ബൈബിൾ പുസ്തക നമ്പർ 36—സെഫന്യാവ്
എഴുത്തുകാരൻ: സെഫന്യാവ്
എഴുതിയ സ്ഥലം: യഹൂദ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 648-നുമുമ്പ്
1. (എ) സെഫന്യാവിന്റെ സന്ദേശം അവന്റെ കാലത്തിനു യോജിച്ചതായിരുന്നത് എന്തുകൊണ്ട്? (ബി) അവന്റെ പേരിന്റെ അർഥം സാഹചര്യത്തിന് അനുയോജ്യമായത് എങ്ങനെ?
യഹൂദയിലെ യോശീയാവുരാജാവിന്റെ വാഴ്ചയുടെ (പൊ.യു.മു. 659-629) ആദ്യകാലത്തു ബാലാരാധന പ്രബലപ്പെട്ടിരുന്നതും “അന്യദൈവ പുരോഹിതൻമാർ” ഈ അശുദ്ധാരാധനയിൽ നേതൃത്വം വഹിച്ചിരുന്നതുമായ ഒരു സമയത്തു പ്രവാചകനായ സെഫന്യാവ് പ്രഖ്യാപിച്ച സന്ദേശത്താൽ യെരുശലേമിലെ ജനം ഞെട്ടിപ്പോയിരിക്കണം. സെഫന്യാവ് യഹൂദാ രാജഗൃഹത്തിലെ ഹിസ്കിയാവുരാജാവിന്റെ ഒരു വംശജനായിരിക്കാൻ സാധ്യതയുണ്ടെങ്കിലും അവൻ രാഷ്ട്രത്തിലെ അവസ്ഥകളെ അതിയായി വിമർശിക്കുന്നയാളായിരുന്നു. (സെഫ. 1:1, 4) അവന്റേതു നാശത്തിന്റെ ഒരു ദൂതായിരുന്നു. ദൈവജനം അനുസരണംകെട്ടവരായിത്തീർന്നിരുന്നു. യഹോവക്കുമാത്രമേ അവരെ നിർമലാരാധനയിൽ യഥാസ്ഥാനപ്പെടുത്തുന്നതിനും അവർ “ഭൂമിയിലെ സകല ജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും” ആയി സേവിക്കേണ്ടതിന് അവരെ അനുഗ്രഹിക്കുന്നതിനും കഴികയുളളു. (3:20) ദിവ്യ ഇടപെടലിനാൽ മാത്രമേ ഒരുവനു “യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാ”ൻ കഴിയുകയുളളു എന്നു സെഫന്യാവു ചൂണ്ടിക്കാട്ടി. (2:3) “യഹോവ മറച്ചിരിക്കുന്നു (നിക്ഷേപിച്ചിരിക്കുന്നു)” എന്നർഥമുളള സെഫന്യാ (എബ്രായ) എന്ന അവന്റെ പേർ എത്ര ഉചിതമാണ്!
2. സെഫന്യാവിന്റെ ശ്രമങ്ങൾ സഫലമായത് എങ്ങനെ, എന്നാൽ ഇതു താത്കാലികം മാത്രമായിരുന്നത് എന്തുകൊണ്ട്?
2 സെഫന്യാവിന്റെ ശ്രമങ്ങൾ സഫലമായി. എട്ടാം വയസ്സിൽ സിംഹാസനസ്ഥനായ യോശീയാവുരാജാവ് തന്റെ വാഴ്ചയുടെ 12-ാമാണ്ടിൽ “യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ” തുടങ്ങി. അവൻ വ്യാജാരാധനയെ പിഴുതുമാററുകയും “യഹോവയുടെ ആലയ”ത്തിന്റെ കേടുപോക്കുകയും പെസഹ ആഘോഷം പുനഃസ്ഥാപിക്കുകയും ചെയ്തു. (2 ദിന. അധ്യാ. 34, 35) എന്നിരുന്നാലും, യോശീയാവുരാജാവിന്റെ പരിഷ്കാരങ്ങൾ താത്കാലികംമാത്രമായിരുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ പിൻഗാമികളായി വന്ന മൂന്നു പുത്രൻമാരും പൗത്രൻമാരിൽ ഒരാളും “യഹോവക്കു അനിഷ്ടമായുളളതു ചെയ്തു.” (2 ദിന. 36:1-12) ഇതെല്ലാം സെഫന്യാവിന്റെ ഈ വാക്കുകളുടെ നിവൃത്തിയായിട്ടായിരുന്നു: “ഞാൻ പ്രഭുക്കൻമാരെയും രാജകുമാരൻമാരെയും . . . സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനൻമാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദർശിക്കും.”—സെഫ. 1:8, 9.
3. സെഫന്യാവ് എപ്പോൾ, എവിടെ പ്രവചിച്ചു, പുസ്തകത്തിൽ ഏത് ഇരുമടങ്ങായ സന്ദേശം അടങ്ങിയിരിക്കുന്നു?
3 മേൽപ്രസ്താവിച്ചതിൽനിന്നു യോശീയാവിന്റെ 12-ാം വർഷമായ പൊ.യു.മു. 648-നുമുമ്പ് ഒരു സമയത്തു ‘സെഫന്യാവിന്നു യഹോവയുടെ അരുളപ്പാട് ഉണ്ടായി’ എന്നു പ്രത്യക്ഷമാകുന്നു. ആദ്യവാക്യം അവൻ യഹൂദയിൽ സംസാരിക്കുന്നതായി തിരിച്ചറിയിക്കുന്നുവെന്നു മാത്രമല്ല, യെരുശലേമിലെ സ്ഥലങ്ങളെയും ആചാരങ്ങളെയുംകുറിച്ച് അവൻ പ്രകടമാക്കുന്ന വിശദമായ അറിവ് അവന്റെ യഹൂദയിലെ വാസത്തെ തെളിയിക്കുകയും ചെയ്യുന്നു. പുസ്തകത്തിൽ ഇരുമടങ്ങായ ദൂതടങ്ങിയിരിക്കുന്നു, ഭീഷകവും ആശ്വാസപ്രദവും. അത് ഏറെയും ആസന്നമായിരിക്കുന്ന ഭയാവഹമായ ഒരു ദിവസമായ, യഹോവയുടെ ദിവസത്തിൽ കേന്ദ്രീകരിക്കുന്നു. എന്നാൽ അതേസമയം, അതു യഥാർഥമായി “യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കു”ന്ന ഒരു എളിയ ജനത്തെ യഥാസ്ഥാനപ്പെടുത്തുമെന്നു മുൻകൂട്ടിപ്പറയുന്നു.—1:1, 7-18; 3:12.
4. സെഫന്യാവിന്റെ പുസ്തകം വിശ്വാസ്യവും ദൈവനിശ്വസ്തവുമാണെന്ന് എന്തു തെളിയിക്കുന്നു?
4 ഈ പ്രവചനപുസ്തകത്തിന്റെ വിശ്വാസ്യതയെ വിജയകരമായി ചോദ്യംചെയ്യുക സാധ്യമല്ല. സെഫന്യാവു മുൻകൂട്ടിപ്പറഞ്ഞശേഷം 40-ൽപ്പരം വർഷം കഴിഞ്ഞു പൊ.യു.മു. 607-ൽ യെരുശലേം നശിപ്പിക്കപ്പെട്ടു. ഇതിനു മതേതര ചരിത്രത്തിന്റെ വാക്കു നമുക്കുണ്ടെന്നു മാത്രമല്ല, സെഫന്യാവു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ ഇതു കൃത്യമായി സംഭവിച്ചുവെന്നതിനു ബൈബിളിൽതന്നെ ആന്തരിക തെളിവ് അടങ്ങിയിരിക്കുന്നു. യെരുശലേമിന്റെ നാശത്തിന് അൽപ്പകാലശേഷം താൻ സാക്ഷ്യംവഹിച്ച ഭീകരതകൾ തന്റെ മനസ്സിൽ തെളിഞ്ഞുനിന്നപ്പോൾ യിരെമ്യാവു വിലാപങ്ങളുടെ പുസ്തകമെഴുതി. പല ഭാഗങ്ങളുടെ ഒരു താരതമ്യം സെഫന്യാവിന്റെ സന്ദേശം തീർച്ചയായും “ദൈവനിശ്വസ്ത”മാണെന്നു തെളിയിക്കുന്നു. “യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിനു മുമ്പെ” അനുതപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സെഫന്യാവു മുന്നറിയിപ്പു നൽകുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതേസമയം യിരെമ്യാവ് “യഹോവ . . . തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു” എന്നു പറയുമ്പോൾ അവൻ സംഭവിച്ചുകഴിഞ്ഞ ഒന്നിനെയാണു പരാമർശിക്കുന്നത്. (സെഫ. 2:1; വിലാ. 4:11) യഹോവ “മനുഷ്യർ കുരുടൻമാരെപ്പോലെ നടക്കത്തക്കവണ്ണം . . . അവർക്കു കഷ്ടത വരുത്തും . . . അവരുടെ രക്തം പൊടിപോലെ . . . ചൊരിയും” എന്നു സെഫന്യാവ് മുൻകൂട്ടിപ്പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സെഫ. 1:17) യിരെമ്യാവ് ഇതിനെക്കുറിച്ചു പൂർത്തിയായ ഒരു വസ്തുതയായിട്ടാണു സംസാരിക്കുന്നത്: “അവർ തെരുവുകളിൽ കുരുടൻമാരായി അലഞ്ഞുനടന്നിരിക്കുന്നു. അവർ രക്തത്താൽ മലിനമായിത്തീർന്നിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—വിലാ. 4:14, NW; സെഫന്യാവു 1:13—വിലാപങ്ങൾ 5:2; സെഫന്യാവു 2:8, 10—വിലാപങ്ങൾ 1:9, 16-ഉം 3:61-ഉം എന്നിവയും താരതമ്യം ചെയ്യുക.
5. സെഫന്യാവിന്റെ പ്രവചനം കൃത്യമായി നിറവേറിയെന്നു ചരിത്രം തെളിയിക്കുന്നത് എങ്ങനെ?
5 ദൈവത്തിന്റെ മാർഗനിർദേശപ്രകാരം സെഫന്യാവു മുൻകൂട്ടിപ്പറഞ്ഞതുപോലെ, പുറജാതീയ ജനതകളുടെ, മോവാബിന്റെയും അമ്മോന്റെയും അതുപോലെതന്നെ തലസ്ഥാനമായ നീനെവേ ഉൾപ്പെടെ അസീറിയയുടെയും, നാശം ചരിത്രം സമാനമായി റിപ്പോർട്ടുചെയ്യുന്നു. നഹൂംപ്രവാചകൻ നീനെവേയുടെ നാശം മുൻകൂട്ടിപ്പറഞ്ഞതുപോലെ, (നഹൂം 1:1; 2:10) യഹോവ “നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും” എന്നു സെഫന്യാവ് പ്രഖ്യാപിച്ചു. (സെഫ. 2:13) ഏകദേശം 200 വർഷം കഴിഞ്ഞു ചരിത്രകാരനായ ഹെറോഡോട്ടസ് “നീനെവേപട്ടണം മുമ്പ് സ്ഥിതിചെയ്തിരുന്ന നദി”യെന്നു ടൈഗ്രീസിനെക്കുറിച്ച് എഴുതത്തക്കവണ്ണം ഈ നാശം അത്ര സമ്പൂർണമായിരുന്നു.a “ഇപ്പോൾ അതിന്റെ ഒരു കണികപോലും അവശേഷിച്ചിട്ടില്ല” എന്നു പൊ.യു. ഏതാണ്ട് 150-ൽ ഗ്രീക്ക് എഴുത്തുകാരനായ ലൂഷ്യൻ എഴുതി.b ആക്രമിക്കുന്ന സൈന്യങ്ങൾ “ടൈഗ്രീസിലെ പെട്ടെന്നുളള ഒരു വെളളപ്പൊക്കത്താൽ അതിയായി സഹായിക്കപ്പെട്ടു, അതു നഗരമതിലിന്റെ ഒരു വലിയ ഭാഗം ഒഴുക്കിക്കൊണ്ടുപോകുകയും ആ സ്ഥലത്തെ സംരക്ഷണമില്ലാത്തതായി വിടുകയും ചെയ്തു . . . ഗ്രീക്ക് കാലങ്ങളിലും റോമൻ കാലങ്ങളിലും നീനെവേ മിക്കവാറും ഒരു കെട്ടുകഥപോലെയായിത്തീരത്തക്കവണ്ണം ശൂന്യമാക്കൽ അത്ര പൂർണമായിരുന്നു. എന്നിരുന്നാലും എല്ലാ സമയത്തും നഗരത്തിന്റെ ഒരു ഭാഗം പ്രത്യക്ഷമായ ചപ്പുചവറുകൂനകൾക്കടിയിൽ മൂടിക്കിടന്നു” എന്നു ബൈബിളിന്റെ പുതിയ വെസ്ററ്മിനിസ്ററർ നിഘണ്ടു (1970), പേജ് 669 റിപ്പോർട്ടുചെയ്യുന്നു. പ്രവചിക്കപ്പെട്ടിരുന്നതുപോലെ, മോവാബും നശിപ്പിക്കപ്പെട്ടുവെന്നു 627-ാം പേജിൽ അതേ വാല്യം പ്രകടമാക്കുന്നു: “നെബുഖദ്നേസർ മോവാബ്യരെ കീഴടക്കി.” ജോസീഫസ് അമ്മോന്റെ പിടിച്ചടക്കലും റിപ്പോർട്ടുചെയ്യുന്നു.c മോവാബ്യരും അമ്മോന്യരും ഒടുവിൽ ഒരു ജനമെന്ന നിലയിൽ സ്ഥിതിചെയ്യാതായി.
6. അപ്പോൾ, സെഫന്യാവിനു ബൈബിൾകാനോനിൽ ന്യായമായ സ്ഥാനമുളളത് എന്തുകൊണ്ട്?
6 യഹൂദൻമാർ എല്ലായ്പോഴും സെഫന്യാവിനു നിശ്വസ്ത തിരുവെഴുത്തുകളുടെ കാനോനിൽ ന്യായമായ സ്ഥാനം കൊടുത്തിട്ടുണ്ട്. യഹോവയുടെ നാമത്തിൽ ഉച്ചരിക്കപ്പെട്ടിരിക്കുന്ന അതിലെ പ്രഖ്യാപനങ്ങൾ യഹോവയുടെ സംസ്ഥാപനത്തിനായി ശ്രദ്ധേയമായി നിവർത്തിക്കപ്പെട്ടിട്ടുണ്ട്.
സെഫന്യാവിന്റെ ഉളളടക്കം
7. യഹോവയുടെ മഹാദിവസം അവന്റെ ശത്രുക്കൾക്ക് എന്തു കൈവരുത്തും?
7 യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു (1:1-18). പുസ്തകം നാശത്തിന്റെ ഒരു ധ്വനിയോടെയാണു തുടങ്ങുന്നത്. “ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.” (1:2) മനുഷ്യനിലും മൃഗത്തിലും യാതൊന്നും ഒഴിവാകുകയില്ല. ബാലാരാധകരും അന്യദൈവ പുരോഹിതൻമാരും മേൽപ്പുരകളിൽ ആകാശത്തിലെ സൈന്യത്തെ ആരാധിക്കുന്നവരും യഹോവയുടെ ആരാധനയെ മൽക്കാമിന്റേതിനോടു കലർത്തുന്നവരും യഹോവയിൽനിന്നു പിൻമാറുന്നവരും അവനെ അന്വേഷിക്കുന്നതിൽ താത്പര്യമില്ലാത്തവരും—എല്ലാവരും നശിക്കേണ്ടതാണ്. പ്രവാചകൻ കൽപ്പിക്കുന്നു: “യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.” (1:7) യഹോവതന്നെ ഒരു ബലി ഒരുക്കിയിരിക്കുന്നു. പ്രഭുക്കൻമാരെയും വഞ്ചകൻമാരെയും ഹൃദയത്തിൽ ഉദാസീനരായവരെയും—എല്ലാവരെയും—അന്വേഷിച്ചുപിടിക്കും. അവരുടെ ധനവും സ്വത്തുക്കളും നാസ്തിയാക്കപ്പെടും. യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു! അതു “ക്രോധദിവസം, കഷ്ടവും സങ്കടവുമുളള ദിവസം, ശൂന്യതയും നാശവും ഉളള ദിവസം, ഇരുട്ടും അന്ധകാരവും ഉളള ദിവസം, മേഘവും മൂടലും ഉളള ദിവസം” ആണ്. യഹോവക്കെതിരെ പാപംചെയ്യുന്നവരുടെ രക്തം പൊടി പോലെ ചൊരിയും. “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെളളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല.” അവന്റെ തീക്ഷ്ണതാഗ്നി മുഴുഭൂമിയെയും വിഴുങ്ങും.—1:15, 18.
8. (എ) സംരക്ഷണം എങ്ങനെ കണ്ടെത്താം? (ബി) ജനതകൾക്കെതിരെ ഏതു കഷ്ടങ്ങൾ ഉച്ചരിക്കപ്പെടുന്നു?
8 യഹോവയെ അന്വേഷിക്കുക; ജനതകൾ നശിപ്പിക്കപ്പെടും (2:1-15). ആ ദിവസം പതിർപോലെ കടന്നുപോകുന്നതിനു മുമ്പു സൗമ്യതയുളളവർ ‘യഹോവയെ അന്വേഷിക്കട്ടെ . . . നീതി അന്വേഷിക്കട്ടെ; സൌമ്യത അന്വേഷിക്കട്ടെ,’ നിങ്ങൾ ‘യഹോവയുടെ കോപദിവസത്തിൽ മറയ്ക്കപ്പെട്ടേക്കാം.’ (2:3) ഫെലിസ്ത്യദേശത്തു കഷ്ടം ഉച്ചരിച്ചുകൊണ്ടു യഹോവയുടെ അരുളപ്പാടു തുടരുന്നു, ആ ദേശം പിന്നീടു “യഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും.” അഹങ്കാരികളായ മോവാബും അമ്മോനും, സോദോമും ഗൊമോറയും പോലെ ശൂന്യമാക്കപ്പെടും, എന്തുകൊണ്ടെന്നാൽ അവർ “സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നു.” അവരുടെ ദൈവങ്ങൾ അവരോടുകൂടെ നശിക്കും. (2:7, 10) യഹോവയുടെ “വാൾ” എത്യോപ്യരെയും നിഗ്രഹിക്കും. വടക്ക്, തലസ്ഥാനമായ നീനെവേയോടുകൂടിയ അസീറിയായെ സംബന്ധിച്ചെന്ത്? അത് ഒരു വരണ്ട മരുഭൂമിയും കാട്ടുമൃഗങ്ങളുടെ പാർപ്പിടവുമായിത്തീരും, അതെ, “അതിന്നരികെ കൂടി പോകുന്ന ഏവനും” വിസ്മയിച്ചു “ചൂളകുത്ത”ത്തക്കവണ്ണം ഒരു അതിശയവിഷയമായിത്തീരും.—2:12, 15.
9. (എ) അതു യെരുശലേമിനു കഷ്ടം ആകുന്നതെന്തുകൊണ്ട്, ജനതകളെ സംബന്ധിച്ച യഹോവയുടെ ന്യായത്തീർപ്പ് എന്താണ്? (ബി) ഏതു സന്തോഷസ്വരത്തിൽ പ്രവചനം അവസാനിക്കുന്നു?
9 മത്സരിയായ യെരുശലേമിനോടു കണക്കുചോദിക്കുന്നു; താഴ്മയുളള ശേഷിപ്പ് അനുഗ്രഹിക്കപ്പെടുന്നു (3:1-20). മത്സരിയും മർദകയുമായ യെരുശലേംനഗരത്തിനും ഹാ കഷ്ടം! അവളുടെ പ്രഭുക്കൻമാരായ, ‘ഗർജ്ജിക്കുന്ന സിംഹങ്ങളും,’ ‘വിശ്വാസപാതകൻമാരായ’ പ്രവാചകൻമാരും അവളുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചിട്ടില്ല. അവൻ പൂർണമായ കണക്കു ചോദിക്കും. അവളുടെ നിവാസികൾ യഹോവയെ ഭയപ്പെടുകയും ശിക്ഷണം സ്വീകരിക്കുകയും ചെയ്യുമോ? ഇല്ല, എന്തെന്നാൽ ‘അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോരുന്നു.’ (3:3, 4, 7) ജനതകളെ കൂട്ടിച്ചേർത്ത് അവരുടെമേൽ തന്റെ ഉഗ്രകോപമെല്ലാം പകരുകയെന്നതു യഹോവയുടെ ന്യായത്തീർപ്പാണ്. സർവഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിയാൽ വിഴുങ്ങപ്പെടും. എന്നാൽ അത്ഭുതകരമായ ഒരു വാഗ്ദത്തമുണ്ട്! യഹോവ, “ജനങ്ങളെല്ലാം തോളോടു തോൾചേർന്നു യഹോവയെ സേവിക്കേണ്ടതിന്ന്, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതിന്ന് അവർക്കു നിർമലഭാഷയിലേക്കുളള ഒരു മാററം കൊടുക്കും.” (3:9, NW) അഹങ്കാരത്തോടെ ഉല്ലസിക്കുന്നവർ നീക്കംചെയ്യപ്പെടും, നീതി ചെയ്യുന്ന താഴ്മയുളള ഒരു ശേഷിപ്പു യഹോവയുടെ നാമത്തിൽ അഭയം കണ്ടെത്തും. സന്തോഷകരമായ ആർപ്പുവിളികളും, ഘോഷങ്ങളും സന്തോഷിക്കലും ആഹ്ലാദവും സീയോനിൽ പൊട്ടിപ്പുറപ്പെടുന്നു, എന്തെന്നാൽ സീയോന്റെ രാജാവായ യഹോവ അവരുടെ മധ്യേ ഉണ്ട്. ഇതു ഭയപ്പെടാനോ തളർന്നുപോകാനോ ഉളള സമയമല്ല, എന്തുകൊണ്ടെന്നാൽ യഹോവ തന്റെ സ്നേഹത്തിലും സന്തോഷത്തിലും രക്ഷിക്കുകയും അവരെക്കുറിച്ചു സന്തോഷിക്കുകയും ചെയ്യും. “നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകല ജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.”—3:20.
എന്തുകൊണ്ടു പ്രയോജനപ്രദം
10. യോശീയാവുരാജാവിന്റെ നാളിൽ സെഫന്യാവിന്റെ പ്രവചനം എന്തു പ്രയോജനം ചെയ്തു?
10 യോശീയാവുരാജാവ് സെഫന്യാവിന്റെ മുന്നറിയിപ്പിൻദൂതു ശ്രദ്ധിക്കുകയും അതിൽനിന്ന് അതിയായി പ്രയോജനമനുഭവിക്കുകയും ചെയ്ത ഒരാളായിരുന്നു. അവൻ മതപരമായ നവീകരണത്തിന്റെ ഒരു വലിയ പ്രസ്ഥാനത്തിൽ ഏർപ്പെട്ടു. ഇത്, യഹോവയുടെ ആലയത്തിന്റെ കേടുപോക്കാതെയായപ്പോൾ നഷ്ടപ്പെട്ടിരുന്ന ന്യായപ്രമാണപുസ്തകവും കണ്ടെത്താനിടയാക്കി. ഈ പുസ്തകത്തിൽനിന്ന് അനുസരണക്കേടിന്റെ പരിണതഫലങ്ങൾ വായിച്ചുകേട്ടപ്പോൾ യോശീയാവു ദുഃഖിതനായി. അതു സെഫന്യാവ് ഈ കാലമത്രയും പ്രവചിച്ചുകൊണ്ടിരുന്നതിനെ മറെറാരു സാക്ഷിയായ മോശയുടെ വായാൽ സ്ഥിരീകരിച്ചു. ഇപ്പോൾ യോശീയാവ് ദൈവമുമ്പാകെ തന്നെത്താൻ താഴ്ത്തി, മുൻകൂട്ടിപ്പറയപ്പെട്ട നാശം അവന്റെ നാളിൽ സംഭവിക്കുകയില്ലെന്നു യഹോവ വാഗ്ദാനംചെയ്തുവെന്നതായിരുന്നു അതിന്റെ ഫലം. (ആവ. അധ്യാ. 28-30; 2 രാജാ. 22:8-20) ദേശത്തെ നാശത്തിൽനിന്ന് ഒഴിവാക്കിയിരുന്നു! എന്നാൽ ദീർഘനാളത്തേക്കല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ യോശീയാവിന്റെ പുത്രൻമാർ അവൻ വെച്ച നല്ല മാതൃക പിന്തുടരുന്നതിൽ പരാജയപ്പെട്ടു. എന്നിരുന്നാലും, യോശീയാവിനെയും അവന്റെ ജനത്തെയും സംബന്ധിച്ചടത്തോളം ‘സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാടിനു’ ശ്രദ്ധ കൊടുക്കുന്നതു തീർച്ചയായും അത്യന്തം പ്രയോജനപ്രദമാണെന്നു തെളിഞ്ഞു.—സെഫ. 1:1.
11. (എ) ആരോഗ്യപ്രദമായ ബുദ്ധ്യുപദേശം കൊടുക്കുന്നതിൽ സെഫന്യാവ് ഗിരിപ്രഭാഷണത്തോടും എബ്രായർക്കുളള പൗലൊസിന്റെ ലേഖനത്തോടും ബന്ധിപ്പിക്കപ്പെടുന്നത് എങ്ങനെ? (ബി) “പക്ഷെ നിങ്ങൾക്കു . . . മറഞ്ഞിരിക്കാം” എന്നു സെഫന്യാവു പറയുന്നത് എന്തുകൊണ്ട്?
11 ദൈവത്തിന്റെ ഏററവും വലിയ പ്രവാചകനായ ക്രിസ്തുയേശു തന്റെ സുപ്രസിദ്ധ ഗിരിപ്രഭാഷണത്തിൽ സെഫന്യാവു 2-ാം അധ്യായം 3-ാം വാക്യത്തിലെ അവന്റെ ബുദ്ധ്യുപദേശത്തോടു ശ്രദ്ധേയമായി സമാനമായ വാക്കുകൾ സംസാരിച്ചുകൊണ്ട് അവൻ ദൈവത്തിന്റെ ഒരു സത്യപ്രവാചകനായിരുന്നു എന്നതിനെ പിന്താങ്ങി. “ഭൂമിയിലെ സകല സൌമ്യൻമാരുമായുളേളാരേ [യഹോവയെ] അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ.” യേശുവിന്റെ ബുദ്ധ്യുപദേശം ഇതായിരുന്നു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്താ. 6:33) “യഹോവയെ വിട്ടു പിൻമാറിയവരെയും യഹോവയെ അന്വേഷിക്കുകയോ അവനെക്കുറിച്ചു ചോദിക്കുകയോ ചെയ്യാത്തവരെയും” “യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന”വരെയും കുറിച്ചു സംസാരിച്ചപ്പോൾ സെഫന്യാവു മുന്നറിയിപ്പുകൊടുത്ത ഉദാസീനതക്കെതിരെ, ഒന്നാമതായി ദൈവരാജ്യം അന്വേഷിക്കുന്നവർ ജാഗരിക്കണം. (സെഫ. 1:6, 12) എബ്രായർക്കുളള തന്റെ ലേഖനത്തിൽ പൗലൊസ് അതുപോലെതന്നെ വരാനിരിക്കുന്ന ഒരു ന്യായവിധിദിവസത്തെക്കുറിച്ചു പറയുകയും പിൻമാറിപ്പോകുന്നതിനെതിരെ മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുന്നു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നാമോ നാശത്തിലേക്കു പിൻമാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.” (എബ്രാ. 10:30, 37-39) വിട്ടുപോകുന്നവരോടോ വിലമതിപ്പില്ലാത്തവരോടോ അല്ല, പിന്നെയോ യഹോവയെ സൗമ്യമായും ആത്മാർഥമായും വിശ്വാസത്തോടെ അന്വേഷിക്കുന്നവരോടാണു പ്രവാചകൻ “പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം” എന്നു പറയുന്നത്. എന്തുകൊണ്ടു “പക്ഷെ”? എന്തുകൊണ്ടെന്നാൽ അന്തിമരക്ഷ വ്യക്തിയുടെ പ്രവർത്തനഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. (മത്താ. 24:13) നമുക്കു ദൈവത്തിന്റെ കരുണ കിട്ടുമെന്നു സങ്കൽപ്പിക്കാൻ കഴിയില്ലെന്നുളളതിന്റെ ഒരു ഓർമിപ്പിക്കൽകൂടെയാണത്. സന്ദേഹമില്ലാത്തവരുടെമേൽ ആ ദിവസം പൊട്ടിവീഴുന്നതിന്റെ ശീഘ്രതസംബന്ധിച്ചു യാതൊരു സംശയവും സെഫന്യാവിന്റെ പ്രവചനം അവശേഷിപ്പിക്കുന്നില്ല.—സെഫ. 2:3; 1:14, 15; 3:8.
12. “യഹോവയെ അന്വേഷി”ക്കുന്നവർക്കു സെഫന്യാവ് ധൈര്യത്തിന് എന്തടിസ്ഥാനം നൽകുന്നു?
12 അപ്പോൾ, യഹോവക്കെതിരെ പാപംചെയ്യുന്നവർക്കു നാശം സൂചിപ്പിക്കുന്നതും എന്നാൽ അനുതാപപൂർവം “യഹോവയെ അന്വേഷിക്കു”ന്നവർക്ക് അനുഗ്രഹത്തിന്റെ ശോഭനമായ പൂർവവീക്ഷണങ്ങൾ കൊടുക്കുന്നതുമായ ഒരു സന്ദേശമാണിവിടെയുളളത്. അനുതാപമുളളവർക്കു ധൈര്യപ്പെടാവുന്നതാണ്, എന്തുകൊണ്ടെന്നാൽ സെഫന്യാവു പറയുന്നു: “യിസ്രായേലിന്റെ രാജാവായ യഹോവ നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു.” ഇതു സീയോനു ഭയപ്പെടുന്നതിനോ നിഷ്ക്രിയത്വത്തിൽ തളർന്നുപോകുന്നതിനോ ഉളള സമയമല്ല. ഇതു യഹോവയിൽ ആശ്രയിക്കുന്നതിനുളള സമയമാണ്. “യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.” സ്നേഹപൂർവകമായ സംരക്ഷണത്തിന്റെയും നിത്യാനുഗ്രഹങ്ങളുടെയും പ്രതീക്ഷയിൽ ‘മുമ്പെ അവന്റെ രാജ്യം അന്വേഷിക്കുന്നവരും’ സന്തുഷ്ടരാണ്!—3:15-17.
[അടിക്കുറിപ്പുകൾ]
a മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയാ, 1981 പുനർമുദ്രണം, വാല്യം VII, പേജ് 112.
b ലൂഷ്യൻ, എ. എം. ഹാർമോൺ വിവർത്തനംചെയ്തത്, 1968, വാല്യം II, പേ. 443.
c യഹൂദ പുരാതനത്വങ്ങൾ, X, 181, 182 (ix, 7).