അധ്യായം പതിനെട്ട്
അവിശ്വസ്തത സംബന്ധിച്ച പാഠങ്ങൾ
1. ഉപരോധിക്കപ്പെട്ടിരിക്കുന്ന ഒരു പുരാതന നഗരത്തിനുള്ളിൽ ആയിരിക്കുന്നത് എങ്ങനെയുള്ള ഒരു അനുഭവം ആയിരിക്കാം?
ഉപരോധിക്കപ്പെട്ടിരിക്കുന്ന ഒരു പുരാതന നഗരത്തിനുള്ളിൽ ആയിരിക്കുന്ന അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ. നഗരമതിലുകൾക്കു വെളിയിൽ കരുത്തനും നിർദയനുമായ ശത്രുവാണുള്ളത്. അവൻ ഇതിനോടകം മറ്റു പല നഗരങ്ങളെയും അടിയറ പറയിച്ചിരിക്കുന്നുവെന്നു നിങ്ങൾക്ക് അറിയാം. ഇപ്പോൾ നിങ്ങളുടെ നഗരത്തെ പിടിച്ചടക്കാനും അതിനെ കൊള്ള ചെയ്യാനും അതിലെ നിവാസികളെ ബലാത്ക്കാരം ചെയ്യാനും കൊല്ലാനും ആ ശത്രു ദൃഢചിത്തനാണ്. നേരിട്ടു യുദ്ധം ചെയ്തു തോൽപ്പിക്കാനാവാത്ത വിധം അത്ര കരുത്തുറ്റ സൈന്യങ്ങളാണ് അവനുള്ളത്; അവർ അകത്തേക്കു കടക്കാതിരിക്കത്തക്കവണ്ണം മതിലുകൾ ഒരു പ്രതിബന്ധമായി വർത്തിക്കട്ടെ എന്ന് ആശിക്കാനേ നിങ്ങൾക്കു കഴിയുന്നുള്ളൂ. മതിലിനു പുറത്തേക്കു നോക്കുമ്പോൾ ശത്രുക്കൾ കൊണ്ടുവന്നിരിക്കുന്ന ഉപരോധ ഗോപുരങ്ങൾ നിങ്ങൾക്കു കാണാം. നിങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്ന വിധത്തിൽ വലിയ കല്ലുകൾ പായിച്ചുവിടാൻ കഴിയുന്ന സംവിധാനങ്ങളും അവർക്കുണ്ട്. മതിൽ പൊളിക്കാനായി കൂർത്ത ലോഹാഗ്രങ്ങളോടു കൂടിയ വൻതടികളും മതിലിൽ കയറാനുള്ള ഏണികളും മാത്രമല്ല വില്ലാളികളെയും രഥങ്ങളെയും അവരുടെ സൈന്യങ്ങളെയും ഒക്കെ നിങ്ങൾക്കു കാണാം. എത്ര ഭീതിജനകമായ ദൃശ്യം!
2. യെശയ്യാവു 22-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ഉപരോധം എപ്പോൾ നടക്കുന്നു?
2 അത്തരമൊരു ഉപരോധത്തെ കുറിച്ച് യെശയ്യാവു 22-ാം അധ്യായത്തിൽ നാം വായിക്കുന്നു. യെരൂശലേമിന് എതിരെയാണ് ആ ഉപരോധം. എപ്പോഴാണ് അതു സംഭവിക്കുന്നത്? മേൽപ്പറഞ്ഞ എല്ലാ യുദ്ധരീതികളും ഉൾപ്പെടുന്ന ഒരു ഉപരോധം യെരൂശലേമിനെതിരെ ഉണ്ടായത് എപ്പോഴാണെന്നു ചൂണ്ടിക്കാട്ടുക ദുഷ്കരമാണ്. തെളിവനുസരിച്ച്, ആ നഗരത്തിന്മേൽ വരാൻ പോകുന്ന നാനാതരം ഉപരോധങ്ങളുടെ ഒരു പൊതു വർണന അല്ലെങ്കിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പൊതു മുന്നറിയിപ്പ് എന്ന നിലയിൽ ആ പ്രവചനം മനസ്സിലാക്കുന്നതായിരിക്കും ഏറ്റവും ഉചിതം.
3. യെശയ്യാവ് വിവരിക്കുന്ന ഉപരോധത്തോട് യെരൂശലേം നിവാസികൾ പ്രതികരിക്കുന്നത് എങ്ങനെ?
3 യെശയ്യാവ് വിവരിക്കുന്ന ഉപരോധം നടക്കുമ്പോൾ യെരൂശലേം നിവാസികൾ എന്തു ചെയ്യുകയാണ്? ദൈവത്തിന്റെ ഉടമ്പടിജനത എന്ന നിലയിൽ അവർ തങ്ങളെ രക്ഷിക്കാനായി യഹോവയോടു വിളിച്ചപേക്ഷിക്കുന്നുണ്ടോ? ഇല്ല. അവർ ബുദ്ധിശൂന്യമായ ഒരു മനോഭാവമാണു പ്രകടമാക്കുന്നത്. ഇന്നു ദൈവത്തെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരും പ്രകടമാക്കുന്ന അതേ മനോഭാവം തന്നെ.
ഉപരോധത്തിലായ ഒരു നഗരം
4. (എ) എന്താണു “ദർശനത്താഴ്വര,” അതിനെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ട്? (ബി) യെരൂശലേം നിവാസികളുടെ ആത്മീയ അവസ്ഥ എന്താണ്?
4 യെശയ്യാവു 21-ാം അധ്യായത്തിൽ, “പ്രവാചകം” എന്ന പ്രയോഗത്തോടെയാണ് ഓരോ ന്യായവിധി സന്ദേശവും തുടങ്ങുന്നത്. (യെശയ്യാവു 21:1, 11, 13) അതേ വിധത്തിലാണ് 22-ാം അധ്യായവും ആരംഭിക്കുന്നത്: “ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു?” (യെശയ്യാവു 22:1) “ദർശനത്താഴ്വര” എന്ന് ഇവിടെ പരാമർശിക്കുന്നത് യെരൂശലേമിനെയാണ്. ആ നഗരം ഉയർന്ന സ്ഥാനത്താണെങ്കിലും, അതിനു ചുറ്റും വളരെ ഉയരമുള്ള പർവതങ്ങൾ ഉള്ളതുകൊണ്ടാണ് അതിനെ താഴ്വര എന്നു വിളിച്ചിരിക്കുന്നത്. കൂടാതെ, പല ദിവ്യ ദർശനങ്ങളും വെളിപാടുകളും ഇവിടെവെച്ച് ലഭിച്ചിരിക്കുന്നതിനാൽ അതിനെ “ദർശന”ത്തോടും ബന്ധിപ്പിച്ചിരിക്കുന്നു. അക്കാരണത്താൽ നഗരവാസികൾ യഹോവയുടെ വചനങ്ങൾക്കു സൂക്ഷ്മ ശ്രദ്ധ നൽകേണ്ടതുണ്ട്. പകരം, അവർ അവനെ തള്ളിക്കളയുകയും വ്യാജാരാധനയിലേക്കു തിരിയുകയും ചെയ്തിരിക്കുന്നു. തന്റെ വഴിപിഴച്ച ജനത്തിനെതിരെ ന്യായവിധി നിർവഹിക്കുന്നതിനു ദൈവം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ആ നഗരത്തെ ഉപരോധിക്കുന്ന ശത്രു.—ആവർത്തനപുസ്തകം 28:45, 49, 50, 52.
5. സാധ്യതയനുസരിച്ച്, ആളുകൾ പുരമുകളിൽ കയറുന്നത് എന്തിന്?
5 യെരൂശലേം നിവാസികൾ തങ്ങളുടെ ‘വീടുകളുടെ മുകളിൽ കയറിയിരിക്കുന്നു’ എന്നതു ശ്രദ്ധിക്കുക. പുരാതന നാളുകളിൽ, ഇസ്രായേല്യ ഭവനങ്ങളുടെ മേൽക്കൂരകൾ പരന്നതായിരുന്നു. കുടുംബാംഗങ്ങൾ മിക്കപ്പോഴും അവിടെ ഒന്നിച്ചുകൂടാറുണ്ടായിരുന്നു. എന്നാൽ ഈ പ്രത്യേക അവസരത്തിൽ അവർ അവിടെ കൂടിവരുന്നതിന്റെ കാരണം യെശയ്യാവ് പറയുന്നില്ല. അത് ഒരു നല്ല കാര്യത്തിനാണെന്ന ധ്വനി അവന്റെ വാക്കുകളിൽ ഇല്ല എന്നതു സ്പഷ്ടം. ഒരുപക്ഷേ മറ്റു ദൈവങ്ങളോടു പ്രാർഥിക്കാനായിരിക്കാം അവർ പുരമുകളിൽ കയറിയിരിക്കുന്നത്. പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെടുന്നതു വരെയുള്ള കാലയളവിൽ അവർ ആ രീതി തുടർന്നുപോന്നു.—യിരെമ്യാവു 19:13; സെഫന്യാവു 1:5.
6. (എ) യെരൂശലേം നഗരത്തിനുള്ളിലെ അവസ്ഥ എന്ത്? (ബി) ചിലർ ആനന്ദിക്കുന്നത് എന്തുകൊണ്ട്, എന്നാൽ എന്തു സംഭവിക്കാൻ പോകുന്നു?
6 യെശയ്യാവ് തുടരുന്നു: “അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.” (യെശയ്യാവു 22:2) നഗരത്തിൽ ആളുകൾ തടിച്ചുകൂടിയിരിക്കുന്നു, നഗരം പ്രക്ഷുബ്ധാവസ്ഥയിൽ ആണ്. ചകിതരായ നഗരവാസികൾ ഒച്ചവെക്കുന്നു. എന്നിരുന്നാലും, അപകടം ഒഴിഞ്ഞുപോകുകയാണെന്നും തങ്ങൾ സുരക്ഷിതരാണെന്നും കരുതുന്നതുകൊണ്ടാകാം ചിലർ ആനന്ദിക്കുന്നു.a എന്നാൽ ഇപ്പോൾ ആനന്ദിക്കുന്നത് മണ്ടത്തരമാണ്. നഗരത്തിലുള്ള പലരും വാളാൽ കൊല്ലപ്പെടുന്നതിലും ക്രൂരമായ വിധത്തിൽ വധിക്കപ്പെടാൻ പോകുകയാണ്. ഉപരോധിക്കപ്പെട്ടിരിക്കുന്ന ആ നഗരത്തിനുള്ളിൽ ഭക്ഷ്യശേഖരം കുറഞ്ഞുവരുകയാണ്. പുറം ലോകവുമായി അതിനു ബന്ധമില്ലാത്തതിനാൽ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാനും നിർവാഹമില്ല. പട്ടിണിയും അതുപോലെതന്നെ ആളുകൾ തിങ്ങിക്കൂടിയ അവസ്ഥയും പകർച്ചവ്യാധികൾക്കു കാരണമാകുന്നു. അതുകൊണ്ട് ക്ഷാമവും പകർച്ചവ്യാധിയും മൂലം യെരൂശലേമിലുള്ള പലരും മരിക്കും. പൊ.യു.മു. 607-ലും പൊ.യു. 70-ലും അപ്രകാരം സംഭവിക്കുന്നു.—2 രാജാക്കന്മാർ 25:3; വിലാപങ്ങൾ 4:9, 10.b
7. ഉപരോധസമയത്ത് യെരൂശലേമിലെ ഭരണാധികാരികൾ എന്തു ചെയ്യുന്നു, അവർക്ക് എന്തു സംഭവിക്കുന്നു?
7 ഈ പ്രതിസന്ധിഘട്ടത്തിൽ യെരൂശലേമിലെ ഭരണാധികാരികൾ എന്തു നേതൃത്വമാണു നൽകുന്നത്? യെശയ്യാവ് ഉത്തരം നൽകുന്നു: “നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.” (യെശയ്യാവു 22:3) ഭരണാധിപന്മാരും വീരന്മാരും പലായനം ചെയ്യുന്നെങ്കിലും പിടിക്കപ്പെടുന്നു! അവരുടെ നേർക്ക് ഒരു വില്ലുപോലും കുലയ്ക്കേണ്ടി വരാതെതന്നെ അവർ ബന്ദികളാക്കപ്പെടുന്നു. അതു സംഭവിക്കുന്നത് പൊ.യു.മു. 607-ൽ ആണ്. യെരൂശലേമിന്റെ മതിൽ തകർക്കപ്പെടുമ്പോൾ സിദെക്കീയാവ് രാത്രിയിൽ തന്റെ വീരന്മാരോടൊപ്പം അവിടെനിന്നു പലായനം ചെയ്യുന്നു. അതു മനസ്സിലാക്കുന്ന ശത്രുക്കൾ പിന്നാലെ ചെന്ന് യെരീഹോ സമഭൂമിയിൽവെച്ച് അവരെ പിടികൂടുന്നു. വീരന്മാർ ചിതറിയോടുന്നു. സിദെക്കീയാവ് പിടിക്കപ്പെടുന്നു, ശത്രുക്കൾ അവന്റെ കണ്ണു കുത്തിപ്പൊട്ടിക്കുന്നു, എന്നിട്ട് അവനെ താമ്രച്ചങ്ങലകൊണ്ട് ബന്ധിച്ച് വലിച്ചിഴച്ചു ബാബിലോണിലേക്കു കൊണ്ടുപോകുന്നു. (2 രാജാക്കന്മാർ 25:2-7) അവന്റെ അവിശ്വസ്ത ഗതിയുടെ അനന്തരഫലം എത്രയോ ദാരുണം!
വിപത്തിൽ നടുങ്ങുന്നു
8. (എ) യെരൂശലേമിന്മേൽ വരാനിരിക്കുന്ന വിപത്തിനെ കുറിച്ചുള്ള പ്രവചനത്തോട് യെശയ്യാവ് പ്രതികരിക്കുന്നത് എങ്ങനെ? (ബി) അപ്പോൾ യെരൂശലേമിലെ അവസ്ഥ എങ്ങനെയുള്ളത് ആയിരിക്കും?
8 ഈ പ്രവചനം യെശയ്യാവിനെ ആഴമായി ബാധിക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.” (യെശയ്യാവു 22:4) മോവാബിനെയും ബാബിലോണിനെയും കുറിച്ചു പ്രവചിക്കപ്പെട്ട കാര്യത്തെ ഓർത്ത് യെശയ്യാവിനു ദുഃഖം തോന്നിയിരുന്നു. (യെശയ്യാവു 16:11; 21:3) ഇപ്പോൾ തന്റെ സ്വന്തം ജനത്തിന്മേൽ വരാൻ പോകുന്ന വിപത്തിനെ കുറിച്ച് ഓർക്കുമ്പോഴുള്ള അവന്റെ നടുങ്ങലും വിലാപവും അതിനെക്കാൾ തീവ്രമാണ്. ആർക്കും അവനെ ആശ്വസിപ്പിക്കാനാവില്ല. എന്തുകൊണ്ട്? “സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ പരാഭവവും [‘കുഴപ്പവും,’ “ഓശാന ബൈ.”] സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ.” (യെശയ്യാവു 22:5) യെരൂശലേം ഇപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥയിലാണ്. ആളുകൾ പരിഭ്രാന്തരായി യാതൊരു ലക്ഷ്യവുമില്ലാതെ അങ്ങുമിങ്ങും നടക്കും. ശത്രുക്കൾ നഗരമതിൽ തകർക്കുമ്പോൾ, അവിടത്തെ നിവാസികൾ ‘മലയോടു നിലവിളിക്കും.’ അതിന്റെ അർഥം, മോരിയാമലയിലെ വിശുദ്ധ ആലയത്തിൽ ചെന്ന് അവർ ദൈവത്തോടു നിലവിളിക്കും എന്നാണോ? ഒരുപക്ഷേ ആയിരിക്കാം. എന്നിരുന്നാലും അവിശ്വസ്തർ ആയതുകൊണ്ട്, ഭീതി കലർന്ന അവരുടെ നിലവിളികൾ ചുറ്റുമുള്ള പർവതങ്ങളിൽ തട്ടി പ്രതിധ്വനിക്കും എന്ന അർഥമായിരിക്കാം അതിനുള്ളത്.
9. യെരൂശലേമിനു ഭീഷണി ആയിരിക്കുന്ന സൈന്യത്തെ കുറിച്ചു വിവരിക്കുക.
9 എങ്ങനെയുള്ള ശത്രുവാണ് യെരൂശലേമിനു ഭീഷണി ആയിത്തീർന്നിരിക്കുന്നത്? യെശയ്യാവ് നമ്മോട് ഇപ്രകാരം പറയുന്നു: “ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.” (യെശയ്യാവു 22:6) ശത്രുക്കൾ ശരിക്കും ആയുധസജ്ജരാണ്. അവരുടെ വില്ലാളികളുടെ ആവനാഴികൾ നിറയെ അമ്പുകൾ ഉണ്ട്. യോദ്ധാക്കൾ യുദ്ധത്തിനായി തങ്ങളുടെ പരിചകൾ ഒരുക്കുകയാണ്. രഥങ്ങളും പടക്കുതിരകളുമുണ്ട്. ഇപ്പോഴത്തെ പേർഷ്യൻ ഉൾക്കടലിന്റെ വടക്കായി സ്ഥിതി ചെയ്തിരുന്ന ഏലാമിൽനിന്നും സാധ്യതയനുസരിച്ച് അതിന്റെ സമീപ ദേശമായിരുന്ന കീരിൽനിന്നുമുള്ള പട്ടാളക്കാർ സൈന്യത്തിൽ ഉണ്ട്. ആ ദേശങ്ങളെ കുറിച്ചുള്ള പരാമർശം ആക്രമണകാരികൾ എത്ര അകലെനിന്നു വരുന്നു എന്നു സൂചിപ്പിക്കുന്നു. ഹിസ്കീയാവ് രാജാവായിരുന്ന അക്കാലത്ത് യെരൂശലേമിനു ഭീഷണി ആയിരിക്കുന്ന സൈന്യത്തിൽ ഏലാമ്യരായ വില്ലാളികളും ഉണ്ടായിരുന്നിരിക്കാമെന്നും അതു സൂചിപ്പിക്കുന്നു.
ചെറുത്തുനിൽക്കാനുള്ള ശ്രമങ്ങൾ
10. നഗരത്തിന്റെ നാശത്തെ അർഥമാക്കുന്ന എന്താണു സംഭവിക്കുന്നത്?
10 അവിടെ തുടർന്നുണ്ടാകുന്ന സ്ഥിതിവിശേഷം യെശയ്യാവ് വിവരിക്കുന്നു: ‘അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും. അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളയും.’ (യെശയ്യാവു 22:7, 8എ) യെരൂശലേം നഗരത്തിനു വെളിയിലുള്ള സമഭൂമി രഥങ്ങളെയും കുതിരകളെയും കൊണ്ടു നിറഞ്ഞിരിക്കുന്നു. നഗരകവാടങ്ങളെ ആക്രമിക്കാൻ സജ്ജരായാണ് അവർ നിലകൊള്ളുന്നത്. നീക്കം ചെയ്യപ്പെടുന്ന “യെഹൂദയുടെ മൂടുപടം” എന്താണ്? ഒരുപക്ഷേ അത് നഗരത്തിന്റെ ഒരു കവാടം ആയിരിക്കാം. ശത്രുക്കൾ അതു പിടിച്ചടക്കുന്നത് നഗരവാസികൾക്കു നാശത്തെ അർഥമാക്കും.c പ്രതിരോധമായി വർത്തിക്കുന്ന ആ മൂടുപടം നീങ്ങിക്കിട്ടുമ്പോൾ, ആ നഗരത്തെ ആക്രമിക്കാൻ ശത്രുക്കൾക്ക് എളുപ്പമായിരിക്കും.
11, 12. യെരൂശലേം നിവാസികൾ ഏതെല്ലാം പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു?
11 തങ്ങളുടെ സംരക്ഷണാർഥം ആളുകൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് യെശയ്യാവ് തുടർന്നു പറയുന്നത്. അവർ ആദ്യംതന്നെ ചിന്തിക്കുന്നത് ആയുധങ്ങളെ കുറിച്ചാണ്! ‘അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി, ദാവീദിൻനഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ട് താഴത്തെ കുളത്തിലെ വെള്ളം കെട്ടിനിർത്തും.’ (യെശയ്യാവു 22:8ബി, 9) വനഗൃഹത്തിലെ ആയുധപ്പുരയിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ആ ആയുധപ്പുര ശലോമോൻ ഉണ്ടാക്കിയതാണ്. ലെബാനോനിലെ ദേവദാരുകൊണ്ട് ഉണ്ടാക്കിയതിനാലാണ് ‘ലെബാനോൻവനഗൃഹം’ എന്ന് അത് അറിയപ്പെടാൻ ഇടയായത്. (1 രാജാക്കന്മാർ 7:2-5) ആളുകൾ മതിലിലെ വിള്ളലുകൾ പരിശോധിക്കുന്നു, ഒരു പ്രധാന പ്രതിരോധ ഉപാധിയായ വെള്ളം കെട്ടിനിറുത്തുന്നു. ജീവൻ നിലനിറുത്താനും വെള്ളം അത്യന്താപേക്ഷിതമാണ്. അതില്ലാതെ ഒരു നഗരത്തിനും നിലകൊള്ളാനാവില്ല. എന്നുവരികിലും, വിടുതലിനായി ആളുകൾ യഹോവയിലേക്കു തിരിയുന്നതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധിക്കുക. പകരം, അവർ തങ്ങൾക്കുള്ള ഭൗതിക വസ്തുക്കളിലാണ് ആശ്രയിക്കുന്നത്. ഒരിക്കലും അത്തരമൊരു തെറ്റ് വരുത്താതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം!—സങ്കീർത്തനം 127:1.
12 നഗരമതിലിലെ വിള്ളലുകളുടെ കാര്യമോ? ‘യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളയും.’ (യെശയ്യാവു 22:10) മതിലിലെ വിടവുകളും മറ്റും അടയ്ക്കുന്നതിനുള്ള സാമഗ്രികൾക്കായി ഏതെല്ലാം വീടുകൾ പൊളിക്കണമെന്ന് അവർ നിർണയിക്കുന്നു. ശത്രുക്കൾ പെട്ടെന്നു മതിൽ നശിപ്പിക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
വിശ്വാസമില്ലാത്ത ഒരു ജനത
13. ജലലഭ്യത ഉറപ്പു വരുത്താൻ ആളുകൾ എന്തു ചെയ്യുന്നു, എന്നാൽ ആരെയാണ് അവർ മറന്നുകളയുന്നത്?
13 “പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല.” (യെശയ്യാവു 22:11) ഈ വാക്യത്തിലും 9-ാം വാക്യത്തിലും വിവരിച്ചിരിക്കുന്ന ജലം കെട്ടിനിറുത്താനായി നടത്തുന്ന ശ്രമങ്ങൾ, അസീറിയൻ ആക്രമണത്തിൽനിന്ന് നഗരത്തെ സംരക്ഷിക്കാൻ ഹിസ്കീയാ രാജാവ് സ്വീകരിച്ച നടപടിയെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. (2 ദിനവൃത്താന്തം 32:2-5) ഹിസ്കീയാവിന് യഹോവയിൽ നല്ല വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ, യെശയ്യാവിന്റെ പ്രവചനത്തിൽ വിവരിക്കുന്ന ഈ ജനത്തിന് യഹോവയിൽ തീർത്തും വിശ്വാസമില്ല. നഗര സംരക്ഷണാർഥം പലതും ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ സ്രഷ്ടാവിനെ കുറിച്ച് അവർ ചിന്തിക്കുന്നേയില്ല.
14. യഹോവ മുന്നറിയിപ്പു നൽകിയിട്ടും, ജ്ഞാനരഹിതമായ എന്തു മനോഭാവമാണ് ആളുകൾ കൈക്കൊള്ളുന്നത്?
14 യെശയ്യാവ് തുടരുന്നു: ‘അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചിലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.’ (യെശയ്യാവു 22:12, 13) യഹോവയോടുള്ള മത്സരത്തെ പ്രതി യെരൂശലേം നിവാസികൾ തെല്ലും അനുതപിക്കുന്നില്ല. അനുതാപത്തിന്റെ പ്രതീകമായി അവർ വിലപിക്കുകയോ തല മൊട്ടയടിക്കുകയോ രട്ടുടുക്കുകയോ ചെയ്യുന്നില്ല. അവർ അങ്ങനെ ചെയ്തിരുന്നെങ്കിൽ, വരാനിരിക്കുന്ന വിപത്തുകളിൽനിന്ന് യഹോവ ഒരുപക്ഷേ അവരെ രക്ഷിക്കുമായിരുന്നു. എന്നാൽ അവർ ജഡിക ഉല്ലാസങ്ങളിൽ മുഴുകുന്നു. ഇക്കാലത്ത് ദൈവവിശ്വാസമില്ലാത്ത അനേകർക്കും സമാനമായ ഒരു മനോഭാവമാണ് ഉള്ളത്. മരിച്ചവരുടെ പുനരുത്ഥാനമോ വരാൻ പോകുന്ന പറുദീസാഭൂമിയിലെ ജീവിതമോ സംബന്ധിച്ച് അവർക്കു യാതൊരു പ്രത്യാശയും ഇല്ലാത്തതിനാൽ, “നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ” എന്നു പറഞ്ഞുകൊണ്ട് അവർ സുഖലോലുപതയുടെ ഗതി സ്വീകരിക്കുന്നു. (1 കൊരിന്ത്യർ 15:32) എന്തൊരു സങ്കുചിത വീക്ഷണം! അവർ യഹോവയിൽ ആശ്രയിച്ചിരുന്നെങ്കിൽ, ശാശ്വത പ്രത്യാശ അവർക്കു ലഭിക്കുമായിരുന്നു!—സങ്കീർത്തനം 4:6-8; സദൃശവാക്യങ്ങൾ 1:33.
15. (എ) യെരൂശലേമിന് എതിരെയുള്ള യഹോവയുടെ ന്യായവിധി സന്ദേശം എന്താണ്, അവന്റെ ന്യായവിധി നടപ്പിലാക്കുന്നത് ആർ? (ബി) യെരൂശലേമിന്റേതിനു സമാനമായ ഒരു ദുരന്തം ക്രൈസ്തവലോകത്തിനു സംഭവിക്കാനിരിക്കുന്നത് എന്തുകൊണ്ട്?
15 ഉപരോധിക്കപ്പെട്ടിരിക്കുന്ന യെരൂശലേം നിവാസികൾക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കുകയില്ല. യെശയ്യാവ് ഇപ്രകാരം പറയുന്നു: “സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതു: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.” (യെശയ്യാവു 22:14) കഠിനഹൃദയരായ ആ ജനത്തിനു ക്ഷമ ലഭിക്കുകയില്ല. അവരുടെ നാശം ഉറപ്പാണ്. പരമാധികാരിയാം കർത്താവായ സൈന്യങ്ങളുടെ യഹോവയാണ് അതു പറഞ്ഞിരിക്കുന്നത്. യെശയ്യാവിന്റെ പ്രാവചനിക വാക്കുകളുടെ നിവൃത്തിയായി അവിശ്വസ്ത യെരൂശലേമിന്മേൽ രണ്ടു പ്രാവശ്യം അനർഥം വരുന്നു. ബാബിലോണിയൻ സൈന്യങ്ങളും പിന്നീട് റോമൻ സൈന്യങ്ങളും ആ നഗരത്തെ നശിപ്പിക്കുന്നു. ദൈവത്തെ ആരാധിക്കുന്നു എന്ന് പറയുന്നെങ്കിലും, യഥാർഥത്തിൽ പ്രവൃത്തികളാൽ അവനെ ത്യജിക്കുന്ന അവിശ്വസ്ത ക്രൈസ്തവലോകത്തിന്റെമേലും സമാനമായ വിപത്തു വരികതന്നെ ചെയ്യും. (തീത്തൊസ് 1:16) ക്രൈസ്തവലോകത്തിന്റെയും ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളെ വിട്ടു പ്രവർത്തിക്കുന്ന ലോകത്തിലെ മറ്റു മതങ്ങളുടെയും പാപങ്ങൾ “ആകാശത്തോളം കുന്നിച്ചിരിക്കുന്നു.” വിശ്വാസത്യാഗിനിയായ യെരൂശലേമിന്റെ പാപത്തെപ്പോലെ, അവരുടെ പാപവും ക്ഷമിക്കപ്പെടുകയില്ല. അത്രയ്ക്കു കഠിനമാണ് അത്.—വെളിപ്പാടു 18:5, 8, 21.
സ്വാർഥനായ ഒരു വിചാരകൻ
16, 17. (എ) യഹോവയുടെ മുന്നറിയിപ്പിൻ സന്ദേശം ലഭിക്കുന്നത് ആർക്ക്, എന്തുകൊണ്ട്? (ബി) സ്വാർഥത നിമിത്തം ശെബ്നയ്ക്ക് എന്തു സംഭവിക്കും?
16 ഇപ്പോൾ യെശയ്യാ പ്രവാചകൻ അവിശ്വസ്ത ജനതയിൽനിന്ന് ഒരു അവിശ്വസ്ത വ്യക്തിയിലേക്ക് തന്റെ ശ്രദ്ധ തിരിക്കുന്നു. അവൻ എഴുതുന്നു: “സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു; നീ എന്താകുന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.”—യെശയ്യാവു 22:15, 16.
17 ശെബ്ന ‘രാജധാനി’യിലെ, ഒരുപക്ഷേ ഹിസ്കീയാ രാജാവിന്റെ കൊട്ടാരത്തിലെ ‘വിചാരകൻ’ ആണ്. അതിലെ ഗൃഹവിചാരകൻ ആയിരിക്കുന്ന ശെബ്നയ്ക്ക് വലിയ അധികാരമുണ്ട്. രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം അയാൾക്കാണ്. ശെബ്നയിൽനിന്നു വളരെയധികം പ്രതീക്ഷിക്കപ്പെടുന്നു. (1 കൊരിന്ത്യർ 4:2) രാജ്യകാര്യങ്ങൾക്കു പ്രഥമ ശ്രദ്ധ കൊടുക്കേണ്ട ശെബ്ന ഇപ്പോൾ സ്വന്തം മഹത്ത്വമാണു തേടുന്നത്. മലമുകളിൽ തനിക്കായി, രാജാവിന്റേതിനു സമാനമായ ആഡംബരപൂർണമായ ഒരു ശവക്കല്ലറ അവൻ കൊത്തിയുണ്ടാക്കിക്കുകയാണ്. അതു കാണുന്ന യഹോവ ആ അവിശ്വസ്ത വിചാരകനു മുന്നറിയിപ്പു കൊടുക്കാൻ യെശയ്യാവിനെ നിശ്വസ്തനാക്കുന്നു: “എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴററി എറിഞ്ഞുകളയും. അവൻ നിന്നെ ഒരു പന്തു പോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും. ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.” (യെശയ്യാവു 22:17-19) തന്റെ സ്വാർഥത നിമിത്തം ശെബ്നയ്ക്കു യെരൂശലേമിൽ ഒരു സാധാരണ ശവക്കല്ലറ പോലും ലഭിക്കുകയില്ല. പകരം, ഒരു പന്തുപോലെ എറിയപ്പെടുന്ന അവൻ ഒരു അന്യദേശത്തുവെച്ചു മരിക്കും. ഈ വൃത്താന്തത്തിൽ, ദൈവജനത്തിനിടയിൽ അധികാരമുള്ള സകലർക്കും ഒരു മുന്നറിയിപ്പുണ്ട്. അധികാര ദുർവിനിയോഗം അധികാരം നഷ്ടപ്പെടുന്നതിലേക്കോ, അധികാരസ്ഥാനത്തുള്ളവൻ ബഹിഷ്കരിക്കപ്പെടുന്നതിലേക്കു പോലുമോ നയിച്ചേക്കാം.
18. ശെബ്നയ്ക്കു പകരം ആർ ഗൃഹവിചാരകന്റെ സ്ഥാനത്തു നിയമിക്കപ്പെടും, ശെബ്നയുടെ ഔദ്യോഗിക അങ്കികളും ദാവീദ്ഗൃഹത്തിന്റെ താക്കോലും അവനു ലഭിക്കുന്നതിന്റെ അർഥമെന്ത്?
18 എന്നാൽ, എങ്ങനെ ആയിരിക്കും ശെബ്ന തന്റെ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടുക? യെശയ്യാവ് മുഖാന്തരം യഹോവ ഇങ്ങനെ വിശദീകരിക്കുന്നു: “അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശയ്യാവു 22:20-22) ശെബ്നയെ ഗൃഹവിചാരകന്റെ സ്ഥാനത്തുനിന്നു മാറ്റിയിട്ട് എല്യാക്കീമിന് ഗൃഹവിചാരകന്റെ ഔദ്യോഗിക അങ്കികളും ദാവീദ്ഗൃഹത്തിന്റെ താക്കോലും നൽകുന്നു. അധികാരത്തിന്റെയോ ഭരണത്തിന്റെയോ ശക്തിയുടെയോ പ്രതീകമായാണ് ബൈബിൾ “താക്കോൽ” എന്ന പദം ഉപയോഗിക്കുന്നത്. (മത്തായി 16:19 താരതമ്യം ചെയ്യുക.) പുരാതന നാളുകളിൽ, രാജോപദേഷ്ടാവിനു താക്കോലുകൾ ലഭിച്ചിരുന്നു. രാജകൊട്ടാരത്തിലെ മുറികളുടെ പൊതു മേൽനോട്ടം വഹിച്ചിരുന്നത് അയാൾ ആയിരുന്നിരിക്കാം. രാജശുശ്രൂഷയ്ക്ക് ആളുകളെ നിയമിച്ചിരുന്നതു പോലും സാധ്യതയനുസരിച്ച് അയാളാണ്. (വെളിപ്പാടു 3:7, 8 താരതമ്യം ചെയ്യുക.) അതിനാൽ ഗൃഹവിചാരകന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ആ സ്ഥാനം വഹിച്ചിരുന്നയാളിൽനിന്ന് വളരെയധികം പ്രതീക്ഷിക്കപ്പെട്ടിരുന്നു. (ലൂക്കൊസ് 12:48) ശെബ്ന കഴിവുള്ള ആൾ ആയിരിക്കാം, പക്ഷേ അവൻ അവിശ്വസ്തനാണ്. അതുകൊണ്ട് യഹോവ അവനെ മാറ്റി തത്സ്ഥാനത്ത് മറ്റൊരാളെ നിയമിക്കും.
രണ്ടു പ്രതീകാത്മക ആണികൾ
19, 20. (എ) എല്യാക്കീം തന്റെ ജനത്തിന് ഒരു അനുഗ്രഹമാണെന്നു തെളിയുന്നത് എങ്ങനെ? (ബി) ശെബ്നയെ തുടർന്നും ആശ്രയിക്കുന്നവർക്ക് എന്തു സംഭവിക്കും?
19 ഒടുവിൽ, ശെബ്നയിൽനിന്ന് എല്യാക്കീമിലേക്കുള്ള അധികാരമാറ്റത്തെ വർണിക്കാൻ യഹോവ പ്രതീകാത്മക ഭാഷ ഉപയോഗിക്കുന്നു. അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ [എല്യാക്കീമിനെ] തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും. അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും. അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നു പോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.”—യെശയ്യാവു 22:23-25.
20 ഈ വാക്യങ്ങളിലെ ആദ്യത്തെ ആണി എല്യാക്കീം ആണ്. അവൻ തന്റെ പിതാവായ ഹില്ക്കീയാവിന്റെ ഭവനത്തിനു “മഹത്വമുള്ളോരു സിംഹാസനം” ആയിത്തീരും. ശെബ്നയെ പോലെയല്ല എല്യാക്കീം. അവൻ തന്റെ പിതാവിന്റെ ഭവനത്തിനോ സത്പേരിനോ അപമാനം വരുത്തുകയില്ല. എല്യാക്കീം വീട്ടുപാത്രങ്ങൾക്ക്, അതായത് രാജാവിന്റെ സേവനത്തിലുള്ള മറ്റുള്ളവർക്ക് ആയുഷ്പര്യന്തം ഒരു പിന്തുണ ആയിരിക്കും. (2 തിമൊഥെയൊസ് 2:20, 21) നേരെ മറിച്ച്, രണ്ടാമത്തെ ആണി ശെബ്നയെ പരാമർശിക്കുന്നു. സുരക്ഷിതനെന്നു തോന്നിയാലും, അവൻ തന്റെ സ്ഥാനത്തുനിന്നു നീക്കപ്പെടും. അവനെ ആശ്രയിക്കുന്ന ഏതൊരാളും വീഴുകതന്നെ ചെയ്യും.
21. ആധുനിക നാളുകളിൽ ശെബ്നയെപ്പോലെ ആരെയാണു തത്സ്ഥാനത്തുനിന്നു നീക്കിയിരിക്കുന്നത്, അതു ചെയ്തത് ആർ, എന്തുകൊണ്ട്?
21 ദൈവത്തെ ആരാധിക്കുന്നു എന്ന് പറയുന്നവരുടെ ഇടയിൽ, സേവനപദവികൾ ഉള്ളവർ മറ്റുള്ളവരെ സേവിക്കാനും യഹോവയ്ക്കു സ്തുതി കരേറ്റാനും ആയിരിക്കണം അവ ഉപയോഗിക്കേണ്ടത് എന്ന് ശെബ്നയുടെ അനുഭവം നമുക്കു കാട്ടിത്തരുന്നു. ധനസമ്പാദനത്തിനോ വ്യക്തി പ്രാമുഖ്യതയ്ക്കോ വേണ്ടി തങ്ങളുടെ സ്ഥാനത്തെ അവർ ദുരുപയോഗം ചെയ്യാൻ പാടില്ല. ഉദാഹരണത്തിന്, നിയമിത ഗൃഹവിചാരകന്റെ അതായത് യേശുക്രിസ്തുവിന്റെ ഭൗമിക പ്രതിനിധിയുടെ സ്ഥാനം അലങ്കരിക്കുന്നതു തങ്ങളാണെന്ന് ക്രൈസ്തവലോകം ദീർഘകാലമായി അവകാശപ്പെട്ടിരുന്നു. എന്നാൽ സ്വന്തം മഹത്ത്വം തേടിക്കൊണ്ട് ശെബ്ന തന്റെ പിതാവിന്റെമേൽ അപമാനം വരുത്തിവെച്ചതുപോലെ, തങ്ങൾക്കായി സമ്പത്തും അധികാരവും സ്വരുക്കൂട്ടിക്കൊണ്ട് ക്രൈസ്തവലോക നേതാക്കന്മാർ സ്രഷ്ടാവിനെ അപമാനിച്ചിരിക്കുന്നു. അതിനാൽ, ന്യായവിധി “ദൈവഗൃഹത്തിൽ ആരംഭി”ക്കാനുള്ള സമയം 1918-ൽ വന്നപ്പോൾ യഹോവ ക്രൈസ്തവലോകത്തെ ഗൃഹവിചാരക സ്ഥാനത്തുനിന്നു മാറ്റി. തുടർന്ന് അവൻ മറ്റൊരു ഗൃഹവിചാരകനെ കണ്ടെത്തി യേശുവിന്റെ ഭൗമിക ഗൃഹത്തിന്റെ ചുമതല ഏൽപ്പിച്ചു. “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” എന്നു ബൈബിൾ അവനെ വിളിക്കുന്നു. (1 പത്രൊസ് 4:17; ലൂക്കൊസ് 12:42-44) ഈ സംയുക്ത വർഗം ദാവീദിന്റെ ഭവനത്തിലെ രാജകീയ “താക്കോൽ” വഹിക്കുന്നതിനു തങ്ങൾ യോഗ്യരാണെന്നു പ്രകടമാക്കി. ആശ്രയയോഗ്യമായ ഒരു “ആണി” പോലെ, അത് വ്യത്യസ്തങ്ങളായ എല്ലാ ‘പാത്രങ്ങൾ’ക്കും, അതായത് ആത്മീയ പോഷണത്തിനായി അതിലേക്കു നോക്കുന്ന വ്യത്യസ്ത ചുമതലകൾ വഹിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾക്കെല്ലാം ഉറപ്പുള്ള ഒരു പിന്തുണയാണെന്നു തെളിഞ്ഞിരിക്കുന്നു. പുരാതന യെരൂശലേം ‘പടിവാതിലുകൾക്കുള്ളിലെ പരദേശി’യെ പോലുള്ള “വേറെ ആടുക”ളും ആധുനികകാല എല്യാക്കീം ആയ ഈ “ആണി”യെ ആശ്രയിക്കുന്നു.—യോഹന്നാൻ 10:16; ആവർത്തനപുസ്തകം 5:14, NW.
22. (എ) ശെബ്നയെ ഗൃഹവിചാരക സ്ഥാനത്തുനിന്നു മാറ്റിയത് സമയോചിതമായ ഒരു നടപടി ആയിരുന്നത് എന്തുകൊണ്ട്? (ബി) ആധുനിക നാളിൽ, “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” നിയമിക്കപ്പെട്ടതും തക്കസമയത്ത് ആയിരിക്കുന്നത് എന്തുകൊണ്ട്?
22 ശെബ്നയെ മാറ്റി തത്സ്ഥാനത്ത് എല്യാക്കീമിനെ നിയമിച്ചത് സൻഹേരീബും അവന്റെ സൈന്യങ്ങളും യെരൂശലേമിനെതിരെ ഭീഷണി ഉയർത്തിയപ്പോഴാണ്. സമാനമായി, “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” സേവനത്തിനായി നിയമിക്കപ്പെട്ടിരിക്കുന്നത് ഈ വ്യവസ്ഥിതിയുടെ അന്ത്യകാലത്താണ്. ഈ അന്ത്യകാലം സമാപ്തിയിലേക്കു വരുന്നത് ‘ദൈവത്തിന്റെ ഇസ്രായേലി’നെയും വേറെ ആടുകളാകുന്ന അവരുടെ സഹകാരികളെയും അന്തിമമായി ആക്രമിക്കാൻ സാത്താനും അവന്റെ കൂട്ടാളികളും ശ്രമിക്കുമ്പോഴായിരിക്കും. (ഗലാത്യർ 6:16) ഹിസ്കീയാവിന്റെ നാളിലേതുപോലെ, നീതിയുടെ ശത്രുക്കൾ നശിക്കുന്നതോടെ ആ ആക്രമണം അവസാനിക്കും. യെരൂശലേമിലെ വിശ്വസ്ത നിവാസികൾ യഹൂദയുടെ മേലുള്ള അസീറിയൻ ആക്രമണത്തെ അതിജീവിച്ചതുപോലെ, ‘ഉറപ്പുള്ള സ്ഥലത്തെ ആണി’യെ, വിശ്വസ്തനായ ഗൃഹവിചാരകനെ, ആശ്രയിക്കുന്നവർ അതിജീവിക്കും. നേരെമറിച്ച്, യഥാർഥ യോഗ്യതകളില്ലാത്ത ക്രൈസ്തവലോകമാകുന്ന “ആണി”യെ ആശ്രയിക്കുന്നത് എത്രയോ മൗഢ്യമായിരിക്കും!
23. ശെബ്നയ്ക്ക് ഒടുവിൽ എന്തു സംഭവിക്കുന്നു, ഇതിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
23 പിന്നീട് ശെബ്നയ്ക്ക് എന്താണു സംഭവിക്കുന്നത്? അവനെ കുറിച്ച് യെശയ്യാവു 22:18-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എങ്ങനെ നിവൃത്തിയേറി എന്നതു സംബന്ധിച്ച് നമുക്കു യാതൊരു രേഖയുമില്ല. തന്നെത്തന്നെ ഉയർത്തുകയും പിന്നീടു താഴ്ത്തപ്പെടുകയും ചെയ്യുമ്പോൾ അവൻ ക്രൈസ്തവലോകത്തെ പോലെയാണ്. എന്നാൽ തനിക്കു ലഭിച്ച ശിക്ഷണത്തിൽനിന്ന് അവൻ ഒരു പാഠം പഠിച്ചിരിക്കാം. ഇക്കാര്യത്തിൽ അവൻ ക്രൈസ്തവലോകത്തിൽനിന്നു വളരെ വ്യത്യസ്തനാണ്. യെരൂശലേം കീഴടങ്ങണമെന്ന് അസീറിയക്കാരനായ രബ്-ശാക്കേ ആവശ്യപ്പെടുമ്പോൾ, ഹിസ്കീയാവിന്റെ പുതിയ ഗൃഹവിചാരകനായ എല്യാക്കീം ഒരു പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് അവന്റെ അടുക്കൽ ചെല്ലുന്നു. രാജാവിന്റെ രായസക്കാരൻ (സെക്രട്ടറി) എന്ന നിലയിൽ ശെബ്നയും എല്യാക്കീമിനോടൊപ്പമുണ്ട്. തെളിവനുസരിച്ച്, ശെബ്ന ഇപ്പോഴും രാജസേവനത്തിലാണ്. (യെശയ്യാവു 36:2, 22) ദൈവത്തിന്റെ സംഘടനയിൽ സേവനപദവികൾ നഷ്ടപ്പെടുന്നവർക്ക് എത്ര നല്ലൊരു പാഠം! നീരസം വെച്ചുകൊണ്ടിരിക്കുന്നതിനു പകരം, ലഭിക്കുന്ന ഏതു പദവിയിലും യഹോവയെ സേവിക്കുന്നതിൽ തുടരുന്നത് ജ്ഞാനമാണ്. (എബ്രായർ 12:6) അങ്ങനെ ചെയ്താൽ, ക്രൈസ്തവലോകത്തിന്മേൽ വരാൻ പോകുന്ന ദുരന്തം അവർക്ക് ഒഴിവാക്കാനാകും. മാത്രമല്ല, സകല നിത്യതയിലും ദൈവത്തിന്റെ കൃപയും അനുഗ്രഹവും അവർക്ക് ഉണ്ടായിരിക്കുകയും ചെയ്യും.
[അടിക്കുറിപ്പുകൾ]
a പൊ.യു. 66-ൽ, യെരൂശലേമിനെ ഉപരോധിച്ച റോമൻ സൈന്യങ്ങൾ പിൻവാങ്ങിയപ്പോൾ പല യഹൂദന്മാരും സന്തോഷിച്ചു.
b ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, പൊ.യു. 70-ൽ യെരൂശലേമിലെ ആളുകൾ പുല്ലും വൈക്കോലും തോലും തിന്നുന്ന അവസ്ഥ സംജാതമാകുമാറ് അത്രയ്ക്കു രൂക്ഷമായിരുന്നു അവിടത്തെ ക്ഷാമം. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ വറുത്തുതിന്നതായും റിപ്പോർട്ടുണ്ട്.
c “യെഹൂദയുടെ മൂടുപടം” എന്നത് ഒരുപക്ഷേ നഗരത്തിന്റെ സംരക്ഷണാർഥം ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതും പട്ടാളക്കാർ താമസിക്കുന്നതുമായ കോട്ടകൾ പോലുള്ള മറ്റെന്തെങ്കിലുമാകാം.
[231-ാം പേജിലെ ചിത്രം]
സിദെക്കീയാവ് പലായനം ചെയ്യവെ, ശത്രുക്കൾ അവനെ പിടിച്ച് കണ്ണുകൾ കുത്തിപ്പൊട്ടിച്ചു
[232, 233 പേജുകളിലെ ചിത്രം]
യെരൂശലേമിൽ കുടുങ്ങിപ്പോയ യഹൂദന്മാരുടെ ഭാവി ഇരുളടഞ്ഞതാണ്
[239-ാം പേജിലെ ചിത്രം]
എല്യാക്കീമിനെ ഹിസ്കീയാവ് ‘ഉറപ്പുള്ള സ്ഥലത്തെ ഒരു ആണി’ ആക്കുന്നു
[241-ാം പേജിലെ ചിത്രം]
ശെബ്നയെ പോലെ, പല ക്രൈസ്തവലോക നേതാക്കന്മാരും സ്വത്തുക്കൾ സ്വരുക്കൂട്ടിക്കൊണ്ട് സ്രഷ്ടാവിന് അപമാനം വരുത്തിവെച്ചിരിക്കുന്നു
[242-ാം പേജിലെ ചിത്രങ്ങൾ]
ആധുനിക നാളിൽ, യേശുവിന്റെ ഗൃഹത്തിന്റെ ചുമതല ഒരു വിശ്വസ്ത ഗൃഹവിചാരക വർഗത്തിനു ലഭിച്ചിരിക്കുന്നു