“ഞാൻ യഹോവയാകുന്നുവെന്ന് അവർ അറിയേണ്ടിവരും”
“എന്റെ നാമം മേലാൽ അശുദ്ധമാക്കപ്പെടാൻ ഞാൻ അനുവദിക്കുകയില്ല; ഞാൻ യഹോവയാകുന്നുവെന്ന് ജനതകൾ അറിയേണ്ടിവരും.”—യെഹെസ്ക്കേൽ 39:7.
1, 2. യഹോവ തന്റെ വിശുദ്ധ നാമത്തിന്റെ അശുദ്ധമാക്കലിനെ അനന്തമായി പൊറുക്കുകയില്ലെന്ന് നാം എങ്ങനെ അറിയുന്നു?
യഹോവയുടെ വിശുദ്ധ നാമം പുരാതന യിസ്രായേല്യരാൽ അശുദ്ധമാക്കപ്പെട്ടു. ഇത് യെഹെസ്ക്കേലിന്റെ പുസ്തകം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ക്രൈസ്തവലോകത്തിലെ ജനങ്ങളും തങ്ങൾ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുന്നു.
2 അഖിലാണ്ഡ പരമാധികാരി തന്റെ നാമത്തിന്റെ അനന്തമായ അശുദ്ധമാക്കൽ പൊറുക്കുമോ? ഇല്ല, എന്തെന്നാൽ അവൻ ഇങ്ങനെ പ്രഖ്യാപിച്ചിരിക്കുന്നു: “എന്റെ നാമം മേലാൽ അശുദ്ധമാക്കപ്പെടാൻ ഞാൻ അനുവദിക്കുകയില്ല; ഞാൻ യഹോവയാകുന്നുവെന്ന് ജനതകൾ അറിയേണ്ടിവരും.” (യെഹെസ്ക്കേൽ 39:7; യെഹെസ്ക്കേൽ 38:23 കൂടെ കാണുക.) ഇതിന്റെ അർത്ഥമെന്തായിരിക്കും? യെഹെസ്ക്കേലിന്റെ പുസ്തകത്തിലെ പിന്നീടുള്ള അദ്ധ്യായങ്ങളിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
മറ്റുള്ളവർക്കെതിരായ പ്രവചനങ്ങൾ
3. (എ)മററു ജനതകൾ യഹൂദയുടെ കഷ്ടപ്പാടിനോട് പ്രതികരിച്ചതെങ്ങനെ? (ബി) ഏത് ആത്മാവ് നിമിത്തം സോരിലെ “രാജാവ്” നീക്കപ്പെട്ടു, ഇത് നമ്മെ എങ്ങനെ ബാധിക്കണം?
3 യെരുശലേമിന്റെ നാശത്തിനു ശേഷം, യഹൂദയുടെ കഷ്ടപ്പാടിൽ ആഹ്ലാദം പ്രകടിപ്പിച്ചതുനിമിത്തം അമ്മോനും യഹൂദക്കു നേരെ ഒരു പുച്ഛഭാവം സ്വീകരിച്ചതിന് മോവാബും കുററംവിധിക്കപ്പെട്ടു. ഏദോം ദ്രോഹബുദ്ധിക്കു കുററംവിധിക്കപ്പെട്ടു, ഫെലിസ്ത്യരുടെ പ്രതികാര മനോഭാവം ദൈവത്തിന്റെ “ഉഗ്രമായ ശാസനകൾ” കൈവരുത്താനിരിക്കുകയായിരുന്നു. (യെഹെസ്ക്കേൽ 25:1-17; സദൃശവാക്യങ്ങൾ 24:17, 18) യെരുശലേമിന്റെ വിപത്തിൽ ആഹ്ലാദിച്ചതുനിമിത്തം സോർനഗരം നെബുഖദ്നേസ്സരുടെ അഥവാ നെബുഖദ്രേസ്സരുടെ (ബാബിലോന്യഭാഷയോടു ഏറെ അടുത്ത ഒരു പദവിന്യാസം) മുമ്പാകെ നിലംപതിക്കും. (യെഹെസ്ക്കേൽ 26:1-21) അവൾ തീർച്ചയായും മുങ്ങാനിരുന്ന ഒരു കപ്പൽപോലെയായിരുന്നു. (യെഹെസ്ക്കേൽ 27:1-36) സോരിലെ “രാജാവ്” (പ്രത്യക്ഷത്തിൽ അവളുടെ ഭരണാധികാരികളുടെ വംശം) ഉദ്ധതമായ ഒരു സാത്താന്യ മനോഭാവംനിമിത്തം നീക്കപ്പെട്ടു. (യെഹെസ്ക്കേൽ 28:1-26) അപ്പോൾ, തീർച്ചയായും, നാം യഹോവയുടെ നാമത്തെ അശുദ്ധമാക്കാനിടയാക്കിയേക്കാവുന്ന പാപകരമായ ഔദ്ധത്യത്തെ ഒഴിവാക്കണം.—സങ്കീർത്തനം 138:6; സദൃശവാക്യങ്ങൾ 21:4.
4. ഫറവോനും ഈജിപ്ററിനും എന്തു വരാനിരിക്കുകയായിരുന്നു?
4 യെഹെസ്ക്കേൽ ഈജിപ്ററിന്റെ 40 വർഷത്തെ ഒരു ശൂന്യമാക്കൽ മുൻകൂട്ടിപ്പറഞ്ഞു. അവളുടെ ധനം സോരിൻമേലുള്ള യഹോവയുടെ ന്യായവിധി നടപ്പിലാക്കിയതിൽ നിർവഹിച്ച സൈനിക സേവനത്തിനുള്ള നെബുഖദ്നേസ്സറിന്റെ ശമ്പളമായിരിക്കുമായിരുന്നു. (യെഹെസ്ക്കേൽ 29:1-21) ഈജിപ്ററുകാർ ചിതറിക്കപ്പെടുന്നതിൽ ദൈവം ശ്രദ്ധിക്കുമ്പോൾ ‘താൻ യഹോവയാണെന്നു അവർ അറിയുമായിരുന്നു.’ (യെഹെസ്ക്കേൽ 30:1-26) ഈജിപ്ററിനെ പ്രതിനിധാനം ചെയ്യുന്ന അഹങ്കാരിയായ ഫറവോൻ വെട്ടിയിടപ്പെടാൻ പോകുന്ന ഉയരമുള്ള ഒരു ദേവതാരുമരത്തോടു ഉപമിക്കപ്പെട്ടു. (യെഹെസ്ക്കേൽ 31:1-18) ഒടുവിൽ, യെഹെസ്ക്കേൽ ഫറവോനെയും ഷീയോളിലേക്കുള്ള ഈജിപ്ററിന്റെ ഇറക്കത്തെയുംകുറിച്ചു വിലാപഗീതമുയർത്തി.—യെഹെസ്ക്കേൽ 32:1-32.
കാവൽക്കാരന്റെ കർത്തവ്യം
5. (എ)ഏതു സാഹചര്യങ്ങളിൽമാത്രമേ ദൈവം ഒരു ആത്മീയ കാവൽക്കാരനെ അംഗീകരിക്കുന്നുള്ളു? (ബി) ‘ജീവന്റെ ചട്ടങ്ങളിൽത്തന്നെ നടക്കുക’യെന്നാൽ അർത്ഥമെന്ത്?
5 ഒരു കാവൽക്കാരൻ എന്ന നിലയിൽ യെഹെസ്ക്കേൽ അവന്റെ കർത്തവ്യത്തെക്കുറിച്ചു അനുസ്മരിപ്പിക്കപ്പെട്ടു. (യെഹെസ്ക്കേൽ 33:1-7) തീർച്ചയായും, ഒരു ആത്മീയ കാവൽക്കാരൻ തന്റെ കർത്തവ്യം നിർവഹിക്കുകയും ദുഷ്ടനു മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ ദൈവം അയാളെ അംഗീകരിക്കുന്നുള്ളു. (യെഹെസ്ക്കേൽ 33:8,9 വായിക്കുക.) യെഹെസ്ക്കേലിനെപ്പോലെ, അപ്പോൾ, അഭിഷിക്ത “കാവൽക്കാരൻ”വർഗ്ഗം സധീരം ദിവ്യമുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നു. ദുഷ്ടൻമാരുടെ മരണത്തിൽ ദൈവം സന്തോഷിക്കുന്നില്ലാത്തതുകൊണ്ട് അവർ മുന്നറിയിപ്പുകൾ അനുസരിക്കുകയും ‘ജീവന്റെ ചട്ടങ്ങളിൽത്തന്നെ നടക്കുകയു’മാണെങ്കിൽ അവരുടെ കഴിഞ്ഞകാല രേഖയെ അവർക്കെതിരെ കണക്കിടുകയില്ല. യെഹെസ്ക്കേലിന്റെ നാളിൽ, ആ ചട്ടങ്ങളിൽ നടക്കുന്നത് ന്യായപ്രമാണം അനുസരിക്കുന്നതിനെ അർത്ഥമാക്കി. എന്നാൽ അത് ഇപ്പോൾ ക്രിസ്തുവിന്റെ മറുവിലയെ അംഗീകരിക്കുന്നതിനെയും അവന്റെ അനുഗാമിയായിരിക്കുന്നതിനെയും അർത്ഥമാക്കുന്നു. (1 പത്രോസ് 2:21) ദൈവം ആളുകൾക്കു ശിക്ഷയോ പ്രതിഫലമോ കൊടുക്കുന്ന വിധത്തിൽ യാതൊരു പൊരുത്തമില്ലായ്മയുമില്ല, “മഹോപദ്രവ”ത്തിലെ അതിജീവനം അവന്റെ ചട്ടങ്ങളോടുള്ള അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു.—യെഹെസ്ക്കേൽ 33:10-20; മത്തായി 24:21.
6. ഇന്ന് അനേകർ യെഹെസ്ക്കേലിന്റെ കാലത്തെ യഹൂദപ്രവാസികളെപ്പോലെയായിരിക്കുന്നതെങ്ങനെ?
6 ക്രി.മു. 607-ന്റെ അവസാനത്തോടടുത്ത് ഒരു അഭയാർത്ഥി യെരുശലേമിന്റെ നാശം റിപ്പോർട്ടുചെയ്തു. യെഹെസ്ക്കേൽ വീണ്ടും യഹോവയുടെ സന്ദേശം പ്രസ്താവിച്ചു. (യെഹെസ്ക്കേൽ 33:21-29) പ്രവാസികൾ എങ്ങനെ പ്രതികരിച്ചു? (യെഹെസ്ക്കേൽ 33:30-33 വായിക്കുക) ഇന്ന്, അനേകർ യഹൂദപ്രവാസികളെപ്പോലെയാണ്, അവർക്ക് യെഹെസ്ക്കേൽ ഒരു ‘പ്രേമഗീത’മാലപിക്കുന്നവനെപ്പോലെയായിരുന്നു. അഭിഷിക്തരും അവരുടെ കൂട്ടാളികളും വീടുതോറും സന്ദർശിക്കുമ്പോൾ, ഈ ആളുകൾ രാജ്യദൂതിന്റെ ശബ്ദം ആസ്വദിക്കുന്നു, എന്നാൽ അത് സ്വീകരിക്കുന്നില്ല. അവർക്ക്, അത് ഇമ്പകരമായ ഒരു പ്രേമഗീതംപോലെയാണ്, എന്നാൽ അവർ യഹോവക്ക് ഒരു സമർപ്പണം ചെയ്യുന്നില്ല. അവർ “മഹോപദ്രവ”ത്തെ അതിജീവിക്കുകയില്ല.
യഹോവയുടെ “ഏക ഇടയൻ”
7. നമ്മുടെ കാലത്തെ യഹോവയുടെ ഏതു പ്രവർത്തനങ്ങളെ യെഹസ്ക്കേലിന്റെ നാളിലെ അവന്റെ ആടുകളോടുള്ള അവന്റെ ഇടപെടലുകളോട് താരതമ്യപ്പെടുത്താം?
7 യെരുശലേമിന്റെ വീഴ്ചക്കുശേഷം യെഹെസ്ക്കേലിനു കൊടുത്ത ഒരു സന്ദേശത്തിൽ, യഹോവ തന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയവരെ, ഭരണം നടത്തിയ “യിസ്രായേലിലെ ഇടയൻമാരെ,” കുററംവിധിച്ചു. ആ വാക്കുകൾ ക്രൈസ്തവലോകത്തിലെ ഭരണാധികാരികൾക്ക് എത്ര നന്നായി യോജിക്കുന്നു! (യെഹെസ്ക്കേൽ 34:1-6 വായിക്കുക.) നല്ല ഇടയനായ യേശുക്രിസ്തുവിനു വിപരീതമായി, ക്രൈസ്തവലോകത്തിലെ രാഷ്ട്രീയ ഭരണാധികാരികൾ “ആടുകളെ” പിഴിഞ്ഞ് തങ്ങളേത്തന്നെ കൊഴുപ്പിക്കുകയാണ്. (യോഹന്നാൻ 10:9-15) എന്നാൽ യഹൂദാ ശൂന്യമാക്കപ്പെട്ടപ്പോൾ ഭരണമണ്ഡലത്തിലെ സ്വാർത്ഥ ഇടയൻമാരെ ഉരിഞ്ഞുകൊണ്ട് ദൈവം തന്റെ ആടുകളെ വിടുവിച്ചതുപോലെ “മഹോപദ്രവ”കാലത്ത് ക്രൈസ്തവലോകത്തിലെ ഭരണാധികാരികളുടെ അധികാരം ഉരിഞ്ഞുകൊണ്ട് തന്റെ ആടുകളെ അവൻ വീണ്ടും വിടുവിക്കും. (വെളിപ്പാട് 16:14-16; 19:11-21) യഹോവ തന്റെ ആടുകളെ ക്രി.മു. 537—ൽ ബാബിലോനിൽനിന്നു വിടുവിച്ചപ്പോൾ തന്റെ ചെമ്മരിയാടുതുല്യരായ ജനത്തോട് വലിയ സ്നേഹം പ്രകടമാക്കി, അവൻ മഹാബാബിലോനിന്റെ അടിമത്തത്തിൽനിന്ന് ക്രി.വ. 1919—ൽ ആത്മീയ യിസ്രായേലിന്റെ ശേഷിപ്പിനെ സ്വതന്ത്രരാക്കുന്നതിന് വലിപ്പമേറിയ കോരേശായ യേശുക്രിസ്തുവിനെ ഉപയോഗിച്ചപ്പോൾ അവൻ ആ ഗുണം പ്രകടമാക്കിയതുപോലെതന്നെ.—യെഹെസ്ക്കേൽ 34:7-14.
8. ഒരു ‘കൊഴുത്ത ആട്’ ആട്ടിൻകൂട്ടത്തെ ഞെരുക്കിയാൽ യഹോവ എന്തു ചെയ്യുമായിരുന്നു, ക്രിസ്തീയ ഉപഇടയൻമാർ ആടുകളോട് എങ്ങനെ പെരുമാറണം?
8 ദൈവം തന്റെ ആടുകൾക്ക് സ്നേഹമസൃണമായ പരിപാലനം നൽകുന്നു. (യെഹെസ്ക്കേൽ 34:15,16 വായിക്കുക.) ഒരു ‘കൊഴുത്ത ആട്’ ഇന്ന് ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഞെരുക്കുകയാണെങ്കിൽ യഹോവ അയാളെ ഇപ്പോൾ പുറത്താക്കലിനാലും “മഹോപ്രദവ”ത്തിൽ നിർമ്മൂലനാശത്താലും “പോഷിപ്പിക്കും.” 1914—ൽ യഹോവ തന്റെ അഭിഷിക്ത ശേഷിപ്പിൻമേൽ “ഏക ഇടയ”നായ യേശുക്രിസ്തുവിനെ ആക്കിവെച്ചു. 1935 മുതൽ അവൻ “വേറെ ആടുകളുടെ” ഒരു “മഹാപുരുഷാര”ത്തിന്റെ കൂട്ടിച്ചേർപ്പിനെ നയിച്ചിരിക്കുന്നു. അവർ ഇപ്പോൾ ‘യഹോവയുടെ മേച്ചൽപ്പുറത്തെ അഭിഷിക്ത ആടുകളോടു’കൂടെ സേവിക്കുന്നു. ദൈവത്തെയും ക്രിസ്തുവിനെയുംപോലെ, ക്രിസ്തീയ ഉപഇടയൻമാർ ഈ ആടുകളോടെല്ലാം ആർദ്രതയോടെ പെരുമാറേണ്ടതാണ്.—യെഹെസ്ക്കേൽ 34:17-31; വെളിപ്പാട് 7:9; യോഹന്നാൻ 10:16; സങ്കീർത്തനം 23:1-4; പ്രവൃത്തികൾ 20:28-30.
ഒരു “ഏദൻതോട്ടം”!
9. യഹൂദയുടെയും യിസ്രായേലിന്റെയും ദേശം ഒരു ശബത്ത് പാലിക്കണമെന്ന് യഹോവ നിശ്ചയിച്ചിരുന്നതുകൊണ്ട് അവൻ എന്തു ചെയ്തു?
9 വീണ്ടും യഹൂദയുടെയും യിസ്രായേലിന്റെയും ശൂന്യമാക്കപ്പെട്ട ദേശത്തെക്കുറിച്ച് ചിന്തിക്കുക. 70 വർഷം ദേശം അധിവസിക്കപ്പെടാതെ കിടക്കുന്നതിനാൽ അത് ഒരു ശബ്ബത്ത് പാലിക്കണമെന്ന് ദൈവം നിശ്ചയിച്ചിരുന്നതുകൊണ്ട് ആ ദേശം കൈവശപ്പെടുത്തുന്നതിൽനിന്ന് ഏദോമിനെയും മററു ജനതകളെയും തടയാൻ അവൻ പ്രവർത്തിച്ചു. (2 ദിനവൃത്താന്തം 36:19-21; ദാനിയേൽ 9:2) യഥാർത്ഥത്തിൽ, മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ ക്രി.മു. 602-601—ൽ ബാബിലോന്യരാൽ കീഴടക്കപ്പെട്ടപ്പോൾ ഏദോമും അതിന്റെ പർവതപ്രദേശവുംകൂടെ ശൂന്യമാക്കപ്പെട്ടു.—യെഹെസ്ക്കേൽ 35:1-36:5; യിരെമ്യാവ് 25:15-26.
10. ക്രി.മു. 537—ൽ ഒരു ശേഷിപ്പിനെ യഹൂദയിൽ പുനഃസ്ഥിതീകരിച്ചത് നമ്മുടെ നാളിലെ ഏത് വികാസത്തിലേക്കു വിരൽചൂണ്ടി?
10 ക്രി. മു. 537—ൽ യഹൂദക്കുണ്ടായ പുനഃസ്ഥിതീകരണം നമ്മുടെ കാലത്തെ പുളകപ്രദമായ വികാസങ്ങളിലേക്ക് വിരൽചൂണ്ടി. 1919—ൽ “യിസ്രയേൽപർവതങ്ങൾ”, അഥവാ യഹോവയുടെ അഭിഷിക്തസാക്ഷികളുടെ ആത്മീയാവസ്ഥ ആത്മീയമായി പുനരുജ്ജീവിച്ച ഒരു ശേഷിപ്പിനാൽ വീണ്ടും അധിവസിപ്പിക്കപ്പെടാൻതുടങ്ങി. (യെഹെസ്ക്കേൽ 36:6-15) ദൈവം മതപരമായ അശുദ്ധി നീക്കി അവരെ നിർമ്മലീകരിക്കുകയും അവരിൽ ഒരു പുതിയ ആത്മാവ് വെച്ചുകൊണ്ട് തന്റെ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ഉളവാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. (ഗലാത്യർ 5:22,23) തന്റെ ജനത്തിന് ശിക്ഷണംകൊടുത്തതുനിമിത്തം തന്റെ നാമം ലൗകികരാൽ അശുദ്ധമാക്കപ്പെടാതിരിക്കാൻ യഹോവ ശേഷിപ്പിനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു.—യെഹെസ്ക്കേൽ 36:16-32.
11. യെഹെസ്ക്കേൽ 36:33-36നു ചേർച്ചയായി അഭിഷിക്ത ശേഷിപ്പിന്റെ ആത്മീയാവസ്ഥയോട് ദൈവം എന്തു ചെയ്തിരിക്കുന്നു?
11 ഒരു ശേഷിപ്പ് യഹൂദയിലേക്ക് മടങ്ങിയശേഷം ആ ശൂന്യമാക്കപ്പെട്ടിരുന്ന ദേശം ഫലവത്തായ ഒരു “ഏദൻതോട്ട”മായി രൂപാന്തരപ്പെടുത്തപ്പെട്ടു. (യെഹെസ്ക്കേൽ 36:33-36 വായിക്കുക.) സമാനമായി, അഭിഷിക്തശേഷിപ്പിന്റെ ഒരിക്കൽ ശൂന്യമായിരുന്ന അവസ്ഥയെ യഹോവ 1919മുതൽ ഒരു മനോഹര ആത്മീയ പരദീസയാക്കിമാററി, “മഹാപുരുഷാരം” ഇപ്പോൾ അതിൽ പങ്കുപററുന്നു. ആത്മീയപരദീസയിൽ അധിവസിക്കുന്നത് ഒരു വിശുദ്ധജനമായിരിക്കുന്നതുകൊണ്ട് ഓരോ സമർപ്പിത ക്രിസ്ത്യാനിയും അതിനെ ശുദ്ധമായി സൂക്ഷിക്കാൻ ശ്രമിക്കട്ടെ.—യെഹെസ്ക്കേൽ 36:37,38.
ഐക്യം പുനഃസ്ഥാപിക്കപ്പെടുന്നു
12. യെഹെസ്ക്കേൽ 37:1-14—ൽ പുരാതന യഹൂദജനതയുടെ പുനരുജ്ജീവനം ചിത്രീകരിക്കപ്പെട്ടതെങ്ങനെ, ഇതിന് ഏത് ആധുനിക സമാന്തരം ഉണ്ട്?
12 ബാബിലോന്യ പ്രവാസത്തിൽ യഹൂദൻമാർ വയലിലെ വെറും അസ്ഥികൾപോലെ മിക്കവാറും ഒരു മൃതജനതയായിരുന്നു. (യെഹെസ്ക്കേൽ 37:1-4) എന്നാൽ യെഹെസ്ക്കേൽ അടുത്തതായി എന്തു കണ്ടു? (യെഹെസ്ക്കേൽ 37:5-10 വായിക്കുക.) ആ അസ്ഥികളിൽ വീണ്ടും ഞരമ്പുകളും മാംസവും തൊലിയും പൊതിയപ്പെട്ടു, അവ ജീവശ്വാസത്താൽ വീണ്ടും സജീവമാക്കപ്പെട്ടു. (യെഹെസ്ക്കേൽ 37:11-14) യിസ്രായേലിലെ സകല ഗോത്രങ്ങളിലുംപെട്ട 42360 പേരും ഏതാണ്ട് 7500 യിസ്രായേല്യ ഇതരരും യഹൂദയെ പുനരധിവസിപ്പിക്കാനും യരുശലേമിനെയും അതിലെ ആലയത്തെയും പുനർനിർമ്മിക്കാനും തങ്ങളുടെ സ്വദേശത്ത് സത്യാരാധന പുനഃസ്ഥാപിക്കാനുമുള്ള അവസരം തക്കത്തിലുപയോഗിച്ചപ്പോൾ ദൈവം യഹൂദജനതയെ ഉയർപ്പിച്ചു. (എസ്രാ 1:1-4; 2:64,65) സമാനമായി, 1918—ൽ ആത്മീയ യിസ്രായേലിന്റെ പീഡിത ശേഷിപ്പ് ആ ഉണക്കയസ്ഥികൾപോലെയായിത്തീർന്നു—അവരുടെ പരസ്യസാക്ഷീകരണവേല സംബന്ധിച്ച് കൊല്ലപ്പെട്ടു. എന്നാൽ 1919—ൽ യഹോവ അവരെ രാജ്യഘോഷകരെന്നനിലയിൽ പുനർജ്ജീവിപ്പിച്ചു. (വെളിപ്പാട് 11:7-12) ഈ സമാന്തരം ഈ അഭിഷിക്തരും അവരുടെ സഹകാരികളും ചേർന്ന് യഹോവ ഇന്ന് ഉപയോഗിക്കുന്ന സ്ഥാപനം ഉളവായിരിക്കുന്നുവെന്ന നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കേണ്ടതാണ്.—യഹോവയുടെ സാക്ഷികളുടെ 1975—ലെ വാർഷികപ്പുസ്തകം പേജ് 87-125 കാണുക.
13. യഹോവയുടെ പുരാതന ജനത്തിന്റെ ഇടയിലെ സംഘടനാപരമായ ഐക്യത്തിന്റെ പുനഃസ്ഥിതീകരണത്തെ യെഹെസ്ക്കേൽ 37:15-20—ചിത്രീകരിച്ചതെങ്ങനെ?
13 യഹോവയുടെ പുരാതനജനത്തിന്റെ ഇടയിലെ സംഘടനാപരമായ ഐക്യത്തിന്റെ പുനഃസ്ഥിതീകരണം ചിത്രീകരിക്കപ്പെട്ടതെങ്ങനെയായിരുന്നു? (യെഹെസ്ക്കേൽ 37:15-20 വായിക്കുക) രണ്ടു വടികളുടെ ഒന്നിക്കലിന് (ഒന്ന് ഇരുഗോത്ര യഹൂദാരാജ്യത്തിനുവേണ്ടിയും മറേറത് പത്തുഗോത്ര യിസ്രായേലിനുവേണ്ടിയും അടയാളപ്പെടുത്തിയത്) ഒരു ആധുനികസമാന്തരമുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് അതിമോഹികളായ മനുഷ്യർ ദൈവദാസൻമാരുടെ ഐക്യം തകർക്കാൻ ശ്രമിച്ചു, എന്നാൽ 1919—ൽ വിശ്വസ്ത അഭിഷിക്തർ തങ്ങളുടെ “ഏകരാജാവും” “ഏകഇടയനു”മായ ക്രിസ്തുവിൻകീഴിൽ ഏകീകരിക്കപ്പെട്ടു. മാത്രവുമല്ല, യഹൂദയിലേക്കു മടങ്ങിയ 7500—ൽപരം യിസ്രയേല്യേതരരെപ്പോലെ “മഹാപുരുഷാര”ത്തിൽപ്പെട്ടവർ അഭിഷിക്ത ശേഷിപ്പിനോട് ഇപ്പോൾ ഏകീകരിക്കപ്പെടുന്നു. “ഏകരാജാ”വിൻകീഴിൽ ഐക്യത്തിൽ യഹോവയെ സേവിച്ചുകൊണ്ട് ആത്മീയപരദീസയിലായിരിക്കുന്നത് എന്തു സന്തോഷം!—യെഹെസ്ക്കേൽ 37:21-28.
ഗോഗ് ആക്രമിക്കുന്നു!
14. മാഗോഗിലെ ഗോഗ് ആരാണ്, അവൻ എന്ത് നടപടി സ്വീകരിക്കും? (യെഹെസ്ക്കേൽ 38:1-17)
14 അടുത്തതായി ഒരു നാടകീയ സംഭവം മുൻകൂട്ടിപ്പറയപ്പെട്ടു. ദൈവനാമത്തെ അശുദ്ധമാക്കാനും അവന്റെ ജനത്തെ നശിപ്പിക്കാനും ആശിച്ചുകൊണ്ട് മാഗോഗിലെ ഗോഗ് യഹോവയുടെ “സ്ത്രീ”യെ അഥവാ സ്വർഗ്ഗീയസ്ഥാപനത്തെ പ്രതിനിധാനംചെയ്യുന്ന ആത്മീയയിസ്രായേലിന്റെ ശേഷിപ്പിനെ ആക്രമിക്കും. (വെളിപ്പാട് 12:1-17) ഗോഗ് “ഈ ലോകത്തിന്റെ ഭരണാധിപനായ” പിശാചായ സാത്താനാണ്. 1914—ലെ രാജ്യജനനത്തെ തുടർന്ന് അവൻ സ്വർഗ്ഗത്തിൽനിന്ന് നിഷ്ക്കാസിതനായ ശേഷമാണ് അവന് ഈ പേർ കിട്ടിയത്. (യോഹന്നാൻ 12:31) “മാഗോഗ്ദേശം” ഗോഗും അവന്റെ ഭൂതങ്ങളും ഭൂപരിസരത്ത് ഒതുക്കിനിർത്തപ്പെട്ടിരിക്കുന്ന സ്ഥാനമാണ്. മതവിരുദ്ധശക്തികൾ ക്രൈസ്തവലോകത്തെയും മഹാബാബിലോനിന്റെ ശേഷിച്ച ഭാഗത്തെയും നശിപ്പിച്ച ശേഷം സംരക്ഷണരഹിതരെന്നു തോന്നുന്ന ആത്മീയയിസ്രായേലിന്റെ ശേഷിപ്പിനും അവരുടെ സമർപ്പിത കൂട്ടാളികൾക്കുമെതിരെ യഹോവ ഗോഗിനെ വരുത്തും.—യെഹെസ്ക്കേൽ 38:1-17; വെളിപ്പാട് 17:12-14.
15. ഗോഗ് യഹോവയുടെ സാക്ഷികളെ ആക്രമിക്കുമ്പോൾ എന്തു സംഭവിക്കും?
15 യഹോവയുടെ സാക്ഷികളെ ഗോഗ് ആക്രമിക്കുമ്പോൾ എന്തു സംഭവിക്കും? (യെഹെസ്ക്കേൽ 38:18-23 വായിക്കുക.) യഹോവ തന്റെ ജനത്തെ വിടുവിക്കും! അവന്റെ ആയുധങ്ങൾ പ്രവഹിക്കുന്ന പെരുമഴയും വലിയ കൽമഴയും മിന്നലും ഉഗ്രമായ മഹാമാരിയും ആയിരിക്കും. ഗോഗിന്റെ സൈന്യങ്ങൾ സംഭ്രാന്തിയോടെ അന്യോന്യം വാൾ തിരിക്കും. എന്നാൽ ദൈവം അവരെ ആസ്തിക്യത്തിൽനിന്ന് തുടച്ചുനീക്കുന്നതിനുമുൻപ് ‘താൻ യഹോവയാണെന്ന് അവർ അറിയാനിടയാക്കപ്പെടും.’
16. (എ)“മാഗോഗ് ദേശത്തിനു എന്തു സംഭവിക്കും? (ബി) ഗോഗിനെസംബന്ധിച്ച മുൻകൂട്ടിപ്പറയപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള അറിവിനാൽ നാം എങ്ങനെ ബാധിക്കപ്പെടണം?
16 സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലടക്കപ്പെടുമ്പോൾ അവരുടെ ഭൂമിയിലെ അധോനിലയായ “മാഗോഗ്ദേശം” എന്നേക്കും പൊയ്പോയിരിക്കും. (വെളിപ്പാട് 20:1-3) ഗോഗിന്റെ യുദ്ധസജ്ജീകരണം വളരെ വിപുലമായതുകൊണ്ട് അത് നീക്കം ചെയ്യുന്നതിന് കുറെ സമയം എടുക്കും. പക്ഷികളും മൃഗങ്ങളും ഗോഗിന്റെ കൂട്ടത്തിന്റെ കുഴിച്ചിടാത്ത ശവങ്ങൾ ആർത്തിയോടെ തിന്നും. ഇതിനെക്കുറിച്ചെല്ലാമുള്ള അറിവ് നമ്മെ എങ്ങനെ ബാധിക്കണം? ഗോഗിന്റെ ആക്രമണം ആസന്നമായിരിക്കുന്നുവെന്നും എന്നാൽ യഹോവ തന്റെ ജനത്തെ വിടുവിക്കുമെന്നുമുള്ള അറിവ് നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുകയും അങ്ങനെയുള്ള സംഭവങ്ങൾ ദൈവത്തിന്റെ ദീർഘമായി അശുദ്ധമാക്കപ്പെട്ടിരുന്ന നാമത്തെ വിശുദ്ധീകരിക്കുന്നതിൽ കലാശിക്കുന്നതിൽ നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യേണ്ടതാണ്!—യെഹെസ്ക്കേൽ 39:1-29.
യഹോവയുടെ വിശുദ്ധമന്ദിരം കാണുക!
17. (എ)ക്രി.മു. 593—ൽ യെഹെസ്ക്കേലിന് ഏത് ദർശനം അനുവദിക്കപ്പെട്ടു? (ബി) ദാർശനികാലയത്തിന്റെ ആസ്തിക്യം എന്തിന്റെ തെളിവാണ്?
17 ക്രി.മു. 593—ൽ, യരുശലേമിലെ ആലയത്തിന്റെ നാശത്തിനുശേഷം 14-ാംവർഷം യഹോവയുടെ ആരാധനക്കുവേണ്ടിയുള്ള ഒരു വിശുദ്ധമന്ദിരത്തിന്റെ ദർശനം യെഹെസ്ക്കേലിനു കൊടുക്കപ്പെട്ടു. പ്രവാചകന്റെ ദൂത മാർഗ്ഗദർശിയാൽ അളക്കപ്പെട്ടപ്പോൾ അതിന് വമ്പിച്ച അളവുകളാണുണ്ടായിരുന്നത്. (യെഹെസ്ക്കേൽ 40:1-48:35) ഈ ആലയം “യഹോവ സ്ഥാപിച്ച യഥാർത്ഥ കൂടാരത്തെ” ചിത്രീകരിച്ചു. അതിന് “സ്വർഗ്ഗത്തിലെ കാര്യങ്ങളുടെ മാതൃകാപരമായ പ്രതിനിധാനങ്ങൾ” ഉണ്ടായിരുന്നു. യേശുക്രിസ്തു തന്റെ മറുവിലയാഗത്തിന്റെ മൂല്യം ദൈവത്തിനു കാഴ്ചവെക്കുന്നതിന് അതിന്റെ വിശുദ്ധസ്ഥലത്ത്, “സ്വർഗ്ഗത്തിൽതന്നെ”, പ്രവേശിച്ചു. (എബ്രായർ 8:2; 9:23,24) ദാർശനികാലയം നിർമ്മലാരാധന ഗോഗിന്റെ ആക്രമണത്തെ അതിജീവിക്കുമെന്ന് തെളിയിക്കുന്നു. യഹോവയുടെ നാമത്തിന്റെ പ്രേമികൾക്ക് എന്തോരാശ്വാസം!
18. ദാർശനികാലയത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചില സവിശേഷതകളെന്തെല്ലാം?
18 ആലയത്തിനു അനേകം സവിശേഷതകളുണ്ടായിരുന്നു. ദൃഷ്ടാന്തമായി, അത്നിന്റെ പുറത്തെയും അകത്തെയും ചുവരുകളിൽ ആറു പടിവാതിലുകൾ ഉണ്ടായിരുന്നു. (യെഹെസ്ക്കേൽ 40:6-35) പുറത്തെ പ്രാകാരത്തിൽ മുപ്പതു ഭക്ഷണമുറികൾ (ജനത്തിനു സംസർഗ്ഗയാഗങ്ങൾ ഭക്ഷിക്കാനായിരുന്നിരിക്കണം) ഉണ്ടായിരുന്നു. (40:17) ഹോമയാഗത്തിനുള്ള പീഠം അകത്തെ പ്രാകാരത്തിലായിരുന്നു. (43:13-17) പ്രത്യക്ഷത്തിൽ ധൂപം കത്തിക്കുന്നതിന് ആലയത്തിന്റെ ഒന്നാമത്തെ മുറിയിൽ ഒരു മര പീഠം ഉണ്ടായിരുന്നു. (41:21,22) അതിവിശുദ്ധത്തിന് 20 ചതുരശ്രമുഴം വിസ്തീർണ്ണമുണ്ടായിരുന്നു. ആലയത്തിനു ചുററുമുള്ള മതിൽ ഓരോ വശത്തും 500 ദണ്ഡ് (1600മീ.) ആയിരുന്നു. ദൈവമഹത്വംകൊണ്ടു നിറഞ്ഞ എന്തോരു ആലയം!—യെഹെസ്ക്കേൽ 41:4; 42:16-20; 43:1-7)
19. ആലയത്തിന്റെ വിശദാംശങ്ങളാലും അവിടെ ശുശ്രൂഷിക്കുന്നവർ ദൈവത്തിന്റെ നിലവാരങ്ങളിലെത്തണമായിരുന്നുവെന്ന വസ്തുതയാലും നാം എങ്ങനെ ബാധിക്കപ്പെടണം?
19 ആലയത്തിന്റെയും യാഗങ്ങളുടെയും വഴിപാടുകളുടെയും ഉത്സവങ്ങളുടെയും അനേകം വിശദാംശങ്ങൾ യഹോവയെയും അവന്റെ ആരാധനയെയും ഉന്നതമാക്കുന്നതിന് സകല ശ്രമവും ചെയ്യണമെന്നു തിരിച്ചറിഞ്ഞുകൊണ്ട് ദൈവസ്ഥാപനത്തിൽനിന്നുള്ള സകല നിർദ്ദേശവും അനുസരിക്കേണ്ടതിന്റെ ആവശ്യം നമ്മെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. (യെഹെസ്ക്കേൽ 45:13-25; 46:12-20) ആലയത്തിൽ ശുശ്രൂഷിക്കുന്നവർ ദൈവത്തിന്റെ ഉന്നതമായ നിലവാരങ്ങളിലെത്തണമായിരുന്നു, അവർ ജനത്തെ ‘വിശുദ്ധകാര്യങ്ങളും മലിനകാര്യങ്ങളും തമ്മിലുള്ള വ്യത്യാസം’ പഠിപ്പിക്കണമായിരുന്നു. (യെഹെസ്ക്കേൽ 44:15,16,23) ഇത് യഹോവയുടെ ജനമെന്ന നിലയിൽ വിശുദ്ധി നിലനിർത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.—എഫേസ്യർ 1:3,4.
20. (എ)ദാർശനികാലയത്തിൽനിന്നൊഴുകിയ വെള്ളത്താൽ പ്രതീകവൽക്കരിക്കപ്പെട്ടതെന്ത്? (ബി) ഈ പ്രതീകാത്മക വെള്ളത്തിന് എന്ത് ഫലമുണ്ടായിരിക്കും?
20 ആലയത്തിൽനിന്ന് ഒരു അരുവി ഒഴുകി. അത് ചാവുകടലിലെ വെള്ളത്തെ സൗഖ്യമാക്കുകയോ മധുരിപ്പിക്കുകയോ ചെയ്തു, തന്നിമിത്തം അതിൽ മത്സ്യം പെരുകി. (യെഹെസ്ക്കേൽ 47:1-11) ഈ വെള്ളം യേശുവിന്റെ ബലി ഉൾപ്പെടെ നിത്യജീവനുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലുകളെ പ്രതീകപ്പെടുത്തുന്നു, ഗോഗിന്റെ ആക്രമണത്തെ അതിജീവിക്കുന്നവർക്കും പുനരുത്ഥാനം പ്രാപിക്കുന്നവരുൾപ്പെടെ മററുള്ളവർക്കും അത് വേണ്ടത്ര ഉണ്ട്. (യോഹന്നാൻ 5:28,29; 1യോഹന്നാൻ 2:2; വെളിപ്പാട് 22:1,2) ചാവുകടൽ മനുഷ്യവർഗ്ഗം സ്ഥിതിചെയ്തിരിക്കുന്ന അവസ്ഥയെ—അവകാശപ്പെടുത്തിയ പാപത്തിന്റെയും മരണത്തിന്റെയും കുററവിധിയെയും സാത്താന്റെ ആധിപത്യത്തെയും—പ്രതിനിധാനംചെയ്യുന്നു. ചാവുകടലിലെ മധുരജലത്തിലുണ്ടായിരുന്ന സമൃദ്ധമായ മത്സ്യത്തെപ്പോലെ വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗ്ഗം മശിഹൈകാധിപത്യത്തിലെ സുഖസാഹചര്യങ്ങളിൽ തഴക്കും.
21. യെഹെസ്ക്കേൽ 47:12 അനുസരണമുള്ള മനുഷ്യവർഗ്ഗം പുതിയ ലോകത്തിൽ എന്തനുഭവിക്കുമെന്നു സൂചിപ്പിക്കുന്നു?
21 ദാർശനിക അരുവിയുടെ കരയിൽ വളരുന്ന വൃക്ഷങ്ങളോടും രോഗശാന്തി ബന്ധപ്പെട്ടിരിക്കുന്നു. (യെഹെസ്ക്കേൽ 47:12 വായിക്കുക.) പുതിയ ലോകത്തിൽ, അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് ശാരീരികവും ആത്മീയവുമായ പൂർണ്ണാരോഗ്യം അനുഭവപ്പെടും. എന്തുകൊണ്ടു പാടില്ല? ദർശനത്തിലെ ഫലവൃക്ഷങ്ങളുടെ ഇലകൾക്ക് തുടർച്ചയായ സൗഖ്യമാക്കൽഗുണങ്ങളുണ്ട്. യഹോവയെ അറിയുകയും സേവിക്കുകയും ചെയ്യുന്നവർക്ക് എന്തനുഗ്രഹങ്ങൾ!
അപ്പോൾ അവർ അറിയും!
22. ദൈവം പരദീസയിൽ ആളുകളെ തനിക്കിഷ്ടമുള്ളടത്ത് ആക്കിവെക്കുമെന്ന് എന്തു സൂചിപ്പിക്കുന്നു?
22 ഇപ്പോൾ യഹോവയുടെ സ്ഥാപനത്തോട് സഹകരിക്കുന്നതിനാൽ ദൈവം ഭൗമികപരദീസയിൽ തനിക്കിഷ്ടമുള്ളടത്ത് ആളുകളെ ആക്കിവെക്കുമ്പോൾ നമ്മെ സഹകരണമുള്ളവരാക്കുന്ന ഗുണങ്ങൾ നമുക്ക് വളർത്തിയെടുക്കാൻ കഴിയും. അങ്ങനെ ആളുകളെ ആക്കിവെക്കുമെന്ന്, യെഹെസ്ക്കേൽ ദർശനത്തിൽ കണ്ട ഒരു ഭരണപ്രദേശത്തിന്റെ വടക്കും തെക്കും ഗോത്ന്ര നിയമനങ്ങൾ നടത്തിയിരുന്നുവെന്ന വസ്തുതയാൽ സൂചിപ്പിക്കപ്പെടുന്നു. ആ മൂന്നുഭാഗ ദേശം “സംഭാവന”യിൽ പുരോഹിതരല്ലാത്ത ലേവ്യർക്കുവേണ്ടിയുള്ള ഒരു ഭാഗവും ദാർശനികാലയം നിന്ന പുരോഹിതഭാഗവും ഉൾപ്പെട്ടിരുന്നു. ദക്ഷിണഭാഗത്തിന്റെ മദ്ധ്യത്തിൽ ഒരു സംയുക്ത “മുഖ്യ”ന്റെ കീഴിലെ ഗോത്രാന്തര പ്രവർത്തകസേനയോടുകൂടിയ ഒരു നഗരമുണ്ടായിരുന്നു, പുതിയ ഭൂമിയിലെ പ്രഭുക്കളായ മശിഹൈക പ്രതിനിധികളാണ് ആ മുഖ്യൻ.—യെഹെസ്ക്കേൽ 47:13-48:34; 2 പത്രോസ് 3:13; സങ്കീർത്തനം 45:16.
23. പരദീസയിൽ ജീവിക്കുന്ന വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ ഭാഗമായിത്തീരുന്നതിന് നാം ഇപ്പോൾ എന്തു ചെയ്യണം?
23 തന്റെ സ്വർഗ്ഗീയവിശുദ്ധമന്ദിരത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന ദൈവം യെഹെസ്ക്കേൽ കണ്ട പ്രതീകാത്മക നഗരത്തെ അനുഗ്രഹിക്കും. (യെഹെസ്ക്കേൽ 48:35 വായിക്കുക.) ആ ഭൗമിക ഭരണാസ്ഥാനം യഹോവ-ശമ്മ അഥവാ “യഹോവതന്നെ അവിടെയുണ്ട്” എന്ന് പേർവിളിക്കപ്പെടും. ദൈവത്തോട് നിലക്കാത്ത സ്നേഹം പ്രകടമാക്കുന്നതിൽ തുടരുക, അപ്പോൾ നിങ്ങൾക്ക് പരദീസയിൽ ജീവിക്കുന്ന വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന്റെ ഭാഗമായിരിക്കാൻ കഴിയും. അന്ന് ഭൂമിയിലാരും ആത്മീയാന്ധകാരത്തിലായിരിക്കുകയില്ല. എന്നാൽ യഹോവ ജീവനുള്ള ഏകസത്യദൈവമാണെന്ന് എല്ലാവരും അറിയും. (ഹബക്കൂക്ക് 2:14) ദുഷ്ടൻമാർ നശിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ ഇഷ്ടത്തിനെതിരായി ദൈവനാമത്തെ അംഗീകരിക്കാൻ നിർബദ്ധരാകുന്നതിനെ ഒഴിവാക്കുക. വിശ്വാസം പ്രകടമാക്കുക, “ഞാൻ യഹോവയാകുന്നുവെന്ന് ജനതകൾ അറിയേണ്ടിവരു”മെന്നുള്ള വാക്കുകൾ അവൻ നിവർത്തിക്കുമ്പോൾ അതിജീവിക്കുന്നവരിലുൾപ്പെടാൻ നിങ്ങളാശിക്കുന്നുവെന്ന് പ്രകടമാക്കിക്കൊണ്ടുതന്നെ.—യെഹെസ്ക്കേൽ 36:23. (w88 9/15)
നിങ്ങൾ എന്തു പറയും?
◻ ഏതു സാഹചര്യങ്ങളിൽമാത്രമേ യഹോവ ഒരു ആത്മീയ കാവൽക്കാരനെ അംഗീകരിക്കുന്നുള്ളു?
◻ യഹോവ തന്റെ ആടുകളോട് എങ്ങനെ പെരുമാറുന്നു, ക്രിസ്തീയ ഇടയൻമാർ അവരോട് എങ്ങനെ ഇടപെടണം?
◻ യഹൂദജനതയുടെ പുനരുജ്ജീവനം ചിത്രീകരിക്കപ്പെട്ടതെങ്ങനെ? (യെഹെസ്ക്കേൽ 37:1-14) ഇതിന്റെ ആധുനികസമാന്തരമെന്ത്?
◻ മാഗോഗിലെ ഗോഗ് ആർ, അവൻ യഹോവയുടെ സാക്ഷികളെ ആക്രമിക്കുമ്പോൾ എന്തു സംഭവിക്കും?
◻ ദാർശനികാലയത്തിൽനിന്നൊഴുകുന്ന വെള്ളം പ്രതീകവൽക്കരിക്കുന്നത്നെന്ത്?
[25-ാം പേജിലെ ഭൂപടം/ചിത്രം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
വിശുദ്ധ സംഭാവനയും ഗോത്രനിയമനങ്ങളും
മഹാസമുദ്രം
ഹാമത്തിലേക്കുള്ള പ്രവേശനം
ദാൻ
ആശേർ
നഫ്താലി
മനശ്ശെ
എഫ്രയിം
രൂബേൻ
യഹൂദാ
സർവ്വസൈന്യാധിപൻ
വിശുദ്ധം സംഭാവന
ഏൻ-എഗ്ലയിം
ബെന്യാമീൻ
ശിമയോൻ
ഏൻ-ഗേദി
യിസ്സാഖാർ
സെബൂലൂൻ
താമാർ
ഗാദ്
മെരീബത്ത്-കാദേശ്
ഗലീലക്കടൽ
ഉപ്പുകടൽ
യോർദ്ദാൻ നദി
[23-ാം പേജിലെ ചിത്രം]
യഹോവ പുരാതന ഇടയൻമാരെപ്പോലെ തന്റെ ആടുകൾക്ക് ആർദ്രപരിപാലനം നൽകുന്നു. അങ്ങനെ ക്രിസ്തീയ ഇടയൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറേണ്ടതാണ്.