അധ്യായം പതിമൂന്ന്
മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും
1. യെശയ്യാവിന്റെ നാളിലെ ദൈവത്തിന്റെ ഉടമ്പടി ജനതയുടെ ആത്മീയ അവസ്ഥ വർണിക്കുക.
യെശയ്യാവിന്റെ നാളിൽ ദൈവത്തിന്റെ ഉടമ്പടി ജനതയുടെ ആത്മീയ അവസ്ഥ വളരെ മോശമായിരുന്നു. ഉസ്സീയാവ്, യോഥാം തുടങ്ങിയ വിശ്വസ്ത രാജാക്കന്മാരുടെ ഭരണകാലത്തുപോലും നിരവധി പേർ പൂജാഗിരികളിൽ ആരാധന നടത്തിയിരുന്നു. (2 രാജാക്കന്മാർ 15:1-4, 34, 35; 2 ദിനവൃത്താന്തം 26:1, 4) ഹിസ്കീയാവ് രാജാവായപ്പോൾ ബാൽ ആരാധന ദേശത്തുനിന്നു നീക്കം ചെയ്യാൻ അവനു നടപടി സ്വീകരിക്കേണ്ടിവന്നു. (2 ദിനവൃത്താന്തം 31:1) തന്നിലേക്കു മടങ്ങാൻ യഹോവ തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുകയും അവർക്കു ലഭിക്കാൻ പോകുന്ന ശിക്ഷയെ കുറിച്ച് മുന്നറിയിപ്പു നൽകുകയും ചെയ്തതിൽ തെല്ലും അതിശയമില്ല!
2, 3. അവിശ്വസ്തത വ്യാപകമായിരുന്നിട്ടും തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് യഹോവ എന്തു പ്രോത്സാഹനമേകുന്നു?
2 എന്നിരുന്നാലും, എല്ലാവരും കടുത്ത മത്സരികൾ ആയിരുന്നില്ല. യഹോവയ്ക്ക് വിശ്വസ്തരായ പ്രവാചകന്മാർ ഉണ്ടായിരുന്നു, അവർക്കു ചെവികൊടുത്ത ചില യഹൂദന്മാരും ദേശത്ത് ഉണ്ടായിരുന്നിരിക്കാൻ ഇടയുണ്ട്. യഹോവയ്ക്ക് അവരോട് ആശ്വാസകരമായ ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അസീറിയൻ ആക്രമണസമയത്ത് യഹൂദയ്ക്ക് ഉണ്ടാകാൻ പോകുന്ന കഷ്ടതകൾ വിവരിച്ചശേഷം, മിശിഹായുടെ ഭരണത്തിൻ കീഴിൽ വരാനിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്താൻ പ്രവാചകനായ യെശയ്യാവ് നിശ്വസ്തനാക്കപ്പെട്ടു.a ഇത് ബൈബിളിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലൊന്നാണ്. ഈ അനുഗ്രഹങ്ങളുടെ ചില വശങ്ങൾക്ക്, ബാബിലോണിയൻ പ്രവാസത്തിൽനിന്നു യഹൂദന്മാർ മടങ്ങിവന്നപ്പോൾ ചെറിയ തോതിലുള്ള ഒരു നിവൃത്തി ഉണ്ടായി. എന്നാൽ ആ പ്രവചനത്തിന് നമ്മുടെ കാലത്ത് പ്രമുഖമായ ഒരു നിവൃത്തിയുണ്ട്. അതിന്റെ നിവൃത്തി കാണാൻ യെശയ്യാവും അക്കാലത്തെ വിശ്വസ്തരായ മറ്റു യഹൂദന്മാരും അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അവർക്ക് അതിനു കഴിഞ്ഞില്ല. എങ്കിലും, പുനരുത്ഥാനം പ്രാപിക്കുമ്പോൾ അവർ അതിന്റെ നിവൃത്തി കാണും.—എബ്രായർ 11:35.
3 യഹോവയുടെ ആധുനികകാല ജനത്തിനും പ്രോത്സാഹനം ആവശ്യമാണ്. കാരണം, ധാർമിക മൂല്യങ്ങൾ വളരെ വേഗം ക്ഷയിച്ചുവരുന്ന ഒരു ലോകത്തിലാണ് അവർ ജീവിക്കുന്നത്. പലപ്പോഴും അവർക്ക് രാജ്യസന്ദേശത്തോടുള്ള ശക്തമായ എതിർപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്നു. കൂടാതെ, വ്യക്തിപരമായ ബലഹീനതകളും അവർക്കെല്ലാമുണ്ട്. ഈ വെല്ലുവിളികളെ തരണം ചെയ്യാനാവശ്യമായ ബലവും സഹായവും ദൈവജനത്തിനു പ്രദാനം ചെയ്യാൻ മിശിഹായെയും അവന്റെ ഭരണത്തെയും കുറിച്ചുള്ള യെശയ്യാവിന്റെ അത്ഭുതകരമായ വാക്കുകൾക്കു കഴിയും.
മിശിഹാ—കഴിവുറ്റ ഒരു നായകൻ
4, 5. മിശിഹായുടെ വരവിനെ കുറിച്ച് യെശയ്യാവ് എന്തു പ്രവചിച്ചു, യെശയ്യാവിന്റെ ആ വാക്കുകൾ ഏതു വിധത്തിൽ മത്തായി ബാധകമാക്കി?
4 യെശയ്യാവിന്റെ നാളിനും നൂറ്റാണ്ടുകൾക്കു മുമ്പ്, മിശിഹായുടെ—യഹോവ ഇസ്രായേലിലേക്ക് അയയ്ക്കാനിരുന്ന യഥാർഥ നായകന്റെ—വരവിനെ കുറിച്ച് മറ്റ് എബ്രായ എഴുത്തുകാർ ചൂണ്ടിക്കാട്ടിയിരുന്നു. (ഉല്പത്തി 49:10; ആവർത്തനപുസ്തകം 18:18; സങ്കീർത്തനം 118:22, 26) ഇപ്പോൾ യെശയ്യാവ് മുഖാന്തരം യഹോവ കൂടുതലായ വിശദാംശങ്ങൾ കൂട്ടിച്ചേർക്കുന്നു. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “എന്നാൽ യിശ്ശായിയുടെ കുററിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” (യെശയ്യാവു 11:1; സങ്കീർത്തനം 132:11 താരതമ്യം ചെയ്യുക.) “മുള,” ‘കൊമ്പ്’ എന്നീ വാക്കുകൾ, ഇസ്രായേൽ രാജാവെന്ന നിലയിൽ തൈലംകൊണ്ട് അഭിഷേകം ചെയ്യപ്പെട്ട ദാവീദിലൂടെ, അവന്റെ പിതാവായ യിശ്ശായിയുടെ പിൻതലമുറക്കാരൻ ആയിട്ട് ആയിരിക്കും മിശിഹാ വരുന്നത് എന്നു സൂചിപ്പിക്കുന്നു. (1 ശമൂവേൽ 16:13; യിരെമ്യാവു 23:5; വെളിപ്പാടു 22:16) ദാവീദ്ഗൃഹത്തിലെ ‘കൊമ്പ്’ ആയ യഥാർഥ മിശിഹാ നല്ല ഫലം പുറപ്പെടുവിക്കേണ്ടതാണ്.
5 വാഗ്ദത്ത മിശിഹാ യേശുവാണ്. അവൻ “നസറായൻ” എന്നു വിളിക്കപ്പെട്ടപ്പോൾ പ്രവാചകന്മാരുടെ വാക്കുകൾ നിവൃത്തിയേറിയതായി യെശയ്യാവു 11:1-ലെ വാക്കുകളെ പരാമർശിച്ചുകൊണ്ട് സുവിശേഷ എഴുത്തുകാരനായ മത്തായി പറഞ്ഞു. നസറെത്ത് എന്ന പട്ടണത്തിൽ വളർന്നതിനാലാണ് യേശുവിന് നസറായൻ എന്ന പേരു ലഭിച്ചത്. ആ പേരിന് ‘കൊമ്പ്’ എന്നതിനു യെശയ്യാവു 11:1-ൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദവുമായി ബന്ധമുണ്ട്.b—മത്തായി 2:23, NW അടിക്കുറിപ്പ്; ലൂക്കൊസ് 2:39, 40.
6. വാഗ്ദത്ത മിശിഹാ എങ്ങനെയുള്ള ഒരു ഭരണാധിപൻ ആയിരിക്കും?
6 മിശിഹാ എങ്ങനെയുള്ള ഒരു ഭരണാധിപൻ ആയിരിക്കും? പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിനെ നശിപ്പിക്കുന്ന അഹങ്കാരിയായ അസീറിയയെപ്പോലെ അവൻ ക്രൂരൻ ആയിരിക്കുമോ? തീർച്ചയായും ഇല്ല. മിശിഹായെ കുറിച്ച് യെശയ്യാവ് ഇങ്ങനെ പറയുന്നു: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും [“യഹോവാഭയത്തിന്റെയും,” NW] ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാഭയത്തിൽ,” NW] ആയിരിക്കും.” (യെശയ്യാവു 11:2, 3എ) മിശിഹാ അഭിഷേകം ചെയ്യപ്പെടുന്നത് തൈലം കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവ് കൊണ്ടാണ്. യേശുവിന്റെ സ്നാപന സമയത്താണ് അതു സംഭവിക്കുന്നത്. അപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ ഇറങ്ങിവരുന്നത് യോഹന്നാൻ സ്നാപകൻ കാണുന്നു. (ലൂക്കൊസ് 3:22) യഹോവയുടെ ആത്മാവ് യേശുവിന്റെമേൽ ‘ആവസിക്കുന്നു.’ തന്റെ പ്രവർത്തനങ്ങളിൽ ജ്ഞാനവും വിവേകവും ആലോചനയും ശക്തിയും പരിജ്ഞാനവും പ്രകടമാക്കിക്കൊണ്ട് അവൻ അതിനു തെളിവു നൽകുന്നു. ഒരു ഭരണാധിപനു വേണ്ട എത്ര വിശിഷ്ടമായ ഗുണങ്ങൾ!
7. യേശു തന്റെ വിശ്വസ്ത അനുഗാമികൾക്ക് എന്തു വാഗ്ദാനം നൽകി?
7 യേശുവിന്റെ അനുഗാമികൾക്കും പരിശുദ്ധാത്മാവു ലഭ്യമാണ്. താൻ നടത്തിയ പ്രസംഗങ്ങളിൽ ഒന്നിൽ യേശു ഇങ്ങനെ പ്രസ്താവിച്ചു: “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കൊസ് 11:13) അതുകൊണ്ട്, പരിശുദ്ധാത്മാവിനു വേണ്ടി ദൈവത്തോടു പ്രാർഥിക്കുന്നതിൽ നാം ഒരിക്കലും വിമുഖത കാണിക്കരുത്. അതിന്റെ നല്ല ഫലങ്ങൾ—“സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം”—നട്ടുവളർത്താൻ നാം എല്ലായ്പോഴും ശ്രമിക്കുകയും വേണം. (ഗലാത്യർ 5:22, 23) ജീവിത വെല്ലുവിളികളെ വിജയപ്രദമായി തരണം ചെയ്യാൻ സഹായിക്കുന്ന “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിനു വേണ്ടി യേശുവിന്റെ അനുഗാമികൾ അപേക്ഷിക്കുന്നപക്ഷം ഉത്തരം നൽകുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു.—യാക്കോബ് 1:5; 3:17.
8. യേശു എങ്ങനെ യഹോവാഭയത്തിൽ ആനന്ദം കണ്ടെത്തുന്നു?
8 മിശിഹാ പ്രകടമാക്കുന്ന യഹോവാഭയം എന്താണ്? യേശു ദൈവത്തിന്റെ മുമ്പാകെ പേടിച്ചു വിറയ്ക്കുന്നുവെന്നോ തന്നെ കുറ്റം വിധിക്കുമെന്നു ഭയപ്പെടുന്നുവെന്നോ അല്ല ഇതിനർഥം. മറിച്ച്, മിശിഹായ്ക്ക് ദൈവത്തോട് ഭക്ത്യാദരവുണ്ട്, സ്നേഹപൂർവകമായ ഭയമുണ്ട് എന്നാണ്. ദൈവഭയമുള്ള ഒരാൾ എപ്പോഴും യേശുവിനെ പോലെ “അവന്നു പ്രസാദമുള്ളതു” ചെയ്യാൻ ആഗ്രഹിക്കുന്നു. (യോഹന്നാൻ 8:29) യഹോവയോടുള്ള ആരോഗ്യാവഹമായ ഭയത്തിൽ ദിവസവും നടക്കുന്നതിനെക്കാൾ വലിയ സന്തോഷം ഇല്ല എന്നാണ് യേശുവിന്റെ വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നത്.
നീതിയും കരുണയുമുള്ള ഒരു ന്യായാധിപൻ
9. ക്രിസ്തീയ സഭയിൽ നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കായി യേശു എങ്ങനെയുള്ള മാതൃക വെക്കുന്നു?
9 മിശിഹായുടെ ഗുണങ്ങളെ കുറിച്ച് യെശയ്യാവ് കൂടുതൽ വിവരങ്ങൾ മുൻകൂട്ടി പറയുന്നു: “അവൻ [കേവലം] കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; [കേവലം] ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല.” (യെശയ്യാവു 11:3ബി) നിങ്ങൾ ഒരു കോടതി മുമ്പാകെയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ന്യായാധിപനെ പ്രതി നിങ്ങൾ നന്ദിയുള്ളവൻ ആയിരിക്കില്ലേ? മുഴു മനുഷ്യവർഗത്തിന്റെയും ന്യായാധിപനായ മിശിഹാ, തെറ്റായ വാദഗതികൾ, വഞ്ചനാത്മക വാദങ്ങൾ, കിംവദന്തികൾ എന്നിവയാലോ സമ്പത്തു പോലുള്ള മറ്റു ഘടകങ്ങളാലോ സ്വാധീനിക്കപ്പെടുന്നില്ല. അവൻ വഞ്ചന കണ്ടുപിടിക്കുന്നു, ബാഹ്യമായ കാര്യങ്ങൾക്കും അപ്പുറത്തേക്കു കടന്നുചെന്ന് ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനെ’ കാണുന്നു. (1 പത്രൊസ് 3:4) ക്രിസ്തീയ സഭയിൽ നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് അനുകരിക്കാവുന്ന അതിശ്രേഷ്ഠ മാതൃകയാണ് യേശുവിന്റേത്.—1 കൊരിന്ത്യർ 6:1-4.
10, 11. (എ) ഏതു വിധത്തിലാണ് യേശു തന്റെ അനുഗാമികളെ തിരുത്തുന്നത്? (ബി) യേശു ദുഷ്ടന്മാരുടെമേൽ എന്തു ന്യായവിധി നടത്തുന്നു?
10 മിശിഹായുടെ അതിശ്രേഷ്ഠ ഗുണങ്ങൾ അവൻ എടുക്കുന്ന നീതിന്യായ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കും? യെശയ്യാവ് ഇങ്ങനെ വിശദീകരിക്കുന്നു: “അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.”—യെശയ്യാവു 11:4, 5.
11 തന്റെ അനുഗാമികൾക്കു തിരുത്തൽ ആവശ്യമായിരിക്കുമ്പോൾ, അവർക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വിധത്തിൽ യേശു അതു നൽകുന്നു. അതു ക്രിസ്തീയ മൂപ്പന്മാർക്ക് ഒരു ഉത്കൃഷ്ട മാതൃകയാണ്. എന്നാൽ, ദുഷ്ടത പ്രവർത്തിക്കുന്നവർക്ക് കടുത്ത ന്യായവിധി പ്രതീക്ഷിക്കാവുന്നതാണ്. ദൈവം ഈ വ്യവസ്ഥിതിയോടു കണക്കു ചോദിക്കുന്ന സമയത്ത് സകല ദുഷ്ടന്മാർക്കും എതിരെ നാശത്തിന്റെ ന്യായവിധി പ്രഖ്യാപിച്ചുകൊണ്ട് തന്റെ ആധികാരിക ശബ്ദത്താൽ മിശിഹാ “ഭൂമിയെ അടിക്കും.” (സങ്കീർത്തനം 2:9; വെളിപ്പാടു 19:15 താരതമ്യം ചെയ്യുക.) പിന്നീട്, മനുഷ്യവർഗത്തിന്റെ സമാധാനം കെടുത്താൻ ദുഷ്ടന്മാരാരും ഉണ്ടായിരിക്കുകയില്ല. (സങ്കീർത്തനം 37:10, 11) നീതിയും വിശ്വസ്തതയും കൊണ്ട് നടുവും അരയും കെട്ടിയിരിക്കുന്ന യേശുവിന് അവരെ നീക്കം ചെയ്യാനുള്ള അധികാരമുണ്ട്.—സങ്കീർത്തനം 45:3-7.
ഭൂമിയിലെ മാറ്റംവന്ന അവസ്ഥകൾ
12. ബാബിലോണിൽനിന്ന് വാഗ്ദത്ത ദേശത്തേക്കു മടങ്ങിപ്പോകുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ, എന്തെല്ലാം ആകുലതകൾ യഹൂദന്മാരുടെ മനസ്സിലേക്കു വന്നേക്കാം?
12 യഹൂദന്മാർ യെരൂശലേമിലേക്കു മടങ്ങിപ്പോയി ആലയം പുനർനിർമിക്കണമെന്ന കോരെശിന്റെ (സൈറസിന്റെ) കൽപ്പനയെ കുറിച്ച് അറിഞ്ഞ ഇസ്രായേല്യരുടെ മാനസിക അവസ്ഥ ഭാവനയിൽ കാണുക. ബാബിലോണിലെ സുരക്ഷിതത്വം വിട്ടെറിഞ്ഞ് സ്വദേശത്തേക്കുള്ള ദീർഘയാത്രയ്ക്ക് അവർ മുതിരുമോ? 70 വർഷമായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന വയലുകളിൽ കളകൾ വളർന്നിരിക്കുന്നു. ചെന്നായ്ക്കളും പുള്ളിപ്പുലികളും സിംഹങ്ങളും കരടികളും ഇപ്പോൾ അവിടെ സ്വതന്ത്രമായി വിഹരിക്കുകയാണ്. അവിടം സർപ്പങ്ങളുടെയും താവളമായിത്തീർന്നിരിക്കുന്നു. മടങ്ങിയെത്തുന്ന യഹൂദർ ജീവിതം കഴിച്ചുകൂട്ടുന്നതിന് വളർത്തുമൃഗങ്ങളെ ആശ്രയിക്കേണ്ടിവരും—ആടിൽനിന്നും കന്നുകാലിയിൽനിന്നും പാലും രോമവും മാംസവും കിട്ടും, കാളയെ വയൽ ഉഴാൻ ഉപയോഗിക്കാം. എന്നാൽ, ഈ മൃഗങ്ങളെ ഇരപിടിയന്മാർ കൊല്ലുമോ? കൊച്ചുകുട്ടികളെ പാമ്പു കടിക്കുമോ? യാത്രാമധ്യേ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായേക്കുമോ?
13. (എ) വിശിഷ്ടമായ എന്ത് അവസ്ഥകളെ കുറിച്ചാണ് യെശയ്യാവ് വർണിക്കുന്നത്? (ബി) യെശയ്യാവ് വർണിക്കുന്ന സമാധാനത്തിൽ കാട്ടുമൃഗങ്ങളിൽ നിന്നുള്ള സുരക്ഷയെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം?
13 ദൈവം ദേശത്തു വരുത്താൻ പോകുന്ന വിശിഷ്ടമായ അവസ്ഥകളെ കുറിച്ച് യെശയ്യാവ് തുടർന്നു വർണിക്കുന്നു. അവൻ പറയുന്നു: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശയ്യാവു 11:6-9) ഹൃദയഹാരിയല്ലേ ഈ വാക്കുകൾ? ഇവിടെ പരാമർശിച്ചിരിക്കുന്ന സമാധാനം യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്തിൽനിന്നു വരുന്നതാണ്. അതിനാൽ, കാട്ടുമൃഗങ്ങളിൽനിന്നുള്ള സുരക്ഷയെക്കാൾ അധികം അതിൽ ഉൾപ്പെട്ടിട്ടുണ്ട്. യഹോവയെ കുറിച്ചുള്ള പരിജ്ഞാനം മൃഗങ്ങളിലല്ല, മനുഷ്യരിലാണു മാറ്റമുണ്ടാക്കുന്നത്. അതിനാൽ സ്വദേശത്തേക്കുള്ള യാത്രാമധ്യേയോ പുനഃസ്ഥാപിത ദേശത്തോ ഇസ്രായേല്യർ മൃഗങ്ങളെ അല്ലെങ്കിൽ മൃഗതുല്യരായ മനുഷ്യരെ ഭയക്കേണ്ടതില്ല.—എസ്രാ 8:21, 22; യെശയ്യാവു 35:8-10; 65:25.
14. യെശയ്യാവു 11:6-9-ന്റെ വലിയ നിവൃത്തി എന്താണ്?
14 എങ്കിലും, ഈ പ്രവചനത്തിന് ഒരു വലിയ നിവൃത്തിയുണ്ട്. 1914-ൽ യേശുക്രിസ്തു സ്വർഗീയ സീയോൻ പർവതത്തിൽ സിംഹാസനസ്ഥനായി. 1919-ൽ ‘ദൈവത്തിന്റെ യിസ്രായേലി’ൽ ശേഷിക്കുന്നവർ ബാബിലോണിയൻ അടിമത്തത്തിൽനിന്നു വിടുതൽ പ്രാപിക്കുകയും സത്യാരാധനയുടെ പുനഃസ്ഥാപനത്തിൽ പങ്കെടുക്കുകയും ചെയ്തു. (ഗലാത്യർ 6:16) തത്ഫലമായി, പറുദീസയെ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിന്റെ ആധുനികകാല നിവൃത്തിക്ക് വഴി തുറക്കപ്പെട്ടു. യഹോവയെ കുറിച്ചുള്ള സൂക്ഷ്മ ‘പരിജ്ഞാനം’ ആളുകളുടെ വ്യക്തിത്വത്തിനു മാറ്റം വരുത്തുകയുണ്ടായി. (കൊലൊസ്സ്യർ 3:9, 10) മുമ്പ് ആക്രമണകാരികളായിരുന്ന ആളുകൾ സമാധാനപ്രിയർ ആയിത്തീർന്നു. (റോമർ 12:2; എഫെസ്യർ 4:17-24) ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികൾ—അവരുടെ സംഖ്യ ത്വരിതഗതിയിൽ വർധിച്ചുവരുന്നു—യെശയ്യാവിന്റെ പ്രവചന നിവൃത്തിയിൽ ഉൾപ്പെടുന്നതിനാൽ ഈ സംഭവവികാസങ്ങൾ ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്നു. (സങ്കീർത്തനം 37:29; യെശയ്യാവു 60:22) ദൈവത്തിന്റെ ആദിമ ഉദ്ദേശ്യപ്രകാരം സുരക്ഷിതത്വവും സമാധാനവും കളിയാടുന്ന പറുദീസയായി മുഴു ഭൂമിയും മാറുന്ന കാലത്തിനായി കാത്തിരിക്കാൻ ഇവർ പഠിച്ചിരിക്കുന്നു.—മത്തായി 6:9, 10; 2 പത്രൊസ് 3:13.
15. യെശയ്യാവിന്റെ വാക്കുകൾക്കു പുതിയ ലോകത്തിൽ അക്ഷരീയ നിവൃത്തി ഉണ്ടായിരിക്കുമെന്ന് നമുക്കു ന്യായമായും പ്രതീക്ഷിക്കാൻ കഴിയുമോ? വിശദീകരിക്കുക.
15 ആ പുനഃസ്ഥാപിത പറുദീസയിൽ, യെശയ്യാവിന്റെ പ്രവചനത്തിനു കൂടുതലായ, അക്ഷരീയമായ ഒരു നിവൃത്തി ഉണ്ടായിരിക്കുമോ? അങ്ങനെ ചിന്തിക്കുന്നത് ന്യായയുക്തമായി തോന്നുന്നു. ആ പ്രവചനം മിശിഹായുടെ ഭരണത്തിൻ കീഴിൽ ജീവിക്കാൻ പോകുന്ന സകലർക്കും, സ്വദേശത്തേക്കു മടങ്ങിയ ഇസ്രായേല്യർക്കു നൽകിയ അതേ ഉറപ്പുതന്നെയാണു നൽകുന്നത്; അവർക്കോ അവരുടെ കുട്ടികൾക്കോ യാതൊരു ഉറവിടത്തിൽനിന്നും—മനുഷ്യരിൽനിന്നോ മൃഗങ്ങളിൽനിന്നോ—ദ്രോഹം ഉണ്ടാകുകയില്ല. മിശിഹായുടെ രാജ്യഭരണത്തിൻ കീഴിൽ ഭൂമിയിലെ മുഴു നിവാസികളും ആദാമും ഹവ്വായും ഏദെനിൽ ആസ്വദിച്ചതിനു സമാനമായ സമാധാനപൂർണമായ അവസ്ഥകൾ ആസ്വദിക്കും. ഏദെനിലെ ജീവിതം എങ്ങനെ ആയിരുന്നുവെന്നോ പറുദീസ എങ്ങനെ ആയിരിക്കുമെന്നോ ഉള്ളതിന്റെ മുഴു വിശദാംശങ്ങളും തിരുവെഴുത്തുകൾ പ്രദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, രാജാവായ യേശുക്രിസ്തുവിന്റെ ജ്ഞാനപൂർവകവും സ്നേഹനിർഭരവുമായ ഭരണത്തിൻ കീഴിൽ, സകലതും ആയിരിക്കേണ്ടതു പോലെതന്നെ ആയിരിക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
മിശിഹായിലൂടെ നിർമലാരാധന പുനഃസ്ഥാപിക്കപ്പെടുന്നു
16. പൊ.യു.മു. 537-ൽ ദൈവജനത്തിന് ഒരു കൊടിമരമായി വർത്തിച്ചത് എന്ത്?
16 യഹോവയോട് അനുസരണക്കേടു കാണിക്കാൻ ഏദെനിൽ വെച്ച് ആദാമിനെയും ഹവ്വായെയും സ്വാധീനിക്കുന്നതിൽ സാത്താൻ വിജയിച്ചപ്പോൾ നിർമലാരാധന ആദ്യമായി ആക്രമണവിധേയമായി. കഴിയുന്നത്ര ആളുകളെ ദൈവത്തിൽനിന്ന് അകറ്റുക എന്ന ലക്ഷ്യത്തിൽനിന്ന് സാത്താൻ ഇതുവരെ പിന്മാറിയിട്ടില്ല. നിർമലാരാധന ഭൂമിയിൽനിന്നു നിലച്ചുപോകാൻ യഹോവ ഒരിക്കലും അനുവദിക്കുകയില്ല. അതിൽ അവന്റെ നാമം ഉൾപ്പെട്ടിരിക്കുന്നു. തന്നെ സേവിക്കുന്നവർക്കായി അവൻ കരുതുന്നു. തന്മൂലം യെശയ്യാവിലൂടെ അവൻ ശ്രദ്ധേയമായ ഈ വാഗ്ദാനം നൽകുന്നു: “അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.” (യെശയ്യാവു 11:10) ദാവീദ് ദേശീയ തലസ്ഥാനമാക്കിയ യെരൂശലേം പൊ.യു.മു. 537-ൽ ഒരു കൊടിമരം പോലെ വർത്തിച്ചു. മടങ്ങിവന്ന് ആലയം പുനർനിർമിക്കാൻ ചിതറിപ്പോയ യഹൂദന്മാരുടെ ശേഷിപ്പിന് ആ നഗരം ഒരു പ്രചോദനമായി ഉതകി.
17. ഒന്നാം നൂറ്റാണ്ടിലും നമ്മുടെ നാളിലും യേശു ‘ജാതികളെ ഭരിക്കാൻ എഴുന്നേറ്റത്’ എങ്ങനെ?
17 എന്നാൽ, പ്രസ്തുത പ്രവചനം അതിനെക്കാൾ കവിഞ്ഞ ഒന്നിലേക്കു വിരൽ ചൂണ്ടുന്നു. നാം ഇതിനോടകം കണ്ടുകഴിഞ്ഞതുപോലെ അത് മിശിഹായിലേക്ക്, സകല ജനതകളിലെയും ആളുകളുടെ യഥാർഥ നായകനിലേക്കു വിരൽ ചൂണ്ടുന്നു. തന്റെ നാളിൽ വിജാതീയർക്ക് ക്രിസ്തീയ സഭയിൽ സ്ഥാനമുണ്ടായിരിക്കുമെന്നു കാണിക്കാൻ പൗലൊസ് അപ്പൊസ്തലൻ യെശയ്യാവു 11:10 ഉദ്ധരിക്കുകയുണ്ടായി. ആ വാക്യത്തിന്റെ സെപ്റ്റുവജിന്റ് വിവർത്തനം ഉദ്ധരിച്ചുകൊണ്ട് അവൻ എഴുതി: “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.” (റോമർ 15:12) സകല ജനതകളിലുമുള്ള ആളുകൾ മിശിഹായുടെ അഭിഷിക്ത സഹോദരന്മാരെ പിന്തുണച്ചുകൊണ്ട് യഹോവയോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കുന്ന ഇക്കാലത്തും പ്രസ്തുത പ്രവചനം ബാധകമാണ്.—യെശയ്യാവു 61:5-9; മത്തായി 25:31-40.
18. നമ്മുടെ നാളിൽ, യേശു ആളുകൾക്കു കൂടിവരുന്നതിനുള്ള ഒരു കേന്ദ്രസ്ഥാനം ആയിരിക്കുന്നത് എങ്ങനെ?
18 ആധുനികകാല നിവൃത്തി എടുത്താൽ, യെശയ്യാവ് പരാമർശിച്ച ‘അന്നാൾ’ എന്ന കാലഘട്ടം തുടങ്ങിയത് 1914-ൽ മിശിഹാ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥൻ ആയപ്പോഴാണ്. (ലൂക്കൊസ് 21:10; 2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 12:10) അപ്പോൾ മുതൽ യേശു, ആത്മീയ ഇസ്രായേലിനെയും നീതിനിഷ്ഠമായ ഒരു ഗവൺമെന്റ് സ്ഥാപിതമായി കാണാൻ ആഗ്രഹിക്കുന്ന സകല ജനതകളിലെയും ആളുകളെയും സംബന്ധിച്ചിടത്തോളം വ്യക്തമായും ഒരു കൊടിമരം, കൂടിവരുന്നതിനുള്ള കേന്ദ്രസ്ഥാനം ആണ്. യേശു മുൻകൂട്ടി പറഞ്ഞതുപോലെ, മിശിഹായുടെ മാർഗദർശനത്തിൻ കീഴിൽ രാജ്യസുവാർത്ത സകല ജനതകളോടും പ്രസംഗിക്കപ്പെടുന്നു. (മത്തായി 24:14; മർക്കൊസ് 13:10) ഈ സുവാർത്തയ്ക്കു ശക്തമായ സ്വാധീനമുണ്ട്. ‘സകല ജാതികളിലും നിന്ന് ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം’ നിർമലാരാധനയിൽ അഭിഷിക്ത ശേഷിപ്പിനോടു ചേർന്നുകൊണ്ട് മിശിഹായ്ക്കു കീഴ്പെടുന്നു. (വെളിപ്പാടു 7:9) യഹോവയുടെ ആത്മീയ “പ്രാർത്ഥനാലയ”ത്തിൽ ശേഷിപ്പിനോടൊപ്പം നിരവധി പുതിയ ആളുകൾ കൂടിവരുന്നത് മിശിഹായുടെ “വിശ്രാമസ്ഥല”മായ ദൈവത്തിന്റെ വലിയ ആത്മീയ ആലയത്തിന്റെ മഹത്ത്വം വർധിപ്പിക്കുന്നു.—യെശയ്യാവു 56:7; ഹഗ്ഗായി 2:7.
ഒരു ഏകീകൃത ജനം യഹോവയെ സേവിക്കുന്നു
19. ഭൂമിയിലെങ്ങും ചിതറിപ്പോയ തന്റെ ജനത്തിന്റെ ശേഷിപ്പിനെ ഏതു രണ്ടു സന്ദർഭങ്ങളിലാണ് യഹോവ കൂട്ടിച്ചേർക്കുന്നത്?
19 ഒരിക്കൽ ഒരു പ്രബല ശത്രു ഇസ്രായേൽ ജനതയെ ആക്രമിച്ചപ്പോൾ യഹോവ രക്ഷ പ്രദാനം ചെയ്തതായി യെശയ്യാവ് തുടർന്ന് അവരെ ഓർമിപ്പിക്കുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ആ സംഭവം—ഈജിപ്തിലെ അടിമത്തത്തിൽനിന്ന് യഹോവ അവരെ വിടുവിച്ചത്—വിശ്വസ്തരായ യഹൂദന്മാർ വളരെ പ്രിയത്തോടെ ഓർക്കുന്ന ഒരു കാര്യമാണ്. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽ നിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലും ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.” (യെശയ്യാവു 11:11, 12) ജനതകളുടെ ഇടയിൽ ചിതറിപ്പോയ ഇസ്രായേലിലെയും യഹൂദയിലെയും വിശ്വസ്ത ശേഷിപ്പിനെ യഹോവ കൈ പിടിച്ചെന്നപോലെ, സുരക്ഷിതമായി സ്വദേശത്തേക്കു കൊണ്ടുവരും. പൊ.യു.മു. 537-ൽ ഇതിനു ചെറിയൊരു നിവൃത്തി ഉണ്ടാകുന്നു. എന്നിരുന്നാലും, ഇതിന്റെ മുഖ്യ നിവൃത്തി എത്ര മഹത്തരമാണ്! 1914-ൽ യഹോവ സിംഹാസനസ്ഥനായ യേശുക്രിസ്തുവിനെ ‘ജാതികൾക്കുള്ള ഒരു കൊടി’യായി ഉയർത്തി. ദൈവരാജ്യ ഭരണത്തിൻ കീഴിൽ നിർമലാരാധനയിൽ പങ്കുപറ്റാനുള്ള അതീവ താത്പര്യത്തോടെ ‘ദൈവത്തിന്റെ യിസ്രായേലി’ൽ പെട്ട ശേഷിക്കുന്ന അംഗങ്ങൾ 1919 മുതൽ അതിലേക്കു കൂടിവരാൻ തുടങ്ങി. അതുല്യമായ ഈ ആത്മീയ ജനത “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു” വരുന്നതാണ്.—വെളിപ്പാടു 5:9.
20. ബാബിലോണിൽനിന്നു മടങ്ങിവരുമ്പോൾ ദൈവജനത്തിന് എങ്ങനെയുള്ള ഐക്യം ഉണ്ടായിരിക്കും?
20 പുനഃസ്ഥിതീകരിക്കപ്പെട്ട ഈ ജനതയുടെ ഐക്യത്തെ കുറിച്ചാണ് യെശയ്യാവ് തുടർന്നു പറയുന്നത്. വടക്കേ രാജ്യമായി എഫ്രയീമിനെയും തെക്കേ രാജ്യമായി യഹൂദയെയും പരാമർശിച്ചുകൊണ്ട് അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല. അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവെക്കും; അമ്മോന്യർ അവരെ അനുസരിക്കും.” (യെശയ്യാവു 11:13, 14) ബാബിലോണിൽനിന്ന് മടങ്ങിവരുന്ന യഹൂദന്മാർ മേലാൽ രണ്ടു ജനതകളായി വിഭജിതരായിരിക്കില്ല. എല്ലാ ഇസ്രായേല്യ ഗോത്രങ്ങളിലും പെട്ടവർ ഏകീകൃതരായി തങ്ങളുടെ ദേശത്തേക്കു മടങ്ങും. (എസ്രാ 6:17) അവർ ഇനി തങ്ങളുടെ ഇടയിൽ നീരസമോ ശത്രുതയോ വെച്ചുകൊണ്ടിരിക്കില്ല. ഒരു ഏകീകൃത ജനത എന്ന നിലയിൽ, അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ തങ്ങളുടെ ശത്രുക്കളുടെ മേൽ വിജയം വരിക്കും.
21. ദൈവജനത്തിന്റെ ഐക്യം ഇന്നു തികച്ചും ശ്രദ്ധേയമായിരിക്കുന്നത് എങ്ങനെ?
21 എന്നാൽ അതിനെക്കാൾ ശ്രദ്ധേയമാണ് ‘ദൈവത്തിന്റെ യിസ്രായേലി’ന്റെ ഐക്യം. ആത്മീയ ഇസ്രായേലിന്റെ ഈ 12 പ്രതീകാത്മക ഗോത്രങ്ങൾ ഏകദേശം 2,000 വർഷമായി ദൈവത്തോടും തങ്ങളുടെ ആത്മീയ സഹോദരങ്ങളോടുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ ഐക്യം ആസ്വദിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 3:14; വെളിപ്പാടു 7:4-8) ഇന്ന് യഹോവയുടെ ജനം—ആത്മീയ ഇസ്രായേലും ഭൗമിക പ്രത്യാശ ഉള്ളവരും—മിശിഹൈക ഭരണത്തിൻ കീഴിൽ സമാധാനവും ആഗോള ഐക്യവും ആസ്വദിക്കുന്നു. ഈ സമാധാനവും ഐക്യവും ക്രൈസ്തവലോക സഭകൾക്ക് അന്യമാണ്. തങ്ങളുടെ ആരാധനയെ തടസ്സപ്പെടുത്താനുള്ള സാത്താന്റെ ശ്രമങ്ങൾക്കെതിരെ യഹോവയുടെ സാക്ഷികൾ ഒറ്റക്കെട്ടായി പോരാടുന്നു. ഒരു ഏകീകൃത ജനത എന്ന നിലയിൽ അവർ, മിശിഹൈക രാജ്യത്തെ കുറിച്ചുള്ള സുവാർത്ത സകല ജനതകളിലെയും ആളുകളോടു പ്രസംഗിക്കാനും അതേക്കുറിച്ച് അവരെ പഠിപ്പിക്കാനുമുള്ള യേശുവിന്റെ കൽപ്പന അനുസരിക്കുന്നു.—മത്തായി 28:19, 20.
തരണം ചെയ്യേണ്ട പ്രതിബന്ധങ്ങൾ
22. യഹോവ എങ്ങനെ ‘മിസ്രയീംകടലിന്റെ നാവിന് ഉന്മൂലനാശം വരുത്തുക’യും ‘നദിയുടെ മീതെ കൈ ഓങ്ങുക’യും ചെയ്യും?
22 പ്രവാസത്തിൽനിന്നു മടങ്ങുന്ന ഇസ്രായേല്യർക്കു മുന്നിൽ അക്ഷരീയവും ആലങ്കാരികവുമായ നിരവധി പ്രതിബന്ധങ്ങൾ ഉണ്ട്. അവർ അവയെ എങ്ങനെ തരണം ചെയ്യും? യെശയ്യാവ് ഇപ്രകാരം പറയുന്നു: “യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറേറാടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.” (യെശയ്യാവു 11:15) മടങ്ങിവരുന്ന തന്റെ ജനത്തിന്റെ മുന്നിലുള്ള പ്രതിബന്ധങ്ങൾ നീക്കം ചെയ്യുന്നത് യഹോവയാണ്. ആലങ്കാരികമായി പറഞ്ഞാൽ, ചെങ്കടലിന്റെ നാവ് എന്നു വിശേഷിപ്പിക്കാവുന്ന സൂയസ് കടലിടുക്കു പോലുള്ള വലിയ പ്രതിബന്ധങ്ങളും ശക്തമായ യൂഫ്രട്ടീസ് നദിയുമൊക്കെ ഉണങ്ങിപ്പോകും. അങ്ങനെ ചെരിപ്പുപോലും ഊരാതെ ഒരുവന് അവ കുറുകെ കടക്കാൻ സാധിക്കും!
23. ‘അശ്ശൂരിൽനിന്ന് ഒരു പെരുവഴിയുണ്ടാകു’ന്നത് ഏത് അർഥത്തിൽ?
23 മോശെയുടെ നാളിൽ, ഈജിപ്തിൽനിന്ന് രക്ഷപ്പെട്ട് വാഗ്ദത്ത ദേശത്തേക്കു പ്രയാണം ചെയ്യുന്നതിന് യഹോവ ഇസ്രായേല്യർക്ക് വഴി ഒരുക്കി. സമാനമായ ഒന്ന് അവൻ ഇപ്പോൾ ചെയ്യാൻ പോകുകയാണ്: “മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു [അസീറിയയിൽ നിന്ന്] അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.” (യെശയ്യാവു 11:16) പ്രവാസത്തിൽനിന്ന് മടങ്ങുന്ന തന്റെ ജനത്തെ യഹോവ വിശാലമായ ഒരു വഴിയിലൂടെ എന്നപോലെ അനായാസം അവരുടെ സ്വദേശത്തേക്കു നയിക്കും. അവരെ തടയാൻ ശത്രുക്കൾ ശ്രമിക്കുമെങ്കിലും, അവരുടെ ദൈവമായ യഹോവ അവരോടുകൂടെ ഉണ്ടായിരിക്കും. സമാനമായി ഇന്ന്, അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ സഹകാരികളും ഉഗ്രമായി ആക്രമിക്കപ്പെടുന്നെങ്കിലും, അവർ സുധീരം മുന്നോട്ടു നീങ്ങുന്നു! ആധുനിക അസീറിയയിൽനിന്ന്, അതായത് സാത്താന്റെ ലോകത്തിൽനിന്ന്, പുറത്തു വന്നിരിക്കുന്ന അവർ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നു. നിർമലാരാധന വിജയിച്ച് പ്രബലപ്പെടുമെന്ന് അവർക്ക് അറിയാം. മനുഷ്യന്റെ ശ്രമം കൊണ്ടല്ല, മറിച്ച് ദൈവമായിരിക്കും അതിന്റെ പിന്നിൽ.
മിശിഹായുടെ പ്രജകൾക്കു നിത്യസന്തോഷം!
24, 25. യഹോവയ്ക്കു സ്തുതിയും കൃതജ്ഞതയും കരേറ്റാൻ അവന്റെ ജനം ഏതെല്ലാം പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു?
24 യഹോവയുടെ വചനത്തിന്റെ നിവൃത്തിയിൽ അവന്റെ ജനത്തിനുള്ള സന്തോഷത്തെ കുറിച്ച് യെശയ്യാവ് മനോഹരമായ ഭാഷയിൽ വർണിക്കുന്നു: “അന്നാളിൽ നീ പറയുന്നതു എന്തെന്നാൽ: യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.” (യെശയ്യാവു 12:1) വഴിപിഴച്ച തന്റെ ജനത്തിനു യഹോവ കഠിന ശിക്ഷ നൽകുന്നു. അത് അതിന്റെ ഉദ്ദേശ്യം സാധിക്കുന്നു. കാരണം, അവനുമായുള്ള ആ ജനതയുടെ ബന്ധം നേരെ ആക്കാനും നിർമലാരാധന പുനഃസ്ഥാപിക്കാനും അത് ഉതകുന്നു. തന്റെ വിശ്വസ്ത ആരാധകരോട്, താൻ ഒടുവിൽ അവരെ രക്ഷിക്കുമെന്ന് യഹോവ ഉറപ്പിച്ചു പറയുന്നു. അതിനാൽ, അവർക്കു കൃതജ്ഞത തോന്നുന്നതിൽ അതിശയിക്കാനില്ല!
25 പുനഃസ്ഥിതീകരിക്കപ്പെട്ട ഇസ്രായേല്യർക്ക് യഹോവയിലുള്ള വിശ്വാസം സുദൃഢമാകുന്നു. അതിനാൽ അവർ ഇങ്ങനെ ഘോഷിക്കുന്നു: “ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവൻ എന്റെ രക്ഷയായ്തീർന്നിരിക്കകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും. അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.” (യെശയ്യാവു 12:2, 3) 2-ാം വാക്യത്തിൽ ‘ഗീതം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ “സ്തുതി” എന്നാണു വിവർത്തനം ചെയ്തിരിക്കുന്നത്. ‘യഹോവയായ യാഹിൽ’ നിന്നുള്ള രക്ഷയെ കുറിച്ച് അവന്റെ ആരാധകർ ഹൃദയം തുറന്നു സ്തുതിഗീതങ്ങൾ പാടുന്നു. അതിരറ്റ സ്തുതിയെയും കൃതജ്ഞതയെയും സൂചിപ്പിക്കാനാണ് ബൈബിളിൽ യഹോവ എന്ന നാമത്തിന്റെ ചുരുക്കരൂപമായ “യാഹ്” ഉപയോഗിച്ചിരിക്കുന്നത്. ദൈവനാമത്തിന്റെ “യഹോവയായ യാഹ്” എന്ന ഇരട്ടപ്രയോഗം ദൈവത്തിനുള്ള സ്തുതിയെ വളരെ ഉയർന്ന ഒരു തലത്തിലേക്ക് എത്തിക്കുന്നു.
26. ഇന്നു ജനതകളുടെ ഇടയിൽ ദൈവത്തിന്റെ പ്രവൃത്തികളെ അറിയിക്കുന്നത് ആർ?
26 യഹോവയുടെ സത്യാരാധകർക്കു തങ്ങളുടെ സന്തോഷം തങ്ങളിൽത്തന്നെ ഒതുക്കിനിറുത്താൻ കഴിയുന്നില്ല! യെശയ്യാവ് ഇങ്ങനെ മുൻകൂട്ടി പറയുന്നു: “അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. യഹോവെക്കു കീർത്തനം ചെയ്വിൻ; അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്വരട്ടെ.” (യെശയ്യാവു 12:4, 5) അഭിഷിക്ത ക്രിസ്ത്യാനികൾ 1919 മുതൽ—പിന്നീട് തങ്ങളുടെ സഹകാരികളായ “വേറെ ആടുക”ളുടെ സഹായത്തോടെ—‘തന്റെ അത്ഭുത പ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിച്ചിരിക്കുന്നു.’ അവർ ആ ഉദ്ദേശ്യത്തിനായി വേർതിരിക്കപ്പെട്ടിരിക്കുന്ന “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും . . . വിശുദ്ധവംശവും” ആണ്. (യോഹന്നാൻ 10:16; 1 പത്രൊസ് 2:9) അഭിഷിക്തർ യഹോവയുടെ വിശുദ്ധ നാമം ഉന്നതമായിരിക്കുന്നു എന്ന് ഘോഷിക്കുകയും അതു ഭൂമിയിലെങ്ങും പ്രസിദ്ധമാക്കുന്നതിൽ പങ്കെടുക്കുകയും ചെയ്യുന്നു. യെശയ്യാവ് പിൻവരുന്ന പ്രകാരം ഘോഷിക്കുന്നതു പോലെ, തങ്ങളുടെ രക്ഷയ്ക്കായി യഹോവ ചെയ്തിരിക്കുന്ന കരുതലുകളിൽ സന്തോഷിക്കുന്നതിന് അവന്റെ എല്ലാ ആരാധകർക്കും ഈ അഭിഷിക്തർ നേതൃത്വം നൽകുന്നു: “സീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ”! (യെശയ്യാവു 12:6) ഇസ്രായേലിന്റെ പരിശുദ്ധൻ യഹോവയാം ദൈവം ആണെന്നതിൽ സംശയമില്ല.
ഉറച്ച വിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക!
27. തങ്ങളുടെ പ്രത്യാശയുടെ സാക്ഷാത്കാരത്തിനായി കാത്തിരിക്കവെ, ക്രിസ്ത്യാനികൾ എന്ത് സംബന്ധിച്ച് ഉറപ്പുള്ളവരാണ്?
27 ഇന്നു ദശലക്ഷക്കണക്കിന് ആളുകൾ “വംശങ്ങൾക്കു കൊടിയായ,” ദൈവരാജ്യത്തിന്റെ സിംഹാസനസ്ഥ രാജാവായ യേശുക്രിസ്തുവിന്റെ അടുക്കലേക്കു വന്നിരിക്കുന്നു. ആ രാജ്യത്തിനു കീഴ്പെട്ടിരിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ച് അറിയുന്നതിൽ അവർ പുളകം കൊള്ളുന്നു. (യോഹന്നാൻ 17:3) തങ്ങളുടെ ഏകീകൃത ക്രിസ്തീയ കൂട്ടായ്മയിൽ അവർ വലിയ സന്തോഷം കണ്ടെത്തുകയും യഹോവയുടെ യഥാർഥ ദാസന്മാരുടെ അടയാളമായ സമാധാനം നിലനിറുത്താൻ കഠിനമായി യത്നിക്കുകയും ചെയ്യുന്നു. (യെശയ്യാവു 54:13) യഹോവയായ യാഹ് തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്ന ദൈവമാണെന്ന് ബോധ്യമുള്ള അവർ തങ്ങളുടെ പ്രത്യാശ സംബന്ധിച്ച് ഉറപ്പുള്ളവരാണ്. ആ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ അവർ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. യഹോവയുടെ ഓരോ ആരാധകനും ദൈവത്തെ സേവിക്കാനും അതിനു മറ്റുള്ളവരെ സഹായിക്കാനും തന്റെ മുഴു ശക്തിയും ചെലവഴിക്കുന്നതിൽ തുടരുമാറാകട്ടെ. ഏവരും യെശയ്യാവിന്റെ വചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുകയും യഹോവയുടെ മിശിഹായിലൂടെ വരുന്ന രക്ഷയിൽ ആനന്ദിക്കുകയും ചെയ്യട്ടെ!
[അടിക്കുറിപ്പുകൾ]
a “അഭിഷിക്തൻ” എന്നർഥമുള്ള മഷിയാഹ് എന്ന എബ്രായ പദത്തിൽനിന്നാണ് “മിശിഹാ” എന്ന വാക്കു വന്നിരിക്കുന്നത്. അതിന്റെ തത്തുല്യ ഗ്രീക്കു പദം ക്രിസ്തോസ് (“ക്രിസ്തു”) എന്നാണ്.—മത്തായി 2:4, NW, അടിക്കുറിപ്പ്.
b “മുള” എന്നതിന്റെ എബ്രായ പദം നെത്സെർ എന്നാണ്, “നസറായൻ” എന്നതിന്റേത് നോത്സ്റി എന്നും.
[158-ാം പേജിലെ ചിത്രങ്ങൾ]
ദാവീദ് രാജാവിന്റെ വംശത്തിൽ ജനിച്ച മിശിഹാ യിശ്ശായിയിൽ നിന്നുള്ള “ഒരു മുള” ആണ്
[162-ാം പേജിലെ ചിത്രം]
[170-ാം പേജിലെ ചിത്രം]
യെശയ്യാവു 12:4, 5, ചാവുകടൽ ചുരുളുകളിൽ കാണുന്ന പ്രകാരം (ദൈവനാമമുള്ള ഭാഗങ്ങൾ എടുത്തുകാണിച്ചിരിക്കുന്നു)