അധ്യായം 5
സൃഷ്ടിക്കുന്നതിനുള്ള ശക്തി—‘ആകാശത്തിന്റെയും ഭൂമിയുടെയും നിർമാതാവ്’
1, 2. യഹോവയുടെ സൃഷ്ടിപ്പിൻശക്തിക്ക് സൂര്യൻ തെളിവു നൽകുന്നത് എങ്ങനെ?
കുളിരുള്ള ഒരു രാത്രിയിൽ നിങ്ങൾ തീയുടെ അടുത്തു നിന്നിട്ടുണ്ടോ? തീജ്വാലയിൽനിന്ന് പ്രസരിക്കുന്ന ചൂട് ആസ്വദിക്കാൻ തീയിൽനിന്ന് ഒരു നിശ്ചിത അകലത്തിൽ കൈകൾ നീട്ടിപ്പിടിച്ച് നിങ്ങൾ നിന്നിരിക്കാം. നിങ്ങൾ തീയോട് കണക്കിലധികം അടുത്താണു നിന്നിരുന്നതെങ്കിൽ ചൂട് അസഹനീയമായി തോന്നുമായിരുന്നു. തീയുടെ അടുക്കൽനിന്ന് കണക്കിലധികം മാറിപ്പോയിരുന്നെങ്കിലോ, നിങ്ങൾ തണുത്തു വിറയ്ക്കുമായിരുന്നു.
2 പകൽ സമയത്ത് നമുക്കു ചൂടു പകരുന്ന ഒരു “തീ” ഉണ്ട്. ആ “തീ” കത്തിക്കൊണ്ടിരിക്കുന്നത് ഏതാണ്ട് 15 കോടി കിലോമീറ്റർ അകലെയാണ്!a അത്ര അകലത്തിൽനിന്ന് നിങ്ങൾക്കു സൂര്യന്റെ ചൂട് അനുഭവപ്പെടണമെങ്കിൽ അതിന് എന്തുമാത്രം ശക്തി ഉണ്ടായിരിക്കണം! അതേസമയം, ഭൂമി കൃത്യമായ അകലത്തിൽ ആ അതിഗംഭീര തെർമോന്യൂക്ലിയർ ചൂളയെ വലംവെച്ചുകൊണ്ടിരിക്കുകയാണ്. അതിനോട് കണക്കിലധികം അടുത്തുപോയാൽ ഭൂമിയിലെ വെള്ളം ആവിയായിപ്പോകും; കണക്കിലധികം അകന്നുപോയാൽ വെള്ളം ഉറഞ്ഞുപോകും. ഏതു വിധത്തിൽ സംഭവിച്ചാലും നമ്മുടെ ഭൂഗോളം നിർജീവമായിത്തീരും. സൂര്യപ്രകാശം ഭൂമിയിലെ ജീവന് അത്യന്താപേക്ഷിതമാണ്. അത് ശുദ്ധവും പ്രയോജനകരവുമാണ്. അത് മനുഷ്യർക്ക് ഉന്മേഷം പകരുന്നു.—സഭാപ്രസംഗി 11:7.
‘യഹോവ വെളിച്ചത്തെയും സൂര്യനെയും ചമെച്ചു’
3. സൂര്യൻ ഏതു പ്രധാനപ്പെട്ട സത്യത്തിനു സാക്ഷ്യം നൽകുന്നു?
3 എന്നിരുന്നാലും, തങ്ങളുടെ ജീവൻ സൂര്യനെ ആശ്രയിച്ചിരിക്കുന്നെങ്കിൽ പോലും മിക്കവരും അതിനെ നിസ്സാരമായി എടുക്കുന്നു. അങ്ങനെ, സൂര്യൻ നമ്മെ പഠിപ്പിക്കുന്ന സംഗതി അവർക്കു മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. യഹോവയെ കുറിച്ചു ബൈബിൾ പറയുന്നു: “വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.” (സങ്കീർത്തനം 74:16) അതേ, ‘ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ’ യഹോവയ്ക്കു സൂര്യൻ ബഹുമതി കൈവരുത്തുന്നു. (സങ്കീർത്തനം 19:1; 146:6) യഹോവയുടെ ബൃഹത്തായ സൃഷ്ടിപ്പിൻശക്തിയെ കുറിച്ചു നമ്മെ പഠിപ്പിക്കുന്ന അസംഖ്യം ആകാശഗോളങ്ങളിൽ ഒന്നു മാത്രമാണ് അത്. അവയിൽ ചിലതിനെയും തുടർന്ന് ഭൂമിയെയും അതിലെ ജീവജാലങ്ങളെയും നമുക്ക് അടുത്തു പരിശോധിക്കാം.
“നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ”
4, 5. സൂര്യന്റെ ശക്തിയെയും വലുപ്പത്തെയും കുറിച്ച് എന്തു പറയാൻ കഴിയും, എന്നാൽ മറ്റു ചില നക്ഷത്രങ്ങളോടുള്ള താരതമ്യത്തിൽ സൂര്യനെ കുറിച്ച് എന്തു പറയാവുന്നതാണ്?
4 നിങ്ങൾക്ക് അറിയാവുന്നതുപോലെ, നമ്മുടെ സൂര്യൻ ഒരു നക്ഷത്രമാണ്. രാത്രിയിൽ പ്രത്യക്ഷമാകുന്ന നക്ഷത്രങ്ങളെക്കാൾ വലുതായി അതു കാണപ്പെടുന്നത്, അവയെ അപേക്ഷിച്ച് അതു വളരെ അടുത്തായതുകൊണ്ടാണ്. സൂര്യന്റെ ശക്തിയെ കുറിച്ച് എന്ത് പറയാൻ കഴിയും? സൂര്യന്റെ ഉൾക്കാമ്പിലെ ചൂട് ഏതാണ്ട് 1,50,00,000 ഡിഗ്രി സെൽഷ്യസ് ആണ്. സൂര്യന്റെ ഉൾക്കാമ്പിൽനിന്ന് കടുകുമണിയോളം വലുപ്പത്തിൽ ഒരു കഷണം അടർത്തിയെടുത്ത് ഇവിടെ ഭൂമിയിൽ വെക്കാൻ കഴിഞ്ഞാൽ, ആ കൊച്ചു താപ ഉറവിന്റെ 140 കിലോമീറ്റർ ചുറ്റുവട്ടത്ത് നിങ്ങൾക്കു സുരക്ഷിതമായി നിൽക്കാൻ കഴിയില്ല! അനേകം കോടി ന്യൂക്ലിയർ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിനു തുല്യമായ ഊർജമാണ് ഓരോ സെക്കൻഡിലും സൂര്യനിൽനിന്ന് നിർഗമിക്കുന്നത്.
5 നമ്മുടെ ഭൂമിയുടെ വലുപ്പമുള്ള 13,00,000 ഗ്രഹങ്ങളെ ഉൾക്കൊള്ളാൻ കഴിയുംവിധം സൂര്യൻ അത്ര വലുതാണ്. എന്നാൽ സൂര്യൻ അസാധാരണ വലുപ്പമുള്ള ഒരു നക്ഷത്രമാണോ? അല്ല, ജ്യോതിശ്ശാസ്ത്രജ്ഞർ അതിനെ വിളിക്കുന്നത് മഞ്ഞക്കുള്ളൻ എന്നാണ്. “നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (1 കൊരിന്ത്യർ 15:41) ആ നിശ്വസ്ത വാക്കുകൾ എത്ര സത്യമായിരുന്നെന്ന് അവന് അറിയില്ലായിരുന്നിരിക്കാം. സൂര്യന്റെ സ്ഥാനത്തു വെച്ചാൽ നമ്മുടെ ഭൂമി അതിനകത്തു വരത്തക്കവണ്ണം അത്ര വലുപ്പമുള്ള ഒരു നക്ഷത്രമുണ്ട്. അതേ സ്ഥാനത്തു വെക്കുന്നപക്ഷം ശനി വരെയുള്ള ദൂരം കയ്യടക്കാൻ തക്ക വലുപ്പമുള്ള വേറൊരു നക്ഷത്രവുമുണ്ട്—ശക്തമായ ഒരു കൈത്തോക്കിൽനിന്നു പായുന്ന വെടിയുണ്ടയുടെ 40 മടങ്ങു വേഗത്തിൽ സഞ്ചരിച്ച ഒരു ബഹിരാകാശവാഹനത്തിന് ഭൂമിയിൽനിന്നു ശനിഗ്രഹത്തിൽ എത്താൻ നാലു വർഷം വേണ്ടിവന്നു എന്ന കാര്യം മനസ്സിൽ പിടിക്കുക!
6. നക്ഷത്രങ്ങളുടെ എണ്ണം മനുഷ്യർക്ക് എണ്ണാൻ സാധിക്കാത്തവിധം അത്ര അധികമാണെന്ന് ബൈബിൾ പ്രകടമാക്കുന്നത് എങ്ങനെ?
6 നക്ഷത്രങ്ങളുടെ വലുപ്പത്തെക്കാൾ ഭയാദരവുണർത്തുന്നതാണ് അവയുടെ എണ്ണം. “കടല്പുറത്തെ മണൽ” പോലെ എണ്ണാൻ പ്രയാസമായിരിക്കത്തക്കവണ്ണം അസംഖ്യം നക്ഷത്രങ്ങൾ ഉണ്ടെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (യിരെമ്യാവു 33:22) നഗ്നനേത്രങ്ങൾകൊണ്ടു കാണാൻ കഴിയുന്നതിനെക്കാൾ വളരെ കൂടുതൽ നക്ഷത്രങ്ങൾ ഉണ്ടെന്നാണ് അതിന്റെ അർഥം. യിരെമ്യാവിനെ പോലെയുള്ള ഒരു ബൈബിൾ എഴുത്തുകാരൻ നിശാനഭസ്സിലേക്കു നോക്കി ദൃശ്യനക്ഷത്രങ്ങളെ എണ്ണാൻ ശ്രമിച്ചിരുന്നെങ്കിൽത്തന്നെ അവന് ഏതാണ്ടു മൂവായിരം നക്ഷത്രങ്ങളെ മാത്രമേ എണ്ണാൻ കഴിയുമായിരുന്നുള്ളൂ. കാരണം തെളിഞ്ഞ ഒരു രാത്രിയിൽ നഗ്നനേത്രങ്ങൾകൊണ്ടു കാണാൻ സാധിക്കുന്നത് അത്രയും നക്ഷത്രങ്ങളെ മാത്രമാണ്. വെറും ഒരുപിടി മണലിൽ ഉള്ള മണൽത്തരികളുടെ എണ്ണത്തിനു സമമായിരിക്കാം ആ സംഖ്യ. എന്നാൽ, യഥാർഥത്തിൽ കടൽത്തീരത്തെ മണൽപോലെ എണ്ണിയാലൊടുങ്ങാത്തതാണ് നക്ഷത്രങ്ങളുടെ എണ്ണം.b അവയെ എണ്ണാൻ ആർക്കാണു കഴിയുക?
7. (എ) നമ്മുടെ ക്ഷീരപഥ താരാപംക്തിയിൽ ഏകദേശം എത്ര നക്ഷത്രങ്ങളുണ്ട്, അത് എത്ര വലിയ സംഖ്യയാണ്? (ബി) താരാപംക്തികളുടെ എണ്ണം തിട്ടപ്പെടുത്താൻ പ്രയാസമാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു എന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? ഇത് യഹോവയുടെ സൃഷ്ടിപ്പിൻശക്തിയെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
7 യെശയ്യാവു 40:26 ഉത്തരം നൽകുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു.” സങ്കീർത്തനം 147:4 പറയുന്നു: “അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു.” “നക്ഷത്രങ്ങളുടെ എണ്ണം” എത്രയാണ്? അത് ലളിതമായ ഒരു ചോദ്യമല്ല. നമ്മുടെ ക്ഷീരപഥ താരാപംക്തിയിൽത്തന്നെ 10,000 കോടിയിൽപ്പരം നക്ഷത്രങ്ങളുണ്ട് എന്നു ജ്യോതിശ്ശാസ്ത്രജ്ഞർ കണക്കാക്കുന്നു.c എന്നാൽ നമ്മുടേത് അനേകം താരാപംക്തികളിൽ ഒന്നു മാത്രമാണ്. പല താരാപംക്തികളിലും അതിൽ കൂടുതൽ നക്ഷത്രങ്ങൾ ഉണ്ട്. എത്ര താരാപംക്തികളാണ് ഉള്ളത്? 5,000 കോടിയോളം എന്നു ചില ജ്യോതിശ്ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നു. 12,500 കോടിയോളം ഉണ്ടെന്നാണ് മറ്റുചിലരുടെ പക്ഷം. താരാപംക്തികളുടെ എണ്ണം പോലും മനുഷ്യനു തിട്ടപ്പെടുത്താൻ കഴിയുന്നില്ല, അപ്പോൾപ്പിന്നെ അവയിൽ അടങ്ങിയിട്ടുള്ള ശതകോടിക്കണക്കിനു നക്ഷത്രങ്ങളുടെ എണ്ണത്തിന്റെ കാര്യം പറയാനുണ്ടോ? എന്നാൽ യഹോവയ്ക്ക് ആ എണ്ണം അറിയാം. മാത്രവുമല്ല, അവൻ ഓരോ നക്ഷത്രത്തിനും പേര് കൊടുത്തിരിക്കുന്നു!
8. (എ) ക്ഷീരപഥ താരാപംക്തിയുടെ വലുപ്പത്തെ നിങ്ങൾ എങ്ങനെ വിശദീകരിക്കും? (ബി) എന്ത് ഉപയോഗിച്ചാണ് യഹോവ ജ്യോതിർഗോളങ്ങളുടെ ചലനത്തെ ക്രമീകരിക്കുന്നത്?
8 താരാപംക്തികളുടെ വലുപ്പത്തെ കുറിച്ചു ചിന്തിക്കുമ്പോൾ, ദൈവത്തോടു തോന്നുന്ന നമ്മുടെ ഭയാദരവ് ഒന്നുകൂടെ വർധിക്കും. ക്ഷീരപഥ താരാപംക്തിയുടെ കുറുകെയുള്ള നീളം ഏതാണ്ട് 1,00,000 പ്രകാശ വർഷം ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. സെക്കൻഡിൽ 3,00,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു പ്രകാശ കിരണത്തിന്റെ കാര്യമെടുക്കുക. നമ്മുടെ താരാപംക്തിക്കു കുറുകെ സഞ്ചരിക്കാൻ ആ കിരണം 1,00,000 വർഷമെടുക്കും! ചില താരാപംക്തികൾ നമ്മുടെ താരാപംക്തിയെക്കാൾ അനേകം മടങ്ങു വലുപ്പമുള്ളവയാണ്. വിസ്തൃതമായ ഈ ആകാശത്തെ യഹോവ കേവലം ഒരു ശീലയെന്നവണ്ണം ‘വിരിക്കുന്ന’തായി ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:2) ഈ സൃഷ്ടികളുടെ ചലനങ്ങളെയും അവൻ ക്രമീകരിക്കുന്നു. ഏറ്റവും ചെറിയ നക്ഷത്രാന്തരീയ ധൂളി (interstellar dust) മുതൽ ഏറ്റവും വലിയ താരാപംക്തി വരെ, എല്ലാം ദൈവം സ്ഥാപിച്ചിരിക്കുന്ന ഭൗതിക നിയമങ്ങൾക്ക് അനുസൃതമായാണു ചലിക്കുന്നത്. (ഇയ്യോബ് 38:31-33) ജ്യോതിർഗോളങ്ങളുടെ സൂക്ഷ്മ ചലനങ്ങളെ ബാലേ പോലുള്ള ഒരു സങ്കീർണ നൃത്തരൂപത്തിന്റെ ചലനവ്യവസ്ഥകളോട് ശാസ്ത്രജ്ഞന്മാർ ഉപമിച്ചിട്ടുണ്ട്. അപ്പോൾ, ഇവയുടെയെല്ലാം സ്രഷ്ടാവിനെ കുറിച്ചു ചിന്തിക്കുക. ഇത്ര ബൃഹത്തായ സൃഷ്ടിപ്പിൻശക്തിയുള്ള ദൈവത്തോട് നിങ്ങൾക്കു ഭയാദരവു തോന്നുന്നില്ലേ?
‘തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചവൻ’
9, 10. നമ്മുടെ സൗരയൂഥം, വ്യാഴം, ഭൂമി, ചന്ദ്രൻ എന്നിവയുടെ സ്ഥാനത്തോടുള്ള ബന്ധത്തിൽ യഹോവയുടെ ശക്തി പ്രകടമായിരിക്കുന്നത് എങ്ങനെ?
9 യഹോവയുടെ സൃഷ്ടിപ്പിൻശക്തി നമ്മുടെ ഭവനമായ ഭൂമിയിൽ തെളിഞ്ഞുകാണാം. വിസ്തൃതമായ ഈ അഖിലാണ്ഡത്തിൽ അവൻ വളരെ ശ്രദ്ധാപൂർവം ഭൂമിയെ സ്ഥാപിച്ചിരിക്കുന്നു. ഭൂമിയെ പോലുള്ള ഒരു ജീവവാഹക ഗ്രഹത്തെ ഉൾക്കൊള്ളാൻ അനുയോജ്യമായ പരിതഃസ്ഥിതിയല്ല അനേകം താരാപംക്തികളിലും ഉള്ളതെന്ന് ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. നമ്മുടെ ക്ഷീരപഥത്തിന്റെതന്നെ അധികഭാഗവും ജീവന്റെ നിലനിൽപ്പിനെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ക്ഷീരപഥ കേന്ദ്രം നക്ഷത്രനിബിഡമാണ്. വികിരണത്തിന്റെ അളവ് ഇവിടെ വളരെ ഉയർന്നതാണ്. നക്ഷത്രങ്ങൾ തമ്മിൽ കൂട്ടിയിടിക്കത്തക്ക അകലത്തിൽ വരുന്നതു സാധാരണമാണ്. ക്ഷീരപഥത്തിന്റെ അതിർത്തികളിൽ ജീവന് അത്യന്താപേക്ഷിതമായ മൂലകങ്ങൾ സ്ഥിതി ചെയ്യുന്നില്ല. എന്നാൽ നമ്മുടെ സൗരയൂഥം തികച്ചും അനുയോജ്യമായ ഒരു സ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
10 വിദൂരത്തുള്ളതെങ്കിലും ഭീമാകാരനായ ഒരു സംരക്ഷകനിൽനിന്ന്—വ്യാഴത്തിൽനിന്ന്—ഭൂമി പ്രയോജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഭൂമിയെക്കാൾ ആയിരത്തിലധികം മടങ്ങു വലുപ്പമുള്ള ഈ ഗ്രഹം അതിശക്തമായ ഗുരുത്വപ്രഭാവം ചെലുത്തുന്നു. ഫലമോ? ശൂന്യാകാശത്തിലൂടെ പായുന്ന വസ്തുക്കളെ അതു വലിച്ചെടുക്കുകയോ വ്യതിചലിപ്പിക്കുകയോ ചെയ്യുന്നു. ഈ ഗ്രഹം ഇല്ലെങ്കിൽ, ഭൂമിമേൽ വന്നിടിക്കുന്ന ഘനമേറിയ വസ്തുക്കളുടെ വൃഷ്ടി ഇപ്പോഴത്തേതിനെക്കാൾ 10,000-ത്തിൽപ്പരം മടങ്ങു കഠിനമായിരിക്കും. നമ്മുടെ ഭൂമിക്ക്, അതിന്റെ തൊട്ടടുത്തു സ്ഥിതിചെയ്യുന്ന ഒരു അസാധാരണ ഉപഗ്രഹമായ ചന്ദ്രനിൽനിന്നും പ്രയോജനം ലഭിക്കുന്നുണ്ട്. മനോഹരമായ ഒരു “നിശാദീപം” എന്നതിലുപരി, ഭൂമിയെ സ്ഥിരമായ ഒരു ചെരിവോടെ സദാ നിലകൊള്ളാൻ സഹായിക്കുന്ന ഒരു ഉപഗ്രഹമാണ് ചന്ദ്രൻ. ആ ചെരിവ് ഭൂമിയിൽ സ്ഥിരവും മുൻകൂട്ടി പറയാനാവുന്നതുമായ ഋതുഭേദങ്ങൾ സാധ്യമാക്കുന്നു. അതേ, ഇവിടത്തെ ജീവജാലങ്ങൾക്കു ലഭിച്ചിരിക്കുന്ന മറ്റൊരു അനുഗ്രഹം!
11. ഭൂമിയുടെ അന്തരീക്ഷം ഒരു സംരക്ഷക കവചമായി ഉപകരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ?
11 യഹോവയുടെ സൃഷ്ടിപ്പിൻശക്തി ഭൂമിയുടെ രൂപകൽപ്പനയുടെ ഏതു വശത്തും പ്രകടമാണ്. ഒരു സംരക്ഷക കവചമായി വർത്തിക്കുന്ന അന്തരീക്ഷത്തെ കുറിച്ചു പരിചിന്തിക്കുക. സൂര്യൻ ആരോഗ്യാവഹമായ രശ്മികളും മാരകമായ രശ്മികളും പ്രസരിപ്പിക്കുന്നുണ്ട്. മാരകമായ രശ്മികൾ ഭൂമിയുടെ മേലന്തരീക്ഷത്തിൽ പതിക്കുമ്പോൾ സാധാരണ ഓക്സിജൻ ഓസോൺ ആയി മാറുന്നു. തത്ഫലമായി ഉണ്ടാകുന്ന ഓസോൺ പാളിയാകട്ടെ, ആ രശ്മികളിൽ അധികത്തെയും ആഗിരണം ചെയ്യുന്നു. ഫലത്തിൽ, നമ്മുടെ ഗ്രഹം ഒരു സംരക്ഷകകുട സഹിതമാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
12. അന്തരീക്ഷ ജലപരിവൃത്തി യഹോവയുടെ സൃഷ്ടിപ്പിൻശക്തിയെ പ്രകടമാക്കുന്നത് എങ്ങനെ?
12 നമ്മുടെ അന്തരീക്ഷത്തിന്റെ, അതായത് ഭൂമിയുടെ ഉപരിതലത്തിൽ അല്ലെങ്കിൽ അതിനടുത്തു വസിക്കുന്ന ജീവികളുടെ നിലനിൽപ്പിനു സഹായിക്കുന്ന സങ്കീർണ വാതക മിശ്രിതത്തിന്റെ, ഒരു വശം മാത്രമാണു നാം കണ്ടത്. അന്തരീക്ഷത്തിലെ അത്ഭുതങ്ങളിൽ ഒന്നാണ് ജലപരിവൃത്തി. ഭൂമിയിലെ സമുദ്രങ്ങളിൽനിന്ന് ഓരോ വർഷവും സൂര്യൻ 4,00,000-ത്തിൽപ്പരം ഘന കിലോമീറ്റർ വെള്ളം നീരാവിയാക്കി ഉയർത്തുന്നു. ഈ വെള്ളം മേഘങ്ങളായി രൂപംകൊള്ളുന്നു. അന്തരീക്ഷത്തിലെ കാറ്റ് അവയെ പല ദിശകളിലേക്കു വഹിച്ചുകൊണ്ടുപോകുന്നു. അരിച്ചു ശുദ്ധിയാക്കപ്പെടുന്ന ഈ വെള്ളം മഴയും മഞ്ഞും ഹിമവുമായി താഴേക്ക് പതിക്കുന്നു, അങ്ങനെ ജലാശയങ്ങൾ പോഷിപ്പിക്കപ്പെടുന്നു. അത് സഭാപ്രസംഗി 1:7 പറയുന്നതുപോലെ തന്നെയാണ്: “സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.” യഹോവയ്ക്കു മാത്രമേ അത്തരമൊരു പരിവൃത്തി ക്രമീകരിക്കാൻ കഴിയുകയുള്ളൂ.
13. ഭൂമിയിലെ സസ്യങ്ങളിലും അതിലെ മണ്ണിലും സ്രഷ്ടാവിന്റെ ശക്തിയുടെ എന്തു തെളിവു നാം കാണുന്നു?
13 ജീവൻ എവിടെയെല്ലാം കാണുന്നുവോ അവിടെയെല്ലാം നാം സ്രഷ്ടാവിന്റെ ശക്തിയുടെ തെളിവും ദർശിക്കുന്നു. 30 നില കെട്ടിടങ്ങളെക്കാൾ പൊക്കത്തിൽ തല ഉയർത്തി നിൽക്കുന്ന പടുകൂറ്റൻ റെഡ്വുഡ് വൃക്ഷങ്ങളിൽ തുടങ്ങി സമുദ്രങ്ങളിൽ സമൃദ്ധമായി കാണുന്നതും നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ അധികഭാഗവും പ്രദാനം ചെയ്യുന്നതുമായ സൂക്ഷ്മ സസ്യജീവനിൽ വരെ യഹോവയുടെ സൃഷ്ടിപ്പിൻശക്തി പ്രകടമാണ്. മണ്ണിൽത്തന്നെ വിവിധ ജീവരൂപങ്ങൾ ഉണ്ട്—വിരകൾ, പൂപ്പൽ, സൂക്ഷ്മാണുക്കൾ എന്നിങ്ങനെ അനേകമനേകം ജീവികൾ. ഇവയെല്ലാം ചേർന്ന് സങ്കീർണമായ വിധങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് സസ്യങ്ങളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. മണ്ണിനു വീര്യമുണ്ടെന്ന് ബൈബിൾ പറയുന്നതു തികച്ചും ഉചിതമാണ്.—ഉല്പത്തി 4:12.
14. ചെറിയ ആറ്റത്തിൽ പോലും എത്രമാത്രം ശക്തി അടങ്ങിയിരിക്കുന്നു?
14 ‘തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചവൻ’ ആണ് യഹോവ എന്നതിനു സംശയമില്ല. (യിരെമ്യാവു 10:12) ദൈവത്തിന്റെ ഏറ്റവും ചെറിയ സൃഷ്ടികളിൽ പോലും അവന്റെ ശക്തി തെളിഞ്ഞുകാണാം. ഉദാഹരണത്തിന്, ഒരു ദശലക്ഷം ആറ്റങ്ങൾ നിരയായി ചേർത്തുവെച്ചാൽ നമ്മുടെ തലനാരിഴയുടെ വണ്ണം വരുകയില്ല. ഒരു ആറ്റത്തെ ഒരു പതിന്നാലു നില കെട്ടിടത്തിന്റെ ഉയരത്തിൽ വികസിപ്പിക്കാൻ കഴിഞ്ഞാൽ അതിന്റെ അണുകേന്ദ്രത്തിന് ഏഴാം നിലയിലിരിക്കുന്ന ഒരു ഉപ്പുതരിയോളം വലുപ്പമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽപ്പോലും, ഒരു അണുസ്ഫോടനത്താൽ ഉത്സർജിക്കപ്പെടുന്ന അതിഭയങ്കര ശക്തിയുടെ ഉറവ് ആ അതിസൂക്ഷ്മ അണുകേന്ദ്രമാണ്!
“ജീവനുള്ളതൊക്കെയും”
15. വിവിധ കാട്ടുമൃഗങ്ങളെ കുറിച്ചു ചർച്ച ചെയ്തുകൊണ്ട് ഏതു വസ്തുത മനസ്സിലാക്കാൻ യഹോവ ഇയ്യോബിനെ സഹായിച്ചു?
15 യഹോവയുടെ സൃഷ്ടിപ്പിൻശക്തിയുടെ ഉജ്ജ്വലമായ മറ്റൊരു തെളിവ് ഭൂമിയിലെ സമൃദ്ധമായ ജീവജാലങ്ങളിൽ കാണാം. 148-ാം സങ്കീർത്തനത്തിൽ യഹോവയ്ക്കു ബഹുമതി കൈവരുത്തുന്ന ജീവികളുടെ ഒരു നീണ്ട പട്ടികതന്നെ നാം കാണുന്നു. 10-ാം വാക്യം ‘സകല മൃഗങ്ങളെയും കന്നുകാലികളെയും’ ഉൾപ്പെടുത്തുന്നു. മനുഷ്യന് സ്രഷ്ടാവിനോടു ഭയഭക്തി ഉണ്ടായിരിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കാൻ യഹോവ ഒരിക്കൽ സിംഹം, വരയൻ കുതിര [NW], കാട്ടുകാള, നദീഹയം (അല്ലെങ്കിൽ ഹിപ്പപ്പൊട്ടാമസ്), മഹാനക്രം (തെളിവനുസരിച്ച് മുതല) എന്നിങ്ങനെയുള്ള മൃഗങ്ങളെ കുറിച്ച് ഇയ്യോബിനോടു സംസാരിച്ചു. ആശയം എന്തായിരുന്നു? കരുത്തുറ്റ, ഭയങ്കരന്മാരായ, ഇണങ്ങാത്ത, ഈ ജന്തുക്കൾ മനുഷ്യനിൽ ഭയാശ്ചര്യം ഉണർത്തുന്നെങ്കിൽ അവയുടെ സ്രഷ്ടാവിനെ അവൻ എങ്ങനെ വീക്ഷിക്കണം?—ഇയ്യോബ് 38-41 അധ്യായങ്ങൾ.
16. യഹോവ സൃഷ്ടിച്ചിരിക്കുന്ന ചില പക്ഷികളുടെ കാര്യത്തിൽ എന്തു നിങ്ങളിൽ മതിപ്പുളവാക്കുന്നു?
16 ‘ചിറകുള്ള പക്ഷികളെ’ കുറിച്ചും സങ്കീർത്തനം 148:10 [NW] പറയുന്നു. വിവിധ ഇനങ്ങളെ കുറിച്ചു ചിന്തിക്കുക! ‘കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്ന’ ഒട്ടകപ്പക്ഷിയെ കുറിച്ച് യഹോവ ഇയ്യോബിനോടു പറഞ്ഞു. 2.5 മീറ്റർ നീളമുള്ള ഈ പക്ഷിക്ക് പറക്കാൻ കഴിവില്ല എന്നതു ശരിയാണ്. എന്നാൽ അതിന് മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയും, ഒറ്റ കുതിപ്പിൽ 4.5 മീറ്റർ വരെ അതിനു പിന്നിടാനാവും! (ഇയ്യോബ് 39:13, 18) ഇനി, ആൽബട്രോസിനെ കുറിച്ചു ചിന്തിക്കുക. ജീവിതത്തിന്റെ ഏറിയ ഭാഗവും അത് കടലിന്മീതെ വായുവിലാണു ചെലവഴിക്കുന്നത്. പ്രകൃതിയിലെ എഞ്ചിനില്ലാത്ത ഒരു വിമാനമെന്നു വിശേഷിപ്പിക്കാവുന്ന ഈ പക്ഷിയുടെ ചിറകുവിരിവ് ഏതാണ്ടു മൂന്നു മീറ്ററാണ്. ചിറകടിക്കാതെതന്നെ മണിക്കൂറുകളോളം തുടർച്ചയായി പറക്കാൻ അതിനു കഴിയും. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയായ, അഞ്ച് സെന്റിമീറ്റർ മാത്രം നീളമുള്ള തേനീച്ച-മൂളിപ്പക്ഷി സെക്കൻഡിൽ 80 പ്രാവശ്യം ചിറകടിച്ചേക്കാം! ചിറകുള്ള ചെറിയ രത്നങ്ങൾ പോലെ മിന്നുന്ന മൂളിപ്പക്ഷികൾക്ക് ഹെലിക്കോപ്റ്ററുകൾ പോലെ പറന്നുനിൽക്കാനാകും, എന്തിന് പുറകോട്ടു പറക്കാൻ പോലും അവയ്ക്കു കഴിയും.
17. നീലത്തിമിംഗലം എത്ര വലുതാണ്, യഹോവ സൃഷ്ടിച്ച ജീവികളെ കുറിച്ചു വിചിന്തനം ചെയ്ത ശേഷം നാം സ്വാഭാവികമായി എന്തു നിഗമനത്തിലെത്തുന്നു?
17 “തിമിംഗലങ്ങളും” യഹോവയെ സ്തുതിക്കുന്നുവെന്ന് സങ്കീർത്തനം 148:7 പറയുന്നു. ഈ ഗ്രഹത്തിൽ ഇതുവരെ ജീവിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ ജീവിയെന്ന് അനേകർ വിശ്വസിക്കുന്ന നീലത്തിമിംഗലത്തെ കുറിച്ചു ചിന്തിക്കുക. സമുദ്രത്തിൽ വസിക്കുന്ന ഈ കൂറ്റൻ ജീവിക്ക് 30 മീറ്ററോ അതിൽ കൂടുതലോ നീളം കണ്ടേക്കാം. പൂർണ വളർച്ചയെത്തിയ 30 ആനകളുടെ തൂക്കം അതിനുണ്ടായിരിക്കാം. അതിന്റെ നാക്കിനുതന്നെ ഒരു ആനയുടെ തൂക്കമുണ്ട്. അതിന്റെ ഹൃദയത്തിന് ഒരു ചെറിയ കാറിന്റെ വലുപ്പമുണ്ട്. ഈ വലിയ അവയവം മിനിട്ടിൽ 9 തവണ മാത്രമേ മിടിക്കുന്നുള്ളൂ—എന്നാൽ ഒരു മൂളിപ്പക്ഷിയുടെ ഹൃദയം മിനിട്ടിൽ ഏതാണ്ട് 1,200 പ്രാവശ്യം മിടിക്കുന്നു. നീലത്തിമിംഗലത്തിന്റെ രക്തക്കുഴലുകളിൽ ഒന്നെങ്കിലും ഒരു കുട്ടിക്ക് ഇഴഞ്ഞുകയറാൻതക്ക വലുപ്പമുള്ളതാണ്. തീർച്ചയായും, “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ” എന്ന സങ്കീർത്തനപ്പുസ്തകത്തിലെ ഉപസംഹാര വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ നമ്മുടെ ഹൃദയം നമ്മെ പ്രേരിപ്പിക്കുന്നു.—സങ്കീർത്തനം 150:6.
യഹോവയുടെ സൃഷ്ടിപ്പിൻശക്തിയിൽനിന്നു പഠിക്കുക
18, 19. ഭൂമിയിൽ യഹോവ ഉണ്ടാക്കിയിട്ടുള്ള ജീവജാലങ്ങൾ എത്ര വൈവിധ്യമാർന്നതാണ്, സൃഷ്ടി അവന്റെ പരമാധികാരത്തെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
18 യഹോവ തന്റെ സൃഷ്ടിപ്പിൻശക്തി ഉപയോഗിക്കുന്നതിൽനിന്നു നാം എന്തു പഠിക്കുന്നു? സൃഷ്ടിയുടെ വൈവിധ്യം നമ്മിൽ ഭയാദരവുണർത്തുന്നു. ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! . . . ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 104:24) എത്ര സത്യം! ജീവശാസ്ത്രജ്ഞന്മാർ പത്തു ലക്ഷത്തിൽപ്പരം ജീവിവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്; എന്നാൽ അവയുടെ എണ്ണം ഒരു കോടിയാണ്, മൂന്നു കോടിയാണ്, അതിൽ കൂടുതലാണ് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചിലപ്പോൾ തന്റെ സർഗശക്തി നഷ്ടപ്പെടുന്നതായി ഒരു മനുഷ്യകലാകാരൻ കണ്ടെത്തിയേക്കാം. അതിൽനിന്നു വ്യത്യസ്തമായി, യഹോവയുടെ സർഗശക്തി—പുതിയതും വൈവിധ്യമാർന്നതുമായ സൃഷ്ടികൾ നടത്താനുള്ള അവന്റെ ശക്തി—ഒരിക്കലും നിലച്ചുപോകുന്നില്ല.
19 യഹോവയുടെ സൃഷ്ടിപ്പിൻശക്തിയുടെ ഉപയോഗം അവന്റെ പരമാധികാരത്തെ കുറിച്ചു നമ്മെ പഠിപ്പിക്കുന്നു. “സ്രഷ്ടാവ്” എന്ന പദംതന്നെ അഖിലാണ്ഡത്തിലെ സകലത്തിലുംനിന്ന് യഹോവയെ വേർതിരിച്ചു നിറുത്തുന്നു, അവയെല്ലാം “സൃഷ്ടി” ആണ്. സൃഷ്ടിയുടെ സമയത്ത് ഒരു “വിദഗ്ധ ശിൽപ്പി” ആയി സേവിച്ച, യഹോവയുടെ ഏകജാതനായ പുത്രനെപ്പോലും ബൈബിളിൽ ഒരിടത്തും സ്രഷ്ടാവ് എന്നോ സഹസ്രഷ്ടാവ് എന്നോ വിളിക്കുന്നില്ല. (സദൃശവാക്യങ്ങൾ 8:30, NW; മത്തായി 19:4, 5) മറിച്ച്, അവൻ ‘സർവ്വസൃഷ്ടിക്കും ആദ്യജാത’നാണ്. (കൊലൊസ്സ്യർ 1:15) സ്രഷ്ടാവ് എന്ന നിലയിലുള്ള യഹോവയുടെ സ്ഥാനം മുഴു അഖിലാണ്ഡത്തിന്മേലും സമ്പൂർണ പരമാധികാര ശക്തി പ്രയോഗിക്കാൻ അവന് ഉചിതമായ അവകാശം നൽകുന്നു.—റോമർ 1:20; വെളിപ്പാടു 4:11.
20. തന്റെ ഭൗമിക സൃഷ്ടി പൂർത്തിയാക്കിയ ശേഷം ഏതർഥത്തിൽ യഹോവ വിശ്രമിച്ചിരിക്കുന്നു?
20 യഹോവ തന്റെ സൃഷ്ടിപ്പിൻശക്തി ഉപയോഗിക്കുന്നത് നിറുത്തിയോ? ആറാം സൃഷ്ടി ദിവസം യഹോവ തന്റെ സൃഷ്ടികർമം പൂർത്തിയാക്കിയപ്പോൾ “താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി [“വിശ്രമിച്ചുതുടങ്ങി,” NW]” എന്ന് ബൈബിൾ പറയുന്നു എന്നതു ശരിയാണ്. (ഉല്പത്തി 2:2) ഈ “ഏഴാം ദിവസം” ആയിരക്കണക്കിനു വർഷം ദൈർഘ്യം ഉള്ളതാണെന്ന് അപ്പൊസ്തലനായ പൗലൊസ് സൂചിപ്പിച്ചു, കാരണം അത് അവന്റെ നാളിലും തുടരുകയായിരുന്നു. (എബ്രായർ 4:3-6) എന്നാൽ ‘വിശ്രമിക്കുന്നു’ എന്നതിന് യഹോവ മുഴുവനായി പ്രവൃത്തി നിറുത്തിയിരിക്കുന്നു എന്ന് അർഥമുണ്ടോ? ഇല്ല, യഹോവ ഒരിക്കലും പ്രവർത്തനം നിറുത്തുന്നില്ല. (സങ്കീർത്തനം 92:4; യോഹന്നാൻ 5:17) അപ്പോൾ അവന്റെ വിശ്രമം കേവലം ഭൂമിയോടു ബന്ധപ്പെട്ട സൃഷ്ടി പ്രവർത്തനം നിറുത്തിയതിനെ ആയിരിക്കണം പരാമർശിക്കുന്നത്. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനോടു ബന്ധപ്പെട്ട അവന്റെ പ്രവൃത്തി മുടക്കം കൂടാതെ തുടർന്നിരിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ നിശ്വസ്തമാക്കൽ അങ്ങനെയുള്ള പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു “പുതിയ സൃഷ്ടി”യെ ഉളവാക്കുന്നതുപോലും അവന്റെ പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് 19-ാം അധ്യായത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.—2 കൊരിന്ത്യർ 5:17.
21. യഹോവയുടെ സൃഷ്ടിപ്പിൻശക്തി നിത്യതയിലുടനീളം വിശ്വസ്ത മനുഷ്യരിൽ എന്തു പ്രഭാവം ചെലുത്തും?
21 ഒടുവിൽ യഹോവയുടെ വിശ്രമ ദിവസം അവസാനിക്കുമ്പോൾ, ആറാം സൃഷ്ടി ദിവസത്തിന്റെ അവസാനം അവൻ ചെയ്തതിനു സമാനമായി, ഭൂമിയിലെ അവന്റെ സകല പ്രവൃത്തിയും “എത്രയും നല്ലത്” എന്നു പ്രഖ്യാപിക്കാൻ അവനു സാധിക്കും. (ഉല്പത്തി 1:31) അതിനു ശേഷം അവൻ തന്റെ അപരിമിതമായ സൃഷ്ടിപ്പിൻശക്തി എങ്ങനെ പ്രയോഗിക്കുമെന്നു നാം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എങ്ങനെയായാലും, യഹോവയുടെ സൃഷ്ടിപ്പിൻശക്തിയുടെ ഉപയോഗം നമ്മെ തുടർന്നും വിസ്മയഭരിതരാക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. നിത്യതയിലുടനീളം നാം യഹോവയെ കുറിച്ച് അവന്റെ സൃഷ്ടിയിലൂടെ കൂടുതൽ പഠിക്കും. (സഭാപ്രസംഗി 3:11) നാം അവനെ കുറിച്ച് എത്രയധികം പഠിക്കുന്നുവോ നമുക്ക് അവനോടുള്ള ഭയാദരവ് അത്രയധികം വർധിക്കും, നമ്മുടെ മഹാ സ്രഷ്ടാവിനോട് നാം അത്രയധികം അടുത്തു ചെല്ലുകയും ചെയ്യും.
a ആ സംഖ്യ എത്ര ഭീമമാണെന്നു മനസ്സിലാക്കാൻ, ഇതു ചിന്തിക്കുക: അത്രയും ദൂരം കാറോടിച്ചുപോകുന്നതിന്, മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ദിവസത്തിന്റെ 24 മണിക്കൂർ സഞ്ചരിച്ചാൽ പോലും നൂറിൽപ്പരം വർഷം എടുക്കും!
b ബൈബിൾ കാലങ്ങളിലെ പുരാതന മനുഷ്യർ അപരിഷ്കൃത രൂപത്തിലുള്ള ഒരു ദൂരദർശിനി ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു ചിലർ വിചാരിക്കുന്നു. അല്ലെങ്കിൽപ്പിന്നെ, നക്ഷത്രങ്ങളുടെ എണ്ണം മനുഷ്യർക്ക് എണ്ണാൻ സാധിക്കാത്തവിധം അധികമാണെന്ന് അക്കാലത്തെ മനുഷ്യർ എങ്ങനെ മനസ്സിലാക്കി എന്നാണ് അവരുടെ വാദം. അത്തരം അടിസ്ഥാനരഹിതമായ അഭ്യൂഹം ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയെ അവഗണിച്ചുകൊണ്ടുള്ളതാണ്.—2 തിമൊഥെയൊസ് 3:16.
c 10,000 കോടി നക്ഷത്രങ്ങളെ എണ്ണാൻ തന്നെ എത്ര സമയം എടുക്കുമെന്നു ചിന്തിക്കുക. സെക്കൻഡിൽ ഒരെണ്ണം വീതം എണ്ണാൻ നിങ്ങൾക്കു സാധിച്ചാൽ—ദിവസത്തിന്റെ 24 മണിക്കൂറും അങ്ങനെ എണ്ണിക്കൊണ്ടിരിക്കുന്ന പക്ഷം—3,171 വർഷം എടുക്കും!