“ആലയ”വും “പ്രഭു”വും ഇന്ന്
“അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.”—യെഹെസ്കേൽ 46:10.
1, 2. ഏതു പ്രമുഖ സത്യം യെഹെസ്കേലിന്റെ ആലയ ദർശനത്തിന്റെ പൊരുളിന്റെ ഏറിയകൂറും ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു?
ചില പുരാതന യഹൂദ റബിമാർക്ക് യെഹെസ്കേൽ പുസ്തകത്തോട് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. തൽമൂദ് പറയുന്നപ്രകാരം, അവരിൽ ചിലർ വിശുദ്ധ തിരുവെഴുത്തുകളുടെ കാനോനിക പുസ്തക പട്ടികയിൽനിന്ന് അതു മാറ്റാൻ പോലും പരിപാടിയിട്ടു. ആലയ ദർശനം വ്യാഖ്യാനിക്കാൻ അവർക്കു വിശേഷാൽ ബുദ്ധിമുട്ടു തോന്നിയിരുന്നു. മാത്രമല്ല, അതു മനുഷ്യനു ദുർഗ്രഹമാണെന്നും അവർ പ്രഖ്യാപിച്ചു. യഹോവയുടെ ആലയത്തെ കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനം മറ്റു ബൈബിൾ പണ്ഡിതന്മാരെയും കുഴപ്പിച്ചിട്ടുണ്ട്. നമ്മെയോ?
2 നിർമല ആരാധനയുടെ പുനഃസ്ഥാപനം മുതൽ, യഹോവ ആത്മീയ ഉൾക്കാഴ്ചയുടെ അനേകം ഒളിമിന്നലുകൾ നൽകി തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ദൈവത്തിന്റെ ആത്മീയ ആലയം എന്താണെന്നുള്ള ഗ്രാഹ്യം. അതു നിർമല ആരാധനയ്ക്കുള്ള യഹോവയുടെ ആലയസമാന ക്രമീകരണം ആണ്.a ഈ പ്രമുഖ സത്യം യെഹെസ്കേലിന്റെ ആലയ ദർശനത്തിന്റെ പൊരുളിന്റെ ഏറിയകൂറും ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. ഈ ദർശനത്തിന്റെ നാലു ഘടകങ്ങളെ നമുക്കു കൂടുതൽ അടുത്തു പരിചിന്തിക്കാം—ആലയം, പൗരോഹിത്യം, പ്രഭു, ദേശം. ഇവ ഇന്ന് എന്ത് അർഥമാക്കുന്നു?
ആലയവും നിങ്ങളും
3. ആലയത്തിന്റെ പ്രവേശന മാർഗത്തിലെ ഉയരമുള്ള മച്ചിൽനിന്നും ചുവർ കൊത്തുപണികളിൽനിന്നും നാം എന്തു പഠിക്കുന്നു?
3 നാം ദർശനത്തിലെ ഈ ആലയം ഒന്നു ചുറ്റിക്കാണുകയാണെന്നു സങ്കൽപ്പിക്കുക. ഏഴു പടികൾ കയറി കൂറ്റൻ പടിവാതിലുകളിൽ ഒന്നിൽ നാം എത്തുന്നു. ഈ പ്രവേശന മാർഗത്തിൽ നിന്നുകൊണ്ട്, നാം ഭയാദരവോടെ മേലോട്ടു നോക്കുന്നു. മച്ചിന് 30 മീറ്ററിലധികം ഉയരമുണ്ട്! യഹോവയുടെ ആരാധനാ ക്രമീകരണത്തിൽ പ്രവേശിക്കുന്നതിനുള്ള നിലവാരങ്ങൾ വളരെ ഉയർന്നതാണെന്ന് അതു നമ്മെ അനുസ്മരിപ്പിക്കുന്നു. ജാലകത്തിലൂടെ എത്തുന്ന പ്രകാശ രശ്മികൾ ഈന്തപ്പനയിൽ തീർത്ത ചുവർ കൊത്തുപണികളെ ശോഭായമാനമാക്കുന്നു. പരമാർഥതയെ ചിത്രീകരിക്കാനാണു സാധാരണമായി തിരുവെഴുത്തുകളിൽ ഈന്തപ്പനയെ ഉപയോഗിക്കുന്നത്. (സങ്കീർത്തനം 92:12; യെഹെസ്കേൽ 40:14, 16, 22) ധാർമികമായും ആത്മീയമായും പരമാർഥരായവർക്ക് ഉള്ളതാണ് ഈ വിശുദ്ധ സ്ഥലം. ഇതിനോടുള്ള ചേർച്ചയിൽ, നമ്മുടെ ആരാധന യഹോവയ്ക്കു സ്വീകാര്യമാകുന്നതിനു നാമും പരമാർഥരായി നിലകൊള്ളാൻ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 11:7.
4. ആലയത്തിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നത് ആർക്ക്, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?
4 പ്രവേശന മാർഗത്തിന്റെ ഓരോ വശത്തും മൂന്നു കാവൽ മുറികളുണ്ട്. അകത്തു പ്രവേശിക്കാൻ കാവൽക്കാർ നമ്മെ അനുവദിക്കുമോ? ‘ഹൃദയത്തെ പരിച്ഛേദന കഴിച്ചിട്ടില്ലാത്ത’ യാതൊരു പരദേശിയും അകത്തു പ്രവേശിക്കാൻ പാടില്ലെന്നു യഹോവ യെഹെസ്കേലിനോടു പറയുന്നു. (യെഹെസ്കേൽ 40:10; 44:9) അത് എന്താണ് അർഥമാക്കുന്നത്? ദൈവത്തിന്റെ നിയമങ്ങൾ ഇഷ്ടപ്പെടുകയും അവയ്ക്കനുസൃതം ജീവിക്കുകയും ചെയ്യുന്നവരെ മാത്രമേ അവൻ ആരാധകരായി അംഗീകരിക്കുന്നുള്ളൂ. (യിരെമ്യാവു 4:4; റോമർ 2:29) അവൻ അത്തരക്കാരെയാണ് തന്റെ ആത്മീയ കൂടാരത്തിലേക്ക്, തന്റെ ആരാധനാ ഭവനത്തിലേക്ക്, സ്വാഗതം ചെയ്യുന്നത്. (സങ്കീർത്തനം 15:1-5) 1919-ൽ നിർമല ആരാധന പുനഃസ്ഥാപിതമായതു മുതൽ, യഹോവയുടെ ഭൗമിക സംഘടന അവന്റെ ധാർമിക നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയും ക്രമാനുഗതമായി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അനുസരിക്കാൻ മനഃപൂർവം വിസമ്മതിക്കുന്നവർ അവന്റെ ജനവുമായി സഹവസിക്കാൻ സ്വാഗതം ചെയ്യപ്പെടുന്നില്ല. ഇന്ന്, അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരെ പുറത്താക്കുന്ന ബൈബിളധിഷ്ഠിത നടപടി നമ്മുടെ ആരാധനയെ ശുദ്ധവും നിർമലവുമായി കാക്കാൻ ഉപകരിച്ചിരിക്കുന്നു.—1 കൊരിന്ത്യർ 5:13.
5. (എ) യെഹെസ്കേലിന്റെ ദർശനത്തിനും വെളിപ്പാടു 7:9-15-ൽ രേഖപ്പെടുത്തിയിരിക്കുന്ന യോഹന്നാന്റെ ദർശനത്തിനും തമ്മിൽ എന്തു സാമ്യങ്ങൾ ഉണ്ട്? (ബി) യെഹെസ്കേലിന്റെ ദർശനത്തിൽ, പുറത്തെ പ്രാകാരത്തിൽ ആരാധിക്കുന്ന 12 ഗോത്രങ്ങൾ ആരെ ചിത്രീകരിക്കുന്നു?
5 പ്രവേശനമാർഗം പുറത്തെ പ്രാകാരത്തിലേക്കു നയിക്കുന്നു, അവിടെയാണ് ആളുകൾ യഹോവയെ ആരാധിക്കുകയും വാഴ്ത്തുകയും ചെയ്യുന്നത്. ഇത് യഹോവയെ “അവന്റെ ആലയത്തിൽ രാപ്പകൽ” ആരാധിക്കുന്ന “മഹാപുരുഷാര”ത്തെക്കുറിച്ച് അപ്പൊസ്തലനായ യോഹന്നാനുണ്ടായ ദർശനത്തെ കുറിച്ചു നമ്മെ അനുസ്മരിപ്പിക്കുന്നു. രണ്ടു ദർശനങ്ങളിലും ഈന്തപ്പന ചിത്രീകരിക്കപ്പെടുന്നു. യെഹെസ്കേലിന്റെ ദർശനത്തിൽ അവ പ്രവേശനമാർഗത്തിലെ മതിലുകളെ അലങ്കരിക്കുന്നു. എന്നാൽ യോഹന്നാന്റെ ദർശനത്തിൽ, യഹോവയെ പുകഴ്ത്തുന്നതിലും തങ്ങളുടെ രാജാവ് എന്ന നിലയിൽ യേശുവിനെ സ്വാഗതം ചെയ്യുന്നതിലുമുള്ള സന്തോഷത്തെ പ്രതീകപ്പെടുത്തിക്കൊണ്ട് ആരാധകർ കയ്യിൽ കുരുത്തോല പിടിച്ചിരിക്കുന്നു. (വെളിപ്പാടു 7:9-15) യെഹെസ്കേലിന്റെ ദർശനത്തിന്റെ സന്ദർഭമെടുത്താൽ ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ ‘വേറെ ആടുകളെ’ ചിത്രീകരിക്കുന്നു. (യോഹന്നാൻ 10:16; ലൂക്കൊസ് 22:28-30 താരതമ്യം ചെയ്യുക.) നിങ്ങളും യഹോവയുടെ രാജ്യത്തെ ഘോഷിച്ചുകൊണ്ട് അവനെ സ്തുതിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരിൽ ഒരാളാണോ?
6. പുറത്തെ പ്രാകാരത്തിലെ ഭോജന മുറികളുടെ ഉദ്ദേശ്യം എന്തായിരുന്നു, ഇത് വേറെ ആടുകളിൽ പെട്ടവരെ ഏതു പദവിയെ കുറിച്ച് അനുസ്മരിപ്പിച്ചേക്കാം?
6 പുറത്തെ പ്രാകാരത്തിൽ ചുറ്റിനടക്കുമ്പോൾ, ആളുകൾക്കു തങ്ങളുടെ സ്വമേധയാ ദാനങ്ങളിൽനിന്നു ഭക്ഷിക്കാനുള്ള 30 ഭോജന മുറികൾ നാം കാണുന്നു. (യെഹെസ്കേൽ 40:17) ഇന്ന്, വേറെ ആടുകളിൽപ്പെട്ടവർ മൃഗബലികൾ അർപ്പിക്കുന്നില്ല. എന്നിരുന്നാലും, അവർ ആത്മീയ ആലയത്തിലേക്കു വെറുംകൈയോടെ അല്ല വരുന്നത്. (പുറപ്പാടു 23:15 താരതമ്യം ചെയ്യുക.) പൗലൊസ് അപ്പൊസ്തലൻ എഴുതി: “[യേശു] മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.” (എബ്രായർ 13:15, 16; ഹോശേയ 14:2) യഹോവയ്ക്ക് അത്തരം യാഗങ്ങൾ അർപ്പിക്കുന്നത് ഒരു വലിയ പദവിയാണ്.—സദൃശവാക്യങ്ങൾ 3:9, 27.
7. ആലയത്തിന്റെ അളവെടുപ്പ് നമുക്ക് എന്തിനെ കുറിച്ച് ഉറപ്പു നൽകുന്നു?
7 ദർശനത്തിലെ ആലയത്തെ ഒരു ദൂതൻ അളക്കുന്നത് യെഹെസ്കേൽ നിരീക്ഷിക്കുന്നു. (യെഹെസ്കേൽ 40:3) സമാനമായി, യോഹന്നാൻ അപ്പൊസ്തലനോട് ഇങ്ങനെ പറയപ്പെട്ടു: “നീ എഴുന്നേററു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.” (വെളിപ്പാടു 11:1) ഈ അളക്കൽ എന്താണ് അർഥമാക്കുന്നത്? രണ്ടിടത്തും, ഇത് വ്യക്തമായും നിർമല ആരാധന സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽനിന്ന് അവനെ തടയാൻ യാതൊന്നിനും സാധിക്കുകയില്ലെന്ന ഒരു പ്രതീകമായി, ഒരു ഉറപ്പായി ഉതകി. അതുപോലെതന്നെ ഇന്ന്, നിർമല ആരാധനയുടെ പുനഃസ്ഥാപനത്തെ തടയാൻ യാതൊന്നിനും—ഗവൺമെന്റുകളിൽ നിന്നുള്ള കടുത്ത എതിർപ്പിനുപോലും—സാധിക്കുകയില്ലെന്നു നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്.
8. അകത്തെ പ്രാകാരത്തിലേക്കുള്ള വാതിലുകളിലൂടെ പ്രവേശനമുള്ളത് ആർക്കെല്ലാം, ഈ വാതിലുകൾ നമ്മെ എന്തിനെ കുറിച്ച് അനുസ്മരിപ്പിക്കുന്നു?
8 പുറത്തെ പ്രാകാരത്തിലൂടെ നടക്കവേ, അകത്തെ പ്രാകാരത്തിലേക്കുള്ള മൂന്നു വാതിലുകൾ നാം കാണുന്നു. അകത്തെ വാതിലുകൾ പുറത്തെ വാതിലുകളുടെ അതേ നിരയിലാണ്, വലുപ്പവും ഒന്നുതന്നെ. (യെഹെസ്കേൽ 40:6, 20, 23, 24, 27) അവിടെ പുരോഹിതന്മാർക്കു മാത്രമേ പ്രവേശനമുള്ളൂ. അഭിഷിക്തർ ദിവ്യ നിലവാരങ്ങൾക്കും നിയമങ്ങൾക്കും ചേർച്ചയിൽ ജീവിക്കുന്നവർ ആയിരിക്കണം എന്നും എന്നാൽ, അതേ നിലവാരങ്ങളും നിയമങ്ങളും തന്നെയാണ് എല്ലാ സത്യ ക്രിസ്ത്യാനികളെയും നയിക്കുന്നത് എന്നും അകത്തെ വാതിലുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു. എന്നാൽ പുരോഹിതന്മാരുടെ വേല എന്താണ്, അത് ഇന്ന് എന്ത് അർഥമാക്കുന്നു?
വിശ്വസ്ത പൗരോഹിത്യം
9, 10. യെഹെസ്കേലിന്റെ ദർശനത്തിലെ പുരോഹിത വർഗത്താൽ മുൻനിഴലാക്കപ്പെട്ടിരിക്കുന്നതുപോലെ, ‘രാജകീയ പുരോഹിതവർഗം’ ആത്മീയ പ്രബോധനം പ്രദാനം ചെയ്തിരിക്കുന്നത് എങ്ങനെ?
9 ക്രിസ്തീയപൂർവ കാലങ്ങളിൽ, പുരോഹിതന്മാർ ആലയത്തിൽ കഠിനവേല ചെയ്തിരുന്നു. ബലിമൃഗങ്ങളെ അറുക്കൽ, അവയെ യാഗപീഠത്തിങ്കൽ അർപ്പിക്കൽ, സഹപുരോഹിതന്മാരെയും ആളുകളെയും സേവിക്കൽ എന്നിവ കായിക അധ്വാനം ആവശ്യമുള്ള ജോലിയായിരുന്നു. എന്നാൽ അവർക്കു മറ്റു പ്രധാനപ്പെട്ട ജോലിയും ഉണ്ടായിരുന്നു. പുരോഹിതന്മാരെ കുറിച്ച് യഹോവ ഇങ്ങനെ കൽപ്പിച്ചിരുന്നു: “അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.”—യെഹെസ്കേൽ 44:23; മലാഖി 2:7.
10 നിർമല ആരാധനയ്ക്കുവേണ്ടി ‘രാജകീയ പുരോഹിതവർഗ’മായ അഭിഷിക്തരുടെ സംഘം ചെയ്തിരിക്കുന്ന കഠിനാധ്വാനത്തെയും എളിയ സേവനത്തെയും നിങ്ങൾ വിലമതിക്കുന്നുവോ? (1 പത്രൊസ് 2:9) പുരാതന നാളിലെ ആ ലേവ്യ പുരോഹിതന്മാരെപ്പോലെ, ദൈവദൃഷ്ടിയിൽ ശുദ്ധവും സ്വീകാര്യവുമായതും അല്ലാത്തതും എന്തെന്നു ഗ്രഹിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് അവർ ആത്മീയ പ്രബോധനം നൽകുന്നതിൽ നേതൃത്വം എടുത്തിരിക്കുന്നു. (മത്തായി 24:45) ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ക്രിസ്തീയ യോഗങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും ലഭിക്കുന്ന അത്തരം പ്രബോധനം ദൈവവുമായി അനുരജ്ഞനത്തിൽ വരാൻ ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്നു.—2 കൊരിന്ത്യർ 5:20.
11. (എ) യെഹെസ്കേലിന്റെ ദർശനം പുരോഹിതന്മാരുടെ ഭാഗത്തെ ശുദ്ധിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരിക്കുന്നത് എങ്ങനെ? (ബി) അന്ത്യകാലത്ത്, അഭിഷിക്തർ ആത്മീയ അർഥത്തിൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
11 എന്നിരുന്നാലും, ശുദ്ധരായിരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലുമധികം പുരോഹിതന്മാർ ചെയ്യണമായിരുന്നു; അവർതന്നെ ശുദ്ധരായിരിക്കണമായിരുന്നു. അതുകൊണ്ട്, ഇസ്രായേലിലെ പുരോഹിതന്മാർക്ക് ഒരു ശുദ്ധീകരണ പ്രക്രിയ യെഹെസ്കേൽ മുൻകൂട്ടിക്കണ്ടു. (യെഹെസ്കേൽ 44:10-16) സമാനമായി, 1918-ൽ, ‘ഊതിക്കഴിക്കുന്നവൻ’ എന്ന നിലയിൽ, അഭിഷിക്ത പുരോഹിത വർഗത്തെ പരിശോധിച്ചുകൊണ്ട് യഹോവ തന്റെ ആത്മീയ ആലയത്തിൽ ഇരുന്നു എന്നു ചരിത്രം പ്രകടമാക്കുന്നു. (മലാഖി 3:1-5) ആത്മീയമായി ശുദ്ധരായി കണ്ടെത്തിയവരെ അല്ലെങ്കിൽ മുൻ വിഗ്രഹാരാധനയെ കുറിച്ച് അനുതപിച്ചവരെ തന്റെ ആത്മീയ ആലയത്തിലെ സേവനപദവിയിൽ തുടരാൻ യഹോവ അനുവദിച്ചു. എന്നാൽ ഏതൊരാളെയുംപോലെ, അഭിഷിക്തരിലെ ഓരോരുത്തർക്കും ആത്മീയമായോ ധാർമികമായോ അശുദ്ധരായിത്തീരാൻ കഴിയും. (യെഹെസ്കേൽ 44:22, 25-27) അവർക്ക് “ലോകത്താലുള്ള കളങ്കം പററാതവണ്ണം” നിലകൊള്ളുന്നതിനു കഠിന ശ്രമം ചെയ്യേണ്ടിവന്നിരിക്കുന്നു.—യാക്കോബ് 1:27; മർക്കൊസ് 7:20-23 താരതമ്യം ചെയ്യുക.
12. നാം അഭിഷിക്തരുടെ വേലയെ വിലമതിക്കേണ്ടത് എന്തുകൊണ്ട്?
12 നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘അനേക വർഷങ്ങളായി അഭിഷിക്തർ ചെയ്തിരിക്കുന്ന വിശ്വസ്ത സേവനത്തിന്റെ മാതൃകയെ ഞാൻ വിലമതിക്കുന്നുവോ? ഞാൻ അവരുടെ വിശ്വാസം അനുകരിക്കുന്നുവോ?’ അഭിഷിക്തർ ഇവിടെ ഭൂമിയിൽ എക്കാലവും തങ്ങളോടൊപ്പം ഉണ്ടായിരിക്കുകയില്ലെന്ന് മഹാപുരുഷാരത്തിൽ പെട്ടവർ ഓർക്കുന്നതു നല്ലതാണ്. യെഹെസ്കേലിന്റെ ദർശനത്തിലെ പുരോഹിതന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ അവർക്കു യിസ്രായേലിൽ [ഭൂ]സ്വത്തു ഒന്നും കൊടുക്കരുതു; ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.” (യെഹെസ്കേൽ 44:28) സമാനമായി, അഭിഷിക്തരുടെ നിത്യവാസസ്ഥലം ഭൂമിയല്ല. അവർക്കു സ്വർഗീയ അവകാശമാണുള്ളത്; അഭിഷിക്തർ ഭൂമിയിൽ ആയിരിക്കവേ അവരെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒരു പദവി ആയിട്ടാണ് മഹാപുരുഷാരത്തിൽ പെട്ടവർ വീക്ഷിക്കുന്നത്.—മത്തായി 25:34-40; 1 പത്രൊസ് 1:3, 4.
പ്രഭു—അവൻ ആരാണ്?
13, 14. (എ) പ്രഭു വേറെ ആടുകളിൽ പെട്ടവൻ ആയിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) പ്രഭു ആരെ ചിത്രീകരിക്കുന്നു?
13 ഇപ്പോൾ താത്പര്യജനകമായ ഒരു ചോദ്യം ഉദിക്കുന്നു. പ്രഭു ആരെയാണു പ്രതിനിധാനം ചെയ്യുന്നത്? അവൻ ഒരു വ്യക്തിയായും ഒരു കൂട്ടമായും പരാമർശിക്കപ്പെടുന്നതിനാൽ, അവൻ പുരുഷന്മാരുടെ ഒരു വർഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു നമുക്കു കരുതാവുന്നതാണ്. (യെഹെസ്കേൽ 44:3; 45:8, 9) എന്നാൽ ആരെ? നിശ്ചയമായും അഭിഷിക്തരെ അല്ല. ദർശനത്തിൽ, അവൻ പുരോഹിതന്മാരോടൊത്തു പ്രവർത്തിക്കുന്നു, എന്നാൽ അവരിൽ ഒരുവൻ അല്ലതാനും. പുരോഹിത വർഗത്തിൽനിന്നു വ്യത്യസ്തമായി, അവനു ദേശത്ത് അവകാശം ലഭിക്കുന്നു, അവന്റെ ഭാവി ജീവിതം സ്വർഗത്തിലല്ല, ഭൂമിയിലാണ്. (യെഹെസ്കേൽ 48:21) മാത്രവുമല്ല, യെഹെസ്കേൽ 46:10 പറയുന്നു: “അവർ [പുരോഹിതേതര ഗോത്രങ്ങൾ ആലയത്തിന്റെ പുറത്തെ പ്രാകാരത്തിലേക്കു] വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.” അവൻ അകത്തെ പ്രാകാരത്തിൽ പ്രവേശിക്കുന്നില്ല, മറിച്ച് ആളുകളോടൊപ്പം ആലയത്തിൽ പ്രവേശിക്കുകയും പുറത്തേക്കു പോകുകയും ചെയ്തുകൊണ്ട്, പുറത്തെ പ്രാകാരത്തിൽ ആരാധിക്കുന്നു. ഈ ഘടകങ്ങൾ പ്രഭു വേറെ ആടുകളിൽപ്പെട്ട മഹാപുരുഷാരത്തിന്റെ ഭാഗമാണെന്നു നിർണായകമായ വിധത്തിൽ തിരിച്ചറിയിക്കുന്നു.
14 വ്യക്തമായും, പ്രഭുവിനു ദൈവജനത്തിന്മധ്യേ ചില ഉത്തരവാദിത്വങ്ങളുണ്ട്. പുറത്തെ പ്രാകാരത്തിൽ, അവൻ കിഴക്കേ വാതിലിന്റെ നടപ്പുരയിലാണ് ഇരിക്കുന്നത്. (യെഹെസ്കേൽ 44:2, 3) ഇത്, നഗര വാതിൽക്കൽ ഇരുന്ന് ന്യായവിധി നടത്തിയിരുന്ന ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാരുടേതിനു സമാനമായ, ഒരു മേൽവിചാരക സ്ഥാനത്തെ സൂചിപ്പിക്കുന്നു. (രൂത്ത് 4:1-12; സദൃശവാക്യങ്ങൾ 22:22) വേറെ ആടുകൾക്കിടയിൽ ഇന്ന് അത്തരം മേൽവിചാരക സ്ഥാനങ്ങൾ വഹിക്കുന്നത് ആരാണ്? പരിശുദ്ധാത്മാവിനാൽ നിയമിതരായ, ഭൗമിക പ്രത്യാശയുള്ള മൂപ്പന്മാർ. (പ്രവൃത്തികൾ 20:28) അതുകൊണ്ട് പ്രഭുവർഗം പിന്നീട് പുതിയ ലോകത്തിൽ ഭരണപരമായ പദവികളിൽ സേവിക്കുമെന്നതിന്റെ വീക്ഷണത്തിൽ ഇപ്പോൾ സജ്ജരാക്കപ്പെടുകയാണ്.
15. (എ) മഹാപുരുഷാരത്തിൽപ്പെട്ട മൂപ്പന്മാരും അഭിഷിക്ത പുരോഹിത വർഗവും തമ്മിലുള്ള ബന്ധത്തിലേക്ക് യെഹെസ്കേലിന്റെ ദർശനം വെളിച്ചം വീശുന്നതെങ്ങനെ? (ബി) ദൈവത്തിന്റെ ഭൗമിക സംഘടനയിൽ അഭിഷിക്ത മൂപ്പന്മാർ എന്തു നേതൃത്വം എടുത്തിരിക്കുന്നു?
15 എന്നാൽ, അഭിഷിക്ത പുരോഹിത വർഗവും മഹാപുരുഷാരത്തിന്റെ ഭാഗം എന്ന നിലയിൽ മേൽവിചാരക സ്ഥാനങ്ങളിൽ സേവിക്കുന്ന അത്തരം പ്രായമേറിയ പുരുഷന്മാരും തമ്മിൽ ഇന്ന് എന്തു ബന്ധമാണുള്ളത്? അഭിഷിക്തർ ആത്മീയ നേതൃത്വമെടുക്കുമ്പോൾ മഹാപുരുഷാരത്തിൽപ്പെട്ട മൂപ്പന്മാർ പിന്തുണയ്ക്കുകയും കീഴ്പെട്ടിരിക്കുകയും ചെയ്യുന്നു എന്ന് യെഹെസ്കേലിന്റെ ദർശനം സൂചിപ്പിക്കുന്നു. അതെങ്ങനെ? ഓർക്കുക, ദർശനത്തിലെ പുരോഹിതന്മാർക്ക് ആളുകളെ ആത്മീയ കാര്യങ്ങൾ പ്രബോധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം നൽകപ്പെട്ടു. നിയമകാര്യങ്ങളിൽ ന്യായാധിപന്മാരായി പ്രവർത്തിക്കാനും അവരോട് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, ആലയത്തിന്റെ പടിവാതിൽക്കൽ “മേൽവിചാരക സ്ഥാനങ്ങൾ” വഹിക്കുന്നതിനു ലേവ്യർ നിയമിക്കപ്പെട്ടിരുന്നു. (യെഹെസ്കേൽ 44:11, 23, 24, NW) വ്യക്തമായും, പുരോഹിതന്മാരുടെ ആത്മീയ സേവനങ്ങൾക്കും നേതൃത്വത്തിനും പ്രഭു താഴ്മയോടെ കീഴ്പെട്ടിരിക്കണമായിരുന്നു. അപ്പോൾ, ആധുനിക കാലത്ത് അഭിഷിക്തർ നിർമല ആരാധനയിൽ നേതൃത്വം എടുത്തിരിക്കുന്നു എന്നത് അനുയോജ്യമാണ്. ഉദാഹരണത്തിന്, അവരിൽനിന്നാണ് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിശ്വസ്തരായ അത്തരം അഭിഷിക്തർ വളർന്നുകൊണ്ടിരിക്കുന്ന പ്രഭുവർഗത്തെ പതിറ്റാണ്ടുകളായി പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ദൈവത്തിന്റെ വരാനിരിക്കുന്ന പുതിയ ലോകത്തിൽ പൂർണ അളവിൽ അവർക്ക് അധികാരം ലഭിക്കാനിരിക്കുന്ന ദിവസത്തേക്കായി ഈ വർഗത്തിൽപ്പെട്ട ഭാവി അംഗങ്ങളെ അങ്ങനെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
16. യെശയ്യാവു 32:1, 2 പ്രകാരം, എല്ലാ മൂപ്പന്മാരും പ്രവർത്തിക്കേണ്ടത് എങ്ങനെ?
16 പ്രഭുവർഗം എന്ന നിലയിൽ വലിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനിരിക്കുന്ന ഈ ഭാവി അംഗങ്ങൾ എങ്ങനെയുള്ള മേൽവിചാരകന്മാരാണ്? യെശയ്യാവു 32:1, 2-ൽ കാണുന്ന പ്രവചനം പറയുന്നു: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. ഓരോരുത്തൻ കാററിന്നു ഒരു മറവും പിശറിന്നു [“മഴയോടുകൂടിയ കൊടുങ്കാറ്റ്,” NW] ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.” പീഡനവും നിരുത്സാഹവും പോലുള്ള ‘മഴയോടുകൂടിയ കൊടുങ്കാറ്റി’ൽനിന്ന് ആടുകളെ സംരക്ഷിക്കാൻ ക്രിസ്തീയ മൂപ്പന്മാർ—അഭിഷിക്തരും വേറെ ആടുകളിൽ പെട്ടവരും—പ്രവർത്തിക്കവേ ഈ പ്രവചനം ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്.
17. ക്രിസ്തീയ ഇടയന്മാർ തങ്ങളെത്തന്നെ വീക്ഷിക്കേണ്ടത് എങ്ങനെ, ആടുകൾ അവരെ എങ്ങനെ വീക്ഷിക്കണം?
17 എബ്രായയിൽ സമാനാർഥമുള്ള “പ്രഭു,” “മുഖ്യൻ” എന്നീ പദങ്ങൾ മനുഷ്യരെ ഉയർത്തിക്കാട്ടാൻ വേണ്ടിയുള്ള ബഹുമതി സംജ്ഞകളായല്ല ഉപയോഗിച്ചിരിക്കുന്നത്. മറിച്ച് ദൈവത്തിന്റെ ആടുകളെ പരിപാലിക്കുന്നതിൽ ഈ മനുഷ്യർ വഹിക്കുന്ന ഉത്തരവാദിത്വത്തെയാണ് അവ വർണിക്കുന്നത്. യഹോവ ഇങ്ങനെ ശക്തമായി മുന്നറിയിപ്പു നൽകുന്നു: “യിസ്രായേൽ പ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകററി നീതിയും ന്യായവും നടത്തുവിൻ.” (യെഹെസ്കേൽ 45:9) അത്തരം ബുദ്ധ്യുപദേശങ്ങൾ ചെവിക്കൊള്ളുന്നത് ഇന്ന് എല്ലാ മൂപ്പന്മാർക്കും നല്ലതാണ്. (1 പത്രൊസ് 5:2, 3) അതേസമയം ആടുകളാകട്ടെ, യേശു ഈ ഇടയന്മാരെ “മനുഷ്യരാം ദാനങ്ങ”ൾ എന്ന നിലയിൽ പ്രദാനം ചെയ്തിരിക്കുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. (എഫെസ്യർ 4:8, NW) അവർക്കുള്ള യോഗ്യതകൾ ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽ വിവരിച്ചിട്ടുണ്ട്. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) അതുകൊണ്ട് ക്രിസ്ത്യാനികൾ മൂപ്പന്മാരുടെ നേതൃത്വം പിൻപറ്റുന്നു.—എബ്രായർ 13:7.
18. ഭാവി പ്രഭു വർഗത്തിന്റെ ഇപ്പോഴത്തെ ചില ഉത്തരവാദിത്വങ്ങൾ എന്തെല്ലാം, ഭാവിയിൽ അതിന്റെ ഉത്തരവാദിത്വം എന്തായിരിക്കും?
18 ബൈബിൾ കാലങ്ങളിൽ ചില പ്രഭുക്കന്മാർക്ക് ഏറെയും ചിലർക്ക് കുറച്ചും അധികാരം ഉണ്ടായിരുന്നു. ഇന്ന്, മഹാപുരുഷാരത്തിൽപ്പെട്ട മൂപ്പന്മാർക്കു വളരെ വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങളാണ് ഉള്ളത്. ചിലർ ഒരു സഭയിൽ സേവിക്കുന്നു; മറ്റുള്ളവർ സഞ്ചാര മേൽവിചാരകന്മാരായി അനേകം സഭകളെ സേവിക്കുന്നു; മറ്റു ചിലർ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ മുഴു രാജ്യത്തെയും സേവിക്കുന്നു; മറ്റു ചിലർ ഭരണസംഘത്തിന്റെ വിവിധ കമ്മിറ്റികളെ നേരിട്ടു സഹായിക്കുന്നു. പുതിയ ലോകത്തിൽ, ഭൂമിയിലെ യഹോവയുടെ ആരാധകർക്കിടയിൽ നേതൃത്വം എടുക്കുന്നതിന് യേശു ‘സർവ്വഭൂമിയിലും പ്രഭുക്കന്മാരെ’ നിയമിക്കും. (സങ്കീർത്തനം 45:16) നിസ്സംശയമായും, ഇവരിൽ അനേകരെയും യേശു ഇന്നത്തെ വിശ്വസ്ത മൂപ്പന്മാരിൽനിന്ന് ആയിരിക്കും തിരഞ്ഞെടുക്കുക. തങ്ങൾ യോഗ്യരാണെന്ന് ഈ പുരുഷന്മാർ ഇപ്പോൾ തെളിയിക്കുന്നതുകൊണ്ട്, അവൻ ഭാവിയിൽ, പുതിയ ലോകത്തിൽ പ്രഭുവർഗത്തിന്റെ വേല എന്തായിരിക്കുമെന്നു വെളിപ്പെടുത്തി അനേകരെയും കൂടുതൽ മഹത്തായ പദവികൾ ഭരമേൽപ്പിക്കും.
ഇന്നത്തെ ദൈവജനതയുടെ ദേശം
19. യെഹെസ്കേലിന്റെ ദർശനത്തിലെ ദേശം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
19 യെഹെസ്കേലിന്റെ ദർശനം ഇസ്രായേലിന്റെ പുനഃസ്ഥാപിത ദേശത്തെയും ചിത്രീകരിക്കുന്നു. ദർശനത്തിന്റെ ഈ വശം എന്താണു പ്രതിനിധാനം ചെയ്യുന്നത്? ദേശം, അതായത് ഇസ്രായേൽ, ഏദെൻ പോലൊരു പറുദീസ ആയിത്തീരുമെന്ന് മറ്റു പുനഃസ്ഥിതീകരണ പ്രവചനങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നു. (യെഹെസ്കേൽ 36:34, 35) ഇന്ന്, നാം ഒരു പുനഃസ്ഥാപിത “ദേശം” ആസ്വദിക്കുന്നുണ്ട്, അതും ഒരർഥത്തിൽ ഏദെൻ പോലെയാണ്. സമാനമായി, പലപ്പോഴും നാം നമ്മുടെ ആത്മീയ പറുദീസയെക്കുറിച്ചു സംസാരിക്കാറുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ “പ്രവർത്തന മേഖല”യായി വീക്ഷാഗോപുരം നമ്മുടെ “ദേശ”ത്തെ നിർവചിച്ചിട്ടുണ്ട്.b യഹോവയുടെ ഒരു ദാസൻ എവിടെ ആയിരുന്നാലും, യേശുക്രിസ്തുവിന്റെ കാൽച്ചുവടുകളിൽ നടന്നുകൊണ്ട് സത്യാരാധന ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നിടത്തോളംകാലം അയാൾ ആ പുനഃസ്ഥാപിത ദേശത്താണ്.—1 പത്രൊസ് 2:21.
20. യെഹെസ്കേലിന്റെ ദർശനത്തിലെ “വിശുദ്ധ വഴിപാടിട”ത്തിൽനിന്നു നമുക്ക് എന്തു തത്ത്വം പഠിക്കാം, നമുക്ക് ഈ തത്ത്വം എങ്ങനെ ബാധകമാക്കാം?
20 “വിശുദ്ധവഴിപാടിടം” എന്നു വിളിക്കപ്പെടുന്ന ദേശഭാഗത്തിന്റെ കാര്യമോ? ഇത് പൗരോഹിത്യത്തെയും നഗരത്തെയും പിന്തുണയ്ക്കുന്നതിനായി ആളുകൾ സംഭാവനയായി നൽകിയതായിരുന്നു. സമാനമായി, “ദേശത്തെ സകലജനവും” ഒരു ദേശഭാഗം പ്രഭുവിനു സംഭാവന നൽകണമായിരുന്നു. ഇന്ന് അതിന്റെ അർഥമെന്താണ്? തീർച്ചയായും, ശമ്പളം പറ്റുന്ന ഒരു പുരോഹിത വർഗത്താൽ ദൈവജനം ഭാരപ്പെടണമെന്നല്ല. (2 തെസ്സലൊനീക്യർ 3:8) മറിച്ച്, ഇന്നത്തെ മൂപ്പന്മാർക്കു നൽകപ്പെടുന്ന പിന്തുണ മുഖ്യമായും ആത്മീയമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വേലയിൽ സഹായിക്കുന്നതും സഹകരണ മനോഭാവവും കീഴ്പെടൽ മനോഭാവവും പ്രകടമാക്കുന്നതും അതിൽ ഉൾപ്പെടുന്നു. എങ്കിലും, യെഹെസ്കേലിന്റെ നാളിലേതുപോലെ, ഈ സംഭാവന നൽകുന്നത് “യഹോവെക്കാ”ണ്, ഏതെങ്കിലും മനുഷ്യനല്ല.—യെഹെസ്കേൽ 45:1, 7, 16.
21. യെഹെസ്കേലിന്റെ ദർശനത്തിലെ ദേശവിഭജനത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
21 ഈ പുനഃസ്ഥാപിത ദേശത്തു നിയമിത സ്ഥാനങ്ങളുള്ളത് പ്രഭുവിനും പുരോഹിതന്മാർക്കും മാത്രമല്ല. 12 ഗോത്രങ്ങളിൽ ഓരോന്നിനും ഒരു സുരക്ഷിത അവകാശമുണ്ടെന്ന് ദേശത്തിന്റെ വിഭജനം പ്രകടമാക്കുന്നു. (യെഹെസ്കേൽ 47:13, 22, 23) അതുകൊണ്ട്, മഹാപുരുഷാരത്തിൽ പെട്ടവർക്ക് ആത്മീയ പറുദീസയിൽ ഇന്ന് ഒരു സ്ഥാനം ഉണ്ടെന്നു മാത്രമല്ല, അവർ ദൈവരാജ്യത്തിന്റെ ഭൗമിക മേഖല അവകാശപ്പെടുത്തുമ്പോൾ അവർക്ക് ഒരു ദേശഭാഗം നിയമിച്ചു കിട്ടുകയും ചെയ്യും.
22. (എ) യെഹെസ്കേലിന്റെ ദർശനത്തിലെ നഗരം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) നഗരത്തിന് എല്ലാ വശത്തും വാതിലുകൾ ഉണ്ടെന്നതിൽനിന്നു നമുക്ക് എന്തു പഠിക്കാം?
22 അവസാനമായി, ദർശനത്തിലെ നഗരം എന്താണ് അർഥമാക്കുന്നത്? അത് സ്വർഗീയ നഗരമല്ല, എന്തെന്നാൽ അതു സ്ഥിതി ചെയ്യുന്നത് “മലിന” ദേശത്തിനു നടുവിലാണ്. (യെഹെസ്കേൽ 48:15-17, NW) അതുകൊണ്ട് അതു ഭൗമികമായ എന്തെങ്കിലും ആയിരിക്കണം. ആകട്ടെ, ഒരു നഗരം എന്താണ്? അത് ഒരു സമൂഹമെന്ന നിലയിൽ ആളുകൾ ഒരുമിച്ചുകൂടുന്നതിന്റെയും ഘടനയുള്ളതും സംഘടിതവുമായ ഒന്നായിത്തീരുന്നതിന്റെയും ആശയം ധ്വനിപ്പിക്കുന്നില്ലേ? ഉണ്ട്. അതിനാൽ ഈ നഗരം ചിത്രീകരിക്കുന്നത് നീതിയുള്ള ഭൗമിക സമുദായത്തിന്റെ ഭാഗമായ എല്ലാവർക്കും പ്രയോജനം ചെയ്യുന്ന ഭൗമിക ഭരണത്തെയാകാം. വരാനിരിക്കുന്ന “പുതിയ ഭൂമി”യിൽ അത് അതിന്റെ തികവോടെ പ്രവർത്തിക്കും. (2 പത്രൊസ് 3:13) നഗരത്തിന്റെ എല്ലാ വശത്തുമായി ഓരോ ഗോത്രത്തിനും വേണ്ടിയുള്ള വാതിലുകൾ, നഗരം തുറക്കപ്പെട്ടിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. ഇന്ന്, ദൈവജനത ഏതെങ്കിലും രഹസ്യ, ഗൂഢ ഭരണത്തിൻ കീഴിൽ അല്ല. ഉത്തരവാദിത്വ സ്ഥാനത്തുള്ള സഹോദരന്മാർ സമീപിക്കാവുന്നവർ ആയിരിക്കേണ്ടതുണ്ട്; അവരെ നയിക്കുന്ന തത്ത്വങ്ങൾ എല്ലാവർക്കും നന്നായി അറിവുള്ളതാണ്. എല്ലാ ഗോത്രങ്ങളിൽ നിന്നുമുള്ള ആളുകൾ നഗരത്തെ പിന്തുണയ്ക്കുന്ന ദേശത്തു കൃഷി ചെയ്യുന്നുവെന്ന വസ്തുത ലോകമെമ്പാടുമുള്ള ദൈവജനത്തിനുവേണ്ടി ചെയ്തിരിക്കുന്ന ഭരണ ക്രമീകരണങ്ങളെ വേറെ ആടുകൾ പിന്തുണയ്ക്കുന്നുവെന്ന്, ഭൗതികമായ വിധത്തിൽപ്പോലും പിന്തുണയ്ക്കുന്നുവെന്ന്, നമ്മെ അനുസ്മരിപ്പിക്കുന്നു.—യെഹെസ്കേൽ 48:19, 30-34.
23. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതായിരിക്കും?
23 അപ്പോൾ, ആലയത്തിലെ അതിവിശുദ്ധ സ്ഥലത്തുനിന്ന് ഒഴുകുന്ന നദിയുടെ കാര്യമോ? അത് ഇന്നും ഭാവിയിലും എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് ഈ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ലേഖനത്തിന്റെ വിഷയം.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 64-ാം പേജിലെ 22-ാം ഖണ്ഡിക കാണുക.
b 1995 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 20-ാം പേജ് കാണുക.
പുനരവലോകനം
□ യെഹെസ്കേലിന്റെ ദർശനത്തിലെ ആലയം എന്തിനെ ചിത്രീകരിക്കുന്നു?
□ ആലയത്തിൽ സേവിക്കുന്ന പുരോഹിതന്മാർ ആരെ ചിത്രീകരിക്കുന്നു?
□ പ്രഭുവർഗം എന്താണ്, അതിന്റെ ചില ഉത്തരവാദിത്വങ്ങൾ എന്തെല്ലാം?
□ യെഹെസ്കേലിന്റെ ദർശനത്തിലെ ദേശം എന്താണ്, അത് 12 ഗോത്രങ്ങൾക്കു വിഭജിച്ചിരിക്കുന്നത് ഏത് അർഥത്തിൽ?
□ നഗരം എന്തിനെ ചിത്രീകരിക്കുന്നു?
[15-ാം പേജിലെ രേഖാചിത്രം/ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യെഹെസ്കേലിന്റെ ദർശനത്തിൽ ചിത്രീകരിച്ചിരിക്കുന്നതു പോലുള്ള ദേശവിഭജനം
പന്ത്രണ്ടു ഗോത്രങ്ങൾ
ഗലീല കടൽ
യോർദാൻ നദി
ഉപ്പുകടൽ
മഹാ സമുദ്രം
ദാൻ
ആശേർ
നപ്താലി
മനശ്ശെ
എഫ്രയീം
രൂബേൻ
യെഹൂദാ
പ്രഭു
ബെന്യാമീൻ
ശിമെയോൻ
യിസ്സാഖാർ
സെബൂലൂൻ
ഗാദ്
[രേഖാചിത്രം]
വിശുദ്ധ വഴിപാടിടം വലുതാക്കി കാണിച്ചിരിക്കുന്നു
A. യഹോവ അവിടെ (യഹോവശമ്മാ); B. നഗരത്തിലെ കൃഷിസ്ഥലം
ലേവ്യരുടെ ഭാഗം
യഹോവയുടെ മന്ദിരം
പുരോഹിതന്മാരുടെ ഭാഗം
B A B