നിങ്ങൾക്കു “സിംഹഹൃദയ”മുണ്ടായിരിക്കാൻ കഴിയും
ബൈബിൾ ചിലപ്പോഴെല്ലാം സിംഹത്തെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഉപയോഗിക്കുന്നു. പരാക്രമശാലികളോ ധീരരോ ആയ പുരുഷന്മാർ “സിംഹഹൃദയ”മുള്ളവരായി വർണിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, നീതിമാന്മാർ “ബാലസിംഹത്തെപോലെ ആത്മവിശ്വാസമുള്ള”വരാണെന്നു പറയപ്പെടുന്നു. (2 ശമൂവേൽ 17:10; സദൃശവാക്യങ്ങൾ 28:1, NW) പോരിനു വെല്ലുവിളിക്കുമ്പോൾ പ്രത്യേകിച്ചും, “മൃഗങ്ങളിൽവെച്ചു ശക്തിയേറിയ”തെന്ന സൽപ്പേരിനു താൻ അർഹനാണെന്നു സിംഹം കാട്ടിത്തരുന്നു.—സദൃശവാക്യങ്ങൾ 30:30.
യഹോവയാം ദൈവം തന്റെ ജനത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തെ സിംഹത്തിന്റെ നിർഭയത്വത്തോടാണ് ഉപമിക്കുന്നത്. യെശയ്യാവു 31:4, 5 ഇങ്ങനെ പ്രസ്താവിക്കുന്നു: “സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്വാൻ ഇറങ്ങിവരും. . . . അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.” അങ്ങനെ, തന്റെ ദാസർക്കു യഹോവ സജീവമായ സംരക്ഷണം ഉറപ്പേകുന്നു, വിശിഷ്യാ വിപത്തിനെ അഭിമുഖീകരിക്കുമ്പോൾ.
ബൈബിൾ മനുഷ്യവർഗത്തിന്റെ ഏറ്റവും വലിയ പ്രതിയോഗിയായ പിശാചായ സാത്താനെ അലറുന്ന, അത്യാർത്തിപൂണ്ട സിംഹത്തോടു താരതമ്യം ചെയ്യുന്നു. അവന് ഇരയാകാതിരിക്കേണ്ടതിന്, “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ” എന്നു തിരുവെഴുത്തുകളിൽ നമ്മോടു പറഞ്ഞിരിക്കുന്നു. (1 പത്രൊസ് 5:8) മാരകമായ ആത്മീയ മയക്കം ഒഴിവാക്കുന്നതാണ് അതിനുള്ള ഒരു മാർഗം. ഇതു സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ് 21:34-36) അതേ, ഈ “അന്ത്യനാളുക”ളിൽ ആത്മീയമായി ഉണർന്നിരിക്കുന്നതു നമുക്ക് ‘സിംഹഹൃദയം,’ “യഹോവയിൽ ആശ്രയിച്ച് ഉറെച്ചിരിക്കു”ന്ന ഒരു ഹൃദയം പ്രദാനം ചെയ്യും.—2 തിമോത്തി 3:1, NW; സങ്കീർത്തനം 112:7, 8.