അധ്യായം പന്ത്രണ്ട്
അസീറിയയെ ഭയപ്പെടരുത്
1, 2. (എ) മാനുഷിക കാഴ്ചപ്പാടിൽ നോക്കിയാൽ, അസീറിയക്കാരോടു പ്രസംഗിക്കാനുള്ള നിയമനം നിരസിക്കാൻ യോനായ്ക്കു നല്ല കാരണം ഉണ്ടായിരുന്നതായി നമുക്കു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) യോനായുടെ സന്ദേശത്തോട് നീനെവേക്കാർ എങ്ങനെയാണു പ്രതികരിച്ചത്?
പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യം. അമിത്ഥായിയുടെ മകനും എബ്രായ പ്രവാചകനുമായ യോനാ ധൈര്യം സംഭരിച്ച് അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നീനെവേയിലേക്കു പുറപ്പെട്ടു. അവന് അവിടത്തെ ജനങ്ങളെ വളരെ ഗൗരവമായ ഒരു സന്ദേശം അറിയിക്കാനുണ്ടായിരുന്നു. യഹോവ അവനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”—യോനാ 1:2, 3.
2 ആദ്യം യോനായ്ക്ക് ഈ നിയമനം ലഭിച്ചപ്പോൾ അവൻ അതു സ്വീകരിക്കാതെ തർശീശിലേക്ക് ഓടിപ്പോകുകയാണു ചെയ്തത്. മാനുഷിക കാഴ്ചപ്പാടിൽ നോക്കിയാൽ അങ്ങനെ ചെയ്യുന്നതിന് അവനു കാരണം ഉണ്ടായിരുന്നുതാനും. അസീറിയക്കാർ ക്രൂരന്മാർ ആയിരുന്നു. ഒരു അസീറിയൻ സാമ്രാട്ട് തന്റെ ശത്രുക്കളോട് ഇടപെട്ട വിധത്തെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ ഉദ്യോഗസ്ഥരുടെ അവയവങ്ങൾ ഛേദിച്ചുകളഞ്ഞു . . . ബന്ദികളായി പിടിച്ച പലരെയും ഞാൻ ചുട്ടുകൊന്നു, ചിലരുടെ കൈകളും വിരലുകളും മുറിച്ചുകളഞ്ഞു, മറ്റു ചിലരുടെ മൂക്ക് ഞാൻ ചെത്തിക്കളഞ്ഞു.” എന്നിരുന്നാലും, യോനാ ഒടുവിൽ യഹോവയുടെ സന്ദേശം നീനെവേക്കാരെ അറിയിച്ചപ്പോൾ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അവർ അനുതപിച്ചു. അക്കാരണത്താൽ യഹോവ അവരുടെ നഗരത്തെ അന്നു നശിപ്പിച്ചില്ല.—യോനാ 3:3-10; മത്തായി 12:41.
യഹോവ ‘കോലെ’ടുക്കുന്നു
3. യഹോവയുടെ പ്രവാചകന്മാർ നൽകുന്ന മുന്നറിയിപ്പുകളോട് ഇസ്രായേല്യർ പ്രതികരിക്കുന്ന വിധം നീനെവേക്കാരുടേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
3 എന്നാൽ, യോനായുടെ പ്രസംഗം കേട്ട ഇസ്രായേല്യർ അനുകൂലമായി പ്രതികരിക്കുന്നുണ്ടോ? (2 രാജാക്കന്മാർ 14:25) ഇല്ല. അവർ നിർമലാരാധനയ്ക്കു പുറംതിരിഞ്ഞുകളയുകയാണു ചെയ്യുന്നത്. അവർ ‘ആകാശത്തിലെ സർവസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ സേവിക്കുകയും’ ചെയ്യുന്നു. മാത്രമോ, “അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്വാൻ തങ്ങളെത്തന്നേ വിററുകളഞ്ഞു.” (2 രാജാക്കന്മാർ 17:16, 17) മുന്നറിയിപ്പു നൽകാൻ യഹോവ പ്രവാചകന്മാരെ അയയ്ക്കുമ്പോൾ, നീനെവേക്കാരെ പോലെ ഇസ്രായേല്യർ അനുകൂലമായി പ്രതികരിക്കുന്നില്ല. അതുകൊണ്ട് അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യഹോവ ദൃഢനിശ്ചയം ചെയ്യുന്നു.
4, 5. (എ) യഹോവ അസീറിയയെ ഒരു ‘കോലായി’ എങ്ങനെ ഉപയോഗിക്കും? (ബി) ശമര്യ വീഴുന്നത് എപ്പോൾ?
4 യോനാ നീനെവേ സന്ദർശിച്ചതിനുശേഷം കുറെ കാലത്തേക്ക് അസീറിയക്കാരുടെ ശത്രുതയ്ക്ക് ഒരു അയവു വന്നിട്ടുണ്ട്.a എന്നിരുന്നാലും, പൊ.യു.മു. എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അസീറിയ വീണ്ടും ഒരു സൈനിക ശക്തിയായി ഉയർന്നുവരികയും യഹോവ അതിനെ അതിശയകരമായ വിധത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു. യെശയ്യാ പ്രവാചകൻ യഹോവയിൽനിന്നുള്ള ഒരു മുന്നറിയിപ്പ് വടക്കേ രാജ്യമായ ഇസ്രായേലിനെ അറിയിക്കുന്നു: “എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു [അസീറിയയ്ക്ക്] അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പനകൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.”—യെശയ്യാവു 10:5, 6.
5 ഇസ്രായേല്യർക്ക് എന്തൊരു നാണക്കേട്! ദൈവം അവരെ ശിക്ഷിക്കാൻ ഒരു ‘കോലായി’ ഒരു പുറജാതിയെ—‘അസീറിയയെ’—ഉപയോഗിക്കുന്നു. പൊ.യു.മു. 742-ൽ അസീറിയൻ രാജാവായ ശൽമനേസെർ അഞ്ചാമൻ വിശ്വാസത്യാഗം ഭവിച്ച ഇസ്രായേൽ രാഷ്ട്രത്തിന്റെ തലസ്ഥാനമായ ശമര്യയുടെമേൽ ഉപരോധം ഏർപ്പെടുത്തുന്നു. 300 അടി ഉയരമുള്ള ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ശമര്യ നഗരത്തിലെ നിവാസികൾക്കു മൂന്നു വർഷത്തോളം ശത്രുക്കളെ ചെറുത്തുനിൽക്കാൻ കഴിയുന്നു. എന്നാൽ മനുഷ്യരുടെ തന്ത്രങ്ങൾക്കൊന്നും ദൈവോദ്ദേശ്യത്തെ തടയാനാവില്ല. പൊ.യു.മു. 740-ൽ ശമര്യ വീഴുകയും അസീറിയ അതിനെ ചവിട്ടിമെതിക്കുകയും ചെയ്യുന്നു.—2 രാജാക്കന്മാർ 18:10.
6. അസീറിയയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തിന് അപ്പുറം പോകാൻ അതു തുനിയുന്നത് ഏതു വിധത്തിൽ?
6 തന്റെ ജനത്തെ ഒരു പാഠം പഠിപ്പിക്കാൻ യഹോവയാണ് അസീറിയൻ ജനതയെ ഉപയോഗിക്കുന്നതെങ്കിലും, അവർ അവനെ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് യഹോവ ഇങ്ങനെ പറയുന്നത്: “[അസീറിയയോ] അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.” (യെശയ്യാവു 10:7) തന്റെ കയ്യിലെ ഒരു ഉപകരണമായി മാത്രമാണ് യഹോവ അസീറിയയെ ഉപയോഗിക്കുന്നത്. എന്നാൽ തങ്ങൾ അതിനെക്കാൾ കവിഞ്ഞ എന്തോ ആണെന്ന് അസീറിയ കരുതുന്നു. ഗംഭീരമായ ഒരു കാര്യം സാധിക്കാൻ, മുഴു ലോകത്തെയും ജയിച്ചടക്കാൻ, അഹങ്കാരം അതിനെ പ്രേരിപ്പിക്കുന്നു!
7. (എ) “എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?” എന്ന് അസീറിയൻ രാജാവ് വമ്പു പറയുന്നത് എന്തുകൊണ്ട്? (ബി) ഇക്കാലത്ത് യഹോവയെ ഉപേക്ഷിക്കുന്നവർ എന്തു മനസ്സിൽ പിടിക്കേണ്ടതാണ്?
7 അസീറിയ കീഴടക്കിയ ഇസ്രായേല്യേതര നഗരങ്ങളിൽ പലതിലും രാജവാഴ്ചയാണ് നിലവിലിരുന്നത്. അവിടങ്ങളിലെ മുൻ രാജാക്കന്മാർക്ക് ഇപ്പോൾ സാമന്ത പ്രഭുക്കന്മാർ എന്ന നിലയിൽ അസീറിയൻ രാജാവിനു കീഴ്പെടേണ്ടി വരുന്നു. അതുകൊണ്ടാണ് അസീറിയൻ രാജാവിനു വാസ്തവമായും ഇങ്ങനെ വമ്പു പറയാൻ കഴിയുന്നത്: “എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?” (യെശയ്യാവു 10:8) ജനതകളുടെ പ്രധാന നഗരങ്ങളിലെ വ്യാജ ദൈവങ്ങൾക്കു തങ്ങളുടെ ആരാധകരെ നാശത്തിൽനിന്നു രക്ഷിക്കാനായില്ല. ശമര്യക്കാർ ആരാധിക്കുന്ന ബാൽ, മോലേക്ക്, സ്വർണ കാളക്കുട്ടികൾ എന്നിങ്ങനെയുള്ള ദൈവങ്ങളും ആ നഗരത്തെ സംരക്ഷിക്കുകയില്ല. യഹോവയെ ഉപേക്ഷിച്ച സ്ഥിതിക്ക് അവൻ തങ്ങളെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാനും ശമര്യക്കാവില്ല. ഇക്കാലത്ത് യഹോവയെ ഉപേക്ഷിക്കുന്ന ഏതൊരാളും ശമര്യയുടെ ദുർഗതി മനസ്സിൽ പിടിക്കട്ടെ! തങ്ങൾ ജയിച്ചടക്കിയ ശമര്യയെയും മറ്റു നഗരങ്ങളെയും കുറിച്ച് അസീറിയയ്ക്ക് ഇങ്ങനെ അഹങ്കരിക്കാൻ കഴിയും: “കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?” (യെശയ്യാവു 10:9) അസീറിയയെ സംബന്ധിച്ചിടത്തോളം അവയെല്ലാം ഒരുപോലെയാണ്—കേവലം കൊള്ളമുതൽ.
8, 9. യെരൂശലേമിനെ കീഴടക്കാൻ പദ്ധതിയിടുമ്പോൾ അസീറിയ വല്ലാതെ അഹങ്കരിക്കുന്നത് എന്തുകൊണ്ട്?
8 എന്നിരുന്നാലും, അസീറിയ വല്ലാതെ അഹങ്കരിക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിത്ഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ, ഞാൻ ശമര്യയോടും അതിലെ മിത്ഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?” (യെശയ്യാവു 10:10, 11) യെരൂശലേമിലോ ശമര്യയിൽ പോലുമോ ഉണ്ടായിരുന്നതിലധികം വിഗ്രഹങ്ങൾ അസീറിയ ജയിച്ചടക്കിയ മറ്റു രാജ്യങ്ങളിൽ ഉണ്ടായിരുന്നു. ‘ആ സ്ഥിതിക്ക്, ഞാൻ ശമര്യയോടു ചെയ്തതുപോലെ യെരൂശലേമിനോടു ചെയ്യുന്നതിൽനിന്ന് എന്നെ തടയുന്നത് എന്താണ്?’ എന്ന് അവൻ അഹങ്കരിക്കുന്നു.
9 യെരൂശലേമിനെ കീഴടക്കാൻ വമ്പു പറയുന്ന അസീറിയയെ യഹോവ അനുവദിക്കുകയില്ല. സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ കളങ്കരഹിതമായ ഒരു ചരിത്രമല്ല യഹൂദയ്ക്ക് ഉള്ളത്. (2 രാജാക്കന്മാർ 16:7-9; 2 ദിനവൃത്താന്തം 28:24) അവിശ്വസ്തത നിമിത്തം അസീറിയയുടെ ആക്രമണസമയത്ത് യഹൂദ കഷ്ടം അനുഭവിക്കുമെന്ന് യഹോവ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. എന്നാൽ യെരൂശലേമിനെ ശത്രുക്കൾ പിടിച്ചടക്കുകയില്ല. (യെശയ്യാവു 1:7, 8) അസീറിയ ആക്രമിക്കുന്ന സമയത്ത് യെരൂശലേമിൽ ഭരണം നടത്തുന്നത് ഹിസ്കീയാവ് ആണ്. തന്റെ പിതാവായ ആഹാസിനെ പോലെയല്ല അവൻ. തന്റെ ഭരണത്തിന്റെ ആദ്യ മാസത്തിൽത്തന്നെ ഹിസ്കീയാവ് ആലയ വാതിലുകൾ വീണ്ടും തുറക്കുകയും നിർമലാരാധന പുനഃസ്ഥാപിക്കുകയും ചെയ്യുന്നു!—2 ദിനവൃത്താന്തം 29:3-5.
10. അസീറിയയെ കുറിച്ച് യഹോവ എന്തു തറപ്പിച്ചു പറയുന്നു?
10 യെരൂശലേമിന്റെ മേൽ അസീറിയ നടത്താൻ ഉദ്ദേശിക്കുന്ന ആക്രമണത്തിനു യഹോവയുടെ അംഗീകാരമില്ല. അഹങ്കാരിയായ ആ ലോകശക്തിയോടു കണക്കു ചോദിക്കുമെന്ന് യഹോവ തറപ്പിച്ചു പറയുന്നു: “കർത്താവു സീയോൻപർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.”—യെശയ്യാവു 10:12.
യഹൂദയിലേക്കും യെരൂശലേമിലേക്കും മുന്നേറുന്നു!
11. യെരൂശലേമിനെ അനായാസം ജയിച്ചടക്കാനാകുമെന്ന് അസീറിയ ചിന്തിക്കുന്നത് എന്തുകൊണ്ട്?
11 പൊ.യു.മു. 740-ൽ വടക്കേ രാജ്യത്തിന് പതനം സംഭവിച്ച് എട്ടു വർഷം കഴിഞ്ഞ് പുതിയ അസീറിയൻ ഭരണാധികാരിയായ സൻഹേരീബ് യെരൂശലേമിനെ ആക്രമിക്കാൻ സൈന്യവുമായി എത്തി. സൻഹേരീബിന്റെ ഗർവിഷ്ഠമായ ആസൂത്രണത്തെ കുറിച്ച് യെശയ്യാവ് കാവ്യരൂപത്തിൽ ഇങ്ങനെ പറയുന്നു: “എന്റെ കയ്യുടെ ശക്തികൊണ്ടും ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാററുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവൻ പറയുന്നുവല്ലോ.” (യെശയ്യാവു 10:13, 14) സൻഹേരീബ് ചിന്തിക്കുന്നത് ഇങ്ങനെയാണ്, ‘മറ്റു നഗരങ്ങൾ വീണിരിക്കുന്നു. ശമര്യയും ഞങ്ങളുടെ മുന്നിൽ മുട്ടുമടക്കി. അതുകൊണ്ട് യെരൂശലേമിനെ ജയിച്ചടക്കാനാകും! നഗരവാസികൾ ചെറുതായി ചെറുത്തുനിന്നേക്കാം. എങ്കിലും, അവരെ അനായാസം കീഴടക്കി അവരുടെ സ്വത്തുക്കൾ കാവലില്ലാത്ത പക്ഷിക്കൂട്ടിൽനിന്ന് മുട്ടകൾ അപഹരിക്കുന്നതുപോലെ നിഷ്പ്രയാസം കവർച്ച ചെയ്യാൻ സാധിക്കും.’
12. അസീറിയയുടെ അഹങ്കാരത്തോടുള്ള ബന്ധത്തിൽ കാര്യങ്ങളെ വീക്ഷിക്കേണ്ട ശരിയായ വിധം സംബന്ധിച്ച് യഹോവ എന്തു പ്രകടമാക്കുന്നു?
12 എന്നിരുന്നാലും, സൻഹേരീബ് ഒരു കാര്യം മറന്നുകളയുകയാണ്. വിശ്വാസത്യാഗം ഭവിച്ച ശമര്യക്ക് ലഭിച്ച ശിക്ഷ അത് അർഹിക്കുന്നതായിരുന്നു. എന്നാൽ, ഹിസ്കീയാവിന്റെ കീഴിൽ യെരൂശലേം ഒരിക്കൽ കൂടി നിർമലാരാധനയുടെ ഒരു ശക്തിദുർഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. യെരൂശലേമിനെ തൊടാൻ ആഗ്രഹിക്കുന്ന ഏതൊരാളും തീർച്ചയായും യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരും! രോഷാകുലനായി യെശയ്യാവ് ഇങ്ങനെ ചോദിക്കുന്നു: “വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതു പോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.” (യെശയ്യാവു 10:15) മരപ്പണിക്കാരൻ കോടാലിയും അറുക്കുന്നവൻ വാളും ആട്ടിടയൻ വടിയും ഉപയോഗിക്കുന്നതുപോലെ, അസീറിയൻ സാമ്രാജ്യത്തെ യഹോവ ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. വടി അതിനെ ഉപയോഗിക്കുന്ന വ്യക്തിയെക്കാൾ വലുതാകാൻ മാത്രം അതിന് അത്ര ധൈര്യമോ!
13. (എ) ‘പുഷ്ടന്മാർ,’ (ബി) “മുള്ളും പറക്കാരയും,” (സി) ‘കാടിന്റെ മഹത്വം’ ഇവ ഓരോന്നും എന്താണ്, ഇവയ്ക്ക് എന്തു സംഭവിക്കുന്നു?
13 അസീറിയയ്ക്ക് എന്തു സംഭവിക്കും? “സൈന്യങ്ങളുടെ യഹോവയായ കർത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വത്തിൽ കീഴെ തീ കത്തുംപോലെ ഒന്നു കത്തും. യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും. അവൻ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും. അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.” (യെശയ്യാവു 10:16-19) അതേ, അസീറിയ എന്ന ‘കോലി’നെ യഹോവ ചീകി ചെറുതാക്കും! അസീറിയൻ സൈന്യത്തിലെ ‘പുഷ്ടന്മാർ’ക്ക്, അവന്റെ തടിച്ചുകൊഴുത്ത പടയാളികൾക്ക് “ക്ഷയം” പിടിപെടും. അവർ അശക്തരായിത്തീരും! മുള്ളും പറക്കാരയും പോലെ, അവന്റെ സൈന്യങ്ങൾ യിസ്രായേലിന്റെ വെളിച്ചത്താൽ, യഹോവയാം ദൈവത്താൽ ചാമ്പലാക്കപ്പെടും. ‘അവന്റെ കാടിന്റെ മഹത്വ’മായ സൈനിക ഉദ്യോഗസ്ഥന്മാർ നശിക്കും. യഹോവ അസീറിയയെ നശിപ്പിച്ചുകഴിയുമ്പോൾ, ഈ ഉദ്യോഗസ്ഥരിൽ വളരെ കുറച്ചു പേർ മാത്രമേ ശേഷിക്കുകയുള്ളൂ, അതായത് വിരലിലെണ്ണാൻ മാത്രം!—യെശയ്യാവു 10:33, 34 കൂടി കാണുക.
14. പൊ.യു.മു. 732-ഓടെ യഹൂദയിലെ ഏതെല്ലാം നഗരങ്ങൾ അസീറിയ പിടിച്ചടക്കി?
14 പൊ.യു.മു. 732-ൽ യെരൂശലേമിൽ താമസിക്കുന്ന യഹൂദർക്ക് അസീറിയ തോൽപ്പിക്കപ്പെടും എന്നു വിശ്വസിക്കാനാവുന്നില്ല. അതിശക്തമായ അസീറിയൻ സൈന്യം നിർദയം മുന്നേറുകയാണ്. യഹൂദയിൽ അസീറിയൻ സൈന്യത്തോടു തോറ്റിരിക്കുന്ന നഗരങ്ങളുടെ പട്ടിക ശ്രദ്ധിക്കുക: ‘അവൻ അയ്യാത്ത്, മിഗ്രോൻ, മിക്മാശ്, ഗേബ, റാമാ, ശൌലിന്റെ ഗിബെയാ, ഗല്ലീം, ലയേശ്, അനാഥോത്ത്, മദ്മേനാ, ഗെബീം, നോബ് എന്നിവിടങ്ങളിൽ എത്തിയിരിക്കുന്നു.’ (യെശയ്യാവു 10:28-32എ)b ഒടുവിൽ ശത്രുക്കൾ യെരൂശലേമിൽനിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ലാഖീശ് വരെ എത്തുന്നു. തുടർന്ന്, വലിയൊരു അസീറിയൻ സൈന്യം നഗരത്തിനു ഭീഷണി ഉയർത്തുകയാണ്. “യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു [“മുഷ്ടി ചുരുട്ടും,” “പി.ഒ.സി. ബൈ.”].” (യെശയ്യാവു 10:32ബി) ഈ അസീറിയയെ തടയാനാകുന്ന എന്തെങ്കിലുമുണ്ടോ?
15, 16. (എ) ഹിസ്കീയാ രാജാവിനു ശക്തമായ വിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) തന്നെ യഹോവ സഹായിക്കുമെന്ന ഹിസ്കീയാവിന്റെ വിശ്വാസത്തിന് എന്ത് അടിസ്ഥാനമുണ്ട്?
15 നഗരത്തിലെ തന്റെ കൊട്ടാരത്തിൽ ഹിസ്കീയാ രാജാവ് വളരെ ഉത്കണ്ഠാകുലനാകുന്നു. അവൻ തന്റെ വസ്ത്രം കീറി രട്ടുടുക്കുന്നു. (യെശയ്യാവു 37:1) യഹൂദയ്ക്ക് എന്തു സംഭവിക്കുമെന്ന് യഹോവയോട് അന്വേഷിക്കാൻ അവൻ യെശയ്യാ പ്രവാചകന്റെ അടുക്കലേക്ക് ആളുകളെ അയയ്ക്കുന്നു. പെട്ടെന്നുതന്നെ അവർ യഹോവയുടെ മറുപടിയുമായി മടങ്ങിയെത്തുന്നു: “ഭയപ്പെടേണ്ടാ . . . ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും.” (യെശയ്യാവു 37:6, 35) അപ്പോഴും, അസീറിയക്കാരുടെ ഭീഷണി വർധിച്ചുവരുകയാണ്, അവർക്ക് അങ്ങേയറ്റത്തെ വിജയപ്രതീക്ഷയാണ് ഉള്ളത്.
16 വിശ്വാസം—അതാണ് ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ഹിസ്കീയാ രാജാവിനെ സഹായിക്കുന്നത്. ‘വിശ്വാസം കാണാത്ത കാര്യങ്ങളുടെ നിശ്ചയം ആകുന്നു.’ (എബ്രായർ 11:1, NW) പ്രത്യക്ഷത്തിൽ കാണുന്ന കാര്യങ്ങൾക്ക് അപ്പുറത്തേക്ക് നോക്കുന്നത് അതിൽ ഉൾപ്പെടുന്നു. എന്നാൽ, വിശ്വാസം പരിജ്ഞാനത്തിൽ അധിഷ്ഠിതമായിരിക്കണം. വളരെ നാളുകൾക്കു മുമ്പുതന്നെ ആശ്വാസപ്രദമായ പിൻവരുന്ന വാക്കുകൾ യഹോവ പറഞ്ഞതായി ഹിസ്കീയാവ് ഒരുപക്ഷേ ഇപ്പോൾ ഓർക്കുന്നു: “സീയോനിൽ വസിക്കുന്ന എന്റെ ജനമേ, . . . നീ അവനെ [അശ്ശൂരിനെ] ഭയപ്പെടേണ്ടാ. ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നു പോകും. ഓറേബ്പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.” (യെശയ്യാവു 10:24-26)c അതേ, മുമ്പും ദൈവജനം ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ടിട്ടുണ്ട്. ചെങ്കടലിൽവെച്ച് ഹിസ്കീയാവിന്റെ പൂർവികർ ഈജിപ്ഷ്യൻ സൈന്യത്തിന്റെ മുന്നിൽ നിസ്സഹായരായി കാണപ്പെട്ടു. നൂറ്റാണ്ടുകൾക്കു മുമ്പ്, മിദ്യാന്യരും അമാലേക്യരും ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ഗിദെയോൻ ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ടു. എന്നിരുന്നാലും, ആ രണ്ട് അവസരങ്ങളിലും യഹോവ തന്റെ ജനത്തെ വിടുവിക്കുകയുണ്ടായി.—പുറപ്പാടു 14:7-9, 13, 28; ന്യായാധിപന്മാർ 6:33; 7:21, 22.
17. അസീറിയൻ നുകം “തകർന്നുപോകു”ന്നത് എങ്ങനെ, എന്തു കാരണത്താൽ?
17 ആ അവസരങ്ങളിലേതുപോലെ യഹോവ ഇവിടെയും പ്രവർത്തിക്കുമോ? ഉവ്വ്. അവൻ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം [“തൈലം നിമിത്തം,” NW] നുകം തകർന്നുപോകും.” (യെശയ്യാവു 10:27) അസീറിയൻ നുകം ദൈവത്തിന്റെ ഉടമ്പടി ജനതയുടെ തോളിൽനിന്നും കഴുത്തിൽനിന്നും എടുത്തുമാറ്റപ്പെടും. വാസ്തവത്തിൽ, ആ നുകം “തകർന്നുപോകും”—തകർന്നുപോകുകതന്നെ ചെയ്യുന്നു! ഒറ്റ രാത്രിയിൽത്തന്നെ യഹോവയുടെ ദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു. അങ്ങനെ ഭീഷണി നീങ്ങിക്കിട്ടുന്നു. പിന്മാറിയ അസീറിയക്കാർ പിന്നെയൊരിക്കലും യഹൂദയെ ആക്രമിക്കുന്നില്ല. (2 രാജാക്കന്മാർ 19:35, 36) എന്തുകൊണ്ട്? “തൈലം നിമിത്തം.” ദാവീദ് വംശത്തിലെ രാജാവ് എന്ന നിലയിൽ ഹിസ്കീയാവിനെ അഭിഷേകം ചെയ്യാൻ ഉപയോഗിച്ച തൈലത്തെയാകാം ഇതു പരാമർശിക്കുന്നത്. അങ്ങനെ യഹോവ തന്റെ പിൻവരുന്ന വാഗ്ദാനം നിവർത്തിക്കുന്നു: “എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും.”—2 രാജാക്കന്മാർ 19:34.
18. (എ) യെശയ്യാവിന്റെ പ്രവചനത്തിന് ഒന്നിലേറെ നിവൃത്തി ഉണ്ടോ? വിശദീകരിക്കുക. (ബി) ഏതു സംഘടനയാണ് ഇന്നു പുരാതന ശമര്യയെ പോലെ ആയിരിക്കുന്നത്?
18 2,700-ലധികം വർഷങ്ങൾക്കു മുമ്പ് യഹൂദയിൽ നടന്ന സംഭവങ്ങളാണ് യെശയ്യാവ് ഈ അധ്യായത്തിൽ ചർച്ച ചെയ്തിരിക്കുന്നത്. എന്നാൽ, അവയ്ക്കു നമ്മുടെ നാളിൽ വലിയ പ്രസക്തിയുണ്ട്. (റോമർ 15:4) അതിന്റെ അർഥം, ഈ ശ്രദ്ധേയമായ വിവരണത്തിലെ മുഖ്യ കഥാപാത്രങ്ങളുടെ—ശമര്യയിലെയും യെരൂശലേമിലെയും നിവാസികളുടെയും അതുപോലെതന്നെ അസീറിയക്കാരുടെയും—പ്രതിമാതൃക ആധുനിക നാളിൽ ഉണ്ടായിരിക്കും എന്നാണോ? അതേ, തീർച്ചയായും. ക്രൈസ്തവലോകം സത്യദൈവത്തെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നെങ്കിലും, വിഗ്രഹാരാധന നടത്തിയിരുന്ന ശമര്യയെ പോലെ അവൾക്കു പൂർണമായും വിശ്വാസത്യാഗം സംഭവിച്ചിരിക്കുന്നു. ക്രിസ്തീയ ഉപദേശത്തിന്റെ ആവിർഭാവം സംബന്ധിച്ച ഒരു ഉപന്യാസം (ഇംഗ്ലീഷ്) എന്ന കൃതിയിൽ റോമൻ കത്തോലിക്കനായ ജോൺ ഹെൻട്രി കാർഡിനൽ ന്യൂമാൻ, ക്രൈസ്തവലോകം നൂറ്റാണ്ടുകളായി ഉപയോഗിച്ചിരിക്കുന്ന കുന്തിരിക്കം, മെഴുകു തിരികൾ, ആനാംവെള്ളം, ളോഹ, ബിംബങ്ങൾ എന്നിവ “എല്ലാം ഉത്ഭവിച്ചത് പുറജാതീയ മതങ്ങളിലാണ്” എന്നു സമ്മതിക്കുന്നു. ശമര്യയുടെ വിഗ്രഹാരാധനയിൽ അപ്രീതനായിരുന്നതുപോലെ, ക്രൈസ്തവലോകത്തിന്റെ പുറജാതീയ ആരാധനയിലും യഹോവ അസന്തുഷ്ടനാണ്.
19. എന്തിനെ കുറിച്ചു ക്രൈസ്തവലോകത്തിനു മുന്നറിയിപ്പു നൽകിയിരിക്കുന്നു, അതു നൽകിയത് ആര്?
19 യഹോവയുടെ ഈ അപ്രീതിയെ കുറിച്ച് നൂറ്റാണ്ടുകളായി യഹോവയുടെ സാക്ഷികൾ ക്രൈസ്തവലോകത്തിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, 1955-ൽ “‘ലോകത്തിന്റെ വെളിച്ചം’ ഏത്—ക്രൈസ്തവലോകമോ ക്രിസ്ത്യാനിത്വമോ?” എന്ന ശീർഷകത്തിലുള്ള പരസ്യപ്രസംഗം ലോകവ്യാപകമായി നടത്തപ്പെടുകയുണ്ടായി. യഥാർഥ ക്രിസ്തീയ ഉപദേശങ്ങളിൽനിന്നും രീതികളിൽനിന്നും ക്രൈസ്തവലോകം എങ്ങനെ വ്യതിചലിച്ചിരിക്കുന്നു എന്ന് ആ പ്രസംഗം വളരെ വ്യക്തമായി വിശദീകരിച്ചു. തുടർന്ന്, ശക്തമായ ആ പ്രസംഗത്തിന്റെ പ്രതികൾ പല രാജ്യങ്ങളിലെയും പുരോഹിതന്മാർക്ക് അയച്ചുകൊടുത്തു. ആ മുന്നറിയിപ്പു ചെവിക്കൊള്ളാൻ ഒരു സംഘടന എന്ന നിലയിൽ ക്രൈസ്തവലോകം ഒന്നടങ്കം പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ യഹോവയ്ക്ക് അവരെ ‘കോൽ’കൊണ്ട് ശിക്ഷിക്കുകയല്ലാതെ നിർവാഹമില്ല.
20. (എ) എന്തായിരിക്കും ആധുനികകാല അസീറിയയായി വർത്തിക്കുന്നത്, ഭാവിയിൽ അതൊരു കോലായി ഉപയോഗിക്കപ്പെടുന്നത് എങ്ങനെ? (ബി) ക്രൈസ്തവലോകത്തിന്റെ ശിക്ഷ എത്ര വലുതായിരിക്കും?
20 മത്സരിയായ ക്രൈസ്തവലോകത്തെ ശിക്ഷിക്കാൻ യഹോവ ആരെ ഉപയോഗിക്കും? വെളിപ്പാടു 17-ാം അധ്യായത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരം നമുക്കു കാണാം. ക്രൈസ്തവലോകം ഉൾപ്പെടെ ലോകത്തിലെ എല്ലാ വ്യാജമതങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വേശ്യയായ ‘മഹാബാബിലോനെ’ കുറിച്ച് നാം അതിൽ കാണുന്നു. ആ വേശ്യ ഏഴു തലയും പത്തു കൊമ്പുമുള്ള ഒരു കടുഞ്ചുവപ്പു നിറമുള്ള മൃഗത്തിന്റെ മുകളിലിരുന്നു സവാരി ചെയ്യുകയാണ്. (വെളിപ്പാടു 17:3, 5, 7-12) ഈ കാട്ടുമൃഗം ഐക്യരാഷ്ട്ര സംഘടനയെ പ്രതിനിധാനം ചെയ്യുന്നു.d പുരാതന അസീറിയ, ശമര്യയെ നശിപ്പിച്ചതു പോലെ, കടുഞ്ചുവപ്പു നിറമുള്ള ഈ കാട്ടുമൃഗം “വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാടു 17:16) അങ്ങനെ, ആധുനികകാല അസീറിയ (ഐക്യരാഷ്ട്രങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന രാഷ്ട്രങ്ങൾ) ക്രൈസ്തവലോകത്തെ ശക്തമായി പ്രഹരിക്കുകയും അവൾക്ക് ഉന്മൂലനാശം വരുത്തുകയും ചെയ്യും.
21, 22. ദൈവജനത്തെ ആക്രമിക്കാൻ കാട്ടുമൃഗത്തെ പ്രേരിപ്പിക്കുന്നത് ആരായിരിക്കും?
21 മഹാബാബിലോണിന്റെ ഒപ്പം യഹോവയുടെ വിശ്വസ്ത സാക്ഷികൾ നശിച്ചുപോകുമോ? ഇല്ല. ദൈവത്തിന് അവരോട് അപ്രീതിയില്ല. നിർമലാരാധന എക്കാലവും നിലനിൽക്കും. എന്നിരുന്നാലും, മഹാബാബിലോണിനെ നശിപ്പിക്കുന്ന കാട്ടുമൃഗം അത്യാഗ്രഹത്തോടെ യഹോവയുടെ ജനത്തിന്റെ നേർക്കും തിരിയും. അങ്ങനെ ചെയ്യുമ്പോൾ, ആ മൃഗം നിർവഹിക്കുന്നത് ദൈവത്തിന്റെ ഹിതം ആയിരിക്കില്ല, മറ്റൊരാളുടെ ഹിതം ആയിരിക്കും. ആരുടെ? പിശാചായ സാത്താന്റെ.
22 സാത്താന്റെ ഗർവിഷ്ഠമായ പദ്ധതിയെ യഹോവ മറനീക്കി കാണിക്കുന്നു: ‘അന്നാളിൽ നിന്റെ [സാത്താന്റെ] ഹൃദയത്തിൽ ചില ആലോചനകൾ തോന്നും; നീ ഒരു ദുരുപായം നിരൂപിക്കും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും [സംരക്ഷണ] മതിൽ കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.’ (യെഹെസ്കേൽ 38:10-12) സാത്താൻ ചിന്തിക്കുന്നത് ഇങ്ങനെ ആയിരിക്കും: ‘എന്തുകൊണ്ട് യഹോവയുടെ സാക്ഷികളെ ആക്രമിക്കാൻ രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചുകൂടാ? അവരെ ആക്രമിക്കാൻ വളരെ എളുപ്പമാണ്, അവർക്കു സംരക്ഷണമില്ല, രാഷ്ട്രീയ സ്വാധീനമില്ല, അവർ ചെറുത്തുനിൽക്കുകയില്ല. കാവലില്ലാത്ത പക്ഷിക്കൂട്ടിലെ മുട്ടകൾ പോലെ അവരെ എളുപ്പത്തിൽ പെറുക്കിയെടുക്കാം!’
23. ആധുനികകാല അസീറിയ ക്രൈസ്തവലോകത്തെ നശിപ്പിക്കുന്നതു പോലെ ദൈവജനത്തെ നശിപ്പിക്കുന്നതിൽ വിജയിക്കില്ലാത്തത് എന്തുകൊണ്ട്?
23 പക്ഷേ, രാഷ്ട്രങ്ങളേ, ജാഗ്രത പാലിക്കുവിൻ! യഹോവയുടെ ജനത്തെ തൊട്ടാൽ നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടിവരുന്നത് ദൈവത്തോടാണെന്ന് മനസ്സിലാക്കിക്കൊള്ളുവിൻ! യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നു. ഹിസ്കീയാവിന്റെ നാളിൽ അവൻ യെരൂശലേമിനു വേണ്ടി പോരാടിയതു പോലെ, അവൻ തന്റെ ആധുനികകാല ജനത്തിനു വേണ്ടിയും പോരാടും. ആധുനികകാല അസീറിയ യഹോവയുടെ ദാസന്മാരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ, വാസ്തവത്തിൽ യഹോവയാം ദൈവത്തോടും കുഞ്ഞാടായ യേശുക്രിസ്തുവിനോടും ആയിരിക്കും അവർ പോരാടുക. അസീറിയ ആ പോരാട്ടത്തിൽ വിജയിക്കുകയില്ല. മറിച്ച്, ‘കുഞ്ഞാട് അവരെ ജയിക്കും.’ കാരണം, അവൻ ‘കർത്താധികർത്താവും രാജാധിരാജാവും’ ആണെന്നു ബൈബിൾ പറയുന്നു. (വെളിപ്പാടു 17:14; മത്തായി 25:40 താരതമ്യം ചെയ്യുക.) പുരാതനകാലത്തെ അസീറിയയെ പോലെ, കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗം ‘നാശത്തിലേക്കു പോകും.’ പിന്നെ, ആർക്കും അതിനെ ഭയപ്പെടേണ്ടിവരില്ല.—വെളിപ്പാടു 17:11.
24. (എ) ഭാവിക്കു വേണ്ടി തയ്യാറാകുന്നതിന് സത്യക്രിസ്ത്യാനികൾ എന്തു ചെയ്യാൻ ദൃഢചിത്തരാണ്? (ബി) യെശയ്യാവ് വിദൂര ഭാവിയിലേക്ക് നോക്കുന്നത് എങ്ങനെ? (155-ാം പേജിലെ ചതുരം കാണുക.)
24 യഹോവയുമായുള്ള തങ്ങളുടെ ബന്ധം ശക്തമാക്കി നിലനിറുത്തുകയും അവന്റെ ഹിതത്തിനു ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുകയും ചെയ്യുന്നെങ്കിൽ, സത്യക്രിസ്ത്യാനികൾക്കു ഭാവിയെ നിർഭയം അഭിമുഖീകരിക്കാൻ സാധിക്കും. (മത്തായി 6:33) അപ്പോൾ അവർ “ഒരു അനർത്ഥവും” ഭയപ്പെടേണ്ടതില്ല. (സങ്കീർത്തനം 23:4) ശിക്ഷിക്കാനല്ല മറിച്ച്, ശത്രുക്കളിൽനിന്നു രക്ഷിക്കാനായി ദൈവം തന്റെ ബലിഷ്ഠമായ കൈ ഉയർത്തിയിരിക്കുന്നത് വിശ്വാസ നേത്രങ്ങൾകൊണ്ട് അവർ കാണും. “ഭയപ്പെടേണ്ടാ” എന്ന ഉറപ്പേകുന്ന ശബ്ദം അവരുടെ കാതുകളിൽ പതിയും.—യെശയ്യാവു 10:24.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 203 കാണുക.
b കാര്യങ്ങൾ വ്യക്തമാക്കാനായി യെശയ്യാവു 10:28-32, യെശയ്യാവു 10:20-27-നു മുമ്പായി ചർച്ച ചെയ്തിരിക്കുന്നു.
c യെശയ്യാവു 10:20-23-ന്റെ ചർച്ചയ്ക്കായി 155-ാം പേജിലെ “യെശയ്യാവ് വിദൂര ഭാവിയിലേക്കു നോക്കുന്നു” എന്ന ഭാഗം കാണുക.
d ഈ വേശ്യയെയും കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 34, 35 അധ്യായങ്ങളിൽ കാണാം.
[155, 156 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
യെശയ്യാവ് വിദൂര ഭാവിയിലേക്കു നോക്കുന്നു
ഇസ്രായേലിന്റെ മേൽ ന്യായവിധി നടത്താനായി യഹോവ അസീറിയയെ ഉപയോഗിക്കുന്ന വിധത്തെ കുറിച്ചും യെരൂശലേമിനെ സംരക്ഷിക്കുമെന്ന അവന്റെ വാഗ്ദാനത്തെ കുറിച്ചുമാണ് യെശയ്യാവു 10-ാം അധ്യായം പ്രധാനമായും പ്രതിപാദിക്കുന്നത്. 20 മുതൽ 23 വരെയുള്ള വാക്യങ്ങൾ ഈ പ്രവചനത്തിന്റെ മധ്യഭാഗത്തായി കാണുന്നതിനാൽ, അതേ കാലയളവിൽ അവയ്ക്കും ഒരു പൊതു നിവൃത്തി ഉള്ളതായി കരുതാവുന്നതാണ്. (യെശയ്യാവു 1:7-9 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, തന്നിലെ നിവാസികളുടെ പാപങ്ങൾക്ക് യെരൂശലേമും കണക്കു ബോധിപ്പിക്കേണ്ടിവരുന്ന പിൽക്കാല സമയങ്ങളിൽ ആ വാക്യങ്ങൾക്കു കൂടുതലായ നിവൃത്തി ഉള്ളതായി അതിലെ പദങ്ങൾ സൂചിപ്പിക്കുന്നു.
സഹായത്തിനായി അസീറിയയിലേക്കു തിരിഞ്ഞുകൊണ്ട് ആഹാസ് രാജാവ് സുരക്ഷിതത്വം തേടുന്നു. ഇസ്രായേൽ ഗൃഹത്തിൽ ശേഷിക്കുന്നവർ പിന്നീടൊരിക്കലും മൂഢമായ അത്തരമൊരു ഗതി പിൻപറ്റുകയില്ല എന്ന് യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറയുന്നു. അവർ “യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും” എന്ന് യെശയ്യാവു 10:20 പറയുന്നു. എന്നിരുന്നാലും, വളരെ കുറച്ചു പേരേ അങ്ങനെ ചെയ്യുകയുള്ളുവെന്ന് 21-ാം വാക്യം പ്രകടമാക്കുന്നു: “ഒരു ശേഷിപ്പു മടങ്ങിവരും.” ഇസ്രായേലിൽ ഒരു അടയാളമായിരിക്കുന്ന, യെശയ്യാവിന്റെ ശെയാർ-യാശൂബ് എന്ന പുത്രനെ കുറിച്ച് ഇതു നമ്മെ ഓർമിപ്പിക്കുന്നു. ആ പേരിന്റെ അർഥം “കേവലം ഒരു ശേഷിപ്പു മടങ്ങിവരും” എന്നാണ്. (യെശയ്യാവു 7:3) 10-ാം അധ്യായത്തിന്റെ 22-ാം വാക്യം നിർണയിക്കപ്പെട്ടിരിക്കുന്ന ആസന്നമായ “സംഹാര”ത്തെ കുറിച്ചു പറയുന്നു. അത്തരമൊരു സംഹാരം നീതിനിഷ്ഠമായിരിക്കും. കാരണം, മത്സരിയായ ഒരു ജനതയുടെ മേലുള്ള ന്യായയുക്തമായ ശിക്ഷയായിരിക്കും അത്. തത്ഫലമായി, “കടല്ക്കരയിലെ മണൽപോലെ” നിരവധി ആയിരിക്കുന്ന ആ ജനതയിൽ ഒരു ശേഷിപ്പു മാത്രമേ മടങ്ങിവരുകയുള്ളൂ. ആസന്നമായ ഈ സംഹാരം മുഴു ദേശത്തെയും ബാധിക്കുമെന്ന് 23-ാം വാക്യം മുന്നറിയിപ്പു നൽകുന്നു. ഇത്തവണ യെരൂശലേം അതിൽനിന്ന് ഒഴിഞ്ഞിരിക്കുകയില്ല.
യഹോവ പൊ.യു.മു. 607-ൽ ബാബിലോണിയൻ സാമ്രാജ്യത്തെ തന്റെ ‘കോൽ’ ആയി ഉപയോഗിച്ചപ്പോൾ സംഭവിച്ചതിനെ ഈ വാക്യങ്ങൾ നന്നായി വർണിക്കുന്നു. യെരൂശലേം ഉൾപ്പെടെ മുഴു ദേശവും ശത്രുക്കളുടെ ആക്രമണത്തിനു വിധേയമായി. യഹൂദന്മാരെ ബന്ദികളായി ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി. 70 വർഷം അവർക്ക് അവിടെ കഴിയേണ്ടിവന്നു. എങ്കിലും, അതിനുശേഷം കുറച്ചു പേർ—‘കേവലം ഒരു ശേഷിപ്പ്’—യെരൂശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കാൻ മടങ്ങി.
യെശയ്യാവു 10:20-23-ലെ പ്രവചനത്തിന് ഒന്നാം നൂറ്റാണ്ടിലും ഒരു നിവൃത്തി ഉണ്ടായി. റോമർ 9:27, 28 അതു പ്രകടമാക്കുന്നു. (യെശയ്യാവു 1:9; റോമർ 9:29 എന്നിവ താരതമ്യം ചെയ്യുക.) വിശ്വസ്ത യഹൂദന്മാർ അടങ്ങുന്ന ചെറിയൊരു കൂട്ടം ആളുകൾ യേശുക്രിസ്തുവിന്റെ അനുഗാമികൾ ആയിത്തീർന്നുകൊണ്ട് “ആത്മാവിലും സത്യത്തിലും” യഹോവയെ ആരാധിക്കാൻ തുടങ്ങിയപ്പോൾ, പൊ.യു. ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാരുടെ ഒരു ‘ശേഷിപ്പ്’ ആത്മീയ അർഥത്തിൽ യഹോവയിലേക്കു ‘മടങ്ങിവന്ന’തായി പൗലൊസ് വിശദീകരിക്കുന്നു. (യോഹന്നാൻ 4:24) പിന്നീട്, വിശ്വാസികളായ പുറജാതീയരും അവരോടു ചേർന്നു. അങ്ങനെ, ഒരു ആത്മീയ ജനത, ‘ദൈവത്തിന്റെ യിസ്രായേൽ’ അസ്തിത്വത്തിൽ വന്നു. (ഗലാത്യർ 6:16) ആ അവസരത്തിൽ യെശയ്യാവു 10:20-ലെ വാക്കുകൾക്കു നിവൃത്തിയുണ്ടായി. യഹോവയ്ക്കു സമർപ്പിക്കപ്പെട്ട ജനത ‘പിന്നീടൊരിക്കലും’ (NW) അവനെ ഉപേക്ഷിച്ച് മനുഷ്യ ഉറവിടങ്ങളിലേക്കു തിരിഞ്ഞില്ല.
[147-ാം പേജിലെ ചിത്രം]
ഒരു കൂട്ടിൽനിന്നു മുട്ടകൾ ശേഖരിക്കുന്നതുപോലെ അത്ര അനായാസമായി ജനതകളെ കൂട്ടിച്ചേർക്കാനാകുമെന്ന് സൻഹേരീബ് കരുതുന്നു