽക്കുന്നു. അവർ ദൈവത്തെ സേവിക്കുന്നു എന്ന് അവകാശപ്പെടുന്നെങ്കിലും, അവരുടെ നേതാക്കന്മാരിൽ പലരും ഭക്തിയുടെ ഒരു ബാഹ്യരൂപം മാത്രം ഉള്ളവരാണ്. പുറജാതീയ പഠിപ്പിക്കലുകളാലും പാരമ്പര്യങ്ങളാലും അവർ തങ്ങളെത്തന്നെ മലിനമാക്കുകയും അങ്ങനെ തങ്ങൾ ആത്മീയ അന്ധകാരത്തിലാണെന്നു തെളിയിക്കുകയും ചെയ്യുന്നു. ആ അന്ധകാരം എത്ര വലുതാണ്!—മത്തായി 6:23; യോഹന്നാൻ 3:19, 20.
‘അവർ എന്റെ മഹത്വം കാണും’
8. (എ) യഹൂദയ്ക്കും ക്രൈസ്തവലോകത്തിനും എന്തു സംഭവിക്കും? (ബി) ഏത് അർഥത്തിൽ ജാതികൾ ‘യഹോവയുടെ മഹത്വം’ കാണും?
8 ക്രൈസ്തവലോകത്തിന്റെ അപലപനീയ പ്രവർത്തനങ്ങളെയും വ്യാജപഠിപ്പിക്കലുകളെയും യഹോവ ശ്രദ്ധിക്കുന്നുണ്ടോ? യെശയ്യാവ് രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ പിൻവരുന്ന വാക്കുകൾ വായിച്ച് നിങ്ങൾതന്നെ ഒരു നിഗമനത്തിലെത്തുക: “ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകലജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്നകാലം വരുന്നു; അവർ വന്നു എന്റെ മഹത്വം കാണും.” (യെശയ്യാവു 66:18) തന്റെ ദാസന്മാർ എന്ന് അവകാശപ്പെടുന്നവരുടെ പ്രവൃത്തികൾ മാത്രമല്ല, അവരുടെ വിചാരങ്ങളും യഹോവയ്ക്ക് അറിയാം, അവയെ ന്യായം വിധിക്കാൻ അവൻ ഒരുങ്ങിയുമിരിക്കുന്നു. യഹോവയിൽ വിശ്വസിക്കുന്നു എന്ന് യഹൂദ അവകാശപ്പെടുന്നു, എന്നാൽ അവളുടെ വിഗ്രഹാരാധനാപരമായ പ്രവൃത്തികളും വ്യാജമായ ആചാരങ്ങളും ആ അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്നു. അവളുടെ പൗരന്മാർ പുറജാതീയ ആചാരപ്രകാരം തങ്ങളെത്തന്നെ ‘ശുദ്ധീകരിക്കുന്നത്’ വ്യർഥമാണ്. ആ ജനത നശിപ്പിക്കപ്പെടും, അതു സംഭവിക്കുന്നത് വിഗ്രഹാരാധകരായ അവളുടെ അയൽക്കാരുടെ കണ്മുന്നിൽ ആയിരിക്കും. അവർ ‘യഹോവയുടെ മഹത്വം’ കാണും, അതായത് അവർ സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുകയും യഹോവയുടെ വചനം സത്യമായി ഭവിച്ചിരിക്കുന്നു എന്നു സമ്മതിക്കാൻ നിർബന്ധിതർ ആയിത്തീരുകയും ചെയ്യും. ഇതെല്ലാം ക്രൈസ്തവലോകത്തിന് എങ്ങനെയാണു ബാധകമാകുന്നത്? അവൾക്ക് അന്ത്യം സംഭവിക്കുമ്പോൾ, യഹോവയുടെ വചനം നിവൃത്തിയേറവേ അവളുടെ മുൻ സുഹൃത്തുക്കളും വാണിജ്യ പങ്കാളികളും നിസ്സഹായരായി നോക്കിനിൽക്കാൻ നിർബന്ധിതർ ആകും.—യിരെമ്യാവു 25:31-33; വെളിപ്പാടു 17:15-18; 18:9-19.
9. യഹോവ എന്തു സുവാർത്ത പ്രഖ്യാപിക്കുന്നു?
9 യഹോവയ്ക്കു മേലാൽ ഭൂമിയിൽ സാക്ഷികൾ ഇല്ലാതിരിക്കും എന്നാണോ പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശം അർഥമാക്കുന്നത്? അല്ല. ദാനീയേലിനെയും അവന്റെ മൂന്ന് സുഹൃത്തുക്കളെയും പോലുള്ള മികച്ച നിർമലതാപാലകർ ബാബിലോണിലെ പ്രവാസകാലത്തും യഹോവയെ സേവിക്കുന്നതിൽ തുടരും. (ദാനീയേൽ 1:6, 7) യഹോവയുടെ വിശ്വസ്ത സാക്ഷികളുടെ ഒരു അണി വിശ്വസ്തരായി നിലകൊള്ളുകയും 70 വർഷത്തിന്റെ ഒടുവിൽ അവർ ബാബിലോൺ വിട്ട് യഹൂദയിലേക്കു മടങ്ങുകയും അവിടെ സത്യാരാധന പുനഃസ്ഥാപിക്കുകയും ചെയ്യും. അടുത്തതായി യഹോവ പറയുന്നത് അതാണ്: “ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവർ എന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും.”—യെശയ്യാവു 66:19.
10. (എ) ബാബിലോണിൽനിന്ന് വിടുവിക്കപ്പെട്ട വിശ്വസ്ത യഹൂദന്മാർ ഏത് അർഥത്തിൽ ഒരു അടയാളമായി വർത്തിക്കുന്നു? (ബി) ഇന്ന് അടയാളമായി വർത്തിക്കുന്നത് ആർ?
10 പൊ.യു.മു. 537-ൽ യെരൂശലേമിലേക്കു മടങ്ങുന്ന വിശ്വസ്ത സ്ത്രീപുരുഷന്മാർ ആശ്ചര്യപ്പെടുത്തുന്ന ഒരു അടയാളമായി, യഹോവ തന്റെ ജനത്തെ വിടുവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി വർത്തിക്കും. യഹോവയുടെ ആലയത്തിൽ ശുദ്ധാരാധന നടത്തുന്നതിന് പ്രവാസികളായ യഹൂദന്മാർ ഒരിക്കൽ വിടുവിക്കപ്പെടുമെന്ന് ആർക്കു സ്വപ്നം കാണാൻ കഴിയുമായിരുന്നു? സമാനമായി ഒന്നാം നൂറ്റാണ്ടിൽ, “അടയാളങ്ങളും അത്ഭുതങ്ങളും” ആയി വർത്തിച്ചത് അഭിഷിക്ത ക്രിസ്ത്യാനികളാണ്, യഹോവയെ സേവിക്കാൻ ആഗ്രഹിച്ച സൗമ്യതയുള്ളവർ അവരുടെ അടുക്കൽ കൂടിവന്നു. (യെശയ്യാവു 8:18; എബ്രായർ 2:13) ഇന്ന് തങ്ങളുടെ പുനഃസ്ഥാപിത ദേശത്ത് അഭിവൃദ്ധി പ്രാപിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ ഭൂമിയിൽ ഒരു വിസ്മയമായി വർത്തിക്കുന്നു. (യെശയ്യാവു 66:8) യഹോവയുടെ ആത്മാവിന്റെ ശക്തിയുടെ ജീവിക്കുന്ന തെളിവായ അവർ യഹോവയെ സേവിക്കാൻ ഹൃദയംഗമമായി ആഗ്രഹിക്കുന്ന സൗമ്യരെ ആകർഷിക്കുന്നു.
11. (എ) പുനഃസ്ഥിതീകരണ ശേഷം, ജാതികളിൽ പെട്ടവർ യഹോവയെ കുറിച്ച് പഠിക്കാൻ ഇടയായിത്തീരുന്നത് എങ്ങനെ? (ബി) സെഖര്യാവു 8:23-ന്റെ ആദ്യ നിവൃത്തി ഏതായിരുന്നു?
11 പൊ.യു.മു. 537-ലെ പുനഃസ്ഥിതീകരണത്തിനു ശേഷം, യഹോവയെ കുറിച്ചു കേട്ടിട്ടില്ലാത്ത ജാതികളിലെ ആളുകൾ അവനെ അറിയാൻ ഇടയായിത്തീരുന്നത് എങ്ങനെ? ബാബിലോണിലെ പ്രവാസത്തിന്റെ ഒടുവിൽ വിശ്വസ്ത യഹൂദന്മാർ എല്ലാവരും യെരൂശലേമിലേക്കു മടങ്ങുകയില്ല. ദാനീയേലിനെ പോലുള്ള ചിലർ ബാബിലോണിൽത്തന്നെ നിലകൊള്ളും. മറ്റുള്ളവർ ഭൂമിയുടെ നാലു കോണുകളിലേക്കും ചിതറിക്കപ്പെടും. പൊ.യു.മു. അഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്കും പേർഷ്യൻ സാമ്രാജ്യത്തിൽ ഉടനീളം യഹൂദന്മാർ ഉണ്ടായിരുന്നു. (എസ്ഥേർ 1:1; 3:8) അവരിൽ ചിലർ പുറജാതികളായ അയൽക്കാരോട് യഹോവയെ കുറിച്ചു പറഞ്ഞു എന്നതിനു സംശയമില്ല, കാരണം ആ ജനതകളിൽനിന്നുള്ള നിരവധി പേർ യഹൂദ മതാനുസാരികൾ ആയിത്തീർന്നു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ ശിഷ്യനായ ഫിലിപ്പൊസ് സുവാർത്ത അറിയിച്ച എത്യോപ്യൻ ഷണ്ഡന്റെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമായിരുന്നു. (പ്രവൃത്തികൾ 8:26-40) സെഖര്യാ പ്രവാചകന്റെ വാക്കുകളുടെ ആദ്യ നിവൃത്തി എന്ന നിലയിലാണ് ഇതെല്ലാം സംഭവിച്ചത്: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) തീർച്ചയായും, യഹോവ ജനതകളിലേക്ക് വെളിച്ചം എത്തിച്ചു!—സങ്കീർത്തനം 43:3.
‘യഹോവയ്ക്ക് വഴിപാട്’ കൊണ്ടുവരുന്നു
12, 13. പൊ.യു.മു. 537-ന്റെ തുടക്കത്തിൽ ഏത് അർഥത്തിലാണ് ‘സഹോദരന്മാർ’ യെരൂശലേമിലേക്കു വരുത്തപ്പെട്ടത്?
12 യെരൂശലേം പുനർനിർമിച്ചുകഴിയുമ്പോൾ, തങ്ങളുടെ സ്വദേശത്തുനിന്നു വിദൂരത്തേക്കു ചിതറിപ്പോയ യഹൂദന്മാർ പുനഃസ്ഥിതീകരിക്കപ്പെട്ട പൗരോഹിത്യത്തോടു കൂടിയ നഗരത്തെ തങ്ങളുടെ ശുദ്ധാരാധനയുടെ കേന്ദ്രമായി വീക്ഷിക്കും. അവിടത്തെ വാർഷിക ഉത്സവങ്ങളിൽ പങ്കെടുക്കാൻ അവരിൽ അനേകരും ദീർഘദൂരം യാത്ര ചെയ്ത് അവിടെയെത്തും. നിശ്വസ്തതയിൽ യെശയ്യാവ് എഴുതുന്നു: “യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകലജാതികളുടെയും ഇടയിൽനിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയററി എന്റെ വിശുദ്ധപർവ്വതമായ യെരൂശലേമിലേക്കു യഹോവെക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു. അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.”—യെശയ്യാവു 66:20, 21.
13 ‘സകലജാതികളുടെയും ഇടയിൽനിന്നുള്ള ഈ സഹോദരന്മാരിൽ’ ചിലർ പെന്തെക്കൊസ്തു നാളിൽ യേശുവിന്റെ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ സന്നിഹിതരായിരുന്നു. അതേക്കുറിച്ചുള്ള വിവരണം ഇങ്ങനെ പറയുന്നു: “അന്നു ആകാശത്തിൻകീഴുള്ള സകലജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.” (പ്രവൃത്തികൾ 2:5) യഹൂദ ആചാരപ്രകാരം ആരാധനയ്ക്കാണ് അവർ യെരൂശലേമിലേക്കു വന്നത്. എന്നാൽ, യേശുക്രിസ്തുവിനെ കുറിച്ചുള്ള സുവാർത്ത കേട്ടപ്പോൾ പലരും അവനിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് സ്നാപനമേറ്റു.
14, 15. (എ) ഒന്നാം ലോകമഹായുദ്ധശേഷം എങ്ങനെയാണ് അഭിഷിക്ത ക്രിസ്ത്യാനികൾ കൂടുതൽ ആത്മീയ ‘സഹോദരന്മാരെ’ കൂട്ടിച്ചേർത്തത്, ഇവർ ‘വെടിപ്പുള്ള പാത്രങ്ങളിലെ വഴിപാട്’ ആയി യഹോവയ്ക്ക് അർപ്പിക്കപ്പെട്ടത് എങ്ങനെ? (ബി) ഏതു വിധത്തിലാണ് യഹോവ ‘ചിലരെ പുരോഹിതന്മാരായി’ തിരഞ്ഞെടുത്തത്? (സി) തങ്ങളുടെ ആത്മീയ സഹോദരന്മാരെ കൂട്ടിച്ചേർക്കുന്നതിൽ ഉൾപ്പെട്ട ചില അഭിഷിക്ത ക്രിസ്ത്യാനികൾ ആരൊക്കെയാണ്? (ഈ പേജിലെ ചതുരം കാണുക.)
14 ഈ പ്രവചനത്തിന് ഒരു ആധുനിക നിവൃത്തിയുണ്ടോ? തീർച്ചയായും. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന്, ദൈവരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായെന്ന് യഹോവയുടെ അഭിഷിക്ത ദാസന്മാർ തിരിച്ചറിഞ്ഞു. കൂടുതൽ രാജ്യ അവകാശികൾ, അല്ലെങ്കിൽ ‘സഹോദരന്മാർ’ കൂട്ടിച്ചേർക്കപ്പെടേണ്ടതുണ്ടെന്നു ക്രമമായ ബൈബിൾ പഠനത്തിൽനിന്ന് അവർ മനസ്സിലാക്കി. അഭിഷിക്ത ശേഷിപ്പിന്റെ ഭാവി അംഗങ്ങളെ തേടി നിർഭയരായ ശുശ്രൂഷകർ ലഭ്യമായ എല്ലാ സഞ്ചാരമാർഗങ്ങളും ഉപയോഗിച്ച് ‘ഭൂമിയുടെ അററത്തോളം’ യാത്ര ചെയ്തു. അവരെ കണ്ടെത്തിയപ്പോൾ ഈ അഭിഷിക്തർ യഹോവയ്ക്ക് വഴിപാടായി അവരെ അർപ്പിച്ചു.—പ്രവൃത്തികൾ 1:8.
15 ആദിമ വർഷങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ട അഭിഷിക്തർ ബൈബിൾ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനത്തിലേക്കു വരുന്നതിനു മുമ്പുള്ള തങ്ങളുടെ അതേ അവസ്ഥയിൽ യഹോവ തങ്ങളെ സ്വീകരിക്കുമെന്നു പ്രതീക്ഷിച്ചില്ല. ‘വെടിപ്പുള്ള പാത്രങ്ങളിലെ വഴിപാട്’ ആയി അല്ലെങ്കിൽ പൗലൊസ് അപ്പൊസ്തലൻ പ്രസ്താവിച്ചതു പോലെ ‘ക്രിസ്തുവിനുള്ള നിർമലകന്യകയായി’ തങ്ങളെത്തന്നെ സമർപ്പിക്കാൻ ആത്മീയവും ധാർമികവുമായ മാലിന്യങ്ങൾ കഴുകിക്കളഞ്ഞ് ശുദ്ധരാകാനുള്ള പടികൾ അവർ സ്വീകരിച്ചു. (2 കൊരിന്ത്യർ 11:2) ഉപദേശപരമായ തെറ്റുകൾ വർജിക്കുന്നതിനു പുറമേ, ലോകത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ കർശനമായ നിഷ്പക്ഷത പാലിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിക്കേണ്ടിയിരുന്നു. 1931-ൽ, തന്റെ ദാസന്മാർ ഉചിതമായ അളവോളം ശുദ്ധീകരിക്കപ്പെട്ടപ്പോൾ യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ തന്റെ നാമം വഹിക്കാനുള്ള പദവി യഹോവ അവർക്കു കരുണാപൂർവം നൽകി. (യെശയ്യാവു 43:10-12) എന്നാൽ, ഏത് വിധത്തിലാണ് യഹോവ ചിലരെ ‘പുരോഹിതന്മാരായി’ എടുത്തത്? ഒരു കൂട്ടമെന്ന നിലയിൽ, ഈ അഭിഷിക്തർ ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുന്ന ഒരു “രാജകീയപുരോഹിതവർഗ്ഗ”ത്തിന്റെയും “വിശുദ്ധവംശ”ത്തിന്റെയും ഭാഗമായിത്തീർന്നു.—1 പത്രൊസ് 2:9; യെശയ്യാവു 54:1; എബ്രായർ 13:15.
കൂട്ടിച്ചേർപ്പ് തുടരുന്നു
16, 17. ഒന്നാം ലോകയുദ്ധത്തിനു ശേഷം ആരാണ് “നിങ്ങളുടെ സന്തതി”?
16 ആ “രാജകീയപുരോഹിതവർഗ്ഗ”ത്തിന്റെ പൂർണ സംഖ്യ 1,44,000 ആണ്. കാലക്രമത്തിൽ അവരുടെ കൂട്ടിച്ചേർപ്പ് പൂർത്തിയായി. (വെളിപ്പാടു 7:1-8; 14:1) കൂട്ടിച്ചേർക്കൽ വേലയുടെ അവസാനമായിരുന്നോ അത്? അല്ല. യെശയ്യാവിന്റെ പ്രവചനം തുടരുന്നു: “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 66:22) ആ വാക്കുകളുടെ ആദ്യ നിവൃത്തിയിൽ, ബാബിലോണിയൻ പ്രവാസത്തിൽനിന്നു മടങ്ങിവരുന്ന യഹൂദന്മാർ കുട്ടികളെ വളർത്താൻ തുടങ്ങും. അങ്ങനെ, പുതിയ യഹൂദ ഭരണവ്യവസ്ഥയായ “പുതിയ ആകാശ”ത്തിനു കീഴിലുള്ള പുനഃസ്ഥിതീകരിക്കപ്പെട്ട യഹൂദ ശേഷിപ്പായ “പുതിയ ഭൂമി” ഉറപ്പായി സ്ഥാപിക്കപ്പെടും. എന്നാൽ, ആ പ്രവചനത്തിനു നമ്മുടെ നാളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായിരുന്നിട്ടുണ്ട്.
17 ആത്മീയ സഹോദരന്മാരുടെ ജനത ഉത്പാദിപ്പിക്കുന്ന “സന്തതി”യാണ് “മഹാപുരുഷാരം.” അവർക്കു ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയാണ് ഉള്ളത്. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” വരുന്ന അവർ “സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ” നിൽക്കുന്നു. ഇവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” (വെളിപ്പാടു 7:9-14; 22:17) ഇന്ന് “മഹാപുരുഷാരം” ആത്മീയ അന്ധകാരത്തിൽനിന്ന് യഹോവ നൽകുന്ന വെളിച്ചത്തിലേക്കു തിരിയുകയാണ്. അവർ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുകയും തങ്ങളുടെ അഭിഷിക്ത സഹോദരീസഹോദരന്മാരെ പോലെ, ആത്മീയവും ധാർമികവുമായി ശുദ്ധിയുള്ളവരായി നിലകൊള്ളാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു. ഒരു കൂട്ടമെന്ന നിലയിൽ ക്രിസ്തുവിന്റെ മാർഗനിർദേശത്തിനു കീഴിൽ സേവിക്കുന്ന അവർ എന്നേക്കും “നിലനില്ക്കും”!—സങ്കീർത്തനം 37:11, 29.
18. (എ) മഹാപുരുഷാരത്തിൽ പെട്ടവർ തങ്ങളുടെ അഭിഷിക്ത സഹോദരന്മാരെ പോലെ തങ്ങളുടെ നടത്ത സൂക്ഷിച്ചിരിക്കുന്നത് എങ്ങനെ? (ബി) അഭിഷിക്തരും അവരുടെ സഹകാരികളും “അമാവാസിതോറും ശബ്ബത്തുതോറും” യഹോവയെ ആരാധിക്കുന്നത് ഏതു വിധത്തിൽ?
18 ധാർമികവും ആത്മീയവുമായി ശുദ്ധരായി നിലകൊള്ളുന്നത് വളരെ പ്രധാനമായിരിക്കെ, യഹോവയെ പ്രസാദിപ്പിക്കാൻ അതിലുമധികം ആവശ്യമാണെന്നു ഭൗമിക പ്രത്യാശയുള്ള കഠിനാധ്വാനികളായ ഈ സ്ത്രീപുരുഷന്മാർക്ക് അറിയാം. കൂട്ടിച്ചേർക്കൽ വേല ത്വരിതഗതിയിൽ നടക്കുകയാണ്, അതിൽ ഒരു പങ്കുണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നു. അവരെ കുറിച്ച് വെളിപ്പാടു പുസ്തകം പ്രവചിക്കുന്നു: “അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു.” (വെളിപ്പാടു 7:15) യെശയ്യാ പ്രവചനത്തിലെ അവസാനത്തേതിനു മുമ്പുള്ള വാക്യത്തെ ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: “പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 66:23) അത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. “അമാവാസിതോറും ശബ്ബത്തുതോറും,” അതായത് മാസംതോറും ഓരോ ആഴ്ചയിലും പതിവായി, അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ സഹകാരികളായ മഹാപുരുഷാരവും യഹോവയെ ആരാധിക്കാൻ കൂടിവരുകയാണ്. മറ്റു കാര്യങ്ങളോടൊപ്പം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും പരസ്യശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും അവർ ഇതു ചെയ്യുന്നു. പതിവായി ‘യഹോവയുടെ സന്നിധിയിൽ നമസ്കരിക്കുന്നവരിൽ’ ഒരാളാണോ നിങ്ങൾ? യഹോവയുടെ ജനം അതിൽ വലിയ സന്തോഷം കണ്ടെത്തുന്നു, നിത്യതയിലെങ്ങും “സകലജഡവും”—ജീവനുള്ള സകല മനുഷ്യരും—യഹോവയെ സേവിക്കുന്ന കാലത്തിനായി മഹാപുരുഷാരത്തിൽ പെട്ടവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ദൈവത്തിന്റെ ശത്രുക്കളുടെ അവസാനം
19, 20. ബൈബിൾ കാലങ്ങളിൽ ഗീഹെന്നാ എന്ത് ഉദ്ദേശ്യത്തിന് ഉതകി, അത് എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
19 യെശയ്യാ പ്രവചനത്തിന്റെ പഠനത്തിൽ ഒരു വാക്യം കൂടി അവശേഷിച്ചിരിക്കുന്നു. ആ പുസ്തകം പിൻവരുന്ന വാക്കുകളോടെ അവസാനിക്കുന്നു: “അവർ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവർ സകലജഡത്തിന്നും അറെപ്പായിരിക്കും.” (യെശയ്യാവു 66:24) ജീവിതം ലളിതമാക്കി നിറുത്താനും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാനും ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചപ്പോൾ യേശുവിന് ഒരുപക്ഷേ ഈ പ്രവചനം ആയിരിക്കാം മനസ്സിൽ ഉണ്ടായിരുന്നത്. അവൻ പറഞ്ഞു: “നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒററക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടു കണ്ണുളളവനായി അഗ്നിനരകത്തിൽ [“ഗീഹെന്നായിൽ,” NW] വീഴുന്നതിനെക്കാൾ നിനക്കു നല്ലു. അവിടെ അവരുടെ പുഴു ചാകുന്നില്ല.”—മർക്കൊസ് 9:47, 48; മത്തായി 5:29, 30; 6:33.
20 ഗീഹെന്നാ എന്നു വിളിക്കപ്പെടുന്ന ഈ സ്ഥലം എന്താണ്? നൂറ്റാണ്ടുകൾക്കു മുമ്പ് യഹൂദ പണ്ഡിതനായ ഡേവിഡ് കിംച്ചി ഇങ്ങനെ എഴുതി: “അത് യെരൂശലേമിനോടു ചേർന്നുള്ള . . . ഒരു സ്ഥലമാണ്. അറപ്പുളവാക്കുന്ന ഒരു സ്ഥലം. ആളുകൾ അവിടേക്ക് അശുദ്ധ വസ്തുക്കളും ശവശരീരങ്ങളും വലിച്ചെറിയുന്നു. അശുദ്ധ വസ്തുക്കളും ശവങ്ങളുടെ അസ്ഥികളും കത്തിക്കുന്നതിന് അവിടെ എപ്പോഴും തീ ഉണ്ടായിരുന്നു. അതിനാൽ, ദുഷ്ടന്മാർക്ക് ലഭിക്കുന്ന ശിക്ഷയെ പ്രതീകാത്മകമായി ഗിഹിന്നോം എന്നു വിളിക്കുന്നു.” ഈ യഹൂദ പണ്ഡിതൻ സൂചിപ്പിക്കുന്നതു പോലെ, അവശിഷ്ടങ്ങളും മാന്യമായ ശവസംസ്കാരത്തിന് അർഹരല്ലാത്തവരുടെ ശവശരീരങ്ങളും തള്ളാൻ ഉപയോഗിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ഗീഹെന്നാ എങ്കിൽ, അത്തരം അവശിഷ്ടങ്ങൾ ദഹിപ്പിക്കാൻ അനുയോജ്യമായ ഒന്നായിരുന്നു തീ. തീ ദഹിപ്പിക്കാത്തതിനെ പുഴുക്കൾ നശിപ്പിക്കുമായിരുന്നു. ദൈവത്തിന്റെ സകല ശത്രുക്കൾക്കും വരാനിരിക്കുന്ന അന്ത്യത്തിന്റെ എത്ര ഉചിതമായ ചിത്രം!b
21. ആരെ സംബന്ധിച്ചിടത്തോളം യെശയ്യാവിന്റെ പുസ്തകം പ്രത്യാശാനിർഭരമായ ഒരു സന്ദേശത്തോടെ അവസാനിക്കുന്നു, എന്തുകൊണ്ട്?
21 ശവങ്ങളെയും തീയെയും പുഴുക്കളെയും കുറിച്ചു പരാമർശിച്ചിരിക്കുന്നതിനാൽ, യെശയ്യാവിന്റെ ആവേശജനകമായ പ്രവചനം ഭയാനകമായ ഒരു സന്ദേശത്തോടെ അവസാനിക്കുന്നു എന്നതു സത്യമല്ലേ? ദൈവത്തിന്റെ ബദ്ധശത്രുക്കൾ നിസ്സംശയമായും അങ്ങനെ ചിന്തിക്കും. എന്നാൽ ദൈവത്തിന്റെ സ്നേഹിതരെ സംബന്ധിച്ചിടത്തോളം, ദുഷ്ടന്മാരുടെ നിത്യനാശത്തെ കുറിച്ചുള്ള യെശയ്യാവിന്റെ വിവരണം അത്യന്തം സന്തോഷകരമാണ്. തങ്ങളുടെ ശത്രുക്കൾ മേലാൽ വിജയിക്കുകയില്ല എന്ന ഉറപ്പ് യഹോവയുടെ ജനത്തിന് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ദൈവത്തിന്റെ ആരാധകരെ കഷ്ടപ്പെടുത്തുകയും അവന്റെ നാമത്തിന്മേൽ നിന്ദ വരുത്തുകയും ചെയ്ത ആ ശത്രുക്കൾ നിത്യമായി നശിപ്പിക്കപ്പെടും. “കഷ്ടത രണ്ടുപ്രാവശ്യം [“രണ്ടാം പ്രാവശ്യം,” NW] പൊങ്ങിവരികയില്ല.”—നഹൂം 1:9.
22, 23. (എ) യെശയ്യാ പുസ്തകത്തിന്റെ പഠനത്തിൽനിന്നു നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ചില പ്രയോജനങ്ങൾ വശദീകരിക്കുക. (ബി) യെശയ്യാ പുസ്തകം പഠിച്ചുകഴിഞ്ഞ സ്ഥിതിക്ക്, നിങ്ങളുടെ ദൃഢനിശ്ചയം എന്താണ്, എന്താണു നിങ്ങളുടെ പ്രത്യാശ?
22 യെശയ്യാ പുസ്തകത്തിന്റെ പഠനം സമാപിക്കവേ, കേവലം മൃതമായ ചരിത്രമല്ല ഈ ബൈബിൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത് എന്ന വസ്തുത നാം തീർച്ചയായും മനസ്സിലാക്കുന്നു. നേരെ മറിച്ച്, നമുക്കായി അതിൽ ഒരു സന്ദേശമുണ്ട്. യെശയ്യാവ് ജീവിച്ച അന്ധകാര കാലഘട്ടത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, അതും നമ്മുടെ കാലഘട്ടവും തമ്മിലുള്ള സാമ്യങ്ങൾ നമുക്കു കാണാനാകും. രാഷ്ട്രീയ അശാന്തിയും മതകാപട്യവും നീതിന്യായ വ്യവസ്ഥയിലെ അഴിമതിയും വിശ്വസ്തരുടെയും ദരിദ്രരുടെയും മേലുള്ള ദ്രോഹവും യെശയ്യാവിന്റെ കാലത്തെയും നമ്മുടെ കാലത്തെയും പ്രത്യേകതയാണ്. പൊ.യു.മു. ആറാം നൂറ്റാണ്ടിലെ വിശ്വസ്ത യഹൂദന്മാർ യെശയ്യാവിന്റെ പ്രവചനത്തോട് നന്ദിയുള്ളവർ ആയിരുന്നിരിക്കണം, ആ പ്രവചന പുസ്തകത്തിന്റെ പഠനം നമുക്കും ആശ്വാസം പകരുന്നു.
23 അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്ന ഈ നിർണായക നാളുകളിൽ, യെശയ്യാവ് മുഖാന്തരം യഹോവ മനുഷ്യവർഗത്തിനു വെളിച്ചം പ്രദാനം ചെയ്തിരിക്കുന്നതിൽ നാമെല്ലാം അതീവ കൃതജ്ഞതയുള്ളവരാണ്! ദേശമോ വംശമോ ഏതായിരുന്നാലും, മുഴുഹൃദയാ ആ ആത്മീയ വെളിച്ചം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതു നിത്യജീവനെ അർഥമാക്കുന്നു. (പ്രവൃത്തികൾ 10:34, 35) അതിനാൽ, ദൈവവചനം ദിവസവും വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും അതിലെ സന്ദേശത്തെ ആഴമായി വിലമതിക്കുകയും ചെയ്തുകൊണ്ട് നമുക്ക് അതിന്റെ വെളിച്ചത്തിൽ നടക്കുന്നതിൽ തുടരാം. അതു നമ്മുടെ നിത്യാനുഗ്രഹത്തിലും യഹോവയുടെ വിശുദ്ധ നാമത്തിന്റെ മഹത്ത്വീകരണത്തിലും കലാശിക്കും!
[അടിക്കുറിപ്പുകൾ]
a ബാബിലോണിയർ യെരൂശലേമിനെ നശിപ്പിച്ചു കഴിഞ്ഞപ്പോഴത്തെ അവസ്ഥയെ കുറിച്ച് “ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും” കുറിച്ചു യിരെമ്യാവു 52:15 പറയുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) ഇതേക്കുറിച്ച് തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) അതിന്റെ 1-ാം വാല്യത്തിന്റെ 415-ാം പേജിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “‘നഗരത്തിൽ ശേഷിച്ചിരുന്ന’ എന്ന പ്രയോഗം പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നത് നിരവധി ആളുകൾ ക്ഷാമത്താലും രോഗത്താലും അഗ്നിയാലും മരിച്ചുവെന്ന് അല്ലെങ്കിൽ യുദ്ധത്തിൽ വധിക്കപ്പെട്ടുവെന്നാണ്.”
b ജീവനുള്ളവരെ അല്ല, മറിച്ച് ശവങ്ങളാണ് ഗീഹെന്നായിൽ ദഹിപ്പിച്ചിരുന്നത് എന്നതിനാൽ അതു നിത്യദണ്ഡനത്തിന്റെ ഒരു പ്രതീകമല്ല.
[409-ാം പേജിലെ ചതുരം]
സകല ജാതികളിൽനിന്നും യഹോവയ്ക്കുള്ള അഭിഷിക്ത വഴിപാടുകൾ
ഹ്വാൻ മ്യൂണിസ്, 1920-ൽ ഐക്യനാടുകളിൽനിന്നു സ്പെയിനിലും തുടർന്ന് അർജന്റീനയിലും എത്തി അവിടങ്ങളിൽ അഭിഷിക്തരുടെ സഭകൾ സംഘടിപ്പിച്ചു. 1923 മുതലുള്ള വർഷങ്ങളിൽ, മിഷനറിയായിരുന്ന വില്യം ആർ. ബ്രൗൺ (ബൈബിൾ ബ്രൗൺ എന്ന് മിക്കപ്പോഴും വിളിക്കപ്പെട്ടിരുന്നു) സിയെറാ ലിയോൺ, ഘാന, ലൈബീരിയ, ഗാംബിയ, നൈജീരിയ എന്നിവിടങ്ങളിൽ രാജ്യസന്ദേശം പ്രസംഗിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ പശ്ചിമാഫ്രിക്കയിലുള്ള ആത്മാർഥഹൃദയരുടെമേൽ സത്യത്തിന്റെ വെളിച്ചം പ്രകാശിക്കാൻ തുടങ്ങി. അതേ വർഷം, രാജ്യസന്ദേശം പ്രചരിപ്പിക്കാൻ കാനഡക്കാരനായ ജോർജ് യങ് ബ്രസീലിലേക്കു പോകുകയും അവിടെനിന്ന് അർജന്റീന, കോസ്റ്ററിക്ക, പാനമ, വെനെസ്വേല, സോവിയറ്റ് യൂണിയൻ എന്നിവിടങ്ങളിൽ എത്തുകയും ചെയ്തു. അതേ കാലത്തുതന്നെ, എഡ്വിൻ സ്കിന്നർ ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്കു കപ്പലിൽ യാത്ര തിരിക്കുകയും അവിടത്തെ കൊയ്ത്തുവേലയിൽ നിരവധി വർഷങ്ങളോളം കഠിനമായി അധ്വാനിക്കുകയും ചെയ്തു.
[411-ാം പേജിലെ ചിത്രം]
പെന്തെക്കൊസ്തിലെ ചില യഹൂദന്മാർ ‘സകല ജാതികളുടെയും ഇടയിൽനിന്നു കൊണ്ടുവരപ്പെട്ട സഹോദരന്മാർ’ ആയിരുന്നു
[413-ാം പേജിലെ ചിത്രം]