അധ്യായം 17
“ഗോഗേ, ഞാൻ ഇതാ, നിനക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്”
മുഖ്യവിഷയം: “ഗോഗ്” ആരാണ്, ഗോഗ് ആക്രമിക്കുന്ന “ദേശം” ഏതാണ്?
1, 2. ഏതു മഹായുദ്ധമാണ് ഉടൻ നടക്കാനിരിക്കുന്നത്, അതിനെക്കുറിച്ച് ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ നടത്തിയിട്ടുള്ള യുദ്ധങ്ങളിൽ എത്രയെത്ര മനുഷ്യജീവനാണു പൊലിഞ്ഞിരിക്കുന്നത്! 20-ാം നൂറ്റാണ്ടിൽ മാത്രം നടന്ന രണ്ടു ലോകയുദ്ധങ്ങൾ ഈ ഭൂമിയിൽ ചോരപ്പുഴയൊഴുക്കി. എന്നാൽ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധം വരാനിരിക്കുന്നതേ ഉള്ളൂ! അതു വെറും സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടി പരസ്പരം കൊമ്പു കോർക്കുന്ന ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ഒരു പോരാട്ടമല്ല, മറിച്ച് ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമാണ്.’ (വെളി. 16:14) അതിനു തിരി കൊളുത്തുന്നത്, ദൈവം അമൂല്യമായി കാണുന്ന ഒരു ദേശത്തിന് എതിരെ ധിക്കാരിയായ ഒരു ശത്രു നടത്തുന്ന ആക്രമണമായിരിക്കും. ആ സമയത്ത് പരമാധികാരിയായ യഹോവ തന്റെ സംഹാരശക്തി അഴിച്ചുവിടും. ഭൂമി ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒരു മഹാസംഭവമായിരിക്കും അത്.
2 സ്വാഭാവികമായും ചില സുപ്രധാനചോദ്യങ്ങൾ ഇപ്പോൾ ഉയർന്നുവന്നേക്കാം: ആരാണ് ആ ശത്രു? അവൻ ആക്രമിക്കുന്ന ദേശം ഏതാണ്? അവൻ ആ ദേശം ആക്രമിക്കുന്നത് എപ്പോൾ, എന്തുകൊണ്ട്, എങ്ങനെ? ഭൂമിയിൽ യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കുന്ന നമ്മളെയെല്ലാം ഈ ഭാവിസംഭവങ്ങൾ ബാധിക്കുന്നതുകൊണ്ട് നമ്മൾ അവയുടെ ഉത്തരങ്ങൾ അറിയേണ്ടതു വളരെ പ്രധാനമാണ്. യഹസ്കേൽ 38-ഉം 39-ഉം അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആവേശോജ്ജ്വലമായ ഒരു പ്രവചനത്തിൽ അവയ്ക്കുള്ള ഉത്തരമുണ്ട്.
ആ ശത്രു—മാഗോഗിലെ ഗോഗ്
3. മാഗോഗിലെ ഗോഗിനെക്കുറിച്ച് യഹസ്കേൽ രേഖപ്പെടുത്തിയ പ്രവചനത്തിന്റെ ചുരുക്കം എന്താണ്?
3 യഹസ്കേൽ 38:1, 2, 8, 18; 39:4, 11 വായിക്കുക. പ്രവചനത്തിന്റെ ചുരുക്കം ഇതാണ്: “അവസാനവർഷങ്ങളിൽ” ‘മാഗോഗിലെ ഗോഗ്’ എന്നൊരു ശത്രു ദൈവജനത്തിന്റെ “ദേശത്തെ” ആക്രമിക്കും. പക്ഷേ അതിക്രൂരമായ ആ ആക്രമണം കാണുമ്പോൾ യഹോവയുടെ “ഉഗ്രകോപം കത്തിക്കാളും.” അപ്പോൾ യഹോവ ഇടപെട്ട് ഗോഗിനെ പരാജയപ്പെടുത്തും.a വിജയശ്രീലാളിതനായ യഹോവ, പരാജിതനായ ശത്രുവിനെയും അവന്റെ കൂടെയുള്ള എല്ലാവരെയും “സകല ഇരപിടിയൻ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ആഹാരമായി കൊടുക്കും.” ഒടുവിൽ, യഹോവ ഗോഗിന് ഒരു “ശ്മശാനസ്ഥലം ഒരുക്കും.” ഈ പ്രവചനം എങ്ങനെയായിരിക്കും നിറവേറുക? സമീപഭാവിയിൽ അരങ്ങേറാനിരിക്കുന്ന ആ നിവൃത്തിയെക്കുറിച്ച് മനസ്സിലാക്കാൻ ആദ്യംതന്നെ ഗോഗ് ആരാണെന്നു നമ്മൾ കണ്ടെത്തണം.
4. മാഗോഗിലെ ഗോഗിനെക്കുറിച്ച് നമുക്ക് എന്തു നിഗമനം ചെയ്യാം?
4 അങ്ങനെയെങ്കിൽ മാഗോഗിലെ ഗോഗ് ആരാണ്? ഗോഗ് ശുദ്ധാരാധകരുടെ ഒരു ശത്രുവാണെന്ന് യഹസ്കേലിന്റെ വിവരണം സൂചിപ്പിക്കുന്നുണ്ട്. അപ്പോൾ ഗോഗ് എന്നതു സത്യാരാധനയുടെ ഏറ്റവും വലിയ ശത്രുവായ സാത്താനു നൽകിയിരിക്കുന്ന പ്രാവചനികനാമമാണോ? പതിറ്റാണ്ടുകളോളം നമ്മുടെ പ്രസിദ്ധീകരണങ്ങൾ അങ്ങനെയാണു വിശദീകരിച്ചിരുന്നത്. എന്നാൽ യഹസ്കേലിന്റെ പ്രവചനം കൂടുതലായി പഠിച്ചപ്പോൾ നമ്മുടെ ഗ്രാഹ്യത്തിന് ഒരു പൊരുത്തപ്പെടുത്തൽ വരുത്തേണ്ടിവന്നു. മാഗോഗിലെ ഗോഗ് എന്ന പേര് കുറിക്കുന്നത് അദൃശ്യനായ ഒരു ആത്മവ്യക്തിയെ അല്ല, മറിച്ച് മനുഷ്യനേത്രങ്ങൾക്കു കാണാവുന്ന ഒരു മനുഷ്യശത്രുവിനെയാണെന്നു വീക്ഷാഗോപുരം വിശദീകരിച്ചു; ശുദ്ധാരാധനയ്ക്കെതിരെ പോരാടുന്ന രാഷ്ട്രങ്ങളുടെ ഒരു സഖ്യമാണ് അത്!b അങ്ങനെയൊരു നിഗമനത്തിലെത്താനുള്ള കാരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു മുമ്പ്, ഗോഗ് ഒരു ആത്മവ്യക്തിയല്ലെന്നു സൂചിപ്പിക്കുന്ന രണ്ടു കാര്യങ്ങൾ യഹസ്കേൽ പ്രവചനത്തിൽനിന്ന് നമുക്കു നോക്കാം.
5, 6. മാഗോഗിലെ ഗോഗ് ഒരു ആത്മവ്യക്തിയല്ലെന്ന് യഹസ്കേൽപ്രവചനം സൂചിപ്പിക്കുന്നത് എങ്ങനെ?
5 ‘ഞാൻ നിന്നെ സകല ഇരപിടിയൻ പക്ഷികൾക്കും ആഹാരമായി കൊടുക്കും.’ (യഹ. 39:4) ഇരപിടിയൻ പക്ഷികൾ ശവശരീരം തിന്നുന്നതിനെക്കുറിച്ച് തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതു മിക്കപ്പോഴും ഒരു ദിവ്യന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ്. ഇസ്രായേൽ ജനതയ്ക്കും മറ്റു ജനതകളിൽപ്പെട്ടവർക്കും ദൈവം അത്തരം മുന്നറിയിപ്പുകൾ കൊടുത്തിട്ടുണ്ട്. (ആവ. 28:26; യിരെ. 7:33; യഹ. 29:3, 5) ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചോ? ദൈവം ആ മുന്നറിയിപ്പുകൾ നൽകിയത് ആത്മവ്യക്തികൾക്കല്ല, മറിച്ച് മാംസവും രക്തവും ഒക്കെയുള്ള മനുഷ്യർക്കാണ്. അല്ലെങ്കിലും, ഇരപിടിയൻ പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും മാംസമല്ലേ കഴിക്കാനാകൂ, ആത്മാവിനെ ഭക്ഷിക്കാനാകില്ലല്ലോ. അതുകൊണ്ട് യഹസ്കേൽപ്രവചനത്തിലെ ഈ ദിവ്യമുന്നറിയിപ്പ്, ഗോഗ് ഒരു ആത്മവ്യക്തിയല്ലെന്നു സൂചിപ്പിക്കുന്നു.
6 “ഞാൻ ഗോഗിന് ഇസ്രായേലിൽ ഒരു ശ്മശാനസ്ഥലം ഒരുക്കും.” (യഹ. 39:11) ആത്മവ്യക്തികളെ ഭൂമിയിൽ അടക്കുന്നതായി തിരുവെഴുത്തുകളിൽ ഒരിടത്തും പറയുന്നില്ല. സാത്താനെയും ഭൂതങ്ങളെയും 1,000 വർഷത്തേക്ക് അഗാധത്തിൽ അടയ്ക്കുമെന്നും, അവരുടെ നിത്യനാശത്തെ സൂചിപ്പിക്കുന്ന ആലങ്കാരിക തീത്തടാകത്തിലേക്കു പിന്നീട് അവരെ എറിയുമെന്നും ആണ് അതിൽ പറഞ്ഞിരിക്കുന്നത്. (ലൂക്കോ. 8:31; വെളി. 20:1-3, 10) ഗോഗിനു ഭൂമിയിൽ “ഒരു ശ്മശാനസ്ഥലം” ഒരുക്കിയിരിക്കുന്നതായി പറഞ്ഞിരിക്കുന്നതുകൊണ്ട് ഗോഗ് ഒരു ആത്മവ്യക്തിയല്ലെന്നു നമുക്കു നിഗമനം ചെയ്യാം.
7, 8. “വടക്കേ രാജാവ്” അന്തരിക്കുന്നത് എപ്പോഴായിരിക്കും, മാഗോഗിലെ ഗോഗിനു സംഭവിക്കാനിരിക്കുന്നതുമായി ഇതിന് എന്തു സമാനതയുണ്ട്?
7 ശുദ്ധാരാധകരുടെ മേൽ അന്തിമമായ ആക്രമണം അഴിച്ചുവിടുന്ന ഗോഗ് എന്ന ആ ശത്രു ഒരു ആത്മവ്യക്തിയല്ലെങ്കിൽപ്പിന്നെ ആരാണ് അല്ലെങ്കിൽ എന്താണ്? മാഗോഗിലെ ഗോഗിനെ തിരിച്ചറിയാൻ സഹായിക്കുന്ന രണ്ടു ബൈബിൾപ്രവചനങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
8 “വടക്കേ രാജാവ്.” (ദാനിയേൽ 11:40-45 വായിക്കുക.) ദാനിയേലിന്റെ കാലംമുതൽ നമ്മുടെ കാലംവരെ ഏതെല്ലാം ലോകശക്തികൾ ഉദയം ചെയ്യുമെന്നു ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞു. ദാനിയേൽപ്രവചനത്തിൽ, രാഷ്ട്രീയശത്രുത പുലർത്തുന്ന ‘തെക്കേ രാജാവിനെക്കുറിച്ചും’ ‘വടക്കേ രാജാവിനെക്കുറിച്ചും’ ഉള്ള പരാമർശം കാണാം. ആധിപത്യത്തിനായി രാഷ്ട്രങ്ങൾ പരസ്പരം പോരടിച്ച നൂറ്റാണ്ടുകളിലുടനീളം തെക്കേ രാജാവിന്റെയും വടക്കേ രാജാവിന്റെയും സ്ഥാനം പലരും മാറിമാറി അലങ്കരിച്ചിട്ടുണ്ട്. “അവസാനകാലത്ത്” വടക്കേ രാജാവ് നടത്തുന്ന അന്തിമമായ സൈനികനീക്കത്തെക്കുറിച്ച് ദാനിയേൽ പറയുന്നു: “അവൻ, സമ്പൂർണനാശം വിതയ്ക്കാനും അനേകരെ കൊന്നുമുടിക്കാനും മഹാക്രോധത്തോടെ ഇറങ്ങിത്തിരിക്കും.” വടക്കേ രാജാവിന്റെ മുഖ്യലക്ഷ്യം യഹോവയുടെ ആരാധകരാണ്.c പക്ഷേ മാഗോഗിലെ ഗോഗിനെപ്പോലെതന്നെ വടക്കേ രാജാവും ദൈവജനത്തിന് എതിരെയുള്ള ആക്രമണത്തിൽ പരാജയം രുചിച്ച് ഒടുവിൽ “അന്തരിക്കും.”
9. മാഗോഗിലെ ഗോഗിനു സംഭവിക്കാനിരിക്കുന്നതും ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാർക്കു’ സംഭവിക്കാനിരിക്കുന്നതും തമ്മിൽ എന്തു സമാനതയാണുള്ളത്?
9 ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാർ.’ (വെളിപാട് 16:14, 16; 17:14; 19:19, 20 വായിക്കുക.) ‘ഭൂമിയിലെ രാജാക്കന്മാർ,’ ‘രാജാക്കന്മാരുടെ രാജാവായ’ യേശുവിന് എതിരെ നടത്തുന്ന ആക്രമണത്തെക്കുറിച്ച് വെളിപാട് പുസ്തകം മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ സ്വർഗത്തിലുള്ള യേശുവിനെ ആക്രമിക്കാൻ കഴിയാത്തതുകൊണ്ട് അവർ, ഭൂമിയിൽ ആ രാജ്യത്തെ അനുകൂലിക്കുന്നവരെ ആക്രമിക്കും. അർമഗെദോൻ യുദ്ധത്തിൽ ഭൂമിയിലെ ആ രാജാക്കന്മാർ അമ്പേ പരാജയപ്പെടും. യഹോവയുടെ ജനത്തിനു നേരെ ആക്രമണത്തിനു മുതിർന്ന ശേഷമായിരിക്കും അവർ നശിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. മാഗോഗിലെ ഗോഗിനെക്കുറിച്ചും ഇതുപോലൊരു കാര്യമാണു പറഞ്ഞിരിക്കുന്നത്.d
10. മാഗോഗിലെ ഗോഗിനെക്കുറിച്ച് നമുക്ക് എന്തു മനസ്സിലായി?
10 ഇതുവരെ ചർച്ച ചെയ്തതിൽനിന്ന് ഗോഗിനെക്കുറിച്ച് നമുക്ക് എന്തു മനസ്സിലായി? ഒന്നാമതായി, ഗോഗ് ഒരു ആത്മവ്യക്തിയല്ല. രണ്ടാമതായി, ഗോഗ് എന്നതു പെട്ടെന്നുതന്നെ ദൈവജനത്തെ ആക്രമിക്കാനിരിക്കുന്ന ഭൂരാഷ്ട്രങ്ങളാണ്. സർവസാധ്യതയുമനുസരിച്ച് ആ രാഷ്ട്രങ്ങൾ സഖ്യം ചേർന്നായിരിക്കും ആക്രമണം നടത്തുക. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ദൈവജനം ഭൂമിയിൽ എല്ലായിടത്തുമുള്ളതുകൊണ്ട്, ഒരേ ലക്ഷ്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ രാഷ്ട്രങ്ങൾക്ക് അവരെ ആക്രമിക്കാനാകൂ. (മത്താ. 24:9) സംശയം വേണ്ടാ, സാത്താനായിരിക്കും ഈ ആക്രമണത്തിന്റെ സൂത്രധാരൻ. സത്യാരാധനയെ എതിർക്കാൻ അവൻ ലോകരാഷ്ട്രങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. (1 യോഹ. 5:19; വെളി. 12:17) എന്നാൽ മാഗോഗിലെ ഗോഗിനെക്കുറിച്ച് യഹസ്കേൽ രേഖപ്പെടുത്തിയ പ്രാവചനികവാക്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സാത്താനിലല്ല, മറിച്ച് യഹോവയുടെ ജനത്തെ ആക്രമിക്കാനിരിക്കുന്ന ഭൂരാഷ്ട്രങ്ങളിൽ ആണ്.e
“ദേശം”—എന്താണ് അത്?
11. ഗോഗ് ആക്രമിക്കുന്ന ‘ദേശത്തെ’ യഹസ്കേൽപ്രവചനം വർണിക്കുന്നത് എങ്ങനെ?
11 യഹോവ അമൂല്യമായി കാണുന്ന ഒരു ദേശം മാഗോഗിലെ ഗോഗ് ആക്രമിക്കുമ്പോൾ യഹോവയുടെ ഉഗ്രകോപം ആളിക്കത്തുമെന്ന് 3-ാം ഖണ്ഡികയിൽ നമ്മൾ കണ്ടു. ഏതാണ് ആ ദേശം? അത് അറിയാൻ നമുക്ക് യഹസ്കേൽ പ്രവചനത്തിലേക്ക് ഒന്നു തിരികെ പോകാം. (യഹസ്കേൽ 38:8-12 വായിക്കുക.) ‘മടങ്ങിവന്നവരുടെയും’ ‘ജനതകളുടെ ഇടയിൽനിന്ന് തിരികെ കൊണ്ടുവന്നവരുടെയും’ ദേശം ഗോഗ് ആക്രമിക്കുന്നതായാണ് അവിടെ പറയുന്നത്. ഇനി, ആ ദേശത്ത് കഴിയുന്ന ശുദ്ധാരാധകരെക്കുറിച്ച് അത് എന്താണു പറയുന്നതെന്നു ശ്രദ്ധിച്ചോ? അവർ “സുരക്ഷിതരായി കഴിയുന്നു” എന്നും “അവരുടെ ഗ്രാമങ്ങൾക്കു മതിലുകളുടെയോ ഓടാമ്പലുകളുടെയോ കവാടങ്ങളുടെയോ സംരക്ഷണമില്ല” എന്നും അവർ ‘ധനം സമ്പാദിച്ചുകൂട്ടുന്നു’ എന്നും ആണ് അവിടെ കാണുന്നത്. ഭൂമിയിലെങ്ങും യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കുന്നവർ കഴിയുന്ന ഒരു ദേശമാണ് അത്. എന്തുകൊണ്ടാണു നമ്മൾ അങ്ങനെ പറയുന്നത്?
12. ബൈബിൾക്കാലങ്ങളിൽ ഇസ്രായേൽദേശത്ത് ഏതു പുനഃസ്ഥാപനം നടന്നു?
12 ദൈവം തിരഞ്ഞെടുത്ത ജനം ഇസ്രായേൽ ദേശത്തേക്കു തിരികെ വന്ന സംഭവത്തെക്കുറിച്ച് ചിന്തിക്കുന്നത് അതു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. നൂറ്റാണ്ടുകളോളം ഇസ്രായേല്യർ ആ ദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ആരാധന നടത്തുകയും ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് അവർ അവിശ്വസ്തരായിത്തീർന്നു. അതുകൊണ്ട് അവരുടെ ദേശം നശിച്ച്, പാഴായിക്കിടക്കുമെന്ന് യഹോവ യഹസ്കേലിലൂടെ മുൻകൂട്ടിപ്പറഞ്ഞു. (യഹ. 33:27-29) എന്നാൽ പശ്ചാത്താപമുള്ള ഒരു ശേഷിപ്പ് പിൽക്കാലത്ത് ബാബിലോണിലെ പ്രവാസത്തിൽനിന്ന് തിരികെ എത്തുമെന്നും അവർ ആ ദേശത്ത് ശുദ്ധാരാധന പുനഃസ്ഥാപിക്കുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. യഹോവയുടെ അനുഗ്രഹത്താൽ ഇസ്രായേൽദേശം “ഏദെൻ തോട്ടംപോലെ” ഫലപുഷ്ടിയുള്ളതാകുമായിരുന്നു. (യഹ. 36:34-36) ബി.സി. 537-ൽ ജൂതപ്രവാസികൾ യരുശലേമിലേക്കു മടങ്ങിയെത്തിയപ്പോൾ ആ പുനഃസ്ഥാപനത്തിനു തുടക്കമായി. തങ്ങൾ ഏറെ പ്രിയപ്പെട്ടിരുന്ന മാതൃദേശത്ത് ശുദ്ധാരാധന പുനഃസ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
13, 14. (എ) എന്താണ് ആത്മീയദേശം? (ബി) ആ ദേശം യഹോവയ്ക്ക് അമൂല്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 ആധുനികകാലത്തും യഹോവയുടെ ശുദ്ധാരാധകർ സമാനമായ ഒരു പുനഃസ്ഥാപനത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പ്രസിദ്ധീകരണത്തിന്റെ 9-ാം അധ്യായത്തിൽ പഠിച്ചതുപോലെ, ഏറെ നാളുകളായി ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായിരുന്ന ദൈവജനം 1919-ഓടെ സ്വതന്ത്രരായി. തന്റെ ആരാധകരെ യഹോവ ആ വർഷം ഒരു ആത്മീയദേശത്തേക്കു കൊണ്ടുവന്നു. ആത്മീയപറുദീസയാണ് ആ ദേശം. നമ്മൾ സത്യദൈവത്തെ ആരാധിക്കുന്ന, ആത്മീയസമൃദ്ധിയും സുരക്ഷിതത്വവും ഉള്ള ഒരു അവസ്ഥ അഥവാ പ്രവർത്തനമണ്ഡലം ആണ് അത്. നമ്മൾ ഈ ദേശത്ത്, പ്രശാന്തമായ മനസ്സോടെ സുരക്ഷിതരായി ഒരുമിച്ച് കഴിയുന്നു. (സുഭാ. 1:33) ഈ ദേശത്ത് നമുക്കു സമൃദ്ധമായ ആത്മീയഭക്ഷണം ലഭിക്കുന്നുണ്ട്. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കുക എന്ന സംതൃപ്തികരമായ ജോലിയും നമുക്കുണ്ട്. “യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്; ദൈവം അതോടൊപ്പം വേദന നൽകുന്നില്ല” എന്ന ജ്ഞാനമൊഴി എത്ര സത്യമാണെന്നു നമ്മൾ ഓരോരുത്തരും അനുഭവിച്ചറിയുന്നു. (സുഭാ. 10:22) ഭൂമുഖത്ത് എവിടെയായിരുന്നാലും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ശുദ്ധാരാധനയെ സജീവമായി പിന്തുണയ്ക്കുന്നെങ്കിൽ നമ്മൾ കഴിയുന്നത് ആത്മീയപറുദീസ എന്ന ‘ദേശത്താണെന്നു’ പറയാം.
14 ഈ ആത്മീയദേശം യഹോവയ്ക്കു വളരെ അമൂല്യമാണ്. എന്താണു കാരണം? ദൈവത്തിന്റെ നോട്ടത്തിൽ ആ ദേശത്തെ ആളുകൾ ‘സകല ജനതകളിൽനിന്നുമുള്ള അമൂല്യവസ്തുക്കൾ’ ആണ്, ശുദ്ധാരാധനയിലേക്കു ദൈവംതന്നെ ആകർഷിച്ചവർ. (ഹഗ്ഗാ. 2:7; യോഹ. 6:44) കൂടാതെ, ദൈവത്തിന്റെ മഹനീയഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നവരാണ് അവർ. (എഫെ. 4:23, 24; 5:1, 2) ഇനി, ശുദ്ധാരാധകരായ അവർ ദൈവസേവനത്തിനായി തങ്ങളെത്തന്നെ മുഴുവനായി വിട്ടുകൊടുക്കുന്നവരുമാണ്. അതിലൂടെ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ദൈവത്തോടുള്ള സ്നേഹം തെളിയിക്കുകയും ചെയ്യുന്നു. (റോമ. 12:1, 2; 1 യോഹ. 5:3) ഈ ആത്മീയദേശം കൂടുതൽ മനോഹരമാക്കാൻ തന്റെ ആരാധകർ ആത്മാർഥമായി പരിശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്രമാത്രം സന്തോഷം തോന്നുമെന്നോ! ഓർക്കുക: ശുദ്ധാരാധനയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ നിങ്ങൾ ആത്മീയപറുദീസയുടെ മനോഹാരിത വർധിപ്പിക്കുന്നതോടൊപ്പം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയുമാണ്.—സുഭാ. 27:11.
ആ ദേശം—ഗോഗ് അതിനെ ആക്രമിക്കുന്നത് എപ്പോൾ, എന്തുകൊണ്ട്, എങ്ങനെ?
15, 16. മാഗോഗിലെ ഗോഗ് നമ്മുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ആത്മീയദേശം ആക്രമിക്കുന്നത് എപ്പോൾ?
15 പെട്ടെന്നുതന്നെ ഭൂമിയിലെ രാഷ്ട്രങ്ങളുടെ ഒരു സഖ്യം നമ്മുടെ അമൂല്യമായ ആത്മീയദേശത്തെ ആക്രമിക്കും. വളരെ ഗൗരവമുള്ള ഒരു കാര്യമാണ് അത്. യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കുന്ന നമ്മളെ ഈ ആക്രമണം ബാധിക്കുന്നതുകൊണ്ട് അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നമ്മൾ അറിയേണ്ടതുണ്ട്. ഇതെക്കുറിച്ച് നമ്മുടെ മനസ്സിൽ ഉയർന്നുവന്നേക്കാവുന്ന മൂന്നു ചോദ്യങ്ങൾ ഇപ്പോൾ നോക്കാം.
16 മാഗോഗിലെ ഗോഗ് നമ്മുടെ ആത്മീയദേശം ആക്രമിക്കുന്നത് എപ്പോഴാണ്? “അവസാനവർഷങ്ങളിൽ (നീ) ആക്രമിക്കും” എന്നാണു പ്രവചനം പറയുന്നത്. (യഹ. 38:8) അതു നടക്കുന്നത് ഈ വ്യവസ്ഥിതിയുടെ അവസാനത്തോട് അടുത്ത ഒരു സമയത്തായിരിക്കും എന്ന് ഈ തിരുവെഴുത്തു സൂചിപ്പിക്കുന്നു. വ്യാജമതലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയുടെ നാശത്തോടെയായിരിക്കും മഹാകഷ്ടത തുടങ്ങുന്നത് എന്ന് ഓർക്കുക. അതുകൊണ്ട്, വ്യാജമതസ്ഥാപനങ്ങളുടെ നാശത്തിനും അർമഗെദോൻ തുടങ്ങുന്നതിനും ഇടയ്ക്കുള്ള ഒരു സമയത്തായിരിക്കും ഗോഗ് സത്യാരാധകരുടെ നേരെ സർവശക്തിയുമെടുത്ത് അന്തിമമായ ആക്രമണം അഴിച്ചുവിടുന്നത്.
17, 18. മഹാകഷ്ടതയുടെ സമയത്ത് യഹോവയുടെ കൈ കാര്യങ്ങളെ നയിക്കുന്നത് എങ്ങനെയായിരിക്കും?
17 ശുദ്ധാരാധകരുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ദേശം ഗോഗ് ആക്രമിക്കുന്നത് എന്തുകൊണ്ടാണ്? യഹസ്കേൽപ്രവചനം രണ്ടു കാരണങ്ങൾ വെളിപ്പെടുത്തുന്നു: ഒന്നാമത്തേത്, യഹോവയുടെ കൈ; രണ്ടാമത്തേത്, ഗോഗിന്റെ ദുഷ്ടലക്ഷ്യം.
18 യഹോവയുടെ കൈ. (യഹസ്കേൽ 38:4, 16 വായിക്കുക.) “ഞാൻ നിന്നെ . . . താടിയെല്ലിൽ കൊളുത്തിട്ട്,” “എന്റെ ദേശത്തിന് എതിരെ വരുത്തും” എന്ന് യഹോവ ഗോഗിനോടു പറയുന്നതു ശ്രദ്ധിച്ചോ? തന്റെ ആരാധകരെ ആക്രമിക്കാൻ യഹോവ രാഷ്ട്രങ്ങളുടെ മേൽ സമ്മർദം ചെലുത്തുമെന്നാണോ ഇതിന്റെ അർഥം? ഒരിക്കലുമല്ല! തന്റെ ജനത്തിന് യഹോവ ഒരിക്കലും ഒരു അനർഥവും വരുത്തില്ല. (ഇയ്യോ. 34:12) പക്ഷേ തന്റെ ശത്രുക്കളെ നന്നായി അറിയാവുന്നവനാണ് യഹോവ. അവർ ശുദ്ധാരാധകരെ വെറുക്കുമെന്നും അവരെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാൻ അവർക്കു തോന്നില്ലെന്നും യഹോവയ്ക്ക് അറിയാം. (1 യോഹ. 3:13) തന്റെ ഇഷ്ടത്തിനു ചേർച്ചയിലും തന്റെ സമയപ്പട്ടികയനുസരിച്ചും സംഭവങ്ങൾ ഉരുത്തിരിയാൻ യഹോവ കാര്യങ്ങളെ നയിക്കും. ഇത് ഒരു ആലങ്കാരികാർഥത്തിൽ യഹോവ ഗോഗിന്റെ താടിയെല്ലിൽ കൊളുത്തിട്ട് കൊണ്ടുപോകുന്നതുപോലെയായിരിക്കും. ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷമുള്ള ഒരു സമയത്തായിരിക്കും ഇതു സംഭവിക്കുക. സാധ്യതയനുസരിച്ച് ആ സമയത്ത്, രാഷ്ട്രങ്ങളുടെ മനസ്സിൽ അപ്പോൾത്തന്നെ ഉള്ള ഒരു കുടിലപദ്ധതി നടപ്പാക്കാൻ യഹോവ ഏതോ ഒരു വിധത്തിൽ അവരെ പ്രലോഭിപ്പിക്കും. അങ്ങനെ ഭൂമി കണ്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധമായ അർമഗെദോനു തിരി കൊളുത്തുന്ന ഒരു ആക്രമണത്തിന് യഹോവ കളമൊരുക്കും. ഒടുവിൽ യഹോവ തന്റെ ജനത്തെ വിടുവിക്കുകയും തന്റെ പരമാധികാരത്തെ മഹത്ത്വീകരിക്കുകയും തന്റെ പരിശുദ്ധനാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യും.—യഹ. 38:23.
ശുദ്ധാരാധനയോടും അതിനെ പിന്തുണയ്ക്കുന്നവരോടും ഉള്ള വെറുപ്പുകൊണ്ട് രാഷ്ട്രങ്ങൾ ശുദ്ധാരാധനയ്ക്കു തടയിടാൻ ശ്രമിക്കും
19. നമ്മളിൽനിന്ന് ശുദ്ധാരാധന കവർന്നെടുക്കാൻ ഗോഗിനെ പ്രേരിപ്പിക്കുന്നത് എന്താണ്?
19 ഗോഗിന്റെ ദുഷ്ടലക്ഷ്യം. രാഷ്ട്രങ്ങൾ “ഒരു കുതന്ത്രം മനയും.” ഏറെ നാളുകളായി യഹോവയുടെ ആരാധകർക്കെതിരെ അവർ മനസ്സിൽ കൊണ്ടുനടന്ന പകയും വെറുപ്പും അന്നു പുറത്ത് വരും. യഹോവയുടെ ആരാധകർ ‘മതിലുകളുടെയോ ഓടാമ്പലുകളുടെയോ കവാടങ്ങളുടെയോ സംരക്ഷണമില്ലാതെ’ കഴിയുന്നതുകൊണ്ട് അവരെ എളുപ്പം കീഴടക്കാമെന്നായിരിക്കും അവരുടെ ചിന്ത. വളരെയധികം ‘ധനം സമ്പാദിച്ചുകൂട്ടുന്ന’ അവരുടെ സ്വത്ത് ‘ഒരു വൻകൊള്ള നടത്തി’ കവർന്നെടുക്കാൻ രാഷ്ട്രങ്ങൾ വ്യഗ്രത കാട്ടും. (യഹ. 38:10-12) അവർ കവരാൻ നോക്കുന്ന ആ ധനം ഏതാണ്? യഹോവയുടെ ജനത്തിന്റെ അളവറ്റ ആത്മീയധനം! നമ്മൾ യഹോവയ്ക്കു മാത്രം അർപ്പിക്കുന്ന ശുദ്ധാരാധനയാണു നമ്മുടെ ഏറ്റവും വിലയേറിയ സ്വത്ത്. രാഷ്ട്രങ്ങൾ നമ്മളിൽനിന്ന് ശുദ്ധാരാധന കവർന്നെടുക്കാൻ നോക്കുന്നത് അവർ അതിനെ അമൂല്യമായി കാണുന്നതുകൊണ്ടല്ല, മറിച്ച് ശുദ്ധാരാധനയോടും അതിനെ പിന്തുണയ്ക്കുന്നവരോടും ഉള്ള വെറുപ്പുകൊണ്ടാണ്.
20. ഗോഗ്, ആത്മീയദേശം അഥവാ ആത്മീയപറുദീസ ആക്രമിക്കുന്നത് എങ്ങനെ?
20 ഗോഗ്, ആത്മീയദേശം അഥവാ ആത്മീയപറുദീസ ആക്രമിക്കുന്നത് എങ്ങനെ? നമ്മുടെ ക്രിസ്തീയ ജീവിതരീതിയെ താറുമാറാക്കാനും നമ്മുടെ ആരാധനയ്ക്കു തടയിടാനും രാഷ്ട്രങ്ങൾ തുനിഞ്ഞേക്കാം. അതിനായി അവർ, ആത്മീയഭക്ഷണത്തിന്റെ ഒഴുക്കു തടയാനും ആരാധനയ്ക്കായി ഒരുമിച്ചുകൂടുന്നതിനു തടസ്സം സൃഷ്ടിക്കാനും നമ്മുടെ ഇടയിലെ ഐക്യം തകർക്കാനും ദൈവത്തിൽനിന്നുള്ള സന്ദേശം ഉത്സാഹത്തോടെ പ്രസംഗിക്കുന്നതു നിറുത്തലാക്കാനും ശ്രമിച്ചേക്കാം. ഇവയൊക്കെ ആത്മീയപറുദീസയുടെ ഘടകങ്ങളാണെന്ന് ഓർക്കുക. സാത്താന്റെ പ്രലോഭനത്തിനു വശംവദരായി സത്യാരാധകരെയും സത്യാരാധനയെയും ഈ ഭൂമിയിൽനിന്ന് ഉന്മൂലനം ചെയ്യാൻ രാഷ്ട്രങ്ങൾ ശ്രമിക്കും.
21. തൊട്ടുമുന്നിൽ അരങ്ങേറാനിരിക്കുന്ന സംഭവത്തെക്കുറിച്ച് യഹോവ മുന്നറിയിപ്പു തന്നിരിക്കുന്നതിൽ നമുക്ക് നന്ദിയുള്ളത് എന്തുകൊണ്ട്?
21 മാഗോഗിലെ ഗോഗിന്റെ ആക്രമണം, ദൈവം തന്നിരിക്കുന്ന ആത്മീയദേശത്ത് കഴിയുന്ന എല്ലാ സത്യാരാധകരെയും ബാധിക്കും. തൊട്ടുമുന്നിൽ അരങ്ങേറാനിരിക്കുന്ന ആ സംഭവത്തെക്കുറിച്ച് യഹോവ മുന്നറിയിപ്പു തന്നിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! മഹാകഷ്ടതയെ കാത്തിരിക്കുന്ന നമുക്ക്, ശുദ്ധാരാധനയെ പിന്തുണയ്ക്കാനും അതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനും ഉറച്ച തീരുമാനമെടുക്കാം. അതുവഴി, പുനഃസ്ഥിതീകരിക്കപ്പെട്ട ഈ ആത്മീയദേശത്തിന്റെ മനോഹാരിത നമ്മൾ വർധിപ്പിക്കുകയായിരിക്കും. സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന അത്യത്ഭുതകരമായ ഒരു കാര്യത്തിനു സാക്ഷ്യം വഹിക്കാനും നമുക്ക് അവസരം കിട്ടും. എന്താണ് അത്? അർമഗെദോൻ യുദ്ധത്തിൽ യഹോവ തന്റെ ജനത്തിനുവേണ്ടിയും തന്റെ പരിശുദ്ധനാമത്തിനു വേണ്ടിയും നിലകൊള്ളുന്നതു നമ്മൾ സ്വന്തകണ്ണാൽ കാണും. അതിനെക്കുറിച്ചാണ് അടുത്ത അധ്യായത്തിൽ നമ്മൾ പഠിക്കുന്നത്.
a മാഗോഗിലെ ഗോഗിന് എതിരെ യഹോവയുടെ ഉഗ്രകോപം കത്തിക്കാളുന്നത് എപ്പോൾ, എങ്ങനെ ആയിരിക്കുമെന്നും ശുദ്ധാരാധകരെ അത് എങ്ങനെ ബാധിക്കുമെന്നും ഈ പുസ്തകത്തിന്റെ അടുത്ത അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യും.
b 2015 മെയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-30 പേജുകളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
c ദാനിയേൽ 11:45-ൽ വടക്കേ രാജാവ് “മഹാസമുദ്രത്തിനും (മെഡിറ്ററേനിയൻ) അലങ്കാരമായ വിശുദ്ധപർവതത്തിനും (ദേവാലയം സ്ഥിതിചെയ്തിരുന്നതും ദൈവജനം ആരാധന നടത്തിയിരുന്നതും ഇവിടെയാണ്.) ഇടയിൽ . . . തന്റെ രാജകീയകൂടാരങ്ങൾ സ്ഥാപിക്കും” എന്നു പറഞ്ഞിരിക്കുന്നത് അവൻ ദൈവജനത്തെ ലക്ഷ്യം വെക്കുമെന്നു സൂചിപ്പിക്കുന്നു.
d ദൈവജനത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ ആധുനികകാല “അസീറിയക്കാർ” നടത്തുന്ന ആക്രമണത്തെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (മീഖ 5:5) ദൈവജനത്തിന് എതിരെ മാഗോഗിലെ ഗോഗ്, വടക്കേ രാജാവ്, ഭൂമിയിലെ രാജാക്കന്മാർ, അസീറിയക്കാർ എന്നിവർ നടത്തുന്നതായി മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന നാല് ആക്രമണങ്ങളും വാസ്തവത്തിൽ ഒരേ ആക്രമണത്തിന്റെതന്നെ പല പേരുകളായിരിക്കാം.
e വെളിപാട് 20:7-9-ൽ പറഞ്ഞിരിക്കുന്ന ‘ഗോഗും മാഗോഗും’ ആരാണെന്ന് അറിയാൻ ഈ പുസ്തകത്തിന്റെ 22-ാം അധ്യായം കാണുക.