അനുസരിക്കുക, യഹോവ ആണയിട്ട് നൽകിയ വാഗ്ദാനങ്ങൾ പ്രാപിക്കുക
“തന്നെക്കാൾ വലിയവനെക്കൊണ്ട് ആണയിടാൻ ഇല്ലാതിരുന്നിട്ട് (ദൈവം) തന്നെക്കൊണ്ടുതന്നെ ആണയിട്ട് അരുളിച്ചെയ്തു.”—എബ്രാ. 6:13.
ഉത്തരം പറയാമോ?
ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ പരാജയപ്പെടുകയില്ല എന്നതിന് നമുക്ക് എന്ത് ഉറപ്പുണ്ട്?
ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷം ദൈവം എന്ത് വാഗ്ദാനം നൽകി?
ദൈവം അബ്രാഹാമിന് ആണയിട്ട് നൽകിയ വാഗ്ദാനം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
1. യഹോവയുടെ വാക്കുകൾ പാപികളായ മനുഷ്യരുടേതിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
യഹോവ “വിശ്വസ്തദൈവ”മാണ്. (സങ്കീ. 31:5) പാപികളായ മനുഷ്യരെ എല്ലായ്പ്പോഴും ആശ്രയിക്കാനാവില്ലെങ്കിലും “ദൈവത്തിന്റെ വാക്ക് വ്യാജമായിത്തീരുകയില്ല.” (എബ്രാ. 6:18; സംഖ്യാപുസ്തകം 23:19 വായിക്കുക.) മനുഷ്യവർഗത്തിന്റെ പ്രയോജനം മുൻനിറുത്തി യഹോവ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ എല്ലായ്പ്പോഴും സത്യമായി ഭവിക്കും. ഉദാഹരണത്തിന്, ഓരോ സൃഷ്ടിപ്പിൻകാലഘട്ടത്തിലും താൻ എന്താണ് ചെയ്യാൻപോകുന്നതെന്ന് അതിന്റെ തുടക്കത്തിൽത്തന്നെ ദൈവം പറഞ്ഞിരുന്നു. അത് “അങ്ങനെ സംഭവിച്ചു.” അങ്ങനെ, ആറാം സൃഷ്ടിപ്പിൻദിവസത്തിന്റെ ഒടുവിൽ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്പ. 1:6, 7, 30, 31.
2. ദൈവത്തിന്റെ വിശ്രമദിവസം എന്താണ്, ദൈവം അതിനെ ‘ശുദ്ധീകരിച്ചത്’ എന്തുകൊണ്ട്?
2 സൃഷ്ടിക്രിയകളെ നിരീക്ഷിച്ച ശേഷം യഹോവയാം ദൈവം, ഏഴാം ദിവസം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു ദിവസത്തെ അല്ല, പകരം ഭൗമികസൃഷ്ടിക്രിയകൾ നടത്തുന്നതിൽനിന്ന് ദൈവം വിശ്രമംകൊള്ളുന്ന ഒരു നീണ്ട കാലഘട്ടത്തെയാണ് ഇത് കുറിക്കുന്നത്. (ഉല്പ. 2:2) ദൈവത്തിന്റെ വിശ്രമദിവസം ഇതേവരെ അവസാനിച്ചിട്ടില്ല. (എബ്രാ. 4:9, 10) അത് തുടങ്ങിയ കൃത്യസമയം ബൈബിൾ വെളിപ്പെടുത്തുന്നില്ലെങ്കിലും ആദാമിന്റെ ഭാര്യയായ ഹവ്വായെ സൃഷ്ടിച്ചതിനു ശേഷം എപ്പോഴോ, അതായത് ഏകദേശം 6,000 വർഷം മുമ്പ് അത് ആരംഭിച്ചു. ഉടൻ വരാനിരിക്കുന്ന യേശുവിന്റെ ആയിരവർഷവാഴ്ച ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം സാക്ഷാത്കരിക്കും. പൂർണതയുള്ള മനുഷ്യരെക്കൊണ്ട് പറുദീസാഭൂമി നിറയണമെന്നും അവർ അതിൽ നിത്യം ജീവിക്കണമെന്നും ഉള്ളതാണ് ദൈവോദ്ദേശ്യം. (ഉല്പ. 1:27, 28; വെളി. 20:6) സന്തോഷകരമായ ആ ഭാവി ആസ്വദിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകുമോ? തീർച്ചയായും! കാരണം, “ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” ഇതൊരു ഉറപ്പായിരുന്നു; അപ്രതീക്ഷിതമായ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും തന്റെ വിശ്രമദിവസം അവസാനിക്കുമ്പോഴേക്കും ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പിലായിട്ടുണ്ടാകും എന്നതിന്റെ ഉറപ്പ്.—ഉല്പ. 2:3.
3. (എ) ദൈവത്തിന്റെ വിശ്രമദിവസം ആരംഭിച്ച ശേഷം ഏതു മത്സരം ഉടലെടുത്തു? (ബി) മത്സരം ഇല്ലാതാക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവ വെളിപ്പെടുത്തിയത് എങ്ങനെ?
3 ദൈവത്തിന്റെ വിശ്രമദിവസം ആരംഭിച്ച ശേഷം ഒരു ദുരന്തം ആഞ്ഞടിച്ചു. സ്വർഗത്തിലെ ഒരു ദൂതൻ ആയിരുന്ന സാത്താൻ ദൈവത്തിനു ലഭിക്കേണ്ട ആരാധന തനിക്കു ലഭിക്കാൻ കരുക്കൾ നീക്കി. ആദ്യത്തെ നുണ പറഞ്ഞ് അവൻ ഹവ്വായെ വഞ്ചിച്ചു. അങ്ങനെ അവൾ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. (1 തിമൊ. 2:14) തന്റെ ഭർത്താവിനെയും ഹവ്വാ ഈ മത്സരത്തിൽ പങ്കാളിയാക്കി. (ഉല്പ. 3:1-6) ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നു അത്. യഹോവയുടെ വാക്കുകളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽപ്പോലും ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പിലാകുമായിരുന്നു. അതിന് ഉറപ്പുനൽകാൻ പക്ഷേ, ആണയിടേണ്ട ആവശ്യമുണ്ടെന്ന് യഹോവയ്ക്ക് തോന്നിയില്ല. മത്സരം ഇല്ലാതാക്കുന്നത് എങ്ങനെയായിരിക്കുമെന്നു മാത്രം അവൻ പറഞ്ഞു: “ഞാൻ നിനക്കും (സാത്താനും) സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ (വാഗ്ദത്തസന്തതി) നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” കാലാന്തരത്തിൽ ആ വാക്കുകളുടെ അർഥം വ്യക്തമാകുമായിരുന്നു.—ഉല്പ. 3:15; വെളി. 12:9.
ആണയിടൽ—നിയമസാധുതയ്ക്കുവേണ്ടി
4, 5. തന്റെ വാക്കുകൾക്ക് നിയമസാധുത നൽകാൻ ചിലപ്പോഴൊക്കെ അബ്രാഹാം എന്തു ചെയ്തിട്ടുണ്ട്?
4 മനുഷ്യചരിത്രത്തിന്റെ ഈ ആരംഭദശയിൽ വാക്കുകളുടെ സത്യതയ്ക്ക് ഉറപ്പുനൽകാൻ ആണയിടേണ്ട ആവശ്യം ഉണ്ടായിരുന്നിരിക്കില്ല. ആദാമിനും ഹവ്വായ്ക്കും ദൈവം നൽകിയ പദസഞ്ചയത്തിൽ അതിനുള്ള പദങ്ങൾ ഉണ്ടായിരുന്നോ എന്നുതന്നെ സംശയമാണ്. ദൈവത്തെ സ്നേഹിക്കുകയും അവനെ അനുകരിക്കുകയും ചെയ്യുന്ന പൂർണതയുള്ള സൃഷ്ടികൾക്ക് ആണയിടേണ്ട ആവശ്യമില്ല. അവർ സത്യം മാത്രം പറയുന്നവരും പരസ്പരം പൂർണവിശ്വാസമുള്ളവരും ആണ്. എന്നാൽ, മനുഷ്യരിലേക്ക് പാപവും അപൂർണതയും കടന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കാലാന്തരത്തിൽ, നുണയും വഞ്ചനയും മനുഷ്യരുടെ ഇടയിൽ സാധാരണമായതോടെ സുപ്രധാനകാര്യങ്ങളുടെ സത്യതയ്ക്ക് ഉറപ്പുനൽകാൻ ആണയിടേണ്ടത് ആവശ്യമായിത്തീർന്നു.
5 ഗോത്രപിതാവായ അബ്രാഹാം തന്റെ വാക്കുകൾക്ക് നിയമസാധുത നൽകാൻ കുറഞ്ഞത് മൂന്നു തവണയെങ്കിലും ആണയിടുകയുണ്ടായി. (ഉല്പ. 21:22-24; 24:2-4, 9) ഏലാം രാജാവിനെയും അവന്റെ സഖ്യകക്ഷികളെയും പരാജയപ്പെടുത്തി മടങ്ങിവന്നപ്പോൾ അബ്രാഹാം ചെയ്തത് ഇതിന് ഒരു ഉദാഹരണമാണ്. അപ്പോൾ, ശാലേമിലെയും സൊദോമിലെയും രാജാക്കന്മാർ അബ്രാഹാമിനെ എതിരേറ്റുവന്നു. ശാലേം രാജാവായ മൽക്കീസേദെക്ക് “അത്യുന്നതനായ ദൈവത്തിന്റെ പുരോഹിത”നും കൂടെ ആയിരുന്നു. അവൻ അബ്രാഹാമിനെ അനുഗ്രഹിക്കുകയും അബ്രാഹാമിന് ശത്രുക്കളുടെ മേൽ വിജയം നൽകിയതിന് ദൈവത്തെ സ്തുതിക്കുകയും ചെയ്തു. (ഉല്പ. 14:17-20) തുടർന്ന്, തന്റെ ജനത്തെ ശത്രുസൈന്യത്തിന്റെ കൈയിൽനിന്ന് വിടുവിച്ചതിന് അബ്രാഹാമിനു പ്രതിഫലം നൽകാൻ സൊദോം രാജാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അബ്രാഹാം ഇങ്ങനെ ആണയിട്ടു: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.”—ഉല്പ. 14:21-23.
യഹോവ അബ്രാഹാമിന് ആണയിട്ട് നൽകിയ വാഗ്ദാനങ്ങൾ
6. (എ) അബ്രാഹാം നമുക്ക് എന്തു മാതൃക വെച്ചിരിക്കുന്നു? (ബി) അബ്രാഹാമിന്റെ അനുസരണം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
6 പാപികളായ മനുഷ്യർ തന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നതിന് യഹോവയാം ദൈവവും ആണയിട്ട അവസരങ്ങളുണ്ട്. “എന്നാണ (“എന്റെ ജീവൻ വെച്ച് ഞാൻ പ്രതിജ്ഞ ചെയ്യുന്നു,” പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ), . . . എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു” എന്ന തിരുവെഴുത്തുഭാഗം ഇതിന് ഒരു ഉദാഹരണമാണ്. (യെഹെ. 17:16) യഹോവയാം ദൈവം ആണയിട്ട് സംസാരിച്ച 40-ലധികം സന്ദർഭങ്ങളെക്കുറിച്ച് ബൈബിൾ പരാമർശിക്കുന്നുണ്ട്. ദൈവം അബ്രാഹാമിനോടു സംസാരിച്ച സന്ദർഭമായിരിക്കാം ഇതിൽ ഏറ്റവും സുപരിചിതം. വർഷങ്ങൾ നീണ്ട ഒരു കാലഘട്ടംകൊണ്ട് യഹോവയാം ദൈവം അബ്രാഹാമുമായി പല ഉടമ്പടികൾ ചെയ്തു, അഥവാ അവന് പല വാഗ്ദാനങ്ങൾ നൽകി. വാഗ്ദത്തസന്തതി തന്നിൽനിന്ന്, തന്റെ പുത്രനായ യിസ്ഹാക്കിലൂടെ ആയിരിക്കും വരുന്നതെന്ന് ഇവയെല്ലാം കൂട്ടിവായിച്ച അബ്രാഹാമിനു മനസ്സിലായി. (ഉല്പ. 12:1-3, 7; 13:14-17; 15:5, 18, 21ബി; 21:12) പിന്നീട്, അബ്രാഹാമിനോട് അവന്റെ പ്രിയപുത്രനെ യാഗം അർപ്പിക്കാൻ യഹോവ കൽപ്പിച്ചു. അത് ഒരു കഠിനപരീക്ഷയായിരുന്നു. ആ കൽപ്പന അനുസരിക്കാൻ അബ്രാഹാം ഒട്ടും അമാന്തിച്ചില്ല. എന്നാൽ, യിസ്ഹാക്കിനെ യാഗം അർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദൈവത്തിന്റെ ദൂതൻ അവനെ തടഞ്ഞു. ആ സാഹചര്യത്തിൽ ദൈവം ഇങ്ങനെ ആണയിട്ടു: “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്ക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.”—ഉല്പ. 22:1-3, 9-12, 15-18.
7, 8. (എ) ദൈവം അബ്രാഹാമിനോട് ആണയിട്ടതിന്റെ ഉദ്ദേശ്യം എന്ത്? (ബി) ദൈവം ആണയിട്ട് നൽകിയ വാഗ്ദാനത്തിൽനിന്ന് യേശുവിന്റെ “വേറെ ആടുകൾ” എങ്ങനെ പ്രയോജനം നേടും?
7 തന്റെ വാഗ്ദാനങ്ങൾ നിവൃത്തിയേറുമെന്ന് ദൈവം അബ്രാഹാമിനോട് ആണയിട്ടത് എന്തുകൊണ്ടാണ്? വാഗ്ദത്ത “സന്തതി”യുടെ ഉപഭാഗമായി ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികളാകാൻ പോകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിശ്വാസം ബലപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അത്. (എബ്രായർ 6:13-18 വായിക്കുക; ഗലാ. 3:29) പൗലോസ് അപ്പൊസ്തലൻ വിശദീകരിച്ചതുപോലെ, യഹോവ “ആണയിലൂടെ അതു സ്ഥിരീകരിച്ചു. അങ്ങനെ, മാറ്റം വരാത്ത ഈ രണ്ടു കാര്യത്തിലും (ദൈവത്തിന്റെ വാഗ്ദാനവും അവന്റെ ആണയും) ദൈവത്തിന്റെ വാക്ക് വ്യാജമായിത്തീരുകയില്ല. ആകയാൽ . . . നമുക്ക് നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ മുറുകെപ്പിടിക്കാൻ ശക്തമായ പ്രേരണ ലഭിക്കുന്നു.”
8 ദൈവം അബ്രാഹാമിനോട് ആണയിട്ട് പറഞ്ഞ കാര്യങ്ങളിൽനിന്ന് പ്രയോജനം നേടുന്നത് അഭിഷിക്തക്രിസ്ത്യാനികൾ മാത്രമല്ല. അബ്രാഹാമിന്റെ “സന്തതി” മുഖാന്തരം “ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നാണ് യഹോവ അബ്രാഹാമിനോട് പറഞ്ഞത്. (ഉല്പ. 22:18) ഇക്കൂട്ടരിൽ, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള, അനുസരണമുള്ള, ക്രിസ്തുവിന്റെ “വേറെ ആടുകൾ” ഉൾപ്പെടുന്നു. (യോഹ. 10:16) നിങ്ങളുടെ പ്രത്യാശ സ്വർഗീയമോ ഭൗമികമോ ആയിക്കൊള്ളട്ടെ, തുടർന്നും ദൈവത്തോട് അനുസരണമുള്ളവരായി ജീവിച്ചുകൊണ്ട് ആ പ്രത്യാശ ‘മുറുകെപ്പിടിക്കുക.’—എബ്രായർ 6:11, 12 വായിക്കുക.
ഈ വാഗ്ദാനവുമായി ബന്ധപ്പെട്ട് ദൈവം വീണ്ടും ആണയിടുന്നു
9. അബ്രാഹാമിന്റെ പിൻതലമുറക്കാർ ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്നപ്പോൾ ദൈവം അവരോട് ആണയിട്ട് പറഞ്ഞത് എന്താണ്?
9 ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന അബ്രാഹാമിന്റെ പിൻതലമുറക്കാരോടു സംസാരിക്കാൻ നൂറ്റാണ്ടുകൾക്കു ശേഷം മോശയെ അയച്ചപ്പോൾ മേൽപ്പറഞ്ഞ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് യഹോവ വീണ്ടും ആണയിട്ടു. (പുറ. 6:6-8) ആ സന്ദർഭത്തെക്കുറിച്ച് ദൈവം പിന്നീട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, ഞാൻ അവരെ മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കു വേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു.’—യെഹെ. 20:5, 6.
10. ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിച്ചതിനു ശേഷം യഹോവ അവർക്ക് എന്തു വാഗ്ദാനം നൽകി?
10 പിന്നീട്, ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചതിനു ശേഷം യഹോവ ആണയിട്ട് മറ്റൊരു വാഗ്ദാനം അവർക്കു നൽകി: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറ. 19:5, 6) എത്ര വിശിഷ്ടമായ പദവിയായിരുന്നു ദൈവം ഇസ്രായേലിന് വാഗ്ദാനം ചെയ്തത്! അനുസരണമുള്ളവർ ആയിരുന്നാൽ മറ്റു മനുഷ്യർക്കെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു പുരോഹിതരാജത്വമായി ഇസ്രായേൽ ജനതയിൽനിന്നുള്ള വ്യക്തികളെ യഹോവ ഉപയോഗിക്കുമായിരുന്നു. ആ അവസരത്തിൽ താൻ ഇസ്രായേല്യർക്കുവേണ്ടി ചെയ്തതിനെപ്പറ്റി പിന്നീട് വിവരിക്കവെ യഹോവ ഇങ്ങനെ പറഞ്ഞു: ‘ഞാൻ . . . നിന്നോടു സത്യവും നിയമവും ചെയ്തു.’—യെഹെ. 16:8.
11. തിരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയിൽ യഹോവയുമായി ഒരു ഉടമ്പടിയിലേക്കു വരാനുള്ള ക്ഷണത്തോട് ഇസ്രായേൽ എങ്ങനെ പ്രതികരിച്ചു?
11 തങ്ങൾ അനുസരണമുള്ളവർ ആയിരിക്കുമെന്ന് ആണയിടാൻ ഇസ്രായേൽ ജനതയോട് യഹോവ അപ്പോൾ ആവശ്യപ്പെട്ടില്ല; ഈ സവിശേഷബന്ധത്തിലേക്കു വരാൻ അവരെ നിർബന്ധിച്ചതുമില്ല. പക്ഷേ, “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് സ്വമനസ്സാലെ അവർ പറഞ്ഞു. (പുറ. 19:8) തിരഞ്ഞെടുക്കപ്പെട്ട ജനതയായ അവരിൽനിന്ന് താൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ എന്താണെന്ന് മൂന്നു ദിവസത്തിനു ശേഷം യഹോവ അവരെ അറിയിച്ചു. ആദ്യം, അവർ പത്തു കൽപ്പനകൾ കേട്ടു. പിന്നീട്, പുറപ്പാട് 20:22 മുതൽ പുറപ്പാട് 23:33 വരെയുള്ള ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കൽപ്പനകൾ മോശ അവർക്ക് പറഞ്ഞുകൊടുത്തു. ഇതിനോട് ഇസ്രായേൽ എങ്ങനെയാണ് പ്രതികരിച്ചത്? “യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.” (പുറ. 24:3) അതിനു ശേഷം, ആ നിയമങ്ങൾ മോശ “നിയമപുസ്തക”ത്തിൽ എഴുതി. എന്നിട്ട് മുഴുജനതയെയും വീണ്ടും കേൾപ്പിക്കാൻ അവൻ അത് ഉറക്കെ വായിച്ചു. തുടർന്ന്, മൂന്നാം തവണയും ജനം ഇങ്ങനെ പ്രതിജ്ഞ ചെയ്തു: ‘യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കും.’—പുറ. 24:4, 7, 8.
12. ന്യായപ്രമാണ ഉടമ്പടിയോടുള്ള യഹോവയുടെ പ്രതികരണവും ഇസ്രായേല്യരുടെ പ്രതികരണവും എന്തായിരുന്നു?
12 ന്യായപ്രമാണ ഉടമ്പടിപ്രകാരം തന്റെ ഭാഗത്തുനിന്ന് വേണ്ടതു ചെയ്യാൻ യഹോവ പെട്ടെന്നുതന്നെ നടപടിയെടുത്തു. പാപികളായ മനുഷ്യർക്ക് തന്നെ സമീപിക്കാൻ ഒരു സമാഗമനകൂടാരവും പൗരോഹിത്യക്രമീകരണവും ആവശ്യമായിരുന്നു. അതിനു വേണ്ട ക്രമീകരണങ്ങൾ അവൻ ചെയ്തു. എന്നാൽ മറുഭാഗത്ത് ഇസ്രായേല്യർ തങ്ങൾ ദൈവത്തിന് സമർപ്പിച്ചവരാണെന്നുള്ള കാര്യം പെട്ടെന്നുതന്നെ മറന്നു. “യിസ്രായേലിന്റെ വിശുദ്ധനെ അവർ . . . വേദനിപ്പിച്ചു.” (സങ്കീ. 78:41, ഈസി-റ്റു-റീഡ്) ഉദാഹരണത്തിന്, സീനായ് പർവതത്തിൽവെച്ച് മോശ ദൈവത്തിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്ത് ഇസ്രായേല്യർ അക്ഷമരാകുകയും അവർക്ക് ദൈവത്തിലുള്ള വിശ്വാസം ക്ഷയിക്കാൻ തുടങ്ങുകയും ചെയ്തു. മോശ തങ്ങളെ ഉപേക്ഷിച്ചെന്ന് അവർക്കു തോന്നി. അതുകൊണ്ട്, അവർ ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു.” (പുറ. 32:1, 4) തുടർന്ന്, “യഹോവെക്കു ഒരു ഉത്സവം” എന്ന പേരിൽ അവർ മനുഷ്യനിർമിതമായ ആ പ്രതിമയുടെ മുമ്പിൽ കുമ്പിടുകയും അതിനു യാഗങ്ങൾ അർപ്പിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ യഹോവ മോശയോട് പറഞ്ഞു: “ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി.” (പുറ. 32:5, 6, 8) സങ്കടകരമെന്നു പറയട്ടെ, ദൈവത്തോട് പ്രതിജ്ഞ ചെയ്യുകയും പിന്നീട് അത് ലംഘിക്കുകയും ചെയ്യുന്നത് അന്നുമുതൽ ഇസ്രായേല്യരുടെ ഒരു പതിവായിത്തീർന്നു.—സംഖ്യാ. 30:2.
വീണ്ടും രണ്ടു പ്രാവശ്യം ആണയിടുന്നു
13. ദൈവം ദാവീദിന് ആണയിട്ട് നൽകിയ വാഗ്ദാനം എന്ത്, അതിന് വാഗ്ദത്തസന്തതിയുമായി എന്തു ബന്ധമുണ്ട്?
13 തന്നെ അനുസരിക്കുന്ന എല്ലാവരുടെയും പ്രയോജനം മുൻനിറുത്തി ദാവീദ് രാജാവിന്റെ വാഴ്ചക്കാലത്ത് യഹോവ വീണ്ടും രണ്ടു പ്രാവശ്യം ആണയിട്ടു. ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനിൽക്കുമെന്ന് യഹോവ അവനോട് സത്യം ചെയ്തതായിരുന്നു ഇതിൽ ആദ്യത്തേത്. (സങ്കീ. 89:35, 36; 132:11, 12) വാഗ്ദത്തസന്തതി ‘ദാവീദിന്റെ പുത്രൻ’ എന്ന് അറിയപ്പെടുമെന്ന് ഇത് സൂചിപ്പിച്ചു. (മത്താ. 1:1; 21:9) തന്റെ സന്തതിപരമ്പരയിൽ വരാനിരിക്കുന്നവനാണെങ്കിലും ദാവീദ് താഴ്മയോടെ അവനെ “കർത്താവ്” എന്നു വിളിക്കുകയുണ്ടായി. കാരണം, ക്രിസ്തുവിന് ലഭിക്കാനിരുന്ന സ്ഥാനം ദാവീദിന്റേതിനേക്കാൾ ഉന്നതമായിരുന്നു.—മത്താ. 22:42-44.
14. വാഗ്ദത്തസന്തതിയെക്കുറിച്ച് യഹോവ ആണയിട്ട് നൽകിയ വാഗ്ദാനം എന്ത്, നാം അതിൽനിന്ന് എങ്ങനെ പ്രയോജനം നേടുന്നു?
14 ഈ വാഗ്ദത്തസന്തതി ഒരു രാജാവ് മാത്രമല്ല മനുഷ്യവർഗത്തിന്റെ മഹാപുരോഹിതനായും സേവിച്ചുകൊണ്ട് ഒരു അനുപമസ്ഥാനം അലങ്കരിക്കുമെന്ന് മുൻകൂട്ടിപ്പറയാൻ യഹോവ ദാവീദിനെ നിശ്വസ്തനാക്കി. അതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ പ്രാവശ്യം അവൻ ആണയിട്ടത്. ഇസ്രായേലിൽ രാജത്വവും പൗരോഹിത്യവും രണ്ടും രണ്ടായിരുന്നു. പുരോഹിതന്മാർ ലേവിഗോത്രത്തിൽനിന്നും രാജാക്കന്മാർ യെഹൂദാഗോത്രത്തിൽനിന്നും ഉള്ളവരായിരുന്നു. എന്നാൽ, തന്റെ അനന്തരാവകാശിയെക്കുറിച്ച് ദാവീദ് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” “നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ. 110:1, 4) ഈ പ്രവചനത്തിന്റെ നിവൃത്തി എന്ന നിലയിൽ വാഗ്ദത്തസന്തതിയായ യേശുക്രിസ്തു ഇപ്പോൾ സ്വർഗത്തിലിരുന്ന് ഭരിക്കുകയാണ്. അനുതാപമുള്ളവരെ ദൈവവുമായി ഒരു അംഗീകൃതബന്ധത്തിലേക്കു വരാൻ സഹായിച്ചുകൊണ്ട് അവൻ മനുഷ്യവർഗത്തിന്റെ മഹാപുരോഹിതനായും സേവിക്കുന്നു.—എബ്രായർ 7:21, 25, 26 വായിക്കുക.
ദൈവത്തിന്റെ പുതിയ ഇസ്രായേൽ
15, 16. (എ) ഏതു രണ്ട് ഇസ്രായേലിനെക്കുറിച്ച് ബൈബിളിൽ പരാമർശമുണ്ട്, ഇതിൽ ഏതിനാണ് ഇന്ന് ദൈവത്തിന്റെ അനുഗ്രഹം ഉള്ളത്? (ബി) ആണയിടുന്നതിനെക്കുറിച്ച് യേശു തന്റെ അനുഗാമികൾക്ക് ഏത് കൽപ്പന നൽകി?
15 യേശുക്രിസ്തുവിനെ തിരസ്കരിച്ചതിനാൽ ഇസ്രായേൽ ജനതയ്ക്ക് യഹോവയുടെ അംഗീകാരവും ഒരു ‘പുരോഹിതരാജത്വം’ ആകാനുള്ള അവസരവും നഷ്ടമായി. “ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു” യഹൂദനേതാക്കന്മാരോട് യേശു പറഞ്ഞു. (മത്താ. 21:43) എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ യേശു പരാമർശിച്ച ആ പുതിയ ജനത രൂപംകൊണ്ടു. യെരുശലേമിൽ കൂടിവന്ന യേശുവിന്റെ ഏതാണ്ട് 120 ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോഴായിരുന്നു അത്. ഇവർ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന് അറിയപ്പെട്ടു. പല ജനതകളിൽനിന്നും ഉള്ള ആളുകൾ ഇവരോടു ചേർന്നു. പെട്ടെന്നുതന്നെ അവർ ആയിരങ്ങളായി വളർന്നു.—ഗലാ. 6:16.
16 സ്വാഭാവിക ഇസ്രായേലിൽനിന്ന് വ്യത്യസ്തമായി ദൈവത്തിന്റെ പുതിയ ഇസ്രായേൽ ദൈവത്തെ എപ്പോഴും അനുസരിച്ചുകൊണ്ട് നല്ല ഫലം പുറപ്പെടുവിക്കുന്നവരായി തുടരുന്നു. അതിലെ അംഗങ്ങൾ അനുസരിക്കുന്ന കൽപ്പനകളിൽ ഒന്ന് ആണയിടുന്നതിനെ സംബന്ധിച്ചുള്ളതാണ്. യേശു ഭൂമിയിലായിരുന്ന സമയത്ത് ആളുകൾ നിസ്സാരകാര്യങ്ങളെപ്രതി സത്യംചെയ്യുകയോ വ്യാജമായി ആണയിടുകയോ ചെയ്തിരുന്നു. അങ്ങനെ അവർ അതിനെ ദുരുപയോഗം ചെയ്തു. (മത്താ. 23:16-22) യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത് ഇതാണ്: “സത്യംചെയ്യുകയേ അരുത്. . . . “നിങ്ങളുടെ വാക്ക് ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും ആയിരിക്കട്ടെ; ഇതിലധികമായത് ദുഷ്ടനിൽനിന്നു വരുന്നു.”—മത്താ. 5:34, 37.
17. അടുത്ത അധ്യയനലേഖനത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
17 ഒരിക്കലും ആണയിടാൻ പാടില്ലെന്നാണോ ഇതിന്റെ അർഥം? അതിലുപരി നമ്മുടെ ഉവ്വ് എന്നത് ഉവ്വ് എന്നായിരിക്കട്ടെ എന്നതിന്റെ അർഥം എന്താണ്? അടുത്ത അധ്യയനലേഖനത്തിൽ ഇതിന്റെ ഉത്തരങ്ങൾ ചർച്ച ചെയ്യും. ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കുന്നതിൽ തുടരുമ്പോൾ യഹോവയെ തുടർന്നും അനുസരിക്കാൻ നാം പ്രേരിതരാകട്ടെ. അപ്പോൾ യഹോവ, താൻ ആണയിട്ട് നൽകിയ വാഗ്ദാനങ്ങൾക്കു ചേർച്ചയിൽ നമ്മെ അനുഗ്രഹിക്കും, അതിൽ അവൻ സന്തോഷിക്കും.
[26-ാം പേജിലെ ആകർഷക വാക്യം]
യഹോവയുടെ വാഗ്ദാനങ്ങൾ എല്ലായ്പ്പോഴും നിറവേറും
[24-ാം പേജിലെ ചിത്രം]
യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തി അബ്രാഹാം ഉടൻതന്നെ കാണും