പാഠം 32
ദൈവരാജ്യം ഭരിക്കുന്നു!
1914-ൽ ദൈവരാജ്യം സ്വർഗത്തിൽ ഭരണം തുടങ്ങി. അതിനർഥം മനുഷ്യരുടെ ഭരണത്തിന് ഇനി അധികം ആയുസ്സില്ല എന്നാണ്. അതു നമുക്ക് എങ്ങനെ അറിയാം? ചില ബൈബിൾ പ്രവചനങ്ങൾ ഇതു മനസ്സിലാക്കാൻ സഹായിക്കും. കൂടാതെ 1914 മുതൽ ലോകാവസ്ഥയിലും ആളുകളുടെ സ്വഭാവത്തിലും വന്ന വ്യക്തമായ മാറ്റങ്ങളും നമുക്കു നോക്കാം.
1. ബൈബിൾപ്രവചനങ്ങൾ എന്തു സൂചിപ്പിക്കുന്നു?
ദാനിയേൽ എന്ന ബൈബിൾ പുസ്തകത്തിൽ “ഏഴു കാലം” എന്നു വിളിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചു പറയുന്നുണ്ട്. അതിന്റെ അവസാനത്തിലായിരിക്കും ദൈവരാജ്യം ഭരണം തുടങ്ങുന്നത് എന്ന് ആ പ്രവചനം സൂചിപ്പിക്കുന്നു. (ദാനിയേൽ 4:16, 17) നൂറ്റാണ്ടുകൾക്കുശേഷം യേശു ഇതേ കാലഘട്ടത്തെ “ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം” എന്ന് വിശേഷിപ്പിച്ചു. യേശു ഇത് പറഞ്ഞ സമയത്ത് ആ കാലം അവസാനിച്ചിട്ടില്ലായിരുന്നു. (ലൂക്കോസ് 21:24) ദാനിയേൽ പറഞ്ഞ ഏഴു കാലം 1914-ൽ അവസാനിച്ചു. അതെക്കുറിച്ച് നമ്മൾ ഈ പാഠത്തിൽ പഠിക്കും.
2. ലോകാവസ്ഥയിലും ആളുകളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങൾ എന്തു സൂചിപ്പിക്കുന്നു?
ശിഷ്യന്മാർ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും?” (മത്തായി 24:3) മറുപടിയായി, താൻ സ്വർഗത്തിൽ ദൈവരാജ്യത്തിന്റെ രാജാവായി ഭരണം തുടങ്ങുമ്പോൾ സംഭവിക്കാൻ പോകുന്ന ധാരാളം കാര്യങ്ങളെക്കുറിച്ച് യേശു അവരോടു പറഞ്ഞു. യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും അവയിൽ ചിലതു മാത്രമാണ്. (മത്തായി 24:7 വായിക്കുക.) ആളുകളുടെ സ്വഭാവത്തിൽ മാറ്റം വരുന്നതുകൊണ്ട് “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു” ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5) 1914 മുതൽ ലോകാവസ്ഥയിലും ആളുകളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങൾ വളരെ വ്യക്തമാണ്.
3. ദൈവരാജ്യം ഭരണം തുടങ്ങിയപ്പോൾ ലോകത്തിലെ അവസ്ഥകൾ ഇത്ര മോശമായത് എന്തുകൊണ്ട്?
ദൈവരാജ്യത്തിന്റെ രാജാവായ ഉടനെ യേശു, സാത്താനോടും ഭൂതങ്ങളോടും സ്വർഗത്തിൽവെച്ച് യുദ്ധം ചെയ്തു. യുദ്ധത്തിൽ സാത്താൻ പരാജയപ്പെട്ടു. ‘സാത്താനെ താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു, അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു’ എന്ന് ബൈബിൾ പറയുന്നു. (വെളിപാട് 12:9, 10, 12) തന്നെ നശിപ്പിക്കുമെന്ന് അറിയാവുന്നതുകൊണ്ട് സാത്താൻ ഉഗ്രകോപത്തോടെ പ്രവർത്തിക്കുന്നു. അതുകൊണ്ട് സാത്താൻ ഇന്നു ലോകമെങ്ങും വേദനയും കഷ്ടപ്പാടും വരുത്തിവെക്കുന്നു. ലോകത്തിലെ അവസ്ഥകൾ ഇത്രയും മോശമായിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. എന്നാൽ ദൈവരാജ്യം ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കും.
ആഴത്തിൽ പഠിക്കാൻ
1914-ൽ ദൈവരാജ്യം ഭരണം തുടങ്ങി എന്നതിന് എന്ത് തെളിവുകളുണ്ട്? അത് മനസ്സിലാക്കുന്നത് നമ്മളെ എന്തു ചെയ്യാൻ പ്രചോദിപ്പിക്കണം? നമുക്കു നോക്കാം.
4. ബൈബിളിലെ കാലക്കണക്കും 1914 എന്ന വർഷവും
പുരാതന ബാബിലോണിലെ ഒരു രാജാവായ നെബൂഖദ്നേസറിന് ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ഒരു സ്വപ്നത്തിലൂടെ ദൈവം കാണിച്ചുകൊടുത്തു. ആ സ്വപ്നവും അതിനു ദാനിയേൽ പറഞ്ഞ അർഥവും ആദ്യം നെബൂഖദ്നേസർ രാജാവിന്റെ ഭരണത്തിലും പിന്നെ ദൈവരാജ്യ ഭരണത്തിലും നിവൃത്തിയേറുന്നു.—ദാനിയേൽ 4:17 വായിക്കുക.a
ദാനിയേൽ 4:20-26 വായിക്കുക. എന്നിട്ട് ചാർട്ട് ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
(A) നെബൂഖദ്നേസർ രാജാവ് സ്വപ്നത്തിൽ എന്താണ് കണ്ടത്?—20, 21 വാക്യങ്ങൾ കാണുക.
(B) മരത്തിന് എന്തു സംഭവിക്കുന്നു?—23-ാം വാക്യം കാണുക.
(C) ‘ഏഴു കാലത്തിന്റെ’ അവസാനം എന്തു സംഭവിക്കും?—26-ാം വാക്യം കാണുക.
സ്വപ്നത്തിലെ മരവും ദൈവരാജ്യവും തമ്മിലുള്ള ബന്ധം
പ്രവചനം (ദാനിയേൽ 4:20-36)
ഭരണം
(A) ഒരു പടുകൂറ്റൻ മരം
ഭരണം നഷ്ടപ്പെടുന്നു
(B) “ആ മരം വെട്ടി മറിച്ചിടൂ,” “അങ്ങനെ ഏഴു കാലം കടന്നുപോകട്ടെ”
ഭരണം തിരിച്ചുകിട്ടുന്നു
(C) ‘രാജ്യം അങ്ങയ്ക്കു തിരികെ കിട്ടും’
പ്രവചനത്തിന്റെ ആദ്യത്തെ നിവൃത്തിയിൽ . . .
(D) മരം സൂചിപ്പിക്കുന്നത് ആരെയാണ്?—22-ാം വാക്യം കാണുക.
(E) രാജാവിന് ഭരണം നഷ്ടപ്പെടുന്നത് എങ്ങനെയാണ്?—ദാനിയേൽ 4:29-33 വായിക്കുക.
(F) ‘ഏഴു കാലത്തിന്റെ’ അവസാനത്തിൽ നെബൂഖദ്നേസറിന് എന്തു സംഭവിച്ചു?—ദാനിയേൽ 4:34-36 വായിക്കുക.
പ്രവചനത്തിന്റെ ആദ്യത്തെ നിവൃത്തി
ഭരണം
(D) ബാബിലോണിലെ രാജാവായ നെബൂഖദ്നേസർ
ഭരണം നഷ്ടപ്പെടുന്നു
(E) ബി.സി. 606-നു ശേഷം നെബൂഖദ്നേസറിന് സുബോധം നഷ്ടപ്പെട്ടു, അദ്ദേഹത്തിന് ഏഴു വർഷത്തേക്ക് ഭരിക്കാൻ കഴിയാതെവന്നു
ഭരണം തിരിച്ചുകിട്ടുന്നു
(F) നെബൂഖദ്നേസർ രാജാവിന് സുബോധം തിരിച്ചുകിട്ടുന്നു, വീണ്ടും ഭരണം തുടങ്ങുന്നു
പ്രവചനത്തിന്റെ രണ്ടാമത്തെ നിവൃത്തിയിൽ . . .
(G) മരം സൂചിപ്പിക്കുന്നത് ആരെയാണ്?—1 ദിനവൃത്താന്തം 29:23 വായിക്കുക.
(H) അവർക്ക് ഭരണം നഷ്ടപ്പെട്ടത് എന്നാണ്? യേശു ഭൂമിയിലായിരുന്നപ്പോഴും ഭരണം തിരിച്ചുകിട്ടിയിരുന്നില്ലെന്ന് എങ്ങനെ അറിയാം?—ലൂക്കോസ് 21:24 വായിക്കുക.
(I) പിന്നെ എപ്പോഴാണ് ഈ ഭരണം തിരിച്ചുകിട്ടിയത്? എവിടെ വെച്ച്?
പ്രവചനത്തിന്റെ രണ്ടാമത്തെ നിവൃത്തി
ഭരണം
(G) ഇസ്രായേലിലെ രാജാക്കന്മാർ. അവർ ദൈവത്തെ പ്രതിനിധാനം ചെയ്താണ് ഭരിച്ചിരുന്നത്
ഭരണം നഷ്ടപ്പെടുന്നു
(H) യരുശലേം നശിപ്പിക്കപ്പെട്ടു. 2,520 വർഷത്തേക്ക് ഇസ്രായേലിലെ രാജാക്കന്മാർക്ക് ഭരണം നഷ്ടപ്പെട്ടു
ഭരണം തിരിച്ചുകിട്ടുന്നു
(I) ദൈവരാജ്യത്തിന്റെ രാജാവായി യേശു സ്വർഗത്തിൽ ഭരണം തുടങ്ങുന്നു
‘ഏഴു കാലം’ എത്ര വർഷം?
ബൈബിളിന്റെ ചില ഭാഗങ്ങൾ മനസ്സിലാക്കാൻ മറ്റു ബൈബിൾ ഭാഗങ്ങൾ സഹായിക്കും. ഉദാഹരണത്തിന്, വെളിപാട് പുസ്തകത്തിൽ മൂന്നരക്കാലം 1,260 ദിവസമാണെന്നു പറയുന്നു. (വെളിപാട് 12:6, 14) അപ്പോൾ ഏഴു കാലം അതിന്റെ ഇരട്ടി 2,520 ദിവസമാണ്. ചിലപ്പോൾ ബൈബിളിൽ ‘ഒരു ദിവസം’ എന്നത് ഒരു വർഷത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. (യഹസ്കേൽ 4:6) അതുകൊണ്ട് ദാനിയേൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഏഴു കാലം 2,520 വർഷമാണ്.
5. 1914 മുതൽ ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ
താൻ രാജാവായതിനു ശേഷമുള്ള ലോകാവസ്ഥകൾ എങ്ങനെയായിരിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. ലൂക്കോസ് 21:9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഇതിലെ ഏതെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ അറിഞ്ഞിട്ടുണ്ട്?
അവസാനകാലത്ത് ജീവിക്കുന്ന ആളുകളുടെ സ്വഭാവത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് വിവരിച്ചിട്ടുണ്ട്. 2 തിമൊഥെയൊസ് 3:1-5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഇന്നത്തെ ആളുകളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങൾ ശ്രദ്ധിച്ചിരിക്കുന്നത്?
6. ദൈവരാജ്യ ഭരണം നമ്മളെ എന്തിനു പ്രചോദിപ്പിക്കണം?
മത്തായി 24:3, 14 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ദൈവരാജ്യം ഇന്നു ഭരണം നടത്തുന്നുണ്ടെന്ന് ഏതു പ്രധാനപ്പെട്ട പ്രവർത്തനമാണ് കാണിച്ചുതരുന്നത്?
നിങ്ങൾക്കും ഈ പ്രവർത്തനത്തിൽ എങ്ങനെ പങ്കെടുക്കാം?
ദൈവരാജ്യം ഭരണം തുടങ്ങി. അത് ഉടൻതന്നെ മുഴുഭൂമിയെയും ഭരിക്കും. എബ്രായർ 10:24, 25 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
“ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ” നമ്മൾ ഓരോരുത്തരും എന്തു ചെയ്യണം?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “യഹോവയുടെ സാക്ഷികൾ എന്തിനാണ് 1914-ന് ഇത്ര പ്രാധാന്യം കൊടുക്കുന്നത്?”
നിങ്ങൾ എന്തു പറയും?
ചുരുക്കത്തിൽ
ദൈവരാജ്യം ഭരിക്കുന്നു എന്നതിന് ബൈബിൾപ്രവചനങ്ങളും കാലക്കണക്കും ഇന്നത്തെ ലോകാവസ്ഥകളും തെളിവു നൽകുന്നു. ഈ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ടും മീറ്റിങ്ങുകൾക്കു കൂടിവന്നുകൊണ്ടും ഇത് വിശ്വസിക്കുന്നുണ്ടെന്ന് നമ്മൾ കാണിക്കുന്നു.
ഓർക്കുന്നുണ്ടോ?
ദാനിയേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ഏഴു കാലങ്ങളുടെ അവസാനത്തിൽ എന്തു സംഭവിച്ചു?
1914-ൽ ദൈവരാജ്യം ഭരണം തുടങ്ങിയെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണ്?
ദൈവരാജ്യം ഇപ്പോൾ ഭരിക്കുന്നു എന്ന കാര്യത്തിൽ നിങ്ങൾക്കു വിശ്വാസമുണ്ടെന്നു തെളിയിക്കാൻ എന്തു ചെയ്യാൻ കഴിയും?
കൂടുതൽ മനസ്സിലാക്കാൻ
1914 മുതൽ ലോകത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചരിത്രകാരന്മാരും മറ്റുള്ളവരും പറയുന്നതു ശ്രദ്ധിക്കുക.
“ധാർമിക നിലവാരങ്ങൾ മാറ്റിയെഴുതപ്പെടുന്നു” (ഉണരുക! 2007 ഏപ്രിൽ)
മത്തായി 24:14-ലെ പ്രവചനം ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് വായിക്കുക.
“ബേസ്ബോൾ എനിക്കു ജീവനായിരുന്നു!” (വീക്ഷാഗോപുരം 2017 നമ്പർ 3)
ദാനിയേൽ 4-ാം അധ്യായത്തിൽ എഴുതിയിരിക്കുന്ന പ്രവചനം ദൈവരാജ്യത്തെക്കുറിച്ചുള്ളത് ആണെന്ന് നമുക്ക് എങ്ങനെ അറിയാം?
“ദൈവരാജ്യം ഭരണം ആരംഭിച്ചത് എപ്പോൾ? (ഭാഗം 1)” (വീക്ഷാഗോപുരം 2015 ജനുവരി 1)
ദാനിയേൽ 4-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ‘ഏഴു കാലങ്ങൾ’ 1914-ൽ അവസാനിച്ചെന്ന് എന്തു സൂചിപ്പിക്കുന്നു?
“ദൈവരാജ്യം ഭരണം ആരംഭിച്ചത് എപ്പോൾ? (ഭാഗം 2)” (വീക്ഷാഗോപുരം 2015 ഏപ്രിൽ 1)
a ഈ പാഠത്തിലെ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തെ അവസാനത്തെ രണ്ടു ലേഖനങ്ങൾ കാണുക.