അധ്യായം 16
“നെറ്റിയിൽ അടയാളമിടുക”
മുഖ്യവിഷയം: യഹസ്കേലിന്റെ കാലത്തെ വിശ്വസ്തർക്ക് അതിജീവനത്തിനുള്ള അടയാളം ലഭിച്ചത് എങ്ങനെ, അതിന് ഇന്ന് എന്തു പ്രസക്തിയാണുള്ളത്
1-3. (എ) യഹസ്കേൽ സ്തബ്ധനായിപ്പോയത് എന്തുകൊണ്ട്, യരുശലേമിന്റെ നാശത്തെക്കുറിച്ച് അദ്ദേഹത്തിന് എന്തു മനസ്സിലായി? (ബി) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
യഹസ്കേൽ ആകെ സ്തബ്ധനായിപ്പോയി! വിശ്വാസത്യാഗികളായ ജൂതന്മാർ യരുശലേമിലെ ദേവാലയത്തിൽവെച്ച് ചെയ്തുകൊണ്ടിരിക്കുന്ന വൃത്തികെട്ട കാര്യങ്ങളെല്ലാം അദ്ദേഹം ഇപ്പോൾ ഒരു ദിവ്യദർശനത്തിൽ കണ്ടതേ ഉള്ളൂ.a ഇസ്രായേലിൽ ശുദ്ധാരാധനയുടെ കേന്ദ്രമായിരുന്ന പരിശുദ്ധമായൊരു സ്ഥലമാണ് ആ ധിക്കാരികൾ മലിനമാക്കിയിരിക്കുന്നത്. എന്നാൽ മലിനമായതു ദേവാലയം മാത്രമല്ല. യഹൂദാദേശം മുഴുവൻ അക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രതീക്ഷയ്ക്കു വകയില്ലാത്ത വിധം പരിതാപകരമായിരുന്നു അവിടത്തെ അവസ്ഥ. താൻ തിരഞ്ഞെടുത്ത ജനം ചെയ്തുകൂട്ടുന്നതെല്ലാം കണ്ട് മനംനൊന്ത യഹോവ ഒടുവിൽ യഹസ്കേലിനോടു പറഞ്ഞു: “ഞാൻ ഉഗ്രകോപത്തോടെ അവർക്കെതിരെ തിരിയും.”—യഹ. 8:17, 18.
2 യരുശലേമും അവിടെ പരിപാവനമായി നിലകൊണ്ടിരുന്ന ദേവാലയവും യഹോവയുടെ കോപത്തിനു പാത്രമായി നശിപ്പിക്കപ്പെടുമെന്ന് അറിഞ്ഞപ്പോൾ യഹസ്കേലിന് എത്രമാത്രം വേദന തോന്നിയിരിക്കാം! യഹസ്കേലിന്റെ മനസ്സിലൂടെ അപ്പോൾ ചില ചോദ്യങ്ങൾ കടന്നുപോയിക്കാണും: ‘നഗരത്തിലെ വിശ്വസ്തരായ മനുഷ്യരുടെ കാര്യം എന്താകും? അവർ രക്ഷപ്പെടുമോ? രക്ഷപ്പെടുമെങ്കിൽ എങ്ങനെയായിരിക്കും?’ ഉത്തരത്തിനായി യഹസ്കേലിന് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. യരുശലേമിന് എതിരെയുള്ള ദൈവത്തിന്റെ ശക്തമായ ന്യായവിധിസന്ദേശം കേട്ട് അധികം വൈകാതെ, ആ ന്യായവിധി നടപ്പാക്കാൻ ചിലരെ വിളിച്ചുകൂട്ടുന്ന ഉച്ചത്തിലുള്ള ഒരു ശബ്ദവും യഹസ്കേൽ കേട്ടു. (യഹ. 9:1) എന്നാൽ ആ ദർശനത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കണ്ടപ്പോൾ പ്രവാചകന് ഒരു കാര്യം മനസ്സിലായി: വരാൻപോകുന്ന നാശം മുന്നും പിന്നും നോക്കാതെ എല്ലാവരെയും കൊന്നൊടുക്കുന്ന ഒന്നല്ല; അതിജീവിക്കാൻ അർഹതയുള്ളവർ അതിനെ അതിജീവിക്കുകതന്നെ ചെയ്യും. യഹസ്കേലിന് ഇപ്പോൾ എത്ര ആശ്വാസമായിക്കാണും!
3 ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം മുന്നിൽക്കണ്ട് ജീവിക്കുന്നവരാണു നമ്മൾ. തൊട്ടടുത്ത് എത്തിയിരിക്കുന്ന ആ വലിയ നാശത്തെ ആരെങ്കിലും അതിജീവിക്കുമോ എന്ന് യഹസ്കേലിനെപ്പോലെ നമ്മളും ചിന്തിച്ചേക്കാം. അങ്ങനെയെങ്കിൽ പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള ചർച്ച നമ്മളെ സഹായിക്കും: (1) ദിവ്യദർശനത്തിൽ യഹസ്കേൽ അടുത്തതായി എന്താണു കണ്ടത്? (2) ആ ദർശനം യഹസ്കേലിന്റെ കാലത്ത് എങ്ങനെ നിറവേറി? (3) ആ പ്രാവചനികദർശനത്തിനു നമ്മുടെ നാളിൽ എന്തു പ്രാധാന്യമാണുള്ളത്?
“ശിക്ഷിക്കാനുള്ളവരെ വിളിച്ചുകൂട്ടൂ!”
4. ദർശനത്തിൽ യഹസ്കേൽ അടുത്തതായി എന്താണു കാണുകയും കേൾക്കുകയും ചെയ്തതെന്നു വിവരിക്കുക.
4 ദർശനത്തിൽ അടുത്തതായി യഹസ്കേൽ എന്താണു കണ്ടത്? (യഹസ്കേൽ 9:1-11 വായിക്കുക.) “വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിന്റെ ദിശയിൽനിന്ന്” അതാ, ഏഴു പുരുഷന്മാർ വരുന്നു. രോഷത്തിന്റെ പ്രതീകമുണ്ടായിരുന്ന സ്ഥലവും സ്ത്രീകൾ തമ്മൂസ് ദേവനെച്ചൊല്ലി വിലപിച്ച സ്ഥലവും ഒരുപക്ഷേ ആ കവാടത്തിന് അടുത്തായിരുന്നിരിക്കാം. (യഹ. 8:3, 14) ആ ഏഴു പുരുഷന്മാർ ദേവാലയത്തിന്റെ അകത്തെ മുറ്റത്ത് പ്രവേശിച്ച് ചെമ്പുകൊണ്ടുള്ള യാഗപീഠത്തിന് അടുത്ത് വന്ന് നിന്നു. എന്നാൽ അവർ ബലിയർപ്പിക്കാനല്ല അവിടെ വന്നത്. കാരണം ആ ആലയത്തിൽ അർപ്പിക്കുന്ന ബലികളൊന്നും യഹോവയ്ക്ക് ഇപ്പോൾ സ്വീകാര്യമല്ലാതായിത്തീർന്നിരുന്നു. ആ പുരുഷന്മാരിൽ ആറു പേർ ‘തകർക്കാനുള്ള ആയുധവും പിടിച്ചാണു’ നിന്നിരുന്നത്. എന്നാൽ ഏഴാമത്തെ ആൾ അവരിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു. അയാൾ ലിനൻവസ്ത്രമാണു ധരിച്ചിരുന്നത്. അയാളുടെ കൈയിലുണ്ടായിരുന്നതാകട്ടെ ആയുധത്തിനു പകരം ‘സെക്രട്ടറിയുടെ എഴുത്തുപകരണങ്ങളുള്ള ഒരു ചെപ്പായിരുന്നു,’ അഥവാ അടിക്കുറിപ്പിൽ കാണുന്നതുപോലെ ‘ശാസ്ത്രിയുടെ മഷിച്ചെപ്പായിരുന്നു.’
5, 6. അടയാളം കിട്ടിയവരെക്കുറിച്ച് നമുക്ക് എന്ത് അനുമാനിക്കാം? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
5 എഴുത്തുപകരണച്ചെപ്പുള്ള ആ മനുഷ്യന്റെ ദൗത്യം എന്തായിരുന്നു? വളരെ ഘനമേറിയ ഒരു ഉത്തരവാദിത്വം യഹോവതന്നെ അദ്ദേഹത്തിനു നൽകി: “യരുശലേംനഗരത്തിലൂടെ സഞ്ചരിച്ച്, അവിടെ നടമാടുന്ന എല്ലാ വൃത്തികേടുകളും കാരണം നെടുവീർപ്പിട്ട് ഞരങ്ങുന്ന മനുഷ്യരുടെ നെറ്റിയിൽ അടയാളമിടുക.” ഇതു കേട്ടപ്പോൾ യഹസ്കേലിന്റെ മനസ്സിലേക്ക് ഓടിയെത്തിയതു പണ്ടു നടന്ന ഒരു സംഭവമായിരിക്കാം. അന്നു വിശ്വസ്തരായ ഇസ്രായേല്യമാതാപിതാക്കൾ തങ്ങളുടെ ആദ്യജാതന്മാരെ നാശത്തിൽനിന്ന് സംരക്ഷിക്കാനുള്ള അടയാളമായി വാതിലിന്റെ മേൽപ്പടിയിലും വീടിന്റെ രണ്ടു കട്ടിളക്കാലിലും രക്തംകൊണ്ടുള്ള അടയാളമിട്ടു. (പുറ. 12:7, 22, 23) യഹസ്കേലിന്റെ ദർശനത്തിലെ, എഴുത്തുപകരണച്ചെപ്പുള്ള ആ മനുഷ്യൻ അടയാളമിട്ടതും ഇതുപോലൊരു കാര്യത്തിനുവേണ്ടിയാണോ? യരുശലേം നശിപ്പിക്കപ്പെടുമ്പോൾ ആരെയെല്ലാം ജീവനോടെ വെക്കണമെന്നു സൂചിപ്പിക്കാനാണോ അങ്ങനെ ചെയ്തത്?
6 എന്തിന്റെ അടിസ്ഥാനത്തിലാണ് അടയാളമിട്ടത് എന്നു നോക്കിയാൽ അതിനുള്ള ഉത്തരം വ്യക്തമാകും. ‘യരുശലേംനഗരത്തിൽ നടമാടുന്ന’ എല്ലാ വൃത്തികേടുകളും കാരണം ‘നെടുവീർപ്പിട്ട് ഞരങ്ങുന്നവരുടെ’ നെറ്റിയിലായിരുന്നു അടയാളമിടേണ്ടത്. ഇതിൽനിന്ന് അടയാളം കിട്ടിയവരെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം? ഒന്നാമതായി, ദേവാലയത്തിലെ വിഗ്രഹാരാധനയും യരുശലേമിലെങ്ങും നടമാടിയ അക്രമവും അധാർമികതയും വഷളത്തവും അവരുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. (യഹ. 22:9-12) ഇനി, സാധ്യതയനുസരിച്ച് അവർ ആ വികാരങ്ങൾ ഹൃദയത്തിൽ മാത്രം ഒതുക്കിനിറുത്തുന്നവരുമായിരുന്നില്ല. ആത്മാർഥഹൃദയരായ അവരുടെ വാക്കുകളിലും പ്രവൃത്തികളിലും, അന്നാട്ടിൽ നടമാടിക്കൊണ്ടിരുന്ന കാര്യങ്ങളോടുള്ള വെറുപ്പും ശുദ്ധാരാധനയോടുള്ള കൂറും തീർച്ചയായും തെളിഞ്ഞുനിന്നിരുന്നു. അതിജീവിക്കാൻ അർഹരായ ഇവരെ കരുണാമയനായ യഹോവ ജീവനോടെ രക്ഷിക്കുമായിരുന്നു.
7, 8. തകർക്കാനുള്ള ആയുധം കൈയിൽപ്പിടിച്ചിരുന്ന ആറു പുരുഷന്മാർ അവരുടെ ദൗത്യം നിറവേറ്റേണ്ടത് എങ്ങനെയായിരുന്നു, അവസാനം എന്തു സംഭവിച്ചു?
7 അങ്ങനെയെങ്കിൽ, തകർക്കാനുള്ള ആയുധം കൈയിൽപ്പിടിച്ചിരുന്ന ആറു പുരുഷന്മാർ അവരുടെ ദൗത്യം നിറവേറ്റേണ്ടത് എങ്ങനെയായിരുന്നു? യഹോവ അവർക്കു നിർദേശങ്ങൾ കൊടുക്കുന്നത് യഹസ്കേൽ കേട്ടു. എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യൻ അടയാളമിട്ട് കഴിയുമ്പോൾ, നെറ്റിയിൽ അടയാളം ഇല്ലാത്ത എല്ലാവരെയും കൊന്നുകളയാനായിരുന്നു നിർദേശം. “എന്റെ വിശുദ്ധമന്ദിരത്തിൽനിന്നുതന്നെ സംഹാരം തുടങ്ങൂ” എന്ന് യഹോവ പറഞ്ഞു. (യഹ. 9:6) യരുശലേമിന്റെ ഹൃദയത്തിൽനിന്ന്, ദേവാലയത്തിൽനിന്നുതന്നെയാണ്, അവർ സംഹാരം തുടങ്ങേണ്ടിയിരുന്നത്. യഹോവയുടെ കണ്ണിൽ ആ ദേവാലയത്തിന്റെ പവിത്രതയെല്ലാം നഷ്ടപ്പെട്ടിരുന്നു. ‘ഭവനത്തിനു മുന്നിലുള്ള മൂപ്പന്മാരാണ്’ ആദ്യം കൊല്ലപ്പെട്ടത്. ദേവാലയത്തിൽവെച്ച് വ്യാജദൈവങ്ങൾക്കു സുഗന്ധക്കൂട്ട് അർപ്പിച്ചവരായിരുന്നു ആ 70 ഇസ്രായേല്യമൂപ്പന്മാർ.—യഹ. 8:11, 12; 9:6.
8 അവസാനം എന്തു സംഭവിച്ചു? യഹസ്കേൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ആ മനുഷ്യൻ തിരികെ വന്ന് യഹോവയോടു പറഞ്ഞു: “അങ്ങ് കല്പിച്ചതെല്ലാം ഞാൻ അതുപടി ചെയ്തിട്ടുണ്ട്.” (യഹ. 9:11) ഇതു വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർന്നേക്കാം: ‘യരുശലേംനിവാസികൾക്ക് ഒടുവിൽ എന്തു സംഭവിച്ചു? യരുശലേമിന്റെ നാശത്തെ അതിജീവിച്ച വിശ്വസ്തരായ ആരെങ്കിലുമുണ്ടായിരുന്നോ?’
യഹസ്കേലിന്റെ കാലത്ത് ആ ദർശനം നിറവേറിയ വിധം
9, 10. യരുശലേമിന്റെ നാശത്തെ അതിജീവിച്ച വിശ്വസ്തരായ ചിലർ ആരെല്ലാം, അവരെക്കുറിച്ച് നമുക്ക് എന്ത് അനുമാനിക്കാം?
9 2 ദിനവൃത്താന്തം 36:17-20 വായിക്കുക. ബി.സി. 607-ൽ ബാബിലോണിയൻസേന യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചപ്പോൾ യഹസ്കേലിന്റെ പ്രവചനം നിറവേറി. അവിശ്വസ്തത കാണിച്ച യരുശലേമിനെ ശിക്ഷിക്കാൻ തന്റെ ‘കൈയിലെ പാനപാത്രമായി,’ അഥവാ ഉപകരണമായി യഹോവ ഉപയോഗിച്ചവരായിരുന്നു ബാബിലോൺകാർ. (യിരെ. 51:7) പക്ഷേ ഒന്നും നോക്കാതെ സകലരെയും കൊന്നൊടുക്കിയ ഒരു നാശമായിരുന്നോ അത്? അല്ല. ബാബിലോൺകാർ എല്ലാവരെയും കൊന്നുകളയില്ല എന്ന് യഹസ്കേലിന്റെ ദർശനം മുൻകൂട്ടിപ്പറഞ്ഞിരുന്നു.—ഉൽപ. 18:22-33; 2 പത്രോ. 2:9.
10 വിശ്വസ്തരായ പലരും ആ നാശത്തെ അതിജീവിച്ചു. അക്കൂട്ടത്തിൽപ്പെട്ടവരായിരുന്നു രേഖാബ്യർ, എത്യോപ്യക്കാരനായ ഏബെദ്-മേലെക്ക്, യിരെമ്യ പ്രവാചകൻ, അദ്ദേഹത്തിന്റെ സെക്രട്ടറിയായ ബാരൂക്ക് എന്നിവർ. (യിരെ. 35:1-19; 39:15-18; 45:1-5) യരുശലേമിൽ നടമാടിയിരുന്ന ‘എല്ലാ വൃത്തികേടുകളും കാരണം നെടുവീർപ്പിട്ട് ഞരങ്ങുന്നവരായിരുന്നു’ അവർ എന്ന് യഹസ്കേലിന്റെ ദർശനത്തിൽനിന്ന് നമുക്ക് അനുമാനിക്കാം. (യഹ. 9:4) തങ്ങൾ ദുഷ്ടതയെ ഉള്ളുകൊണ്ട് വെറുക്കുന്നെന്നും ശുദ്ധാരാധനയോടു കൂറുള്ളവരാണെന്നും നാശത്തിനു മുമ്പുതന്നെ അവർ തെളിയിച്ചിട്ടുണ്ടാകണം. അങ്ങനെ അവർ അതിജീവിക്കാനുള്ള യോഗ്യത നേടി.
11. തകർക്കാനുള്ള ആയുധങ്ങൾ കൈയിലുള്ള ആറു പുരുഷന്മാരും സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനും ആരെയാണു പ്രതീകപ്പെടുത്തിയത്?
11 അക്ഷരാർഥത്തിൽ ആ വിശ്വസ്തരുടെ നെറ്റിയിൽ അതിജീവനത്തിനുള്ള ഒരു അടയാളമിട്ടോ? യഹസ്കേലോ മറ്റ് ഏതെങ്കിലും പ്രവാചകനോ യരുശലേമിലൂടെ സഞ്ചരിച്ച് വിശ്വസ്തരായവരുടെ നെറ്റിയിൽ അടയാളമിട്ടതായി ഒരു രേഖയും ഇല്ല. സാധ്യതയനുസരിച്ച് സ്വർഗീയമണ്ഡലത്തിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് യഹസ്കേലിന്റെ പ്രാവചനികദർശനം ഇവിടെ പറയുന്നത്. അതുകൊണ്ടുതന്നെ അതു മനുഷ്യർക്കാർക്കും കാണാൻ കഴിയില്ലായിരുന്നു. ദർശനത്തിൽ കണ്ട സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനും, തകർക്കാനുള്ള ആയുധങ്ങൾ കൈയിൽപ്പിടിച്ചിരുന്ന ആറു പുരുഷന്മാരും യഹോവയുടെ വിശ്വസ്തരായ ആത്മപുത്രന്മാരെയാണു പ്രതീകപ്പെടുത്തിയത്. യഹോവയുടെ ഇഷ്ടം നടപ്പാക്കാൻ എപ്പോഴും സന്നദ്ധരായി നിൽക്കുന്നവരാണ് ആ ആത്മവ്യക്തികൾ. (സങ്കീ. 103:20, 21) അവിശ്വസ്തത കാണിച്ച യരുശലേമിന് എതിരെ ന്യായവിധി നടപ്പാക്കിയപ്പോൾ അതിന്റെ ഗതി നിയന്ത്രിക്കാൻ യഹോവ തീർച്ചയായും തന്റെ ദൂതന്മാരെ ഉപയോഗിച്ചു. ന്യായവിധി നടപ്പാക്കുമ്പോൾ എല്ലാവരും കൊല്ലപ്പെടുന്നില്ലെന്നും അതിജീവിക്കേണ്ടവരെല്ലാം അതിജീവിക്കുന്നെന്നും ഉറപ്പുവരുത്തിയതിലൂടെ ദൂതന്മാർ ഒരർഥത്തിൽ, അതിജീവിക്കേണ്ടവരുടെ നെറ്റിയിൽ ആലങ്കാരികമായി അടയാളമിടുകയായിരുന്നു.
യഹസ്കേലിന്റെ ദർശനത്തിനു നമ്മുടെ നാളിലുള്ള പ്രസക്തി
12, 13. (എ) യഹോവ യരുശലേമിന്റെ മേൽ ക്രോധം ചൊരിഞ്ഞത് എന്തുകൊണ്ട്, യഹോവ ഇന്നും അങ്ങനെതന്നെ പ്രവർത്തിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്? (ബി) അവിശ്വസ്തയരുശലേമിന്റെ പ്രതിമാതൃകയാണോ ക്രൈസ്തവലോകം? വിശദീകരിക്കുക. (“ക്രൈസ്തവലോകം യരുശലേമിന്റെ പ്രതിമാതൃകയോ?” എന്ന ചതുരം കാണുക.)
12 നമ്മൾ ഇന്നു ജീവിക്കുന്നതും ദൈവം തന്റെ ന്യായവിധി നടപ്പാക്കാൻപോകുന്ന ഒരു കാലത്താണ്. സമാനതകളില്ലാത്ത ഒരു സംഭവമായിരിക്കും അത്. “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടത” എന്നാണ് അതിനെ വിളിച്ചിരിക്കുന്നത്. (മത്താ. 24:21) സുപ്രധാനമായ ആ സംഭവത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർന്നേക്കാം: വരാനിരിക്കുന്ന നാശം എല്ലാവരെയും കൊന്നൊടുക്കാതെ, അതിജീവിക്കാൻ അർഹതയുള്ളവരെ ബാക്കി വെക്കുമോ? യഹോവയുടെ ശുദ്ധാരാധകരെ ഏതെങ്കിലും അടയാളമിട്ട് വേർതിരിക്കുമോ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനെക്കുറിച്ച് യഹസ്കേൽ കണ്ട ദർശനത്തിനു നമ്മുടെ നാളിൽ ഒരു നിവൃത്തിയുണ്ടോ? മൂന്നു ചോദ്യങ്ങളുടെയും ഉത്തരം ‘ഉവ്വ്’ എന്നാണ്. അങ്ങനെ പറയാനുള്ള കാരണം എന്താണ്? അതിനായി യഹസ്കേലിന്റെ ദർശനത്തിലേക്കു നമുക്കൊന്നു മടങ്ങിപ്പോകാം.
13 പണ്ട് യരുശലേമിന്റെ മേൽ യഹോവ ക്രോധം ചൊരിഞ്ഞതിന്റെ കാരണം നിങ്ങൾ ഓർക്കുന്നുണ്ടോ? നമുക്കു വീണ്ടും യഹസ്കേൽ 9:8, 9 (വായിക്കുക.) ഒന്നു നോക്കാം. വരാനിരിക്കുന്ന നാശത്തിൽ ‘ഇസ്രായേലിൽ ബാക്കിയുള്ളവർ ഒന്നൊഴിയാതെ’ കൊല്ലപ്പെടുമോ എന്നു ഭയന്ന യഹസ്കേലിനു മുന്നിൽ യഹോവ, താൻ ന്യായവിധി നടപ്പാക്കാൻപോകുന്നതിന്റെ നാലു കാരണങ്ങൾ വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, ആ ജനതയുടെ ‘തെറ്റു വളരെവളരെ വലുതായിരുന്നു.’b രണ്ടാമതായി, യഹൂദാദേശം ‘രക്തച്ചൊരിച്ചിൽകൊണ്ട് നിറഞ്ഞിരുന്നു.’ യഹൂദാദേശത്തിന്റെ തലസ്ഥാനമായ യരുശലേമിലെങ്ങും “വഷളത്തം നടമാടുന്നു” എന്നതായിരുന്നു മൂന്നാമത്തെ കാരണം. നാലാമതായി, തങ്ങൾ എന്തെല്ലാം കാണിച്ചുകൂട്ടിയാലും അതൊന്നും യഹോവ “കാണുന്നില്ല” എന്ന ധാരണയായിരുന്നു അവർക്ക്. ഇന്നത്തെ ലോകത്തിന്റെ കാര്യവും ഇങ്ങനെതന്നെയല്ലേ? ധാർമികമായി അധഃപതിച്ച, അക്രമസ്വഭാവമുള്ള, വഷളത്തം നിറഞ്ഞ, ദൈവവിശ്വാസമില്ലാത്ത ഒരു ലോകമല്ലേ നമുക്കു ചുറ്റും? യഹോവ “മാറ്റമില്ലാത്തവനാണ്.” യഹസ്കേലിന്റെ കാലത്ത് ഇതെല്ലാം കണ്ടപ്പോൾ യഹോവയ്ക്കു നീതിനിഷ്ഠമായ കോപം തോന്നിയെങ്കിൽ ഇന്നത്തെ അവസ്ഥകൾ കാണുമ്പോഴും യഹോവയ്ക്കു കോപം തോന്നില്ലേ? (യാക്കോ. 1:17; മലാ. 3:6) ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം: തകർക്കാനുള്ള ആയുധങ്ങൾ കൈയിൽപ്പിടിച്ച ആറു പുരുഷന്മാർക്കും എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനും ചില കാര്യങ്ങൾ ഈ ആധുനികകാലത്തും ചെയ്തുതീർക്കാനുണ്ട്, സംശയമില്ല!
14, 15. നാശത്തിനു മുമ്പ് യഹോവ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിന്റെ ചില ഉദാഹരണങ്ങൾ ഏതെല്ലാം?
14 എന്നാൽ യഹസ്കേലിന്റെ പ്രാവചനികദർശനം നമ്മുടെ കാലത്ത് നിറവേറുന്നത് എങ്ങനെയാണ്? പണ്ട് ആ ദർശനം നിറവേറിയത് എങ്ങനെയെന്നു നോക്കിയാൽ ഇപ്പോഴും ഭാവിയിലും നമുക്ക് എന്തു പ്രതീക്ഷിക്കാമെന്നു മനസ്സിലാകും. യഹസ്കേൽപ്രവചനത്തിന്റെ നിവൃത്തിയായി നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതും ഇനി കാണാൻപോകുന്നതും ആയ ചില സംഭവവികാസങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
15 യഹോവ എപ്പോഴും നാശത്തിനു മുമ്പ് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കും. ഈ പുസ്തകത്തിന്റെ 11-ാം അധ്യായത്തിൽ കണ്ടതുപോലെ യഹോവ യഹസ്കേലിനെ ‘ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചു.’ (യഹ. 3:17-19) വരാൻപോകുന്ന നാശത്തെക്കുറിച്ച് ബി.സി. 613 മുതൽ യഹസ്കേൽ ഇസ്രായേല്യർക്കു വ്യക്തമായ മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. യരുശലേമിനു സംഭവിക്കാൻപോകുന്ന വിപത്തിനെക്കുറിച്ച് യശയ്യയും യിരെമ്യയും ഉൾപ്പെടെ മറ്റു പ്രവാചകന്മാരും മുന്നറിയിപ്പുകൾ മുഴക്കിയിരുന്നു. (യശ. 39:6, 7; യിരെ. 25:8, 9, 11) ഇന്നു നമ്മുടെ നാളിലും യഹോവ യേശുക്രിസ്തുവിലൂടെ തന്റെ അഭിഷിക്തദാസന്മാരുടെ ഒരു ചെറിയ കൂട്ടത്തെ ഉപയോഗിച്ച് ശുദ്ധാരാധകരായ വീട്ടുജോലിക്കാർക്ക് ആത്മീയഭക്ഷണം നൽകുന്നതിനു പുറമേ, പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന മഹാകഷ്ടതയെക്കുറിച്ച് മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുന്നുമുണ്ട്.—മത്താ. 24:45.
16. യഹോവയുടെ ജനമായ നമ്മൾ, അതിജീവിക്കാൻ അർഹതയുള്ളവർക്ക് അടയാളമിടുന്നുണ്ടോ? വിശദീകരിക്കുക.
16 അതിജീവിക്കാൻ അർഹതയുള്ളവർക്ക് യഹോവയുടെ ജനം അടയാളമിടുന്നില്ല. യരുശലേമിലൂടെ സഞ്ചരിച്ച്, അതിജീവിക്കേണ്ടവർക്ക് അടയാളമിടാൻ യഹസ്കേലിനോടു പറഞ്ഞിരുന്നില്ല എന്ന് ഓർക്കുക. സമാനമായി, അതിജീവനത്തിന് അർഹരായ ആളുകൾക്ക് അടയാളമിടാനുള്ള നിയോഗം യഹോവയുടെ ജനത്തിനും ഇന്നു നൽകിയിട്ടില്ല. ക്രിസ്തുവിന്റെ ആത്മീയഭവനത്തിലെ വീട്ടുജോലിക്കാരായ നമുക്കു ലഭിച്ചിരിക്കുന്ന ദൗത്യം ആളുകളോടു പ്രസംഗിക്കുക എന്നതാണ്. നമ്മൾ ആ നിയോഗത്തെ വളരെ ഗൗരവത്തോടെ കാണുകയും ചെയ്യുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത തീക്ഷ്ണതയോടെ മറ്റുള്ളവരെ അറിയിച്ചുകൊണ്ടും ഈ ദുഷ്ടലോകത്തിന്റെ അന്ത്യം തൊട്ടടുത്ത് എത്തിയെന്ന് ഉത്സാഹത്തോടെ മുന്നറിയിപ്പു മുഴക്കിക്കൊണ്ടും നമ്മൾ അതു ചെയ്യുന്നു. (മത്താ. 24:14; 28:18-20) അതുവഴി, ആത്മാർഥഹൃദയരായ അനേകർക്കു ശുദ്ധാരാധകരായിത്തീരാനുള്ള വാതിൽ നമ്മൾ തുറന്നുകൊടുക്കുകയാണ്!—1 തിമൊ. 4:16.
17. ഭാവിയിൽ അതിജീവനത്തിനുള്ള അടയാളം കിട്ടാൻ ആളുകൾ ഇപ്പോൾ എന്താണു ചെയ്യേണ്ടത്?
17 വരാനിരിക്കുന്ന നാശത്തെ അതിജീവിക്കണമെങ്കിൽ ആളുകൾ ഇപ്പോൾത്തന്നെ അവരുടെ വിശ്വാസം തെളിയിക്കണം. നമ്മൾ മുമ്പ് കണ്ടതുപോലെ, ബി.സി. 607-ലെ യരുശലേമിന്റെ നാശത്തെ അതിജീവിച്ചവർ തങ്ങൾ ദുഷ്ടതയെ ഉള്ളുകൊണ്ട് വെറുക്കുന്നെന്നും ശുദ്ധാരാധനയോടു കൂറുള്ളവരാണെന്നും നാശത്തിനു മുമ്പുതന്നെ തെളിയിച്ചിരുന്നു. ഇന്നത്തെ കാര്യമോ? നാശം വരുന്നതിനു മുമ്പുതന്നെ ആളുകൾ ഈ ലോകത്തിൽ നടമാടുന്ന ദുഷ്ടതകൾ കണ്ട് ‘നെടുവീർപ്പിട്ട് ഞരങ്ങുന്നവരായിരിക്കണം’ അഥവാ അവർക്ക് അതെല്ലാം കണ്ട് ഹൃദയത്തിൽ വേദന തോന്നണം. കൂടാതെ, അവർ ആ വികാരങ്ങൾ ഹൃദയത്തിൽ മാത്രം ഒതുക്കിനിറുത്താനും പാടില്ല. പകരം, ശുദ്ധാരാധനയോടുള്ള കൂറ് അവർ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിക്കണം. അത് എങ്ങനെ ചെയ്യാനാകും? അതിനായി അവർ, ഇന്നു നടക്കുന്ന പ്രസംഗപ്രവർത്തനത്തോട് അനുകൂലമായി പ്രതികരിക്കണം, ക്രിസ്തുവിന്റെ വ്യക്തിത്വം ധരിക്കാൻ ശ്രമിച്ചുതുടങ്ങണം, യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്നാനമേൽക്കണം, ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കണം. (യഹ. 9:4; മത്താ. 25:34-40; എഫെ. 4:22-24; 1 പത്രോ. 3:21) ഇപ്പോൾത്തന്നെ ഇതെല്ലാം ചെയ്യുകയും അങ്ങനെ ശുദ്ധാരാധകരായി മഹാകഷ്ടതയിലേക്കു പ്രവേശിക്കുകയും ചെയ്യുന്നവർക്കു മാത്രമേ അതിജീവനത്തിനുള്ള അടയാളം ലഭിക്കൂ!
18. (എ) അർഹതയുള്ളവർക്കു യേശുക്രിസ്തു അടയാളമിടുന്നത് എപ്പോൾ, എങ്ങനെ? (ബി) വിശ്വസ്തരായ അഭിഷിക്തർക്ക് അടയാളമിടേണ്ടതുണ്ടോ? വിശദീകരിക്കുക.
18 സ്വർഗത്തിൽനിന്ന് യേശുവായിരിക്കും അർഹതയുള്ളവർക്ക് അടയാളമിടുന്നത്. യഹസ്കേലിന്റെ കാലത്ത്, വിശ്വസ്തർക്ക് അതിജീവനത്തിനുള്ള അടയാളം നൽകുന്നതിൽ ദൂതന്മാർക്ക് ഒരു പങ്കുണ്ടായിരുന്നു. ആധുനികകാലത്തെ കാര്യമോ? സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യൻ ചിത്രീകരിക്കുന്നത്, എല്ലാ ജനതകളുടെയും ന്യായാധിപനായി ‘മഹിമയോടെ വരുന്ന’ യേശുക്രിസ്തുവിനെയാണ്. (മത്താ. 25:31-33) യേശുവിന്റെ ആ വരവ് മഹാകഷ്ടതയുടെ സമയത്തായിരിക്കും. അപ്പോഴേക്കും വ്യാജമതം നശിപ്പിക്കപ്പെട്ടിരിക്കും.c അർമഗെദോൻ തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ആ നിർണായകസമയത്ത് യേശു മനുഷ്യരെ ചെമ്മരിയാടുകളോ കോലാടുകളോ ആയി ന്യായം വിധിക്കും. ആ സമയത്ത് ‘മഹാപുരുഷാരത്തിൽപ്പെട്ടവരെ’ ചെമ്മരിയാടുകളായി കണക്കാക്കി അടയാളമിടുന്നതുകൊണ്ട് അവർ “നിത്യജീവനിലേക്കും കടക്കും.” (വെളി. 7:9-14; മത്താ. 25:34-40, 46) എന്നാൽ വിശ്വസ്തരായ അഭിഷിക്തരുടെ കാര്യമോ? അവർക്ക് അർമഗെദോനെ അതിജീവിക്കാനുള്ള അടയാളത്തിന്റെ ആവശ്യമില്ല. പകരം ഒരു അന്തിമമുദ്രയായിരിക്കും അവർക്കു ലഭിക്കുക. ഒന്നുകിൽ അവരുടെ മരണത്തിനു മുമ്പോ അല്ലെങ്കിൽ മഹാകഷ്ടത പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പോ ആയിരിക്കും അതു ലഭിക്കുന്നത്. പിന്നീട് അർമഗെദോൻ തുടങ്ങുന്നതിനു മുമ്പുള്ള ഒരു സമയത്ത് അവരെ സ്വർഗത്തിലേക്ക് ഉയർത്തും.—വെളി. 7:1-3.
19. ഈ വ്യവസ്ഥിതിക്കെതിരെയുള്ള ന്യായവിധി നടപ്പാക്കാൻ യേശുവിനോടൊപ്പം ആരുണ്ടായിരിക്കും? (“നെടുവീർപ്പിട്ട് ഞരങ്ങുന്നു, അടയാളമിടുന്നു, തകർക്കുന്നു—എപ്പോൾ, എങ്ങനെ?” എന്ന ചതുരം കാണുക.)
19 സ്വർഗീയരാജാവായ യേശുക്രിസ്തുവും സ്വർഗീയസൈന്യവും ഈ വ്യവസ്ഥിതിക്കെതിരെയുള്ള ന്യായവിധി നടപ്പാക്കും. യഹസ്കേൽ ദർശനത്തിൽ കണ്ട, തകർക്കാനുള്ള ആയുധങ്ങളേന്തിയ ആറു പുരുഷന്മാർ സംഹാരം തുടങ്ങിയതു ലിനൻവസ്ത്രം ധരിച്ച മനുഷ്യൻ അടയാളമിട്ടുതീർന്നതിനു ശേഷം മാത്രമായിരുന്നു. (യഹ. 9:4-7) അതുപോലെതന്നെ, വരാനിരിക്കുന്ന നാശം തുടങ്ങുന്നതും യേശു എല്ലാ ജനതകളിലുംപെട്ട ആളുകളെ ന്യായം വിധിച്ച്, ചെമ്മരിയാടുകൾക്ക് അതിജീവനത്തിനായുള്ള അടയാളമിട്ടതിനു ശേഷമായിരിക്കും. അർമഗെദോൻ യുദ്ധത്തിന്റെ സമയത്ത്, യേശുവിന്റെ നേതൃത്വത്തിൻകീഴിൽ വിശുദ്ധദൂതന്മാരും യേശുവിന്റെ 1,44,000 സഹഭരണാധികാരികളും അടങ്ങുന്ന സ്വർഗീയസേന ഈ ദുഷ്ടലോകത്തെ സമ്പൂർണമായി തകർത്തുനശിപ്പിക്കും. ഒടുവിൽ, ശുദ്ധാരാധകർ നീതി കളിയാടുന്ന പുതിയ ഭൂമിയിലേക്കു പ്രവേശിക്കും.—വെളി. 16:14-16; 19:11-21.
20. സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനെക്കുറിച്ച് യഹസ്കേൽ കണ്ട ദർശനത്തിൽനിന്ന് ബലപ്പെടുത്തുന്ന എന്തെല്ലാം പാഠങ്ങൾ നമ്മൾ പഠിച്ചു?
20 സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുള്ള മനുഷ്യനെക്കുറിച്ച് യഹസ്കേൽ കണ്ട ദർശനത്തിൽനിന്ന്, ബലപ്പെടുത്തുന്ന ഇത്രയേറെ പാഠങ്ങൾ പഠിക്കാനായതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! യഹോവ ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ നശിപ്പിക്കില്ല എന്നു നമുക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കാനാകും. (സങ്കീ. 97:10) ഭാവിയിൽ അതിജീവനത്തിനായുള്ള അടയാളം കിട്ടാൻ ഇപ്പോൾ എന്താണു ചെയ്യേണ്ടതെന്നു നമുക്ക് അറിയാം. സാത്താന്റെ ഈ ദുഷ്ടലോകത്തിലെ അവസ്ഥകൾ കണ്ട് ഞരങ്ങി നെടുവീർപ്പിടുന്നവരോടു സന്തോഷവാർത്ത അറിയിക്കുന്നതിലും വരാനിരിക്കുന്ന അന്ത്യത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുന്നതിലും നമ്മുടെ പരമാവധി ചെയ്യാൻ യഹോവയുടെ ആരാധകരായ നമ്മൾ തീരുമാനിച്ചുറച്ചിരിക്കുന്നു. അതിലൂടെ, ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെയെല്ലാം’ ശുദ്ധാരാധകരായ നമ്മളോടൊപ്പം ചേരാനും അതിജീവനത്തിനുള്ള അടയാളം നേടി, ദൈവത്തിന്റെ നീതിയുള്ള പുതിയ ഭൂമിയിലേക്കു പ്രവേശിക്കാനും നമ്മൾ സഹായിക്കുകയാണ്. എത്ര വലിയൊരു പദവിയാണ് അത്!—പ്രവൃ. 13:48.
a ദേവാലയത്തിൽ നടന്നുകൊണ്ടിരുന്ന വൃത്തികെട്ട കാര്യങ്ങളെക്കുറിച്ച് യഹസ്കേൽ കണ്ട ദിവ്യദർശനം ഈ പുസ്തകത്തിന്റെ 5-ാം അധ്യായത്തിൽ ചർച്ച ചെയ്തിട്ടുണ്ട്.
b “തെറ്റ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായനാമത്തിനു “വഷളത്തത്തെ” കുറിക്കാനാകുമെന്ന് ഒരു ആധികാരികഗ്രന്ഥം പറയുന്നു. മറ്റൊരു ഗ്രന്ഥം പറയുന്നത്, ഈ നാമം “മുഖ്യമായും മതപരമായ ഒരു പദം” ആണെന്നാണ്. അത്തരം തെറ്റ് “മിക്കപ്പോഴും ധാർമികതയ്ക്കു നിരക്കാത്ത കാര്യങ്ങളെ അഥവാ ദൈവദൃഷ്ടിയിൽ ശരിയല്ലാത്ത പ്രവൃത്തികളെ ആണ് കുറിക്കുന്നത്” എന്നും ആ ഗ്രന്ഥം പറയുന്നു.
c ബാബിലോൺ എന്ന മഹതി നശിപ്പിക്കപ്പെടുമ്പോൾ, വ്യാജമതത്തിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെടുമെന്നു കരുതേണ്ടതില്ല. ആ സമയത്ത് വൈദികരിൽ ചിലർപോലും വ്യാജമതത്തെ തള്ളിപ്പറയുകയും തങ്ങൾ ഒരിക്കലും അതിന്റെ ഭാഗമായിരുന്നിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തേക്കാം.—സെഖ. 13:3-6.