അധ്യായം ഇരുപത്
യഹോവ വാഴുന്നു
1, 2. (എ) ആരുടെയൊക്കെ മേൽ യഹോവയുടെ ക്രോധം വരും? (ബി) യഹൂദാ നിവാസികൾ ശിക്ഷയിൽനിന്ന് ഒഴിവുള്ളവർ ആയിരിക്കുമോ, അതു നമുക്ക് എങ്ങനെ അറിയാം?
ബാബിലോൺ, ഫെലിസ്ത്യ, മോവാബ്, സിറിയ, എത്യോപ്യ, ഈജിപ്ത്, ഏദോം, സോർ, അസീറിയ തുടങ്ങിയ ചില രാജ്യങ്ങൾക്കും നഗരങ്ങൾക്കും യഹോവയുടെ ക്രോധം അനുഭവിക്കേണ്ടിവരും. അവയുടെമേൽ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് യെശയ്യാവ് മുൻകൂട്ടി പറഞ്ഞിരിക്കുന്നു. എന്നാൽ യഹൂദയുടെ കാര്യമോ? യഹൂദാ നിവാസികൾ ചെയ്ത പാപങ്ങൾക്കു ശിക്ഷ ലഭിക്കാതിരിക്കുമോ? തീർച്ചയായും ഇല്ല എന്നു ചരിത്രം വ്യക്തമാക്കുന്നു!
2 പത്തു-ഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമായ ശമര്യക്കു സംഭവിച്ചത് എന്താണെന്നു പരിചിന്തിക്കുക. ആ രാഷ്ട്രം ദൈവവുമായുള്ള തങ്ങളുടെ ഉടമ്പടി പാലിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ അധമ പ്രവൃത്തികളിൽ നിന്ന് അത് ഒഴിഞ്ഞുനിന്നില്ല. മറിച്ച്, ശമര്യ നിവാസികൾ “യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു. . . . അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏററവും കോപിച്ചു അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.” അവരുടെ ദേശത്തുനിന്ന് യഹോവ അവരെ നീക്കിക്കളഞ്ഞു. അങ്ങനെ, “യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു.” (2 രാജാക്കന്മാർ 17:9-12, 16-18, 23; ഹോശേയ 4:12-14) ഇസ്രായേലിന് സംഭവിച്ചതുതന്നെയാണ് അതിന്റെ സഹോദരീ രാജ്യമായ യഹൂദയ്ക്കും സംഭവിക്കാനിരിക്കുന്നത്.
യഹൂദയുടെ ശൂന്യമാക്കൽ യെശയ്യാവ് മുൻകൂട്ടി പറയുന്നു
3. (എ) യഹോവ രണ്ടു-ഗോത്ര രാജ്യമായ യഹൂദയെ തള്ളിക്കളയുന്നത് എന്തുകൊണ്ട്? (ബി) എന്തു ചെയ്യാൻ യഹോവ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
3 യഹൂദയിലെ ചില രാജാക്കന്മാർ വിശ്വസ്തരായിരുന്നെങ്കിലും, ഭൂരിപക്ഷം പേരും അവിശ്വസ്തരായിരുന്നു. യോഥാമിനെ പോലുള്ള വിശ്വസ്ത രാജാക്കന്മാരുടെ കാലത്തു പോലും ആളുകൾ വ്യാജാരാധന പൂർണമായി ഉപേക്ഷിച്ചില്ല. (2 രാജാക്കന്മാർ 15:32-35) രക്തദാഹിയായ മനശ്ശെ രാജാവിന്റെ വാഴ്ചക്കാലത്താകട്ടെ, യഹൂദയിലെ ദുഷ്ടത അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു യഹൂദാ വൃത്താന്തം അനുസരിച്ച്, വിശ്വസ്ത പ്രവാചകനായ യെശയ്യാവിനെ വാളുകൊണ്ട് അറുത്തുകൊല്ലാൻ കൽപ്പന പുറപ്പെടുവിക്കുന്നത് ഈ രാജാവാണ്. (എബ്രായർ 11:37 താരതമ്യം ചെയ്യുക.) ഈ ദുഷ്ട രാജാവ് “യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേംനിവാസികളെയും തെററുമാറാക്കി.” (2 ദിനവൃത്താന്തം 33:9) മനശ്ശെയുടെ ഭരണത്തിൻ കീഴിൽ ആ ദേശം കനാന്യരുടെ കാലത്തേതിലും ദുഷിക്കുന്നു. അക്കാരണത്താൽ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും. . . . ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും. എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും. . . . അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.”—2 രാജാക്കന്മാർ 21:11-15.
4. യഹോവ യഹൂദയോട് എന്തു ചെയ്യും, ഈ പ്രവചനം നിവൃത്തിയേറുന്നത് എങ്ങനെ?
4 ഒരു തളിക കമിഴ്ത്തിയാൽ, അതിലുള്ള സാധനങ്ങളെല്ലാം ചിതറിവീഴുന്നതുപോലെ, യഹൂദാ ദേശത്തുനിന്നു നിവാസികൾ ചിതറിക്കപ്പെടും. യഹൂദയുടെയും യെരൂശലേമിന്റെയും ഈ ശൂന്യമാക്കലിനെ കുറിച്ചാണ് വീണ്ടും യെശയ്യാവ് പ്രവചിക്കുന്നത്. പ്രവാചകൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.” (യെശയ്യാവു 24:1) നെബൂഖദ്നേസരിന്റെ നേതൃത്വത്തിലുള്ള സൈന്യങ്ങൾ യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കുകയും യഹൂദാ നിവാസികൾ വാളാലും ക്ഷാമത്താലും മഹാമാരിയാലും മരിക്കുകയും ചെയ്യുമ്പോൾ ഈ പ്രവചനം നിവൃത്തിയേറുന്നു. മിക്ക യഹൂദന്മാരെയും പ്രവാസികളായി ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുന്നു. ശേഷിക്കുന്ന കുറച്ചു പേർ ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. അങ്ങനെ യഹൂദാദേശം നശിച്ച് ആൾപ്പാർപ്പ് ഇല്ലാത്തതായിത്തീരുന്നു, വളർത്തുമൃഗങ്ങൾ പോലും അവിടെ അവശേഷിക്കുന്നില്ല. ആളൊഴിഞ്ഞ ആ ദേശം ദുഃഖസ്മരണകൾ ഉണർത്തുന്ന നാശശിഷ്ടങ്ങളുടെ ഒരു പാഴ്നിലവും വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സങ്കേതവും ആയിത്തീരുന്നു.
5. യഹോവയുടെ ന്യായവിധിയിൽനിന്ന് ആരെങ്കിലും ഒഴിവുള്ളവർ ആയിരിക്കുമോ? വിശദീകരിക്കുക.
5 വരാനിരിക്കുന്ന ന്യായവിധിയിൽനിന്ന് യഹൂദയിലെ ആരെങ്കിലും ഒഴിവുള്ളവരായിരിക്കുമോ? അതിന് യെശയ്യാവ് ഉത്തരം നൽകുന്നു: “ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും യജമാനത്തിക്കും, കൊള്ളുന്നവന്നും വില്ക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും. ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.” (യെശയ്യാവു 24:2, 3) സമ്പത്തിനോ ആലയത്തിലെ സേവനപദവികൾക്കോ ഈ പ്രവചനത്തിന്റെ നിവൃത്തിയിൽ യാതൊരു മാറ്റവും വരുത്താൻ കഴിയുകയില്ല. അതിൽ നിന്ന് ആരും ഒഴിവുള്ളവർ ആയിരിക്കില്ല. ദേശം അങ്ങേയറ്റം ദുഷിച്ചിരിക്കുന്നതിനാൽ, അതിജീവിക്കുന്ന എല്ലാവരും—പുരോഹിതനും ദാസനും യജമാനനും വാങ്ങുന്നവനും കൊടുക്കുന്നവനുമെല്ലാം—പ്രവാസത്തിലേക്കു പോകേണ്ടിവരും.
6. യഹോവ ദേശത്തുനിന്നു തന്റെ അനുഗ്രഹം പിൻവലിക്കുന്നത് എന്തുകൊണ്ട്?
6 ഒരു തെറ്റിദ്ധാരണയ്ക്കും വക നൽകാതെ, ആസന്നമായ ആ വിപത്ത് എത്ര സമഗ്രമായിരിക്കുമെന്നും അതിന്റെ കാരണം എന്താണെന്നും യെശയ്യാവ് വ്യക്തമായി വിവരിക്കുന്നു: “ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു. അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കംപേർ മാത്രം ശേഷിച്ചിരിക്കുന്നു.” (യെശയ്യാവു 24:4-6) ഇസ്രായേല്യർക്കു ലഭിച്ച കനാൻദേശം “പാലും തേനും ഒഴുകുന്ന ദേശ”മായിരുന്നു. (ആവർത്തനപുസ്തകം 27:3) എങ്കിലും, അവർക്കു തുടർന്നും യഹോവയുടെ അനുഗ്രഹം അത്യന്താപേക്ഷിതമായിരുന്നു. അവർ അവന്റെ നിയമങ്ങളും കൽപ്പനകളും വിശ്വസ്തതയോടെ പാലിച്ചാൽ, അവർക്ക് ‘ഭൂമി വിളവു നൽകു’മായിരുന്നു. അവയെ ലംഘിച്ചാലോ, ദേശം “വെറുതെ ക്ഷയിച്ചുപോകു”കയും ‘ഫലം തരാതെ’ ഇരിക്കുകയും ചെയ്യുമായിരുന്നു. (ലേവ്യപുസ്തകം 26:3-5, 14, 15, 20) യഹോവയുടെ ശാപം ദേശത്തെ ‘തിന്നുകളയു’മായിരുന്നു. (ആവർത്തനപുസ്തകം 28:15-20, 38-42, 62, 63) ഇപ്പോൾ ആ ശാപം തങ്ങളുടെ ദേശത്തിന്മേൽ വരുമെന്ന് യഹൂദാ നിവാസികൾക്കു പ്രതീക്ഷിക്കാനാകും.
7. ന്യായപ്രമാണ ഉടമ്പടി ഇസ്രായേല്യർക്ക് ഒരു അനുഗ്രഹം ആയിരിക്കുമായിരുന്നത് എങ്ങനെ?
7 യെശയ്യാവിന്റെ കാലത്തിനും ഏകദേശം 800 വർഷങ്ങൾക്കു മുമ്പ്, സ്വമനസ്സാലെ യഹോവയുമായുള്ള ഒരു ഉടമ്പടി ബന്ധത്തിൽ പ്രവേശിച്ച ഇസ്രായേല്യർ അതിലെ വ്യവസ്ഥകൾ അനുസരിച്ചുകൊള്ളാമെന്നു സമ്മതിച്ചു. (പുറപ്പാടു 24:3-8) യഹോവയുടെ കൽപ്പനകൾ അനുസരിച്ചാൽ, അവർക്ക് അവന്റെ അനുഗ്രഹം ലഭിക്കുമെന്നും ആ ഉടമ്പടി ലംഘിച്ചാൽ അനുഗ്രഹം നഷ്ടപ്പെടുകയും ശത്രുക്കൾ അവരെ അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്യുമെന്നും ആ ന്യായപ്രമാണ ഉടമ്പടി വ്യവസ്ഥ ചെയ്തു. (പുറപ്പാടു 19:5, 6; ആവർത്തനപുസ്തകം 28:1-68) മോശെ മുഖാന്തരം നൽകപ്പെട്ട ന്യായപ്രമാണ ഉടമ്പടി മിശിഹാ വരുന്നതുവരെ ഇസ്രായേല്യർക്ക് ഒരു സംരക്ഷണമായി ഉതകുമായിരുന്നു.—ഗലാത്യർ 3:19, 24.
8. (എ) ആളുകൾ ‘പ്രമാണങ്ങളെ ലംഘിക്കുക’യും ‘ചട്ടങ്ങളെ മാറ്റിമറിക്കുക’യും ചെയ്തിരിക്കുന്നത് എങ്ങനെ? (ബി) ഏതു വിധങ്ങളിലാണ് “ഉന്നതന്മാർ” ആദ്യം ‘വാടിപ്പോകു’ന്നത്?
8 എന്നാൽ ഇസ്രായേല്യർ “നിത്യനിയമത്തിന്നു [“ഉടമ്പടിക്ക്,” NW] ഭംഗം വരുത്തിയിരിക്കുന്നു.” ദൈവത്തിന്റെ നിയമങ്ങളെ അവർ അവഗണിക്കുകയും ലംഘിക്കുകയും ചെയ്തിരിക്കുന്നു. യഹോവ നൽകിയതിൽനിന്നും ഭിന്നമായ നിയമനടപടികൾ പിൻപറ്റുന്ന അവർ ‘ചട്ടങ്ങളെ മാറ്റിമറിച്ചി’രിക്കുന്നു. (പുറപ്പാടു 22:25; യെഹെസ്കേൽ 22:12) അക്കാരണത്താൽ ആളുകൾ ദേശത്തുനിന്നു നീക്കം ചെയ്യപ്പെടും. വരാൻ പോകുന്ന ന്യായവിധിയിൽ അവർക്കു കരുണ ലഭിക്കുകയില്ല. യഹോവ സംരക്ഷണവും കൃപയും പിൻവലിക്കുന്നതിന്റെ ഫലമായി ആദ്യം ‘വാടിപ്പോകു’ന്നവരിൽ “ഉന്നതന്മാർ,” അതായത് കുലീന വ്യക്തികൾ ഉണ്ടായിരിക്കും. അതിന്റെ നിവൃത്തി എന്ന നിലയിൽ, യെരൂശലേമിന്റെ നാശം അടുത്തുവരവെ ആദ്യം ഈജിപ്തുകാരും പിന്നീട് ബാബിലോണിയരും യഹൂദാ രാജാക്കന്മാരെ തങ്ങളുടെ സാമന്ത രാജാക്കന്മാരാക്കുന്നു. പിൽക്കാലത്ത്, ബാബിലോണിയർ ആദ്യം പ്രവാസികളായി കൊണ്ടുപോകുന്നവരുടെ കൂട്ടത്തിൽ യെഹോയാഖീനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും ഉണ്ട്.—2 ദിനവൃത്താന്തം 36:4, 9, 10.
ദേശം ദുഃഖിക്കുന്നു
9, 10. (എ) ഇസ്രായേലിൽ കൃഷിക്കുള്ള സ്ഥാനമെന്ത്? (ബി) ‘ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ വസിക്കുന്ന’ത് എന്തിനെ സൂചിപ്പിക്കുന്നു?
9 ഇസ്രായേൽ ജനത ഒരു കർഷക സമൂഹമാണ്. വാഗ്ദത്ത ദേശത്തു പ്രവേശിച്ച കാലം മുതലേ മൃഗവളർത്തലും കൃഷിയും ഇസ്രായേല്യരുടെ ജീവിതരീതിയുടെ ഭാഗമായിരുന്നു. അതിനാൽ, അവർക്കു ലഭിച്ച നിയമത്തിൽ കൃഷിയോടു ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. മണ്ണിന്റെ ഉത്പാദനക്ഷമത വർധിക്കേണ്ടതിന് ഓരോ ഏഴാം വർഷവും ദേശം കൃഷി ചെയ്യാതെ വെറുതെ ഇടാൻ അവർക്കു കൽപ്പന നൽകിയിരുന്നു. (പുറപ്പാടു 23:10, 11; ലേവ്യപുസ്തകം 25:3-7) ആ ജനതയോട് ആഘോഷിക്കാൻ കൽപ്പിച്ചിരുന്ന മൂന്ന് വാർഷിക ഉത്സവങ്ങളും വിളവെടുപ്പു കാലത്താണ്.—പുറപ്പാടു 23:14-16.
10 ദേശത്തുടനീളം മുന്തിരിത്തോപ്പുകൾ കാണാം. വീഞ്ഞ് “മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന” ഒരു ദൈവദാനമാണെന്നു തിരുവെഴുത്തുകൾ പറയുന്നു. (സങ്കീർത്തനം 104:15) ‘ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ വസിക്കുന്നു.’ നീതിനിഷ്ഠമായ ദൈവഭരണത്തിൻ കീഴിലുള്ള സമൃദ്ധിയെയും സമാധാനത്തെയും സുരക്ഷിതത്വത്തെയുമാണ് അതു സൂചിപ്പിക്കുന്നത്. (1 രാജാക്കന്മാർ 4:25; മീഖാ 4:4) സമൃദ്ധമായ മുന്തിരിക്കൊയ്ത്ത് ഒരു അനുഗ്രഹമായും പാടി ആനന്ദിക്കാനുള്ള അവസരമായും കരുതപ്പെടുന്നു. (ന്യായാധിപന്മാർ 9:27; യിരെമ്യാവു 25:30) അതേസമയം, ദേശത്തു മുന്തിരിവള്ളി ഉണങ്ങിപ്പോകുകയും മുന്തിരിങ്ങ വിളയാതിരിക്കുകയും മുന്തിരിത്തോട്ടങ്ങളിൽ മുള്ളുകൾ വളർന്ന് അതു പാഴ്നിലം ആയിത്തീരുകയും ചെയ്യുന്നത് യഹോവ അനുഗ്രഹം പിൻവലിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അത് അതീവ ദുഃഖത്തിന് ഇടയാക്കുന്നു.
11, 12. (എ) യഹോവയുടെ ന്യായവിധിയുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥകളെ യെശയ്യാവ് ചിത്രീകരിക്കുന്നത് എങ്ങനെ? (ബി) യെശയ്യാവ് ദാരുണമായ ഏത് കാര്യങ്ങളെ കുറിച്ചാണു വർണിക്കുന്നത്?
11 യഹോവ തന്റെ അനുഗ്രഹം ദേശത്തുനിന്നു പിൻവലിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥകളെ ചിത്രീകരിക്കാനാണ് യെശയ്യാവ് ഉചിതമായും മുന്തിരിത്തോട്ടത്തെയും അതിൽനിന്നു ലഭിക്കുന്ന ഉത്പന്നങ്ങളെയും ഉപയോഗിക്കുന്നത്: “പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീർപ്പിടുന്നു. തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു. അവർ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവർക്കു അതു കൈപ്പായിരിക്കും. ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു. വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു. പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽ തകർന്നു നാശമായി കിടക്കുന്നു.”—യെശയ്യാവു 24:7-12.
12 യഹോവയെ സ്തുതിക്കാനും സന്തോഷം പ്രകടിപ്പിക്കാനും ഇസ്രായേല്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് തപ്പും കിന്നരവും. (2 ദിനവൃത്താന്തം 29:25; സങ്കീർത്തനം 81:2) ദിവ്യ ന്യായവിധിയുടെ സമയത്ത് അവരുടെ സംഗീതത്തിന്റെ ശബ്ദം കേൾക്കുകയില്ല. ആനന്ദകരമായ മുന്തിരിക്കൊയ്ത്ത് ഉണ്ടായിരിക്കുകയില്ല. യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളിൽ യാതൊരു സന്തോഷനാദവും കേൾക്കുകയില്ല. അതിന്റെ കവാടം ‘തകർന്നു നാശമായി കിടക്കും.’ ആർക്കും പ്രവേശിക്കാനാവാതെ അതിലെ വീടുകൾ ‘അടഞ്ഞുപോയിരിക്കും.’ സ്വാഭാവികമായി ഫലഭൂയിഷ്ഠമായിരുന്ന ഒരു ദേശത്തിലെ നിവാസികളുടെമേൽ എത്രയോ ദാരുണമായ കാര്യങ്ങളാണ് വരാനിരിക്കുന്നത്!
ഒരു ശേഷിപ്പ് ‘ഉച്ചത്തിൽ ആർക്കുന്നു’
13, 14. (എ) വിളവെടുപ്പു സംബന്ധിച്ച യഹോവയുടെ നിയമങ്ങൾ എന്തെല്ലാം? (ബി) യഹോവയുടെ ന്യായവിധിയെ അതിജീവിക്കുന്ന ചിലർ ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കാൻ വിളവെടുപ്പു സംബന്ധിച്ച നിയമങ്ങളെ യെശയ്യാവ് ഉപയോഗിക്കുന്നത് എങ്ങനെ? (സി) ദുഃഖകരമായ പരിശോധനാ കാലങ്ങൾ വരുമെങ്കിലും, വിശ്വസ്ത യഹൂദന്മാർക്ക് എന്തു സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാനാകും?
13 ഇസ്രായേല്യർ വൃക്ഷത്തിൽനിന്നു തല്ലിവീഴിച്ചാണ് ഒലിവു പഴങ്ങൾ ശേഖരിച്ചിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ശേഷിക്കുന്ന പഴങ്ങൾ കൊമ്പുകളിൽ കയറി പറിക്കരുതെന്നു ദൈവനിയമം വിലക്കിയിരുന്നു. മുന്തിരിത്തോട്ടത്തിൽനിന്ന് വിളവെടുത്തശേഷം അവർ കാലാ പെറുക്കരുതായിരുന്നു. അവ ദരിദ്രർക്ക്—“പരദേശിക്കും അനാഥന്നും വിധവെക്കും”—ഉള്ളതായിരുന്നു. (ആവർത്തനപുസ്തകം 24:19-21) സകലർക്കും അറിയാവുന്ന ഈ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് യെശയ്യാവ്, യഹോവയുടെ ആസന്നമായ ന്യായവിധിയെ അതിജീവിക്കുന്നവർ ഉണ്ടായിരിക്കും എന്ന വസ്തുത എടുത്തുകാട്ടുന്നത്: “ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു. അവർ ഉച്ചത്തിൽ ആർക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്നു ഉറക്കെ ആർക്കും. അതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രയേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിൻ. നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അററത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു.”—യെശയ്യാവു 24:13-16എ.
14 വിളവെടുപ്പിനുശേഷം, ഒലിവുവൃക്ഷത്തിലും മുന്തിരിവള്ളിയിലും കുറെയൊക്കെ ഫലം ശേഷിക്കുന്നതുപോലെ, “മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കും പോലെ,” യഹോവ തന്റെ ന്യായവിധി നടത്തിക്കഴിയുമ്പോൾ അവശേഷിക്കുന്ന കുറേ പേർ ഉണ്ടായിരിക്കും. “ചുരുക്കംപേർ മാത്രം ശേഷിച്ചിരിക്കുന്നു” എന്ന് ഇവരെ കുറിച്ച് പ്രവാചകൻ നേരത്തേതന്നെ, 6-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു. അതുപോലെ, യെരൂശലേമിന്റെയും യഹൂദയുടെയും നാശത്തെ അതിജീവിക്കുന്ന കുറച്ചു പേർ ഉണ്ടായിരിക്കും. പിന്നീട്, ഒരു ശേഷിപ്പ് പ്രവാസത്തിൽനിന്നു മടങ്ങിവന്ന് ദേശത്തു വീണ്ടും പാർപ്പുറപ്പിക്കും. (യെശയ്യാവു 4:2, 3; 14:1-5) നീതിഹൃദയരായ ആളുകൾക്ക് പരിശോധനയുടെ ദുഃഖകരമായ കാലങ്ങളെ നേരിടേണ്ടിവരുമെങ്കിലും, വിടുതലും സന്തോഷവും തങ്ങളെ കാത്തിരിക്കുന്നു എന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതിജീവിക്കുന്നവർ യഹോവയുടെ പ്രാവചനിക വചനത്തിന്റെ നിവൃത്തി കാണുകയും യെശയ്യാവ് ദൈവത്തിന്റെ ഒരു യഥാർഥ പ്രവാചകൻ ആയിരുന്നെന്നു തിരിച്ചറിയുകയും ചെയ്യും. പുനഃസ്ഥിതീകരണ പ്രവചനങ്ങളുടെ നിവൃത്തി കാണവെ, അവർ സന്തോഷിച്ചാർക്കും. എവിടേക്ക്—പടിഞ്ഞാറുള്ള മെഡിറ്ററേനിയൻ കടലിലെ ദ്വീപുകളിലേക്കോ ‘കിഴക്കുള്ള’ ബാബിലോണിലേക്കോ മറ്റേതെങ്കിലും വിദൂര സ്ഥലത്തേക്കോ—ചിതറിക്കപ്പെട്ടാലും, തങ്ങൾ ജീവിച്ചിരിക്കുന്നതിനെ പ്രതി അവർ ദൈവത്തെ സ്തുതിക്കുകയും “നീതിമാന്നു മഹത്വം” എന്നു പാടുകയും ചെയ്യും.
യഹോവയുടെ ന്യായവിധിയിൽനിന്ന് രക്ഷപ്പെടാനാവില്ല
15, 16. (എ) തന്റെ ജനത്തിനു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ യെശയ്യാവിൽ എന്തു വികാരം ഉണർത്തുന്നു? (ബി) ദേശത്തെ അവിശ്വസ്തരായ ആളുകൾക്ക് എന്തു സംഭവിക്കും?
15 എന്നാൽ ഇപ്പോൾ സന്തോഷിക്കാനുള്ള സമയമായിട്ടില്ല. പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യെശയ്യാവ് തന്റെ സമകാലികരെ വർത്തമാന കാലത്തിലേക്കു തിരികെ കൊണ്ടുവരുന്നു: “ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു. ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു. പേടി കേട്ടു ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു. ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.”—യെശയ്യാവു 24:16ബി-20.
16 തന്റെ ജനത്തിനു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ ഓർത്ത് യെശയ്യാവ് ആഴമായി ദുഃഖിക്കുന്നു. ചുറ്റുമുള്ള സ്ഥിതിവിശേഷം അവനിൽ അസ്വാസ്ഥ്യവും നൊമ്പരവും ഉളവാക്കുന്നു. വഞ്ചകർ പെരുകുന്നു, അവർ ദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. യഹോവ തന്റെ സംരക്ഷണം പിൻവലിക്കുമ്പോൾ, അവിശ്വസ്തരായ യഹൂദാ നിവാസികൾ രാവും പകലും ഭീതിയിൽ കഴിയും. അവരെ അനിശ്ചിതത്വം ബാധിക്കും. സംഭവിക്കാനിരിക്കുന്ന വിപത്തിനെ അവർക്കു വിട്ടൊഴിയാനാവില്ല. കാരണം, അവർ യഹോവയുടെ കൽപ്പനകൾ തള്ളിക്കളയുകയും അവന്റെ ജ്ഞാനം അവഗണിക്കുകയും ചെയ്തിരിക്കുന്നു. (സദൃശവാക്യങ്ങൾ 1:24-27) ദേശത്തെ വഞ്ചകന്മാർ ഭോഷ്കും വഞ്ചനയും ആയുധമാക്കിക്കൊണ്ട് എല്ലാം നേരെയാകുമെന്ന് ആളുകളെ വിശ്വസിപ്പിക്കുകയും അങ്ങനെ നാശകരമായ ഗതിയിലേക്ക് അവരെ തള്ളിവിടാൻ ശ്രമിക്കുകയും ചെയ്യും. എങ്കിലും അനർഥം വരികതന്നെ ചെയ്യും. (യിരെമ്യാവു 27:9-15) പുറത്തുനിന്നുള്ള ശത്രുക്കൾ ജനങ്ങളെ കൊള്ളയിടുകയും അവരെ ബന്ദികളായി കൊണ്ടുപോകുകയും ചെയ്യും. ഇതെല്ലാം യെശയ്യാവിനെ വല്ലാതെ ദുഃഖിപ്പിക്കുന്നു.
17. (എ) ജനം യഹോവയുടെ ന്യായവിധിയിൽനിന്നു രക്ഷപ്പെടുകയില്ലാത്തത് എന്തുകൊണ്ട്? (ബി) ന്യായവിധി സമയത്ത് യഹോവയുടെ ശക്തി സ്വർഗത്തിൽനിന്നു പുറപ്പെടുമ്പോൾ ദേശത്തിന് എന്തു സംഭവിക്കും?
17 എങ്കിലും, ആ ന്യായവിധിയിൽനിന്നു ജനം രക്ഷപ്പെടുകയില്ല എന്നു പ്രഖ്യാപിക്കാതിരിക്കാൻ പ്രവാചകനു കഴിയുന്നില്ല. ആളുകൾ എവിടേക്ക് ഓടിപ്പോയാലും അവർ പിടിക്കപ്പെടും. ചിലർ ഒരു ദുരന്തത്തെ അതിജീവിച്ചാൽത്തന്നെയും മറ്റൊരു ദുരന്തത്തിൽ ചെന്നുപെടും. അവർക്കു യാതൊരു സുരക്ഷിതത്വവും ഉണ്ടായിരിക്കില്ല. വേട്ടയാടപ്പെടുന്ന ഒരു മൃഗം കെണിയിൽ വീഴുകയും ഒടുവിൽ പിടിക്കപ്പെടുകയും ചെയ്യുന്നതുപോലെ ആയിരിക്കും അവരുടെ അവസ്ഥ. (ആമോസ് 5:18, 19 താരതമ്യം ചെയ്യുക.) ന്യായവിധി സമയത്ത് സ്വർഗത്തിൽനിന്നു പുറപ്പെടുന്ന യഹോവയുടെ ശക്തി ദേശത്തിന്റെ അടിസ്ഥാനങ്ങളെ പോലും ഉലയ്ക്കും. ദേശം ഒരു മദ്യപനെപ്പോലെ ആടിവീഴുന്നു, പാപഭാരത്താൽ അതിനു വീണ്ടും എഴുന്നേൽക്കാൻ കഴിയുന്നില്ല. (ആമോസ് 5:2) യഹോവയുടെ ന്യായവിധി ആത്യന്തികമായിരിക്കും. ദേശത്തിനു സമ്പൂർണ നാശം ഉണ്ടാകും.
യഹോവ മഹത്ത്വത്തോടെ വാഴും
18, 19. (എ) ‘ഉന്നതന്മാരുടെ സൈന്യം’ എന്നതുകൊണ്ട് പരാമർശിക്കുന്നത് എന്തിനെ ആയിരിക്കാം, ഇവരെ “കാരാഗൃഹത്തിൽ” ഒന്നിച്ചു കൂട്ടുന്നത് എങ്ങനെ? (ബി) സാധ്യതയനുസരിച്ച്, ‘ഏറിയ നാളു’കൾക്കു ശേഷം “ഉന്നതന്മാരുടെ സൈന്യ”ത്തിന് എങ്ങനെ ശ്രദ്ധ കൊടുക്കപ്പെടും? (സി) ‘ഭൂമിയിലെ ഭൂപാലന്മാർ’ക്ക് യഹോവ ശ്രദ്ധ കൊടുക്കുന്നത് എങ്ങനെ?
18 യെശയ്യാവിന്റെ പ്രവചനം ഏറെ വിപുലമായ ഒന്നിലേക്ക്, യഹോവയുടെ ഉദ്ദേശ്യത്തിന്റെ അന്തിമ നിവൃത്തിയിലേക്കു വിരൽ ചൂണ്ടുന്നു: “അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദർശിക്കും. കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദർശിക്കയും ചെയ്യും. സൈന്യങ്ങളുടെ യഹോവ സീയോൻപർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും [“മഹത്ത്വം,” “ഓശാന ബൈ.”] ചന്ദ്രൻ നാണിക്കയും സൂര്യൻ ലജ്ജിക്കയും ചെയ്യും.”—യെശയ്യാവു 24:21-23.
19 ‘ഉന്നതന്മാരുടെ സൈന്യം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് “ഈ അന്ധകാരത്തിന്റെ” സാത്താന്യ “ലോകാധിപതിക”ളെ, “സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേന”യെ ആയിരിക്കാം. (എഫെസ്യർ 6:12) ലോകശക്തികളുടെ മേൽ ഇവ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. (ദാനീയേൽ 10:13, 20; 1 യോഹന്നാൻ 5:19) യഹോവയിൽനിന്നും നിർമല ആരാധനയിൽനിന്നും ആളുകളെ അകറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. ചുറ്റുമുള്ള അധമമായ ആചാരങ്ങൾ പിൻപറ്റിക്കൊണ്ട് ദൈവത്തിന്റെ കുറ്റവിധിയിൽ ആകത്തക്കവണ്ണം ഇസ്രായേല്യരെ വഴിതെറ്റിക്കുന്നതിൽ അവർ എത്ര നന്നായി വിജയിക്കുന്നുവെന്നോ! എന്നാൽ സാത്താനോടും അവന്റെ ഭൂതങ്ങളോടും അവരുടെ സ്വാധീനത്താൽ ദൈവത്തിനെതിരെ തിരിഞ്ഞ് അവന്റെ നിയമങ്ങളെ ലംഘിക്കുന്ന ഭരണാധികാരികളായ ‘ഭൂമിയിലെ ഭൂപാലന്മാരോടും’ ഒടുവിൽ ദൈവം കണക്കു ചോദിക്കും. (വെളിപ്പാടു 16:13, 14) പ്രതീകാത്മക അർഥത്തിൽ, സാത്താനെയും ഭൂതങ്ങളെയും കൂട്ടിച്ചേർത്ത് ‘കാരാഗൃഹത്തിൽ അടെക്കും’ എന്ന് യെശയ്യാവ് പറയുന്നു. ‘ഏറിയനാൾ കഴിഞ്ഞ്,’ അതായത് സാധ്യതയനുസരിച്ച് യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ ഒടുവിൽ സാത്താനെയും ഭൂതങ്ങളെയും (‘ഭൂമിയിലെ ഭൂപാലന്മാരെ’ അല്ല) താത്കാലികമായി അഴിച്ചുവിടുന്ന സമയത്ത്, അർഹമായ അന്തിമ ശിക്ഷ ദൈവം അവരുടെമേൽ വരുത്തും.—വെളിപ്പാടു 20:3, 7-10.
20. പുരാതന കാലത്തും ആധുനിക കാലത്തും എങ്ങനെ, എപ്പോൾ യഹോവ ‘രാജാവായിത്തീരുന്നു’?
20 യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം യഹൂദന്മാർക്ക് അത്ഭുതകരമായ ഒരു ഉറപ്പായി ഉതകി. തക്കസമയത്ത് യഹോവ പുരാതന ബാബിലോണിനെ നശിപ്പിക്കുകയും യഹൂദന്മാരെ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥിതീകരിക്കുകയും ചെയ്യും. പൊ.യു.മു. 537-ൽ തന്റെ ജനത്തെ പ്രതി യഹോവ തന്റെ ശക്തിയും പരമാധികാരവും പ്രകടമാക്കിയപ്പോൾ “നിന്റെ ദൈവം രാജാവായിരിക്കുന്നു” എന്ന് അവരോടു വാസ്തവമായും പറയാൻ കഴിയുമായിരുന്നു. (യെശയ്യാവു 52:7, NW) ആധുനിക കാലത്ത്, അതായത് 1914-ൽ തന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ വാഴിച്ചപ്പോൾ യഹോവ ‘രാജാവായി.’ (സങ്കീർത്തനം 96:10) മഹാബാബിലോണിന്റെ അടിമത്തത്തിൽനിന്ന് ആത്മീയ ഇസ്രായേലിനെ വിടുവിച്ചുകൊണ്ട് തന്റെ രാജത്വത്തിന്റെ ശക്തി പ്രകടമാക്കിയ 1919-ലും യഹോവ ‘രാജാവായി.’
21. (എ) എങ്ങനെ ‘ചന്ദ്രൻ നാണിക്കയും സൂര്യൻ ലജ്ജിക്കയും ചെയ്യും’? (ബി) മാറ്റൊലികൊള്ളുന്ന ഏത് ആഹ്വാനത്തിന് അതിമഹത്തായ നിവൃത്തി ഉണ്ടാകും?
21 മഹാബാബിലോണിനെയും ഈ ദുഷ്ട വ്യവസ്ഥിതിയുടെ ശേഷിക്കുന്ന ഭാഗത്തെയും നശിപ്പിക്കുമ്പോൾ യഹോവ വീണ്ടും ‘രാജാവായി’ത്തീരും. (സെഖര്യാവു 14:9, വെളിപ്പാടു 19:1, 2, 19-21) പിന്നീട്, രാത്രിയിൽ പൂർണശോഭ പൊഴിക്കുന്ന ചന്ദ്രനും പകൽ കത്തിജ്വലിക്കുന്ന സൂര്യനും നിഷ്പ്രഭമാകുമാറ് അത്രയ്ക്കു മഹത്ത്വമാർന്നതായിരിക്കും യഹോവയുടെ രാജ്യഭരണം. (വെളിപ്പാടു 22:5 താരതമ്യം ചെയ്യുക.) പ്രതീകാത്മകമായി പറഞ്ഞാൽ, സൈന്യങ്ങളുടെ യഹോവയുടെ മഹത്ത്വത്തോടുള്ള താരതമ്യത്തിൽ അവ ലജ്ജിച്ചുപോകും. യഹോവ പരമാധികാരിയായി വാഴും. അവന്റെ സർവശക്തിയും മഹത്ത്വവും സകലർക്കും വെളിപ്പെടും. (വെളിപ്പാടു 4:8-11; 5:13, 14) അത് എത്രയോ മഹത്തരമായിരിക്കും! അപ്പോൾ സങ്കീർത്തനം 97:1-ലെ ആഹ്വാനം മുഴു അർഥത്തിലും ഭൂമിയിലെങ്ങും മാറ്റൊലികൊള്ളും: “യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.”
[262-ാം പേജിലെ ചിത്രം]
മേലാൽ ദേശത്ത് സംഗീതവും ആനന്ദവും ഉണ്ടായിരിക്കുകയില്ല
[265-ാം പേജിലെ ചിത്രം]
വിളവെടുപ്പിനുശേഷം വൃക്ഷത്തിൽ കുറെ ഫലങ്ങൾ ശേഷിക്കുന്നതു പോലെ, യഹോവയുടെ ന്യായവിധിയെ അതിജീവിക്കുന്ന കുറച്ചു പേർ ഉണ്ടായിരിക്കും
[267-ാം പേജിലെ ചിത്രം]
തന്റെ ജനത്തിനു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ പ്രതി യെശയ്യാവ് ആഴമായി ദുഃഖിക്കുന്നു
[269-ാം പേജിലെ ചിത്രം]
യഹോവയുടെ മഹത്ത്വത്തോടുള്ള താരതമ്യത്തിൽ സൂര്യനും ചന്ദ്രനും നിഷ്പ്രഭമായിപ്പോകും