അധ്യായം 25
“നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”
1, 2. (എ) ഒരമ്മ തന്റെ കുഞ്ഞിന്റെ കരച്ചിലിനോടു സ്വാഭാവികമായി എങ്ങനെ പ്രതികരിക്കുന്നു? (ബി) ഏതു വികാരം ഒരു മാതാവിന്റെ അനുകമ്പയെക്കാൾപ്പോലും ശക്തമാണ്?
അർധരാത്രി ഒരു കുഞ്ഞ് ഞെട്ടിയുണർന്നു കരയുന്നു. ഉടനെ അതിന്റെ അമ്മയും ഉണരുന്നു. കുഞ്ഞ് ജനിച്ചതിൽപ്പിന്നെ അവൾക്കു മുമ്പത്തെപ്പോലെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. തന്റെ കുഞ്ഞിന്റെ ഓരോ കരച്ചിലും വേർതിരിച്ചറിയാൻ അവൾ പഠിച്ചിരിക്കുന്നു. അതുകൊണ്ട് കുഞ്ഞ് പാലിനാണോ എടുത്തുകൊണ്ടു നടക്കാനാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ കരയുന്നത് എന്ന് മിക്കപ്പോഴും അവൾക്കു പറയാൻ കഴിയും. കരച്ചിലിന്റെ കാരണം എന്തുതന്നെ ആയാലും അമ്മ പ്രതികരിക്കുന്നു. കുഞ്ഞിന്റെ ആവശ്യത്തെ അവഗണിക്കാൻ അവൾക്കാവില്ല.
2 മനുഷ്യർക്കു പരിചിതമായ ഏറ്റവും ആർദ്രമായ വികാരങ്ങളിൽ ഒന്നാണ് ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടു തോന്നുന്ന ആർദ്രാനുകമ്പ. എന്നിരുന്നാലും, നമ്മുടെ ദൈവമായ യഹോവയുടെ ആർദ്രാനുകമ്പ അതിലുമൊക്കെ വളരെ ശക്തമാണ്. പ്രിയങ്കരമായ ഈ ഗുണത്തെ കുറിച്ചു പരിചിന്തിക്കുന്നത് യഹോവയോടു കൂടുതൽ അടുത്തു ചെല്ലാൻ നമ്മെ സഹായിക്കും. അതുകൊണ്ട്, അനുകമ്പ എന്താണെന്നും നമ്മുടെ ദൈവം അത് എങ്ങനെ പ്രകടമാക്കുന്നു എന്നും നമുക്കു നോക്കാം.
അനുകമ്പ എന്താണ്?
3. “കരുണ കാണിക്കുക” അല്ലെങ്കിൽ “അലിവു തോന്നുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ ക്രിയയുടെ അർഥമെന്ത്?
3 ബൈബിളിൽ, അനുകമ്പയും കരുണയും തമ്മിൽ ഒരു അടുത്ത ബന്ധമുണ്ട്. ആർദ്രാനുകമ്പ എന്ന് അർഥം ദ്യോതിപ്പിക്കുന്ന ഒട്ടനവധി എബ്രായ, ഗ്രീക്ക് പദങ്ങൾ ഉണ്ട്. ദൃഷ്ടാന്തത്തിന്, രാഹാം എന്ന എബ്രായ ക്രിയയെ കുറിച്ചു പരിചിന്തിക്കുക. അത് മിക്കപ്പോഴും, “കരുണ കാണിക്കുക” അല്ലെങ്കിൽ “അലിവു തോന്നുക” എന്നിങ്ങനെ വിവർത്തനം ചെയ്യപ്പെടുന്നു. ഒരു പരാമർശകൃതി വിശദീകരിക്കുന്ന പ്രകാരം രാഹാം എന്ന ക്രിയ, “നമുക്കു പ്രിയപ്പെട്ടവരുടെയോ നമ്മുടെ സഹായം ആവശ്യമുള്ളവരുടെയോ ബലഹീനതയോ കഷ്ടപ്പാടോ കാണുമ്പോൾ നമ്മിൽ ഉണ്ടാകുന്ന ആർദ്രവും ആഴമേറിയതുമായ അനുകമ്പയെ കുറിക്കുന്നു.” യഹോവ തന്നോടുള്ള ബന്ധത്തിൽ ഉപയോഗിക്കുന്ന ഈ എബ്രായപദം, “ഗർഭാശയം” എന്നതിനുള്ള പദവുമായി ബന്ധപ്പെട്ടിരിക്കുന്നു, “മാതൃതുല്യമായ അനുകമ്പ” എന്നും അതിനെ വർണിക്കാൻ കഴിയും.a— പുറപ്പാടു 33:19; യിരെമ്യാവു 33:26.
4, 5. യഹോവയുടെ അനുകമ്പയെ കുറിച്ചു പഠിപ്പിക്കാൻ, ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടു തോന്നുന്ന വികാരങ്ങളെ ബൈബിൾ ഉപയോഗിക്കുന്നത് എങ്ങനെ?
4 ഒരു അമ്മയ്ക്ക് അവളുടെ കുഞ്ഞിനോടുള്ള വികാരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് യഹോവയുടെ അനുകമ്പയുടെ അർഥത്തെ കുറിച്ചു ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്. യെശയ്യാവു 49:15-ൽ നാം വായിക്കുന്നു: “ഒരു സ്ത്രീക്ക് അവളുടെ മുലകുടിക്കുന്ന കുട്ടിയെ മറക്കാനാവുമോ, താൻ പ്രസവിച്ച മകനോട് അവൾ അനുകമ്പ [രാഹാം] കാട്ടാതിരിക്കണമോ? ഉവ്വ്, അവർ മറന്നേക്കാം, എങ്കിലും ഞാൻ നിങ്ങളെ മറക്കുകയില്ല.” (ദി ആംപ്ലിഫൈഡ് ബൈബിൾ) ഹൃദയസ്പർശിയായ ആ വർണന യഹോവയ്ക്കു തന്റെ ജനത്തോടുള്ള അനുകമ്പയുടെ ആഴം വ്യക്തമാക്കുന്നു. എങ്ങനെ?
5 തന്റെ കുഞ്ഞിനു പാലുകൊടുക്കാനും പരിപാലിക്കാനും ഒരു മാതാവു മറന്നേക്കുമെന്നു സങ്കൽപ്പിക്കുക പ്രയാസമാണ്. ഒരു ശിശു തികച്ചും നിസ്സഹായമായ അവസ്ഥയിലാണ്; രാവും പകലും അതിന് അമ്മയുടെ ശ്രദ്ധയും പരിലാളനയും ആവശ്യമാണ്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അമ്മമാർ കുഞ്ഞുങ്ങളെ അവഗണിക്കുന്നത് അസാധാരണ സംഗതിയൊന്നുമല്ല, വിശേഷിച്ച് “സ്വാഭാവികപ്രിയ”ത്തിന്റെ (NW) അഭാവം വളരെയധികം പ്രകടമായിത്തീർന്നിരിക്കുന്ന ഈ ‘ദുർഘടസമയങ്ങളിൽ.’ (2 തിമൊഥെയൊസ് 3:1, 3) “എങ്കിലും ഞാൻ നിങ്ങളെ മറക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവയ്ക്കു തന്റെ ദാസന്മാരോടുള്ള ആർദ്രാനുകമ്പ ഒരിക്കലും അവസാനിക്കുന്നില്ല. നമുക്കു സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും ആർദ്രമായ സ്വാഭാവിക വികാരത്തെക്കാൾ—ഒരു മാതാവിനു സ്വാഭാവികമായി തന്റെ കുഞ്ഞിനോടു തോന്നുന്ന അനുകമ്പയെക്കാൾ—വളരെയേറെ ശക്തമാണ് അത്. ഒരു ഭാഷ്യകാരൻ യെശയ്യാവു 49:15-നെ കുറിച്ച് പിൻവരുന്ന പ്രകാരം പറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല: “ഇത് ദൈവസ്നേഹത്തെ കുറിച്ചുള്ള, പഴയനിയമത്തിലെ ഏറ്റവും ശക്തമായ വർണനയാണെന്നു പറയാനാകും.”
6. അപൂർണ മനുഷ്യരിൽ പലരും ആർദ്രാനുകമ്പയെ ഏതു വിധത്തിൽ വീക്ഷിച്ചിരിക്കുന്നു, എന്നാൽ യഹോവ നമുക്ക് എന്തിനെ കുറിച്ച് ഉറപ്പുനൽകുന്നു?
6 ആർദ്രാനുകമ്പ ദൗർബല്യത്തിന്റെ ഒരു ലക്ഷണമാണോ? അപൂർണ മനുഷ്യരിൽ പലരും അങ്ങനെ കരുതുന്നു. ഉദാഹരണത്തിന്, “ദയ മനസ്സിന്റെ ഒരു ദൗർബല്യമാണ്” എന്ന് യേശുവിന്റെ സമകാലികരിൽ ഒരുവനും ഒരു പ്രമുഖ ധിഷണാശാലിയുമായിരുന്ന റോമൻ തത്ത്വചിന്തകൻ സെനിക പഠിപ്പിച്ചു. നിർവികാരമായ ശാന്തതയ്ക്ക് ഊന്നൽ നൽകുന്ന സ്റ്റോയിക് തത്ത്വശാസ്ത്രത്തിന്റെ ഒരു വക്താവായിരുന്നു സെനിക. ഒരു ജ്ഞാനിക്ക് അരിഷ്ടരെ സഹായിക്കാവുന്നതാണ്, എന്നാൽ അയാൾക്ക് മനസ്സലിവു തോന്നരുത്, കാരണം അത്തരം വികാരം അയാളുടെ പ്രശാന്തത കവർന്നുകളയും എന്നായിരുന്നു സെനികയുടെ പക്ഷം. സ്വാർഥപരമായ ആ ജീവിത വീക്ഷണം ഹൃദയംഗമമായ അനുകമ്പയ്ക്ക് ഇടംനൽകിയില്ല. എന്നാൽ യഹോവ ഇതിൽനിന്ന് എത്ര വ്യത്യസ്തനാണ്! താൻ ‘അനുകമ്പാലുവും ദയാമയനുമാണ്’ എന്ന് തന്റെ വചനത്തിലൂടെ യഹോവ നമുക്ക് ഉറപ്പുനൽകുന്നു. (യാക്കോബ് 5:11, ഓശാന ബൈ.) നാം കാണാൻ പോകുന്നതുപോലെ അനുകമ്പ ഒരു ദൗർബല്യമല്ല, പിന്നെയോ ശക്തവും മർമപ്രധാനവുമായ ഒരു ഗുണമാണ്. സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെ യഹോവ അതു പ്രകടമാക്കുന്നത് എങ്ങനെയെന്നു നമുക്കു പരിശോധിക്കാം.
യഹോവ ഒരു ജനതയോട് അനുകമ്പ കാണിക്കുന്നു
7, 8. ഇസ്രായേല്യർ പുരാതന ഈജിപ്തിൽ ഏതു വിധത്തിൽ കഷ്ടപ്പെട്ടു, യഹോവ അവരുടെ കഷ്ടപ്പാടിനോട് എങ്ങനെ പ്രതികരിച്ചു?
7 യഹോവ ഇസ്രായേൽ ജനതയോട് ഇടപെട്ട വിധത്തിൽ അവന്റെ അനുകമ്പ വ്യക്തമായി കാണാം. പൊ.യു.മു. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ദശലക്ഷക്കണക്കിന് ഇസ്രായേല്യർ പുരാതന ഈജിപ്തിൽ അടിമകളാക്കപ്പെട്ടു. അവർ അവിടെ കടുത്ത യാതനകൾ അനുഭവിച്ചു. ഈജിപ്തുകാർ ‘കുമ്മായവും ഇഷ്ടികയും കൊണ്ടുള്ള കഠിനാദ്ധ്വാനത്താൽ അവരുടെ ജീവിതം ക്ലേശപൂർണമാക്കി.’ (പുറപ്പാടു 1:11, 14, പി.ഒ.സി. ബൈ.) ഇസ്രായേല്യർ തങ്ങളുടെ ക്ലേശത്തിൽ യഹോവയോടു സഹായത്തിനായി നിലവിളിച്ചു. ആർദ്രാനുകമ്പയുള്ള ദൈവം എങ്ങനെയാണു പ്രതികരിച്ചത്?
8 സഹായത്തിനായുള്ള അവരുടെ നിലവിളി യഹോവയുടെ ഹൃദയത്തെ സ്പർശിച്ചു. അവൻ പറഞ്ഞു: ‘മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.’ (പുറപ്പാടു 3:7) തന്റെ ജനത്തിന്റെ കഷ്ടത കാണുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്തപ്പോൾ അവന് അവരോടു സമാനുഭാവം തോന്നുകതന്നെ ചെയ്തു. ഈ പുസ്തകത്തിന്റെ 24-ാം അധ്യായത്തിൽ നാം കണ്ടതുപോലെ, യഹോവ സമാനുഭാവമുള്ള ഒരു ദൈവമാണ്. സമാനുഭാവം—മറ്റുള്ളവരുടെ വേദനയിൽ ഒപ്പം വേദനിക്കാനുള്ള പ്രാപ്തി—അനുകമ്പയോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ യഹോവയ്ക്കു തന്റെ ജനത്തോട് അനുകമ്പ തോന്നുക മാത്രമല്ല ചെയ്തത്; അവർക്കുവേണ്ടി പ്രവർത്തിക്കാൻ അവൻ പ്രേരിതനായി. “തന്റെ സ്നേഹത്തിലും കനിവിലും [“അനുകമ്പയിലും,” NW] അവൻ അവരെ വീണ്ടെടുത്തു” എന്ന് യെശയ്യാവു 63:9 പറയുന്നു. തന്റെ “ബലമുള്ള കൈ”യാൽ യഹോവ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിച്ചു. (ആവർത്തനപുസ്തകം 4:34) അതിനുശേഷം, അവൻ അവർക്ക് അത്ഭുതകരമായി ഭക്ഷണം കൊടുക്കുകയും ഫലസമൃദ്ധമായ ഒരു ദേശം അവർക്കു സ്വന്തമായി നൽകുകയും ചെയ്തു.
9, 10. (എ) ഇസ്രായേല്യർ വാഗ്ദത്തദേശത്തു താമസമാക്കിയശേഷം യഹോവ അവരെ ആവർത്തിച്ചു വിടുവിച്ചത് എന്തുകൊണ്ട്? (ബി) യിഫ്താഹിന്റെ നാളുകളിൽ യഹോവ ഇസ്രായേല്യരെ ഏത് ഞെരുക്കത്തിൽനിന്നു വിടുവിച്ചു, അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചതെന്ത്?
9 യഹോവയുടെ അനുകമ്പ അവിടംകൊണ്ട് അവസാനിച്ചില്ല. വാഗ്ദത്തദേശത്തു താമസമാക്കിയപ്പോൾ, ഇസ്രായേൽ ആവർത്തിച്ച് അവിശ്വസ്തമായ ഗതിയിലേക്കു വഴുതിപ്പോകുകയും തത്ഫലമായി കഷ്ടപ്പെടുകയും ചെയ്തു. എന്നാൽ അപ്പോഴൊക്കെ ജനം സുബോധം പ്രാപിച്ചു യഹോവയെ വിളിച്ചപേക്ഷിക്കുമായിരുന്നു. വീണ്ടും വീണ്ടും അവൻ അവരെ വിടുവിച്ചു. കാരണം? അവന് ‘തന്റെ ജനത്തോട് സഹതാപം [“അനുകമ്പ,” NW] തോന്നി.’—2 ദിനവൃത്താന്തം 36:15; ന്യായാധിപന്മാർ 2:11-16.
10 യിഫ്താഹിന്റെ നാളിൽ എന്തു സംഭവിച്ചെന്നു പരിചിന്തിക്കുക. ഇസ്രായേല്യർ വ്യാജദൈവങ്ങളെ സേവിക്കുന്നതിലേക്കു തിരിഞ്ഞതിനാൽ 18 വർഷം അമ്മോന്യരാൽ ഞെരുക്കപ്പെടുന്നതിനു യഹോവ അവരെ അനുവദിച്ചു. ഒടുവിൽ, ഇസ്രായേല്യർ അനുതപിച്ചു. ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “അവർ തങ്ങളുടെ ഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവന്നു സഹതാപം [“അനുകമ്പ,” NW] തോന്നി.”b (ന്യായാധിപന്മാർ 10:6-16) അവന്റെ ജനം യഥാർഥ അനുതാപം പ്രകടമാക്കിയപ്പോൾ, അവർ കഷ്ടപ്പെടുന്നതു നോക്കിയിരിക്കാൻ യഹോവയ്ക്കായില്ല. അതുകൊണ്ട് ആർദ്രാനുകമ്പയുള്ള ദൈവം, യിസ്രായേല്യരെ അവരുടെ ശത്രുക്കളുടെ കൈകളിൽനിന്നു വിടുവിക്കാൻ യിഫ്താഹിനെ ബലപ്പെടുത്തി.—ന്യായാധിപന്മാർ 11:30-33.
11. ഇസ്രായേല്യരോടുള്ള യഹോവയുടെ ഇടപെടലുകളിൽനിന്ന് നാം അനുകമ്പയെ കുറിച്ച് എന്തു പഠിക്കുന്നു?
11 ഇസ്രായേൽ ജനതയുമായുള്ള യഹോവയുടെ ഇടപെടലുകൾ ആർദ്രാനുകമ്പയെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു? ഒരു സംഗതി, ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള സഹതാപത്തെക്കാൾ കവിഞ്ഞതാണ് അത് എന്നു നാം കാണുന്നു. ആർദ്രാനുകമ്പ നിമിത്തം തന്റെ കുഞ്ഞിന്റെ കരച്ചിലിനോടു പ്രതികരിക്കുന്ന അമ്മയെ സംബന്ധിച്ച ദൃഷ്ടാന്തം ഓർക്കുക. സമാനമായി യഹോവ തന്റെ ജനത്തിന്റെ നിലവിളിയെ അവഗണിക്കുന്നില്ല. അവരുടെ ദുരിതത്തിന് ആശ്വാസം വരുത്താൻ അവന്റെ ആർദ്രാനുകമ്പ അവനെ പ്രേരിപ്പിക്കുന്നു. അതിനു പുറമേ, യഹോവ ഇസ്രായേല്യരോട് ഇടപെട്ട വിധം അനുകമ്പ ഒരു ദൗർബല്യമല്ല എന്നു നമ്മെ പഠിപ്പിക്കുന്നു. കാരണം, ഈ ആർദ്രഗുണം തന്റെ ജനത്തിനുവേണ്ടി ശക്തവും നിർണായകവുമായ നടപടി സ്വീകരിക്കാൻ അവനെ പ്രേരിപ്പിച്ചു. എന്നാൽ തന്റെ ദാസന്മാരോട് ഒരു കൂട്ടമെന്നനിലയിൽ മാത്രമാണോ യഹോവ അനുകമ്പ കാണിക്കുന്നത്?
വ്യക്തികളോടുള്ള യഹോവയുടെ അനുകമ്പ
12. വ്യക്തികളോടുള്ള യഹോവയുടെ അനുകമ്പയെ ന്യായപ്രമാണം എങ്ങനെ പ്രതിഫലിപ്പിച്ചു?
12 ഇസ്രായേൽ ജനതയ്ക്കു ദൈവം കൊടുത്ത ന്യായപ്രമാണം വ്യക്തികളോടുള്ള അവന്റെ അനുകമ്പയെ പ്രതിഫലിപ്പിച്ചു. ദൃഷ്ടാന്തത്തിന്, ദരിദ്രരിലുള്ള അവന്റെ താത്പര്യത്തെ കുറിച്ചു ചിന്തിക്കുക. അപ്രതീക്ഷിത സാഹചര്യങ്ങൾ ഒരു ഇസ്രായേല്യനെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടേക്കാമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. ദരിദ്രരോട് എങ്ങനെ പെരുമാറണമായിരുന്നു? യഹോവ ഇസ്രായേല്യരോടു കർശനമായി ഇങ്ങനെ കൽപ്പിച്ചു: “ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, . . . നീ അവന്നു കൊടുത്തേമതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.” (ആവർത്തനപുസ്തകം 15:7, 10) ഇസ്രായേല്യർ തങ്ങളുടെ വയലുകളുടെ അരികു കൊയ്യുകയോ കാലാ പെറുക്കുകയോ ചെയ്യരുതെന്ന് യഹോവ തുടർന്നു കൽപ്പിച്ചു. അതു സാധുക്കൾക്കു വേണ്ടിയുള്ളതായിരുന്നു. (ലേവ്യപുസ്തകം 23:22; രൂത്ത് 2:2-7) തങ്ങളുടെ ഇടയിലെ ദരിദ്രർക്കു വേണ്ടിയുള്ള ഈ കനിവാർന്ന നിയമം ജനത അനുസരിച്ചപ്പോൾ ഇസ്രായേലിലെ ഞെരുക്കമുള്ള വ്യക്തികൾക്ക് ആഹാരത്തിനു യാചിക്കേണ്ടിവന്നില്ല. അത് യഹോവയുടെ ആർദ്രാനുകമ്പയുടെ ഒരു പ്രതിഫലനമായിരുന്നില്ലേ?
13, 14. (എ) വ്യക്തികളെന്ന നിലയിൽ യഹോവയ്ക്ക് നമ്മിൽ ആഴമായ താത്പര്യമുണ്ടെന്നു ദാവീദിന്റെ വാക്കുകൾ ഉറപ്പു നൽകുന്നത് എങ്ങനെ? (ബി) “ഹൃദയം നുറുങ്ങിയവർക്കു” അല്ലെങ്കിൽ ‘മനസ്സു തകർന്നവർക്കു’ യഹോവ സമീപസ്ഥനാണെന്ന് എങ്ങനെ ദൃഷ്ടാന്തീകരിക്കാൻ കഴിയും?
13 ഇന്ന്, നമ്മുടെ സ്നേഹനിധിയായ ദൈവം വ്യക്തികളെന്ന നിലയിൽ നമ്മിലും ആഴമായ താത്പര്യം പ്രകടമാക്കുന്നു. നാം അനുഭവിച്ചേക്കാവുന്ന ഏതു കഷ്ടപ്പാടിനെ കുറിച്ചും അവനു വ്യക്തമായി അറിയാമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:15, 18) ഈ ഭാഗത്തു വർണിച്ചിരിക്കുന്നവരെ സംബന്ധിച്ച് ഒരു ബൈബിൾ ഭാഷ്യകാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “പാപഭാരത്താൽ ഹൃദയം നുറുങ്ങിയും മനസ്സു തകർന്നുമിരിക്കുന്നവരാണ് അവർ, അവർക്ക് ആത്മാഭിമാനം നഷ്ടമായിരിക്കുന്നു; സ്വന്ത ദൃഷ്ടിയിൽ അവർ മൂല്യമില്ലാത്തവർ അഥവാ വിലകെട്ടവർ ആണ്.” യഹോവ അകലെയാണെന്നും തങ്ങളെക്കുറിച്ച് അവൻ കരുതേണ്ട ആവശ്യമില്ലാത്തവിധം തങ്ങൾ തീർത്തും നിസ്സാരരാണെന്നും അങ്ങനെയുള്ളവർ വിചാരിച്ചേക്കാം. എന്നാൽ വാസ്തവം അതല്ല. തങ്ങൾ വിലകെട്ടവരാണെന്ന തോന്നലുമായി മല്ലിടുന്നവരെ യഹോവ ഉപേക്ഷിക്കുന്നില്ലെന്നു ദാവീദിന്റെ വാക്കുകൾ നമുക്ക് ഉറപ്പുനൽകുന്നു. അങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് അവനെ എന്നത്തേതിലും അധികം ആവശ്യമാണെന്ന് അനുകമ്പയുള്ള നമ്മുടെ ദൈവം അറിയുന്നു, അവൻ സമീപസ്ഥനുമാണ്.
14 ഐക്യനാടുകളിലെ ഒരു അനുഭവം പരിചിന്തിക്കുക. ചുമയും ശ്വാസതടസ്സവും കലശലായതിനെ തുടർന്ന് തന്റെ രണ്ടു വയസ്സുള്ള മകനെയുംകൊണ്ട് ഒരമ്മ ആശുപത്രിയിൽ പാഞ്ഞെത്തി. കുട്ടിയെ പരിശോധിച്ചതിനു ശേഷം, അന്നു രാത്രി അവനെ അവിടെ കിടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ അമ്മയോടു പറഞ്ഞു. ആ അമ്മ എവിടെയാണു രാത്രി ചെലവഴിച്ചത്? തന്റെ കുഞ്ഞിന്റെ കിടക്കയുടെ തൊട്ടരികിൽ, ഒരു കസേരയിൽ. സുഖമില്ലാതെ കിടക്കുന്ന തന്റെ കുഞ്ഞിന്റെ അരികിലല്ലാതെ അവൾ പിന്നെ മറ്റെവിടെ ആയിരിക്കാനാണ്? നമ്മുടെ സ്നേഹനിധിയായ സ്വർഗീയ പിതാവിൽനിന്ന് ഇതിലും കൂടുതൽ നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാൻ കഴിയും! അവന്റെ പ്രതിച്ഛായയിലാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്! (ഉല്പത്തി 1:26) നമ്മുടെ ‘ഹൃദയം നുറുങ്ങിയിരിക്കുമ്പോൾ, മനസ്സ് തകർന്നിരിക്കുമ്പോൾ’ സ്നേഹനിധിയായ ഒരു പിതാവിനെയോ മാതാവിനെയോ പോലെ, ഏതു സമയത്തും സഹായിക്കാനുള്ള മനസ്സുമായി അനുകമ്പയോടെ യഹോവ നമ്മുടെ “സമീപ”ത്തുതന്നെയുണ്ടായിരിക്കും എന്ന് സങ്കീർത്തനം 34:18-ലെ ഹൃദയസ്പർശിയായ വാക്കുകൾ നമുക്ക് ഉറപ്പേകുന്നു.
15. വ്യക്തികളെന്ന നിലയിൽ നമ്മെ യഹോവ ഏതുവിധങ്ങളിൽ സഹായിക്കുന്നു?
15 അപ്പോൾ യഹോവ നമ്മെ വ്യക്തികളെന്ന നിലയിൽ സഹായിക്കുന്നത് എങ്ങനെയാണ്? അവൻ അവശ്യം നമ്മുടെ ദുരിതകാരണം നീക്കംചെയ്യുന്നില്ല. എന്നാൽ സഹായത്തിനായി തന്നോടു നിലവിളിക്കുന്നവർക്കുവേണ്ടി സമൃദ്ധമായ കരുതലുകൾ അവൻ ചെയ്തിട്ടുണ്ട്. അവന്റെ വചനമായ ബൈബിൾ ഫലപ്രദമായ പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു. സഭയിൽ, യഹോവ ആത്മീയമായി യോഗ്യതയുള്ള മേൽവിചാരകന്മാരെ നിയമിച്ചിരിക്കുന്നു, സഹാരാധകരെ സഹായിക്കുന്നതിൽ അവർ അവന്റെ അനുകമ്പയെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. (യാക്കോബ് 5:14, 15) ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്ന നിലയിൽ അവൻ “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” കൊടുക്കുന്നു. (സങ്കീർത്തനം 65:2; ലൂക്കൊസ് 11:13) സകല പ്രശ്നങ്ങളും നീക്കം ചെയ്യാൻ ദൈവരാജ്യം നടപടിയെടുക്കുന്നതുവരെ സഹിച്ചുനിൽക്കുന്നതിന് ആവശ്യമായ “അത്യന്തശക്തി” നമ്മിൽ നിറയ്ക്കാൻ പരിശുദ്ധാത്മാവിനു കഴിയും. (2 കൊരിന്ത്യർ 4:7) ഈ കരുതലുകളെപ്രതി നാം നന്ദിയുള്ളവരല്ലേ? അവ യഹോവയുടെ ആർദ്രാനുകമ്പയുടെ പ്രകടനങ്ങളാണെന്നു നമുക്കു മറക്കാതിരിക്കാം.
16. യഹോവയുടെ അനുകമ്പയുടെ ഏറ്റവും വലിയ ഉദാഹരണമെന്ത്, വ്യക്തികളെന്ന നിലയിൽ അത് നമുക്കായി എന്തു ചെയ്യുന്നു?
16 തീർച്ചയായും, യഹോവയുടെ ആർദ്രാനുകമ്പയുടെ ഏറ്റവും വലിയ ഉദാഹരണം അവന് ഏറ്റവും പ്രിയങ്കരനായവനെ നമുക്കുവേണ്ടി ഒരു മറുവിലയായി നൽകിയതാണ്. അത് യഹോവയുടെ ഭാഗത്തെ സ്നേഹനിർഭരമായ ഒരു ത്യാഗമായിരുന്നു, അതു നമുക്കു രക്ഷയ്ക്കുള്ള മാർഗം പ്രദാനം ചെയ്തു. മറുവില എന്ന കരുതൽ നമുക്കു വ്യക്തിപരമായി പ്രയോജനം ചെയ്യുന്നു എന്ന് ഓർക്കുക. സമുചിതമായി, യോഹന്നാൻ സ്നാപകന്റെ പിതാവായ സെഖര്യാവ് ഈ ദാനം “നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ”യെ മഹിമപ്പെടുത്തുന്നുവെന്ന് മുൻകൂട്ടി പറഞ്ഞു.—ലൂക്കൊസ് 1:78, NW.
യഹോവ അനുകമ്പ പിൻവലിക്കുമ്പോൾ
17-19. (എ) യഹോവയുടെ അനുകമ്പയ്ക്കു പരിധിയുണ്ട് എന്നു ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു? (ബി) തന്റെ ജനത്തോട് യഹോവയ്ക്ക് അനുകമ്പ തോന്നാത്ത ഒരു ഘട്ടത്തിലേക്കു കാര്യങ്ങൾ നീങ്ങിയത് എങ്ങനെ?
17 യഹോവയുടെ ആർദ്രാനുകമ്പയ്ക്ക് അതിരുകൾ ഇല്ലെന്നാണോ? തീർച്ചയായും അല്ല. തന്റെ നീതിയുള്ള വഴികളെ എതിർക്കുന്ന വ്യക്തികളുടെ കാര്യത്തിൽ യഹോവ ഉചിതമായി “അനുകമ്പ” പിൻവലിക്കുന്നുവെന്ന് ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (എബ്രായർ 10:28, NW) അവൻ അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടെന്നു കാണാൻ ഇസ്രായേൽ ജനതയുടെ ദൃഷ്ടാന്തം ഓർക്കുക.
18 യഹോവ ഇസ്രായേല്യരെ അവരുടെ ശത്രുക്കളിൽനിന്ന് ആവർത്തിച്ചു വിടുവിച്ചെങ്കിലും അവന്റെ അനുകമ്പ അതിന്റെ പരിധിയിലെത്തി. ശാഠ്യക്കാരായ ഈ ജനം വിഗ്രഹാരാധനയിൽ ഏർപ്പെട്ടു, തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരികപോലും ചെയ്തു. (യെഹെസ്കേൽ 5:11; 8:17, 18) കൂടാതെ, ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.” (2 ദിനവൃത്താന്തം 36:16) ഇസ്രായേല്യർ മേലാൽ അനുകമ്പ അർഹിക്കുന്നില്ല എന്നൊരു ഘട്ടത്തിലെത്തി. അപ്പോൾ, യഹോവയുടെ ധാർമികരോഷം ജ്വലിച്ചു. ഫലമെന്തായിരുന്നു?
19 യഹോവയ്ക്കു മേലാൽ തന്റെ ജനത്തോട് അനുകമ്പ പ്രകടമാക്കാൻ കഴിഞ്ഞില്ല. “അവരെ നശിപ്പിക്കയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.” (യിരെമ്യാവു 13:14) അങ്ങനെ, യെരൂശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ടു, ഇസ്രായേല്യർ ബാബിലോനിൽ അടിമത്തത്തിലായി. പാപികളായ മനുഷ്യർ, ദിവ്യാനുകമ്പയ്ക്ക് ഒട്ടും അർഹരല്ലാത്ത അളവോളം മത്സരികളാകുന്നത് എത്ര സങ്കടകരമാണ്!—വിലാപങ്ങൾ 2:21, NW.
20, 21. (എ) നമ്മുടെ നാളിൽ ദിവ്യാനുകമ്പ അതിന്റെ പരിധിയിൽ എത്തുമ്പോൾ എന്തു സംഭവിക്കും? (ബി) അടുത്ത അധ്യായത്തിൽ യഹോവയുടെ അനുകമ്പാപൂർവകമായ ഏത് കരുതൽ ചർച്ച ചെയ്യപ്പെടും?
20 ഇക്കാലത്തെ സംബന്ധിച്ചെന്ത്? യഹോവയ്ക്കു മാറ്റമുണ്ടായിട്ടില്ല. അനുകമ്പ നിമിത്തം അവൻ നിവസിതഭൂമിയിലെല്ലാം “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കാൻ തന്റെ സാക്ഷികളെ നിയോഗിച്ചിരിക്കുന്നു. (മത്തായി 24:14) നീതിഹൃദയമുള്ള ആളുകൾ അതിനു ശ്രദ്ധ നൽകാൻ തയ്യാറാകുമ്പോൾ രാജ്യസന്ദേശം ഗ്രഹിക്കാൻ യഹോവ അവരെ സഹായിക്കുന്നു. (പ്രവൃത്തികൾ 16:14) എന്നാൽ ഈ വേല എന്നേക്കും തുടരുകയില്ല. സകല ദുരിതവും കഷ്ടപ്പാടും സഹിതം ഈ ദുഷ്ടലോകം അനിശ്ചിതമായി തുടരാൻ അനുവദിക്കുന്നത് യഹോവയെ സംബന്ധിച്ചിടത്തോളം അനുകമ്പ ആയിരിക്കുകയില്ല. ദിവ്യാനുകമ്പ അതിന്റെ പരിധിയിലെത്തുമ്പോൾ ഈ വ്യവസ്ഥിതിയുടെമേൽ ന്യായവിധി നടത്താൻ യഹോവ വരുന്നതായിരിക്കും. അപ്പോൾപ്പോലും, അവൻ അനുകമ്പയോടെ—തന്റെ “വിശുദ്ധനാമ”ത്തോടും തന്റെ അർപ്പിത ദാസന്മാരോടുമുള്ള അനുകമ്പയോടെ—ആയിരിക്കും പ്രവർത്തിക്കുന്നത്. (യെഹെസ്കേൽ 36:20-23) യഹോവ ദുഷ്ടത നീക്കംചെയ്യുകയും നീതിയുള്ള ഒരു പുതിയലോകം ആനയിക്കുകയും ചെയ്യും. ദുഷ്ടന്മാരെ സംബന്ധിച്ച് യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു:“ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും.”—യെഹെസ്കേൽ 9:10.
21 അന്നുവരെ യഹോവയ്ക്ക് തന്റെ ജനത്തോടു കരുണ തോന്നും, നാശത്തെ അഭിമുഖീകരിക്കുന്നവരോടുപോലും. ആത്മാർഥ അനുതാപമുള്ള പാപികളായ മനുഷ്യർക്ക് യഹോവയുടെ ഏറ്റവും കനിവാർന്ന ദാനങ്ങളിലൊന്നായ പാപക്ഷമയിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിയും. അടുത്ത അധ്യായത്തിൽ, യഹോവ എത്ര തികഞ്ഞ അളവിലാണ് പാപങ്ങൾ ക്ഷമിക്കുന്നത് എന്നു വ്യക്തമാക്കുന്ന ചില ദൃഷ്ടാന്തങ്ങൾ നാം ചർച്ച ചെയ്യുന്നതായിരിക്കും.
a എന്നാൽ സങ്കീർത്തനം 103:13-ൽ രാഹാം എന്ന എബ്രായ ക്രിയ ഒരു പിതാവു മക്കളോടു കാട്ടുന്ന കരുണയെ അഥവാ അനുകമ്പയെ സൂചിപ്പിക്കുന്നു എന്നതു ശ്രദ്ധേയമാണ്.
b എബ്രായയിൽ, ‘യിസ്രായേലിന്റെ അരിഷ്ടതയിൽ അവന് അനുകമ്പ തോന്നി’ എന്ന വാക്യം അക്ഷരാർഥത്തിൽ “അവൻ ഞെരുങ്ങിപ്പോയി; അവന്റെ ക്ഷമ നശിച്ചു” എന്നു വിവർത്തനം ചെയ്യപ്പെടുന്നു. ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ ഇപ്രകാരം വായിക്കുന്നു: “ഇസ്രായേലിന്റെ ദുരവസ്ഥ കണ്ടുനിൽക്കാൻ മേലാൽ അവനു കഴിഞ്ഞില്ല.” താനാക്ക്—വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ പരിഭാഷ (ഇംഗ്ലീഷ്) അത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു: “ഇസ്രായേലിന്റെ അരിഷ്ടതകൾ അവനു സഹിക്കാൻ കഴിഞ്ഞില്ല.”