അനുബന്ധം
മിശിഹായുടെ വരവ് ദാനീയേൽ പ്രവചനം മുൻകൂട്ടിപ്പറയുന്ന വിധം
യേശു ജനിക്കുന്നതിന് 500-ലേറെ വർഷം മുമ്പാണ് പ്രവാചകനായ ദാനീയേൽ ജീവിച്ചിരുന്നത്. എന്നിരുന്നാലും, യേശു അഭിഷിക്തനാകുന്ന അഥവാ മിശിഹാ അല്ലെങ്കിൽ ക്രിസ്തു ആയി നിയമിതനാകുന്ന സമയം കൃത്യമായി കണ്ടുപിടിക്കാൻ സഹായകമായ വിവരങ്ങൾ യഹോവ ദാനീയേലിനു വെളിപ്പെടുത്തിക്കൊടുത്തു. ദാനീയേലിനോട് ഇങ്ങനെ പറയപ്പെട്ടു: “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ [“നായകനായ മിശിഹാവരെ,” NW] ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടം.”—ദാനീയേൽ 9:25.
മിശിഹാ വരുന്ന സമയം കണ്ടുപിടിക്കാൻ, ആദ്യംതന്നെ മിശിഹായിലേക്കു നയിക്കുന്ന കാലഘട്ടത്തിന്റെ തുടക്കം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രവചനമനുസരിച്ച്, അത് “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ” ആണ്. ഈ ‘കൽപ്പന പുറപ്പെട്ടത്’ എന്നാണ്? ബൈബിൾ എഴുത്തുകാരനായ നെഹെമ്യാവ് പറയുന്നതനുസരിച്ച്, യെരൂശലേമിന്റെ ചുറ്റുമതിൽ പുനർനിർമിക്കാനുള്ള കൽപ്പന പുറപ്പെട്ടത് “അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ” ആയിരുന്നു. (നെഹെമ്യാവു 2:1, 5-8) ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അർത്ഥഹ്ശഷ്ടാവിന്റെ ആദ്യത്തെ പൂർണവർഷം പൊ.യു.മു. 474 ആണെന്ന് ചരിത്രകാരന്മാർ സ്ഥിരീകരിക്കുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്റെ വാഴ്ചയുടെ 20-ാം വർഷം പൊ.യു.മു. 455 ആയിരുന്നു. ഇപ്പോൾ, ദാനീയേലിന്റെ മിശിഹൈക പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ തുടക്കം നമുക്കു കിട്ടി—പൊ.യു.മു. 455.
‘നായകനായ മിശിഹായുടെ’ വരവിലേക്കു നയിക്കുന്ന കാലഘട്ടത്തിന് എത്ര ദൈർഘ്യമുണ്ടായിരിക്കുമെന്ന് ദാനീയേൽ സൂചന നൽകുന്നു. “ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടം,” അതായത് മൊത്തം 69 ആഴ്ചകളാണ് പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിന്റെ ദൈർഘ്യം എത്രയാണ്? ഇവ ഏഴു ദിവസം അടങ്ങുന്ന ആഴ്ചകളല്ല മറിച്ച് വർഷങ്ങളുടെ ആഴ്ചകളാണെന്ന് അനേകം ബൈബിൾ പരിഭാഷകളും പ്രകടമാക്കുന്നു. അതിന്റെ അർഥം, ഓരോ ആഴ്ചയും ഏഴു വർഷത്തെ കുറിക്കുന്നുവെന്നാണ്. വർഷങ്ങളുടെ ആഴ്ചകൾ അല്ലെങ്കിൽ ഏഴു വർഷം അടങ്ങുന്ന കാലയളവുകൾ എന്ന ആശയം പുരാതനകാലത്തെ യഹൂദന്മാർക്കു പരിചിതമായിരുന്നു. ഉദാഹരണത്തിന്, ഓരോ ഏഴാം വർഷവും അവർക്ക് ഒരു ശബത്തുവർഷമായിരുന്നു. (പുറപ്പാടു 23:10, 11) അതിനാൽ, ഈ 69 പ്രാവചനിക ആഴ്ചകൾ, ഏഴു വർഷം വീതമുള്ള 69 കാലയളവുകൾ അഥവാ മൊത്തം 483 വർഷം ആണ്.
ഇനി നാം കണക്കുകൂട്ടുകയേ വേണ്ടൂ. പൊ.യു.മു. 455 മുതൽ 483 വർഷം എണ്ണിയാൽ അതു നമ്മെ പൊ.യു. 29-ൽ കൊണ്ടെത്തിക്കുന്നു. യേശു സ്നാപനമേറ്റ് മിശിഹാ ആയിത്തീർന്നത് കൃത്യമായും ആ വർഷത്തിലാണ്!a (ലൂക്കൊസ് 3:1, 2, 21, 22) ബൈബിൾ പ്രവചനത്തിന്റെ ശ്രദ്ധേയമായ ഒരു നിവൃത്തിയല്ലേ അത്?
a പൊ.യു.മു. 455 മുതൽ പൊ.യു.മു. 1 വരെ 454 വർഷം. പൊ.യു.മു. 1 മുതൽ പൊ.യു. 1 വരെ ഒരു വർഷം (പൂജ്യം എന്ന വർഷം ഇല്ലായിരുന്നു). പൊ.യു. 1 മുതൽ പൊ.യു. 29 വരെ 28 വർഷം. ഇവ മൂന്നും കൂട്ടിയാൽ നമുക്ക് മൊത്തം 483 വർഷം കിട്ടും. വർഷങ്ങളുടെ 70-ാമത്തെ ആഴ്ചയിൽ അതായത് പൊ.യു. 33-ൽ യേശു വധിക്കപ്പെട്ടു അഥവാ ‘ഛേദിക്കപ്പെട്ടു.’ (ദാനീയേൽ 9:24, 26) ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! അധ്യായം 11, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 2 പേജ് 899-901 എന്നിവ കാണുക. രണ്ടും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.