അധ്യായം ഒന്ന്
ദൈവത്തിന്റെ ഒരു പ്രവാചകൻ മനുഷ്യവർഗത്തിനു വെളിച്ചമെത്തിക്കുന്നു
1, 2. ഇന്നത്തെ ഏത് അവസ്ഥകൾ അനേകരെയും ഉത്കണ്ഠാകുലരാക്കുന്നു?
മനുഷ്യന് എത്തിപ്പിടിക്കാൻ കഴിയാത്തതായി യാതൊന്നുമില്ലെന്നു തോന്നുന്ന ഒരു യുഗത്തിലാണു നാം ജീവിക്കുന്നത്. ബഹിരാകാശ യാത്ര, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, ജനിതക എഞ്ചിനീയറിങ് എന്നിവയും മറ്റു ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും മാനവരാശിക്കു പുത്തൻ സാധ്യതകൾ തുറന്നുതന്നിരിക്കുന്നു. അത് മെച്ചപ്പെട്ട ഒരു ജീവിതത്തിന്റെ—ഒരുപക്ഷേ, ദീർഘായുസ്സിന്റെ—പ്രത്യാശ കൈവരുത്തിയിരിക്കുന്നു.
2 അത്തരം പുരോഗതികളെല്ലാം ഉണ്ടായിരുന്നിട്ടും, നമുക്ക് ഇന്ന് വാതിലുകൾ പൂട്ടാതെ കിടന്നുറങ്ങാൻ സാധിക്കുന്നുണ്ടോ? യുദ്ധഭീഷണി ഇല്ലാതായിട്ടുണ്ടോ? രോഗങ്ങൾ സുഖപ്പെടുത്താനോ പ്രിയപ്പെട്ട ഒരാളുടെ മരണം വരുത്തിവെക്കുന്ന ഹൃദയവ്യഥ അകറ്റാനോ കഴിഞ്ഞിട്ടുണ്ടോ? തീർച്ചയായുമില്ല! മനുഷ്യൻ കൈവരിച്ചിരിക്കുന്ന പുരോഗതി ശ്രദ്ധേയമാണെങ്കിലും, അതു പരിമിതമാണ്. “ചന്ദ്രനിൽ പോകാനും ശക്തിയേറിയ കമ്പ്യൂട്ടർ ചിപ്പുകൾ ഉണ്ടാക്കാനും മനുഷ്യ ജീനുകൾ മാറ്റിവെക്കാനുമൊക്കെ നാം പഠിച്ചിരിക്കുന്നു. എന്നിട്ടും, നൂറുകോടിയോളം ആളുകൾക്ക് ശുദ്ധജലം ലഭ്യമാക്കാനോ ആയിരക്കണക്കിനു ജീവജാലങ്ങളുടെ വംശനാശത്തെ തടയാനോ അന്തരീക്ഷസ്ഥിതിക്കു കോട്ടംതട്ടാതെ ഊർജം ഉത്പാദിപ്പിക്കാനോ നമുക്കു കഴിഞ്ഞിട്ടില്ല” എന്ന് വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. ആശ്വാസത്തിനും പ്രത്യാശയ്ക്കുമായി എങ്ങോട്ടു തിരിയണമെന്ന് അറിയാതെ അനേകരും ഉത്കണ്ഠയോടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ.
3. പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ യഹൂദയിൽ നിലവിലിരുന്ന സ്ഥിതിവിശേഷം എങ്ങനെയുള്ളത് ആയിരുന്നു?
3 പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ദൈവജനം അഭിമുഖീകരിച്ചതിനു സമാനമായ ഒരു സ്ഥിതിവിശേഷമാണ് ഇന്നു നമ്മുടേതും. അന്ന്, യഹൂദാ നിവാസികൾക്കായി ഒരു ആശ്വാസ സന്ദേശം എത്തിക്കാൻ ദൈവം തന്റെ ദാസനായ യെശയ്യാവിനെ നിയുക്തനാക്കി. വാസ്തവത്തിൽ അതായിരുന്നു അവർക്ക് ആവശ്യമായിരുന്നതും. പ്രക്ഷുബ്ധ സംഭവങ്ങൾ ആ ജനതയെ പിടിച്ചുലച്ചിരുന്നു. നിഷ്ഠുര അസീറിയൻ സാമ്രാജ്യം അനേകരിലും ഭീതി പരത്തിക്കൊണ്ട് താമസിയാതെ ആ ദേശത്തു നാശം വിതയ്ക്കുമായിരുന്നു. രക്ഷയ്ക്കായി ദൈവജനത്തിന് എങ്ങോട്ടു തിരിയാനാകുമായിരുന്നു? യഹോവയുടെ നാമം അവരുടെ അധരങ്ങളിൽ ഉണ്ടായിരുന്നെങ്കിലും, മനുഷ്യരിൽ ആശ്രയം വെക്കാനാണ് അവർ താത്പര്യം കാട്ടിയത്.—2 രാജാക്കന്മാർ 16:7; 18:21.
അന്ധകാരത്തിൽ തെളിയുന്ന വെളിച്ചം
4. ഏത് രണ്ടുതരം സന്ദേശങ്ങൾ ഘോഷിക്കാൻ യെശയ്യാവിനു നിയമനം ലഭിച്ചു?
4 യഹൂദയുടെ മത്സരാത്മക ഗതി നിമിത്തം യെരൂശലേം നശിപ്പിക്കപ്പെടുകയും യഹൂദാ നിവാസികളെ ശത്രുക്കൾ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടു പോകുകയും ചെയ്യുമായിരുന്നു. അതേ, ഇരുണ്ട കാലഘട്ടം ആസന്നമായിരുന്നു. നാശകരമായ ആ കാലഘട്ടത്തെ കുറിച്ചു മുൻകൂട്ടി പറയാൻ യഹോവ പ്രവാചകനായ യെശയ്യാവിനെ നിയുക്തനാക്കി. അതേസമയം, ഒരു സുവാർത്ത അറിയിക്കാനും യഹോവ അവനോടു നിർദേശിച്ചു. 70 വർഷത്തെ പ്രവാസത്തിനുശേഷം, യഹൂദർ ബാബിലോണിൽ നിന്നു വിടുവിക്കപ്പെടുമായിരുന്നു! ഒരു സന്തുഷ്ട ശേഷിപ്പിന്, സീയോനിലേക്കു മടങ്ങിവന്ന് സത്യാരാധന പുനഃസ്ഥാപിക്കാനുള്ള പദവി ലഭിക്കുമായിരുന്നു. സന്തോഷകരമായ ഈ വാർത്തയോടെ, തന്റെ പ്രവാചകൻ മുഖാന്തരം അന്ധകാരത്തിൽ വെളിച്ചം പരക്കാൻ യഹോവ ഇടവരുത്തി.
5. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ അത്ര നേരത്തേ വെളിപ്പെടുത്തിയത് എന്തുകൊണ്ട്?
5 യെശയ്യാവ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തി ഒരു നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞാണ് യഹൂദാ നശിപ്പിക്കപ്പെട്ടത്. അങ്ങനെയെങ്കിൽ, യഹോവ തന്റെ ഉദ്ദേശ്യങ്ങൾ അത്ര നേരത്തേ വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? യെശയ്യാവ് ഘോഷിച്ച സന്ദേശങ്ങൾ കേട്ടവർ ആ പ്രവചനങ്ങൾ നിവൃത്തിയേറുന്നതിനു വളരെ മുമ്പേ മരിച്ചുപോകുമായിരുന്നില്ലേ? ശരിയാണ്. എങ്കിലും, യഹോവ യെശയ്യാവിനു കാര്യങ്ങൾ വെളിപ്പെടുത്തിയതിന്റെ ഫലമായി പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ട കാലത്തു ജീവിച്ചിരുന്നവർക്ക് യെശയ്യാവിന്റെ പ്രാവചനിക സന്ദേശങ്ങൾ ലിഖിത രൂപത്തിൽ ലഭ്യമായിരിക്കുമായിരുന്നു. ‘ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത്’ യഹോവയാണ് എന്ന വസ്തുതയുടെ അനിഷേധ്യമായ തെളിവായി അത് ഉതകുമായിരുന്നു.—യെശയ്യാവു 46:10; 55:10, 11.
6. സകല മനുഷ്യ പ്രവാചകന്മാരെക്കാളും യഹോവ ശ്രേഷ്ഠനായിരിക്കുന്ന ചില വിധങ്ങൾ ഏവ?
6 ഉചിതമായും യഹോവയ്ക്കു മാത്രമേ അത്തരമൊരു പ്രസ്താവന നടത്താൻ കഴിയൂ. നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യം കണക്കിലെടുത്ത് സമീപ ഭാവിയെ കുറിച്ചു പ്രവചിക്കാൻ ഒരു മനുഷ്യനു കഴിഞ്ഞെന്നുവരാം. എന്നാൽ, ഭാവിയിൽ ഏതൊരു സമയത്തും, വിദൂര ഭാവിയിൽപ്പോലും, എന്തു സംഭവിക്കുമെന്നു സുനിശ്ചിതമായി മുൻകൂട്ടിക്കാണാൻ യഹോവയ്ക്കു മാത്രമേ സാധിക്കൂ. സംഭവങ്ങൾ നടക്കുന്നതിന് ദീർഘകാലം മുമ്പ് അവയെ കുറിച്ചു മുൻകൂട്ടി പറയാൻ തന്റെ ദാസരെ പ്രാപ്തരാക്കാനും യഹോവയ്ക്കു കഴിയും. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല” എന്നു ബൈബിൾ പ്രസ്താവിക്കുന്നു.—ആമോസ് 3:7.
എത്ര “യെശയ്യാവുമാർ”?
7. പല പണ്ഡിതന്മാരും യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളോ എന്നു ചോദ്യം ചെയ്തിരിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്?
7 യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളോ എന്നു സംശയിക്കാൻ പല പണ്ഡിതന്മാരെയും പ്രേരിപ്പിച്ചിരിക്കുന്ന ഒരു ഘടകം പ്രവചനം സംബന്ധിച്ച വിവാദ വിഷയമാണ്. പൊ.യു.മു. ആറാം നൂറ്റാണ്ടിൽ, അതായത് യഹൂദരുടെ ബാബിലോണിയൻ പ്രവാസകാലത്തോ അതിനു ശേഷമോ ജീവിച്ചിരുന്ന ആരോ ആണ് യെശയ്യാ പുസ്തകത്തിന്റെ രണ്ടാം പകുതി എഴുതിയതെന്ന് ഈ വിമർശകർ തറപ്പിച്ചു പറയുന്നു. യഹൂദയുടെ ശൂന്യമാക്കലിനെ കുറിച്ചുള്ള പ്രവചനങ്ങൾ എഴുതപ്പെട്ടത് അവ നിവൃത്തിയേറിയതിനു ശേഷമാണെന്നും അതുകൊണ്ടുതന്നെ അവ യഥാർഥത്തിൽ പ്രവചനങ്ങളേ അല്ല എന്നുമാണ് അവരുടെ പക്ഷം. യെശയ്യാ പുസ്തകത്തിന്റെ 40-ാം അധ്യായത്തിനു ശേഷമുള്ള ഭാഗങ്ങൾ, ബാബിലോൺ അപ്പോൾത്തന്നെ അധികാരത്തിലുള്ള ഒരു ശക്തി ആയിരിക്കുന്നതായും ഇസ്രായേല്യർ അവിടെ അടിമത്തത്തിൽ കഴിയുന്നതായും പറയുന്നുവെന്നു കൂടി ഈ വിമർശകർ പ്രസ്താവിക്കുന്നു. തന്മൂലം, യെശയ്യാ പുസ്തകത്തിന്റെ രണ്ടാം പകുതി എഴുതിയത് ആരാണെങ്കിലും ആ കാലഘട്ടത്തിൽ, അതായത് പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ആയിരിക്കണം അയാൾ അത് എഴുതിയത് എന്ന് അവർ വാദിക്കുന്നു. അത്തരം വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? തീർച്ചയായും ഇല്ല!
8. യെശയ്യാ പുസ്തകത്തിന്റെ യെശയ്യാവു40-66 അധ്യായങ്ങൾ എഴുതിയത് ആരാണ് എന്നതു സംബന്ധിച്ച സംശയം ആദ്യമായി ഉടലെടുത്തത് എപ്പോൾ, അതു വ്യാപിച്ചത് എങ്ങനെ?
8 പൊ.യു. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എബ്രഹാം ഇബനെസ്ര എന്ന യഹൂദ വ്യാഖ്യാതാവാണ് യെശയ്യാവിന്റെ പുസ്തകത്തിന്റെ രചനയെ സംബന്ധിച്ച വിവാദത്തിന് ആദ്യമായി തിരികൊളുത്തിയത്. “യെശയ്യാ പുസ്തകത്തിന്റെ രണ്ടാം പകുതി, അതായത് 40 മുതലുള്ള അധ്യായങ്ങൾ, എഴുതിയത് യഹൂദരുടെ ബാബിലോണിയൻ പ്രവാസ കാലത്തും സീയോനിലേക്കുള്ള അവരുടെ മടക്കയാത്രയുടെ ആദ്യ കാലത്തും ജീവിച്ചിരുന്ന ഒരു പ്രവാചകനാണ് എന്ന് യെശയ്യാ പുസ്തകത്തെ കുറിച്ചുള്ള തന്റെ ഭാഷ്യത്തിൽ [എബ്രഹാം ഇബനെസ്ര] പ്രസ്താവിക്കുന്നു” എന്ന് എൻസൈക്ലോപീഡിയ ജൂഡായിക്ക പറയുന്നു. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, നിരവധി പണ്ഡിതന്മാർ ഇബനെസ്രയുടെ വീക്ഷണം സ്വീകരിക്കുകയുണ്ടായി. അവരിൽ ഒരാളാണ് 1789-ൽ യെശയ്യാ പുസ്തകത്തിന്റെ ഒരു വ്യാഖ്യാന പ്രസിദ്ധീകരണം പുറത്തിറക്കിയ യോഹാൻ ക്രിസ്റ്റോഫ് ഡ്യോഡർലൈൻ എന്ന ജർമൻ ദൈവശാസ്ത്രജ്ഞൻ. ന്യൂ സെഞ്ച്വറി ബൈബിൾ കമന്ററി ഇങ്ങനെ പ്രസ്താവിക്കുന്നു: “യെശയ്യാ പുസ്തകത്തിന്റെ യെശയ്യാവു40-66 അധ്യായങ്ങളിലെ പ്രവചനങ്ങൾ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെശയ്യാ പ്രവാചകൻ എഴുതിയതല്ല, മറിച്ച് പിൽക്കാലത്ത് എഴുതപ്പെട്ടവയാണ് എന്ന . . . ഡ്യോഡർലൈന്റെ നിഗമനത്തെ കടുത്ത യാഥാസ്ഥിതികരായ പണ്ഡിതന്മാർ ഒഴികെയുള്ള എല്ലാവരും ഇപ്പോൾ ശരിവെക്കുന്നു.”
9. (എ) പണ്ഡിതന്മാർ യെശയ്യാ പുസ്തകത്തെ കീറിമുറിച്ചിരിക്കുന്നത് എങ്ങനെ? (ബി) യെശയ്യാ പുസ്തകത്തിന്റെ എഴുത്തുകാരനെ സംബന്ധിച്ച വിവാദത്തിന്റെ പരിണതഫലത്തെ ഒരു ബൈബിൾ വ്യാഖ്യാതാവ് എങ്ങനെ സംക്ഷേപിക്കുന്നു?
9 യെശയ്യാ പുസ്തകത്തിന്റെ എഴുത്തുകാരനെ സംബന്ധിച്ച ചോദ്യങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. മറ്റൊരു യെശയ്യാവിനെ—ഒരു രണ്ടാം യെശയ്യാവിനെ—കുറിച്ചുള്ള സിദ്ധാന്തത്തിന്റെ ഫലമായി, യെശയ്യാ പുസ്തകത്തിന്റെ കാര്യത്തിൽ മൂന്നാമതൊരു എഴുത്തുകാരൻ കൂടെ ഉൾപ്പെട്ടിരുന്നിരിക്കാം എന്ന ആശയം ഉടലെടുത്തു.a അങ്ങനെ പണ്ഡിതന്മാർ യെശയ്യാ പുസ്തകത്തെ വീണ്ടും കീറിമുറിക്കാൻ തുടങ്ങി. യെശയ്യാവു15-ഉം യെശയ്യാവു16-ഉം അധ്യായങ്ങൾ ഒരു അജ്ഞാത പ്രവാചകനാണ് എഴുതിയതെന്ന് ഒരു പണ്ഡിതനും യെശയ്യാവു23 മുതൽ യെശയ്യാവു27 വരെയുള്ള അധ്യായങ്ങളുടെ എഴുത്തുകാരൻ മറ്റൊരു പ്രവാചകൻ ആണെന്ന് വേറൊരു പണ്ഡിതനും അഭിപ്രായപ്പെടുന്നു. ഇനിയും വേറൊരാൾ പറയുന്നത് യെശയ്യാവു34-ഉം യെശയ്യാവു35-ഉം അധ്യായങ്ങൾ യെശയ്യാവ് എഴുതിയതായിരിക്കാൻ സാധ്യതയില്ല എന്നാണ്. കാരണം? എട്ടാം നൂറ്റാണ്ടിലെ യെശയ്യാവല്ല, മറിച്ച് മറ്റാരോ എഴുതിയതാണെന്ന് ചിലർ പറയുന്ന യെശയ്യാവു40 മുതൽ യെശയ്യാവു46 വരെയുള്ള അധ്യായങ്ങളിലെ വിവരങ്ങളുമായി അതിന് അടുത്ത സാമ്യമുണ്ടു പോലും! ഇത്തരം വാദഗതികളുടെ പരിണതഫലത്തെ കുറിച്ച് ബൈബിൾ വ്യാഖ്യാതാവായ ചാൾസ് സി. ടോറി ഇങ്ങനെ സംക്ഷേപിക്കുന്നു: “ഒരിക്കൽ മഹാനായി കണക്കാക്കപ്പെട്ടിരുന്ന ‘പ്രവാസകാല പ്രവാചകൻ’ ഒരു അപ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു. മാത്രമല്ല, പിച്ചിച്ചീന്തപ്പെട്ട [യെശയ്യാ] പുസ്തക ശകലങ്ങളുടെ കൂമ്പാരം അദ്ദേഹത്തെ ഏറെക്കുറെ മൂടിക്കളയുകയും ചെയ്തിരിക്കുന്നു.” എന്നിരുന്നാലും, യെശയ്യാ പുസ്തകത്തെ ഇങ്ങനെ നിഷ്ഠുരം കീറിമുറിക്കുന്നതിനെ പണ്ഡിതന്മാർ എല്ലാവരുമൊന്നും അനുകൂലിക്കുന്നില്ല.
ഒരു എഴുത്തുകാരനേ ഉള്ളു എന്നതിനു തെളിവ്
10. യെശയ്യാ പുസ്തകത്തിലെ പദപ്രയോഗങ്ങളുടെ പരസ്പര യോജിപ്പ് അതിന് ഒരു എഴുത്തുകാരനേ ഉള്ളുവെന്ന് വ്യക്തമാക്കുന്നു എന്നതിന് ഒരു ഉദാഹരണം നൽകുക.
10 യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളു എന്നു വിശ്വസിക്കാൻ ശക്തമായ കാരണങ്ങളുണ്ട്. ഒന്നാമത്തെ തെളിവ് അതിലെ പദപ്രയോഗങ്ങളുടെ സാമ്യമാണ്. ഉദാഹരണത്തിന്, ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്ന പ്രയോഗം യെശയ്യാവു 1 മുതൽ 39 വരെയുള്ള അധ്യായങ്ങളിൽ 12 തവണയും യെശയ്യാവു40 മുതൽ 66 വരെയുള്ള അധ്യായങ്ങളിൽ 13 തവണയും കാണാം. എന്നാൽ ഈ പ്രയോഗം എബ്രായ തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങളിൽ വെറും ആറു പ്രാവശ്യമേ കാണുന്നുള്ളൂ. മറ്റു തിരുവെഴുത്തു ഭാഗങ്ങളിൽ വളരെ വിരളമായി മാത്രം ഉപയോഗിച്ചിരിക്കുന്ന ഈ പ്രയോഗം യെശയ്യാ പുസ്തകത്തിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് അതിന് ഒരു എഴുത്തുകാരനേ ഉള്ളു എന്ന വസ്തുതയുടെ ഈടുറ്റ തെളിവാണ്.
11. യെശയ്യാ പുസ്തകത്തിന്റെ 1 മുതൽ 39 വരെയുള്ള അധ്യായങ്ങളും 40 മുതൽ 66 വരെയുള്ള അധ്യായങ്ങളും തമ്മിൽ എന്തു സമാനതകൾ കാണാം?
11 യെശയ്യാ പുസ്തകത്തിന്റെ യെശയ്യാവു1 മുതൽ 39 വരെയുള്ള അധ്യായങ്ങളും യെശയ്യാവു40 മുതൽ 66 വരെയുള്ള അധ്യായങ്ങളും തമ്മിൽ വേറെയും സമാനതകളുണ്ട്. നോവു കിട്ടിയ സ്ത്രീ, “വഴി” അല്ലെങ്കിൽ “പെരുവഴി” എന്നിങ്ങനെയുള്ള വ്യതിരിക്തമായ ആലങ്കാരിക പ്രയോഗങ്ങൾ ഈ രണ്ടു ഭാഗങ്ങളിലും ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നു.b ‘സീയോൻ’ എന്ന പദവും അതിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നതു കാണാം. യെശയ്യാവു1 മുതൽ 39 വരെയുള്ള അധ്യായങ്ങളിൽ 29 പ്രാവശ്യവും യെശയ്യാവു40 മുതൽ 66 വരെയുള്ള അധ്യായങ്ങളിൽ 18 പ്രാവശ്യവും ആ പദം പ്രത്യക്ഷപ്പെടുന്നു. വാസ്തവത്തിൽ, ബൈബിളിലെ മറ്റേതൊരു പുസ്തകത്തിലേതിനെക്കാളും അധികം തവണ സീയോനെ കുറിച്ചു പരാമർശിച്ചിരിക്കുന്നത് യെശയ്യാ പുസ്തകത്തിലാണ്! ഇത്തരം തെളിവുകൾ യെശയ്യാ പുസ്തകത്തിന് “ഒരു തനതു സവിശേഷത നൽകുന്നു” എന്നും ആ പുസ്തകം എഴുതിയത് രണ്ടോ മൂന്നോ അതിൽ കൂടുതലോ വ്യക്തികൾ ആയിരുന്നെങ്കിൽ “ആ സവിശേഷത ഉണ്ടാകുമായിരുന്നില്ല” എന്നും ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു.
12, 13. യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളു എന്ന് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത് എങ്ങനെ?
12 യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളു എന്നതിന്റെ ഏറ്റവും ശക്തമായ തെളിവ് നിശ്വസ്ത ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കണ്ടെത്താനാകും. യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളു എന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നതായി അതു വ്യക്തമായി സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, യെശയ്യാവു യെശയ്യാവു53-ാം അധ്യായത്തിലെ വിവരങ്ങൾ വായിക്കുകയായിരുന്ന ഒരു എത്യോപ്യൻ ഉദ്യോഗസ്ഥനെ കുറിച്ച് ലൂക്കൊസ് പറയുന്നു. പ്രസ്തുത അധ്യായം എഴുതിയത് രണ്ടാം-യെശയ്യാവാണ് എന്ന് ആധുനിക വിമർശകർ അഭിപ്രായപ്പെടുന്നു. എന്നാൽ, ആ എത്യോപ്യൻ “യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു” എന്നാണ് ലൂക്കൊസ് പറയുന്നത്.—പ്രവൃത്തികൾ 8:26-28.
13 ഇനി മത്തായിയുടെ സുവിശേഷം നോക്കുക. യെശയ്യാവു 40:3-ലെ പ്രാവചനിക വാക്കുകൾ യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ എങ്ങനെ നിവൃത്തിയേറിയെന്നു മത്തായി വിശദീകരിക്കുന്നു. ആ പ്രവചനം ആരുടേതാണെന്നാണു മത്തായി പറയുന്നത്? അജ്ഞാതനായ ഒരു രണ്ടാം-യെശയ്യാവിന്റേതാണോ? അല്ല, അതിന്റെ എഴുത്തുകാരൻ “യെശയ്യാപ്രവാചകൻ” ആണെന്ന് അവൻ തിരിച്ചറിയിക്കുന്നു.c (മത്തായി 3:1-3) ഒരു സന്ദർഭത്തിൽ യേശു ഒരു ചുരുളിൽനിന്ന്, ഇപ്പോൾ യെശയ്യാവു 61:1, 2-ൽ നാം കാണുന്ന വാക്കുകൾ വായിക്കുകയുണ്ടായി. അതേക്കുറിച്ചു പരാമർശിച്ചുകൊണ്ട് ലൂക്കൊസ് പറയുന്നു: “യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു.” (ലൂക്കൊസ് 4:17) റോമർക്ക് എഴുതിയ ലേഖനത്തിൽ പൗലൊസ്, യെശയ്യാ പുസ്തകത്തിന്റെ ആദ്യ പകുതിയിൽനിന്നും രണ്ടാം പകുതിയിൽനിന്നും ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, അതിന്റെ എഴുത്തുകാരൻ യെശയ്യാ പ്രവാചകൻ അല്ലാതെ മറ്റാരെങ്കിലുമാണ് എന്നതിന് അവൻ ഒരു സൂചന പോലും നൽകുന്നില്ല. (റോമർ 10:16, 20; 15:12) വ്യക്തമായും, യെശയ്യാ പുസ്തകം എഴുതിയത് രണ്ടോ മൂന്നോ അതിലധികമോ എഴുത്തുകാരാണെന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നില്ല.
14. യെശയ്യാ പുസ്തകത്തിന്റെ എഴുത്തുകാരൻ ഒരാളാണെന്ന വസ്തുതയിലേക്ക് ചാവുകടൽ ചുരുളുകൾ വെളിച്ചം വീശുന്നതെങ്ങനെ?
14 ചാവുകടൽ ചുരുളുകൾ നൽകുന്ന തെളിവുകൾ കൂടി പരിശോധിക്കുക. ഈ പുരാതന രേഖകളിൽ പലതും യേശുവിനും മുമ്പുള്ള കാലത്തേതാണ്. യെശയ്യാ ചുരുൾ എന്നറിയപ്പെടുന്ന, യെശയ്യാ പുസ്തകത്തിന്റെ ഒരു കയ്യെഴുത്തുപ്രതി പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലേതാണ്. 40 മുതലുള്ള അധ്യായങ്ങൾ എഴുതിയത് രണ്ടാം-യെശയ്യാവ് ആണെന്ന വിമർശകരുടെ വാദങ്ങളെ അതു കാറ്റിൽ പറത്തുന്നു. എങ്ങനെ? ഈ പുരാതന രേഖയിൽ, ഇന്ന് യെശയ്യാവു40-ാം അധ്യായമായി അറിയപ്പെടുന്ന ഭാഗം ഒരു കോളത്തിന്റെ അവസാന വരിയിൽ തുടങ്ങുന്നു, അടുത്ത കോളത്തിലാണ് അതിന്റെ ആദ്യവാചകം പൂർത്തിയാകുന്നത്. അതുകൊണ്ട് ഇതിന്റെ പകർപ്പെഴുത്തുകാരൻ, വിമർശകർ പറയുന്നതു പോലെ ആ ഭാഗം എഴുതിയത് മറ്റൊരാൾ ആണെന്നോ പുസ്തകം ഈ ഘട്ടത്തിൽവെച്ച് വിഭജിക്കപ്പെടുന്നുവെന്നോ കരുതിയിരുന്നില്ല എന്നതു സ്പഷ്ടം.
15. കോരെശിനെ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം സംബന്ധിച്ച് ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് എന്തു പറയുന്നു?
15 അവസാനമായി, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസിന്റെ സാക്ഷ്യം പരിചിന്തിക്കുക. അദ്ദേഹം കോരെശിനെ (സൈറസ്) കുറിച്ചുള്ള യെശയ്യാ പ്രവചനങ്ങൾ പൊ.യു.മു. എട്ടാം നൂറ്റാണ്ടിലാണ് രേഖപ്പെടുത്തപ്പെട്ടതെന്നു സൂചിപ്പിക്കുക മാത്രമല്ല, ആ പ്രവചനങ്ങളെ കുറിച്ചു കോരെശിന് അറിയാമായിരുന്നു എന്നു പറയുകയും ചെയ്യുന്നു. “ഇരുന്നൂറ്റിപ്പത്തു വർഷം മുമ്പ് യെശയ്യാവു രേഖപ്പെടുത്തിയ പ്രവചനഗ്രന്ഥത്തിന്റെ വായനയിൽനിന്ന് കോരെശിന് ഈ വിവരങ്ങൾ അറിയാമായിരുന്നു” എന്ന് അദ്ദേഹം എഴുതുന്നു. ജോസീഫസിന്റെ അഭിപ്രായത്തിൽ, യഹൂദരെ സ്വദേശത്തേക്കു തിരിച്ചയയ്ക്കാൻ മനസ്സൊരുക്കം കാണിക്കുന്നതിന് ഈ പ്രവചനങ്ങളെ കുറിച്ചുള്ള അറിവ് കോരെശിനെ പ്രേരിപ്പിക്കുക പോലും ചെയ്തിരിക്കാം. കാരണം, “എഴുതപ്പെട്ടിരുന്ന കാര്യങ്ങൾ ചെയ്യുന്നതിനുള്ള തീവ്രമായ അഭിലാഷം [കോരെശിനെ] പിടികൂടിയിരുന്നു” എന്ന് ജോസീഫസ് എഴുതുന്നു.—യഹൂദ ഇതിഹാസങ്ങൾ (ഇംഗ്ലീഷ്), 11-ാം പുസ്തകം, 1-ാം അധ്യായം, 2-ാം ഖണ്ഡിക.
16. യെശയ്യാ പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ, അധികാരത്തിലിരിക്കുന്ന ഒരു ശക്തിയായി ബാബിലോണിനെ വിവരിച്ചിരിക്കുന്നു എന്ന വിമർശകരുടെ പ്രസ്താവനയെ കുറിച്ച് എന്തു പറയാനാകും?
16 നേരത്തേ പരാമർശിച്ചതു പോലെ, ബാബിലോൺ ഒരു പ്രബലശക്തി ആയിരുന്നതായും ഇസ്രായേല്യർ അപ്പോൾത്തന്നെ പ്രവാസത്തിൽ ആയിരുന്നതായും യെശയ്യാവു 40-ാം അധ്യായം മുതലുള്ള ഭാഗം വ്യക്തമാക്കുന്നതായി നിരവധി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ആ വിവരണങ്ങൾ എഴുതിയ വ്യക്തി പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് അത് സൂചന നൽകുകയില്ലേ? അവശ്യം അങ്ങനെ ആയിരിക്കണമെന്നില്ല. വാസ്തവത്തിൽ, യെശയ്യാവു 40-ാം അധ്യായത്തിനു മുമ്പുള്ള ചില ഭാഗങ്ങളിൽപ്പോലും ബാബിലോൺ ഒരു പ്രബല ശക്തി ആയിരിക്കുന്നതായി വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യെശയ്യാവു 13:19 ബാബിലോണിനെ ‘രാജ്യങ്ങളുടെ മഹത്ത്വം’ അഥവാ, റ്റുഡെയ്സ് ഇംഗ്ലീഷ് ഭാഷാന്തരം പറയുന്നതു പോലെ, “സകല രാജ്യങ്ങളിലും ഉത്കൃഷ്ട” എന്ന് വിളിച്ചിരിക്കുന്നു. ഈ വാക്കുകൾ വ്യക്തമായും പ്രാവചനിക അർഥമുള്ളവയാണ്. കാരണം, അവ രേഖപ്പെടുത്തി ഒരു നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞാണ് ബാബിലോൺ ഒരു ലോകശക്തി ആയിത്തീർന്നത്. യെശയ്യാവു13-ാം അധ്യായം മറ്റാരോ എഴുതിയതാണ് എന്നു പറഞ്ഞുകൊണ്ട് ഒരു വിമർശകൻ ഈ പ്രശ്നം “പരിഹരിക്കുന്നു”! ഭാവി സംഭവങ്ങളെ അവ സംഭവിച്ചുകഴിഞ്ഞതു പോലെ വിവരിക്കുന്ന രീതി ബൈബിളിൽ വളരെ സാധാരണമാണ്. ഈ രീതി ഒരു പ്രവചനത്തിന്റെ നിവൃത്തി എത്ര സുനിശ്ചിതമാണ് എന്നതിന് അടിവരയിടുന്നു. (വെളിപ്പാടു 21:5, 6) തീർച്ചയായും, യഥാർഥ പ്രവചനത്തിന്റെ ദൈവത്തിനു മാത്രമേ ഇത്തരമൊരു പ്രസ്താവന നടത്താനാകൂ: “ഞാൻ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാൻ നിങ്ങളെ കേൾപ്പിക്കുന്നു.”—യെശയ്യാവു 42:9.
ആശ്രയയോഗ്യമായ പ്രവചനം അടങ്ങിയ ഒരു ഗ്രന്ഥം
17. യെശയ്യാവു 40-ാം അധ്യായം മുതൽ കാണുന്ന രചനാശൈലിയിലെ മാറ്റത്തെ എങ്ങനെ വിശദീകരിക്കാനാകും?
17 അങ്ങനെയെങ്കിൽ, തെളിവ് എന്തു നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? യെശയ്യാ പുസ്തകത്തിന് നിശ്വസ്തനായ ഒരു എഴുത്തുകാരനേ ഉള്ളു എന്നതിലേക്ക്. നൂറ്റാണ്ടുകളിലുടനീളം ഈ മുഴു ഗ്രന്ഥവും രണ്ടോ അതിൽ കൂടുതലോ ഭാഗങ്ങളായിട്ടല്ല, മറിച്ച് ഒരൊറ്റ പുസ്തകമായിട്ടാണു കൈമാറപ്പെട്ടിട്ടുള്ളത്. യെശയ്യാവു40-ാം അധ്യായം മുതൽ യെശയ്യാ പുസ്തകത്തിലെ രചനാശൈലിക്കു കുറച്ച് മാറ്റമുള്ളതായി ചിലർ പറഞ്ഞേക്കാം. എന്നാൽ, യെശയ്യാവ് കുറഞ്ഞത് 46 വർഷമെങ്കിലും ദൈവത്തിന്റെ പ്രവാചകൻ എന്ന നിലയിൽ സേവിച്ചുവെന്ന കാര്യം നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ അവന്റെ സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾക്കും അവൻ അത് അറിയിച്ച വിധത്തിനും മാറ്റമുണ്ടാകുമായിരുന്നു എന്നു പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ. തീർച്ചയായും, ദൈവത്തിൽ നിന്നുള്ള ശക്തമായ ന്യായവിധി സന്ദേശങ്ങൾ മറ്റുള്ളവരെ അറിയിക്കുക എന്നതു മാത്രമായിരുന്നില്ല യെശയ്യാവിന്റെ നിയമനം. “എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ” എന്ന യഹോവയുടെ വാക്കുകളും അവൻ അറിയിക്കേണ്ടിയിരുന്നു. (യെശയ്യാവു 40:1) 70 വർഷത്തെ പ്രവാസത്തിനു ശേഷം, യഹൂദർ സ്വദേശത്തു പുനരധിവസിപ്പിക്കപ്പെടും എന്ന വാഗ്ദാനം ദൈവത്തിന്റെ ഉടമ്പടി ജനതയ്ക്കു തീർച്ചയായും ആശ്വാസം പകർന്നിരിക്കണം.
18. യെശയ്യാ പുസ്തകത്തിലെ ഏതു പ്രധാന വിഷയമാണ് ഈ വാല്യത്തിൽ ചർച്ച ചെയ്യാൻ പോകുന്നത്?
18 ഈ വാല്യത്തിൽ ചർച്ച ചെയ്തിരിക്കുന്ന യെശയ്യാ പുസ്തകത്തിലെ പല അധ്യായങ്ങളുടെയും മുഖ്യ വിഷയം, ബാബിലോണിയൻ അടിമത്തത്തിൽ നിന്നുള്ള യഹൂദരുടെ വിമോചനമാണ്.d നാം കാണാൻ പോകുന്നതു പോലെ, ആ പ്രവചനങ്ങളിൽ പലതിനും ആധുനിക നിവൃത്തിയുണ്ട്. കൂടാതെ, ദൈവത്തിന്റെ ഏകജാത പുത്രന്റെ ജീവിതത്തിലും മരണത്തിലും നിവൃത്തിയേറിയിരിക്കുന്ന പുളകപ്രദമായ പ്രവചനങ്ങളും യെശയ്യാവിന്റെ പുസ്തകത്തിൽ നാം കാണുന്നു. യെശയ്യാ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ജീവത്പ്രധാനമായ പ്രവചനങ്ങളെ കുറിച്ചുള്ള പഠനം ലോകമെമ്പാടുമുള്ള ദൈവദാസർക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുമെന്നുള്ളതു തീർച്ചയാണ്. ഈ പ്രവചനങ്ങൾ വാസ്തവത്തിൽ, മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചമാണ്.
[അടിക്കുറിപ്പുകൾ]
a യെശയ്യാ പുസ്തകത്തിന്റെ യെശയ്യാവു56-66 അധ്യായങ്ങളുടെ സാങ്കൽപ്പിക എഴുത്തുകാരനെ മൂന്നാം-യെശയ്യാവ് എന്നാണു പണ്ഡിതന്മാർ പരാമർശിക്കുന്നത്.
b നോവു കിട്ടിയ സ്ത്രീ: യെശയ്യാവു 13:8; 21:3; 26:17, 18; 42:14; 45:10, ഓശാന ബൈബിൾ; 54:1; 66:7. “വഴി,” “പെരുവഴി,” അല്ലെങ്കിൽ “പാത”: യെശയ്യാവു 11:16; 19:23; 35:8; 40:3; 43:19; 49:11; 57:14; 62:10.
c സമാന്തര വിവരണങ്ങളിൽ, മർക്കൊസും ലൂക്കൊസും യോഹന്നാനും അതേ പ്രയോഗം ഉപയോഗിക്കുന്നു.—മർക്കൊസ് 1:3; ലൂക്കൊസ് 3:6; യോഹന്നാൻ 1:23.
d യെശയ്യാ പുസ്തകത്തിന്റെ ആദ്യത്തെ 40 അധ്യായങ്ങൾ, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചിരിക്കുന്ന യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം, വാല്യം 1-ൽ ചർച്ച ചെയ്തിരിക്കുന്നു.
[9-ാം പേജിലെ ചതുരം]
ഭാഷാവ്യതിയാന വിശകലനത്തിൽ നിന്നുള്ള തെളിവ്
ഭാഷാവ്യതിയാനം സംബന്ധിച്ച പഠനങ്ങൾ—നിരവധി വർഷങ്ങൾകൊണ്ടു ഭാഷയ്ക്ക് ഉണ്ടാകുന്ന സൂക്ഷ്മമായ വ്യത്യാസങ്ങൾ കണ്ടെത്താൻ നടത്തുന്ന പഠനങ്ങൾ—യെശയ്യാ പുസ്തകത്തിന് ഒരു എഴുത്തുകാരനേ ഉള്ളു എന്നതിനു കൂടുതലായ തെളിവു നൽകുന്നു. യെശയ്യാ പുസ്തകത്തിന്റെ ഒരു ഭാഗം പൊ.യു.മു. എട്ടാം നൂറ്റാണ്ടിലും മറ്റൊരു ഭാഗം അതിന് 200 വർഷത്തിനു ശേഷവുമാണ് എഴുതപ്പെട്ടതെങ്കിൽ ഓരോ ഭാഗത്തും ഉപയോഗിച്ചിരിക്കുന്ന എബ്രായ ഭാഷയിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ, വെസ്റ്റ്മിൻസ്റ്റർ തിയളോജിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് അനുസരിച്ച്, “യെശയ്യാവു 40-66 എഴുതപ്പെട്ടതു പ്രവാസ കാലത്തിനും മുമ്പാണ് എന്നതിനെ ശക്തമായി പിന്താങ്ങുന്നതാണ് ഭാഷാവ്യതിയാന വിശകലനത്തിൽ നിന്നുള്ള തെളിവ്.” പ്രസ്തുത പഠന റിപ്പോർട്ട് തയ്യാറാക്കിയ വ്യക്തി ഇങ്ങനെ നിഗമനം ചെയ്യുന്നു: “യെശയ്യാ പുസ്തകം എഴുതിയത് പ്രവാസ കാലത്തോ പ്രവാസാനന്തര കാലത്തോ ആണെന്നു വിമർശകർ തുടർന്നും ശഠിക്കുന്നപക്ഷം, ഭാഷാവ്യതിയാന വിശകലനത്തിൽ നിന്നു ലഭിച്ച മറിച്ചുള്ള തെളിവുകൾ അവർ കണ്ടില്ലെന്നു നടിക്കുകയാണെന്നു വേണം കരുതാൻ.”
[11-ാം പേജിലെ ചിത്രം]
യെശയ്യാവിന്റെ ചാവുകടൽ ചുരുളിന്റെ ഒരു ഭാഗം. യെശയ്യാവു39-ാം അധ്യായത്തിന്റെ അവസാന ഭാഗം അസ്ത്രചിഹ്നത്താൽ സൂചിപ്പിച്ചിരിക്കുന്നു
[12, 13 പേജുകളിലെ ചിത്രങ്ങൾ]
യഹൂദന്മാരുടെ വിമോചനത്തെ കുറിച്ച് ഏകദേശം 200 വർഷം മുമ്പ് യെശയ്യാവ് മുൻകൂട്ടി പറയുന്നു