“സകല ഭാഷകളിലുംനിന്നു”ള്ളവർ സുവാർത്ത കേൾക്കുന്നു
“ജാതികളുടെ [‘ജനതകളുടെ,’ പി.ഒ.സി. ബൈബിൾ] സകലഭാഷകളിലുംനിന്നു പത്തുപേർ . . . ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.”—സെഖര്യാവു 8:23.
1. ഒരു അന്താരാഷ്ട്ര, ബഹുഭാഷാ പ്രസംഗവേലയ്ക്കു തുടക്കമിടാൻ ഏറ്റവും അനുയോജ്യമായ സമയവും സന്ദർഭവും യഹോവ പ്രദാനം ചെയ്തത് എങ്ങനെ?
പൊതുയുഗം (പൊ.യു.) 33-ലെ പെന്തെക്കൊസ്ത് ദിനം. വിസ്തൃതമായ റോമാസാമ്രാജ്യത്തിന്റെ ചുരുങ്ങിയത് 15 പ്രദേശങ്ങളിൽനിന്നുള്ള, യഹൂദരും യഹൂദമതത്തിലേക്കു പരിവർത്തനം ചെയ്തവരുമായ ആളുകൾ പെസഹ ആചരിക്കാൻ ആഴ്ചകൾക്കുമുമ്പുതന്നെ യെരൂശലേമിൽ എത്തിയിരുന്നു. അതേ, ഒരു ബഹുഭാഷാ പ്രസംഗവേലയ്ക്കു തുടക്കമിടാൻ തികച്ചും അനുയോജ്യമായ സമയവും സന്ദർഭവുമായിരുന്നു അത്. ആ പെന്തെക്കൊസ്ത് ദിനത്തിൽ, സാധാരണക്കാരായ ആളുകൾ പരിശുദ്ധാത്മാവ് നിറഞ്ഞവരായി റോമാസാമ്രാജ്യത്തിലെ വിവിധ ഭാഷകളിൽ സുവാർത്ത പ്രസംഗിക്കുന്നത് ആയിരക്കണക്കിന് ആളുകൾ ശ്രവിച്ചു. പുരാതന ബാബേലിൽ ദൈവം ഭാഷ കലക്കിയപ്പോൾ ഉണ്ടായതുപോലുള്ള ഒരു അവസ്ഥയായിരുന്നില്ല അവിടെ. കേട്ട കാര്യങ്ങൾ ആളുകൾക്കു ഗ്രഹിക്കാൻ കഴിഞ്ഞു. (പ്രവൃത്തികൾ 2:1-12) ക്രിസ്തീയ സഭയുടെ സ്ഥാപനത്തിനും ഇന്നോളം തുടർന്നിരിക്കുന്ന ഒരു അന്താരാഷ്ട്ര, ബഹുഭാഷാ വിദ്യാഭ്യാസവേലയ്ക്കും ആ സംഭവം അടിത്തറ പാകി.
2. പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ യേശുവിന്റെ ശിഷ്യന്മാർ വ്യത്യസ്ത ഭാഷക്കാരായ തങ്ങളുടെ ശ്രോതാക്കളെ “ആശ്ചര്യപ്പെ”ടുത്തിയത് എങ്ങനെ?
2 സാധ്യതയനുസരിച്ച് യേശുവിന്റെ ശിഷ്യന്മാർ അന്നത്തെ സാധാരണ ഭാഷയായ കൊയ്നി ഗ്രീക്ക് സംസാരിച്ചിരുന്നു. ആലയത്തിൽ ഉപയോഗിച്ചിരുന്ന എബ്രായഭാഷയും അവർക്ക് അറിയാമായിരുന്നു. എന്നാൽ ആ പെന്തെക്കൊസ്ത് ദിനത്തിൽ, അവിടെ സന്നിഹിതരായിരുന്ന വ്യത്യസ്ത ഭാഷക്കാരായ ശ്രോതാക്കളുടെ മാതൃഭാഷകളിൽ സംസാരിച്ചുകൊണ്ട് യേശുവിന്റെ ശിഷ്യന്മാർ അവരെയെല്ലാം “ആശ്ചര്യപ്പെ”ടുത്തി. എന്തായിരുന്നു ഫലം? മാതൃഭാഷയിൽ കേട്ട ജീവത്പ്രധാന സത്യങ്ങൾ അവരുടെ ഹൃദയങ്ങളെ സ്പർശിച്ചു. ദിവസം അവസാനിക്കാറായപ്പോഴേക്കും ശിഷ്യന്മാരുടെ ചെറിയ കൂട്ടം 3,000-ത്തിലധികം പേരുള്ള ഒരു വലിയ കൂട്ടമായി തീർന്നിരുന്നു!—പ്രവൃത്തികൾ 2:37-42.
3, 4. ശിഷ്യന്മാർ യെരൂശലേം, യെഹൂദ്യ, ഗലീല എന്നീ പ്രദേശങ്ങൾ വിട്ട് മറ്റിടങ്ങളിലേക്കു പോയത് പ്രസംഗവേലയുടെ വികസനത്തിനു സഹായിച്ചത് എങ്ങനെ?
3 ഈ സുപ്രധാന സംഭവം നടന്ന് അധികം കഴിയുന്നതിനുമുമ്പുതന്നെ യെരൂശലേമിൽ പീഡനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശി. “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.” (പ്രവൃത്തികൾ 8:1-4) ഉദാഹരണത്തിന് പ്രവൃത്തികൾ 8-ാം അധ്യായം സുവിശേഷകനായ ഫിലിപ്പൊസിനെക്കുറിച്ചു പറയുന്നു. ഗ്രീക്കുകാരനായിരിക്കാനിടയുള്ള ഫിലിപ്പൊസ് ശമര്യക്കാരോടു സുവാർത്ത ഘോഷിച്ചു. ഒരു എത്യോപ്യൻ ഉദ്യോഗസ്ഥനോടും അവൻ സുവാർത്ത പ്രസംഗിച്ചു, ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശത്തോട് അയാൾ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.—പ്രവൃത്തികൾ 6:1-5; 8:5-13, 26-40; 21:8, 9.
4 യെരൂശലേം, യെഹൂദ്യ, ഗലീല എന്നീ പ്രദേശങ്ങൾ വിട്ട് മറ്റിടങ്ങളിലേക്കു പോയ ക്രിസ്ത്യാനികൾക്ക് ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടയിൽ വംശീയവും ഭാഷാപരവുമായ പുതിയ പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നു. അവരിൽ ചിലർ യഹൂദരോടു മാത്രമേ സാക്ഷീകരിച്ചിട്ടുണ്ടാവൂ. എന്നാൽ “കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്ന” മറ്റു ചിലരെക്കുറിച്ചു ശിഷ്യനായ ലൂക്കൊസ് ഇങ്ങനെ രേഖപ്പെടുത്തുന്നു: “അവർ അന്ത്യൊക്ക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.”—പ്രവൃത്തികൾ 11:19-21.
മുഖപക്ഷമില്ലാത്ത ദൈവം എല്ലാവർക്കുമായി നൽകിയിരിക്കുന്ന സന്ദേശം
5. സുവാർത്തയോടുള്ള ബന്ധത്തിൽ യഹോവയുടെ മുഖപക്ഷമില്ലായ്മ പ്രകടമായിരിക്കുന്നത് എങ്ങനെ?
5 ഈ സംഭവവികാസങ്ങൾ ദൈവത്തിന്റെ പ്രവർത്തനവിധത്തിനു ചേർച്ചയിലുള്ളവയാണ്. അവൻ മുഖപക്ഷമില്ലാത്തവനാണ്. മറ്റു ജനതകളിൽപ്പെട്ടവരോടുള്ള വീക്ഷണത്തിനു മാറ്റം വരുത്താൻ യഹോവയിൽനിന്നു സഹായം ലഭിച്ചതിനെ തുടർന്ന് പത്രൊസ് അപ്പൊസ്തലൻ വിലമതിപ്പോടെ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35; സങ്കീർത്തനം 145:9) “സകലമനുഷ്യരും രക്ഷപ്രാപി”ക്കണം എന്നതാണ് ദൈവത്തിന്റെ ഇഷ്ടമെന്ന് ഒരുകാലത്തു ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്ന പൗലൊസ് അപ്പൊസ്തലൻ പറഞ്ഞപ്പോൾ, ദൈവം മുഖപക്ഷമില്ലാത്തവനാണെന്ന വസ്തുതയ്ക്ക് അവൻ അടിവരയിടുകയായിരുന്നു. (1 തിമൊഥെയൊസ് 2:4) ഏതു ലിംഗവർഗത്തിൽപ്പെട്ടവർക്കും, ഏതു ഭാഷക്കാർക്കും വംശക്കാർക്കും ദേശക്കാർക്കും രാജ്യപ്രത്യാശ ലഭ്യമാണെന്ന വസ്തുതയിൽനിന്ന് സ്രഷ്ടാവിന്റെ മുഖപക്ഷമില്ലായ്മ പ്രകടമാണ്.
6, 7. വിവിധ രാഷ്ട്രങ്ങളിൽപ്പെട്ട, വ്യത്യസ്ത ഭാഷക്കാരായ ആളുകളുടെ പക്കലേക്കു സുവാർത്ത വ്യാപിക്കുന്നതിനെപ്പറ്റി ഏതു ബൈബിൾ പ്രവചനങ്ങളാണ് മുൻകൂട്ടിപ്പറഞ്ഞത്?
6 ഈ അന്താരാഷ്ട്ര വികസനം നൂറ്റാണ്ടുകൾക്കുമുമ്പേ മുൻകൂട്ടി പറയപ്പെട്ടിരുന്നു. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ” അതായത് യേശുവിനെ “സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു” എന്ന് ദാനീയേൽ പ്രവചനം പറഞ്ഞു. (ദാനീയേൽ 7:14) യഹോവയുടെ രാജ്യത്തെക്കുറിച്ചു നിങ്ങൾക്കും വ്യത്യസ്ത ഭാഷക്കാരായ മറ്റുള്ളവർക്കും വായിക്കാൻ കഴിയുമാറ് ഈ മാസിക 151 ഭാഷകളിൽ പ്രസിദ്ധീകരിച്ച് ലോകമെമ്പാടും വിതരണം ചെയ്യുന്നുവെന്ന വസ്തുത ആ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയെ പ്രതിഫലിപ്പിക്കുന്നു.
7 വിവിധ ഭാഷക്കാരായ ആളുകൾ ബൈബിളിലുള്ള ജീവദായക സന്ദേശം ശ്രവിക്കുന്ന ഒരു കാലം വരുമെന്ന് അതു മുൻകൂട്ടി പറഞ്ഞിരുന്നു. സത്യാരാധന ഒട്ടനവധി ആളുകളെ ആകർഷിക്കുന്നത് എങ്ങനെയായിരിക്കുമെന്നു വർണിച്ചുകൊണ്ട് സെഖര്യാവ് ഇങ്ങനെ പ്രവചിച്ചു: “ആ കാലത്തു ജാതികളുടെ [‘ജനതകളുടെ,’ പി.ഒ.സി.] സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ [“ദൈവത്തിന്റെ യിസ്രായേലി”ന്റെ ഭാഗമായ ആത്മാഭിഷിക്ത ക്രിസ്ത്യാനിയുടെ] വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23; ഗലാത്യർ 6:16) അപ്പൊസ്തലനായ യോഹന്നാൻ, താൻ ദർശനത്തിൽ കണ്ടതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം . . . സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു.” (വെളിപ്പാടു 7:9) അത്തരം പ്രവചനങ്ങളുടെ നിവൃത്തി നാം കണ്ടിരിക്കുന്നു!
എല്ലാത്തരം ആളുകളുടെയും പക്കൽ സുവാർത്ത എത്തിക്കുന്നു
8. ആധുനികനാളിലെ ഏത് സ്ഥിതിവിശേഷം നമ്മുടെ സാക്ഷീകരണവേലയിൽ പൊരുത്തപ്പെടുത്തലുകൾ ആവശ്യമാക്കിത്തീർത്തിരിക്കുന്നു?
8 സ്വദേശംവിട്ട് മറ്റിടങ്ങളിലേക്കു കുടിയേറുന്ന ആളുകളുടെ എണ്ണം ഇന്നു വർധിച്ചുവരുകയാണ്. ആഗോളവത്കരണം കുടിയേറ്റത്തിന്റെ ഒരു പുതിയ യുഗംതന്നെ സൃഷ്ടിച്ചിരിക്കുന്നു. സാമ്പത്തിക ഭദ്രത തേടി ആളുകൾ വൻതോതിൽ യുദ്ധമേഖലകളിൽനിന്നും സാമ്പത്തികമാന്ദ്യം നേരിടുന്ന പ്രദേശങ്ങളിൽനിന്നും ഭൗതികമായി മെച്ചപ്പെട്ട ഇടങ്ങളിലേക്കു ചേക്കേറിയിരിക്കുന്നു. കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ഈ പ്രവാഹംമൂലം പല ദേശങ്ങളിലും അന്യഭാഷാ സമൂഹങ്ങൾതന്നെ രൂപംകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഫിൻലൻഡിൽ 120-ലധികം ഭാഷക്കാരുണ്ട്, ഓസ്ട്രേലിയയിലാകട്ടെ 200-ലധികവും. ഐക്യനാടുകളിലുള്ള സാൻ ഡിയേഗോ നഗരത്തിൽ മാത്രം 100-ലധികം ഭാഷകളുണ്ട്!
9. നമ്മുടെ പ്രദേശത്തെ വ്യത്യസ്ത ഭാഷക്കാരുടെ സാന്നിധ്യത്തെ നാം എങ്ങനെ വീക്ഷിക്കണം?
9 ക്രിസ്തീയ ശുശ്രൂഷകരായ നാം, വ്യത്യസ്ത ഭാഷക്കാരുടെ സാന്നിധ്യത്തെ ശുശ്രൂഷയ്ക്ക് ഒരു പ്രതിബന്ധമായി കാണുന്നുണ്ടോ? തീർച്ചയായും ഇല്ല! മറിച്ച് നമ്മുടെ ശുശ്രൂഷാപ്രദേശത്തിന്റെ ഈ വികസനത്തെ നാം സ്വാഗതം ചെയ്യുന്നു. “കൊയ്ത്തിന്നു വെളുത്തിരിക്കുന്ന” നിലങ്ങൾ ആയി നാം അവയെ കാണുന്നു. (യോഹന്നാൻ 4:35) തങ്ങളുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ള ആളുകളെ, അവരുടെ ദേശമോ ഭാഷയോ ഗണ്യമാക്കാതെ നാം സഹായിക്കുന്നു. (മത്തായി 5:3) തത്ഫലമായി ഓരോ വർഷവും ‘സകല ഭാഷയിലും’നിന്ന് കൂടുതൽ കൂടുതൽ ആളുകൾ ക്രിസ്തുവിന്റെ ശിഷ്യരായിത്തീരുന്നു. (വെളിപ്പാടു 14:6) ഉദാഹരണത്തിന് 2004 ആഗസ്റ്റിൽ ജർമനിയിൽ 40-ഓളം ഭാഷകളിലാണു പ്രസംഗവേല നിർവഹിക്കപ്പെട്ടിരുന്നത്. ആ കാലയളവിൽത്തന്നെ ഓസ്ട്രേലിയയിൽ 30-ഓളം ഭാഷകളിൽ സുവാർത്ത പ്രസംഗിക്കപ്പെട്ടു, പത്തു വർഷം മുമ്പ് 18 ഭാഷകളിൽ മാത്രമാണ് അവിടെ പ്രസംഗവേല നടന്നിരുന്നത്. ഗ്രീസിൽ യഹോവയുടെ സാക്ഷികൾ 20-ഓളം ഭാഷകളിൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കുന്നുണ്ടായിരുന്നു. ലോകമൊട്ടാകെയുള്ള യഹോവയുടെ സാക്ഷികളിൽ ഏകദേശം 80 ശതമാനവും ഇന്നത്തെ അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷ് അല്ലാത്ത മറ്റൊരു ഭാഷ സംസാരിക്കുന്നവരാണ്.
10. ‘എല്ലാ ജനതകളിലും’ പെട്ട ആളുകളെ ശിഷ്യരാക്കുന്നതിൽ ഓരോ പ്രസാധകനും എന്തു പങ്കു വഹിക്കുന്നു?
10 “എല്ലാ ജനതകളെയും ശിഷ്യ”രാക്കിക്കൊൾവിൻ (പി.ഒ.സി. ബൈ.) എന്ന യേശുവിന്റെ കൽപ്പന ഇന്ന് നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനു സംശയമില്ല! (മത്തായി 28:20) ആ നിയോഗം അതീവ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ 235 ദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു, 400-ലധികം ഭാഷകളിൽ അവർ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നു. ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിന് ആവശ്യമായ പ്രസിദ്ധീകരണങ്ങളും മറ്റും പ്രദാനം ചെയ്യുന്നത് യഹോവയുടെ സംഘടനയാണെങ്കിലും ‘എല്ലാവരെയും,’ എല്ലാത്തരം ആളുകളെയും അവർക്ക് ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷയിൽ ബൈബിൾ സന്ദേശം അറിയിക്കാൻ മുൻകൈയെടുക്കേണ്ടത് ഓരോ രാജ്യപ്രസാധകനുമാണ്. (യോഹന്നാൻ 1:7) ഈ ഏകീകൃത ശ്രമം സുവാർത്തയിൽനിന്നു പ്രയോജനം നേടാൻ വിവിധ ഭാഷക്കാരായ കോടിക്കണക്കിന് ആളുകളെ സഹായിക്കുന്നു. (റോമർ 10:14, 15) അതേ, നാം ഓരോരുത്തരും മർമപ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ട്!
വെല്ലുവിളിക്കൊത്ത് ഉയരുന്നു
11, 12. (എ) നാം കൈകാര്യം ചെയ്യേണ്ട വെല്ലുവിളികൾ ഏവ, പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നത് എങ്ങനെ? (ബി) ആളുകളോട് അവരുടെ മാതൃഭാഷയിൽ പ്രസംഗിക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 ഇന്ന് പല രാജ്യപ്രസാധകരും മറ്റൊരു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇക്കാര്യത്തിൽ ദൈവാത്മാവിന്റെ അത്ഭുതവരങ്ങൾ അവർക്കു പ്രതീക്ഷിക്കാനാവില്ല. (1 കൊരിന്ത്യർ 13:8) പുതിയ ഭാഷ പഠിക്കുന്നത് ഒരു വലിയ സംരംഭമാണ്. ഇനി മറ്റൊരു ഭാഷ പഠിച്ചെടുത്താൽത്തന്നെ, ആ ഭാഷക്കാരായ ആളുകളോടു സുവാർത്ത പ്രസംഗിക്കുന്നത് ഒരു വെല്ലുവിളിയാണ്. കാരണം മറ്റൊരു പശ്ചാത്തലത്തിലും സംസ്കാരത്തിലും നിന്നുള്ള ആളുകൾക്ക് ആകർഷകമായ വിധത്തിൽ ബൈബിൾ സന്ദേശം അവതരിപ്പിക്കാൻ രാജ്യപ്രസാധകർ തങ്ങളുടെ ചിന്താരീതിയിലും സമീപനത്തിലും പൊരുത്തപ്പെടുത്തൽ വരുത്തേണ്ടതുണ്ടായിരിക്കാം. തന്നെയുമല്ല, പുതിയ കുടിയേറ്റക്കാർക്കു പലപ്പോഴും അൽപ്പം പരിഭ്രമവും സങ്കോചവുമൊക്കെ കാണും; അവരുടെ ചിന്താരീതി മനസ്സിലാക്കാൻ വളരെ ശ്രമം ആവശ്യമാണ്.
12 എന്നിരുന്നാലും, മറ്റു ഭാഷക്കാരായ ആളുകളെ സഹായിക്കാനുള്ള യഹോവയുടെ ദാസരുടെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് പരിശുദ്ധാത്മാവ് ഇന്നും അവരുടെമേൽ പ്രവർത്തിക്കുന്നുണ്ട്. (ലൂക്കൊസ് 11:13) അത്ഭുതകരമായ ഭാഷാപ്രാപ്തികൾ നൽകുന്നതിനു പകരം മറ്റു ഭാഷക്കാരോട് ആശയവിനിമയം നടത്താനുള്ള നമ്മുടെ ആഗ്രഹത്തെ വർധിപ്പിക്കാൻ പരിശുദ്ധാത്മാവിനു കഴിയും. (സങ്കീർത്തനം 143:10) നാം ഒരു വ്യക്തിയെ അയാൾക്ക് അത്ര വശമില്ലാത്ത ഭാഷയിൽ ബൈബിൾസന്ദേശം അറിയിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമ്പോൾ അത് അയാൾക്കു മനസ്സിലായെന്നുവരാം. പക്ഷേ നമ്മൾ പറയുന്ന കാര്യങ്ങൾ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരണമെങ്കിൽ അവരുടെ മാതൃഭാഷ—അവരുടെ ഉള്ളിന്റെയുള്ളിലെ ചോദനകളെയും അഭിലാഷങ്ങളെയും പ്രതീക്ഷകളെയും സ്പർശിക്കാൻ കഴിയുന്ന ഭാഷ—ഉപയോഗിക്കുന്നതാണ് അഭികാമ്യം.—ലൂക്കൊസ് 24:32.
13, 14. (എ) അന്യഭാഷാ വയലിൽ ശുശ്രൂഷ ഏറ്റെടുക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത് എന്ത്? (ബി) ആത്മത്യാഗ മനോഭാവം പ്രകടമായിരിക്കുന്നത് എങ്ങനെ?
13 അന്യഭാഷാ വയലിൽ ആളുകൾ ബൈബിൾ സത്യത്തോടു നല്ല രീതിയിൽ പ്രതികരിക്കുന്നത് നിരീക്ഷിക്കാനിടയായ പല രാജ്യപ്രസാധകരും ശുശ്രൂഷയുടെ ഈ മേഖലയിൽ പ്രവേശിച്ചിരിക്കുന്നു. സേവനത്തിൽ കൂടുതൽ വെല്ലുവിളികളും രസകരമായ അനുഭവങ്ങളും ഉണ്ടാകുന്നത് വേറെ ചിലർക്ക് ഉത്സാഹം പകരുന്നു. “പൂർവ യൂറോപ്പിൽനിന്നു വരുന്ന പലരും സത്യത്തിനായി ദാഹിക്കുന്നവരാണ്,” ദക്ഷിണ യൂറോപ്പിലെ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച് ഓഫീസ് പറയുന്നു. സത്യം സ്വീകരിക്കാൻ മനസ്സൊരുക്കമുള്ള അത്തരം വ്യക്തികളെ സഹായിക്കുന്നത് എത്ര സംതൃപ്തിദായകമാണ്!—യെശയ്യാവു 55:1, 2.
14 ഈ വേലയിൽ അർഥവത്തായ പങ്കുണ്ടായിരിക്കാൻ പക്ഷേ നിശ്ചയദാർഢ്യവും ആത്മത്യാഗ മനോഭാവവും ആവശ്യമാണ്. (സങ്കീർത്തനം 110:3) ദൃഷ്ടാന്തത്തിന് ചൈനക്കാരായ കുടിയേറ്റക്കാരെ ബൈബിൾ പഠിക്കുന്നതിനു സഹായിക്കാൻ പല ജാപ്പനീസ് സാക്ഷിക്കുടുംബങ്ങളും വൻ നഗരങ്ങളിലെ സുഖസൗകര്യങ്ങളോടു കൂടിയ ഭവനങ്ങൾവിട്ട് കുഗ്രാമങ്ങളിലേക്കു താമസം മാറിയിരിക്കുന്നു. ഐക്യനാടുകളുടെ പടിഞ്ഞാറെ തീരത്തുള്ള പ്രസാധകർ, പതിവായി ഒന്നോ രണ്ടോ മണിക്കൂർ വണ്ടിയോടിച്ചുചെന്നാണ് ഫിലിപ്പിനോ വയലിലുള്ള ആളുകളെ ബൈബിൾ പഠിക്കുന്നതിനു സഹായിക്കുന്നത്. നോർവേയിൽ ഒരു ദമ്പതികൾ അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒരു കുടുംബത്തെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നു. അവരെ പഠിപ്പിക്കാൻ സാക്ഷികളായ ഈ ദമ്പതികൾ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?a എന്ന ലഘുപത്രികയുടെ ഇംഗ്ലീഷിലും നോർവീജിയൻ ഭാഷയിലും ഉള്ള പതിപ്പുകൾ ഉപയോഗിക്കുന്നു. ആ കുടുംബത്തിലുള്ളവരാകട്ടെ തങ്ങളുടെ മാതൃഭാഷയായ ഡാരിയോട് അടുത്ത ബന്ധമുള്ള പേർഷ്യൻ ഭാഷയിൽ ഖണ്ഡികകൾ വായിക്കും. അവർ സംഭാഷണം നടത്തുന്നത് ഇംഗ്ലീഷിലും നോർവീജിയനിലുമാണ്. മറ്റു ഭാഷക്കാർ സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുമ്പോൾ അത്തരം ആത്മത്യാഗ മനോഭാവത്തിനും പൊരുത്തപ്പെടാനുള്ള മനസ്സൊരുക്കത്തിനും സമൃദ്ധമായ പ്രതിഫലം ലഭിക്കുന്നു.b
15. ബഹുഭാഷാ പ്രസംഗവേലയിൽ നമുക്കേവർക്കും ഒരു പങ്കുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ?
15 ഈ ബഹുഭാഷാ പ്രവർത്തനത്തിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കാനാകുമോ? അതിനായി ആദ്യംതന്നെ, നിങ്ങളുടെ പ്രദേശത്തു സാധാരണമായി സംസാരിക്കുന്ന മറ്റു ഭാഷകൾ ഏതൊക്കെയാണെന്നു കണ്ടുപിടിക്കുക. അതിനുശേഷം ആ ഭാഷകളിലുള്ള ചില ലഘുലേഖകളോ ലഘുപത്രികകളോ നിങ്ങൾക്കു കൂടെ കരുതാൻ കഴിയും. 2004-ൽ പ്രകാശനംചെയ്ത സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്തകം രാജ്യപ്രത്യാശ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. നിരവധി ഭാഷകളിലുള്ള ലളിതവും ക്രിയാത്മകവുമായ സന്ദേശം അതിന്റെ സവിശേഷതയാണ്.—“സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത” എന്ന 32-ാം പേജിലെ ലേഖനം കാണുക.
“പരദേശിയെ സ്നേഹിപ്പിൻ”
16. മറ്റു ഭാഷക്കാരെ സഹായിക്കുന്നതിൽ നിസ്സ്വാർഥ താത്പര്യം പ്രകടമാക്കാൻ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരന്മാർക്ക് എങ്ങനെ കഴിയും?
16 മറ്റൊരു ഭാഷ പഠിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും നമ്മുടെ പ്രദേശത്തുള്ള അന്യദേശക്കാരുടെ ആത്മീയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ നമുക്കേവർക്കും കഴിയും. “പരദേശിയെ സ്നേഹി”ക്കാൻ യഹോവ തന്റെ ജനത്തെ പ്രബോധിപ്പിച്ചു. (ആവർത്തനപുസ്തകം 10:18, 19) ഉദാഹരണത്തിന് വടക്കേ അമേരിക്കയിലുള്ള ഒരു വലിയ നഗരത്തിൽ അഞ്ച് സഭകൾ ഒരേ രാജ്യഹാൾ പങ്കിടുന്നു. ഒരേ ഹാൾ പങ്കിടുന്ന മറ്റിടങ്ങളിലെ സഭകളുടെ കാര്യത്തിലെന്നപോലെ, വർഷംതോറും ഈ സഭകളുടെ യോഗസമയങ്ങളിലും മാറ്റം വരാറുണ്ട്. അങ്ങനെ ഒരവസരത്തിൽ ചൈനീസ് ഭാഷയിലുള്ള യോഗങ്ങൾ ഞായറാഴ്ച വൈകുന്നേരത്തേക്കു മാറ്റേണ്ട ഘട്ടംവന്നു. എന്നാൽ സമയമാറ്റം നടപ്പാക്കുന്നപക്ഷം റസ്റ്ററന്റുകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന കുടിയേറ്റക്കാരിൽ പലർക്കും യോഗങ്ങളിൽ സംബന്ധിക്കാൻ സാധിക്കാതെ വരുമായിരുന്നു. അതുകൊണ്ട് ചൈനീസ് ഭാഷയിലുള്ള യോഗങ്ങൾ ഞായറാഴ്ച കുറെക്കൂടെ നേരത്തേ നടത്താൻ സാധിക്കത്തക്കവിധം മറ്റു സഭകളിലെ മൂപ്പന്മാർ ദയാപൂർവം തങ്ങളുടെ യോഗസമയങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി.
17. മറ്റൊരു ഭാഷാക്കൂട്ടത്തെ സഹായിക്കുന്നതിന് വേറൊരു പ്രദേശത്തേക്കു മാറിത്താമസിക്കാൻ ചിലർ തീരുമാനിക്കുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കണം?
17 മറ്റു ഭാഷാക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി വേറൊരു പ്രദേശത്തേക്കു മാറിത്താമസിക്കാൻ ആഗ്രഹിക്കുന്ന, യോഗ്യതയും പ്രാപ്തിയുമുള്ള സഹോദരീസഹോദരന്മാരെ സ്നേഹസമ്പന്നരായ മേൽവിചാരകന്മാർ അഭിനന്ദിക്കുന്നു. അനുഭവസമ്പത്തുള്ള ഇത്തരം ബൈബിൾ അധ്യാപകരുടെ അഭാവം അവരുടെ സ്വന്തം സഭകൾക്ക് ഒരു നഷ്ടമായിരുന്നേക്കാമെങ്കിലും ഇക്കോന്യയിലെയും ലുസ്ത്രയിലെയും മൂപ്പന്മാരുടെ അതേ മനോഭാവമാണ് ഈ മേൽവിചാരകന്മാർക്കും ഉള്ളത്. തിമൊഥെയൊസ് തങ്ങളുടെ സഭകൾക്ക് ഒരു മുതൽക്കൂട്ടായിരുന്നെങ്കിലും പൗലൊസിനോടൊപ്പം പോകുന്നതിൽനിന്ന് ആ മൂപ്പന്മാർ അവനെ തടഞ്ഞില്ല. (പ്രവൃത്തികൾ 16:1-4) കൂടാതെ, അന്യദേശക്കാരുടെ ചിന്താഗതികളെയോ സമ്പ്രദായങ്ങളെയോ പെരുമാറ്റരീതികളെയോ ഒന്നും പ്രസംഗവേലയ്ക്കു നേതൃത്വം വഹിക്കുന്നവർ ഒരു പ്രശ്നമായി വീക്ഷിക്കുന്നില്ല. പകരം അവർ വൈവിധ്യത്തെ സ്വാഗതം ചെയ്യുകയും സുവാർത്തയ്ക്കുവേണ്ടി നല്ല ബന്ധങ്ങൾ നട്ടുവളർത്താനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്യുന്നു.—1 കൊരിന്ത്യർ 9:22, 23.
18. പ്രവർത്തനത്തിലേക്കുള്ള ഏതു വലിയ വാതിൽ ഏവർക്കുമായി തുറന്നു കിടക്കുന്നു?
18 പ്രവചിക്കപ്പെട്ടിരിക്കുന്നപ്രകാരം, ജനതകളുടെ “സകലഭാഷകളിലും” സുവാർത്ത പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദേശഭാഷാവയലുകളിൽ ഇനിയും വർധനയ്ക്കുള്ള വലിയ സാധ്യതയുണ്ട്. പ്രാപ്തരായ ആയിരക്കണക്കിനു പ്രസാധകർ പ്രവർത്തനത്തിലേക്കു നയിക്കുന്ന ഈ ‘വലിയ വാതിലിലൂടെ’ പ്രവേശിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 16:9) എന്നാൽ, അടുത്ത ലേഖനത്തിൽ കാണാൻ കഴിയുന്നതുപോലെ, അത്തരം വയലുകളിൽ നല്ല ഫലം ഉത്പാദിപ്പിക്കാൻ കൂടുതൽ കാര്യങ്ങൾ ആവശ്യമാണ്.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
b കൂടുതൽ ദൃഷ്ടാന്തങ്ങൾക്ക് 2004 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-8 പേജുകളിലെ “ഞങ്ങളുടെ കൊച്ചുകൊച്ചു ത്യാഗങ്ങൾ വലിയ അനുഗ്രഹങ്ങളിലേക്കു നയിച്ചു” എന്ന ജീവിതകഥ കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
• എല്ലാ ആളുകളോടും മുഖപക്ഷമില്ലായ്മ കാണിക്കുന്നതിൽ നമുക്ക് യഹോവയെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
• നമ്മുടെ പ്രദേശത്തുള്ള മറ്റു ഭാഷക്കാരെ നാം എങ്ങനെ വീക്ഷിക്കണം?
• ആളുകളോട് അവരുടെ മാതൃഭാഷയിൽ സുവാർത്ത അറിയിക്കുന്നത് സഹായകമായിരിക്കുന്നത് എന്തുകൊണ്ട്?
• നമുക്കിടയിലെ അന്യദേശക്കാരിൽ നമുക്കു താത്പര്യമെടുക്കാൻ കഴിയുന്നത് എങ്ങനെ?
[23-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
റോം
ക്രേത്ത
ആസ്യ
പ്രുഗ്യ
പംഫുല്യ
പൊന്തൊസ്
കപ്പദോക്യ
മെസൊപ്പൊത്താമ്യ
മേദ്യ
പാർത്ത്യ
ഏലാം
അറബിദേശം
ലിബ്യ
മിസ്രയീം
യെഹൂദ്യ
യെരൂശലേം
[Bodies of water]
മധ്യധരണ്യാഴി
കരിങ്കടൽ
ചെങ്കടൽ
പേർഷ്യൻ ഉൾക്കടൽ
[ചിത്രം]
പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ റോമാസാമ്രാജ്യത്തിന്റെ 15 പ്രദേശങ്ങളിൽനിന്നുള്ള ആളുകൾ സ്വന്തം ഭാഷകളിൽ സുവാർത്ത കേട്ടു
[24-ാം പേജിലെ ചിത്രങ്ങൾ]
അന്യദേശക്കാരായ ഒട്ടനവധിപേർ ബൈബിൾസത്യത്തോടു നന്നായി പ്രതികരിക്കുന്നുണ്ട്
[25-ാം പേജിലെ ചിത്രം]
ഒരു രാജ്യഹാളിന്റെ സൈൻ ബോർഡ് അഞ്ചു ഭാഷകളിൽ