യഹോവ നമ്മുടെ ബലം
“യഹോവയാം യാഹ് എന്റെ ബലവും എന്റെ ശക്തിയുമാകുന്നു.”—യെശയ്യാവ് 12:2.
1. (എ) യഹോവയുടെ സാക്ഷികൾ വളരെ വ്യത്യസ്തരായിരിക്കുന്നതെന്തുകൊണ്ട്? (ബി) യെശയ്യാവ് 12:2 യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്തിരിക്കുന്നതിനെ വെളിപ്പെടുത്തുന്നതെങ്ങനെ?
യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിൽ നിങ്ങൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ടോ? അവിടെ നിങ്ങൾ മററ് ഏതു ജനത്തിൽനിന്നും വളരെ വിഭിന്നമായ ഒരു ജനത്തെയാണു കാണുന്നത്! ഈ ജനം ആരാണ്, അവർ വ്യത്യസ്തരായിരിക്കുന്നതെന്തുകൊണ്ട്? ഞങ്ങൾ ദൈവത്തിന്റെ സ്വന്തം ജനമാണ്, ഞങ്ങൾ സകല നാമങ്ങളിലും വച്ച് ഏററം മഹത്തായ നാമം—നമുക്കു ചുററുമുള്ള പ്രപഞ്ചത്തിലെ സകല അത്ഭുതങ്ങളുടെയും മഹത്വവാനായ സ്രഷ്ടാവിന്റെ നാമം—വഹിക്കുന്നതുകൊണ്ടാണ് ഞങ്ങൾ വ്യത്യസ്തരായിരിക്കുന്നത്. അവന്റെ നാമം ഞങ്ങളുടെമേലുണ്ട്. അവൻ തന്റെ സ്ഥാപനത്തിലൂടെ “തക്കസമയത്ത്” നൽകുന്ന വിശിഷ്ടമായ ആത്മീയാഹാരം ആസ്വദിക്കുന്നതിന് ഞങ്ങൾ സന്തോഷപൂർവ്വം സമ്മേളിക്കുന്നത് അവന്റെ നാമത്തിലാണ്. (ലൂക്കോസ് 12:42) യഹോവയുടെ സാക്ഷികളെന്ന നിലയിൽ ഞങ്ങൾ യെശയ്യാവ് 12-ാം അദ്ധ്യായം 2-ാം വാക്യത്തിലെ വാക്കുകളിൽ അവന്റെ അതുല്യനാമത്തെ പുകഴ്ത്തുന്നു. അത് ഇങ്ങനെ വായിക്കപ്പെടുന്നു: “നോക്കു! ദൈവം എന്റെ രക്ഷയാകുന്നു. ഞാൻ ആശ്രയിക്കും, ഭയപ്പെടുകയുമില്ല; എന്തെന്നാൽ യഹോവയാം യാഹ് എന്റെ ബലവും എന്റെ ശക്തിയുമാകുന്നു, അവൻ എന്റെ രക്ഷയായിത്തീർന്നു.” ഞങ്ങളുടെ ദൈവം ഞങ്ങളെ അനേകം പീഡാനുഭവങ്ങളിലൂടെ കൊണ്ടുവന്നിരിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ അന്തിമരക്ഷ അടുത്തുവരികയാണ്—യഹോവയാം യാഹിന്റെ കൈയാൽതന്നെ!
2. (എ) ബൈബിളിൽ “യഹോവയാം യാഹ്” എന്ന പദപ്രയോഗം എത്ര കൂടെക്കൂടെ വരുന്നുണ്ട്, എവിടെ? (ബി) യെശയ്യാവ് 12:2-ലെ “ശക്തി” എന്നതിന്റെ മററു വിവർത്തനങ്ങളേവ, അവയും ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
2 “യഹോവയാം യാഹ്” എന്ന ഈ പദപ്രയോഗം, ദിവ്യനാമത്തിന്റെ ഒരു ഇരട്ടിപ്പാണ്, ഇവിടെയും യെശയ്യാവ് 26:4-ലുമായി രണ്ടു പ്രാവശ്യം മാത്രമേ അതു വരുന്നുള്ളു. കിംഗ് ജയിംസ് വേർഷന്റെ വിവർത്തകൻമാർപോലും അത് “കർത്താവാം യഹോവ” എന്ന് വിവർത്തനം ചെയ്യുന്നത് ഉചിതമെന്നു കണ്ടു. പുതിയലോക ഭാഷാന്തര റഫറൻസ് ബൈബിളിന്റെ അടിക്കുറിപ്പ് അനുസരിച്ച് യെശയ്യാവ് 12:2-ലെ “ശക്തി” എന്നതിന്റെ മററു വിവർത്തനങ്ങൾ “കീർത്തനം” എന്നും “സ്തുതി” എന്നുമാണ്. തന്റെ ആരാധകർക്ക് ചലനോജ്ജ്വലമായ ഊർജ്ജം പ്രദാനം ചെയ്യുന്ന സർവ്വശക്തനായ യഹോവയാം യാഹ് നമ്മുടെ ശ്രുതിമധുരമായ സ്തുതി ഗീതങ്ങൾക്ക് യോഗ്യനാണെന്നുള്ളത് എത്ര സത്യം!—യെശയ്യാവ് 40:28-31.
3. (എ) യഹോവയാം യാഹ് എന്തിനുള്ള വഴി തുറന്നിരിക്കുന്നു, എന്തിന്റെ അടിസ്ഥാനത്തിൽ? (ബി) റോമർ 11:33-36-ലെ പൗലോസിന്റെ വാക്കുകൾക്ക് യഹോവയുടെ സാക്ഷികളുടെമേലുള്ള ഫലമെന്ത്?
3 യഹോവയുടെ ശക്തി അവന്റെ ജ്ഞാനത്താലും നീതിയാലും സ്നേഹത്താലും സമതുലിതമാക്കപ്പെടുന്നു. ഈ ദിവ്യഗുണങ്ങളുടെ പ്രയോഗത്തിൽ യഹോവയാം യാഹ് യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസമുള്ള മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കുള്ള വഴി തുറന്നിരിക്കുന്നു. ഈ ബന്ധത്തിൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ഉദ്ഘോഷിച്ചു: “ഹാ, ദൈവത്തിന്റെ ധനത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവന്റെ ന്യായവിധികൾ എത്ര ആരായാനാവാത്തവയും അവന്റെ വഴികൾ എത്ര കണ്ടുപിടിക്കാനാവാത്തവയുമാകുന്നു! എന്തെന്നാൽ ‘യഹോവയുടെ മനസ്സ് അറിയാനിടയായിട്ടുള്ളവൻ ആർ, അഥവാ അവന്റെ ഉപദേശകനായിത്തീർന്നിട്ടുള്ളവൻ ആർ? അല്ലെങ്കിൽ തനിക്ക് തിരികെ നൽകപ്പെടത്തക്കവണ്ണം ആർ അവന് ആദ്യം കൊടുത്തിരിക്കുന്നു?’ എന്തെന്നാൽ സകലവും അവനിൽനിന്നും അവനാലും അവനു വേണ്ടിയുമാകുന്നു. അവന്നായിരിക്കട്ടെ എന്നേക്കും മഹത്വം. ആമേൻ.” (റോമർ 11:33-36) അതുകൊണ്ട്, നാം യഹോവയാം യാഹിനെ മുറുകെപ്പിടിക്കുന്നതും നമ്മുടെ സർവ്വശക്തനാം ദൈവവും പരമാധികാരകർത്താവുമെന്ന നിലയിൽ അവനിലുള്ള നമ്മുടെ സമ്പൂർണ്ണ വിശ്വാസവും ആശ്രയവും പ്രഖ്യാപിക്കുന്നതും എത്ര ഉചിതമാണ്!—എബ്രായർ 3:14 താരതമ്യപ്പെടുത്തുക.
4. (എ) ‘ഞാൻ ആശ്രയിക്കും, ഭയപ്പെടുകയുമില്ല’ എന്നു പ്രഖ്യാപിക്കാൻ പ്രവാചകനായ യെശയ്യാവിന് നല്ല കാരണമുണ്ടായിരുന്നതെന്തുകൊണ്ട്? (ബി) ഈ 20-ാം നൂററാണ്ടിൽ യഹോവയുടെ ജനത്തിന് യഹോവയാം യാഹിൽ ആശ്രയിക്കുന്നതിന് നല്ല കാരണമുള്ളതെന്തുകൊണ്ട്?
4 ‘ഞാൻ ആശ്രയിക്കും, ഭയപ്പെടുകയുമില്ല’ എന്ന് പ്രഖ്യാപിക്കുന്നതിന് യെശയ്യാവിന് നല്ല കാരണമുണ്ടായിരുന്നു. പ്രവാചകൻ പിന്നീട് ദൈവത്തിന്റെ രക്ഷാ പ്രവർത്തനങ്ങളോടു സുപരിചിതനായി. അശൂറിനെയും അതിന്റെ വമ്പനായ രാജാവായ സെൻഹെരീബിനെയും താഴ്ത്തിക്കൊണ്ട് യഹോവ തന്റെ വാക്കു നിവർത്തിച്ചപ്പോൾ അവൻ ഒരു ദൃക്സാക്ഷിയായിരുന്നു. ഒററ രാത്രിയിൽ നമ്മുടെ സർവ്വശക്തനാം ദൈവമായ യഹോവയാൽ അയയ്ക്കപ്പെട്ട ഒരൊററ ദൂതൻ 1,85,000 ആശൂർ പടയാളികളെ നിഗ്രഹിച്ചു! ഹിസ്കിയാവു രാജാവും സകല യഹൂദയും യഹോവയാം യാഹിൽ സമ്പൂർണ്ണമായി ആശ്രയിച്ചതുകൊണ്ടാണ് ആ മഹത്തായ രക്ഷ കൈവന്നത്. (യെശയ്യാവ് 37:6, 7, 21, 36-38) ഈ 20-ാം നൂററാണ്ടിൽ യഹോവ തന്റെ ജനത്തെ മർദ്ദനങ്ങളിൽനിന്നും നിരോധനങ്ങളിൽ നിന്നും പീഡനങ്ങളിൽനിന്നും തടങ്കൽ പാളയങ്ങളിൽ നിന്നും കൂടെ വിടുവിച്ചിരിക്കുന്നു. യെശയ്യാവിന്റെ കാലത്തെ ആ വീമ്പിളക്കിയ അസ്സീറിയാക്കാരെപ്പോലെ നാസി ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിററ്ലർ ഒരു സന്ദർഭത്തിൽ “ഈ ജാതി ജർമ്മനിയിൽ നിർമ്മൂലമാക്കപ്പെടും!” എന്ന് അലറിക്കൊണ്ട് യഹോവയുടെ സാക്ഷികൾക്കെതിരെ തട്ടിക്കയറി. എന്നാൽ നിർമ്മൂലമാക്കപ്പെട്ടത് ഹിററ്ലറും അയാളുടെ നാസികളുമായിരുന്നു. ഇപ്പോൾ യഹോവയിൽ ആശ്രയിച്ച ജർമ്മൻ സാക്ഷികളുടെ ചെറിയ സംഘം 1,21,200-ൽ പരമായി വളർന്നിരിക്കുന്നു!—സങ്കീർത്തനം 27:1, 2; റോമർ 8:31, 37.
5. യെശയ്യാവ് 12:3-5-ലെ വാക്കുകൾ ദൈവത്തിന്റെ ആശ്രയമുള്ള ജനത്തിന് ബാധകമാകുന്നതെങ്ങനെ?
5 പീഡനം ഉയർന്നുവരുമ്പോഴെല്ലാം യഹോവയുടെ ആശ്രിത ജനം സത്യത്തിന്റെ ജീവദായകമായ വെള്ളം കുടിക്കുന്നതിനാൽ നവോൻമേഷവും ശക്തിയും പ്രാപിക്കുന്നു. അത് യെശയ്യാവ് 12:3-5-ൽ ദൈവത്തിന്റെ പ്രവാചകൻ പറഞ്ഞതുപോലെതന്നെയാണ്. “നിങ്ങൾ ആനന്ദാതിരേകത്തോടെ രക്ഷയുടെ ഉറവുകളിൽനിന്ന് തീർച്ചയായും വെള്ളം കോരും. അന്നാളിൽ നിങ്ങൾ തീർച്ചയായും ‘ജനങ്ങളേ, നിങ്ങൾ യഹോവക്കു നന്ദികൊടുക്കുക. അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക. ജനങ്ങളുടെ ഇടയിൽ അവന്റെ ഇടപെടലുകൾ അറിയിക്കുക. അവന്റെ നാമം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നു പറയുക. യഹോവക്കു കീർത്തനം പാടുക, എന്തെന്നാൽ അവൻ മികച്ചരീതിയിൽ പ്രവർത്തിച്ചിരിക്കുന്നു. ഇത് സർവ്വഭൂമിയിലും അറിയിക്കപ്പെടുന്നു’ എന്നു പറയും.” നമുക്ക് രാജ്യസത്യം ആഴമായി കുടിക്കുന്നതിലും നമ്മുടെ പരമാധികാര കർത്താവാം യഹോവയുടെ നാമത്തെ നന്ദിപൂർവ്വം മഹിമപ്പെടുത്തുന്നതിലും തുടരാം. യഹോവയിൽ സമ്പൂർണ്ണമായ ആശ്രയത്തോടെ “നമുക്ക് വചനം പ്രസംഗിക്കാം, അനുകൂലകാലത്തും പ്രക്ഷുബ്ധകാലത്തും അതിൽ അടിയന്തിരമായി ഏർപ്പെടാം.” (2 തിമൊഥെയോസ് 4:2) എതിരാളികൾ എന്തുതന്നെ ചെയ്താലും യഹോവയാം യാഹ് നമ്മെ രക്ഷയുടെ മാർഗ്ഗത്തിൽ സ്നേഹപൂർവ്വം നയിക്കും!
‘മർദ്ദക ജനതകളുടെ പട്ടണം’
6, 7. (എ) യെശയ്യാവ് 25:1-ന് ചേർച്ചയായി, യഹോവയുടെ ആരാധകർ എന്തിനുവേണ്ടി അവനെ മഹത്വീകരിക്കണം? (ബി) യെശയ്യാവ് 25:2, 3 ഒരു പ്രത്യേക നഗരത്തെ വർണ്ണിക്കുന്നതെങ്ങനെ? (സി) പ്രവാചകൻ ഏതു നഗരത്തെ പരാമർശിക്കാനാണു സാദ്ധ്യത, എന്തുകൊണ്ട്?
6 ഇപ്പോൾ നമുക്ക് യെശയ്യാവ് 25-ാം അദ്ധ്യായത്തിലേക്കു തിരിയാം. 1-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവേ നീ എന്റെ ദൈവമാകുന്നു. ഞാൻ നിന്നെ പുകഴ്ത്തുന്നു, ഞാൻ നിന്റെ നാമത്തെ കീർത്തിക്കുന്നു, എന്തെന്നാൽ നീ അത്ഭുതകാര്യങ്ങൾ, ആദിമകാലങ്ങൾ മുതലുള്ള ആലോചനകൾ, വിശ്വസ്തതയോടെ, ആശ്രയയോഗ്യതയോടെ, പ്രവർത്തിച്ചിരിക്കുന്നു.” യഹോവയുടെ ആശ്രിതരായ ആരാധകർ തങ്ങളുടെ ഇടയിൽ അവൻ ചെയ്തിരിക്കുന്ന അത്ഭുതപ്രവൃത്തികൾ നിമിത്തം അവനെ മഹത്വീകരിക്കുന്നു. എന്നാൽ യെശയ്യാവ് പിന്നീട് യഹോവയോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു പ്രകടമായ വ്യത്യാസം വരച്ചുകാട്ടുന്നു: “എന്തെന്നാൽ നീ ഒരു നഗരത്തെ കൽകൂനയും കോട്ടകെട്ടി ബലവത്താക്കിയ ഒരു പട്ടണത്തെ തകർന്നുകൊണ്ടിരിക്കുന്ന ഒരു ശൂന്യശിഷ്ടവും അന്യരുടെ ഒരു നിവാസഗോപുരത്തെ നഗരമല്ലാതെയുമാക്കിയിരിക്കുന്നു, അത് അനിശ്ചിതകാലത്തോളംതന്നെ പുനർനിർമ്മിക്കപ്പെടുകയില്ല . . . മർദ്ദകജനതകളുടെ പട്ടണം, അവ [യഹോവയെ] ഭയപ്പെടും.”—യെശയ്യാവ് 25:2,3.
7 മർദ്ദകഭരണത്തിന്റെ പേർപറയപ്പെടാത്ത ഈ നഗരം ഏതാണ്? യെശയ്യാവ് മോവാബിന്റെ തലസ്ഥാനമായിരുന്ന ആരിനെ പരാമർശിക്കുകയായിരുന്നിരിക്കാം, അത് എല്ലായ്പ്പോഴും ദൈവജനത്തിന്റെ ഒരു ശത്രു ആയിരുന്നു. എന്നാൽ ഇവിടത്തെ സന്ദർഭം സാത്താന്റെ സ്ഥാപനത്തിന്റെ മറെറാരു ശാഖക്ക്—പ്രധാന ശത്രുവായ ബാബിലോന്—പററുന്നതായി തോന്നുന്നു. തക്കസമയത്ത് ബാബിലോൻ യഹൂദയേയും യരൂശലേമിനെയും ശൂന്യമാക്കുകയും യഹോവയുടെ ആരാധനാ മന്ദിരത്തെ നശിപ്പിക്കുകയും ജനത്തിൽ അതിജീവിക്കുന്നവരെ അടിമത്തത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. യെശയ്യാവ് ബാബിലോനിലെ രാജാവ് ഇങ്ങനെ പൊങ്ങച്ചം പറയുന്നതായി ഉദ്ധരിക്കുന്നു: “ഞാൻ ആകാശങ്ങളിലേക്ക് കയറിപ്പോകും. ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ ഞാൻ എന്റെ സിംഹാസനം ഉയർത്തും, ഞാൻ സമാഗമപർവ്വതത്തിൻമേൽ ഇരിക്കും . . . ഞാൻ എന്നേത്തന്നെ അത്യുന്നതനോട് സദൃശനാക്കും.” എന്നാൽ ബാബിലോനെ വെട്ടിവീഴ്ത്തുന്നതിനും ദൈവജനത്തെ അവരുടെ ദേശത്തു പുന:സ്ഥിതീകരിക്കുന്നതിനും യഹോവ പാർസ്യയിലെ കോരേശിനെ എഴുന്നേൽപ്പിക്കും. പ്രവചിക്കപ്പെട്ടതുപോലെ, പുരാതന ബാബിലോന്റെ സ്ഥാനം “കൽക്കൂനയും” “തകർന്നുകൊണ്ടിരിക്കുന്ന ഒരു ശൂന്യശിഷ്ടവും” തന്നെയാക്കപ്പെട്ടു.—യെശയ്യാവ് 14:12-14; 13:17-22.
8, 9 (എ) യഹോവയുടെ ആരാധകർ വേറെ ഏതു ബാബിലോനോട് പോരാടേണ്ടതുണ്ട്, അവൾ എങ്ങനെ വികാസം പ്രാപിച്ചു? (ബി) യെശയ്യാവ് അവളെ എങ്ങനെ വർണ്ണിക്കുന്നു, പദം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
8 എന്നിരുന്നാലും, ബാബിലോനിന്റെ മറിച്ചിടീലിനു ശേഷം 2,500-ൽപരം വർഷം കഴിഞ്ഞ് യഹോവയുടെ ആരാധകർക്ക് ഇപ്പോഴും മറെറാരു ബാബിലോനോട് പോരാടേണ്ടതുണ്ട്—“വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോനോട്” തന്നെ. (വെളിപ്പാട് 17:5) അവൾ വ്യാജമതലോകസാമ്രാജ്യമാണ്. അവൾക്ക് ജൻമം കിട്ടിയത് നോഹയുടെ നാളിലെ പ്രളയാനന്തരം അൽപ്പകാലം കഴിഞ്ഞായിരുന്നു, അന്ന് നിമ്രോദ് ആദ്യ ബാബിലോൻ പണിതു. അത് കക്ഷിപരമായ വ്യാജമതത്തിന്റെ പിള്ളത്തൊട്ടിലായിത്തീർന്നു. യേശുവിനാലും അവന്റെ അപ്പോസ്തലൻമാരാലും ക്രിസ്ത്യാനിത്വം സ്ഥാപിക്കപ്പെട്ട ശേഷം വിശ്വാസത്യാഗികൾ ബാബിലോന്യവും വിഗ്രഹാരാധനാപരവുമായ “ഭൂതങ്ങളുടെ ഉപദേശങ്ങൾ” ആനയിച്ചുകൊണ്ട് ബൈബിൾ സത്യത്തെ ദുഷിപ്പിക്കുകയും ക്രൈസ്തവലോകത്തിന്റെ മതവ്യവസ്ഥിതി ഉടലെടുക്കുകയും ചെയ്തു. (1 തിമൊഥെയോസ് 4:1) ഈ കൃത്രിമ ക്രിസ്ത്യാനിത്വം “മഹാബാബിലോ”നിന്റെ മുഖ്യഭാഗമായിത്തീർന്നിരിക്കുന്നു, അത് ഭൂമിയിലുടനീളം സകല മനുഷ്യവർഗ്ഗജനതകളിലേക്കും വ്യാപിപ്പിക്കുന്നു. യെശയ്യാവ് അവളെ ‘മർദ്ദകജനതകളുടെ ഒരു പട്ടണം’ എന്നു വർണ്ണിക്കുന്നു.
9 ആദ്യബാബിലോനിന്റെ സ്ഥാപിക്കൽ മുതൽ ഇന്നോളം നാലിൽപരം സഹസ്രാബ്ദങ്ങളിൽ ക്രൂരസ്വേച്ഛാധിപതികൾ സാമാന്യജനത്തെ അടിച്ചമർത്തി നിയന്ത്രിക്കുന്നതിൽ ചട്ടുകങ്ങളായി മർദ്ദകവൈദികരെ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ “മനുഷ്യൻ അവന്റെ ദ്രോഹത്തിനായി മനുഷ്യനെ ഭരിച്ചിരിക്കുന്നു.” (സഭാപ്രസംഗി 8:9) ജനം അങ്ങനെയുള്ള വ്യാജ മതഇടയൻമാരാൽ “തോലുരിയപ്പെടുകയും ചിതറിക്കപ്പെടുകയും” ചെയ്തതുകൊണ്ട് അവരോട് യേശുവിന് അനുകമ്പ തോന്നി. ഇന്ന്, ഏററം നിന്ദ്യരായ സമൂഹം ക്രൈസ്തവലോകത്തിലെ സ്വയം ഉയർത്തുന്ന വൈദികർ ചേർന്നുണ്ടായിരിക്കുന്ന “അധർമ്മ മനുഷ്യ”നാണെന്ന് തിരിച്ചറിയപ്പെടുന്നു, അവർ യഹോവയുടെ സാക്ഷികളെ എതിർക്കുന്നതിലും പീഡിപ്പിക്കുന്നതിലും നേതൃത്വം വഹിച്ചിരിക്കുന്നു.—മത്തായി 9:36; 2 തെസ്സലോനിക്യർ 2:3,4.
10. (എ) യെശയ്യാവ് 25:3-നു ചേർച്ചയായി ‘മർദ്ദകജനതകളുടെ പട്ടണം’ യഹോവയെ മഹത്വീകരിക്കാനും അവനെ ഭയപ്പെടാനും നിർബ്ബദ്ധമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) യെശയ്യാവ് 25:4, 5-ൽ യെശയ്യാവ് യഹോവയെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു, “എളിയവനെയും” “മർദ്ദകരെയും” സംബന്ധിച്ച്?
10 യഹോവ 1919 എന്ന വർഷത്തിൽ “മഹാബാബിലോ”നിന്റെ നിയന്ത്രണത്തിൽനിന്ന് തന്റെ യഥാർത്ഥ ജനത്തെ വിമോചിപ്പിച്ചു. യഹോവ തന്റെ ആരാധകരെ ചലനാത്മകപ്രവർത്തനത്തിലേക്ക് പുന:സ്ഥിതീകരിച്ചതിൽ സാധിച്ച “അത്ഭുതപ്രവൃത്തികളെ” നിരീക്ഷിക്കാൻ അവളോട് ആവശ്യപ്പെട്ടതിൽ അവനെ മഹത്വീകരിക്കാൻ ‘മർദ്ദകജനതകളുടെ പട്ടണം’ നിർബ്ബന്ധിതയായി. വ്യാജമതഭക്തൻമാർക്ക് വരാനിരിക്കുന്നതിന്റെ പ്രതീക്ഷയിൽ യഹോവയെ ഭയപ്പെടാൻ അവരും നിർബ്ബദ്ധരാക്കപ്പെടുന്നു. നൂററാണ്ടുകളിൽ മർദ്ദകവൈദികർ അയ്മേനികൾക്കുമീതെ തങ്ങളേത്തന്നെ ഉയർത്തിയിരിക്കുന്നു. എന്നാൽ ഇപ്പോൾ യഹോവയെക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പറയുന്നു: “നീ എളിയവന് ഒരു ശക്തിദുർഗ്ഗം, ദരിദ്രന്റെ അരിഷ്ടതയിൽ അവന് ഒരു ശക്തിദുർഗ്ഗം, മർദ്ദകരുടെ വൻകാററ് ഒരു ചുവരിനെതിരായുള്ള ഒരു പിശറുപോലെയായിരിക്കുമ്പോൾ പിശറിൽനിന്നുള്ള സങ്കേതം, ചൂടിൽനിന്നുള്ള ഒരു തണൽ, ആയിത്തീർന്നിരിക്കുന്നു. വെള്ളമില്ലാത്ത ഒരു രാജ്യത്തെ ചൂടുപോലെ അന്യരുടെ ശബ്ദത്തെയും ഒരു മേഘത്തിന്റെ തണൽകൊണ്ടു ചൂടിനെയും നീ കീഴടക്കുന്നു. മർദ്ദകരുടെ കീർത്തനംതന്നെ അടിച്ചമർത്തപ്പെടുന്നു.”—യെശയ്യാവ് 25:4, 5.
“ബാബിലോനി”ൽ സന്തോഷകരമായ ഗീതമില്ല!
11. “മഹാബാബിലോനി”ന്റെ മണ്ഡലത്തിലെങ്ങും സന്തോഷഗീതമില്ലാത്തതെന്തുകൊണ്ട്, ഇത് ഇററലി, അസ്സീസ്സിയിലെ സർവ്വമത സമ്മേളനത്തിൽ ചിത്രീകരിക്കപ്പെട്ടതെങ്ങനെ?
11 തീർച്ചയായും “മഹാബാബിലോ”നിന്റെ മണ്ഡലത്തിലുടനീളം സാഹചര്യം അതാണ്. അവിടെ സന്തോഷഗീതം കാണാനില്ല. അവളുടെ മതനേതാക്കൾ തങ്ങൾ ആരാധിക്കേണ്ട ദൈവങ്ങളുടെ കാര്യത്തിൽ കുഴഞ്ഞുപോയിരിക്കുന്നു. ഇത് 1986 ഒക്ടോബർ 27-ാം തീയതി ഇററലിയിലെ അസ്സീസ്സിയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ വ്യക്തമായി തെളിഞ്ഞു. അവിടെ ഐക്യരാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമാധാനവർഷത്തോടുള്ള ബന്ധത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പാ “മഹാബാബിലോനി”ലെ മുഖ്യമതങ്ങളുടെ നേതാക്കൻമാരെ കൂട്ടിവരുത്തി. അവരെല്ലാം സമാധാനത്തിനുവേണ്ടി പ്രാർത്ഥിച്ചു, ചില ബുദ്ധ സന്യാസികൾ ഒരു ദിവസം 12 മണിക്കൂറോളം പ്രാർത്ഥിച്ചു. എന്നാൽ അവർ ആരോടാണ് പ്രാർത്ഥിച്ചത്? അത് മറിയയോടായിരുന്നോ? അതോ ക്രൈസ്തവലോകത്തിന്റെ വിശുദ്ധത്രിത്വത്തോടായിരുന്നോ? അതോ ഹൈന്ദവത്രിത്വത്തോടായിരുന്നോ? അതോ, ബുദ്ധമതത്തിലെ ആയിരക്കണക്കിനു ദൈവങ്ങളോടായിരുന്നോ? അതോ അള്ളായോടായിരുന്നോ? അതോ ഷിന്റോമതക്കാർ ആരാധിക്കുന്ന താണ കുറുക്കനോടായിരുന്നോ? അതോ, ഏററവും സ്വീകാര്യമായിരുന്ന പ്രാർത്ഥനകൾ ക്രോ ഗോത്രത്തിൽപ്പെട്ട ഒരു അമേരിക്കൻ ഇൻഡ്യന്റേതായിരുന്നോ? അയാൾ ഒരു സമാധാന പൈപ്പ് കത്തിക്കുകയും “ശീതളവായുവിൽ ധൂപം പോലെ ഉയർന്ന പുകയിലേക്ക്” പ്രാർത്ഥനകൾ ഉച്ചരിക്കയും ചെയ്തപ്പോൾ ‘ഒരു ഗംഭീര ശിരോവസ്ത്രത്തിൽ പ്രതാപശാലി’യായിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.
12. മീഖായുടെയും യെശയ്യായുടെയും ഏതു വാക്കുകൾ ആ മതഭക്തർ അംഗീകരിക്കുന്നില്ല?
12 ഒരു സംഗതി തീർച്ചയാണ്: ബുദ്ധമതത്തിലെ ദലായ്ലാമാ മുതൽ ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ “ശ്രേഷ്ഠ” മെതോഡിയസ് വരെ യാതൊരുത്തരും മീഖാ 4:5-ലെ വാക്കുകൾ അംഗീകരിക്കുന്നില്ല: “ഞങ്ങൾ, ഞങ്ങളുടെ ഭാഗത്ത്, ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ അനിശ്ചിത കാലത്തോളം എന്നേക്കുംതന്നെ, നടക്കും.” അവർ 42-ാം അദ്ധ്യായം 5-ഉം 8-ഉം വാക്യങ്ങളിലെ യെശയ്യാവിന്റെ നിശ്വസ്ത പ്രസ്താവന അംഗീകരിക്കുന്നില്ല: “സത്യദൈവമായ യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്, ആകാശങ്ങളുടെ സ്രഷ്ടാവും അവയെ വിരിക്കുന്ന മഹാനുമായവൻ; ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുന്നവൻ, അതിലെ ജനത്തിനു ശ്വാസവും അതിൽ നടക്കുന്നവർക്ക് ആത്മാവും കൊടുക്കുന്നവൻ: ‘ഞാൻ യഹോവയാകുന്നു. അതാണ് എന്റെ നാമം; ഞാൻ എന്റെ സ്വന്തം മഹത്വം മറെറാരുവനും എന്റെ സ്തുതി കൊത്തപ്പെട്ട പ്രതിമകൾക്കും കൊടുക്കുകയില്ല.’”
13. അസ്സീസ്സിയിൽ സംഭവിച്ചത് യഥാർത്ഥത്തിൽ എന്താണ്, യേശു ഭൂമിയിലായിരുന്നപ്പോൾ ഇതിനെ കുററംവിധിച്ചതെങ്ങനെ?
13 അസ്സീസ്സിയിൽ പ്രൗഢിയുള്ള ചടങ്ങും, വിശേഷപ്പെട്ട അങ്കിയും, ആവർത്തിച്ചുള്ള പ്രാർത്ഥനകളുമായിരുന്നു വലിയ പരസ്യ പ്രദർശനത്തിനുള്ള മുഖാന്തരങ്ങൾ. യഹോവയുടെ പുത്രനായ യേശു ഭൂമിയിലായിരുന്നപ്പോൾ അതിനെയാണു കുററംവിധിച്ചത്. തന്റെ നാളിലെ മതനേതാക്കൻമാരെ സംബന്ധിച്ച് “അവർ ചെയ്യുന്ന സകല പ്രവൃത്തികളും മനുഷ്യരാൽ വീക്ഷിക്കപ്പെടുന്നതിനാണ് അവർ ചെയ്യുന്നത്” എന്ന് അവൻ പറഞ്ഞു. ഉടൻതന്നെ “കപടഭക്തരായ ശാസ്ത്രിമാരും പരീശൻമാരുമേ, നിങ്ങൾക്ക് ഹാ കഷ്ടം! എന്തുകൊണ്ടെന്നാൽ നിങ്ങൾ മനുഷ്യരുടെ മുമ്പാകെ ദൈവരാജ്യത്തെ അടച്ചുകളയുന്നു; എന്തെന്നാൽ നിങ്ങൾതന്നെ അകത്തു കടക്കുന്നില്ല. അകത്തു കടക്കാൻ പോകുന്നവരെ നിങ്ങൾ അനുവദിക്കുന്നുമില്ല” എന്നു പറഞ്ഞുകൊണ്ട് അവൻ അവരെ സംബോധന ചെയ്തു. (മത്തായി 23:5, 13; മത്തായി 6:1-8 കൂടെ കാണുക) ദൈവത്തിങ്കൽ ഗണ്യമായത് ബാഹ്യപ്രകടനമോ ആരാധനാസ്ഥലമോ അല്ല. യേശു പറഞ്ഞപ്രകാരം: “ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കേണ്ടതാണ്.”—യോഹന്നാൻ 4:21, 24.
സമാധാനത്തിന്റെ യഥാർത്ഥ ഉറവ്
14. (എ) സമാധാനത്തിനുവേണ്ടിയുള്ള ലോകമതങ്ങളുടെ പ്രാർത്ഥനകൾ കപടഭക്തിപരമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ക്രൈസ്തവലോകത്തിന്റെ മതത്തിന്റെ ദിവ്യന്യായവിധി എന്താണ്?
14 ലോകമതങ്ങളിലെ കുഴപ്പം വീക്ഷിക്കുമ്പോൾ മതനേതാക്കളുടെ പ്രാർത്ഥനകൾക്ക് സമാധാനം കൈവരുത്താൻ കഴിയുമെന്ന് വിചാരിക്കാൻ തക്കവണ്ണം ആർക്കെങ്കിലും പരമാർത്ഥിയായിരിക്കാൻ കഴിയുമോ? അവർ ശതക്കണക്കിനു വർഷങ്ങളിൽ കപടഭക്തിയോടെ പ്രാർത്ഥിച്ചുകൊണ്ടാണിരിക്കുന്നത്, അതേസമയം രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിലും കുരിശുയുദ്ധങ്ങളിലും ദുഷ്ക്കീർത്തികരങ്ങളായ പീഡനങ്ങളിലും പൂർണ്ണമായി പങ്കുവഹിക്കുകയും ചെയ്യുന്നു. യഹോവയുടെ പ്രവാചകൻ ഇങ്ങനെ ആരാഞ്ഞു: “ഒരു കൂശ്യന് അവന്റെ ത്വക്കിന്, അല്ലെങ്കിൽ ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികൾക്ക്, മാററം വരുത്താൻ കഴിയുമോ? തിൻമ ചെയ്യാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്ന ആളുകളായിരിക്കുന്ന നിങ്ങൾക്കുതന്നെ നൻമ ചെയ്യാനും കഴിയും.” (യിരെമ്യാവ് 13:23) വ്യാജമതലോക സാമ്രാജ്യമായ “മഹാബാബിലോനി”ന്റെ പ്രമുഖഭാഗമെന്നനിലയിൽ വിശേഷാൽ ക്രൈസ്തവലോകത്തിന്റെ മതം ദിവ്യത്രാസ്സിൽ തൂക്കി ദാരുണമാംവിധം കുറവുള്ളതായി കണ്ടെത്തപ്പെട്ടിരിക്കുന്നു. അത് നാശത്തിനു വിധിക്കപ്പെട്ടിരിക്കുന്നു!—യിരെമ്യാവ് 2:34, 35, 37; 5:29-31; ദാനിയേൽ 5:27.
15. യഹോവ എങ്ങനെ നിലനിൽക്കുന്ന സമാധാനം കൈവരുത്തും, അവനിൽ ആശ്രയിക്കുന്നവർ സമാധാനലക്ഷ്യത്തിന് സേവിക്കുന്നതെങ്ങനെ?
15 “സമാധാനത്തിന്റെ ദൈവ”മായ യഹോവ സകല രക്തപാതകികളെയും നശിപ്പിച്ചുകൊണ്ടും യഥാർത്ഥമായി സത്യത്തെയും നീതിയെയും സ്നേഹിക്കുന്ന മനുഷ്യരെ ഭൂമിയിൽ പാർപ്പിച്ചുകൊണ്ടും നിലനിൽക്കുന്ന സമാധാനം കൈവരുത്തും. (ഫിലിപ്യർ 4:9) ദാവീദു രാജാവു പറയുന്നതനുസരിച്ച് “യഹോവയിൽ ആശ്രയിക്കുകയും നൻമചെയ്യുകയും” ചെയ്യുന്ന സൗമ്യതയുള്ളവരാണ്” ഭൂമിയെ കൈവശമാക്കുന്നതും” “തീർച്ചയായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തു”ന്നതും. (സങ്കീർത്തനം 37:3, 11) ‘എല്ലായ്പ്പോഴും യഹോവയിൽ ആശ്രയിക്കുകയും നൻമചെയ്യുകയും’ ചെയ്യുന്നവർ, വിരുദ്ധദൈവങ്ങൾക്കും വിഗ്രഹങ്ങൾക്കും പ്രതിമകൾക്കും സമ്മിശ്ര പ്രാർത്ഥനകളർപ്പിക്കുന്നവർക്ക് ഒരിക്കലും കഴിയാത്ത ഒരു വിധത്തിൽ സമാധാന ലക്ഷ്യത്തിനായി സേവിക്കുന്നു.—സങ്കീർത്തനം 115: 2-8; യെശയ്യാവ് 44:14-20.
16. “മർദ്ദകജനതകളുടെ പട്ടണ”ത്തിൽനിന്ന് കൂട്ടിച്ചേർക്കപ്പെടുന്ന സൗമ്യതയുള്ളവർക്ക് യഹോവ ഏതു വിരുന്നു കഴിക്കുന്നു?
16 ദൈവത്തിന്റെ സ്വന്തം ജനത്തിന്റെയും “മഹാബാബിലോന്റെ” പിന്തുണക്കാരുടെയും പ്രാർത്ഥനകളും പ്രത്യാശകളും തമ്മിൽ എന്തോരു വ്യത്യാസമാണുള്ളത്! “മർദ്ദകരുടെ കീർത്തനംതന്നെ അടിച്ചമർത്തപ്പെടുന്നു”വെന്ന് നാം എത്ര നന്നായി മനസ്സിലാക്കുന്നു! (യെശയ്യാവ് 25:5) എന്നാൽ “മർദ്ദകജനതകളുടെ പട്ടണ”ത്തിൽനിന്ന് കൂട്ടിച്ചേർക്കപ്പെടുന്ന സൗമ്യതയുള്ളവരെക്കുറിച്ചു പറഞ്ഞുകൊണ്ട് യെശയ്യാവ് തുടരുന്നു: “സൈന്യങ്ങളുടെ യഹോവ തീർച്ചയായും ഈ പർവ്വതത്തിൽ സകല ജനങ്ങൾക്കുംവേണ്ടി നന്നായി എണ്ണചേർത്ത ഭോജ്യങ്ങളുടെ ഒരു വിരുന്ന്, മട്ടുനീക്കി . . . അരിച്ചെടുത്ത വീഞ്ഞുകൊണ്ടുള്ള ഒരു വിരുന്ന്, കഴിക്കും.” (യെശയ്യാവ് 25:6) യഹോവയെ ആരാധിക്കാൻ വരുന്നവർ ഇന്ന് പങ്കുപററുന്ന ആത്മീയ വിരുന്ന് ഉല്ലാസപ്രദമാംവിധം സംതൃപ്തികരമായ ഒരു വിരുന്നു തന്നെയെന്നു തീർച്ച! യഹോവ പുതിയ ഭൂമിക്കുവേണ്ടി വാഗ്ദത്തം ചെയ്തിരിക്കുന്ന പുനർസൃഷ്ടിയുടെയും നല്ല വസ്തുക്കളുടെ വിരുന്നിന്റെയും പ്രതീക്ഷയിൽ നാം സതീക്ഷ്ണം യഹോവയെ സേവിക്കുമ്പോൾ സഹിച്ചു നിൽക്കാൻ നമ്മുടെ ഹൃദയങ്ങൾ ബലിഷ്ഠമാക്കപ്പെടുന്നു, നമ്മുടെ സന്തോഷം കവിഞ്ഞൊഴുകുന്നു.—സങ്കീർത്തനം 104:1, 14, 15; മത്തായി 19:28, Kj.
17. യഹോവ ഏതു സന്തോഷങ്ങൾ കൈവരുത്തിക്കൊണ്ട് ഏതു “അത്ഭുതകാര്യങ്ങൾ” സാധിക്കും?
17 പെട്ടെന്നുതന്നെ, “മഹാബാബിലോനെ” മാത്രമല്ല, ആദാമ്യ പാപം നിമിത്തം മനുഷ്യവർഗ്ഗത്തെ ആവരണം ചെയ്യുന്ന കുററവിധിയുടെ “നെയ്ത്തുപണി”യെയും നീക്കുന്നതിനാൽ യഹോവയാം യാഹ് “അത്ഭുതകാര്യങ്ങൾ” ചെയ്യും. (യെശയ്യാവ് 25:7) അതെ, നമ്മുടെ ദൈവം യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യെശയ്യാവ് 25:8-ലെ പ്രവചനം നിവർത്തിക്കും: “അവൻ മരണത്തെ എന്നേക്കും യഥാർത്ഥമായി വിഴുങ്ങിക്കളയും, പരമാധികാരിയാം കർത്താവായ യഹോവ തീർച്ചയായും സകല മുഖങ്ങളിലുംനിന്ന് കണ്ണുനീർ തുടച്ചുകളയും. അവൻ തന്റെ ജനത്തിന്റെ നിന്ദ സർവ്വഭൂമിയിലും നിന്ന് നീക്കിക്കളയും, എന്തെന്നാൽ യഹോവ തന്നെ അതു പ്രസ്താവിച്ചിരിക്കുന്നു.” ആദാമ്യ പാപവും മരണവും നീക്കപ്പെട്ടു കാണുന്നതും പ്രിയപ്പെട്ടവർ മരണത്തിന്റെ പിടിയിൽനിന്ന് മടങ്ങിവരുമ്പോൾ അവരെ സ്വാഗതം ചെയ്യുന്നതും എത്ര സന്തോഷമായിരിക്കും! യഹോവയുടെ വിശ്വസ്തസാക്ഷികൾ വലിയ പരിഹാസിയായ പിശാചായ സാത്താന് സമ്പൂർണ്ണമറുപടി കൊടുത്തിരിക്കുന്നതായി അറിയുന്നത് എന്തോരു ഉല്ലാസമായിരിക്കും! സദൃശവാക്യങ്ങൾ 27:11) ആരും അവരുടെമേൽ മേലാൽ നിന്ദ ചൊരിയുകയില്ല, എന്തുകൊണ്ടെന്നാൽ അവർ തങ്ങളുടെ നിർമ്മലത സംബന്ധിച്ച് ജയശാലികളായിരിക്കും. “വിശ്വസ്തതയോടെ, ആശ്രയയോഗ്യതയോടെ” യഹോവ തന്നെ പ്രവചിക്കപ്പെട്ടിരുന്ന കാര്യങ്ങൾ—“ആദിമകാലങ്ങൾ മുതലുള്ള ആലോചനകൾ”—നിറവേററിയിരിക്കും. സർവ്വഭൂമിയും നീതിമാൻമാരായ ജനം നിറഞ്ഞ ഒരു നീതി നിഷ്ഠമായ പറുദീസാ ആയിത്തീർന്നിരിക്കും. തീർച്ചയായും ഒരു മഹത്തായ പ്രതീക്ഷതന്നെ!
18. സമ്മർദ്ദങ്ങളുണ്ടെങ്കിലും യെശയ്യാവ് 25:9-നു ചേർച്ചയായി നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
18 ഈ ഇരുണ്ട ദിനങ്ങളിൽ നാം എല്ലായ്പ്പോഴും യഹോവയിൽ ആശ്രയിക്കുന്നതിന് അതിന്റെ സുനിശ്ചിത പ്രതിഫലം ഉണ്ടായിരിക്കും. നമ്മുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുന്നതിലോ സ്കൂളിൽ ബൈബിൾ തത്വങ്ങളെ മുറുകെപ്പിടിക്കുന്നതിലോ പ്രയാസകരമായ പ്രദേശങ്ങളിൽ ഒരു സാക്ഷ്യം കൊടുക്കുന്നതിലോ ആയാലും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ഏതു സമ്മർദ്ദങ്ങളോടു മല്ലിടേണ്ടതുണ്ടെങ്കിലും നമുക്ക് എല്ലായ്പ്പോഴും യഹോവയിൽ ആശ്രയിക്കാം. “പ്രാർത്ഥന കേൾക്കുന്നവൻ” എന്ന നിലയിൽ യഹോവയോടു നാം ഒരു അടുത്ത ബന്ധം നിലനിർത്തുന്നത് നമുക്ക് രക്ഷ ഉറപ്പാക്കും. (സങ്കീർത്തനം 65:2) തന്നിമിത്തം, നമുക്ക് യെശയ്യാവ് 25:9-ലെ വാക്കുകളിൽ “നോക്കു! ഇതാണു നമ്മുടെ ദൈവം. നാം അവനിൽ പ്രത്യാശിച്ചിരിക്കുന്നു, അവൻ നമ്മെ രക്ഷിക്കും. ഇതാകുന്നു യഹോവ. നാം അവനിൽ പ്രത്യാശിച്ചിരിക്കുന്നു, നമുക്ക് അവനാലുള്ള രക്ഷയിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യാം” എന്നു പറയുന്നവരുടെ ഇടയിൽ ആയിരിക്കാൻ ദൃഢനിശ്ചയം ചെയ്യാം. (w88 1/15)
പുനരവലോകന ചോദ്യങ്ങൾ
◻ യഹോവയാം യാഹ് നമ്മുടെ ബലവും ശക്തിയുമായിരിക്കുന്നതെങ്ങനെ?
◻ “മർദ്ദക ജനതകളുടെ പട്ടണം” എന്താണ്?
◻ “മർദ്ദക ജനതകളുടെ പട്ടണം” യഹോവയെ മഹത്വീകരിക്കാനും അവനെ ഭയപ്പെടാനും നിർബ്ബദ്ധമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ “മഹാബാബിലോനി”ൽ സന്തോഷഗീതമില്ലെന്ന് എന്തു പ്രകടമാക്കുന്നു?
◻ യഹോവ ഇനിയും തന്റെ ജനത്തിനുവേണ്ടി ഏതു “അത്ഭുതകാര്യങ്ങൾ” ചെയ്യും?