പഠനലേഖനം 29
മഹാകഷ്ടതയെ നേരിടാൻ നിങ്ങൾ ഒരുങ്ങിയോ?
‘നിങ്ങൾ ഒരുങ്ങിയിരിക്കുക.’—മത്താ. 24:44.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
ചുരുക്കംa
1. ദുരന്തത്തെ നേരിടാൻ ഒരുങ്ങുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
മുൻകൂട്ടി തയ്യാറാകുന്നത് ഒരാളുടെ ജീവൻ രക്ഷിക്കും. ഉദാഹരണത്തിന്, ഒരു ദുരന്തം ഉണ്ടാകുമ്പോൾ നേരത്തേതന്നെ ഒരുങ്ങിയിരിക്കുന്നവർക്കു സ്വന്തം ജീവൻ രക്ഷിക്കാനും മറ്റുള്ളവരെ സഹായിക്കാനും കഴിഞ്ഞേക്കും. യൂറോപ്പിലെ ഒരു സംഘടന പറയുന്നത്: “നന്നായി ഒരുങ്ങിയിരിക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനാകും” എന്നാണ്.
2. മഹാകഷ്ടതയെ നേരിടാൻ നമ്മൾ തയ്യാറാകേണ്ടത് എന്തുകൊണ്ട്? (മത്തായി 24:44)
2 പെട്ടെന്നായിരിക്കും “മഹാകഷ്ടത” തുടങ്ങുന്നത്. (മത്താ. 24:21) എന്നാൽ അതിനു മറ്റു പല ദുരന്തങ്ങളിൽനിന്നും ഒരു വ്യത്യാസമുണ്ട്. എന്താണ് അത്? മഹാകഷ്ടത വരുമെന്നു നമുക്ക് ഉറപ്പാണ്. കാരണം ആ ദിവസത്തിനുവേണ്ടി ഒരുങ്ങിയിരിക്കാൻ ഏതാണ്ട് 2,000 വർഷം മുമ്പുതന്നെ യേശു തന്റെ അനുഗാമികളോടു പറഞ്ഞിരുന്നു. (മത്തായി 24:44 വായിക്കുക.) തയ്യാറായിരുന്നാൽ പ്രശ്നങ്ങൾ നിറഞ്ഞ ആ സമയത്ത് നമുക്കുതന്നെ പിടിച്ചുനിൽക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും എളുപ്പമായിരിക്കും.—ലൂക്കോ. 21:36.
3. മഹാകഷ്ടതയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതിനു സഹനശക്തിയും അനുകമ്പയും സ്നേഹവും നമ്മളെ സഹായിക്കുന്നത് എങ്ങനെ?
3 മഹാകഷ്ടതയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതിനു നമ്മളെ സഹായിക്കുന്ന മൂന്നു ഗുണങ്ങളെക്കുറിച്ച് നോക്കാം. ശക്തമായ ന്യായവിധി സന്ദേശം അറിയിക്കാൻ നമ്മളോട് ആവശ്യപ്പെടുമ്പോഴോ ആളുകൾ നമ്മളെ എതിർക്കുമ്പോഴോ നമ്മൾ എന്തു ചെയ്യും? (വെളി. 16:21) ഇത്തരം സന്ദർഭങ്ങളിൽ യഹോവ നമ്മളെ സംരക്ഷിക്കുമെന്ന ഉറപ്പോടെ ദൈവത്തെ അനുസരിക്കാൻ നമുക്കു സഹനശക്തി ആവശ്യമാണ്. ഇനി, നമ്മുടെ സഹോദരങ്ങൾക്ക് അവരുടെ വസ്തുവകകൾ നഷ്ടപ്പെടുന്നെന്നിരിക്കട്ടെ. (ഹബ. 3:17, 18) അപ്പോൾ അനുകമ്പയുണ്ടെങ്കിൽ അവർക്ക് ആവശ്യമായ സഹായം നൽകാൻ നമ്മൾ തയ്യാറാകും. അല്ലെങ്കിൽ, രാഷ്ട്രങ്ങളുടെ ഒരു കൂട്ടം ആക്രമിക്കുമ്പോൾ നമുക്കു കുറച്ച് കാലം സഹോദരങ്ങളുടെകൂടെ താമസിക്കേണ്ടിവന്നേക്കാം. (യഹ. 38:10-12) അവരോടു ശക്തമായ സ്നേഹമുണ്ടെങ്കിലേ ആ പ്രയാസസമയത്ത് നമുക്കു പിടിച്ചുനിൽക്കാനാകൂ.
4. നമ്മൾ സഹനശക്തിയും അനുകമ്പയും സ്നേഹവും വളർത്തിയെടുക്കുന്നതിൽ തുടരേണ്ടതുണ്ടെന്നു ബൈബിൾ കാണിക്കുന്നത് എങ്ങനെ?
4 സഹനശക്തിയും സ്നേഹവും അനുകമ്പയും നമ്മൾ തുടർന്നും വളർത്തിയെടുക്കാനാണു ദൈവവചനം പറയുന്നത്. ലൂക്കോസ് 21:19-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും.” കൊലോസ്യർ 3:12 പറയുന്നത് ‘അനുകമ്പ ധരിക്കുക’ എന്നാണ്. ഇനി, 1 തെസ്സലോനിക്യർ 4:9, 10 പറയുന്നു: “അന്യോന്യം സ്നേഹിക്കാൻ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. . . . എങ്കിലും സഹോദരങ്ങളേ, ഇനിയും കൂടുതൽ പുരോഗതി വരുത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.” ആ ക്രിസ്ത്യാനികൾക്ക് അപ്പോൾത്തന്നെ സഹനശക്തിയും അനുകമ്പയും സ്നേഹവും ഉണ്ടായിരുന്നു. എങ്കിലും അവർ ഈ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൽ തുടരണമായിരുന്നു എന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു. നമ്മളും അതുതന്നെ ചെയ്യണം. അതിനുവേണ്ടി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഈ ഓരോ ഗുണവും എങ്ങനെയാണു കാണിച്ചതെന്നു നമ്മൾ പഠിക്കും. തുടർന്ന് നമുക്ക് എങ്ങനെ അവരുടെ മാതൃക അനുകരിക്കാമെന്നും കാണും. അവരെ അനുകരിക്കുമ്പോൾ മഹാകഷ്ടതയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നെന്നു നമ്മൾ തെളിയിക്കുകയായിരിക്കും.
സഹനശക്തി വർധിപ്പിക്കുക
5. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സഹിച്ചുനിൽക്കാൻ ആദ്യകാല ക്രിസ്ത്യാനികളെ സഹായിച്ചത് എന്താണ്?
5 ആദ്യകാല ക്രിസ്ത്യാനികൾക്കു സഹനശക്തി വേണമായിരുന്നു. (എബ്രാ. 10:36) അക്കാലത്ത് എല്ലാവർക്കുമുണ്ടായിരുന്നതുപോലുള്ള പ്രശ്നങ്ങൾ അവർക്കും നേരിട്ടു. അതിനു പുറമേ ക്രിസ്ത്യാനികളായിരുന്നതിന്റെ പേരിലുള്ള പ്രശ്നങ്ങളും അവർക്കുണ്ടായി. പലർക്കും ജൂതമതനേതാക്കന്മാരിൽനിന്നും റോമൻ അധികാരികളിൽനിന്നും ഉപദ്രവങ്ങൾ ഉണ്ടായി. ചിലർക്കാണെങ്കിൽ സ്വന്തം കുടുംബത്തിൽനിന്നുള്ള എതിർപ്പു നേരിട്ടു. (മത്താ. 10:21) ഇനി, ചിലപ്പോഴൊക്കെ വിശ്വാസത്യാഗികളുടെ സ്വാധീനത്തിനും അവരുടെ ഉപദേശങ്ങൾക്കും എതിരായും അവർക്കു പോരാടേണ്ടിവന്നു. (പ്രവൃ. 20:29, 30) എന്നിട്ടും ആ ക്രിസ്ത്യാനികൾ സഹിച്ചുനിന്നു. (വെളി. 2:3) എന്താണ് അതിന് അവരെ സഹായിച്ചത്? ഇയ്യോബിനെപ്പോലെ സഹിച്ചുനിന്നവരുടെ മാതൃകയെക്കുറിച്ച് അവർ ആഴത്തിൽ ചിന്തിച്ചു. (യാക്കോ. 5:10, 11) ശക്തിക്കുവേണ്ടി പ്രാർഥിച്ചു. (പ്രവൃ. 4:29-31) കൂടാതെ സഹിച്ചുനിന്നാലുള്ള പ്രയോജനങ്ങളെക്കുറിച്ച് അവർ എപ്പോഴും ഓർത്തു.—പ്രവൃ. 5:41.
6. എതിർപ്പുകൾ ഉണ്ടായപ്പോൾ സഹിച്ചുനിൽക്കാൻ മെരിറ്റ ചെയ്തതിൽനിന്നും നിങ്ങൾ എന്താണു പഠിച്ചത്?
6 സഹിച്ചുനിന്നവരുടെ മാതൃകകളെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്നും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും പതിവായി പഠിക്കുക, അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. അപ്പോൾ നമുക്കും സഹിച്ചുനിൽക്കാനാകും. അൽബേനിയയിൽനിന്നുള്ള മെരിറ്റ സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. സഹോദരിക്കു വീട്ടുകാരിൽനിന്നും ഒരുപാട് ഉപദ്രവം സഹിക്കേണ്ടിവന്നു. സഹോദരി പറയുന്നു: “ബൈബിളിൽനിന്നും ഇയ്യോബിനെക്കുറിച്ച് പഠിച്ചതു സഹിച്ചുനിൽക്കാൻ എന്നെ ശരിക്കും സഹായിച്ചു. അദ്ദേഹത്തിന് എന്തെല്ലാം കഷ്ടങ്ങളാണു സഹിക്കേണ്ടിവന്നത്! അതിന്റെയൊക്കെ പിന്നിൽ ആരാണെന്നുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നിട്ടും ഇയ്യോബ് പറഞ്ഞത്, ‘മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല’ എന്നാണല്ലോ? (ഇയ്യോ. 27:5) ഇയ്യോബിനു നേരിട്ട പരീക്ഷണങ്ങളോടുള്ള താരതമ്യത്തിൽ എന്റേത് ഒന്നുമല്ലെന്ന് എനിക്കു തോന്നി. കാരണം ഇതിന്റെയൊക്കെ പിന്നിൽ ആരാണ് എന്നെങ്കിലും എനിക്ക് അറിയാമല്ലോ.”
7. നമുക്ക് ഇപ്പോൾ കഠിനമായ പരീക്ഷണങ്ങളൊന്നും ഇല്ലെങ്കിൽപ്പോലും എന്തു ചെയ്യാൻ നമ്മൾ പഠിക്കേണ്ടതുണ്ട്?
7 നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞുകൊണ്ട് കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കുന്നതിലൂടെയും നമുക്കു സഹനശക്തി വർധിപ്പിക്കാനാകും. (ഫിലി. 4:6; 1 തെസ്സ. 5:17) ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്കു കടുത്ത പരീക്ഷണങ്ങൾ ഒന്നും ഇല്ലായിരിക്കാം. എങ്കിലും മനസ്സു വിഷമിക്കുമ്പോഴോ എന്തു ചെയ്യണമെന്ന് അറിയാത്തപ്പോഴോ സഹായത്തിനായി യഹോവയിലേക്കു നോക്കാറുണ്ടോ? ഇപ്പോൾ ചെറിയചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾത്തന്നെ നിങ്ങൾ അങ്ങനെ ചെയ്യുന്നത് ഒരു ശീലമാക്കുന്നെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്നുതന്നെ യഹോവയിലേക്കു തിരിയാൻ നിങ്ങൾ തയ്യാറാകും. മാത്രമല്ല, എപ്പോൾ എങ്ങനെ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കണമെന്ന് യഹോവയ്ക്ക് കൃത്യമായി അറിയാമെന്ന നിങ്ങളുടെ ബോധ്യം അതിലൂടെ ശക്തമാകുകയും ചെയ്യും. അത് പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും.—സങ്കീ. 27:1, 3.
8. ഇന്നു പിടിച്ചുനിൽക്കുന്നതു ഭാവി പരിശോധനകളെ നേരിടാൻ നമ്മളെ സഹായിക്കുമെന്നു മീരയുടെ അനുഭവം തെളിയിക്കുന്നത് എങ്ങനെ? (യാക്കോബ് 1:2-4) (ചിത്രവും കാണുക.)
8 ഇന്നു പരീക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ സഹിച്ചുനിന്നാൽ നാളെ മഹാകഷ്ടതയുടെ സമയത്ത് പിടിച്ചുനിൽക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും. (റോമ. 5:3, 4) ജീവിതത്തിൽ വിശ്വാസത്തിന്റെ പരിശോധന ഉണ്ടായ ഓരോ സമയത്തും സഹിച്ചുനിന്നത് അടുത്ത പരീക്ഷണത്തെ നേരിടാൻ പല സഹോദരങ്ങളെയും സഹായിച്ചിട്ടുണ്ട്. അത് എങ്ങനെയാണ്? ഓരോ തവണയും യഹോവയുടെ സഹായത്താൽ വിശ്വസ്തരായി തുടരാൻ കഴിഞ്ഞതുകൊണ്ട് തങ്ങളെ സഹായിക്കാൻ യഹോവ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്ന അവരുടെ വിശ്വാസം ശക്തമായി. ആ വിശ്വാസം അടുത്ത പരീക്ഷണത്തെ വിജയകരമായി നേരിടാൻ അവരെ സഹായിച്ചു. (യാക്കോബ് 1:2-4 വായിക്കുക.) അൽബേനിയയിൽനിന്നുള്ള മീര എന്ന മുൻനിരസേവികയുടെ കാര്യംതന്നെ നോക്കുക. മുമ്പൊക്കെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പിടിച്ചുനിന്നതുകൊണ്ട് ഇപ്പോഴും തനിക്കു സഹിച്ചുനിൽക്കാനാകുന്നതായി സഹോദരി കണ്ടെത്തിയിരിക്കുന്നു. തനിക്കു മാത്രമാണ് ഇത്രയും പ്രശ്നങ്ങളുള്ളതെന്നു സഹോദരിക്കു ചിലപ്പോൾ തോന്നാറുണ്ട്. പക്ഷേ സഹോദരി അപ്പോൾ ഒരു കാര്യം ചെയ്യും: കഴിഞ്ഞ 20 വർഷമായി തന്നെ സഹായിക്കാൻ യഹോവ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും. എന്നിട്ട് തന്നോടുതന്നെ ഇങ്ങനെ പറയും: ‘എന്തുവന്നാലും വിശ്വസ്തയായി തുടരണം. ഇല്ലെങ്കിൽ യഹോവയുടെ സഹായത്തോടെ ഇത്രയുംകാലം പിടിച്ചുനിന്നതെല്ലാം വെറുതേയാകില്ലേ? അതു പാടില്ല.’ നിങ്ങളുടെ കാര്യത്തിലും യഹോവ എങ്ങനെയൊക്കെയാണു സഹിച്ചുനിൽക്കാൻ ഇതുവരെ സഹായിച്ചിട്ടുള്ളത് എന്നു ചിന്തിക്കുക. ഓരോ തവണ പരീക്ഷണം നേരിടുമ്പോഴും നിങ്ങൾ സഹിച്ചുനിൽക്കുന്നത് യഹോവ കാണുന്നുണ്ടെന്നും അതിനു പ്രതിഫലം തരുമെന്നും ഉറച്ചുവിശ്വസിക്കുക. (മത്താ. 5:10-12) അങ്ങനെയാകുമ്പോൾ മഹാകഷ്ടതയുടെ സമയമാകുമ്പോഴേക്കും പ്രശ്നങ്ങളൊക്കെ ഉണ്ടായാലും എങ്ങനെ പിടിച്ചുനിൽക്കണമെന്നു നിങ്ങൾ പഠിച്ചിട്ടുണ്ടായിരിക്കും. മാത്രമല്ല, വിശ്വസ്തരായി സഹിച്ചുനിൽക്കാനുള്ള നിങ്ങളുടെ തീരുമാനം ശക്തവുമായിരിക്കും.
അനുകമ്പ കാണിക്കുക
9. സിറിയയിലെ അന്ത്യോക്യയിലുള്ള സഭ അനുകമ്പ കാണിച്ചത് എങ്ങനെ?
9 യഹൂദ്യയിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്കു കടുത്ത ക്ഷാമം നേരിട്ടപ്പോൾ എന്താണു സംഭവിച്ചത് എന്നു നോക്കുക. ആ ക്ഷാമത്തെക്കുറിച്ച് സിറിയയിലെ അന്ത്യോക്യയിലുള്ള സഭ കേട്ടപ്പോൾ അവർക്ക് യഹൂദ്യയിലുള്ള സഹോദരങ്ങളോടു സ്വാഭാവികമായി അനുകമ്പ തോന്നി. എന്നാൽ അത് അവിടംകൊണ്ട് തീർന്നില്ല. അവർ അതു പ്രവൃത്തിയിലൂടെ കാണിച്ചു. “ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു” എന്നാണു നമ്മൾ വായിക്കുന്നത്. (പ്രവൃ. 11:27-30) ക്ഷാമം നേരിട്ട സഹോദരങ്ങൾ താമസിച്ചിരുന്നതു വളരെ അകലെയായിരുന്നെങ്കിലും എങ്ങനെയും അവരെ സഹായിക്കാൻ അന്ത്യോക്യയിലെ സഹോദരങ്ങൾ ആഗ്രഹിച്ചു.—1 യോഹ. 3:17, 18.
10. നമ്മുടെ സഹോദരങ്ങൾ ഒരു ദുരന്തത്തിന് ഇരയാകുമ്പോൾ ഏതെല്ലാം വിധങ്ങളിൽ നമുക്ക് അനുകമ്പ കാണിക്കാം? (ചിത്രവും കാണുക.)
10 നമ്മുടെ സഹോദരങ്ങൾ ഏതെങ്കിലും ദുരന്തത്തിന് ഇരയാകുമ്പോൾ നമുക്കും അനുകമ്പ കാണിക്കാനാകും. പല വിധങ്ങളിൽ അതു ചെയ്യാം: ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സഹായിക്കാൻ അവസരമുണ്ടോ എന്നു മൂപ്പന്മാരോടു ചോദിക്കാം. അല്ലെങ്കിൽ ലോകവ്യാപകവേലയ്ക്കുവേണ്ടി സംഭാവനകൾ നൽകാം. അതുമല്ലെങ്കിൽ ആ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാം.b (സുഭാ. 17:17) ഉദാഹരണത്തിന്, 2020-ൽ കോവിഡ്-19 മഹാമാരിയുടെ പ്രശ്നങ്ങൾ നേരിട്ട സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി 950-ലേറെ ദുരിതാശ്വാസ കമ്മിറ്റികൾ പ്രവർത്തിച്ചു. ആ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സഹോദരങ്ങളോടു നമ്മൾ എത്ര നന്ദിയുള്ളവരാണ്! അവർ സഹോദരങ്ങൾക്കു സാധനങ്ങൾ എത്തിച്ചുകൊടുത്തു. ആത്മീയമായി വേണ്ട സഹായങ്ങൾ നൽകി. ഇനി, ചില ഇടങ്ങളിൽ വീടുകളും ആരാധനാസ്ഥലങ്ങളും കേടുപോക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തു. ഇതിനെല്ലാം അവരെ പ്രേരിപ്പിച്ചതു സഹോദരങ്ങളോടുള്ള അനുകമ്പയാണ്.—2 കൊരിന്ത്യർ 8:1-4 താരതമ്യം ചെയ്യുക.
11. നമ്മൾ അനുകമ്പ കാണിക്കുന്നത് യഹോവയെ മഹത്ത്വപ്പെടുത്തിയേക്കാവുന്നത് എങ്ങനെ?
11 ഒരു ദുരന്തം ഉണ്ടാകുമ്പോൾ അവിടെയുള്ള സഹോദരങ്ങളോടു നമ്മൾ കാണിക്കുന്ന അനുകമ്പയും അവരെ സഹായിക്കാൻവേണ്ടി നമ്മൾ ചെയ്യുന്ന ത്യാഗങ്ങളും മറ്റുള്ളവർ ശ്രദ്ധിക്കാറുണ്ട്. അങ്ങനെയൊരു അനുഭവം ബഹാമസിൽ ഉണ്ടായി. 2019-ൽ ഡൊറിയൻ ചുഴലിക്കൊടുങ്കാറ്റ് അവിടെയുള്ള ഒരു രാജ്യഹാൾ തകർത്തു. അതു പുതുക്കിപ്പണിയുന്നതിനിടെ ചില ജോലികൾ ചെയ്തുകിട്ടുന്നതിനുവേണ്ടി സഹോദരങ്ങൾ സാക്ഷിയല്ലാത്ത ഒരു കോൺട്രാക്ടറെ സമീപിച്ചു. അതിന് എത്ര ചെലവ് വരുമെന്നും അവർ ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അതിനുവേണ്ടി ഞാൻ തരുന്ന ഉപകരണങ്ങൾക്കും സാധനങ്ങൾക്കും തൊഴിലാളികൾക്കും നിങ്ങൾ ഒന്നും തരേണ്ടാ. എല്ലാം എന്റെ സംഭാവനയാണ്. നിങ്ങളുടെ സംഘടനയ്ക്കുവേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, നിങ്ങളുടെ കൂട്ടുകാർക്കുവേണ്ടി നിങ്ങൾ ചെയ്തതൊക്കെ എന്നെ ശരിക്കും അതിശയിപ്പിച്ചു.” ഇന്നു ലോകത്ത് മിക്കവർക്കും യഹോവയെ അറിയില്ല. എന്നാൽ യഹോവയുടെ സാക്ഷികൾ ചെയ്യുന്ന കാര്യങ്ങൾ അവരിൽ പലരും ശ്രദ്ധിക്കാറുണ്ട്. നമ്മൾ ആളുകളോട് അനുകമ്പ കാണിക്കുമ്പോൾ “കരുണാസമ്പന്നനായ” യഹോവയെക്കുറിച്ച് കൂടുതൽ അറിയാൻ അത് ആളുകളെ പ്രേരിപ്പിച്ചേക്കാം. എത്ര സന്തോഷമുള്ള കാര്യമാണ് അത്!—എഫെ. 2:4.
12. ഇപ്പോൾ അനുകമ്പ കാണിക്കാൻ പഠിക്കുന്നതു മഹാകഷ്ടതയെ നേരിടാൻ നമ്മളെ ഒരുക്കുന്നത് എങ്ങനെ? (വെളിപാട് 13:16, 17)
12 മഹാകഷ്ടതയുടെ സമയത്ത് സഹോദരങ്ങളോട് അനുകമ്പ കാണിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. കാരണം, രാഷ്ട്രീയസംഘടനകളെ പിന്തുണയ്ക്കാത്തവർക്കു പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല മഹാകഷ്ടതയുടെ സമയത്തും അങ്ങനെ സംഭവിക്കും. (വെളിപാട് 13:16, 17 വായിക്കുക.) അന്നന്നത്തെ ആവശ്യങ്ങൾ നടത്താൻപോലും സഹോദരങ്ങൾക്ക് അന്നു സഹായം വേണ്ടിവരും. അപ്പോൾ നമുക്ക് അവരോട് അനുകമ്പ കാണിക്കാം. അങ്ങനെ ചെയ്യുകയാണെങ്കിൽ ന്യായവിധി നടത്താനായി നമ്മുടെ രാജാവായ യേശു വരുമ്പോൾ ‘രാജ്യം അവകാശമാക്കാൻ’ നമ്മളെയും ക്ഷണിക്കും.—മത്താ. 25:34-40.
സ്നേഹം ശക്തമാക്കുക
13. റോമർ 15:7 സൂചിപ്പിക്കുന്നതുപോലെ ആദ്യകാല ക്രിസ്ത്യാനികൾ തങ്ങൾക്കിടയിലെ സ്നേഹം ശക്തമാക്കിയത് എങ്ങനെ?
13 ആദ്യകാല ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഏറ്റവും പ്രധാനഗുണമായിരുന്നു സ്നേഹം. എന്നാൽ പരസ്പരം സ്നേഹം കാണിക്കുന്നത് അവർക്ക് എളുപ്പമായിരുന്നോ? റോമിലെ സഭയുടെ കാര്യംതന്നെ നോക്കാം. മോശയിലൂടെ ദൈവം നൽകിയ നിയമം ചെറുപ്പം മുതലേ അനുസരിച്ച് വളർന്ന ജൂതന്മാരും അവരിൽനിന്ന് വളരെ വ്യത്യാസമുള്ള ജനതകളിൽപ്പെട്ട ആളുകളും അവിടെയുണ്ടായിരുന്നു. ആ ക്രിസ്ത്യാനികളിൽ ചിലർ അടിമകളും മറ്റു ചിലർ സ്വതന്ത്രരും ആയിരുന്നു. ചില അടിമകളുടെ യജമാനന്മാർപോലും അവിടെയുണ്ടായിരുന്നിരിക്കാം. എന്നാൽ ഈ വ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അവർക്ക് എങ്ങനെയാണു തങ്ങളുടെ ഇടയിലെ സ്നേഹം ശക്തമാക്കാൻ കഴിഞ്ഞത്? ‘അന്യോന്യം സ്വീകരിക്കാൻ’ പൗലോസ് അപ്പോസ്തലൻ അവരെ ഉപദേശിച്ചു. (റോമർ 15:7 വായിക്കുക.) അങ്ങനെ പറഞ്ഞപ്പോൾ പൗലോസ് എന്താണ് ഉദ്ദേശിച്ചത്? “സ്വീകരിക്കുക” എന്നു പരിഭാഷ ചെയ്തിരിക്കുന്ന വാക്കിന്റെ അർഥം ഒരാളുടെ വീട്ടിലേക്കോ സുഹൃത്തുക്കളുടെ കൂട്ടത്തിലേക്കോ മറ്റൊരാളെ ദയയോടെ അല്ലെങ്കിൽ സ്നേഹത്തോടെ സ്വാഗതം ചെയ്യുക എന്നാണ്. ഉദാഹരണത്തിന് ഫിലേമോന്റെ അടുത്തുനിന്ന് ഒളിച്ചോടിയ ഒനേസിമൊസിനെ ‘ദയയോടെ സ്വീകരിക്കാനാണ്’ പൗലോസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. (ഫിലേ. 17) ഇനി, പ്രിസ്കില്ലയും അക്വിലയും ക്രിസ്ത്യാനിത്വത്തെക്കുറിച്ച് തങ്ങളുടെ അത്രയും അറിവില്ലാതിരുന്ന അപ്പൊല്ലോസിനു കാര്യങ്ങൾ വിവരിച്ചുകൊടുക്കാനായി അദ്ദേഹത്തെ വീട്ടിൽ ‘കൂട്ടിക്കൊണ്ടുപോയി.’ (പ്രവൃ. 18:26) ആദ്യകാല ക്രിസ്ത്യാനികൾക്കിടയിൽ പലപല വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഒരു പ്രശ്നത്തിനു കാരണമാകാൻ അവർ അനുവദിച്ചില്ല. പകരം അവർ അന്യോന്യം സ്വീകരിച്ചു.
14. അന്നയും ഭർത്താവും സഹോദരങ്ങളോടു സ്നേഹം കാണിച്ചത് എങ്ങനെ?
14 നമ്മുടെ സഹോദരങ്ങളെ കൂട്ടുകാരാക്കുകയും അവരുടെകൂടെ സമയം ചെലവഴിക്കുകയും ഒക്കെ ചെയ്തുകൊണ്ട് നമുക്കും അവരോടു സ്നേഹം കാണിക്കാം. അങ്ങനെ ചെയ്യുമ്പോൾ മിക്കപ്പോഴും അവർ തിരിച്ച് നമ്മളോടും സ്നേഹം കാണിക്കും. (2 കൊരി. 6:11-13) മിഷനറിമാരായ അന്നയുടെയും ഭർത്താവിന്റെയും അനുഭവം അതാണു പഠിപ്പിക്കുന്നത്. അവർ ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ പുതിയ നിയമനസ്ഥലത്ത് എത്തിയ ഉടനെയാണു കോവിഡ്-19 മഹാമാരി തുടങ്ങുന്നത്. അതുകൊണ്ട് സഹോദരങ്ങളെ നേരിൽ കാണാനൊന്നും അവർക്കു കഴിഞ്ഞില്ല. പിന്നെ എങ്ങനെ അവർ സ്നേഹം കാണിക്കും? അവർ വീഡിയോ-കോൾ ചെയ്ത് സഹോദരങ്ങളോടു സംസാരിച്ചു. അവരെ അടുത്ത് പരിചയപ്പെടാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞു. അവിടെയുള്ള സഹോദരങ്ങൾക്ക് അതു വലിയ സന്തോഷമായി. തിരിച്ച് അവരും ഈ മിഷനറിമാരെ ഫോൺ വിളിക്കാനും അവർക്കു മെസ്സേജ് അയയ്ക്കാനും തുടങ്ങി. ഇങ്ങനെയൊക്കെ ചെയ്യാൻ ഈ മിഷനറിമാർ തയ്യാറായത് എന്തുകൊണ്ടാണ്? അന്ന പറയുന്നു: “മുമ്പ് ഞാനും വീട്ടുകാരും സന്തോഷത്തിലായിരുന്നപ്പോഴും പ്രയാസസമയങ്ങളിലൂടെ കടന്നുപോയപ്പോഴും സഹോദരങ്ങൾ ഞങ്ങളോടു കാണിച്ച സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. ആ മാതൃകയാണ് ഇവരോടു സ്നേഹം കാണിക്കാൻ എന്നെ പ്രേരിപ്പിച്ചത്.”
15. എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്ന കാര്യത്തിൽ വനേസയുടെ മാതൃകയിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? (ചിത്രവും കാണുക.)
15 നമ്മളിൽ മിക്കവരുടെയും സഭകളിൽ പല പശ്ചാത്തലങ്ങളിൽനിന്നുള്ളവരുണ്ട്. സഹോദരങ്ങളുടെ വ്യക്തിത്വത്തിലും വ്യത്യാസങ്ങൾ കാണാം. എങ്കിലും അവരുടെയെല്ലാം നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കുന്നെങ്കിൽ അവരോടുള്ള നമ്മുടെ സ്നേഹം ശക്തമാക്കാനാകും. ന്യൂസിലൻഡിൽ സേവിക്കുന്ന വനേസ സഹോദരിക്കു തന്റെ സഭയിലുള്ള ചിലരുമായി ഒത്തുപോകുന്നതു ബുദ്ധിമുട്ടായി തോന്നിയിരുന്നു. അവരുടെ ചില സ്വഭാവങ്ങൾ സഹോദരിയെ അസ്വസ്ഥയാക്കി. എന്നാൽ അവരെ ഒഴിവാക്കുന്നതിനു പകരം അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സഹോദരി തീരുമാനിച്ചു. അങ്ങനെ ചെയ്തതുകൊണ്ട് അവരിൽ യഹോവ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നു കാണാൻ സഹോദരിക്കു കഴിഞ്ഞു. സഹോദരി പറയുന്നു: “എന്റെ ഭർത്താവ് ഒരു സർക്കിട്ട് മേൽവിചാരകനായതോടെ വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുപാടു സഹോദരങ്ങളുമായി ഞങ്ങൾക്ക് അടുത്ത് ഇടപെടേണ്ടിവന്നു. എന്നാൽ ഇപ്പോൾ എനിക്ക് അത് എളുപ്പമാണ്. കാരണം വ്യത്യസ്തത ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. യഹോവയും അങ്ങനെയാണല്ലോ. എത്രയെത്ര പശ്ചാത്തലങ്ങളിൽനിന്നുള്ളവരെയാണ് യഹോവ തന്റെ ആരാധകരായി സ്വീകരിച്ചിരിക്കുന്നത്.” അതുകൊണ്ട് യഹോവ ആളുകളെ കാണുന്നതുപോലെ കാണാൻ ശീലിക്കുക. അങ്ങനെ അവരോടുള്ള സ്നേഹം നമുക്ക് തെളിയിക്കാനാകും.—2 കൊരി. 8:24.
16. മഹാകഷ്ടതയുടെ സമയത്ത് സ്നേഹം കാണിക്കുന്നതു കൂടുതൽ ആവശ്യമായിവരുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
16 മഹാകഷ്ടതയുടെ സമയത്ത് നമ്മുടെ ഇടയിൽ സ്നേഹം ഉണ്ടായിരിക്കേണ്ടതു കൂടുതൽ ആവശ്യമായിവരും. പണ്ട് ബാബിലോൺ ആക്രമിക്കപ്പെട്ടപ്പോൾ യഹോവ തന്റെ ജനത്തിനു നൽകിയ നിർദേശം എന്താണെന്നു നോക്കുക: “എന്റെ ജനമേ, ചെന്ന് നിങ്ങളുടെ ഉൾമുറികളിൽ കയറി, വാതിൽ അടയ്ക്കുക. ക്രോധം കടന്നുപോകുന്നതുവരെ അൽപ്പനേരത്തേക്ക് ഒളിച്ചിരിക്കുക!” (യശ. 26:20) മഹാകഷ്ടതയെ നേരിടാൻപോകുന്ന നമ്മളും ആ നിർദേശങ്ങൾ അനുസരിക്കേണ്ടിവന്നേക്കും. അവിടെ പറഞ്ഞിരിക്കുന്ന ഉൾമുറികൾ സൂചിപ്പിക്കുന്നതു നമ്മുടെ സഭകളെയായിരിക്കാം. സഹാരാധകരുമായി ഐക്യത്തിലായിരിക്കുന്നതിലൂടെ, മഹാകഷ്ടതയുടെ സമയത്ത് യഹോവ ഉറപ്പുതന്നിരിക്കുന്ന സംരക്ഷണം നമുക്കു കിട്ടും. അതുകൊണ്ട് ഇപ്പോൾ സഹോദരങ്ങളുമായി എങ്ങനെയെങ്കിലും ഒത്തുപോയാൽ പോരാ, അവരെ സ്നേഹിക്കാൻ നന്നായി ശ്രമിക്കേണ്ടതുണ്ട്. നമ്മൾ രക്ഷപ്പെടുമോ എന്നത് അതിനെ ആശ്രയിച്ചിരുന്നേക്കാം!
ഇപ്പോൾത്തന്നെ ഒരുങ്ങുക
17. ഇപ്പോൾത്തന്നെ ഒരുങ്ങിയാൽ മഹാകഷ്ടതയുടെ സമയത്ത് നമുക്ക് എന്തു ചെയ്യാനാകും?
17 “യഹോവയുടെ ഭയങ്കരമായ ദിവസം” മനുഷ്യർക്കു കടുത്ത വേദനയുടെയും കഷ്ടതയുടെയും സമയമായിരിക്കും. (സെഫ. 1:14, 15) ദൈവജനത്തിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. എന്നാൽ ഇപ്പോൾത്തന്നെ ഒരുങ്ങുന്നെങ്കിൽ നമുക്ക് അന്നു ശാന്തരായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനും കഴിയും. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും നമ്മൾ സഹിച്ചുനിൽക്കും. സഹോദരങ്ങൾക്കു ബുദ്ധിമുട്ടു നേരിടുമ്പോൾ അവരോട് അനുകമ്പ കാണിച്ചുകൊണ്ടും അവരുടെ ആവശ്യങ്ങൾക്കായി കരുതിക്കൊണ്ടും അവരെ സഹായിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കും. നമ്മൾ ഇപ്പോൾത്തന്നെ സഹോദരങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് അന്നും അവരോടു ചേർന്നുനിൽക്കും. അപ്പോൾ ദുരന്തങ്ങളും കഷ്ടതകളും മനസ്സിൽപ്പോലും ഇല്ലാത്ത ഒരു ലോകത്തിൽ നിത്യജീവൻ നൽകി യഹോവ നമ്മളെ അനുഗ്രഹിക്കും.—യശ. 65:17.
ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!
a മഹാകഷ്ടത പെട്ടെന്നുതന്നെ തുടങ്ങും. മനുഷ്യർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ആ വലിയ കഷ്ടതയെ നേരിടാൻ സഹനശക്തിയും അനുകമ്പയും സ്നേഹവും നമ്മളെ സഹായിക്കും. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഈ ഗുണങ്ങൾ കാണിക്കാൻ പഠിച്ചത് എങ്ങനെയെന്നും ഇന്നു നമുക്ക് എങ്ങനെ അവരെ അനുകരിക്കാമെന്നും നമ്മൾ കാണും. കൂടാതെ മഹാകഷ്ടതയെ നേരിടാൻ ഈ ഗുണങ്ങൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നും പഠിക്കും.
b ഏതെങ്കിലും ദുരിതാശ്വാസപ്രവർത്തനത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യംതന്നെ പ്രാദേശിക ഡിസൈൻ നിർമാണ സ്വമേധാസേവനത്തിനുള്ള അപേക്ഷയോ (DC-50) സ്വമേധാസേവനത്തിനുള്ള അപേക്ഷയോ (A-19) പൂരിപ്പിച്ച് നൽകുക. എന്നിട്ട് നിങ്ങളെ വിളിക്കുന്നതുവരെ കാത്തിരിക്കുക.