യഹോവാഭയത്തിൽ സന്തുഷ്ടി കണ്ടെത്താൻ പഠിക്കൽ
“മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ [“ഭയത്തെ,” NW] ഞാൻ ഉപദേശിച്ചുതരാം.”—സങ്കീർത്തനം 34:11.
1. ദൈവരാജ്യം ഭയം തുടച്ചുമാററുന്നത് എങ്ങനെ, അത് എല്ലാ ഭയത്തെയും അർഥമാക്കുന്നുവോ?
എല്ലായിടത്തും ആളുകൾ ഭയത്തിൽനിന്ന്—കുററകൃത്യങ്ങളെയും അക്രമത്തെയുംകുറിച്ചുള്ള ഭയത്തിൽനിന്നും തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഭയത്തിൽനിന്നും ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള ഭയത്തിൽനിന്നും—ഉള്ള സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. ദൈവരാജ്യത്തിൻ കീഴിൽ ആ സ്വാതന്ത്ര്യം യാഥാർഥ്യമായിത്തീരുന്ന ആ ദിനം എത്ര മഹത്തായ ഒന്നായിരിക്കും! (യെശയ്യാവു 33:24; 65:21-23; മീഖാ 4:4) എങ്കിലും, അന്ന് എല്ലാത്തരം ഭയവും തുടച്ചുമാററപ്പെടുകയില്ല, ഇന്നു നമ്മുടെ ജീവിതത്തിൽനിന്നു സകല ഭയവും തുടച്ചുമാററാൻ നാം ശ്രമിക്കുകയും അരുത്. നല്ല ഭയവും മോശമായ ഭയവുമുണ്ട്.
2. (എ) ഏതുതരം ഭയമാണു മോശമായിരിക്കുന്നത്, അഭികാമ്യമായിരിക്കുന്നത് ഏതാണ്? (ബി) ദൈവഭയം എന്താണ്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ അത് എങ്ങനെ സൂചിപ്പിക്കുന്നു?
2 ഭയത്തിന്, ന്യായവാദം ചെയ്യുന്നതിനുള്ള ഒരു വ്യക്തിയുടെ പ്രാപ്തിയെ ക്ഷയിപ്പിക്കുന്ന ഒരു മാനസിക വിഷം ആയിത്തീരാൻ കഴിയും. ധൈര്യത്തിനു തുരങ്കം വയ്ക്കാനും പ്രത്യാശ നശിപ്പിക്കാനും അതിനു കഴിയും. ഒരു ശത്രുവിനാൽ ശാരീരികമായി ഭീഷണിപ്പെടുത്തപ്പെടുമ്പോൾ ഒരുവൻ അത്തരം ഭയം അനുഭവിച്ചെന്നു വരാം. (യിരെമ്യാവു 51:30) സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു പ്രത്യേക വ്യക്തിയുടെ അംഗീകാരം നേടിയെടുക്കുന്നതിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരുവൻ അത് അനുഭവിക്കാനിടയുണ്ട്. (സദൃശവാക്യങ്ങൾ 29:25) എന്നാൽ ആരോഗ്യാവഹമായ ഭയവുമുണ്ട്. വീണ്ടുവിചാരമില്ലാതെ എന്തെങ്കിലും ചെയ്യുന്നതിൽനിന്ന്, സ്വയം മുറിപ്പെടുത്തുന്നതിൽനിന്നു നമ്മെ തടയുന്ന ഒന്നാണത്. ദൈവഭയം അതിനെക്കാൾ കവിഞ്ഞ ഒന്നാണ്. യഹോവയോടുള്ള ഒരു ഭയമാണത്, അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ആരോഗ്യാവഹമായ ഭയം സഹിതം അവനോടുള്ള ആഴമായ ആദരവുതന്നെ. (സങ്കീർത്തനം 89:7) ദൈവത്തിന്റെ അപ്രീതിക്കു പാത്രമാകുന്നതിലുള്ള ഈ ഭയം, അവന്റെ സ്നേഹദയയെയും നൻമയെയുംപ്രതിയുള്ള വിലമതിപ്പിൽനിന്ന് ഉരുത്തിരിയുന്നതാണ്. (സങ്കീർത്തനം 5:7; ഹോശേയ 3:5) തന്നെ അനുസരിക്കാൻ വിസമ്മതിക്കുന്നവരെ ശിക്ഷിക്കാനും അവരെ മരണത്തിനു പാത്രമാക്കാനും ശക്തിയുള്ള പരമോന്നത ന്യായാധിപനും സർവശക്തനും യഹോവയാണെന്നുള്ള ബോധ്യവും അതിൽ ഉൾപ്പെടുന്നു.—റോമർ 14:10-12.
3. യഹോവാഭയവും പുറജാതീയ ദൈവങ്ങളോടുള്ള ഭയവും വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
3 ദൈവഭയം ആരോഗ്യാവഹമാണ്, അനാരോഗ്യാവഹമല്ല. അത് തെററുചെയ്തുകൊണ്ട് അനുരഞ്ജനപ്പെടുന്നതിനു പകരം ശരിയായതിനുവേണ്ടി ഉറച്ചുനിൽക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു. ഭീതി ഉളവാക്കുന്ന ദുഷ്ട ദൈവമായി വർണിച്ചിരിക്കുന്ന പുരാതന ഗ്രീക്കു ദേവനായിരുന്ന ഫോബോസിനോടുള്ള ഭയംപോലെയല്ല അത്. ആ ഭയം, ശവങ്ങളും പാമ്പുകളും തലയോട്ടികളും ആഭരണങ്ങളായി ഉപയോഗിക്കുന്നതായി ചിലപ്പോഴെല്ലാം ചിത്രീകരിക്കപ്പെടുന്ന രക്തദാഹിയായ ഹൈന്ദവ ദേവിയായ കാളിയുമായി ബന്ധപ്പെട്ട ഭയംപോലെയും അല്ല. ദൈവഭയം ആകർഷിക്കുന്നു; അത് വിരട്ടുന്നില്ല. അത് സ്നേഹവും വിലമതിപ്പുമായി ഇടകലർന്നതാണ്. അങ്ങനെ ദൈവഭയം നമ്മെ യഹോവയിലേക്ക് ആകർഷിക്കുന്നു.—ആവർത്തനപുസ്തകം 10:12, 13; സങ്കീർത്തനം 2:11.
അതു ചിലർക്കുണ്ടായിരിക്കുകയും ചിലർക്കില്ലാതിരിക്കയും ചെയ്യുന്നതിന്റെ കാരണം
4. അപ്പോസ്തലനായ പൗലോസ് വിവരിച്ചിരിക്കുന്നപ്രകാരം മനുഷ്യവർഗം ഏതവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു, ഇതിനു കാരണമെന്ത്?
4 മനുഷ്യവർഗം പൊതുവേ, ദൈവഭയമെന്ന ഗുണത്താൽ പ്രേരിതരല്ല. മനുഷ്യർ ആരംഭത്തിലെ പൂർണതയിൽനിന്ന് എത്രത്തോളം തറപററിയെന്ന് അപ്പോസ്തലനായ പൗലോസ് റോമർ 3:9-18-ൽ വിശദീകരിക്കുന്നു. സകലരും പാപത്തിൻകീഴിലാണെന്നു പറഞ്ഞശേഷം “നൻമ ചെയ്യുന്നവനില്ല; ഒരുത്തൻപോലുമില്ല” എന്നു പറഞ്ഞുകൊണ്ട് പൗലോസ് സങ്കീർത്തനങ്ങളിൽനിന്ന് ഉദ്ധരിക്കുന്നു. (കാണുക: സങ്കീർത്തനം 14:1.) അതിനുശേഷം, ദൈവത്തെ അന്വേഷിക്കുന്നതിലുള്ള മനുഷ്യവർഗത്തിന്റെ അവഗണന, അവരുടെ ദയയില്ലായ്മ, അവരുടെ വഞ്ചനാത്മകമായ സംസാരം, ശപിക്കൽ, രക്തച്ചൊരിച്ചിൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് അവൻ കൂടുതലായ വിശദാംശങ്ങൾ നൽകുന്നു. ഇന്നത്തെ ലോകത്തെ അത് എത്ര കൃത്യമായി വർണിക്കുന്നു! മനുഷ്യരിൽ ഭൂരിപക്ഷത്തിനും ദൈവത്തിലും അവന്റെ ഉദ്ദേശ്യങ്ങളിലും താത്പര്യമില്ല. ദയാപരമായ പ്രവൃത്തിയുടെ രൂപത്തിൽ എന്തെങ്കിലും ചെയ്യുന്നെങ്കിൽത്തന്നെ അതു മിക്കപ്പോഴും എന്തെങ്കിലും ലാഭം മനസ്സിൽ കണ്ടുകൊണ്ടായിരിക്കും. നുണപറച്ചിലും ചീത്ത സംസാരവും സർവസാധാരണമാണ്. രക്തച്ചൊരിച്ചിലുകളെപ്പററി വാർത്തകളിൽ വരുന്നു, മാത്രമല്ല വിനോദങ്ങളിലും അവ ചിത്രീകരിക്കപ്പെടുന്നു. അത്തരമൊരു സ്ഥിതിവിശേഷത്തിനു കാരണമെന്താണ്? നാമെല്ലാം പാപിയായ ആദാമിന്റെ സന്തതികളാണെന്നതു ശരിതന്നെ. എങ്കിലും, അപ്പോസ്തലനായ പൗലോസ് വിവരിച്ചിരിക്കുന്ന കാര്യങ്ങൾ ആളുകൾ തങ്ങളുടെ ജീവിതരീതിയായി സ്വീകരിക്കുമ്പോൾ അതിനെക്കാൾ അധികം ഉൾപ്പെടുന്നു. അതെന്താണെന്ന് 18-ാം വാക്യം ഇങ്ങനെ പറഞ്ഞുകൊണ്ടു വിശദീകരിക്കുന്നു: “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല.”—കാണുക: സങ്കീർത്തനം 36:1.
5. ചിലയാളുകൾക്കു ദൈവഭയമുണ്ടായിരിക്കെ മററു ചിലർക്ക് അതില്ലാത്തതിന്റെ കാരണമെന്ത്?
5 ചിലയാളുകൾക്കു ദൈവഭയമുണ്ടായിരിക്കെ മററു ചിലർക്ക് ഇല്ലാത്തതിനു കാരണമെന്താണ്? കാരണം ലളിതമാണ്, ചിലർ അതു നട്ടുവളർത്തുന്നു, അതേസമയം മററുള്ളവർ അങ്ങനെ ചെയ്യുന്നില്ല. ദൈവഭയം സഹിതം ജനിച്ചവരായി നമ്മിലാരും ഇല്ല, എങ്കിലും, നമുക്കെല്ലാം അതിനുള്ള പ്രാപ്തിയുണ്ട്. ദൈവഭയം നാം പഠിക്കേണ്ട ഒന്നാണ്. എന്നിട്ട്, അതു നമ്മുടെ ജീവിതത്തിൽ ഒരു ശക്തമായ പ്രേരകഘടകമായിരിക്കുന്നതിനു നാം അതു നട്ടുവളർത്തേണ്ട ആവശ്യമുണ്ട്.
ഹൃദ്യമായ ഒരു ക്ഷണം
6. സങ്കീർത്തനം 34:11-ൽ രേഖപ്പെടുത്തിയിരിക്കുന്ന ക്ഷണം നമുക്കു നീട്ടിത്തരുന്നത് ആർ, ദൈവഭയം പഠിച്ചെടുക്കേണ്ടതാണെന്ന് ഈ വാക്യം കാണിക്കുന്നതെങ്ങനെ?
6 യഹോവാഭയമെന്തെന്നു പഠിക്കാനുള്ള ഹൃദ്യമായ ഒരു ക്ഷണം സങ്കീർത്തനം 34 നമുക്കു വെച്ചുനീട്ടുന്നു. ഇതു ദാവീദിന്റെ ഒരു സങ്കീർത്തനമാണ്. ദാവീദ് ആരെയാണു മുൻനിഴലാക്കിയത്? മററാരെയുമല്ല യേശുക്രിസ്തുവിനെത്തന്നെ. അപ്പോസ്തലനായ യോഹന്നാൻ പ്രത്യേകമായി യേശുവിൽ ബാധകമാക്കിയ ഒരു പ്രവചനം ഈ സങ്കീർത്തനത്തിന്റെ 20-ാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (യോഹന്നാൻ 19:36) 11-ാം വാക്യത്തിലെപ്പോലെ ഒരു ക്ഷണം നമ്മുടെ നാളിൽ വെച്ചുനീട്ടുന്നത് യേശുവാണ്: “മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ [“ഭയത്തെ,” NW] ഞാൻ ഉപദേശിച്ചുതരാം.” ദൈവഭയം പഠിച്ചെടുക്കാവുന്ന ഒന്നാണെന്ന് ഇതു സ്പഷ്ടമായി കാണിക്കുന്നു. മാത്രമല്ല, നമ്മെ പഠിപ്പിക്കാൻ യേശുക്രിസ്തു അത്യന്തം യോഗ്യതയുള്ളവനാണുതാനും. അതെന്തുകൊണ്ടാണ്?
7. നാം ദൈവഭയം പഠിക്കാൻ യേശു ഉത്തമമാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
7 ദൈവഭയത്തിന്റെ പ്രാധാന്യം യേശുക്രിസ്തുവിനറിയാം. അവനെപ്പററി എബ്രായർ 5:7 ഇങ്ങനെ പറയുന്നു: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” അത്തരം ദൈവഭയം ദണ്ഡനസ്തംഭത്തിലെ മരണത്തെ അഭിമുഖീകരിക്കുന്നതിനു മുമ്പുപോലും യേശു പ്രകടിപ്പിച്ച ഒരു ഗുണമാണ്. സദൃശവാക്യങ്ങൾ 8-ാം അധ്യായം ദൈവപുത്രനെ ജ്ഞാനത്തിന്റെ ആളത്വമായി വർണിച്ചിരിക്കുന്നുവെന്ന് ഓർക്കുക. കൂടാതെ, “യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭ”മാണെന്നു സദൃശവാക്യങ്ങൾ 9:10-ൽ നമ്മോടു പറയുന്നു. തൻമൂലം, ഈ ദൈവഭയം ദൈവപുത്രൻ ഭൂമിയിൽ വരുന്നതിനു വളരെമുമ്പുതന്നെ അവന്റെ വ്യക്തിത്വത്തിന്റെ പ്രമുഖഭാഗമായിരുന്നു.
8. യെശയ്യാവു 11:2, 3-ൽ യഹോവാഭയത്തെപ്പററി നാം എന്തു പഠിക്കുന്നു?
8 കൂടാതെ, മിശിഹൈക രാജാവെന്ന നിലയിൽ യേശുവിനെപ്പററി യെശയ്യാവു 11:2, 3 ഇങ്ങനെ പ്രസ്താവിക്കുന്നു: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും [“യഹോവാഭയത്തിന്റെയും,” NW] ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാഭയത്തിൽ,” NW] ആയിരിക്കും.” എത്ര മനോഹരമായിട്ടാണ് അതു വർണിച്ചിരിക്കുന്നത്! യഹോവാഭയത്തിൽ അഹിതകരമായി ഒന്നുമില്ല. അത് ക്രിയാത്മകവും നിർമാണാത്മകവുമാണ്. അത് ക്രിസ്തു രാജാവായി ഭരണം നടത്തുന്ന പ്രദേശമെങ്ങും വ്യാപിക്കുന്ന ഒരു ഗുണവിശേഷമാണ്. അവൻ ഇപ്പോൾ ഭരിക്കുകയാണ്, തന്റെ പ്രജകളായി കൂട്ടിച്ചേർത്തിരിക്കുന്ന സകലർക്കും അവൻ ദൈവഭയത്തിൽ നിർദേശം നൽകുകയുമാണ്. എങ്ങനെ?
9. യേശുക്രിസ്തു നമ്മെ യഹോവാഭയം പഠിപ്പിക്കുന്നതെങ്ങനെ, അതേപ്പററി നാം എന്തു പഠിക്കാൻ അവൻ ആഗ്രഹിക്കുന്നു?
9 സഭയുടെ നിയുക്ത ശിരസ്സും മിശിഹൈക രാജാവുമെന്ന നിലയിൽ യേശു നമ്മുടെ സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ ദൈവഭയം എന്താണെന്നും അത് എന്തുകൊണ്ടാണ് ഇത്ര പ്രയോജനപ്രദമായിരിക്കുന്നതെന്നും വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. അങ്ങനെ, അവൻ ആസ്വദിക്കുന്നപോലെ നാമും യഹോവാഭയത്തിൽ ആസ്വാദനം കണ്ടെത്താൻ പഠിക്കാൻ തക്കവണ്ണം അതിനോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കാൻ അവൻ ശ്രമിക്കുന്നു.
നിങ്ങൾ ശ്രമം ചെലുത്തുമോ?
10. യഹോവാഭയം പഠിക്കണമെന്നുണ്ടെങ്കിൽ ക്രിസ്തീയ യോഗങ്ങളിൽ പങ്കുപററുമ്പോൾ നാം എന്തു ചെയ്യേണ്ടതുണ്ട്?
10 നാം വെറുതെ ബൈബിൾ വായിക്കുന്നതോ ഒരു രാജ്യഹാളിൽ സഭായോഗങ്ങൾക്കു ഹാജരാകുന്നതോ നമുക്കു ദൈവഭയം ഉണ്ടായിരിക്കുമെന്നതിന് ഉറപ്പു നൽകുന്നില്ല. യഹോവാഭയം യഥാർഥത്തിൽ മനസ്സിലാക്കണമെങ്കിൽ നാം എന്തുചെയ്യണമെന്നു ശ്രദ്ധിക്കുക. സദൃശവാക്യങ്ങൾ 2:1-5 പറയുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി [“യഹോവാഭയം,” NW] ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.” അതുകൊണ്ട്, യോഗങ്ങൾക്കു ഹാജരാകുമ്പോൾ അവിടെ പറയുന്ന കാര്യങ്ങളിൽ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ട ആവശ്യമുണ്ട്, ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മുഖ്യ ആശയങ്ങൾ ഓർമയിൽ വയ്ക്കുന്നതിനും ആത്മാർഥ ശ്രമം ചെലുത്തേണ്ടതുണ്ട്, യഹോവയെപ്പററി നാം ചിന്തിക്കുന്ന വിധം, നമുക്കു നൽകപ്പെടുന്ന ബുദ്ധ്യുപദേശത്തോടുള്ള നമ്മുടെ മനോഭാവത്തെ എങ്ങനെ സ്വാധീനിക്കണമെന്നു ഗാഢമായി ചിന്തിക്കേണ്ടതുമുണ്ട്—അതേ, നമ്മുടെ ഹൃദയങ്ങളെ തുറക്കേണ്ടതുണ്ട്. അപ്പോൾ നാം യഹോവാഭയം ഗ്രഹിക്കും.
11. ദൈവഭയം നട്ടുവളർത്തുന്നതിന് നാം ആത്മാർഥമായും പതിവായും എന്തു ചെയ്യണം?
11 സങ്കീർത്തനം 86:11 മറെറാരു പ്രധാന വസ്തുതയിലേക്ക്, അതായത് പ്രാർഥനയിലേക്ക്, ശ്രദ്ധ ക്ഷണിക്കുന്നു. “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും” എന്നു സങ്കീർത്തനക്കാരൻ പ്രാർഥിച്ചു. “നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.” ആ പ്രാർഥന ബൈബിളിൽ രേഖപ്പെടുത്തിയത് യഹോവ ആ പ്രാർഥന അംഗീകരിച്ചുവെന്നതിനു തെളിവാണ്. ദൈവഭയം നട്ടുവളർത്തുന്നതിനു നാമും യഹോവയുടെ സഹായത്തിനുവേണ്ടി അവനോടു പ്രാർഥിക്കണം. കൂടാതെ, ആത്മാർഥമായും പതിവായും പ്രാർഥിക്കുന്നതുകൊണ്ടു നാം പ്രയോജനവുമനുഭവിക്കും.—ലൂക്കൊസ് 18:1-8.
നിങ്ങളുടെ ഹൃദയം ഉൾപ്പെട്ടിരിക്കുന്നു
12. ഹൃദയത്തിനു പ്രത്യേക ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്, അതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
12 സങ്കീർത്തനം 86:11-ൽ നാം ശ്രദ്ധിക്കേണ്ട മറെറാരു സംഗതിയുമുണ്ട്. ദൈവഭയത്തെപ്പററിയുള്ള ബുദ്ധിപരമായ ഗ്രാഹ്യത്തിനുവേണ്ടിയായിരുന്നില്ല സങ്കീർത്തനക്കാരൻ അഭ്യർഥിച്ചത്. അവൻ തന്റെ ഹൃദയത്തെപ്പററി പരാമർശിക്കുന്നു. ദൈവഭയം നട്ടുവളർത്തുന്നതിൽ, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ആലങ്കാരിക ഹൃദയമാണ് ഉൾപ്പെട്ടിരിക്കുന്നത്. കാരണം, അതു നമ്മുടെ ജീവിതത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാകുന്ന ആന്തരിക വ്യക്തിയാണ്. അതിൽ നമ്മുടെ ചിന്താഗതികളും നമ്മുടെ മനോഭാവങ്ങളും നമ്മുടെ ആഗ്രഹങ്ങളും നമ്മുടെ പ്രചോദനങ്ങളും നമ്മുടെ ലക്ഷ്യങ്ങളുമെല്ലാം ഉൾപ്പെട്ടിരിക്കുന്നു.
13. (എ) ഒരു വ്യക്തിയുടെ ഹൃദയം വിഭജിതമാണ് എന്ന് എന്തു സൂചിപ്പിച്ചേക്കാം? (ബി) നാം ദൈവഭയം നട്ടുവളർത്തവേ എന്തു ലക്ഷ്യത്തോടെയായിരിക്കണം നാം പ്രവർത്തിക്കേണ്ടത്?
13 ഒരു വ്യക്തിയുടെ ഹൃദയം വിഭജിതമായേക്കാമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. അത് വഞ്ചനാത്മകമായേക്കാം. (സങ്കീർത്തനം 12:2; യിരെമ്യാവു 17:9) അതു നമ്മെ സഭായോഗങ്ങൾക്കും വയൽസേവനത്തിനും പോകുന്നതുപോലുള്ള ആരോഗ്യാവഹമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ അതേസമയംതന്നെ ലോകപ്രകാരമുള്ള ജീവിതരീതിയിലെ ചില തുറകളെയും അത് ഇഷ്ടപ്പെട്ടേക്കാം. രാജ്യതാത്പര്യങ്ങളെ മുഴു ദേഹിയോടെ ഉന്നമിപ്പിക്കുന്നതിൽനിന്ന് ഇതു നമ്മെ തടഞ്ഞേക്കാം. തദനന്തരം, എന്താ, മററുള്ള അനേകർ ചെയ്യുന്നപോലെ നാമും ചെയ്യുന്നുണ്ടല്ലോ, എന്ന ചിന്താഗതി നാം പിന്തുടരാൻ വഞ്ചനാത്മക ഹൃദയം ഇടയാക്കിയേക്കാം. അതുമല്ലെങ്കിൽ, ഒരുപക്ഷേ സ്കൂളിലോ ലൗകിക ജോലിസ്ഥലത്തോ നമ്മുടെ ഹൃദയം മാനുഷഭയത്താൽ സ്വാധീനിക്കപ്പെടാൻ ഇടയായേക്കാം. തത്ഫലമായി, അത്തരം ചുററുപാടുകളിൽ നാം യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണെന്നു തിരിച്ചറിയിക്കാൻ മടിച്ചേക്കാമെന്നുമാത്രമല്ല ക്രിസ്ത്യാനികൾക്ക് അനുചിതമായ കാര്യങ്ങൾ ചെയ്യുകപോലും ചെയ്തേക്കാം. എന്നിരുന്നാലും, പിന്നീട് നമ്മുടെ മനസ്സാക്ഷി നമ്മെ കുററപ്പെടുത്തുന്നു. അത്തരം ആളുകളായിരിക്കാനല്ല നാം ആഗ്രഹിക്കുന്നത്. അതുകൊണ്ട്, സങ്കീർത്തനക്കാരോടൊപ്പം നാം യഹോവയോട് ഇങ്ങനെ പ്രാർഥിക്കുന്നു: “നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.” നമ്മുടെ ജീവിതത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലൂടെയും പ്രകടമാകുന്ന മുഴു ആന്തരിക വ്യക്തിയും നാം “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണി”ക്കുന്നുവെന്നതിനു തെളിവു നൽകാൻ നാം ആഗ്രഹിക്കുന്നു.—സഭാപ്രസംഗി 12:13.
14, 15. (എ) ബാബിലോന്റെ അടിമത്തത്തിൽനിന്നുള്ള പുനഃസ്ഥിതീകരണത്തെപ്പററി മുൻകൂട്ടിപ്പറഞ്ഞപ്പോൾ തന്റെ ജനത്തിന് എന്തു നൽകുമെന്നാണു യഹോവ വാഗ്ദത്തം ചെയ്തത്? (ബി) തന്റെ ജനഹൃദയങ്ങളിൽ ദൈവഭയം നട്ടുപിടിപ്പിക്കുന്നതിന് യഹോവ എന്താണു ചെയ്തത്? (സി) ഇസ്രായേൽ യഹോവയുടെ വഴികളിൽനിന്നു പിൻമാറിയത് എന്തുകൊണ്ട്?
14 യഹോവ തന്റെ ജനത്തിന് ദൈവഭയമുള്ള അത്തരമൊരു ഹൃദയം നൽകുമെന്നു വാഗ്ദാനം ചെയ്തു. യിരെമ്യാവു 32:37-39-ൽ നാം വായിക്കുന്നപ്രകാരം അവൻ ഇസ്രായേലിന്റെ പുനഃസ്ഥിതീകരണത്തെപ്പററി മുൻകൂട്ടിപ്പറഞ്ഞു: “എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും. അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും.” 40-ാം വാക്യത്തിൽ ദൈവത്തിന്റെ വാഗ്ദത്തം കൂടുതൽ ബലിഷ്ഠമാക്കിയിരിക്കുന്നു: “അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി [“ഭയം,” NW] ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും. താൻ വാഗ്ദാനം ചെയ്തപോലെതന്നെ പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 537-ൽ യഹോവ അവരെ യെരുശലേമിലേക്കു തിരികെ കൊണ്ടുവരുകതന്നെ ചെയ്തു. എന്നാൽ ആ വാഗ്ദത്തത്തിന്റെ ശേഷിച്ച വശം—താൻ അവർക്ക് ‘തന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഏകമനസ്സു’ നൽകുമെന്നത്—സംബന്ധിച്ച് എന്ത്? യഹോവ അവരെ ബാബിലോനിൽനിന്നു തിരികെ വരുത്തിയശേഷവും ഒരിക്കലും പുതുക്കിപ്പണിയാനാവാത്തവിധം പൊ.യു. (പൊതുയുഗം) 70-ൽ പുരാതന ഇസ്രായേല്യരുടെ ദേവാലയം നശിപ്പിക്കത്തക്കവണ്ണം അവർ അവനു പുറംതിരിഞ്ഞതിനു കാരണമെന്താണ്?
15 യഹോവയുടെ പക്ഷത്തുനിന്നുള്ള ഏതെങ്കിലും പരാജയമായിരുന്നില്ല അതിനു കാരണം. തന്റെ ജനത്തിന്റെ ഹൃദയങ്ങളിൽ ദൈവഭയം വളർത്തുന്നതിനു യഹോവ പടികൾ സ്വീകരിക്കുകതന്നെ ചെയ്തു. അവരെ ബാബിലോനിൽനിന്നു വിടുവിച്ചു പുനഃസ്ഥിതീകരിക്കുന്നതിൽ അവൻ കാണിച്ച കരുണ മുഖാന്തരം ഭക്ത്യാദരങ്ങളോടെ തന്നെ വീക്ഷിക്കുന്നതിന് അവൻ അവർക്ക് ഒട്ടനവധി കാരണങ്ങൾ നൽകി. ഓർമിപ്പിക്കലുകളിലൂടെയും ബുദ്ധ്യുപദേശത്തിലൂടെയും ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നീ പ്രവാചകൻമാരിലൂടെ നൽകിയ ശാസനകളിലൂടെയും അധ്യാപകനെന്ന നിലയിൽ അവരുടെ ഇടയിലേക്കയയ്ക്കപ്പെട്ട എസ്രായിലൂടെയും ഗവർണറായിരുന്ന നെഹെമ്യാവിലൂടെയും ദൈവത്തിന്റെ പുത്രനിലൂടെത്തന്നെയും ദൈവം അതെല്ലാം ബലിഷ്ഠമാക്കി. ചിലപ്പോഴൊക്കെ ജനങ്ങൾ അതിനു ശ്രദ്ധനൽകി. ഹഗ്ഗായി, സെഖര്യാവ് എന്നിവരുടെ പ്രേരണയാൽ യഹോവയുടെ ആലയം പുതുക്കിപ്പണിതപ്പോഴും എസ്രായുടെ നാളുകളിൽ അന്യജാതിക്കാരായിരുന്ന ഭാര്യമാരെ മടക്കി അയച്ചപ്പോഴും അവർ അപ്രകാരം ചെയ്യുകയുണ്ടായി. (എസ്രാ 5:1, 2; 10:1-4) എങ്കിലും ഒട്ടുമിക്കപ്പോഴും അവർ അനുസരിച്ചില്ല. ശ്രദ്ധചെലുത്തുന്നതിൽ അവർക്കു സ്ഥിരതയില്ലായിരുന്നു; ബുദ്ധ്യുപദേശം കൈക്കൊള്ളുന്ന കാര്യത്തിൽ അവർ സ്വീകാര്യക്ഷമതയുള്ളവരായി തുടർന്നില്ല; അവർ തങ്ങളുടെ ഹൃദയങ്ങളെ തുറന്നില്ല. ഇസ്രായേല്യർ ദൈവഭയം നട്ടുവളർത്തുകയായിരുന്നില്ല. തത്ഫലമായി, അത് അവരുടെ ജീവിതത്തിലെ ഒരു ശക്തമായ പ്രേരക ഘടകമായിരുന്നില്ല.—മലാഖി 1:6; മത്തായി 15:7, 8.
16. ആരുടെ ഹൃദയങ്ങളിലാണ് യഹോവ ദൈവഭയം നട്ടുവളർത്തിയിരിക്കുന്നത്?
16 എങ്കിലും, തന്റെ ജനത്തിന്റെ ഹൃദയങ്ങളിൽ ദൈവഭയം വളർത്തുന്നതിനുള്ള യഹോവയുടെ വാഗ്ദത്തം പരാജയപ്പെട്ടില്ല. സ്വർഗീയ പ്രത്യാശ വാഗ്ദാനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളായ ആത്മീയ ഇസ്രായേലുമായി അവൻ ഒരു പുതിയ ഉടമ്പടി ചെയ്തു. (യിരെമ്യാവു 31:33; ഗലാത്യർ 6:16) 1919-ൽ ദൈവം അവരെ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെ അടിമത്തത്തിൽനിന്നു പുനഃസ്ഥിതീകരിച്ചു. അവരുടെ ഹൃദയങ്ങളിൽ അവൻ ദൈവഭയം ആഴത്തിൽ നട്ടുപിടിപ്പിക്കുകയുണ്ടായി. ഇത് അവർക്കും രാജ്യത്തിന്റെ ഭൗമിക പ്രജകളെന്ന നിലയിൽ ജീവന്റെ പ്രത്യാശയുള്ള “മഹാപുരുഷാര”ത്തിനും സമൃദ്ധമായ പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നു. (യിരെമ്യാവു 32:39; വെളിപ്പാടു 7:9) അവരുടെ ഹൃദയങ്ങളിലും ദൈവഭയം ഉണ്ടാകാനിടയായി.
ദൈവഭയം നമ്മുടെ ഹൃദയങ്ങളിൽ വേരുപിടിക്കുന്ന വിധം
17. യഹോവ നമ്മുടെ ഹൃദയങ്ങളിൽ ദൈവഭയം വെച്ചിരിക്കുന്നതെങ്ങനെ?
17 ഈ ദൈവഭയം യഹോവ എങ്ങനെയാണു നമ്മുടെ ഹൃദയങ്ങളിൽ നട്ടുപിടിപ്പിച്ചിരിക്കുന്നത്? അവന്റെ ആത്മാവിന്റെ പ്രവർത്തനത്തിലൂടെ. പരിശുദ്ധാത്മാവിന്റെ ഉത്പാദനമായി നമ്മുടെ പക്കൽ എന്താണുള്ളത്? ദൈവത്തിന്റെ നിശ്വസ്തവചനമായ ബൈബിൾ. (2 തിമൊഥെയൊസ് 3:16, 17) അവൻ കഴിഞ്ഞകാലത്തു ചെയ്തതിലൂടെയും തന്റെ പ്രാവചനിക വാക്കുകളുടെ നിവൃത്തിയായി തന്റെ ഇപ്പോഴുള്ള ദാസൻമാരുമായുള്ള പെരുമാററത്തിലൂടെയും വരാൻപോകുന്ന കാര്യങ്ങളെപ്പററിയുള്ള പ്രവചനങ്ങളിലൂടെയും ദൈവഭയം വികസിപ്പിച്ചെടുക്കുന്നതിനു യഹോവ നമുക്കെല്ലാം ന്യായമായ അടിസ്ഥാനം പ്രദാനംചെയ്യുന്നു.—യോശുവ 24:2-15; എബ്രായർ 10:30, 31.
18, 19. കൺവെൻഷനുകൾ, സമ്മേളനങ്ങൾ, സഭായോഗങ്ങൾ എന്നിവ ദൈവഭയം നേടിയെടുക്കാൻ നമ്മെ എങ്ങനെ സഹായിക്കുന്നു?
18 ആവർത്തനപുസ്തകം 4:10-ൽ റിപ്പോർട്ടു ചെയ്തിരിക്കുന്ന, യഹോവ മോശയോടു പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: “ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാൾ ഒക്കെയും എന്നെ ഭയപ്പെടുവാൻ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം.” സമാനമായി ഇന്ന്, തന്നെ ഭയപ്പെടുവാൻ തന്റെ ജനത്തെ സഹായിക്കുന്നതിനുവേണ്ടി യഹോവ സമൃദ്ധമായ കരുതലുകൾ ചെയ്തിരിക്കുന്നു. കൺവെൻഷനുകളിലും സമ്മേളനങ്ങളിലും സഭായോഗങ്ങളിലും നാം യഹോവയുടെ സ്നേഹദയയുടെയും നൻമയുടെയും തെളിവ് എടുത്തുപറയുന്നു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം പഠിച്ചപ്പോൾ നാം അതാണു ചെയ്തുകൊണ്ടിരുന്നത്. ആ അധ്യയനം നിങ്ങളെയും യഹോവയെപ്രതിയുള്ള നിങ്ങളുടെ മനോഭാവത്തെയും എങ്ങനെയാണു ബാധിച്ചത്? നമ്മുടെ സ്വർഗീയ പിതാവിന്റെ മഹത്തായ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ അവന്റെ പുത്രനിൽ പ്രതിഫലിച്ചു കണ്ടപ്പോൾ അത് ഒരിക്കലും ദൈവത്തെ അപ്രീതിപ്പെടുത്താതിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ബലിഷ്ഠമാക്കിയില്ലേ?—കൊലൊസ്സ്യർ 1:15.
19 കഴിഞ്ഞകാലങ്ങളിൽ യഹോവ തന്റെ ജനത്തെ വിടുവിച്ച വൃത്താന്തങ്ങളും നമ്മുടെ യോഗങ്ങളിൽ നാം പഠിക്കുന്നു. (2 ശമൂവേൽ 7:23) വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ സഹായത്തോടെ ബൈബിൾ പുസ്തകമായ വെളിപാടു നാം പഠിക്കുമ്പോൾ ഈ 20-ാം നൂററാണ്ടിൽ പൂർത്തിയായ പ്രാവചനിക ദർശനങ്ങളെപ്പററിയും ഇനിയും സംഭവിക്കാൻ പോകുന്ന ഭയവിഹ്വലമായ മററു കാര്യങ്ങളെപ്പററിയും നാം പഠിക്കുന്നു. ദൈവത്തിന്റെ അത്തരം പ്രവൃത്തികളെയെല്ലാം സംബന്ധിച്ച് സങ്കീർത്തനം 66:5 ഇങ്ങനെ പ്രസ്താവിക്കുന്നു: “വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; അവൻ മനുഷ്യപുത്രൻമാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.” ഉചിതമായി വീക്ഷിക്കുന്നപക്ഷം ഈ പ്രവൃത്തികൾ നമ്മുടെ ഹൃദയങ്ങളിൽ യഹോവാഭയം, ആഴമായ ഭക്ത്യാദരവ്, നട്ടുപിടിപ്പിക്കുന്നു. അങ്ങനെ, “അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും” എന്ന തന്റെ വാഗ്ദത്തത്തെ യഹോവയാം ദൈവം എങ്ങനെ നിവർത്തിക്കുന്നു എന്നു നമുക്കു കാണാൻ കഴിയും.—യിരെമ്യാവു 32:40.
20. ദൈവഭയം നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ നട്ടുവളർത്തുന്നതിന് നമ്മുടെ പക്ഷത്തുനിന്ന് എന്താണ് ആവശ്യമായിരിക്കുന്നത്?
20 നമ്മുടെ പക്ഷത്തുനിന്നുള്ള ശ്രമം കൂടാതെ നമ്മുടെ ഹൃദയങ്ങളിൽ ദൈവഭയം ഉണ്ടാവുകയില്ലെന്നതു സ്പഷ്ടമാണ്. ഫലം സ്വയമേ ഉളവാകുന്നില്ല. യഹോവ തന്റെ പങ്കു ചെയ്യുന്നു. നാം ദൈവഭയം നട്ടുവളർത്തിക്കൊണ്ടു നമ്മുടെ പങ്കും ചെയ്യണം. (ആവർത്തനപുസ്തകം 5:29) സ്വാഭാവിക ഇസ്രായേല്യർ അതു ചെയ്യുന്നതിൽ പരാജയപ്പെട്ടു. എന്നാൽ യഹോവയിലുള്ള ആശ്രയംമൂലം ദൈവത്തെ ഭയപ്പെടുന്നവർക്കുണ്ടാകുന്ന അനേക അനുഗ്രഹങ്ങൾ ആത്മീയ ഇസ്രായേല്യരും അവരുടെ സുഹൃത്തുക്കളും ഇപ്പോൾതന്നെ അനുഭവിച്ചറിയുകയാണ്. അവയിൽ ചിലത് നാം പിൻവരുന്ന ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ദൈവഭയം എന്നാൽ എന്ത്?
◻ യഹോവാഭയത്തിൽ സന്തുഷ്ടി കണ്ടെത്താൻ നാം എങ്ങനെ പഠിപ്പിക്കപ്പെടുന്നു?
◻ ദൈവഭയം ഉണ്ടായിരിക്കുന്നതിനു നമ്മുടെ പക്ഷത്തുനിന്ന് എന്തു ശ്രമമാണ് ആവശ്യമായിരിക്കുന്നത്?
◻ ദൈവഭയം സമ്പാദിക്കുന്നതിൽ നമ്മുടെ ആലങ്കാരിക ഹൃദയത്തിന്റെ എല്ലാ വശങ്ങളും ഉൾപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
[12, 13 പേജുകളിലെ ചിത്രം]
യഹോവാഭയം ഗ്രഹിക്കുന്നതിന് ശുഷ്കാന്തിയോടെയുള്ള പഠനം ആവശ്യമാണ്