അധ്യായം പതിനൊന്ന്
മത്സരികൾക്ക് അയ്യോ കഷ്ടം!
1. എത്ര ഗുരുതരമായ തെറ്റാണ് യൊരോബെയാം ചെയ്തത്?
യഹോവയുടെ ഉടമ്പടിജനത രണ്ടു രാജ്യങ്ങളായി പിരിഞ്ഞപ്പോൾ, പത്തു-ഗോത്ര വടക്കേ രാജ്യം യൊരോബെയാമിന്റെ ഭരണത്തിൻ കീഴിലായി. ആ പുതിയ രാജാവ് പ്രാപ്തനും ഊർജസ്വലനുമായ ഒരു ഭരണാധിപൻ ആയിരുന്നെങ്കിലും, അവന് യഹോവയിൽ യഥാർഥ വിശ്വാസം ഇല്ലായിരുന്നു. തന്നിമിത്തം അവൻ കൊടിയ തെറ്റുകൾ ചെയ്യുകയും അങ്ങനെ വടക്കേ രാജ്യത്തിന്റെ മുഴു ചരിത്രത്തെയും കളങ്കപ്പെടുത്തുകയും ചെയ്തു. വർഷത്തിൽ മൂന്നു പ്രാവശ്യം യെരൂശലേമിലുള്ള ആലയത്തിൽ പോകണമെന്നു മോശൈക ന്യായപ്രമാണം ഇസ്രായേല്യരോട് ആവശ്യപ്പെട്ടിരുന്നു. (ആവർത്തനപുസ്തകം 16:16) യെരൂശലേം ഇപ്പോൾ തെക്കേ രാജ്യമായ യഹൂദയുടെ ഭാഗമാണ്. ആലയത്തിലേക്കുള്ള അത്തരം യാത്രകൾ യഹൂദയിലെ തങ്ങളുടെ സഹോദരന്മാരുമായി വീണ്ടും ലയിക്കുന്നതിനെ കുറിച്ചു ചിന്തിക്കാൻ തന്റെ പ്രജകളെ പ്രേരിപ്പിക്കുമെന്നു ഭയപ്പെട്ട യൊരോബെയാം “പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു. അവൻ ഒന്നിനെ ബേഥേലിലും മറേറതിനെ ദാനിലും പ്രതിഷ്ഠിച്ചു.”—1 രാജാക്കന്മാർ 12:28, 29.
2, 3. യൊരോബെയാമിന്റെ തെറ്റു നിമിത്തം ഇസ്രായേൽ അനുഭവിക്കേണ്ടിവന്ന ദുരന്തഫലങ്ങൾ എന്തെല്ലാം?
2 കുറെ കാലത്തേക്ക് യൊരോബെയാമിന്റെ പദ്ധതി വിജയിക്കുന്നതായി തോന്നി. ജനങ്ങൾ ക്രമേണ യെരൂശലേമിലേക്കുള്ള പോക്ക് നിറുത്തി, അവർ യൊരോബെയാം ഉണ്ടാക്കിയ രണ്ട് കാളക്കുട്ടികളെ ആരാധിക്കാൻ തുടങ്ങി. (1 രാജാക്കന്മാർ 12:30) വിശ്വാസത്യാഗപരമായ അത്തരം ആരാധനാരീതി പത്തു-ഗോത്ര രാജ്യത്തെ ദുഷിപ്പിച്ചു. പിൽക്കാല വർഷങ്ങളിൽ, ഇസ്രായേലിൽനിന്ന് ബാൽ ആരാധന തുടച്ചുനീക്കാൻ ശ്ലാഘനീയമായ ശുഷ്കാന്തി കാട്ടിയ യേഹൂ പോലും ഈ പൊൻകാളക്കുട്ടികളെ വണങ്ങുന്നതിൽ തുടർന്നു. (2 രാജാക്കന്മാർ 10:28, 29) യൊരോബെയാമിന്റെ തെറ്റായ തീരുമാനത്തിന്റെ മറ്റു ദുരന്തഫലങ്ങൾ എന്തെല്ലാമായിരുന്നു? ദേശത്ത് രാഷ്ട്രീയ അസ്ഥിരത നിലനിന്നു, ആളുകൾ ദുരിതമനുഭവിച്ചു.
3 യൊരോബെയാം വിശ്വാസത്യാഗി ആയിത്തീർന്നതിനാൽ, അവന്റെ സന്തതി ദേശം ഭരിക്കുകയില്ലെന്നും ഒടുവിൽ വടക്കേ രാജ്യം വൻദുരന്തത്തെ അഭിമുഖീകരിക്കുമെന്നും യഹോവ പറഞ്ഞു. (1 രാജാക്കന്മാർ 14:14, 15) യഹോവയുടെ വചനം സത്യമെന്നു തെളിഞ്ഞു. ഇസ്രായേലിലെ രാജാക്കന്മാരിൽ ഏഴു പേർ രണ്ടു വർഷം അല്ലെങ്കിൽ അതിൽ കുറഞ്ഞ സമയമാണു ഭരണം നടത്തിയത്, ചിലർ ഏതാനും ദിവസങ്ങൾ മാത്രവും. ഒരു രാജാവ് ആത്മഹത്യ ചെയ്തു, ആറു പേരെ അധികാര മോഹികളായ ആളുകൾ കൊലപ്പെടുത്തി. പൊ.യു.മു. ഏകദേശം 804-ൽ അവസാനിച്ച യൊരോബെയാം രണ്ടാമന്റെ വാഴ്ചയ്ക്കു ശേഷം, യഹൂദയിൽ ഉസ്സീയാവ് രാജാവായി ഭരിക്കുമ്പോൾ ഇസ്രായേലിൽ അശാന്തിയും അക്രമവും നടമാടി, ഒപ്പം കൊലപാതകങ്ങളും അരങ്ങേറി. അത്തരമൊരു സാഹചര്യത്തിലാണ് വടക്കേ രാജ്യത്തിന് യെശയ്യാവ് മുഖാന്തരം യഹോവ നേരിട്ടുള്ള ഒരു മുന്നറിയിപ്പ് അഥവാ “വചനം” നൽകുന്നത്. “കർത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.”—യെശയ്യാവു 9:8.a
ഡംഭും ഗർവവും യഹോവയുടെ ക്രോധം വിളിച്ചുവരുത്തുന്നു
4. ഇസ്രായേലിനെതിരെ യഹോവ അയയ്ക്കുന്ന “വചനം” എന്ത്, അത് അയയ്ക്കുന്നത് എന്തിന്?
4 യഹോവയുടെ “വചനം” അവഗണിക്കപ്പെടുകയില്ല. “ഡംഭത്തോടും ഹൃദയഗർവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.” (യെശയ്യാവു 9:10) ‘യാക്കോബ്,’ ‘യിസ്രായേൽ,’ ‘എഫ്രയീം,’ ‘ശമര്യ’ എന്നീ പേരുകളെല്ലാം വടക്കേ രാജ്യമായ ഇസ്രായേലിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. അതിൽ പ്രധാന ഗോത്രം എഫ്രയീം ആണ്, ശമര്യ തലസ്ഥാനവും. ആ രാജ്യത്തിനെതിരായ യഹോവയുടെ വചനം ശക്തമായ ഒരു ന്യായവിധി സന്ദേശമാണ്. കാരണം, വിശ്വാസത്യാഗത്താൽ എഫ്രയീമിന്റെ മനം തഴമ്പിച്ചുപോകുകയും യഹോവയുടെ നേർക്ക് അവർ അങ്ങേയറ്റം ഗർവോടെ പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. ദുഷ്പ്രവൃത്തികളുടെ അനന്തരഫലങ്ങളിൽനിന്നു ദൈവം അവരെ രക്ഷിക്കുകയില്ല. ദൈവവചനം കേൾക്കാൻ, അല്ലെങ്കിൽ അതിനു ചെവി കൊടുക്കാൻ അവർ നിർബന്ധിതരാകും.—ഗലാത്യർ 6:7.
5. യഹോവയുടെ ന്യായത്തീർപ്പുകൾക്കു തങ്ങളുടെമേൽ യാതൊരു പ്രഭാവവും ഇല്ലെന്ന് ഇസ്രായേല്യർ പ്രകടമാക്കുന്നത് എങ്ങനെ?
5 സാധാരണഗതിയിൽ, മണ്ണിഷ്ടികയും വിലകുറഞ്ഞ തടിയും ഉപയോഗിച്ചാണ് അന്നു വീടുകൾ പണിതിരുന്നത്. സമൂഹത്തിലെ അവസ്ഥകൾ വഷളാകുന്നതോടെ ആളുകൾക്കു തങ്ങളുടെ ഭവനങ്ങൾ ഉൾപ്പെടെ പലതും നഷ്ടമാകുന്നു. തത്ഫലമായി അവരുടെ ഹൃദയകാഠിന്യം കുറയുന്നുണ്ടോ? സത്യദൈവത്തിന്റെ പ്രവാചകന്മാർക്കു ചെവികൊടുത്ത് അവർ അവനിലേക്കു മടങ്ങിവരുമോ?b ജനത്തിന്റെ ഗർവിഷ്ഠമായ പ്രതികരണം യെശയ്യാവ് രേഖപ്പെടുത്തുന്നു: “ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവെക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും.” (യെശയ്യാവു 9:9) ഇസ്രായേല്യർ യഹോവയെ ധിക്കരിക്കുകയും അവരുടെ കഷ്ടതകളുടെ കാരണം വിശദമാക്കുന്ന പ്രവാചകന്മാരെ തള്ളിക്കളയുകയും ചെയ്യുന്നു. ഫലത്തിൽ, ആളുകൾ പറയുന്നത് ഇങ്ങനെയാണ്: ‘മണ്ണിഷ്ടികയും വിലകുറഞ്ഞ തടിയും കൊണ്ട് ഉണ്ടാക്കിയ വീടുകൾ ഞങ്ങൾക്കു നഷ്ടപ്പെട്ടേക്കാം. എന്നാൽ, അതിന്റെ സ്ഥാനത്ത് മേൽത്തരം വസ്തുക്കൾകൊണ്ട്, വെട്ടിയെടുത്ത കല്ലുകൊണ്ടും ദേവദാരുമരം കൊണ്ടും, ഞങ്ങൾ വളരെ നല്ല വീടുകൾ പണിയും!’ (ഇയ്യോബ് 4:19 താരതമ്യം ചെയ്യുക.) അവരുടെ ഈ മനോഭാവം നിമിത്തം യഹോവയ്ക്ക് അവരെ ശിക്ഷിക്കുകയല്ലാതെ നിർവാഹമില്ല.—യെശയ്യാവു 48:22 താരതമ്യം ചെയ്യുക.
6. യഹൂദയ്ക്ക് എതിരെയുള്ള അരാമ്യ-ഇസ്രായേല്യ ഗൂഢപദ്ധതിയെ യഹോവ തകർക്കുന്നത് എങ്ങനെ?
6 യെശയ്യാവ് തുടരുന്നു: ‘യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയർത്തും.’ (യെശയ്യാവു 9:11എ) ഇസ്രായേല്യ രാജാവായ പേക്കഹും അരാമ്യ രാജാവായ രെസീനും സഖ്യം ചേർന്നിരിക്കുകയാണ്. രണ്ടു-ഗോത്ര രാജ്യമായ യഹൂദയെ കീഴടക്കി തങ്ങളുടെ ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഒരു രാജാവിനെ, ‘രെമല്യാവിന്റെ മകനായ’ ഒരുത്തനെ, യെരൂശലേമിൽ യഹോവയുടെ സിംഹാസനത്തിൽ വാഴിക്കാൻ അവർ ആസൂത്രണം ചെയ്യുകയാണ്. (യെശയ്യാവു 7:6) എന്നാൽ അവരുടെ ഗൂഢപദ്ധതി പൊളിയും. രെസീന്റെ ശത്രുക്കൾ വളരെ പ്രബലരാണ്. യഹോവ ഈ ശത്രുക്കളെ “അവന്റെ” അതായത്, ഇസ്രായേലിന്റെ നേരെ, ‘ഉയർത്തും.’ ഇവിടെ ‘ഉയർത്തും’ എന്ന പദത്തിന്റെ അർഥം സഖ്യത്തെയും അവരുടെ ലക്ഷ്യങ്ങളെയും തകർക്കുന്ന വിധത്തിൽ യുദ്ധം നടത്താൻ അവരെ ഉപയോഗിക്കും എന്നാണ്.
7, 8. സിറിയയുടെ മേലുള്ള അസീറിയയുടെ ജയം ഇസ്രായേലിനെ എങ്ങനെ ബാധിച്ചു?
7 അശ്ശൂർ (അസീറിയ) അരാമ്യയെ (സിറിയ) ആക്രമിക്കുമ്പോൾ ഈ സഖ്യം തകരാൻ തുടങ്ങുന്നു. “അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.” (2 രാജാക്കന്മാർ 16:9) ശക്തമായ സഖ്യം നഷ്ടപ്പെട്ട പേക്കഹ്, യഹൂദയെ സംബന്ധിച്ചുള്ള തന്റെ ആസൂത്രണങ്ങൾ വിഫലമാകുന്നതായി മനസ്സിലാക്കുന്നു. വാസ്തവത്തിൽ, രെസീന്റെ മരണശേഷം പെട്ടെന്നുതന്നെ ഹോശേയ എന്നയാൾ പേക്കഹിനെ വധിച്ച് ശമര്യയിൽ രാജാവായി വാഴുന്നു.—2 രാജാക്കന്മാർ 15:23-25, 30.
8 മുമ്പ് ഇസ്രായേൽ സഖ്യം കൂടിയിരുന്ന സിറിയ ഇപ്പോൾ, ആ പ്രദേശത്തെ പ്രമുഖ ശക്തിയായ അസീറിയയുടെ കീഴിൽ ഒരു സാമന്ത രാജ്യമാണ്. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെ യഹോവ എങ്ങനെ ഉപയോഗിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “[യഹോവ] അവന്റെ [ഇസ്രായേലിന്റെ] ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു. അരാമ്യർ കിഴക്കും ഫെലിസ്യർ [ഫെലിസ്ത്യർ] പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.” (യെശയ്യാവു 9:11, 12) അതേ, സിറിയ ഇപ്പോൾ ഇസ്രായേലിന്റെ ശത്രുവാണ്. അസീറിയയുടെയും സിറിയയുടെയും ഒത്തുചേർന്നുള്ള ആക്രമണത്തെ നേരിടാൻ ഇസ്രായേൽ ഇപ്പോൾ തയ്യാറെടുക്കണം. അവരുടെ ആക്രമണം വിജയിക്കുന്നു. ഭീമമായ തുക കപ്പം വാങ്ങിക്കൊണ്ട് അസീറിയ, ഇസ്രായേലിൽ അധികാരം തട്ടിയെടുത്ത ഹോശേയയെ തന്റെ ദാസനാക്കുന്നു. (ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ്, ഇസ്രായേലിലെ മെനഹേം രാജാവിൽനിന്ന് അസീറിയ വലിയൊരു തുക കപ്പം വാങ്ങിയിരുന്നു.) ‘അന്യജാതികൾ അവന്റെ [എഫ്രയീമിന്റെ] ബലം തിന്നുകളഞ്ഞിരിക്കുന്നു’ എന്ന ഹോശേയ പ്രവാചകന്റെ വാക്കുകൾ എത്ര സത്യമാണ്!—ഹോശേയ 7:9; 2 രാജാക്കന്മാർ 15:19, 20; 17:1-3.
9. ഫെലിസ്ത്യർ ‘പടിഞ്ഞാറുനിന്ന്’ ആക്രമിക്കുന്നു എന്നു പറയുന്നത് എന്തുകൊണ്ട്?
9 ഫെലിസ്ത്യർ ‘പടിഞ്ഞാറുനിന്ന്’ ആക്രമിക്കുമെന്നും യെശയ്യാവ് പറയുന്നു. ഇവിടെ യെശയ്യാവു 9:12-ൽ പരാമർശിച്ചിരിക്കുന്ന ‘യിസ്രായേ’ലിൽ യഹൂദയും ഉൾപ്പെട്ടിരിക്കാം. കാരണം, പേക്കഹിന്റെ സമകാലികനായ ആഹാസിന്റെ വാഴ്ചക്കാലത്ത് ഫെലിസ്ത്യർ യഹൂദയെ ആക്രമിച്ച് അവിടത്തെ നിരവധി നഗരങ്ങളെയും ശക്തിദുർഗങ്ങളെയും പിടിച്ചടക്കുന്നു. വടക്കുള്ള എഫ്രയീമിനെ പോലെ, യഹൂദയ്ക്കും യഹോവയിൽ നിന്നുള്ള ശിക്ഷണ നടപടി ആവശ്യമാണ്. കാരണം, യഹൂദയിലും വിശ്വാസത്യാഗം നടമാടുകയാണ്.—2 ദിനവൃത്താന്തം 28:1-4, 18, 19.
‘തല മുതൽ വാൽ’ വരെ—മത്സരികളായ ഒരു ജനത
10, 11. ഇസ്രായേലിന്റെ നിരന്തര മത്സരം ഹേതുവായി അവരുടെമേൽ യഹോവ എന്തു ശിക്ഷ വരുത്തും?
10 വളരെ യാതനകൾ അനുഭവിക്കുകയും യഹോവയുടെ പ്രവാചകന്മാരുടെ ശക്തമായ പ്രഖ്യാപനങ്ങൾ കേൾക്കേണ്ടിവരുകയും ചെയ്തിട്ടും വടക്കേ രാജ്യം യഹോവയോടു മത്സരിക്കുന്നതിൽ തുടരുന്നു. “എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.” (യെശയ്യാവു 9:13) അതിനാൽ പ്രവാചകൻ ഇങ്ങനെ പറയുന്നു: “യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നേ ഛേദിച്ചുകളയും. മൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ. ഈ ജനത്തെ നടത്തുന്നവർ അവരെ തെററിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.”—യെശയ്യാവു 9:14-16.
11 “തലയും” “പനമ്പട്ടയും” ‘മൂപ്പനെയും മാന്യപുരുഷനെയും’—ജനനേതാക്കന്മാരെ—സൂചിപ്പിക്കുന്നു. “വാലും” “പോട്ടപ്പുല്ലും” തങ്ങളുടെ നേതാക്കന്മാർക്കു രസിക്കുന്ന വചനങ്ങൾ ഘോഷിക്കുന്ന കള്ളപ്രവാചകന്മാരെ കുറിക്കുന്നു. ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ എഴുതുന്നു: “കള്ളപ്രവാചകന്മാരെ വാൽ എന്നു വിളിച്ചിരിക്കുന്നത് അവർ ധാർമികമായി ഏറ്റവും അധമരും ദുഷ്ട ഭരണാധിപന്മാരുടെ നീചരായ അനുവർത്തികളും പിന്തുണക്കാരും ആയിരുന്നതിനാലാണ്.” ഈ കള്ളപ്രവാചകന്മാരെ കുറിച്ച് പ്രൊഫസർ എഡ്വേർഡ് ജെ. യങ് ഇങ്ങനെ പറയുന്നു: “അവർ ജനനായകർ ആയിരുന്നില്ല, മറിച്ച് നേതാക്കന്മാർ പോകുന്നിടത്തെല്ലാം അവർ പുറകെ പോകുമായിരുന്നു. അവർ മുഖസ്തുതി പറഞ്ഞ് പ്രീതി നേടി. നായുടെ ആടുന്ന വാൽപോലെ ആയിരുന്നു അവർ.”—2 തിമൊഥെയൊസ് 4:3 താരതമ്യം ചെയ്യുക.
‘അനാഥരും വിധവമാരും’ പോലും മത്സരിക്കുന്നു
12. ദുഷിപ്പ് ഇസ്രായേൽ സമൂഹത്തിൽ എത്ര ആഴത്തിൽ വ്യാപിച്ചിരിക്കുന്നു?
12 വിധവമാർക്കും അനാഥർക്കും വേണ്ടി പോരാടുന്നവനാണ് യഹോവ. (പുറപ്പാടു 22:22, 23) എന്നാൽ, യെശയ്യാവ് തുടർന്നു പറയുന്നതു ശ്രദ്ധിക്കുക: “കർത്താവു അവരുടെ യൌവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.” (യെശയ്യാവു 9:17) സമൂഹത്തിന്റെ സമസ്ത തലങ്ങളിലും വിശ്വാസത്യാഗം വ്യാപിച്ചിരിക്കുകയാണ്, അനാഥരുടെയും വിധവമാരുടെയും ഇടയിൽ പോലും! ആളുകൾ തങ്ങളുടെ ഗതിക്കു മാറ്റം വരുത്തുമെന്നു പ്രതീക്ഷിച്ചുകൊണ്ട് യഹോവ ക്ഷമയോടെ തന്റെ പ്രവാചകന്മാരെ അവരുടെ അടുക്കലേക്ക് അയയ്ക്കുന്നു. ഉദാഹരണത്തിന്, “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു” എന്ന് ഹോശേയ അവരോട് അഭ്യർഥിക്കുന്നു. (ഹോശേയ 14:1) അനാഥർക്കും വിധവമാർക്കും വേണ്ടി പോരാടുന്ന യഹോവയെ സംബന്ധിച്ചിടത്തോളം അവർക്കെതിരെ ന്യായവിധി നടപ്പാക്കുന്നത് എത്ര വേദനാജനകം ആയിരുന്നിരിക്കണം!
13. യെശയ്യാവിന്റെ നാളിലെ സ്ഥിതിവിശേഷത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
13 യെശയ്യാവിനെ പോലെ, നാമും ദുഷ്ട ലോകത്തിനെതിരെയുള്ള യഹോവയുടെ ന്യായവിധി ദിവസത്തിനു മുമ്പുള്ള “ദുർഘടസമയ”ത്താണു ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5) അതുകൊണ്ട്, ഏതു ജീവിത സാഹചര്യങ്ങളിൽ ഉള്ളവരായിരുന്നാലും യഹോവയുടെ അംഗീകാരം ലഭിക്കുമാറ് ആത്മീയവും ധാർമികവും മാനസികവുമായി ശുദ്ധിയുള്ളവരായി നിലകൊള്ളുന്നത് സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. യഹോവയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ നാം ഓരോരുത്തരും അത്യധികം ജാഗ്രതയുള്ളവർ ആയിരിക്കണം. ‘മഹാബാബിലോണി’ൽ നിന്നു രക്ഷപ്പെട്ടു പോന്നിട്ടുള്ള ആരും വീണ്ടുമൊരിക്കലും ‘അവളുടെ പാപങ്ങളിൽ കൂട്ടാളികൾ’ ആകാതിരിക്കട്ടെ.—വെളിപ്പാടു 18:2, 4.
വ്യാജാരാധന അക്രമത്തിനു വളംവെക്കുന്നു
14, 15. (എ) ഭൂതാരാധനയുടെ അനന്തരഫലങ്ങൾ എന്തെല്ലാം? (ബി) ഇസ്രായേലിന് തുടർന്നും എന്തെല്ലാം കഷ്ടതകൾ ഉണ്ടാകുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു?
14 വ്യാജാരാധനയിൽ ഏർപ്പെടുന്നവർ ഫലത്തിൽ ആരാധിക്കുന്നതു ഭൂതങ്ങളെയാണ്. (1 കൊരിന്ത്യർ 10:20) ഭൂതസ്വാധീനം അക്രമത്തിലേക്കു നയിക്കുന്നു, ജലപ്രളയത്തിനു മുമ്പുണ്ടായിരുന്ന കാലത്തു സംഭവിച്ചത് അതായിരുന്നല്ലോ. (ഉല്പത്തി 6:11, 12) അതിനാൽ, ഇസ്രായേല്യർ വിശ്വാസത്യാഗികൾ ആയിത്തീർന്ന് ഭൂതങ്ങളെ ആരാധിക്കാൻ തുടങ്ങുന്നതോടെ ദേശത്ത് അക്രമവും ദുഷ്ടതയും നടമാടുന്നതിൽ തെല്ലും അതിശയിക്കാനില്ല.—ആവർത്തനപുസ്തകം 32:17; സങ്കീർത്തനം 106:35-38.
15 ഇസ്രായേലിലെ ദുഷ്ടതയുടെയും അക്രമത്തിന്റെയും വ്യാപനം യെശയ്യാവ് വളരെ വ്യക്തമായി വിവരിക്കുന്നു: “ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും. സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല. ഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തു ഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു. മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവർ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.”—യെശയ്യാവു 9:18-21.
16. യെശയ്യാവു 9:18-21-ലെ വാക്കുകൾ നിവൃത്തിയേറുന്നത് എങ്ങനെ?
16 കുറ്റിക്കാടുകളിൽ തീ ആളിപ്പടരുന്നതു പോലെ അക്രമം നിയന്ത്രണാതീതമായി “വനത്തിലെ പള്ളക്കാടുകളിൽ” കത്തിക്കയറുകയും അക്രമത്തിന്റെ ഒരു വൻകാട്ടുതീയായി മാറുകയും ചെയ്യുന്നു. “അരാജകത്വം നടമാടുന്ന ആഭ്യന്തര യുദ്ധകാലത്തെ അതിഹീനമായ സ്വവിനാശം” എന്നാണ് ഈ അക്രമത്തെ ബൈബിൾ നിരൂപകരായ കൈലും ഡെലിറ്റ്ഷും വർണിക്കുന്നത്. അവർ തുടർന്നു പറയുന്നു: “യാതൊരു മൃദുല വികാരങ്ങളുമില്ലാതെ അവർ ആർത്തിപൂണ്ട് പരസ്പരം വിഴുങ്ങിക്കളഞ്ഞു.” എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങളെ ഇവിടെ വേർതിരിച്ചു കാണിച്ചിരിക്കുന്നത് വടക്കേ രാജ്യത്തെ മുഖ്യമായും പ്രതിനിധീകരിക്കുന്നത് ഈ ഗോത്രങ്ങളായതിനാലാകണം. മാത്രമല്ല, യോസേഫിന്റെ രണ്ടു പുത്രന്മാരുടെ പിൻഗാമികൾ എന്ന നിലയിൽ പത്തു ഗോത്രങ്ങളിൽ ഏറ്റവും അടുത്ത ബന്ധമുള്ളതും ഈ ഗോത്രങ്ങൾക്കാണ്. എന്നിട്ടും, തെക്കുള്ള യഹൂദയുമായി യുദ്ധം ചെയ്യുമ്പോൾ മാത്രമാണ് അവർ തങ്ങൾക്ക് ഇടയിലുള്ള പോരാട്ടം നിറുത്തുന്നത്.—2 ദിനവൃത്താന്തം 28:1-8.
ദുഷിച്ച ന്യായാധിപന്മാർ ന്യായം വിധിക്കപ്പെടുന്നു
17, 18. ഇസ്രായേലിലെ നിയമവ്യവസ്ഥയിലും ഭരണവ്യവസ്ഥയിലും എന്തു ദുഷിപ്പു കാണാം?
17 ഇസ്രായേലിലെ ദുഷിച്ച ന്യായാധിപന്മാരുടെയും മറ്റ് ഉദ്യോഗസ്ഥന്മാരുടെയും മേൽ യഹോവ അടുത്തതായി ന്യായവിധി നടത്തുന്നു. നീതി തേടി തങ്ങളുടെ അടുക്കൽ വരുന്ന എളിയവരെയും മർദിതരെയും കൊള്ളയിട്ടുകൊണ്ട് അവർ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നു. യെശയ്യാവ് ഇങ്ങനെ പറയുന്നു: “ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!”—യെശയ്യാവു 10:1, 2.
18 എല്ലാത്തരം അനീതിയെയും യഹോവയുടെ നിയമം വിലക്കുന്നു: “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.” (ലേവ്യപുസ്തകം 19:15) ആ നിയമത്തെ മറികടന്നുകൊണ്ട്, ആ ഉദ്യോഗസ്ഥന്മാർ ഏറ്റവും ഹീനമായ മോഷണത്തെ—വിധവമാരുടെയും അനാഥരുടെയും തുച്ഛമായ സമ്പാദ്യങ്ങൾ അപഹരിക്കുന്നതിനെ—സാധൂകരിക്കാൻ ‘നീതികെട്ട ചട്ടങ്ങൾ’ ഉണ്ടാക്കുന്നു. ഇസ്രായേലിലെ വ്യാജദൈവങ്ങൾ തീർച്ചയായും നീതികേടിനു നേരെ കണ്ണടയ്ക്കുന്നവരാണ്, എന്നാൽ യഹോവ അങ്ങനെയല്ല. യെശയ്യാവ് മുഖാന്തരം ആ ദുഷ്ട ന്യായാധിപന്മാരിലേക്ക് അവൻ തന്റെ ശ്രദ്ധ തിരിക്കുന്നു.
19, 20. ദുഷിച്ച ഇസ്രായേല്യ ന്യായാധിപന്മാരുടെ അവസ്ഥയ്ക്ക് എങ്ങനെ മാറ്റം വരും, അവരുടെ ‘മഹത്ത്വ’ത്തിന് എന്തു സംഭവിക്കും?
19 “സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും? അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു.” (യെശയ്യാവു 10:3, 4എ) വിധവമാരുടെയും അനാഥരുടെയും സങ്കടം കേൾക്കാൻ നിഷ്പക്ഷരായ ന്യായാധിപന്മാർ ഇല്ല. അവരെ സഹായിക്കാൻ കൂട്ടാക്കാത്ത ആ ദുഷിച്ച ഇസ്രായേല്യ ന്യായാധിപന്മാരോട് കണക്കു ബോധിപ്പിക്കാൻ യഹോവ ഇപ്പോൾ ആവശ്യപ്പെടുന്നത് എത്ര ഉചിതമാണ്. അതേ, “ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം” ആണെന്ന വസ്തുത അവർ പെട്ടെന്നുതന്നെ മനസ്സിലാക്കാൻ പോകുകയാണ്.—എബ്രായർ 10:31.
20 ഈ ദുഷ്ട ന്യായാധിപന്മാരുടെ “മഹത്വം”—ലോകത്തിലെ അവരുടെ സമ്പത്തും സ്ഥാനമാനവും ഹേതുവായി അവർക്കു ലഭിക്കുന്ന അന്തസ്സും അഭിമാനവും—അധികനാളത്തേക്ക് ഉണ്ടാവില്ല. ചിലർ യുദ്ധത്തടവുകാരായി മറ്റു തടവുകാരോടൊപ്പം ‘കുനിയും’ അല്ലെങ്കിൽ കമിഴ്ന്നുവീഴും. മറ്റു ചിലർ കൊല്ലപ്പെടും, അവരുടെ ശവശരീരങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കൊണ്ട് മൂടും. അവരുടെ ‘മഹത്ത്വ’ത്തിൽ ദുരാദായത്തിലൂടെ ഉണ്ടാക്കിയ പണവും ഉൾപ്പെടും. അതു ശത്രുക്കൾ അപഹരിച്ചുകൊണ്ടുപോകും.
21. ഇസ്രായേലിനു ലഭിച്ച ശിക്ഷയുടെ അടിസ്ഥാനത്തിൽ, യഹോവയുടെ ക്രോധം നിലച്ചുവോ?
21 ശക്തമായ ഒരു മുന്നറിയിപ്പോടുകൂടിയാണ് യെശയ്യാവ് തന്റെ അവസാന ശ്ലോകഖണ്ഡം ഉപസംഹരിക്കുന്നത്: “ഇതെല്ലാംകൊണ്ടും [ജനത ഇപ്പോൾവരെ അനുഭവിച്ചിട്ടുള്ള സകല കഷ്ടങ്ങളും കൊണ്ട്] അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.” (യെശയ്യാവു 10:4ബി) അതേ, യഹോവയ്ക്ക് ഇസ്രായേലിനോട് ഇനിയും കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. മത്സരിയായ വടക്കേ രാജ്യത്തിന്മേൽ മാരകമായ ഒരു അന്തിമ പ്രഹരം നടത്താതെ യഹോവ തന്റെ നീട്ടിയ കരം പിൻവലിക്കുകയില്ല.
വ്യാജത്തിനും സ്വാർഥതയ്ക്കും ഒരിക്കലും വഴിപ്പെടാതിരിക്കുക
22. ഇസ്രായേലിനു സംഭവിച്ചതിൽനിന്ന് നാം എന്തു പാഠം പഠിക്കുന്നു?
22 യെശയ്യാവ് മുഖാന്തരം യഹോവ അറിയിച്ച വചനത്തിന് ഇസ്രായേലിന്റെ മേൽ ശക്തമായ ഒരു നിവൃത്തി ഉണ്ടായി, അത് ‘വെറുതെ അവന്റെ അടുക്കലേക്കു മടങ്ങിയില്ല.’ (യെശയ്യാവു 55:10, 11) വടക്കേ രാജ്യമായ ഇസ്രായേലിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ച് ചരിത്രം രേഖപ്പെടുത്തുന്നു. അതിലെ നിവാസികൾ അനുഭവിച്ച കഷ്ടത്തെ കുറിച്ചു നമുക്കു സങ്കൽപ്പിക്കാവുന്നതേ ഉള്ളൂ. സമാനമായി ദൈവവചനം തീർച്ചയായും ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ മേൽ, പ്രത്യേകിച്ച് വിശ്വാസത്യാഗിനിയായ ക്രൈസ്തവലോകത്തിന്മേൽ നിവൃത്തിയേറും. അപ്പോൾ ക്രിസ്ത്യാനികൾ ഭോഷ്കിനും ദൈവവിരുദ്ധ പ്രചാരണങ്ങൾക്കും ശ്രദ്ധ കൊടുക്കാതിരിക്കുന്നത് എത്ര പ്രധാനമാണ്! സാത്താന്റെ വിദഗ്ധമായ തന്ത്രങ്ങൾ ദൈവവചനം ദീർഘകാലം മുമ്പേ വെളിപ്പെടുത്തിയിരിക്കുന്നു. ആയതിനാൽ, പുരാതന ഇസ്രായേലിലെ ആളുകളെ പോലെ നാം അവയാൽ വഞ്ചിതരാകേണ്ടതില്ല. (2 കൊരിന്ത്യർ 2:11) നമുക്കേവർക്കും ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നതിൽ അവിരാമം തുടരാം. (യോഹന്നാൻ 4:24) അപ്പോൾ, യഹോവയുടെ നീട്ടിയ ഭുജം എഫ്രയീമിനെ നശിപ്പിച്ചതുപോലെ അവന്റെ ആരാധകരെ നശിപ്പിക്കുകയില്ല; അവൻ ആ കരങ്ങൾകൊണ്ട് അവരെ ഗാഢമായി പുണരും; ഭൗമിക പറുദീസയിലെ നിത്യജീവന്റെ മാർഗത്തിൽ ചരിക്കാൻ അവൻ അവരെ സഹായിക്കും.—യാക്കോബ് 4:8.
[അടിക്കുറിപ്പുകൾ]
a നാല് ശ്ലോകഖണ്ഡങ്ങൾ അടങ്ങിയതാണ് യെശയ്യാവു 9:8-10:4. അവയിൽ ഓരോന്നും “ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും” എന്ന അശുഭസൂചകമായ ഒരു പ്രസ്താവനയോടെ അവസാനിക്കുന്നു. (യെശയ്യാവു 9:12, 17, 21; 10:4) ഈ എബ്രായ സാഹിത്യ പ്രയോഗം യെശയ്യാവു 9:8-10:4-നെ ഒറ്റ “വചന”മായിത്തന്നെ എടുത്തുകാട്ടുന്നു. (യെശയ്യാവു 9:8) യഹോവ കൈ നീട്ടിയിരിക്കുന്നത് അനുരഞ്ജനത്തിനല്ല, ന്യായവിധിക്കാണ് എന്ന കാര്യവും മനസ്സിൽ പിടിക്കുക.—യെശയ്യാവു 9:13.
b വടക്കേ രാജ്യമായ ഇസ്രായേലിനായി യഹോവ നിയമിച്ച പ്രവാചകന്മാരിൽ യേഹൂ (രാജാവായ യേഹൂവല്ല), ഏലീയാവ്, മീഖായാവ്, എലീശാ, യോനാ, ഓദേദ്, ഹോശേയ, ആമോസ്, മീഖാ എന്നിവർ ഉൾപ്പെടുന്നു.
[139-ാം പേജിലെ ചിത്രം]
ദുഷ്ടതയും അക്രമവും ഇസ്രായേലിൽ കാട്ടുതീപോലെ പടരുന്നു
[141-ാം പേജിലെ ചിത്രം]
മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരോട് യഹോവ കണക്കു ചോദിക്കും