രാഷ്ട്രങ്ങളുമായുള്ള യഹോവയുടെ സംവാദം
“ഒരു ആരവം ഭൂമിയുടെ അററങ്ങളോളം നിശ്ചയമായും അടുത്തുവരും, എന്തെന്നാൽ യഹോവക്കു രാഷ്ട്രങ്ങളുമായി ഒരു സംവാദമുണ്ട്.”—യിരെമ്യാ 25:31, NW.
1, 2. (എ) യഹൂദയിൽ യോശിയാ രാജാവിന്റെ മരണശേഷം എന്തു സംഭവിച്ചു? (ബി) യഹൂദയിലെ അവസാനത്തെ രാജാവ് ആരായിരുന്നു, അദ്ദേഹം തന്റെ അവിശ്വസ്തതയുടെ ഫലമനുഭവിച്ചത് എങ്ങനെ?
യഹൂദാ ദേശം ഇടപെടാൻ പ്രയാസകരമായ സമയങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. യോശിയാവ് എന്ന ഒരു നല്ല രാജാവു യഹോവയുടെ ക്രോധാഗ്നിയെ താത്കാലികമായി ഒന്നു വൈകിപ്പിച്ചു. എന്നാൽ പൊ.യു.മു. 629-ൽ യോശിയാവു കൊല്ലപ്പെട്ടതിനെത്തുടർന്ന് എന്തു സംഭവിച്ചു? അദ്ദേഹത്തിന്റെ പിൻഗാമികളായി വന്ന രാജാക്കൻമാർ യഹോവയെ നിന്ദിച്ചു.
2 യഹൂദയുടെ അവസാന രാജാവായ, യോശിയാവിന്റെ നാലാമത്തെ പുത്രനായ സിദെക്കീയാവ്, 2 രാജാക്കൻമാർ 24:19 പ്രസ്താവിക്കുന്നതുപോലെ “[അവന്റെ മൂത്ത സഹോദരനായ] യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്യു”ന്നതിൽ തുടർന്നു. ഫലമോ? യരുശലേമിനെതിരെ വന്ന നെബുഖദ്നേസർ സിദെക്കീയാവിനെ പിടിച്ചു, അവന്റെ ആൺമക്കളെ അവന്റെ കൺമുമ്പിൽ വെച്ചു കൊന്നു, അവനെ അന്ധനാക്കി ബാബിലോനിലേക്കു കൊണ്ടുപോയി. കൂടുതലായി, ബാബിലോന്യർ ആലയവും നഗരവും തീയ്ക്കിരയാക്കി യഹോവയുടെ ആരാധനക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങൾ കൊള്ളയായി പിടിച്ചുകൊണ്ടുപോയി. അതിജീവകർ ബാബിലോനിൽ പ്രവാസികളായിത്തീർന്നു.
3. പൊ.യു.മു. 607-ലെ യരുശലേമിന്റെ നാശത്തോടെ ഏതു കാലഘട്ടം ആരംഭിച്ചു, ആ കാലഘട്ടത്തിന്റെ അന്ത്യത്തിൽ എന്തു സംഭവിക്കണമായിരുന്നു?
3 ആ വർഷം, പൊ.യു.മു. 607 യരുശലേമിന്റെ അന്തിമമായ ശൂന്യമാക്കലിനെ മാത്രമല്ല, അതോടൊപ്പം ലൂക്കോസ് 21:24-ൽ [NW] പരാമർശിച്ചിരിക്കുന്ന “ജാതികളുടെ നിയമിത കാലങ്ങൾ” തുടങ്ങുന്നതിനെയും അടയാളപ്പെടുത്തി. ഈ 2,520 വർഷക്കാലയളവു നമ്മുടെ നൂററാണ്ടിൽ, 1914-ൽ അവസാനിച്ചു. അപ്പോഴേക്കും നെബുഖദ്നേസറിനെക്കാൾ വലിയവനായ, സിംഹാസനസ്ഥനാക്കപ്പെട്ട തന്റെ പുത്രനായ യേശുക്രിസ്തു മുഖേന ഈ ദുഷിച്ച ലോകത്തിൻമേലുള്ള ന്യായവിധി ഉച്ചരിക്കാനും അതു നിർവഹിക്കാനും ഉള്ള യഹോവയുടെ സമയം വന്നിരുന്നു. ഈ ന്യായവിധി, തങ്ങൾ ദൈവത്തെയും ക്രിസ്തുവിനെയും ഭൂമിയിൽ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന, യഹൂദയുടെ ഒരു ആധുനിക പതിപ്പായവളിൽ തുടങ്ങുന്നു.
4. യിരെമ്യാ പ്രവചനത്തോടുള്ള ബന്ധത്തിൽ ഇപ്പോൾ ഏതു ചോദ്യങ്ങൾ പൊന്തിവരുന്നു?
4 രാജാക്കൻമാരുടെ കീഴിലായിരുന്ന യഹൂദയുടെ അന്തിമ വർഷങ്ങളിലെ കലാപങ്ങളും—അയൽദേശങ്ങളെയും ബാധിക്കുന്ന വിനാശകരമായ സംഭവങ്ങൾ—ക്രൈസ്തവലോകത്തിലെ ഇന്നത്തെ കലാപങ്ങളും തമ്മിൽ നാം എന്തെങ്കിലും സമാന്തരം കാണുന്നുണ്ടോ? തീർച്ചയായും നാം കാണുന്നുണ്ട്! അപ്പോൾ, ഇന്നു കാര്യങ്ങളെ യഹോവ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ സംബന്ധിച്ചു യിരെമ്യായുടെ പ്രവചനം എന്തു സൂചിപ്പിക്കുന്നു? നമുക്കു നോക്കാം.
5, 6. (എ) 1914 മുതലുള്ള ക്രൈസ്തവലോകത്തിലെ സ്ഥിതിവിശേഷം നാശത്തിനുമുമ്പുള്ള യഹൂദയുടേതിനോടു സദൃശമായിരിക്കുന്നതെങ്ങനെ? (ബി) ക്രൈസ്തവലോകത്തിന് ആധുനിക യിരെമ്യാ എന്തു സന്ദേശമാണു കൊടുത്തിട്ടുള്ളത്?
5 ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായ ബർട്രൻറ് റസ്സൽ 40 വർഷം മുമ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “1914 മുതൽ ലോകത്തിന്റെ ചായ്വുകളെക്കുറിച്ചു ബോധമുള്ള എല്ലാവരും എന്നത്തെക്കാളും വലിയ വിനാശത്തിലേക്കുള്ള, വിധിക്കപ്പെട്ടതെന്നും മുൻകൂട്ടിനിശ്ചയിച്ചതെന്നും തോന്നിപ്പിക്കുന്ന പോക്കു കണ്ട് ആഴമായി അസ്വസ്ഥത അനുഭവിച്ചിട്ടുണ്ട്.” ജർമൻ രാജ്യതന്ത്രജ്ഞനായ കോൺറാട് അഡനോവർ ഇങ്ങനെ പ്രസ്താവിച്ചു: “1914 മുതൽ മനുഷ്യരുടെ ജീവിതത്തിൽനിന്നു സുരക്ഷിതത്വവും സ്വസ്ഥതയും അപ്രത്യക്ഷമായിരിക്കുന്നു.”
6 ഇന്ന്, യിരെമ്യായുടെ നാളിലെപ്പോലെ, ഒരു വ്യവസ്ഥിതി അതിന്റെ അന്ത്യത്തോടടുക്കുന്നതു രക്തസാഗരങ്ങൾ തീർത്തുകൊണ്ടാണ്, വിശേഷിച്ച് ഈ നൂററാണ്ടിലെ രണ്ടു ലോകയുദ്ധങ്ങളിൽ കണ്ടതുപോലെതന്നെ. ഈ യുദ്ധങ്ങളിൽ ഏറിയ ഭാഗവും ബൈബിളിലെ ദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന ക്രൈസ്തവലോകത്തിലെ രാഷ്ട്രങ്ങളാണു നടത്തിയത്. എന്തൊരു കാപട്യം! “നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമാർഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ. . . . അന്യദേവൻമാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്കു അനർത്ഥം വരുത്തുകയില്ല” എന്ന യിരെമ്യാവു 25:5, 6-ലെ വാക്കുകൾ പറഞ്ഞുകൊണ്ടു യഹോവ തന്റെ സാക്ഷികളെ അവരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നത് അതിശയമല്ല.
7. യഹോവയുടെ മുന്നറിയിപ്പുകൾ ക്രൈസ്തവലോകം അവഗണിച്ചിരിക്കുന്നു എന്നതിന് എന്തു തെളിവുണ്ട്?
7 എന്നിരുന്നാലും, ക്രൈസ്തവലോകത്തിലെ രാഷ്ട്രങ്ങൾ തിരിഞ്ഞുവരുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. കൊറിയയിലെയും വിയററ്നാമിലെയും യുദ്ധദേവൻമാർക്ക് അവർ കൂടുതൽ യാഗങ്ങൾ അർപ്പിക്കുകവഴി ഇതു പ്രകടമാക്കപ്പെട്ടു. അവർ മരണത്തിന്റെ വ്യാപാരികൾക്ക്, ആയുധനിർമാതാക്കൾക്ക്, സാമ്പത്തിക പിന്തുണ നൽകുന്നതിൽ തുടരുന്നു. 1980-കളിൽ വർഷംതോറും ആയുധങ്ങൾക്കായി ചെലവഴിച്ച ഏതാണ്ട് ഒരു ലക്ഷം കോടി ഡോളറിന്റെ സിംഹഭാഗവും ക്രൈസ്തവലോകത്തിലെ ദേശങ്ങളാണു നൽകിയത്. 1951 മുതൽ 1991 വരെ ഐക്യനാടുകളുടെ മാത്രം സൈനിക ചെലവിനുള്ള വകയിരുത്തൽ അമേരിക്കയിലെ സകല കോർപ്പറേഷനുകളുടെയും മൊത്തം അററാദായത്തെക്കാൾ അധികമായിരുന്നു. ശീതസമരത്തിന്റെ ഉച്ചത്തിൽ ഘോഷിക്കപ്പെട്ട അന്ത്യത്തിനുശേഷം, കാലഹരണപ്പെട്ട ന്യൂക്ലിയർ ആയുധങ്ങളിൽ വെട്ടിക്കുറവ് ഏർപ്പെടുത്തി, എന്നാൽ വമ്പിച്ച ആയുധശാലകൾ അവശേഷിക്കുകയും മാരകമായ ആയുധങ്ങൾ വികസിപ്പിക്കപ്പെടുന്നതിൽ തുടരുകയുമാണ്. എന്നെങ്കിലും ഇവ ഉപയോഗിക്കപ്പെട്ടേക്കാം.
ക്രൈസ്തവലോകത്തിന്റെ അനുവാദാത്മക മണ്ഡലത്തിനെതിരായ ന്യായവിധി
8. യിരെമ്യാവു 25:8, 9-ലെ വാക്കുകൾ ക്രൈസ്തവലോകത്തിൻമേൽ എങ്ങനെ നിവൃത്തിയേറും?
8 യിരെമ്യാവു 25:8, 9-ലെ യഹോവയുടെ കൂടുതലായ വാക്കുകൾ ഇപ്പോൾ വ്യക്തമായും നീതി സംബന്ധിച്ച ക്രിസ്തീയ നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്ന ക്രൈസ്തവലോകത്തിനു പ്രത്യേകിച്ചും ബാധകമാണ്: “അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു ഞാൻ ആളയച്ചു വടക്കുള്ള സകല വംശങ്ങളെയും എന്റെ ദാസനായി ബാബേൽ രാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുററും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉൻമൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തീർക്കും.” അങ്ങനെ, ദൈവത്തിന്റേതെന്നു നടിക്കുന്ന ജനമായ ക്രൈസ്തവലോകത്തിൽ തുടങ്ങി മഹോപദ്രവം ഭൂവ്യാപകമായി ‘ചുററും വസിക്കുന്ന സകല ജാതികളിലേക്കും’ അന്തിമമായി വ്യാപിക്കുകയും ചെയ്യും.
9. നമ്മുടെ നാളിൽ ക്രൈസ്തവലോകത്തിന്റെ ആത്മീയ അവസ്ഥ ഏതെല്ലാം വിധങ്ങളിലാണു വഷളായിരിക്കുന്നത്?
9 ബൈബിളിനെ ആദരിക്കുകയും വിവാഹത്തെയും കുടുംബജീവിതത്തെയും സന്തുഷ്ടിയുടെ ഉറവിടമായി മിക്കവാറും ഗോളമാസകലം വീക്ഷിക്കുകയും ആളുകൾ പ്രഭാതത്തിൽ ഉണർന്നു തങ്ങളുടെ ദൈനംദിന വേലയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്ത ഒരു കാലം ക്രൈസ്തവലോകത്തിൽ ഉണ്ടായിരുന്നു. സന്ധ്യാവിളക്കിന്റെ വെട്ടത്തു ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് അനേകർ ഉൻമേഷം കണ്ടെത്തിയിരുന്നു. എന്നാൽ, ലൈംഗിക ദുഷ്പെരുമാററം, വിവാഹമോചനം, മയക്കുമരുന്നു ദുരുപയോഗം, മദ്യപാനം, കൃത്യലംഘനം, അത്യാഗ്രഹം, അലസമായ ജോലിശീലങ്ങൾ, ടിവി ഭ്രമം, ഇവയും മററു തിൻമകളും ഭീതിജനകമായ അളവിൽ ഇന്നു ജീവിതത്തെ ദുഷിപ്പിച്ചിരിക്കുന്നു. ഇതു ക്രൈസ്തവലോകത്തിന്റെ അനുവാദാത്മക മണ്ഡലത്തിൻമേൽ യഹോവയാം ദൈവം നിർവഹിക്കാൻ പോകുന്ന ശൂന്യമാക്കലിന്റെ മുന്നോടിയാണ്.
10. യഹോവയുടെ ന്യായവിധിനിർവഹണത്തിനു ശേഷമുള്ള ക്രൈസ്തവലോകത്തിന്റെ അവസ്ഥ വർണിക്കുക.
10 യിരെമ്യാവു 25:10, 11-ൽ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നതായി നാം വായിക്കുന്നു: “ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും. ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും.” ക്രൈസ്തവലോകത്തിലെ കെട്ടുറപ്പുള്ള ആലയങ്ങളും ആർഭാടമായ കൊട്ടാരങ്ങളും നാശത്തിലേക്കു നിപതിക്കുമ്പോൾ അതു തീർച്ചയായും സ്തംഭനഹേതുവായിരിക്കും. ഈ വിനാശം എത്ര വ്യാപകമായിരിക്കും? യിരെമ്യായുടെ കാലത്തു യഹൂദയുടെയും അയൽരാഷ്ട്രങ്ങളുടെയും ശൂന്യത 70 വർഷം നീണ്ടുനിന്നു, അതിനെ സങ്കീർത്തനം 90:10 ഒരു സാധാരണ ആയുഷ്കാലം എന്നു വർണിക്കുന്നു. യഹോവയുടെ ഇന്നത്തെ ന്യായവിധി നിർവഹണം പൂർണമായിരിക്കും, ശാശ്വതംതന്നെ.
മഹാബാബിലോന് എതിരായ ന്യായവിധി
11. ക്രൈസ്തവലോകത്തെ നശിപ്പിക്കുന്നത് ആരെ ഉപയോഗിച്ചുകൊണ്ടായിരിക്കും? എന്തുകൊണ്ട്?
11 വെളിപ്പാടു 17:12-17 വരെ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന പ്രകാരം വ്യാജമത ലോകസാമ്രാജ്യത്തെ ശൂന്യമാക്കാനുള്ള “തന്റെ ഹിതം ചെയ്വാ”ൻ “പത്തു കൊമ്പു”കളുടെ—ഐക്യരാഷ്ട്രങ്ങളുടെ സൈനികവൽകൃത അംഗരാഷ്ട്രങ്ങളുടെ—ഹൃദയത്തിൽ തോന്നിപ്പിച്ചുകൊണ്ടു യഹോവ തന്റെ അസാധാരണമായ പ്രവൃത്തി തുടങ്ങുന്ന സമയം വരും. എന്നാൽ ഇതെങ്ങനെയാണു സംഭവിക്കുക? വെളിപ്പാടു 17-ാം അധ്യായത്തിലെ “പത്തു കൊമ്പു”കൾ 16-ാം വാക്യത്തിലെ വാക്കുകളനുസരിച്ചു “വേശ്യയെ ദ്വേഷിച്ചു . . . തീകൊണ്ടു ദഹിപ്പി”ച്ചേക്കാവുന്ന അനവധി വിധങ്ങളുണ്ട്. ന്യൂക്ലിയർ ആയുധങ്ങൾ ഭൂമിയിലെ അനേകം അപകടസ്ഥലങ്ങളിൽ വ്യാപിച്ചുകഴിഞ്ഞിരിക്കുകയും ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കയുമാണെന്നതു ശരിതന്നെ. എന്നാൽ തന്റെ പ്രതികാരം നിർവഹിക്കാൻ യഹോവ രാഷ്ട്രീയ ഭരണാധികാരികളുടെ ഹൃദയത്തിൽ എങ്ങനെ തോന്നിപ്പിക്കും എന്നതു നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
12. (എ) യരുശലേമിനെ നശിപ്പിച്ചശേഷം ബാബിലോന് എന്തു സംഭവിച്ചു? (ബി) ക്രൈസ്തവലോകത്തിന്റെ നാശത്തിനുശേഷം രാഷ്ട്രങ്ങൾക്ക് എന്തു സംഭവിക്കും?
12 പുരാതന കാലങ്ങളിൽ യഹോവയുടെ ക്രോധാഗ്നിക്കു പാത്രമാകാനുള്ള ഊഴം ബാബിലോന്റേതായിരുന്നു. അതിൻപ്രകാരം, യിരെമ്യാവു 25-ാം അധ്യായം 12-ാം വാക്യത്തിൽ തുടങ്ങി പ്രവചനം പിന്നെ കാര്യങ്ങളെ ഒരു മാററംവന്ന നിലപാടിൽ നിന്നുകൊണ്ടാണു വീക്ഷിക്കുന്നത്. മേലാൽ യഹോവയുടെ വധാധികൃതന്റെ റോളിലല്ലാത്ത നെബുഖദ്നേസറിനെയും ബാബിലോനെയും മുഴു ലോകരാഷ്ട്രങ്ങളുടെയുമിടയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്നത്തെ സാഹചര്യത്തോടു സമാനമാണ്. വെളിപ്പാടു 17-ാം അധ്യായത്തിലെ “പത്തു കൊമ്പു”കൾ വ്യാജമതത്തെ ശൂന്യമാക്കും, എന്നാൽ വെളിപ്പാടു 19-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, അവരും ഭൂമിയിലെ മറെറല്ലാ “രാജാക്കൻമാ”രോടൊപ്പം നാശമനുഭവിക്കും. യഹോവയുടെ ജനത്തെക്കൊണ്ടു സേവചെയ്യിച്ച “അനേകം ജാതി”കളോടൊപ്പം ബാബിലോനും ന്യായവിധിയിലേക്കു വരുന്നതെങ്ങനെ എന്നു യിരെമ്യാവു 25:13, 14-ൽ വർണിക്കുന്നു. യഹൂദയെ ശിക്ഷിക്കുന്നതിൽ യഹോവ നെബുഖദ്നേസറെ വധാധികൃതനായി ഉപയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹവും ശേഷംവന്ന ബാബിലോന്യ രാജാക്കൻമാരും യഹോവക്കെതിരായി അഹങ്കാരപൂർവം തങ്ങളെത്തന്നെ ഉയർത്തി. ഉദാഹരണത്തിന്, യഹോവയുടെ ആലയത്തിലെ പാത്രങ്ങൾ അവർ അപവിത്രമാക്കി. (ദാനീയേൽ 5:22, 23) കൂടാതെ ബാബിലോന്യർ യരുശലേമിനെ നശിപ്പിച്ചപ്പോൾ യഹൂദയുടെ അയൽ രാഷ്ട്രങ്ങൾ—മോവാബും, അമ്മോനും, സോറും, ഏദോമും, മററു രാഷ്ട്രങ്ങളും—ജയോത്സവം നടത്തുകയും ദൈവജനത്തെ പരിഹസിക്കുകയും ചെയ്തു. അവരും യഹോവയിൽനിന്നുള്ള അർഹമായ പ്രതിഫലം കൊയ്യേണ്ടതുണ്ട്.
‘സകല രാഷ്ട്രങ്ങൾ’ക്കുമെതിരായ ന്യായവിധി
13. ‘ക്രോധമദ്യം നിറഞ്ഞ ഈ പാനപാത്രം’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്, പാനപാത്രത്തിൽനിന്നു കുടിക്കുന്നവർക്ക് എന്തു സംഭവിക്കും?
13 അതുകൊണ്ട് 25-ാം അധ്യായത്തിന്റെ 15-ഉം 16-ഉം വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ യിരെമ്യാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക. അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തൻമാരായിത്തീരും.” അതു യഹോവയുടെ ‘ക്രോധമദ്യം നിറഞ്ഞ പാനപാത്രം’ ആയിരിക്കുന്നത് എന്തുകൊണ്ടാണ്? തന്നെ സംബന്ധിച്ച ദൈവേഷ്ടത്തെ ചിത്രീകരിക്കുന്നതായ ഒരു “പാനപാത്ര”ത്തെക്കുറിച്ചു മത്തായി 26:39, 42-ലും യോഹന്നാൻ 18:11-ലും യേശു സംസാരിച്ചു. സമാനമായി, തന്റെ ദിവ്യ പ്രതികാരത്തിൽനിന്നു രാഷ്ട്രങ്ങൾ കുടിക്കണമെന്നുള്ള യഹോവയുടെ ഇഷ്ടത്തെ ചിത്രീകരിക്കുന്നതിന് ഒരു പാനപാത്രം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. യിരെമ്യാവു 25:17-26 വരെയുള്ള വാക്യങ്ങൾ ഇന്നത്തെ രാഷ്ട്രങ്ങളെ മുൻനിഴലാക്കുന്ന ഈ രാഷ്ട്രസമൂഹങ്ങളെ പട്ടികപ്പെടുത്തുന്നു.
14. യിരെമ്യാ പ്രവചനം പറയുന്നതനുസരിച്ച്, യഹോവയുടെ ക്രോധമദ്യം നിറഞ്ഞ പാനപാത്രത്തിൽനിന്നു കുടിക്കേണ്ടതാർ, നമ്മുടെ നാളിൽ ഇത് എന്തിനെ ചിത്രീകരിക്കുന്നു?
14 യഹൂദയെപ്പോലെ ക്രൈസ്തവലോകത്തെ “ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാ”ക്കിത്തീർക്കും, അതിനുശേഷമാണു മുഴു വ്യാജമതലോകസാമ്രാജ്യത്തിന്റെയും വിനാശം. അടുത്തതായി ഈജിപ്തിനാൽ ചിത്രീകരിക്കപ്പെട്ടപ്രകാരം മുഴുലോകവും യഹോവയുടെ ക്രോധമദ്യത്തിന്റെ പാനപാത്രത്തിൽനിന്നു കുടിക്കേണ്ടതുണ്ട്! അതേ, “തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന എല്ലാ വടക്കെ രാജാക്കൻമാരും ഭൂമിയിലെ സകല ലോകരാജ്യങ്ങളും” കുടിക്കേണ്ടതുണ്ട്. അവസാനമായി, “ശേശക്ക് രാജാവു[തന്നെയും] അവരുടെ ശേഷം കുടിക്കേണം.” ആരാണീ “ശേശക്ക് രാജാവ്”? ശേശക്ക് ബാബിലോനു വേണ്ടിയുള്ള ഒരു പ്രതീകാത്മക നാമം, ഗൂഢലിപി അഥവാ മുദ്രാക്ഷരം ആണ്. സാത്താൻ ബാബിലോന്റെ അദൃശ്യ രാജാവായിരുന്നതുപോലെതന്നെ യേശു സൂചിപ്പിക്കുന്നപ്രകാരം അവൻ ഇന്നുവരെ “ലോകത്തിന്റെ പ്രഭു”വാണ്. (യോഹന്നാൻ 14:30) അങ്ങനെ, യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം കൈമാററം ചെയ്യപ്പെടുമ്പോഴത്തെ സംഭവപരമ്പര വ്യക്തമാക്കുന്നതിൽ യിരെമ്യാവു 25:17-26 വരെയുള്ള വാക്യങ്ങൾ വെളിപ്പാടു 18 മുതൽ 20 വരെയുള്ള അധ്യായങ്ങൾക്കു സമാന്തരമായിരിക്കുന്നു. ഒന്നാമതായി, വ്യാജമതലോകസാമ്രാജ്യം നശിപ്പിക്കപ്പെടണം, അതിനുശേഷം രാഷ്ട്രീയ ശക്തികൾ. അതിനുംശേഷം സാത്താൻ അഗാധത്തിൽ അടയ്ക്കപ്പെടണം.—വെളിപ്പാടു 18:8; 19:19-21; 20:1-3.
15. “സമാധാന”ത്തിനും “സുരക്ഷിതത്വത്തിനും” വേണ്ടിയുള്ള മുറവിളി മുഴങ്ങുമ്പോൾ എന്തു സംഭവിക്കും?
15 ശീതസമരം അവസാനിച്ചെന്നു സങ്കല്പിക്കപ്പെടുന്ന സമയംമുതൽ, ഒരു വൻശക്തി മാത്രം അവശേഷിക്കെ, സമാധാനത്തെയും സുരക്ഷിതത്വത്തെയും കുറിച്ചു വളരെയധികം സംസാരം നടന്നിട്ടുണ്ട്. വെളിപ്പാടു 17:10-ൽ പ്രസ്താവിച്ചിരിക്കുന്നപ്രകാരം, കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തലയായ ആ വൻശക്തി “കുറഞ്ഞോന്നു ഇരിക്കേണ്ട”താണ്. എന്നാൽ ആ “കുറഞ്ഞോന്ന്” സമാപനത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ “സമാധാന”ത്തിനും “സുരക്ഷിതത്വ”ത്തിനും വേണ്ടിയുള്ള എല്ലാ മുറവിളികളും താമസിയാതെതന്നെ ‘അവർക്കു പെട്ടെന്നു വന്നുഭവിക്കുന്ന നാശത്തിനു’ വഴിമാറിക്കൊടുക്കും. അങ്ങനെയാണ് അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നത്.—1 തെസലോനിക്യർ 5:2, 3, NW.
16, 17. (എ) യഹോവയുടെ ന്യായവിധി ഒഴിഞ്ഞുപോകാൻ ആരെങ്കിലും ശ്രമിച്ചാൽ എന്തായിരിക്കും ഫലം? (ബി) ഏതു നശീകരണാത്മകമായ വിധത്തിലായിരിക്കും യഹോവയുടെ ഹിതം ഉടൻ ഭൂമിയിൽ നടക്കുന്നത്?
16 ക്രൈസ്തവലോകത്തിൽ തുടങ്ങി സാത്താന്റെ മുഴു ലോകവ്യവസ്ഥിതിയും യഹോവയുടെ പ്രതികാരത്തിന്റെ പാനപാത്രത്തിൽനിന്നു കുടിക്കേണ്ടതുണ്ട്. 25-ാം അധ്യായത്തിലെ 27 മുതൽ 29 വരെയുള്ള വാക്യങ്ങളിൽ അവിടുന്ന് യിരെമ്യാവിനു നൽകുന്ന കൂടുതലായ കല്പന ഇതിനു സാക്ഷ്യം വഹിക്കുന്നു: “നീ അവരോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ചു ഛർദ്ദിച്ചു, ഞാൻ നിങ്ങളുടെ ഇടയിൽ അയക്കുന്ന വാളുകൊണ്ടു ഇനി എഴുന്നേൽക്കാതവണ്ണം വീഴുവിൻ. എന്നാൽ പാനപാത്രം നിന്റെ കയ്യിൽനിന്നു വാങ്ങി കുടിപ്പാൻ അവർക്കു മനസ്സില്ലാഞ്ഞാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചേ മതിയാവു. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിന്നു ഞാൻ അനർത്ഥം വരുത്താൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയും മേൽ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.”
17 അവ ശക്തമായ വാക്കുകളാണ്, വാസ്തവത്തിൽ ഭയജനകമായവതന്നെ. കാരണം ആ വാക്കുകൾ ഉച്ചരിച്ചത് മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരിയായ യഹോവയാം ദൈവമാണ്. ആയിരക്കണക്കിനു വർഷങ്ങളിൽ തന്റെ പവിത്ര നാമത്തിൻമേൽ കുന്നുകൂട്ടിയ ദൂഷണങ്ങളും നിന്ദകളും വിദ്വേഷവും അവിടുന്ന് ക്ഷമയോടെ സഹിച്ചിട്ടുണ്ട്. എന്നാൽ തന്റെ പ്രിയ പുത്രനായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു ശിഷ്യൻമാരെ പ്രാർഥിക്കാൻ പഠിപ്പിച്ച ആ പ്രാർഥനക്ക് ഉത്തരം നൽകാനുള്ള സമയം ഒടുവിൽ വന്നിരിക്കുന്നു. (മത്തായി 6:9, 10) പ്രതികാരം ചെയ്യുന്നതിൽ യേശു തന്റെ വാൾ എന്നനിലയിൽ പ്രവർത്തിക്കണമെന്നതു യഹോവയുടെ ആഗ്രഹമാണ്.
18, 19. (എ) യഹോവയുടെ നാമത്തിൽ പിടിച്ചടക്കുന്നതിനുവേണ്ടി സവാരി ചെയ്യുന്നതാരാണ്, തന്റെ പിടിച്ചടക്കൽ പൂർത്തീകരിക്കുന്നതിനുമുമ്പ് അവിടുന്ന് എന്തിനുവേണ്ടിയാണു കാത്തിരിക്കുന്നത്? (ബി) ദൂതൻമാർ യഹോവയുടെ ക്രോധത്തിന്റെ കൊടുങ്കാററ് അഴിച്ചുവിടുമ്പോൾ ഭൂമിയിൽ എന്തു ഭയാനക സംഭവങ്ങൾ അരങ്ങേറും?
18 വെളിപ്പാട് 6-ാം അധ്യായത്തിൽ ‘പിടിച്ചടക്കുന്നതിനും തന്റെ പിടിച്ചടക്കൽ പൂർത്തീകരിക്കുന്നതിനും’ വേണ്ടി യേശു ഒരു വെള്ളക്കുതിരപ്പുറത്തു സവാരി ചെയ്യുന്നതിനെക്കുറിച്ചാണു നാം ആദ്യം വായിക്കുന്നത്. (വാക്യം 2, NW) ഇത് 1914-ൽ സ്വർഗീയ രാജാവായി അവിടുന്നു സിംഹാസനസ്ഥനാക്കപ്പെട്ടതോടെ തുടങ്ങി. അന്നുമുതൽ നമ്മുടെ ഭൂമിയെ ബാധിച്ചിട്ടുള്ള പൂർണമായ യുദ്ധത്തെയും ഭക്ഷ്യക്ഷാമത്തെയും വ്യാധികളെയും ചിത്രീകരിക്കുന്ന മററു കുതിരകളും കുതിരസവാരിക്കാരും അവിടുത്തെ അനുഗമിക്കുന്നു. എന്നാൽ ഈ കലാപം എന്നാണ് അവസാനിക്കുന്നത്? ആത്മീയ ഇസ്രായേലും സകല ജാതികളിൽനിന്നുള്ള മഹാപുരുഷാരവും രക്ഷക്കായി കൂട്ടിച്ചേർക്കപ്പെടുന്നതുവരെ നാലു ദൂതൻമാർ “ഭൂമിയിലെ നാലു കാററുകളെ” മുറുക്കെ പിടിച്ചുനിർത്തിയിരിക്കുന്നതായി വെളിപ്പാടു 7-ാം അധ്യായം നമുക്കു വിവരം നൽകുന്നു. (വാക്യം 1) പിന്നെയെന്ത്?
19 യിരെമ്യാവു 25-ാം അധ്യായം 30-ഉം 31-ഉം വാക്യങ്ങൾ ഇങ്ങനെ തുടരുന്നു: “യഹോവ ഉയരത്തിൽനിന്നു ഗർജ്ജിച്ചു, തന്റെ വിശുദ്ധ നിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചൽപുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകല ഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു. ആരവം ഭൂമിയുടെ അററത്തോളം എത്തുന്നു; യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം [“രാഷ്ട്രങ്ങളുമായി ഒരു സംവാദം,” NW] ഉണ്ട്; അവൻ സകല ജഡത്തോടും വ്യവഹരിച്ചു ദുഷ്ടൻമാരെ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.” യഹോവയുടെ ക്രോധത്തിന്റെ പാനപാത്രത്തിൽനിന്ന് ഇങ്ങനെ കുടിക്കാതെ രക്ഷപ്പെടാൻ ഒരു ജാതിക്കും കഴിയില്ല. അതുകൊണ്ട്, നാലു ദൂതൻമാർ യഹോവയുടെ ക്രോധത്തിന്റെ കൊടുങ്കാററ് അഴിച്ചുവിടുന്നതിനു മുമ്പ് പരമാർഥഹൃദയരായ സകല ആളുകളും ജാതികളുടെ ദുഷ്ടതകളിൽനിന്നു തങ്ങളെത്തന്നെ വിടുവിക്കേണ്ടതിന്റെ അടിയന്തിര സമയം വന്നെത്തിയിരിക്കയാണ്. കൊടുങ്കാററു പോലെ പ്രക്ഷുബ്ധമായതുതന്നെ, എന്തെന്നാൽ 32, 33 വാക്യങ്ങളിൽ യിരെമ്യായുടെ പ്രവചനം ഇങ്ങനെ തുടരുന്നു:
20. യഹോവയുടെ ന്യായവിധിയുടെ കാഠിന്യത്തിന് ഏതു രംഗം ഊന്നൽ നൽകുന്നു, എന്നാൽ ഈ നടപടി അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
20 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനർത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അററങ്ങളിൽനിന്നു വലിയ കൊടുങ്കാററു ഇളകിവരും. അന്നാളിൽ യഹോവയുടെ നിഹതൻമാർ ഭൂമിയുടെ ഒരററംമുതൽ മറെറ അററംവരെ വീണുകിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.” ശരിക്കും ഭയാനകമായ ഒരു രംഗംതന്നെ, എന്നാൽ ദൈവത്തിന്റെ വാഗ്ദത്ത പറുദീസ കൊണ്ടുവരുന്നതിനുമുമ്പു ഭൂമിയിൽനിന്നു സകല ദുഷ്ടതയും തുടച്ചുനീക്കുന്നതിന് ഇത് അത്യാവശ്യമാണ്.
അലമുറയിട്ടു നിലവിളിപ്പാൻ ഇടയൻമാർ
21, 22. (എ) യിരെമ്യാവു 25:34-36-ൽ പറയുന്ന ഇസ്രായേലിന്റെ “ഇടയൻമാർ” ആരായിരുന്നു, അലമുറയിട്ടു നിലവിളിക്കാൻ അവർ നിർബന്ധിതരായിത്തീരുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ ക്രോധം അർഹിക്കുന്ന ആധുനിക ഇടയൻമാർ ഏത്, അത് അവർ ശരിക്കും അർഹിക്കുന്നത് എന്തുകൊണ്ട്?
21 യഹോവയുടെ ന്യായവിധികളെക്കുറിച്ചു 34 മുതൽ 36 വരെയുള്ള വാക്യങ്ങൾ കൂടുതലായി ഇങ്ങനെ പറയുന്നു: “ഇടയൻമാരേ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠൻമാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടെച്ചുകളയും; നിങ്ങൾ മനോഹരമായോരു പാത്രംപോലെ വീഴും; ഇടയൻമാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠൻമാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. യഹോവ മേച്ചൽപുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ടു ഇടയൻമാർ നിലവിളിക്കുന്നതും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠൻമാർ മുറയിടുന്നതും കേൾപ്പാറാകും.”
22 ആരാണീ ഇടയൻമാർ? അവർ യഹോവയുടെ ക്രോധം കുടിച്ചുകഴിഞ്ഞ മതനേതാക്കൻമാർ അല്ല. യിരെമ്യാവു 6:3-ലും വർണിച്ചിരിക്കുന്നപ്രകാരം അവർ യഹോവക്കെതിരെ കൂട്ടങ്ങളായി സൈന്യങ്ങളെ അണിനിരത്തുന്ന സൈനികവത്കൃത ഇടയൻമാരാണ്. അവർ പ്രജകളെ ചൂഷണം ചെയ്തു ധനികരായിത്തീർന്ന രാഷ്ട്രീയ ഭരണാധികാരികളാണ്. ഇതിലനേകരും തന്ത്രശാലികളായ അഴിമതിവീരൻമാരാണ്. വളരെ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ മുഴുജനങ്ങളെയും കൊന്നൊടുക്കിയ ഭക്ഷ്യക്ഷാമങ്ങളെ മയപ്പെടുത്തുന്നതിൽ അവർ മന്ദത കാട്ടി. മരണമടയുന്ന കോടിക്കണക്കിനു കുട്ടികളെ രക്ഷിക്കാൻ കഴിയുമായിരുന്ന വളരെ കുറഞ്ഞ ചെലവുള്ള വൈദ്യസഹായവും പോഷകാഹാരവും നൽകാൻ വിസമ്മതിക്കുമ്പോൾ വൻ ആയുധവ്യാപാരികളും അത്യാഗ്രഹികളായ പരിസ്ഥിതി വിനാശകരും പോലുള്ള “ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠൻമാരെ” അവർ സമ്പന്നരാക്കുന്നു.
23. യഹോവയുടെ നശീകരണ പ്രവൃത്തികൾക്കുശേഷമുള്ള സാത്താന്റെ മേഖലയുടെ അവസ്ഥ വർണിക്കുക.
23 സ്വാർഥമായി തങ്ങൾക്കുവേണ്ടിമാത്രം സമാധാനം തേടിയ ഇവരെക്കുറിച്ചു യിരെമ്യാവു 25-ാം അധ്യായം 37-ഉം 38-ഉം വാക്യങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നത് ഒട്ടും അതിശയമല്ല: “സമാധാനമുള്ള മേച്ചൽപുറങ്ങൾ യഹോവയുടെ ഉഗ്രകോപം നിമിത്തം നശിച്ചുപോയിരിക്കുന്നു. അവൻ ഒരു ബാലസിംഹം എന്നപോലെ തന്റെ മുററുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാളുകൊണ്ടും, അവന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.” തീർച്ചയായും സ്തംഭിപ്പിക്കുന്നതുതന്നെ! എന്നുവരികിലും, യഹോവയുടെ ജ്വലിക്കുന്ന കോപം തീർച്ചയായും വെളിപ്പാടു 19:15, 16 എന്നീ വാക്യങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്ന, ഇരുമ്പുകോൽ കൊണ്ടു ജാതികളെ മേയിക്കുന്ന ഇടയനായ “രാജാക്കൻമാരുടെ രാജാവും കർത്താക്കൻമാരുടെ കർത്താവു”മായവൻ ആരോ അവനിലൂടെ പ്രകടമാക്കപ്പെടും. അതിനുശേഷം എന്തു സംഭവിക്കുന്നു?
24. വ്യാജമതങ്ങളുടെയും സാത്താന്റെ ലോകത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെയും നാശം നീതിനിഷ്ഠരായ മനുഷ്യവർഗത്തിന് എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
24 നിങ്ങൾ എന്നെങ്കിലും ഒരു കൊടുങ്കാററിലോ ചുഴലിക്കാററിലോ അകപ്പെട്ടിട്ടുണ്ടോ? അതൊരു ഭയാനകമായ അനുഭവമായിരുന്നേക്കാം. എന്നാൽ പിറെറ പ്രഭാതത്തിൽ ചുററുപാടെല്ലാം നാശാവശിഷ്ടങ്ങൾ കാണാൻ കഴിയുമെങ്കിലും അസാധാരണമായ ഒരു നല്ല ദിവസത്തിനുവേണ്ടി യഹോവക്കു നന്ദി പറയാൻ കഴിയുംവിധം അന്തരീക്ഷം നന്നേ തെളിവുള്ളതും ശാന്തത വളരെ ഉൻമേഷം പകരുന്നതും ആയിരിക്കും. അതുപോലെ, മഹോപദ്രവത്തിന്റെ കൊടുങ്കാററുകൾ ശമിക്കുമ്പോൾ നിങ്ങൾക്കു ജീവിച്ചിരിക്കാൻ കഴിഞ്ഞതിനുള്ള നന്ദിയോടെയും ശുദ്ധീകരിക്കപ്പെട്ട ഭൂമിയെ മഹത്തായ ഒരു പറുദീസയാക്കി മാററാനുള്ള യഹോവയുടെ കൂടുതലായ വേലയിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പോടെയും നിങ്ങൾ ഭൂമിയിലെങ്ങും കണ്ണോടിച്ചേക്കാം. അവിടുത്തെ നാമത്തെ പവിത്രമാക്കിക്കൊണ്ടും മിശിഹൈക രാജ്യത്തിന്റെ ആയിരംവർഷ ഭരണത്തിൻകീഴിൽ അവിടുത്തെ ഉദ്ദേശ്യം ഭൂമിയിൽ നടക്കാൻ വഴിയൊരുക്കിക്കൊണ്ടും രാഷ്ട്രങ്ങളുമായുള്ള യഹോവയുടെ സംവാദം മഹത്തായ ഒരു പരിസമാപ്തിയിലേക്കു കൊണ്ടുവന്നിരിക്കും. ആ രാജ്യം എത്രയും പെട്ടെന്നു വരുമാറാകട്ടെ!
പുനരവലോകനം ചെയ്യൽ ഈ ലേഖനത്തിന്റെ 5-24വരെയുള്ള ഖണ്ഡികകൾ
◻ ക്രൈസ്തവലോകത്തിന്റെ ഏതെല്ലാം കാപട്യമാർഗങ്ങളാണ് ഇപ്പോൾ ന്യായവിധിയിലേക്കു വന്നിരിക്കുന്നത്?
◻ ന്യായവിധിയുടെ ഏതു വിപുലീകരിക്കപ്പെട്ട വീക്ഷണമാണു യിരെമ്യാവു 25:12-38-ൽ കാണപ്പെടുന്നത്?
◻ പ്രതികാരത്തിന്റെ ഏതു പാനപാത്രമാണു സകല രാഷ്ട്രങ്ങളിലേക്കും കൈമാററം ചെയ്യപ്പെടുന്നത്?
◻ അലമുറയിട്ടു നിലവിളിക്കുന്ന ഇടയൻമാർ ആരാണ്, അവർ അസ്വസ്ഥരായിരിക്കുന്നത് എന്തുകൊണ്ട്?
[18-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിന്റെ നാശത്തിനുള്ള ഉപാധി യഹോവ തിരഞ്ഞെടുത്തിരിക്കുന്നു
[23-ാം പേജിലെ ചിത്രം]
മഹോപദ്രവത്തിന്റെ കൊടുങ്കാററിനുശേഷം ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമി പ്രത്യക്ഷപ്പെടും