അധ്യായം പതിനേഴ്
“ബാബിലോൺ വീണിരിക്കുന്നു!”
1, 2. (എ) ബൈബിളിന്റെ ആകമാന പ്രതിപാദ്യ വിഷയം എന്താണ്, എന്നാൽ യെശയ്യാവിന്റെ പ്രവചനത്തിൽ ഏതു പ്രധാന ഉപവിഷയം കാണാം? (ബി) ബാബിലോണിന്റെ പതനത്തെ കുറിച്ചുള്ള വിഷയം ബൈബിൾ എങ്ങനെ വികസിപ്പിക്കുന്നു?
ഒരു മുഖ്യ പ്രതിപാദ്യ വിഷയവും നിരവധി ഉപവിഷയങ്ങളും ഉള്ള ഒരു മഹത്തായ ഗ്രന്ഥമാണു ബൈബിൾ. മിശിഹൈക രാജ്യ ഗവൺമെന്റിലൂടെ യഹോവയുടെ പരമാധികാരം സംസ്ഥാപിക്കുക എന്നതാണ് അതിലെ മുഖ്യ പ്രതിപാദ്യ വിഷയം. ആവർത്തിച്ചാവർത്തിച്ചു വരുന്ന പ്രധാനപ്പെട്ട മറ്റു ചില വിഷയങ്ങളും അതിൽ കാണാം. അതിലൊന്നാണ് ബാബിലോണിന്റെ പതനത്തെ കുറിച്ചുള്ളത്.
2 പ്രസ്തുത വിഷയത്തെ കുറിച്ച് യെശയ്യാവ് 13-ഉം 14-ഉം അധ്യായങ്ങളിൽ ചർച്ച ചെയ്തിരിക്കുന്നു. 21-ാം അധ്യായത്തിലും 44-ഉം 45-ഉം അധ്യായങ്ങളിലും അതു വീണ്ടും ആവർത്തിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിനുശേഷം അതേ വിഷയത്തെ കുറിച്ചുതന്നെ യിരെമ്യാവ് കൂടുതലായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. വെളിപ്പാടു പുസ്തകത്തിൽ പ്രസ്തുത വിഷയത്തിന്റെ മഹത്തായ പരിസമാപ്തി കാണാം. (യിരെമ്യാവു 51:60-64; വെളിപ്പാടു 18:1-19:4) ബൈബിൾ ഗൗരവബുദ്ധിയോടെ പഠിക്കുന്ന ഓരോരുത്തരും ദൈവവചനത്തിലെ ഈ പ്രധാന ഉപവിഷയത്തിൽ താത്പര്യം പ്രകടമാക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ യെശയ്യാവ് 21-ാം അധ്യായം നമ്മെ സഹായിക്കുന്നു. കാരണം, ബാബിലോൺ എന്ന ലോകശക്തിയുടെ ഭാവി പതനത്തെ കുറിച്ചുള്ള അത്ഭുതകരമായ പ്രവചന വിശദാംശങ്ങൾ അതിൽ നമുക്കു കാണാം. യെശയ്യാവു 21-ാം അധ്യായം മറ്റൊരു പ്രധാന ബൈബിൾ വിഷയത്തെ കുറിച്ചും ഊന്നിപ്പറയുന്നതായി നാം പിന്നീടു കാണുന്നതായിരിക്കും. ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്ക് എത്രമാത്രം ജാഗ്രതയുണ്ടെന്നു വിലയിരുത്താൻ പ്രസ്തുത വിഷയം നമ്മെ സഹായിക്കും.
“കഠിനമായോരു ദർശനം”
3. “സമുദ്രതീരത്തെ മരുഭൂമി” എന്നു ബാബിലോണിനെ വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്, അതിന്റെ ഭാവി സംബന്ധിച്ച് ആ പേര് എന്തു സൂചിപ്പിക്കുന്നു?
3 അശുഭസൂചകമായ ഒരു കാര്യം പറഞ്ഞുകൊണ്ടാണ് യെശയ്യാവു 21-ാം അധ്യായം തുടങ്ങുന്നത്. “സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാററു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ, വരുന്നു!” (യെശയ്യാവു 21:1) യൂഫ്രട്ടീസ് നദിയുടെ ഇരുതീരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു നഗരമാണ് ബാബിലോൺ. അതിന്റെ കിഴക്കേ പകുതി യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ രണ്ടു വൻനദികൾക്ക് ഇടയിലുള്ള പ്രദേശത്താണ്. ആ നഗരം സമുദ്രതീരത്തുനിന്ന് വളരെ അകലെയാണു സ്ഥിതി ചെയ്യുന്നത്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് അതിനെ “സമുദ്രതീരത്തെ മരുഭൂമി” എന്നു വിളിച്ചിരിക്കുന്നത്? കാരണം, വർഷംതോറുമുള്ള വെള്ളപ്പൊക്കത്തിന്റെ ഫലമായി ബാബിലോൺ പ്രദേശത്ത് വിശാലമായ ഒരു ചതുപ്പുനില ‘സമുദ്രം’ ഉണ്ടാകുമായിരുന്നു. സങ്കീർണമായ വിധത്തിൽ വരമ്പുകളും നീർച്ചാലുകളും കനാലുകളും മറ്റും നിർമിച്ചുകൊണ്ട് ബാബിലോണിയർ ആ ചതുപ്പുനില പ്രദേശത്തെ ഉപയോഗപ്പെടുത്തി. നഗരസംരക്ഷണത്തിന് ഉതകത്തക്കവണ്ണം അവർ ആ പ്രദേശത്തെ ജലശേഖരത്തെ വളരെ വിദഗ്ധമായി ഉപയോഗിക്കുന്നു. കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും, ദിവ്യ ന്യായവിധിയിൽനിന്ന് ബാബിലോണിനെ രക്ഷിക്കാൻ മനുഷ്യ ശ്രമങ്ങൾക്കൊന്നും ആവില്ല. മുമ്പ് അവിടം ഒരു പാഴ്നിലമായിരുന്നു, അത് വീണ്ടും അങ്ങനെ ആയിത്തീരും. ബാബിലോണിന്റെ മേൽ വലിയൊരു വിപത്തു സംഭവിക്കാൻ പോകുകയാണ്. തെക്കുള്ള ചുട്ടുപൊള്ളുന്ന മരുഭൂമിയിൽനിന്ന് ചിലപ്പോഴൊക്കെ ഇസ്രായേൽ ദേശത്തേക്ക് ആഞ്ഞടിക്കാറുള്ള ശക്തമായ കൊടുങ്കാറ്റുപോലെ ഉഗ്രമായിരിക്കും അത്.—സെഖര്യാവു 9:14 താരതമ്യം ചെയ്യുക.
4. ‘മഹാബാബിലോണി’നെ കുറിച്ചുള്ള വെളിപ്പാടിലെ ദർശനത്തിൽ ‘വെള്ളങ്ങൾ,’ “മരുഭൂമി” തുടങ്ങിയ ഘടകങ്ങൾ എങ്ങനെ ഉൾപ്പെട്ടിരിക്കുന്നു, ‘വെള്ളങ്ങൾ’ എന്തിനെ സൂചിപ്പിക്കുന്നു?
4 ഈ പുസ്തകത്തിന്റെ 14-ാം അധ്യായത്തിൽ നാം കണ്ടതുപോലെ, പുരാതന ബാബിലോണിന് ഒരു പ്രതിരൂപം ഇക്കാലത്തുണ്ട്—വ്യാജമത ലോകസാമ്രാജ്യമായ “മഹാബാബിലോൺ.” വെളിപ്പാടു പുസ്തകത്തിൽ മഹാബാബിലോണിനെ “മരുഭൂമി”യോടും “വെള്ള”ത്തോടും ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു. വെളിപ്പാടിലെ വിവരണം അനുസരിച്ച്, മഹാബാബിലോൺ ആരാണെന്നു കാണിച്ചുകൊടുക്കാൻ ദൂതൻ അപ്പൊസ്തലനായ യോഹന്നാനെ മരുഭൂമിയിലേക്കു കൊണ്ടുപോകുന്നു. ‘വംശങ്ങളെയും പുരുഷാരങ്ങളെയും ജാതികളെയും ഭാഷകളെയും’ പ്രതിനിധാനം ചെയ്യുന്ന “പെരുവെള്ളത്തിന്മീതെ” അവൾ ‘ഇരിക്കുന്നതായി’ ദൂതൻ യോഹന്നാനോടു പറയുന്നു. (വെളിപ്പാടു 17:1-3, 5, 15) വ്യാജമതത്തിനു ലഭിച്ചിരിക്കുന്ന ജനപിന്തുണ, ഇത്രകാലം നിലനിന്നുപോരാൻ അതിനെ സഹായിച്ചിരിക്കുന്ന ഒരു പ്രധാന ഘടകമാണ്. എന്നാൽ ഒടുവിൽ ആ ‘വെള്ളങ്ങൾ’ അവളുടെ സംരക്ഷണത്തിന് ഉതകില്ല. പുരാതന ബാബിലോണിനെ പോലെ അവളും ശൂന്യമാകും, അവഗണിക്കപ്പെടും, പാഴായിത്തീരും.
5. “ദ്രോഹി”യും “കവർച്ചക്കാര”നും എന്ന ദുഷ്കീർത്തി ബാബിലോണിനു ലഭിക്കുന്നത് എങ്ങനെ?
5 യെശയ്യാവിന്റെ നാളുകളിൽ ബാബിലോൺ ഒരു ലോകശക്തിയായി മാറിക്കഴിഞ്ഞിട്ടില്ല. എന്നാൽ ലോകശക്തിയായിക്കഴിയുമ്പോൾ, ബാബിലോൺ അതിന്റെ ശക്തി ദുരുപയോഗം ചെയ്യുമെന്ന് യഹോവ ഇപ്പോൾത്തന്നെ മുൻകൂട്ടി കാണുന്നു. യെശയ്യാവ് തുടർന്നു പറയുന്നതു ശ്രദ്ധിക്കുക. “കഠിനമായോരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ചചെയ്യുന്നു.” (യെശയ്യാവു 21:2എ) യഹൂദ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചടക്കുന്ന ബാബിലോൺ നിശ്ചയമായും അവയെ ദ്രോഹിക്കുകയും കവർച്ച നടത്തുകയും ചെയ്യുന്നു. ബാബിലോണിയർ യെരൂശലേമിനെ നശിപ്പിക്കുകയും ആലയം കവർച്ച ചെയ്യുകയും മാത്രമല്ല അവിടത്തെ ആളുകളെ ബന്ദികളായി ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും. ആ നിസ്സഹായരായ പ്രവാസികൾക്ക് അവിടെ ദ്രോഹകരമായ പെരുമാറ്റം സഹിക്കേണ്ടിവരും, അവർ വിശ്വാസത്തെ പ്രതി പരിഹസിക്കപ്പെടും, സ്വദേശത്തേക്കു മടങ്ങാനാകുമെന്ന യാതൊരു പ്രത്യാശയും അവർക്ക് ഉണ്ടായിരിക്കുകയില്ല.—2 ദിനവൃത്താന്തം 36:17-21; സങ്കീർത്തനം 137:1-4.
6. (എ) ഏതു നെടുവീർപ്പിനാണ് യഹോവ അറുതി വരുത്താൻ പോകുന്നത്? (ബി) ഏതു രാജ്യങ്ങൾ ബാബിലോണിനെ ആക്രമിക്കുമെന്നു മുൻകൂട്ടി പറഞ്ഞിരിക്കുന്നു, അത് എങ്ങനെ നിവൃത്തിയേറും?
6 ഈ ‘കഠിന ദർശന’ത്തിൽ പറഞ്ഞിരിക്കുന്നത് ബാബിലോൺ ശരിക്കും അർഹിക്കുന്നതാണ്. അതിന്റെ അർഥം ബാബിലോണിനു കഠിന സമയങ്ങൾ വരാനിരിക്കുന്നു എന്നാണ്. യെശയ്യാവ് തുടർന്നു പറയുന്നു: “ഏലാം, നീ കയറിച്ചെല്ലുക. മേദിയാ, നീ ഉപരോധിക്കുക. അവൾ നിമിത്തം ഉണ്ടായ നെടുവീർപ്പുകൾക്കു ഞാൻ അറുതിവരുത്തും.” (യെശയ്യാവു 21:2ബി, “പി.ഒ.സി. ബൈ.”) ആ നിഷ്ഠുര സാമ്രാജ്യത്തിനു കീഴിൽ കഷ്ടം അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. ഒടുവിൽ, അവരുടെ നെടുവീർപ്പ് അവസാനിക്കാൻ പോകുന്നു! (സങ്കീർത്തനം 79:11, 12) എന്നാൽ എങ്ങനെ ആയിരിക്കും അവർക്ക് ആശ്വാസം കൈവരുക? ബാബിലോണിനെ ആക്രമിക്കാനിരിക്കുന്ന രണ്ടു രാജ്യങ്ങളുടെ പേരുകൾ യെശയ്യാവ് പറയുന്നുണ്ട്: ഏലാമും മേദ്യയും. രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം, അതായത് പൊ.യു.മു. 539-ൽ, പേർഷ്യക്കാരനായ കോരെശ് (സൈറസ്) പേർഷ്യക്കാരുടെയും മേദ്യരുടെയും സംയുക്ത സൈന്യത്തെ ബാബിലോണിനെതിരെ നയിക്കും. മാത്രമല്ല, പൊ.യു.മു. 539-ന് മുമ്പ് പേർഷ്യൻ സാമ്രാട്ടുകൾ ഏലാമിന്റെ കുറെ ഭാഗമെങ്കിലും കൈവശമാക്കും.a അതിനാൽ പേർഷ്യൻ സൈന്യത്തിൽ ഏലാമ്യരും ഉണ്ടായിരിക്കും.
7. ദർശനം യെശയ്യാവിനെ എങ്ങനെ ബാധിക്കുന്നു, അത് എന്തു വ്യക്തമാക്കുന്നു?
7 ഈ ദർശനം തന്നിലുണ്ടാക്കുന്ന ഫലത്തെ കുറിച്ച് യെശയ്യാവ് വർണിക്കുന്നതു നോക്കുക: “അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു. എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.” (യെശയ്യാവു 21:3, 4) ശാന്തമായിരുന്ന് ധ്യാനിക്കാൻ പറ്റിയ സന്ധ്യാസമയം പ്രവാചകൻ വളരെ പ്രിയപ്പെടുന്നതായി തോന്നുന്നു. എന്നാൽ ഇപ്പോൾ സന്ധ്യക്ക് അതിന്റെ ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. പകരം പ്രവാചകന് അതു സംബന്ധിച്ച് ഭയവും വേദനയും വിറയലുമാണു തോന്നുന്നത്. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ അവൻ പുളയുകയാണ്. അവന്റെ “ഹൃദയം പതറുന്നു.” ഒരു പണ്ഡിതൻ ആ വാക്യത്തെ “എന്റെ ഹൃദയം ശക്തിയായി മിടിക്കുന്നു” എന്നാണ് വിവർത്തനം ചെയ്യുന്നത്. പ്രസ്തുത പ്രയോഗം “തീവ്രവും ക്രമം തെറ്റിയതുമായ ഹൃദയമിടിപ്പിനെ” പരാമർശിക്കുന്നതായി അദ്ദേഹം പറയുന്നു. ഈ മാനസിക വ്യഥയ്ക്കു കാരണമെന്താണ്? യെശയ്യാവിന്റെ ഈ ഭീതിക്ക് ഒരു പ്രാവചനിക സ്വഭാവം ഉണ്ട് എന്നതു വ്യക്തം. പൊ.യു.മു. 539 ഒക്ടോബർ 5/6-ന് സമാനമായ ഒരു ഭീതി ബാബിലോണിയരുടെമേൽ വരും.
8. ശത്രുക്കൾ മതിലുകൾക്കു പുറത്ത് എത്തിയിരിക്കുന്ന കാര്യം അറിയാമായിരുന്നിട്ടും, പ്രവചിക്കപ്പെട്ടതുപോലെ ബാബിലോണിയർ എങ്ങനെ പ്രവർത്തിക്കുന്നു?
8 പൊ.യു.മു. 539 ഒക്ടോബർ 5-ലെ സായാഹ്നം. ഇരുട്ടു പരക്കാൻ തുടങ്ങി. സംഭ്രമിക്കാൻ യാതൊരു കാരണവും ഇല്ലെന്ന് ബാബിലോണിയർ അപ്പോഴും വിശ്വസിക്കുന്നു. അതിന് ഏകദേശം രണ്ടു നൂറ്റാണ്ടു മുമ്പാണ് യെശയ്യാവ് ഇപ്രകാരം മുൻകൂട്ടി പറഞ്ഞത്: “മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്വിൻ.” (യെശയ്യാവു 21:5എ) ഗർവിഷ്ഠനായ ബേൽശസ്സർ രാജാവ് തന്റെ കൊട്ടാരത്തിൽ ഒരു വിരുന്നു നടത്തുന്നതാണ് രംഗം. ആയിരത്തോളം വരുന്ന പ്രഭുക്കന്മാർക്കും അതുപോലെതന്നെ അവന്റെ നിരവധി ഭാര്യമാർക്കും വെപ്പാട്ടികൾക്കുമായി ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. (ദാനീയേൽ 5:1, 2) നഗരമതിലുകൾക്കു വെളിയിൽ സൈന്യങ്ങൾ എത്തിയിരിക്കുന്ന കാര്യം വിരുന്നിനായി അവിടെ കൂടിവന്നിരിക്കുന്നവർക്ക് അറിയാം. എന്നാൽ തങ്ങളുടെ നഗരത്തെ ആർക്കും പിടിച്ചടക്കാനാവില്ലെന്ന് അവർ വിശ്വസിക്കുന്നു. കൂറ്റൻ മതിലുകളും ആഴമുള്ള ജലകിടങ്ങുകളും എണ്ണമറ്റ ദൈവങ്ങളും ഉള്ളതിനാൽ ആ നഗരത്തെ കീഴടക്കുക അസാധ്യമായി തോന്നിക്കുന്നു. അതുകൊണ്ട് ആളുകൾ ‘ഭക്ഷിച്ചു പാനം ചെയ്യുന്നു.’ ബേൽശസ്സർ കുടിച്ചു മത്തനാകുന്നു, എന്നാൽ ആ അവസ്ഥയിൽ ആയിരിക്കുന്നത് അവൻ മാത്രമല്ല. യെശയ്യാവിന്റെ തുടർന്നുള്ള പ്രാവചനിക വാക്കുകൾ വ്യക്തമാക്കുന്നതുപോലെ, ആരെങ്കിലും ഉണർത്തേണ്ടി വരത്തക്കവണ്ണം ബാബിലോണിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ കുടിച്ച് ലക്കുകെട്ട അവസ്ഥയിലാണ്.
9. ‘പരിചെക്ക് എണ്ണ പൂശേണ്ടത്’ ആവശ്യമായിവരുന്നത് എന്തുകൊണ്ട്?
9 “പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ” (യെശയ്യാവു 21:5ബി) ബാബിലോണിയരുടെ വിരുന്ന് പെട്ടെന്ന് അവസാനിച്ചിരിക്കുന്നു. പ്രഭുക്കന്മാർ ഇപ്പോൾ ഉണരേണ്ടതുണ്ട്. പ്രവാചകനായ ദാനീയേലിനെ അവിടേക്കു വരുത്തുന്നു. യെശയ്യാവ് വിവരിച്ചതു പോലുള്ള ഒരു സംഭ്രാന്തി ബാബിലോണിയൻ രാജാവായ ബേൽശസ്സറിന്റെമേൽ യഹോവ വരുത്തുന്നതായി അവൻ കാണുന്നു. മേദ്യരും പേർഷ്യക്കാരും ഏലാമ്യരും ഉൾപ്പെട്ട സംയുക്ത സൈന്യം നഗരത്തിന്റെ പ്രതിരോധങ്ങളെ മറികടന്ന് അതിനുള്ളിലേക്കു കടക്കുമ്പോൾ രാജകൊട്ടാരത്തിലെ പ്രഭുക്കന്മാരും മറ്റും ശരിക്കും ആശയക്കുഴപ്പത്തിലാകുന്നു. താമസിയാതെ ബാബിലോൺ അടിയറവു പറയുന്നു! എന്നാൽ ‘പരിചെക്കു എണ്ണ പൂശുക’ എന്ന് 5-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്? ഒരു ഭരണപ്രദേശത്തെ കാത്തുസംരക്ഷിക്കുന്നത് അവിടത്തെ രാജാവ് ആയതിനാൽ ചിലപ്പോൾ ബൈബിൾ അയാളെ “പരിച” എന്നു വിളിക്കാറുണ്ട്.b (സങ്കീർത്തനം 89:18) അതുകൊണ്ട് യെശയ്യാവു 21:5 ഒരു പുതിയ രാജാവിന്റെ ആവശ്യത്തെ കുറിച്ചായിരിക്കാം മുൻകൂട്ടി പറയുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബേൽശസ്സർ ആ “രാത്രിയിൽ തന്നേ” വധിക്കപ്പെടുന്നു. അതിനാൽ ‘പരിചെക്കു എണ്ണ പൂശേണ്ട’തുണ്ട്, അതായത് പുതിയ ഒരു രാജാവിനെ വാഴിക്കേണ്ടതുണ്ട്.—ദാനീയേൽ 5:1-9, 30.
10. ദ്രോഹകരമായി പ്രവർത്തിക്കുന്നവരെ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിന്റെ നിവൃത്തിയിൽനിന്ന് യഹോവയുടെ ആരാധകർക്ക് എന്ത് ആശ്വാസം നേടാനാകും?
10 സത്യാരാധനയെ സ്നേഹിക്കുന്ന എല്ലാവരും ഈ വിവരണത്തിൽനിന്ന് ആശ്വാസം കണ്ടെത്തുന്നു. പുരാതന ബാബിലോണിനെ പോലെ, അതിന്റെ ആധുനിക പകർപ്പായ മഹാബാബിലോൺ ദ്രോഹത്തോടെ പ്രവർത്തിക്കുകയും കവർച്ച നടത്തുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികളെ നിരോധിക്കാനും പീഡിപ്പിക്കാനും അന്യായമായി അവരുടെമേൽ നികുതി ചുമത്താനും മതനേതാക്കന്മാർ ഇന്നോളം ഗൂഢാലോചന നടത്തിവരുന്നു. എന്നാൽ യെശയ്യാ പ്രവചനം വ്യക്തമാക്കുന്നതുപോലെ, ദ്രോഹകരമായ ഇത്തരം പ്രവർത്തനങ്ങളെല്ലാം യഹോവ കാണുന്നുണ്ട്, അതുകൊണ്ട് അത്തരം ദ്രോഹങ്ങൾ ചെയ്യുന്നവരെ അവൻ ശിക്ഷിക്കാതിരിക്കില്ല. തന്നെ തെറ്റായി ചിത്രീകരിക്കുകയും തന്റെ ജനത്തെ ദ്രോഹിക്കുകയും ചെയ്യുന്ന സർവ മതങ്ങളെയും യഹോവ നശിപ്പിക്കും. (വെളിപ്പാടു 18:8) അതു സാധ്യമാണോ? തീർച്ചയായും. അതു സംബന്ധിച്ച നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്താൻ പുരാതന ബാബിലോണിനെയും അതിന്റെ ആധുനിക പകർപ്പിനെയും കുറിച്ച് അവൻ നൽകിയ മുന്നറിയിപ്പുകൾ എങ്ങനെ നിവർത്തിച്ചിരിക്കുന്നു എന്നു പരിചിന്തിച്ചാൽ മതി.
“ബാബിലോൺ വീണിരിക്കുന്നു!”
11. (എ) ഒരു കാവൽക്കാരന്റെ ഉത്തരവാദിത്വം എന്താണ്, ഇക്കാലത്ത് കാവൽക്കാരനായി വർത്തിക്കുന്നത് ആർ? (ബി) കഴുതകളെ പൂട്ടിയ യുദ്ധരഥവും ഒട്ടകങ്ങളെ പൂട്ടിയ യുദ്ധരഥവും എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
11 തുടർന്ന് യഹോവ തന്റെ പ്രവാചകനോടു സംസാരിക്കുകയാണ്. യെശയ്യാവ് അതു റിപ്പോർട്ടു ചെയ്യുന്നു: “കർത്താവു എന്നോടു: നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ . . . എന്നു കല്പിച്ചു.” (യെശയ്യാവു 21:6, 7ബി) ഈ വാക്കുകൾ 21-ാം അധ്യായത്തിലെ മറ്റൊരു പ്രധാന ഉപവിഷയത്തെ, കാവൽക്കാരനെ കുറിച്ചുള്ള വിഷയത്തെ അവതരിപ്പിക്കുന്നു. അത് ഇന്നത്തെ എല്ലാ സത്യക്രിസ്ത്യാനികൾക്കും താത്പര്യമുള്ള ഒന്നാണ്. കാരണം, ‘ഉണർന്നിരിക്കാൻ’ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. “വിശ്വസ്തനും വിവേകിയുമായ അടിമ” (NW) ദൈവത്തിന്റെ ന്യായവിധി ദിവസം എത്ര അടുത്തിരിക്കുന്നു എന്നതിനെയും ഈ ദുഷിച്ച ലോകത്തിന്റെ അപകടങ്ങളെയും കുറിച്ച് കാണുന്ന കാര്യങ്ങൾ ഒരിക്കലും നമ്മെ അറിയിക്കാതിരുന്നിട്ടില്ല. (മത്തായി 24:42, 45-47) യെശയ്യാവിന്റെ ദർശനത്തിലെ കാവൽക്കാരൻ എന്താണു കാണുന്നത്? “രണ്ടു പടക്കുതിരകളെ പൂട്ടിയ ഒരു യുദ്ധരഥവും കഴുതകളെ പൂട്ടിയ ഒരു യുദ്ധരഥവും ഒട്ടകങ്ങളെ പൂട്ടിയ ഒരു യുദ്ധരഥവും അവൻ കണ്ടു. ഏകാഗ്രമായി, ദത്തശ്രദ്ധയോടെ അവൻ വീക്ഷിച്ചു.” (യെശയ്യാവു 21:7, NW) ഇവിടെ പറയുന്ന ‘ഓരോ യുദ്ധരഥവും’ അതതു തരം മൃഗങ്ങളെ പൂട്ടിയ രഥവ്യൂഹങ്ങളെയാകാം സൂചിപ്പിക്കുന്നത്. പരിശീലനം ലഭിച്ച പടക്കുതിരകളെ പോലെ അവ അതിവേഗം യുദ്ധത്തിനായി പാഞ്ഞടുക്കുന്നു. കഴുതകളെ പൂട്ടിയ യുദ്ധരഥവും ഒട്ടകങ്ങളെ പൂട്ടിയ യുദ്ധരഥവും ഉചിതമായിത്തന്നെ മേദ്യയെയും പേർഷ്യയെയും സൂചിപ്പിക്കുന്നു. ആ രണ്ടു സൈന്യങ്ങളും ചേർന്ന് കൂട്ടായ ആക്രമണം നടത്തും. പേർഷ്യൻ സൈന്യം യുദ്ധത്തിനു കഴുതകളെയും ഒട്ടകങ്ങളെയും ഉപയോഗിച്ചതായി ചരിത്രം വ്യക്തമാക്കുന്നു.
12. യെശയ്യാവിന്റെ ദർശനത്തിലെ കാവൽക്കാരൻ ഏതെല്ലാം ഗുണങ്ങൾ പ്രകടമാക്കുന്നു, ഇന്ന് ആ ഗുണങ്ങൾ ആർക്കെല്ലാം ആവശ്യമാണ്?
12 തുടർന്ന് കാവൽക്കാരൻ ഒരു റിപ്പോർട്ട് നൽകാൻ പ്രേരിതനാകുന്നു: “അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു. ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു.” (യെശയ്യാവു 21:8, 9എ) ദർശനത്തിലെ കാവൽക്കാരൻ ‘സിംഹസമാന’ ധൈര്യത്തോടെ വിളിച്ചുപറയുന്നു. ബാബിലോൺ പോലെ വളരെ കരുത്തുറ്റ ഒരു രാജ്യത്തിനെതിരെ ന്യായവിധി ഘോഷിക്കാൻ ധൈര്യം ആവശ്യമാണ്. എന്നാൽ അതു മാത്രം പോരാ, സഹിഷ്ണുതയും അനിവാര്യമാണ്. ആ കാവൽക്കാരൻ രാവും പകലും തന്റെ നിയുക്ത സ്ഥാനത്തു നിൽക്കുന്നു. അവൻ ഒരിക്കലും ജാഗ്രത കൈവെടിയുന്നില്ല. സമാനമായി, ഈ അന്ത്യനാളുകളിലെ കാവൽക്കാരൻ വർഗത്തിനു ധൈര്യവും സഹിഷ്ണുതയും ആവശ്യമാണ്. (വെളിപ്പാടു 14:12) അവർക്കു മാത്രമല്ല സത്യക്രിസ്ത്യാനികളായ എല്ലാവർക്കും ഈ ഗുണങ്ങൾ തികച്ചും അനിവാര്യമാണ്.
13, 14. (എ) പുരാതന ബാബിലോണിന് എന്തു സംഭവിക്കുന്നു, ഏത് അർഥത്തിലാണ് അതിലെ വിഗ്രഹങ്ങൾ തകർക്കപ്പെടുന്നത്? (ബി) സമാനമായ ഒരു വീഴ്ച മഹാബാബിലോണിന് സംഭവിച്ചത് എങ്ങനെ, എപ്പോൾ?
13 യെശയ്യാവിന്റെ ദർശനത്തിലെ കാവൽക്കാരൻ ഒരു യുദ്ധരഥം പാഞ്ഞടുക്കുന്നതായി കാണുന്നു. എന്തു വാർത്തയാണ് അവൻ അറിയിക്കുന്നത്? “വീണു, ബാബേൽ വീണു! [“ബാബിലോൺ വീണിരിക്കുന്നു,” NW] അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു എന്നും അവൻ പറഞ്ഞു.” (യെശയ്യാവു 21:9ബി) എത്ര പുളകപ്രദമായ റിപ്പോർട്ട്! ദൈവജനത്തെ ദ്രോഹിക്കുകയും കൊള്ളയടിക്കുകയും ചെയ്ത അവൾ ഒടുവിൽ വീണിരിക്കുന്നു!c ഏത് അർഥത്തിലാണു ബാബിലോണിലെ വിഗ്രഹങ്ങൾ തകർന്നുകിടക്കുന്നത്? മേദോ-പേർഷ്യൻ യോദ്ധാക്കൾ ബാബിലോണിയൻ മന്ദിരങ്ങളിലേക്കു കടന്നുചെന്ന് അവിടെയുള്ള അസംഖ്യം വിഗ്രഹങ്ങളെ തച്ചുടയ്ക്കുമോ? ഇല്ല, അതിന്റെ ആവശ്യമില്ല. ബാബിലോൺ നഗരത്തെ സംരക്ഷിക്കാൻ അതിലെ വിഗ്രഹദൈവങ്ങൾക്കു കഴിവില്ലെന്നതു വ്യക്തമാകും എന്ന അർഥത്തിലാണ് അവ തകർക്കപ്പെടുന്നത്. ദൈവജനത്തെ അടിച്ചമർത്താൻ കഴിയാതെവരുന്നതിനാൽ ബാബിലോൺ വീണുപോകും.
14 മഹാബാബിലോണിന്റെ കാര്യമോ? ഒന്നാം ലോകമഹായുദ്ധ കാലത്ത് ദൈവജനത്തെ അടിച്ചമർത്താൻ നടത്തിയ ഗൂഢാലോചനയുടെ ഫലമായി അവരെ പ്രവാസത്തിൽ വെച്ചുകൊണ്ടിരിക്കാൻ അവൾക്കു കഴിഞ്ഞു. അങ്ങനെ അവരുടെ പ്രസംഗപ്രവർത്തനം ഏതാണ്ടു നിലച്ച മട്ടിലായി. വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റിനെയും മറ്റ് പ്രമുഖ വ്യക്തികളെയും കള്ളക്കേസിൽ കുടുക്കി തടവിലാക്കി. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, 1919-ൽ ആ അവസ്ഥയ്ക്കു മാറ്റം വന്നു. അവർ ജയിൽമോചിതരായി, ആസ്ഥാന ഓഫീസ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി, പ്രസംഗ പ്രവർത്തനവും പുനഃരാരംഭിച്ചു. അങ്ങനെ, ദൈവജനത്തിന്റെ മേലുള്ള പിടി നഷ്ടപ്പെട്ടു എന്ന അർഥത്തിൽ മഹാബാബിലോൺ വീണു.d വെളിപ്പാടു പുസ്തകത്തിൽ, യെശയ്യാവു 21:9-ലേതിനു സമാനമായ വാക്കുകൾ ഉപയോഗിച്ച് ഒരു ദൂതൻ ഈ വീഴ്ചയെ കുറിച്ച് രണ്ടു തവണ ഘോഷിക്കുന്നു.—വെളിപ്പാടു 14:8; 18:2.
15, 16. ഏത് അർഥത്തിലാണ് യെശയ്യാവിന്റെ ജനം ‘മെതി’ ആയിരിക്കുന്നത്, അവരോടുള്ള യെശയ്യാവിന്റെ മനോഭാവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
15 തന്റെ ജനത്തോടുള്ള അനുകമ്പാർദ്രമായ വാക്കുകളോടെയാണ് യെശയ്യാവ് പ്രാവചനിക സന്ദേശം ഉപസംഹരിക്കുന്നത്. അവൻ ഇങ്ങനെ പറയുന്നു: “എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.” (യെശയ്യാവു 21:10) ബൈബിളിൽ മിക്കപ്പോഴും മെതിക്കൽ എന്ന വാക്ക് ദൈവജനത്തിനു നൽകുന്ന ശിക്ഷണത്തിന്റെയും അവരുടെ ശുദ്ധീകരണത്തിന്റെയും പ്രതീകമാണ്. ദൈവത്തിന്റെ ഉടമ്പടിജനത ‘കളത്തിലെ ധാന്യം’ ആയിത്തീരും. കളത്തിൽ വെച്ച് കറ്റ മെതിച്ചിട്ട് ഗോതമ്പും പതിരും വേർതിരിച്ചെടുക്കുന്നു. ഇസ്രായേലിനു ലഭിക്കുന്ന ഈ ശിക്ഷണനടപടി കണ്ട് യെശയ്യാവ് ആനന്ദിക്കുന്നില്ല. പകരം, ‘കളത്തിലെ ധാന്യം’ പോലെ ഭാവിയിൽ മെതിക്കപ്പെടാനിരിക്കുന്ന ദൈവജനത്തോട് അവന് അനുകമ്പയാണു തോന്നുന്നത്. അവരിൽ ചിലർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ ഒരു അന്യദേശത്ത് പ്രവാസികളായി കഴിയും.
16 ഇത് നമുക്കെല്ലാവർക്കും ഒരു നല്ല മുന്നറിയിപ്പായി ഉതകുന്നു. ഇന്നു ക്രിസ്തീയ സഭയിൽ ചിലർക്ക് തെറ്റു ചെയ്യുന്നവരോട് അനുകമ്പ തോന്നാതിരുന്നേക്കാം. ശിക്ഷണം ലഭിക്കുന്നവരാകട്ടെ, അതിനോടു നീരസവും കാണിച്ചേക്കാം. എന്നാൽ, യഹോവ തന്റെ ജനത്തെ ശിക്ഷിക്കുന്നത് അവരെ ശുദ്ധീകരിക്കാനാണെന്നു മനസ്സിലാക്കുന്നെങ്കിൽ, നാം ശിക്ഷണത്തെ തുച്ഛീകരിക്കുകയോ താഴ്മയോടെ അതിനു വിധേയരാകുന്നവരെ അവജ്ഞയോടെ വീക്ഷിക്കുകയോ ചെയ്യുകയില്ല. ഇനി, നമുക്കാണ് ശിക്ഷണം ലഭിക്കുന്നതെങ്കിൽ നാം അതിനോടു മറുത്തുനിൽക്കുകയുമില്ല. ദൈവസ്നേഹത്തിന്റെ ഒരു പ്രകടനമായി ദൈവിക ശിക്ഷണത്തെ നമുക്കു സ്വീകരിക്കാം.—എബ്രായർ 12:6.
കാവൽക്കാരനോടു ചോദിക്കൽ
17. ഏദോമിനെ “ദൂമ” എന്ന് ഉചിതമായിത്തന്നെ വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
17 യെശയ്യാവു 21-ാം അധ്യായത്തിലെ രണ്ടാമത്തെ പ്രാവചനിക സന്ദേശം ഊന്നൽ നൽകുന്നത് കാവൽക്കാരനാണ്. ആ സന്ദേശം ഇങ്ങനെ ആരംഭിക്കുന്നു: “ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.” (യെശയ്യാവു 21:11) എവിടെയാണ് ഈ ദൂമ? തെളിവനുസരിച്ച്, ബൈബിൾ കാലങ്ങളിൽ ദൂമ എന്നു പേരുള്ള നിരവധി പട്ടണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഏതെങ്കിലും ഒരു പട്ടണത്തെയോ സേയീരിൽ (ഏദോമിന്റെ മറ്റൊരു പേര്) ഉള്ള ഏതെങ്കിലും ഒരു സ്ഥലത്തെയോ അല്ല ഈ വാക്യത്തിലെ ദൂമ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്. “ദൂമ” എന്ന പ്രയോഗത്തിന്റെ അർഥം “നിശ്ശബ്ദത” എന്നാണ്. ഈ പ്രയോഗം സേയീരിന്റെ ഭാവി എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നതായി തോന്നുന്നു. ഇതുപോലെ, മുൻ പ്രഖ്യാപനത്തിലും ഭാവിയെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം കാണാം. ദൈവജനത്തോടു ദീർഘകാലമായി പ്രതികാര മനോഭാവത്തോടെ പെരുമാറിയ ഏദോം നിശ്ശബ്ദമായിത്തീരും, അതേ അതു മരണത്തിൽ നിശ്ശബ്ദമാകും. എന്നാൽ അതു സംഭവിക്കുന്നതിനു മുമ്പ് ചിലർ ജിജ്ഞാസ പൂണ്ട് ഭാവിയെ കുറിച്ച് ആരായും.
18. “പ്രഭാതവും രാത്രിയും വന്നിരിക്കുന്നു” എന്ന പ്രഖ്യാപനം പുരാതന ഏദോമിന്മേൽ നിവൃത്തിയേറുന്നത് എങ്ങനെ?
18 യെശയ്യാവ് തന്റെ പ്രവചനപുസ്തകം എഴുതുന്ന സമയത്ത്, ശക്തമായ അസീറിയൻ സൈന്യം ആക്രമിച്ചു മുന്നേറുന്ന മാർഗത്തിലാണ് ഏദോം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിന്റെ ആ രാത്രി എപ്പോൾ അവസാനിക്കും എന്ന് അറിയാൻ ഏദോമിലുള്ള ചിലർ ഉത്കടമായി ആഗ്രഹിക്കുന്നു. അവർക്കു ലഭിക്കുന്ന ഉത്തരം എന്തായിരിക്കും? “അതിന്നു കാവല്ക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു” എന്ന ഉത്തരമായിരിക്കും നൽകുക. (യെശയ്യാവു 21:12എ) ഏദോമിനെ സംബന്ധിച്ചിടത്തോളം അത്ര ശുഭപ്രതീക്ഷ നൽകുന്ന കാര്യങ്ങളല്ല അവ. ചെറിയൊരു പ്രഭാതശോഭ ചക്രവാളത്തിൽ ദൃശ്യമായിരിക്കുമെങ്കിലും, അതു നൈമിഷികവും അയഥാർഥവുമായിരിക്കും. പ്രഭാതത്തെ തുടർന്ന് വളരെ വേഗത്തിൽ രാത്രി—ആക്രമണത്തിന്റെ ഇരുണ്ട കാലഘട്ടം—വരും. ഏദോമിന്റെ ഭാവി സംബന്ധിച്ച എത്ര ഉചിതമായ ചിത്രം! അസീറിയൻ ആക്രമണം അവസാനിക്കുമെങ്കിലും, അസീറിയയ്ക്കു ശേഷം ലോകശക്തി എന്ന നിലയിൽ രംഗപ്രവേശം ചെയ്യുന്ന ബാബിലോൺ നിരവധി ഏദോമ്യരെ വധിക്കും. (യിരെമ്യാവു 25:17, 21; 27:2-8) എന്നാൽ ഏദോമിന്മേലുള്ള ആക്രമണം അവിടംകൊണ്ട് അവസാനിക്കുകയില്ല. ബാബിലോണിനു ശേഷം പേർഷ്യയും തുടർന്ന് ഗ്രീക്കുകാരും ഏദോമിനെ ആക്രമിക്കും. അതിനുശേഷം റോമൻ കാലഘട്ടത്തിൽ ഏദോമ്യർക്കു കുറച്ചു കാലത്തേക്കുള്ള ഒരു ‘പ്രഭാതം’ ഉണ്ടായിരിക്കും. ഏദോമ്യ വംശത്തിൽ പെട്ട ഹെരോദാവുമാർ യെരൂശലേമിൽ അധികാരത്തിൽ വരുന്ന കാലഘട്ടത്തിലായിരിക്കും അത്. എന്നാൽ ആ ‘പ്രഭാതം’ അധികകാലം നീണ്ടുനിൽക്കുകയില്ല. ഒടുവിൽ, ഏദോം എന്നേക്കുമായി അസ്തിത്വത്തിൽനിന്ന്, ചരിത്രത്തിൽനിന്നുതന്നെ അസ്തമിക്കും. അതിനാൽ ദൂമ എന്ന പേര് അതിനു ശരിക്കും യോജിക്കുന്നതാണ്.
19. “നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിച്ചുകൊൾവിൻ; പോയി വരുവിൻ” എന്നു പറയുമ്പോൾ കാവൽക്കാരൻ എന്തായിരിക്കാം അർഥമാക്കുന്നത്?
19 പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് കാവൽക്കാരൻ തന്റെ വാക്കുകൾ ഉപസംഹരിക്കുന്നു: “നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിച്ചുകൊൾവിൻ; പോയി വരുവിൻ.” (യെശയ്യാവു 21:12ബി) “പോയി വരുവിൻ” എന്ന പ്രയോഗം ഏദോമിനു വരാനിരിക്കുന്ന ‘രാത്രികളു’ടെ അനന്തമായ തുടർച്ചയെ ആയിരിക്കാം സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ, ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കിനെ “മടങ്ങിവരുക” എന്നും വിവർത്തനം ചെയ്യാവുന്നതിനാൽ, ജനതയുടെ മേലുള്ള കുറ്റവിധിയിൽനിന്ന് ഒഴിവുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്ന ഏദോമ്യർ വ്യക്തികളെന്ന നിലയിൽ അനുതപിച്ച് യഹോവയിലേക്കു ‘മടങ്ങിവരേണ്ടതുണ്ട്’ എന്നു പ്രവാചകൻ സൂചിപ്പിക്കുകയായിരിക്കാം. പ്രസ്തുത പ്രയോഗത്തിന് ഇതിൽ ഏത് അർഥമായാലും, കാവൽക്കാരൻ കൂടുതലായ ചോദ്യങ്ങൾ ക്ഷണിക്കുകയാണ്.
20. യെശയ്യാവു 21:11, 12-ലെ പ്രഖ്യാപനം യഹോവയുടെ ജനത്തിന് ഇന്നു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
20 ഹ്രസ്വമായ ഈ പ്രസ്താവന ആധുനിക നാളിലെ യഹോവയുടെ ജനത്തിനു വളരെയധികം പ്രാധാന്യമുള്ളതായിരുന്നിട്ടുണ്ട്.e ഇന്നു മനുഷ്യവർഗം കടുത്ത ആത്മീയ അന്ധകാരത്തിലാണ്, അവർ ദൈവത്തിൽനിന്നു വളരെ അകന്നുപോകുകയും ചെയ്തിരിക്കുന്നു. തത്ഫലമായി ഈ വ്യവസ്ഥിതിക്ക് നാശം വന്നുഭവിക്കും. (റോമർ 13:12; 2 കൊരിന്ത്യർ 4:4) ഈ രാത്രികാലത്ത്, എങ്ങനെയെങ്കിലും സമാധാനവും സുരക്ഷിതത്വവും കൈവരിക്കാമെന്ന മനുഷ്യവർഗത്തിന്റെ പ്രത്യാശ ഇരുണ്ട കാലത്തിനു മുമ്പുള്ള അയഥാർഥമായ പ്രഭാതശോഭ പോലെ മാത്രമാണ്. എന്നാൽ, ശരിക്കുള്ള ഒരു പ്രഭാതം ആസന്നമാണ്—അതു ഭൂമിമേലുള്ള ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ തുടക്കം ആയിരിക്കും. എന്നാൽ രാത്രി തുടരുന്നിടത്തോളം കാലം, ആത്മീയമായി ഉണർന്നിരുന്നുകൊണ്ടും ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിച്ച് ധൈര്യപൂർവം ഘോഷിച്ചുകൊണ്ടും കാവൽക്കാരൻ വർഗത്തിന്റെ നേതൃത്വത്തെ നാം പിൻപറ്റേണ്ടതുണ്ട്.—1 തെസ്സലൊനീക്യർ 5:6.
മരുപ്രദേശത്ത് അന്ധകാരം
21. (എ) ‘അറബിദേശത്തെ കുറിച്ചുള്ള പ്രവാചകം’ എന്നതിൽ എന്തു ദ്വയാർഥപ്രയോഗം കാണാം? (ബി) ദേദാന്യ പുരുഷന്മാരുടെ വ്യാപാരിസംഘങ്ങൾ എന്നത് എന്തിനെ പരാമർശിക്കുന്നു?
21 യെശയ്യാവു 21-ാം അധ്യായത്തിലെ അവസാന പ്രഖ്യാപനം “അറബിദേശ”ത്തിന് എതിരെയുള്ളതാണ്. അത് ഇപ്രകാരം തുടങ്ങുന്നു: “അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അറബിയിലെ കാട്ടിൽ രാപാർപ്പിൻ.” (യെശയ്യാവു 21:13) ഈ പ്രഖ്യാപനം നിരവധി അറബി ഗോത്രങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. ഈ വാക്യത്തിലെ ‘അറബിദേശം’ എന്നതിനുള്ള എബ്രായ പദത്തിന്റെ അക്ഷരീയ അർഥം “മരുപ്രദേശം” എന്നാണ്. ആ പദം ചിലപ്പോഴൊക്കെ “സായാഹ്നം” എന്നും പരിഭാഷപ്പെടുത്താറുണ്ട്. കാരണം എബ്രായ ഭാഷയിൽ “മരുപ്രദേശം” എന്നതിനും “സായാഹ്നം” എന്നതിനുമുള്ള പദങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. ഇത് ഒരു ദ്വയാർഥപ്രയോഗം ആണെന്ന്—ആ ദേശത്തു വരാനിരിക്കുന്ന ഇരുണ്ട സായാഹ്നത്തെ, അനർഥകാലത്തെ സൂചിപ്പിക്കുന്നെന്ന്—ചിലർ പറയുന്നു. ഒരു പ്രമുഖ അറബിഗോത്രമായ ദേദാന്യ പുരുഷന്മാരുടെ സാർത്ഥഗണങ്ങൾ (വ്യാപാരിസംഘങ്ങൾ) ഉൾപ്പെട്ടിരിക്കുന്ന ഒരു രാത്രിസംഭവത്തെ പരാമർശിച്ചുകൊണ്ടാണ് പ്രസ്തുത പ്രഖ്യാപനം തുടങ്ങുന്നത്. സുഗന്ധദ്രവ്യങ്ങളും മുത്തുകളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കൊണ്ടുപോകുന്ന ഈ വ്യാപാരിസംഘങ്ങൾ ഒരു മരുസങ്കേതത്തിൽനിന്ന് അടുത്തതിലേക്കു വാണിജ്യ മാർഗങ്ങളിലൂടെ ആണ് പോയിരുന്നത്. എന്നാൽ ഇവിടെ അവർ തങ്ങൾക്കു നല്ല പരിചയമുള്ള ആ വഴികൾ വിട്ട് രാത്രികളിൽ ഒളിവിൽ കഴിയുന്നതായി കാണുന്നു. എന്തുകൊണ്ട്?
22, 23. (എ) ഭാരപ്പെടുത്തുന്ന എന്തു ചുമട് അറബി ഗോത്രങ്ങളുടെമേൽ വരുന്നു, അവരുടെമേൽ അത് എന്ത് ഫലം ഉളവാക്കുന്നു? (ബി) ആ വിപത്ത് എത്ര പെട്ടെന്നായിരിക്കും വരുക, അതു വരുത്തുന്നത് ആർ?
22 യെശയ്യാവ് വിശദീകരിക്കുന്നു: “തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ. അവർ വാളിനെ ഒഴിഞ്ഞു ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവർ തന്നേ.” (യെശയ്യാവു 21:14, 15) അതേ, യുദ്ധത്തിന്റെ അതിഭാരം ഈ അറബിഗോത്രങ്ങളുടെ മേൽ വരും. ഈ മേഖലയിലെ ഏറ്റവും ജലസമൃദ്ധിയുള്ള മരുപ്പച്ചപ്രദേശത്തു സ്ഥിതി ചെയ്യുന്ന തേമാ, നിസ്സഹായരായ യുദ്ധ അഭയാർഥികൾക്കു വേണ്ടി അപ്പവും വെള്ളവും കൊണ്ടുവരാൻ നിർബന്ധിതയാകും. ഈ അനർഥം എപ്പോഴായിരിക്കും വരുക?
23 യെശയ്യാവ് തുടർന്നു പറയുന്നു: “കർത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും; കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശയ്യാവു 21:16, 17) മുഴു അറേബ്യയെയും സൂചിപ്പിക്കാനായി ചിലപ്പോഴൊക്കെ കേദാർ എന്ന് ഉപയോഗിക്കാറുണ്ട്. അത്രയ്ക്കു പ്രമുഖമായ ഒരു ഗോത്രമാണ് അത്. ഈ ഗോത്രത്തിലെ വില്ലാളികളുടെയും വീരന്മാരുടെയും എണ്ണം കുറഞ്ഞു കുറഞ്ഞ് അവർ വെറുമൊരു ശേഷിപ്പായി മാറുമെന്ന് യഹോവ നിർണയിച്ചിരിക്കുന്നു. എപ്പോൾ? “ഒരു ആണ്ടിന്നകം,” അതിൽ കൂടുതൽ സമയമെടുക്കില്ല. വേതനവ്യവസ്ഥ പ്രകാരമുള്ള സമയത്തിൽ കൂടുതൽ ഒരു കൂലിക്കാരൻ പണിയെടുക്കുകയില്ലാത്തതു പോലെയാണ് ഇത്. ഇതെല്ലാം എങ്ങനെ കൃത്യമായി നിവൃത്തിയേറി എന്നതു സംബന്ധിച്ചു തിട്ടമില്ല. അസീറിയൻ രാജാക്കന്മാരായ സർഗോൻ രണ്ടാമനും സൻഹേരീബും അറേബ്യ കീഴടക്കിയതിന്റെ ബഹുമതി അവകാശപ്പെടുന്നു. മുൻകൂട്ടി പറയപ്പെട്ടതുപോലെ, ഗർവിഷ്ഠരായ അറബി ഗോത്രങ്ങളിലെ അംഗസംഖ്യ കുറഞ്ഞത് ഇവരിൽ ഒരാൾ നടത്തിയ ആക്രമണ ഫലമായാകാം.
24. അറേബ്യക്ക് എതിരെയുള്ള യെശയ്യാവിന്റെ പ്രവചനം നിവൃത്തിയേറി എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
24 ഈ പ്രവചനം അതേപടി നിവൃത്തിയേറി എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. പ്രസ്തുത പ്രഖ്യാപനത്തിലെ അവസാന വാക്കുകൾ അതിന്റെ നിവൃത്തിയെ സ്ഥിരീകരിക്കുന്നു: “യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” യെശയ്യാവിന്റെ നാളിലെ ആളുകളെ സംബന്ധിച്ചിടത്തോളം, ബാബിലോൺ അസീറിയയെ കീഴടക്കി അധികാരത്തിൽ വരുമെന്നും പിന്നീട് അവർ അധമമായ ഉല്ലാസത്തിമർപ്പിൽ ആയിരിക്കുന്ന ഒറ്റ രാത്രികൊണ്ടുതന്നെ അതിന് അധികാരം നഷ്ടപ്പെടുമെന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. അതുപോലെ, പ്രബല ശക്തിയായ ഏദോം മരണകരമായ നിശ്ശബ്ദതയിൽ ആകുമെന്നും സമ്പന്നമായ അറബി ഗോത്രങ്ങളുടെമേൽ കഷ്ടതകളുടെയും ദാരിദ്ര്യത്തിന്റെയും ഒരു രാത്രി വരുമെന്നും വിശ്വസിക്കാൻ അവർക്കു പ്രയാസമാണ്. എന്നാൽ, അതെല്ലാം അങ്ങനെതന്നെ സംഭവിക്കുമെന്ന് യഹോവ പറയുന്നു, അവ സംഭവിക്കുകയും ചെയ്യുന്നു. ഇക്കാലത്ത്, വ്യാജമത ലോകസാമ്രാജ്യം നശിപ്പിക്കപ്പെടുമെന്ന് യഹോവ നമ്മോടു പറയുന്നു. അതു സംഭവിക്കുമോ എന്നു സംശയിക്കേണ്ടതില്ല. അതു സംഭവിക്കുമെന്ന് ഉറപ്പാണ്. കാരണം, യഹോവയാണ് അതു പറഞ്ഞിരിക്കുന്നത്!
25. കാവൽക്കാരന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും?
25 അതുകൊണ്ട്, നമുക്ക് യെശയ്യാവിന്റെ പ്രവചനത്തിലെ കാവൽക്കാരനെപ്പോലെ ആയിരിക്കാം. ഉയർന്ന ഒരു കാവൽഗോപുരത്തിൽ നിന്നുകൊണ്ട് ആസന്നമായ അപകടത്തിന്റെ എന്തെങ്കിലും സൂചനയുണ്ടോ എന്നറിയാൻ കണ്ണെത്താവുന്ന ദൂരത്തിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ആ കാവൽക്കാരനെപ്പോലെ നമുക്കു ജാഗ്രതയുള്ളവർ ആയിരിക്കാം. വിശ്വസ്ത കാവൽക്കാരൻ വർഗത്തോട്, ഇന്നു ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളോട്, നമുക്കു പറ്റിനിൽക്കാം. ക്രിസ്തു സ്വർഗത്തിൽ വാഴ്ച നടത്തുന്നു; മനുഷ്യവർഗം ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്ന ദീർഘവും ഇരുൾ മൂടിയതുമായ രാത്രിയുടെ കാലഘട്ടത്തിന് അവൻ പെട്ടെന്നുതന്നെ അറുതി വരുത്തും; തുടർന്ന് ഒരു പുതിയ പ്രഭാതം അവൻ ആനയിക്കും, അതായത് ഒരു പറുദീസാ ഭൂമിയിൽ അവൻ ആയിരം വർഷം വാഴ്ച നടത്തും! സമൃദ്ധമായ തെളിവുകളുള്ള ഇക്കാര്യങ്ങളെല്ലാം സധൈര്യം ഘോഷിക്കുന്നതിൽ നമുക്ക് അഭിഷിക്ത ശേഷിപ്പിനോടു ചേരാം.
[അടിക്കുറിപ്പുകൾ]
a പേർഷ്യൻ രാജാവായ സൈറസിനെ ചിലപ്പോഴൊക്കെ “അൻഷാനിലെ രാജാവ്” എന്നു പരാമർശിക്കാറുണ്ട്. അൻഷാൻ ഏലാമിലെ ഒരു പ്രദേശം അല്ലെങ്കിൽ നഗരം ആയിരുന്നു. യെശയ്യാവ് ജീവിച്ചിരുന്ന പൊ.യു.മു. എട്ടാം നൂറ്റാണ്ടിലെ ഇസ്രായേല്യർക്ക് പേർഷ്യയെ കുറിച്ച് ഒരുപക്ഷേ അറിയില്ല. എന്നാൽ ഏലാമിനെ കുറിച്ച് അവർക്കു നന്നായി അറിയാം. യെശയ്യാവു 21:2-ൽ പ്രവാചകൻ പേർഷ്യ എന്നതിനു പകരം ഏലാം എന്നു പറയുന്നതിന്റെ കാരണം അതാകാം.
b വെട്ടു തടയുമ്പോൾ വാൾ തട്ടിത്തെറിക്കാനായി തോൽപ്പരിചകളിൽ എണ്ണ പുരട്ടുന്ന ഒരു രീതി പ്രാചീനകാലത്തെ സൈനികർക്ക് ഉണ്ടായിരുന്നു. യെശയ്യാവു 21:5-ലെ ‘പരിചെക്കു എണ്ണ പൂശുക’ എന്ന വാക്കുകൾ ഈ രീതിയെ ആയിരിക്കാം പരാമർശിക്കുന്നത് എന്നു കരുതുന്ന ചില ബൈബിൾ നിരൂപകരുമുണ്ട്. ഒരു വ്യാഖ്യാനം ഇതായിരിക്കെ, ബാബിലോൺ നഗരം ശത്രുക്കൾക്ക് അടിയറവു പറഞ്ഞ രാത്രിയിൽ പരിചകൾക്ക് എണ്ണയിട്ടുകൊണ്ട് യുദ്ധത്തിനു തയ്യാറെടുക്കുന്നതു പോയിട്ട് ശത്രുക്കളെ ചെറുത്തുനിൽക്കാൻ പോലും ബാബിലോണിയർക്കു സമയം കിട്ടിയിട്ടുണ്ടാവില്ല എന്ന കാര്യം അവഗണിക്കാവതല്ല. ലൗകിക ചരിത്രവും അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
c ബാബിലോണിന്റെ വീഴ്ച സംബന്ധിച്ച യെശയ്യാവിന്റെ പ്രവചനം അതീവ കൃത്യതയുള്ളത് ആയതിനാൽ, അതു നടന്നശേഷമായിരിക്കാം യെശയ്യാവ് ആ വിവരങ്ങൾ എഴുതിയതെന്ന് ചില ബൈബിൾ വിമർശകർ വാദിക്കുന്നു. നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ നിശ്വസ്തതയിൽ കാര്യങ്ങൾ മുൻകൂട്ടി പറയാൻ ഒരു പ്രവാചകനു കഴിയും എന്ന വസ്തുത നാം അംഗീകരിക്കുന്നെങ്കിൽ അത്തരം ഊഹാപോഹത്തിന്റെ ആവശ്യമില്ല എന്ന് എബ്രായ പണ്ഡിതനായ എഫ്. ഡെലിറ്റ്ഷ് അഭിപ്രായപ്പെടുന്നു.
d വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 164-9 പേജുകൾ കാണുക.
e വീക്ഷാഗോപുരം മാസിക ആദ്യത്തെ 59 വർഷക്കാലം അതിന്റെ ആമുഖ പേജിൽ യെശയ്യാവു 21:11 പ്രത്യേകമായി കൊടുത്തിരുന്നു. വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായ ചാൾസ് റ്റി. റസ്സലിന്റെ അവസാനത്തെ ലിഖിത പ്രസംഗത്തിന്റെ വിഷയവും ആ വാക്യംതന്നെ ആയിരുന്നു. (മുൻ പേജിലെ ചിത്രം കാണുക.)
[219-ാം പേജിലെ ചിത്രം]
“ഭക്ഷിച്ചു പാനം ചെയ്വിൻ”!
[220-ാം പേജിലെ ചിത്രം]
കാവൽക്കാരൻ ‘സിംഹസമാന’ ധൈര്യത്തോടെ വിളിച്ചുപറയാൻ തുടങ്ങി
[222-ാം പേജിലെ ചിത്രം]
‘ഞാൻ രാവും പകലും ഇടവിടാതെ കാവൽ നില്ക്കുന്നു’