അധ്യായം പതിന്നാല്
ഒരു ഗർവിഷ്ഠ നഗരത്തെ യഹോവ താഴ്ത്തുന്നു
1. എപ്പോൾ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുപോലും യെശയ്യാവിന്റെ പുസ്തകം മുൻകൂട്ടി പറയുന്നു?
പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ അസീറിയ വാഗ്ദത്തദേശം ആക്രമിച്ച കാലഘട്ടത്തിലാണ് യെശയ്യാവ് തന്റെ പ്രവചനപുസ്തകം എഴുതിയത്. അതിന്റെ 12 വരെയുള്ള അധ്യായങ്ങളിൽ നാം കണ്ടുകഴിഞ്ഞതുപോലെ, നടക്കാനിരിക്കുന്ന സംഭവങ്ങൾ തികഞ്ഞ കൃത്യതയോടെയാണ് യെശയ്യാവ് മുൻകൂട്ടി പറയുന്നത്. അസീറിയൻ ആധിപത്യത്തിനു ശേഷം നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചു പോലും ആ പുസ്തകം പറയുന്നു. ബാബിലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെടെയുള്ള നിരവധി ദേശങ്ങളിൽനിന്ന് പ്രവാസികളായ യഹോവയുടെ ഉടമ്പടിജനം മടങ്ങിവരുന്നതിനെ കുറിച്ചും അതു മുൻകൂട്ടി പറയുന്നു. (യെശയ്യാവു 11:11) യെശയ്യാവു 13-ാം അധ്യായത്തിലെ ശ്രദ്ധേയമായ ഒരു പ്രവചനം നിവർത്തിക്കുമ്പോഴായിരിക്കും യഹോവയുടെ ജനത്തിന്റെ ആ മടങ്ങിവരവ് നടക്കുക. പിൻവരുന്ന വാക്കുകളോടെയാണ് യെശയ്യാവ് ആ പ്രവചനം അവതരിപ്പിക്കുന്നത്: “ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം.”—യെശയ്യാവു 13:1.
‘ഞാൻ നിഗളത്തെ താഴ്ത്തും’
2. (എ) ഹിസ്കീയാവ് ബാബിലോണുമായി സൗഹൃദം സ്ഥാപിക്കാൻ ഇടയാകുന്നത് എങ്ങനെ? (ബി) ഉയർത്തപ്പെടാനിരിക്കുന്ന “കൊടി” എന്താണ്?
2 യെശയ്യാവിന്റെ കാലത്ത് യഹൂദാ രാജ്യം ബാബിലോണുമായി സൗഹൃദം സ്ഥാപിക്കുന്നു. ഹിസ്കീയാ രാജാവിനു ഗുരുതരമായ രോഗം പിടിപെടുന്നെങ്കിലും, അവൻ പിന്നീട് സുഖം പ്രാപിക്കുന്നു. ബാബിലോണിൽനിന്ന് രാജപ്രതിനിധികൾ എത്തി, ഹിസ്കീയാവ് രോഗവിമുക്തനായതിലുള്ള തങ്ങളുടെ സന്തോഷം അറിയിക്കുന്നു. അസീറിയയ്ക്ക് എതിരെയുള്ള യുദ്ധത്തിൽ ഹിസ്കീയാവിനെ കൂട്ടുചേർക്കുക എന്ന ഗൂഢോദ്ദേശ്യം ആയിരിക്കാം അതിന്റെ പിന്നിൽ. ഹിസ്കീയാവ് വിവേകമില്ലാതെ അവരെ തന്റെ നിക്ഷേപങ്ങളെല്ലാം കാണിക്കുന്നു. തത്ഫലമായി രാജാവിന്റെ മരണശേഷം ആ സമ്പത്തെല്ലാം അവർ ബാബിലോണിലേക്കു കൊണ്ടുപോകുമെന്ന് യെശയ്യാവ് ഹിസ്കീയാവിനോടു പറയുന്നു. (യെശയ്യാവു 39:1-7) ബാബിലോണിയർ യെരൂശലേമിനെ നശിപ്പിക്കുകയും യഹൂദരെ പ്രവാസികളായി കൊണ്ടുപോകുകയും ചെയ്ത പൊ.യു.മു. 607-ൽ അതു സംഭവിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്ക് എക്കാലവും ബാബിലോണിൽ കഴിയേണ്ടിവരില്ല. സ്വദേശത്തേക്കുള്ള അവരുടെ മടങ്ങിവരവിനായി താൻ എങ്ങനെ വഴി തുറക്കുമെന്ന് യഹോവ മുൻകൂട്ടി പറയുന്നു: “മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയർത്തി അവരെ കൈകാട്ടി വിളിപ്പിൻ.” (യെശയ്യാവു 13:2) ബാബിലോണിനെ അതിന്റെ പ്രമുഖ സ്ഥാനത്തുനിന്നു നീക്കം ചെയ്യാനിരിക്കുന്ന ഒരു ലോകശക്തിയാണ് ഈ വാക്യത്തിൽ പറയുന്ന “കൊടി.” അത് ഒരു “മൊട്ടക്കുന്നിന്മേൽ” ഉയർത്തപ്പെടും. അപ്പോൾ ദൂരത്തുനിന്നു പോലും അതു ദൃശ്യമായിരിക്കും. ബാബിലോണിനെ ആക്രമിക്കാൻ വിളിച്ചുവരുത്തപ്പെടുന്ന ആ പുതിയ ലോകശക്തി ‘പ്രഭുക്കന്മാരുടെ വാതിലുകളിലൂടെ,’ ആ വലിയ നഗരത്തിന്റെ കവാടങ്ങളിലൂടെ, ഉള്ളിലേക്കു തള്ളിക്കയറി അതിനെ കീഴടക്കും.
3. (എ) യഹോവ എഴുന്നേൽപ്പിക്കാൻ പോകുന്ന ‘വിശുദ്ധീകരിക്കപ്പെട്ടവർ’ ആരാണ്? (ബി) ഏത് അർഥത്തിലാണ് പുറജാതി സൈന്യങ്ങൾ ‘വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നത്’?
3 യഹോവ തുടർന്ന് പറയുന്നു: “ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു. ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു [“അണിനിരത്തുന്നു,” “പി.ഒ.സി. ബൈ.”].” (യെശയ്യാവു 13:3, 4) ഗർവിഷ്ഠമായ ബാബിലോണിനെ താഴ്ത്താൻ നിയോഗിക്കപ്പെടുന്ന ഈ ‘വിശുദ്ധീകരിക്കപ്പെട്ടവർ’ ആരാണ്? അവ സംയുക്ത സൈന്യങ്ങളാണ്, ‘കൂടിയിരിക്കുന്ന ജാതികളാണ്.’ ഒരു വിദൂര പർവതപ്രദേശത്തുനിന്ന് അത് ബാബിലോണിനു നേരെ പുറപ്പെട്ടുവരുന്നു. ‘ദൂരദേശത്തുനിന്നും ആകാശത്തിന്റെ അററത്തുനിന്നും അവ വരുന്നു.’ (യെശയ്യാവു 13:5) ഏത് അർഥത്തിലാണ് അവർ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നത്? ആത്മീയമായി ശുദ്ധിയുള്ളവർ എന്ന അർഥത്തിലല്ല എന്നതു തീർച്ചയാണ്. കാരണം, യഹോവയെ സേവിക്കാൻ യാതൊരു താത്പര്യവുമില്ലാത്ത പുറജാതി സൈന്യങ്ങളാണ് അവ. എബ്രായ തിരുവെഴുത്തുകളിൽ ‘വിശുദ്ധീകരിക്കുക’ എന്നതിന്റെ അർഥം ‘ദൈവത്താലുള്ള ഉപയോഗത്തിന് വേർതിരിക്കുക’ എന്നാണ്. രാഷ്ട്രങ്ങളുടെ സൈന്യങ്ങളെ വിശുദ്ധീകരിക്കാനും തന്റെ ക്രോധം പ്രകടിപ്പിക്കുന്നതിനായി അവരുടെ സ്വാർഥ താത്പര്യങ്ങളെ ഉപയോഗപ്പെടുത്താനും യഹോവയ്ക്കു കഴിയും. ആ വിധത്തിൽ അവൻ അസീറിയയെ ഉപയോഗപ്പെടുത്തി. സമാനമായി അവൻ ബാബിലോണിനെയും പിന്നീട് ബാബിലോണിനെ ശിക്ഷിക്കാൻ മറ്റു രാഷ്ട്രങ്ങളെയും ഉപയോഗപ്പെടുത്തും.—യെശയ്യാവു 10:5; യിരെമ്യാവു 25:9.
4, 5. (എ) ബാബിലോണിന് എന്തു സംഭവിക്കുമെന്ന് യഹോവ മുൻകൂട്ടി പറയുന്നു? (ബി) ബാബിലോണിനെ ആക്രമിക്കുന്നവർക്ക് എന്തു ചെയ്യേണ്ടിവരും?
4 ബാബിലോൺ ഇപ്പോഴും ഒരു പ്രമുഖ ലോകശക്തിയല്ല. എന്നിരുന്നാലും, ബാബിലോൺ അത്തരമൊരു സ്ഥാനം അലങ്കരിക്കുന്ന കാലത്തെയും പിന്നീടുള്ള അതിന്റെ പതനത്തെയും കുറിച്ച് യെശയ്യാവ് മുഖാന്തരം യഹോവ മുൻകൂട്ടി പറയുന്നു. അവൻ ഇപ്രകാരം പറയുന്നു: “യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.” (യെശയ്യാവു 13:6) അതേ, അഹങ്കരിച്ച് തിമിർക്കുന്നതിനു പകരം ബാബിലോൺ ദുഃഖിച്ച് മുറയിടും. എന്തുകൊണ്ട്? “യഹോവയുടെ ദിവസം” അതായത് യഹോവ അതിനെതിരെ ന്യായവിധി നടത്തുന്ന ദിവസം നിമിത്തം.
5 എന്നാൽ, ബാബിലോണിനെ എങ്ങനെ നശിപ്പിക്കാൻ കഴിയും? അതിനുള്ള യഹോവയുടെ സമയം വരുമ്പോൾ, ആ നഗരം സുരക്ഷിതമായി കാണപ്പെടും. അതിന്റെ മധ്യത്തിലൂടെ ഒഴുകുന്ന യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കാൻ മാത്രമല്ല നഗരത്തിന്റെ സംരക്ഷണാർഥമുള്ള കിടങ്ങുകളിൽ നിറയ്ക്കാനും ഉപയോഗിക്കുന്നു. അതിനാൽ, ആക്രമിച്ചു ചെല്ലുന്നവർക്ക് സ്വാഭാവിക പ്രതിരോധ ഘടകങ്ങളായി വർത്തിക്കുന്ന ആ നദിയെയും കിടങ്ങുകളെയും ആദ്യം മറികടക്കേണ്ടതുണ്ട്. അതിനു പുറമേ, തകർക്കാനാവാത്തതായി തോന്നുന്ന ഒരു ഇരട്ടമതിൽ സംവിധാനവും ആ നഗരത്തിനു ചുറ്റുമുണ്ട്. നഗരവാസികൾക്കായി വേണ്ടത്ര ഭക്ഷ്യശേഖരവും ഉണ്ട്. ബാബിലോണിന്റെ അവസാനത്തെ രാജാവായ നബോണീഡസ് “വളരെയധികം കഷ്ടപ്പെട്ട് ആ നഗരത്തിൽ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചുവെച്ചു, നഗരവാസികൾക്ക് ഇരുപതു വർഷത്തേക്കു കഴിക്കാനുള്ള സാധനങ്ങൾ അതിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു” എന്ന് ഡെയ്ലി ബൈബിൾ ഇല്ലസ്ട്രേഷൻസ് എന്ന ഗ്രന്ഥം പറയുന്നു.
6. മുൻകൂട്ടി പറയപ്പെട്ട ആക്രമണം ബാബിലോണിന്റെമേൽ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായി എന്തെല്ലാം സംഭവിക്കും?
6 എന്നിരുന്നാലും, ഈ സുരക്ഷാ സംവിധാനങ്ങളൊന്നും നഗരത്തിന്റെ സംരക്ഷണത്തിന് ഉതകുകയില്ല. യെശയ്യാവ് ഇങ്ങനെ പറയുന്നു: “അതുകൊണ്ടു എല്ലാ കൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും. അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.” (യെശയ്യാവു 13:7, 8) ശത്രു സൈന്യം നഗരത്തെ ആക്രമിക്കുമ്പോൾ, അതിലെ നിവാസികൾക്കു സുഖത്തിനു പകരം ദുഃഖം അനുഭവപ്പെടും. ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ ശീഘ്രവും തീവ്രവുമായിരിക്കും അത്. അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകും. അവരുടെ കൈകൾ തളർന്നുപോകും, സംരക്ഷണത്തിനായി അവർക്കത് ഉയർത്താനാകില്ല. ഭയത്താലും വേദനയാലും അവരുടെ മുഖങ്ങൾ “ജ്വലിച്ചിരിക്കും.” തങ്ങളുടെ മഹാനഗരം എങ്ങനെ വീണുപോയി എന്ന് അമ്പരന്ന് അവർ പരസ്പരം തുറിച്ചുനോക്കും.
7. ‘യഹോവയുടെ’ ഏതു ‘ദിവസ’മാണു വരുന്നത്, അതു ബാബിലോൺ നഗരത്തെ എങ്ങനെ ബാധിക്കും?
7 ആ നഗരം വീഴുകതന്നെ ചെയ്യും. ബാബിലോൺ, കണക്കു ബോധിപ്പിക്കേണ്ടിവരുന്ന ഒരു ദിവസത്തെ അതേ, “യഹോവയുടെ ദിവസ”ത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അതു വേദനാകരം ആയിരിക്കും. മഹോന്നത ന്യായാധിപൻ നിശ്ചയമായും തന്റെ കോപം പ്രകടിപ്പിക്കുകയും ബാബിലോണിലെ പാപികളായ നിവാസികളുടെമേൽ ഉചിതമായ ന്യായവിധി നിർവഹിക്കുകയും ചെയ്യും. പ്രവചനം ഇങ്ങനെ പറയുന്നു: “ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടുംകൂടെ വരുന്നു.” (യെശയ്യാവു 13:9) ബാബിലോണിന്റെ ഭാവി ഇരുളടഞ്ഞിരിക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം പ്രകാശം നൽകാതിരിക്കുന്നതു പോലെയാണ് അത്. “ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.”—യെശയ്യാവു 13:10.
8. ബാബിലോണിന്റെമേൽ യഹോവ നാശം വരുത്തുന്നത് എന്തുകൊണ്ട്?
8 ആ ഗർവിഷ്ഠ നഗരത്തിന് അത്തരമൊരു ഗതി വരുന്നത് എന്തുകൊണ്ടാണ്? യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.” (യെശയ്യാവു 13:11) ദൈവജനത്തോടു കാണിക്കുന്ന ക്രൂരത നിമിത്തമാണ് ബാബിലോണിന്റെമേൽ യഹോവ ക്രോധം ചൊരിയുന്നത്. ബാബിലോണിയരുടെ അകൃത്യം മൂലം അവരുടെ മുഴു ദേശവും കഷ്ടം അനുഭവിക്കും. മേലാൽ ഗർവിഷ്ഠരായ ഈ ഏകാധിപതികൾ യഹോവയെ വെല്ലുവിളിക്കുകയില്ല!
9. യഹോവയുടെ ന്യായവിധി ദിവസത്തിൽ ബാബിലോണിന് എന്തു സംഭവിക്കും?
9 യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും.” (യെശയ്യാവു 13:12) അതേ, ബാബിലോൺ നഗരം ആൾപ്പാർപ്പില്ലാതെ പാഴായി കിടക്കും. യഹോവ തുടരുന്നു: “അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും.” (യെശയ്യാവു 13:13) ബാബിലോണിന്റെ ‘ആകാശം’ നടുങ്ങും, അതായത് അതിലെ നിരവധി ദേവീദേവന്മാർക്ക് അരിഷ്ടതയുടെ സമയത്ത് ആ നഗരത്തെ സഹായിക്കാൻ കഴിയാതാകും. “ഭൂമി,” ബാബിലോണിയൻ സാമ്രാജ്യം, ഇളകിപ്പോകും. അതു നാമാവശേഷമായ, ചരിത്രത്താളുകളിൽ മാത്രം അവശേഷിക്കുന്ന ഒന്നായി മാറും. “ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഓരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്കു ഓടിപ്പോകും.” (യെശയ്യാവു 13:14) ബാബിലോണിന്റെ വിദേശ പിന്തുണക്കാരെല്ലാം അതിനെ ഉപേക്ഷിച്ച് ഓടിപ്പോകും. ജയിക്കുന്ന ലോകശക്തിയുമായി സൗഹൃദം സ്ഥാപിക്കാനായിരിക്കും അവ ആഗ്രഹിക്കുക. ഒടുവിൽ ബാബിലോൺ ശൂന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ ദുഃഖം അനുഭവിക്കും. തന്റെ പ്രതാപ നാളുകളിൽ മറ്റുള്ളവരിൽ അത് ഉളവാക്കിയ ദുഃഖത്തിനു സമാനമായിരിക്കും അത്: “കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും. അവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചുതകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.”—യെശയ്യാവു 13:15, 16.
നശിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ ഉപകരണം
10. ബാബിലോണിനെ പരാജയപ്പെടുത്താൻ യഹോവ ആരെ ഉപയോഗിക്കും?
10 ബാബിലോണിനെ വീഴിക്കാൻ യഹോവ ഏതു ശക്തിയെ ആയിരിക്കും ഉപയോഗിക്കുക? ഏതാണ്ട് 200 വർഷങ്ങൾക്കു മുമ്പുതന്നെ യഹോവ അതിന് ഉത്തരം നൽകുന്നു: “ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താല്പര്യവുമില്ല. അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോടു അവക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കയില്ല. രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.” (യെശയ്യാവു 13:17-19) പ്രൗഢഗംഭീരമായ ബാബിലോൺ നിലംപതിക്കാൻ യഹോവ ഇടയാക്കും. അതിന് അവൻ ഉപയോഗിക്കുന്നത് വിദൂര പർവതപ്രദേശങ്ങളിലെ ഒരു രാജ്യമായ മേദ്യയിലെ സൈന്യങ്ങളെ ആയിരിക്കും.a അധാർമികതയുടെ കൂത്തരങ്ങായിരുന്ന സൊദോം ഗൊമോറ എന്നീ നഗരങ്ങളെ പോലെ ഒടുവിൽ ബാബിലോണും ശൂന്യമായിത്തീരും.—ഉല്പത്തി 13:13; 19:13, 24.
11, 12. (എ) മേദ്യ ഒരു ലോകശക്തി ആയിത്തീരുന്നത് എങ്ങനെ? (ബി) മേദ്യ സൈന്യങ്ങൾക്ക് അസാധാരണമായ എന്തു പ്രത്യേകത ഉണ്ടായിരിക്കുമെന്ന് പ്രവചനം മുൻകൂട്ടി പറയുന്നു?
11 യെശയ്യാവിന്റെ നാളിൽ, മേദ്യയും ബാബിലോണും അസീറിയൻ നുകത്തിനു കീഴിലാണ്. എന്നാൽ ഏകദേശം ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ, അതായത് പൊ.യു.മു. 632-ൽ, മേദ്യയും ബാബിലോണും സഖ്യം ചേർന്ന് അസീറിയൻ തലസ്ഥാനമായ നീനെവേയെ മറിച്ചിടുന്നു. അങ്ങനെ ഒരു പ്രമുഖ ലോകശക്തിയായി മാറുന്നതിനുള്ള അവസരം ബാബിലോണിനു തുറന്നു കിട്ടുന്നു. എന്നാൽ ഏകദേശം 100 വർഷം കഴിയുമ്പോൾ മേദ്യ, ബാബിലോണിനെ നശിപ്പിക്കുമെന്ന് അതിലെ നിവാസികൾ സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല! അത്തരം ധീരമായ ഒരു പ്രവചനം നടത്താൻ യഹോവയാം ദൈവത്തിനല്ലാതെ ആർക്കു കഴിയും?
12 ബാബിലോണിനെ നശിപ്പിക്കാനായി താൻ തിരഞ്ഞെടുക്കുന്ന മേദ്യ സൈന്യങ്ങൾ “വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താല്പര്യവുമില്ല” എന്ന് യഹോവ പറയുന്നു. സാധാരണ സൈനികരിൽനിന്ന് എത്ര വ്യത്യസ്തം! ബൈബിൾ പണ്ഡിതനായ ആൽബെർട്ട് ബാൺസ് ഇങ്ങനെ പറയുന്നു: “കൊള്ളയിൽ കണ്ണുവെക്കാത്ത സൈന്യങ്ങൾ അധികമൊന്നും ഉണ്ടായിരുന്നിട്ടില്ല.” എന്നാൽ, മേദ്യ സൈന്യത്തെ കുറിച്ചുള്ള യഹോവയുടെ വാക്കുകൾ സത്യമെന്നു തെളിയുമോ? തീർച്ചയായും. ജെ. ഗ്ലെന്റ്വർത്ത് ബട്ട്ലർ തയ്യാറാക്കിയ ദ ബൈബിൾ-വർക്ക് എന്ന കൃതിയിൽ കാണുന്ന ഈ അഭിപ്രായം ശ്രദ്ധിക്കുക: “യുദ്ധം നടത്തിയിട്ടുള്ള മിക്ക രാഷ്ട്രങ്ങളിൽനിന്നും വ്യത്യസ്തമായി മേദ്യരും, പ്രത്യേകിച്ചു പേർഷ്യക്കാരും സ്വർണത്തെക്കാൾ പ്രാധാന്യം കൽപ്പിച്ചിരുന്നത് യുദ്ധജയത്തിനും കീർത്തിക്കും ആയിരുന്നു.”b അതു കണക്കിലെടുക്കുമ്പോൾ, ബാബിലോണിയൻ പ്രവാസത്തിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കുന്ന അവസരത്തിൽ പേർഷ്യൻ രാജാവായ സൈറസ്, യെരൂശലേമിലെ ആലയത്തിൽനിന്നു നെബൂഖദ്നേസർ കൊള്ളയായി എടുത്ത ആയിരക്കണക്കിനു സ്വർണപ്പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും അവർക്കു തിരികെ കൊടുക്കുന്നതിൽ അതിശയിക്കാനില്ല.—എസ്രാ 1:7-11.
13, 14. (എ) കൊള്ളയിൽ താത്പര്യമില്ലെങ്കിലും, മേദോ-പേർഷ്യൻ സൈന്യങ്ങൾ എന്തു സംബന്ധിച്ച് അത്യാഗ്രഹികളാണ്? (ബി) ബാബിലോൺ അഹങ്കരിക്കുന്ന അതിന്റെ പ്രതിരോധ സംവിധാനങ്ങളെ സൈറസ് മറികടക്കുന്നത് എങ്ങനെ?
13 മേദോ-പേർഷ്യൻ യോദ്ധാക്കൾക്ക് കൊള്ളയിൽ വലിയ താത്പര്യമൊന്നും ഇല്ലെങ്കിലും, അവർ തീർച്ചയായും അധികാരമോഹികളാണ്. ആഗോള രംഗത്ത് മറ്റൊരു രാഷ്ട്രത്തിന്റെയും പിന്നിൽ ആയിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ‘സർവവും നശി’പ്പിക്കുകയെന്ന ചിന്ത യഹോവ അവരുടെ ഹൃദയങ്ങളിൽ നടുന്നു. (യെശയ്യാവു 13:6) അതിനാൽ, തങ്ങളുടെ ലോഹവില്ലുകൾകൊണ്ട് ബാബിലോണിനെ ജയിച്ചടക്കാൻ അവർ ദൃഢചിത്തരാണ്. അസ്ത്രങ്ങൾ എയ്യുന്നതിനു മാത്രമല്ല, ബാബിലോണിയൻ വംശജരായ ശത്രുസൈനികർക്കു മാരകമായ പ്രഹരമേൽപ്പിക്കാനും ഈ വില്ലുകൾ ഉപയോഗിക്കാൻ കഴിയും.
14 മേദോ-പേർഷ്യൻ സൈന്യങ്ങളുടെ തലവനായ സൈറസ് ബാബിലോണിന്റെ ശക്തിദുർഗങ്ങൾ കണ്ട് പിന്തിരിയുന്നില്ല. പൊ.യു.മു. 539 ഒക്ടോബർ 5/6 തീയതി രാത്രി യൂഫ്രട്ടീസ് നദിയിലെ വെള്ളം വഴിതിരിച്ചുവിടാൻ അദ്ദേഹം കൽപ്പന നൽകുന്നു. നദിയിലെ ജലനിരപ്പു കുറയുമ്പോൾ, തുടയ്ക്കൊപ്പം വെള്ളമുള്ള നദിയിലൂടെ നടന്ന് അവർ നഗരത്തിൽ പ്രവേശിക്കുന്നു. അങ്ങനെ, ബാബിലോണിലെ നിവാസികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ബാബിലോൺ വീഴുന്നു. (ദാനീയേൽ 5:30) യാതൊരു സംശയവും അവശേഷിപ്പിക്കാത്ത വിധം ഈ സംഭവങ്ങളെ കുറിച്ചു പ്രവചിക്കാൻ യഹോവയാം ദൈവം തന്നെയാണ് യെശയ്യാവിനെ നിശ്വസ്തനാക്കുന്നത്.
15. ബാബിലോണിന്റെ ഭാവി എന്തായിരിക്കും?
15 ബാബിലോണിന്റെ നാശം എങ്ങനെയുള്ളത് ആയിരിക്കും? യഹോവയുടെ പ്രഖ്യാപനത്തിനു ശ്രദ്ധ കൊടുക്കുക: “അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. മരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും; ഭൂതങ്ങൾ അവിടെ നൃത്തം ചെയ്യും. അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോകയുമില്ല.” (യെശയ്യാവു 13:20-22) സമ്പൂർണ നാശമാണു ബാബിലോണിനു സംഭവിക്കാൻ പോകുന്നത്.
16. ബാബിലോണിന്റെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് എന്ത് ഉറപ്പേകുന്നു?
16 പൊ.യു.മു. 539-ൽത്തന്നെ അതു സംഭവിച്ചില്ല. എന്നാൽ, ബാബിലോണിനെ കുറിച്ച് യെശയ്യാവ് മുൻകൂട്ടി പറഞ്ഞതെല്ലാം സത്യമായി ഭവിച്ചിരിക്കുന്നു എന്നത് ഇന്നു വളരെ വ്യക്തമാണ്. ബാബിലോൺ “ഇപ്പോൾ ശൂന്യമായ ഒരു സ്ഥലമാണ്, നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. നൂറ്റാണ്ടുകളായി അതിന്റെ അവസ്ഥ അതുതന്നെ” എന്ന് ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ ദൃശ്യങ്ങൾ കണ്ടിട്ട് യെശയ്യാവിന്റെയും യിരെമ്യാവിന്റെയും പ്രവചനങ്ങൾ എത്ര കൃത്യമായി നിവർത്തിച്ചിരിക്കുന്നു എന്നു ചിന്തിക്കാതിരിക്കാനാവില്ല.” വ്യക്തമായും, യെശയ്യാവിന്റെ നാളിൽ യാതൊരു മനുഷ്യനും ബാബിലോണിന്റെ പതനത്തെയും അതിന്റെ ക്രമേണയുള്ള ശൂന്യമാക്കലിനെയും കുറിച്ച് പ്രവചിക്കാൻ കഴിയുമായിരുന്നില്ല. വാസ്തവത്തിൽ, യെശയ്യാവ് തന്റെ പുസ്തകം എഴുതി ഏതാണ്ട് 200 വർഷം കഴിഞ്ഞാണ് മേദോ-പേർഷ്യ ബാബിലോണിനെ കീഴടക്കുന്നത്! എന്നാൽ അവളുടെ അന്തിമമായ ശൂന്യമാക്കലാണെങ്കിൽ പിന്നെയും പല നൂറ്റാണ്ടുകൾ കഴിഞ്ഞാണു സംഭവിക്കുന്നത്. ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്നുള്ള നമ്മുടെ വിശ്വാസത്തെ അതു ബലപ്പെടുത്തുന്നില്ലേ? (2 തിമൊഥെയൊസ് 3:16) മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ യഹോവയുടെ നിരവധി പ്രവചനങ്ങൾ നിവൃത്തിയേറിയിരിക്കുന്നതിനാൽ, ശേഷിച്ചിരിക്കുന്ന ബൈബിൾ പ്രവചനങ്ങളും ദൈവത്തിന്റെ തക്കസമയത്ത് നിവൃത്തിയേറും എന്ന കാര്യത്തിൽ നമുക്കു പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും.
‘വ്യസനം നീക്കി വിശ്രാമം നൽകുന്നു’
17, 18. ബാബിലോണിന്റെ പരാജയം ഇസ്രായേലിന് എന്തെല്ലാം അനുഗ്രഹങ്ങളിൽ കലാശിക്കും?
17 ബാബിലോണിന്റെ പതനം ഇസ്രായേലിന് ഒരു ആശ്വാസമായിരിക്കും. പ്രവാസത്തിൽനിന്നുള്ള വിടുതലും വാഗ്ദത്ത ദേശത്തേക്കു മടങ്ങുന്നതിനുള്ള അവസരവും അതു പ്രദാനം ചെയ്യും. അതിനാൽ, യെശയ്യാവ് ഇങ്ങനെ പറയുന്നു: “യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേർന്നുകൊള്ളും. ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.” (യെശയ്യാവു 14:1, 2) ഈ വാക്യത്തിലെ ‘യാക്കോബ്’ എന്ന പ്രയോഗം മുഴു ഇസ്രായേല്യരെയും—12 ഗോത്രങ്ങളെയും—സൂചിപ്പിക്കുന്നു. സ്വദേശത്തേക്കു മടങ്ങാൻ അനുവദിച്ചുകൊണ്ട് യഹോവ ‘യാക്കോബി’നോടു കരുണ കാണിക്കും. അവരോടൊപ്പം ആയിരക്കണക്കിനു വിദേശികളും ഉണ്ടായിരിക്കും. അവരിൽ പലരും ആലയദാസന്മാർ എന്ന നിലയിൽ സേവനം അനുഷ്ഠിക്കും. ചില ഇസ്രായേല്യർ തങ്ങളെ മുമ്പ് ബന്ദികളാക്കിയവരുടെ മേൽ അധികാരം നടത്തുക പോലും ചെയ്യും.c
18 പ്രവാസത്തിൽ കഴിയുന്നതിന്റെ ദുഃഖം അവർക്ക് അനുഭവിക്കേണ്ടിവരില്ല. പകരം, യഹോവ തന്റെ ജനത്തിന്റെ ‘വ്യസനവും കഷ്ടതയും [അവർ] ചെയ്യേണ്ടിവന്ന കഠിനദാസ്യവും നീക്കി [അവർക്ക്] വിശ്രാമം നല്കും.’ (യെശയ്യാവു 14:3) അടിമത്തത്തിന്റെ യാതനകളിൽനിന്നു മുക്തമായ ഇസ്രായേലിന് വ്യാജദൈവങ്ങളെ ആരാധിക്കുന്നവരുടെ ഇടയിൽ വസിക്കുന്നതിന്റെ കഷ്ടവും വേദനയും മേലാൽ സഹിക്കേണ്ടിയും വരില്ല. (എസ്രാ 3:1; യെശയ്യാവു 32:18) അതേക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ബൈബിളിലെ ദേശങ്ങളും ജനങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ബാബിലോണിയരെ പോലെ ആയിരുന്നു അവരുടെ ദൈവങ്ങളും. അവരുടെ ഏറ്റവും ഹീനമായ സ്വഭാവവിശേഷങ്ങളെല്ലാം അവയ്ക്കും ഉണ്ടായിരുന്നു. ആ ദൈവങ്ങൾ ഭീരുക്കളും മദ്യപന്മാരും മടയന്മാരുമായി ചിത്രീകരിക്കപ്പെട്ടിരുന്നു.” അത്തരം അധമമായ ഒരു മതപശ്ചാത്തലത്തിൽനിന്നു രക്ഷപ്പെടുന്നത് എത്ര ആശ്വാസകരമായിരുന്നു!
19. യഹോവയുടെ ക്ഷമ ലഭിക്കണമെങ്കിൽ ഇസ്രായേൽ എന്തു ചെയ്യണം, ഇതിൽനിന്ന് നാം എന്തു പഠിക്കുന്നു?
19 എന്നിരുന്നാലും, യഹോവയുടെ കരുണ ചില വ്യവസ്ഥകളിൽ അധിഷ്ഠിതമാണ്. തന്റെ ജനത്തെ ദൈവം കഠിനമായി ശിക്ഷിക്കാൻ ഇടയാക്കിയ ദുഷ്ടതയെ പ്രതി അവർ അനുതാപം പ്രകടിപ്പിക്കേണ്ടതുണ്ട്. (യിരെമ്യാവു 3:25) ഹൃദയംഗമമായ അനുതാപം യഹോവയുടെ ക്ഷമ കൈവരുത്തുന്നു. (നെഹെമ്യാവു 9:6-37; ദാനീയേൽ 9:5 എന്നിവ കാണുക.) അതേ തത്ത്വം ഇന്നും സത്യമാണ്. “പാപം ചെയ്യാത്ത മനുഷ്യൻ ഇല്ല” എന്നതിനാൽ നമുക്കേവർക്കും യഹോവയുടെ കരുണ ആവശ്യമാണ്. (2 ദിനവൃത്താന്തം 6:36) ആത്മീയമായി സുഖം പ്രാപിക്കുന്നതിന് നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് അനുതപിക്കാനും തെറ്റായ ഗതി ഉപേക്ഷിക്കാനും കരുണാമയനായ യഹോവയാം ദൈവം സ്നേഹപൂർവം നമ്മോട് ആവശ്യപ്പെടുന്നു. (ആവർത്തനപുസ്തകം 4:31; യെശയ്യാവു 1:18; യാക്കോബ് 5:16) വീണ്ടും ദൈവപ്രീതിയിലേക്കു വരാൻ അതു നമ്മെ സഹായിക്കുകയും നമുക്ക് ആശ്വാസം കൈവരുത്തുകയും ചെയ്യുന്നു.—സങ്കീർത്തനം 51:1; സദൃശവാക്യങ്ങൾ 28:13; 2 കൊരിന്ത്യർ 2:7.
ബാബിലോണിന് എതിരെയുള്ള ‘പാട്ട്’
20, 21. ബാബിലോണിന്റെ അയൽക്കാർ ആ രാജ്യത്തിന്റെ പതനത്തിൽ സന്തോഷിക്കുന്നത് എങ്ങനെ?
20 ഒരു പ്രമുഖ ലോകശക്തിയായുള്ള ബാബിലോണിന്റെ ഉയർച്ചയ്ക്കു നൂറിലധികം വർഷങ്ങൾക്കു മുമ്പ്, അവളുടെ പതനത്തെ ലോകം എങ്ങനെ വീക്ഷിക്കുമെന്ന് യെശയ്യാവ് മുൻകൂട്ടി പറയുന്നു. ബാബിലോണിന്റെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കപ്പെട്ട ഇസ്രായേല്യരോട് പ്രാവചനികമായി അവൻ ഇങ്ങനെ പറയുന്നു: “നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടുചൊല്ലും; പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞു പോയി! യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.” (യെശയ്യാവു 14:4-6) ഒരു ജേതാവും സ്വതന്ത്ര ജനങ്ങളെ അടിമകളാക്കുന്ന മർദകനും എന്ന ഖ്യാതിയാണ് ബാബിലോൺ ഉണ്ടാക്കിയിരിക്കുന്നത്. ബാബിലോൺ എന്ന മഹാനഗരത്തിന്റെ പ്രതാപ നാളുകളിൽ അവിടെ ഭരണം നടത്തിയിരുന്ന ബാബിലോണിയൻ രാജവംശത്തെ—നെബൂഖദ്നേസറിൽ തുടങ്ങി നബോണീഡസിന്റെയും ബേൽശസ്സറിന്റെയും കാലത്ത് അവസാനിക്കുന്നു—കുറിച്ചുള്ള ഒരു ‘പാട്ട് ചൊല്ലിക്കൊണ്ട്’ അവളുടെ പതനം ആഘോഷിക്കുന്നത് എത്ര ഉചിതമായിരിക്കും!
21 അവളുടെ പതനം എത്ര വലിയ ഒരു മാറ്റമായിരിക്കും കൈവരുത്തുക! “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.” (യെശയ്യാവു 14:7, 8) ബാബിലോണിയൻ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം, ചുറ്റുമുണ്ടായിരുന്ന ജനതകളിലെ രാജാക്കന്മാർ തങ്ങളുടെ ആവശ്യങ്ങൾക്കായി വെട്ടി ഉപയോഗിക്കാൻ കഴിയുന്ന വൃക്ഷങ്ങൾ പോലെ ആയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾക്കു മാറ്റം വന്നിരിക്കുന്നു. ഈ ബാബിലോണിയൻ മരംവെട്ടുകാരന്റെ മരംവെട്ട് അവസാനിച്ചിരിക്കുന്നു!
22. ബാബിലോണിയൻ രാജവംശത്തിന്റെ പതനത്തിനു ഷിയോളിന്റെ മേലുള്ള ഫലത്തെ കുറിച്ച് യെശയ്യാവ് കാവ്യാത്മകമായി വർണിക്കുന്നത് എങ്ങനെ?
22 ശവക്കുഴി (ഷിയോൾ) പോലും പിൻവരുന്ന പ്രകാരം പ്രതികരിക്കുന്ന വിധം അത്ര ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ് ബാബിലോണിന്റെ പതനം: “നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം [“ഷിയോൾ,” NW] നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും. നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു.” (യെശയ്യാവു 14:9-11) കാവ്യരൂപത്തിലുള്ള എത്ര ശക്തമായ വർണന! ഈ നവാഗതനെ വരവേൽക്കാൻ, ബാബിലോണിയൻ രാജവംശം അസ്തിത്വത്തിൽ വരുന്നതിനു മുമ്പ് മരിച്ചുപോയ രാജാക്കന്മാരെയെല്ലാം മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴി വിളിച്ചുണർത്തുന്നതു പോലെയാണ് ഇത്. ഒരിക്കൽ വാഴ്ച നടത്തിയിരുന്ന, ഇപ്പോൾ നിസ്സഹായാവസ്ഥയിൽ ആയിരിക്കുന്ന ബാബിലോണിനെ അവർ പരിഹസിക്കുന്നു. ഇപ്പോൾ അതു വിലയേറിയ കിടക്കയ്ക്കു പകരം പുഴുക്കളെ മെത്തയാക്കി, വില കൂടിയ പുതപ്പുകൾക്കു പകരം കൃമികളെ പുതപ്പാക്കി കിടക്കുകയാണ്.
“ചവിട്ടിമെതിച്ച ശവംപോലെ”
23, 24. ബാബിലോണിയൻ രാജാക്കന്മാർ എത്ര വലിയ അഹങ്കാരമാണു പ്രകടമാക്കുന്നത്?
23 യെശയ്യാവ് ബാബിലോണിനെ കുറിച്ചുള്ള തന്റെ പാട്ടു തുടരുന്നു: “അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേററു നിലത്തു വീണു!” (യെശയ്യാവു 14:12) ചുറ്റുമുള്ളവരെക്കാൾ തങ്ങളെത്തന്നെ ഉയർത്താൻ ബാബിലോണിയൻ രാജാക്കന്മാരെ പ്രേരിപ്പിക്കുന്നത് സ്വാർഥമായ ദുരഭിമാനമാണ്. വെളുപ്പിന് ആകാശത്തിൽ തീവ്രമായി ശോഭിക്കുന്ന ഒരു നക്ഷത്രം പോലെ, അവർ അഹങ്കാരപൂർവം ശക്തിയും അധികാരവും പ്രയോഗിക്കുന്നു. നെബൂഖദ്നേസർ അഹങ്കരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം യെരൂശലേമിനെ ജയിച്ചടക്കിയതാണ്. അസീറിയയ്ക്ക് കഴിയാഞ്ഞ കാര്യമാണ് അതെന്ന് ഓർക്കണം. ഗർവിഷ്ഠമായ ബാബിലോണിയൻ രാജവംശം പിൻവരുന്ന പ്രകാരം പറയുന്നതായി യെശയ്യാവിന്റെ പാട്ട് വെളിപ്പെടുത്തുന്നു: “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും.” (യെശയ്യാവു 14:13, 14) അതിനെക്കാൾ ഗർവിഷ്ഠമായ എന്തെങ്കിലും ആഗ്രഹം ഉണ്ടായിരിക്കാൻ കഴിയുമോ?
24 ബൈബിളിൽ, ദാവീദിന്റെ രാജകീയ വംശത്തിലെ രാജാക്കന്മാരെ നക്ഷത്രങ്ങളോട് ഉപമിച്ചിരിക്കുന്നു. (സംഖ്യാപുസ്തകം 24:17) ദാവീദിന്റെ കാലം മുതൽ ആ “നക്ഷത്രങ്ങൾ” സീയോൻ പർവതത്തിൽ നിന്നാണു ഭരണം നടത്തിയിരുന്നത്. ശലോമോൻ യെരൂശലേമിൽ ആലയം പണിതതിനു ശേഷം, ആ മുഴു നഗരവും സീയോൻ എന്ന പേരിൽ അറിയപ്പെടാൻ ഇടയായി. ന്യായപ്രമാണ ഉടമ്പടിയിൻ പ്രകാരം എല്ലാ ഇസ്രായേല്യ പുരുഷന്മാരും വർഷത്തിൽ മൂന്നു പ്രാവശ്യം സീയോനിലേക്കു യാത്ര ചെയ്യാൻ ബാധ്യസ്ഥരായിരുന്നു. അങ്ങനെ അത് ‘സമാഗമപർവതം’ ആയിത്തീർന്നു. യഹൂദാ രാജാക്കന്മാരെ കീഴ്പെടുത്തിക്കൊണ്ട് ആ പർവതത്തിൽനിന്ന് അവരെ നീക്കം ചെയ്യാൻ ദൃഢനിശ്ചയം ചെയ്യുകവഴി ആ “നക്ഷത്രങ്ങൾ”ക്കു മീതെ തന്നെത്തന്നെ ഉയർത്താനുള്ള ഉദ്ദേശ്യമാണ് നെബൂഖദ്നേസർ പ്രഖ്യാപിക്കുന്നത്. അവരുടെ മേലുള്ള വിജയത്തിന് അവൻ യഹോവയ്ക്കു ബഹുമതി നൽകുന്നില്ല. പകരം, അവൻ ഗർവത്തോടെ തന്നെത്തന്നെ യഹോവയുടെ സ്ഥാനത്ത് ആക്കിവെക്കുന്നു.
25, 26. ബാബിലോണിയൻ രാജവംശത്തിനു നിന്ദ്യമായ അന്ത്യം സംഭവിക്കുന്നത് എങ്ങനെ?
25 ബാബിലോണിയൻ രാജാക്കന്മാരുടെ അവസ്ഥയ്ക്ക് എത്ര വലിയ മാറ്റമാണു വരാൻ പോകുന്നത്! ബാബിലോൺ മേലാൽ ദൈവത്തിന്റെ നക്ഷത്രങ്ങളെക്കാൾ ഉന്നതമായ അവസ്ഥയിൽ ആയിരിക്കുകയില്ല. പകരം, അതിനെ കുറിച്ച് യഹോവ ഇപ്രകാരം പറയുന്നു: “എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. നിന്നെ കാണുന്നവർ നിന്നെ ഉററുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.” (യെശയ്യാവു 14:15-17) ദുരാഗ്രഹത്തോടെ പ്രവർത്തിക്കുന്ന ആ രാജവംശം ഏതൊരു മനുഷ്യനെയും പോലെ, പാതാളത്തിലേക്ക് (ഷിയോളിലേക്ക്) ഇറങ്ങും.
26 രാജ്യങ്ങളെ ജയിച്ചടക്കുകയും വിളനിലങ്ങൾ നശിപ്പിക്കുകയും നിരവധി പട്ടണങ്ങളെ ഇടിച്ചുകളയുകയും ചെയ്ത ആ ശക്തി എവിടെ ആയിരിക്കും? ആളുകളെ ബന്ദികളാക്കുകയും സ്വദേശത്തേക്കു മടങ്ങാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്ത ആ ലോകശക്തിക്ക് എന്തു സംഭവിക്കും? ബാബിലോണിയൻ രാജവംശത്തിന് മാന്യമായ ഒരു ശവസംസ്കാരം പോലും ലഭിക്കുകയില്ല! യഹോവ ഇങ്ങനെ പറയുന്നു: “ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങുന്നു. നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേററു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കാണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്നും എറിഞ്ഞുകളഞ്ഞിരിക്കുന്നു. നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കയില്ല.” (യെശയ്യാവു 14:18-20) പുരാതന നാളുകളിൽ, ഒരു രാജാവിനു മാന്യമായ ശവസംസ്കാരം ലഭിക്കാതിരിക്കുന്നത് അപമാനമായി കരുതപ്പെട്ടിരുന്നു. ബാബിലോണിയൻ രാജവംശത്തിന്റെ കാര്യമോ? അതിലെ ചില രാജാക്കന്മാർക്കു മാന്യമായ ശവസംസ്കാരം ലഭിക്കുന്നു എന്നതു ശരിയാണ്. എന്നാൽ, നെബൂഖദ്നേസറിനെ തുടർന്നുള്ള രാജാക്കന്മാർ “നിന്ദ്യമായോരു ചുള്ളി” പോലെ അവഗണിക്കപ്പെടുന്നു. ഒരു പൊതു ശവക്കുഴിയിലേക്ക് ആ രാജവംശത്തെ എറിയുന്നതു പോലെ, യുദ്ധത്തിൽ കേവലമൊരു കാലാൾഭടൻ വധിക്കപ്പെടുന്നതു പോലെ ആണ് അത്. എത്ര വലിയ അപമാനം!
27. പൂർവപിതാക്കന്മാരുടെ അകൃത്യം നിമിത്തം ബാബിലോണിയരുടെ ഭാവി തലമുറകൾ ഏതു വിധത്തിൽ കഷ്ടം അനുഭവിക്കും?
27 ജയിച്ചടക്കുന്ന മേദ്യർക്കും പേർഷ്യക്കാർക്കുമുള്ള അന്തിമ കൽപ്പനയോടെ യെശയ്യാവിന്റെ പാട്ട് അവസാനിക്കുന്നു: “അവന്റെ മക്കൾ എഴുന്നേററു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവർക്കു അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊൾവിൻ.” (യെശയ്യാവു 14:21) ബാബിലോണിന്റെ പതനം ശാശ്വതമായിരിക്കും. ബാബിലോണിയൻ രാജവംശം പിഴുതെറിയപ്പെടും. അതിന് ഒരു നവോത്ഥാനം ഉണ്ടാകുകയില്ല. “പിതാക്കന്മാരുടെ അകൃത്യംനിമിത്തം” ബാബിലോണിയരുടെ ഭാവി തലമുറകൾ കഷ്ടം അനുഭവിക്കും.
28. ബാബിലോണിയൻ രാജാക്കന്മാരുടെ പാപത്തിന്റെ മൂലകാരണം എന്തായിരുന്നു, അതിൽനിന്ന് നാം എന്തു പഠിക്കുന്നു?
28 ബാബിലോണിയൻ രാജവംശത്തിനെതിരെയുള്ള ന്യായവിധി നമുക്കു വിലപ്പെട്ട ഒരു പാഠമായി ഉതകുന്നു. ബാബിലോണിയൻ രാജാക്കന്മാരുടെ പാപത്തിന്റെ മൂലകാരണം അവരുടെ അന്തമില്ലാത്ത അത്യാഗ്രഹം ആയിരുന്നു. (ദാനീയേൽ 5:23) അവരുടെ ഹൃദയങ്ങൾ അധികാരമോഹംകൊണ്ടു നിറഞ്ഞിരുന്നു. മറ്റുള്ളവരുടെമേൽ അധീശത്വം പുലർത്താൻ അവർ അഭിലഷിച്ചു. (യെശയ്യാവു 47:5, 6) ദൈവത്തിന് അർഹതപ്പെട്ട മഹത്ത്വം തങ്ങൾക്കു കിട്ടാൻ അവർ വാഞ്ഛിച്ചു. (വെളിപ്പാടു 4:11) അധികാരസ്ഥാനത്തുള്ള എല്ലാവർക്കും, ക്രിസ്തീയ സഭയിലുള്ളവർക്കു പോലുമുള്ള ഒരു മുന്നറിയിപ്പാണ് ഇത്. അത്യാഗ്രഹവും സ്വാർഥമായ ദുരഭിമാനവും പോലുള്ള ദുർഗുണങ്ങൾ ആരുതന്നെ പ്രകടിപ്പിച്ചാലും—വ്യക്തികളോ രാഷ്ട്രങ്ങളോ ആയിരുന്നാലും—ദൈവം ഒരിക്കലും പൊറുക്കുകയില്ല.
29. ബാബിലോണിയൻ ഭരണാധികാരികളുടെ അഹങ്കാരവും ദുരാഗ്രഹവും എന്തിന്റെ പ്രതിഫലനം ആയിരുന്നു?
29 ബാബിലോണിയൻ ഭരണാധികാരികളുടെ അഹങ്കാരം “ഈ ലോകത്തിന്റെ ദൈവ”മായ പിശാചായ സാത്താന്റെ മനോഭാവത്തിന്റെ ഒരു പ്രതിഫലനം ആയിരുന്നു. (2 കൊരിന്ത്യർ 4:4) അവനും അധികാരം മോഹിക്കുകയും യഹോവയാം ദൈവത്തിനു മീതെ തന്നെത്തന്നെ ആക്കിവെക്കാൻ വാഞ്ഛിക്കുകയും ചെയ്യുന്നു. ബാബിലോണിലെ രാജാവിന്റെയും അവൻ അധീനതയിലാക്കിയ ജനങ്ങളുടെയും കാര്യത്തിലെന്ന പോലെ, സാത്താന്റെ ദുരാഗ്രഹം മുഴു മനുഷ്യവർഗത്തിന്റെയും ദുരിതത്തിലും കഷ്ടതയിലും കലാശിച്ചിരിക്കുന്നു.
30. മറ്റ് ഏതു ബാബിലോണിനെ കുറിച്ചാണു ബൈബിളിൽ പരാമർശിച്ചിരിക്കുന്നത്, ഏതു മനോഭാവമാണ് അതു പ്രകടമാക്കിയിരിക്കുന്നത്?
30 മാത്രമല്ല, വെളിപ്പാടു പുസ്തകത്തിൽ മറ്റൊരു ബാബിലോണിനെ—‘മഹാബാബിലോണി’നെ—കുറിച്ചു നാം വായിക്കുന്നു. (വെളിപ്പാടു 18:2, NW) വ്യാജമത ലോകസാമ്രാജ്യമായ ഈ സംഘടന ഗർവിഷ്ഠവും മർദകവും ക്രൂരവുമായ ഒരു മനോഭാവം പ്രകടമാക്കിയിരിക്കുന്നു. തത്ഫലമായി, അവളും “യഹോവയുടെ ദിവസ”ത്തെ അഭിമുഖീകരിക്കുകയും ദൈവത്തിന്റെ തക്കസമയത്ത് നശിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. (യെശയ്യാവു 13:6) “മഹാബാബിലോൺ വീണിരിക്കുന്നു” എന്ന സന്ദേശം 1919 മുതൽ ഭൂമിയിലെമ്പാടും മുഴക്കപ്പെടുകയാണ്. (വെളിപ്പാടു 14:8, NW) ദൈവജനത്തെ അടിമത്തത്തിൽ നിറുത്താൻ കഴിയാതെ വന്നപ്പോഴാണ് അവൾ വീണത്. എന്നാൽ, പെട്ടെന്നുതന്നെ അവൾ പൂർണമായി നശിപ്പിക്കപ്പെടും. പുരാതന ബാബിലോണിനെ കുറിച്ച് യഹോവ ഇങ്ങനെ കൽപ്പിച്ചിരുന്നു: “അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അതിന്നു പകരം കൊടുപ്പിൻ; അതു ചെയ്തതുപോലെ ഒക്കെയും അതിനോടും ചെയ്വിൻ; അതു യഹോവയോടു, യിസ്രായേലിന്റെ പരിശുദ്ധനോടു തന്നേ, അഹങ്കാരം കാണിച്ചിരിക്കുന്നു.” (യിരെമ്യാവു 50:29; യാക്കോബ് 2:13) മഹാബാബിലോണിനും സമാനമായ ഒരു ന്യായവിധി ആയിരിക്കും ലഭിക്കുക.
31. മഹാബാബിലോണിന് പെട്ടെന്നുതന്നെ എന്തു സംഭവിക്കും?
31 അതിനാൽ, യെശയ്യാ പുസ്തകത്തിലെ ഈ പ്രവചനത്തിൽ കാണുന്ന യഹോവയുടെ അന്തിമ പ്രസ്താവന പുരാതന ബാബിലോണിനു മാത്രമല്ല, മഹാബാബിലോണിനും ബാധകമാണ്: “ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും . . . ബാബേലിൽ നിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും . . . ഞാൻ അതിനെ മുള്ളൻപന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും.” (യെശയ്യാവു 14:22, 23) പുരാതന ബാബിലോണിന്റെ ശൂന്യശിഷ്ടങ്ങൾ യഹോവ പെട്ടെന്നുതന്നെ മഹാബാബിലോണിനെതിരെ എന്തു ചെയ്യുമെന്നുള്ളതിന്റെ സൂചനയാണ്. സത്യാരാധനയെ പ്രിയപ്പെടുന്നവർക്ക് അത് എത്ര ആശ്വാസപ്രദമാണ്! ദുരഭിമാനവും അഹങ്കാരവും ക്രൂരതയും പോലുള്ള സാത്താന്യ സ്വഭാവങ്ങൾ നമ്മുടെ ഉള്ളിൽ വളരാൻ അനുവദിക്കാതിരിക്കുന്നതിനുള്ള എത്ര നല്ല പ്രോത്സാഹനം!
[അടിക്കുറിപ്പുകൾ]
a മേദ്യരെ കുറിച്ചു മാത്രമേ യെശയ്യാവ് പറയുന്നുള്ളുവെങ്കിലും, ബാബിലോണിനെതിരെ സഖ്യം ചേരുന്ന നിരവധി രാജ്യങ്ങൾ ഉണ്ടായിരിക്കും. മേദ്യയും പേർഷ്യയും ഏലാമും മറ്റു ചെറിയ രാഷ്ട്രങ്ങളുമൊക്കെ അതിൽ ഉൾപ്പെടും. (യിരെമ്യാവു 50:9; 51:24, 27, 28) അയൽരാഷ്ട്രങ്ങൾ മേദ്യരെയും പേർഷ്യക്കാരെയും ചേർത്ത് ‘മേദ്യൻ’ എന്നാണു വിളിക്കുന്നത്. മാത്രമല്ല, യെശയ്യാവിന്റെ നാളിൽ പ്രമുഖ ശക്തിയായിരിക്കുന്നത് മേദ്യ ആണ്. കോരെശിന്റെ (സൈറസ്) കീഴിൽ മാത്രമാണ് പേർഷ്യ ഒരു പ്രമുഖ ശക്തിയായി മാറുന്നത്.
b എന്നാൽ, പിൽക്കാലത്ത് മേദ്യരും പേർഷ്യക്കാരും ആഡംബര വസ്തുക്കളോടു പ്രിയം വളർത്തിയെടുത്തതായി തോന്നുന്നു.—എസ്ഥേർ 1:1-7.
c ഉദാഹരണത്തിന്, മേദ്യരുടെയും പേർഷ്യക്കാരുടെയും ഭരണകാലത്ത് ബാബിലോണിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനായി ദാനീയേൽ നിയമിക്കപ്പെട്ടു. ഏകദേശം 60 വർഷം കഴിഞ്ഞ് എസ്ഥേർ, പേർഷ്യൻ രാജാവായ അഹശ്വേരോശിന്റെ രാജ്ഞിയായിത്തീർന്നു. മൊർദ്ദെഖായി മുഴു പേർഷ്യൻ സാമ്രാജ്യത്തിന്റെയും പ്രധാനമന്ത്രി ആയി.
[178-ാം പേജിലെ ചിത്രം]
വീണുപോയ ബാബിലോൺ മരുമൃഗങ്ങളുടെ ആവാസകേന്ദ്രം ആയിത്തീരും
[186-ാം പേജിലെ ചിത്രങ്ങൾ]
പുരാതന ബാബിലോണിനെ പോലെ, മഹാബാബിലോൺ നാശശിഷ്ടങ്ങളുടെ ഒരു കൂമ്പാരം ആയിത്തീരും