നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവിനോടൊത്തു മേയിക്കൽ
“യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.”—സങ്കീർത്തനം 23:1, 3.
1. യഹോവ ഏതു സ്നേഹപുരസ്സരമായ നവോൻമേഷം പ്രദാനംചെയ്യുന്നു?
“ദാവീദിന്റെ ഒരു കീർത്തന”മായ 23-ാം സങ്കീർത്തനം ക്ഷീണിതരായ അനേകം ദേഹികൾക്കു നവോൻമേഷം കൈവരുത്തിയിട്ടുണ്ട്. അത് 6-ാം വാക്യത്തിൽ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന ആത്മവിശ്വാസമുണ്ടായിരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു: “നൻമയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.” ഇപ്പോൾ സകല ജനതകളിൽനിന്നും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന യഹോവയുടെ ജനത്തോടു ചേർന്ന് അവന്റെ ആരാധനാലയത്തിൽ സദാകാലവും വസിക്കാനാണോ നിങ്ങളുടെ ആഗ്രഹം? “നിങ്ങളുടെ ആത്മാക്കളുടെ [ദേഹികളുടെ, NW] ഇടയനും അദ്ധ്യക്ഷനുമായവൻ,” നമ്മുടെ ശ്രേഷ്ഠസ്രഷ്ടാവായ യഹോവയാം ദൈവം, ആ ലക്ഷ്യം നേടാൻ നിങ്ങളെ സഹായിക്കും.—1 പത്രൊസ് 2:25.
2, 3. (എ) യഹോവ എങ്ങനെ തന്റെ ജനത്തെ സ്നേഹപൂർവം മേയിക്കുന്നു? (ബി) യഹോവയുടെ “ആട്ടിൻകൂട്ടം” നാടകീയമായി വർദ്ധിച്ചിരിക്കുന്നതെങ്ങനെ?
2 ‘പുതിയ ആകാശത്തിന്റെയും ഒരു പുതിയ ഭൂമിയുടെയും’ സ്രഷ്ടാവ് “ദൈവത്തിന്റെ ഭവന”മായ ക്രിസ്തീയ സഭയുടെ സംഘാടകനും പരമോന്നത മേൽവിചാരകനും കൂടെയാണ്. (2 പത്രൊസ് 3:13; 1 തിമൊഥെയൊസ് 3:15) അവൻ, യെശയ്യാവു 40:10, 11 വ്യക്തമായി പ്രസ്താവിക്കുന്നതുപോലെ, തന്റെ ജനത്തെ മേയിക്കുന്നതിൽ ആഴമായ താത്പര്യമുള്ളവനാണ്: “ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു. ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.”
3 ഒരു വിപുലമായ അർത്ഥത്തിൽ, ഈ “ആട്ടിൻകൂട്ട”ത്തിൽ ക്രിസ്തീയ സത്യത്തിൽ ദീർഘകാലം നടന്നിട്ടുള്ളവരും, ഇപ്പോൾ ആഫ്രിക്കയിലും കിഴക്കൻ യൂറോപ്പിലും സ്നാപനമേററുകൊണ്ടിരിക്കുന്ന വലിയ കൂട്ടങ്ങളെപ്പോലെ വളരെ അടുത്ത കാലങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന “കുഞ്ഞാടുകളും” ഉൾപ്പെടുന്നു. ബലിഷ്ഠവും സംരക്ഷകവുമായ യഹോവയുടെ ഭുജം അവരെ തന്റെ മാർവ്വിലേക്കു കൂട്ടിച്ചേർക്കുന്നു. അവർ അലഞ്ഞുതിരിയുന്ന ആടുകളെപ്പോലെയായിരുന്നെങ്കിലും ഇപ്പോൾ അവർ തങ്ങളുടെ പ്രിയങ്കരനായ ദൈവവും ഇടയനുമായവനോടുള്ള ഒരു ഗാഢസൗഹൃദബന്ധത്തിലേക്കു വന്നിരിക്കുന്നു.
യഹോവയുടെ സഹ ഇടയൻ
4, 5. (എ) “നല്ല ഇടയൻ” ആരാണ്, പ്രവചനം അവനിലേക്കു വിരൽചൂണ്ടിയതെങ്ങനെ? (ബി) യേശു ഏതു വേർതിരിക്കൽവേലയുടെ മേൽവിചാരണ നടത്തിക്കൊണ്ടിരിക്കുന്നു, എന്തു മുന്തിയ ഫലത്തോടെ?
4 സ്വർഗ്ഗത്തിൽ തന്റെ പിതാവിന്റെ വലങ്കൈക്കൽ സേവിച്ചുകൊണ്ടു “നല്ല ഇടയനായ” യേശുക്രിസ്തുവും തന്റെ “ആടുകൾ”ക്കു സഹാനുഭൂതിയോടുകൂടിയ ശ്രദ്ധ കൊടുക്കുന്നു. ആദ്യം അഭിഷിക്തരുടെ “ചെറിയ ആട്ടിൻകൂട്ട”ത്തിനും പിന്നീട് ഇക്കാലത്ത് അവന്റെ “വേറെ ആടുകളുടെ” മഹാപുരുഷാരത്തിനും പ്രയോജനം ചെയ്യുന്നതിന് അവൻ തന്റെ ജീവനെ വെച്ചുകൊടുത്തു. (ലൂക്കൊസ് 12:32; യോഹന്നാൻ 10:14, 16) വലിയ ഇടയനായ യഹോവയാം ദൈവം തന്റെ സകല ആടുകളെയും സംബോധന ചെയ്തുകൊണ്ടു പറയുന്നു: “ഞാൻതന്നേ . . . ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായംവിധിക്കും. അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.”—യെഹെസ്ക്കേൽ 34:20-24.
5 “എന്റെ ദാസനായ ദാവീദ്” എന്ന നാമധേയം ദാവീദിന്റെ സിംഹാസനം അവകാശപ്പെടുത്തുന്ന “സന്തതി”യായ ക്രിസ്തുയേശുവിലേക്കു പ്രാവചനികമായി വിരൽചൂണ്ടുന്നു. (സങ്കീർത്തനം 89:35, 36) ജനതകളുടെ ന്യായവിധിയുടെ ഈ നാളിൽ, യഹോവയുടെ സഹ ഇടയനും രാജാവുമായ ക്രിസ്തുയേശു, ദാവീദിന്റെ പുത്രൻ, “ചെമ്മരിയാടുകൾ” എന്നവകാശപ്പെട്ടേക്കാവുന്നവരും എന്നാൽ യഥാർത്ഥത്തിൽ “കോലാടുകൾ” ആയിരിക്കാവുന്നവരുമായവരിൽനിന്നു മനുഷ്യവർഗ്ഗത്തിലെ “ചെമ്മരിയാടുകളെ” വേർതിരിക്കുന്നതിൽ തുടരുകയാണ്. (മത്തായി 25:31-33) ആടുകളെ പോഷിപ്പിക്കുന്നതിനുംകൂടെയാണ് ഈ “ഒരേ ഇടയൻ” എഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രവചനത്തിന്റെ എന്തൊരു മഹത്തായ നിവൃത്തിയാണു നാം ഇന്നു കാണുന്നത്! രാജ്യതന്ത്രജ്ഞൻമാർ ഒരു പുതിയ ലോകക്രമത്തിലൂടെ മനുഷ്യവർഗ്ഗത്തെ ഏകീഭവിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കെ, ഈ ഒരു ഇടയൻ യഥാർത്ഥത്തിൽ ഭൂമിയിലെ ദൈവസ്ഥാപനത്തിനു മാത്രം ഏതു കാലത്തും ഏറെറടുക്കാൻ കഴിയുന്ന ഒരു ബഹുഭാഷാസാക്ഷീകരണപ്രസ്ഥാനത്തിലൂടെ സകല ജനതകളിലെയും ചെമ്മരിയാടുകളെ ഒരുമിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
6, 7. “വിശ്വസ്തനും വിവേകിയുമായ അടിമ” ആടുകൾക്ക് “തക്ക സമയത്തെ ആഹാരം” ലഭ്യമാക്കുന്നതിൽ ശ്രദ്ധിച്ചിരിക്കുന്നതെങ്ങനെ?
6 രാജ്യസന്ദേശം പുതിയ പ്രദേശങ്ങളിലേക്കു നിരന്തരം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ ആ ഒരിടയനാൽ നിയോഗിക്കപ്പെട്ട, അഭിഷിക്തക്രിസ്ത്യാനികളടങ്ങുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ” “തക്ക സമയത്തെ ആഹാരം” അയച്ചുകൊടുക്കുന്നതിനു സകല കരുതലും ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു. (മത്തായി 24:45, NW) ഭൂമിയിലെങ്ങുമായി വാച്ച് ടവർ സൊസൈററിയുടെ അച്ചടി നടക്കുന്ന 33 ബ്രാഞ്ചുകളിൽ പലതും മെച്ചപ്പെട്ട കൂടുതൽ ബൈബിൾപാഠപുസ്തകങ്ങളുടെയും മാസികകളുടെയും കൂടിവരുന്ന ആവശ്യം നിറവേററുന്നതിന് ഉല്പാദനം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
7 യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഏതാണ്ട് 200 ഭാഷകളിൽ വിവർത്തനത്തിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിനും മുഴു ലോകവയലിനെയും ഉൾപ്പെടുത്താനാവശ്യമുള്ള കൂടുതലായ ഭാഷകളിൽ വിവർത്തനത്തിനു തുടക്കംകുറിക്കുന്നതിനും സാദ്ധ്യമായ സകല ശ്രമവും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതു പ്രവൃത്തികൾ 1:8-ൽ യേശു തന്റെ ശിഷ്യൻമാർക്കു കൊടുത്ത നിയോഗത്തെ പിന്തുണക്കാൻവേണ്ടിയാണ്: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു . . . ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികളാകും.” തന്നെയുമല്ല, ഇപ്പോൾത്തന്നെ മുഴുവനായോ ഭാഗികമായോ 14 ഭാഷകളിൽ വിവർത്തനംചെയ്തിട്ടുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം യൂറോപ്പിലെയും ആഫ്രിക്കയിലെയും പൗരസ്ത്യദേശങ്ങളിലെയും വേറെ 16 ഭാഷകളിലേക്കു വിവർത്തനംചെയ്തുകൊണ്ടിരിക്കുകയാണ്.
“ദൈവസമാധാനം” ആസ്വദിക്കൽ
8. യഹോവ ആടുകളുമായി ചെയ്തിരിക്കുന്ന സമാധാന ഉടമ്പടിയാൽ അവ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
8 യഹോവ തന്റെ ഏക ഇടയനായ ക്രിസ്തുയേശു മുഖേന, നന്നായി പോഷിപ്പിക്കപ്പെടുന്ന തന്റെ ആടുകളുമായി ഒരു “സമാധാന ഉടമ്പടി” ചെയ്യുന്നു. (യെശയ്യാവു 54:10) യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുന്നതിലൂടെ ആടുകൾ വെളിച്ചത്തിൽ നടക്കാൻ പ്രാപ്തരാക്കപ്പെടുന്നു. (1 യോഹന്നാൻ 1:7) അവർ ‘സകല ചിന്തയെക്കാളും മികച്ചുനിൽക്കുന്നതും ക്രിസ്തുയേശുമുഖേന തങ്ങളുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും കാക്കുന്നതുമായ സമാധാനം’ ആസ്വദിക്കുന്നു. (ഫിലിപ്പിയർ 4:7, NW) യെഹെസ്ക്കേൽ 34:25-28 തുടർന്നു വർണ്ണിക്കുന്നതുപോലെ, യഹോവ തന്റെ ആടുകളെ സുരക്ഷിതത്വത്തിന്റെയും നവോൻമേഷദായകമായ ഐശ്വര്യത്തിന്റെയും ഫലസമൃദ്ധിയുടെയും അവസ്ഥയായ ഒരു ആത്മീയ പറുദീസയിലേക്കു മേയിച്ചു കൊണ്ടുപോകുന്നു. സ്നേഹവാനായ ഈ ഇടയൻ തന്റെ ആടുകളെക്കുറിച്ചു പറയുന്നു: “ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. അവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; . . . അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”
9. ‘നുകക്കഴികളുടെ തകർക്കലിനാൽ’ ദൈവജനത്തിന് ഏതവസരങ്ങൾ തുറന്നുകിട്ടിയിരിക്കുന്നു?
9 സമീപവർഷങ്ങളിൽ, ഇപ്പോൾത്തന്നെ പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾക്ക് “അവരുടെ നുകക്കഴിക”ളുടെ തകർക്കൽ അനുഭവപ്പെട്ടിരിക്കുന്നു. മുമ്പൊരിക്കലും സാധിച്ചിട്ടില്ലാത്ത വിധത്തിൽ പ്രസംഗിക്കാൻ അവർ സ്വതന്ത്രരാണ്. വേല പൂർത്തീകരിക്കുന്നതിനു നാം തീവ്രയത്നം നടത്തവേ യഹോവ പ്രദാനംചെയ്യുന്ന സുരക്ഷിതത്വത്തെ എല്ലാ രാജ്യത്തും നമുക്കെല്ലാം നന്നായി വിനിയോഗിക്കാം. മനുഷ്യവർഗ്ഗം കാണാൻപോകുന്നതിലേക്കും ഏററവും വലിയ ഉപദ്രവകാലത്തെ നാം സമീപിക്കവേ, യഹോവ എന്തുറപ്പാണു നമുക്കു നൽകുന്നത്!—ദാനിയേൽ 12:1; മത്തായി 24:21, 22.
10. നല്ല ഇടയനായ ക്രിസ്തുയേശുവിനെ സഹായിക്കുന്നതിനു യഹോവ ആരെ പ്രദാനംചെയ്തിരിക്കുന്നു, അപ്പൊസ്തലനായ പൗലോസ് ഇവരിൽ ചിലരെ എങ്ങനെ സംബോധനചെയ്തു?
10 ദുഷ്ടൻമാർക്കെതിരായ പ്രതികാരത്തിന്റെ ആ നാളിനായുള്ള ഒരുക്കമായി യഹോവ തന്റെ ആടുകളുടെ പരിപാലനത്തിനു നല്ല ഇടയനായ ക്രിസ്തുയേശുവിനെ സഹായിക്കാൻ കീഴിടയൻമാരെ പ്രദാനംചെയ്തിട്ടുണ്ട്. ഇവർ വെളിപ്പാടു 1:16-ൽ യേശുവിന്റെ വലങ്കൈയിലെ “ഏഴു നക്ഷത്ര”മായി വർണ്ണിക്കപ്പെട്ടിരിക്കുന്നു, ഒരു പൂർണ്ണസംഖ്യതന്നെ. ഒന്നാം നൂററാണ്ടിൽ, അപ്പൊസ്തലനായ പൗലൊസ് ഈ കീഴിടയൻമാരുടെ ഒരു പ്രതിപുരുഷസംഘത്തെ സംബോധനചെയ്തുകൊണ്ടു പറഞ്ഞു: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃത്തികൾ 20:28) ഇന്നു ഭൂമിയിലെങ്ങുമുള്ള 69,558 സഭകളിൽ സേവിക്കുന്ന പതിനായിരക്കണക്കിനു കീഴിടയൻമാരുണ്ട്.
കീഴിടയൻമാർ മുൻപന്തിയിലേക്ക്!
11. ചില ഇടയൻമാർ കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുന്ന പ്രദേശങ്ങളിൽ വിജയകരമായി നേതൃത്വം വഹിച്ചിരിക്കുന്നതെങ്ങനെ?
11 അനേകം സ്ഥലങ്ങളിൽ ഈ കീഴിടയൻമാർ ഈ അന്ത്യനാളുകളിൽ ആവർത്തിച്ചു പ്രവർത്തിച്ചുതീർത്തിട്ടുള്ള പ്രദേശങ്ങളിൽ നേതൃത്വം വഹിക്കേണ്ടതാണ്. അവർക്ക് ആട്ടിൻകൂട്ടത്തിന്റെ ഉത്സാഹത്തെ ഒരു ഉയർന്ന തലത്തിൽ എങ്ങനെ നിർത്താൻ കഴിയും? ഇടയൻമാർ അത്യന്തം പ്രശംസനീയമായി ചെയ്തുകൊണ്ടാണിരിക്കുന്നത്, അവർ വിജയികളായിരുന്നിട്ടുള്ളതിന്റെ കാരണങ്ങളിലൊന്നു സഹായ, നിരന്തര പയനിയർവേലക്കു പ്രചോദനം കൊടുത്തുവെന്നതായിരുന്നു. അനേകം ഇടയൻമാർതന്നെ ഈ സേവനത്തിൽ പങ്കെടുത്തിട്ടുണ്ട്, അങ്ങനെ ചെയ്യാൻ കഴിയാത്ത പ്രസാധകർപോലും പ്രദേശത്തെ വിരക്തിയെ തരണംചെയ്യാൻ സഹായിക്കുന്ന സന്തോഷത്തോടെ പയനിയർ ആത്മാവു പ്രകടമാക്കിയിട്ടുണ്ട്. (സങ്കീർത്തനം 100:2; 104:33, 34; ഫിലിപ്പിയർ 4:4, 5) അങ്ങനെ, ദുഷ്ടതയും അരാജകത്വത്തോടടുത്ത അവസ്ഥയും ലോകത്തെ ഗ്രസിക്കുമ്പോൾ ചെമ്മരിയാടുതുല്യരായ അനേകർ രാജ്യപ്രത്യാശ സ്വീകരിക്കത്തക്കവണ്ണം ഉണർത്തപ്പെടുകയാണ്.—മത്തായി 12:18, 21; റോമർ 15:12.
12. സത്വരം വളർന്നുകൊണ്ടിരിക്കുന്ന വയലുകളിൽ ഏതു ഗൗരവമുള്ള പ്രശ്നം സ്ഥിതിചെയ്യുന്നു, ഇതു ചിലപ്പോൾ എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നു?
12 മറെറാരു പ്രശ്നം ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനു മിക്കപ്പോഴും യോഗ്യതയുള്ള വേണ്ടത്ര ഇടയൻമാരില്ലെന്നുള്ളതാണ്. കിഴക്കൻ യൂറോപ്പിലെപ്പോലെ സത്വരവളർച്ചയുള്ളേടത്തു നിയമിതമൂപ്പൻമാരേയില്ലാത്ത അനേകം പുതിയ സഭകളുണ്ട്. മനസ്സൊരുക്കമുള്ള ആടുകൾ ഉത്തരവാദിത്തം വഹിക്കുകയാണ്, എന്നാൽ അവർ വളരെ പരിചയഹീനരാണ്. സഭകളിലേക്കു കൂട്ടമായി വരുന്ന ആടുകളെ പരിശീലിപ്പിക്കുന്നതിനു സഹായം ആവശ്യമാണ്. വളരെ സത്വരമായ വളർച്ചയുള്ള ബ്രസ്സീൽ, മെക്സിക്കോ, സയർ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ താരതമ്യേന ചെറുപ്പമായ സാക്ഷികളെ സേവനം സംഘടിപ്പിക്കുന്നതിനും മററു പുതിയവരെ പരിശീലിപ്പിക്കുന്നതിനും ഉപയോഗിക്കേണ്ടതുണ്ട്. പയനിയർമാർ വിശിഷ്ടമായ സഹായം കൊടുക്കുന്നുണ്ട്, ഇതു സഹോദരിമാർക്കു പുതിയ സഹോദരിമാരെ പരിശീലിപ്പിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണ്. യഹോവ തന്റെ ആത്മാവിനാൽ ഫലങ്ങളെ അനുഗ്രഹിക്കുന്നു. വർദ്ധനവു തുടർന്നുകൊണ്ടിരിക്കുന്നു.—യെശയ്യാവു 54:2, 3.
13. (എ) കൊയ്ത്തു വളരെ വലുതായതുകൊണ്ടു സകല സാക്ഷികളും എന്തിനുവേണ്ടി പ്രാർത്ഥിക്കണം? (ബി) രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുമ്പും ദൈവജനത്തിന്റെ പ്രാർത്ഥനകൾക്ക് എങ്ങനെ ഉത്തരം കിട്ടി?
13 പ്രസംഗവേല സുസ്ഥാപിതമായിരിക്കുന്ന രാജ്യങ്ങളിലും അടുത്ത കാലത്തു നിയന്ത്രണങ്ങൾ നീക്കപ്പെട്ട രാജ്യങ്ങളിലും പുതുതായി പ്രവർത്തനമാരംഭിച്ച പ്രദേശങ്ങളിലും മത്തായി 9:37, 38-ലെ യേശുവിന്റെ വാക്കുകൾ ഇപ്പോഴും ബാധകമാണ്: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” യഹോവ കൂടുതൽ ഇടയൻമാരെ എഴുന്നേൽപ്പിക്കേണ്ടതിന്നും നാം പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ട്. ഇതു തനിക്കു ചെയ്യാൻ കഴിയുമെന്ന് അവൻ പ്രകടമാക്കിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുമ്പും ക്രൂരരായ അശ്ശൂർസമാന സ്വേച്ഛാധിപതികൾ യഹോവയുടെ സാക്ഷികളെ നശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവരുടെ പ്രാർത്ഥനകൾക്കുത്തരമായി, യഹോവ അവരുടെ സ്ഥാപനത്തെ സ്ഫുടം ചെയ്യുകയും അതിനെ യഥാർത്ഥമായി ദിവ്യാധിപത്യപരമാക്കുകയും ആവശ്യമായിരുന്ന “ഇടയൻമാരെ”a പ്രദാനംചെയ്യുകയും ചെയ്തു. ഇത് ഈ പ്രവചനത്തിനു ചേർച്ചയായിട്ടായിരുന്നു: “അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയൻമാരെയും എട്ടു മാനുഷപ്രഭുക്കൻമാരെയും നിർത്തും”—നേതൃത്വം വഹിക്കാൻ വേണ്ടതിലേറെ സമർപ്പിത മൂപ്പൻമാരെത്തന്നെ.—മീഖാ 5:5.
14. സ്ഥാപനത്തിൽ ഏതു മുന്തിയ ആവശ്യം നിലവിലുണ്ട്, സഹോദരൻമാർക്ക് എന്തു പ്രോത്സാഹനം കൊടുക്കപ്പെടുന്നു?
14 സ്നാപനമേററ സകല പുരുഷ സാക്ഷികളും കൂടുതലായ പദവികൾ എത്തിപ്പിടിക്കേണ്ടതിന്റെ മുന്തിയ ആവശ്യമുണ്ട്. (1 തിമൊഥെയൊസ് 3:1) സാഹചര്യം അടിയന്തിരമാണ്. ഈ വ്യവസ്ഥിതിയുടെ അവസാനം സത്വരം സമീപിച്ചുവരുകയാണ്. ഹബക്കൂക്ക് 2:3 പ്രസ്താവിക്കുന്നു: “ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല . . . അതു വരും നിശ്ചയം; താമസിക്കയുമില്ല.” സഹോദരൻമാരേ, അവസാനം വരുന്നതിനു മുമ്പ് ഈ ഇടയവേലയിൽ കൂടുതലായ പദവികൾക്കുള്ള യോഗ്യത എത്തിപ്പിടിക്കാൻ നിങ്ങൾക്കു കഴിയുമോ?—തീത്തൊസ് 1:6-9.
ദിവ്യാധിപത്യ മേയിക്കൽ
15. യഹോവയുടെ ജനം എങ്ങനെയാണ് ഒരു ദിവ്യാധിപത്യമായിരിക്കുന്നത്?
15 യഹോവയുടെ സ്ഥാപനത്തിന്റെ വികസനത്തിൽ പൂർണ്ണമായി പങ്കുപററുന്നതിന് അവന്റെ ജനം തങ്ങളുടെ വീക്ഷണത്തിൽ ദിവ്യാധിപത്യമനസ്കരായിരിക്കേണ്ടതുണ്ട്. അവർക്കിത് എങ്ങനെ സാധിക്കും? ശരി, “ദിവ്യാധിപത്യ” എന്ന പദത്താൽ അർത്ഥമാക്കപ്പെടുന്നതെന്താണ്? വെബ്സ്റേറഴ്സ് ന്യൂ ററ്വൻറിയത്ത് സെഞ്ചുറി ഡിക്ഷ്ണറി “തിയോക്രസി” എന്ന പദത്തെ “ഒരു സംസ്ഥാനത്തിന്റെ ദൈവത്താലുള്ള ആധിപത്യം” എന്നു നിർവചിക്കുന്നു. ഈ അർത്ഥത്തിലാണു യഹോവയുടെ ജനമാകുന്ന “വിശുദ്ധജനത” ഒരു ദിവ്യാധിപത്യമായിരിക്കുന്നത്. (1 പത്രോസ് 2:9, NW; യെശയ്യാവു 33:22) ആ ദിവ്യാധിപത്യജനതയിലെ അംഗങ്ങൾ അല്ലെങ്കിൽ കൂട്ടാളികൾ എന്ന നിലയിൽ സത്യക്രിസ്ത്യാനികൾ ദൈവവചനത്തോടും അതിലെ തത്ത്വങ്ങളോടുമുള്ള അനുസരണത്തിൽ ജീവിക്കുകയും സേവിക്കുകയും ചെയ്യേണ്ടതാണ്.
16. അടിസ്ഥാനപരമായി, നമുക്ക് എങ്ങനെ ദിവ്യാധിപത്യമനസ്കരാണെന്നു പ്രകടമാക്കാൻ കഴിയും?
16 അപ്പൊസ്തലനായ പൗലോസ് ക്രിസ്ത്യാനികൾ എങ്ങനെ ദിവ്യാധിപത്യമനസ്കരായിരിക്കണമെന്നു വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒന്നാമതായി, അവർ “യഥാർത്ഥ നീതിയിലും വിശ്വസ്തതയിലും ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്ക”ണമെന്ന് അവൻ പറയുന്നു. ക്രിസ്ത്യാനിയുടെ വ്യക്തിത്വത്തെ ദൈവത്തിന്റെ വചനത്തിൽ വിവരിച്ചിരിക്കുന്ന അവന്റെ നീതിയുള്ള തത്ത്വങ്ങൾക്കനുസൃതമായി കരുപ്പിടിപ്പിക്കേണ്ടതാണ്. അവൻ യഹോവയോടും അവന്റെ നിയമങ്ങളോടും വിശ്വസ്തനായിരിക്കണം. ഇത് എങ്ങനെ ചെയ്യാമെന്നു വിശദീകരിച്ച ശേഷം പൗലോസ് ഇങ്ങനെ ശക്തമായി ഉപദേശിക്കുന്നു: “പ്രിയമക്കൾ എന്നപോലെ ദൈവത്തിന്റെ അനുകാരികളായിത്തീരുവിൻ.” (എഫെസ്യർ 4:24–5:1, NW) അനുസരണമുള്ള മക്കളെപ്പോലെ നാം ദൈവത്തെ അനുകരിക്കണം. ഇതാണു പ്രവർത്തനത്തിലിരിക്കുന്ന യഥാർത്ഥ ദിവ്യാധിപത്യം, നാം യഥാർത്ഥത്തിൽ ദൈവത്താൽ ഭരിക്കപ്പെടുന്നുവെന്നു തെളിയിച്ചുകൊണ്ടുതന്നെ!—കൊലൊസ്സ്യർ 3:10, 12-14 കൂടെ കാണുക.
17, 18. (എ) ദൈവത്തിന്റെ ഏതു മുന്തിയ ഗുണത്തെ ദിവ്യാധിപത്യമനസ്കരായ ക്രിസ്ത്യാനികൾ അനുകരിക്കുന്നു? (ബി) യഹോവ മോശയോടുള്ള തന്റെ വാക്കുകളിൽ തന്റെ മുഖ്യഗുണത്തെ ഊന്നിപ്പറഞ്ഞതെങ്ങനെ, എന്നാൽ അവൻ ഏതു മുന്നറിയിപ്പു കൂട്ടിച്ചേർത്തു?
17 നാം അനുകരിക്കേണ്ട, ദൈവത്തിന്റെ മുഖ്യഗുണമെന്താണ്? അപ്പൊസ്തലനായ യോഹന്നാൻ 1 യോഹന്നാൻ 4:8-ൽ “ദൈവം സ്നേഹം തന്നേ” എന്നു പറയുമ്പോൾ ഉത്തരം നൽകുന്നു. എട്ടു വാക്യം കഴിഞ്ഞ് അവൻ 16-ാം വാക്യത്തിൽ ഈ മർമ്മപ്രധാനമായ തത്ത്വം ആവർത്തിക്കുന്നു: “ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.” വലിയ ഇടയനായ യഹോവ സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണ്. ദിവ്യാധിപത്യ ഇടയൻമാർ യഹോവയുടെ ആടുകളോടു അഗാധമായ സ്നേഹം പ്രകടമാക്കിക്കൊണ്ട് അവനെ അനുകരിക്കുന്നു.—1 യോഹന്നാൻ 3:16, 18; 4:7-11 താരതമ്യപ്പെടുത്തുക.
18 വലിയ ദിവ്യാധിപതി തന്നേത്തന്നെ ഈ വിധത്തിൽ മോശക്കു വെളിപ്പെടുത്തി: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെ വിടാതെ പിതാക്കൻമാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” (പുറപ്പാടു 34:6, 7) യഹോവ അങ്ങനെ തന്റെ മുന്തിയ ദിവ്യാധിപത്യഗുണമായ സ്നേഹത്തിന്റെ വിവിധ വശങ്ങൾ ദൃഢീകരിക്കുന്നു, അതേസമയം അർഹിക്കുമ്പോൾ താൻ അകൃത്യത്തിനു ശിക്ഷിക്കുമെന്നു ദൃഢമായി മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു.
19. പരീശൻമാരിൽനിന്നു വ്യത്യസ്തമായി, ദിവ്യാധിപത്യ ഇടയൻമാർ എങ്ങനെ ഒരു ദിവ്യാധിപത്യരീതിയിൽ വർത്തിക്കണം?
19 സ്ഥാപനത്തിൽ ഉത്തരവാദിത്തസ്ഥാനങ്ങൾ ഉള്ളവരെ സംബന്ധിച്ചു ദിവ്യാധിപത്യ മനസ്ക്കരായിരിക്കുക എന്നത് എന്തർത്ഥമാക്കുന്നു? യേശു തന്റെ നാളിലെ പരീശൻമാരെയും ശാസ്ത്രിമാരെയും സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.” (മത്തായി 23:4) എത്ര മർദ്ദകവും സ്നേഹരഹിതവും! യഥാർത്ഥ ദിവ്യാധിപത്യം അഥവാ ദൈവഭരണം അനന്തമായ മനുഷ്യനിർമ്മിത നിയമങ്ങൾകൊണ്ടു ആടുകളെ ഭാരപ്പെടുത്തിക്കൊണ്ടല്ല, പിന്നെയോ ബൈബിളിലെ സ്നേഹനിർഭരമായ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടു ആട്ടിൻകൂട്ടത്തെ മേയിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. (മത്തായി 15:1-9 താരതമ്യംചെയ്യുക.) അതേസമയം, ദിവ്യാധിപത്യ ഇടയൻമാർ സഭയുടെ ശുദ്ധി നിലനിർത്തുന്നതിനു തങ്ങളുടെ സ്നേഹത്തോടു ദൃഢത കൂട്ടിക്കൊണ്ടു ദൈവത്തെ അനുകരിക്കണം.—റോമർ 2:11; 1 പത്രൊസ് 1:17 താരതമ്യപ്പെടുത്തുക.
20. ദിവ്യാധിപത്യ ഇടയൻമാർ ഏതു സംഘടനാക്രമീകരണങ്ങളെ അംഗീകരിക്കുന്നു?
20 ഈ അവസാനനാളുകളിൽ യേശു തന്റെ സകല സ്വത്തുക്കളിൻമേലും തന്റെ വിശ്വസ്തനും വിവേകിയുമായ അടിമയെ നിയമിച്ചിട്ടുണ്ടെന്നും ആടുകളുടെ മേയിക്കലിനുവേണ്ടി മൂപ്പൻമാരെ നിയമിക്കുന്നതിൽ പരിശുദ്ധാത്മാവ് ഈ അടിമയെ നയിച്ചിട്ടുണ്ടെന്നും യഥാർത്ഥ ഇടയൻമാർ തിരിച്ചറിയുന്നു. (മത്തായി 24:3, 47; പ്രവൃത്തികൾ 20:28) അതുകൊണ്ട്, ദിവ്യാധിപത്യമനസ്കരായിരിക്കുന്നതിൽ ഈ അടിമയോടും ഈ അടിമ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥാപനക്രമീകരണങ്ങളോടും സഭക്കുള്ളിലെ മൂപ്പൻക്രമീകരണത്തോടും അഗാധമായ ആദരവുണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു.—എബ്രായർ 13:7, 17.
21. യേശു കീഴിടയൻമാർക്കായി എന്തു നല്ല മാതൃക വെച്ചു?
21 യേശുതന്നെ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിലേക്കും അവന്റെ വചനത്തിലേക്കും നിരന്തരം നോക്കിക്കൊണ്ടു നല്ല മാതൃകവെച്ചു. അവൻ പറഞ്ഞു: “എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.” (യോഹന്നാൻ 5:30) കർത്താവായ യേശുക്രിസ്തുവിന്റെ കീഴിടയൻമാർ സമാനമായ ഒരു വിനീതമനോഭാവം നട്ടുവളർത്തണം. ഒരു മൂപ്പൻ, യേശു ചെയ്തതുപോലെ എപ്പോഴും മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി ദൈവവചനത്തെ ആശ്രയിക്കുന്നുവെങ്കിൽ അപ്പോൾ അയാൾ യഥാർത്ഥത്തിൽ ദിവ്യാധിപത്യമനസ്കനാണ്.—മത്തായി 4:1-11; യോഹന്നാൻ 6:38.
22. (എ) ഏതു വിധത്തിൽ നമ്മളെല്ലാം ദിവ്യാധിപത്യമനസ്കരായിരിക്കാൻ കഠിനശ്രമം ചെയ്യണം? (ബി) യേശു ആടുകൾക്ക് ഏതു ദയാപുരസ്സരമായ ക്ഷണം നൽകുന്നു?
22 സ്നാപനമേററ പുരുഷൻമാർ സഭയിലെ പദവികൾക്കുള്ള യോഗ്യത എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു! പ്രിയപ്പെട്ട സകല ആടുകളുമേ, ദിവ്യാധിപത്യമനസ്കരായിരിക്കാൻ ലക്ഷ്യമിടുക, സ്നേഹം പ്രകടമാക്കുന്നതിൽ ദൈവത്തെയും ക്രിസ്തുവിനെയും അനുകരിച്ചുകൊണ്ടുതന്നെ! ഇടയൻമാരും ആട്ടിൻകൂട്ടങ്ങളും ഒരുപോലെ യേശുവിന്റെ ക്ഷണത്തിന് ഉത്തരം കൊടുത്തിരിക്കുന്നതുകൊണ്ടു സന്തോഷിക്കട്ടെ: “അദ്ധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു [ദേഹികൾക്കു, NW] ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30. (w93 1⁄1)
[അടിക്കുറിപ്പ്]
a വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1938 ജൂൺ 1-ലെയും 15-ലെയും ലക്കങ്ങളിൽ “സ്ഥാപനം” എന്ന ശീർഷകത്തിലുള്ള ലേഖനങ്ങൾ കാണുക.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ യഹോവയുടെ “ആട്ടിൻകൂട്ടം” എന്താണ്, അതിൽ ആർ ഉൾപ്പെടുന്നു?
◻ യേശു ഒന്നാം നൂററാണ്ടിൽ “നല്ല ഇടയ”നായി പ്രവർത്തിച്ചതെങ്ങനെ, ഇന്നു പ്രവർത്തിക്കുന്നതെങ്ങനെ?
◻ കീഴിടയൻമാർ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിൽ ഏതു മുഖ്യപങ്കു വഹിക്കുന്നു?
◻ “ദിവ്യാധിപത്യം” എന്ന പദത്തിൽ അന്തർലീനമായിരിക്കുന്ന അർത്ഥമെന്താണ്?
◻ ഒരു ക്രിസ്ത്യാനി—വിശേഷാൽ ഒരു കീഴിടയൻ—ദിവ്യാധിപത്യമനസ്കനായിരിക്കുന്നതിന് എങ്ങനെ പ്രവർത്തിക്കണം?
[20-ാം പേജിലെ ചിത്രം]
അർപ്പണബോധമുള്ള ഒരു ഇടയനെപ്പോലെ യഹോവ തന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി കരുതുന്നു
[23-ാം പേജിലെ ചിത്രം]
യഹോവയാം ദൈവത്തിന്റെ സ്നേഹമെന്ന ഗുണത്തെ അനുകരിക്കുന്നതു പ്രവർത്തനത്തിലിരിക്കുന്ന ദിവ്യാധിപത്യമാണ്