അധ്യായം 19
ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുമ്പോൾ
1, 2. യഹോവയുടെ സൃഷ്ടിക്ക് എങ്ങനെ തകരാറു ഭവിക്കാനിടയായി?
ഒരു വലിയ കലാകാരൻ മഹനീയമായ ഒരു ചിത്രം വരച്ചുതീർത്തുവെന്നിരിക്കട്ടെ. അയാൾ ഉചിതമായി അതിനെ വളരെ നല്ലതെന്നു പരിഗണിക്കുന്നു—ഒരു വിശിഷ്ട കലാസൃഷ്ടി! എന്നാൽ അസൂയാലുവായ ഒരു എതിരാളി ഒററ രാത്രികൊണ്ട് അതിനെ വികൃതമാക്കുന്നു. ഇതു കലാകാരനു വലിയ ദുഃഖം കൈവരുത്തുന്നതു മനസ്സിലാക്കാവുന്നതു തന്നെയാണ്. വിനാശകാരിയെ തടവിലിട്ടു കാണാൻ അയാൾ എത്ര ആകാംക്ഷയുളളവനായിരിക്കും! തന്റെ കലാസൃഷ്ടിയെ അതിന്റെ മുൻ മനോഹാരിതയിൽ പുനഃസ്ഥാപിക്കാൻ കലാകാരൻ എത്ര വാഞ്ഛിക്കുമെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയും.
2 ആ കലാകാരനെപ്പോലെ, യഹോവ ഭൂമിയെ ഒരുക്കി അതിൽ മനുഷ്യവർഗത്തെ ആക്കിവെച്ചുകൊണ്ട് ഒരു വിശിഷ്ട കലാസൃഷ്ടി നടത്തി. പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചശേഷം അവൻ തന്റെ സകല ഭൗമിക വേലയെയും സംബന്ധിച്ചു “എത്രയും നല്ലതു” എന്നു പ്രഖ്യാപിച്ചു. (ഉല്പത്തി 1:31) ആദാമും ഹവ്വായും ദൈവത്തിന്റെ സ്വന്തം മക്കളായിരുന്നു, അവൻ അവരെ സ്നേഹിച്ചു. അവൻ അവർക്കുവേണ്ടി സന്തുഷ്ടമായ, മഹത്തായ, ഭാവി വിഭാവനചെയ്തു. സാത്താൻ അവരെ മത്സരത്തിലേക്കു നയിച്ചു എന്നതു സത്യം, എന്നാൽ കേടുപോക്കാനാവാത്തവിധം ദൈവത്തിന്റെ അതിവിശിഷ്ട സൃഷ്ടിക്കു തകരാറു വരുത്തപ്പെട്ടില്ല.—ഉല്പത്തി 3:23, 24; 6:11, 12.
3. “യഥാർഥ ജീവിതം” എന്താണ്?
3 കാര്യങ്ങൾ നേരെയാക്കാൻ ദൈവം നിശ്ചയിച്ചിരിക്കുകയാണ്. താൻ ആദിയിൽ ഉദ്ദേശിച്ച വിധത്തിൽത്തന്നെ നമ്മൾ ജീവിക്കുന്നതു കാണാൻ അവൻ അത്യന്തം ആഗ്രഹിക്കുന്നു. നമ്മുടെ ഹ്രസ്വവും അസ്വസ്ഥവുമായ അസ്തിത്വം “യഥാർഥ ജീവിതം” അല്ല, കാരണം അതു യഹോവ ഉദ്ദേശിച്ചിരിക്കുന്നതിനെക്കാൾ വളരെ മേൻമ കുറഞ്ഞതാണ്. നമുക്കുവേണ്ടി ദൈവം ആഗ്രഹിക്കുന്ന “യഥാർഥ ജീവിതം” പൂർണതയുളള അവസ്ഥകളിലെ “നിത്യജീവൻ” ആണ്.—1 തിമോത്തി 6:12, 19, NW.
4, 5. (എ) പറുദീസാപ്രത്യാശ എങ്ങനെ സഫലമാകും? (ബി) നാം നമ്മുടെ ഭാവിപ്രത്യാശയെക്കുറിച്ചു ചിന്തിക്കേണ്ടതെന്തുകൊണ്ട്?
4 ദൈവപരിജ്ഞാനം യഹോവയുടെ മുമ്പാകെ ഉത്തരവാദിത്വം കൈവരുത്തുന്നു. (യാക്കോബ് 4:17) എന്നാൽ നിങ്ങൾ ആ പരിജ്ഞാനം ബാധകമാക്കുകയും നിത്യജീവനെ എത്തിപ്പിടിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ ആസ്വദിക്കാൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുക. ഇപ്പോൾ വളരെ അടുത്തിരിക്കുന്ന പറുദീസാഭൂമിയിലെ ജീവിതം എങ്ങനെയിരിക്കുമെന്നുളളതിന്റെ ഒരു മനോഹരമായ ചിത്രം തന്റെ വചനമായ ബൈബിളിൽ യഹോവയാം ദൈവം വരച്ചുകാട്ടിയിട്ടുണ്ട്. തീർച്ചയായും യഹോവയുടെ ജനമെന്ന നിലയിൽ നാം കേവലം പ്രതിഫലത്തിനുവേണ്ടിയുളള ആഗ്രഹംകൊണ്ടല്ല ദൈവത്തെ സേവിക്കുന്നത്. നാം ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് അവനെ സേവിക്കുന്നത്. (മർക്കൊസ് 12:29, 30) തന്നെയുമല്ല, നാം യഹോവയെ സേവിക്കുന്നതിനാൽ ജീവൻ നേടിയെടുക്കുന്നില്ല. നിത്യജീവൻ ദൈവത്തിന്റെ ഒരു ദാനമാണ്. (റോമർ 6:23) അത്തരമൊരു ജീവിതത്തെക്കുറിച്ചു ധ്യാനിക്കുന്നതു നമുക്കു പ്രയോജനംചെയ്യും, എന്തുകൊണ്ടെന്നാൽ പറുദീസാ പ്രത്യാശ അതു യഹോവ ഏതു തരം ദൈവമാണെന്നു നമ്മെ ഓർമിപ്പിക്കുന്നു—‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരുടെ സ്നേഹവാനായ പ്രതിഫലദായകൻ.’ (എബ്രായർ 11:6, NW) നമ്മുടെ മനസ്സിലും ഹൃദയത്തിലും വളരെ യഥാർഥമായിരിക്കുന്ന ഒരു പ്രത്യാശ സാത്താന്റെ ലോകത്തിൽ പ്രയാസങ്ങൾ സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്തരാക്കും.—യിരെമ്യാവു 23:20.
5 നമുക്കിപ്പോൾ ഭാവി ഭൗമികപറുദീസയിലെ ബൈബിളധിഷ്ഠിതമായ നിത്യജീവന്റെ പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുമ്പോൾ ജീവിതം എങ്ങനെയിരിക്കും?
അർമഗെദോനുശേഷം—ഒരു പറുദീസാഭൂമി
6. അർമഗെദോൻ എന്താണ്, അതു മനുഷ്യവർഗത്തിന് എന്തു കൈവരുത്തും?
6 നേരത്തെ തെളിയിച്ചതുപോലെ, യഹോവയാം ദൈവം താമസിയാതെ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കും. ബൈബിൾ ഹാർമെഗദ്ദോൻ അഥവാ അർമഗെദോൻ എന്നു വിളിക്കുന്നതിലേക്കു ലോകം സത്വരം അടുത്തുകൊണ്ടിരിക്കുകയാണ്. ആ പദം യുദ്ധം ചെയ്യുന്ന രാഷ്ട്രങ്ങൾ വരുത്തിക്കൂട്ടുന്ന ഒരു ആണവ സംഹാരത്തെക്കുറിച്ചു ചിലരെ ചിന്തിപ്പിച്ചേക്കാം, എന്നാൽ അർമഗെദോൻ അതൊന്നുമല്ല. വെളിപ്പാടു 16:14-16 പ്രകടമാക്കുന്നതുപോലെ, അർമഗെദോൻ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മാണ്. അതു ‘സർവ്വഭൂതലത്തിലുമുളള രാജാക്കൻമാർ’ അല്ലെങ്കിൽ രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന ഒരു യുദ്ധമാണ്. യഹോവയാം ദൈവത്തിന്റെ പുത്രനായ നിയമിതരാജാവ് പെട്ടെന്നുതന്നെ യുദ്ധത്തിലേക്കു നീങ്ങും. ഫലം സുനിശ്ചിതമാണ്. ദൈവരാജ്യത്തെ എതിർക്കുന്നവരും സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ ഭാഗമായിരിക്കുന്നവരുമായ എല്ലാവരും നീക്കംചെയ്യപ്പെടും. യഹോവയോടു വിശ്വസ്തരായവർമാത്രം അതിജീവിക്കും.—വെളിപ്പാടു 7:9, 14; 19:11-21.
7. ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത് സാത്താനും അവന്റെ ഭൂതങ്ങളും എവിടെയായിരിക്കും, ഇതു മനുഷ്യവർഗത്തിന് എങ്ങനെ പ്രയോജനപ്പെടും?
7 നിങ്ങൾ ആ വിപത്തിനെ അതിജീവിച്ചുവെന്നു സങ്കൽപ്പിക്കുക. ദൈവത്തിന്റെ വാഗ്ദത്തംചെയ്യപ്പെട്ട പുതിയ ലോകത്തിലെ ജീവിതം എങ്ങനെയിരിക്കും? (2 പത്രൊസ് 3:13) നാം ഊഹിക്കേണ്ട ആവശ്യമില്ല, എന്തെന്നാൽ ബൈബിൾ നമ്മോടു പറയുന്നു. അതു പറയുന്നതു പുളകപ്രദമാണ്. സാത്താനും അവന്റെ ഭൂതങ്ങളും യേശുക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്തു പ്രവൃത്തിരാഹിത്യത്തിന്റെ ഒരു അഗാധത്തിൽ തടവിലാക്കപ്പെടുമെന്ന്, നിഷ്ക്രിയരാക്കപ്പെടുമെന്ന്, നാം മനസ്സിലാക്കുന്നു. ദുഷ്ടരും ദ്രോഹികളുമായ ആ ജീവികൾ കുഴപ്പമിളക്കിവിട്ടുകൊണ്ടും നമ്മെ ദൈവത്തിനെതിരായ അവിശ്വസ്തതയുടെ പ്രവൃത്തികൾക്ക് ഉത്സാഹിപ്പിക്കാൻ ശ്രമിച്ചുകൊണ്ടും തിരശ്ശീലക്കു പിമ്പിൽ പതിയിരിക്കയില്ല. എന്തൊരാശ്വാസം!—വെളിപ്പാടു 20:1-3.
8, 9. പുതിയ ലോകത്തിൽ കഷ്ടാനുഭവങ്ങൾ, രോഗം, വാർധക്യം എന്നിവയ്ക്ക് എന്തു സംഭവിക്കും?
8 തക്കസമയത്തു സകല തരം രോഗവും അപ്രത്യക്ഷമാകും. (യെശയ്യാവു 33:24) മുടന്തർ അവികലമായ, ആരോഗ്യമുളള കാലുകളിൽ നിൽക്കും, നടക്കും, ഓടും, നൃത്തം ചവിട്ടും. തങ്ങളുടെ മൗനതയുടെ ലോകത്തിൽ വർഷങ്ങൾ ജീവിച്ചശേഷം ബധിരർ തങ്ങൾക്കു ചുററുമുളള സന്തോഷകരമായ ശബ്ദങ്ങൾ കേൾക്കും. അന്ധർ തങ്ങളുടെ കണ്ണുകൾക്കു മുമ്പിൽ നിറത്തിന്റെയും രൂപത്തിന്റെയും മഹനീയ ലോകം ദൃശ്യമാകുമ്പോൾ ഭയാദരവോടെ പകച്ചുനിൽക്കും. (യെശയ്യാവു 35:5, 6) ഒടുവിൽ, അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ കാണും! ഒരുപക്ഷേ, അന്നു സന്തോഷാശ്രു നിമിത്തം അവരുടെ കാഴ്ച നിമിഷനേരത്തേക്കുമാത്രം മങ്ങിപ്പോയേക്കാം.
9 ചിന്തിച്ചുനോക്കുക! മേലാൽ കണ്ണട വേണ്ട, ഊന്നുവടികൾ വേണ്ട, വടികൾ വേണ്ട, ഔഷധങ്ങൾ വേണ്ട, ദന്തചികിത്സാലയങ്ങൾ വേണ്ട, ആശുപത്രികൾ വേണ്ട! വൈകാരികരോഗങ്ങളോ വിഷാദരോഗമോ മേലാൽ ഒരിക്കലും ആളുകളുടെ സന്തുഷ്ടി കവർന്നുകളകയില്ല. ബാല്യകാലം രോഗബാധിതമായിരിക്കയില്ല. വാർധക്യത്തിന്റെ കെടുതികൾ പിൻവാങ്ങും. (ഇയ്യോബ് 33:25) നാം കൂടുതൽ ആരോഗ്യവും ശക്തിയുമുളളവരായിത്തീരും. ഓരോ പ്രഭാതത്തിലും രാത്രിയിലെ നവോൻമേഷപ്രദമായ നിദ്രയിൽനിന്ന്, പുതുവീര്യത്തോടെ ഊർജസ്വലരായി ചൈതന്യം തുടിക്കുന്ന ജീവിതത്തിന്റേതും സംതൃപ്തിദായകമായ ജോലിയുടേതുമായ ഒരു പുതുദിനത്തിലേക്കു നാം ഉണർന്നുവരും.
10. അർമഗെദോനെ അതിജീവിക്കുന്നവർ ഏതു ജോലിനിയമനം ഏറെറടുക്കും?
10 അർമഗെദോനെ അതിജീവിക്കുന്നവർക്ക് ആസ്വാദ്യമായ ധാരാളം വേല ചെയ്യാനുണ്ടായിരിക്കും. അവർ ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തും. മലീമസമായ പഴയ വ്യവസ്ഥിതിയുടെ ഏതു കണികകളും നീക്കംചെയ്യപ്പെടും. ചേരികളുടെയും പാഴ്നിലങ്ങളുടെയും സ്ഥാനത്ത് ഉദ്യാനങ്ങളും തോട്ടങ്ങളും രൂപംകൊളളും. എല്ലാവരും സുഖദായകവും ഉല്ലാസപ്രദവുമായ പാർപ്പിടങ്ങൾ ആസ്വദിക്കും. (യെശയ്യാവു 65:21) കാലം കടന്നുപോകുന്നതോടെ മുഴുഗോളവും പണ്ടത്തെ ഏദെൻതോട്ടത്തിൽ സ്രഷ്ടാവു വെച്ച മനോഹാരിതയുടെ നിലവാരത്തിലെത്തുവോളം ഭൂമിയിലെ ആ പറുദീസാഭാഗങ്ങൾ വളർന്ന് ഒന്നിച്ചുചേർന്നുകൊണ്ടിരിക്കും. ആ പുനഃസ്ഥാപനവേലയിൽ പങ്കെടുക്കുന്നത് എത്ര സംതൃപ്തിദായകമായിരിക്കും!
11. ഭൂമിയുടെ പരിസ്ഥിതിയോടും മൃഗജീവികളോടുമുളള മനുഷ്യവർഗത്തിന്റെ ഭാവിബന്ധം എന്തായിരിക്കും?
11 പരിസ്ഥിതിക്കു കോട്ടംതട്ടാതിരിക്കത്തക്കവണ്ണം ഇതെല്ലാം ദിവ്യ മാർഗനിർദേശത്തിൻകീഴിൽ ചെയ്യപ്പെടും. മനുഷ്യർ മൃഗങ്ങളോടു സമാധാനത്തിലായിരിക്കും. അവയെ നിഷ്കരുണം കൊല്ലുന്നതിനുപകരം നന്നായി പരിപാലിച്ചുകൊണ്ടു മനുഷ്യൻ ഭൂമിയുടെ ഉത്തരവാദിത്വമുളള ഗൃഹവിചാരകത്വം ഏറെറടുക്കും. ചെന്നായ്ക്കളും കുഞ്ഞാടുകളും സിംഹങ്ങളും പശുക്കിടാക്കളും ഒരുമിച്ചു മേയുന്നത് ഒന്നു ഭാവനയിൽ കാണുക—വളർത്തുമൃഗങ്ങൾ തികച്ചും സുരക്ഷിതം. ഒരു കൊച്ചുകുട്ടിക്കുപോലും കാട്ടുമൃഗങ്ങളിൽനിന്നു യാതൊന്നും ഭയപ്പെടാനുണ്ടായിരിക്കയില്ല, പുതിയ ലോകത്തിലെ പ്രശാന്തത നിർദയരായ ഭീകരൻമാരാൽ താറുമാറാക്കപ്പെടുകയുമില്ല. (യെശയ്യാവു 11:6-8) സമാധാനപൂർണമായ എന്തൊരു പുതിയ ലോകം ആയിരിക്കുമത്!
മനുഷ്യവർഗം രൂപാന്തരപ്പെടുന്നു
12. യെശയ്യാവു 11:9 ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ, അതു പറുദീസയിൽ എങ്ങനെ നിവൃത്തിയേറും?
12 സർവഭൂമിയിലും യാതൊരു ഉപദ്രവവും ചെയ്യുകയില്ലാത്തത് എന്തുകൊണ്ട് എന്നു യെശയ്യാവു 11:9 നമ്മോടു പറയുന്നു: “സമുദ്രം വെളളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണ”മായിരിക്കും എന്ന് അതു പറയുന്നു. ഇത് ആളുകളെ സംബന്ധിക്കുന്നതാണ്, എന്തെന്നാൽ മൃഗങ്ങൾക്കു “യഹോവയുടെ പരിജ്ഞാനം” ഉൾക്കൊളളാനും മാററങ്ങൾ വരുത്താനും കഴിയില്ല, കാരണം അവ സഹജജ്ഞാനത്താലാണു ഭരിക്കപ്പെടുന്നത്. എന്നാൽ നമ്മുടെ സ്രഷ്ടാവിനെ സംബന്ധിച്ച പരിജ്ഞാനം തീർച്ചയായും ആളുകൾക്കു മാററം വരുത്തുന്നു. നിങ്ങളുടെ ജീവിതത്തിൽ ദൈവപരിജ്ഞാനം ബാധകമാക്കിയതിന്റെ ഫലമായി നിങ്ങൾ ഇപ്പോൾത്തന്നെ ചില മാററങ്ങൾ വരുത്തിയിട്ടുണ്ടെന്നുളളതിനു സംശയമില്ല. ദശലക്ഷങ്ങൾ ഇതു ചെയ്തിരിക്കുന്നു. അതുകൊണ്ട്, ഈ പ്രവചനം യഹോവയെ സേവിക്കുന്നവരിൽ ഇപ്പോൾത്തന്നെ നിവൃത്തിയേറിത്തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ലോകമാസകലമുളള ആളുകൾ മൃഗീയമോ ഹിംസാത്മകമോ ആയ ഏതു സ്വഭാവവിശേഷങ്ങളും വിട്ടുകളഞ്ഞ് എന്നേക്കും സമാധാനപ്രിയർ ആയിത്തീരുന്ന ഒരു കാലത്തിലേക്കും അതു വിരൽ ചൂണ്ടുന്നു.
13. ഭൂമിയിൽ ഏതു വിദ്യാഭ്യാസപരിപാടി നടക്കും?
13 ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുമ്പോൾ അത് എത്ര മഹത്തായിരിക്കും! രാജാവായ യേശുക്രിസ്തുവിന്റെയും അവന്റെ 1,44,000 സഹ ഭരണാധികാരികളുടെയും മാർഗനിർദേശത്തിൻകീഴിൽ വിപുലമായ ഒരു വിദ്യാഭ്യാസ പരിപാടി ഉണ്ടായിരിക്കും. പുതിയ “ചുരുളുകൾ” അന്ന് ഉപയോഗത്തിൽ വരും. തെളിവനുസരിച്ച്, ഇവ ഭൂവാസികളെ പഠിപ്പിക്കുന്നതിനുളള ഒരു അടിസ്ഥാനമായി ഉതകുന്ന ദൈവത്തിന്റെ എഴുതപ്പെട്ട നിർദേശങ്ങൾ ആണ്. (വെളിപാട് 20:12, NW) മനുഷ്യവർഗം യുദ്ധമല്ല, സമാധാനം അഭ്യസിക്കും. സകല നശീകരണായുധങ്ങളും എന്നേക്കുമായി പൊയ്പോയിരിക്കും. (സങ്കീർത്തനം 46:9) പുതിയ ലോകത്തിലെ നിവാസികൾ തങ്ങളുടെ സഹമനുഷ്യരോടു സ്നേഹത്തോടും ആദരവോടും മാന്യതയോടുംകൂടെ പെരുമാറാൻ പഠിപ്പിക്കപ്പെടും.
14. മനുഷ്യവർഗം ഒരു ഏകീകൃത കുടുംബമായിരിക്കുമ്പോൾ ലോകം എങ്ങനെ വ്യത്യസ്തമായിരിക്കും?
14 മനുഷ്യവർഗം ഒരു ഏകീകൃത കുടുംബമായിത്തീരും. ഐക്യത്തിനും സാഹോദര്യത്തിനും വിലങ്ങുതടികൾ ഉണ്ടായിരിക്കയില്ല. (സങ്കീർത്തനം 133:1-3) കളളൻമാരിൽനിന്നു രക്ഷപ്പെടാൻ ആരുടെയും വീടു പൂട്ടേണ്ടിവരികയില്ല. ഓരോ ഹൃദയത്തിലും ഓരോ ഭവനത്തിലും ഭൂമിയുടെ ഓരോ ഭാഗത്തും സമാധാനം വാഴും.—മീഖാ 4:4.
സന്തോഷകരമായ പുനരുത്ഥാനം
15. ഭൂമിയിൽ ഏതു രണ്ടു കൂട്ടങ്ങൾ ഉയിർപ്പിക്കപ്പെടും?
15 ആ സഹസ്രാബ്ദത്തിൽ പുനരുത്ഥാനം നടക്കും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന് അഥവാ പ്രവർത്തനനിരതമായ ശക്തിക്ക് എതിരെ, അതിന്റെ പ്രത്യക്ഷതകൾക്ക് അഥവാ നടത്തിപ്പുകൾക്കു വിരുദ്ധമായി അനുതാപമില്ലാതെ പ്രവർത്തിച്ചുകൊണ്ടു മനഃപൂർവം പാപംചെയ്തവർ ഉയിർപ്പിക്കപ്പെടുകയില്ല. (മത്തായി 23:15, 33; എബ്രായർ 6:4-6) തീർച്ചയായും ആ വിധത്തിൽ പാപം ചെയ്തത് ആരാണെന്നു ദൈവം നിശ്ചയിക്കും. എന്നാൽ വ്യതിരിക്തമായ രണ്ടു കൂട്ടങ്ങൾ ഉയിർപ്പിക്കപ്പെടും.—‘നീതിമാൻമാരും നീതികെട്ടവരും.’ (പ്രവൃത്തികൾ 24:15) ഉചിതമായ ക്രമം ഉണ്ടായിരിക്കുമെന്നുളളതുകൊണ്ടു ഭൂമിയിലെ ജീവിതത്തിലേക്ക് ആദ്യമായി സ്വാഗതം ചെയ്യപ്പെടുന്നതു നീതിമാൻമാർ, യഹോവയെ വിശ്വസ്തമായി സേവിച്ചവർ, ആയിരിക്കുമെന്നു നിഗമനംചെയ്യുന്നതു ന്യായയുക്തമാണ്.—എബ്രായർ 11:35-39.
16. (എ) ഭൂമിയിൽ ഉയിർപ്പിക്കപ്പെടുന്ന ‘നീതിമാൻമാർ’ ആരായിരിക്കും? (ബി) പുരാതനകാലത്തെ ഏതു വിശ്വസ്തരെ നിങ്ങൾ പ്രത്യേകാൽ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു, എന്തുകൊണ്ട്?
16 യുദ്ധങ്ങളെയും വിപത്തുകളെയും മരണത്തെയും കുറിച്ചുളള വാർത്തകൾ കേൾക്കുന്നതിനു പകരം യഹോവയുടെ ദാസൻമാർക്കു പുനരുത്ഥാനത്തിന്റെ അത്ഭുതവാർത്തകൾ ലഭിക്കും. ഹാബേൽ, ഹാനോക്ക്, നോഹ, അബ്രഹാം, സാറാ, ഇയ്യോബ്, മോശ, രാഹാബ്, രൂത്ത്, ദാവീദ്, ഏലിയാവ്, എസ്ഥേർ എന്നിങ്ങനെയുളള വിശ്വസ്ത സ്ത്രീപുരുഷൻമാരുടെ മടങ്ങിവരവിനെക്കുറിച്ചു മനസ്സിലാക്കുന്നത് ആവേശജനകമായിരിക്കും. അവർ ഒട്ടനവധി ബൈബിൾ വൃത്താന്തങ്ങളുടെ പശ്ചാത്തല വിശദാംശങ്ങൾ നൽകുമ്പോൾ എന്ത് ഉത്തേജകമായ ചരിത്ര വസ്തുതകൾ ആയിരിക്കും അവർ അവതരിപ്പിക്കുക! അവരും കുറേക്കൂടെ അടുത്ത കാലങ്ങളിൽ മരിച്ച നീതിമാൻമാരും സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യം, യഹോവ തന്റെ വിശുദ്ധനാമത്തെ വിശുദ്ധീകരിക്കയും തന്റെ പരമാധികാരത്തെ സംസ്ഥാപിക്കയും ചെയ്ത വിധം, എന്നിവയെപ്പററി മനസ്സിലാക്കാൻ അത്രതന്നെ ആകാംക്ഷയുളളവരായിരിക്കും.
17. പുനരുത്ഥാനം പ്രാപിക്കുന്ന മററുളളവർക്കു വിശ്വസ്തർ ഏതു സഹായം കൊടുക്കും?
17 ശതകോടിക്കണക്കിനു “നീതികെട്ടവർ” മരണത്തിന്റെ ബന്ധനങ്ങളിൽനിന്നു വിടുവിക്കപ്പെടുന്നതായ പുനരുത്ഥാനത്തിന്റെ അടുത്ത ഘട്ടത്തിൽ ഈ വിശ്വസ്തർ എത്ര സഹായമായിരിക്കും! മനുഷ്യവർഗത്തിൽ മിക്കവർക്കും യഹോവയെ അറിയാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. സാത്താൻ അവരുടെ ‘മനസ്സുകളെ കുരുടാക്കുകയായിരുന്നു.’ (2 കൊരിന്ത്യർ 4:4) എന്നാൽ പിശാചിന്റെ പ്രവൃത്തി അഴിക്കപ്പെടും. നീതികെട്ടവർ മനോഹരവും സമാധാനപരവുമായ ഒരു ഭൂമിയിലേക്കു തിരികെ വരും. യഹോവയെയും വാഴ്ച നടത്തുന്ന അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ച് അവരെ പഠിപ്പിക്കാൻ സംഘടിതരായ ഒരു ജനത്താൽ അവർ സ്വാഗതംചെയ്യപ്പെടും. പുനരുത്ഥാനം പ്രാപിച്ച ശതകോടികൾ തങ്ങളുടെ സ്രഷ്ടാവിനെ അറിയാനും സ്നേഹിക്കാനും ഇടയാകുമ്പോൾ യഹോവയെക്കുറിച്ചുളള പരിജ്ഞാനംകൊണ്ടു ഭൂമി അഭൂതപൂർവമായ ഒരു വിധത്തിൽ നിറയും.
18. പുനരുത്ഥാനം പ്രാപിക്കുന്ന പ്രിയപ്പെട്ടവരെ സ്വാഗതംചെയ്യുമ്പോൾ നിങ്ങൾക്ക് എങ്ങനെയുളള അനുഭൂതി ഉണ്ടാവുമെന്നു നിങ്ങൾ വിചാരിക്കുന്നു?
18 പുനരുത്ഥാനം നമ്മുടെ ഹൃദയങ്ങൾക്ക് എന്തു സന്തോഷം കൈവരുത്തും! നമ്മുടെ ശത്രുവായ മരണം നിമിത്തം സങ്കടമനുഭവിച്ചിട്ടില്ലാത്തവർ ആരുണ്ട്? തീർച്ചയായും, രോഗമോ വാർധക്യമോ അപകടമോ അക്രമമോ പ്രിയപ്പെട്ട ഒരാളുടെ ജീവൻ അപഹരിക്കവേ, കുറേ സ്നേഹബന്ധമോ സാഹോദര്യമോ പൊലിഞ്ഞുപോയപ്പോൾ തികച്ചും തകർച്ച അനുഭവപ്പെടാതിരുന്നിട്ടുളളവർ ആരുണ്ട്? അപ്പോൾ പറുദീസയിലെ പുനഃസമാഗമങ്ങളുടെ സന്തോഷമൊന്നു വിഭാവനചെയ്യുക. അമ്മമാരും അപ്പൻമാരും, പുത്രൻമാരും പുത്രിമാരും, സുഹൃത്തുക്കളും ബന്ധുക്കളും, ചിരിച്ചുകൊണ്ടും സന്തോഷത്താൽ കരഞ്ഞുകൊണ്ടും അന്യോന്യം കരവലയങ്ങളിലേക്ക് ഓടിയെത്തും.
ഒടുവിൽ പൂർണത!
19. സഹസ്രാബ്ദകാലത്ത് ഏത് അത്ഭുതം നടക്കും?
19 സഹസ്രാബ്ദത്തിലുടനീളം ഒരു വിസ്മയാവഹമായ അത്ഭുതം നടക്കുന്നതായിരിക്കും. മനുഷ്യവർഗത്തെ സംബന്ധിച്ചടത്തോളം അതു ക്രിസ്തുവിന്റെ സഹസ്രാബ്ദഭരണത്തിന്റെ ഏററവും പുളകപ്രദമായ വശമായിരിക്കും. വിശ്വസ്തതയും അനുസരണവുമുളള ഓരോ പുരുഷനും സ്ത്രീക്കും വേണ്ടി മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ ബാധകമാക്കാൻ യഹോവ തന്റെ പുത്രനെ നയിക്കും. ആ വിധത്തിൽ സകല പാപങ്ങളും നീക്കപ്പെടുകയും മനുഷ്യവർഗം പൂർണതയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യും.—1 യോഹന്നാൻ 2:2; വെളിപ്പാടു 21:1-4.
20. (എ) പൂർണരായിരിക്കുക എന്നാൽ അർഥമെന്ത്? (ബി) അർമഗെദോനെ അതിജീവിക്കുന്നവരും പുനരുത്ഥാനം പ്രാപിക്കുന്നവരും സമ്പൂർണമായ അർഥത്തിൽ എപ്പോഴായിരിക്കും ജീവിച്ചുതുടങ്ങുക?
20 പൂർണത! അതിന്റെ അർഥമെന്തായിരിക്കും? അതിന്റെ അർഥം ആദാമും ഹവ്വായും യഹോവയാം ദൈവത്തിനെതിരെ പാപം ചെയ്യുന്നതിനുമുമ്പ് ആസ്വദിച്ചിരുന്ന ജീവിതരീതിയിലേക്കുളള ഒരു മടങ്ങിവരവ് എന്നായിരിക്കും. ശാരീരികമായും മാനസികമായും ധാർമികമായും ആത്മീയമായും—ചിന്തനീയമായ ഏതു വിധത്തിലും—പൂർണതയുളള മനുഷ്യർ തികവോടെ ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരും. എന്നാൽ അന്ന് എല്ലാവരും സർവസമമായിരിക്കുമോ? തികച്ചും അല്ലായിരിക്കും! യഹോവയുടെ സൃഷ്ടികൾ—വൃക്ഷങ്ങളും പുഷ്പങ്ങളും മൃഗങ്ങളും—അവൻ വൈവിധ്യം ഇഷ്ടപ്പെടുന്നുവെന്നു നമ്മെ പഠിപ്പിക്കുന്നു. പൂർണതയുളള മനുഷ്യർക്കു വ്യത്യസ്ത വ്യക്തിത്വങ്ങളും പ്രാപ്തികളും ഉണ്ടായിരിക്കും. ദൈവം ഉദ്ദേശിച്ചിരുന്നതുപോലെതന്നെ ഓരോരുത്തരും ജീവിതം ആസ്വദിക്കും. വെളിപ്പാടു 20:5 ഇങ്ങനെ പറയുന്നു: “മരിച്ചവരിൽ ശേഷമുളളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല [“ജീവനിലേക്കു വന്നില്ല,” NW].” അർമഗെദോനെ അതിജീവിക്കുന്ന മഹാപുരുഷാരത്തെപ്പോലെ, പുനരുത്ഥാനം പ്രാപിക്കുന്നവർ പാപരഹിതമായ പൂർണതയിലെത്തുമ്പോൾ പൂർണമായും ജീവനുളളവരായിത്തീരും.
21. (എ) ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അവസാനത്തിൽ എന്തു സംഭവിക്കും? (ബി) സാത്താനും അവന്റെ പക്ഷംചേരുന്നവർക്കും അന്തിമമായി എന്തു സംഭവിക്കും?
21 പൂർണതയുളള മനുഷ്യർ ഒരു അന്തിമ പരിശോധനയെ അഭിമുഖീകരിക്കും. സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ സാത്താനും അവന്റെ ഭൂതങ്ങളും അല്പകാലത്തേക്ക് അഗാധത്തിൽനിന്ന് അഴിച്ചുവിടപ്പെടുകയും യഹോവയിൽനിന്ന് ആളുകളെ അകററാൻ ഒരു അന്തിമശ്രമം നടത്തുന്നതിന് അനുവദിക്കപ്പെടുകയും ചെയ്യും. ചിലർ സ്വാർഥമോഹങ്ങളെ ദൈവസ്നേഹത്തിന് ഉപരിയായി വെക്കും, എന്നാൽ ഈ മത്സരം വെട്ടിച്ചുരുക്കപ്പെടും. യഹോവ ഈ സ്വാർഥരെ സാത്താനോടും അവന്റെ സകല ഭൂതങ്ങളോടുംകൂടെ സംഹരിക്കുന്നതായിരിക്കും. അപ്പോൾ സകല ദുഷ്പ്രവൃത്തിക്കാരും എന്നേക്കും പൊയ്പോയിരിക്കും.—വെളിപ്പാടു 20:7-10.
നിങ്ങൾ എന്തു ചെയ്യും?
22. നിങ്ങൾ പറുദീസയിൽ എന്തു ചെയ്യാൻ നോക്കിപ്പാർത്തിരിക്കുന്നു?
22 യഹോവയാം ദൈവത്തെ സ്നേഹിക്കുകയും പറുദീസാഭൂമിയിൽ ജീവിക്കുകയും ചെയ്യുന്നവരുടെ മുമ്പാകെ നിത്യത നീണ്ടുകിടക്കും. അവരുടെ സന്തോഷം നമുക്ക് അശേഷം സങ്കൽപ്പിക്കാൻ കഴിയില്ല. നിങ്ങൾക്കും ഇതിൽ പങ്കുപററാൻ കഴിയും. സംഗീതം, കല, കരവിരുത്—എന്തിന്, പൂർണതയുളള മനുഷ്യവർഗത്തിന്റെ നേട്ടങ്ങൾ പഴയ ലോകത്തിലെ പ്രതിഭാശാലികളുടെ മഹൽസൃഷ്ടികളെക്കാൾ മികച്ചുനിൽക്കും! ഏതായാലും, മനുഷ്യർ പൂർണരായിരിക്കും, അവരുടെ മുമ്പാകെ അതിരററ സമയം ഉണ്ടായിരിക്കും. ഒരു പൂർണമനുഷ്യനെന്ന നിലയിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക. പ്രപഞ്ചത്തിലെ ശതകോടിക്കണക്കിനുളള താരാപംക്തികൾ മുതൽ അണുവിനെക്കാൾ ചെറിയ അതിസൂക്ഷ്മ കണികകൾവരെയുളള യഹോവയുടെ സൃഷ്ടിയെക്കുറിച്ചു നിങ്ങളും സഹമനുഷ്യരും പഠിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക. മനുഷ്യവർഗം നേടുന്ന എന്തും നമ്മുടെ സ്നേഹനിധിയായ സ്വർഗീയ പിതാവാം യഹോവയുടെ ഹൃദയത്തെ കൂടുതലായി സന്തോഷിപ്പിക്കും.—സങ്കീർത്തനം 150:1-6.
23. പറുദീസയിലെ ജീവിതം ഒരിക്കലും വിരസമാകുകയില്ലാത്തത് എന്തുകൊണ്ട്?
23 അന്നു ജീവിതം വിരസമായിരിക്കയില്ല. കാലം കടന്നുപോകവേ അത് അധികമധികം രസകരമായിത്തീരും. ദൈവപരിജ്ഞാനത്തിന് അറുതിയില്ലെന്നു നിങ്ങൾക്കറിയാമല്ലോ. (റോമർ 11:33) നിത്യതയിലുടനീളം എല്ലായ്പോഴും കൂടുതൽ പഠിക്കാനുണ്ടായിരിക്കും, പര്യവേക്ഷണം നടത്താൻ പുതിയ മേഖലകളും. (സഭാപ്രസംഗി 3:11) നിങ്ങൾ യഹോവയാം ദൈവത്തെക്കുറിച്ചു തുടർന്നു പഠിക്കുമ്പോൾ നിങ്ങൾ തുടർന്നു ജീവിക്കും—ഏതാനും വർഷങ്ങളല്ല, എന്നേക്കും!—സങ്കീർത്തനം 22:26.
24, 25. നിങ്ങൾ ഇപ്പോൾ ദൈവപരിജ്ഞാനത്തിനു ചേർച്ചയിൽ ജീവിക്കേണ്ടത് എന്തുകൊണ്ട്?
24 ഒരു പറുദീസാഭൂമിയിലെ ഉല്ലാസകരമായ ഭാവി നിങ്ങൾ ചെയ്യുന്ന ഏതു ശ്രമത്തിനും അല്ലെങ്കിൽ ത്യാഗത്തിനും തക്ക മൂല്യമുളളതല്ലേ? തീർച്ചയായും അതേ! ശരി, ആ ശോഭനമായ ഭാവിയിലേക്കു കടക്കാനുളള താക്കോൽ യഹോവ നിങ്ങൾക്കു നീട്ടിത്തന്നിരിക്കുന്നു. ആ താക്കോൽ ദൈവപരിജ്ഞാനമാണ്. നിങ്ങൾ അതുപയോഗിക്കുമോ?
25 നിങ്ങൾ യഹോവയെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ അവന്റെ ഇഷ്ടം ചെയ്യുന്നതിൽ ഉല്ലസിക്കും. (1 യോഹന്നാൻ 5:3) നിങ്ങൾ ആ ഗതി പിന്തുടരുമ്പോൾ നിങ്ങൾക്ക് എന്തനുഗ്രഹങ്ങളായിരിക്കും അനുഭവപ്പെടുക! നിങ്ങൾ ദൈവപരിജ്ഞാനം ബാധകമാക്കുന്നുവെങ്കിൽ ഈ അസ്വസ്ഥമായ ലോകത്തിൽ പോലും അതിനു നിങ്ങൾക്കു സന്തുഷ്ടിയേറിയ ജീവിതം കൈവരുത്താനാവും. ഭാവിയനുഗ്രഹങ്ങൾ വമ്പിച്ചതായിരിക്കും, എന്തുകൊണ്ടെന്നാൽ ഇതു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനമാണ്! ഇപ്പോഴാണു നിങ്ങൾക്കു പ്രവർത്തിക്കാനുളള അനുകൂലസമയം. ദൈവപരിജ്ഞാനത്തിനു ചേർച്ചയിൽ ജീവിക്കാൻ ദൃഢനിശ്ചയം ചെയ്യുക. യഹോവയോടുളള നിങ്ങളുടെ സ്നേഹം പ്രകടമാക്കുക. അവന്റെ വിശുദ്ധനാമത്തെ ബഹുമാനിക്കുകയും സാത്താനെ ഒരു നുണയനെന്നു തെളിയിക്കുകയും ചെയ്യുക. ക്രമത്തിൽ, യഥാർഥ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും ഉറവായ യഹോവയാം ദൈവം തന്റെ സ്നേഹസമ്പന്നമായ വലിയ ഹൃദയത്തിൽ നിങ്ങളെപ്രതി സന്തോഷിക്കും. (യിരെമ്യാവു 31:3; സെഫന്യാവു 3:17) അവൻ നിങ്ങളെ എന്നേക്കും സ്നേഹിക്കും!
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
“യഥാർഥ ജീവിതം” എന്താണ്?
അർമഗെദോനുശേഷം, ഭൂമിയിൽ എന്തു നടക്കും?
ഭൂമിയിൽ ആർ ഉയിർപ്പിക്കപ്പെടും?
മനുഷ്യവർഗം എങ്ങനെ പൂർണരാകയും അന്തിമമായി പരിശോധിക്കപ്പെടുകയും ചെയ്യും?
പറുദീസയെക്കുറിച്ചുളള നിങ്ങളുടെ പ്രത്യാശ എന്താണ്?
[188, 189 പേജുകളിലെ ചിത്രം]
ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുന്ന കാലത്തെ പറുദീസയിൽ നിങ്ങൾ ജീവിക്കാൻ പ്രത്യാശിക്കുന്നുവോ?