അധ്യായം ഇരുപത്തേഴ്
ജനതകൾക്കു നേരെയുള്ള യഹോവയുടെ ഉഗ്രകോപം
1, 2. (എ) യഹോവയുടെ പ്രതികാരം സംബന്ധിച്ച് നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും? (ബി) പ്രതികാരം നടത്തുകവഴി ദൈവം എന്തു സാധിക്കുന്നു?
യഹോവ തന്റെ വിശ്വസ്ത ദാസന്മാരോടു മാത്രമല്ല, തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ശത്രുക്കളോടും ദീർഘക്ഷമ പ്രകടമാക്കുന്നു. (1 പത്രൊസ് 3:19, 20; 2 പത്രൊസ് 3:14) യഹോവയുടെ ശത്രുക്കൾ അവന്റെ ദീർഘക്ഷമയെ വിലമതിച്ചെന്നുവരില്ല. നടപടി എടുക്കാനുള്ള അവന്റെ കഴിവില്ലായ്മയോ മനസ്സില്ലായ്മയോ ആയാണ് അവർ അതിനെ വീക്ഷിക്കുന്നത്. എങ്കിലും, യെശയ്യാവ് 34-ാം അധ്യായം പ്രകടമാക്കുന്നതു പോലെ, ഒടുവിൽ യഹോവ തന്റെ ശത്രുക്കളോട് കണക്കു ചോദിക്കുകതന്നെ ചെയ്യും. (സെഫന്യാവു 3:8) തന്റെ ജനത്തെ എതിർക്കാൻ കുറെ കാലം ദൈവം ഏദോമിനെയും മറ്റു രാഷ്ട്രങ്ങളെയും അനുവദിച്ചു. എന്നാൽ തക്കസമയത്ത് ദൈവം കണക്കു ചോദിക്കുകതന്നെ ചെയ്തു. (ആവർത്തനപുസ്തകം 32:35) സമാനമായി, തന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഇന്നത്തെ ദുഷ്ട ലോകത്തിലെ സകല ഘടകങ്ങളുടെ മേലും യഹോവ തക്കസമയത്തു പ്രതികാരം നടത്തും.
2 യഹോവ പ്രതികാരം നടത്തുന്നതു മുഖ്യമായും തന്റെ പരമാധികാരത്തിന്റെ പ്രകടനത്തിനും നാമത്തിന്റെ മഹത്ത്വീകരണത്തിനുമാണ്. (സങ്കീർത്തനം 83:13-18) ഈ പ്രതികാരം, അവന്റെ ദാസന്മാർ അവന്റെ യഥാർഥ പ്രതിനിധികൾ ആണെന്നു സ്ഥാപിക്കുകയും മോശമായ സാഹചര്യങ്ങളിൽനിന്ന് അവരെ വിടുവിക്കുകയും ചെയ്യുന്നു. തന്നെയുമല്ല, യഹോവയുടെ പ്രതികാരം എപ്പോഴും പൂർണമായി അവന്റെ നീതിക്കു നിരക്കുന്നതാണ്.—സങ്കീർത്തനം 58:10, 11.
ജനതകളേ, ശ്രദ്ധിപ്പിൻ
3. യഹോവ യെശയ്യാവ് മുഖാന്തരം ജനതകൾക്ക് എന്തു ക്ഷണം വെച്ചുനീട്ടുന്നു?
3 ഏദോമിന് എതിരെയുള്ള പ്രതികാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുമ്പായി, യഹോവ യെശയ്യാവ് മുഖാന്തരം സകല ജനതകൾക്കും ഒരു സുപ്രധാന ക്ഷണം വെച്ചുനീട്ടുകയാണ്: “ജാതികളേ, അടുത്തുവന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളെക്കുന്നതൊക്കെയും കേൾക്കട്ടെ.” (യെശയ്യാവു 34:1) ഭക്തികെട്ട ജനതകൾക്കെതിരായി പ്രവാചകൻ ഇതിനോടകം പലവട്ടം സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അവർക്കെതിരെയുള്ള ദിവ്യ അപലപനങ്ങളെ അവൻ സംക്ഷേപിച്ചു പറയാൻ തുടങ്ങുകയാണ്. ഈ മുന്നറിയിപ്പുകൾക്കു നമ്മുടെ നാളിൽ എന്തെങ്കിലും പ്രത്യേക അർഥമുണ്ടോ?
4. യെശയ്യാവു 34:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, എന്തു ചെയ്യാൻ ജനതകളോട് ആഹ്വാനം ചെയ്തിരിക്കുന്നു? (ബി) ജനതകളുടെ മേലുള്ള യഹോവയുടെ ന്യായവിധി അവൻ ക്രൂരനായ ഒരു ദൈവമാണെന്നു തെളിയിക്കുന്നുണ്ടോ? (363-ാം പേജിലെ ചതുരം കാണുക.)
4 ഉണ്ട്. അഖിലാണ്ഡ പരമാധികാരിക്ക് ഈ ദുഷ്ട വ്യവസ്ഥിതിയിലെ എല്ലാ ഘടകങ്ങളുമായി ഒരു സംവാദമുണ്ട്. അതുകൊണ്ടാണ് ലോകവ്യാപകമായി ഘോഷിക്കാൻ യഹോവ ഇടയാക്കിയിരിക്കുന്ന ബൈബിളധിഷ്ഠിത സന്ദേശം കേൾക്കാൻ ‘വംശങ്ങളോ’ടും “ഭൂമി”യോടും ആഹ്വാനം ചെയ്തിരിക്കുന്നത്. മുഴു ഭൂമിയും ഈ സന്ദേശംകൊണ്ട് നിറയുമെന്ന് യെശയ്യാവ് പറയുന്നു. സങ്കീർത്തനം 24:1-ൽ കാണുന്ന അതേ ഭാഷാശൈലിയാണ് അവൻ ഇവിടെ ഉപയോഗിക്കുന്നത്. യഹോവയുടെ സാക്ഷികൾ ‘ഭൂമിയുടെ അറ്റത്തോളം’ സുവാർത്ത പ്രസംഗിക്കുന്ന ഇക്കാലത്ത് പ്രസ്തുത പ്രവചനം നിവൃത്തിയേറിയിരിക്കുന്നു. (പ്രവൃത്തികൾ 1:8) എന്നാൽ ജനതകൾ അതു ശ്രദ്ധിച്ചിട്ടില്ല. തങ്ങളുടെ ആസന്ന മരണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് അവർ ഗൗരവമായി എടുത്തിട്ടില്ല. എന്നാൽ അതുകൊണ്ടൊന്നും തന്റെ വചനം നിവർത്തിക്കുന്നതിൽനിന്ന് യഹോവ പിന്മാറുകയില്ല.
5, 6. (എ) ദൈവം രാഷ്ട്രങ്ങളോട് കണക്കു ചോദിക്കുന്നത് എന്തുകൊണ്ട്? (ബി) “അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും” എന്നതു സത്യമായിരിക്കുന്നത് എങ്ങനെ?
5 ദൈവജനത്തിന്റെ ശോഭനമായ പ്രത്യാശയിൽനിന്നു ഭിന്നമായി, ഭക്തികെട്ട ജനതകളുടെ ഭാവി ഇരുളടഞ്ഞത് ആയിരിക്കുമെന്ന് യെശയ്യാവിന്റെ പ്രവചനം പറയുന്നു. (യെശയ്യാവു 35:1-10) പ്രവാചകൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാററം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.”—യെശയ്യാവു 34:2, 3.
6 ഈ വാക്യത്തിൽ രാഷ്ട്രങ്ങളുടെ രക്തപാതകത്തിലേക്കു ശ്രദ്ധ തിരിച്ചിരിക്കുന്നതായി ശ്രദ്ധിക്കുക. ഇന്ന് രക്തപാതകക്കുറ്റം ഏറ്റവും പേറുന്നത് ക്രൈസ്തവലോക രാഷ്ട്രങ്ങളാണ്. രണ്ടു ലോകയുദ്ധങ്ങളാലും മറ്റു നിരവധി ചെറിയ യുദ്ധങ്ങളാലും അവ ഭൂമിയെ മനുഷ്യരക്തംകൊണ്ടു കുതിർത്തിരിക്കുന്നു. ഈ രക്തപാതകത്തിനെല്ലാം കണക്കു ചോദിക്കാൻ ആരാണ് അർഹനായിരിക്കുന്നത്? നമ്മുടെ മഹാ ജീവദാതാവായ സ്രഷ്ടാവുതന്നെ. (സങ്കീർത്തനം 36:9) “ജീവന്നു പകരം ജീവൻ കൊടുക്കേണം” എന്നു യഹോവയുടെ നിയമംതന്നെ വ്യവസ്ഥ ചെയ്തിരിക്കുന്നു. (പുറപ്പാടു 21:23-25; ഉല്പത്തി 9:4-6) ഈ നിയമത്തിനു ചേർച്ചയിൽ, രാഷ്ട്രങ്ങളുടെ രക്തമൊഴുകാൻ അഥവാ അവ സമ്പൂർണമായി നശിക്കാൻ അവൻ ഇടയാക്കും. ഹതന്മാരെ ആരും കുഴിച്ചിടുകയില്ലാത്തതുകൊണ്ട് ദുർഗന്ധം വായുവിൽ നിറയും—തീർച്ചയായും അപമാനകരമായ ഒരു അന്ത്യമായിരിക്കും അത്! (യിരെമ്യാവു 25:33) അവയോടു തിരികെ ചോദിക്കുന്ന രക്തം, പ്രതീകാത്മക അർഥത്തിൽ മലകളെ ഒഴുക്കാൻ പോന്നത്ര ഉണ്ടായിരിക്കും. (സെഫന്യാവു 1:17) ലോകരാഷ്ട്രങ്ങളുടെ സൈന്യങ്ങൾ പൂർണമായി നശിപ്പിക്കപ്പെടുന്നതോടെ, ബൈബിൾ പ്രവചനത്തിൽ ചിലപ്പോഴൊക്കെ മലകളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അവയുടെ ഗവൺമെന്റുകൾ തകരും.—ദാനീയേൽ 2:35, 44, 45; വെളിപ്പാടു 17:9.
7. യെശയ്യാവു 34:4-ൽ പറയുന്ന ‘ആകാശം’ എന്താണ്, അവിടെ പരാമർശിക്കുന്ന ‘ആകാശ സൈന്യം’ എന്താണ്?
7 വ്യക്തമായ പ്രതീകാത്മക ഭാഷയിൽ യെശയ്യാവ് തുടർന്നു പറയുന്നു: “ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; [“ചീഞ്ഞഴുകിപ്പോകും,” “ഓശാന ബൈ.”] ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.” (യെശയ്യാവു 34:4) “ആകാശത്തിലെ സൈന്യമെല്ലാം” എന്ന പ്രയോഗംകൊണ്ട് അക്ഷരീയമായ നക്ഷത്രങ്ങളെയോ ഗ്രഹങ്ങളെയോ അർഥമാക്കുന്നില്ല. 5-ഉം 6-ഉം വാക്യങ്ങൾ, ആ ‘ആകാശത്തിൽ’ ഒരു വധനിർവഹണ വാൾ രക്തംകൊണ്ട് നനഞ്ഞിരിക്കുന്നതായി പറയുന്നു. അക്കാരണത്താൽ, മനുഷ്യമണ്ഡലത്തിലുള്ള എന്തിന്റെയെങ്കിലും ഒരു പ്രതീകമായിരിക്കണം ‘ആകാശ സൈന്യം’. (1 കൊരിന്ത്യർ 15:50) മനുഷ്യ ഗവൺമെന്റുകൾക്കുള്ള ഉന്നത അധികാരത്തിന്റെ വീക്ഷണത്തിൽ ഭൂമിയാകുന്ന മാനവ സമൂഹത്തിന്മേൽ ഭരണം നടത്തുന്ന ആകാശങ്ങളായി അവയെ ചിത്രീകരിച്ചിരിക്കുന്നു. (റോമർ 13:1-4) അതിനാൽ, യെശയ്യാവു 34:4-ൽ പറയുന്ന ‘ആകാശ സൈന്യം’ ഈ മനുഷ്യ ഗവൺമെന്റുകളുടെ സംയുക്ത സൈന്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയാം.
8. പ്രതീകാത്മക ആകാശങ്ങൾ ‘പുസ്തകച്ചുരുൾപോലെ’ ആണെന്നു തെളിയുന്നത് എങ്ങനെ, അവയുടെ ‘സൈന്യങ്ങൾ’ക്ക് എന്തു സംഭവിക്കും?
8 ഈ ‘സൈന്യം’ ദ്രവിക്കുന്ന ഒന്നിനെപോലെ “ചീഞ്ഞഴുകിപ്പോകും.” (സങ്കീർത്തനം 102:26; യെശയ്യാവു 51:6) നഗ്നനേത്രങ്ങൾകൊണ്ടു നോക്കിയാൽ, നമുക്കു മേലെയുള്ള അക്ഷരീയ ആകാശം പ്രാചീന കാലത്തെ ഒരു പുസ്തകച്ചുരുൾ പോലെ വളഞ്ഞിരിക്കുന്നതായി തോന്നും. പ്രസ്തുത ചുരുളിന്റെ ഉൾവശത്തായിരുന്നു സാധാരണഗതിയിൽ എഴുത്ത് ഉണ്ടായിരുന്നത്. വിവരങ്ങൾ വായിച്ചുകഴിയുമ്പോൾ, അതു ചുരുട്ടി മാറ്റിവെക്കുമായിരുന്നു. സമാനമായി, ‘ആകാശം ഒരു ചുരുൾപോലെ ചുരുണ്ടുപോകും’ അഥവാ മനുഷ്യഗവൺമെന്റുകൾ അസ്തിത്വത്തിൽനിന്ന് ഇല്ലാതാകും. ചരിത്രത്തിന്റെ അവസാന പേജിൽ എത്തുമ്പോൾ, അതായത് അർമഗെദോനിൽ ആയിരിക്കും അതു സംഭവിക്കുക. ഗംഭീരമെന്നു തോന്നിക്കുന്ന അവയുടെ ‘സൈന്യങ്ങൾ’ മുന്തിരിവള്ളിയുടെ വാടിയ ഇല പോലെയോ അത്തിവൃക്ഷത്തിന്റെ ‘വാടിയ’ കായ് പോലെയോ പൊഴിഞ്ഞുപോകും. അവ മേലാൽ അസ്തിത്വത്തിൽ ഉണ്ടായിരിക്കുകയില്ല.—വെളിപ്പാടു 6:12-14 താരതമ്യം ചെയ്യുക.
ഒരു പ്രതികാര ദിവസം
9. (എ) ഏദോം എങ്ങനെയാണ് ഉത്ഭവിച്ചത്, ഇസ്രായേലും ഏദോമും തമ്മിൽ എങ്ങനെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നത്? (ബി) ഏദോമിനെ കുറിച്ച് യഹോവ എന്തു കൽപ്പിക്കുന്നു?
9 യെശയ്യാവിന്റെ നാളിലെ ഒരു ജനതയെ കുറിച്ച് ഇപ്പോൾ പ്രവചനം എടുത്തുപറയുന്നു. ഏദോമാണ് ആ ജനത. അപ്പത്തിനും പയറുപായസത്തിനുമായി തന്റെ ഇരട്ടസഹോദരനായ യാക്കോബിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിന്റെ (ഏദോം) പിൻതലമുറക്കാരാണ് ഏദോമ്യർ. (ഉല്പത്തി 25:24-34) യാക്കോബിനു ജ്യേഷ്ഠാവകാശം കൈമാറിക്കഴിഞ്ഞപ്പോൾ ഏശാവിന് അവനോടു കടുത്ത വിദ്വേഷം തോന്നി. ഏദോം ജനതയും ഇസ്രായേൽ ജനതയും ഇരട്ട സഹോദരന്മാരുടെ പിൻതലമുറക്കാർ ആയിരുന്നെങ്കിലും അവർ പിൽക്കാലത്തു ശത്രുക്കളായിത്തീർന്നു. ദൈവജനത്തോടുള്ള വിദ്വേഷം നിമിത്തം ഏദോം യഹോവയുടെ ക്രോധത്തിനു പാത്രമായി. ഏദോമിനെ കുറിച്ച് അവൻ ഇങ്ങനെ പറയുന്നു: “എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊററന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുകൊണ്ടും തന്നേ; യഹോവെക്കു ബൊസ്രയിൽ ഒരു യാഗവും എദോം ദേശത്തു ഒരു മഹാസംഹാരവും ഉണ്ടു.”—യെശയ്യാവു 34:5, 6.
10. (എ) യഹോവ “സ്വർഗ്ഗത്തിൽ” വാളെടുക്കുമ്പോൾ ആരെയാണ് അവൻ നശിപ്പിക്കുന്നത്? (ബി) ബാബിലോൺ യഹൂദയെ ആക്രമിക്കുമ്പോൾ ഏദോം എങ്ങനെയുള്ള മനോഭാവം പ്രകടമാക്കുന്നു?
10 ഏദോം ഉയർന്ന പർവതപ്രദേശത്തെ ഒരു രാജ്യമാണ്. (യിരെമ്യാവു 49:16; ഓബദ്യാവു 8, 9, 19, 21) എന്നിരുന്നാലും, യഹോവ തന്റെ ന്യായവിധിയുടെ വാൾ “സ്വർഗ്ഗത്തിൽ” പ്രയോഗിച്ചുകൊണ്ട് ഏദോമിന്റെ ഭരണാധികാരികളെ അവരുടെ ഉയർന്ന സ്ഥാനങ്ങളിൽനിന്നു നീക്കം ചെയ്യുമ്പോൾ സ്വാഭാവികമായുള്ള പ്രതിരോധങ്ങളൊന്നും അവർക്കു സഹായമായി ഉതകുകയില്ല. ഏദോമിനു നല്ല സൈനിക ബലവുമുണ്ട്. രാജ്യത്തെ സംരക്ഷിക്കാനായി അതിന്റെ സായുധ പട്ടാളക്കാർ പർവത പ്രദേശത്തുകൂടി മാർച്ചു ചെയ്യാറുണ്ട്. എന്നാൽ ബാബിലോണിയൻ സൈന്യങ്ങൾ യഹൂദയെ ആക്രമിക്കുമ്പോൾ ശക്തമായ ഏദോം യാതൊരു സഹായവും നൽകുന്നില്ല. പകരം, യഹൂദാരാജ്യത്തിന്റെ വീഴ്ചയിൽ അത്യധികം സന്തോഷിക്കുകയും അതിനെ പിടിച്ചടക്കിയവരെ പ്രോത്സാഹിപ്പിക്കുകയുമാണ് അതു ചെയ്യുന്നത്. (സങ്കീർത്തനം 137:7) ജീവരക്ഷാർഥം ഓടുന്ന യഹൂദാ നിവാസികളെ ഏദോമ്യർ പിടിച്ച് ബാബിലോണിയരുടെ കയ്യിൽ ഏൽപ്പിക്കുക പോലും ചെയ്യുന്നു. (ഓബദ്യാവു 11-14) ഇസ്രായേല്യർ ഉപേക്ഷിച്ചുപോയ സ്ഥലം കൈവശമാക്കാൻ ഏദോമ്യർ ശ്രമിക്കുകയും യഹോവയ്ക്കെതിരെ ഗർവോടെ സംസാരിക്കുകയും ചെയ്യുന്നു.—യെഹെസ്കേൽ 35:10-15.
11. ഏദോമ്യരുടെ ശത്രുതാപരമായ പെരുമാറ്റത്തിന് യഹോവ അവരോട് എങ്ങനെ പകരം ചെയ്യും?
11 ഏദോമ്യരുടെ ശത്രുതാപരമായ പെരുമാറ്റത്തിനു നേരെ യഹോവ കണ്ണടയ്ക്കുകയാണോ? അല്ല. പകരം, അവൻ ഏദോമിനെ കുറിച്ച് ഇങ്ങനെ പറയുന്നു: “അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.” (യെശയ്യാവു 34:7) ഏദോമിലെ വലിയവരെയും ചെറിയവരെയും പ്രതീകാത്മക അർഥത്തിൽ കാട്ടുപോത്തുകളെന്നും കാളകളെന്നും കുഞ്ഞാടുകളെന്നും കോലാടുകളെന്നും യഹോവ വിളിക്കുന്നു. രക്തപാതകരുടെ ആ ദേശം യഹോവയുടെ വധനിർവഹണ ‘വാളിന്’ ഇരയാകുന്നവരുടെ രക്തത്തിൽ കുതിരും.
12. (എ) ഏദോമിനെ ശിക്ഷിക്കാൻ യഹോവ ആരെയാണ് ഉപയോഗിക്കുന്നത്? (ബി) ഏദോമിനെ കുറിച്ച് പ്രവാചകനായ ഓബദ്യാവ് എന്തു മുൻകൂട്ടി പറയുന്നു?
12 സീയോൻ എന്ന തന്റെ ഭൗമിക സംഘടനയോടു ദ്രോഹപരമായി പെരുമാറുന്നതു നിമിത്തം ഏദോമിനെ ശിക്ഷിക്കാൻ ദൈവം ഉദ്ദേശിക്കുന്നു. പ്രവചനം ഇങ്ങനെ പറയുന്നു: “അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന [“പകരംവീട്ടാനുള്ള,” “ഓശാന ബൈ.”] സംവത്സരവും ആകുന്നു.” (യെശയ്യാവു 34:8) പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ട് അധികകാലം കഴിയുന്നതിനു മുമ്പ് യഹോവ, ബാബിലോണിയൻ രാജാവായ നെബൂഖദ്നേസറിനെ ഉപയോഗിച്ച് ഏദോമ്യരുടെ മേൽ നീതിനിഷ്ഠമായ പ്രതികാരം നടത്താൻ തുടങ്ങുന്നു. (യിരെമ്യാവു 25:15-17, 21) ബാബിലോണിയൻ സൈന്യങ്ങൾ ഏദോമിനെതിരെ നീങ്ങുമ്പോൾ ആരും അവരുടെ രക്ഷയ്ക്ക് എത്തുന്നില്ല! അത് ആ പർവതദേശത്തോടു ‘പകരംവീട്ടാനുള്ള സംവത്സരം’ ആണ്. പ്രവാചകനായ ഓബദ്യാവ് മുഖാന്തരം യഹോവ ഇങ്ങനെ പറയുന്നു: “നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. . . . നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.”—ഓബദ്യാവു 10, 15; യെഹെസ്കേൽ 25:12-14.
ക്രൈസ്തവലോകത്തിന്റെ ഭാവി ഇരുളടഞ്ഞത്
13. ഇക്കാലത്ത് ഏതു സംഘടനയാണ് ഏദോമിനെ പോലെ പ്രവർത്തിക്കുന്നത്, എന്തുകൊണ്ട്?
13 ഏദോമിനെ പോലെ പ്രവർത്തിക്കുന്ന ഒരു സംഘടന ആധുനിക കാലത്തുണ്ട്. ഏതാണത്? യഹോവയുടെ ദാസന്മാരെ ദുഷിക്കുന്നതിലും പീഡിപ്പിക്കുന്നതിലും ആധുനികകാലത്ത് ആരാണു നേതൃത്വമെടുത്തിട്ടുള്ളത്? പുരോഹിതവർഗത്തെ ഉപയോഗിച്ച് ക്രൈസ്തവലോകമല്ലേ അങ്ങനെ ചെയ്തിരിക്കുന്നത്? തീർച്ചയായും! ക്രൈസ്തവലോകം ലോകകാര്യങ്ങളിൽ പർവതസമാനമായ ഉയരത്തിൽ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്നത്തെ ലോകവ്യവസ്ഥിതിയിൽ അത് ഉന്നതമായ ഒരു സ്ഥാനം അവകാശപ്പെടുന്നു. ക്രൈസ്തവലോക മതങ്ങളാണ് മഹാബാബിലോണിന്റെ പ്രധാന ഭാഗം. തന്റെ ജനത്തോട്, തന്റെ സാക്ഷികളോട് ദ്രോഹപരമായി പെരുമാറിയതു നിമിത്തം ഈ ആധുനികകാല ഏദോമിനോട് ‘പകരംവീട്ടാനുള്ള ഒരു സംവത്സരം’ യഹോവ കൽപ്പിച്ചിരിക്കുന്നു.
14, 15. (എ) ഏദോം ദേശത്തിനും ക്രൈസ്തവലോകത്തിനും എന്തു സംഭവിക്കും? (ബി) കത്തുന്ന കീലിനെയും സദാകാലം ഉയർന്നുകൊണ്ടിരിക്കുന്ന പുകയെയും കുറിച്ചുള്ള പരാമർശങ്ങൾ എന്ത് അർഥമാക്കുന്നു, അവ എന്ത് അർഥമാക്കുന്നില്ല?
14 അതുകൊണ്ട്, യെശയ്യാവിന്റെ ഈ പ്രവചനത്തിന്റെ ശേഷിക്കുന്ന ഭാഗം നാം പരിചിന്തിക്കവെ, പുരാതന ഏദോമിനെ കുറിച്ചു മാത്രമല്ല ക്രൈസ്തവലോകത്തെ കുറിച്ചു കൂടിയാണു നാം പരിചിന്തിക്കുന്നത്: “അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും.” (യെശയ്യാവു 34:9, 10എ) പൊടി ഗന്ധകമായി മാറുകയും താഴ്വരകൾ കീലുകൊണ്ട്—വെള്ളംകൊണ്ടല്ല—നിറയുകയും ചെയ്താലെന്ന പോലെ ഏദോം ദേശം വരണ്ടതായിത്തീരുന്നു. തുടർന്ന്, ആ വസ്തുക്കൾക്കു പെട്ടെന്നു കത്തുപിടിക്കുന്നു!—വെളിപ്പാടു 17:16 താരതമ്യം ചെയ്യുക.
15 കീൽ, തീ, ഗന്ധകം എന്നിവയെ കുറിച്ചുള്ള പരാമർശം അഗ്നിനരകം സ്ഥിതി ചെയ്യുന്നു എന്നതിന്റെ തെളിവായി ചിലർ വീക്ഷിച്ചിരിക്കുന്നു. എന്നാൽ ഏതെങ്കിലുമൊരു സാങ്കൽപ്പിക നരകത്തിലേക്ക് എറിയപ്പെട്ട് ഏദോം നിത്യമായ ദണ്ഡനം അനുഭവിക്കുന്നില്ല. പകരം, അതു നശിപ്പിക്കപ്പെടുകയാണു ചെയ്യുന്നത്. അതായത് തീയാലും ഗന്ധകത്താലും പൂർണമായി ദഹിച്ചാലെന്നതുപോലെ, ലോകരംഗത്തുനിന്ന് അത് അപ്രത്യക്ഷമാകുന്നു. പ്രവചനം പ്രകടമാക്കുന്നതു പോലെ, ഏദോമിനു ലഭിക്കുന്നത് നിത്യദണ്ഡനമല്ല. മറിച്ച് അതു ‘പാഴായും ശൂന്യമായും നാസ്തി’യായും മാറുന്നു. (യെശയ്യാവു 34:11, 12) പുക “സദാകാലം” പൊങ്ങിക്കൊണ്ടിരിക്കും എന്ന പ്രയോഗം അതാണു വ്യക്തമാക്കുന്നത്. ഒരു വീടു കത്തിയമരുമ്പോൾ, തീജ്വാലകൾ അണഞ്ഞശേഷവും ചാരത്തിൽനിന്നു പുക ഉയർന്നുകൊണ്ടിരിക്കും. ഒരു അഗ്നിബാധ ഉണ്ടായി എന്നതിന്റെ തെളിവായിരിക്കും അത്. ഇന്നു ക്രിസ്ത്യാനികൾ ഏദോമിന്റെ നാശത്തിൽനിന്ന് പലതും പഠിക്കുന്നതിനാൽ, ഒരു അർഥത്തിൽ അതിന്റെ പുക ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു എന്നു പറയാം.
16, 17. ഏദോം എന്തായിത്തീരും, ആ അവസ്ഥയിൽ അത് എത്രകാലം തുടരും?
16 ഏദോമിനെ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ഏദോമിൽ ഇനി മനുഷ്യർക്കു പകരം മൃഗങ്ങൾ വസിക്കുമെന്നു പ്രവചനം പറയുന്നു. വരാനിരിക്കുന്ന ശൂന്യമാക്കലിനെയാണ് അത് സൂചിപ്പിക്കുന്നത്. “തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല. വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും. അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും. അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും. അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്റെ നിഴലിൻ കീഴെ ചേർത്തുകൊള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോടു കൂടും.”—യെശയ്യാവു 34:10ബി-15.a
17 അതേ, ഏദോം ആൾപ്പാർപ്പില്ലാത്ത ഒരു ദേശമായി മാറും. അതു കാട്ടുമൃഗങ്ങളും പക്ഷികളും പാമ്പുകളും മാത്രമുള്ള ഒരു പാഴ്നിലമായിത്തീരും. ആ ദേശത്തിന്റെ ശൂന്യാവസ്ഥ 10-ാം വാക്യം പറയുന്നതുപോലെ, “തലമുറതലമുറയായി” തുടരും. അതു പുനഃസ്ഥാപിക്കപ്പെടുകയില്ല.—ഓബദ്യാവു 18.
യഹോവയുടെ വചനം സുനിശ്ചിതമായും നിറവേറും
18, 19. എന്താണ് ‘യഹോവയുടെ പുസ്തകം,’ ക്രൈസ്തവലോകത്തിനായി ആ “പുസ്തക”ത്തിൽ എന്തു കരുതിവെച്ചിരിക്കുന്നു?
18 ആധുനികകാല ഏദോമായ ക്രൈസ്തവലോകത്തിന്റെ ഭാവി എത്ര ഇരുളടഞ്ഞതായിരിക്കും എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. യഹോവയാം ദൈവത്തിന്റെ സാക്ഷികളെ ഭയങ്കരമായി പീഡിപ്പിച്ചുകൊണ്ട് അവന്റെ കടുത്ത ശത്രുവാണെന്ന് അതു സ്വയം പ്രകടമാക്കിയിരിക്കുന്നു. യഹോവ തന്റെ വചനം നിവർത്തിക്കുമെന്നതിനു യാതൊരു സംശയവും വേണ്ട. പ്രസ്തുത പ്രവചനത്തെ അതിന്റെ നിവൃത്തിയുമായി താരതമ്യം ചെയ്യുന്ന ഒരു വ്യക്തിക്ക് ഏദോമിന്റെ കാര്യത്തിലെന്ന പോലെ ക്രൈസ്തവലോകത്തിനും സമ്പൂർണ നാശം സംഭവിക്കുമെന്നതു കാണാനാകും. ശൂന്യമായ ഏദോമിൽ പാർക്കുന്ന ഓരോ ജീവിക്കും ‘അതതിന്റെ ഇണ’ ഉണ്ടായിരിക്കുന്നതു പോലെ അത്ര ഉറപ്പാണത്. ഭാവിയിൽ ബൈബിൾ പ്രവചനങ്ങളെ കുറിച്ചു പഠിക്കുന്നവരോടായി യെശയ്യാവ് ഇങ്ങനെ പറയുന്നു: “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. അവൻ അവെക്കായി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവെക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാർക്കും.”—യെശയ്യാവു 34:16, 17.
19 ക്രൈസ്തവലോകത്തിന്റെ ആസന്ന നാശത്തെ കുറിച്ച് “യഹോവയുടെ പുസ്തകത്തിൽ” മുൻകൂട്ടി പറഞ്ഞിരിക്കുന്നു. തന്റെ ബദ്ധവൈരികളും തന്റെ ജനത്തെ നിർദയം ദ്രോഹിക്കുന്നവരുമായ ആളുകളോട് യഹോവ തീർക്കാനിരിക്കുന്ന കണക്കുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ആ “പുസ്തക”ത്തിൽ കാണാം. പുരാതന ഏദോമിനെ കുറിച്ച് എഴുതിയിരുന്ന വിവരങ്ങൾ നിവൃത്തിയേറി. ആധുനിക കാലത്ത് ഏദോമിന്റെ സമാന്തര ഘടകമായ ക്രൈസ്തവലോകത്തിന്റെ കാര്യത്തിലും പ്രസ്തുത പ്രവചനം നിവൃത്തിയേറുമെന്ന നമ്മുടെ വിശ്വാസത്തെ അതു ബലപ്പെടുത്തുന്നു. യഹോവയുടെ നടപടിക്രമമാകുന്ന ‘ചരട്’ അഥവാ അളവുനൂൽ, ആത്മീയമായി മരിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന ഒരു പാഴ്നിലമായിത്തീരും എന്ന ഉറപ്പ് നൽകുന്നു.
20. പുരാതന ഏദോമിനെ പോലെ, ക്രൈസ്തവലോകത്തിന് എന്ത് സംഭവിക്കും?
20 തന്റെ രാഷ്ട്രീയ സ്നേഹിതരെ പ്രീണിപ്പിക്കാൻ ക്രൈസ്തവലോകം ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല! വെളിപ്പാടു 17-ഉം 18-ഉം അധ്യായങ്ങൾ പറയുന്നതനുസരിച്ച്, ക്രൈസ്തവലോകം ഉൾപ്പെടെ മഹാബാബിലോണിന് എതിരെ പ്രവർത്തിക്കാൻ സർവശക്തനായ യഹോവയാം ദൈവം അവയുടെ ഹൃദയങ്ങളിൽ തോന്നിപ്പിക്കും. ആ നടപടിയുടെ ഫലമായി ഭൂമിയിൽനിന്ന് വ്യാജക്രിസ്ത്യാനിത്വം പാടേ തുടച്ചു നീക്കപ്പെടും. യെശയ്യാവ് 34-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നതു പോലുള്ള ശോചനീയമായ അവസ്ഥയാണ് ക്രൈസ്തവലോകത്തിനു വരാൻ പോകുന്നത്. ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ നടക്കുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ പോലും അത് ഉണ്ടായിരിക്കുകയില്ല! (വെളിപ്പാടു 16:14) പുരാതന ഏദോമിനെ പോലെ, ക്രൈസ്തവലോകം “സദാകാല”ത്തേക്കുമായി ഭൂമിയിൽനിന്നു നീക്കംചെയ്യപ്പെട്ടിരിക്കും.
[അടിക്കുറിപ്പുകൾ]
a മലാഖിയുടെ കാലമായപ്പോഴേക്കും ആ പ്രവചനത്തിനു നിവൃത്തിയുണ്ടായി. (മലാഖി 1:3) ശൂന്യമായി കിടന്നിരുന്ന തങ്ങളുടെ ദേശം വീണ്ടും കൈവശമാക്കാൻ ഏദോമ്യർ ആശിച്ചതായി മലാഖി റിപ്പോർട്ടു ചെയ്യുന്നു. (മലാഖി 1:4) എന്നാൽ, അതു യഹോവയുടെ ഹിതമല്ലായിരുന്നു. പിന്നീട്, നാബാത്തേയർ എന്ന മറ്റൊരു ജനതയാണ് ഏദോം ദേശം കൈവശമാക്കിയത്.
[363-ാം പേജിലെ ചതുരം]
കോപിക്കുന്ന ഒരു ദൈവമോ?
എബ്രായ തിരുവെഴുത്തുകൾ വായിച്ചിട്ടുള്ള പലരും യഹോവ ക്രൂരനും കോപാകുലനുമായ ഒരു ദൈവമാണെന്ന് നിഗമനം ചെയ്തിരിക്കുന്നു. അതിന് ഉദാഹരണമായി യെശയ്യാവു 34:2-7-ൽ കാണപ്പെടുന്നതു പോലെയുള്ള പ്രയോഗങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. അവർ പറയുന്നത് ശരിയാണോ?
അല്ല. ദൈവം ചിലപ്പോഴൊക്കെ കോപം പ്രകടിപ്പിക്കാറുണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ അത്തരം കോപം എപ്പോഴും നീതിനിഷ്ഠമാണ്. അത് തത്ത്വങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്, അനിയന്ത്രിത വികാരത്തെ അല്ല. മാത്രമല്ല, അനന്യ ഭക്തി സ്വീകരിക്കാനുള്ള സ്രഷ്ടാവിന്റെ അവകാശവും സത്യം ഉയർത്തിപ്പിടിക്കുന്നതിൽ അവൻ കാണിക്കുന്ന താത്പര്യവുമാണ് അവന്റെ കോപത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത്. നീതിയോടും നീതി പ്രവർത്തിക്കുന്നവരോടുമുള്ള സ്നേഹമാണ് ദൈവത്തിന്റെ കോപത്തെ ഭരിക്കുന്നത്. ഒരു പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ വശങ്ങളും യഹോവ കാണുന്നുവെന്നു മാത്രമല്ല, ഒരു സാഹചര്യം സംബന്ധിച്ച് സമ്പൂർണവും അപരിമിതവുമായ അറിവും അവനുണ്ട്. (എബ്രായർ 4:13) അവൻ മനുഷ്യഹൃദയങ്ങൾ അറിയുന്നു; ഒരാൾ ഒരു പാപം ചെയ്യുന്നത് അറിവില്ലായ്മ കൊണ്ടാണോ, ശ്രദ്ധയില്ലായ്മ കൊണ്ടാണോ, അതോ മനഃപൂർവമാണോ എന്ന് അവൻ ശ്രദ്ധിക്കുന്നു; അവൻ മുഖപക്ഷമില്ലാതെയാണു പെരുമാറുന്നത്.—ആവർത്തനപുസ്തകം 10:17, 18; 1 ശമൂവേൽ 16:7; പ്രവൃത്തികൾ 10:34, 35.
എന്നിരുന്നാലും, യഹോവയാം ദൈവം “ദീർഘക്ഷമയും മഹാദയയും” ഉള്ളവനാണ്. (പുറപ്പാടു 34:6) അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവർക്കു കരുണ ലഭിക്കുന്നു. കാരണം, മനുഷ്യന്റെ പാരമ്പര്യസിദ്ധമായ അപൂർണത കണക്കിലെടുത്ത് യഹോവ അവനോടു കരുണ കാണിക്കുന്നു. ഇന്ന് അവൻ ഇതു ചെയ്യുന്നത് യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിലാണ്. (സങ്കീർത്തനം 103:13, 14) തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും യഹോവയെ യഥാർഥമായി സേവിക്കുകയും ചെയ്യുന്നവരിൽനിന്ന് തക്കസമയത്ത് അവൻ തന്റെ കോപം നീക്കുന്നു. (യെശയ്യാവു 12:1) അടിസ്ഥാനപരമായി പറഞ്ഞാൽ, യഹോവ കോപാകുലനായ ദൈവമല്ല, പിന്നെയോ സന്തുഷ്ടനാണ്; സമീപിക്കാൻ കഴിയാത്തവനല്ല, മറിച്ച് ആകർഷണീയനാണ്; അവൻ സമാധാന സ്നേഹിയും തന്നെ ഉചിതമായി സമീപിക്കുന്നവരോട് ശാന്തമായി ഇടപെടുന്നവനും ആണ്. (1 തിമൊഥെയൊസ് 1:11, NW) മതപരമായ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പുറജാതീയ ദൈവങ്ങളുടെ നിർദയവും ക്രൂരവുമായ സ്വഭാവ വിശേഷങ്ങളിൽനിന്നു തികച്ചും ഭിന്നമാണ് ഇത്.
[362-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മഹാസമുദ്രം
ദമസ്കൊസ്
സീദോൻ
സോർ
ഇസ്രായേൽ
ദാൻ
ഗലീലാക്കടൽ
യോർദാൻ നദി
മെഗിദോ
ഗിലെയാദിലെ രാമോത്ത്
ശമര്യ
ഫെലിസ്ത്യ
യഹൂദ
യെരൂശലേം
ലിബ്ന
ലാഖീശ്
ബേർ-ശേബ
കാദേശ്ബർന്ന
ഉപ്പുകടൽ
അമ്മോൻ
രബ്ബ
മോവാബ്
കീർഹരേശെത്ത്
ഏദോം
ബൊസ്ര
തേമാൻ
[359-ാം പേജിലെ ചിത്രങ്ങൾ]
ക്രൈസ്തവലോകം ഭൂമിയെ മനുഷ്യരക്തത്തിൽ കുതിർത്തിരിക്കുന്നു
[360-ാം പേജിലെ ചിത്രം]
‘ആകാശം ഒരു ചുരുൾപോലെ ചുരുണ്ടുപോകും’