വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ സത്യസന്ധരായിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും പരസ്പരം വിശ്വാസമർപ്പിക്കുകയും ചെയ്യുന്ന സ്ഥിതിക്ക്, അവരിൽ രണ്ടു പേർ തമ്മിൽ ബിസിനസ് ഇടപാടുകൾ നടത്തുമ്പോൾ ലിഖിത ഉടമ്പടി ഉണ്ടാക്കേണ്ടതു പ്രധാനമാണെന്ന് അവർ വിചാരിക്കുന്നത് എന്തുകൊണ്ട്?
അവർ അങ്ങനെ ചെയ്യുന്നതു തിരുവെഴുത്തുപരവും പ്രായോഗികവും സ്നേഹപൂർവകവുമാണ്. അതെങ്ങനെ? ബിസിനസ് ഉടമ്പടികൾ സംബന്ധിച്ച ആ വശങ്ങൾ നമുക്കു പരിചിന്തിക്കാം.
തന്റെ ഉടമ്പടി ജനതയായിരുന്ന ഇസ്രായേല്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ ഒരു ലിഖിത രേഖ ബൈബിളിൽ അടങ്ങിയിരിക്കുന്നു. സത്യാരാധകർ ഉൾപ്പെടുന്ന ബിസിനസ് ഇടപാടുകൾ അതിലുൾപ്പെടുന്നു. അത്തരമൊരു വിവരണം ഉല്പത്തി 23-ാം അധ്യായത്തിൽ ഉണ്ട്. അതു നമുക്കു നോക്കാം. തന്റെ പ്രിയപ്പെട്ട സാറാ മരിച്ചപ്പോൾ, ശവമടക്കുന്നതിനു സ്ഥലം വാങ്ങാൻ അബ്രാഹാം ആഗ്രഹിച്ചു. അവൻ ഹെബ്രോനു സമീപം താമസിച്ചിരുന്ന കനാന്യരുമായി സ്ഥലമിടപാടു തുടങ്ങി. താൻ ആഗ്രഹിച്ച സ്ഥലത്തിനായി ഒരു വ്യക്തമായ തുക അവൻ വാഗ്ദാനം ചെയ്തതായി 7-9 വാക്യങ്ങളിൽ കാണുന്നു. അവൻ പരസ്യമായി, നഗരകവാടത്തിലുള്ളവർ കേൾക്കെയാണ് അതു വാഗ്ദാനം ചെയ്തതെന്ന് 10-ാം വാക്യം തെളിയിക്കുന്നു. സ്ഥലം എടുത്തുകൊള്ളാൻ ഉടമസ്ഥൻ അബ്രാഹാമിനോടു പറഞ്ഞെങ്കിലും വിലകൊടുത്തു മാത്രമേ താൻ ആ സ്ഥലം സ്വീകരിക്കുകയുള്ളൂവെന്ന് അവൻ പ്രത്യുത്തരം നൽകിയതായി 13-ാം വാക്യം വ്യക്തമാക്കുന്നു. ആ വിധത്തിൽതന്നെയാണു കാര്യം നടന്നതെന്ന് 17, 18, 20 വാക്യങ്ങൾ വിശദീകരിക്കുന്നു. അങ്ങനെ “അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ” സ്ഥലം ഉറച്ചുകിട്ടി.
ബിസിനസ് ഇടപാടുകൾ നടത്തുന്ന രണ്ടു പേർ സത്യാരാധകർ ആയിരിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമായിരുന്നോ? യിരെമ്യാവു 32-ാം അധ്യായം അതിന് ഉത്തരം നൽകുന്നു. 6-ാം വാക്യം മുതൽ നാം കാണുന്നതു യിരെമ്യാവ് തന്റെ മച്ചുനനിൽനിന്നു സ്ഥലം വാങ്ങാൻ നിശ്ചയിക്കുന്നതാണ്. മിതമായ ഒരു വിലയുടെ കാര്യത്തിൽ യോജിപ്പിലെത്തിയതായി 9-ാം വാക്യം പ്രകടമാക്കുന്നു. 10-12 വാക്യങ്ങൾ ഇപ്രകാരം വായിക്കുന്നു: “ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി, ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുററത്തു ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.”
സഹവിശ്വാസിയും ബന്ധുവുമായ ഒരുവനുമായി ഇടപാടു നടത്തുകയായിരുന്നെങ്കിലും, യിരെമ്യാവ് ന്യായമായ ചില നിയമ നടപടികൾ പിൻപറ്റി. രണ്ടു ലിഖിത രേഖകൾ ഉണ്ടാക്കി—ഒന്ന് എളുപ്പം എടുത്തു നോക്കുന്നതിനായി തുറന്നുവെച്ചിരുന്നു, മറ്റൊന്ന് തുറന്നു വെച്ചിരിക്കുന്ന രേഖയുടെ കൃത്യതയിൽ എന്നെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ രണ്ടാം തെളിവെന്ന നിലയിൽ നോക്കുന്നതിനായി മുദ്രയിട്ടു. ഈ ക്രയവിക്രയങ്ങളെല്ലാം ചെയ്തത് 12-ാം വാക്യം പറയുന്നതുപോലെ, അവരുടെ “കാൺകെ” ആയിരുന്നു. അതുകൊണ്ട്, അതു പരസ്യമായ, സാക്ഷികളുടെ മുമ്പാകെ ചെയ്ത നിയമപരമായ ബിസിനസ് ഇടപാടായിരുന്നു. ആ സ്ഥിതിക്ക്, സത്യാരാധകർ പ്രമാണമെഴുതി സ്ഥിരീകരിച്ച വിധത്തിൽ കാര്യാദികൾ കൈകാര്യം ചെയ്യുന്നതു തിരുവെഴുത്തുപരമായ കീഴ്വഴക്കമാണെന്നതു വ്യക്തം.
അതു പ്രായോഗികവുമാണ്. ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവവും അവർക്കെല്ലാം ഭവിക്കുന്നു’ എന്ന വാക്കുകൾ എത്രയോ സത്യമാണെന്നു നമുക്കറിയാം. (സഭാപ്രസംഗി 9:11, NW) അതിൽ അർപ്പിതരായ വിശ്വസ്ത ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. യാക്കോബ് 4:13, 14 ഇങ്ങനെ പറയുന്നു: “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ.” എന്തെങ്കിലും വാങ്ങുന്നതോ ഏറ്റെടുത്ത ഒരു ജോലിയോ സേവനമോ നിർവഹിക്കുന്നതോ മറ്റൊരാൾക്കുവേണ്ടി എന്തെങ്കിലും ഉത്പാദിപ്പിച്ചുകൊടുക്കുന്നതോ പോലുള്ള ഒരു പദ്ധതി നാം തുടങ്ങിയേക്കാം. എന്നാൽ നാളെ—അല്ലെങ്കിൽ അടുത്ത മാസം, അല്ലെങ്കിൽ അടുത്ത വർഷം—എന്തു സംഭവിക്കും? നമുക്കോ മറ്റേ കക്ഷിക്കോ ഒരപകടം പറ്റിയാലോ? അങ്ങനെയെങ്കിൽ ഉടമ്പടി പാലിക്കാൻ സാധിക്കാതെ വന്നേക്കാം. ഏറ്റെടുത്ത ജോലിയോ സേവനമോ നിർവഹിക്കാൻ നമുക്കു കഴിയുന്നില്ലെങ്കിലോ? അല്ലെങ്കിൽ പണം നൽകുന്നതോ ഉടമ്പടിയിലെ തന്റെ പങ്കു നിർവഹിക്കുന്നതോ മിക്കവാറും അസാധ്യമെന്നു മറ്റേ കക്ഷി കണ്ടെത്തുന്നുവെങ്കിലോ? ലിഖിത ഉടമ്പടി ഇല്ലെങ്കിൽ യഥാർഥ പ്രശ്നങ്ങൾ—ഒരുപക്ഷേ ഒരു ലിഖിത ഉടമ്പടി ഉണ്ടായിരുന്നെങ്കിൽ പരിഹരിക്കാനോ തടയാനോ കഴിയുമായിരുന്ന പ്രശ്നങ്ങൾ—ഉയർന്നുവരാം.
ജീവിതത്തിന്റെ പല വശങ്ങളുടെയും അനിശ്ചിത സ്വഭാവം നിമിത്തം മറ്റാരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാനോ നമ്മുടെ (അല്ലെങ്കിൽ മറ്റേ കക്ഷിയുടെ) ബിസിനസ് ഇടപാടുകൾ തീർക്കാനോ ഇടയായേക്കാമെന്നതു നാം മറക്കരുത്. 14-ാം വാക്യത്തിൽ യാക്കോബ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.” അപ്രതീക്ഷിതമായി നമുക്കു മരണം സംഭവിച്ചേക്കാമെന്നത് ഒരു വസ്തുതയാണ്. ഇരുവരിലാർക്കെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ ഒരു ലിഖിത ഉടമ്പടി അഥവാ കരാർ പ്രായോഗിക വിധങ്ങളിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മറ്റുള്ളവരെ സഹായിക്കും.
ഒരർഥത്തിൽ ഇതു മൂന്നാമത്തെ വശത്തേക്കും നയിക്കുന്നു—അതായത്, ലിഖിത ഉടമ്പടികൾ സ്നേഹപൂർവകമാണ്. ഉടമ്പടിയിലെ കക്ഷികളിലൊരാൾ മരിക്കുകയോ ശാരീരികമായി വൈകല്യം വരുത്തുന്ന ഒരപകടത്തിലകപ്പെടുകയോ ചെയ്യുന്നപക്ഷം, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ സാമ്പത്തികമായി താൻ കടപ്പെട്ടിരിക്കുന്നതോ തനിക്കു കിട്ടാനുള്ളതോ സംബന്ധിച്ച ഒരു ലിഖിത രേഖ ഉണ്ടായിരുന്നെങ്കിൽ അതു സ്നേഹപൂർവകമായിരുന്നേനെ. നാം ഇടപാടു നടത്തുന്ന സഹോദരൻ ചെയ്യേണ്ടതോ അദ്ദേഹത്തിനു ലഭിക്കേണ്ടതോ എന്താണെന്നു വ്യക്തമായി പ്രസ്താവിക്കുന്ന ഒരു ലിഖിത ഉടമ്പടി ഉണ്ടാക്കുന്നത് അവിശ്വാസത്തിനു പകരം അദ്ദേഹത്തോടുള്ള സ്നേഹമായിരിക്കും പ്രകടമാക്കുക. കക്ഷികളിലൊരാൾ അപൂർണത നിമിത്തം ഏതെങ്കിലും വിശദാംശങ്ങളോ ഉത്തരവാദിത്വങ്ങളോ മറന്നുപോകുന്നപക്ഷം ഉണ്ടായേക്കാവുന്ന കടുത്ത വികാരങ്ങളോ നീരസമോ പരമാവധി കുറയ്ക്കാൻ സ്നേഹപൂർവകമായ ഈ നടപടി സഹായിക്കും. അപൂർണരോ മറവിപറ്റുന്നവരോ വിശദാംശങ്ങളോ ലക്ഷ്യങ്ങളോ തെറ്റിദ്ധരിക്കാൻ പ്രവണതയുള്ളവരോ അല്ലാത്തവരായി നമ്മിൽ ആരാണുള്ളത്?—മത്തായി 16:5.
ലിഖിത ബിസിനസ് ഉടമ്പടികൾ ഉണ്ടാക്കുന്നതു മറ്റു വിധങ്ങളിലും നമ്മുടെ സഹോദരനോടും കുടുംബത്തോടും പൊതുവിൽ സഭയോടുമുള്ള സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ സ്നേഹപൂർവകമായ സംഗതിയായിരിക്കുന്നതിനു പുറമേ, മതിയായ വിശദാംശങ്ങളുള്ള അത്തരം ലിഖിത രേഖകൾ പ്രായോഗികവും തിരുവെഴുത്തുപരവുമാണെന്നതു വ്യക്തമായിരിക്കണം.