ദൈവവും നിങ്ങളും തമ്മിൽ കാര്യങ്ങൾ നേരെയാക്കുക
“നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പുവസ്ത്രം പോലെയെന്നു തെളിഞ്ഞാലും, അവ ഹിമം പോലെ വെളുപ്പിക്കപ്പെടും.”—യെശയ്യാവ് 1:18.
1, 2. (എ)“ഇപ്പോൾ വരിക, നമുക്ക് ഒരുമിച്ചു ന്യായവാദം ചെയ്യാം” എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്തു വിചാരിച്ചേക്കാം? (ബി) ദൈവവുമായി കൊടുക്കാനും കൊള്ളാനും നമുക്കു പ്രതീക്ഷിക്കാവുന്നതല്ലാത്തതെന്തുകൊണ്ട്?
കഴിഞ്ഞ കാലത്തെ ഏതെങ്കിലും തെറേറാ ദയയില്ലായ്മയോ നിമിത്തം നിങ്ങളും മറെറാരാളും തമ്മിൽ തകർന്ന ബന്ധമാണുള്ളത് എങ്കിൽ, “ഇപ്പോൾ വരിക, നമുക്ക് ഒരുമിച്ചു ന്യായവാദം ചെയ്യാം” എന്ന ഈ വാക്കുകളോട് നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കും? അത് പരസ്പര സൗജന്യങ്ങളോടും വിട്ടുവീഴ്ചകളോടും കൂടെ ഇരുന്ന് കൊടുക്കാനും കൊള്ളാനുമുള്ള ഒരു ക്ഷണമായിരിക്കാവുന്നതാണ്. ഓരോരുത്തർക്കും തന്റെ വീക്തണം അവതരിപ്പിക്കാൻ കഴിയും, അപ്പോൾ ഓരോരുത്തർക്കും ഒരളവിൽ തെറേറാ തെററിദ്ധാരണയോ സമ്മതിക്കാവുന്നതാണ്.
2 എന്നാൽ അനേകം ബൈബിളുകളിൽ യെശയ്യാവ് 1:18 വായിക്കപ്പെടുന്നതുപോലെ, ആ അർത്ഥത്തിൽ സ്രഷ്ടാവ് “ഇപ്പോൾ വരിക, നമുക്ക് ഒരുമിച്ചു ന്യായവാദം ചെയ്യാം” എന്ന് അഭ്യർത്ഥിക്കുമെന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? അശേഷമില്ല. യഹോവ തെററു സമ്മതിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നുള്ളതുപോലെ, “വാദിച്ചു തീർക്കാമെന്നോ (ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) അല്ലെങ്കിൽ അവനുമായി കൊള്ളാനും കൊടുക്കാനും കഴിയുമെന്നോ നമുക്കാർക്കും പ്രതീക്ഷിക്കാൻ കഴികയില്ല. എന്നിരുന്നാലും, നാം ദൈവവുമായി സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ, യെശയ്യാവ് 1:18 എന്താണാവശ്യപ്പെടുന്നത്?
3. യെശയ്യാവ് 1:18-ൽ “ഒരുമിച്ചു ന്യായവാദം ചെയ്യുക” എന്നു ചിലപ്പോൾ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന എബ്രായ പദത്തിന്റെ ശരിയായ അർത്ഥമെന്ത്?
3 “ഒരുമിച്ചു ന്യായവാദം ചെയ്യുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദത്തിന്റെ അർത്ഥം അടിസ്ഥാനപരമായി “തീരുമാനിക്കുക, വിധിക്കുക, തെളിയിക്കുക” എന്നാണ്. അതിന് നിയമപരമായ ഒരു ചുവയുണ്ട്, രണ്ടിലധികം പേർ ഒരുമിച്ചു ന്യായവാദം ചെയ്യുന്നതിനെ സൂചിപ്പിച്ചുകൊണ്ടുതന്നെ. ഒരു തീരുമാനം ഉൾപ്പെടുന്നു.a (ഉൽപത്തി 31:37, 42; ഇയ്യോബ് 9:33; സങ്കീർത്തനം 50:21; യെശയ്യാവ് 2:4) വിൽസന്റെ പഴയനിയമപദപഠനങ്ങൾ “നീതി നിഷ്ഠമായിരിക്കുക, ന്യായവാദം ചെയ്യുക, ശരിയും സത്യവുമെന്തെന്നു പ്രകടമാക്കുക” എന്ന അർത്ഥം നൽകുന്നു. “ഇപ്പോൾ വരിക, നമുക്ക് കാര്യങ്ങൾ ശരിയാക്കാം” എന്ന് ദൈവം കൽപ്പിക്കുകയായിരുന്നു, (ദി ന്യൂ അമേരിക്കൻ ബൈബിൾ) അല്ലെങ്കിൽ “നമുക്ക് കാര്യങ്ങൾ നേരെയാക്കാം,” എന്ന്.
4-6. യെശയ്യാവ് ആരായിരുന്നു, അവൻ ഒരു പ്രവാചകനായി സേവിച്ചതെപ്പോൾ?
4 ഈ ശക്തമായ ദൂത് അവതരിപ്പിക്കാൻ യഹോവയാം ദൈവം യെശയ്യാപ്രവാചകനെ ഉപയോഗിച്ചു. യെശയ്യാവ് ആരായിരുന്നു, അവന്റെ കാലത്ത് അവന്റെ ദൂത് ഉചിതമായിരുന്നതെന്തുകൊണ്ട്? തന്നെയുമല്ല, നമുക്ക് അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
5 “പ്രവാചകനെ”ക്കുറിച്ചു പറയുമ്പോൾത്തന്നെ, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തന്റെ വളച്ചൊടിച്ച വീക്ഷണം പ്രഖ്യാപിക്കുന്ന ഏതോ യുവ സന്യാസിയെക്കുറിച്ചുള്ള ചിന്തകൾക്ക് അനേകർ രൂപം കൊടുത്തേക്കാം. മററുചിലർ നിലവിലിരിക്കുന്ന അവസ്ഥകളുടെ ഒരു വിധികർത്താവായി തന്നേത്തന്നെ അവതരിപ്പിക്കുന്ന ഒരു അരക്കിറുക്കനായ വയസ്സനെക്കുറിച്ച് ചിന്തിച്ചേക്കാം. സമനിലയും യുക്തിബോധവും ഉണ്ടായിരുന്ന മനുഷ്യനായിരുന്ന യെശയ്യാവ് അങ്ങനെയുള്ളവരിൽ നിന്ന് എത്ര വ്യത്യസ്തനായിരുന്നു! അവന്റെ നാമം വഹിക്കുന്ന ബൈബിൾ പുസ്തകം എഴുതാൻ യഹോവയാം ദൈവം അവനെ ഉപയോഗിക്കുകയുണ്ടായി!
6 “ആമോസിന്റെ മകനായ യെശയ്യാവ്” യഹൂദയിൽ വസിച്ചിരുന്നു. “യഹൂദാരാജാക്കൻമാരായിരുന്ന ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്ക്കിയാവ് എന്നിവരുടെ നാളുകളിൽ”—40-ൽ പരം വർഷങ്ങളിൽ—അവൻ യഹോവയെ സജീവമായി സേവിച്ചു. യെശയ്യാവ് എളിമയോടെ തന്നേക്കുറിച്ചുതന്നെ വളരെയധികം വിവരങ്ങൾ നൽകിയിട്ടില്ല. അവൻ യഹൂദയിലെ രാജവംശത്തോടു ബന്ധമുള്ളവനായിരുന്നുവെന്നാണ് പാരമ്പര്യം പറയുന്നത്. അവൻ ഒരു കുടുംബസ്ഥനായിരുന്നുവെന്ന് നമുക്ക് തീർച്ചയായും അറിയാം, അവന്റെ ഭാര്യ അവന് രണ്ടു പുത്രൻമാരെ പ്രസവിച്ചു. അവൾ മരിച്ചശേഷം അവൻ പുനർവിവാഹം ചെയ്യുകയും ഇമ്മാനുവേൽ എന്ന് പ്രാവചനികമായി പേർവിളിക്കപ്പെട്ടിരുന്ന മറെറാരു പുത്രന്റെ പിതാവായിത്തീരുകയും ചെയ്തിരിക്കാം.—യെശയ്യാവ് 1:1; 7:3, 14; 8:3, 18.
7. നാം യെശയ്യാവിന്റെ പ്രവചനത്തിൽ തൽപ്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
7 യെശയ്യാവിന്റെ കാലവും നമ്മുടേതും തമ്മിൽ സാമ്യങ്ങളുണ്ട്. നാം അന്തർദ്ദേശീയ സംഘർഷത്തിന്റെയും യുദ്ധങ്ങളുടെയും യുദ്ധഭീഷണികളുടെയും കാലത്താണ് ജീവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെടുന്ന മത, രാഷ്ട്രീയ നേതാക്കൻമാർ അനുകരണാർഹരായി തങ്ങളേത്തന്നെ പ്രദർശിപ്പിക്കുന്നുവെങ്കിലും സാമ്പത്തികവും ധാർമ്മികവുമായി അവരെ സംബന്ധിച്ചുള്ള അപവാദങ്ങളുടെ പ്രസ്സ് റിപ്പോർട്ടുകൾ നാം ക്രമമായി കാണുന്നു. ദൈവം അങ്ങനെയുള്ള നേതാക്കളെ, വിശേഷാൽ ക്രൈസ്തവലോകത്തോടു ബന്ധപ്പെട്ടവരെ, എങ്ങനെ വീക്ഷിക്കുന്നു? അവർക്കും അവരെ അനുഗമിക്കുന്നവർക്കും ഭാവിയിൽ എന്താണു സ്ഥിതി ചെയ്യുന്നത്? ഇന്നത്തെ അത്തരം കാര്യങ്ങൾ സംബന്ധിച്ചു അത്യന്തം പ്രസക്തങ്ങളായ ദിവ്യപ്രസ്താവനകൾ നാം യെശയ്യായുടെ പുസ്തകത്തിൽ കണ്ടെത്തുന്നു.
കുറ്റം വഹിക്കുന്ന ഒരു ജനതയുടെ പ്രവാചകൻ
8. യെശയ്യാവിന്റെ പുസ്തകത്തിൽ എന്തടങ്ങിയിരിക്കുന്നു, അത് ഏതു ശൈലിയിൽ എഴുതപ്പെട്ടു?
8 യെശയ്യാവിന്റെ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ യഹൂദയുടെയും യരുശലേമിന്റെയും കുറ്റത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ശത്രുക്കളുടെ ആക്രമണങ്ങളുടെ ചരിത്രപരമായ വിശദാംശങ്ങളും ചുററുപാടുമുള്ള ജനതകളുടെ ശൂന്യമാക്കലുകൾ സംബന്ധിച്ച പ്രഖ്യാപനങ്ങളും യിസ്രായേലിന്റെ പുനഃസ്ഥാപനവും രക്ഷയും സംബന്ധിച്ച പ്രോത്സാഹകമായ പ്രവചനങ്ങളും കണ്ടെത്തും. ഇത് ഉജ്ജ്വലവും രസകരവുമായ ഒരു ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്നു. ഡോ. ഐ. സ്ലോററ്ക്കി ഇങ്ങനെ പറയുന്നു: “യെശയ്യാവിന്റെ ഭാവനാ വൈദഗ്ദ്ധ്യത്തിനും സുന്ദരവും സജീവവുമായ വർണ്ണനകൾക്കും രൂപകം, അനുപ്രാസം, ശബ്ദസാദൃശ്യം എന്നിവ സംബന്ധിച്ച അവന്റെ സ്വാധീനത്തിനും അവന്റെ വാചകങ്ങളുടെ നല്ല സമനിലക്കും താളാത്മകമായ ഒഴുക്കിനും പണ്ഡിതൻമാർ അവന് മുഴുഹൃദയത്തോടുകൂടിയ പ്രശംസ കൊടുക്കുന്നു.” യെശയ്യാവിന്റെ പ്രാരംഭസന്ദേശം—1-ാം അദ്ധ്യായത്തിൽ കാണപ്പെടുന്ന സന്ദേശം—നമുക്ക് വിശേഷാൽ പരിശോധിക്കാം.
9. യെശയ്യാവ് 1-ാം അദ്ധ്യായത്തിന്റെ എഴുത്തിന്റെ സമയത്തെയും സാഹചര്യങ്ങളെയും കുറിച്ചു നമുക്ക് എന്തറിയാം?
9 താൻ ഈ അദ്ധ്യായം എന്ന് എഴുതിയെന്ന് പ്രവാചകൻ കൃത്യമായി പറയുന്നില്ല. യെശയ്യാവ് 6:1-13-ന്റെ സമയം ഉസ്സീയാവ് രാജാവ് മരിച്ച ആണ്ടാണ്. തന്നിമിത്തം, യെശയ്യാവു തന്റെ പ്രാരംഭ അദ്ധ്യായങ്ങൾ രേഖപ്പെടുത്തിയത് നേരത്തെയാണെങ്കിൽ അവ ഉസ്സീയാവിന്റെ രാജത്വകാലത്തെ ഉപരിതലത്തിനടിയിലെ സാഹചര്യത്തെ പ്രതിഫലിപ്പിച്ചേക്കാം. അടിസ്ഥാനപരമായി, ഉസ്സീയാവ് (ക്രി. മു. 829-777) “യഹോവയുടെ ദൃഷ്ടികളിൽ ശരിയായതു ചെയ്തുകൊണ്ടിരുന്നു.” അതുകൊണ്ട് ദൈവം അവന്റെ വാഴ്ചയെ ഐശ്വര്യം നൽകി അനുഗ്രഹിച്ചു. എന്നിരുന്നാലും, എല്ലാം നന്നായി പോയില്ലെന്ന് നമുക്കറിയാം, എന്തുകൊണ്ടെന്നാൽ ധിക്കാരപൂർവ്വം അവൻ ആലയത്തിൽ ധൂപം അർപ്പിച്ചതുകൊണ്ട്, ദൈവം അവനെ (അഥവാ അസര്യാവിനെ) കുഷ്ഠരോഗത്താൽ പ്രഹരിച്ചതിനു മുൻപ് “ജനം അപ്പോഴും ഉന്നതസ്ഥലങ്ങളിൽ ബലിയർപ്പിക്കുകയും യാഗധൂപം കാട്ടുകയും ചെയ്തുകൊണ്ടിരുന്നു.” (2 ദിനവൃത്താന്തം 26:1-5, 16-23; 2 രാജാക്കൻമാർ 15:1-5) ഉസ്സീയാവിന്റെ കാലത്ത് അന്തർഭവിച്ചിരുന്ന വഷളത്തം, അവന്റെ പൗത്രനായിരുന്ന ആഹാസുരാജാവ് (ക്രി. മു. 762-745) ഉൾപ്പെട്ടിരുന്ന ദുഷ്ടതയുടെ വിളവിലേക്ക് നയിച്ചിരിക്കാം, യെശയ്യാവ് വർണ്ണിച്ചത് അതിനെക്കൂടെയായിരിക്കാം. എന്നാൽ 1-ാം അദ്ധ്യായത്തിന്റെ കൃത്യ തീയതിയെക്കാൾ പ്രധാനമായിരിക്കുന്നത് “നമുക്കു തമ്മിൽ കാര്യങ്ങളെ നേരെയാക്കാം” എന്ന് പറയാൻ ദൈവത്തെ പ്രേരിപ്പിച്ച സംഗതിയാണ്.
10. ആഹാസ് രാജാവിന്റെ വാഴ്ചക്കാലത്ത്, യഹൂദയിൽ, വിശേഷാൽ നേതാക്കളുടെ ഇടയിൽ,ഏതു സാഹചര്യം പ്രാബല്യത്തിലിരുന്നു?
10 യെശയ്യാവ് ഇങ്ങനെ തുറന്നു പ്രഖ്യാപിച്ചു: “പാപപൂർണ്ണമായ ജനതക്ക്, അകൃത്യഭാരമുള്ള ജനത്തിന്, ദുഷ്പ്രവൃത്തിചെയ്യുന്ന ഒരു സന്തതിക്ക്, വിനാശകപുത്രൻമാർക്ക് ഹാ! കഷ്ടം! അവർ യഹോവയെ വിട്ടുമാറിയിരിക്കുന്നു, അവർ യിസ്രായേലിന്റെ പരിശുദ്ധനോട് അനാദരവോടെ പെരുമാറിയിരിക്കുന്നു, അവർ പിന്നോക്കം തിരിഞ്ഞിരിക്കുന്നു. . . . തല മുഴുവൻ ഒരു രോഗാവസ്ഥയിലാണ്, മുഴുഹൃദയവും ദുർബ്ബലമാണ്. പാദത്തിന്റെ അടി മുതൽ തലവരെ പോലും അവികലമായ സ്ഥാനം ഇല്ല.” (യെശയ്യാവ് 1:4-6) ആഹാസുരാജാവിന്റെ 16 വർഷ ഭരണം കടുത്ത വിഗ്രഹാരാധനയാൽ കുറിയടയാളപ്പെടുത്തപ്പെട്ടിരുന്നു. അവൻ “തന്റെ പുത്രൻമാരെ തീയിൽ [ബലിയായി]” ദഹിപ്പിച്ചു, “ജനതകളുടെ വെറുക്കത്തക്ക കാര്യങ്ങൾക്കനുസൃതമായിത്തന്നെ . . . അവൻ ക്രമമായി . . . ഉന്നതസ്ഥലങ്ങളിലും കുന്നുകളിലും തഴച്ചു വളരുന്ന ഏതുതരം വൃക്ഷത്തിൻകീഴിലും യാഗധൂപം കാട്ടി.” (2 ദിനവൃത്താന്തം 28:1-4; 2 രാജാക്കൻമാർ 16:3, 4) അനീതിയും കൈക്കൂലിയും ദുർമാർഗ്ഗവും രാജകുമാരൻമാരുടെ ഇടയിൽ പ്രബലപ്പെട്ടിരുന്നു, അവർ പുരാതന സോദോമിൽ ഭരണാധികാരികളായിരിക്കാൻ കൂടുതൽ യോഗ്യരായിരുന്നു. (യെശയ്യാവ് 1:10, 21-23; ഉല്പത്തി 18:20, 21) തീർച്ചയായും, ദൈവത്തിന് അവരെ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെയുള്ള നേതാക്കൻമാരുള്ളപ്പോൾ ജനം എങ്ങനെ പെരുമാറും?
11. നമ്മൾ യെശയ്യാവ് 1:29, 30 എങ്ങനെ മനസ്സിലാക്കണം?
11 ജനം പുറജാതി ദൈവങ്ങൾക്ക് വിഗ്രഹാരാധനാപരമായ ബലികളർപ്പിക്കുകയും സുഗന്ധധൂപം കത്തിക്കയും ചെയ്തടമായ വിശുദ്ധവൃക്ഷങ്ങളെയും തോട്ടങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ട് യെശയ്യാപ്രവാചകൻ അവരുടെ അപലപനീയമായ സാഹചര്യത്തെ ചിത്രീകരിക്കുകയുണ്ടായി. ഈ “ബലിഷ്ഠവൃക്ഷങ്ങൾ” ലജ്ജാകാരണമായിത്തീരും. (യെശയ്യാവ് 1:29; 65:3) വിഗ്രഹാരാധകരിലേക്കുതന്നെ ഭാവന മാററിക്കൊണ്ട് യെശയ്യാവ് എഴുതി: “നിങ്ങൾ ഇല വാടിക്കൊണ്ടിരിക്കുന്ന ഒരു വൻവൃക്ഷം പോലെയും വെള്ളമില്ലാത്ത ഒരു തോട്ടം പോലെയും ആയിത്തീരും.” (യെശയ്യാവ് 1:30) അതെ, യഹോവയെ വിട്ടുമാറുന്ന ജനം “ഒടുങ്ങിപ്പോകും.” അവർ ചണനാര് പോലെ (കത്തിപ്പോകുന്ന ചണക്കഷണങ്ങൾ) ആയിത്തീരും, അവരുടെ വിഗ്രഹങ്ങൾ ഒരു സ്ഫുലിംഗമായിത്തീരും—രണ്ടും ദഹിപ്പിക്കപ്പെടേണ്ടതുതന്നെ.—യെശയ്യാവ് 1:28, 31.
12, 13. നമ്മുടെ കാലവും യെശയ്യാവിന്റേതും തമ്മിൽ എന്തു സാമ്യങ്ങൾ ഉണ്ട്?
12 ഇപ്പോൾ, അതിനെ ഇപ്പോഴത്തെ അവസ്ഥയോടു താരതമ്യപ്പെടുത്തുക. ഐക്യനാടുകളിലെ പ്രസ്സ് ഒരു മാസത്തിനുള്ളിൽ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഒരു പ്രമുഖ പ്രസിഡണ്ടു സ്ഥാനാർത്ഥി അയാളുടെ സ്ത്രീലമ്പടത്വം സംബന്ധിച്ച റിപ്പോർട്ടുകളാലുള്ള അപവാദത്തെ പ്രതി പിൻമാറി; ഒരു പ്രമുഖ വൈദികൻ വ്യഭിചാരം ചെയ്തതായി ഏററുപറയുകയും സ്വവർഗ്ഗരതിയും ഭാര്യാകൈമാററവും നടത്തിയതായി കുററമാരോപിക്കപ്പെടുകയും കേസ് ഒതുക്കാൻ ഫണ്ട് ദുരുപയോഗപ്പെടുത്തുകയും ചെയ്തശേഷം തൽസ്ഥാനത്തുനിന്ന് മാററപ്പെട്ടു. (റിപ്പോർട്ടനുസരിച്ച് അയാൾ 1984 മുതൽ അമ്പരപ്പിക്കുന്ന ഒരു തുകയായ 598 ദശലക്തം രൂപാ പ്രതിഫലം സ്വീകരിച്ചിരുന്നു” (1987 മെയ് 11-ലെ റൈറം മാസിക) കഴിഞ്ഞതിന്റെ മുമ്പത്തെ വർഷം ഓസ്ട്രിയായിൽ റീനിലെ ആബട്ട് ‘പിരിച്ചുവിടപ്പെടുകയും മുൻഭരണകുടുംബത്തിലെ അംഗങ്ങൾക്കും കുലീനത്വം കുറഞ്ഞ യുവതികൾക്കുംവേണ്ടി ഒരു നായാട്ടുതാവളത്തിലും പാർട്ടികളിലുമായി 780 ലക്ഷം രൂപാ ധൂർത്തടിച്ചതായി കുററമാരോപിക്കപ്പെടുകയും ചെയ്തു.’ അങ്ങനെയുള്ള നേതാക്കളുടെ മററു ദൃഷ്ടാന്തങ്ങൾ നൽകാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. അവരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്തണം എന്താണെന്ന് നിങ്ങൾ വിചാരിക്കുന്നു?
13 പൊതുജനങ്ങളേ സംബന്ധിച്ചാണെങ്കിൽ, വർദ്ധിച്ചുവരുന്ന മതധ്രുവീകരണമുണ്ട്. ചിലർ അവജ്ഞയോടെയോ വിരക്തിയോടെയോ മതത്തിൽനിന്ന് അകലുന്നു. ഉദാഹരണത്തിന്, ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ് വ്യവസ്ഥാപിതപള്ളിയിൽ ഹാജരാകുന്നത്. മറെറ ധ്രുവത്തിൽ നാം അങ്ങേയററത്തെ മതഭക്തിയാണു കാണുന്നത്. “രക്ഷിക്കപ്പെടു”ന്നതിന്റെയും ഭാഷകളിൽ സംസാരിക്കുന്നതിന്റെയും രോഗികൾ “സൗഖ്യം പ്രാപിക്കുന്ന”തു കാണുന്നതിന്റെയും വൈകാരികമായ ആകർഷണീയതയോടെ വളർന്നുവരുന്ന കാരിസ്മാററിക്ക് സഭകളിൽ ഇതു സ്പഷ്ടമാണ്. അത്ഭുതങ്ങൾക്കായി ആശിച്ചുകൊണ്ട് പുരുഷാരങ്ങൾ ആലയങ്ങളിൽ തടിച്ചുകൂടുന്നു. മററു ചിലർ “വിശ്വാസ”ത്തിന്റെ പ്രവൃത്തികളെന്ന നിലയിൽ ഗ്വാഡലൂപ്പിലെ [മെക്സിക്കോ നഗരം] കന്യകയെ കാണാൻ മുട്ടിൻമേൽ നിരങ്ങി രക്തമൊലിപ്പിക്കുന്നതുപോലെയുള്ള ത്യാഗങ്ങൾ അനുഷ്ഠിക്കുന്നു. ഒരു വർത്തമാനപ്പത്രം ഇങ്ങനെ പറഞ്ഞു: “അവളുടെ അസ്തിത്വവും അവൾ ആരാധിക്കപ്പെടുന്നതിലെ തീവ്രതയും പുറത്തുള്ളവർക്ക് ക്രിസ്ത്യാനിത്വത്തിന്റെയും വിഗ്രഹാരാധനയുടെയും ഒരു കൂട്ടിക്കലർത്തലായി തോന്നിയേക്കാമെങ്കിലും മെക്സിക്കൻ കത്തോലിക്കാ വിശ്വാസത്തിൽ കന്യക താർക്കികമായി ഏററവു പ്രാധാന്യമുള്ള വ്യക്തിയാണ്.”
നിങ്ങൾക്ക് അവന്റെ പ്രീതി നേടാൻ എങ്ങനെ കഴിയും?
14. തന്നെ ആരാധിക്കുന്ന സകലരെയും താൻ അംഗീകരിക്കുന്നില്ലെന്ന് യഹോവ യെശയ്യാവിലൂടെ വ്യക്തമാക്കിയതെങ്ങനെ?
14 യഹോവയുടെ പക്ഷത്താണെന്ന് അവകാശപ്പെടുന്നവരും എന്നാൽ “പിതാവിനെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുക”യില്ലാത്തവരുമായവരെ സംബന്ധിച്ച തന്റെ വീക്ഷണത്തെക്കുറിച്ച് യഹോവ കുഴപ്പം അവശേഷിപ്പിക്കുന്നില്ല. (യോഹന്നാൻ 4:23) ഒരു ജനതയോ ഒരു മതസമൂഹമോ ഒരു വ്യക്തിയോ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട പ്രമാണങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ, മതപരമായ ഏതു പ്രകടനവും നിരർത്ഥകമാണ്. ഉദാഹരണത്തിന്, മതപരമായ ഉത്സവങ്ങളും യാഗങ്ങളും പുരാതന യിസ്രായേലിൽ സത്യാരാധനയുടെ ഒരു അവശ്യഭാഗമായിരുന്നു. (ലേവ്യപുസ്തകം, അദ്ധ്യായങ്ങൾ 1-7, 23) എന്നിരുന്നാലും, യെശയ്യാവ് ദൈവത്തിന്റെ വീക്ഷണം വിവരിച്ചു—ആ അനുഷ്ഠാനങ്ങൾ നടത്തുന്ന അവിശ്വസ്ത യഹൂദൻമാരോടുള്ള അപ്രീതിതന്നെ. ദൈവം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കൈകൾ മലർത്തുമ്പോൾ, ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് മറയ്ക്കുന്നു. നിങ്ങൾ അനേകം പ്രാർത്ഥനകൾ കഴിക്കുന്നുവെങ്കിലും ഞാൻ ശ്രദ്ധിക്കുന്നില്ല.” (യെശയ്യാവ് 1:11-15) ഇന്നും അതുപോലെതന്നെയാണ്. വെറും മതചടങ്ങുകൾക്കും അല്ലെങ്കിൽ വിശ്വാസപ്രമാണങ്ങൾക്കും പ്രാർത്ഥനകൾക്കും പകരം ഹൃദയത്തിൽനിന്നു വരുന്ന പ്രാർത്ഥനകളും നീതിപ്രവൃത്തികളുമാണ് ദൈവം ആഗ്രഹിക്കുന്നത്.
15. യെശയ്യാവ് 1:18 നമുക്ക് പ്രത്യാശക്കു കാരണം നൽകുന്നതെങ്ങനെ, ‘വരിക, നമുക്കു കാര്യങ്ങൾ നേരെയാക്കാം’ എന്ന വാക്കുകളുടെ അർത്ഥമെന്ത്?
15 നമുക്കുള്ള ആ അറിവ് പ്രത്യാശക്കുള്ള അടിസ്ഥാനം നൽകുന്നു. മനുഷ്യർക്ക് ദൈവത്തിന്റെ പ്രീതി നേടാൻ കഴിയും. എങ്ങനെ? യെശയ്യാവു ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങളെത്തന്നെ കഴുകുക; നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; എന്റെ കണ്ണുകൾക്കു മുമ്പിൽനിന്ന് നിങ്ങളുടെ ഇടപെടലുകളുടെ ചീത്തത്വം നീക്കുക, തിൻമ ചെയ്യുന്നതു നിർത്തുക. നൻമ ചെയ്യാൻ പഠിക്കുക; നീതിക്കായി അന്വേഷിക്കുക.” ഈ ഘട്ടത്തിൽ യെശയ്യാവ് ദൈവത്തിന്റെ കൽപ്പന അവതരിപ്പിച്ചു: “ജനങ്ങളേ, ഇപ്പോൾ വരിക, നമുക്കു തമ്മിൽ കാര്യങ്ങൾ നേരേയാക്കാം.” അതുകൊണ്ട് ഇരുന്ന് കൊടുക്കുകയും കൊള്ളുകയും ചെയ്യുന്ന തുല്യൻമാർ തമ്മിലുള്ള ഒരു കൂടിവരവിന് യഹോവ ആവശ്യപ്പെടുകയല്ലായിരുന്നു. ശരിയെന്തെന്ന് അഥവാ നേരായതെന്തെന്ന് ദൈവത്തിന് അറിയാമായിരുന്നു. അവന്റെ വിധിയിതാണ്: ആവശ്യമായ ഏതു മാററവും വരുത്തേണ്ടത് മനുഷ്യരുടെ ഭാഗത്താണ്, അവർ അവന്റെ ന്യായാനുസൃതവും നീതിനിഷ്ഠവുമായ പ്രമാണങ്ങളോട് അനുരൂപപ്പെടേണ്ടയാവശ്യമുണ്ട്. ഇന്നും അങ്ങനെതന്നെയാണ്. മാററം സാദ്ധ്യമാണ്, അത് പ്രീതിയിൽ കലാശിക്കുന്നു. നിസ്സംശയമായി ദുഷിച്ച ഗതിയുള്ള ഒരാൾക്കുപോലും മാററം വരുത്താൻ കഴിയും. യെശയ്യാവ് എഴുതി: “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പു വസ്ത്രം പോലെയെന്നു തെളിഞ്ഞാലും, അവ ഹിമംപോലെ വെളുപ്പിക്കപ്പെടും.”—യെശയ്യാവ് 1:16-18.
16. ദുഷ്പ്രവൃത്തി സംബന്ധിച്ച് ചിലർ ബൈബിളധിഷ്ഠിത ബുദ്ധിയുപദേശത്തിന് ചെവികൊടുത്തിരിക്കുന്നതെങ്ങനെ?
16 എന്നിരുന്നാലും, അങ്ങനെയുള്ള ബുദ്ധിയുപദേശം ശ്രദ്ധിച്ചാലും അതു മററുള്ളവർക്കാണു ബാധകമാകുന്നതെന്നു വിചാരിക്കാനുള്ള ഒരു പ്രവണതയുണ്ട്. പ്രസ്പഷ്ടമായി യെശയ്യാവിന്റെ നാളിലെ അനേകർ അതു ചെയ്തു. യഥാർത്ഥത്തിൽ, ഓരോ വ്യക്തിയും തന്നേത്തന്നെ പരിശോധിക്കേണ്ടതാണ്. വ്യാജം പറച്ചിലോ വഞ്ചനയോ ലൈംഗികദുർമ്മാർഗ്ഗമോ, അല്ലെങ്കിൽ ഗുരുതരമായ മററു പാപങ്ങളോ ആയിരുന്നാലും അനുതാപവും അനുതാപത്തിനു യോജിച്ച പ്രവൃത്തികളും മർമ്മപ്രധാനമാണ്. (പ്രവൃത്തികൾ 26:20) ചിലർ പ്രശംസാർഹമായി ‘തങ്ങളും യഹോവയും തമ്മിൽ കാര്യങ്ങൾ നേരെയാക്കാൻ’ പ്രവർത്തിച്ചിരിക്കുന്നു. ദൃഷ്ടാന്തമായി, പുറത്തുള്ളവർക്ക് രഹസ്യമായിരുന്നാലും, ദൈവത്താൽ നിരീക്ഷിക്കപ്പെടുന്ന തെററുകൾ തിരുത്തുന്ന സംഗതി 1985 ഏപ്രിൽ 15ലെ വാച്ച്ടവർ ചർച്ച ചെയ്തിരുന്നു. (മത്തായി 6:6; ഫിലിപ്യർ 4:13) ശ്രദ്ധ ആവശ്യമുള്ള മൂന്നു മണ്ഡലങ്ങൾ പറയപ്പെട്ടു: രഹസ്യമായി രക്തം സ്വീകരിക്കൽ, ഹസ്തമൈഥുനം, മദ്യദുരുപയോഗം. ആ വിവരങ്ങൾ ചർച്ച ചെയ്ത ശേഷം നിരവധി വായനക്കാർ വിലമതിപ്പിൻ കത്തുകൾ എഴുതി; തങ്ങൾക്ക് ആ തെററുകൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ അനുതപിച്ചു മാററം വരുത്താൻ തങ്ങൾ പ്രേരിതരായെന്നും അവർ സമ്മതിച്ചു.
17. നാം ഗുരുതരമായ തെററുകൾ ചെയ്യുന്നില്ലെങ്കിലും, യെശയ്യാവ് 1:18ന് നമുക്കു ബാധകമാകാനും സഹായകമാകാനും എങ്ങനെ കഴിയും?
17 തീർച്ചയായും, ഈ കാര്യം പരിചിന്തിക്കുന്ന മിക്ക ക്രിസ്ത്യാനികളും ഗുരുതരമായ ദുർന്നടത്ത സംബന്ധിച്ചു കുററക്കാരല്ല. എന്നിരുന്നാലും, യെശയ്യാവിന്റെ സന്ദേശം ഹൃദയശോധകമായ ഒരു പരിശോധന നടത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. നാം ദൈവവുമായി എന്തെങ്കിലും കാര്യം നേരേയാക്കേണ്ടതുണ്ടായിരിക്കുമോ? യെശയ്യാവിന്റെ സന്ദേശത്തിന്റെ ഒരു അത്യന്താപേക്ഷിത ഘടകം ശരിയായ ഹൃദയ ആന്തരമാണ്. പ്രാർത്ഥന സംബന്ധിച്ച്, ഒരാൾ ഇങ്ങനെ ചോദിച്ചേക്കാം: എന്റെ പ്രാർത്ഥനകൾ എന്റെ ഹൃദയത്തിൽ നിന്നു വരുന്നുവോ, എന്റെ പ്രാപ്തിയുടെ പരമാവധി എന്റെ പ്രവൃത്തികൾ എന്റെ പ്രാർത്ഥനയോടു പരസ്പരയോജിപ്പിലാണോ?’ അങ്ങനെയുള്ള ഒരു പരിശോധന നടത്തുന്ന ചിലർ മെച്ചപ്പെടുന്നതിന് ഇടമുള്ളതായി കണ്ടിട്ടുണ്ട്. അവർ ദൈവേഷ്ടം സംബന്ധിച്ച വർദ്ധിച്ച അറിവിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണിരുന്നത്, എന്നിരുന്നാലും അവർ ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പഠിക്കുന്നതിന് അധികം സമയമൊന്നും ചെലവഴിച്ചില്ല. മററുചിലർ ശുശ്രൂഷയിൽ കുറേക്കൂടെ വലിയ പങ്കിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു, എന്നാൽ തങ്ങളുടെ ലൗകികജോലി കുറച്ചുകൊണ്ട് തങ്ങളുടെ വരുമാനത്തിൽ കുറവുവരുത്താൻ അനുവദിക്കാത്ത ഒരു ജീവിതരീതി പിന്തുടർന്നു. അല്ലെങ്കിൽ, നിങ്ങളുടെ ശിഷ്യരാക്കലിനെ അനുഗ്രഹിക്കാൻ, നിങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചിട്ടുണ്ടോ? ആ സ്ഥിതിക്ക്, കൂടുതൽ ഫലപ്രദനായ ഒരു ഉപദേഷ്ടാവായിരിക്കാൻ, നിങ്ങൾ എത്രത്തോളം ശ്രമിക്കുന്നു? നിങ്ങൾ മനഃസാക്ഷിപൂർവ്വം നിങ്ങളുടെ മടക്കസന്ദർശനങ്ങൾ വർദ്ധിപ്പിക്കുകയും മറെറാരാളുമായി ഒരു നിരന്തര ബൈബിൾ അദ്ധ്യയനം നടത്തുന്നതിന് സമയം ചെലവഴിക്കാൻ സന്നദ്ധനാകുകയും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രാർത്ഥനകൾക്കു ചേർച്ചയായി നിങ്ങൾ ചെയ്യുന്ന അദ്ധ്വാനം ദൈവം ശ്രദ്ധിക്കാൻ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കും.
18. നാമും ദൈവവും തമ്മിൽ കാര്യങ്ങൾ നേരേയാക്കുന്നതിന് നാം ശ്രദ്ധകൊടുക്കേണ്ടതെന്തുകൊണ്ട്?
18 നമ്മിൽ ഓരോരുത്തരും നമ്മുടെ ജീവിതത്തിന്റെ സകല വശങ്ങളെയും നമ്മുടെ സ്രഷ്ടാവായ ദൈവവുമായി ‘നേരെയാക്കാൻ’ കഠിനശ്രമം ചെയ്യുന്നത് തികച്ചും ഉചിതമാണ്. യെശയ്യാവ് ഈ ദിശയിൽ ന്യായവാദം ചെയ്തതെങ്ങനെയെന്ന് ശ്രദ്ധിക്കുക: “ഒരു കാള അതിനെ വാങ്ങിച്ചയാളെയും ഒരു കഴുത അതിന്റെ ഉടമസ്ഥന്റെ പുൽത്തൊട്ടിയെയും നന്നായി അറിയുന്നു; യിസ്രായേലോ അറിഞ്ഞിട്ടില്ല, എന്റെ സ്വന്തം ജനം ഗ്രാഹ്യത്തോടെ പെരുമാറിയിട്ടില്ല.” (യെശയ്യാവ് 1:3) ഒരു കാളയെയോ കഴുതയേയോകാൾ അറിവോ വിലമതിപ്പോ കുറഞ്ഞവരായി ചിത്രീകരിക്കപ്പെടാൻ നമ്മിലാരും ഇഷ്ടപ്പെടുകയില്ല. എന്നിരുന്നാലും, നമ്മുടെ ജീവദാതാവിനെക്കുറിച്ചും അവന്റെ വ്യവസ്ഥകളെക്കുറിച്ചും പഠിക്കുകയും അനന്തരം അതനുസരിച്ചു ജീവിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യേണ്ടതില്ലെന്ന് നമുക്കു തോന്നിയാൽ ആ വർണ്ണന ബാധകമാകും.
19. ദൈവവുമായി കാര്യങ്ങൾ നേരെയാക്കുന്നതിന് യെശയ്യാവ് എന്തു സാദ്ധ്യത വിവരിച്ചു, ഇതിന് നമുക്കുവേണ്ടി എന്തർത്ഥമുണ്ട്?
19 യെശയ്യാവ് തന്റെ ജനത്തിന് ശുഭാപ്തി വിശ്വാസത്തിനുള്ള കാരണം നൽകി. യഹോവയുടെ മുമ്പാകെയുള്ള അവരുടെ നിലപാട് ശുദ്ധമായ ഒന്നാക്കി മാററാൻ കഴിയുമെന്ന് അവൻ പറഞ്ഞു. അത് കമ്പിളിപോലെയോ മഞ്ഞു പുതച്ചു കിടക്കുന്ന ഹെർമ്മോൻ കൊടുമുടിപോലെയോ വെളുത്തതായിത്തീരുന്ന ഒരു കടും ചുവപ്പു തുണിപോലെ ആയിരിക്കാൻ കഴിയും. (യെശയ്യാവ് 1:18; സങ്കീർത്തനം 51:7; ദാനിയേൽ 7:9; വെളിപ്പാട് 19:8) ഭൂരിപക്ഷവും ചെവികൊടുക്കാഞ്ഞതിനാൽ ജനത വാളിനിരയാകുകയും അടിമത്തത്തിലേക്കു പോകുകയും ചെയ്തെങ്കിൽ പോലും, ഒരു വിശ്വസ്ത ശേഷിപ്പിനു മടങ്ങിവരാൻ കഴിഞ്ഞു. അതുപോലെതന്നെ, നമുക്ക് യഹോവയുടെ പ്രീതി നേടാൻ കഴിയും, ഒരുപക്ഷേ, മനഃസാക്ഷിബോധമുള്ള മേൽവിചാരകൻമാരുടെ സഹായത്താൽ. അവർ സഭകളിൽ സ്നേഹനിധികളായ ‘ന്യായാധിപൻമാരും ഉപദേശകരു’മായി സേവിക്കുന്നു. (യെശയ്യാവ് 1:20, 24-27; 1 പത്രോസ് 5:2-4; ഗലാത്യർ 6:1, 2) അതുകൊണ്ട് ഉറപ്പുള്ളവരായിരിക്കുക, നിങ്ങളും ദൈവവും തമ്മിൽ കാര്യങ്ങൾ നേരെയാക്കാൻ നിങ്ങൾക്കു കഴിയും. അല്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾത്തന്നെ ദൈവത്തിന്റെ പ്രീതി ഉണ്ടെങ്കിൽ, നിങ്ങൾക്ക് അവനുമായുള്ള ബന്ധത്തെ ബലിഷ്ഠമാക്കാൻ കഴിയും. അത് സത്യത്തിൽ നിങ്ങളുടെ സകല ശ്രമത്തിനും തക്ക മൂല്യമുള്ളതാണ്. (w87 10/15)
[അടിക്കുറിപ്പുകൾ]
a ഡോ. ഈ. എച്ച്. പ്ലംട്രി വിശദീകരിക്കുന്നു: “[ജയിംസ്രാജാവിന്റെ ഭാഷാന്തരത്തിലെ വിവർത്തനം] സമൻമാർ തമ്മിലുള്ള ഒരു ചർച്ചയെ സൂചിപ്പിക്കുന്നു. എബ്രായ ഭാഷയിൽ ഒരു ന്യായാധിപൻ പ്രതിക്കു കൊടുക്കുന്നതുപോലെ ഒരു ആധികാരിക അന്ത്യശാസനം കൊടുക്കുന്നയാളിന്റെ സ്വരത്തെ അർത്ഥമാക്കുന്നു.”
പുനരവലോകനത്തിനുള്ള ആശയങ്ങൾ
◻ വന്ന് ദൈവവുമായി കാര്യങ്ങൾ നേരെയാക്കുക എന്ന ആജ്ഞയാൽ എന്തർത്ഥമാക്കപ്പെടുന്നു?
◻ യെശയ്യാവിന്റെ നാളുകൾ നമ്മുടേതിനോട് സമാനമായിരുന്നതെങ്ങനെ?
◻ വ്യക്തികൾക്ക് ദൈവത്തിന്റെ പ്രീതിനേടാൻ ആവശ്യമായിരിക്കുന്നതു സംബന്ധിച്ച് യെശയ്യാവ് എന്തു കാണിച്ചു?
◻ ഗുരുതരമായ പാപങ്ങൾകൂടാതെ, വേറെ ഏതു മണ്ഡലങ്ങളിൽ ദൈവവും നാമും തമ്മിൽ കാര്യങ്ങൾ നേരേയാക്കേണ്ടതുണ്ട്?
[10-ാം പേജിലെ ചിത്രം]
അപ്പർ യോർദ്ദാൻ താഴ്വരക്കു കുറുകെ തെക്കു പടിഞ്ഞാറായി ഗലീലക്കുന്നുകളെ അഭിമുഖീകരിച്ചു നിൽക്കുന്ന ഹെർമ്മോൻ പർവ്വതത്തിന്റെ പാർശ്വങ്ങൾ
[കടപ്പാട്]
Photos, pages 10, 31: Pictorial Archive (Near Eastern History) Est.
[13-ാം പേജിലെ ചിത്രം]
‘ഒരു കഴുത അതിന്റെ ഉടമസ്ഥന്റെ പുൽത്തൊട്ടിയെ അറിയുന്നു’വെന്ന് യെശയ്യാവ് പറഞ്ഞു. ഇതിൽ എന്തു പാഠമാണുള്ളത്?